Skip to content

മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് – 5

pranaya kathakal

പിന്നീടുള്ള ദിവസങ്ങൾ ഓരോന്നും ശിവാനിയുടെയും വിഷ്ണുവിന്റെയും ജീവിതത്തിലെ വസന്ത കാലഘട്ടമായിരുന്നു. പരസ്പരം കണ്ടും ഫോൺ വിളികളിലൂടെയുമൊക്കെ അവരുടെ പ്രണയം പടർന്നു പന്തലിച്ചു. ശിവാനിയുടെ പൂരഭ്രാന്തും വിഷ്ണുവിന്റെ മേള ഭ്രാന്തും കൂടി ചേർന്നപ്പോൾ ആ പ്രണയ നാളുകൾ അവർ ഏറെ ആഘോഷമാക്കി. വിഷ്ണുവിന് മേളമുള്ള പറമ്പുകളിലൊക്കെയും എന്തെങ്കിലും കള്ളം പറഞ്ഞു സുധാകരനുമായി ശിവാനി എത്തിയിരുന്നു. അങ്ങിനെ ചെറു ചെറു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി അവർ മുന്നോട്ട് പോകവേ ഒരു ദിവസം രാവിലെ തന്നെ പതിവില്ലാതെ ശിവാനിയുടെ ഫോണിലേക്ക് വിഷ്ണുവിന്റെ കോൾ വന്നു

” ന്തൂട്ടാ ശിവാ.. നിയ്യ് എഴുന്നേറ്റില്ലേ ഇതുവരെ…. ”

“ഇല്ല്യാ… നിക്ക് ഉറക്കം വിട്ട് മാറീട്ടില്ലാ ട്ടാ… ഇന്നലെ രാത്രി കൊഞ്ചി കൊഞ്ചി എപ്പോഴാ ഉറങ്ങിയെ… വല്ല നിശ്ചയൊണ്ടോ ഏട്ടന് ”

ആ പറഞ്ഞത് ശെരിയാന്ന് അപ്പോഴാണ് വിഷ്ണുവും ഓർത്തത്. തലേന്ന് വളരെ വൈകിയാണ് രണ്ടാളും ഉറങ്ങിയത്…

” അതേ ശിവാ ഇന്നൊരു വിശേഷം ണ്ട് ട്ടാ.. വിവേകാനന്ദ കോളേജില് എന്തൂട്ടൊ പുതിയ ബിൽഡിങ് ഉത്‌ഘാടനം ആണ്… മ്മടെ ടീമിന്റെ മേളം വിളിച്ചിട്ടുണ്ട്.നിയ്യ് ഫ്രീയാ ച്ചാ അങ്ങട് പോന്നേക്ക് മ്മക്ക് ഒരു പൊളിയാ.. പൊളിക്കാം ഒപ്പം ന്റെ അമ്മയും അമ്മാവനും കൂടി വരണുണ്ട്. രണ്ടാൾക്കും നിന്നെ ഒന്ന് കാണണം ന്ന്… ”

” അയ്യോ… പെണ്ണ് കാണലാണോ..ഏട്ടാ.. ”

ശിവാനി ഒന്ന് ശങ്കിക്കവേ പുഞ്ചിരി തൂകി വിഷ്ണു…

” അല്ലടോ.. ഞാൻ എന്നും നിന്നെ പറ്റി പറഞ്ഞു പറഞ്ഞു രണ്ടാൾക്കും ഇപ്പോ നിന്നെ ഒന്ന് കാണണം… അത്ര ന്നെ.. അല്ലാണ്ട് പെണ്ണ് കാണൽ ഒന്നും അല്ല… അതൊക്കെ സമയാകുമ്പോ നേരിട്ട് നിന്റെ വീട്ടിലാ വന്നോളും.. നിയ്യ് ഒരു പത്ത് മണിയാകുമ്പോൾ നേരെ അങ്ങട് പോന്നേച്ചാ മതി …. ”

“ന്നാ… പിന്നേ ഞാൻ റെഡിയായി സമയത്ത് വന്നേക്കാം ട്ടാ ”

മനസ്സിൽ വല്ലാത്ത ആശങ്കയോടെയാണ് അവൾ കോൾ കട്ടാക്കിയത്.

ക്ളോക്കിലേക്കൊന്ന് നോക്കുമ്പോൾ സമയം എട്ടുമണി കഴിഞ്ഞതറിഞ്ഞു ചാടി പിടഞ്ഞെഴുന്നേൽക്കുമ്പോഴാണ് സുധാകരൻ വാതുക്കൽ തന്നെ നോക്കി നിന്നിരുന്നത് ശിവാനി ശ്രദ്ധിച്ചത്…

” എവിടെക്കാ ശിവാ പോണേ നിയ്യ്.. ആരാ വിളിച്ചേ ”

പെട്ടെന്നുള്ള ആ ചോദ്യത്തിന് മുന്നില് ആദ്യം അവളൊന്നു പതറിയിരുന്നു

” അപ്പാ അത്.. ന്റെ ഒരു ഹൈ സ്കൂൾ ഫ്രണ്ടാ വിളിച്ചേ ഇന്ന് എല്ലാരൂടെ ഒരു ചെറിയ ഗെറ്റുഗതർ പാർട്ടി പ്ലാൻ ചെയ്യണുണ്ടേ.. അത് പറയാനാ വിളിച്ചേ പത്ത് മണിക്കാ പരിപാടി… ഇപ്പൊ തന്നെ ലേറ്റ് ആയി ”

മറുപടി പറഞ്ഞൊപ്പിക്കുമ്പോൾ ഇടം കണ്ണിട്ട് സുധാകരനെ ഒന്ന് നോക്കുവാൻ മറന്നില്ല .. ശിവാനി. അയാളുടെ മുഖത്തെ കടുപ്പം അവളെ തെല്ലൊന്ന് അങ്കലാപ്പിലാക്കി.

” ന്തൂട്ട് തിരക്കുണ്ടേലും ഇന്നിനി എവിടേക്കും പോണ്ട ട്ടാ ശിവാ.. ആ ഡോക്ടർ ചെക്കൻ നിന്നെ കാണാൻ വരുന്ന കാര്യം അപ്പന് പറഞ്ഞിരുന്നത് മറന്നോ നിയ്യ് ”
പെണ്ണുകാണൽ ചടങ്ങിന്റെ കാര്യം അപ്പോഴാണ് അവളുടെയും ഓർമയിലേക്കെത്തിയത്.രണ്ട് ദിവസം മുന്നേ തന്നെ സുധാകരൻ പറഞ്ഞിരുന്നതാണ് ഈ കാര്യം.. പക്ഷേ വിഷ്ണുവിന് കൊടുത്ത വാക്ക്.. അത് പാലിക്കാതിരിക്കാനും കഴിയുമായിരുന്നില്ല ശിവാനിക്ക് .

” ന്റെ അപ്പാ… ഞാൻ പറഞ്ഞതല്ലേ നിക്ക് ഇപ്പോ കല്യാണം വേണ്ട ന്ന്… പിന്നെന്തൂട്ടിനാ അപ്പൻ ഇങ്ങനേ ഒരു കേസുമായി വരണേ….. നിക്ക് കല്യാണം കഴിക്കണം ന്ന് തോന്നുമ്പോൾ ഞാൻ തന്നെ അപ്പനോട് പറയാം ന്നേ… ”

പതിയെ ബെഡിൽ നിന്നുമെഴുന്നേറ്റ് മുഖം കൊടുക്കാതെ മുറിയുടെ പുറത്തേക്കിറങ്ങാനാഞ്ഞ ശിവാനിയെ തടുത്തു നിർത്തി സുധാകരൻ

” ഇപ്പോ കെട്ടേണ്ടേ നിനക്ക്….. അങ്ങിനെ ആണേൽ ചെണ്ടയും തൂക്കി നടക്കണ ആ ചെക്കനൊപ്പം ഈ ടൌൺ മുഴുവൻ ചുറ്റുന്നത് എന്തിനാ നിയ്യ് ”

തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം അക്ഷരാർത്ഥത്തിൽ അവളെ വല്ലാതെ ഞെട്ടിച്ചു… സുധാകരന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ ശിവാനിയുടെ ഉള്ളു പിടച്ചു

” അ…അപ്പാ…. ന്തൂട്ടാ അപ്പനീ പറയണേ… ഞാൻ…. ഏത് ചെണ്ടക്കാരൻ….. ”

ഉള്ളിലെ നടുക്കം പുറത്തു കാട്ടാതിരിക്കുവാൻ അവൾ ഏറെ പണിപ്പെട്ടുവെങ്കിലും ആ ശ്രമം വിഭലമായിരുന്നു

” ശിവാ നീ എന്റെ മുന്നിലാ ഈ നാടകം കളിക്കേണ്ട ട്ടാ… എല്ലാം അറിഞ്ഞിട്ടു തന്നാ അപ്പനീ പറേണെ… അവനൊപ്പം ഈ തൃശ്ശൂർ മുഴുവൻ ചുറ്റി കറങ്ങി നടക്കണതും നിർബന്ധിച്ചു അവന്റെ മേളത്തിന് എന്നേം കൂട്ടി പോണതും ഒന്നും ആർക്കും മനസ്സിലാകില്ലാ ന്ന് കരുതിയോ നിയ്യ്… ”

സുധാകരന്റെ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ കൂരമ്പുകളായി തറച്ചു … അപ്പന്റെ മുഖത്ത് അത്രയും ദേഷ്യം അന്നാദ്യമായാണ് ശിവാനി കാണുന്നതും…

“അപ്പാ… അത്… ”

അവളുടെ പതർച്ച സുധാകരനെ കൂടുതൽ രോക്ഷാകുലനാക്കിയിരുന്നു

” അപ്പനെ പൊട്ടനാക്കി ന്റെ മോള് പ്രേമം കളിക്ക്യാരുന്നു ല്ലേ… പണ്ട് കുട്ടിക്കാലത്ത് എന്നെ അച്ഛാ ന്ന് വിളിക്കാൻ പറഞ്ഞപ്പോ നിയ്യ് അപ്പനാക്കി… സ്കൂളിലെ ഏതോ ഫ്രണ്ട്സ് അവരുടെ തന്തമാരെ അങ്ങിനാ വിളിക്കണേ അതോണ്ട് നിനക്കും അങ്ങിനെ വിളിക്കണം ന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തില്ല.. അത് ഒരു തുടക്കായിരുന്നു ട്ടാ… അന്ന് മുതല് ഇന്ന് വരെ നിന്റെ ഒരാഗ്രഹത്തിനും ഞാൻ എതിര് നിന്നിട്ടില്ല. ഒരു ചങ്ങാതിയെ പോലെ കൂടെ നിന്നു ഞാന്.. പക്ഷേങ്കില് ഇത് നടക്കില്ല… കണ്ട പൂര പറമ്പേല് നിരങ്ങി നടക്കണോർക്ക് കെട്ടിച്ചു കൊടുക്കാനല്ല അപ്പൻ വീടും നാടും വിട്ട് ഗൾഫിലാ പോയി കിടന്ന് കഷ്ടപ്പെട്ടതും നിന്നെ വളർത്തി ഇത്രേമാക്കിയതും അത് ന്റെ മോള് മറക്കേണ്ട. ”

സുധാകരന്റെ ഒച്ച കൂടുതൽ ഉയർന്നുയർന്നു വരവേ ശിവാനി ഏറെ പരിഭ്രാന്തയായിരുന്നു…

” അപ്പാ.. ഇങ്ങനൊന്നും പറേല്ലേ…അപ്പാ.. നിക്ക് ന്റെ അപ്പൻ തന്നാ വലുത് പക്ഷേങ്കില് മനസ്സില് വല്ലാത്ത ഇഷ്ട്ടായി പോയി… അത് ഇനി മറക്കാൻ പറ്റത്തില്ല … വിഷ്ണുവേട്ടൻ വെറുതെ മേളം മാത്രം കൊട്ടി നടക്കണ ആളല്ല അപ്പാ… ഏട്ടൻ പോലീസിലാ… മേളം വലിയ കമ്പായോണ്ട് ഇപ്പോ ലീവ് എടുത്ത് നിക്കണതാ.. എപ്പോ വേണോ തിരിച്ചു ജോലീൽ കേറാം… പ്ലീസ് അപ്പന് ഇതിനു എതിര് നിൽക്കല്ലേ അപ്പാ… ഏട്ടൻ ഇല്ലാണ്ട് നിക്ക് പറ്റില്ല അപ്പ അത്രക്ക് ഇഷ്ടാ എനിക്ക് ”

നിറമിഴികൾ തുടച്ചു തൊഴുകയ്യോടെ മുന്നില് നിൽക്കുന്ന മകളെ കാൺകെ സുധാകരന്റെ മുഖം ക്രോധത്താൽ ചുവന്നു തുടുത്തു….

” കൈ നീട്ടി ഒരെണ്ണം അങ്ങട് തരാനാ ഇപ്പോ തോന്നണേ പക്ഷേ അതിനു കഴിയില്ല നിക്ക്… ന്റെ മോളോട് കൂടുതൽ ഒന്നും അപ്പന് പറയാനില്ലാ ട്ടാ.. ഇന്ന് ആ ഡോക്ടർ ചെക്കൻ നിന്നെ കാണാനാ വരും ജാതകം നല്ല ചേർച്ചയാ ഇനി അവനു നിന്നെ ഇഷ്ടയാച്ചാ കല്യാണോം അപ്പൻ ഉടനെ നടത്തും.. അവൻ ദുബായിലാ ജോലി ചെയ്യണേ.. നിന്നെ അവൻ അങ്ങടാ കൊണ്ടോവും… അതിന്റെ പിന്നാലെ നിന്റെ അമ്മയെ ഞാനും കൊണ്ട് പോകും… മ്മക്ക് ഫുൾ ഫാമിലിയായ് ദുബായിൽ തന്നെ നിൽക്കാം ന്നാ അപ്പൻ പ്ലാൻ ചെയ്തേക്കണേ…. എല്ലാം ഓക്കേ ആണ് ഇനി ന്റെ മോളായിട്ട് ഇതിനു എതിര് പറയരുത്… അപ്പൻ എന്നും നിനക്കൊപ്പമേ നിന്നിട്ടുള്ളു പക്ഷേങ്കില് ഈ ഒരു ആഗ്രഹം.. അത് അപ്പന് നടപ്പിലാക്കണം… അതിനു നീ സമ്മതിച്ചില്ലാ ച്ചാ പിന്നേ അപ്പനെ ജീവനോടെ കാണില്ലാ നിയ്യ്…. ”

മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ മുറിക്കു പുറത്തേക്കിറങ്ങുമ്പോൾ നിറകണ്ണുകളോടെ എല്ലാം കേട്ട് നിൽക്കുകയായിരുന്നു ശ്രീദേവി…

” ശ്രീദേവി… മ്മടെ മോള് വല്ലാണ്ട് വളർന്ന് പോയി ട്ടാ… കേട്ടില്ലേ അവള് പറഞ്ഞത്…. ആ ചെക്കനെ മറക്കാൻ പറ്റില്ല്യാ ന്ന്…. മേളവും മേളക്കാരും മ്മള് തൃശൂർക്കാരുടെ ആവേശം ആണ്… അത് ഒരിക്കലും ഒരു മോശം തൊഴിലൊന്നും അല്ല.. പക്ഷേങ്കില് മ്മടെ ശിവയെ പറ്റി ഒരുപാട് സ്വപ്നം കണ്ടിട്ടില്ലേ മ്മള്… അതൊക്കെ എങ്ങിനാ മറക്കണേ… ഒന്ന് പറഞ്ഞു മനസ്സിലാക്ക് നിയ്യ് അവളെ..”

മിഴിനീർ തുടച്ചു കൊണ്ട് സുധാകരൻ പുറത്തേക്ക് പോകുമ്പോൾ പൊട്ടിക്കരയുന്ന മകളെ നോക്കി നിസ്സഹായയായി നിന്നു പോയി ശ്രീദേവിയും…
—————————————————
സമയം പത്തു മണി കഴിഞ്ഞിട്ടും ശിവാനിയെ കാണാതെയായപ്പോൾ പതിയെ അവളുടെ ഫോണിലേക്ക് ഒന്ന് വിളിച്ചു വിഷ്ണു. റിങ് ചെയ്തിട്ടും കോൾ എടുക്കാതായപ്പോൾ ഒന്ന് ശങ്കിച്ചു അവൻ… ഒരിക്കൽ കൂടി അവളുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ കാതോട് ചേർക്കുമ്പോൾ വല്ലാതെ നെഞ്ചിടിപ്പേറി വിഷ്ണുവിന് പെട്ടെന്ന് മറു തലയ്ക്കൽ കോൾ എടുത്തതറിയവേ അവന്റെ ഉള്ളൊന്ന് തണുത്തു.

” ഇതെവിടാ.. ശിവാ നിയ്യ്.. ഫോൺ എന്തേ എടുക്കാത്തെ.. അമ്മയും അമ്മാവനും ഇവിടെ നിന്നെ കാത്ത് നിൽക്കുവാ ട്ടാ… വേഗം ഇങ്ങട് പോര് നിയ്യ് … ”

ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിക്കവേ.. മറു തലയ്ക്കൽ നിശബ്ദതയായിരുന്നു…

” ശിവാ… ന്തൂട്ടാ നിയ്യ് ഒന്നും മിണ്ടാത്തെ.. ”

” ഞാൻ ശിവാനിയുടെ അമ്മയാണ്… ”

ആ മറുപടി കേട്ട് ഒരു നിമിഷം പതറി പോയി വിഷ്ണു. അല്പ സമയം നിശബ്ദത തളം കെട്ടവേ ശ്രീദേവി തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി.

” നീ ആരാണെന്നും നിങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ പറ്റിയും നിക്ക് അറിയാം പക്ഷേങ്കില് മോൻ ഇനി ശിവയെ വിളിക്കരുത് കാണരുത്.. അത് ഞങ്ങൾക്ക് ഇഷ്ടല്ല … ഈ ഫോൺ ഇനി എന്റെ കയ്യിലായിരിക്കും.. നിന്നെ കണ്ട് നേരിട്ട് അത് പറയുവാനായി അവളുടെ അച്ഛൻ അങ്ങട് വന്നിട്ടുണ്ട്…”

ആ കോൾ കട്ടാകുമ്പോൾ നടുങ്ങി തരിച്ചു നിന്നു പോയി വിഷ്ണു…

ഫോണുമായി തിരിയുമ്പോൾ മിഴികൾ തുറിച്ചു തന്നെ നോക്കി നിൽക്കുന്ന ശിവാനിയെയാണ് ശ്രീദേവി കണ്ടത്..

” അമ്മേ അപ്പൻ…. അപ്പൻ വിഷ്ണുവേട്ടനെ കാണാൻ പോയോ… ”

നടുക്കത്തോടെ അവൾ അരികിലേക്കെത്തുമ്പോൾ ശ്രീദേവിയുടെ മിഴികൾ കോപത്താൽ ചുവന്നു…

” പോയി….. ഇനി നിന്നെ കാണരുത് ന്ന് പറയാൻ തന്ന്യാ പോയെ… കൊഞ്ചിച്ച് വഷളാക്കിയേന്റെ കേടാ ഇതൊക്കെ.. ഇനി ഞങ്ങള് പറേണത് കേട്ടാ മതി നിയ്യ്… പെണ്ണ് കാണാൻ വരാൻ പറഞ്ഞവരോട് അടുത്ത ആഴ്ച വരാൻ പറഞ്ഞിട്ടുണ്ട് അപ്പൻ… അതിനുള്ളില് ഈ പ്രശ്നം തീരണം.. തീർക്കണം ”

ചാടി തുള്ളി അവർ അകത്തേക്ക് പോകുമ്പോൾ വേവലാതിയോടെ ഒരു നിമിഷം നിന്നു ശിവാനി അവളുടെ മനസ്സിൽ അപ്പോൾ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു

‘ അപ്പനും വിഷ്ണുവേട്ടനും തമ്മിൽ കാണുമ്പോ ഉറപ്പായും താനും അവിടെ ഉണ്ടാകണം അല്ലേല് പ്രശ്നമാണ് ‘

പിന്നെ ഒട്ടും വൈകിയില്ല… കിച്ചണിൽ നിന്ന ശ്രീദേവി പോലും അറിയാതെ വെപ്രാളത്തിൽ ഒരുങ്ങി അവൾ കോളേജിലേക്ക് പാഞ്ഞു… —————————————————
“ന്തൂട്ടാ മോനെ ഒരു പരവേശം.. ആ കുട്ടി വരില്ല്യേ”

ഭവാനി അരികിലേക്ക് വരുമ്പോൾ വിഷ്ണുവിന് മറുപടിയില്ലായിരുന്നു.
പന്തികേട് മണത്ത് അപ്പോഴേക്കും അപ്പുവും അവനരികിലേക്കെത്തി

” വിഷ്ണു… ന്തൂട്ടാ ടാ… ന്തേലും … പ്രശ്നം ണ്ടാ ”

അപ്പുവിനോട് നടന്ന സംഭവങ്ങൾ വിവരിക്കുമ്പോൾ വിഷ്ണുവിന്റെ അധരങ്ങൾ വിറ പൂണ്ടിരുന്നു…

” ന്റെ ഭഗവാനേ.. കുഴപ്പായോ നിയ്യ് പേടിക്കേണ്ട മോനെ അമ്മ ണ്ട് ഇവിടെ ഞാൻ സംസാരിക്കാം അയാളോട് ”

എല്ലാം കേട്ട് വേവലാതിയോടെ ഭവാനി വിഷ്ണുവിനെ ചേർത്ത് പിടിക്കുമ്പോൾ അപ്പുവും ഏറെ ആശങ്കയിലായി..

” മേളം തുടങ്ങാറായി ട്ടാ … ഇനീപ്പോ നിയ്യ് കൊട്ടാൻ നിൽക്കേണ്ട… മനസ്സ് ശെരിയല്ല ച്ചാ ചിലപ്പോൾ താളം പിഴയ്ക്കും.. നിയ്യ് ഒന്ന് സമാധാനായിട്ട് ഇരിക്കുന്നു അങ്ങേരു വന്നാലും നമ്മളൊക്കെ ഇല്ല്യേ ഇവിടെ ഒന്നും ഉണ്ടാകില്ല ടാ.. ”

ആശ്വാസ വാക്കുകളോടെ അപ്പു ചുമലിലേക്ക് കൈ വയ്ക്കവേ അകലെ നിന്നും വിഷ്ണു കണ്ടു തനിക്കരികിലേക്ക് നടന്നടുക്കുന്ന സുധാകരനെ

“ദേ… വരുന്നുണ്ട് അയാൾ… ”

ആശങ്കയോടെ അവൻ വിരൽ ചൂണ്ടവേ… അപ്പുവും ഒന്ന് പതറി…..

” അമ്മ അങ്ങടാ മാറി നിൽക്ക് ട്ടാ. മ്മളൊന്ന് സംസാരിക്കട്ടെ പുള്ളിയോട്… ”

ഭവാനിയെ പതിയെ ദൂരേക്ക് മാറ്റി നിർത്തി തിരിഞ്ഞ അപ്പു കാണുന്നത് കലി തുള്ളി ഓടിയടുത്ത് വിഷ്ണുവിന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു നിൽക്കുന്ന സുധാകരനെ ആണ്… വേവലാതിയോടെ അവൻ ഓടി എത്തുമ്പോൾ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു വിഷ്ണു

” ന്തൂട്ടാ നിന്റെ ഉദ്ദേശം.. ന്റെ സ്വത്ത്‌ കണ്ടിട്ടാണാ ഈ കളി.. പറമ്പായ പറമ്പ് നിരങ്ങി നടക്കണ നിനക്ക് ന്റെ മോളെ മാത്രേ കിട്ടിയുള്ളൂ ല്ലേ പ്രേമിക്കാൻ.. ന്റെ കൊക്കിനു ജീവനുള്ളിടത്തോളം കാലം അത് നടക്കില്ലാ ട്ടാ ”

ഉച്ചത്തിൽ സുധാകരൻ അലറി വിളിക്കുമ്പോൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ അവിടെയുണ്ടായിരുന്നവരൊക്കെയും വന്നു ചുറ്റും കൂടിയിരുന്നു….

“ന്റെ ചേട്ടാ… ഇങ്ങള് വെറുതെ സീനാക്കല്ലേ… ദേ ആൾക്കാര്‌ കൂടണുണ്ട്‌ ട്ടാ… മ്മക്ക് സമാധാനത്തിൽ പറഞ്ഞു തീർക്കാം എല്ലാം ”

ഇടയിലേക്ക് അപ്പു ഇടിച്ചു കയറി സുധാകരനെ ചുറ്റി പിടിച്ചു മാറ്റവെ വിഷ്ണുവിന്റെ ഷർട്ട് വലിച്ചു കീറിയിരുന്നു അയാൾ….

” ന്തൂട്ടാ… സംഭവം…..”

“പെണ്ണ് കേസാ ട്ടാ…… ”

കണ്ടു നിന്നവർ പരസ്പരം കമന്റുകൾ പറയുന്നത് കേൾക്കവേ സുധാകരൻ ആകെ പരവശനായി…

” വേണ്ടടാ.. ഇനി സമാധാനം ഒന്നും വേണ്ട… പറയേണ്ടതും ചെയ്യേണ്ടതും ലേറ്റ് ആക്കിയതാണ് ഞാന് ചെയ്ത തെറ്റ്… ഇനി അത് വേണ്ട ട്ടാ…. ”

അപ്പുവിന്റെ പിടിയിൽ നിന്നും കുതറി മാറി വീണ്ടും തനിക്കരികിലേക്ക് വീറോടെ ഓടി വന്ന സുധാകരനെ തടുത്തു നിർത്തി വിഷ്ണു

“ഇങ്ങള് ഇമ്മാതിരി സീനാ ഉണ്ടാക്കാതെ ഒന്ന് അടങ്ങ്… നിക്ക് ഓളെ ഇഷ്ടാ… അവൾക്ക് എന്നേം… അതിപ്പോ നിങ്ങളെന്നല്ല സാക്ഷാൽ വടക്കുംനാഥൻ വിചാരിച്ചാലും മ്മളെ പിരിക്കാൻ പറ്റില്ല്യാ.. ന്ന് വച്ചു ആരേം പറ്റിച്ചു കടന്നു കളയുവൊന്നും ഇല്ലാ ഞങ്ങള്.. നിങ്ങടെ എല്ലാരുടേം ഇഷ്ടത്തോടെ മാത്രേ ഒന്നാകുള്ളു.. അതിനു വേണ്ടി എത്ര നാള് കാത്തിരിക്കണേലും തയ്യാറാ ഞങ്ങൾ പക്ഷേ ആവശ്യം ഇല്ലാണ്ട് ഇമ്മാതിരി സീനാ ണ്ടാക്ക്യാ.. നേരെ വന്നു വിളിച്ചിറക്കി കൊണ്ട് പോരും ഞാൻ ന്റെ പെണ്ണിനെ ”

വിഷ്ണുവിന്റെ ആ മറുപടി കേൾക്കെ സുധാകരൻ കൂടുതൽ രോക്ഷാകുലനായിരുന്നു.

“ഫാ… നായെ… ന്റെ വീട്ടില് വന്നു ന്റെ കുട്ട്യേ വിളിച്ചിറക്കാൻ നീ വളർന്നിട്ടില്ല്യാ… അവള് ആരെ കെട്ടണം കേട്ടേണ്ട ന്നത് ഞാൻ തീരുമാനിക്കും… അതിനു നിന്റെ സമ്മതം വേണ്ട ട്ടാ ചെക്കാ….. ”

രംഗം കൂടുതൽ വഷളാകുന്നത് കണ്ട് പകച്ചു നിന്നു പോയി അപ്പുവും.. എന്നാൽ പെട്ടെന്ന് മുന്നിലേക്ക് കുതിച്ച സുധാകരൻ അപ്പുവിന്റെ എതിർപ്പുകൾ പോലും തട്ടി മാറ്റി വലം കാലിനാൽ വിഷ്ണുവിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി … അപ്രതീക്ഷിതമായ പ്രഹരമായതിനാൽ പിന്നിലേക്ക് വെച്ചു പോയ വിഷ്ണു ദൂരേക്ക് തെറിച്ചു വീണു… ഒരു നിമിഷം ഏവരും നടുങ്ങി നിൽക്കവേ ആ കാഴ്ച കണ്ടു കൊണ്ടാണ് ശിവാനി ഒരു ഓട്ടോയിൽ റോഡരുകിൽ വന്നിറങ്ങിയത്. വന്നപാടെ തന്നെ നിലത്തേക്ക് തെറിച്ചു വീഴുന്ന വിഷ്ണുവിനെയും കലി തുള്ളി നിൽക്കുന്ന സുധാകരനെയും കാൺകെ ഒരു നിമിഷം പകച്ചു പോയി അവള്…..

“അപ്പാ…… ഒന്നും ചെയ്യല്ലേ അപ്പാ ”

ഉച്ചത്തിൽ വിളിച്ചു കൂകിക്കൊണ്ട് റോഡിനു കുറുകെ അവർക്കരികിലേക്ക് പാഞ്ഞ ശിവാനി തൊട്ടു മുന്നിലെത്തിയ അപകടത്തെ ശ്രദ്ധിച്ചിരുന്നില്ല… അമിത വേഗത്തിൽ എത്തിയ ബസ്സ്‌ നിർത്തുവാനായി ഡ്രൈവർ ശക്തിയിൽ ബ്രേക്കിലേക്ക് കാലമർത്തിയെങ്കിലും വേഗതയെ നിയന്ത്രിക്കുവാൻ അയാൾക്കും കഴിഞ്ഞില്ല.

“അപ്പാ……… ”

ഉച്ചത്തിലുള്ള നിലവിളിയും ബ്രേക്ക്‌ അമരുന്ന ഒച്ചയും കേട്ട് ഞെട്ടി തിരിഞ്ഞ സുധാകരൻ കണ്ടത് വായുവിൽ ഉയർന്നു പൊങ്ങുന്ന മകളെയാണ്…

“മോളേ…… ”

നടുങ്ങി തരിച്ചയാൾ നോക്കി നിൽക്കേ നിലത്തു നിന്ന് ചാടി പിടഞ്ഞെഴുന്നേറ്റ വിഷ്ണുവും ആ കാഴ്ച കണ്ട് ഭയന്ന് വിറച്ചു പോയി…

ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്നു പൊങ്ങിയ ദൂരത്തേക്ക് തെറിച്ചു വീണു ശിവാനി …. നിമിഷങ്ങൾക്കകം നിലത്ത് ചോര പടർന്നു തുടങ്ങവേ… സുധാകരനും വിഷ്ണുവും അപ്പുവുമുൾപ്പെടെ ഏവരും നിലവിളിച്ചു കൊണ്ട് അവൾക്കരികിലേക്ക് പാഞ്ഞു…

( തുടരും…. )

 

മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4/5 - (30 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!