സഖാവ് – Part 11

3800 Views

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

” അമ്മച്ചിയുടെ ശബ്ദം കേട്ടിടത്തേക്ക് അച്ചായൻ ധൃതിപെട്ടോടി.

അമ്മാ… !! എന്താ പറ്റിയേ..? ഓടുന്നതിനിടയിൽ അവൻ ചോദിച്ചുകൊണ്ടിരുന്നു.
പക്ഷേ അമ്മച്ചിയുടെ ശബ്ദം പിന്നീട് കേൾക്കാത്തത് അവനെ കൂടുതൽ ഭയപ്പെടുത്തി.

ഹാളിലെത്തി ലൈറ്റ് ഓണാക്കാൻ നോക്കിയപ്പോൾ കറണ്ടും ഇല്ല.

ഇരുട്ടത്ത് ദിക്കറിയാതെ അവൻ തപ്പിപ്പിടിച്ചു നീങ്ങി.

ഹാളിലെ ടേബിളിൽ തട്ടി നിന്നപ്പോഴാണ് അലാറം അടിക്കുന്ന സൗണ്ടും അതോടൊപ്പം അവിടെയുള്ള ലൈറ്റുകളെല്ലാം പ്രകാശിച്ചു.

അച്ചായൻ അത്ഭുതത്തോടെ ചുറ്റും നോക്കി.

വർണ ബൾബുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ഹാൾ, ഒത്ത നടുക്കായി ഒരു വലിയ കേക്ക്.
അതിൽ നിറയെ മെഴുകുതിരി കത്തിച്ച് വെച്ചിട്ടുണ്ട്.

ഹാപ്പി ബർത്ത് ഡേ അന്തപ്പാ എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു.

അതിനു ചുറ്റും പുഞ്ചിരിയോടെ നില്ക്കുന്ന നാലു മുഖങ്ങളും.

ഈ ലോകത്തിലേക്ക് തന്നെ കൊണ്ടുവന്ന അമ്മച്ചിയും, ഈ ലോകം തന്നെ തന്റെ കാൽകീഴിൽ ആണെന്ന് തോന്നിപ്പിക്കാൻ കർത്താവ് തനിക്ക് തന്ന മൂന്ന് സുഹൃത്തുക്കളും,

അവരെ നോക്കിയപ്പോഴേക്കും അവന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു.

ഓരോ ബര്ത്ഡേ വരുമ്പോഴും നിനക്ക് ഇങ്ങനെ ഒരു പണി തരണമെന്ന് ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്യും, പക്ഷേ അതിനു മുമ്പേ തന്നെ നീ ബർത്ത് ഡേ കാര്യം ഞങ്ങളെ ഓർമ്മിപ്പിക്കും.

ഇന്നത്തെ ഈ ദിവസം നീ മറന്നു എന്ന് മനസ്സിലായത് കൊണ്ടാ ഞങ്ങൾ ഇങ്ങനെ ഒരു പരിപാടി പ്ലാൻ ചെയ്തത്, എങ്ങനെയുണ്ട് മോനേ.. കാർത്തി അവന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചു.

സത്യം ഇന്നത്തെ ദിവസം താൻ മറന്നിരിക്കുന്നു, മനസ്സിൽ ശിവ കേറി കൂടിയത് മുതൽ പലതും താൻ മറന്നു കഴിഞ്ഞിരിക്കുന്നു.

ശിവയെ ഓർത്തതും അവന്റെ ഉള്ളിൽ ചെറിയൊരു നോവ് പടർന്നു.

നോക്കിനിൽക്കാതെ ഇതൊന്നു വന്ന് കട്ട് ചെയ്യടാ മരമാക്രി.. ബാക്കിയുള്ളവർ ഇതു നോക്കി വെള്ളമിറക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി, ശ്യാമിന്റെ വാക്കുകളാണ് വാക്കുകളാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.

തന്റെ ഫ്രണ്ട്സിനും അമ്മച്ചിക്കും ഒപ്പം നിന്ന് അവൻ ആ മെഴുകുതിരി ഊതിക്കെടുത്തി കേക്ക് മുറിക്കാൻ തുടങ്ങി.

സന്തോഷ ജന്മദിനം കുട്ടിക്ക്, സന്തോഷ ജന്മദിനം കുട്ടിക്ക്.. കാർത്തിക്കും ശ്യാമും മത്സരിച്ച് പാടുന്നത് കേട്ടിട്ട് അശ്വിനും അമ്മച്ചിക്കും ചിരി പിടിച്ചു നിർത്താനായില്ല.

കേക്ക് കട്ട് ചെയ്ത് ആദ്യം അമ്മച്ചിക്ക് നൽകി, അമ്മച്ചി അതിൽ നിന്നും ഒരു ചെറിയൊരു കഷ്ണം എടുത്ത് അവനു വായിൽ വെച്ചു കൊടുത്തു,

പിന്നെ അശ്വിനും കാർത്തിക്കും ശ്യാമിനും നൽകി.

അവർ മൂന്ന് പേരും അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു.

അശ്വിൻ അവനെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു.

നീ ഞങ്ങളെ ഭാഗ്യമാണേടാ.. അവനെ ചേർത്തുപിടിച്ചുകൊണ്ട് അശ്വിൻ പറഞ്ഞു.

നിങ്ങൾ എന്റെ സൗഭാഗ്യവും അവരെ മൂന്നുപേരെയും നോക്കിക്കൊണ്ട് അച്ചായൻ പറഞ്ഞു.

അവരുടെ സ്നേഹപ്രകടനം കണ്ട് അമ്മച്ചിയുടെ കണ്ണുനിറഞ്ഞു.

ശ്യാം അപ്പോഴേക്കും കേക്കിന്റെ പകുതിഭാഗം അകത്താക്കി കഴിഞ്ഞിരുന്നു.

അതുകണ്ട് കാർത്തി ഒരു പീസ് എടുത്തു അവന്റെ മുഖം ഫേഷ്യൽ ചെയ്തു, പിന്നെ നടന്നതൊന്നും പറയാതിരിക്കുന്നതാണ് നല്ലത്.

കലാപരിപാടികൾ കഴിഞ്ഞപ്പോൾ നാലുപേരും സാന്താക്ലോസിനെ പോലെ ആയിട്ടുണ്ട്,

, അവരെ നോക്കിയ അമ്മച്ചി ചിരി നിർത്താൻ പാടുപെട്ടു.

അയ്യോ ദേണ്ടെ ടാ ഇവിടെ ഒരു സുന്ദരിക്ക് നമ്മളെ കണ്ടിട്ട് പുച്ഛം,

അങ്ങനെ ഇപ്പോൾ ഒരുപാട് പുച്ഛികണ്ടാ ഇവിടെ കൂടി ഫേഷ്യൽ ചെയ്യാം എന്നും പറഞ്ഞ് അശ്വിൻ അമ്മച്ചിയെ വട്ടം പിടിച്ചു.

കാർത്തിയും ശ്യാമും അമ്മച്ചിയുടെ മുഖം നന്നായി കേക്കിൽ കുളിപ്പിച്ചു.

എല്ലാം കഴിഞ്ഞ് അമ്മച്ചിയുടെ നോട്ടം കണ്ടപ്പോൾ നാലുപേരും ചിരികടിച്ചമർത്തി നിന്നു.

കലാ പരിപാടികൾ ഒക്കെ കഴിഞ്ഞു കിടക്കാൻ ഒരുങ്ങിയപ്പോഴേക്കും നേരം ഒരുപാട് ആയിരുന്നു.

രാവിലെ ചെറിയൊരു പാർട്ടി എല്ലാവരെയും വിളിച്ച് നടത്തണമെന്ന് അമ്മച്ചിക്ക് നിർബന്ധം.

അവസാനം അച്ചായൻ അത് അംഗീകരിച്ചു കൊടുത്തു.

കിടക്കാൻ ചെന്നപ്പോഴാണ് മൂന്നും തന്റെ ബെഡിൽ നിരന്നു കിടക്കുന്നത് അച്ചായൻ കണ്ടത്.

മൂന്നിനെയും ഒറ്റ ചവിട്ടിനു താഴെയിട്ടു അച്ചായൻ ബെഡി കേറി കിടന്നു.

ഒക്കെ നിലത്തുനിന്ന് കുത്തിപ്പിടിച്ച് എണീറ്റ് അച്ചായനെ ഉന്തി മറിച്ച് താഴെയിട്ടു.

പിന്നെ അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളലും ആയി രാത്രിയിൽ എപ്പോഴോ നാലുപേരും ഉറങ്ങി.

രാവിലെ അവരെ വിളിക്കാനായി വന്ന ത്രേസ്യ നാലുപേരുടെയും കിടത്തം കണ്ടു നോക്കിനിന്നു.

പരസ്പരം ഇറുകി പിടിച്ചു കിടക്കുന്ന സഹോദരങ്ങൾ തന്നെ.

കുറച്ചുനേരം അവിടെ നോക്കി നിന്ന് അവൾ അടുക്കളയിൽ തന്നെ പോയി.

((()))))))(((()))))((())))((())))))()))))

പാത്തൂ ശിവയും പിന്നെ കുറച്ച് അടുത്ത ബന്ധുക്കളും അത്രേ ഉണ്ടായിരുന്നുള്ളൂ പാർട്ടിക്ക്.

ശിവയെയും പാത്തുവിനെയും കണ്ടപ്പോൾ അമ്മച്ചി സ്നേഹത്തോടെ ചേർത്തു നിർത്തി.
രണ്ടുപേരുടെയും നെറുകിൽ ഓരോ ഉമ്മ വീതം കൊടുത്തു.

ശിവയെ നോക്കുന്ന ആ കണ്ണുകൾ നിറയുന്നത് അച്ചായൻ കാണുന്നുണ്ടായിരുന്നു.

അവരെ അമ്മച്ചി സ്നേഹത്തോടെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

അവർക്ക് പിറകെ അകത്തേക്ക് പോകാനൊരുങ്ങിയ അച്ചായനെ ജെയിംസ് പിടിച്ചുവലിച്ച് തനിക്ക് അഭിമുഖമായി നിർത്തി.

തന്നെ അടിമുടി നോക്കുന്ന ജെയിംസിനെ അവൻ സംശയത്തോടെ നോക്കി.

മ്മ് മ്മ് കൊച്ചുകള്ളാ അവസാനം നീ തേടിപ്പിടിച്ചല്ലേ നിന്റെ പേടമാനിനെ എങ്ങനെ കണ്ടെത്തി നീ, അവൻ ഒരു കള്ളച്ചിരിയോടെ അച്ചായനോട് ചോദിച്ചു.

, നീ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല, അച്ചായൻ കലിപ്പോടെ അവനോട് പറഞ്ഞു.

ഉം ഒന്നും മനസ്സിലാവാത്ത കൊച്ചു കള്ളൻ, അന്നു നമ്മുടെ വണ്ടിയുടെ മുൻപിൽ ചാടിയ കുട്ടിയല്ലേ അത്, അന്ന് തൊട്ടു നീ അവൾക്ക് പിറകിൽ ഓടുന്നത് ഒന്നും ഞാൻ അറിയുന്നില്ലെന്ന് കരുതിയോ നീ, അവസാനം നീ തേടിപ്പിടിച്ചല്ലേ,
ജയിംസ് പറയുന്നത് കേട്ടപ്പോൾ
അച്ചായന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.

അവൻ വേഗം ജയിംസിന്റെ വായ പൊത്തിപ്പിടിച്ചു.

നീ എന്തൊക്കെയാണ് ഈ പറയുന്നത്, ദയവുചെയ്ത് ഈ കാര്യങ്ങളൊന്നും ആരും അറിയരുത്, അവൻ ദയനീയമായി ജയ്സിനോട്‌ അപേക്ഷിച്ചു.

എന്താടാ, എന്താ ഞാൻ പറഞ്ഞാൽ അവൻ സംശയത്തോടെ അച്ചായനെ നോക്കി.

നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി ഇങ്ങോട്ട് ചോദ്യം വേണ്ട, അച്ചായൻ കലിപ്പിൽ അവനോട് പറഞ്ഞു മുൻപോട്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് തരിച്ചു നിന്നു.

“കാർത്തി ” തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അച്ചായന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.

കാർത്തി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അച്ചായനെയും ജെയിംസിനെയും
മിഴിച്ചു നോക്കുകയാണ്.

അച്ചായൻ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

ഞാനിതെന്തൊക്കെയാണ് ഈ കേട്ടത്, അപ്പോ ശിവയാണോ നീ അന്വേഷിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടി, കാർത്തി കുറച്ച് ഉച്ചത്തിൽ ചോദിച്ചു.

അച്ചായൻ ഓടിവന്നു അവന്റെ വായ പൊത്തി.

നീ ഇതൊന്നു പതുക്കെ പറയടാ കാർത്തി, അകത്ത് അശ്വിൻ ഉണ്ട് അവൻ ഇതൊന്നും കേൾക്കണ്ട,
അച്ചായൻ ദയനീയമായി പറഞ്ഞു.

കാർത്തി ദേഷ്യത്തോടെ അവന്റെ കൈ തട്ടി,

അറിയട്ടെ എല്ലാവരും എല്ലാം അറിയട്ടെ കാർത്തി ദേഷ്യത്തോടെ പറഞ്ഞു.

നീ ഒന്നിങ്ങോട്ടു വന്നേ, എന്നും പറഞ്ഞ് അച്ചായൻ അവന്റെ കയ്യിൽ പിടിച്ചു പുഴയോരത്തേക്കു നടന്നു.

മഴക്കാലമായതിനാൽ പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്, പാറയിടുക്കിലൂടെ വെള്ളം തെറിപ്പിച്ച് കുത്തിയൊലിച്ച് ഒഴുകുന്ന പുഴയെ നോക്കി അച്ചായൻ നിന്നു.

മനസ്സ് പ്രഷുബ്ധമാണ് ഈ പുഴ പോലെ, പക്ഷേ തന്റെ ശരീരം ശാന്തമാണ്,
ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി മുഖത്ത് പുഞ്ചിരി വരുത്തി നിൽക്കുന്ന അച്ചായനെ കാർത്തി ഒന്നു നോക്കി.

പല സംശയങ്ങളും അവന്റെ ഉള്ളിൽ ഉണ്ടെന്ന് അച്ചായന് മനസ്സിലായി,

, നീ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല.. കാർത്തി ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു.

അവൾ ആണോ നിന്റെ മാൻപേട, നീ അന്വേഷിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞത് ഇവൾക്ക് വേണ്ടിയാണോ…? പറ ആന്റണി
ശിവ യാണോ ആ പെൺകുട്ടി കാർത്തി വീണ്ടും ദേഷ്യത്തോടെ ചോദിച്ചു.

അതെ.. !! അവൾ തന്നെയാണ് എന്റെ ഹൃദയം കീഴടക്കിയവൾ, അവളെ അന്വേഷിച്ചാണ് ഞാൻ ഉറക്കമില്ലാതെ അലഞ്ഞുതിരിഞ്ഞത്, അവളെ സ്വന്തമാക്കാൻ വേണ്ടിയാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. പറഞ്ഞു തീർന്നപ്പോഴേക്കും അച്ചായന്റെ കണ്ണുകളിൽ മിഴിനീർ ഉരുണ്ടു കൂടി.

പിന്നെ എന്തിനു വേണ്ടിയാണ് നീ നിന്റെ ഇഷ്ടത്തെ ത്യചിച്ചത്,
ആരോടും പറയാതെ എന്തിനുവേണ്ടിയാണ് നിന്റെ ഇഷ്ടത്തെ കുഴിച്ചുമൂടിയത്…? കാർത്തി അവനെ തനിക്കഭിമുഖമായി നിർത്തി കൊണ്ടു ചോദിച്ചു.

അശ്വിന് വേണ്ടി, കൂടെ പിറക്കാതെ കൂടപ്പിറപ്പായി മാറിയ എന്റെ ചങ്കിന് വേണ്ടി, അവൻ കാർത്തിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

എന്തിനുവേണ്ടി, മറ്റാരെക്കാളും നീ ശിവയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നവനറിയാം, അവൻ ഇതറിഞ്ഞാൽ ശിവയെ സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?

അശ്വിൻ ഒരിക്കലും ഇതറിയരുത്, എന്നേക്കാൾ കൂടുതൽ അവനെ അറിയുന്നത് നിനക്കാണ്, ഞാൻ അവനെ കാണുമ്പോൾ കൂടെ നിഴൽപോലെ നീയും ഉണ്ടായിരുന്നു, നിനക്ക് അവനെ നന്നായിട്ടറിയാം,
സ്വന്തമായി ഒരു മുട്ടുസൂചി പോലും അവൻ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല,
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനെ ആ പാവത്തിന് അറിയൂ, അവൻ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണാണ് ശിവ, ഒരുപാട് വേദനകളും വിഷമങ്ങളും അവൻ ഇത്രയും നാളത്തെ ജീവിതം കൊണ്ട് അനുഭവിച്ചു തീർത്തു,
ആ അവന് ഈ ഒരു സന്തോഷം എങ്കിലും നമ്മൾ നൽകേണ്ടേ..
മാത്രമല്ല ശിവ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല, അവളുടെ പ്രണയം അവളുടെ സഖാവിനോടായിരുന്നു,
അവർക്കിടയിൽ ഒരു തടസ്സമായി ഒരിക്കലും ഞാൻ ഉണ്ടാവാൻ പാടില്ല, ഈ കാര്യം ഒരിക്കലും അവൻ അറിയരുത് ഞാൻ നിന്നോട് അപേക്ഷിക്കുകയാണ്…
കാർത്തിയുടെ ഇരുകൈകളിലും പിടിച്ചു അച്ചായൻ യാചന യോടെ പറഞ്ഞു.

ഞാനും നീയും അമ്മയും മാത്രമേ ഈ കാര്യം അറിഞ്ഞിട്ടുള്ളൂ, ഇനി മുൻപോട്ടും അങ്ങനെ മതി അച്ചായൻ പറഞ്ഞു.

അമ്മയ്ക്കെല്ലാം അറിയുമോ…?
കാർത്തി സംശയത്തോടെ ചോദിച്ചു.

ഹ്മ്മ് അതാണ് ഇപ്പോൾ എന്റെ വിഷമവും അച്ചായൻ പുഴയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അശ്വിൻ പറയുന്നത് ശരിയാണ്,
നീ ഞങ്ങളുടെ ഭാഗ്യമാണേടാ കാർത്തി അവനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

തന്റെ മിഴികളിൽ ഉരുണ്ടുകൂടിയ മിഴിനീർ കാർത്തി കാണാതെ അച്ചായൻ തുടച്ചു.

തിരികെ വീട്ടിലെത്തിയപ്പോൾ ശിവയും അശ്വിനും പാത്തുവും ഇരുന്നു സംസാരിക്കുന്നതാണ് അവർ കണ്ടത്.

കാർത്തിക അവരെ കണ്ടതും അച്ചായനെ ദയനീയമായി ഒന്ന് നോക്കി.

, ഒന്നും പറയരുത് എന്ന് അച്ചായൻ തലകൊണ്ട് ആംഗ്യം കാണിച്ചു.

പാത്തുവിന്റെ തോളിലൂടെ കൈയിട്ട് സന്തോഷത്തോടെ സംസാരിക്കുന്ന അശ്വിനെ അവരിരുപേരും നോക്കിനിന്നു.

സംസാരിക്കുന്നത് പാത്തുവിനോടാണെങ്കിലും അവന്റെ കണ്ണുകൾ ശിവയോട് കിന്നാരം പറയുന്നുണ്ടായിരുന്നു.

രണ്ടുപേരുടെയും കണ്ണുകൊണ്ടുള്ള അനുരാഗം കണ്ടതും അച്ചായൻ വേദനയോടെ അവിടെ നിന്നും ഒഴിഞ്ഞുമാറി,
അവന് പിറകേ കാർത്തിയും അവിടെ നിന്നും മാറി.

ശ്യാം പിന്നെ ഭക്ഷണം കഴിക്കുന്നത് വരെ ഇനി അടുക്കളയിൽ നിന്നും ഒരടി മാറുകയില്ല അതുകൊണ്ട് അവൻ അടുക്കളയിൽ ഉണ്ടാവും എന്ന് ഉറപ്പിച്ചു രണ്ടാളും അവനടുത്തേക്ക് നീങ്ങി.

**********************************

തന്റെ മുൻപിൽ ഇരിക്കുന്ന തന്റെ പ്രണയത്തെ നോക്കി കാണുകയായിരുന്നു അശ്വിൻ.

ഇന്നെന്തോ അവൾ പതിവിലും സുന്ദരിയായി തോന്നി അവന്.

സാധാരണ ദാവണിയുടുത്താണ് ശിവയെ താൻ കണ്ടിട്ടുള്ളത്.

. സാരിയിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.

അശ്വിന്റെ കണ്ണുകൾ കൊണ്ടുള്ള കുസൃതിയിൽ ശിവ നാണത്താൽ പൂത്തുലഞ്ഞു.

രണ്ടുപേരും കണ്ണുകൾ കൊണ്ട് പരസ്പരം പ്രണയം കൈമാറി.

മൂവരും സംസാരിച്ചിരിക്കുന്നതിനിടയിൽ പാത്തുവിന് ഒരു കോൾ വന്നതും അവൾ അത് അറ്റൻഡ് ചെയ്തു കൊണ്ട് പുറത്തേക്ക് പോയി.

അവൾ പോയതും അശ്വിൻ ശിവയുടെ അടുത്തേക്ക് നീങ്ങി.

ശിവയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി.

അശ്വിന്റെ മുഖത്തേക്ക് നോക്കാനാവാതെ അവൾ താഴേക്ക് തന്നെ നോക്കി നിന്നു.

ഇതെന്താണ് എന്റെ പാറൂട്ടി ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നല്ലോ..? അശ്വിൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു.

അതെന്താ അപ്പോൾ ഞാൻ മുൻപ് സുന്ദരിയല്ലേ..? ശിവ കെറുവിച്ച് കൊണ്ട് ചോദിച്ചു.

അയ്യോ എന്റെ പൊന്നേ ഞാൻ അങ്ങനെ പറഞ്ഞതല്ല, ഇന്ന് എന്റെ പെണ്ണിനെ കാണാൻ സാക്ഷാൽ ദേവിയെ പോലെയുണ്ട് അവളെ തനിക്കഭിമുഖമായി നിർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അശ്വിൻ പറഞ്ഞു.

അവൾ നാണത്തോടെ അശ്വിനെ
നോക്കി.

ഇതെങ്ങനെ പാറൂട്ടി എന്നുള്ള വിളി മനസ്സിലായത്, അതെന്റെ അച്ഛവിളിക്കുന്ന പേരാണ്. അവൾ സംശയത്തോടെ ചോദിച്ചു.

,, അതൊക്കെ എനിക്ക് മനസ്സിലാവും, ഞാൻ നിന്റെ പിറകെ കൂടിയത് ഇന്നും ഇന്നലെയുമല്ല അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

അപ്പോ അന്ന് മനുവേട്ടനെ തല്ലിയതും ഏട്ടനാണോ…? അവൾ സംശയത്തോടെ ചോദിച്ചു.

പിന്നെ എന്റെ പെണ്ണിന്റെ ശരീരത്തിൽ കൈ വച്ചവനെ ഞാൻ പൂവിട്ട് പൂജിക്കണോ..?
അശ്വിൻ ദേഷ്യത്തോടെ ചോദിച്ചു.

അപ്പൊ പണി പറ്റിച്ചത് പാത്തുമ്മ ആണല്ലേ..? എന്നിട്ട് അവൾ ഒരു വാക്കുപോലും എന്നോട് പറഞ്ഞില്ല ശിവ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

അവളേയ് ഈ അശ്വിന്റെ പെങ്ങളാണ്, മറ്റാരെക്കാളും അവൾക്ക് വലുത് ഞാൻ തന്നെയാണ് അശ്വിൻ ഒരു കുസൃതിയോടെ പറഞ്ഞു.

ഓ ഒരു അങ്ങളയും പെങ്ങളും ഇപ്പോൾ ഞാൻ പുറത്ത്, ശിവ കെറുവിച്ച് കൊണ്ട് പുറംതിരിഞ്ഞു ഇരുന്നു.

നീ എങ്ങനെ പുറത്താവും, നീ ഈ അശ്വിന്റെ പെണ്ണാണ്, സ്വന്തമായി ഒരു ജോലി കിട്ടിയിട്ട് വേണം നിന്റെ കൈ പിടിക്കാൻ.

അശ്വിനി യെയും അനു മോളെയും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചാൽ പിന്നെ ഈ അശ്വിൻ നിനക്ക് സ്വന്തം.

അവളുടെ വലതു കരം കവർന്നുകൊണ്ട് അശ്വിൻ പറഞ്ഞു.

അപ്പോഴേക്കും നിന്റെ സ്വപ്നമായ ഐ എ എസ് നീ നേടണം, അത് എന്റെ വലിയ ഒരു സ്വപ്നമാണ്, അതിനു വേണ്ടി എന്ത് ത്യാഗവും ഞാൻ സഹിക്കും.
അവളുടെ കൈപ്പത്തി ഒന്ന് ചുംബിച്ചുകൊണ്ട് അശ്വിൻ പറഞ്ഞു.

ഓ പിന്നെ എനിക്ക് ഐഎഎസ് ഒന്നും ആവണ്ട എനിക്ക് എ കെ എ ആയാൽ മതി അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

എ കെ എ യൊ അശ്വിൻ സംശയത്തോടെ ചോദിച്ചു.

, അതെ എ കെ എ അശ്വിൻ രാഘവിന്റെ കുട്ടികളുടെ അമ്മ അവൾ ഒരു ചിരിയോടെ പറഞ്ഞു.

ഓ പിന്നേ അതാണോ ഇത്ര വലിയ കാര്യം, അതു നിന്നെ ഞാൻ വഴിയെ ആക്കാമെടീ അശ്വിൻ ഒരു ചിരിയോടെ അവളിലേക്കടുത്തു.

താമരയിതൾ പോലുള്ള അവളുടെ അധരങ്ങളെ അവന്റെ അധരങ്ങൾ സ്വന്തമാക്കി,

ശിവ ഒരു വിറയലോടെ അവനെ ഇറുകെ പുണർന്നു,

അവരുടെ അധരങ്ങൾ പരസ്പരം മത്സരിച്ച് സ്നേഹിച്ചു.

ദീർഘനേരത്തെ സ്നേഹ പ്രകടനത്തിന് ശേഷം അവർ വേർ പെട്ടപ്പോൾ മുന്നിൽ പകച്ചുനിൽക്കുന്ന പാത്തുവിനെയാണ് കണ്ടത്.

ന്റെ ള്ളാ…. ഇതെന്താ പോ ഇവിടെ ണ്ടായേ.. പാത്തു പകച്ചു കൊണ്ട് ചോദിച്ചു.

അവർ രണ്ടുപേരും അവളുടെ മുഖത്തേക്ക് നോക്കാനാവാതെ ജാള്യതയോടെ തല കുമ്പിട്ടു നിന്നു.

ന്റെ റബ്ബേ കാര്യം എന്റെ ഇക്കയാണെങ്കിലും എജ്ജാതി റൊമാൻസാ ഹംക്കെ ഇങ്ങൾക്ക്.
ഇങ്ങളിങ്ങനെ തുടങ്ങിയാൽ ന്റെ ബാല്യം മാത്രമല്ല കൗമാരവും എന്തിന് വാർധക്യം പോലും പകച്ചു പോകും മനുഷ്യാ…

ഒന്നുമില്ലെങ്കിലും നിക്കാഹു ഉറപ്പിച്ച ഒരു കുട്ടി അല്ലേ ഞാൻ, എന്റെ മുൻപിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്യാമോ…?
അതും കെട്ടാൻ പോകുന്നത് ഒരു കാട്ടുപോത്തിനെയും, പാത്തു കരയുന്നതുപോലെ പറഞ്ഞു.

അതിന് റൊമാൻസ് എന്താണെന്ന് പോലും അറിയില്ല,
ആ പറഞ്ഞിട്ട് കാര്യമില്ല എന്റെ ജീവിതം നായ നക്കി, യോഗമില്ല അമ്മിണിയെ… പാത്തു നെടുവീർപ്പോടെ പറഞ്ഞു.

അവള് പറയുന്നത് കേട്ടിട്ട് ശിവക്കും അശ്വിനും ചിരി വരുന്നുണ്ട്.

എന്തായാലും നിങ്ങൾ തുടങ്ങി വച്ച കാര്യം പൂർത്തിയാക്കികൊള്ളൂ.. നമ്മൾ കട്ടുറുമ്പ് ആവുന്നില്ലേ.. അതും പറഞ്ഞു ചിരിച്ചുകൊണ്ട് തിരിഞ്ഞ
പാത്തുവിന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു.

ഈ…. പാത്തു മുൻപിൽ നിൽക്കുന്ന ആൾക്ക് ഒരു അവിഞ്ഞ ചിരി പാസാക്കി.

പക്ഷേ മുൻപിൽ നിൽക്കുന്ന ആൾ ഗൗരവം വിടാതെ അവളെ തന്നെ നോക്കി നിൽക്കുകയാണ്.

എന്നാ നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു മുങ്ങാൻ നിന്ന പാത്തുവിന്റെ കയ്യിൽ അയാൾ കേറി പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു.

അപ്പോൾ അളിയാ, ഇവൾക്ക് നിന്നെക്കുറിച്ച് എന്തൊക്കെയോ പരാതിയുണ്ട്, അളിയൻ അതൊക്കെ തീർത്ത് പതുക്കെ വന്നോളൂ ഞങ്ങൾ പുറത്തുണ്ടാവും അശ്വിൻ അതും പറഞ്ഞു ശിവയുടെ കൈയും പിടിച്ച് പുറത്തേക്ക് പോയി.

പാത്തു ഷാഹുൽ സാറിന്റെ കൈ വിടുവിച്ച് ഒന്നു പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും സാറിന്റെ കൈകൾ അവളെ കൂടുതൽ ശക്തിയോടെ പിടിമുറുക്കി.

ഒരു കൈകൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് വെച്ച് മറുകൈകൊണ്ട് സാർ വാതിലിന്റെ ബോൾട്ടിട്ടു.

അതെന്തിനാ വാതിൽ അടയ്ക്കുന്നത് പാത്തു പേടിയോടെയും വെപ്രാളത്തോടെയും ചോദിച്ചു.

നീയല്ലേ പറഞ്ഞത് ഞാൻ കാട്ടുപോത്താണെന്നും എനിക്ക് റൊമാൻസ് അറിയില്ലെന്നുമൊക്കെ എന്നാ പിന്നെ അതൊക്കെ നിന്റെ മുമ്പിൽ ഒന്ന് കാണിച്ചിട്ട് തന്നെ കാര്യം.
സാർ ഷർട്ടിന്റെ കൈ കയറ്റി വെച്ചു കൊണ്ട് അവളോട് പറഞ്ഞു.

അയ്യോ അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാ അവൾ ദയനീയതയോടെ പറഞ്ഞു.

ആണോ എന്നാൽ ഞാൻ സീരിയസ് ആക്കി അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി.

, ദേ എന്റെ അടുത്തേക്ക് വന്നാൽ ഞാൻ ബഹളം വെച്ചു ആളെ കൂട്ടും പാത്തു അവസാനത്തെ അടവെന്നവണ്ണം പറഞ്ഞു.

എന്നാ അതൊന്നു കണ്ടിട്ട് തന്നെ കാര്യം സാർ വീണ്ടും അവളിലീക്കടുത്തു.

തന്റെ നേരെ വരുന്ന സാറേ കണ്ടതും അവൾ ബഹളം വയ്ക്കാനായി വായ പൊളിച്ചതും
സാർ അവളുടെ മുഖം പിടിച്ച് തന്റെ മുഖത്തോടടുപ്പിച്ചു കഴിഞ്ഞിരുന്നു.

പ്രതീക്ഷിക്കാതെ ഉള്ള ചുംബനം ആയതുകൊണ്ടുതന്നെ പാത്തുവിന്റെ രണ്ടു കണ്ണുകളും തുറിച്ചു വന്നിട്ടുണ്ട്.
സാറിന്റെ ചുണ്ടുകൾ അവളുടെ മുഖ ത്തിന്റെ പല ഭാഗത്തു കൂടെ ഓടിനടന്നു.

തന്റെ ഹൃദയമിടിപ്പ് കൂടി താൻ ഇപ്പോൾ അറ്റാക്ക് വന്ന് മരിക്കുമെന്ന് പാത്തുവിന്ന് തോന്നി.

അവൾ പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു നിന്നു.

അവളുടെ മുഖത്തുനിന്നും തന്റെ ചുണ്ടുകളെ വേർപെടുത്തിയ സാർ അവളുടെ നിൽപ്പ് കണ്ട് ഊറി ചിരിച്ചു.

, ഇത്രയേ ഉള്ളൂ നീ എന്നിട്ടാണ് വലിയ വർത്താനം പറയുന്നത്, മേലാൽ ഇങ്ങനെ പറഞ്ഞാൽ ഇതൊരു സാമ്പിൾ മാത്രം സാർ ചിരിയോടെ പറഞ്ഞു.

, ന്റെ അള്ളോ സാമ്പിൾ ഇതാണെങ്കിൽ ബാക്കിയുള്ളതിന്റെ കാര്യം പറയാനില്ല. പാത്തു ഉള്ളിൽ പറഞ്ഞു.

അതെയ് ഞാൻ ഒന്നും പറയില്ല എന്നെ ഒന്ന് പോകാൻ അനുവദിക്കൂ അവൾ ദയനീയമായി പറഞ്ഞു.

അവളുടെ നിൽപ്പ് കണ്ട് ശാഹുൽ സാറിനു ഉള്ളിൽ ചിരിവന്നു.

ഉം ഇപ്പൊ പൊയ്ക്കോ നിന്നെ ഞാൻ പിന്നെ എടുത്തോളാം സാർ ഗൗരവം വിടാതെ പറഞ്ഞു.

അത് കേട്ടതും പാത്തു ഒരൊറ്റ ഓട്ടമായിരുന്നു.
അവൾ പോകുന്നതും നോക്കി സാർ ഒരു ചിരിയോടെ നിന്നു.

എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്.

എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അച്ചായന്റെ ബർത്ത് ഡേ എല്ലാവരും ചേർന്ന് വളരെ ഭംഗിയാക്കി തീർത്തു.

, ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അച്ചായൻ അത് പുറത്തുകാണിക്കാതെ അവരോടൊപ്പം കൂടി.

, എല്ലാവരും പിരിഞ്ഞപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.

നാളെ കാണാം എന്ന പ്രതീക്ഷയോടെ അവരെല്ലാവരും പിരിഞ്ഞു.

, അച്ചായനും ഉറക്കത്തെ പുൽകി പുതിയൊരു പുലിരിയെ വരവേൽക്കാൻ.

&&&&&&&&&&&&&&

” ഇലക്ഷൻ ചൂടിൽ കോളേജ് ഇളകിമറിഞ്ഞു.
പ്രചാരണവും പ്രവർത്തനവുമായി ഇരു പാർട്ടിക്കാരും സജീവമായി.

വാശിയേറിയ മത്സരം തന്നെയാണ് ഈ വർഷം നടക്കുന്നത്.

താൻ മത്സരിച്ച എല്ലാ വർഷവും വിജയക്കൊടി പാറിച്ച് ചരിത്രമേ അശ്വിൻ രാഘവിനുണ്ടായിട്ടുള്ളു.

അതുകൊണ്ടുതന്നെ അവന്റെ വിജയം ഏകദേശം പാർട്ടി ഉറപ്പിച്ചു കഴിഞ്ഞിരുന്നു, വൈശാഖിന്റെ സ്വഭാവവും ശിവയോട് അവൻ ചെയ്ത കൊള്ളരുതായ്മയും ഇതിന് അനുകൂലമായി.

പാത്തു കോളേജിൽ എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നെങ്കിലും ആൻവി അവൾക്ക് ശക്തമായ ഒരു എതിരാളി തന്നെ ആയിരുന്നു.

അവരു തമ്മിലുള്ള മത്സരമാണ് എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്നത്.
ആ ഒരു വിജയം പ്രവചനാതീതമായിരുന്നു. ആര് ജയിക്കും എന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.

ഇലക്ഷൻ പ്രചാരണത്തിന് കലാശക്കൊട്ടാണിന്ന്. ഇനി രണ്ടു ദിവസം നിശബ്ദ പ്രചരണം.

അതുകൊണ്ട് തന്നെ ഇരു പാർട്ടിക്കാരും ഇത് ഒരു ആഘോഷമായി തീർത്തിട്ടുണ്ട്.

തങ്ങളുടെ കഴിവിന്റെ പരമാവധി ഇരു പാർട്ടിക്കാരും ഉപയോഗിക്കുന്നുണ്ട്.

പൊടി പാറിച്ച് ഇലക്ഷൻ പ്രചരണത്തിൽ കോളേജ് ആകെ ഇളകി മറിഞ്ഞു.

കോളേജിലെ ഓരോരുത്തരിലും ഇലക്ഷൻ ആവേശം അലതല്ലി.
ഓരോരുത്തരും അതിന്റെ ലഹരിയിലായിരുന്നു.

ക്ലാസുകൾ കേറിയിറങ്ങി ഇലക്ഷൻ പ്രചാരണം നടത്തുകയാണ് അശ്വിനും കൂട്ടരും.

അശ്വിന്റെ കൂടെ എന്തിനുമേതിനും കട്ടക്ക് അരുണും ശ്യാമും ആണ് കൂടുതൽ സമയവുമുള്ളത്.
പാർട്ടി ഭ്രാന്ത് അവരോളം ഇല്ല കാർത്തിക്കും അച്ചായനും.

പക്ഷേ ക്ലാസ്സുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിൽ അവരും കൂടെ ഉണ്ട്.

പാത്തുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ശിവയും കൂടെയുണ്ട്.

അത് അശ്വിന്റെ മറ്റൊരു തന്ത്രമാണ്, ഈ തിരക്കിൽ അവൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കാൻ ബുദ്ധിമുട്ടാണ് അപ്പോൾ കൂടെ അവളും ഉണ്ടെങ്കിൽ അവൾക്കായിട്ട് പ്രത്യേകിച്ച് സമയം കണ്ടെത്തേണ്ടതില്ലല്ലോ.
തിരക്കായത് കൊണ്ട് തന്നെ രാത്രിയിൽ ഉള്ള ഫോൺ വിളി മാത്രമേ ഇപ്പോഴുള്ളൂ.
ശിവ അവന്റെ തിരക്കുകൾ അറിഞ്ഞു പെരുമാറുന്നത് അവൻ ഒരു ആശ്വാസമാണ്.

പിജി ബ്ലോക്ക് കഴിഞ്ഞ് ഡിഗ്രി കമ്പാർട്ട്മെന്റിൽ എത്തിയപ്പോഴേക്കും കോളേജ് ടൈം അവസാനിക്കാറായിരുന്നു.

അവസാനമാണ് ശിവയുടെയും പാത്തുവിന്റെയും ക്ലാസ്സിലേക്ക് പ്രവേശിച്ചത്.
അവിടെ ആ സമയം ഷാഹുൽ സാറ് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്നു.
അശ്വിനെയും കൂട്ടരെയും കണ്ടപ്പോൾ അദ്ദേഹം ഒരു സൈഡിലേക്ക് മാറി കൊടുത്തു,

അശ്വിൻ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവരുടെ പാർട്ടി ഇതുവരെ നടത്തിയ പുരോഗതികളും എണ്ണിയെണ്ണി നിരത്തി തങ്ങൾക്ക് വേണ്ടി വോട്ട് ചോദിച്ചു.
ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം വോട്ട് ചോദിക്കാനും അവൻ മറന്നില്ല.
എല്ലാവരെയും ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊണ്ട് ക്ലാസ് വിട്ടിറങ്ങാൻ നിൽക്കുമ്പോളായിരുന്നു അവരുടെ ക്ലാസിലെ ഒരു കുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞത്.
എന്തായാലും പ്രചാരണം അവസാനിക്കുകയാണ് അപ്പോൾ നമുക്ക് ശിവയുടെ ഒരു പാട്ടിലൂടെ തന്നെ അവസാനിപ്പിച്ചാലോ..?

അവന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു കൊണ്ട് കൈയ്യടിച്ചു.
ശിവ ഒരു മടിയോടെ അശ്വിനെ നോക്കിയപ്പോൾ അവനും പാടാൻ തല കൊണ്ട് ആംഗ്യം കാണിച്ചു.

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ശിവ പാടിത്തുടങ്ങി.

” വാകകൾ പൂക്കുന്ന വഴി വീഥിയിൽ ചെങ്കൊടി കൈയിലേന്തി…
സഖാവിനെ കണ്ടന്നു ഞാൻ..
ഒരു മാത്രകണ്ടപ്പോൾ എന്നിട നെഞ്ചിലായ് ഒരു വാക പൂമരം പൂത്ത പോലെ…
ഒരുമാത്ര കണ്ടപ്പോൾ എന്നീട നെഞ്ചിലായി ഒരു വാക പൂമരം പൂത്ത പോലെ..

വീണ്ടുമൊരു നോക്കതു കാണുവാനായി ഞാനാമരച്ചോട്ടിലായ് കാത്തിരുന്നു..
വാകകൾ പൂക്കുന്ന……

വളരെ മനോഹരമായി പാടുന്ന ശിവയെ തന്നെ നോക്കി നിൽക്കുകയാണ് അശ്വിൻ.
ആരെയും മയക്കുന്ന സ്വരമാധുര്യമാണ് ശിവയ്ക്ക്.

ശരിക്കും ഈ ശബ്ദമാണോ തന്റെയുള്ളിൽ ആദ്യം സ്ഥാനം പിടിച്ചത്..? അറിയില്ല..
അവളെ ആദ്യം കാണുമ്പോൾ മുടി മുറിക്കാൻ അടുത്തേക്ക് വരുന്ന സണ്ണിയെ പേടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുകയായിരുന്നു. വിറയാർന്ന ചുണ്ടുകൾ, രണ്ടു കണ്ണുകളിലൂടെ യും ചാലിട്ടൊഴുകുന്ന കണ്ണുനീർ..
ഒരു നിമിഷം അത് കണ്ടപ്പോൾ തന്റെ അമ്മയെ ഓർമ്മ വന്നു.
അച്ഛന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ അമ്മയും ഇങ്ങനെ കണ്ണീർ വാർക്കുമായിരുന്നു.
നിസ്സഹായയായ സ്ത്രീ. അത് കണ്ടപ്പോഴാണ് അവളോട് എനിക്ക് ദേഷ്യം വന്നത്. പിന്നീടെപ്പോഴോ അവളെന്റെ ഹൃദയത്തിലേക്ക് ചേക്കേറി. പല രാവുകളും അവളെന്റെ ഉറക്കം കെടുത്തി.
പക്ഷേ എന്തുകൊണ്ടോ ഈ പ്രാരാബ്ധക്കാരെന്റെ ജീവിതത്തിലേക്ക് കൈ പിടിക്കാൻ തോന്നിയില്ല. ആദ്യം തന്നെ നോക്കുന്ന ആ കണ്ണുകളിൽ ഭയം ആയിരുന്നു പക്ഷേ പിന്നീട് അതുമാറി അവളുടെ കണ്ണുകളിൽ പ്രണയം നിറയുന്നത് താൻ കണ്ടു. തന്നെ നോക്കുമ്പോൾ ഉള്ള ആ കണ്ണുകളിലെ തിളക്കം താൻ കണ്ടില്ലെന്ന് നടിച്ചു. എന്നിട്ടും ഇന്ന് അവളെ ഒരിക്കലും പിരിയാൻ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നു താൻ.
തന്നെ നോക്കി ചിരിയോടെ പാടുന്ന ശിവയെ നോക്കി അവൻ കുസൃതിയോടെ കണ്ണുകൾ ഇറുക്കിയടച്ചു.

ഇതേ സമയം അവളുടെ പാട്ടിൽ ലയിച്ചിരുന്ന അച്ചായന്റെ മനസ്സിലും തെളിഞ്ഞുവന്നത് അവൾ ആദ്യമായി തന്റെ ബൈക്കിനു മുൻപിൽ ചാടിയതായിരുന്നു. കൈമുട്ടിലെ തോലുരഞ് കൈ മടക്കിപ്പിടിച്ചു പേടിയോടെ തങ്ങളെ നോക്കുന്ന ഒരു ഒരു പാവാടക്കാരി.
പിന്നീടുള്ള ദിവസങ്ങളിൽ അവളും തന്നോടൊപ്പം കൂടി ഊണിലും ഉറക്കത്തിലും അവളായിരുന്നു.
പ്രാണൻ പോലെ സ്നേഹിച്ചു.
ഇപ്പോൾ മറ്റാർക്കോ സ്വന്തം ആയ ആ പ്രണയത്തെ എന്തിനിനിയും ചങ്കിൽ കൊണ്ടുനടക്കുന്നു എന്നതിന് മാത്രം ഉത്തരമില്ല.
പറിച്ചു കളയാൻ ശ്രമിക്കുന്തോറും അവൾ ആഴത്തിൽ വേരൂന്നുകയാണ് തന്റെ ഹൃദയത്തിൽ. തട്ടിതെറിപ്പിക്കാനാണെങ്കിൽ എന്തിനാ കർത്താവേ എന്റെ മുന്നിലേക്കവളേ നീ തന്നത്. അവൻ വേദനയോടെ അവളെ ഒന്നു നോക്കി. ഉള്ളിലെ വേദന കണ്ണുനീരായി പുറത്തേക്ക് വന്നതും അവൻ ആരും കാണാതെ മുഖം തിരിച്ചു നിശബ്ദമായി തേങ്ങി.

തന്റെ സഖാവിന്റെ കണ്ണുകളിൽ നോക്കി പാടുന്ന ശിവയുടെ കണ്ണുകളിലെ പ്രണയം നോക്കിയിരിക്കുകയായിരുന്നു അശ്വിൻ. നിറഞ്ഞ കൈയ്യടി കേട്ടാണ് സ്വബോധത്തിലേക്ക് വന്നത്.

അപ്പോഴേക്കും ക്ലാസ്സും അവസാനിച്ചിരുന്നു. എല്ലാവരും ധൃതിപ്പെട്ട് ഇറങ്ങുന്നതിനിടയിൽ ശിവയുടെ കാലിന്റെ തള്ളവിരലിൽ അവിടെയുള്ള ഡെസ്കിലെ ആണി തട്ടി മുറിവ് പറ്റി.

അവൾ വേദനയോടെ അവിടെ ഇരുന്നു പോയി.
കാലിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് കണ്ടിട്ട് അച്ചായന്റെ ഉള്ളൊന്നു പിടഞ്ഞു . ഓടിയവൾക്കരികിലെത്തിയപ്പോ ഴേക്കും അശ്വിൻ അവൾക്കരികിലേക്കെത്തിയിരുന്നു.
അപ്പോഴാണ് അവന് സ്വബോധം വന്നത് അവൻ വേഗം അവരിൽ നിന്നും അകന്ന് നിന്നു.

അശ്വിൻ അവളുടെ കാൽ തന്റെ മടിയിലേക്ക് വച്ച് ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം കീറി മുറിവ് നന്നായി കെട്ടി.
വേദനയോടെ പുളയുന്ന അവളുടെ മുഖം കണ്ടു അവന്റെ നെഞ്ചകം വിങ്ങി. അവൻ പതിയെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ച് കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് നടന്നു.

, സകല പെൺകുട്ടികളും ശിവയെ അസൂയയോടെ നോക്കുന്നുണ്ട്.

എല്ലാവരും അവരുടെ പുറകെ പുറത്തേക്ക് പോയി.
അവര് പോകുന്നതും നോക്കി നിന്ന പാത്തു ബാഗ് എടുക്കാനായി തിരിഞ്ഞതും തന്നെ ഒരു പുഞ്ചിരിയോടെ നോക്കിനിൽക്കുന്ന ഷാഹുൽ സാറിനെ കാണുന്നത്.

അയാളുടെ നോട്ടം കണ്ടതും അവൾ ഒന്നു പതറി.

, സാർ ഒരു കുസൃതിച്ചിരിയോടെ മീശയും പിരിച്ച് അവളെ ഒന്നു നോക്കി.

അവൾ വെപ്രാളപ്പെട്ട് ബാഗും വലിച്ച് ധൃതിയിൽ ഒരൊറ്റ ഓട്ടം.

അവൾ ഓടുന്നത് കണ്ട് സാറ് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.

കലാശക്കൊട്ട് ആയതിനാൽ ശിവയെ യും പാത്തുവിനെ യും അവർ ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പറഞ്ഞുവിട്ടു.

നേരം ഒരുപാട് വൈകിയാണ് അശ്വിനും കൂട്ടരും കോളേജ് വിട്ടത്.
രാത്രി ശിവയെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാനും അവൻ മറന്നില്ല.

രാവിലെ നേരത്തെ ഉണരണം, നിശബ്ദ പ്രചാരണം ആണെങ്കിലും താൻ സജീവമായി അവിടെ വേണം, എന്നൊക്കെ ഓർത്ത് അശ്വിൻ ഉറക്കത്തിലേക്ക് വീണു.

രാവിലെ അച്ചായന്റെ ഫോൺ കോൾ ആണ് അവനെ ഉണർത്തിയത്.

നീ വേഗം കോളേജിലേക്ക് വാ.. പ്രശ്നമുണ്ട്, പാത്തു ഇന്ന് കോളേജിലേക്ക് വരാതെ തടയാൻ ശിവയ്ക്ക് വിളിച്ചു പറയണം, ഒരിക്കലും അവൾ കോളേജിലേക്ക് ഇന്ന് എത്താൻ പാടില്ല, ഫോൺ എടുത്ത ഉടനെ അച്ചായൻ പറഞ്ഞത് കേട്ട് അവൻ ഒന്നു ഞെട്ടി.

എന്താടാ എന്താ പ്രശ്നം അശ്വിൻ ആവലാതി യോടെ ചോദിച്ചു.

പ്രശ്നം ഗുരുതരമാണ് നീ വേഗം കോളേജിലേക്ക് വാ, കാർത്തിയും ശ്യാമും അവിടെയുണ്ട് ഈ സമയത്ത് നമ്മൾ അവിടെ വേണം എന്നും പറഞ്ഞ് അച്ചായൻ ഫോൺ കട്ടാക്കി.

കാര്യം എന്തെന്നറിയാതെ അശ്വിന്റെയുള്ളിൽ ഒരുപേടി ഉടലെടുത്തു.

ശിവയെ വിളിച്ച് കാര്യം പറഞ്ഞു അവൻ കോളേജിലേക്ക് പുറപ്പെട്ടു.
പകുതി എത്തിയപ്പോൾ ശിവയുടെ കാൾ വന്നു പാത്തു ആരോ കോളേജിലേക്ക് എത്താൻ വിളിച്ചു പറഞ്ഞിട്ട് നേരത്തെ പുറപ്പെട്ടു എന്നായിരുന്നു അവൾ പറഞ്ഞത്.

എന്തോ അപകടം സംഭവിക്കാൻ പോകുന്നതുപോലെ അവന്റെ മനസ്സിൽ തോന്നി.
ശിവയോട് കോളേജിലേക്ക് എത്താൻ പറഞ്ഞ അവൻ ബൈക്ക് വേഗത്തിൽ കോളേജ് ലക്ഷ്യമാക്കി പറപ്പിച്ചു..

” കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ പതിവിൽ കൂടുതൽ ആളുകളെ കണ്ട് അശ്വിൻ ചുറ്റുമൊന്നു നോക്കി.

ബൈക്ക് ഒരു സൈഡിലേക്ക് നിർത്തി അവൻ ധൃതിയിൽ നടന്നു.

അശ്വിനെ കണ്ടതും അച്ചായൻ അവന്റെ അടുത്തേക്ക് വന്നു.
അവന്റെ മുഖം കണ്ടാലറിയാം കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്..

എന്താടാ അന്തപ്പാ എന്താ പ്രശ്നം…? അശ്വിൻ ആവലാതിയോടെ ചോദിച്ചു.

കാര്യമുണ്ട് നീ വാ… എന്നും പറഞ്ഞ് അവൻ അശ്വിന്റെ കൈയും പിടിച്ച് ഡിഗ്രി കമ്പാർട്ട്മെന്റിലേക്ക് നടന്നു.

അപ്പോഴേക്കും ഒരു ഓട്ടോ വന്ന് അവർക്കരികിൽ നിർത്തി.

അതിൽനിന്നും പാത്തു ഇറങ്ങുന്നത് കണ്ടിട്ട് അച്ചായൻ അശ്വിനെ ഒന്നു നോക്കി.

തടയാൻ പറ്റിയില്ല, അപ്പോഴേക്കും ആരോ അവളെ വിളിച്ചിട്ട് അവൾ പുറപ്പെട്ടു കഴിഞ്ഞിരുന്നു. അശ്വിൻപാത്തുവിനെ നോക്കി അച്ചായനോട്‌ പറഞ്ഞു.

അപ്പോഴേക്കും പാത്തു നടന്ന് അവരുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു.

എന്താ..? എന്താ ഇക്കാ ഇവിടെ എന്തോ സംഭവിച്ചു എന്നും പറഞ്ഞു എനിക്കൊരു കോൾ വന്നു, എന്താ ഉണ്ടായത്….? അവൾ അശ്വിനെ നോക്കി ചോദിച്ചു.

നീ വാ.. പേടിക്കാനൊന്നുമില്ല എന്നും പറഞ്ഞു അച്ചായൻ അവളെ തോളിലൂടെ കയ്യിട്ടു തന്നോട് ചേർത്ത് പിടിച്ച് നടന്നു.

പാത്തു അച്ചായനെയും അശ്വിനെയും സംശയത്തോടെ നോക്കി.

അവളുടെ നോട്ടം കണ്ടിട്ട് അശ്വിൻ ഒന്നുമില്ല എന്ന് കണ്ണുകൾ ചിമ്മി കാണിച്ചുകൊടുത്തു.

അവർ നേരെ ഡിഗ്രി ഫസ്റ്റ്ഇയർസിന്റെ ക്ലാസിലേക്കാണ് പോയത്.

ആ ക്ലാസ് പുറത്തുനിന്നും ലോക്ക് ചെയ്തിട്ടുണ്ട്, എല്ലാവരും അതിന്റെ ചുറ്റും കൂടിയിട്ടുണ്ട്.

ഉള്ളിൽ വന്ന സംശയം അടക്കിപ്പിടിച്ച പാത്തുവും അശ്വിനും ആ ഡോറിനടുത്തേക്ക് നീങ്ങി.

അധ്യാപകനാണ് പോലും ഇവനെയൊക്കെ അദ്ധ്യാപകൻ എന്ന് പറയാൻ നാണമാകുന്നു.
നല്ല അധ്യാപകരുടെ വില കളയാൻ ഇങ്ങനെ ഓരോരുത്തന്മാര് ഇറങ്ങും, ഇവനെയൊക്കെ അടിച്ചു കൊല്ലുകയാണ് വേണ്ടത്..
അവിടെ നിൽക്കുന്ന ഓരോരുത്തരുടെയും മുറുമുറുപ്പ് പാത്തു വിന്റെ ചെവിയിൽ കേട്ടതും അവൾ അശ്വിനെ ഒന്നു നോക്കി.

അശ്വിനും സംശയത്തോടെ അച്ചായനെ നോക്കി.

അപ്പോഴേക്കും ശിവയും അവിടേക്കെത്തിയിരുന്നു. കാർത്തിയും ശ്യാമും പാത്തുവിന് അടുത്തേക്ക് വന്നു.

എല്ലാവരുടെയും മുഖം കണ്ടെതും തന്നോട് എന്തോ ഒളിക്കുന്നത് പോലെ പാത്തുവിന് തോന്നി.

ഡോർ തുറക്കാൻ ഉത്തരവാദിത്തപ്പെട്ട ആളുകളെ പ്രതീക്ഷിച്ചു നിൽക്കുകയാണെന്ന് അവിടെ കൂടിയവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി.

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം പ്രിൻസിയും മറ്റ് അധ്യാപകരും അവിടേക്ക് വന്നു.

ആരോ നീട്ടിയ താക്കോൽക്കൂട്ടം വാങ്ങി പ്രിൻസിപ്പാൾ ആ വാതിൽ തുറന്നു.

മലർക്കെ തുറക്കപ്പെട്ട ആ വാതിലിനടുത്തേക്ക് ആൻവി കരഞ്ഞുകൊണ്ടോടി വന്നു.

അവളുടെ വസ്ത്രങ്ങളെല്ലാം കീറിയിട്ടുണ്ട്, ചുണ്ടും നെറ്റിയും പൊട്ടിയിട്ടുണ്ട്, ഒരു മൽപ്പിടുത്തം കഴിഞ്ഞ മട്ടുണ്ട് അവളെ കണ്ടാൽ.

അവളോടി അവളുടെ കൂട്ടുകാരിയുടെ തോളിൽ തല വച്ച് കരഞ്ഞു. ആരോ നീട്ടിയ ഷാൾ കൊണ്ട് അവളുടെ ശരീരം മുഴുവൻ പുതപ്പിച്ചു.

പാത്തു അത്ഭുതത്തോടെ അവളെ നോക്കുമ്പോഴാണ് അവൾക്ക് പുറകിലായി വരുന്ന ആളെ കണ്ടത്.

ഒരു കുറ്റവാളിയെപ്പോലെ മുഖം താഴ്ത്തി നിൽക്കുന്ന ശാഹുൽ സാറിനെ എല്ലാവരും ദേഷ്യത്തോടെ നോക്കി.

തന്നെ നോക്കുന്ന വിദ്യാർത്ഥികളുടെ മുഖത്ത് എന്ത് ഭാവം ആണെന്ന് പോലും നോക്കാൻ ധൈര്യമില്ലാതെ ഷാഹുൽ സാർ തലതാഴ്ത്തി നിന്നു.

ആ നിൽപ്പ് കാണാൻ വയ്യാതെ പാത്തു മുഖം മാറ്റി.

അപ്പോഴേക്കും വിദ്യാർത്ഥികളിൽ ചിലർ അക്രമാസക്തരായിക്കഴിഞ്ഞിന്നു.

ഒരു കൈയാങ്കളിയ്ക്ക് മുതിർന്ന അവരെ അശ്വിനും കാർത്തിയും ശ്യാമും അച്ചായനും ചേർന്ന് തടഞ്ഞു.
അവരെല്ലാവരും ചേർന്ന് സാറിനെ ഒരു കവചം പോലെ സംരക്ഷിച്ചു.

അപ്പോഴേക്കും വിദ്യാർഥികൾ രണ്ടു ചേരിയായി തിരിഞ്ഞു കഴിഞ്ഞിരുന്നു

സാറിനെ ഇനി ഇവിടെ തുടരാൻ സമ്മതിക്കില്ലഎന്ന് ഭൂരിഭാഗം വിദ്യാർഥികളും പറഞ്ഞു തുടങ്ങി.

അൻവിയെ അവളുടെ കൂട്ടുകാരികൾ ചേർന്ന് ക്ലാസിലേക്ക് കൊണ്ടുപോയി.

ഷാഹുൽ സാറോട് ഓഫീസിലേക്ക് വരാൻ പറഞ്ഞു പ്രിൻസി യും മറ്റുള്ള സ്റ്റാഫും പോയി.

സാറെയും കൊണ്ട് അശ്വിനും അച്ചായനും ഓഫീസിലേക്ക് നടന്നു.

പോകുന്നതിനു മുമ്പ് തലതാഴ്ത്തി നിൽക്കുന്ന പാത്തുവിനെ കാണിച്ച് ശിവയോട് അവളുടെ കൂടെ നിൽക്കാൻ കണ്ണുകൊണ്ട് അച്ചായൻ ആംഗ്യം കാണിച്ചു.
•••••••••••••••••••••••••••••••••••••••

പ്രിൻസിപ്പാളിന്റെ മുമ്പിൽ വിശദീകരണം ചോദിക്കപ്പെട്ട് നിൽക്കുകയാണ് ഷാഹുൽ സാർ സാർ.

അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയാൽ തന്നെ അറിയാം കഴിഞ്ഞു പോയതൊക്കെ നന്നേ തളർത്തിയിട്ടുണ്ടെന്ന്.

സസ്പെൻഷൻ വേണമെന്ന് വൈശാഖും സണ്ണിയും ഒരേ സ്വരത്തിൽ പറഞ്ഞു,

അതിനെ എതിർത്തുകൊണ്ട് ഫോർ ഫൈറ്റേഴ്സും രംഗത്തെത്തി.

കേസ് ആക്കണമെന്നും ആൻവിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അശ്വിൻ തീർത്തുപറഞ്ഞു.

ആൻവി ഒരു പെൺകുട്ടിയാണ് ഈ വിവരം പുറംലോകം അറിഞ്ഞാൽ തകരുന്നത് അവളുടെ ജീവിതമാണ്, അതുകൊണ്ട് ഇത് ആരുമറിയാതെ ഒതുക്കി തീർക്കണമെന്ന് വൈശാഖും പറഞ്ഞു.

ഒന്നും രണ്ടും പറഞ്ഞ് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമായി.

കാര്യങ്ങൾ വഷളാകുന്നു എന്ന് കണ്ടതും ഷാഹുൽ സാർ ഇടയ്ക്കു കയറി ഇടപെട്ടു.

ഇതിന്റെ പേരിൽ ആരും ഒരു പ്രശ്നവും ഉണ്ടാക്കണ്ട. എന്റെ പേരിൽ ഇങ്ങനെയൊരു ആരോപണം ഉണ്ടായപ്പോൾ തന്നെ ഒരു അധ്യാപകൻ എന്ന നിലയിൽ ഞാൻ പരാജിതനായിരിക്കുന്നു.

ഇവിടെ തുടർന്ന് പഠിപ്പിക്കുന്നതിൽ എനിക്കും താല്പര്യമില്ല അതുകൊണ്ട് ദയവുചെയ്ത് ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കരുത്, സാർ അശ്വിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

സാറിന്റെ നിർബന്ധത്തിനു വഴങ്ങി അശ്വിനും കൂട്ടരും അവിടം വിട്ടിറങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

. കോളേജ് ഗ്രൗണ്ടിലെ സ്റ്റെപ്പിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ് പാത്തു.

മൗനത്തെ കൂട്ടുപിടിച്ച് ആയിരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.

ശിവ അവൾക്കരികിൽ ഇരിക്കുന്നുണ്ടെങ്കിലും മൗനത്തിന് തന്നെയാണ് ഇവിടെ പ്രസക്തി എന്നുള്ളതു കൊണ്ടുതന്നെ അവളും ഒന്നും മിണ്ടാൻ പോയില്ല.

അവരെ അന്വേഷിച്ചു അച്ചായനും അശ്വിനും കാർത്തിയും ശ്യാമും അവിടേക്ക് വന്നു.

അവരെ കണ്ടതും ശിവ എഴുന്നേറ്റു അവിടെ നിന്നും മാറി.

പാത്തുവിനെ ഇരു സൈഡിലായി അച്ചായനും അശ്വിനും ഇരുന്നു.

ഇതെന്താ എന്റെ പാത്തുമ്മ ഇങ്ങനെ ഇരിക്കുന്നത്…? അശ്വിൻ അവളുടെ തോളിലൂടെ കൈയിട്ടു തന്നിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു.

, അയ്യേ നമ്മുടെ പാത്തുമ്മയ്ക്ക് ഈവക സെന്റിമെൻസൊന്നും ചേരൂലാട്ടോ.., അച്ചായനും അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

ആൻവിയെ നിനക്കറിയാം നമ്മുടെ സാറെയും നിനക്കറിയാം എന്നിട്ടും നീ ഇത് വിശ്വസിക്കുന്നുണ്ടോ പാത്തൂസേ.. അശ്വിൻ അവളുടെ മുഖം കൈ കൊണ്ട് ഉയർത്തിക്കൊണ്ട് ചോദിച്ചു.

എന്റെ ഇക്ക ഇങ്ങനെയാണോ എന്നെ മനസ്സിലാക്കിയത്…?

എനിക്കറിയാം എന്റെ സാറേ, എന്റെ വിഷമം അതല്ല അത്രയും പേരുടെ മുൻപിൽ ഒരു തെറ്റും ചെയ്യാതെ തലകുനിച്ചു നിൽക്കേണ്ടി വന്ന സാറിന്റെ മുഖം കണ്ടിട്ടാണ് എനിക്ക് വിഷമം.
ആ നിൽപ്പ് സഹിക്കാൻ പറ്റുന്നില്ല, പാത്തു കരഞ്ഞുകൊണ്ടു പറഞ്ഞു.

അതിന് ഞങ്ങളുടെ പാത്തുമ്മ വിഷമിക്കേണ്ട, സാർ തെറ്റുകാരനല്ല എന്ന് ഞങ്ങൾ തെളിയിക്കും കാർത്തി അവളുടെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

എങ്ങനെ, കേസ് ആകാത്തത് കൊണ്ട് വൈദ്യപരിശോധന പോലും നടക്കില്ല ശ്യാം നീരസത്തോടെ പറഞ്ഞു.

എല്ലാവർക്കും ഇടയിലും കുറച്ചുസമയം നിശബ്ദത കേറി വന്നു.

കേസ് ആക്കിയാൽ മാത്രമല്ല വൈദ്യപരിശോധന നടക്കുക, അതിന് ഈ നിദാ ഫാത്തിമ വിചാരിച്ചാൽ നടക്കും, എന്ത് തന്നെ ചെയ്തിട്ടായാലും വേണ്ടില്ല സാർ നിരപരാധിയാണെന്ന് ഞാൻ തെളിയിച്ചിരിക്കും പാത്തു ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

നീ എന്ത് ചെയ്യാൻ പോവുകയാണ്..? അച്ചായൻ സംശയത്തോടെ ചോദിച്ചു.

അതൊക്കെയുണ്ട്, എന്നും പറഞ്ഞ് പാത്തു അവിടെ നിന്നും എഴുന്നേറ്റു.

വാ ശിവാ,, നമുക്ക് ചെറിയൊരു പരിപാടിയുണ്ട് എന്നും പറഞ്ഞു പാത്തു ശിവയുടെ കൈയും പിടിച്ച് അവിടെ നിന്നും പോയി.

മറ്റുള്ളവരും സംശയത്തോടെ അവർക്ക് പുറകെ വെച്ച് പിടിച്ചു.

സ്പോർട്സ് റൂമിൽ മറ്റൊരു കുട്ടിയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു ആൻവി.

പാത്തു അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ച് വലിച്ചുകൊണ്ട് പോയി.

അവിടെ മൂലയിലിരുന്ന ഒരു ഹോക്കി സ്റ്റിക്ക് കയ്യിലെടുക്കാൻ ശിവയോട് കണ്ണുകൊണ്ട് കാണിച്ചു.

ശിവ അതും കയ്യിലെടുത്ത് പാത്തുവിനെ പുറകെ നടന്നു

ആൻവി പാത്തുവിനെ കൈവിടുവിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്,

പക്ഷേ പാത്തു രണ്ടുംകൽപ്പിച്ച് ആയതുകൊണ്ട് അവളുടെ ഒരു ശ്രമവും പാത്തുവിന്റെ അടുക്കൽ നടന്നില്ല.

. ഈ രംഗം കണ്ട് എല്ലാ കുട്ടികളും അവർക്ക് പുറകെ വരാൻ തുടങ്ങി.

പാത്തു ആൻവിയെ ഒരു ക്ലാസിലേക്ക് തള്ളിയിട്ടു.
ശിവയും പാത്തുവും റൂമിലേക്ക് കേറി.

ഇവിടെ എന്ത് തന്നെ സംഭവിച്ചാലും ഈ വാതിൽ തുറന്നു ഒരുത്തനും ഇതിനകത്തേക്ക് വരരുത്, ഞാൻ വാതിൽ തുറക്കുന്നത് വരെ ആരുംതന്നെ ഈ വാതിലിൽ തൊടാൻ സമ്മതിക്കരുത്, അവർക്ക് തൊട്ടു പുറകിലായി വന്ന് അശ്വിനോട് അത്രയും പറഞ്ഞു അവിടെ വരുന്നവരെയെല്ലാം നോക്കി അവർക്കു മുമ്പിൽ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടു.

തുടരും..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply