രാവിലെ ഉറക്കമെഴുന്നേറ്റതു മുതൽ വിഷ്ണുവിന്റെ ഉള്ളിൽ ശിവാനിയെ പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു. എങ്ങിനെയും അവളെ കണ്ടെത്തണം എന്ന് തന്നെ മനസ്സിൽ ഉറച്ചു അവൻ
“ടാ വിഷ്ണുവേ.. ഏതാ ടാ മോനെ ആ ക്ടാവ്… ”
രാവിലെ ചായയ്‌ക്കൊപ്പം അമ്മയുടെ ചോദ്യം കേട്ട് ഒന്ന് പരുങ്ങി വിഷ്ണു ….
” ക്.. ക്ടാവോ… ഏത് ക്ടാവ് ”
പരുങ്ങൽ പുറത്ത് കാട്ടാതെ കഷ്ടപ്പെടുന്ന മോനെ കണ്ട് ചിരിച്ചു പോയി ഭവാനിയമ്മ
” ന്റെ മോനെ നിയ്യ് ഇങ്ങനെ അഭിനയിച്ച് കഷ്ടപ്പെടേണ്ട ട്ടാ ഇന്നലെ വന്ന പാടെ നീയങ്ങു ഉറങ്ങി… ന്നാ.. എല്ലാ കഥയും ന്നോട് വിവരിച്ചേച്ചാ അപ്പു പോയെ…. ”
“വതൂരി… വെടക്ക്.. ഇങ്ങ് വരട്ടെ… ”
പിറു പിറുത്തു കൊണ്ടവൻ പതിയെ ചായ കുടിക്കവേ അരികിലായി ഇരുന്നു ഭവാനി
“ന്റെ മോനെ നിയ്യ് വിഷമിക്കേണ്ട.. നിനക്ക് ഇഷ്ടാ ച്ചാ.. അമ്മയ്ക്ക് നൂറാവർത്തി ഇഷ്ടാ… നിയ്യ് ഓളെ തപ്പിപ്പിടിക്ക് അമ്മ പോവാം അവരുടെ വീട്ടിലേക്ക്.. മ്മക്ക് ഒരു കയ്യാ നോക്കാടാ ….. ”
അമ്മയുടെ വാക്കുകൾ വിഷ്ണുവിന് കൂടുതൽ ആവേശമായിരുന്നു.പക്ഷേ അപ്പോഴും ഒരു കരട് അവന്റെ ഉള്ളിൽ കിടന്നിരുന്നു
” അമ്മാ.. നിക്ക് അവളെ പറ്റി ഒന്നും അറില്ല ട്ടാ… അവളുടെ കെട്ടാ ങ്ങട് കഴിഞ്ഞതാണേൽ എല്ലാം വെറുതെ ആവില്ലേ…. ”
“അതും ശെരിയാ… ”
ഭവാനിയുടെ മുഖത്തും ആശങ്ക വന്നു നിഴലിക്കവേ പെട്ടെന്ന് വിഷ്ണുവിന്റെ ഫോൺ ശബ്ദിച്ചു. സ്‌ക്രീനിൽ അപ്പുവിന്റെ നമ്പർ തെളിയവേ പതിയെ കോൾ ബട്ടൺ അമർത്തി അവന് ഫോൺ കാതോട് ചേർത്തു…
” വിഷ്ണുവേ… എണീറ്റാ.. നിയ്യ്.. ഞാൻ മ്മടെ വടക്കുംനാഥന്റെ മുന്നിലാ ണ്ട്… നിയ്യ് വേഗാ റെഡിയായി ഇങ്ങട് പോര് ട്ടാ”
രാവിലേ തന്നെ അപ്പു അല്പം ആവേശത്തിലായിരുന്നു
” ഒന്ന് പോടാപ്പാ… ഞാൻ എണീറ്റെ ഉള്ളു… പല്ലാ ങ്ങട് തേച്ച് ദേ ഒരു ചായ കുടിക്കാ….. ”
അലക്ഷ്യമായ വിഷ്ണുവിന്റെ മറുപടി കേൾക്കെ അപ്പുവിന് കലി കയറി
“ടാ വതൂരി…. മറ്റേ ക്ടാവിന്റെ പേര് ശിവാനി… അപ്പന്റെ പേര് സുധാകരൻ… ബാക്കി അറിയണാച്ചാ… വേഗം ങ്ങട് പോര് ”
കോൾ കട്ടാകുമ്പോഴേക്കും വിഷ്ണുവിന്റെ മിഴികൾ ഒന്ന് വിടർന്നു… അവന്റെ ഉള്ളിൽ പ്രതീക്ഷയുടെ കണികകൾ തെളിയവേ ആ പേര് മനസ്സിൽ ഒരിക്കൽ കൂടി ഉരുവിട്ടു
“ശിവാനി… കൊള്ളാം”
അപ്പോൾ മനസ്സിൽ ശിവാനിയുടെ മുഖം മാത്രമായിരുന്നു തെളിഞ്ഞു നിന്നത്. പെട്ടെന്ന് ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നുകൊണ്ടവൻ വീണ്ടും അപ്പുവിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ കാതോട് ചേർത്തു… ഹൃദയമിടിപ്പ് പതിന്മടങ്ങ് വേഗത്തിലാകവേ മറുതലയ്ക്കൽ ആ കോൾ അപ്പു കട്ട് ചെയ്തു..
“ശവി ….. ”
നിരാശ്ശയോടെ ഭിത്തിയിൽ ആഞ്ഞടിച്ചു കൊണ്ട് വിഷ്ണു ചാടി എഴുന്നേൽക്കവേ ഒന്നുമറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഭവാനി
” ന്തൂട്ടാ വിഷ്ണു.. ന്തൂടാ അപ്പു പറഞ്ഞേ…. ”
അമ്മയുടെ മുഖത്തെ വേവലാതി കാൺകെ ഒരു നിമിഷം ആ മുഖത്ത് നോക്കി നിന്നു ചിരിച്ചിട്ട് കഴുത്തിലൂടെ കയ്യിട്ട് അവരുടെ കവിളിൽ ഒരു മുത്തം നൽകി അവൻ
” മ്മടെ ക്ടാവിന്റെ പേര് ശിവാനി…. അപ്പു എല്ലാം തപ്പിയെടുത്തു ട്ടാ… പക്ഷേങ്കില് വതൂരി മുഴുവനാ പറഞ്ഞില്ല.. ഞാൻ പോയി അവനെ ഒന്ന് കാണട്ടെ. ബാക്കി വിവരങ്ങളു ഞാൻ തിരിച്ചു വന്നിട്ട് പറയാം ട്ടാ ”
ആവേശത്തോടെ വിഷ്ണു അകത്തേക്ക് പായുമ്പോൾ പുഞ്ചിരിയോടെ നോക്കി നിന്നു ഭവാനി…
” ന്റെ വടക്കും നാഥാ… എല്ലാം ശുഭാവണെ ”
ഒറ്റ പ്രാർത്ഥന മാത്രമേ ആ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ..
—————————————————
ഓടിപ്പിടച്ചു വിഷ്ണു വടക്കുനാഥന് മുന്നിൽ എത്തുമ്പോൾ അപ്പു അവിടെ തന്നെ കാത്തു നിന്നിരുന്നു.
” അമ്പടാ… ഒരു വഴിക്ക് പോണേ ച്ചാ പത്ത് വട്ടം വിളിക്കണം നിന്നെ… ദിപ്പോ ഒറ്റ കോളിലാ ഓടിപ്പിടച്ചിങ്ങട് എത്തിയല്ലാ വതൂരി… ”
അതിശയത്തോടെ അവൻ നോക്കി നിൽക്കെ ആകാംക്ഷയിൽ അരികിലേക്ക് ഓടി അടുത്തു വിഷ്ണു.
” ടാ… അപ്പുവേയ്…. ഒന്ന് പറയടാ അവളെ പറ്റി.. ന്റെ ചങ്ക് ദേ പടപടാ ന്ന് ഇടിക്കാ ട്ടാ… ”
“ആഹാ.. ന്നാ മോൻ കേട്ടോ അവളുടെ പേര് ശിവാനി… മ്മടെ പുന്നയൂർക്കുളത്താ വീട്.. പഠിക്കണത് കേരളവർമ്മയിൽ പി ജി ക്ക് കെട്ട് കഴിഞ്ഞിട്ടില്ലാ ട്ടാ നല്ല അസ്സല് പൂരം ഭ്രാന്തി… ക്ടാവിനെ ഈ നാട്ടിൽ എല്ലാർക്കും അറിയാ ട്ടാ… മ്മക്ക് മാത്രാ അറിയാത്തെ ”
അപ്പുവിന്റെ മറുപടി കേൾക്കെ ഒറ്റക്കുതിപ്പിന് ഇരുകയാൽ അവനെ കോരി എടുത്തു വിഷ്ണു
” പൊളിച്ചു…. ടാ ഗഡിയെ ഇയ്യ് ന്റെ ചങ്കാടാ ചങ്ക് ”
അമിതമായ ആ ആഹ്ലാദം കാൺകെ അപ്പുവിന്റെ മുഖം കുറുകുന്നുണ്ടായിരുന്നു.
” ടാ.. വിഷ്ണുവേ.. അധികം തുള്ളേണ്ട ട്ടാ.. ന്നെ താഴെ ആക്കിയേ നീയ്യ്…. ഒരു കാര്യം കൂടി പറയാ ണ്ട് നിക്ക്… ”
” ന്തൂട്ടാ ടാ… ന്തേലും പ്രശ്ന ണ്ടാ…. ”
അവന്റെ ആ ഭാവമാറ്റം വിഷ്ണുവിൽ തെല്ലൊന്ന് ആശങ്ക പരത്താതിരുനില്ല
” ടാ… അവര് ബഡാ ടീമാ ട്ടാ… പെണ്ണിന്റെ അപ്പന് ദുബായില് സ്വന്തായി ബിസിനസാ… മ്മടെ നിലയ്ക്ക് കൂട്ട്യാ കൂടാൻ വല്യ പാടാ….. ചുമ്മാ മനസ്സിലാ ആശ വച്ചിട്ട് ഒടുവിൽ നടന്നില്ലാ ച്ചാ…. ”
വാക്കുകൾ മുഴുവിക്കാതെ അപ്പു മുഖത്തേക്ക് തുറിച്ചു നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു വിഷ്ണു…
” അത്രേ ഉള്ളോ.. ഒക്കെ ഒരു പ്രതീക്ഷ അല്ലെ ന്റെ അപ്പുവേ.. മ്മക്ക് ഒരു നോക്കാ നോക്കാം. കിട്ട്യാ ഊട്ടി ല്ലേ ചട്ടി അത്രന്നെ….. ”
” ആഹാ ന്നാ പിന്നേ വണ്ടിമ്മേ കേറ് ചങ്കെ…മ്മക്ക് നേരെ കേരള വർമ്മയിലേക്ക് വിടാം ഒന്നും ലേറ്റാക്കണ്ടാ ട്ടാ … ”
ആ വാക്കുകൾ കേൾക്കാൻ കാത്തു നിന്ന പോലെ വിഷ്ണു അപ്പോഴേക്കും ബൈക്കിനു പിന്നിലേക്ക് ചാടി കയറിയിരുന്നു. ഏറെ പ്രതീക്ഷകളോടെ, ആകാംഷയോടെ ആ വണ്ടി കേരള വർമ്മ കോളേജിലേക്ക് പറന്നു
———————————————–
കേരള വർമ്മ കോളേജിന്റെ മുന്നിലെ ഓരത്തെ ഒഴിഞ്ഞൊരു മൂലയിൽ ആ സമയം വലിയൊരു ചർച്ച തന്നെ നടന്നിരുന്നു….
“ന്റെ ശിവാ….. ഇതിപ്പോ വെളുത്തിട്ടാണ്… ഉയരം ണ്ട്.. താടി ണ്ട് ന്നൊക്കെ പറഞ്ഞാ എവിടുന്നാ ആളെ പൊക്കാ.. ഇക്കാലത്തു ചുള്ളൻ ചെക്കന്മാരെല്ലാം ഈ ലൂക്കാ ട്ടാ.. ആ മേള ടീമിന്റെ പേരാ അറിയോ നിനക്ക് ”
കൂട്ടുകാരി വർഷയുടെ ചോദ്യത്തിന് മുന്നില് ഒരു നിമിഷം ഒന്ന് ശാന്തയായി ശിവാനി.ഓർമകളിൽ പരതവേ ആ പേര് അവൾ ഓർത്തെടുത്തു
” ആ കിട്ടി.. ടി … കലാദർശന.. അതാ ട്ടാ ടീമിന്റെ പേര്… ”
ശിവാനിയുടെ മുഖത്തെ തിളക്കം കണ്ട് പതിയെ അരികിലേക്കിരുന്നു വർഷ
” ന്തൂട്ടാ.. ശിവാ… ഒരു പരവേശം മ്മടെ മേളക്കാരൻ ചേട്ടായി നിന്റെ മനസ്സിലാ കുടിയേറിയാ… ”
ആ ചോദ്യത്തിന് മുന്നില് നാണത്തോടെ അവൾ തല കുമ്പിടവേ ഒരു കുസൃതി ചിരിയോടെ ചേർത്തു പിടിച്ചു വർഷ
” അമ്പടി.. കേമി… നിയ്യ് പ്രണയത്തിലാ വീണ് ട്ടാ… ഇനി ആ ക്ടാവ് എവിടെണ്ടേലും മ്മക്ക് പൊക്കാടോ… നിയ്യ് ധൈര്യായ്ട്ടിരിക്ക് ”
“പ്രേമാ ണോ ന്ന് ചോയ്ച്ചാ നിക്ക് അറില്ല ട്ടാ… പക്ഷേങ്കില് ഇന്നലെ ആ ചേട്ടായി എന്നെ ഒരുപാട് വട്ടം നോക്കി.. ന്തൂട്ടാ ന്ന് അറില്ല ആ മുഖത്തേക്ക് നോക്കുമ്പോ നിക്കും ഒരു തരിപ്പ് മനസ്സില്.. ഒന്നുടെ ഒന്ന് കാണാൻ തോന്നണ് ണ്ട് നിക്ക് ”
പതിയെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ശിവാനി ഒരടി മുന്നിലേക്ക് വയ്ക്കവേ പൊട്ടി ചിരിച്ചു പോയി വർഷ.
“ന്റെ… കുരുപ്പേ ഇതന്ന്യാ ഈ പ്രേമം.. നിയ്യ് വിഷമിക്കേണ്ട ട്ടാ മ്മക്ക് വഴി ണ്ടാക്കാം ”
ആ സംഭാഷണങ്ങൾ തുടർന്നു കൊണ്ടിരിക്കവേ അവർ അറിഞ്ഞിരുന്നില്ല കോളേജിന് പുറത്ത് റോഡ് വക്കിൽ വിഷ്ണുവും അപ്പുവും എത്തിയത്….
” ന്റെ അപ്പുവേ… അണ്ടകടാഹം പോലെ കിടക്കണ ഈ കോളേജി ന്ന് മ്മടെ ക്ടാവിനെ എങ്ങനെ കണ്ടെത്താനാ… ”
വിഷ്ണു വാ പൊളിച്ചു നോക്കി നിൽക്കവേ അപ്പുവിന്റെ ശ്രദ്ധ മറ്റൊരു സൈഡിലേക്ക് പതിഞ്ഞിരുന്നു.. കോളേജ് ഗേറ്റിനു മുന്നില് അപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു.
“ടാ വിഷ്ണുവേ… അങ്ങട് നോക്ക്യേ നീ അവിടെന്താ സംഭവം….. ദേ ഒരു ക്ടാവ് ഒരു കൊമ്പനുമായി വന്നു നിന്ന് എന്തൊക്കയോ കാട്ടുന്ന് ണ്ട് ട്ടാ… ”
അപ്പോഴാണ് വിഷ്ണുവും അവിടേക്ക് ശ്രദ്ധിച്ചത്…. വിദ്യാർത്ഥികൾ ഓടി കൂടുന്നത് കാൺകെ അവന്റെ നെറ്റി ചുളിഞ്ഞു…
” അപ്പുവേ ന്തൂട്ടോ പ്രശ്നം ണ്ട് ട്ടാ… പിള്ളേരൊക്കെ ഓടി കൂടുന്നുണ്ട്… മ്മക്ക് നൈസാ സ്കൂട്ട് ആയാലാ… ”
ഭയത്തോടെ വിഷ്ണു ഒരടി പിന്നിലേക്ക് വയ്ക്കുമ്പോൾ അപ്പു പതിയെ മുന്നിലേക്ക് കയറി
” ടാ.. വതൂരി …. ന്തൂട്ട് സാധനാ ടാ നിയ്യ്… പ്രശ്ന ണ്ട് ച്ചാ മ്മക്ക് അത് ലോട്ടറി അല്ലേ… നൈസാ അതിനിടെ ക്കൂടി കോളേജിന് ഉള്ളിലാ കേറാം മ്മടെ ക്ടാവിനെ തപ്പി എടുക്കാം… ല്ലേ ച്ചാ പിന്നേ സെക്യൂരിറ്റി കയറ്റി വിടൂല ”
തലയ്ക്കിട്ട് ഒരു കൊട്ട് കിട്ടവേ ആണ് ആ ബുദ്ധി വിഷുണിന്റെ ഉള്ളിലും ഉദിച്ചത്. രണ്ടാളും കോളേജ് ഗേറ്റിനരികിലേക്ക് പതിയെ നീങ്ങുമ്പോൾ വെപ്രാളത്തിൽ പായുന്ന ഒരു വിദ്യാർത്ഥിയെ അപ്പു പിടിച്ചു നിർത്തി.
“ടാ മോനെ.. ന്തൂട്ടാ അവിടെ പ്രശ്നം… ഒരു കൊമ്പനൊക്കെ ണ്ടല്ലോ ”
” ന്റെ ഏട്ടാ ആകെ കലിപ്പാ ട്ടാ… കുറേ ഗെഡികള് കോളേജിലാ കേറി പ്രശ്ന ണ്ടാക്കി… ക്യാന്റീനിലാ വച്ചു അതിലൊരുത്തൻ മ്മടെ ദേവികയ്ക്കിട്ട് ഒരു വീക്കാ വീക്കി… അവള് വിടോ… മ്മടെ കണ്ണനുമായി ഒരു വരവാ വന്നു.. കണ്ണനാണേൽ മുട്ടൻ കലിപ്പിലാ.. ഇപ്പോ ആ ഗെഡികള് ജീവന് വേണ്ടി കിടന്ന് ഓടുവാ… ”
അവന്റെ മുഖഭാവത്തിൽ നിന്നും സംഭവം അല്പം സീരിയസ് ആണെന്ന് തന്നെ അപ്പു മനസ്സിലാക്കി
” അല്ല മോനെ.. ഈ കണ്ണൻ ഏതാ.. ആ കൊമ്പനാണാ.. ”
സംശയത്തോടെ വിഷ്ണു ഉറ്റു നോക്കുമ്പോൾ അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു
” ന്റെ ഏട്ടാ ഇങ്ങള് തൃശ്ശൂർകാരൻ തന്ന്യാണോ… കണ്ണനെ അറില്ലേ ങ്ങൾക്ക്.. മ്മടെ ഗജകേസരി…. മ്മടെ ചെമ്പകശ്ശേരി കണ്ണൻ.. ദേവിക ടെ ആന… ഓൻ ഇന്ന് ആകെ പൊളിച്ചടുക്കും ട്ടാ…. ”
വിളിച്ചു കൂകിക്കൊണ്ടവൻ ഓടി അകലവേ അപ്പുവിന്റെ മുഖം വിടർന്നു.വാ പൊളിച്ചു നിൽക്കുന്ന വിഷ്ണുവിന്റെ കയ്യും പിടിച്ചു അവന് വേഗത്തിൽ കോളേജിനുള്ളിലേക്ക് പാഞ്ഞു
” വേം വാടാ വാതൂരി ആ കണ്ണൻ അവിടെ ഒരു പൊളിയാ പൊളിക്കട്ടെ അതിനിടെല് മ്മക്ക് മ്മടെ ക്ടാവിനെ പൊക്കാം ”
വിദ്യാർത്ഥികളുടെ ഇടയിലൂടെ അവർ കോളേജിനുള്ളിലേക്ക് തള്ളിക്കയറുമ്പോൾ ഒറ്റ നോട്ടത്തിൽ കണ്ടു പേടിച്ചോടുന്ന കുറേ ചെറുപ്പക്കാരെയും അവർക്ക് മുന്നില് സംഹാര താണ്ടവമാടുന്ന ചെമ്പകശ്ശേരി കണ്ണൻ എന്ന കൊമ്പനെയും ഒപ്പം അവനു നിർദ്ദേശങ്ങൾ നൽകി മുന്നിൽ തന്നെ നിൽക്കുന്ന പെൺപുലി ദേവികയെയും…
” ന്തൂട്ട് സംഭവാ..അപ്പു ഇത്… കോളേജില് പ്രശ്നോണ്ടാക്ക്യോരോട് കൊമ്പനുമായി വന്നു പകരം ചോദിക്ക്യാ ണോ… ഇത് കൊള്ളാ ട്ടാ സംഗതി ആ കൊമ്പനു ഭ്രാന്തിളകി നില്ക്കാ ട്ടാ ”
അതിശയത്തോടെ നോക്കി നിന്നു പോയി വിഷ്ണു
” ഏട്ടാ. അവനു ഭ്രാന്തൊന്നു ല്ലാ ട്ടാ…. ആ ഓടുന്ന ഗെഡികൾ ഇവിടുത്തെ വല്യ ഗുണ്ടകളാ… ഇന്ന് കോളേജിൽ കേറീട്ടു വല്യ പ്രശ്നാ ണ്ടാക്കി അവറ്റോള്… ന്നിട്ട് ദേവിക നെ ശല്യം ചെയ്തപ്പോൾ ഗതികെട്ട് അവളൊരുത്തനിട്ട് ഒരു വീക്കാ വീക്കി… അതിനു പ്രതികാരായിട്ട് അവര് തിരിച്ചും വീക്കി… അതാ കണ്ണനേം കൊണ്ട് അവള് വന്നേ… കണ്ണൻ ആള് കൂളാണ്.. ഇതിപ്പോ ദേവികയെ ഉപദ്രവിച്ചോണ്ടാ ഇത്ര കലിപ്പ് ”
മുന്നില് നിന്ന ഒരു വിദ്യാർത്ഥി സംഭവം വിവരിക്കവേ വാ പൊളിച്ചു കൊണ്ട് അപ്പുവിനെ തോണ്ടി വിളിച്ചു വിഷ്ണു
” അപ്പു.. ആ കൊമ്പനെ കണ്ടാ നിയ്യ്… മുന്നേ നിക്കണ ആ ക്ടാവ് പറേണത് അതുപോലെ ചെയ്യാ ഓൻ … ഓള് പുലിയാ ട്ടാ വിഷ്ണു… പെൺപുലി ”
അതിശയത്തോടെ അവര് നോക്കി നിൽക്കുമ്പോൾ എതിർ ദിശയിൽ തന്നെ നിന്നിരുന്നു ശിവാനിയും വർഷയും. കൊമ്പന്റെ ആക്രമണത്തിൽ ഭയന്ന് ഗതി കെട്ട് ഗുണ്ടകളിൽ ഒരുവൻ തങ്ങൾക്കിടയിലേക്ക് ഓടി കയറുന്നത് കണ്ട വിദ്യാർത്ഥികൾ നിമിഷ നേരം കൊണ്ട് ചിതറിയോടി ആ സമയം ഭയത്താൽ ഞെട്ടി തിരിഞ്ഞ ശിവാനി വിഷ്ണുവിനെ മിന്നായം പോലെ ഒരു നോക്ക് കണ്ടിരുന്നു. ഒരു നിമിഷം തന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിയാതെ പകച്ചു നിന്നു അവൾ
” ദേ ആ ചേട്ടായി… ”
അരികിൽ നിന്ന വർഷയ്ക്ക് അവനെ കാട്ടിക്കൊടുക്കുവാനായി ആ ദിശയിലേക്ക് വിരൽ ചൂണ്ടുമ്പോഴേക്കും വിഷ്ണു അവിടെ നിന്നും മാറിയിരുന്നു
” ന്തൂട്ടാ…. ശിവാ.. അവിടെന്താ…. ”
സംശയത്തോടെ വർഷ ചുമലിലേക്ക് കൈ വയ്ക്കവേ ആകാംഷയോടെ ചുറ്റും പരതി ശിവാനി
” വർഷാ… ആ ചേട്ടായിനെ ദേ അവിടെ കണ്ടു ട്ടാ ഞാൻ ഇപ്പോ… ന്നിട്ട് എങ്ങടാ പോയീന്നു അറില്ല ”
വേവലാതിയോടെ അവൾ ചുറ്റും പരതുമ്പോൾ വർഷയ്ക്ക് കലി കയറിയിരുന്നു
“ഇപ്പോഴാ…… ഈ തിരക്കിലാ.. ന്റെ ശിവാ നിനക്ക് പ്രേമം തലയ്ക്കാ പിടിച്ചു വട്ടായി ട്ടാ.. ആ കൊമ്പന്റെ മുന്നി പെടണ്ടാ ച്ചാ അങ്ങട് മാറി നിൽക്കാം ”
അവളെ പിടിച്ചു വലിച്ചു കൊണ്ട് വർഷ തിരിഞ്ഞോടുമ്പോൾ … വീണ്ടും വിദ്യാർത്ഥികളുടെ കൂട്ടത്തിനിടയിൽ വിഷ്ണുവിന്റെ മുഖം കണ്ടു ശിവാനി. ഒരു നിമിഷം അവളുടെ പാദങ്ങൾക്ക് വേഗത കുറഞ്ഞു
” ദേ.. നോക്ക്… വർഷ ആ ചേട്ടായി അവിടുണ്ട് തോന്നൽ അല്ല സത്യാ …..”
ആവേശത്താൽ വർഷയുടെ കൈ തട്ടി മാറ്റി കൊണ്ട് മുന്നിലേക്ക് കുതിക്കുമ്പോൾ ശിവാനി കണ്ടിരുന്നില്ല കലിയിളകിയ ആ കൊമ്പൻ തുമ്പിക്കയ്യിൽ തൂക്കി വലിച്ചെറിഞ്ഞ ഒരു മരക്കഷ്ണം അവൾക്ക് നേരെ വരുന്നത്…
“അയ്യോ… ദേ ആ ക്ടാവ് ഓടി ഇടയ്ക്കാ കേറി… ”
കൂട്ടത്തിലാരോ വിളിച്ചു കൂവുമ്പോഴാണ് വിഷ്ണുവും അവിടേക്ക് ശ്രദ്ധിച്ചത്
ഒരു നിമിഷം ശിവാനിയെ മുന്നിൽ കണ്ട അവന്റെ മിഴികൾ തിളങ്ങി… രണ്ടു മിഴികളും തമ്മിൽ കോർക്കവേ.. പെട്ടെന്ന് അവൾക്ക് നേരെ അടുക്കുന്ന ആ അപകടം വിഷ്ണുവിന്റെ ശ്രദ്ധയിൽ പതിഞ്ഞു….
” ഓടി മാറ് ട്ടാ…. കുട്ട്യേ ”
വിളിച്ചു കൂകിക്കൊണ്ടവൻ മുന്നിലേക്ക് പായുമ്പോഴേക്കും ആ മരക്കഷ്ണം ശിവാനിയുടെ തലയുടെ ഒരു ഭാഗത്തായി വന്നു തട്ടിയിരുന്നു… അപ്പുവും വർഷയുമുൾപ്പെടെ ഏവരും ഒരു പോലെ നടുങ്ങി നിൽക്കവേ നിലത്തേക്ക് വേച്ചു വീഴുവാൻ പോയ ശിവാനിയെ ഓടി പാഞ്ഞെത്തി ഇരു കയ്യാൽ താങ്ങി പിടിച്ചു വിഷ്ണു….
നിലത്തേക്ക് മുട്ടു കുത്തി അവൻ അവളെ ചേർത്ത് പിടിക്കുമ്പോൾ നെറ്റിയിലൂടെ ചോരച്ചാൽ ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു ഒപ്പം പതിയെ പതിയെ അവളുടെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു… കൺപോളകൾക്ക് ഭാരമേറുന്നതായി തോന്നവേ പതിയെ മിഴികൾ കൂപ്പിയടയുന്നതിനു തൊട്ടു മുന്നേ ഒരു നോക്ക് വിഷ്ണുവിന്റെ മുഖം കണ്മുന്നിൽ കണ്ടിരുന്നു ശിവാനി…
“വിഷ്ണു… ആ കൊമ്പന്റെ മുന്നിലാ പെടേണ്ടാ ട്ടാ അവൻ ശ്രദ്ധിക്കുന്നുണ്ട് നിങ്ങളെ…. ”
മുന്നിലേക്ക് കയറി നിന്നു അപ്പു വിളിച്ചു കൂവുമ്പോൾ ഭയത്താൽ അവളെ കോരിയെടുത്തു കൊണ്ട് ഓടി മാറി വിഷ്ണു…. അപ്പോഴേക്കും വർഷയും ഓടിയെത്തിയിരുന്നു
” ശിവാ… ശിവാ… ”
ഭീതിയോടെ അവൾ കുലുക്കി വിളിക്കുമ്പോഴേക്കും ശിവാനിയുടെ ബോധം പൂർണ്ണമായും മറഞ്ഞിരുന്നു ഒരു നിമിഷം എന്ത് ചെയ്യണം ന്ന് അറിയാണ്ട് പകച്ചു പോയ വിഷ്ണുവിന്റെ കൈകാലുകൾ വിറ പൂണ്ടു …
” ചേട്ടായി… ഇവളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കുവാൻ സഹായിക്കണം… പ്ലീസ് ”
കൂപ്പുകൈകളോടെ മുന്നിൽ നിന്നു പൊട്ടിക്കരയുന്ന വർഷയുടെ മുഖം പോലും അവ്യക്തമായേ അവൻ കണ്ടിരുന്നുള്ളൂ.
” ക്ടാവിനെ… എടുത്തിട്ട് പുറത്തേക്ക് വാ വിഷ്ണു… ഞാൻ ഒരു ടാക്സി വിളിക്കാം… ”
ഓടിയെത്തിയ അപ്പു ചുമലിൽ പിടിച്ചു കുലുക്കവേ ആണ് വിഷ്ണുവിന്റെ സ്വബോധം തിരികെ വീണ്ടെടുത്തത്.
” ശി… ശിവാനി……. ”
അവളുടെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് ഇരുകയ്യാൽ കോരിയെടുത്തു തന്നിലേക്ക് ചേർത്ത് പിടിച്ചു പുറത്തേക്ക് ഓടി വിഷ്ണു… ഒപ്പം വർഷയും അവളുടെ നെറ്റിയിൽ നിന്നും ഊർന്നിറങ്ങിയ ചുടു ചോരയുടെ ഗന്ധം അവനെ വല്ലാതെ ഭയപ്പെടുത്തി
‘ ന്റെ വടക്കുംനാഥാ… ഒന്നും വരുത്താതെ കാത്തോളണേ..’
ഒറ്റ പ്രാർത്ഥന മാത്രം ആ ചുണ്ടുകൾ ഉരുവിട്ടു…
അപ്പോഴേക്കും മുന്നിൽ കണ്ട ടാക്സിയെ കൈ തട്ടി വിളിച്ചു അപ്പുവും എത്തിയിരുന്നു… നിമിഷങ്ങൾക്കകം ശിവാനിയുമായി അവർ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പായുമ്പോൾ കോളേജിനുള്ളിൽ ചെമ്പകശ്ശേരി കണ്ണന്റെ പരാക്രമങ്ങൾ അവസാനിച്ചിരുന്നില്ല
( തുടരും….. )
മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission