വിഷ്ണുവും അപ്പുവും ക്ഷേത്രത്തിലെത്തുമ്പോഴേക്കും കൂടെയുള്ളവർ മേളത്തിന് തയ്യാറായിരുന്നു. കലി തുള്ളി നിൽക്കുന്ന ആശാനെ കണ്ടപ്പോൾ തന്നെ അപ്പു മുൻകൂർ ജാമ്യം എടുത്തു
” ന്റെ ആശാനേ… ഞാൻ കറക്റ്റ് ടൈമായിരുന്നു ട്ടാ… ദേ ഈ വതൂരിയാ ലേറ്റ് ആക്കിയേ ”
” അപ്പുവേ.. ഇനി തമ്മിൽ പഴിക്കാൻ നിൽക്കേണ്ട ട്ടാ… രണ്ടാളും വേഗം റെഡിയായിട്ട് പോന്നൊളിൻ മേളത്തിന് സമയായി.. ”
ആശാന്റെ മറുപടി കേട്ട് വായ് പൊത്തി ചിരിച്ചുകൊണ്ട് വിഷ്ണു ഡ്രസ്സ് മാറാൻ പോകുമ്പോൾ പല്ലിറുമ്മി പിന്നാലെ ചെന്നു അപ്പുവും
” ആശാനേ… ആരാ ന്ന് പ്പോ മ്മക്ക് എതിര്…. ”
അപ്പോഴാണ് വിഷ്ണു ആ കാര്യം ഓർത്തത്….
” ആ ‘ചെണ്ടക്കാരൻസ് ‘ പിള്ളേരാ ടാ… ജ്ജാതി കലിപ്പിലാ ട്ടാ എല്ലാം… പണ്ട് മ്മടൊപ്പം മുട്ടി തോറ്റ ചൊറയുണ്ടേ… ”
” അമ്പടാ… അപ്പോൾ ഇന്ന് ഒരു പെരുക്കാ പെരുക്കണം… ആര് വന്നാലെന്താ ആശാനേ മ്മള് സ്ട്രോങ്ങല്ലേ… ”
ചെണ്ട തോളിലേറ്റി കോലിനാൽ ഒരു താളം പിടിച്ചു കൊണ്ട് വിഷ്ണു തിരിയവേ അവനിലെ ആവേശം ഏവരിലും പടർന്നിരുന്നു.
———————————————–
‘ചെണ്ടക്കാരൻസ് ‘ ‘കലാദർശന’ ഇരു ടീമുകളും അണിനിരക്കുന്ന മത്സര മേളം ഉടനടി ആരഭിക്കുന്നതാണ് ‘
മൈക്കിൾ അനോൺസ്മെന്റ് മുഴങ്ങവേ നിന്ന നിൽപ്പിൽ വിസിൽ മുഴക്കിക്കൊണ്ട് ചാടി തുള്ളി ശിവാനി.
” നിങ്ങ പൊളിക്ക് മുത്തുമണീസെ…. മ്മള് കട്ട സപ്പോർട്ടാ ട്ടാ ”
ആവേശ കൊടുമുടിയിൽ നിൽക്കുന്ന അവളെ നിയന്ത്രിക്കാൻ ഒരു നിമിഷം സുധാകരനും ഏറെ പാടുപെട്ടു. ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നത് കാൺകെ അല്പം ജാള്യത തോന്നി അയാൾക്ക്.
” ന്റെ ശിവാ.. ഒന്ന് അടങ്ങ് ട്ടാ നീ.. ആൾക്കാര് ശ്രദ്ധിക്കണ് ണ്ട്… ”
“ന്റെ അപ്പാ..എന്തൂട്ടിനാ ഈ മസിലു പിടുത്തം.. ഇതേ പൂരപ്പറമ്പാ ആര് ശ്രദ്ധിച്ചാ ന്താ.. ന്റെ അപ്പനല്ലേ കൂടെ ക്കണേ… അപ്പൻ ആ മസിലാ ങ്ങട് വിട്ടേ. ന്നിട്ട് പഴേ പൂരപ്രേമി സുധാകരനായി എന്റൊപ്പം ഇങ്ങട് പോന്നേ മ്മക്ക് ആ മുന്നിലാ പോയി നിക്കാം കൺ മുന്നില് കണ്ടാലേ ഒരു ഗുമ്മുള്ളു ”
തന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടവൾ ആൾക്കാർക്കിടയിലൂടെ മേളക്കാർക്ക് മുന്നിലേക്കോടവേ പതിയെ പതിയെ സുധാകരനിലേക്കും ആ ആവേശം കുടിയേറി തുടങ്ങിയിരുന്നു..
‘ അല്ലപ്പാ… ഓള് പറഞ്ഞപോലെ ആരെ കാട്ടാനാ ഈ മസില് പിടുത്തം ലീവ് കഴിഞ്ഞാ തിരിച്ചങ്ങട് പോം ബോ ഇതൊക്കെല്ലേ ഉള്ളു ഒരു രസം ‘
അറിയാതെ അയാൾ മനസ്സിൽ ഓർത്തു…
നിമിഷങ്ങൾക്കകം ആവേശം കൊടിയേറി… രണ്ട് ടീമുകളും മുഖാമുഖം നിരന്നു മേളം ആരംഭിച്ചു ..കലാദർശനയുടെ മുൻ നിരയിൽ തന്നെ നിരന്നിരുന്നു വിഷ്ണുവും അപ്പുവും ….ആർപ്പുവിളിച്ചു കൊണ്ട് ആസ്വാദകർ ചുവടുകൾ വച്ചു തുടങ്ങവേ അവർക്ക് മുന്നിൽ തന്നെ ശിവാനിയും സുധാകരനും ഉണ്ടായിരുന്നു. കാണികളെ കയ്യിലെടുക്കാനായി നിര വിട്ട് ആൾക്കാർക്കിടയിലേക്ക് കയറിനിന്ന് ടീം ചെണ്ടക്കാരൻസ് തകർക്കവേ അമിതാവേശം വിട്ട് താളത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മെല്ലെയാണ് കലാദർശന ആരംഭിച്ചത് മത്സര മേളം കൂടുതൽ കൊഴുക്കവേ… ആവേശത്തോടെ രണ്ടു ടീമിനും നടുവിലേക്കിറങ്ങി നിന്നു തുള്ളി ചാടി പോയി ശിവാനി മുന്നിലേക്കയറി. ചുറ്റും കൂടി നിൽക്കുന്നവരുടെ ആവേശം സിരകളിൽ ഊർജ്ജമാകവേ ഒരു നിമിഷം പുരുഷാരവത്തിനിടയിൽ ചുവട് വയ്ക്കുന്ന ആ പെൺകുട്ടിയിൽ വിഷ്ണുവിന്റെ കണ്ണുകൾ ഉടക്കി.
‘ഇത്… ഇത്.. അവളല്ലേ…… ‘
അവന്റെ മിഴികൾ വിടർന്നു.
ഉള്ളിൽ എവിടെയോ ഒരു തരിപ്പനുഭവപ്പെട്ടു നെഞ്ചിടിപ്പേറവേ പതിയെ കൈകളുടെ വേഗത കുറയുന്നത് അവൻ അറിഞ്ഞു..
” അപ്പൂ… ടാ അപ്പൂ….. ദേ ആ ക്ടാവിനെ നോക്ക്യേ … മ്മള് കാറിൽ കണ്ട അതേ കുട്ടി. .. ”
മേളത്തിനിടയിൽ തന്നെ അപ്പുവിനെ കുത്തി വിളിച്ചു അവളെ കാട്ടിക്കൊടുത്തു വിഷ്ണു
” ആടാ… അവള് തന്ന്യാ…. ഈ വെടക്ക്.. കൊള്ളാലോ ഗഡി… ആ ചെക്കന്മാർക്ക് ഇല്ലാ ട്ടാ.. അവൾടത്ര ആവേശം ഓള് പുലിക്കുട്ടിയാ ടാ ”
അപ്പുവിന്റെ കമന്റു കൂടി കേൾക്കവേ വിഷ്ണുവിന്റെ സിരകളിൽ അഗ്നി പടർന്നു മേളത്തിനൊപ്പം കൈകൾ ഉയർത്തിക്കൊണ്ട് തുള്ളിച്ചാടുന്ന ശിവാനി അവന്റെ ഉള്ളിലെ ആവേശം ഇരട്ടിയാക്കി.. നിരവിട്ട് മുന്നിലേക്ക് കയറിയവൻ തിരിയവേ പിന്നിൽ അപ്പുവുമെത്തി… മേള പ്രേമികളെ കോരിത്തരിപ്പിക്കുന്ന പ്രകടനമായിരുന്നു പിന്നീടങ്ങോട്ട് ടീം കലാദർശന കാഴ്ച വച്ചത്.
“ആദ്യം ഒന്ന് സൈലന്റായിട്ട് ഇപ്പോ മ്മടെ കലാദർശന പെരുക്കണ പെരുക്ക് കണ്ടാ… ആ മുന്നേ നിക്കണ രണ്ട് ഗെഡികളാ അവരുടെ തുറുപ്പുകൾ ഒറ്റ നിൽപ്പാ നിന്ന് പെരുക്കും ഗെഡികൾ .. ”
അപ്പൻ വിരൽ ചൂണ്ടുന്നത് കാൺകെ ഒരു നിമിഷം അവിടേക്ക് തിരിഞ്ഞ ശിവാനിയുടെ മിഴികൾ വിഷ്‌ണുവിലും അപ്പുവിലും ഒരുപോലെ ഉടക്കി. ആ മുഖങ്ങൾ വേഗത്തിലവൾ ഓർത്തെടുത്തു. റോഡിൽ ഉണ്ടായ സംഭവങ്ങൾ മനസ്സിലൂടെ മിന്നി മായവേ.. അവരെ തന്നെ ഒരു നിമിഷം നോക്കി നിന്നു ശിവാനി. ആ നിമിഷം തന്നെ വിഷ്ണുവിന്റെ മിഴികൾ അവളുമായി കൊരുത്തിരുന്നു. പരസ്പരം നോക്കി നിൽക്കവേ അറിയാതെ അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു. ആ ചിരിയാകട്ടെ വിഷ്ണുവിന്റെ സിരകളിൽ വീണ്ടും പതിന്മടങ്ങ് ഊർജമായി. മേളം ഉച്ചസ്ഥായിയിൽ നിൽക്കെ അപ്പന്റെ കയ്യും പിടിച്ചു വീണ്ടും ആടി തിമിർത്തു ശിവാനി…. ഒരുവിൽ കാലാശ കൊട്ട് ഗംഭീരമായി കഴിയവേ ആസ്വാദകരുടെ തന്നെ വോട്ടുകളുടെ മികവിൽ കലാദർശന ടീം വിജയികളായി പ്രഖ്യാപിക്കപ്പെട്ടു.
” പൊളിച്ചെടാ മക്കളേ……. ”
വിജയാഘോഷത്തിൽ ടീം ആടി തിമിർക്കവേ വിഷ്ണു തിരഞ്ഞത് ശിവാനിയെയായിരുന്നു
” ന്തൂട്ടാടാ.. വിഷ്ണു നീ ഈ ചികയണെ.. മ്മള് ജയിച്ചെടാ ഗഡി… ഇങ്ങട് വന്നേ നിയ്യ് “.
അപ്പു കയ്യേൽ പിടിച്ചു ബലമായി വലിച്ചു കൊണ്ട് ആഘോഷങ്ങൾക്കിടയിലേക്ക് ഓടുമ്പോഴും അവന്റെ മിഴികൾ അവളെ തന്നെ പരതി കൊണ്ടിരുന്നു
——————————————————
തിരികെ നടന്നു കാറിനരികിൽ എത്തിയിട്ടും സുധാകരന്റെ ആവേശം ഒടുങ്ങിയില്ല
” ന്റെ ശിവാ.. പൊളിച്ചൂട്ടാ സംഗതി…. ഈ അടുത്തെങ്ങും ഇതു മാതിരി ഒരു പൂരത്തിനു അപ്പൻ കൂടീട്ടില്ലാ.. ന്റെ ഡാൻസ് കണ്ടാ നിയ്യ് … ദിങ്ങനെ… ദിങ്ങനെ ….. ”
ആനന്ദത്താലയാൾ കുറച്ചു മുന്നേ പറമ്പിൽ കളിച്ച ഡാൻസിന്റെ സ്റ്റെപ്പുകൾ ആവർത്തിക്കവെ.. ശിവാനിയുടെ മനസ്സിൽ അപ്പോൾ വിഷ്ണുവിന്റെ മുഖമായിരുന്നു.. മേളത്തിനിടയ്ക്കെപ്പോഴൊക്കെയോ അവന്റെ നോട്ടം തന്നിൽ മാത്രം കേന്ദ്രീകരിച്ചിരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. ഇതുവരെ ആരിലും കാണാത്ത എന്തോ ഒരു പ്രത്യേകത ആ കണ്ണുകളിൽ ശിവാനി കണ്ടു.
മേളം അവളുടെ ജീവനായതു കൊണ്ട് തന്നെ വല്ലാത്തൊരാരാധനയും അവനോട് മനസ്സിൽ തോന്നി തുടങ്ങിയിരുന്നു എന്നതാണ് സത്യം.
” ന്റെ അപ്പാ.. ആ കലാദർശനയില് മുന്നില് നിന്ന് കൊട്ടിയ രണ്ട് ഏട്ടായി മാരെ അപ്പൻ ശ്രദ്ധിച്ചാ… മ്മടെ വണ്ടീടെ മുന്നില് വട്ടം ചാടിയ ഗെഡികളേ അത്… ”
” ആണോ… നിക്ക് അറീല ട്ടാ മോളെ. ഞാൻ നേരെ കണ്ടില്ലാ ല്ലോ .. നീയ്യല്ലേ അവരെ ചീത്ത പറഞ്ഞേ…. ”
” ആണ് അപ്പാ…. അവര് തന്ന്യാ ഗെഡികൾ.. മ്മക്ക് അവരെ കണ്ട് ഒരു കൺഗ്രാറ്റ്‌സ് അങ്ങടാ പറഞ്ഞാലാ… പ്പോ അല്ലേ സംഗതി കളറാകുള്ളു ”
” അത് വേണോ ശിവാ…. അവര് ആരാ ന്ന് മ്മക്ക് അറില്ലാലോ…. ”
സുധാകരൻ ഒരു നിമിഷം നെറ്റി ചുളിക്കവേ അയാൾക്ക് മുന്നിലേക്ക് കയറി അവള്
” ന്റെ അപ്പാ… ങ്ങള് വല്യ സാർ ആകല്ലേ ട്ടാ… ആരാന്ന് കൂടി അറിയാഞ്ഞിട്ടും അവരുടെ മേളത്തിന് മുന്നില് മതി മറന്ന് ആടിയതല്ലേ മ്മള് പ്പോ…. നല്ല കലാകാരന്മാരല്ലേ പ്പാ അവര്.. നിക്ക് ന്തൂട്ടോ മനസ്സിന് ഒരു വൈക്ലഭ്യം… ഒരു താങ്ക്സും ഒരു സോറീം കൂടങ്ങടാ കാച്ചിയാ സംഗതി കളറാകും അപ്പനൊന്നു വന്നേ മ്മക്ക് ആ ഗെഡികളെ ഒന്ന് കണ്ടിട്ടാ വരാം…. ”
“ആ… ന്നാ വാ… കണ്ടൊരു മുത്തം കൂടി കൊടുത്ത് വരാം.. അവറ്റോള് അമ്മാതിരി പെരുക്കല്ലേ പെരുക്കിയെ…. ”
ശിവാനിയുടെ അഭിപ്രായത്തെ ശരി വച്ചു കൊണ്ട് സുധാകരൻ നിന്ന നിൽപ്പിൽ തിരിഞ്ഞു നടക്കവേ പിന്നാലെ പാഞ്ഞു അവളും …
—————————————————–
“ടാ അപ്പുവേ… ന്നാലും ഏതാ ടാ ആ ക്ടാവ്… ഈ തൃശ്ശൂരിൽ മ്മളറിയാത്തതായി.. ”
വിഷ്ണുവിന്റെ മനസ്സ് അപ്പോഴും ശിവാനിയിൽ തന്നെ ഉടക്കി നിന്നിരുന്നു
” ന്റെ ഗഡി നീ അത് വിട്ടില്ലേ… ഓള് തൃശ്ശൂർ കാരി തന്നെ ആണെന്ന് ന്തൂട്ടാ ഇത്ര ഉറപ്പ്…. പൂരം കാണാൻ പുറത്തൂന്നും ആൾക്കാർ വരണുണ്ടല്ലോ ന്നാലും ഓള് പുലിക്കുട്ടിയാ ട്ടാ.. ”
അപ്പുവിന്റെ മറുപടി അവനെ തെല്ലൊന്ന് നിരാശനാക്കി
“ന്നാലും കൊള്ളാ ട്ടാ… മ്മക്കൊക്കെ പറ്റിയ നേച്ചറാ…. ഇന്നത്തോസം ഓളത്രേം മേളം ആസ്വദിച്ച വേറൊരാളുണ്ടാകില്ല ”
മറുപടി പറഞ്ഞു കൊണ്ട് തിരിഞ്ഞ വിഷ്ണു കണ്മുന്നിൽ ആദ്യം കാണുന്നത് ശിവാനിയെ തന്നെയാണ്. ഒരു നിമിഷം ഒന്ന് പതറി പോയി അവൻ..
” ടാ… ടാ… ഇങ്ങടാ നോക്ക്യേ ”
പിന്നിൽ നിന്ന അപ്പുവിനെ കയ്യെത്തിച്ചു വിളിക്കുമ്പോഴേക്കും ശിവാനിയും സുധാകരനും അവരുടെ അരികിൽ എത്തിയിരുന്നു. ചെണ്ട വൃത്തിയായി തുടച്ചു വച്ചു തിരിഞ്ഞ അപ്പുവും ഒരു നിമിഷം അമ്പരന്നു
” ഇതാരാ പ്പാ… ഇങ്ങടെ കാര്യം പ്പോ പറഞ്ഞു നാക്ക് വായിലേക്കിട്ടതെ ഉള്ളു ട്ടാ… അപ്പോഴേക്കും ആള് ദേ മുന്നില്”
അപ്പുവിന്റെ സംസാരം അബദ്ധമായി എന്ന് മനസ്സിലാക്കി
വിഷ്ണു നിന്നു പരുങ്ങവേ ശിവാനിയുടെ നെറ്റി ചുളിഞ്ഞു…
” അതെന്താ… പ്പോ ഞങ്ങളെ പറ്റി പറഞ്ഞേ ”
പറ്റിയ അബദ്ധം അപ്പോഴാണ് അപ്പുവും തിരിച്ചറിഞ്ഞത്
” അ.. അത്…. നിയ്യ് ഡാൻസ് കളിച്ചത്….. ആ അതന്ന്യാ…. നിയ്യ് ഡാൻസ് കളിച്ച കാര്യാ ഇപ്പോ ഞങ്ങള് പറഞ്ഞേ…. ഈ പൂരം നിന്നെ പോലെ ആസ്വദിച്ച വേറെ ആളുണ്ടാവില്ല്യാ…..ഇന്ന് ”
ഒരു വിധം പറ്റിയ അമളിയിൽ നിന്നുമവൻ കരകയറവെ തലകുമ്പിട്ടു നിന്നു ചിരിച്ചു പോയി വിഷ്ണു… ആ ചിരിയാകട്ടെ ശിവാനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
” നിങ്ങള് പൊളിച്ചു ട്ടാ… ആ മേളാ ങ്ങട് കേൾക്കെ കോരി തരിച്ചു പോയി … ”
സുധാകരന്റെ ആവേശം കെട്ടടങ്ങിയിട്ടില്ലായിരുന്നു
“താങ്ക്സ് ണ്ട് ട്ടാ ചേട്ടായിയെ … മ്മള് മുന്നെ ഒന്ന് പരിചയപ്പെട്ടിരുന്നു റോഡുമ്മേല് ഓർമ്മേണ്ടാ…. ”
ചോദിച്ചത് സുധാകരനായിരുന്നുവെങ്കിലും വിഷ്ണുവിന്റെ നോട്ടം ശിവാനിയുടെ മുഖത്തേക്കായിരുന്നു.ആ ചോദ്യത്തിന് മുന്നില് അവൾ ഒന്ന് പരുങ്ങുന്നത് കാൺകെ വീണ്ടും ചിരിച്ചു പോയി അവൻ
” ന്റെ ഏട്ടായിമാരെ സോറി ട്ടാ.. റോഡുമേല് അമ്മാതിരി കസറത്താ കാണിച്ചാ ആരായാലും ചീത്ത പറഞ്ഞു പോവില്ല്യേ…. പക്ഷേങ്കില് നിങ്ങള് കലാകാരന്മാരാ…. മേളക്കാരെയും മേളത്തെയും നിക്ക് ജീവനാ.. ന്നോട് ക്ഷമിക്കണം നിങ്ങൾ.. പരിപാടി ജോറായിട്ടാ.. ”
” അത് പൊളിച്ചു ട്ടാ…. അതിഷ്ടായി.. ആ ക്ഷമാപണം… തെറ്റ് മ്മടെ ഭാഗത്തല്ലേ…. വണ്ടി ന്റെ കയ്യിമ്മേന്നൊന്ന് പാളിയതാ.ഇങ്ങള് ബ്രെക്കിട്ടില്ലാരുന്നേല് മ്മള് റോഡുമേല് പടായേനെ ”
അപ്പുവിന്റെ ഫലിതം നിറഞ്ഞ മറുപടി സുധാകരനും രസിച്ചിരുന്നു.
” ആ അതൊക്കെ കഴിഞ്ഞെടാ ഗെഡികളെ… ന്തായാലും ഇങ്ങടെ മേളം ഉഷാറായി…. അപ്പോ മോൾക്ക് ഒരേ നിർബന്ധം ഒരു താങ്ക്‌സാ ങ്ങട് നേരിട്ട് പറയണം ന്ന്… അങ്ങിനെ വന്നതാ. ന്നാ മ്മള് അങ്ങട് തെറിക്കട്ടാ….. ”
യാത്ര പറഞ്ഞു തിരിയുമ്പോൾ ശിവാനി ഒരിക്കൽ കൂടി വിഷ്ണുവിനെ ഒന്ന് നോക്കി… ആരാധനയ്ക്കുമപ്പുറം മറ്റെന്തോ ഒരിഷ്ടവും കൂടി ആ കണ്ണുകളിൽ അപ്പോൾ അവന് കാണുവാൻ കഴിഞ്ഞു. അവർ രണ്ടാളും നടന്നകലുമ്പോൾ അവളെ തന്നെ നോക്കി നിന്നു വിഷ്ണു..
” അതേ…. സത്യത്തിലു മേളം കൊഴുക്കുമ്പോ മ്മക്കൊപ്പം തുള്ളീട്ട്… മേളാ ങ്ങട് കഴിയുമ്പോ ഒരു അഭിനന്ദനം പോലും പറയാറില്ല പലരും.. പക്ഷേങ്കില് നിങ്ങൾ ഇവിടം വരെ വന്നില്ലേ… ഒരുപാട് താങ്ക്സ് ണ്ട് ട്ടാ… ”
പിന്നാലെ അപ്പു വിളിച്ചു കൂവുമ്പോൾ പുഞ്ചിരിയോടെ അവനു നേരെ തിരിഞ്ഞെങ്കിലും ശിവാനിയുടെ നോട്ടം വിഷ്ണുവിലായിരുന്നു. തന്റെ സ്വപ്നങ്ങളിൾക്ക് നിറം പകരാൻ എത്താറുള്ള ആ മേളക്കാരനെ അവനിൽ കണ്ട് അവൾ……
അവരു കണ്ണിൽ നിന്നു മറയും വരെ നോക്കി തന്നെ നിന്നു വിഷ്ണു…..
” ടാ വതൂരി…. നിയ്യ് വരണില്ലെ പോവാൻ ”
അപ്പു വന്നു തട്ടി വിളിക്കുമ്പോഴാണ് വിഷ്ണു നോട്ടം പിൻവലിച്ചത്.
” ന്റെ അപ്പു… അവള് ന്റെ മനസ്സില് കേറിയോ ന്ന് ഒരു സംശയാ ണ്ട് ട്ടാ…. ന്റെ ചങ്കില് ഇപ്പോഴും തുടിക്കുവാ അവളുടെ ആ നോട്ടം… ഞാനാ കെട്ടിയാലോടാ അവളെ…. ”
“ന്തൂട്ടാടാ ചെക്കാ.. പ്രേമപ്പനി പിടിച്ചാ നിനക്കും…. കട്ട സപ്പോർട്ട് വേണേ തരാ ട്ടാ….. മ്മക്ക് ഓളെ പൊക്കാം”
ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അപ്പു മുഖത്തേക്ക് തുറിച്ചു നോക്കവേ ഒന്ന് പുഞ്ചിരിച്ചു വിഷ്ണു. പിന്നിലേക്ക് കയറുമ്പോൾ അവന്റെ ഉള്ളിൽ പ്രതീക്ഷയുടെ നാമ്പുകൾ മൊട്ടിട്ട് തുടങ്ങിയിരുന്നു
” നാളെ എങ്ങിനേലും ഓൾടെ വീട് കണ്ടെത്തണം… സംസാരാ കേട്ടപ്പോ ഒരു കാര്യം ഉറപ്പായി മ്മടെ തൃശൂർ ക്ടാവ് തന്നാ… ബാക്കിയൊക്കെ ഇനി ന്റെ വടക്കും നാഥൻ കാണിച്ചരും”
“ഉവ്വുവ്വേ…….”
ഒരു കുസൃതി ചിരിയോടെ…
അപ്പു ആക്‌സിലേറ്ററിൽ പതിയെ കൈ അമർത്തി….
അങ്ങിനെ ഒരുപാട് പ്രതീക്ഷകൾ ബാക്കി നിർത്തി ആ ദിവസവും പതിയെ അവസാനിച്ചു….
( തുടരും… )
മേളക്കാരനെ പ്രണയിച്ച കാന്താരിപ്പെണ്ണ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission