Skip to content

മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് – 4

pranaya kathakal

ബോധം തെളിയുമ്പോൾ ശിവാനി ആകെ പകച്ചു പോയിരുന്നു. ഹോസ്പിറ്റൽ മുറിയിലാണ് താൻ എന്ന് മനസ്സിലാക്കിയെടുക്കുവാൻ അവൾക്കു അല്പം സമയം വേണ്ടി വന്നു. ചാടി എഴുന്നേൽക്കുവാൻ ശ്രമിക്കവേയാണ് വലതു നെറ്റിയിൽ എന്തോ ഭാരം പോലെ അനുഭവപ്പെട്ടത്… നെറ്റിയിലെ മുറിവ് തിരിച്ചറിയവേ പതിയെ പതിയെ നടന്ന സംഭവങ്ങൾ അവൾ ഒന്നൊന്നായി ഓർത്തെടുത്തു. ആ ഓർമ്മകൾ അവസാനം വിഷ്ണുവിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വന്നത്.

” ആ എണീറ്റോ നിയ്യ്… എങ്ങനുണ്ട്… ഇപ്പോ ”

അരികിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന വർഷ അപ്പോഴാണ് അവളെ ശ്രദ്ധിച്ചത്.

” വർഷ… ന്തൂട്ടാ നിക്ക് പറ്റ്യേ.. ന്തോ തലേന്മേല് വന്നടിച്ചത് മാത്രം ഓർമേ ണ്ട് പിന്നേ.. പിന്നേ ആ ചേട്ടായിടെ മുഖവും… ”

“ഉവ്വാ… ചേട്ടായിടെ മുഖം ഓർമ കാണണോല്ലോ… ആ മുഖം കണ്ട് ചാടി കുതിച്ചാ പോയി അല്ലേ ഈ പണി വാങ്ങിയേ നിയ്യ് ”

” ഒന്ന് പോയെ വർഷാ.. കളിയാക്കാണ്ട്… നിക്ക് തല പൊട്ടി പൊളിയണ വേദനേ ണ്ട് ട്ടാ… അതിനിടേലാ പെണ്ണിന്റെ തമാശ ”

വർഷയുടെ കമന്റ് കേട്ട് അരിശം കയറിയിരുന്നു ശിവാനിക്ക്

” ഹലോ… എണീറ്റാ… ”

ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിയവേ പെട്ടെന്ന് അവളുടെ മുഖം വിടർന്നു… അത് വിഷ്ണുവായിരുന്നു. അവിശ്വസനീയമായി ശിവാനി നോക്കി ഇരിക്കെ പുഞ്ചിരിയോടെ അവൻ അരികിലേക്ക് എത്തി. ആ സമയം പതിയെ ഒരു വശത്തേക്കു മാറി വർഷയും…

” ന്നാലും ന്റെ കുട്ട്യേ… ന്നെ കാണാനാ ച്ചാ ഇങ്ങനെ അപകടത്തിനിടയിലേക്ക് ചാടി ഓടണമായിരുന്നോ ”

ആ ചോദ്യം കേൾക്കെ ഒരു നിമിഷം നാണത്താൽ തല താഴ്ത്തിയ ശിവാനി വർഷയുടെ കയ്യിൽ ഒന്ന് നുള്ളി….

” അമ്മേ… ”

വേദനയാലവൾ പിന്നിലേക്കൊന്ന് ചാടി പോയി.

” ന്റെ ശിവാനി നിക്ക് വേദനിച്ചു ട്ടാ…. സത്യാ.. ഞാൻ തന്ന്യാ എല്ലാം പറഞ്ഞേ… ഈ ചേട്ടായിനെ കണ്ട് പരിസരം മറന്നോടിട്ടല്ലേ നീ ഈ പണി വാങ്ങി വച്ചേ… ആദ്യം നിക്കും ആളെ മനസ്സിലായില്ല സംസാരിച്ചപ്പോൾ അല്ലേ മനസ്സിലായെ… അപ്പോ തന്നെ കഥ ഫുള്ളാ ങ്ങട് പറഞ്ഞു… അപ്പോഴുണ്ട് കോമഡി.. ഇന്നലെ നിന്നെ കണ്ട് ഉറക്കം പോയീട്ട് തപ്പി പിടിച്ചു വന്നതാ കക്ഷി മ്മടെ കോളേജില് ഒപ്പം ഒരു വാലു കൂടീണ്ടാരുന്നല്ലോ ”

സംശയത്തോടെ വർഷ പുറത്തേക്ക് നോക്കി പരതവേ ഒന്ന് പുഞ്ചിരിച്ചു വിഷ്ണു

” അവൻ ക്യാന്റീനിലാ ട്ടാ… ചായ കുടിക്കാൻ പോയതാ.”

നാണത്തോടെ തല കുമ്പിട്ടു തന്നെയിരുന്ന ശിവാനി
വിഷ്ണുവിന്റെ ഷർട്ടിലെ രക്തക്കറ കാണവേ ഹോസ്പിറ്റലിൽ എത്തിച്ചത് അവനാണ് എന്നത് ഊഹിച്ചിരുന്നു…

” താങ്ക്സ് ണ്ട് ട്ടാ ചേട്ടായി….. ”

നന്ദിയോടെ അവള് പതിയെ തലയുയർത്തി മുഖത്തേക്ക് നോക്കുമ്പോൾ പതിയെ ബെഡിലേക്കിരുന്നു വിഷ്ണു…

” നന്ദി പറയേണ്ടത് ഞാനാ ട്ടാ… ഇയാളോടല്ല ആ കൊമ്പനോട്… നിന്നെ കാണാണ്ട് തിരക്കി നടക്കുമ്പോഴ് കൃത്യ സമയത്ത് കക്ഷി ആ മരക്കഷ്ണാ ങ്ങട് എടുത്തെറിഞ്ഞോണ്ടാ മ്മക്ക് ഇപ്പോ ഇങ്ങനെ ഇവിടെ ഇരിക്കാൻ അവസരം ഉണ്ടായേ….. ”

പുഞ്ചിരിയോടെ മറുപടി പറഞ്ഞു കൊണ്ട് പതിയെ നോക്കുമ്പോൾ ശിവാനിയുടെ മുഖം കുറുകുന്നത് കണ്ട് ഒന്ന് അവനൊന്നു പരുങ്ങി….

” ന്റെ തലേമേല് ഈ വെച്ച് കെട്ട് വന്നതാണോ ചേട്ടായി ങ്ങക്ക് ഇത്രക്ക് സുഖിച്ചത് ”

മുഖം കറുപ്പിച്ചു കൊണ്ടുള്ള ആ ചോദ്യം കേട്ടപ്പോഴാണ് പറ്റിയ അമളി വിഷ്ണു തിരിച്ചറിഞ്ഞത്

” യ്യോ.. ന്റെ ശിവാനി.. സോറി ട്ടാ… ഇങ്ങനെ അടുത്ത് കാണാൻ പറ്റിയ സന്തോഷത്തിലാ അറിയാണ്ട് പറഞ്ഞു പോയതാ … ”

ആ ക്ഷമാപണവും വിഷ്ണുവിന്റെ വിറളി വെളുത്ത മുഖഭാവവും കാൺകെ അറിയാതെ പുഞ്ചിരിച്ചു പോയി ശിവാനി…. അപ്പോഴാണ് അവന് അല്പം ആശ്വാസം ആയതും…

“ന്നാ നിങ്ങള് സംസാരിച്ചിരിക്ക്.. ഞാൻ ഡോക്ടറേ കണ്ട് വരാട്ടാ നിനക്ക് ബോധം വീണ് കുഴപ്പോന്നു ല്ലാ ച്ചാ ഡിസ്ചാർജ് തരാന്നാ പുള്ളി പറഞ്ഞേ ”

പുഞ്ചിരിയോടെ വർഷ പുറത്തേക്ക് പോകുമ്പോൾ ഒരു നിമിഷം പരസ്പരം സംസാരിക്കുവാൻ ഒന്ന് പരുങ്ങി രണ്ടാളും… അപലസമയം നിശബ്ദത പരക്കവേ പതിയെ സംസാരിച്ചു തുടങ്ങിയത് ശിവാനിയാണ്

” ന്തൂട്ടാ ചേട്ടായിടെ പേര് ”

” വിഷ്ണു….. കുന്നത്തങ്ങാടിലാണ് വീട് ട്ടാ… ഇയാളെ പറ്റി നിക്ക് എല്ലാം അറിയാം … കൂടുതൽ ഒന്നും അന്യോഷിച്ചു കഷ്ടപ്പെടേണ്ടി വന്നില്ല്യാ പൂരപ്പറമ്പുകളിലെ സ്ഥിര സാന്നിധ്യത്തെ നാട്ടുകാർക്ക് എല്ലാം നല്ല ഓർമയാ…. അപ്പു എല്ലാം കൃത്യായി തപ്പിപ്പിടിച്ചെടുത്തു ”

ആ മറുപടി കേൾക്കെ അവളൊന്നു പുഞ്ചിരിച്ചു…

” സത്യത്തില് എന്നെ കണ്ട് ട്ട് ആണാ നിയ്യ് ഇറങ്ങി ഓട്യേ…”

സംശയത്തോടെ വിഷ്ണു മുഖത്തേക്ക് നോക്കുമ്പോൾ ഒരു നിമിഷം ഒന്ന് നിശബ്ദയായി ശിവാനി

” ന്നെ കാണാൻ തന്നെയാണോ ചേട്ടായി ഇന്ന് കോളേജിൽ വന്നേ ”

ആ മറു ചോദ്യത്തിന് മുന്നിൽ വിഷ്ണു നിശ്ശബ്ദനാകവേ പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പോയി ശിവാനി. ആ നോട്ടം വിഷ്ണുവിന്റെ ഉള്ളിൽ ഒരു കുളിരായി മാറി… ആ രണ്ട് ചോദ്യങ്ങളിലൂടെ തന്നെ മനസ്സിലുള്ളത് പരസ്പരം രണ്ടാളും തിരിച്ചറിഞ്ഞിരുന്നു. ഇമവെട്ടാതെ രണ്ടാളും നോക്കിയിരിക്കുമ്പോഴാണ് അപ്പു അവിടേക്ക് കയറി വന്നത്…

” ഓയ്.. ഓയ്… ഇതെന്തൂട്ടാ.. ന്റെ വടക്കുംനാഥാ… ഇന്ന് കണ്ടെ ല്ലേ ഉള്ളു രണ്ടാളും അതിനിടേല് ഇമ്മാതിരി നോട്ടാ നോക്കാണോ… ”

അതിശയത്തോടെ അപ്പു അരികിലേക്കെത്തുമ്പോൾ പെട്ടെന്നു നാണത്താൽ നോട്ടം പിൻവലിച്ചു ശിവാനി..

” വെടക്ക്…. കൃത്യ സമയത്താ കേറി വന്നു ”

പിറു പിറുത്തു കൊണ്ട് വിഷ്ണു ബെഡിൽ നിന്നും എഴുന്നേൽക്കുമ്പോഴേക്കും വർഷയും വന്നിരുന്നു..

“എല്ലാം ഓക്കേ ആണ് ട്ടാ…. ഒന്ന് പോയി കണ്ടിട്ട് വിട്ടോളാൻ പറഞ്ഞു ഡോക്ടർ…. ”

“ആഹാ… ദിപ്പോ ഈ വെച്ചു കെട്ടൊക്കെ ആയി വീട്ടിലാ ചെല്ലുമ്പോ അവിടുള്ളോരു പേടിക്കില്ലേ…. ”

അപ്പുവിന്റെ സംശയം ഒരു നിമിഷം ശിവാനിയെയും ചിന്താകുലയാക്കി

” സംഗതി സീനാ ട്ടാ… അപ്പന് ബി പി കേറും അത് ഉറപ്പാ.. എവിടേലും തട്ടി വീണു ന്ന് പറയാം.. ”

” ആ അതന്ന്യാ നല്ലത്… ”

വിഷ്ണുവും അവളുടെ അഭിപ്രായത്തെ ശെരി വച്ചു….

ഡോക്ടറെ കണ്ടിറങ്ങിയപോഴേക്കും ശിവാനിക്കും വർഷയ്ക്കും പോകുവാനായി ടാക്സി റെഡിയായിരുന്നു..

” ഇനി എന്നാ കാണാ… ”

കാറിലേക്ക് കയറുന്നതിനു മുന്നേയായി വിഷ്ണുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ഒന്ന് പുഞ്ചിരിച്ചു ശിവാനി… പതിയെ അവൾ ബാഗിൽ നിന്നും ഒരു പേന പുറത്തെടുത്തു.. അവന്റെ വലതു കൈ പിടിച്ചു ഉള്ളം കയ്യിൽ തന്റെ ഫോൺ നമ്പർ കുറിച്ചു… ആ നിമിഷങ്ങൾ അവിശ്വസനീയമായി തോന്നി വിഷ്ണുവിന് മനസ്സിലേക്കിരച്ചു കയറിയ സന്തോഷത്തെ തടുത്തു നിർത്തുവാൻ അവൻ ഏറെ പാട് പെട്ടു …

” ന്റെ നമ്പർ ആണ്… രാത്രി ഒൻപത് മണിയാ കഴിഞ്ഞു ചേട്ടായി വിളിക്ക് ട്ടാ മ്മക്ക് സംസാരിക്കാം ”

പുഞ്ചിരി മായാതെ തന്നെ ശിവാനി കാറിലേക്ക് കയറവേ അമിതമായ ആനന്ദത്താൽ അവളെ തന്നെ നോക്കി നിന്നു പോയി വിഷ്ണു അപ്പോൾ…

വർഷയും അങ്ങിനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.. കള്ളച്ചിരിയോടെ അവളും നോക്കി നിൽക്കെ പതിയെ അരികിലേക്ക് ചെന്നു വലതു കൈ നീട്ടി അപ്പു..

“നിക്കും ഔട്ട്‌ ഗോയിങ് ഫ്രീയാ ട്ടാ…. ആ നമ്പറാ ങ്ങട് കുറിച്ചാ ഒൻപത് മണി കഴിഞ്ഞു ഞാനും ഫ്രീയാവാം ”

ഒരു നിമിഷം നിശബ്ദത തളം കെട്ടവേ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ഏവരും ഒരുപോലെ പൊട്ടിച്ചിരിച്ചു പോയി….

” ന്റെ ഏട്ടോ… മ്മളില്ലേ… ആദ്യം ഇതാ ങ്ങട് സെറ്റ് ആകട്ടെ പിന്നല്ലേ ബാക്കി… ”

തൊഴുകൈയ്യോടെ വർഷയും കാറിലേക്ക് കയറുമ്പോൾ അപ്പുവിന്റെ ഉള്ളിലും പ്രതീക്ഷയുടെ ഒരു നാളം തെളിഞ്ഞു….

കാർ കണ്ണിൽ നിന്നു മറയുമ്പോൾ സന്തോഷത്താൽ തുള്ളിച്ചാടി പോയി വിഷ്ണു.. എത്രയും വേഗം രാത്രി ഒൻപത് മണി ആയെങ്കിൽ എന്ന് മാത്രമാണ് അപ്പോൾ അവൻ ചിന്തിച്ചത്…
————————————————–

വീട്ടിലെത്തുമ്പോൾ അപ്പന്റെ പ്രതികരണം എന്താകുമെന്നത് ശിവാനിയെ വല്ലാതെ അലട്ടി. എന്നാൽ വർഷയുടെ മനസ്സിൽ അപ്പോൾ മറ്റൊന്നായിരുന്നു

” ന്റെ ശിവാ.. ന്നാലും ഇന്നലെ കണ്ട് ഇന്ന് പരിചയപ്പെട്ട ആൾക്ക് ന്തിനാ നിയ്യ് നമ്പർ ഒക്കെ കൊടുത്തേ… ആളെ പറ്റി നേരെ ഒന്ന് അറിയ്യ പോലും ല്ലാ ട്ടാ…. ”

ആ ചോദ്യം ശിവാനി പ്രതീക്ഷിച്ചിരുന്നു

” ആളെ പറ്റി കൂടുതലൊന്നും അറില്ല. പക്ഷേങ്കില് ന്തൂട്ടാ ന്ന് അറില്ല ടി ഇന്നലെ മേളത്തിന് കണ്ടെ പിന്നെ മനസ്സിലാ മുഴുവൻ ആ മുഖായിരുന്നു… ന്തോ.. ണ്ട് ട്ടാ ആൾടെ കണ്ണില്.. ഒന്ന് നോക്ക്യാ പിന്നെ കണ്ണെടുക്കാൻ പറ്റണില്ല്യാ… ഇപ്പോ ദേ ഭഗവാനായിട്ട് ന്റെ മുന്നിലാ കൊണ്ട് നിർത്തി… മ്മടെ വടക്കും നാഥന്റെ ന്തൊക്ക്യോ കളികൾ ണ്ട് ട്ടാ… അല്ലേൽ ഒരു ആപത്താ വരുമ്പോ പുള്ളിയെ തന്നെ കൃത്യാ കൊണ്ട് മുന്നിലാ നിർത്തി തരില്ലാലോ ”

അതിശയത്തോടെ തന്റെ മുഖത്തേക്ക് നോക്കിയ ശിവാനിയുടെ മിഴികളിൽ എവിടെയോ പ്രണയത്തിന്റെ ഒരു തിരയിളക്കം വർഷ തിരിച്ചറിഞ്ഞു …

” ആ.. ന്തൂട്ടൊ ആകട്ടെ… ആദ്യമേ കേറി അധികം സൊല്ലാനൊന്നും നിക്കേണ്ടാ ട്ടാ ശിവാ… ഓക്കെ ഒരു മയത്തിനാ മതി… ”

ആ നിർദ്ദേശത്തിന് മുന്നിൽ ശാന്തയായി പതിയെ സീറ്റിലേക്ക് തല ചായ്ച്ചു ശിവാനി…
—————————————————–

വീട്ടിൽ എത്തി അമ്മയോട് നടന്നതൊക്കെയും വിവരിക്കുമ്പോൾ വിഷ്ണു വല്ലാത്ത ആവേശത്തിൽ ആയിരുന്നു. എന്നാൽ കേട്ടുനിന്ന ഭവാനിയാകട്ടെ ആകെ അന്ധാളിച്ചു പോയി

” ന്നിട്ട് ആ മോൾക്ക് എങ്ങിനുണ്ട്… വല്യ പരിക്കാണോ വിഷ്ണുവേ ”

“ന്നൂല്ലാ അമ്മ… തലേമേല് ചെറിയൊരു പോറൽ അത്രേ ള്ളൂ.. രാത്രി ന്നോട് വിളിക്കാൻ പറഞ്ഞു നമ്പരാ തന്നിട്ടുണ്ട്… വിളിക്കുമ്പോ അറിയാം ബാക്കി ന്റെ പെണ്ണ് ഓള് തന്ന്യാ മ്മാ ഞാൻ ഉറപ്പിച്ചു ”

ആകാംഷയോടെ ചാടി തുള്ളി അകത്തേക്ക് പോയ മകനെ നോക്കി നിൽക്കെ അവരുടെ ഉള്ളിലെ വേവലാതികൾ കെട്ടടങ്ങിയിരുന്നില്ല.

കാത്തിരുന്നു കാത്തിരുന്നു കൃത്യം ഒൻപത് മണി ആയപ്പോഴേക്കും വിഷ്ണു ഫോൺ കയ്യിലേക്കെടുത്തു.. വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവൻ പതിയെ ശിവാനിയുടെ നമ്പർ ഓരോന്നായി ഡയൽ ചെയ്‌തു…നെഞ്ചിടിപ്പിന്റെ വേഗത ഏറുമ്പോൾ കൈകൾ വിറ പൂണ്ടത് അവൻ തിരിച്ചറിഞ്ഞു. നമ്പർ ഡയൽ ചെയ്ത് പൂർണ്ണമാകുന്നതിനു മുന്നേ തന്നെ ഫോണിലേക്ക് പെട്ടെന്ന് അപ്പുവിന്റെ കോൾ എത്തി… ആദ്യം ഒന്ന് സംശയിച്ച വിഷ്ണു മനസ്സിൽ ഒരു നൂറു തെറി പറഞ്ഞു കൊണ്ടാണ് ആ കോൾ അറ്റന്റ് ചെയ്തത്

” ന്തൂട്ടാ ടാ വതൂരി കൃത്യാ ഈ സമയത്ത് തന്നെ നിന്റെ &#%#%@&.. കോൾ…. ”

ചോദ്യത്തിനൊപ്പം പല്ലുകൾ ഞെരിയുന്ന ഒച്ച കൂടി കേൾക്കെ അപ്പു വായ് പൊത്തി ചിരിച്ചു പോയി..

“ഒരു സംശയാ ചോദിക്കാനാ പ്പോ വിളിച്ചേ ട്ടാ.. മ്മടെ ദൃശ്യം മൂവി ല്ലേ… അത് ഇപ്പോ കണ്ടു ടാ ഞാന് .. പക്ഷേങ്കില് ക്‌ളൈമാക്‌സ് ഇല്ല അതിന്മേല്… അവസാനം ആ ചെക്കന്റെ ബോഡി കിട്ടോ വിഷ്ണുവേ.. നീ തിയറ്ററിലാ പോയി മൂവ് കണ്ടതല്ലേ . ”

അസ്ഥാനത്തുള്ള ആ ചോദ്യത്തിന്റെ ഉദ്ദേശം മനസ്സലാക്കിയത് കൊണ്ട് തന്നെ വിഷ്ണു ഒന്ന് നിശബ്ദനായി. മറുപടി ഒന്നും കിട്ടാതായപ്പോൾ അപ്പുവിനു സംശയമായി

” വിഷ്ണുവേ…. നിയ്യ് ഫോണാ വച്ചിട്ട് പോയാ… ”

” &@%#%#*$*::&#&&#&#&# ”

കാതു പൊട്ടുമാറ് തെറിയായിരുന്നു അവനു മറുപടിയായി കിട്ടിയത്…. അറിയാതെ തന്നെ കോള് കട്ടാക്കി പോയി അപ്പു…

” ന്റെ ഭഗവാനേ… ഈ ചെക്കൻ ഇമ്മാതിരി തെറിയൊക്കെ എവിടുന്നാ ഈ പഠിച്ചേ… ”

കിളിപറന്നാണ് അപ്പു ബെഡിലേക്ക് വീണത്…

” കൃത്യ സമയത്ത് തന്നെ വിളിച്ചോളും പന്ന ####%#%#%%”

കലി തുള്ളി പിറു പിറുത്തു കൊണ്ടാണ് വിഷ്ണു വീണ്ടും ശിവാനിയുടെ നമ്പർ ഡയൽ ചെയ്തത്… ആദ്യത്തെ ബെല്ലിൽ തന്നെ കോൾ അറ്റന്റ് ചെയ്തിരുന്നു അവൾ

” ന്തൂട്ടാ നിയ്യ് ഈ ഫോണിന്മേല് തന്നെ കുത്തിയിരിക്കയായിരുന്നോ.. വിളിച്ചപ്പോൾ തന്നെ കേറി എടുത്തല്ലോ ”

സ്വരം കടുപ്പിച്ചുള്ള ആ ചോദ്യം കേട്ട് ഒരു നിമിഷം ശിവാനി ഒന്ന് പതറി..

” അ..അത് ചേട്ടായി ഞാൻ.. ”

അവളുടെ ശബ്ദത്തിലെ പതർച്ച കേൾക്കെയാണ് പറ്റിയ അബദ്ധം വിഷ്ണു മനസ്സിലാക്കിയത്

” യ്യോ… സോറി ട്ടാ ശിവാനി… പെട്ടെന്ന് ആ വതൂരിയോടുള്ള ദേഷ്യത്തിന്മേല് പറഞ്ഞു പോയതാ ”

ഒരു നിമിഷം ഒന്നും മനസ്സിലാകാതെ ശിവാനിയും ശാന്തയായി..

” ഒൻപത് മണിക്ക് നിന്നെ വിളിക്കാൻ പറഞ്ഞത് അപ്പു ന് അറിയാലോ.. കൃത്യ സമയത്ത് ന്നെ നിക്ക് ഒരു കോളാ വന്നു… വിളിച്ചത് അവനാ… ദൃശ്യം മൂവിലെ ക്‌ളൈമാക്‌സ് പറഞ്ഞു കൊടുക്കാൻ…. അവൻ തന്നെ പത്ത് വട്ടം കണ്ടതാ.. മനഃപ്പൂർവാ വിളിച്ചത്… അവനോടുള്ള കലീന്മേല് ആ കോളും കട്ടാക്കി നിന്നെ വിളിച്ചതാ പക്ഷേങ്കില് ന്റെ മൂഡ് മാറിയില്ലായിരുന്നു… അതാ സ്വരം കടുത്തു പോയെ സോറി ട്ടാ…… ”

ആ മറുപടി കേട്ടപ്പോഴാണ് ശിവാനിയുടെ മനസ്സിലെ ആശങ്കയും വിട്ടകന്നത്… അറിയാതെ പൊട്ടി ചിരിച്ചു പോയി അവള്….

” ന്റെ ഏട്ടായി ങ്ങള് എന്നെ പേടിപ്പിച്ചു ട്ടാ…. ”

പതിയെ പതിയെ അവൾക്കൊപ്പം വിഷ്ണുവും ചിരിച്ചു പോയി… ആ സംഭാഷണങ്ങൾ വീണ്ടും തുടർന്നു…. പരസ്പരം പരിചയപ്പെടുത്തിയതും മനസ്സിലാക്കിയും അവർ കൂടുതൽ അടുത്ത് തുടങ്ങിയിരുന്നു… ഒരു പ്രണയത്തിന്റെ ആരംഭം….

(തുടരും….. )

തിരുവനന്തപുരം സ്വദേശിയായ ഞാൻ കേട്ടറിവ് വച്ചാണ് തൃശ്ശൂർ ഭാഷയും സ്ഥലങ്ങളുടെ പേരുമൊക്കെ കഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്തേലും തെറ്റുകളോ പോരായ്മകളോ ഉണ്ട് എങ്കിൽ പ്രിയ തൃശ്ശൂർ നിവാസികൾ ഒന്ന് പറഞ്ഞു തരണം….

 

മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (20 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!