പിറ്റേന്ന് രാവിലെ തന്നെ വീടും പരിസരവും വൃത്തിയാക്കുവാൻ വിഷ്ണു ആളെ ഏർപ്പാടാക്കിയിരുന്നു. പണികൾ നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ അപ്പുവും എത്തി…
” സംഗതി പൊളിച്ചു ല്ലോ വിഷ്ണു.. ഒന്ന് വൃത്തിയാക്കി എടുത്തപ്പോൾ വീട് പഴേതിനേക്കാൾ ഉഷാറായി ട്ടാ…. ”
“മ്….. നീയ് എനിക്ക് രണ്ട് ഹെല്പ് കൂടി ചെയ്യണം ട്ടാ അപ്പു.. വീട്ടിലെ കറണ്ട് കണക്ഷൻ വീണ്ടും ഒന്ന് റെഡിയാക്കണം പിന്നേ നിക്ക് ഒരു സെക്കനന്റ് കാർ കൂടി വേണം.. ശിവ നെ കൊണ്ട് വന്നു കഴിഞ്ഞാ പിന്നേ കാർ അത്യാവശ്യമാ… ”
” ആഹാ കൊള്ളാലോ ഗഡി നിയ്യ് എല്ലാം പ്ലാൻ ചെയ്തു വച്ചു ല്ലേ …. മ്മക്ക് സെറ്റാക്കാ ടാ… പക്ഷേങ്കില് നിനക്ക് ജോലി തിരുവനന്തപുരത്ത് അല്ലേ… അത് പ്രശ്നാവില്ലേ. ”
അപ്പു സംശയത്തോടെ നോക്കുമ്പോൾ വിഷ്ണു ഒന്ന് പുഞ്ചിരിച്ചു..
” ട്രാസ്‌ഫെറിന്റെ പരിപാടികൾ ഒക്കെ നോക്കുന്നുണ്ട് ഞാന്.. മ്മടെ എം എൽ എ രാജേട്ടൻ വഴി… ഒരു പിടിയാ പിടിച്ചു ഇന്നലെ തന്നെ.. ഭ്യാഗ്യണ്ടേൽ ഇവിടെ തൃശ്ശൂർ സ്റ്റേഷനിൽ തന്നെ കിട്ടും ”
” അത് പൊളിച്ചു ട്ടാ … അങ്ങനെയാ ച്ചാ ഇടയ്ക്കിടക്ക് നമുക്ക് പഴേ പോലെ കട്ടയ്ക്ക് ഒന്ന് കൂടാലോ ”
അപ്പു ആവേശത്തോടെ വീണ്ടും ബൈക്കിലേക്ക് കയറി…
” ന്നാ പിന്നേ കാര്യങ്ങളെ നടക്കട്ടെ.. ഞാൻ ങ്ങട് പോവാ ട്ടാ വിഷ്ണു… ഇച്ചിരി പണി ബാക്കീണ്ട്… നിയ്യ് ഉച്ച കഴിയുമ്പോ റെഡിയായി നിൽക്ക്… മ്മക്ക് നേരെ ക്ഷേത്രത്തിലാ പോവാം.. ആശാനും ബാക്കി ഉള്ളോരും നീ കൂടി ഉണ്ട് ന്ന് അറിഞ്ഞപ്പോ വല്യ ആവേശത്തിലാ ”
” നിക്കും എല്ലാരേം ഒന്ന് കാണാൻ ആവേശം ഉണ്ട് അപ്പുവേ… നീ ഉച്ച കഴിയുമ്പോ ഇങ്ങട് പോര്… ”
യാത്ര പറഞ്ഞു അപ്പു പോകുമ്പോൾ അൽപനേരം നോക്കി നിന്നു വിഷ്ണു. ശേഷം പതിയെ അവൻ അമ്മയുടെ കുഴിമാടത്തിനരികിലേക്ക് ചെന്നു
” അമ്മേ… എത്രയൊക്കെ വഴക്ക് പറഞ്ഞാലും മേളത്തിന് പോകാൻ ഇറങ്ങുമ്പോ പുഞ്ചിരിയോടെ അമ്മ വന്ന് മുന്നിലാ നിൽക്കാറുണ്ട്… ആ പുഞ്ചിരി കണ്ടിറങ്ങിയ നാളുകളിലൊന്നും മ്മക്ക് പിഴച്ചിട്ടും ഇല്ലാ.. പക്ഷേങ്കിലു ഇന്ന് ആദ്യായിട്ട് ന്റെ അമ്മേടെ ആ പുഞ്ചിരിച്ച മുഖം കാണാതെ ഇറങ്ങാ ഞാൻ… അനുഗ്രഹിക്കണം എന്നെ ”
കൽവിളക്കിൽ ഒന്ന് തൊട്ടു തൊഴുതു തിരിയുമ്പോൾ അവന്റെ മിഴികളിൽ നനവ് പടർന്നിരുന്നു
സമയം വീണ്ടും പതിയെ നീങ്ങിതുടങ്ങി ഉച്ചയായപ്പോഴേക്കും വീണ്ടും അപ്പു എത്തിയിരുന്നു..
” വിഷ്ണു മറ്റേ ഗെഡികള് നല്ല ചിമിട്ടൻ മേളക്കാരെ ഇറക്കിട്ടാ.. ഇത്തവണ മ്മടെ മുന്നിലാ ജയിക്കണം ന്ന് തന്നെ ഉറച്ചുള്ള വരവാ.. ”
അവന്റെ വേവലാത കാൺകെ വിഷ്ണു പുഞ്ചിരിയോടെ ബൈക്കിനു പിന്നിലേക്ക് കയറി.
” ന്റെ അപ്പു മ്മക്ക് എന്തൂട്ടാ നഷ്ടപ്പെടാൻ… ഭഗവതീടെ മുന്നില് മ്മള് പഠിച്ച പോലങ്ങട് കൊട്ടണം.. ആസ്വാദകർക്ക് ബോധിച്ചാ അവര് കട്ട സപ്പോർട്ട് തരും ഇല്ലേ ച്ചാ മ്മള് ഔട്ട് ആകും അത്ര ന്നെ”
“അതും ശെരിയാ ട്ടാ ”
മനസ്സിൽ എന്തൊക്കെയോ ഓർത്തുകൊണ്ട് അപ്പു മറുപടി നൽകുമ്പോൾ അവന്റെ ചുമലിലേക്ക് തട്ടി വിഷ്ണു.
” അതാണ് ശെരി.. നീ നേരെ വണ്ടി നിന്റെ വീട്ടിലേക്ക് വിട്ടോ ന്തേലും കഴിച്ച് കുളിച്ചു അവിടുന്നാ ങ്ങട് പോവാം ”
ആശ്വാസ വാക്കുകൾ അപ്പുവിനെ തണുപ്പിച്ചില്ല മനസ്സിലെ ആശങ്ക കെട്ടടങ്ങാതെ തന്നെ അവൻ വണ്ടി മുന്നിലേക്കെടുത്തു
————————————————–
വൈകുന്നേരത്തോടെ പൂരപ്പറമ്പ് ജനസമുദ്രമായി… മത്സര മേളത്തിന്റെ ആവേശത്തിൽ പലരും ആർപ്പു വിളിക്കുന്നുണ്ടായിരുന്ന് വിഷ്ണുവും അപ്പുവും എത്തുമ്പോൾ മറ്റു ടീം അംഗങ്ങൾ മേളത്തിന്റെ തയ്യാറെടുപ്പിലായിരുന്നു.
വിഷ്ണുവിനെ കണ്ട മാത്രയിൽ തന്നെ എല്ലാവരും പെട്ടെന്ന് ഓടി അരികിൽ കൂടി
” വിഷ്ണുവേ നീയിപ്പോൾ ആള് ഉഷാറായി ട്ടാ… ”
ഏവരുടെയും സന്തോഷവും സ്നേഹവും കാൺകെ വിഷ്ണുവിന്റെ മനസ്സ് നിറഞ്ഞു.വിശേഷങ്ങൾ പറഞ്ഞു നിൽക്കെയാണ് അവന്റെ ഫോൺ ശബ്ദിച്ചത്
പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ സംശയത്തോടെയാണ് വിഷ്ണു കോൾ അറ്റന്റ് ചെയ്തത്.
” വിഷ്ണു.. മോനെ ഇത് ഞാനാ സുധാകരൻ.. ”
” ആ പറയ്.. എത്തീലെ നിങ്ങള് ഇതുവരെ… മേളം തുടങ്ങാറായി ട്ടാ… ശിവാനി എവിടെ ഒന്ന് രണ്ട് തവണ ഞാൻ വിളിച്ചു പക്ഷേങ്കില് ഫോൺ സ്വിച്ച് ഓഫ് ആണല്ലോ ”
ആകാംഷയോടെ അവൻ ചോദിക്കുമ്പോൾ ഒരു നിമിഷം സുധാകരൻ ഒന്ന് നിശബ്ദനായി…
” അത് മോനെ.. ശിവയ്ക്ക് രാവിലെ മുതൽ ചെറിയൊരു വയ്യായ്ക.. പ്രത്യേകിച്ച് ഒന്നുല്ല ട്ടാ.. വീൽ ചെയറിൽ ആയേ പിന്നേ ഇടയ്ക്കിടക്ക് ഇത് ഉള്ളതാ… ഞങ്ങൾ ഇപ്പോ ഹോസ്പിറ്റലിൽ ആണ്.. മേളാ തുടങ്ങി കുറച്ചു കഴിയുമ്പോ മ്മള് അങ്ങ് എത്തിയേക്കാം..നിന്നോട് വിവരം പറയാനായി ഒന്ന് വിളിച്ചതാ ഞാന്.. ”
ആ മറുപടി കേൾക്കെ നടുങ്ങി പോയി വിഷ്ണു
ശരീരമാസകലം വിറയ്ക്കുന്നത് പോലെ തോന്നി പോയി അവനു.
” ന്നിട്ട്.. ന്നിട്ട് ന്റെ ശിവ എവിടെ.. നിക്ക് ഒന്ന് സംസാരിക്കണം അവളോട് ഫോൺ ഒന്ന് കൊടുക്കോ അവൾക്ക് ”
ആ ചോദ്യത്തിൽ നിറഞ്ഞ വേവലാതി തൊട്ടറിഞ്ഞുവെങ്കിലും നിസ്സഹായനായിരുന്നു സുധാകരൻ അപ്പോൾ
” ഇപ്പോ പറ്റില്ല്യ വിഷ്ണുവേ.. സ്കാൻ ചെയ്യാൻ കൊണ്ടോയെക്കുവാ അവളെ നിയ്യ് പേടിക്കേണ്ട ഒന്നുല്ല്യ അവൾക്ക്.. ഞങ്ങൾ ഇപ്പോ അങ്ങട് എത്തും… ഓക്കെ നേരിട്ട് വന്നിട്ട് പറയാം… ടെൻഷൻ ഒന്നും വേണ്ട നിയ്യ് ധൈര്യായിട്ട് ഒരു പെരുക്കാ പെരുക്ക്…. ഞാൻ വിളിക്കാ ട്ടാ ഡോക്ടർ വരണുണ്ട് ”
കോൾ കട്ടാകുമ്പോൾ വിഷ്ണുവിന്റെ ഉള്ളം പിടഞ്ഞു…
” ന്തൂട്ടാ വിഷ്ണു ആകെ ഒരു വേവലാതി വീണ്ടും എന്തേലും പ്രശ്നായോ,.. ”
അവന്റെ മുഖഭാവം ഒന്ന് മാറിയപ്പോഴേക്കും അപ്പു ഓടി അരികിലെത്തിയിരുന്നു
“അപ്പു ശിവയ്ക്ക് എന്തോ വയ്യായ്ക ണ്ട്… ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ … അവളുടെ അപ്പനാ എന്നെ വിളിച്ചേ… നിക്ക് ആകെ ഒരു വെപ്രാളം.. മ്മക്ക് ഒന്ന് പോയി വന്നാലോ ടാ ”
ഒന്ന് ചേർത്ത് പിടിക്കുമ്പോൾ വിഷ്ണുവിന്റെ ഇടനെഞ്ചു പിടയുന്നത് തൊട്ടറിഞ്ഞു അപ്പു പക്ഷേ അവനും ആകെ ആശങ്കയിലായിരുന്നു..
” വിഷ്ണു അത് പ്രശ്നാവോലോ ടാ… മേളത്തിന് നീ ഉള്ളോണ്ട് ഒരു ചെക്കനെ ങ്ങട് ഒഴിവാക്കി.. അവനാണേൽ ഇന്ന് വന്നിട്ടും ഇല്ല.. ഇനീപ്പോ മ്മള് പോയാൽ അത് ചതിയല്ലേ ടാ ”
ആ മറുപടി വിഷ്ണുവിനെയും ആശയക്കുഴപ്പത്തിലാഴ്ത്തിയിരുന്നു.
“ഓയ്.. ചേട്ടോയ്…. മ്മടെ കലിപ്പ് മേളക്കാരെ കണ്ടപ്പോ മുട്ടിടിക്കണുണ്ടാ… ങ്ങൾക്ക് ഓടാനുള്ള കണ്ടം അവിടെ റെഡിയാട്ടാ…. മുന്നേ ഓടണം ച്ചാ ആയിക്കോ… ”
ചെണ്ടക്കാരൻസ് ടീമിലെ മേളക്കാർ പരിഹാസവുമായി അടുത്ത് കൂടിയപ്പോൾ അപ്പുവിന് അരിശം കയറി…
” മേളം തുടങ്ങണേന് മുന്നേ തന്നെ ഇത്ര ആത്മവിശ്വാസം വേണോ… മ്മക്ക് കാണാം ട്ടാ.. കണ്ടം അവിടെ തന്നെ ഇല്ല്യേ ”
തർക്കിക്കുവാൻ തുനിഞ്ഞു തന്നെ അപ്പു മുന്നിലേക്ക് കയറി നിൽക്കവേ അവനെ തടുത്തു വിഷ്ണു…
” നീയൊന്ന് അടങ്ങ് അപ്പു. നിക്ക് ആകെ ഒരു പരവേശാ.. അതിനിടേല് വീണ്ടും ഓരോന്നു ഉണ്ടാക്കി വയ്‌ക്കേണ്ട നിയ്യ് ”
അതോടെ അപ്പു സൈലന്റായതും ഒരു പരിഹാസ ചിരിയോടെ എതിർ ടീമിലെ മേളക്കാരും നടന്നകന്നു.
“ആവേശകരമായ മത്സര മേളം ഉടൻ തന്നെ ആരംഭിക്കുന്നതാണ്.. ഇരു ടീമുകളും ദയവായി അണി നിരക്കേണ്ടതാണ്.. ”
മൈക്കിലൂടെ അന്നൗൺസ്‌മെന്റ് മുഴങ്ങവേ വിഷ്ണുവിന്റെ നെഞ്ചിടിപ്പേറി ശിവാനിയെ പറ്റിയുള്ള ചിന്തകൾ അവനെ ആകെ അലട്ടി…
” വിഷ്ണു ഒന്നുല്ല ടാ.. അവളിപ്പോ ഇങ്ങട് എത്തും നീ ധൈര്യായിട്ട്… നിൽക്ക് ”
അപ്പുവിന്റെ ആശ്വാസ വാക്കുകൾക്ക് അവന്റെയുള്ളിലെ തീ കെടുത്തുവാൻ മാത്രം ശക്തി ഉണ്ടായിരുന്നില്ല.
കരഘോഷങ്ങൾക്കിടയിലൂടെ ഇരു ടീമുകളും മുഖാമുഖം അണി നിരക്കുമ്പോൾ വിഷ്ണു വീണ്ടും ഫോൺ എടുത്തു സുധാകരന്റെ നമ്പർ ഡയൽ ചെയ്തു… ഇത്തവണ മറുതലയ്ക്കൽ കോൾ ആരും എടുത്തിരുന്നില്ല അതോടെ അവൻ ആകെ കുഴഞ്ഞു..
” ന്റെ വിഷ്ണു അവൾക്ക് ഒന്നും ഉണ്ടാകില്ല ടാ.. അവര് ഇപ്പോ ഇങ്ങട് വന്നോളും നീയൊന്ന് സമാധാനായിട്ടിരിക്ക് മേളം തുടങ്ങാനായി… ഇപ്പോ നീ ഒരാള് ഡൌൺ ആയാൽ അത് ടീമിനെ മൊത്തം ബാധിക്കും ട്ടാ ”
അപ്പു വീണ്ടും വീണ്ടും കാതിൽ പറയുമ്പോഴും അവന്റെ ഉള്ളിലെ തീ അടങ്ങിയിരുന്നില്ല..
” മ്മള് ആദ്യമേ കേറി വലിയ ആവേശം ന്നും കാണിക്കേണ്ട ട്ടാ..ഒരു മയത്തിലാ നിന്ന് നല്ല വൃത്യാ കൊട്ടി കാണികളെ പരമാവധി കയ്യിലാ എടുക്കണം ന്നിട്ട് ഒരു പൊരിപ്പാ പൊരിക്കാം… അങ്ങനെ ച്ചാ കപ്പ് ഇങ്ങട് പോരും അത് ഉറപ്പാ ”
ആശാന്റെ നിർദ്ദേശങ്ങൾ ഏവരും ഒരുപോലെ ചെവിക്കൊള്ളുമ്പോഴും വിഷ്ണു മറ്റേതോ ലോകത്തായിരുന്നു. രണ്ട് ടീമിനെയും വിളിച്ചു ടോസ് ഇട്ടു കൊണ്ടായിരുന്നു ആദ്യം കൊട്ടേണ്ട ടീമിനെ തിരഞ്ഞെടുത്തത്.. ടോസ് പ്രകാരം.. ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് കലാദർശന ടീം തന്നെയായിരുന്നു.
വീണ്ടും കരഘോഷങ്ങളും ആർപ്പു വിളികളും മുഴങ്ങവേ ടീം കലാദർശന മേളത്തിനായൊരുങ്ങി നിന്നു..
” ന്നാ പിന്നേ ഒരു പെടയാ പെടക്ക് പിള്ളേരെ… ”
ആശാന്റെ നിർദ്ദേശം കേട്ടതോടെ പതിയെ മേളം ആരംഭിച്ചു…. ടീമിന്റെ നെടുംതൂണുകളായ വിഷ്‌ണുവിലും അപ്പുവിലും തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധ…
” പതിവ് പോലെ മ്മടെ ഗെഡികള് പതിയെ തന്നെ തുടങ്ങി ട്ടാ… അവസാനം അവറ്റോള് ഒരു പൊളിയാ പൊളിക്കും അത് ഉറപ്പാ.. ”
ആവേശത്തോടെ ആസ്വാദകരിൽ ഒരുവൻ വിളിച്ചു കൂവുമ്പോൾ ഒത്തൊരുമയോടെ താളത്തിൽ തന്നെ കൊട്ടി തകർത്തു കാലദർശന. എന്നാൽ വിഷ്ണുവിന്റെ താളം പലപ്പോഴും പിഴയ്ക്കുന്നത് അപ്പു ശ്രദ്ധിക്കുന്നുണ്ടായിരുന്നു
” ന്റെ വിഷ്ണുവേ… ഇത് പണിയാ ട്ടാ.. നീ ഇങ്ങനെ ഓരോന്നോർത്ത് നിന്ന് താളം തെറ്റിച്ചാൽ ഒടുക്കം മ്മള് പുറത്താകും ”
അപ്പു ഉച്ചത്തിൽ വിളിച്ചു കൂവുമ്പോൾ പെട്ടെന്ന് മനോ നില വീണ്ടെടുത്തു കൊണ്ടവൻ താളത്തിൽ ശ്രദ്ധിച്ചെങ്കിലും കൈകളുടെ വിറയൽ വീണ്ടും വിനയായിക്കൊണ്ടിരുന്നു…
“ഇനി കേറി നിന്ന് പൊരിക്കെടാ മക്കളേ”
ആശാൻ ഉച്ചത്തിൽ വിളിച്ചു കൂകിയതോടെ മേളം കൊഴുത്തു തുടങ്ങിയിരുന്നു.. ആവേശത്താൽ നിര വിട്ട് അപ്പു മുന്നിലേക്ക് ചാടി കയറി നിന്ന് തിരിയുമ്പോൾ പതിവ് പോലെ ഒപ്പം വിഷ്ണു ഉണ്ടായിരുന്നില്ല. ആ ഒരു നിമിഷം അവനും ഒന്ന് പതറിപോയി.
“ഇവറ്റോള് ഇത് ന്തൂട്ടാ ഈ കാട്ടണേ … കൊട്ടി കൊട്ടി ഇപ്പോ കീഴോട്ടാണോ പോണേ.. അങ്ങട് പെരുപ്പിക്കേടാ ഗെഡികളെ.. ”
കാണികളിൽ അസ്വസ്ഥതകൾ ഉടലെടുക്കവേ ഒരു നിമിഷം വിഷ്ണുവിന്റെ ശാന്തത ടീമിന്റെ പ്രകടനത്തെ മുഴുവനായി ബാധിച്ചു തുടങ്ങി … ഒടുവിൽ നിരാശാജനകമായി നിറം മങ്ങി തന്നെ ഒന്നാമത്തെ റൗണ്ട് കൊട്ടി അവസാനിപ്പിച്ചു കലാദർശന..
“ഇവറ്റോള് മ്മളെ കഴുതകളാക്കുവാ ട്ടാ…. ജയിച്ചു ജയിച്ചു അഹങ്കാരം കൂടി പോയി അതിന്റെ ഫലാ ഇതൊക്കെ ”
ആസ്വാദകരിൽ പലരും രോക്ഷത്തോടെ പിന്മാറുമ്പോൾ എതിർ ടീമിലെ മേളക്കാരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
“മ്മള് ആളെ ഇറക്ക്യ പ്പോ അവറ്റോൾടെ മുട്ടിടിച്ചു ട്ടാ…”
പരിഹാസത്തോടെയാണ് ചെണ്ടക്കാരൻസ് ടീം നിരന്നത്.. നിമിഷങ്ങൾക്കകം കാണികളെ കയ്യിലെടുത്തു കൊണ്ട് അവർ തകർപ്പൻ മേളം ആരംഭിച്ചു….. നിരവിട്ടു കാണികൾക്കിടയിലേക്ക് കയറി അവരിൽ ആവേശം നിറച്ചുകൊണ്ട് ആ ടീം മുന്നേറുമ്പോൾ നെഞ്ചിടിപ്പോടെയാണ് ടീം കലാദർശന ആ കാഴ്ചകൾ നോക്കിയിരുന്നത്. ആ സമയം ഫോൺ എടുത്തു വീണ്ടും സുധാകരനെ വിളിക്കുകയായിരുന്നു വിഷ്ണു… അപ്പോഴും മറു തലയ്ക്കൽ മറുപടിയില്ലായില്ലാതായപ്പോൾഉള്ളു പിടയുന്നതിനൊപ്പം താൻ മൂലമാണ് ടീമിന്റെ പ്രകടനം മോശമായത് എന്ന കുറ്റബോധത്താൽ വല്ലാതെ പതറി പോയി അവൻ.. പതിയെ എഴുന്നേറ്റ് ആശാനരികിലേക്ക് ചെല്ലുമ്പോൾ വിഷ്ണുവിന്റെ പാദങ്ങൾ വിറ പൂണ്ടു..
” ആ.. ആശാനേ… ന്നോട് ക്ഷമിക്കണം… പറ്റാഞ്ഞിട്ടാ നിക്ക്.. പരമാവധി നോക്കി ഞാൻ.. പക്ഷേങ്കില് ന്റെ ശിവാനിക്ക് ന്താ പറ്റ്യേ ന്ന് അറിയാണ്ട് മനസ്സ് കയ്യില് നിൽക്കണില്ല്യാ…. ”
തൊഴുകൈയ്യോടെ നിൽക്കുന്ന വിഷ്ണുവിനെ പതിയെ ചേർത്തു പിടിച്ചു അയാൾ…
” വിഷ്ണു നിയ്യ് വിഷമിക്കേണ്ട… മേളം ന്നത് ഒരു ആവേശാ… ആ ആവേശം ചെണ്ടയുമേന്തി നിൽക്കുന്ന എല്ലാ മേളക്കാരിലും ഒരുപോലെ ഉണ്ടാകണം.. ഒരാള് ഒന്ന് പിന്നിലേക്കയാൽ അത് എല്ലാരേം ബാധിക്കും… ഇവിടെ പറ്റിയതും അത് തന്ന്യാ… ”
ആശാന്റെ വാക്കുകൾ അവനെ ഏറെ വേദനിപ്പിച്ചു. അപ്പോഴേക്കും അപ്പുവും അവർക്കരികിലേക്കെത്തി
” സാരല്ല ടാ… നിന്നെ മ്മക്ക് മനസ്സിലാകും… എപ്പോഴും ജയിച്ചാലും അഹങ്കാരാവില്ലേ.. ഇനി മ്മക്ക് ഒരു ചാൻസ് കൂടി ണ്ട്.. കലാശ കൊട്ട്… അതിന്മേൽ ഒരു പിടിയാ പിടിച്ചാ മതി ”
പുഞ്ചിരിയോടെ അപ്പു ചേർത്തു പിടിക്കുമ്പോൾ വിഷ്ണുവിന്റെ മിഴികൾ തുളുമ്പി….
ആ സമയം ആസ്വാദകരെ പരമാവധി കയ്യിലെടുത്തു തന്നെ ചെണ്ടക്കാരൻസ് ടീം ഒന്നാം റൗണ്ട് മേളം അവസാനിപ്പിച്ചു…
“ആവേശകരമായ കലാശക്കൊട്ടിലേക്ക് കടക്കുവാൻ ഇരു ടീമുകളെയും ക്ഷണിച്ചു കൊള്ളുന്നു… ”
മൈക്കിലൂടെ വീണ്ടും അന്നൗൻസ്മെന്റ് മുഴങ്ങവേ ടീം കലാദർശനയിലെ ഓരോ മേളക്കാരന്റെയും നെഞ്ച് പിടച്ചു….
” ഒന്നാമത്തെ റൗണ്ടിൽ മ്മളെക്കാൾ ഒരുപടി മുന്നിലാ ട്ടാ അവറ്റോള്… പക്ഷേ ഈ കലാശ കൊട്ടില് മ്മള് കട്ടയ്ക്ക് കേറി നിന്നാ ച്ചാ പുഷ്പം പോലെ ജയം ഇങ്ങട് പോരും. ”
നിർദ്ദേശങ്ങളുമായി ആശാൻ മുന്നിലേക്ക് കയറുമ്പോൾ ഏവരും ഏറെ ജാഗരൂകരായി
” വിഷ്ണു ഇത്തവണ മുന്നില് നിൽക്കേണ്ട ട്ടാ… പകരം അനീഷ് മുന്നിലാ കേറൂ…. വിഷ്ണു ന്റെ മനസ്സ് ശെരിയല്ലാത്തോണ്ട് പിന്നിലാ നിൽക്കുന്നതാ നല്ലത്… മുന്നില് അപ്പു നോക്കിക്കോളും ”
ആശാന്റെ അടുത്ത നിർദ്ദേശം കേൾക്കെ വിഷ്ണുവിന്റെയും അപ്പുവിന്റെയും ഉള്ളം ഒരുപോലെ പിടഞ്ഞു… കാരണം ഇന്നേവരെ കൂട്ട് പിരിഞ്ഞു നിന്നിട്ടില്ലായിരുന്നു ഇരുവരും.
ഇരു ടീമുകളും ആസ്വാദകർക്ക് നടുവിൽ മുഖാമുഖം നിരന്നപ്പോൾ വീണ്ടും ആവേശം കൊടിയേറിയിരുന്നു…
” അടിച്ചു പൊളിക്കെടാ മക്കളേ… ”
ആഹ്ലാദതിമിർപ്പോടെ ആസ്വാദകരിൽ പലരും വിളിച്ചു കൂവുമ്പോൾ മേളം വീണ്ടും ആരംഭിച്ചു.. രണ്ടു ടീമുകളും വാശിയോടെ മുഖാമുഖം നിന്നു കൊട്ടി തകർക്കുമ്പോൾ വിഷ്ണുവിന് അവർക്കൊപ്പം എത്തിപ്പെടുവാൻ കഴിയുന്നുണ്ടായിരുന്നില്ല. തൊട്ടരികിൽ വിഷ്ണുവിന്റെ അഭാവം അപ്പുവിന്റെ കരങ്ങളെയും കുറേശ്ശേ ബാധിച്ചിരുന്നു.. ആ അവസരം കൃത്യമായി മുതലെടുത്തു കൊണ്ട് ടീം ചെണ്ടക്കാരൻസ് കാണികൾക്കിടയിലേക്ക് കയറി ചെന്ന് കൊട്ടി തകർക്കവേ ഒരുവേള വീണ്ടും കലാദർശനയുടെ കാലിടറി തുടങ്ങിയെന്നത് വേദനയോടെ ഏവരും മനസ്സിലാക്കി
“പിള്ളേര് ആദ്യം ഒന്ന് പതറിയപ്പോഴേ വിരണ്ടു ട്ടാ.. ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല… ”
ചുറ്റും കൂടി നിന്ന ആസ്വാദകരിൽ പലരുടെയും വാക്കുകളിൽ നിരാശ നിഴലിച്ചു തുടങ്ങിയിരുന്നു.
“ന്തൂട്ടാ പിള്ളേരെ.. തളരരുത്… ഇലഞ്ഞിക്കൽ ദേവിടെ മുന്നില് മ്മള് പരാജയപ്പെടരുത് ”
ആശാന്റെ വാക്കുകൾ വിഷ്ണുവിന്റെ കാതുകളിൽ ഒരു മുഴക്കമായി മാത്രം അനുഭവപ്പെട്ടു ശിവാനിയെ പറ്റിയുള്ള ചിന്തകൾ അവന്റെ കരങ്ങളെ തളർത്തുമ്പോൾ ഒരു നിമിഷം ചുറ്റുമുള്ള ബഹളങ്ങളൊന്നും തന്നെ ആ കാതുകളിൽ പതിച്ചില്ല…. കാലുകൾ കുഴഞ്ഞു കൊണ്ടവൻ നിലത്തേക്ക് മുട്ടു കുത്തുമ്പോൾ ചുറ്റും കനത്ത നിശബ്ദതയാണ് അനുഭവപ്പെട്ടത്…. ആ കാഴ്ച കണ്ട് കൂടെ നിന്ന മേളക്കാരും ഒരു നിമിഷം പതറി പോയിരുന്നു.
” വിഷ്ണൂ…. ”
ഒന്ന് പിന്തിരിഞ്ഞ അപ്പു ഞെട്ടലോടെ വിളിച്ചു കൂകുമ്പോൾ മറ്റേതോ ലോകത്തായിരുന്നു അവൻ.
വേവലാതിയോടെ നോക്കി നിന്ന അപ്പുവിന്റെ മിഴികൾ അതിനിടയിൽ പെട്ടെന്ന് കാണികൾക്കിടയിലേക്ക് ഒന്ന് ഉടക്കി.. ഒരു നിമിഷം അവിശ്വസനീയമായി നോക്കി നിന്ന അവനിൽ പതിയെ പതിയെ പ്രതീക്ഷയുടെ തിളക്കം കണ്ടു തുടങ്ങിയിരുന്നു…..
“ന്റെ ഇലഞ്ഞിത്തറ അമ്മേ.. ”
അറിയാതെ ആ ചുണ്ടുകൾ മന്ത്രിക്കുമ്പോൾ നോട്ടം വീണ്ടും തിരികെ വിഷ്ണുവിലേക്ക് തന്നെ പതിഞ്ഞു…
“വിഷ്ണുവേട്ടാ……… തോറ്റു പോകരുത്… എഴുന്നേൽക്ക്”
പെട്ടെന്ന് കാറ്റിന്റെ അലയൊലികൾക്കൊപ്പം ആവേശ കരഘോഷങ്ങളെ മറികടന്നു കൊണ്ട് ആസ്വാദകർക്കിടയിൽ നിന്നും മുഴങ്ങി കേട്ട ആ സ്വരം
തലകുമ്പിട്ടിരുന്ന വിഷ്ണുവിന്റെ കാതുകളിലേക്ക് തുളഞ്ഞു കയറി.. സിരകളിൽ ഒരു മിന്നൽ പിണറപ്പടിച്ച പോലെ ഞെട്ടി പിടഞ്ഞെഴുന്നേറ്റ അവൻ കണ്മുന്നിൽ ആദ്യം കണ്ടത് ഒരു വീൽചെയറാണ്… നടുക്കത്തോടെ മുഖമുയർത്തുമ്പോൾ കണ്ടു.. അതിനരികിലായി സുധാകരന്റെ മാറോട് ചാഞ്ഞു ഇരു കാലുകൾ നിലത്തൂന്നി നിൽക്കുന്നു അവൾ… ശിവാനി…. അവിശ്വസനീയമായ ആ നിമിഷം അതിശയത്താലും അമിതമായ ആനന്ദത്താലും സ്തബ്ധനായി അവൻ നോക്കി നിൽക്കെ മിഴികൾ അറിയാതെ തുളുമ്പിപ്പോയി ആവേശത്താൽ ശിവാനി വീണ്ടും വിളിച്ചു കൂവി
” വിഷ്ണുവേട്ടാ എന്ത് നോക്കി നില്ക്കാ….. ങ്ങട് മുന്നിലേക്ക് കേറി ഒരു പെരുക്കാ പെരുക്ക് … ”
ആ വാക്കുകലിലെ ആവേശം ഇടനെഞ്ചിൽ തട്ടുമ്പോഴും കണ്മുന്നിൽ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്ന സംശയത്താൽ പകച്ചു നിന്നു വിഷ്ണു….
” കണ്ടില്ലെടാ വതൂരി നിന്റെ പെണ്ണ് കണ്മുന്നേല് എഴുന്നേറ്റ് നിക്കണത്.. ഇനി എന്ത് തേങ്ങയാടാ ആലോചിച്ചു നിൽക്കണെ… ഇങ്ങട് കേറ് എന്റെ ഗഡി…. ”
പിന്നിലേക്കോടിയെത്തിയ അപ്പു കയ്യിൽ പിടിച്ചു വലിക്കുമ്പോഴാണ് കാണുന്നതൊക്കെയും സത്യമാണ് എന്നത് വിഷ്ണു തിരിച്ചറിയുന്നത്…
“വാടാ………. ”
അപ്പുവിന്റെ വാക്കുകളിൽ ജ്വലിച്ച ആവേശത്തിരയിളക്കം തന്റെ സിരകളിലേക്ക് ആവാഹിക്കപ്പെടുമ്പോൾ ഒറ്റക്കുതിപ്പിനു നിലത്തു വീണു കിടന്ന ചെണ്ടക്കോൽ കൈക്കലാക്കിക്കൊണ്ട് മുന്നിലേക്ക് കുതിച്ചു വിഷ്ണു…
“പൊളിക്കെടാ മക്കളേ…. ”
ഒരിക്കൽ കൂടി ആശാൻ ഉച്ചത്തിൽ കൂകി വിളിക്കുമ്പോൾ മുൻ നിരയിലെ മേളക്കാരെയും മറികടന്നു കൊണ്ട് കലാദർശനയുടെ ആ ചുണക്കുട്ടികൾ ഏറ്റവും മുന്നിലേക്കെത്തിയിരുന്നു. ശിവാനിയുടെ പുഞ്ചിരിച്ച മുഖം കാൺകെ ആവേശത്തോടെ ചെണ്ടയിൽ ആഞ്ഞു കൊട്ടി വിഷ്ണു… വർഷങ്ങൾക്കു ശേഷം അപ്പുവുമായി വീണ്ടുമവൻ ഒന്നിക്കുമ്പോൾ വീഴ്ചയിൽ നിന്നുമുള്ള ആ തിരിച്ചു വരവിൽ രോമാഞ്ചത്താൽ നിരാശരായ ആസ്വാദകരൊന്നടങ്കം ഉറഞ്ഞു തുള്ളി…
“കൊട്ടിക്കേറെടാ മക്കളേ അവന്മാരുടെ ഞെഞ്ചത്തേക്ക്.”
സുധാകരനിലും വർഷങ്ങൾക്കു ശേഷം പഴയ പൂരപ്രേമി പുനർജനിച്ചിരുന്നു.പൂരഭ്രാന്തില്ലെങ്കിൽ പോലും ആ നിമിഷം ശ്രീദേവിയും മതി മറന്ന് ആർപ്പു വിളിച്ചു….
പതിന്മടങ്ങ് ഒച്ചയിൽ കലാദർശനയുടെ മേളം കൊടുമ്പിരികൊള്ളുമ്പോൾ ഒരു നിമിഷം എതിർ ടീമും പകച്ചു പോയി…
“പിള്ളേര് പെരുക്ക് തുടങ്ങിയപ്പോൾ മ്മടെ ചെണ്ടക്കാരൻസ് ടീമിന്റെ മേളം കേൾക്കാനില്ലാണ്ടായല്ലോ”
“അതങ്ങനെയാടോ.. മ്മടെ പിള്ളേര് ഇപ്പോ കൊട്ടണത്.. അവരുടെ മനസ്സ് കൊണ്ടാ ”
കേട്ടു നിന്നവർക്കിടയിലെ കമന്റുകൾ കേൾക്കെ ഒരു നിമിഷം ശിവാനിയുടെ മിഴികൾ തുളുമ്പി പോയി…. രണ്ട് വർഷങ്ങൾക്ക് ശേഷം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ജീവിത സ്വപ്‌നങ്ങൾ വീണ്ടും തന്നിലേക്ക് വന്നടുക്കുന്ന ആനന്ദത്തിലായിരുന്നു അവൾ അപ്പോൾ ….
ആദ്യ റൗണ്ടിലെ പോരായ്മകൾ പതിന്മടങ്ങ് ആവേശത്താൽ ടീം കലാദർശന മറികടക്കവേ എതിരുകളില്ലാതെ ഒടുവിൽ വിജയ കിരീടം അവരുടെ കൈകളിൽ തന്നെയെത്തി…
” മ്മള് ജയിച്ചെടാ പിള്ളേരെ..”
ആശാന്റെ ആഹ്ലാദ പ്രകടണം കാൺകെ കണ്ണു നിറഞ്ഞു പോയി അപ്പുവിന്… മേളം അവസാനിച്ചപ്പോൾ വിഷ്ണു നേരെ ഓടിയത് ശിവനിക്കരികിലേക്കാണ്…. വീൽ ചെയറിലേക്ക് വീണ്ടുമവൾ ഇരിക്കവേ ഓടിയരികിലേക്കെത്തി അവൾക്കു മുന്നിലായി മുട്ടു കുത്തി അവൻ..
“ന്റെ ശിവാ… ന്തൂട്ടാ ഞാൻ ഈ കാണണെ… നീ.. നീ എഴുന്നേറ്റുവോ… ”
നിറമിഴികളോടെ വിഷ്ണു അവളെ വാരി പുണരുമ്പോൾ ആ സ്നേഹത്തിനു മുന്നിൽ കണ്ടു നിന്നവരെല്ലാവരും ഒരു നിമിഷം മിഴി നീര് പൊഴിച്ചു
“വിഷ്ണു… ഞാൻ പറഞ്ഞില്ലേ നിന്നോട്… മനസ്സിന് സന്തോഷം ഉണ്ടായാൽ ന്റെ കുട്ടിക്ക് മാറ്റം ണ്ടാകും എന്ന് ഡോക്ടർ പറഞ്ഞിരുന്നുന്ന്.. രാവിലെ മുതല് അവളില് വല്ലാണ്ട് മാറ്റങ്ങൾ കണ്ടിട്ടാ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടോയെ.. അവിടെ വച്ചു ന്റെ കുട്ടി എഴുന്നേറ്റു നിന്നു നിന്നെ.. നിന്നെ കിട്ടിയതോടെയാണ് ന്റെ ശിവ എഴുന്നേറ്റ് തുടങ്ങിയത്.. എങ്ങനാ മോനെ ഞാൻ നന്ദി പറയാ നിന്നോട്…”
നിറകണ്ണുകളോടെ സുധാകരൻ കൈകൾ കൂപ്പുമ്പോൾ പതിയെ എഴുന്നേറ്റു വിഷ്ണു…
” ഇനി… ഇനി…. പഴേ പോലെ നടക്കോ ഇവൾ….. ”
പ്രതീക്ഷയോടെ അവൻ തുറിച്ചു നോക്കുമ്പോൾ പുഞ്ചിരിയോടെ ആ ചുമലിലേക്ക് കൈവച്ചു സുധാകരൻ…
” ഉടനെ ന്നും ഓടിച്ചാടില്ല്യ.. പക്ഷേങ്കില് ഇപ്പോ കുറച്ചു നേരമൊക്കെ എഴുന്നേറ്റ് നിൽക്കാൻ കഴിയണുണ്ട് ഇവൾക്ക്…. ഇനി മാക്സിമം ഒരു വർഷത്തിനുള്ളിലാ ന്റെ കുട്ട്യേ പഴേ പോലെ നടത്തിച്ചു തരാം ന്ന് വാക്ക് പറഞ്ഞു ഡോക്ടർ.. ”
ആ വാക്കുകൾ മനസ്സിൽ ആനന്ദം നിറയ്ക്കവേ ഇരു കൈകളാൽ ശിവാനിയെ കോരിയെടുത്തു വിഷ്ണു….
” ഏട്ടാ ഇതെന്താ ഇത്…..”
അതിശയത്തോടെ അവൾ അവനെ ചുറ്റി പിടിക്കവേ നെറുകയിൽ ഒരു മുത്തം നൽകി വിഷ്ണു…
” ഇനി നിനക്ക് ന്തൂട്ടിനാ ശിവാ ഈ വീൽചെയറ്… ഞാൻ ഇല്ലേ നിന്നെ കൊണ്ട് നടക്കാനായിട്ട്…. ”
വിഷ്ണുവിന്റെ മുഖത്തേക്ക് ഒരു നിമിഷം തുറിച്ചു നോക്കിയ ശിവാനി അമിതമായ ആനന്ദത്താൽ ഇരു കൈകൾ അവന്റെ കഴുത്തിലൂടെ ചുറ്റി ആ മാറിലേക്ക് ചാഞ്ഞു……
ആ രംഗം കണ്ട് ഏറെ സന്തോഷിച്ചത് അപ്പുവാണ്… മിഴിനീർ തുടച്ചുകൊണ്ടവൻ പതിയെ തിരിയുമ്പോൾ തൊട്ടു പിന്നിൽ അവൾ നിന്നിരുന്നു… വർഷ…
” ന്തൂട്ടാ.. ചേട്ടായി.. അവര് ഒന്നാകാൻ വേണ്ടി അല്ലേ മ്മള് കുറേ കഷ്ടപ്പെട്ടത്.. ന്നിട്ടിപ്പോ കരയുവാണോ… ”
അവൾക്ക് മുന്നില് പുഞ്ചിരിയോടെ അവൻ തല താഴ്ത്തി…
” അതേ പണ്ട് ന്നോട് ഹോസ്പിറ്റലിൽ വച്ചു പറഞ്ഞില്ലേ കയ്യ് ഫ്രീയാണ് ന്ന്… ഇപ്പോഴും ആ കയ്യ് ഫ്രീയാ ച്ചാ ന്റെ നമ്പർ അതിലേക്ക് കുറിക്കാം ട്ടാ ഞാന്….. ”
“ന്തൂട്ടാ… പറഞ്ഞേ നിയ്യ്…”
അവിശ്വസനീയമായി അപ്പു തുറിച്ചു നോക്കവേ അവന്റെ വലതു കയ്യിൽ തന്റെ ഫോൺ നമ്പർ എഴുതിയ ശേഷം തിരിഞ്ഞോടി വർഷ….
” ന്തൂട്ടാ ന്ന് വിളിക്കുമ്പോ പറയാ ട്ടാ…….. ”
അമിതമായ സന്തോഷത്താൽ അപ്പു നോക്കി നിൽക്കേ പതിയെ അരികിലേക്കെത്തി വിഷ്ണു….
” ഞാൻ കണ്ടു ട്ടാ അപ്പുവേ… മ്മടെ കാര്യം സെറ്റാക്കാൻ നടന്നു ഇപ്പോ രണ്ടാളും തമ്മിലാ സെറ്റ് ആയി ല്ലേ…. ”
കുസൃതി ചിരിയോടെ വിഷ്ണു ചേർത്തു നിർത്തുമ്പോൾ പൊട്ടിച്ചിരിച്ചു പോയി അപ്പുവും……..
അങ്ങിനെ ആത്മാർഥ പ്രണയത്തിനു മരണമില്ല എന്ന് തെളിയിച്ചു കൊണ്ട് വിഷ്ണുവും ശിവാനിയും വീണ്ടും ഒന്നിക്കുമ്പോൾ ആത്മാർത്ഥ സൗഹൃദങ്ങളായ വർഷയും അപ്പുവും അവർക്കൊപ്പം ചേർന്നു…
(ശുഭം….. )
***********************************************
തെക്കൻ കേരളത്തിലെ ഉത്സവപറമ്പുകളിൽ പൊതുവായി ആവേശമുണർത്തുന്ന ഒന്നാണ് മത്സര ശിങ്കാരി മേളങ്ങൾ….. രണ്ട് ടീമുകൾ മുഖാമുഖം നിന്നു തകർക്കുന്ന ആ മേളത്തെയാണ് ഇവിടെ അവസാന ഭാഗത്തിൽ ഞാൻ ഉൾക്കൊള്ളിച്ചിട്ടുള്ളതും… തൃശൂർ ഭാഗത്തു ഇത്തരം മേളങ്ങളും മത്സരസങ്ങളും ഉണ്ടോ എന്നുള്ളതിനെ പറ്റി എനിക്കും വലിയ അറിവില്ല… തെറ്റുണ്ട് എങ്കിൽ ക്ഷമിക്കുക…. ഈ കഥയിൽ ഉടനീളം എനിക്ക് പ്രോത്സാഹനങ്ങൾ നൽകിയ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി……………
പ്രജിത്ത് സുരേന്ദ്രബാബു.
മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
തകർത്തു ചേട്ടായി.. ❤