“മാഷേ… തൃശ്ശൂർ എത്തി ഇറങ്ങുന്നില്ലേ ”
കണ്ടക്ടർ വന്നു ചുമലിൽ തട്ടി വിളിക്കുമ്പോഴാണ് വിഷ്ണു ഓർമകളിൽ നിന്നും ഞെട്ടിയുണർന്നത്. പെട്ടെന്നുള്ള നടുക്കം വിട്ടുമാറവെ പുറത്തേക്കൊന്ന് കണ്ണോടിച്ചു കൊണ്ട് അവൻ എഴുന്നേറ്റു…
” ഓ.. സോറി ട്ടാ… ഞാൻ ന്തോ ഓർത്തിരുന്നു പോയി.. ”
ക്ഷമാപണത്തോടെ പതിയെ പുറത്തേക്കിറങ്ങുമ്പോൾ തന്നെ കണ്ടു അകലെ നിന്നും ഓടി വരുന്ന അപ്പുവിനെ….
” ടാ ഗഡിയെ.. എത്ര നാളായടാ നിന്നെ ഒന്നു കണ്ടിട്ട് ”
നിറകണ്ണുകളോടെ അപ്പു അരികിലെത്തുമ്പോൾ വിഷ്ണുവിന്റെ മിഴികളിലും നീരുറവകൾ തെളിഞ്ഞു….
സത്യമാണ് ഏകദേശം ഒരു വർഷത്തോളം തന്നെയായിരുന്നു രണ്ടു പേരും തമ്മിൽ കണ്ടിട്ട്.. പരസ്പരം ആലിംഗനം ചെയ്തു കൊണ്ട് അപ്പു വീണ്ടും വിഷ്ണുവിനെ അടിമുടി ഒന്ന് നോക്കി
” നീ ഒന്ന് ചീർത്തിട്ടുണ്ട് ട്ടാ… ഇപ്പോ ഒരു പോലീസ് കാരന്റെ ലുക്ക് ഒക്കെ ആയി… ”
” നീ വല്ലാണ്ട് മെലിഞ്ഞല്ലോ അപ്പു… ”
“ഓ നമ്മള് പ്രാരബ്ധക്കാരൻ അല്ലേ… അതാകും… ”
പുഞ്ചിരിയോടെ അപ്പു മറുപടി നൽകുമ്പോൾ വിഷ്ണുവിന്റെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു.
” ന്നാ പോവല്ലേ ഇന്നിനി ന്റെ വീട്ടിലാ കൂടാം വിഷ്ണു. സമയം ഒരുപാടായില്യേ അമ്മയെ നാളെ കണ്ടാൽ പോരെ …. ”
” ഏയ്… എത്ര വൈകിയാലും അമ്മയെ ഒന്ന് കാണണം നിക്ക്. ന്നിട്ടെ ഉള്ളു എന്തും… നീ വണ്ടി എടുക്ക് വീട്ടിലേക്ക് തന്നെ പോവാം ”
” ഓക്കെ ന്നാ അങ്ങിനാകട്ടെ”
അപ്പുവിനൊപ്പം ബൈക്കിലേക്ക് കയറുമ്പോഴും വീട്ടിലേക്കുള്ള യാത്രയിലും പഴയ ഓർമ്മകൾ വിഷ്ണുവിനെ തഴുകി…
” പണ്ട് മ്മള് പൂരം കഴിഞ്ഞു രാത്രി ഒരുമിച്ചു തിരിച്ചു വരുന്നത് ഓർമ വരുന്നുണ്ട് ട്ടാ അപ്പു… ”
” അതൊക്കെ ഒരു കാലം… ഇപ്പോ നീ ഇല്ലാണ്ടായപ്പോ ഒരു രസോല്ല ടാ… ഞാനും ഇപ്പോ വേറെ ന്തേലും ജോലി നോക്കുവാ… ”
അപ്പുവിന്റെ വാക്കുകളിലെ നിരാശ വേഗത്തിൽ വിഷ്ണു തൊട്ടറിഞ്ഞു…
“വിഷ്ണു… അവളെ കാണേണ്ടേ നിനക്ക്… ”
ആ മറുചോദ്യം വീണ്ടും വിഷ്ണുവിനെ നിശ്ശബ്ദനാക്കി…
‘കാണണം.. അതിനാണല്ലോ വീണ്ടും വന്നത്….. ‘
ആ നിശ്ശബ്ദതയിലും അറിയാതെ അവന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു
അരമണിക്കൂറോളമുള്ള യാത്ര അവസാനിച്ചത് വിഷ്ണുവിന്റെ വീടിനു മുന്നിൽ ആയിരുന്നു… ബൈക്കിൽ നിന്നുമിറങ്ങി പതിയെ മുറ്റത്തേക്ക് കയറുമ്പോൾ ഓർമ്മകൾ വീണ്ടും അവനെ വേട്ടയാടി… ആ ഓർമകളുടെ അവസാനം അമ്മയുടെ മുഖമായിരുന്നു ഉള്ളിൽ തെളിഞ്ഞത്
” ന്റെ മോനെ… നിയ്യ് വന്നുവോ… എത്ര കാലായി ന്റെ കുട്ട്യേ ഒന്ന് കണ്ടിട്ട്.. ഇങ്ങട് വന്നേ അമ്മ ഒന്ന് നല്ലോണം കാണട്ടെ നിന്നെ ”
ശബ്ദം കേട്ട് വെട്ടിത്തിരിഞ്ഞ വിഷ്ണുവിന്റെ നോട്ടം നേരെ പതിഞ്ഞത്.. അണയാതെ ജ്വലിച്ചു നിൽക്കുന്ന ആ തിരി നാളത്തിലായിരുന്നു.. അമ്മയുടെ കുഴിമാടത്തിലെ ആ തിരി വിളക്കിലേക്ക് ….
” സാധാരണ ഇത്രേം നേരം ഒന്നും ഈ തിരി ഇങ്ങനെ കെടാണ്ട് നിൽക്കില്ലാ ട്ടാ… ഇന്ന് അമ്മ നിന്നെ കാണാൻ തന്നെ നോക്കി ഇരിക്കുവാകും ”
അപ്പു പതിയെ അരികിലേക്കെത്തുമ്പോൾ വിഷ്ണുവിന്റെ ഉള്ളൊന്ന് പിടഞ്ഞു. അമ്മ തന്നെ വിട്ടു പിരിഞ്ഞു പോയിട്ട് രണ്ട് വർഷങ്ങൾ തികയറാകുന്നു. ആ യാഥാർഥ്യം വേദനയോടെ വീണ്ടുമോർത്തു അവൻ കുഴിമാടത്തിനു മുന്നിലേക്കെത്തുമ്പോൾ സങ്കടം അടക്കുവാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയി വിഷ്ണു. ..
അമ്മയ്ക്കും മകനുമിടയിലേക്ക് കയറാതെ ഓരത്തായി മാറി നിന്ന അപ്പുവും ആ കാഴ്ച കണ്ടു വിതുമ്പുന്നുണ്ടായിരുന്നു. കുറച്ചു സമയം കുഴിമാടത്തിനു മുന്നില് ഇരുന്ന ശേഷം പതിയെ എഴുന്നേറ്റ് അപ്പുവിനരികിലേക്ക് ചെന്നു വിഷ്ണു
” രണ്ട് വർഷത്തോളമായി ന്റെ അമ്മ നിയ്യ് ഇരുട്ടിലാകാതെ നോക്കുന്നുണ്ട് നിയ്യ്.. ല്ലേ അപ്പു.. ”
ഉള്ളു പിടഞ്ഞു കൊണ്ട് തന്റെ ചുമലിലേക്ക് കൈവച്ച ചങ്ങാതിയെ ചേർത്തു നിർത്തി അപ്പു…
” ഇത് എന്റേം കൂടി അമ്മയല്ലേ വിഷ്ണു…. ആള് താമസം ഇല്ലാണ്ടായപ്പോ ചുമ്മാ കറണ്ട് ചാർജ്ജ് കൊടുക്കേണ്ടല്ലോ ന്ന് കരുതി ഞാൻ കണക്ഷൻ കട്ടാക്കിച്ചു.. പക്ഷേങ്കില് അമ്മയെ ഇരുട്ടിലാക്കാൻ പറ്റില്ല്യാ ലോ.. എന്നും വൈകുന്നേരം മുടങ്ങാണ്ട് ഇവിടെ വന്ന് വിളക്ക് വയ്ക്കും ഞാൻ ”
“മ്…. ”
മറുപടി ഒരു മൂളലിൽ ഒതുക്കി വിഷ്ണു പതിയെ വീടിനു മുൻഭാഗത്തേക്ക് കയറി കൈവരിയിലായി ഇരുന്നു.
” മോ… മോനെ…. ശിവയെ നീ കൈവിടരുത്… നിന്നെ ഉള്ളറിഞ്ഞു സ്നേഹിച്ച കുട്ട്യാ അത്… അവളുടെ ഈ അവസ്ഥ മാറണേൽ ന്റെ മോൻ തന്നെ വിചാരിക്കണം”
തന്റെ കയ്കളിൽ കിടന്ന് നെഞ്ച് പൊട്ടുന്ന വേദനയിൽ പിടഞ്ഞ അമ്മ അവസാനമായി പറഞ്ഞ ആ വാക്കുകൾ അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.ഒപ്പം വല്ലാത്തൊരു നഷ്ടബോധം അവന്റെ ഉള്ളിൽ നോവായി മാറി.
“മ്മക്ക് പോവാം വിഷ്ണുവേ… സമയം ഒരുപാട് ആയില്ലേ… ന്തേലും കഴിച്ചു കിടക്കാം.. ബാക്കിയൊക്കെ ഇനി നാളെ… ”
വീണ്ടും അപ്പു അരികിലെത്തി നിർബന്ധിക്കുമ്പോൾ പതിയെ മനസ്സില്ലാ മനസ്സോടെ അവൻ പുറത്തേക്കിറങ്ങി
” നാളത്തെ മേളം.. കൊഴുക്കോ അപ്പുവേ…. ഞാനും ഒന്ന് കൂടിയാലോ ന്ന് ഓർക്കുവാ കുറേ ആയി മെയ്യൊക്കെ ഒന്ന് അനങ്ങീട്ട്..”
“നിയ്യും കൂടി ഉണ്ടേൽ പൊളിക്കും ട്ടാ… നാളത്തെ മേളത്തിന് ഒരു പ്രത്യേകത കൂടി ണ്ട്… മ്മളോട് പണ്ട് മുട്ടി തോറ്റ ആ ടീം ല്ലേ ചെണ്ടക്കാരൻസ്… അവറ്റോള് വീണ്ടും മ്മളെ വെല്ലു വിളിച്ചേക്കുവാ. പിള്ളേർക്ക് അന്നത്തെ ചൊറ മാറീട്ടില്ല ട്ടാ.. നാളെ വീണ്ടും അവരുമായി മത്സരമേളാ…. ”
അപ്പുവിന്റെ വാക്കുകളിൽ തുടിച്ച ആവേശത്തിന്റെ തിരയിളക്കം വിഷ്ണുവിന്റെ സിരകളിലേക്കും ഇരച്ചു കയറിയിരുന്നു
” ന്നാ ഞാനും ഉണ്ട് ട്ടാ അപ്പു .. മ്മക്ക് ഒരു പൊളിയാ പൊളിക്കാം..നാളെ ”
ആ വാക്കുകൾ കേട്ട് ആ വേശത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു അപ്പു രണ്ടാളും അപ്പുവിന്റെ വീട്ടിലേക്ക് തിരിക്കുമ്പോൾ ആ കുഴിമാടത്തിൽ തിരിനാളം കൂടുതൽ ശോഭയോടെ ജ്വലിച്ചു നിന്നു.
പിറ്റേന്ന് രാവിലെ തന്നെ അപ്പുവിനെയും കൂട്ടി വിഷ്ണു ആദ്യം പോയത് ശിവാനിയുടെ വീട്ടിലേക്കാണ്… രണ്ട് വർഷങ്ങൾക്കപ്പുറം വീണ്ടും അവളുമായി ഒരു കൂടി കാഴ്ചക്കായി അവന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു.. വീടിനു മുന്നിലെത്തുമ്പോൾ അവന്റെ പാദങ്ങൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപ്പെട്ടു തുടങ്ങി
” വിഷ്ണു..ഒന്ന് നിന്നെ നിയ്യ്..”
അപ്പു മുന്നിലേക്ക് കേറി തടുക്കുമ്പോൾ ഒന്ന് ശങ്കിച്ചു വിഷ്ണു .
“വിഷ്ണു… അങ്ങേരു ന്തൂട്ടേലും പ്രശ്നാ ണ്ടാക്കിയാലും നീ സൈലന്റ് ആകണം ട്ടാ… നമ്മുടെ ആവശ്യം തല്ലു പിടിക്കൽ അല്ല അത് ഓർമ വേണം.. എങ്ങിനെയും ശിവാനിയെ കാണണം അത് മാത്രം മനസ്സിൽ ഓർക്കാ…”
ഒരു ഓര്മപ്പെടുത്തലോടെ അപ്പു പതിയെ പതിയെ ഗേറ്റ് തുറക്കുമ്പോൾ അവർ കണ്മുന്നിൽ നേരെ കണ്ടത് മുറ്റത് ഓരത്തായി ഒരു വീൽചെയറിന്റെ പിൻഭാഗമാണ്..ഒരിക്കൽ കൂടി ഒന്ന് സൂക്ഷിച്ചു നോക്കുമ്പോൾ ഒരു നടുക്കത്തോടെ വിഷ്ണു തിരിച്ചറിഞ്ഞു ആ വീൽചെയറിൽ അവളുണ്ട് അവന്റെ ജീവനായ ശിവാനി ഒരു നിമിഷം സർവ്വ ധൈര്യവും ചോർന്നു നിശ്ചലനായി നിന്നു പോയി അവൻ… ആ അവസ്ഥയിൽ ശിവാനിയെ കാണുക എന്നത് വിഷ്ണുവിന് ചിന്തിക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല.
” ടാ അത് അവളാ.. ശിവാനി..”
അപ്പു പതിയെ കാതിൽ പറയുമ്പോൾ അവന്റെ ഉള്ളം പിടഞ്ഞു… പതിയെ പതിയെ മുന്നോട്ട് ചുവടു വയ്ക്കുമ്പോൾ വല്ലാത്തൊരു ആകാംഷയാൽ വിഷ്ണുവിന്റെ മിഴികൾ വിടർന്നു. വീല്ചെയറിനുതൊട്ട് പിന്നിലായി എത്തി അൽപനേരം ഒരേ നിൽപ്പ് നിന്നു അവൻ… മനസ്സിലപ്പോൾ രണ്ട് വർഷങ്ങൾക്ക് മുൻപ് മേളത്തിനൊപ്പം ചാടിത്തുള്ളിയ ശിവാനിയുടെ രൂപമായിരുന്നു.വിറയാർന്ന പദങ്ങളാൽ പതിയെ അവളുടെ മുന്നിലേക്ക് കയറി നിൽക്കുമ്പോൾ.. തല കുമ്പിട്ടിരുന്നു ഏതോ ബുക്ക് വായിക്കുകയായിരുന്ന ശിവാനി കാൽപ്പെരുമാറ്റം കേട്ട് പതിയെ തലയുയർത്തി. കണ്മുന്നിൽ അപ്രതീക്ഷിതമായി വിഷ്ണുവിനെ കാൺകെ ഒരു നിമിഷം അവളുടെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പ് അടിച്ചു കയറി.. മിഴികൾ കൂടുതൽ വിടരുമ്പോൾ അറിയാതെ ആ ചുണ്ടുകൾ വിറപൂണ്ടു..
“വി… വി.. വിഷ്ണു… ട്ടൻ…. ”
പാതിമുറിഞ്ഞ ആ വാക്കുകൾക്കൊപ്പം അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി… ആ കാഴ്ച കണ്ട് നിൽക്കുവാൻ വിഷ്ണുവിനും കഴിഞ്ഞില്ല.. സർവ്വ നിയന്ത്രണവും വിട്ട് നിലത്തേക്ക് മുട്ടു കുത്തിയിരുന്നവൻ ശിവാനിയെ വലിച്ചു മാറോട് ചേർത്തു…
” ന്റെ ശിവാ.. എത്ര നാളായടോ കണ്ടിട്ട്…… ഞാൻ കരണമാണല്ലോ ഭഗവാനേ നിനക്കീ അവസ്ഥ വന്നത്… ”
പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ മുഖം കൈക്കുമ്പിളിൽ കോരി നെറ്റിയിൽ മുത്തങ്ങളാൽ പൊതിഞ്ഞു വിഷ്ണു … അപ്രതീക്ഷിതമായ, മനസ്സിൽ ഏറെ ആശിച്ച ആ നിമിഷത്തിൽ ഒരു വാക്ക് മിണ്ടുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ശിവാനിയും അപ്പോൾ.. എല്ലാം കണ്ടുകൊണ്ട് പിന്നിൽ നിന്ന അപ്പു പതിയെ മിഴികൾ തുടച്ചു
“നിക്ക്… നിക്ക്.. ഒന്നുല്ല.. ഏട്ടാ…. കാ.. കാണാൻ പറ്റാഞ്ഞേന്റെ വി.. വിഷമം മാത്രേ ണ്ടായിരുന്നുള്ളു…. ഇപ്പോ അതും മാറി ”
അമിതമായ ആനന്ദത്താൽ അവളുടെ വാക്കുകൾ മുറിയവേ ആ നെറുകയിൽ പതിയെ തലോടി വിഷ്ണു…
” ന്റെ കൺവെട്ടത്തു നിന്നും എല്ലാരും കൂടി കൊത്തിയെടുത്തു കൊണ്ട് പോയതാ നിന്നെ.. പക്ഷേങ്കില് … ഇനി നിന്നെ വിട്ട് എവിടേക്കും പോവില്ല്യാ ഞാൻ… ഇപ്പോ മേളം ന്നും ഇല്ല. വീണ്ടും പോലീസിലാ ജോയിൻ ചെയ്തു ഒപ്പം ഐ പി എസ് കൂടി എടുക്കുവാൻ നോക്കണുണ്ട് ഞാൻ മ്മക്ക് സുഖായിട്ട് ജീവിക്കാൻ അതൊക്കെ മതി ടോ … ”
ആ വാക്കുകളിൽ തുളുമ്പിയ സ്നേഹം തൊട്ടറിയവേ അവന്റെ ഉള്ളം കയ്യിൽ ഒരു മുത്തം നൽകി പതിയെ ആ മാറിലേക്ക് ചാഞ്ഞു ശിവാനി..
“നിക്ക് ഇനി ആ പഴേ ശിവാനി ആകാൻ പറ്റോ ഏട്ടാ … ”
ആ ചോദ്യത്തിന് മുന്നിൽ പതറിപ്പോയ വിഷ്ണുവിന് കണ്ണുനീർ മാത്രമേ മറുപടിയായി നൽകുവാൻ കഴിഞ്ഞുള്ളു .
“ടാ………. ”
പെട്ടെന്ന് ഉച്ചത്തിലുള്ള ആ അലർച്ച കേട്ട് ഒന്ന് നടുങ്ങി അവൻ. ഞെട്ടിതിരിയുമ്പോൾ പിന്നിൽ ക്രോധത്താൽ വിറച്ചു നിൽക്കുകയായിരുന്നു സുധാകരൻ…ഒപ്പം ശ്രീദേവിയും… ആ നിമിഷം ശിവാനിയും വല്ലാതെ ഭയന്ന് പോയിരുന്നു.
” ന്റെ കുട്ട്യേ ഈ വിധം ആക്കീട്ട് മതിയായില്ലേ നിനക്ക് നായെ…. ”
അമിതമായ ദേഷ്യത്താൽ വിഷ്ണുവിന് നേരെ പാഞ്ഞ അയാളുടെ മുന്നിലേക്ക് പെട്ടെന്ന് കയറി വിലങ്ങി നിന്നു അപ്പു…
” ചേട്ടാ.. ങ്ങള് പ്രശ്നം ഉണ്ടാക്കല്ലേ… മ്മള് വഴക്കിനു വന്നതല്ല… ”
“ഭാ !… മുന്നില് ന്ന് മാറെടാ പന്ന….. ”
അവന്റെ വാക്കുകളെ അവഗണിച്ചു കൊണ്ട് സുധാകരൻ വീണ്ടും മുന്നിലേക്ക് ആഞ്ഞതും ബലമായി പിടിച്ചു നിർത്തി അപ്പു..
” എവിടെക്കാ.. നിങ്ങളീ പായണേ…. അടങ്ങി നിന്നോണം അവിടെ… ”
അപ്പുവിന്റെ ഒച്ച ഉയരവെ അവന്റെ മുഖത്തേക്ക് പാളി നോക്കിയ സുധാകരൻ ഒന്ന് പതറിപ്പോയി കാരണം… അത്രത്തോളം ക്രോധം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു… അയാൾ മാത്രമല്ല അപ്രതീക്ഷിതമായ ആ പ്രതികരണത്തിൽ വിഷ്ണുവും വല്ലാതെ അമ്പരന്നു.. അപ്പുവിന്റെ മുഖത്ത് ആദ്യമായിട്ടാണ് ഇത്രയും ക്രോധം അവൻ കാണുന്നതും
“ങ്ങടെ മോൾടെ ജീവിതം തുലച്ചത് ആരാടോ …. പറയ് ആരാ……. താൻ.. താൻ തന്നല്ല്യേ ശിവാനി ഈ നിലയിൽ ആകാൻ കാരണം.”
ആ ചോദ്യം കേട്ട് അപ്പുവിന്റെ മുഖത്തേക്ക് അവിശ്വസനീയമായി ഒരിക്കൽ കൂടി നോക്കവേ സുധാകരന്റെ കോപം പകുതിയിലേറെയും കെട്ടടങ്ങിയിരുന്നു. പതിയെ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ നിശബ്ദയായി നിൽക്കുന്ന ശ്രീദേവിയെ കൂടി കാൺകെ അയാൾ ആകെ തണുത്തു.
“ഞാനോ… ഞാൻ ന്റെ മോളെ ന്തൂട്ട് ചെയ്തെന്നാ … ”
” നിങ്ങൾ തന്നെയാണ് ട്ടാ … പൊന്നു പോലെ ക്ടാവിനെ നിങ്ങള് വളർത്തി… ഒരു അച്ഛനെന്നതിനേക്കാൾ ഒരു സുഹൃത്തായി അവൾക്കൊപ്പം നിന്നു പക്ഷേങ്കില് അവളുടെ ഭാവി ജീവിതം പ്ലാൻ ചെയ്തപ്പോ മാത്രം ങ്ങക്ക് പിഴച്ചു… ഇഷ്ടം ഉള്ള ആൾടൊപ്പം ആഗ്രഹിച്ച ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് അവൾ ഏറെ ഹാപ്പിയാവുക എന്നത് ങ്ങള് ഓർത്തില്ല മറിച്ചു നിങ്ങൾ അവൾക്ക് കൊടുക്കുന്ന ആഡംബര ജീവിതത്തോട് അവള് പൊരുത്തപ്പെടണം എന്ന് വാശി പിടിച്ചു.. ന്നിട്ട് ന്തായി.. ആ വാശിയുടെ ഫലമല്ലേടോ ഇപ്പോൾ പാവം ഈ വീൽചെയറിൽ ജീവിതം നിരങ്ങി തീർക്കുന്നത് ”
ആ വാക്കുകൾ ഓരോന്നും കാതുകളിൽ കൂരമ്പുകളായി തറച്ചു കയറവേ ഒരു നിമിഷം ഉത്തരമില്ലാതെ കുഴഞ്ഞു സുധാകരൻ…. മകളുടെ അവസ്ഥയിൽ വിഷ്ണുവിനെ മാത്രം പഴിച്ചിരുന്ന അയാൾ ആദ്യമായി മനസ്സുകൊണ്ട് സ്വയം ഒരു വിലയിരുത്തലിന് തയ്യാറെടുത്തു തുടങ്ങിയിരുന്നു
“അപ്പു… മതി ട്ടാ… ഇനി ഒന്നും പറയേണ്ട നിയ്യ് ”
അപ്പുവിനരുകിലേക്ക് ഓടിയെത്തി അവനെ തടുത്തു വിഷ്ണു എന്നാൽ അവനെ തട്ടി മാറ്റി വീണ്ടും സുധാകരന് മുന്നിലേക്ക് കയറി നിന്നു അപ്പു…
” എവിടെ… എവിടാ ങ്ങടെ ഡോക്ടറ്… മോള് വീൽ ചെയറിന്മേൽ കേറിയപ്പോൾ ഇട്ടിട്ടു പോയോ അവൻ… അവന്റെക്കെ സ്നേഹത്തിനു അത്രെ വിലയുള്ളൂ… പക്ഷേങ്കില് ഇവനെ കണ്ടാ നിങ്ങള്… ശിവാനി നാട്ടിൽ വന്നു ന്ന് അറിഞ്ഞു ഓടി വന്നതാ കാണാനായി … ഇപ്പോഴും ഇവന് ജീവനാ ശിവാനി.. ഈ അവസ്ഥയിലും അവളെ കൊണ്ട് പോയി പൊന്നു പോലെ നോക്കുവാനുള്ള മനസ്സ് ഉണ്ട് ട്ടാ ന്റെ ചങ്ങായിക്ക് … അരുതാത്തത് സംഭവിച്ചു പോയി.. പക്ഷേങ്കിൽ ഇനിയെങ്കിലും മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം ന്ന് മനസ്സിൽ തോന്നുന്നുണ്ട് ച്ചാ കൈപിടിച്ച് കൊടുത്തൂടെ ശിവാനിയെ ഇവന് … ”
സ്തബ്ധനായി എല്ലാം കേട്ട് നിന്ന സുധാകരന്റെ നോട്ടം അപ്പോൾ ശിവാനിയുടെ മേൽ മാത്രമായിരുന്നു… നിറ കണ്ണുകളോടെ തന്നെ നോക്കുന്ന മകളുടെ കണ്ണുകളിൽ ഒരു അപേക്ഷയാണ് അയാൾക്ക് കാണുവാൻ കഴിഞ്ഞത്…
“ഏട്ടാ…. ഇനി വാശി വേണോ ”
ശ്രീദേവിയുടെ ആ ചോദ്യം കൂടിയായപ്പോൾ വല്ലാതെ തകർന്നു പോയിരുന്നു സുധാകരൻ . അല്പസമയം നിശബ്ദത തളം കേട്ടവേ പതിയെ വിഷ്ണു അയാൾക്ക് മുന്നിലേക്ക് ചെന്നു
” എന്നെ സ്നേഹിച്ചു എന്ന ഒറ്റ തെറ്റ് മാത്രമേ ശിവാനി ചെയ്തിട്ടുള്ളു… അതിനു അവൾക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതാ.. .. അന്ന് ആ ആക്‌സിഡന്റ് കഴിഞ്ഞു ഒന്ന് കാണുവാൻ പോലും അവസരം നൽകാതെ ന്റെ നിഴൽ പതിയാതൊരിടത്തേക്ക് കൊണ്ട് പൊട്ടിക്കളഞ്ഞില്ലേ നിങ്ങൾ ഇവളെ .. എന്നിട്ടും ഞാൻ കാത്തിരുന്നു ഈ ഒരു നിമിഷത്തിനായി… മേളം കൊട്ടി നടക്കുന്ന പഴേ ചെക്കൻ അല്ല ട്ടാ ഞാൻ ഇപ്പോൾ വീണ്ടും സർവീസിൽ കേറി… ഇപ്പോൾ ഐ പി എസ് കൂടി എടുക്കാൻ ശ്രമിക്കുന്നുണ്ട്… ഇനിയെങ്കിലും എനിക്ക് തന്നൂടെ ഒരിക്കലും ഇവള് എനിക്കൊരു ബാധ്യത അല്ല.. ന്റെ ജീവനാണ് ഇവൾ… പൊന്നു പോലെ ഞാൻ നോക്കിക്കോളാം…… ”
തൊഴുകൈയ്യോടെ മുന്നില് നിന്നപേക്ഷിക്കുന്ന വിഷ്ണുവിനെ നോക്കി വിതുമ്പി പോയി സുധാകരൻ. തന്റെ നിഗമനങ്ങൾ, തീരുമാനങ്ങൾ തെറ്റായിരുന്നോ എന്ന തോന്നൽ അയാളുടെ മനസ്സിനെ അലട്ടി. പതിയെ അയാൾ ശിവാനിയുടെ അരികിലേക്ക് നടന്നു ചെന്നു… അവൾക്ക് മുന്നില് മുട്ടു കുത്തിയിരിക്കുമ്പോൾ മനസ്സിൽ ആയിരം കത്തി കുത്തിയിറക്കിയ വേദന ഒരുമിച്ചനുഭവിച്ചു സുധാകരൻ.. കുറ്റബോധത്താൽ അവളുടെ മുഖത്തേക്ക് നോക്കുവാൻ പോലും കഴിയുമായിരുന്നില്ല അയാൾക്ക്.
“അപ്പന് കുറേ തെറ്റുകൾ പറ്റിട്ട്ണ്ട് മോളെ… ഇപ്പോ.. ഇപ്പോൾ അപ്പൻ അത് മനസിലാക്കുന്നു.. ന്റെ കുട്ടിയുടെ ആഗ്രഹത്തെക്കാൾ എന്റെ വാശികൾക്ക് ഞാൻ മുൻഗണന കൊടുത്തു.. ആ വാശി നിന്റെയും നിന്റെ അമ്മയുടെയും മേൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചു. അതിനിടയിൽ നിങ്ങളുടെ ആത്മാർത്ഥ സ്നേഹം കണ്ടില്ല അപ്പൻ… എന്നോട് ക്ഷെമിക്കണം മോളെ..നിയ്യ്”
പൊട്ടിക്കരയുന്ന അപ്പന് മുന്നിൽ ഒരു നിമിഷം കുഴഞ്ഞു ശിവാനി….
“അപ്പാ.. ന്തൂട്ടാ അപ്പാ ന്തിനാ എന്നോട് ഇങ്ങനൊക്കെ… ന്റെ നന്മയ്ക്ക് വേണ്ടി അല്ലെ അപ്പൻ അങ്ങനൊക്കെ ചെയ്തേ.. നിക്ക് മനസ്സിലാകും അത്.. നിക്ക് അപ്പനോട് ഒരു വെറുപ്പും ഇല്ലാ..ഇത് ന്റെ വിധിയാണ്… അത് ഞാൻ അനുഭവിച്ചല്ലേ പറ്റുള്ളൂ ”
പൊട്ടിക്കരയുന്ന മകളെ മാറോട് ചേർത്തു പിടിച്ചു സുധാകരൻ.. അല്പസമയം ഇരുന്ന ശേഷം പതിയെ അയാൾ എഴുന്നേറ്റ് വിഷ്ണുവിന് നേരെ തിരിഞ്ഞു…
” തെറ്റാ ട്ടാ നിക്ക് പറ്റ്യേ… അത് മനസ്സിലാക്കാൻ നിക്ക് സമയം ഏറെ വേണ്ടി വന്നു… ന്റെ കുട്ടി ഇനി ഒരിക്കലും നടക്കില്ല ന്ന് ഡോക്ടർ പറഞ്ഞിട്ടില്ല മനസ്സിന് സന്തോഷം കിട്ടിയാൽ.. അത് അവളുടെ ആരോഗ്യ നിലയിൽ മെച്ചമുണ്ടാക്കും എന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്…. ദുബായിന്ന് നാട്ടില് വരാൻ മ്മള് തീരുമാനിച്ചപ്പോഴാണു ഇവളുടെ കൈകൾക്ക് മാറ്റം വന്നത് ഇപ്പോ ന്റെ മോൾക്ക് നടക്കാൻ പറ്റില്ല്യാ.. ന്റെ കുട്ടീടെ ഏറ്റവും വലിയ സന്തോഷം അത് നിയ്യുമായുള്ള ജീവിതമാണ്. നീ കൂടി ണ്ടേൽ അവള് പഴേ ശിവാനിയാകും നിക്ക് ഇപ്പോ ഉറപ്പുണ്ട് അത്. ഇനി എപ്പോൾ ന്ന് മാത്രം പറഞ്ഞാ മതി നിയ്യ്. കൈ പിടിച്ചു തന്നെക്കാം ഞാൻ. ”
ആ വാക്കുകൾ ഏറെ അവിശ്വസനീയമായി തോന്നി പോയി വിഷ്ണുവിന്.. സുധാകരന്റെ ആ മാറ്റം ശിവാനിയേയും ശ്രീദേവിയേയും ഒരുപോലെ ഞെട്ടിച്ചപ്പോൾ അപ്പുവിന്റെ ചുണ്ടുകളിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു.
” നിക്ക്… നിക്ക് ഇത് വിശ്വസിക്കാവോ… ന്റെ ശിവയെ നിക്ക് തരോ നിങ്ങൾ ”
കേട്ട വാക്കുകൾ അപ്പോഴും വിഷ്ണുവിന് വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. അന്ധാളിച്ചു നിൽക്കുന്ന അവനെ മറികടന്നു സുധാകരൻ അപ്പുവിനരികിലേക്ക് ചെന്നു.
അവന്റെ ചുമലിൽ കയ്യിട്ടു കൊണ്ടയാൾ വീണ്ടും വിഷ്ണുവിന് നേരെ തിരിഞ്ഞു
” നിങ്ങളു രണ്ടാളും നന്ദി പറയേണ്ടത് ഇയാളോടാണ് ട്ടാ … ന്റെ കണ്ണു തുറപ്പിച്ചത് ഇയാൾ പറഞ്ഞ ആ വാചകങ്ങളാണ്. ഇതുമാതിരി ഒരു ചങ്ങായിനെ കിട്ടാൻ ഭാഗ്യം ചെയ്യണം വിഷ്ണു… താങ്ക്സ് ണ്ട് അപ്പു ഒരുപാട് താങ്ക്സ് ണ്ട്… ”
ആ നന്ദി വാക്കുകൾക്ക് മുന്നിൽ വീണ്ടും പുഞ്ചിരി തൂകി അപ്പു
” ഈ വിഷ്ണു ന്റെ കൂടെപ്പിറപ്പാ … അവന്റെ പെണ്ണ് ന്റെ പെങ്ങളും… അപ്പോ പിന്നേ മ്മള് എങ്ങനാ ഇടപെടാണ്ടിരിക്ക്യാ… ”
ആ മറുപടിക്ക് മുന്നില് ഏവരും ഒന്നിച്ചു പുഞ്ചിരി തൂകവേ ശ്രീദേവി പതിയെ ശിവാനിയുടെ അരികിലേക്ക് ചെന്നു.
“സന്തോഷായോ ന്റെ കുട്ടിക്ക് ”
നിറ കണ്ണുകളോടെ അമ്മയുടെ മാറിലേക്ക് ചായുമ്പോൾ ശിവാനിയുടെ മിഴികൾ വിഷ്ണുവിന്റെ മുഖത്തായിരുന്നു. നഷ്ടമായതെന്തോ തിരികെ കിട്ടിയ പ്രതീതിയിൽ ആ മിഴികൾ തിളങ്ങി.. വിഷ്ണു പതിയെ നടന്നു അവളുടെ അരികിലേക്കെത്തുമ്പോൾ ശ്രീദേവി ഒന്ന് പിന്നിലേക്ക് മാറി. മനസ്സിൽ അടങ്ങാത്ത ആനന്ദത്താൽ ശിവാനിയുടെ നെറുകയിൽ ഒരു മുത്തം നൽകി വിഷ്ണു…
“വടക്കുന്നാഥൻ.. ണ്ട് മ്മക്കൊപ്പം… ഇനി ആർക്കും വിട്ട് കൊടുക്കില്ല നിന്നെ ഞാൻ ”
പൊട്ടിക്കാരഞ്ഞു കൊണ്ട് ശിവാനി തന്റെ മാറിലേക്ക് ചായുമ്പോൾ തന്നോട് കൂടുതൽ ചേർത്തു പുണർന്നു അവൻ.
” നാളെ ഇലഞ്ഞിക്കൾ ക്ഷേത്രത്തിലെ പൂരമാ ട്ടാ… മ്മടെ ജീവിതം ഇങ്ങനൊക്കെ ആയതിന്റെ തുടക്കം അവിടെ നിന്നായിരുന്നു… നിയ്യ് വരണം നാളെ.. രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ചെണ്ട തോളിലെറ്റുമ്പോൾ അവിടെ നീയും ണ്ടാവാണം..”
” ഞാൻ വരും ഏട്ടാ… ഇഴഞ്ഞായാളും വരും… ഏട്ടന്റെ മേളം അത് നിക്ക് വീണ്ടും കേൾക്കണം.. ”
വിഷ്ണുവിന് വാക്ക് നൽകുമ്പോൾ ശിവാനിയുടെ ഉള്ളിലെ ആ പഴയ പൂര ഭ്രാന്ത് വീണ്ടും കൂടിയേറിയിരുന്നു.
സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങുമ്പോൾ വിഷ്ണുവിന്റെ മുഖം കൂടുതൽ വിടർന്നിരുന്നു..
” പൊളിച്ചു ട്ടാ വിഷ്ണുവേ ഒന്ന് കാണുവാൻ പോയിട്ട് ഇപ്പോ മാരെജു വരെ തീരുമാനിച്ചല്ലോ നിയ്യ്.”
അപ്പുവിന്റെ കമന്റു കേൾക്കെ അവനെ ചേർത്തു പിടിച്ചു അവൻ ..
” എങ്ങിനാ ടാ… എങ്ങിനാ ന്റെ അപ്പുവേ ഇതിനൊക്കെ നിന്നോട് ഞാൻ നന്ദി പറയാ.”
ആ ചോദ്യം കേട്ട് അപ്പു ഉറക്കെ പൊട്ടിച്ചിരിച്ചു..
“അറിയാൻ മേലേൽ നിയ്യ് പറയേണ്ട ന്റെ വിഷ്ണുവേ..”
പുഞ്ചിരിയോടെ തന്നെ അവൻ ബൈക്കിലേക്ക് കയറുമ്പോൾ പോക്കെറ്റിൽ കിടന്ന് മൊബൈൽ ഫോൺ ശബ്ദിച്ചു… കോൾ എടുത്തു ഫോൺ കാതോട് ചേർത്ത് നിമിഷങ്ങൾക്കകം അപ്പുവിന്റെ മുഖം കുറുകുന്നത് വിഷ്ണു ശ്രദ്ധിച്ചു
” ന്തൂട്ടാ.. അപ്പു… ന്തേലും പ്രശ്നണ്ടാ…. ”
” വിഷ്ണുവേ പണിയാ ട്ടാ.. അവന്മാര് നാളെ മത്സരത്തിനു കൊട്ടാൻ പുറത്തൂന്ന് ആളെ ഇറക്കുന്നുണ്ട് കാശിന് ചെക്കൻമാര് മുട്ടൻ കലിപ്പിലാ ട്ടാ… ”
അവന്റെ വേവലാതി കാൺകെ വിഷ്ണു പതിയെ ബൈക്കിനു പിന്നിലേക്ക് കയറി….
” നിയ്യ് വണ്ടി വിട് അപ്പു… ന്തൂട്ടിനാ ഈ പേടി… മേളത്തിന് നടുവിൽ തന്നല്ലേ മ്മള് ജനിച്ചു വീണേ… ആ മ്മളോട് നേർക്ക് നേർ നിക്കണത് ആരായാലും അവരെ നാളെ പൂരപ്പറമ്പിൽ നേരിടാടോ ”
“പിന്നല്ല… അത്രേ ഉള്ളു അപ്പോ ഇനി നാളെ പൂരപ്പറമ്പിൽ തന്നെ കാണാം ല്ലേ … ”
ആത്മവിശ്വാസത്തോടെ അപ്പു പതിയെ ആക്സിലെറ്ററിലേക്ക് കൈ അമർത്തി.
ഇനി പൂരം……
(തുടരും….. )
മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission