എന്റെ മീനുട്ടി – Part 1

25593 Views

ente meenutti malayalam online novel to read

അടുത്ത വീട്ടിലെ കമല ചേച്ചിടെ മകൾ ലച്ചുവിന്റെ കല്യാണത്തിനാണു ആദ്യമായി ഞാൻ മീനാക്ഷിയെ കാണുന്നത്. മറ്റു പെൺകുട്ടികൾക്ക് ഇല്ലാത്ത എന്തോ അല്ലെങ്കിൽ അവളുടെ ആ കണ്മഷി എഴുതിയ ഉണ്ടക്കണ്ണുകൾ ആവും ചിലപ്പോൾ എന്നെ അവളിലേക്ക് ആകർഷിച്ചത് അറിയില്ല. തലയിൽ മുല്ല പൂവും വെച്ച് അധികം മേക്കപ്പൊ കാര്യങ്ങളൊ ഇല്ലാതെ ഒരു കൊച്ചു സുന്ദരി കുട്ടി. കണ്ടപ്പോഴെ തന്നെ എനിക്ക് ഇഷ്ടായി.

എന്താ പേര് വീട് എവിടെയാണ് ഇവിടെ തൃശൂർ ആണോ അതോ വേറെ എവിടെയെങ്കിലും ലെച്ചുവിന്റെ ആരാണ് അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ അപ്പോൾ. എങ്ങനെ അറിയും ആരോടു ചോദിക്കും ഒന്നും അറിയില്ല.

അമ്പലത്തിൽ താലി കെട്ടുന്ന നേരത്ത് ഒരു നിമിഷം അത് ഞാനും അവളും ആണെന്ന് മനസ്സിൽ ഓർത്തു പോയി. അനിയൻ തട്ടി വിളിച്ചിട്ട് വാടാ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആയിരുന്നു എനിക്ക് ബോധം വന്നത്.

അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നിന്ന ഞാൻ മനസില്ലാ മനസോടെ ആണ് ഭക്ഷണം കഴിക്കാൻ പോയത് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും ആ മുഖമായിരുന്നു എന്റെ മനസ്സിൽ മുഴുവനും. ഇനി എങ്ങനെ കാണും എന്ന ഒരു സങ്കടം മാത്രം ബാക്കി.

ചൂട് സാമ്പാറിന്റെയും ചോറിന്റെയും മണം മൂക്കിലേക്ക് അടിക്കുന്നു. ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയതും ഒരു പ്രായമായ സ്ത്രീ വന്നു അടുത്തുള്ള സീറ്റിൽ ആളുണ്ടോ എന്ന് എന്നോടു തിരക്കി ഇല്ല എന്ന് പറഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കൽ തുടർന്നു.

ആ സ്ത്രീ ആരെയോ വിളിക്കുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കിയതും അതാ എന്റെ ഉണ്ടക്കണ്ണി. മീനു നീ ഇവിടെ ഇരുന്നോ അല്ലെങ്കിൽ ഇനി സീറ്റ്‌ ഒന്നും കിട്ടില്ല എന്നും പറഞ്ഞു ആ സ്ത്രീ പോയി. മീനു നല്ല പേര് അപ്പൊ എന്റെ മനസ്സിൽ കത്തിയ ബൾബുകൾ കണക്കില്ല.

അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു തിരിച്ചു ഒരു പ്രതികരണം പോലും ഉണ്ടായില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു എണീക്കുമ്പോൾ ഞാൻ ഒന്ന് കൂടെ നോക്കി. നിരാശ മാത്രം ബാക്കി. വൈകുന്നേരം എല്ലാരേയും യാത്രയാക്കുന്ന നേരത്ത് ഞാൻ അവളെ തിരഞ്ഞു.

അവൾ അതാ ബസിന്റെ സൈഡ് സീറ്റിൽ ഹെഡ്സെറ്റും വെച്ചിരിക്കുന്നു.

അവൾ ഒന്ന് കാണാൻ നോക്കാൻ വേണ്ടി കുറെ വട്ടം അതിലുടെ നടന്നു.

അവൾ വേറെ ഏതോ ലോകത്താണ് എന്ന് എനിക്ക് മനസിലായി. അല്ലെങ്കിൽ ഇനി വേറെ ചെക്കനുമായി ഇഷ്ടം ചിന്തിച്ചു ചിന്തിച്ചു കാടു കേറി.

ബസ് പോകുന്ന വരെ ഞാൻ നോക്കി നിന്നു. ബസ് എടുത്ത ശേഷം അവൾ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു. എന്റെ മനസ്സിൽ പൊട്ടിയ ലഡുവിനു കണക്കില്ലായിരുന്നു ഈശ്വര എനിക്ക് തോന്നിയതാണോ അതോ സത്യം ആണോ എന്ന ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ അപ്പോൾ. 

അവിടെ നിന്നും തിരിച്ചു വീട്ടിൽ വന്ന ശേഷം അവളെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത.

എങ്ങനെയെങ്കിലും ഒന്ന് വീണ്ടും കാണണം അത് മാത്രമായിരുന്നു എന്റെ മനസ്സിൽ. രാത്രി അത്താഴം ഒക്കെ കഴിഞ്ഞു പബ് ജി കളിക്കാൻ വേണ്ടി റേഞ്ച് അനേഷിച്ചു വീടിന്റെ ഉമ്മറത്തു വന്നിരുന്നപ്പോൾ ആകാശത്തു കണ്ട നിലാവിന് പോലും അവളുടെ മുഖമായിരുന്നു. പബ് ജി ഒക്കെ നിർത്തി വെച്ച് ഫോണിൽ ഒരു പാട്ടും വെച്ച് ഉമ്മറത്തെ തിണ്ണയിൽ കിടപ്പായി ഞാൻ “നിലാവിന്റെ നീല ബസ്മ കുറിയണിഞ്ഞവളെ ” എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.

അവിടെ കിടന്ന് ഉറങ്ങി പോയ എന്നെ അമ്മയാണ് വിളിച്ചുണർത്തിയത്. മുറിയിൽ ചെന്ന് കിടക്കട തണുപ്പടിച്ചാൽ വല്ല പനിയും വരും എന്ന ഉപദേശവും. മുറിയിൽ ചെന്നിട്ട് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മീനു എന്ന് തിരഞ്ഞു നോക്കി എങ്കിലും അവളെ മാത്രം കിട്ടിയില്ല. അല്ല നമ്മള് ആണ്പിള്ളേര് ഏതേലും പെൺകുട്ടികളുടെ പേര് കിട്ടിയാൽ തിരയുന്നത് പതിവാണല്ലോ.

നേരം ഒരുപാട് വൈകി ഇനിയും ഉറങ്ങിയിലല്ലെങ്കിൽ നാളെ മൊതലാളിടെ വായിൽ നിന്നും ചീത്ത മുഴുവനും കേൾക്കണ്ട വരും. ജോലി എന്താണ് എന്നോ എന്റെ ഒരു പഠിപ്പും വിവരവും വെച്ച് A/C ടെക്‌നിഷ്യൻ ആവാനെ പറ്റിയുള്ളൂ. അതൊരു കുറവായി എനിക്ക് തോന്നിയിട്ടില്ല.

ആ ഒരു ജോലി കൊണ്ടാണ് അനിയനെ പഠിപ്പിക്കുന്നത്. ജോലി ഒക്കെ ആയപ്പോൾ അച്ഛനെ അധികം ജോലിക്ക് വിടാറില്ല കുറെ കാലം കുടുംബത്തിനു വേണ്ടി കഷ്ടപെട്ടതല്ലേ പാവം. രാവിലെ നേരത്തെ എണീറ്റത്കൊണ്ട് അമ്മയുടെ വായിൽ നിന്ന് നല്ലോണം കേട്ടു. കുളിച്ചു വന്നു നേരം ഇല്ലാത്ത കാരണം കട്ടൻ കാപ്പി പകുതി കുടിച്ചു വണ്ടി എടുത്തു പാഞ്ഞു. ഇന്നു ജോലി 20 km അപ്പുറത്താണ്.

എത്തിയതും അതാ മുന്നിൽ മൊതലാളി. ഏതാണ്ട് ഇന്ത്യക്കാരെ കണ്ട ബ്രിട്ടീഷ്ക്കാരുടെ പോലെ നോക്കി ദഹിപ്പിക്കൽ. ഒന്ന് ഇളിച്ചു കൊണ്ട് അകത്തേക്ക് കേറി പോയി വേഗം ജോലി തുടർന്നു. വൈകുന്നേരം ജോലി ഒക്കെ കഴിഞ്ഞു ബൈക്കിൽ വരുമ്പോൾ മുന്നിൽ അവളുടെ മുഖം മാത്രമായിരുന്നു. ഒന്ന് രണ്ട് ദിവസം അങ്ങനെ കടന്ന് പോയി.

ഒരു ദിവസം വൈകുന്നേരം വീട്ടിൽ വന്നു കേറിയപ്പോൾ അമ്മ കട്ടൻ തന്നിട്ട് പറഞ്ഞു ടാ കണ്ണാ ലെച്ചുവും ചെക്കനും വന്നിട്ടുണ്ട് ഒന്ന് അവിടെ വരെ പോയിട്ട് വരാം ടാ. മീനുവിനെ കുറിച്ച് എന്തേലും അറിയണമെന്നതുകൊണ്ട് അമ്മയുടെ കൂടെ മനസില്ലാ മനസോടെ ആണെങ്കിലും ഞാൻ പോയി.

അവിടെ ചെന്നതും അമ്മയും ലെച്ചുവിന്റെ അമ്മയും കത്തി വെക്കലും തുടങ്ങി. ഒറ്റക്കിരുന്നു മുഷിഞ്ഞപ്പോൾ ഫോൺ എടുത്ത് വെറുത എന്തൊക്കെയോ തിരഞ്ഞു. പെട്ടന്ന് കണ്ണാ എന്നൊരു വിളി നോക്കുമ്പോൾ മുന്നിൽ ലെച്ചുവും ചെക്കനും ചെക്കൻ ചുള്ളൻ ആട്ടോ. ലെച്ചു എന്നെക്കാളും 1 വയസിനു താഴെ ആണ്. ലെച്ചു ചേട്ടനെ പരിചയപെടുത്തി തന്നു പേര് സജി ഞാനും അളിയനും കൂടെ കത്തി വെക്കലും കാര്യങ്ങളുമായി കമ്പിനി ആയി.

അപ്പൊ ലെച്ചു കല്യാണത്തിന്റെ ആൽബം കൊണ്ട് വന്നു തന്നു. അപ്പൊ എന്റെ മനസ്സിൽ ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു. എല്ലാം മനസിൽ തന്നെ അടക്കി പിടിച്ചുകൊണ്ടു ആൽബം കാണാൻ തുടങ്ങി ഓരോ പേജ് മറിക്കുമ്പോഴും മനസ്സിൽ അവളെ കാണണം എന്നെ ഉണ്ടായിരുന്നുളു.

ഒന്ന് രണ്ടു പേജ് കഴിഞ്ഞപ്പോൾ ദാ നിൽക്കുന്നു മീനു. ഒന്നും അറിയാത്ത ഒരു പൂച്ചയെ പോലെ ലെച്ചുവിനോട് ഈ കുട്ടി ആരാണെന്നു ചോദിച്ചു. എന്താടാ ചുറ്റി കളി വല്ലതും ആണോ എന്ന് തിരിച്ചു ഒരു ചോദ്യവും. ഞാൻ പറഞ്ഞ് ഏയ് അല്ല അല്ല ചോദിച്ചു എന്നെ ഉള്ളു. ലെച്ചു പറഞ്ഞു അവളുടെ പേര് മീനാക്ഷി വീട് ഇരിഞ്ഞാലക്കുട മ്മടെ ഇരിഞ്ഞാലക്കുട. എന്റെ കൂടെ എർണാംകുളത്തു പിജിക്ക് കൂടെ ഉണ്ടായിരുന്നതാ.

ആ എന്നാ ശെരി എന്നും പറഞ്ഞ് നോക്കൽ തുടർന്നു. നേരം ഇരുട്ടി തുടങ്ങി. ഞാൻ അമ്മയെ വിളിച്ചു തിരിച്ചു പോന്നു. വീട്ടിൽ വന്നപ്പോൾ സന്തോഷം ഒക്കെ അണപൊട്ടി. അച്ഛനു ഒരു ഉമ്മ കൊടുത്ത് ചിരിച്ചു കൊണ്ട് പോയി കിടന്നു. അച്ഛൻ അപ്പോൾ അമ്മയോട് ചോദിക്കുന്നത് കേട്ടു എടിയേ കണ്ണന് എന്ത് പറ്റി വന്നിട്ട് ഒരു ഉമ്മയൊക്കെ തന്നിട്ട് അകത്തോട്ടു പോയല്ലോ.

ഞാൻ ഫോൺ എടുത്തു തിരച്ചിൽ വീണ്ടും തുടങ്ങി ഫേസ്ബുക്കിൽ ഒന്നും ആളെ കിട്ടിയില്ല. സുക്കറണ്ണനെ മനസ്സിൽ വിചാരിച്ചു ഇൻസ്റ്റഗ്രാമിൽ തിരച്ചിൽ തുടങ്ങി. കുറച്ചു താഴോട്ട് ചെന്നപ്പോൾ എന്റെ ഉണ്ടക്കണ്ണി. വേഗം എടുത്തു നോക്കി റേഞ്ച് ഹെവി ആയ കാരണം അംബാനിയെ ഒന്ന് സ്മരിച്ചു. ആമ പോലും ഇതിലും വേഗത്തിൽ പോകും. അവസാനം തുറന്ന് വന്നപ്പോൾ അതൊരു പ്രൈവറ്റ് അക്കൗണ്ട് ആയിരുന്നു.

എന്നു വെച്ചാൽ അതിലെ ഫോട്ടോസ് ഒക്കെ കാണണമെങ്കിൽ അവളെനെ ഫ്രണ്ട് ആക്കണം 53 പോസ്റ്റ് ഒക്കെ ഉണ്ട് ആയിരത്തിന് മുകളിൽ ഫോള്ളോവെഴ്‌സും . വേഗം തന്നെ റിക്വസ്റ്റ് കൊടുത്തു പിന്നെ ഫോൺ അടച്ചു വെച്ച് കണ്ണടച്ച് കിടന്നു.

വരുന്ന ഓരോ മെസ്സേജും റിക്വസ്റ്റ് അക്‌സെപ്റ് ആയിരിക്കണേ എന്നായിരുന്നു പ്രാർത്ഥന. കുറച്ചു നേരം കിടന്നപ്പോൾ അടുക്കളയിൽ നിന്ന് അമ്മ മീൻ വറക്കുന്ന മണം കേട്ടപ്പോൾ തന്നെ വയറ്റിൽ നിന്നും വിശപ്പിന്റെ വിളി തുടങ്ങി. പിന്നെ അടുക്കളയിലേക്ക് ഓടി. അടുക്കളയിൽ ചെന്നപ്പോൾ ആദ്യം തന്നെ അനിയൻ അവിടെ ഉണ്ട്. കുറച്ചു ചോറും രണ്ടു ചാള വറുത്തതും മീൻകൂട്ടാനും എടുത്തു ഞാൻ വലിഞ്ഞു.

ഒരു വായ ചോറുണ്ണുമ്പോഴും ഫോണിൽ ആയിരിന്നു കണ്ണ്. കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ പോയപ്പോ ഒരു മെസ്സേജ് വന്നു എടുക്കാൻ നോക്കിയതും ഫോൺ ചാർജില്ലാതെ ഓഫ്‌ ആയി പോയതും ഒരുമിച്ചായിരുന്നു.

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply