” വിഷ്ണുവേയ്… നാളെ കഴിഞ്ഞാൽ ഇലഞ്ഞിത്തറ ക്ഷേത്രത്തില പൂരാ ട്ടാ… ഇത്തവണേലും മേളത്തിന് നിയ്യും കൂടണം… രണ്ട് വർഷാവണ് ണ്ട് നിയ്യ് ചെണ്ടേമേല് കോല് വച്ചിട്ട്
നീയ്യില്ലാണ്ട് ഒന്നിന്നും ഒരു രസല്ല ടാ ”
“മ്….. ”
അപ്പുവിനുള്ള മറുപടി ഒരു മൂളലിൽ ഒതുക്കുമ്പോൾ വിഷ്ണുവിന്റെ ഉള്ളം ഒന്ന് പിടഞ്ഞു..
” ന്റെ ഗഡി… ഇതിപ്പോ എത്രാന്ന് പറഞ്ഞാ നീ ഇങ്ങനെ വിട്ട് നിക്കണേ… നടന്നതൊന്നും മ്മള് കരുതി കൂട്ട്യാ ചെയ്തതല്ലല്ലോ പക്ഷേ ഇത്തവണ ഞാൻ പക്ഷേ ഇത്തവണ നിനക്ക് ഒരു വിശേഷം കൂടി ഇണ്ട് ട്ടാ…. അത് പറയാനാ ഞാൻ ഇപ്പോ ധൃതിയിൽ വിളിച്ചേ…. മ്മടെ സുധാകരേട്ടൻ… നാട്ടില് വന്നിട്ടുണ്ട്… ഒപ്പം കുടുംബവും ”
അപ്പുവിന്റെ ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം ഒന്ന് നടുങ്ങി വിഷ്ണു.. ഒരു ആന്തൽ മാത്രം അവശേഷിക്കവെ അറിയാതെ തന്നെ അവന്റെ ചുണ്ടുകൾ വിറ പൂണ്ടു
” ന്റെ … ശിവാനി……. ”
അമിതമായ ആകാംഷയാൽ വാക്കുകൾ മുഴുവിക്കുവാൻ കഴിയാതെ കുഴഞ്ഞു വിഷ്ണു
” കണ്ടു… ഒരുപാട് മാറ്റ ണ്ട്… കുറേശ്ശേ.. സംസാരിക്കും.. ന്നാലും നടക്കാനായില്ല ട്ടാ കയ്യും അനങ്ങണില്ല്യാ…. പക്ഷേങ്കില് എന്നെ തിരിച്ചറിഞ്ഞു അവൾ ”
“ന്നിട്ട്… ന്നിട്ട് ന്തൂട്ടാ ന്റെ ശിവ നിന്നോട് പറഞ്ഞേ…”
അപ്പുവിന്റെ ഓരോ വാക്കുകളും കാതിൽ കുളിർമയാകവേ കൂടുതൽ ജിഞ്ജാസയോടെ ഫോൺ കാതോട് ചേർത്ത് അമർത്തി ചോദിച്ചു അവൻ
“കണ്ട പാടെ നിന്നെ തിരക്കി അവൾ.. കാണണം ന്ന് ണ്ട് പാവത്തിന് പക്ഷേങ്കില് അന്നേരം സുധാകരേട്ടനാ വന്നു ഇടയ്ക്കാ.. കേറി…… നിയ്യ് വരണം വിഷ്ണു. ങ്ങള് തമ്മിൽ കാണണം വീണ്ടും… ”
അല്പസമയം നിശ്ശബ്ദനാകുമ്പോൾ അനേകായിരം ചിന്തകൾ വിഷ്ണുവിന്റെ ഉള്ളിലൂടെ മിന്നി മാഞ്ഞു.നടുക്കുന്ന ഓർമ്മകൾ മനസ്സിനെ വരിഞ്ഞു മുറുക്കവേ മറുത്തൊന്ന് ചിന്തിക്കുവാൻ നിന്നില്ല അവൻ ….
“വരണുണ്ട് അപ്പൂ ഞാൻ … നിക്ക് കാണണം ന്റെ ശിവയെ… നിയ്യ് ഫോൺ വയ്ക്ക് ഞാൻ ലീവ് ഒന്ന് എഴുതി കൊടുക്കട്ടെ… ”
ആ കോൾ കട്ടാകുമ്പോൾ അപ്പുവിന്റെ മിഴികൾ തിളങ്ങി ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. …..
“ന്റെ ഗുരുവായൂരപ്പാ… അങ്ങിനെ രണ്ട് വർഷങ്ങൾക്ക് ശേഷം ഭഗവതീടെ മുന്നില് മേളം കൊട്ടാൻ അവൻ വരുവാ എല്ലാം ഒന്ന് കലങ്ങി തെളിയണേ…… ”
————————————————————————
ലീവ് പേപ്പർ കൊടുത്ത് അപ്പോൾ തന്നെ വിഷ്ണു ഇറങ്ങി…
” എന്താണ് വിഷ്ണു പെട്ടെന്നൊരു ലീവ്.. ”
വഴിയരുകിലെ ചായക്കടയിൽ ഇരിന്ന കോൺസ്റ്റബിൾ ചന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ ഒരു പുഞ്ചിരി മാത്രം മറുപടി നൽകി പതിയെ നടന്നു നീങ്ങി അവൻ .
” ചെക്കന്റെ ഉള്ളിൽ എന്തൊക്കെയോ ഉണ്ട് ഒന്നും വിട്ട് പറയില്ല… ആള് കോൺസ്റ്റബിളാ.. സർവീസിൽ കേറീട്ട് മൂന്ന് വർഷം ലോങ്ങ് ലീവിൽ ആയിരുന്നു തൃശൂർ കാരനാ പുള്ളിക്ക് ഈ പൂരവും മേളവും ഒക്കെയാണ് കമ്പം… അത് കഴിഞ്ഞു ജോയിൻ ചെയ്തത് ഇവിടെ ആറ്റിങ്ങൽ സ്റ്റേഷനിൽ.. പക്ഷേ രണ്ട് വർഷത്തിനിടക്ക് ആകെ നാട്ടില് പോയത് രണ്ടേ രണ്ട് വട്ടം മാത്രം…. ”
അടുത്തിരുന്ന ആളോട് വിവരിച്ചു കൊണ്ട് അൽപനേരം നടന്നകലുന്ന വിഷ്ണുവിനെ തന്നെ നോക്കിയിരുന്നു ചന്ദ്രൻ
രാത്രിയോടെ തന്നെ ആറ്റിങ്ങൽ സ്റ്റാൻഡിൽ നിന്നും തൃശ്ശൂർ ബസ്സ് പിടിച്ചു വിഷ്ണു… വിൻഡോ സീറ്റിലിരിക്കവേ ഇളം കാറ്റ് മെല്ലെ തഴുകി അവനെ.. മനസ്സ് നിറയെ ശിവാനിയുടെ ഓർമ്മകൾ വീണ്ടും നിറയവെ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു വിഷ്ണുവിന്.. ബസ്സ് പതിയെ മുന്നിലേക്ക് നീങ്ങി തുടങ്ങവേ അറിയാതെ അവന്റെ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു തുടങ്ങി… കൃത്യമായി പറഞ്ഞാൽ രണ്ട് വർഷങ്ങൾക്ക് മുന്നേ ശിവാനിയെ ആദ്യമായി കണ്ടുമുട്ടിയ ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിലെ ആ പൂരം നാളിലേക്ക്….
************************************************
” ന്റെ വിഷ്ണു.. ന്തൂട്ടാ നിന്റെ ഭാവി പരിപാടി… നിയ്യ് ഇങ്ങനെ ജീവിതകാലം മുഴുവൻ മേളം കൊട്ടി നടക്കാനാണോ ഭാവം നിനക്കും വേണ്ടേ ഒരു ജോലിയൊക്കെ …. ”
പതിവില്ലാതെ രാവിലെ തന്നെ അമ്മാവൻ വീട്ടിലേക്കെത്തിയപ്പോൾ ഈ വിചാരണ വിഷ്ണു പ്രതീക്ഷിച്ചിരുന്നു.അമ്മ ഭവാനി പിന്നിൽ നിന്നും പരുങ്ങുന്നത് കൂടി കണ്ടപ്പോൾ രണ്ടാളും എന്തോ മനസ്സിൽ ഉറച്ച് തന്നെയാണെന്ന് അവൻ ഊഹിച്ചു.
“ന്റെ അമ്മാവാ ന്റെ തൊഴില് തന്നെയല്ലേ ഈ മേളം കൊട്ടൽ.. അതിനു എനിക്ക് കൂലിയും കിട്ടണുണ്ട് … പിന്നേ പ്പോ ന്തൂട്ടാ പ്രശനം.. ന്തൂട്ടിനാ ഇനി വേറൊരു ജോലി ”
സംശയത്തോടെ മുന്നിലേക്ക് വന്നു നിൽക്കുമ്പോൾ അമ്മാവന്റെ മുഖത്തുണ്ടായ പതർച്ച അവൻ ശ്രദ്ധിച്ചു.
” ന്നാലും വിഷ്ണുവേ.. മൂന്ന് വർഷായില്ലേ കിട്ടിയ ജോലിയിൽ ഇങ്ങനെ ലീവ് എഴുതി കൊടുത്ത് മേളം ന്ന് പറഞ്ഞു നടക്കണു ഒരു തൊഴിൽ ന്നൊക്കെ പറയുമ്പോ… ഈ മേളക്കാരൻ എന്നത്……… ”
പിന്നിൽ നിന്നും ഭവാനി പതിയെ പിറുപിറുക്കുമ്പോൾ വിഷ്ണുവിന് അരിശം കയറിയിരുന്നു.
” ന്റെ അമ്മേ.. അമ്മാവാ.. ന്തൂട്ടാ പ്പോ ഈ മേളക്കാർക്ക് ഇത്ര കുറച്ചിൽ.. കഷ്ടപ്പെട്ട് ജോലി ചെയ്ത് ന്നല്ലേ മ്മളും കാശ് വാങ്ങണെ… ന്റെ അഭിപ്രായത്തില് മ്മള് തൃശൂർ കാർക്ക് ഈ തൊഴിൽ ഒരു അലങ്കാരാ”
” അതൊക്കെ സത്യാടോ പക്ഷേങ്കില് ..കല്യാണ പ്രായം ആയി ട്ടാ നിനക്ക്… മേളം കൊട്ടി നടക്കുന്നോരെ മ്മള് തൃശൂർകാർക്ക് വിലയിണ്ട്… പക്ഷേങ്കില് പുറത്തൂന്നൊരു ആലോചന വരുമ്പോ അതൊരു പ്രശ്നം തന്ന്യാ… ചെക്കന്റെ ജോലി ഇതാ ന്ന് അറിഞ്ഞു നിനക്ക് വന്ന എത്ര ആലോചന മുടങ്ങി ന്ന് അറിയോ ”
അമ്മാവന്റെ ആ മറുപടി അവനെ അതിശയിപ്പിച്ചു
” അത് കൊള്ളാ ട്ടാ അമ്മാവാ.. അതൊരു പുതിയ അറിവാ.. ഈ ഗെഡികൾക്ക് ചെണ്ടമേൽ കോല് വീഴുമ്പോ അതിന്റെ മുന്നേ വന്നു നിന്ന് പരിസരം മറന്ന് തുള്ളാൻ വലിയ ഇഷ്ടാ.. ന്നിട്ട് കാര്യത്തോടടുക്കുമ്പോ മേളക്കാരനെ പുച്ഛവും… അങ്ങിനെ പുച്ഛം ഉള്ളോരുമായിട്ടുള്ള ബന്ധം നിക്ക് വേണ്ട… മേളം ന്റെ ജീവനാ…. ചെണ്ടേമേല് കോലു വയ്ക്കുമ്പോ കേട്ട് നിൽക്കുന്നൊരുടെ ഒരു ആവേശം ണ്ടല്ലോ.. അതിങ്ങനെ കാണുമ്പോ ഉള്ള ആ സംതൃപ്തി.. അത് ഒരു എ സി റൂമിൽ ഇരുന്ന് പണിയെടുത്താലും കിട്ടില്ല്യാ ട്ടാ ….. മേളവും പൂരങ്ങളും ഇഷ്ടപ്പെടുന്ന ഒരു ക്ടാവിനെ കിട്ടുവാണേൽ അമ്മാവൻ നിക്ക് വേണ്ടി നോക്ക്.. ല്ലേ ച്ചാൽ നിക്ക് കല്യാണം വേണ്ട… കേട്ടീലാന്ന് വച്ചു മനുഷ്യൻ ചത്തൊന്നും പോവില്ല്യാലോ ”
കലി തുള്ളിയവൻ അകത്തേക്ക് പോകുമ്പോൾ പുഞ്ചിരിയോടെ നോക്കി നിന്നു അമ്മാവനും
” ന്റെ ഭവാനി നിയ്യ് ങ്ങനെ വിഷമിക്കേണ്ട… അവൻ ആൺകുട്ടിയാ അപ്പന്റെ തനി പകർപ്പ്… അവന്റെ ക്ടാവിനെ അവൻ തന്നെ കണ്ടെത്തും.. മ്മള് ചുമ്മാ നോക്കി നിന്നേച്ചാ മാത്രം മതി ”
പുഞ്ചിരിയോടെ തന്നെ അയാൾ എഴുന്നേറ്റു
“ന്നാ ഞാൻ അങ്ങട് പോവാ ട്ടാ.. ഇനി ഇമ്മാതിരി ചീള് കേസിന് ന്നെ വിളിക്കല്ലേ ന്റെ ഭവാന്യേ നിക്ക് നൂറു കൂട്ടം പണികളു വേറെ ണ്ട് …. ”
പതിയെ പുറത്തേക്കിറങ്ങി അയാൾ നടന്നകലുമ്പോഴും ഭവാനിയുടെ മുഖത്തെ വേവലാതി വിട്ടകന്നിരുന്നില്ല.
അമ്മാവൻ പോകുന്നത് നോക്കി അകത്തു നിന്നിരുന്ന വിഷ്ണു പതിയെ വീണ്ടും പുറത്തേക്ക് വന്നു.
” ന്റെ അമ്മേ.. അമ്മയ്ക്ക് ഇപ്പോ ന്തൂട്ടാ ഇത്ര വിഷമം.. ന്തൂട്ടിനാ ചുമ്മാ അമ്മാവനെ വിളിച്ചാ വരുത്യേ… നിക്ക് വിധിച്ചിട്ടുള്ള കുട്ടി എവട്യായാലും അവൾ ന്നെ തേടി വരും അത് ഉറപ്പാ… മ്മടെ പൂരോം മേളോമൊക്കെ ഇഷ്ടപ്പെടുന്ന ഒരു കാന്താരി.. അങ്ങിനൊരാള് വരുന്നവരെ കട്ടയ്ക്ക് കാത്തിരുന്നോളാം ഞാൻ ”
പിന്നിലൂടെത്തി കഴുത്തിലൂടെ കയ്യിട്ടവൻ ചേർത്തു പിടിക്കവേ കുതറി മാറി അവർ
” വേണ്ടാട്ടോ.. വിഷ്ണു… കിന്നരിക്കാൻ വരണ്ടാ ന്നോട് …. മേളം കൊട്ടി നടന്ന് ജീവിക്കാൻ മറന്നയാളാ നിന്റെ അച്ഛൻ…. ഒടുവിൽ കുറേ കടങ്ങള് മാത്രം ബാക്കിയാക്കി മൂപ്പരങ്ങടാ പോയി… ഇനി നീയും ആ വഴിക്ക് പോമ്പഴ് ന്റെ ഉള്ളില് തീയാ… അത് നിയ്യ് മറക്കേണ്ട… ”
മുഖം കടുപ്പിച്ചു തന്നെ ഭവാനി അകത്തേക്ക് പോകുമ്പോൾ ഒരു നിമിഷം വിഷ്ണുവും നിശബ്ദനായി.അപ്പോഴേക്കും അവന്റെ ഫോൺ ശബ്ദിച്ചു തുടങ്ങിയിരുന്നു. ചങ്ങാതി അപ്പുവിന്റെ നമ്പർ കാൺകെ കാൾ ബട്ടൺ അമർത്തി അവൻ ഫോൺ കാതോട് ചേർത്തു
” അപ്പു പറയടാ.. ”
” വിഷ്ണുവേ… ഇന്ന് നിയ്യ് ഇച്ചിരി നേരത്തെ ഇറങ്ങിക്കോണം ട്ടാ… അറിയാലോ ഇന്നത്തെ മേളം ഇലഞ്ഞിത്തറ ക്ഷേത്രത്തിലാ ഒരു ജ്ജാതി വെടക്ക് ഗെഡികളാ അവിടെ ഉത്സവം നിയന്ത്രിക്കണേ സമയത്ത് ചെന്നില്ലാച്ചാ കമ്മിറ്റിക്കാര് നല്ല വീക്കാ വീക്കും… ”
“വരാടാ അപ്പുവേ .. ഇവിടിപ്പോ അമ്മ ഇച്ചിരി സീനാ… അതൊന്ന് കഴിച്ചിലാക്കി ഞാൻ അങ്ങട് എത്തിക്കോളാം നിയ്യ് ഫോണാ വച്ചേ നിക്ക് ഇച്ചിരി പണീണ്ട് …. ”
കോൾ കട്ടാക്കുമ്പോൾ മുഖത്ത് പുഞ്ചിരി വിരിഞ്ഞെങ്കിലും അവന്റെ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ബാക്കിയായി. പതിയെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ജോലിത്തിരക്കിലായിരുന്നു ഭവാനി….
” അമ്മേ…. ന്നോട് കലിപ്പിലാണോ… കുട്ടിക്കാലം മുതൽക്കേ അച്ഛനൊപ്പം പോയി പൂരവും മേളവും കണ്ടും കേട്ടും വളർന്നതല്ലേ ഞാന്… ആ നിക്ക് ഈ മേളക്കമ്പം കൂടിയതിൽ ന്തൂട്ടാ ഇത്ര അതിശയം…. ന്നിട്ട് എന്തേലും നഷ്ടം ണ്ടായോ ഇത് വരെ.. അച്ഛന്റെ കടങ്ങൾ എല്ലാം ഞാൻ തീർത്തത് ഈ മേളം കൊട്ടി തന്നല്ല്യേ… അന്തസ്സായിട്ടല്ല്യേ ഇപ്പോ മ്മള് ജീവിണെ.. പിന്നെന്തേ അമ്മയ്ക്ക് ഇപ്പൊ ഈ വേവലാതി.. ”
മകന്റെ ചോദ്യം കേൾക്കെ ഒരു നിമിഷം നിശബ്ദയായി അവർ
” മോനെ.. നിക്ക് ഇഷ്ടക്കേട് ഒന്നുല്ലാ ട്ടാ.. നിക്കും ഇഷ്ടാ മേളം നിന്റെ അച്ഛന്റെ ഞാൻ ഇഷ്ടപ്പെട്ടതും അതുകൊണ്ട് തന്ന്യാ ….നിയ്യ് പറഞ്ഞതും സത്യാ.. അച്ഛന്റെ കടങ്ങളൊക്കെ നിയ്യ് മേളം കൊട്ടി തന്നാ വീട്ടിയെ.. പക്ഷേങ്കില് ഇപ്പോ കെട്ട് പ്രായം എത്തി നിനക്ക്… പെണ്ണ് നോക്ക്യപ്പോ മേളക്കാരനെ കെട്ടാൻ ആളില്ല്യാച്ചാ ന്തൂട്ടാ ചെയ്യാ…… നിനക്ക് വന്ന അഞ്ചു ആലോചനയാ ജോലികക്കാര്യം പറഞ്ഞാ പോയെ….”
അമ്മയുടെ ആ വേവലാതി കാൺകെ അറിയാതെ ചിരിച്ചു പോയി വിഷ്ണു.
” ന്റെ അമ്മേ….. ന്റൊപ്പം ചേർന്നാ നടക്കാൻ ഒരു ക്ടാവിനു വിധി ണ്ട് ച്ചാ അത് കൃത്യായി ന്റെ മുന്നില് അങ്ങട് വരും ഇല്ലേ ഗുരുവായൂരപ്പൻ കൊണ്ട നിർത്തും… ഇത് ന്റെ ഒരു വിശ്വസാ.. പൂരവും മേളോക്കേ ചങ്കില് കൊണ്ട് നടക്കണ അങ്ങനൊരു ക്ടാവിനു വേണ്ടിയല്ലേ മ്മള് കട്ട വെയിറ്റിങ് ചെയ്യണേ…. അമ്മ നോക്കിക്കോ അങ്ങിനെ ഒരു കുട്ട്യേ ഭഗവാൻ തന്നെ കാട്ടിത്തരും ഉറപ്പാ .”
“ആ… നോക്കി ഇരുന്നോ നിയ്യ്… ഇപ്പോ വരും… ഈ കാലത്ത് നിന്നെ പോലെ പൂരഭ്രാന്തുള്ള കുട്ട്യോളൊന്നും ഇല്ലാ വിഷ്ണുവേ…. കാലം മാറിയതൊക്കെ അറിഞ്ഞില്യാ ന്നുണ്ടോ നീയ്യ് ”
പുച്ഛചിരിയോടെ ഭവാനി വീണ്ടും ജോലികളിൽ മുഴുകുമ്പോൾ മറുപടിയൊന്നും പറയാതെ ഇരുന്നു വിഷ്ണു….
‘ ന്റെ ഗുരുവായൂരപ്പാ…പണി പാളിയാ.. അങ്ങിനെ ഒരു ക്ടാവ് ഇനി എവിടേലും ഉണ്ടാകോ ‘
അറിയാതെ തന്നെ അവന്റെ മനസ്സ് ചിന്തയിലാണ്ടു ..
———————————————————————–
അതേ സമയം തന്നെ തൃശ്ശൂർ ജില്ലയുടെ മറ്റൊരു കോണിൽ പ്രവാസിയായ സുധാകരന്റെ വീട്ടിൽ ഒരു അങ്കം അരങ്ങേറുന്നുണ്ടായിരുന്നു
” ന്റെ ശിവാനി… അപ്പനാ പറേണെ.. ഇനി നിന്നെ പൂരപറമ്പിൽ കണ്ടാച്ചാ ന്റെ സ്വഭാവം മാറും ട്ടാ…. അടങ്ങി ഒതുങ്ങി ഇരുന്നോണം ഇവിടെ ”
സുധാകരൻ ദേഷ്യത്താൽ ഉറഞ്ഞു തുള്ളുകയായിരുന്നു
” എന്തൂട്ടാ സുധാകരേട്ടാ… രാവിലെ തന്നെ… ന്തൂട്ടാ പ്പോ ണ്ടായേ…. മോള് എന്തൂട്ട് തെറ്റാ ചെയ്തേ… ”
ഭാര്യ ശ്രീദേവി ഇടയിലേക്ക് കയറുമ്പോൾ അവർക്ക് മുന്നില് തല കുമ്പിട്ടു നിൽക്കുകയായിരുന്നു അവൾ…സുധാകരന്റെയും ശ്രീദേവിയുടെയും ഓമന പുത്രി ശിവാ എന്ന ശിവാനി.
” നിനക്ക് അറിയണോ എന്തൂട്ടാന്ന്… മ്മടെ മോള് ഇപ്പോ നാട്ടിൽ ഫേമസാ.. എവിടെ ചെണ്ടേമേല് കോലു വീണാലും അവിടെ ണ്ട് ഇവള്… ചുമ്മാ കണ്ട് നിലക്കല്ലാ… അവർക്കൊപ്പം കിടന്ന് തുള്ളാ പെണ്ണ്… തൃശൂർ കരയില് ഒരു മേള ണ്ടാ ച്ചാ അവിടെ സുധാകരന്റെ മോളും വേണം എങ്കിലേ കൊഴുക്കുള്ളൂത്രേ .. ഇതാ..പ്പോ നാട്ടിൽ പാട്ട്.. ”
കലി തുള്ളിക്കൊണ്ട് അയാൾ നിൽക്കുമ്പോൾ തല കുമ്പിട്ടു നിന്ന ശിവാനി പുഞ്ചിരിക്കുകയായിരുന്നു. അത് കാൺകെ ശ്രീദേവിക്കും അരിശം കയറി.
” നിങ്ങള് അപ്പനും മോളും ഇത് ആരെ കാണിക്കാനാ ഈ നാടകം… മോൾക്ക് പൂര ഭ്രാന്ത് കൂടീട്ടുണ്ടാ ച്ചാ ആരാ അതിനു കാരണക്കാരൻ…. ങ്ങള് തന്നെ ല്ലേ മനുഷ്യാ …. ”
ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം സുധാകരനും ഒന്ന് പതറി. കാരണം നാട്ടിലെ അറിയപ്പെട്ടൊരു പൂര ഭ്രാന്തൻ തന്നെയായിരുന്നു അയാളും
പ്രവാസ ജീവിതം ആരംഭിക്കുന്നതിനു മുന്നേ നാട്ടിൽ എവിടെ പൂരത്തിന് പോയാലും ശിവാനിയെയും ഒപ്പം കൂട്ടുക എന്നത് അയാളുടെ പതിവായിരുന്നു.. അപ്പനൊപ്പം പൂരപ്പറമ്പ് മാറി മാറി കണ്ട് കണ്ട് ഒടുവിൽ അപ്പന് ജോലി കിട്ടി ഗൾഫിലേക്ക് പോയപ്പോഴേക്കും ശിവാനി നല്ല കട്ട പൂരഭ്രാന്തിയായി മാറിയിരുന്നു.
” ന്റെ അപ്പാ.. ഇതിപ്പോ എന്തൂട്ടാ രാവിലേ അപ്പന് പറ്റ്യേ… ന്തൂട്ടിനാ വന്ന് ന്റെ മെക്കിട്ട് കേറണേ……. ”
കുറച്ചു സമയം ശാന്തയായ ശേഷം പതിയെ ശിവാനി സുധാകരന്റെ അരികിലേക്ക് ചെന്നു.
” മുടങ്ങി…. അവസാനം വന്ന ആലോചനയും മുടങ്ങി…. പെണ്ണ് ചെണ്ടക്കാർക്ക് നടുവിലാ കിടന്ന് തുള്ളണ വീഡിയോ ചെക്കൻ ഫേസ് ബുക്കില് കണ്ടത്രേ…. അവനു തുള്ളാണ്ട് നിക്കണ പെണ്ണ് മതി ന്ന് ”
അപ്പന്റെ സങ്കടം കേട്ട് ഉറക്കെ ചിരിച്ചു പോയി ശിവാനി
അത് കണ്ട് കലിയിളകി നാക്കും കടിച്ച് പിടിച്ചു സുധാകരൻ നിൽക്കുന്നത് കൂടി കാൺകെ ആ ചിരി പൊട്ടിച്ചിരിയായി മാറി..
പതിയെ പതിയെ ശ്രീദേവി കൂടി ആ ചിരിയിൽ പങ്ക് ചേരവേ സുധാകരന്റെ മുഖത്തെ പേശികൾ അയഞ്ഞു…
” ന്റെ അപ്പാ.. ആ വീഡിയോ ചെക്കൻ കണ്ടത് ഭാഗ്യായി ട്ടാ..
അല്ലാച്ചാ കെട്ട് കഴിഞ്ഞു ഓൻ എന്നെ പൂരം കാട്ടാൻ കൊണ്ടോയില്ലാ ന്ന് പറഞ്ഞു ഡിവോഴ്സ് വാങ്ങേണ്ടി വന്നേനെ ”
ശിവാനിയുടെ കമന്റ് കേൾക്കെ വീണ്ടും സുധാകരന് അരിശം കയറി
” ടീ കാന്താരി….. നിന്നെ ഞാൻ.. ”
കയ്യോങ്ങി കൊണ്ട് അയാൾ അടുക്കവേ ശ്രീദേവിയുടെ പിന്നിലൊളിച്ചു അവൾ.
” ന്റെ അപ്പ ഒന്ന് അടങ്ങ്.. ഇന്ന് ഇലഞ്ഞിത്തറ ക്ഷേത്രത്തിൽ ഉത്സവത്തിനു പോണ്ടേ മ്മക്ക്.. രണ്ട് ടീമാ മേളത്തിന്.. കട്ട മത്സരാ ന്നാ കേട്ടെ… ”
അത് കേട്ടതോടെ നിമിഷങ്ങൾക്കകം സുധാകരന്റെ ഭാവം മാറി.
” ഉവ്വോ.. ഏതൊക്ക്യാ ടി ടീംസ്.. കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കോ കഴിഞ്ഞ വർഷം ആ ‘ചങ്ങായീസ്’ ടീം ബോറ് കൊട്ടായിരുന്ന് ട്ടാ… ഗൾഫിൽ ഇരുന്ന് വീഡിയോ കണ്ട് കലിയിളകി നിക്ക് ”
“ന്റെ അപ്പ ഇത്തവണ അവരൊന്നുല്ല്യാ.. ഒന്ന് മ്മടെ ‘ചെണ്ടക്കാരൻസ്’ ടീമും പിന്നേ ‘കലാദർശനയും’
രണ്ടും ഗഡി പിള്ളേരാ.. പൊളിക്കും ”
ആവേശത്തോടെ ശിവാനി വിവരിക്കവേ അതേ ആവേശം സുധാകരന്റെ സിരകളിലും നിറഞ്ഞിരുന്നു. ഇതൊക്കെ കണ്ട് മൂക്കത് വിരൽ വച്ചു നിന്നു പോയി ശ്രീദേവി
” ഇത് കൊള്ളാട്ടാ… കൊല്ലാൻ നിന്ന ആളാ ഇപ്പോ മോൾടെ വിവരണം കേട്ട് തുള്ളണെ… ഇങ്ങള് ഒരു കാര്യാ ങ്ങട് ചെയ്യ് അവിടെ കൊട്ടാൻ വരുന്നതില് നല്ല ചെക്കൻ മാർ ഉണ്ടാച്ചാ ഒന്ന് നോക്ക് ന്നിട്ട് അതിൽ ഒന്നിനെ ഇവൾക്ക് ആലോചിക്ക്.. അതാകുമ്പോ ജീവിതകാലം മൊത്തം അവന്റൊപ്പം തുള്ളി നടക്കാലോ ഇവൾക്ക് ”
“ആ അത് പൊളിച്ചൂട്ടാ.. അമ്മേ….. അപ്പാ മ്മക്ക് ആ വഴി ഒന്ന് നോക്ക്യാലോ… പൊളി ല്ലേ… ”
” അപ്പനും അതന്ന്യാ..മോളെ ഇപ്പോ ചിന്തിക്കണേ… നിന്നെ കെട്ടിക്കണേൽ ഇനി അതേ ള്ളൂ ഒരു വഴി ”
തലയ്‌ക്കൊരു കൊട്ടും തന്ന് അപ്പൻ അകത്തേക്ക് പോകുമ്പോൾ ശിവാനി പെട്ടെന്ന് എന്തോ ഓർത്തിട്ട് വീണ്ടും അകത്തേക്ക് തിരിഞ്ഞു
” അപ്പാ….വൈകീട്ട് ഇലഞ്ഞിത്തറ ക്ഷേത്രം… മറക്കണ്ടാ ട്ടാ.. അപ്പൻ വന്നില്ലേ ഞാൻ ഒറ്റയ്ക്കാ അങ്ങട് പോം ”
” അയ്യോ വന്നേക്കാമെ….. ”
അകത്തുന്നു സുധാകരൻ ഉച്ചത്തിൽ വിളിച്ചു കൂവുമ്പോൾ അറിയാതെ ചിരിച്ചു പോയി അവൾ
———————————————————————
ഉച്ച കഴിയുമ്പോഴേക്കും ബൈക്കുമായി അപ്പു വിഷ്ണുവിന്റെ വീടിനു മുന്നില് എത്തിയിരുന്നു. ആ സമയം കുളി കഴിഞ്ഞു തല തോർത്തുവായിരുന്നു അവൻ .ആ കാഴ്ച കണ്ട് കലിയിളകിയാണ് അപ്പു വീട്ടിലേക്ക് കയറിയതും
” നല്ല ആളാ ട്ടാ.. ന്റെ ഗഡി… നീ അവന്മാരെന്ന് നല്ല വീക്കാ വാങ്ങി തരും ല്ലേ…. പറഞ്ഞതല്ലേ വിഷ്ണു നിന്നോട് മുന്നേ റെഡിയായി നിൽക്കണം ന്ന് ”
” ഒന്ന് അടങ്ങ് അപ്പുവേ… ഒരു അഞ്ചു മിനിറ്റാ തായോ.. നീ അങ്ങട് ഒന്നിരുന്നേ… ഡ്രസ്സ് ഇടേണ്ട തമസ്സെ ഉള്ളു ടാ പ്പോ വരില്ലേ ഞാൻ പറന്നിങ്ങട്… ”
വെപ്രാളപ്പെട്ട് വിഷ്ണു വീടിനുള്ളിലേക്ക് പായവേ ഉമ്മറത്തെ കൈവരിയിലായിരുന്നു അപ്പു.
പറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവൻ റെഡിയായി എത്തിയിരുന്നു
” ടാ വതൂരി… ചെണ്ട എടുക്കാൻ പോണ്ടേ ഇനി ”
“അതൊക്കെ കൊണ്ടോയിട്ട് മണിക്കൂർ ഒന്നാ ആയി.. നീ ഇങ്ങട് വന്നേ വിഷ്ണു എല്ലാരും ഇപ്പോ അങ്ങട് എത്തി ണ്ടാവും ”
ഓടി ചെന്ന് അപ്പു ബൈക്ക് സ്റ്റാർട്ട് ചെയ്യവേ വേഗം പിന്നിലേക്ക് കയറി വിഷ്ണു
“മ്മേ…… ഞങ്ങള് പോണ് ട്ടാ.. ”
ശബ്ദം കേട്ട് ഭവാനി ഓടിയെത്തുമ്പോഴേക്കും ബൈക്ക് കണ്ണിൽ നിന്നും മറഞ്ഞിരുന്നു. സമയം വൈകിയ വെപ്രാളത്തിൽ റോഡിലൂടെ വണ്ടി പറപ്പിച്ചു അപ്പു
” ന്റെ അപ്പുവേ….. ഒന്ന് മെല്ലെ പോയെ നിയ്യ്… അത്രക്ക് ലേറ്റ് ഒന്നും ആയിട്ടില്ല ഗഡി…. ”
പിന്നിൽ ഇരുന്ന് സഹി കെട്ടിരുന്നു വിഷ്ണുവിന്…..
” ഒന്ന് അടങ്ങ് വതൂരി…. നിക്ക് ഇടി കൊള്ളാൻ വയ്യ ആശാനൊക്കെ അങ്ങട് എത്തിക്കാണും ഇപ്പോ ”
പിന്നിലേക്ക് തിരിഞ്ഞ് വിഷ്ണുവിന് മറുപടി കൊടുക്കുന്നതിനിടയിൽ ഒരു നിമിഷം ബൈക്കിന്റെ നിയന്ത്രണം അവന്റെ കയ്യിൽ നിന്നൊന്ന് പാളി …
“അയ്യോ… ”
റോഡിലൂടെ വണ്ടിയൊന്ന് വെട്ടി തിരിയവേ പിന്നിൽ ഇരുന്ന് ഉച്ചത്തിൽ വിളിച്ചു പോയി വിഷ്ണു… ഒരു വിധം അപ്പു വണ്ടി നിയന്ത്രണത്തിലാക്കവേ പിന്നിൽ നിന്നു വന്ന ഒരു കാറ് ഹോൺ മുഴക്കി വെട്ടിത്തിരിഞ്ഞു മുന്നിലേക്ക് കേറി
” ന്തൂട്ടാ… ന്റെ ഏട്ടായി മാരെ… റോഡുമേല് സർക്കസ് കാണിക്കുവാണോ രണ്ടാളും…. ഇപ്പോ കാറിന്റെ അടീൽ പെട്ടേനെ.. മ്മക്ക് കേസിനും പൊല്ലാപ്പിനും ന്നും സമയല്ലാ… ഇങ്ങടെ സർക്കസ് ഒക്കെ പുത്തരിക്കണ്ടം മൈദാനത്തേക്ക് മാറ്റ് ട്ടാ…. ”
മുന്നില് കേറിയ കാറിൽ നിന്നും തല പുറത്തേക്കിട്ട പെൺകുട്ടിയുടെ കമന്റ് കേൾക്കെ ജാള്യതയോടെ ഒരു നിമിഷം തല കുനിച്ചു അപ്പു….
” സോറി പെങ്ങളെ വണ്ടി കയ്യുമ്മേന്നൊന്ന് പാളീതാ.. ക്ഷേമിച്ചേക്ക് ട്ടാ ”
” ഓക്കേ… ഓക്കേ…..”
പെൺകുട്ടി തല ഉള്ളിലേക്കിട്ട് കാറ് വീണ്ടും വേഗത്തിൽ പായവേ..ബൈക്കിനു പിന്നിൽ വാ പൊളിച്ചിരിക്കുവായിരുന്നു വിഷ്ണു.. അത്രമേൽ ആ പെൺകുട്ടിയുടെ മുഖം അവനെ ആകർഷിച്ചിരുന്നു.
.
” കാന്താരി.. പെണ്ണ് പത്തിലാ ച്ചാ നാക്ക് ഡിഗ്രിക്കാ പടിക്കണേ ല്ലേ വിഷ്ണുവേ ”
കാർ കണ്ണിൽ നിന്ന് ദൂരെക്ക് പോകവേ പിറുപിറുത്തു അപ്പു.. പക്ഷേ ആ കമന്റ് പോലും വിഷ്ണുവിന്റെ കാതുകളിൽ പതിച്ചില്ല… അവന്റെ മുന്നില് അപ്പോഴും ആ പെൺകുട്ടിയുടെ മുഖം മാത്രമായിരുന്നു.
” എജ്ജാതി പെണ്ണാ അവള് അപ്പുവേ… വല്ലാത്തൊരു അഴകാ അവൾക്ക് കണ്ണെടുക്കാൻ തോന്നില്ല്യാ ട്ടാ.. ആ മുഖത്തൂന്ന് കെട്ടുന്നേൽ ഇവളെ കെട്ടണം ”
“അടിപൊളി…. ഇതിപ്പോ ആരോടപ്പാ ഞാൻ ഈ പറേണെ…. ”
പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ആക്സിലേറ്റലിൽ കൈ അമർത്തി അപ്പു.. ——————————————————————-
ഇലഞ്ഞിത്തറ ക്ഷേത്രം ലക്ഷ്യമാക്കി തന്നെയാണ് ആ കാറും നീങ്ങിയത്
“ന്റെ ശിവാ.. ന്തിന്റെ ഏനക്കേടാ നിനക്ക്…. വഴീൽ കാണുന്നോരോടൊക്കെ ഇടയാൻ നിൽക്കുവാ ച്ചാ എങ്ങിനാ നീയുമായി ഒരു വഴിക്കിറങ്ങാ ഞാൻ… ”
ഡ്രൈവിങിനിടയിൽ സുധാകരന് കലി കയറിയിരുന്നു..
” ന്റെ അപ്പാ റോഡുമേല് സർക്കസ് കാട്ടുന്നോരോട് പിന്നേ ന്തൂട്ടാ പറയേണ്ടേ…. അപ്പൻ കൃത്യ സമയത്ത് ബ്രെക്കിട്ടില്ലാരുന്നേൽ കാണാരുന്ന് രണ്ടും ഇപ്പൊ ടയറിന്റെ അടീലാ ഇരുന്നേനെ.. ”
ഒരു കൂസലും ഇല്ലാതെയുള്ള ശിവാനിയുടെ മറുപടി കേൾക്കെ അറിയാതെ തലയിൽ കൈ വച്ചു പോയി സുധാകരൻ
“ന്റെ അപ്പാ തലേമേല് കയ്യും വച്ചിരിക്കാണ്ട് ഒന്ന് പറപ്പിച്ചാ വിട്ടേ വണ്ടി.. മേളം തുടങ്ങാനായി ട്ടാ…… ”
അവൾ അക്ഷമയായി തുടങ്ങിയിരുന്നു…..
വേഗത്തിൽ വീണ്ടും ആ കാറ് മുന്നിലേക്ക് പായവേ.. പിന്നിൽ നിന്നും അപ്പുവിന്റെ ബൈക്കും അതേ ദിശയിൽ തന്നെ വരുന്നുണ്ടായിരുന്നു.
മേളക്കാരൻ വിഷ്ണുവിന്റെയും നല്ല കട്ട പൂരഭ്രാന്തി ശിവാനിയുടെയും യാത്രകൾ ഇനി ഇവിടം മുതൽ ഒരേ ദിശയിലേക്ക് തിരിയുകയാണ് …
(തുടരും…. )
മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
തൃശ്ശൂർ ഭാഷ ഒരു പരിധിവരെ ഉപയോഗിക്കുവാൻ ശ്രമിച്ചിട്ടുണ്ട് ഞാൻ എത്രത്തോളം വിജയമാണ് എന്ന് അറിയില്ല തെറ്റുണ്ടെൽ ക്ഷമിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission