Skip to content

ശ്രീബാല – 7

ശ്രീബാല

“രണ്ടും കൂടി ഈ അഴിഞ്ഞാട്ടം തുടങ്ങിയിട്ട് കുറെ നാളായി… എപ്പോഴും നോക്കിക്കൊണ്ട് നില്ക്കാൻ പറ്റില്ലല്ലോ ഞങ്ങൾക്ക്….

തമ്പുരാട്ടിയും പുറത്തേക്ക് ഇറങ്ങിയാട്ടേ….”

ഈശ്വരാ….

ഹൃദയം പെരുമ്പറ കൊട്ടുന്നത് ഉച്ചി വരെയും കേൾക്കാം….

എന്റെ കണ്ണുകളും കൂമ്പിയടഞ്ഞ് മുത്തുകൾ പൊഴിക്കാൻ തയ്യാറെടുത്തു…

പുറത്തിറങ്ങണോ….

വിജയ് വേണ്ടാന്നു തലയാട്ടി…

“എന്താ ചേട്ടാ…. എന്താ കാര്യം…”

“അവനു കാര്യം മനസിലായില്ലാന്ന്… ഏത്… ഈ കൂടി നിൽക്കുന്ന നമ്മളൊക്കെ മണ്ടന്മാരാണെന്ന്…”

താടിക്കാരൻ വിജയോട് കയർക്കുന്നുണ്ട്…

“നിങ്ങൾക്കെന്താ വേണ്ടത്…?”

ഉടനെ വല്യച്ഛൻ കാർ ചുറ്റി, ഞാൻ ഇരുന്ന ഡോറിനടുത്തെത്തി… എന്തിനുള്ള പുറപ്പാടാണോ…

പറഞ്ഞു വച്ചെന്ന പോലെ താടിക്കാരന്റെ കണ്ണ് എന്നിലേക്കു പതിഞ്ഞു…

“കെട്ടിലമ്മ ഇറങ്ങിയില്ലേ പുറത്ത്….”

കണ്ണുകൾ ഞാൻ അമർത്തിയടച്ചു… കരയരുത്….

വല്യച്ഛൻ എന്റെ ഡോർ തുറക്കാൻ ശ്രമിച്ചു…

ലോക്ക് ഉള്ളതു കൊണ്ട് തുറക്കാനാകുന്നില്ല…

“ഛീ…. ഇറങ്ങെടി പുറത്തേക്ക്‌….”

താടിക്കാരന്റെ ഒച്ച ഇടിമുഴക്കം പോലെ വീണു…

വിജയുടെ കണ്ണുകൾ എന്നിൽ തന്നെയുണ്ട്…. ഇറങ്ങണോ…

വേണ്ടാ എന്നർത്ഥത്തിൽ വിജയ് ഒന്നുകൂടി തല ചലിപ്പിച്ചു…

കൂടി നിന്നവർ കാറിനുള്ളിലെ നികൃഷ്ഠ ജീവിയെ നോക്കി രസിക്കുന്നുണ്ട്….

ഠപ്പേ….!

പെട്ടെന്നായിരുന്നു താടിക്കാരൻ വിജയുടെ കോളറിൽ കയറി പിടിച്ചതും, ഞൊടിയിടയിൽ വിജയ് അയാളുടെ മുഖത്തു ആഞ്ഞു പൊട്ടിച്ചതും….!!

“അടിക്കെടാ ഇവനെ….! അവളെയും വലിച്ചു പുറത്തിട്….!”

അടികൊണ്ട് പിന്നോട്ടേക്ക് തെറിച്ചു മാറിയ താടിക്കാരന്റെ കാറൽ…. അത് കേട്ട് മുന്നോട്ട് വന്നവർ, വീണ്ടും ഒരു അങ്കത്തിന് തയ്യാറെന്ന ഭാവെ നിൽക്കുന്ന വിജയുടെ കൈകളെ തടുക്കാൻ ശ്രമിക്കുന്നുണ്ട്…

ഇവർ എന്തൊക്കെയാ കാണിക്കുന്നേ….

വിജയ്…. എനിക്ക് വേണ്ടി ഒറ്റയ്ക്ക്…. എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി….

പുറത്തിറങ്ങിയേ പറ്റൂ…

വിജയ് അപ്പോഴും എന്നെ നോക്കി അരുതെന്ന് കാണിക്കുന്നുണ്ട്…

ഞാൻ എങ്ങനെയാ ഇതൊക്കെ നോക്കി നിൽക്ക വിജയ്….

ലോക്ക് എടുത്ത് ഞാൻ പുറത്തിറങ്ങി…

അപ്പോഴേക്കും കാണികളുടെ ബന്ധനം ഭേദിച്ചു വിജയ് എന്റെ അടുക്കൽ ഓടി എത്തിയിരുന്നു…

“ശ്രീ… താൻ എന്തിനാ…”

എനിക്ക് കഴിയുന്നില്ല വിജയ്… നിറഞ്ഞ മിഴികൾ സംസാരിക്കാൻ മറന്നില്ല…..

“കുടുംബത്തിലൊന്ന് പിഴച്ചെന്ന് കരുതി ബാക്കിയുള്ളോർക്കും പുറത്തിറങ്ങി നടക്കണ്ടേ…”

ഛെ… വല്യച്ഛൻ ഇങ്ങനെയൊക്കെ…

“അപ്പോൾ പരമേട്ടാ… എങ്ങനെയാ കാര്യങ്ങൾ… ഇത് നമ്മുടെ നാട്ടിൽ വച്ച് പൊറുപ്പിക്കാൻ പറ്റില്ല…”

താടിക്കാരൻ എന്തൊക്കെയോ തീരുമാനമെടുക്കുന്നുണ്ട്…

“നിങ്ങൾക്കൊന്നും നാട്ടിൽ വേറെ ഒരു പണിയുമില്ലേ… ഒരു കാറിൽ ഒരുമിച്ചിരുന്നാൽ അനാശാസ്യം ആണോ…”

വിജയുടെ വാദം ആരും ചെവിക്കൊണ്ടില്ല…

വല്യച്ഛൻ എന്തോ പറയാൻ മുന്നോട്ടാഞ്ഞതും, വിജയ് എന്റെയും വല്യച്ചന്റെയും ഇടയിൽ സ്ഥാനം പിടിച്ചു…

“ഹും… അമ്മയും മോളും പണ്ടേ പിഴയാ…

എല്ലാർക്കും അറിയാവുന്നതാണല്ലോ…”

“ഇങ്ങനെയാണെങ്കിൽ കാര്യങ്ങൾ മുന്നോട്ട് പോകില്ല…

കുട്ടി നിങ്ങളുടെ വീട്ടിലെയാണ്… അപ്പോൾ തീരുമാനം എടുക്കേണ്ടതും നിങ്ങളാണ്…

ഈ രീതിയ്ക്ക് എന്തായാലും കൊണ്ട് പോകാൻ പറ്റില്ല…”

“കാര്യം ശരി തന്നെ…

എന്റെ മോന് വേണ്ടി പറഞ്ഞു വച്ചതാ ഈ അശ്രീകരത്തെ… പക്ഷെ പിഴച്ചു പോയാൽ പോയില്ലേ…”

വല്യച്ഛന്റെ വാക്കുകൾ എന്റെ കണ്ണിലെ അണ പൊട്ടിച്ചു…

“എന്റെ മോൻ ഗോകുൽ തയ്യാറാണോന്ന് അറിയണം… അല്ലാതെ വേറെ വഴിയില്ലല്ലോ…”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ…

നിങ്ങളുടെ മോൻ അല്ലല്ലോ… ഈ കൊച്ചൻറെ കൂടെയല്ലേ ഇവൾ അഴിഞ്ഞാടി നടന്നത്…

അതിന് നിങ്ങളുടെ ചെക്കനെ ബലിയാടാക്കുന്നത് എന്തിനാ… ഇവൻ തന്നെ കേട്ടട്ടേ ഇവളെ…..!”

കൂട്ടത്തിൽ ആരോ പറഞ്ഞു…

“എന്നു പറഞ്ഞാൽ ഞങ്ങൾക്ക് ജാതിയൊന്നും നോക്കണ്ടേ…”

കൂട്ടം തനിക്ക് നേർക്ക് തിരിഞ്ഞെന്ന് വല്യച്ചനു മനസിലായി…

“എന്ത് തീരുമാനം ആയാലും അത് തറവാട്ടിൽ ചെന്നിട്ടാകാം…..

നടത്തിക്ക് രണ്ടിനേം…”

തറവാട്ടിൽ വച്ച് ആകുമ്പോൾ വല്യച്ഛന്റെ തീരുമാനം തന്നെ വിജയിക്കും…. ആര് എതിർക്കാനാ….

വല്യച്ഛന്റെ ചൊൽപ്പടിക്ക് ഞങ്ങൾ തറവാട് വീട്ടിലേക്ക് ആനയിക്കപ്പെട്ടു…..

അങ്ങനെ ഇന്നത്തോടെ എന്റെ വിധിയും എഴുതപ്പെടും….

ഒന്നും മിണ്ടാനാകെ, മുഖമുയർത്തി അന്യോന്യം നോക്കാനാകാതെ, ഞാനും വിജയും ഒപ്പത്തിനൊപ്പം നടന്നു…

ആരെങ്കിലും പറഞ്ഞ് അറിയിച്ചിട്ടുണ്ടാകും… വേണ്ടപ്പെട്ടവർ ഒക്കെ തറവാട്ടിൽ ഒത്തു കൂടിയിട്ടുണ്ട്… അമ്മ, വല്യമ്മ, ഗോകുൽ… അമ്മാവന്മാർ… പിന്നെ നിർമല ആന്റിയും അങ്കിളും…

വാർത്തയപ്പോൾ കാട്ടുതീ പോലെ പടർന്നിട്ടുണ്ട്….

“ദേണ്ടെ നിൽക്കുന്നു… അമ്മ… അതു പോലല്ലേ സന്തതിയും…”

വല്യമ്മ തന്നെ വിചാരണയ്ക്ക് തുടക്കമിട്ടു…

“ഉമയുടെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടിയാ ഇത്…”

കൊച്ചച്ഛനും പങ്കുചേർന്നു…

“അന്ന് ഞങ്ങൾ ഗോകുലിനു വേണ്ടി ആലോചിക്കാൻ വന്നപ്പോൾ എന്തായിരുന്നു കസർത്ത്…

ഇപ്പോൾ കണ്ടോ… ഇവളെ കെട്ടാൻ എൻറെ മോന്റെ കാലു പിടിക്കേണ്ട ഗതി വന്നില്ലേ…”

എന്റെ ഇടതു വശത്തായി വിജയ് നിൽപ്പുണ്ട്… ഒരു കേൾവിക്കാരനായി…

വിജയുടെ മൗനം എന്റെ ഹൃദയത്തെ ആഴത്തിൽ കൊത്തി നുറുക്കുന്ന പോലെ…

ഞങ്ങൾ തമ്മിൽ എന്തായിരുന്നു… ഇഷ്ടമായിരുന്നോ … അറിയില്ല…

അയാളുടെ സാമീപ്യം ഞാൻ ഇഷ്ടപ്പെട്ടിരുന്നു… അതിൽക്കൂടുതൽ… അറിയില്ല…

വിജയ്‌ക്കോ… അതും അറിയില്ല…

“എന്നെ പറ്റിയും എന്റെ മോളെ പറ്റിയും നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോ…

പക്ഷേ അവളെ ഗോകുലിന് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല…”

പാവം അമ്മ…. വിങ്ങിപ്പൊട്ടുകയാണ്… എല്ലാം ഞാൻ കാരണം….

വാതിൽ ഉച്ചത്തിൽ തുറന്നടിച്ച്‌ ആരോ പുറത്തേക്ക് വന്നു… അമ്മയുടെ മൂത്ത ആങ്ങള…! ശിവപ്പ…!

“നിന്റെ സമ്മതം ഇവിടെ ആർക്കും ആവശ്യമില്ല…

എന്ത് വില കൊടുത്തിട്ടായാലും ഈ കുടുംബത്തിനുണ്ടായ ചീത്ത പേര്…. അത് തീർത്തേ പറ്റൂ….

അത് ഇനി ഗോകുൽ അവളെ സംബന്ധം ചെയ്തിട്ടാണെങ്കിൽ അങ്ങനെ…!!”

അമ്മയൊന്ന് പരുങ്ങുന്നുണ്ടോ…

“പിഴച്ചതിനെയൊക്കെ വേറെ ആര് കെട്ടാനാ…

കേട്ടാച്ചരക്കായി നിൽക്കുകേ ഉള്ളു…

സാമർഥ്യം ഉണ്ടല്ലോ… അമ്മയ്ക്കും മോൾക്കും ഇതൊരു തൊഴിലായി സ്വീകരിക്കാം…”

“അതൊക്കെ ഈ പടിക്ക് പുറത്ത്….

മാനക്കേട് മാറ്റാൻ ഗോകുൽ അവളെ കെട്ടാൻ തയ്യാറാണെങ്കിൽ അത് തന്നെ നടക്കട്ടെ….

അതാണ് തീർപ്പ്…..!!”

എല്ലാം കഴിഞ്ഞു…

ഇപ്പോൾ മനസ്സിലാകുന്നുണ്ട്, എന്റെ അമ്മയുടെ ജീവിതം ഇവർ എങ്ങനെയാ നശിപ്പിച്ചതെന്ന്… ഒടുവിൽ ഞാനും ആ വഴിക്ക്….

ഇല്ല… എനിക്ക് കഴിയില്ല….

“ഇല്ല… ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ഇത് നടക്കില്ല….

എന്റെ കുഞ്ഞിന് അവനൊരു സഹോദരനാണ്… ഈ ബന്ധത്തിന് ഞാൻ കൂട്ടുനിൽക്കില്ല…!!”

പറയുമ്പോൾ എന്റെ അമ്മയുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്…

“എന്റെ വിവാഹം തീരുമാനിക്കേണ്ടത് ഞാനാണ്…. ഞാൻ ഇതിന് സമ്മതിക്കില്ല….!!”

തുറിച്ചു നിന്ന എല്ലാ കണ്ണുകളും തീക്കനൽ പടർത്തിക്കൊണ്ട് എന്നിലേക്ക് തിരിഞ്ഞു…. ഒരു പെണ്ണ് തുറന്നടിക്കുന്നത് അംഗീകരിക്കാനാകാത്ത നോട്ടം…

“നിർത്തെടീ നിന്റെ അധികപ്രസംഗം….

ഇനി മിണ്ടിയാൽ ആ നാവ് അരിയും ഞാൻ….!!”

ശിവപ്പയുടെ വാക്കുകൾ എന്നെ മരവിപ്പിച്ച പോലെ….

പതിയെ ഒരു കൈ വിരൽ സ്പർശം ഞാനറിഞ്ഞു… വിജയ്… മെല്ലെ മുറുകിയ ആ പിടിയിൽ എന്റെ ഉള്ളം കൈ പൊള്ളുന്ന പോലെ…

എന്റെ മിഴിനീർ മുത്തുകൾ ശക്തിയാർജിച്ചു….

ഇനി ഇത് കൂടി ഇവർ കണ്ടാൽ….

കൈ മെല്ലെ ഞാൻ ഉള്ളിലേക്ക് വലിച്ചു…. പക്ഷേ ആ പിടി മുറുകുന്നതല്ലാതെ എന്നെ പോകാൻ അനുവദിച്ചില്ല….

അതിലും ശക്തിയിൽ, എന്നെയും ഒപ്പം വലിച്ചു കൊണ്ട്, വിജയ് നടക്കുന്നു…. എന്റെ അമ്മയുടെ അടുക്കലേക്ക്….!!

“ഞാൻ വിവാഹം കഴിച്ചോട്ടേ ശ്രീ യെ….? എനിക്ക് ആന്റിയുടെ സമ്മതം മാത്രം മതി….!!”

വിജയ് എന്തൊക്കെയാ പറയുന്നത്…. എന്നെ ഒരു ബാധ്യതയായി ഏറ്റെടുക്കുകയാണോ….

അപ്പോഴും ആ വിരലുകൾ അവയുടെ ബലം ഊട്ടിയുറപ്പിച്ചു….

“അതെ…!! എന്റെ മകൻ ഉണ്ടാക്കിയ നാണക്കേട് അവൻ തന്നെ ഇല്ലാതാക്കും….”

ചന്ദ്രൻ അങ്കിൾ മുന്നോട്ട് വന്നു….

“അതാണ് ശരി…. ബാല മോളെ ഞങ്ങൾ പൊന്നു പോലെ നോക്കും…. ഉമ സമ്മതിച്ചാൽ….”

നിർമല ആന്റി അത് പറഞ്ഞതും, അമ്മയും നിയന്ത്രണം വിട്ട് കരയാൻ തുടങ്ങി….

“എന്ന് പറഞ്ഞാലെങ്ങനെയാ… ജാതിയും ചിട്ടവട്ടങ്ങളും നോക്കാതെ….!!”

വല്യച്ഛൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല….

“നിങ്ങളുടെ മകന്റെ കാര്യത്തിൽ നിങ്ങൾ നോക്കിക്കോളൂ…. പാഴ് പോയ ജാതിയും ദ്രവിച്ച ചിട്ടവട്ടങ്ങളും…!

എനിക്കെൻറെ കുഞ്ഞിന്റെ ജീവിതമാ വലുത്….!!

വല്യേട്ടാ…. എന്നെ പോലെ അവളേയും നരകിപ്പിക്കല്ലേ….!!!”

നിർമല ആന്റിയെ കെട്ടിപ്പിടിച്ചു കരയുകയാണ് പാവം….

ശിവപ്പ മൗനം വെടിഞ്ഞു….

“എന്നാൽ അത് തന്നെ നടക്കട്ടെ…

ഇന്നേക്ക് പത്താം നാൾ വേളി….!

എല്ലാർക്കും പിരിഞ്ഞു പോകാം….”

ശിവപ്പയുടെ തീരുമാനത്തിൽ വല്യമ്മയും വല്യച്ഛനും ഒഴികെ മറ്റുള്ളവർ ശാന്തിയടഞ്ഞു….

വിജയുടെ കൈ എന്നിൽ തന്നെ മുറുകി നിൽക്കുന്നുണ്ട്…

ഇതിൻറെയൊക്കെ ആവശ്യമുണ്ടായിരുന്നോ വിജയ്… തലയുയർത്തി അയാളെ നോക്കാനുള്ള ധൈര്യം കൂടി ഇല്ലാതായി എനിക്ക്…..

“ശ്രീക്കുട്ടി…. വാ… മോളേ… പോകാം…”

മെല്ലെ…. എൻറെ വിരലുകളും സ്വാതന്ത്രമാക്കപ്പെട്ടു….

“പോകാൻ വരട്ടെ…. വിവാഹം കഴിയും വരെ ബാല തറവാട്ടിൽ നിന്നാൽ മതി….

കഴിഞ്ഞതൊന്നും ആരും മറന്നിട്ടില്ല….”

വല്യമ്മ അത് പറഞ്ഞു നിർത്തുമ്പോൾ എല്ലാ കണ്ണുകളും അമ്മയിലേക്ക് തിരിയുന്നുണ്ട്…

എതിർക്കാൻ ആരും ഇല്ല….

എന്നെ തറവാട്ടിലാക്കി എല്ലാരും പിരിഞ്ഞു പോയി….

* * *

അകത്തളത്തിൽ എന്നെയാരും അടച്ചിട്ടില്ല… എനിക്കിവിടെ എന്റെ മുറിയിലും അടുക്കളയിലും പറന്നു നടക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്…..

എല്ലാരും ഉണരും മുൻപ് ഉണരാം… അവസാനത്തെ കണ്ണും മയങ്ങിയ ശേഷം ഉറങ്ങാം…

വല്യമ്മയുടെ ഒപ്പം ഒരേ മുറിയിൽ കഴിഞ്ഞു കൂടാം…

അമ്മയോട് സംസാരിക്കുമ്പോൾ ഒരു കൂട്ടായി വല്യമ്മ….

ഫോൺ വല്യമ്മയുടെ പക്കൽ ആയതു കൊണ്ട് ആരെങ്കിലും വിളിച്ചു ബുദ്ധിമുട്ടിക്കുമെന്ന പേടിയും വേണ്ട…

ഉം… ഒരിക്കൽ ഫോൺ തന്നിരുന്നു…

ഞാൻ ജോലി ഉപേക്ഷിച്ചെന്ന വാർത്ത രവിയെ എങ്കിലും അറിയിക്കണമല്ലോ… അതിന് വേണ്ടി കാല് പിടിച്ചപ്പോൾ….

ട്രെയിനിങ് പിരീഡ് ആയത് കൊണ്ട് നോട്ടീസ് പിരീഡും ഇല്ല…

പഠിച്ചു നേടിയെടുത്ത ജോലി… അതും പോയി…

അല്ലെങ്കിലും കുട്ടികളെ പോറ്റി കഴിയാൻ പോകുന്നവൾക്ക് എന്തിനാ ജോലി… എൻറെ വല്യമ്മ പറഞ്ഞതാണ്…

ഒരു മാസത്തെ ശമ്പളം മാത്രം ബാക്കിയായി…

ഇപ്പോഴാണ് ഓർത്തത്… ശമ്പളം എടുത്ത് അമ്മയെ ഏൽപ്പിക്കണമെന്ന് കരുതിയതാ… മറന്നു…

അടുക്കളപ്പുറത്ത് അമ്മയുണ്ട്… എന്തോ ഭാഗ്യം… വല്യമ്മയെ കാണുന്നില്ല…

“അമ്മേ…. എനിക്ക് എൻറെ ശമ്പളം കിട്ടിയിരുന്നു…

ആ സന്തോഷത്തിൽ ഞങ്ങൾ ഷോപ്പിംഗ് കഴിഞ്ഞു വരുമ്പോഴാ…. അന്ന്…

ബാക്കി കാശ്… അത് പോലെ അമ്മയെ ഏൽപ്പിക്കണം എന്ന് നിരീച്ചതാ… ഇനിയിപ്പോൾ കാശ് ആയിട്ട് എടുക്കാൻ പറ്റില്ലല്ലോ…

ഈ എടിഎം കാർഡ് അമ്മ വയ്‌ച്ചോളൂ…”

കാർഡ് ഞാൻ അമ്മയ്ക്ക് മുന്നിൽ നീട്ടി…. വിവാഹത്തിന് മുമ്പ് അമ്മയ്ക്ക് കൊടുക്കാൻ ഇപ്പോൾ ഇത് മാത്രമേ ഉള്ളൂ…

“ശ്രീക്കുട്ടി… മോളെ എല്ലാരും കൂടി സങ്കടപ്പെടുത്തുന്നുണ്ടെന്ന് അമ്മയ്ക്ക് അറിയാം….

എൻറെ മോള് വിഷമിക്കണ്ട… ഇതൊക്കെ മാറും…

പിന്നെ ഈ കാർഡ്… അത് ആരും കാണാതെ എൻറെ കുട്ടി തന്നെ കയ്യിൽ വച്ചോളൂ…”

“അമ്മേ… കല്യാണ ചിലവിന്…”

“അതൊക്കെ അമ്മ നോക്കിക്കോളാം….”

“എന്താ അവിടെ…. അമ്മയും മോളും കൂടി….”

വല്യമ്മ…. ഞങ്ങൾ സംസാരിച്ചത് കേട്ടിട്ടില്ല… കേട്ടെങ്കിൽ കാർഡ് പിടിച്ചു വാങ്ങിയേനേ… ചെവി കിഴുക്കാനും മറന്നിട്ടുണ്ടാവില്ല…

മൂന്ന് നാൾ കൂടി കഴിഞ്ഞാൽ എൻറെ വിവാഹം… ഞാൻ ആഗ്രഹിച്ചതാണോ ഇത്…

വിവാഹമോ… എനിക്കതിലൊന്നും നോ ഇന്ററസ്റ്റ് എന്ന് പറഞ്ഞ വിജയ്… എന്റെ വരാനാകാൻ പോകുന്നു…

“അവളെവിടെ… നിങ്ങളൊക്കെ കൂടി കൊന്നോ ആ പാവത്തെ….

താൻ എന്തൊക്കെ പറഞ്ഞാലും, അവളെ കാണാതെ ഞാൻ പോകില്ല…

തന്നോടല്ലേ മുൻപിൽ നിന്ന് മാറാൻ പറഞ്ഞത്…

പ്രായം കൂടി പോയി… തനിക്ക് തരാനുള്ളതാ അന്ന് അവനിട്ട് കൊടുത്തത്…

ഇനിയും തടയാൻ നിന്നാൽ പ്രായമൊക്കെ ഞാൻ മറക്കും…”

ഇതാരാ പുറത്ത് ഒച്ചപ്പാടുണ്ടാക്കുന്നെ…

“ശ്രീ… പുറത്തു വാ…”

എന്നെ ശ്രീയെന്ന് വിളിക്കുന്ന രണ്ടു പേരേ ഉള്ളൂ ഈ ഭൂമിയിൽ… അതിലൊരു ജന്മം എന്റൊപ്പം ഇവിടെ അടുപ്പിൻ ചുവട്ടിലാണ്…

അപ്പോൾ വന്നിരിക്കുന്നത്…

സത്യമാണോ….

ഞാൻ വിചാരിച്ചതിനേക്കാൾ വേഗത്തിൽ എന്റെ കാലുകൾ ഓടിയെത്തിയിരുന്നു…

വിജയും അകത്തേക്ക് കയറിയിരുന്നു…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കിട്ടാത്ത ശുദ്ധവായു എനിക്ക് ഒരുമിച്ച് കിട്ടിയ ഫീൽ…

“ടോ… താൻ…”

വിജയ് എന്നെ കണ്ട സമാധാനത്തിലാകണം, ദീർഘനിശ്വാസമെടുത്തു…

“നിനക്കെന്താ ഇവിടെ കാര്യം… കല്യാണത്തിന് മുൻപ് ഇതൊന്നും ഇവിടെ നടക്കില്ല….”

എന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് വല്യമ്മ ഉറപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു…

“തന്റെ ഫോണിനെന്ത് പറ്റി…”

വിജയ് വല്യമ്മ പറയുന്നത് കാര്യമാക്കുന്നില്ല…

“ഞാൻ എത്ര വട്ടം വിളിച്ചു… എത്ര മെസ്സേജ്… “

“നിന്നോടല്ലേ ഇവിടുന്ന് ഇറങ്ങി പോകാൻ പറഞ്ഞത്…”

“അല്ലെങ്കിലും ഞാൻ ഇവിടെ കിടക്കാൻ വന്നതല്ല…

ആന്റി…. തൽക്കാലത്തേക്ക് ഞാൻ ശ്രീ യെ കൊണ്ട് പോകുന്നു…”

അമ്മയുടെ മൗനം വിജയ് സമ്മതമായെടുത്തു….

വല്ലാത്തൊരു ധൈര്യം… വിജയുടെ പിറകെ വല്യമ്മയുടെ മുന്നിൽ കൂടി ഇങ്ങനെ നടന്നിറങ്ങുമ്പോൾ…

പടിക്കൽ വല്യച്ഛൻ നിൽപ്പുണ്ട്…

“താൻ കേറ്…”

സ്റ്റാർട്ട് ആക്കി നിർത്തിയ ബൈക്കിൽ സധൈര്യം ഞാൻ ഇരുന്നു…

അപ്പോഴും വഴി മുടക്കിയായി വല്യച്ഛനുണ്ട് മുൻപിൽ…

“വണ്ടി കയറി ചാകാനാണ് തന്റെ തീരുമാനമെങ്കിൽ അതിന് ഞാൻ തടസം നിൽക്കുന്നില്ല…”

ബുള്ളറ്റ് മുന്നിലേക്ക് കുതിച്ച കുതിപ്പിൽ, വഴിയിൽ നിന്നും ഓടിമാറുന്ന വല്യച്ചനെ കണ്ട ചിരിയടക്കാൻ ഞാൻ അല്പം പാടുപെട്ടു…

ബുള്ളറ്റിന്റെ ഗർജനം ഒരു വീടിലേക്ക് കടന്നതും നിന്നു…

“മടിച്ചു നിൽക്കാതെ അകത്തേക്ക് വാ ടോ…”

വിജയുടെ വീട്ടിലേക്കുള്ള പടികൾ ഞാൻ സന്തോഷത്തോടെ ചവിട്ടി കടന്നു…

ഒറ്റ നോട്ടത്തിൽ ഒരുപാട് ഐശ്വര്യം തുളുമ്പി നിൽക്കുന്ന വീട്… മുറ്റത്ത് ആരോ പരിപാലിച്ചു പോന്ന ചെടികൾ… ആന്റിയാകണം… ഇരു വശങ്ങളിലും നിൽക്കുന്ന ഫലവൃക്ഷങ്ങളുടെ തണൽ, പുറത്തെ ചൂട് അറിയിക്കുന്നതേ ഇല്ല…. ഒരു തണുത്ത അന്തരീക്ഷം….

മൊത്തത്തിൽ ഉള്ളൊരു മൂകത ഒഴിച്ചാൽ ആർക്കും ഇഷ്ടപെടുന്ന ഒരു സ്വീറ്റ് ഹോം…

“ഇവിടെ ആരുമില്ലേ വിജയ്…”

“ദയയ്ക്ക് ഒരു ചെക്കപ്പ്… അതിനു വേണ്ടി പോയേക്കുവാ…

കുറച്ചു കഴിയുമ്പോൾ എത്തും…”

“ആരാ… ദയ…”

“എന്റെ ചേച്ചി… അവളെയും തനിക്ക് ഓർമയില്ലേ….

അവൾ പ്രഗ്നന്റാ…”

“എനിക്ക് മൂന്ന് വയസുള്ളപ്പോൾ അച്ഛൻ പോയതാ… ഞാൻ പിന്നെ എങ്ങനെ ഓർക്കാനാ….”

“വാ… ഞാൻ വീട് മുഴുവൻ കാണിച്ചു തരാം…”

ഒരു ടൂർ ഗൈഡ് എന്ന പോലെ വിജയ് വീട് മുഴുവൻ ചുറ്റി കാട്ടി…

അച്ഛനും അമ്മയ്ക്കും ഉള്ള മുറിയോട് ചേർന്നാണ് ദയേച്ചിയുടെയും അളിയന്റേയും മുറി… നടുവിൽ വലിയ ഹാൾ… അവിടെ നിന്നുള്ള വാതിലുകൾ വിജയുടെ മുറിയിലേക്കും അടുക്കളയിലേക്കും…

“താൻ വല്ലതും കഴിച്ചായിരുന്നോ…”

“ഉവ്വ്…”

ഞാൻ ശരിയ്ക്കും വിജയുടെ കൂടെയാണോ…. തറവാട്ടിൽ നിന്നും വിജയുടെ വീട്ടിലേക്ക്….

വിശ്വസിക്കാനാകുന്നില്ല….

അതോ… എല്ലാം എന്റെ തോന്നലാണോ….

“എന്താ… മാഡത്തിന് പതിവില്ലാത്ത ഒരു മൗനം….”

“എനിക്ക്…. ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല…. വിജയ്….”

“വിശ്വസിക്കേടോ…. താനിപ്പോൾ വിജയുടെ കൂടെയാ….”

വിജയുടെ വർത്തമാനം കേട്ടിരിക്കാൻ തന്നെ രസമാണ്…

“എന്നെ കൂട്ടിക്കൊണ്ട് വന്നതിന് ആന്റി എന്തെങ്കിലും പറയോ…”

“അമ്മ തന്നെയാ തന്നെ കാണണമെന്ന് പറഞ്ഞത്…

ടോ… തനിക്ക് ലൗലോലിക്ക ഇഷ്ടമാണോ…”

ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം…

“നല്ല പഴുത്തത് ഇഷ്ടമാ…”

ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു…

വിജയ് എന്നെയും കൂട്ടി ടെറസിലെ ഗോവണി കയറി…

മുറ്റത്ത് ഒരു വശത്തായി നിന്ന നെല്ലിമരം, നിറയെ കായ്ച്ച് നിൽക്കുന്നത് ടെറസിൽ നിന്നാൽ നന്നായി കാണാം… കൈ എത്തുന്ന പാകത്തിൽ പറിച്ചുമെടുക്കാനും പറ്റും…..

കൊള്ളാലോ…

“താൻ വാ…”

ഇനിയെങ്ങോട്ട്…

അതും പറഞ്ഞ്, കൈവരിയിൽ നിന്നും വിജയ് താഴേക്ക് ചാടി… സൺ ഷേഡിലേക്ക്…

ഞാനും ചാടണോ…

“വീഴില്ല… ധൈര്യമായി ചാടിക്കോ…”

ഈശ്വരാ… ഞാൻ ശരിക്കും വിജയുടെ കൂടെയാണ്… ഇപ്പോൾ നല്ല പോലെ വിശ്വാസമാകുന്നുണ്ട്…

കൈവരിയിൽ കയറി താഴെ നിൽക്കുന്ന മനുഷ്യന്റെ ധൈര്യത്തിൽ… ഞാനും… ചാടി…

ഭാഗ്യം… സൺ ഷേഡിൽ തന്നെയാണ്…

“മറന്നു… ഞാൻ ഇപ്പോൾ വരാം ശ്രീ…”

ആയാസേന വിജയ് കൈവരി ചാടിക്കടന്ന് പോയി…

ഞാൻ ഇനി എങ്ങനെയാ തിരിച്ച്‌ കയറാ…

പെട്ടെന്നോരു കാർ പോർച്ചിലേക്ക് കടന്നു…

ഈശ്വരാ… ആന്റിയൊക്കെ എത്തി…

എനിക്ക് തിരിച്ചു കയറണം… വിജയ്…

“മോള് എത്തിയോ വിച്ചു…”

“എത്തി… ശ്രീ സൺ ഷേഡിലാ…”

അതും പറഞ്ഞോ…

ആന്റി മുറ്റത്തു നിന്ന് കൊണ്ട് കൃത്യമായി ഞാൻ ഇരിക്കുന്ന സൺ ഷേഡിലേക്ക് നോക്കി… ഞാൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും അതൊരു ഇളി ആയിട്ടാണ് പുറത്തുവന്നത്…

ഞാൻ അല്ല ആന്റി…. വിജയ് ആണ്…

മനസ് തുറന്നൊരു പുഞ്ചിരി തൂകി ആന്റി അകത്തേക്ക് പോയി…

വിജയ് അപ്പോഴേക്കും കൈവരി ചാടി വീണ്ടുമെത്തി…

“താൻ എവിടെ പോയതാ… ആന്റി എന്ത് കരുതിക്കാണും എന്നെ പറ്റി…”

“എന്ത് കരുതാൻ… ഇത് എന്റെ ഫേവറൈറ്റ് പ്ലേയ്‌സാ… അമ്മയൊന്നും വിചാരിക്കില്ല…”

ചുവന്നു തുടുത്തു കറുത്തു തുടങ്ങിയ ലൗലോലിക്ക ഞങ്ങൾ പറിച്ചെടുത്തു…

സൺ ഷേഡിൽ ഇരുന്ന് കാലുകൾ പുറത്തേക്കിട്ടു… കാലും വീശി ഞാനൊരു ലൗലോലിക്കയെടുത്ത് കടിച്ചു….

നല്ല പോലെ കറുത്ത് തുടങ്ങി… എന്നാലും നല്ല പുളിപ്പുണ്ട്…

“ഏയ്… ഇത് അങ്ങനെയല്ല കഴിക്കേണ്ടത്…

തനിക്ക് ഞാൻ കാണിച്ചു തരാം…”

വിജയ് എടുത്തു കൊണ്ട് വന്ന പൊതി തുറന്നു… ഉപ്പും മുളക് പൊടിയും പാകത്തിന് മിക്സ് ചെയ്തത്….

വിജയ് ഒരു ലൗലോലിക്ക എടുത്ത്… നല്ല പോലെ കയക്കി… മെല്ലെ അതിന്റെ ഒരു ഭാഗം കടിച്ചു തുറന്നു… പിന്നെ കയക്കിയതും ഉള്ളിലെ കുരു ഓരോന്നായി പുറത്തേക്ക് വന്നു… ആഞ്ഞു കുടഞ്ഞതും കുരു മുഴുവൻ തെറിച്ചു പോയി…

“ഇനി ഇതിനകത്തേക്ക് ഈ ഉപ്പും മുളക് പൊടിയും ഇട്ടാലുണ്ടല്ലോ… എന്റെ മോളെ…

ഉം… ഇത് കഴിച്ചു നോക്ക്….”

വിജയ് തന്ന ലൗലോലിക്ക ഞാൻ വായിലിട്ടു… കണ്ടു നിന്നപ്പോഴേ കപ്പലോടിയതാ…

“സംഭവം കലക്കീട്ടുണ്ട്… വിജയ്…”

ഞങ്ങൾ അങ്ങനെ ഓരോന്നായി കഴിച്ചിരുന്നു…

“അന്ന് ഞാൻ അവനെ മനപ്പൂർവം തല്ലിയതാ ടോ…. സോറി…. അത് കാരണമല്ലേ ഇത്രയും പ്രശ്നങ്ങൾ….”

“ഓഹോ…. അപ്പോൾ സർ അറിഞ്ഞു കൊണ്ട് പ്രശ്നമുണ്ടാക്കിയതാണ്….”

“പ്രശ്നമാക്കാൻ നോക്കിയതല്ല…. കുറെ നാളിന് ശേഷം അവനെ അടുത്ത് കിട്ടിയപ്പോൾ ഒന്ന് പൊട്ടിക്കാനൊരു മോഹം….”

“അതിനും മാത്രം ആ താടിക്കാരൻ എന്ത് ചെയ്‌തു….”

“ആ തെണ്ടി കാരണമാ ഞാൻ നാട് വിട്ട് പോയത്….

പോകുന്നതിന് മുൻപ് ഞാൻ നല്ല പോലെ ഒന്ന് പെരുമാറിയതാ…. അതിന്റെ പാട് ഇപ്പോഴും അവന്റെ താടിക്കുള്ളിൽ കാണും…”

ഹൗ ഫണ്ണി….

“പോലീസ് കേസ് ഒന്നും ഉണ്ടാക്കാതെ ഒരു ജോലിയായി രക്ഷപെടാൻ എല്ലാരും ഉപദേശിച്ചു അന്ന്….. തന്റെ അമ്മയും….

അവനെ വീണ്ടും കണ്ടപ്പോൾ, പണ്ടത്തെ ദേഷ്യവും, പിന്നെ തന്നോട് ഉള്ള അവന്റെ പെരുമാറ്റവും കൂടി ആയപ്പോൾ…. ഐ കുഡിന്റ്റ് കണ്ട്രോൾ മൈസെൽഫ്….”

“അത് പോട്ടേ…. ഇനിയിപ്പോൾ പറഞ്ഞിട്ടെന്തിനാ….”

“വിച്ചു…. മോളെയും കൂട്ടി വാ താഴേക്ക്….”

“ആന്റി വിളിക്കുന്നു….”

വിജയ് ഒന്നും മിണ്ടാതെ ഇരിപ്പാണ്….

“അമ്മയ്ക്ക് വലിയ സന്തോഷമാണ്…. തന്നെ ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു….”

“എന്നെ എന്തിനാ താൻ കൂട്ടിക്കൊണ്ട് വന്നത്….”

“അമ്മ പറഞ്ഞിട്ട്…. അമ്മയ്ക്ക് തന്നെ കാണണമെന്ന് പറഞ്ഞു….”

“വിച്ചു…. കെട്ടിക്കഴിഞ്ഞാലും നിങ്ങൾക്ക് സംസാരിക്കാം….

മോളെയും കൂട്ടി വാ…. കഴിക്കാം….”

“ആന്റി വിളിക്കുന്നുണ്ട്… പോയാലോ….”

വിജയുടെ സഹായത്തോടെ ഞാൻ കൈവരി മറി കടന്നു….

“ശ്രീ…. ഞാൻ അന്ന് തന്നോട് അൽപം സ്വാതന്ത്ര്യം കൂടുതൽ എടുത്തിരുന്നോ….”

ഒരു പുഞ്ചിരിയോടെ ഞാൻ തല ഇരു പുറങ്ങളിലേക്കും ചലിപ്പിച്ചു…

“വല്യച്ഛൻ എല്ലാം മനസ്സിൽ നേരത്തെ ഉറപ്പിച്ചിരുന്നു…. എല്ലാം നോക്കി നിൽക്കാനേ എനിക്കും കഴിഞ്ഞുള്ളൂ…”

“അയാൾ ഒരു റെയർ സ്‌പീഷീസ് ആണ്…. ഈ ഐറ്റം ഒക്കെ കഴിഞ്ഞ നൂറ്റാണ്ടോടെ മണ്ണടിഞ്ഞു കാണുമെന്നാ ഞാൻ കരുതിയെ…”

“ഹഹഹഹ…. വല്യമ്മയും….”

“പറയാനുണ്ടോ….”

ആന്റി ഞങ്ങൾക്ക് കഴിക്കാനുള്ളതൊക്കെ തയാറാക്കി വിളമ്പി കഴിഞ്ഞിരുന്നു…

വിശപ്പില്ലെങ്കിലും ആന്റി ഉണ്ടാക്കിയതല്ലേ…. ഞാനും കഴിക്കാൻ കൂടി….

ദയേച്ചി ചെക്കപ്പ് കഴിഞ്ഞു വന്നതിന്റെ സന്തോഷത്തിലാണ്…. ഒരു കോംപ്ലിക്കേഷനും ഇത് വരെ ഇല്ലാത്തതിന്റെ സന്തോഷം….

ആന്റിയും ഒരുപാട് സന്തോഷത്തിലാണ്…. വിജയ് പറഞ്ഞ പോലെ എന്നെ കണ്ടതിന്റെ സന്തോഷമാണോ….

ആന്റിയെ സഹായിച്ചു ഞാനും അടുക്കളയിൽ കൂടി…. എന്റെ അമ്മയെ പോലെ തന്നെ ആത്മാർത്ഥമായുള്ള പെരുമാറ്റം…

“മോൾക്ക് ഇഷ്ടായോ ഞങ്ങളുടെ വീടൊക്കെ….”

“ഒരുപാട് ഇഷ്ടായി ആന്റി…”

“നിങ്ങൾ തമ്മിലുള്ള പിണക്കമൊക്കെ മാറിയോ….”

“ഞങ്ങൾ തമ്മിലെന്ത് പിണക്കം….”

“അത് കൊണ്ടാണല്ലോ ഈ ആലോചനയ്ക്ക് ഞാൻ മുന്നിട്ടിറങ്ങിയിട്ടും നിങ്ങൾ രണ്ടും വേണ്ടാന്ന് പറഞ്ഞത്….”

“അത് പിന്നെ ആന്റി…. അന്ന്….”

ഇനി ആന്റിയോട് പറഞ്ഞിട്ടെന്തിനാ….

“മോളെ വിഷമിപ്പിക്കാൻ വേണ്ടി ആന്റി പറഞ്ഞതല്ല…. ഇങ്ങനെയൊക്കെ ആകാനായിരുന്നു വിധി….

മോൾക്ക് വേണ്ടി ഞങ്ങൾ കുറച്ചു തുണികൾ ഒക്കെ എടുത്തു…. മോള് അതൊക്കെ ഒന്ന് ഇട്ടു നോക്ക്…. പാകമാണോന്ന്…

ഒക്കെ വിച്ചൂന്റെ അലമാരക്കുള്ളിൽ വച്ചിട്ടുണ്ട്…. ചെല്ല്…. അവൻ കാണിച്ചു തരും…”

ഓരോ മുറിയും ഈ വീട്ടിൽ എവിടെയാണെന്ന് വിജയ് കാണിച്ചുതന്നത് കൊണ്ട് നല്ല നിശ്ചയമുണ്ട്…

ഞാൻ മുറിയിൽ കടക്കുമ്പോൾ വിജയ് തലയ്ക്ക് പിന്നിൽ കൈകെട്ടി… ഒരു കസേരയിൽ ചാരിയിരുന്ന്…. എന്തോ വലിയ ചിന്തയിലാണെന്ന് തോന്നും…

“വിജയ്….”

“ആ… ശ്രീ… തനിക്ക് അമ്മ എന്തൊക്കെയോ ഡ്രസ്സ് മേടിച്ചിട്ടുണ്ട്….”

“ആന്റി പറഞ്ഞു ട്രൈ ചെയ്‌തു നോക്കാൻ….”

വലിയ രണ്ടു അലമാരയിൽ ഒന്ന് വിജയ് വലിച്ചു തുറന്നു…. അതിൽ ഒരു വശത്ത് നിറയെ എനിക്ക് എടുത്ത വസ്ത്രങ്ങളാണെന്ന് തോന്നുന്നു….

“ഇതൊക്കെയാ… താൻ ഓരോന്നും ട്രൈ ചെയ്‌ത്‌ നോക്ക്…. ഇഷ്ടമാകാത്തത് ഒരിടത്ത് മാറ്റി വെച്ചേക്ക് ട്ടോ….

നമുക്ക് പിന്നെ പോയി എക്സ്ചേഞ്ച് ചെയ്യാം….

ഞാൻ പുറത്തു കാണും….”

ദാവണി…. ചുരിദാർ… പട്ടുടുപ്പും പാവാടയും… ഇന്നേഴ്‌സ് ഉൾപ്പെടെ എല്ലാം വാങ്ങിയിട്ടുണ്ട്…. വിജയ് പോയതും ഞാൻ ഓരോന്നായി ഇട്ടു നോക്കി…. ആരുടെ സെലെക്ഷൻ ആയാലും എല്ലാം എനിക്ക് കിറു കൃത്യം….

“വിജയ്… ഞാൻ എല്ലാം ഇട്ടു നോക്കി…. ഒന്നും മാറ്റി വാങ്ങേണ്ട…. പാകമാ….”

“അപ്പോൾ എന്റെ ഊഹം തെറ്റിയില്ല….”

“താനാണോ സെലക്ട് ചെയ്‌തത്‌…”

“അല്ല… അമ്മയാ എടുത്തേ… അമ്മയും ദയയും കൂടി….

അല്ലെങ്കിലും എനിക്ക് ഈ ദാവണിയുടെയും ചുരിദാറിന്റെയും സെക്ഷൻ തീരെ ഇഷ്ടമല്ല….”

“അപ്പോൾ ഞാൻ അമ്മയ്ക്കാ താങ്ക്സ് പറയേണ്ടത്…. തനിക്കല്ല…”

“തന്റെ സൈസ് ആര് പറഞ്ഞു കൊടുത്തു എന്നാ വിചാരം…. ഈ ഞാൻ….”

അയ്യേ….

അതും ഇത്ര കിറു കൃത്യമായി….

“തന്റെ എക്സ്പ്രഷൻ കാണാൻ നല്ല ചന്തം…. ഹഹഹഹ….”

ഒന്നും മിണ്ടാതെ ഞാൻ വിജയുടെ മുറി വിട്ടു….

കുറെ നേരം ദയേച്ചിയോട് കത്തി വച്ചു നിന്നു… പിന്നെ കുറെ നേരം ആന്റിയോടും… വിജയുടെ അടുത്തേക്ക് ഇനി എന്തായാലും പോകുന്നില്ല….

“മോള് വൈകിട്ട് പോയാൽ മതി….”

ആന്റിയത് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി….

“മോളേ…. അമ്മയൊരു കാര്യം പറയട്ടെ….

നമുക്കൊക്കെ ഒരു ജീവിതമേ ഉള്ളൂ…. എന്ത് പ്രശ്‌നം വന്നാലും മോള് എന്റെ മോന്റെ കൂടെ തന്നെ ഉണ്ടാകണം…”

“ആന്റി എന്താ പെട്ടെന്ന് ഇങ്ങനെയൊക്കെ പറയുന്നേ….”

“ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തും ചെയ്യും വിച്ചു… കഴിഞ്ഞതൊക്കെ പോട്ടെ…. മോള് ഇനിയും അവനെ സങ്കടപ്പെടുത്തരുത്….

ഒരു അമ്മയുടെ സ്ഥാനത്തു നിന്നാ ആന്റി ഇതൊക്കെ പറയുന്നത്…”

അതിന് ഞാൻ എന്ത് ചെയ്‌തു…

“ആന്റി പറയുന്നത് എനിക്ക്…”

“നിന്നോട് അന്ന് വഴക്കുണ്ടാക്കി വന്നതിന് ശേഷം… ഏതാണ്ട് രണ്ടാഴ്ച…. അവൻ ഞങ്ങളോട് ആരോടും ഒന്നും മിണ്ടിയിട്ടില്ല….

അങ്ങനെയാ ആന്റി നിങ്ങളുടെ വിവാഹം നടത്താമെന്ന് തീരുമാനിച്ചത്…. ദല്ലാൾ വന്നു പറഞ്ഞു മോൾക്ക് താല്പര്യം ഇല്ലെന്ന്….

വിച്ചു പറഞ്ഞു നിങ്ങൾ പിണങ്ങിയെന്ന്….”

ഇതാരുടെ കാര്യമാ പറഞ്ഞു വരുന്നത്….

“എന്റെ മോന് സഹിക്കില്ല…. അവൻ ഒന്നും പുറത്തു കാണിക്കുകയും ചെയ്യില്ല…. എല്ലാം ഉള്ളിൽ കൊണ്ട് നടക്കും….

മോള് വേണം ഒക്കെ ഇനി നോക്കാൻ….”

“ശ്രീ…. പോകണ്ടേ തനിക്ക്…. 7 മണിയായി…”

ബൈക്കിന്റെ ചാവിയുമായി വിജയ് എത്തി…. എന്നെ തിരികെ കൊണ്ടാക്കാൻ….

“പോണം….”

എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ ബൈക്കിൽ കയറി….

ആന്റി പറഞ്ഞ വാക്കുകൾ മനസ്സിൽ നിന്നും പോകുന്നില്ല…. ഒന്നും മനസിലാകുന്നുമില്ല….

വിവാഹത്തെ പറ്റി വിജയ് ഒന്നും സംസാരിച്ചിട്ടേ ഇല്ല…. ഇങ്ങനെയൊരു വിവാഹം വേണമോ എന്ന് പോലും അറിയില്ല…

വിജയുടെ മനസ്സിൽ മറ്റാരെങ്കിലും….

എന്നെ ഒരു ബാധ്യതയായി തന്നെ ഏറ്റെടുത്തതാകുമോ…

ബൈക്കിൽ നിന്നിറങ്ങുമ്പോഴും ചിന്തകൾ വിട്ടു പോകുന്നില്ല….

“ശ്രീ…. ഞാൻ തന്നെ എന്നും ഇത് പോലെ കൊണ്ടു പോകാൻ വരട്ടെ…”

“വേണ്ട വിജയ്…. ഇനിയിപ്പോൾ കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ ഇങ്ങനെ….”

“ടോ…. താൻ ഇപ്പോഴും ആ ചമ്മലിലാണോ….

അമ്മ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതാ ആദ്യം…. എനിക്കറിയില്ല എന്ന്….

ആറു വർഷമായി സ്നേഹിക്കുന്ന പെണ്ണിന്റെ സൈസ് പോലും അറിയില്ലേ എന്ന് അമ്മയുടെ മറു ചോദ്യം…

അപ്പോൾ ഒരു ഊഹം വച്ചു പറഞ്ഞതാ….”

ആറു വർഷമായി സ്നേഹിക്കുന്ന കുട്ടിയോ….!!!!

“അതാണോ തന്റെ അമ്മ പറഞ്ഞ കുട്ടി…. നിങ്ങൾ പിണക്കമായി എന്ന് പറഞ്ഞ കുട്ടി….”

“അമ്മ പറഞ്ഞോ തന്നോട്…. അമ്മയെന്തിനാ തന്നോട് പറയുന്നത്….”

“ആന്റി വിചാരിക്കുന്നത് ആ കുട്ടി ഞാൻ ആണെന്നാ….”

“അമ്മയ്ക്ക് ആള് മാറിപ്പോയതാ…. താനത് കാര്യമാക്കണ്ട…. അതൊരു ക്ലോസ്‌ഡ്‌ ചാപ്റ്ററാ…..”

ഞാൻ കാരണം വിജയ് സ്നേഹിച്ച കുട്ടിയെ ഒഴിവാക്കുവാണോ….

“വിജയ്…. ഇങ്ങനെയൊരു വിവാഹത്തിൻറെ ആവശ്യമുണ്ടോ….”

“ശ്രീ…. അത് തന്നെ പോലെ തന്നെ എനിക്കും അറിയില്ല….

ഒന്ന് മാത്രം അറിയാം….. വിജയ് തന്നെ ഒരിക്കലും ചതിക്കില്ല….!”

ഒരു യു ടേൺ എടുത്ത് വിജയെയും കൊണ്ട് ബുള്ളറ്റ് കടന്ന് പോയി….

* * *

(തുടരും)

 

Click Here to read full parts of the novel

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!