സഖാവ് – Part 16

4864 Views

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

” ശ്യാമേ…
വണ്ടി എടുക്ക് അമ്മയുടെ ബോഡി വളരെ വീക്കാണ്, നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകാം അച്ചായൻ നിർമ്മലയെ കോരിയെടുത്തു കൊണ്ട് പറഞ്ഞു.

നീ ഇവിടെ നിന്നോ അച്ചായാ..
ഞാനും ശ്യാമും അമ്മയെ കൊണ്ടു പൊയ്ക്കോളാം..

അത് വേണ്ട കാർത്തി ഇനി ഈ നിമിഷം മുതൽ ഈ അമ്മയെ ഞാൻ തനിച്ചാക്കില്ല.
ഇതെന്റെ അച്ചുവിന്റെ അമ്മയാണ് അവൻ ഇല്ലാത്ത കുറവ് അറിയിക്കാതെ ഈ അമ്മയെ ഇനി എനിക്ക് നോക്കണം,
നീ ഇവിടെ വേണം ശിവയും പാത്തുവും നമ്മുടെ പെങ്ങമ്മാരും തളർന്നിരിക്കുകയാണ്, അവരെ ശ്രദ്ധിക്കണം, എന്ന് കാർത്തിയോടായി പറഞ്ഞു അമ്മച്ചിയോട് വണ്ടിയിൽ കയറാൻ തല കൊണ്ട് ആംഗ്യം കാണിച്ച് നിർമ്മലയേയും കൊണ്ട് അച്ചായൻ വണ്ടിക്ക് അരികിലേക്ക് നീങ്ങി.

അച്ചായനും അമ്മച്ചിയും നിർമ്മലയുടെ ബന്ധത്തിലുള്ള ഒരു സ്ത്രീയും ശ്യാമുംകൂടിയാണ് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടത്.

അവിടെ ചെന്ന് ഒരു ഡ്രിപ്പ് ഇട്ടതിനു ശേഷം തിരികെ കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞു.

ഹോസ്പിറ്റലിൽ വെച്ച് അമ്മച്ചി നിർബന്ധിച്ച് നിർമല യെ കൊണ്ട് കുറച്ച് കഞ്ഞി വെള്ളം കുടിപ്പിച്ചു.

അന്നേദിവസം ആരുംതന്നെ ഒരു തുള്ളി വെള്ളം പോലും ഇറക്കിയിട്ടില്ല.

അവർ വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട് എല്ലാവർക്കും കഴിക്കാൻ ഉള്ളത് കൂടി വാങ്ങിച്ചിരുന്നു അച്ചായൻ.

ഭക്ഷണം എല്ലാവർക്കും എടുത്തു കൊടുക്കുന്നതിനിടയിൽ ആണ് ലക്ഷ്മി ശിവയെ ഓർത്തത്.

അവൾ ശിവ കിടക്കുന്ന റൂമിലേക്ക് പോയി. അവിടെ കമിഴ്ന്നു കിടക്കുന്ന പാത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അവളുടെ തേങ്ങൽ ഒരു നേർത്ത ശബ്ദം പോലെ കേൾക്കാം,

ലക്ഷ്മി അവിടെ നിന്നും ഇറങ്ങി എല്ലായിടത്തും ശിവയെ അന്വേഷിച്ചു.

അവളെ കാണാത്തത് ലക്ഷ്മിയിൽ തെല്ലു ഭയം ഉണ്ടാക്കി.
അവൾ ശിവയെ അന്വേഷിച്ച് ആ വീടു മുഴുവൻ ഓടി നടന്നു.
നേരം ഇരുട്ട് വീണു തുടങ്ങിയിരുന്നു ശിവയെ കാണാതെ എല്ലാവരും പരിഭ്രമിച്ചു.

അവളെ അന്വേഷിച്ചിറങ്ങിയ അച്ചായൻ അശ്വിനെ അടക്കം ചെയ്തിടത്ത് ഒരു നിഴലനക്കം കണ്ടു.
അച്ചായൻ അവിടേക്ക് പോകുന്നത് കണ്ടു പുറകെ കാർത്തിയും ശ്യാമും ശിവനും ലക്ഷ്മിയും കൂടി.

മുന്നിലുള്ള കാഴ്ച കണ്ട് എല്ലാവരും ഒരു നിമിഷം നിശ്ചലമായി.

എല്ലാവരുടെയും ഹൃദയം പൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു കണ്മുൻപിൽ.

ശിവ അശ്വിനെ അടക്കിയതിനു സമീപം ആ മണ്ണിൽ തലവച്ച് കിടക്കുന്നു. ഒരു കൈകൊണ്ട് അവന്റെ കുഴിമാടത്തിലെ മണ്ണിനെ അടക്കി പിടിച്ചിട്ടുണ്ട്,.

മോളെ… ശിവൻ വേദനയോടെ വിളിച്ചു..

അപ്പോഴേക്കും ലക്ഷ്മി ഓടിച്ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

എന്താ മോളെ ഈ കാണിക്കുന്നത്…? ലക്ഷ്മി അവളുടെ മുഖത്തെയും ശരീരത്തിലെയും മണ്ണൊക്കെ തട്ടി കൊടുത്തുകൊണ്ട് ചോദിച്ചു.

ചേച്ചി എന്റെ അച്ചുവേട്ടൻ ഇരുട്ടറക്കുള്ളിൽ തനിച്ചാണ്….
ഏട്ടൻ ഇവിടെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ….. ശിവ വാക്കുകൾ മുഴുവൻ ആകാതെ ലക്ഷ്മിയെ പിടിച്ചു പൊട്ടിക്കരഞ്ഞു.

അവളെയും ചേർത്തു പിടിച്ച് ലക്ഷ്മി അകത്തേക്ക് പോകുന്നത് എല്ലാവരും വേദനയോടെ നോക്കി നിന്നു.

************************************

അച്ഛനും കാർത്തിയും ശ്യാമും കൂടി മുറിയിലേക്ക് ചെല്ലുമ്പോൾ ലക്ഷ്മി പാത്തുവിനെ യും ശിവയും ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പക്ഷെ രണ്ടു പേരും ഒന്നും കഴിക്കുന്നില്ല.

ശിവൻ മകളുടെ തലയിൽ തലോടിക്കൊണ്ട് അടുത്തു തന്നെ ഇരിപ്പുണ്ട്.

അച്ചായനെയും കൂട്ടരെയും കണ്ടപ്പോൾ ലക്ഷ്മി എഴുന്നേറ്റുനിന്നു.

ഞങ്ങൾ കുറച്ചു നേരം ഒന്ന് ഒരുമിച്ചിരുന്നോട്ടെ ശിവനെ നോക്കി കാർത്തിയാണ് അത് പറഞ്ഞത്.
അതു കേട്ടതും ശിവനും ലക്ഷ്മിയും അവിടെ നിന്നും പോയി.
അവർ അഞ്ചുപേരും ഒരുമിച്ചായപ്പോഴാണ് കൂട്ടത്തിൽ ഒരുത്തന്റെ വിയോഗം അവരെ വല്ലാതെ വേദനിപ്പിച്ചത്.. തങ്ങൾക്കിടയിൽ അശ്വിൻ ഇപ്പോഴും ഉള്ളത് പോലെ ഒരു തോന്നൽ, കുറച്ചു സമയം അവർ മൗനമായി തന്നെ തുടർന്നു
ശിവ ചുമര് ചാരി ഇരിക്കുകയാണ്, ഒരു പ്രത്യേക സ്ഥലത്തേക്ക് തന്നെ ദൃഷ്ടിയൂന്നി..

ഇടയ്ക്കിടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന മിഴിനീരാണ് അവൾ പ്രതിമയല്ലയെന്ന് തെളിയിക്കാൻ ഉള്ളത്.

പാത്തു കമിഴ്ന്നു കിടന്നു തേങ്ങുകയാണ്, അവളുടെ തേങ്ങൽ ഇടയ്ക്കിടെ ശക്തി കൂടി പുറത്തേക്ക് വരുന്നുണ്ട്..
അച്ചായൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..

അച്ചായനെ കണ്ടതും അവൾ വിതുമ്പിക്കൊണ്ട് അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..

ഇച്ചായാ….

എനിക്കിതോട്ടും സഹിക്കാൻ പറ്റുന്നില്ല… കണ്ണടച്ചാൽ കാണുന്നത് എന്റെ ഇക്കയുടെ പുഞ്ചിരിച്ചു നിൽക്കുന്ന മുഖമാണ് അവൾ കരച്ചിലിനിടയിൽ പറഞ്ഞു.

സാരമില്ലെടോ ഇങ്ങനെ വിഷമിച്ചാൽ അവൻ തിരിച്ചു വരുമോ..?
അവന്റെ പ്രിയപ്പെട്ടവർ ഇങ്ങനെ വിഷമിക്കുന്നത് അവൻ ഒട്ടും സഹിക്കില്ല.
അതുകൊണ്ട് എന്റെ പാത്തു കുട്ടി പോയി മുഖം തുടച്ച് വല്ലതും കഴിക്ക്, അവളുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് അച്ചായൻ പറഞ്ഞു.

ശിവാ…
.. കാർത്തി അവളുടെ അരികിലിരുന്ന് മെല്ലെവിളിച്ചു..

അവൾ അവനെ ഒന്ന് നോക്കി വീണ്ടും അതേ ഇരിപ്പ് തുടർന്നു..

നിങ്ങളോട് എല്ലാവരോടും എനിക്കൊരു കാര്യം പറയാനുണ്ട്, ഒരിക്കലും ഈ അവസരത്തിൽ പറയാൻ പാടില്ല, എന്നിട്ടും പറയുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ മാനസികാവസ്ഥ ഒന്നു മനസ്സിലാക്കണം.. കാർത്തി പറയുന്നത് കേട്ട് എല്ലാവരും അവനെ സംശയത്തോടെ നോക്കി.

എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ അച്ചു എന്റെ കൂടെയുണ്ട്, അവൻ ഇല്ലാത്ത ഒരു നിമിഷം പോലും സങ്കൽപ്പിക്കാൻ വയ്യാത്ത എനിക്ക് എങ്ങനെ കഴിയും ഇവിടെ ജീവിക്കാൻ, ഒരിക്കലും കഴിയില്ല കാർത്തി വിതുമ്പിക്കൊണ്ട് പറഞ്ഞു.
അവൻ ഇല്ലാത്ത ഈ നശിച്ച നാട് എനിക്ക് വേണ്ട. ഒരു കണക്കിന് ഒളിച്ചോട്ടം എന്ന് വേണമെങ്കിൽ പറയാം, ജീവൻ ഉപേക്ഷിക്കാത്തത് എന്റെ അച്ചുവിനെ വെട്ടിനുറുക്കിയവരുടെ അന്ത്യം കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്, ഞാൻ പോവുകയാണ് ഈ നാടും വീടുമെല്ലാം ഉപേക്ഷിച്ച്,,
തിരിച്ചുവരും മനസ്സ് ശാന്തമാകുന്ന അന്ന് അതുവരെ ആരും എന്നെ പ്രതീക്ഷിക്കണ്ട…
ഒരു പിൻവിളി കൊണ്ട് ആരും എന്നെ തടയുകയും വേണ്ട,
തീരുമാനം ഉറച്ചതാണ് ദയവുചെയ്ത് എന്നെ പോകാൻ അനുവദിക്കൂ എന്ന് പറഞ്ഞ് കാർത്തി പൊട്ടിക്കരഞ്ഞു..

എടാ എന്തൊക്കെയാണീ… അച്ചായൻ വാക്കുകൾ മുഴുവനാകാതെ അവനെ നോക്കി…

അച്ചായനെ നേരെ കാർത്തി തൊഴുകൈയോടെ നോക്കി, എന്നെ എന്റെ വഴിക്ക് വിട്ടേക്ക് എന്ന് പറയാതെ പറയുന്ന പോലെ..

അവനെ ഒന്നു നോക്കിയ ശേഷം അച്ഛൻ അവിടെ നിന്നും പോയി..

തനിക്ക് ചുറ്റുമുള്ളവരെ കാർത്തി വിഷമത്തോടെ നോക്കി…

” അച്ചായൻ അവിടെ നിന്നിറങ്ങി നേരെ പോയത് അശ്വിന്റെ കുഴിമാടത്തിനരികിലേക്കായിരുന്നു
അവൻ ആ കുഴിമാടത്തിലേക്ക് വേദനയോടെ നോക്കി…

അറിയാം അശ്വിൻ നീ ഇപ്പോൾ അകലെയെവിടെയോ നിന്ന് ഞങ്ങളെ നോക്കുന്നുണ്ട് എന്ന്..

എന്തൊരു വിധിയാ കർത്താവേ ഇത്..? ഇങ്ങനെ അറുത്തു മാറ്റാൻ ആണെങ്കിൽ നീ എന്തിന് ഞങ്ങളെ അടുപ്പിച്ചു…?
അവന്റെ സന്തോഷം കാണാൻ അല്ലേ ഞാൻ പ്രാണനായി കൊണ്ടുനടന്ന പെണ്ണിനെ അവന് വിട്ടുകൊടുത്ത് മാറിനിന്നത്, അതുകൊണ്ട് ഇനി അവളുടെ സങ്കടം കൂടി ജീവിതകാലം മുഴുവൻ കാണേണ്ടി വരില്ലേ…? ഇതിനു മാത്രം തെറ്റ് എന്താണ് ഞാൻ ചെയ്തത്…? തന്റെ കണ്ണുകൾ നിറഞ്ഞു വന്നപ്പോൾ അവൻ കൈത്തലം കൊണ്ട് അവയെ തുടച്ചുമാറ്റി.

അച്ചായാ…

അവന്റെ തോളിൽ കൈ വെച്ച് വേദനയോടെ കാർത്തി വിളിച്ചു..

, അവനെ ഒന്ന് തിരിഞ്ഞു നോക്കി അച്ചായൻ വീണ്ടും ആ നിൽപ്പ് തുടർന്നു.

, അറിയാം ഞാൻ പോകുന്നതുകൊണ്ട് ഏറ്റവും കൂടുതൽ തളരുന്നത് നീയാണെന്ന്,

പക്ഷേ ഈ യാത്ര എനിക്ക് പൂർത്തിയാക്കിയേ പറ്റൂ…
അച്ചായാ…. ഞാനിവിടെ നിൽക്കുന്ന ഓരോ നിമിഷവും അശ്വിന്റെ ഓർമ്മകൾ എന്നെ ഭ്രാന്തനാക്കുന്നു. എന്റെ സമനിലതെറ്റുന്നതിനുമുമ്പ് എനിക്ക് ഇവിടുന്ന് ഓടിയൊളിക്കണം, ദയവുചെയ്ത് എന്നെ പോകാൻ അനുവദിക്കണം, എന്നുപറഞ്ഞ് കാർത്തി തൊഴുകൈയോടെ അച്ചായനെ നോക്കി പൊട്ടിക്കരഞ്ഞു.

അച്ചായൻ അവന്റെ കൈകൾക്കുമേൽ തന്റെ കൈകൾ വെച്ചു.
എനിക്കറിയാം നിന്റെ മാനസികാവസ്ഥ. നിന്നെ ഞാൻ തടയില്ല ഒരിക്കൽ നീ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഉണ്ടാകും ഇവിടെ, അശ്വിനു വേണ്ടി അവന്റെ കടമകൾ എല്ലാം ഞാൻ ചെയ്യും അച്ചായൻ ഒരു ഇടർച്ച യോടെ പറഞ്ഞു.

അച്ചായാ…
ശിവ അവൾക്കിനി ആരും ഇല്ലടാ.
, അശ്വിൻ നിന്റെ കൈകളിൽ അവളെ ഏൽപ്പിച്ചത്.
നീ ഉണ്ടാവണം അവളുടെ കൂടെ തളരാൻ വിടല്ലേ അവളെ ചേർത്തു നിർത്തണം നീ, കാർത്തി അവനെ നോക്കി പ്രതീക്ഷയോടെ പറഞ്ഞു.

അവന് അച്ചായൻ വേദനയിൽ കലർന്ന ഒരു പുഞ്ചിരി നൽകി.
കാർത്തി അവനെ തന്നെ ഒരു നിമിഷം നോക്കിനിന്നു.
, ശേഷം അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ഇറുകെ പുണർന്നു പൊട്ടിക്കരഞ്ഞു.

അച്ചായനും അതുവരെ തടഞ്ഞു വെച്ചിരുന്ന എല്ലാ സങ്കടവും അണപൊട്ടിയൊഴുക്കി.

പരസ്പരം പുണർന്നു കൊണ്ട് പൊട്ടിക്കരയുന്ന അവരെ നോക്കി ശ്യാം മാറിനിൽക്കുന്നത് കണ്ട കാർത്തി ഒരു കൈ കൊണ്ട് അവനെ മാടി വിളിച്ചു.

, വിളിക്കാൻ കാത്തുനിന്ന പോലെ ശ്യാം ഓടി വന്ന് അവരെ പുണർന്നു.

മൂന്നുപേരും അങ്ങനെ നിൽക്കുമ്പോൾ ഒരാളുടെ വിടവ് അവിടെ നന്നായി കാണപ്പെട്ടു.

ദൂരെ ഒരു നക്ഷത്രം അവരെ നോക്കി ഒന്ന് കണ്ണ് ചിമ്മിയോ…?
ആ സൗഹൃദ സ്നേഹത്തിനു മുൻപിൽ അന്തരീക്ഷം പോലും ഇഴുകി ചേർന്നു, കോരിച്ചൊരിയുന്ന മഴ വർഷിച്ചു പ്രകൃതിയും അവരുടെ കൂടെ കൂടി.

***********************************

കാർത്തി യാത്രപറഞ്ഞു പോയതിനുശേഷം അച്ചായനും ശ്യാമും ശരിക്കും ഒറ്റപ്പെട്ടു.

ശിവയെ അവിടെ നിർത്തിയാൽ അവളുടെ സങ്കടത്തിന് ആഴം കൂടുകയേ ഉള്ളൂ എന്നും പറഞ്ഞ് പിറ്റേദിവസം രാവിലെ തന്നെ അവരെ വീട്ടിലേക്കയച്ചു.

അവളുടെ അവസ്ഥ ഏവരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു.
അശ്വിന്റെ അമ്മ അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു കരഞ്ഞുകൊണ്ടാണ് അവളെ യാത്രയാക്കിയത്, ഒരു പ്രതിമ കണക്ക് തന്നെയായിരുന്നു അവൾ അവിടെ നിന്നും ഇറങ്ങിയത്.

തന്റെ പ്രാണനും പ്രണയവും ഇവിടെ ഉപേക്ഷിച്ചു ഈ ശിവ ഇറങ്ങുകയാണ് അച്ചുവേട്ടാ..

ശിവ ആ കുഴിമാടത്തിലേക്ക് ഒരിക്കൽകൂടി നോക്കവേ അണ പൊട്ടി ഒഴുകാൻ കാത്തിരുന്ന മിഴിനീർ വീണ്ടും കുത്തിയൊലിക്കാൻ തുടങ്ങി.

തന്റെ മുൻപിലുള്ള ഡയറിയിലെ അക്ഷരങ്ങളിലേക്ക് രണ്ടിറ്റു കണ്ണുനീർ വീണപ്പോഴാണ് ശിവ കരയുകയാണെന്ന സത്യം മനസ്സിലാക്കിയത്.

തന്റെ കൈകൾകൊണ്ട് ആ കണ്ണുനീർ തുടച്ച് അവളാകയ്യിലേക്ക് നോക്കി.
ഇനിയും കണ്ണുനീരോ…? എത്ര കരഞ്ഞു തീർത്ത രാവും പകലും, ഇപ്പോഴും മാറ്റമില്ലാത്തത് അച്ചുവേട്ടന്റെ ഓർമ്മകൾക്കും ഈ കണ്ണീരിനും ആണ്,

ശിവയുടെ മുറിയിൽനിന്ന് വെളിച്ചം വരുന്നത് കണ്ടിട്ടാണ് ശിവൻ അവിടേക്ക് ചെന്നത്,

മോൾ ഇനിയും ഉറങ്ങിയില്ലേ…? തന്റെ കൈകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്ന ശിവ ആ ശബ്ദം കേട്ടാണ് ഓർമ്മകളിൽനിന്നും ഉണർന്നത്.

ഉറക്കം വന്നില്ലച്ഛാ…
ഒരു ചാനൽ നാളെ എന്റെ ജീവിതകഥ വേണമെന്ന് പറഞ്ഞിരുന്നു, അവർക്ക് എന്തോ പരിപാടി ചെയ്യാൻ ആണെന്ന് പറഞ്ഞു, എന്തായാലും ഉറക്കം പോയി അപ്പോൾ പിന്നെ അവർക്ക് വേണ്ടത് തയ്യാറാക്കാം എന്ന് വിചാരിച്ചു. ശിവ അച്ഛനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

പുറമേ പുഞ്ചിരിചാലും അവൾ ഉള്ളിൽ കരയുകയാണ് ശിവനറിയാം…
അവളെ ഒന്നു നോക്കിയ ശേഷം ശിവൻ തന്റെ മുറിയിലേക്ക് നടന്നു.

ശിവ അശ്വിന്റെ മരണശേഷം ആകെ തകർന്നു, ഒരു വേള മനോനില തകർന്നവളെ പോലെ പെരുമാറി, ജീവിതത്തിലെ വർണ്ണങ്ങൾ എല്ലാം ത്യജിച്ചു.
വെള്ള വസ്ത്രം അണിയാൻ ഒരുങ്ങിയ അവളെ അമ്മയാണ് അതിൽ നിന്നും പിന്തിരിപ്പിച്ചത്.

താൻ മരിക്കുന്നതുവരെ തന്റെ കുഞ്ഞുങ്ങളെ ഇങ്ങനെ കാണരുതെന്ന് പറഞ്ഞ അമ്മയ്ക്ക് മുൻപിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു.

ചുമരിൽ മാലയിട്ട് തൂക്കിയ തന്റെ അമ്മയുടെ ചിത്രത്തിന് മുൻപിൽ അയാൾ വേദനയോടെ നിന്നു.

ലച്ചുവിനെ കല്യാണം കഴിഞ്ഞതോടെ ശിവ തീർത്തും ഒറ്റപ്പെട്ടു.
അവളെ ഇന്ന് കാണുന്ന ഈ ശിവ യാക്കി മാറ്റിയത് അച്ചായൻ തന്നെയാണ്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവൻ,
ശിവൻ ഓരോന്നൊക്കെ ചിന്തിച്ച് തന്റെ കട്ടിലിൽ കണ്ണുകളടച്ചു കിടന്നു.

***********************************

നിനക്ക് ഇതുവരെ അകത്തുവന്നു കിടക്കാറായില്ലേ…? പുറത്തെ ചാരുപടിയിൽ കണ്ണുതുറന്ന് മലർന്നുകിടന്ന അച്ചായൻ ത്രേസ്യയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.

അമ്മ കിടന്നോ ഞാൻ കുറച്ചു നേരം ഇവിടെ കിടക്കട്ടെ അവൻ ത്രേസ്സ്യയ്ക്കും നേരെ ഒരു പുഞ്ചിരി നൽകി കൊണ്ട് പറഞ്ഞു.

അവനെ നിർബന്ധിച്ചിട്ടും കാര്യമില്ലെന്ന് അറിയുന്നത് കൊണ്ടാവും അവരും പിന്നെ ഒന്നും പറയാതെ അകത്തേക്ക് പോയി.

അന്ന് അച്ചു പോയതിനുശേഷം പിടിച്ചുനിൽക്കാൻ ഒരുപാട് കഷ്ടപ്പെട്ടു, പരീക്ഷണത്തിന്റെ നാളുകളായിരുന്നു പിന്നീട്.
അവന്റെ മരണം എല്ലാവരെയും തകർത്തു
കാർത്തി നാടുവിട്ടു, അരുൺ തുടർന്ന് പഠിക്കുന്നില്ല എന്നുപറഞ്ഞ് വിദേശത്തേക്ക് ചേക്കേറി. വായാടിയും കുറുമ്പു കാണിച്ചും നടന്നിരുന്ന പാത്തു പിന്നീട് ആരോടും മിണ്ടാതെയായി
അവളുടെ നിശബ്ദത എല്ലാവരെയും തളർത്തി. ഇങ്ങനെ പോയാൽ അവൾ ഒരു രോഗിയായി തീരും എന്ന് തോന്നിയത് കൊണ്ടാവാം ഷാഹുൽ സാറ് അവളെ തന്റെ അരികിലേക്ക് കൊണ്ടുപോയി,
ഒരു മാറ്റം അവള്ക്ക് അത്യാവശ്യം ആയതുകൊണ്ടാവാം ആ സുഹൃത്തുക്കൾ അവൾക്ക് വേദനയോടെ യാത്രാമൊഴി നൽകി.

എല്ലാവരും പോയപ്പോൾ താനും ശ്യാമും തികച്ചും ഒറ്റപ്പെട്ടു.
അച്ചായന്റെ ഓർമ്മകളിലേക്ക് വേദനിപ്പിക്കുന്ന ദിനങ്ങൾ വീണ്ടും വന്നെത്തി.
അശ്വിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കയ്യിൽ കിട്ടിയതിനു ശേഷം ആണ് എല്ലാവരെയും സ്ഥലം എസ് ഐ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

അവിടെ ചെന്നത് മുതൽ അയാളുടെ സ്വഭാവം മാറി.
എല്ലാവരെയും മാറി മാറി അദ്ദേഹം ചോദ്യം ചെയ്തു.

തന്നെയും ശിവയെയും പ്രതിസ്ഥാനത്തു നിർത്തി അദ്ദേഹം ചോദ്യം ചെയ്യാൻ തുടങ്ങി.

അതിനു സാക്ഷിയായി അശ്വിന്റെ അമ്മയും പെങ്ങമ്മാരും തങ്ങളുടെ സുഹൃത്തുക്കളും….

മിസ്റ്റർ ആന്റോ ആന്റണി കൂർമബുദ്ധി കാരൻ താങ്കൾ തന്നെയാണ് സുഹൃത്തിന്റെ ഘാതകൻ എന്നു പറഞ്ഞാൽ താൻ നിഷേധിക്കുമോ..,?
നോ…. എസ് ഐയുടെ ചോദ്യത്തിന് ഒരു അലർച്ചയായിരുന്നു മറുപടി.

പ്ഫാ.. %&&%%::മോനെ പോലീസ് സ്റ്റേഷനിൽ കയറി ഞങ്ങളോട് അലറുന്നോ ടാ എന്നും പറഞ്ഞ് എസ് ഐ രവീന്ദ്രനാഥ് അവന്റെ കരണത്ത് ആഞ്ഞടിച്ചു..

അയാൾ അടിച്ചതിലേറെ അവനെ വേദനിപ്പിച്ചത് അയാളുടെ വാക്കുകൾ ആയിരുന്നു.
തന്റെ അച്ചുവിനെ താൻ കൊന്നു എന്നോ….? അച്ചായൻ കവിളിൽ കൈവെച്ച് ദേഷ്യത്തോടെ അയാളെ നോക്കി.

നോക്കി പേടിപ്പിക്കുന്നോ ഡാ ഞങ്ങൾ ഈ ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്…

ഈ നിൽക്കുന്ന ശിവ പാർവതിയെ നീ സ്നേഹിച്ചിരുന്നില്ലേ….? അശ്വിൻ രാഘവിനേക്കാൾ മുൻപ് നിന്റെ മനംകവർന്ന പെണ്ണല്ലേ ഇവൾ.. ശിവയ്ക്ക് നേരെ വിരൽ ചൂണ്ടി അയാൾ അച്ചായനോട് ചോദിച്ചു.

തന്റെ നേരേ നിറമിഴിയോടെ നോക്കുന്ന ശിവയെ നിസ്സഹായതയോടെ അച്ചായൻ നോക്കി.

പറയെടാ %$&&&44$%$ സത്യം ഞങ്ങളുടെ കൈക്ക് പണി ഉണ്ടാക്കാതെ അയാൾ വീണ്ടും അവനു നേരെ അലറി.

അതെ! അവൾ ഞാൻ സ്നേഹിച്ച പെണ്ണ്, അശ്വിനു മുൻപ് തന്റെ പാതിയാക്കാൻ കൊതിച്ചവൾ,

ഏവരെയും ഞെട്ടിച്ചുകൊണ്ട് അച്ചായന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു.

ശിവ കേട്ടത് വിശ്വസിക്കാനാവാതെ മിഴിച്ചു നിന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെ അവൾക്ക് തോന്നി. ഒരു ആശ്വാസത്തിനായി അവൾ അവിടെയുള്ള ചുമര് ചാരി തളർച്ചയോടെ നിന്നു…

” ശിവയെ അച്ചായൻ ഒരു വേദനയോടെ നോക്കി..

സോറി ശിവ എന്റെ ഇഷ്ടം ഇങ്ങനെയൊരു അവസ്ഥയിൽ നീ അറിയും എന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല, ഒരിക്കലും അറിയരുത് എന്ന് കരുതിയ സാഹചര്യത്തിലാണ് മോളെ നീ ഇതറിയുന്നത്..
തന്നെ തന്നെ മിഴിച്ചു നോക്കുന്ന ശിവയെ അവൻ ദയനീയമായി ഒന്ന് നോക്കി.

ഹാ ഇപ്പൊ എങ്ങനെയുണ്ട് ഞങ്ങളുടെ സംശയങ്ങൾ ഓരോന്നോരോന്നായി തെളിഞ്ഞു വരുന്നില്ലേ….? എസ് ഐ ഒരു പുച്ഛത്തോടെ അച്ചായനെ നോക്കി ചിരിച്ചു.

പിന്നെ ഇവൾ കുറച്ചു കാലം അവന്റെ കൂടെ നടന്നപ്പോൾ ഇവൾക്കും മടുത്തു കാണും, എന്തുകൊണ്ടും അശ്വിനേക്കാൾ സൗന്ദര്യവും സമ്പത്തുമുള്ള നീ തന്നെയാണ് അവനേക്കാൾ നല്ലത് എന്നിവൾക്കും തോന്നിക്കാണും, പെണ്ണല്ലേ ഇനം അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ ശിവയെ അടിമുടി നോക്കി കൊണ്ട് അയാൾ പരിഹാസത്തോടെ പറഞ്ഞു.

അത് നിന്റെ കുടുംബത്തിലെ പെണ്ണുങ്ങൾ, എല്ലാവരും ഒരുപോലെയാണെന്ന് വിചാരിക്കരുത്, അച്ചായൻ ദേഷ്യത്തോടെ പറഞ്ഞു.

പ്ഫാ… നായെ പൊലീസിന് നേരെ കുരക്കുന്നോടാ എന്നുപറഞ്ഞ് അയാൾ അച്ചായന്റെ കഴുത്തിനു കുത്തിപ്പിടിച്ചു ചുമരിലേക്ക് അടുപ്പിച്ചു.

വേണ്ടാത്തത് പറഞ്ഞാൽ പോലീസുകാരൻ ആണെന്നൊന്നും ഞാൻ നോക്കില്ല അങ്ങനെ നോക്കിയ ശീലവും ഇല്ല ഈ ആന്റണിക്ക് അച്ചായൻ ദേഷ്യത്തോടെ തന്നെ മറുപടി പറഞ്ഞു.

ഓഹോ ഞങ്ങൾ പറയുന്നതിലാണ് തെറ്റ്, നിങ്ങൾക്ക് എന്തും കാണിക്കാം,
അങ്ങനെയാണെങ്കിൽ ഞങ്ങൾ ചോദിക്കുന്നതിനു മറുപടി താ..
എങ്ങനെയാണ് അശ്വിൻ രാഘവ്‌ അവിടെ അത്ര നേരത്തെ എത്തിയത്, നിങ്ങൾ ഫ്രണ്ട്സിനു മാത്രം അറിയാവുന്നകാര്യാമാണ് അവനും ശിവയും കോളേജിൽ നേരത്തെ എത്തുമെന്ന് ഈ കാര്യം എങ്ങനെ കൊലയാളികൾ അറിഞ്ഞു, അയാൾ അച്ചായന്റെ കഴുത്തിലെ പിടി ഒന്ന് അയച്ചു കൊണ്ട് പറഞ്ഞു.

ഇത് നിങ്ങൾ രണ്ടുപേരും ഒത്തുകളിച്ചതാ അവനെ ആ നേരത്ത് അവിടെ എത്തിച്ചതും ഈ കൊലപാതകത്തിന് കൂട്ട് നിന്നതും ഇവളാണ് അയാൾ ശിവയ്ക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഹേയ്…. അനാവശ്യം വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ..? അച്ചായൻ ഞൊടിയിടയിൽ തന്നെ പിടിച്ച അയാളെ തട്ടിമാറ്റി അയാളുടെ കഴുത്തിൽ കേറി പിടിച്ചു ചുമരിലേക്ക് വലിച്ചടുപ്പിച്ചു.. ദേഷ്യം കൊണ്ട് അച്ചായന്റെ ഞരമ്പുകൾ എല്ലാം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു,, കണ്ണുകൾ ചുവന്നു ഒരു വല്ലാത്ത ഭാവം അവനിൽ വന്നുചേർന്നു,
എസ് ഐ അവനെ പേടിയോടെ നോക്കി, അവന്റെ കൈകൾക്കുള്ളിൽ കിടന്നയാൾ ശ്വാസത്തിനു വേണ്ടി പിടഞ്ഞു.

അവിടെയുള്ള മുഴുവൻ പോലീസുകാരും എത്ര പരിശ്രമിച്ചിട്ടും അയാളിലുള്ള അവന്റെ പിടി വീടുവിയ്ക്കാൻ സാധിച്ചില്ല.
അവന്റെ കാതുകളിൽ അയാൾ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു, അവന്റെ ദേഷ്യം കൂടുന്തോറും അയാളിലെ പിടി അവൻ മുറുക്കി കൊണ്ടിരുന്നു.

അയാൾ അവന്റെ കൈകൾക്കുള്ളിൽ കിടന്നു പിടഞ്ഞുകൊണ്ടിരുന്നു ഒരിറ്റു ശ്വാസത്തിനുവേണ്ടി. അയാളുടെ കണ്ണുകൾ തുറിച്ച് പുറത്തേക്ക് വന്നിട്ടുണ്ട്, ഒരു നിമിഷം മരണം മുന്നിൽ കണ്ടു.

മോനേ…. എന്നുള്ള നിർമ്മലയുടെ അലർച്ചയാണ് അച്ചായനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.

ആ വിളി കേട്ടതും അവൻ പോലുമറിയാതെ അവന്റെ കൈകൾ മെല്ലെ അയഞ്ഞു.

അച്ചായന്റെ പിടി അയഞ്ഞതും അയാൾ അവനിൽ നിന്നും കുതറിമാറി ക്ഷീണിതനായി തറയിൽ ഇരുന്നു.

അച്ചായൻ പിടിച്ച് ഭാഗത്ത് കൈ വെച്ച് ചുമച്ചു കൊണ്ട് അയാൾ ശ്വാസം ആഞ്ഞു വലിച്ചു.

നിർമ്മലയെ നോക്കിയ അച്ചായൻ അവൾ അരുതെന്ന് തല കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ശാന്തനായി.
നിർമ്മലയുടെ അരികിലിരിക്കുന്ന അനുമോളെ യും അശ്വിനിയും അവൻ നോക്കി, രണ്ടാളും പേടിച്ച് വല്ലാതെ ആയിട്ടുണ്ട്.

പോലീസുകാരന്റെ ദേഹത്ത് കൈവെക്കാനായോടാ
കൊല്ലാ പന്ന &%&&*&%%&& എന്ന് അലറി കൊണ്ട് അച്ചായനെ പിടിച്ചു തള്ളി,
പ്രതീക്ഷിക്കാത്തതായതുകൊണ്ടുതന്നെ അച്ചായൻ നിലത്തേക്ക് വീണു.
എല്ലാവരും കൂടി ചേർന്ന് അവനെ വളഞ്ഞിട്ടു തല്ലി.
കൂടെയുള്ളവർഎല്ലാം നിസ്സഹായരായി നോക്കിനിൽക്കാൻ അല്ലാതെ വേറെ ഒന്നിനും കഴിയുമായിരുന്നില്ല.

സ്റ്റോപ്പ് ഇറ്റ് ഇൻസ്പെക്ടർ, എന്ത് അക്രമമാണ് നിങ്ങൾ കാണിക്കുന്നത്…? പെട്ടെന്നുള്ള ആ ശബ്ദം കേട്ട് എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് നോക്കി.

ഒരു നാല്പതിനോടടുത്ത പ്രായം തോന്നിക്കുന്ന ഒരാൾ ദേഷ്യത്തോടെ അകത്തേക്ക് വന്നു.

കയ്യിലുള്ള കോട്ടും ഇട്ടിരിക്കുന്ന വേഷത്തിൽ നിന്നും വന്നിരിക്കുന്നത് ഒരു വക്കിലാണെന്ന് ഏവർക്കും മനസ്സിലായി.

അച്ചായനെ തല്ലിച്ചതച്ചു അവശനാക്കിയിരുന്നു.
അവൻ പതിയെ തലചെരിച്ചു നോക്കി..

സ്റ്റീഫൻ അങ്കിൾ
മുൻപിൽ നിൽക്കുന്ന ആളെ കണ്ടു അവന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.

അമ്മച്ചിയുടെ ഒരേയൊരു ആങ്ങളയാണ്, ഈ സ്റ്റീഫൻ, അവന്റെ അവസ്ഥ കണ്ടതും അയാളുടെ മുഖമൊന്ന് വാടി.
അയാൾ അവനരികിൽ ചെന്നു അവനെ പിടിച്ചെഴുനേൽപ്പിച്ചു,
അവന്റെ മുഖത്തും ചുണ്ടിലും അടികിട്ടി പൊട്ടിയ ഭാഗങ്ങളിലൂടെ അയാൾ വേദനയോടെ തലോടി.

മിസ്റ്റർ ഇൻസ്‌പെക്ടർ എന്തടിസ്ഥാനത്തിലാണ് താങ്കൾ
ഇവന്റെ ദേഹത്തു കൈ വെച്ചത്,..?

സ്റ്റീഫൻ ദേഷ്യത്തോടെ എസ് ഐ യുടെ നേർക്ക് തിരിഞ്ഞു.

ഒരു പോലീസുകാരന്റെ ദേഹത്ത് കൈ വെച്ച ഇവനെ പിന്നെ ഞങ്ങൾ പൂവിട്ടു പൂജിക്കണോ…?
തന്റെ കഴുത്തൊന്നു തടവിക്കൊണ്ട് അയാൾ ദേഷ്യത്തോടെ പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കാൻ ഇവന് ഭ്രാന്ത് ഒന്നുമില്ല, വാദിയെ പ്രതിയാക്കുന്ന നിങ്ങളുടെ പോലീസ് മുറ എന്റെ കൊച്ചിനോട് വേണ്ട അയാൾ ദേഷ്യത്തോടെ അലറുകയായിരുന്നു.

കാര്യമറിയാതെ സംസാരിക്കരുത് മിസ്റ്റർ, ഇവനെ പ്രതിസ്ഥാനത്ത് ഞങ്ങൾ നിർത്തിയിട്ടുണ്ട് എങ്കിൽ അതിന് ഞങ്ങളുടെ അടുക്കൽ വ്യക്തമായ തെളിവുണ്ട് അയാൾ പരിഹാസത്തോടെ പറഞ്ഞു.

അങ്ങനെയാണെങ്കിൽ ഒരു അഡ്വക്കേറ്റ് എന്ന നിലയ്ക്ക് ആ തെളിവ് എന്നെ കൂടി കാണിക്കണം, എനിക്കും ബോധ്യമാകുന്ന തെളിവ് ആണെങ്കിൽ നിങ്ങൾക്ക് നടപടിയുമായി മുൻപോട്ടു പോകാം ഞാൻ നിങ്ങളുടെ ഡ്യൂട്ടിക്ക് തടസ്സമാവില്ല,

അങ്ങനെ വഴിയെ പോകുന്നവരെ മൊത്തം തെളിവ് കാണിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല, എസ് ഐ സ്റ്റീഫനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

ഉണ്ട് മിസ്റ്റർ, നിങ്ങൾ മറന്നു പോയെന്നു തോന്നുന്നു ഞാനൊരു വക്കീലാണ്, അശ്വിനും ആന്റണി യും തമ്മിൽ ഇന്നുവരെ ഒരു വഴക്കും നടന്നതായിട്ട് ആർക്കുമറിയില്ല, ഒരു വയറ്റിൽ പിറന്ന കൂടപ്പിറപ്പുകളേക്കാൾ സ്നേഹത്തിലാണ് അവർ കഴിഞ്ഞതെന്ന് അവരെ അറിയുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അങ്ങനെയുള്ളപ്പോൾ നിങ്ങൾ പറയുന്ന ആ തെളിവ് നിങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്കത് സമ്മതിക്കേണ്ടിവരും സ്റ്റീഫന്റെ ഓരോ വാക്കും ആ പോലീസ് സ്റ്റേഷനിൽ മുഴങ്ങി കേട്ടു.

അയാൾക്കു മുമ്പിൽ ആ തെളിവുകൾ നല്കുകയല്ലാതെ വേറെ വഴിയില്ലാത്തത് കൊണ്ട് അവർ ആ തെളിവ് സ്റ്റീഫന് നൽകി.

അതൊരു കത്തായിരുന്നു, അച്ചായൻ ഉള്ളിൽ ഒളിപ്പിച്ച പ്രണയം തുറന്നു പറയുന്ന ഒരു കത്ത്, അതിലെ ഓരോ വരികളും അച്ചായനെ പ്രതിസ്ഥാനത്ത് ആക്കി കൊണ്ടായിരുന്നു സ്റ്റീഫൻ അത് വായിച്ച് തിരിച്ചും മറിച്ചും ഒന്ന് നോക്കി.
ശേഷം എസ്ഐയെ നോക്കി പരിഹാസത്തോടെ ഒന്ന് ചിരിച്ചു.

കഷ്ടം, നിങ്ങൾക്ക് ഇത്ര ബുദ്ധിയെ ഉള്ളൂ, ഊരും പേരും വ്യക്തമാകാത്ത ഒരാൾ ഇങ്ങനെയൊരു കത്തയച്ചിട്ടുണ്ട് എങ്കിൽ എന്തായാലും അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് ഏത് മന്ദബുദ്ധിക്കും മനസിലാകും, ഈ കത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടേതായ രീതിയിൽ പ്രതികരിക്കേണ്ടി വരും സ്റ്റീഫൻ ദേഷ്യത്തോടെ പറഞ്ഞു.

ഭീഷണിയാണോ..? അയാളും വിട്ടു കൊടുത്തില്ല..

ആണെന്ന് കൂട്ടിക്കോളൂ, കോളേജ് വിദ്യാർത്ഥികളോട് കളിക്കാതിരിക്കുന്നതാണ് നല്ലത്, അവർക്കേറെ പ്രിയപ്പെട്ടവനാണ് കൊല്ലപ്പെട്ടത്, അതിലേറെ പ്രിയപ്പെട്ടവനെ പ്രതിസ്ഥാനത്തു നിർത്തി നിങ്ങളുടെ ഈ അന്വേഷണം മുന്നോട്ട് പോവുകയാണെങ്കിൽ വരും ഭവിഷത്തുകൾ നേരിടാൻ നിങ്ങൾ തയ്യാറായിക്കോളൂ.. എസ് ഐയെ രൂക്ഷമായി നോക്കി കൊണ്ട് സ്റ്റീഫൻ പറഞ്ഞു.

അയാൾ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പതറി,
എപ്പോ വിളിച്ചാലും സ്റ്റേഷനിൽ ഹാജരായി കൊള്ളണമെന്ന് ഉടമ്പടിയോടെ അച്ചായനെ വിടാം എന്നയാൾ സമ്മതിച്ചു.

എല്ലാവരും ഒരുമിച്ചാണ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വന്നത്.

പുറത്തെത്തിയത് അച്ചായനെ വിളിച്ചുകൊണ്ട് സ്റ്റീഫൻ കുറച്ചു മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.

അയാൾ പറയുന്ന ഓരോ വാക്കും കേട്ട് അവന്റെ ഞരമ്പുകൾ വലിഞ്ഞുമുറുകാൻ തുടങ്ങി.

തിരക്കുണ്ട് എന്ന് പറഞ്ഞുഎല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും പോയി.

അങ്കിൾ പോകുന്നതും നോക്കി നിൽക്കുന്ന അച്ചായനെ പ്രതീക്ഷിക്കാതെയാണ് ശിവ കോളറിനു കുത്തിപിടിച്ചത്..

സത്യം പറയടോ നിങ്ങൾ തന്നെയാണോ എന്റെ അച്ചുവേട്ടനെ അവൾ വാക്കുകൾ മുഴുവൻ ആകുന്നതിനു മുൻപ് അവളുടെ കരണത്ത് നിർമ്മലയുടെ കൈകൾ പതിഞ്ഞിരുന്നു.

എന്തു പറഞ്ഞെടീ, നിനക്കൊന്നും അശ്വിനെയോ അച്ചായനെയോ അറിയില്ല,
എന്റെ മോൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവന്റെ കയ്യിൽ നിന്ന് കിട്ടേണ്ടതെ ഞാൻ തന്നുള്ളൂ, നിന്നോടുള്ള ഇഷ്ടം ഇവൻ മൂടി വെച്ചിട്ടുണ്ടെങ്കിൽ അത് എന്റെ മോനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്ന് എനിക്ക് മനസ്സിലാകും, ഇവൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നെങ്കിൽ ഇവന്റെ ജീവൻ കൊടുത്തു ഇവൻ എന്റെ മോനെ സംരക്ഷിക്കുമായിരുന്നു എന്നും എനിക്കറിയാം. നിർമ്മലയുടെ വാക്കുകളിൽ സങ്കടം കലർന്നതു കൊണ്ടാവാം അവളുടെ ശബ്ദത്തിന് ഒരു ഇടർച്ച വന്നു.

തിരികെയുള്ള യാത്രയിൽ എല്ലാവരും നിശബ്ദമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ശിവ അച്ചായനിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുമാറി,
അവളുടെ അകൽച്ച അവനെ വല്ലാതെ വേദനിപ്പിച്ചു.

അവളുടെ അവസ്ഥ ദിവസംചെല്ലുംതോറും മോശമായി കൊണ്ടിരുന്നു.

അതിൽനിന്നൊക്കെ ഒരു മോചനം ആയിട്ടാണ് കാർത്തിയുടെ ആദ്യത്തെ കത്ത് അവളെ തേടിയെത്തിയത്,
അതിനുശേഷം ശിവ അച്ചായനോട് അകലം കാണിച്ചിട്ടില്ല.

അശ്വിനു നീതിക്ക് വേണ്ടി അവർ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല മുട്ടാത്ത വാതിലുകളില്ല.. എല്ലാവരും ഒരു ഒഴുക്കൻ മട്ടിൽ ആയിരുന്നു പ്രതികരണം.

അച്ചായൻ പോകുന്നിടത്തെല്ലാം ശിവയെയും കൊണ്ടുപോയി.

അത് മനപ്പൂർവം തന്നെയായിരുന്നു എല്ലാ അവഗണനയും അവൾ നേരിട്ട് കാണുമ്പോൾ അവളിൽ വാശി ഉണ്ടാക്കിയെടുക്കാൻ, അശ്വിന്റെ സ്വപ്നമായ ഐഎഎസ് അവൾ നേടണമെങ്കിൽ അവളിൽ വാശി ഉണ്ടായേ തീരൂ, അധികാരം ഉണ്ടെങ്കിലേ തന്റെ പ്രിയപ്പെട്ടവനെ നീതി കിട്ടും എന്ന ബോധം അവളെ ഉണ്ടാക്കിയെടുക്കണം.. അവന്റെ ആ ശ്രമം ഫലം കണ്ടു
ശിവ പതിയെ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ തുടങ്ങി.

പഠിച്ച അധികാരം കൈപ്പിടിയിൽ ഒതുക്കണമെന്ന് വാശി അവളിൽ ഒരുപാട് ഉണ്ടായി.

ഇതിനിടയ്ക്ക് തനിക്കും ശ്യാമിനും കൂട്ടായി കുറച്ചുപേർ കൂടി വന്നു.

അശ്വിൻ വധത്തിൽ തന്റെ സംശയം ആദ്യം പോയത് വൈശാഖിനു നേരെ തന്നെയായിരുന്നു,
പക്ഷേ തന്റെ സംശയങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് അവൻ ഒരു ദിവസം തന്നെ കാണാൻ വന്നു.

തന്റെ നിരപരാധിത്വം അച്ചായനു മുൻപിൽ തെളിയിക്കാനും തുടർന്നുള്ള എന്ത് സഹായത്തിനും പാണ്ഡവാസിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും വൈശാഖ് വാക്കുകൊടുത്തു.

വൈശാഖ് ഒരിക്കലും അശ്വിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല, അവൻ എന്നും നേരിട്ടെ അശ്വിനോട് മുട്ടിയിട്ടുള്ളൂ, അങ്ങനെ ഇല്ലാതാക്കണമെങ്കിൽ അവനു മുൻപേ ആവാമായിരുന്നു, കാരണം അതിനുള്ള കഴിവും ആൾബലവും വൈശാഖിനുണ്ട്, ചിന്തിച്ചപ്പോൾ അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് അച്ചായന് തോന്നി.
അന്നാ സംഭവത്തിനുശേഷം ആൻവിയെ കുറിച്ച് ഒരു വിവരവുമില്ല.
പിന്നീടുള്ള എല്ലാകാര്യത്തിലും അവരും അച്ചായനോടൊപ്പം കൂടി.

പിന്നീട് ഒരു വാശിയായിരുന്നു മുൻപോട്ട് പോകാൻ.

ആ വാശിയാണ് തന്നെ ആന്റ്റോ ആന്റണി ഐപിഎസ് ആയും ശിവയെ ശിവപാർവ്വതി ഐഎഎസ് ആയും മാറ്റിയത്…

ഇന്ന് ഞങ്ങൾക്ക് അധികാരമുണ്ട് ഞങ്ങളുടെ ജീവനെ കീറിമുറിച്ചവരെ ഞങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും.
അതുവരെ ഈ അച്ചായന് വിശ്രമമില്ല.

ചില ഉറച്ച തീരുമാനത്തോടെ അവൻ ഉറങ്ങാൻ കിടന്നു.
നല്ലൊരു പുലരിയെ പ്രതീക്ഷിച്ചുകൊണ്ട്.

&&&&&&&&&&&&

” പുലർച്ചെയുള്ള ഇളവെയിൽ ജനൽ പാളിയിലൂടെ തന്റെ മുഖത്തേക്കടിച്ചപ്പോഴാണ് ശിവ ഉറക്കിൽ നിന്ന് എഴുന്നേറ്റത്.

തലേദിവസം ഉറങ്ങാൻ ഒരുപാട് വൈകിയത് കൊണ്ടാവാം ഉറക്കിന്റെ ആലസ്യം അവളെ വിട്ടു മാറുന്നുണ്ടായിരുന്നില്ല.
കണ്ണുകൾ വലിച്ചു തുറന്ന് അവൾ പുതിയൊരു പുലരിയെ വരവേറ്റു.

കട്ടിലിൽ ഉറക്കച്ചടവോടെ എഴുന്നേറ്റിരുന്നു ഊർന്ന് വീണ തന്റെ കേശങ്ങളെ മാടിയൊതുക്കി കെട്ടിവെച്ചു അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു.

എന്നെത്തെയും പോലെ ആ കണ്ണുകൾ വീണ്ടും അശ്വിന്റെ ഫോട്ടോയിൽ ഉടക്കി.

അവൾ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു പതുക്കെ ആ ചിത്രത്തിനടുത്തേക്ക് നടന്നു.

കൈകളിൽ അവന്റെ ഫോട്ടോയെടുത്തു ആ പുഞ്ചിരിക്കുന്ന മുഖത്തേക്ക് ഒന്ന് നോക്കി,
വിറയാർന്ന വിരലുകളോടെ അവയിലൊന്ന് തലോടി…

ജീവിതം മാറ്റി മറിച്ച ഒരു വേർപാട്..

പ്രണയത്തിന്റെ സുന്ദരമായ പല അനുഭൂതികളും തനിക്ക് സമ്മാനിച്ചു ഒരായുഷ്‌ക്കാലം ഓർത്തുവെക്കാനുള്ള സ്നേഹം നൽകി നീ പോയി മറഞ്ഞു..

കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചു പോകുവാ അച്ചുവേട്ടാ ആ കരവലയത്തിൽ ഒരു സാധാരണ പെണ്ണായി ഒതുങ്ങികൂടാൻ, നിന്റെ സ്നേഹത്തിൽ ആവോളം മുങ്ങി നിവരാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു പോകുവാ…

കാണുന്നില്ലേ അച്ചുവേട്ടാ നിങ്ങളുടെ നഷ്ടം നിങ്ങളുടെ പ്രിയപ്പെട്ടവരിൽ ഉണ്ടാക്കിയ മാറ്റം , എല്ലാവരും ജീവിക്കുന്നുണ്ട് എന്നാൽ ആരും ഇന്നുവരെ മനസ്സറിഞ്ഞ് സന്തോഷിച്ചിട്ടില്ല, ഒരു വ്യക്തി മറ്റൊരാളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്ന് ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയാൽ മനസ്സിലാകും,

കുടുംബജീവിതം മറന്നുപോയ നിങ്ങളുടെ സുഹൃത്തുക്കൾ,
അത്രത്തോളം എന്റെ അച്ചുവേട്ടൻ എല്ലാവരിലും ആഴത്തിൽ പതിഞ്ഞു പോയി..

ആ ഫോട്ടോയിലേക്ക് അവളുടെ ചുണ്ടുകൾ മെല്ലെയമർന്നു.
ആ ചിത്രം തന്റെ മാറോടടക്കി പിടിച്ച് അവൾ നിശബ്ദമായി തേങ്ങി..

ഫോട്ടോ തിരികെ ടേബിളിൽ വെച്ചു മുഖം അമർത്തി തുടച്ചു തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി വാതിൽക്കൽ നിൽക്കുന്ന പാത്തുവിനെ കണ്ടത്.

അവൾ അവിടെ വന്നിട്ട് ഒരുപാട് നേരമായി എന്ന് അവളുടെ മുഖം വ്യക്തമാക്കുന്നുണ്ട്,
ഉള്ളിലെ സങ്കടം അവളുടെ മുഖത്ത് നന്നായി വ്യക്തമാകുന്നുണ്ട്.

ഹാ പാത്തുമ്മ നീ എപ്പോഴാ വന്നത്…? ശിവ ഒരു പുഞ്ചിരിയോടെ അവളോട് ചോദിച്ചു.

ഞാൻ വന്നിട്ട് വർഷങ്ങൾ കുറച്ചായി അതവിടെ ഇരിക്കട്ടെ മിസ് ശിവപാർവ്വതി ഐഎഎസിന്റെ നല്ല സ്വഭാവം ഒക്കെ ഉപേക്ഷിച്ചോ…?
രാവിലെ എഴുന്നേറ്റ് കുളിച്ച് ഭഗവാനെ പ്രാർത്ഥിച്ചിരുന്ന ഒരു നാടൻ പെൺകുട്ടി ഉണ്ടായിരുന്നു,
ഇന്നിവിടെ ഞാൻ വന്നപ്പോൾ ആ കുട്ടിയെ കാണാനില്ല, പാത്തു ഒളികണ്ണാലെ ശിവയെ നോക്കിക്കൊണ്ട് പറഞ്ഞു.

ആ പെൺകുട്ടി മരിച്ചിട്ട് ആറുവർഷം കഴിഞ്ഞില്ലേ പാത്തുമ്മാ, അന്ന് എന്റെ അച്ചുവേട്ടന്റെ കൂടെ മണ്ണിട്ട് മൂടിയത് എന്റെ സ്വപ്നങ്ങളും സന്തോഷവും കൂടിയാണ്, അന്നത്തെ ശിവ ഇന്നില്ല ഇന്ന് അവൾ ജീവനുള്ള ഒരു ആത്മാവായി മാറി. ശിവ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഉമ്മി ഇനിച്ചു മിടായി മേണം എന്നും പറഞ്ഞു അവരുടെ ഇടയിലേക്ക് ചിണുങ്ങിക്കൊണ്ട് പാത്തുവിന്റെ മോൻ വന്നു.

അച്ചോടാ മോനു ഞാൻ തരാലോ മിടായി എന്നും പറഞ്ഞു ശിവ അവനെ വാരിയെടുത്തു സ്‌നേഹത്തോടെ ഉമ്മകൾ നൽകി.

അവിടെ ഷെൽഫിൽ നിന്നും ഒരു മിടായി കവർ അവന്റെ നേരെ ഒരു ചിരിയോടെ അവൾ നീട്ടി.

താങ്ക് യൂ ആന്റിയമ്മേ അവൻ സന്തോഷത്തോടെ പറഞ്ഞു..

ശിവ അവനെ സന്തോഷത്തോടെ നോക്കി..
ഓമനത്തം തുളുമ്പുന്ന മുഖം നിഷ്കളങ്കമായ പുഞ്ചിരി ഒരു കുഞ്ഞു ശാഹുൽ സാർ മുൻപിൽ നിൽക്കുന്നത് പോലെ…

അവന്റെ ആന്റി അമ്മ എന്ന വിളി കാതുകളിൽ വീണ്ടും വീണ്ടും കേൾക്കുന്നതുപോലെ…

അവൾ വീണ്ടും അവനെ ചുംബനങ്ങൾ കൊണ്ടു മൂടി.

പാത്തു അവൾ അവനെ സ്നേഹിക്കുന്നത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.

ശിവയുടെ കൈകളിൽ നിന്ന് ഊർന്നിറങ്ങി അവൻ ആ മിടായി തൊലിച്ചു ശ്രദ്ധയോടെ വായിൽ വെച്ച് പുഞ്ചിരിയോടെ അവരെ രണ്ടുപേരെയും നോക്കി.

രാവിലെ തന്നെ വലിച്ചു കേറ്റാൻ തുടങ്ങി അവൻ ഉപ്പ വിളിക്കട്ടെ ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്,
പാത്തു ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.

അയിന് ഞാൻ ഒരു മുത്തായിയെ തിന്നുന്നുള്ളു, ഉമ്മിച്ചു വേണേൽ ആന്റിയമ്മ തരും ഇത് നാൻ തരൂല കൈയ്യിലുള്ള മിഠായി പാക്കറ്റ് പുറകിലേക്ക് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
നിന്റെ മോൻ തന്നെ…
ശിവ അത് കണ്ടതും ഒരു പുഞ്ചിരിയോടെ പാത്തുവിനെ നോക്കി പറഞ്ഞു.

പാത്തു ഒരു ചമ്മിയ ചിരി ചിരിച്ച് ശിവയെ നോക്കി.

സാർ എന്തുപറയുന്നു സുഖമായിരിട്ടിരിക്കുന്നോ ശിവ പാത്തുവിനോട് ചോദിച്ചു.

സുഖം നാളെ രാവിലെ ആളിവിടെ എത്തും പാത്തു പുഞ്ചിരിയോടെ പറഞ്ഞു.

ആഹാ അമ്മയും മോനും ഇങ്ങു പോന്നപ്പോൾ അച്ഛന് അവിടെ ഇരിപ്പുറക്കുന്നില്ലേ…? ശിവ ഒരു കള്ള ചിരിയോടെ ചോദിച്ചു.

അതൊന്നുമല്ല അടുത്ത ആഴ്ച ഞങ്ങൾ തിരികെ പോവുകയല്ലേ അപ്പോൾ കൊണ്ടുപോകാൻ വേണ്ടി വരുന്നതാണ് പാത്തു പറഞ്ഞതു കേട്ടതും ശിവയുടെ മുഖമൊന്ന് വാടി.

ഇത്ര പെട്ടെന്ന് പോകണോ ടീ കുറച്ചു ദിവസം കൂടി ഇവിടെ നിന്നിട്ട് പോയാൽ പോരെ, നിന്നെ ശരിക്കൊന്നു കണ്ടത് പോലുമില്ല ശിവ സങ്കടത്തോടെ പറഞ്ഞു.

അതിന് ഞാൻ നാളെ തന്നെ പോകുന്നില്ലല്ലോ, പോകുന്നത് വരെ ഇവിടെ തന്നെ കാണും ശിവകുട്ടിയുടെ ചാരെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പാത്തു പറഞ്ഞു.

ശിവ ക്കറിയാം പാത്തു ഒരിക്കലും ഇനി ഈ നാട് ഇഷ്ടപ്പെട്ടില്ല എന്ന്, ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പോകാൻ സാധിക്കുമോ അത്രയും പെട്ടെന്ന് അവൾ ഓടിയൊളിക്കും, അതുകൊണ്ട് തന്നെ അവളെ നിർബന്ധിക്കാൻ തനിക്കും കഴിയില്ല.

മാമാ…
ആ വിളിയാണ് ശിവയെ ചിന്തയിൽ നിന്നും ഉണർത്തിയത്.

നോക്കിയപ്പോൾ മോനുണ്ട് അശ്വിന്റെ ഫോട്ടോയും പിടിച്ചു അതിലേക്ക് നോക്കുന്നു.

മാമ.. അവൻ വീണ്ടും വിളിച്ചു..

, ഉമ്മി മാമൻ ഇന്നു മോനോടും മിണ്ടിയില്ല.. അവൻ സങ്കടത്തോടെ പറഞ്ഞു.

ശിവയും പാത്തുവും അവനെ സങ്കടത്തോടെ നോക്കി..
അവനറിയില്ലല്ലോ അവന്റെ മാമൻ ഒരിക്കലും വിളികേൾക്കാത്ത ഒരിടത്താണെന്നു ശിവ അവനെ സങ്കടത്തോടെ നോക്കി.

അതുകണ്ടതും പാത്തു അവളെ തള്ളി കുളിക്കാൻ പറഞ്ഞു വിട്ടു.

കുളിച്ചു വരുമ്പോൾ പാത്തുവിന്റെ മോൻ ശിവന്റെ മടിയിലിരുന്ന് കുസൃതി കാണിക്കുന്നതാണ് അവൾ കണ്ടത്,
കുറച്ചു നേരം അത് നോക്കി പുഞ്ചിരിയുടെ അവൾ നിന്നു.

എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്.

ഒരുപാട് വർഷമായി ഉറങ്ങിക്കിടന്ന ആ വീട് അവരുടെ വരവോടെ ഒരു ഉണർവ് ഉണ്ടായതുപോലെ.

ശിവയ്ക്ക് അത്യാവശ്യമായി ചെയ്ത് തീർക്കേണ്ട കുറച്ചു കാര്യം ഉണ്ടായതിനാൽ അവൾ ഓഫീസിൽ പോയി പെട്ടെന്ന് വരാം എന്നും പറഞ്ഞു ഇറങ്ങി.

ഉച്ചയോടെ അത്യാവശ്യ കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തു വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അച്ചായന്റെ കാൾ അവളെ തേടിയെത്തിയത്.

എല്ലാവരും ഒരുമിച്ചു ഉണ്ടായതല്ലേ നമുക്കെല്ലാവർക്കും ഒന്നു കൂടാം നീയും പാത്തുവും റെഡിയായി നിന്നോ ഞാൻ വന്ന് കൊണ്ട് പോകാം എന്ന് പറഞ്ഞു അച്ചായൻ കാൾ അവസാനിപ്പിച്ചു.

വീട്ടിലെത്തിയപ്പോൾ പാത്തു റെഡി ആയി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അച്ചായൻ അവളെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ശിവയ്ക്ക് മനസ്സിലായി.

അവൾക്കൊരു പുഞ്ചിരി നൽകി അവളും റെഡി ആവാൻ ആയി പോയി.

അച്ചായൻ അവരെ കൂട്ടി അരുണിന്റെ ഹോട്ടലിലേക്കാണ് പോയത്.

അശ്വിന്റെ മരണശേഷം അരുൺ പഠനം നിർത്തിയെങ്കിലും അച്ഛൻ സമ്പന്നൻ ആയതുകൊണ്ട് അവൻ നാട്ടിൽ അറിയപ്പെടുന്ന ഒരു പ്രമാണിയാണ്..

നിരവധി ഹോട്ടലുകളും സൂപ്പർ മാർക്കറ്റും അവനിന്ന് സ്വന്തം ആയിട്ടുണ്ട്.

അവിടെ എത്തുമ്പോൾ കാർത്തിയും ശ്യാമും അവർക്ക് വേണ്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അവരെ കണ്ടതും അരുൺ ഓടി അവർക്ക് അരികിലെത്തി..

പഴയ സൗഹൃദം ഇന്നും ഒളിമങ്ങാതെ എല്ലാവരുടെയും ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

അവരുടെ ആ ഒരുമിച്ച് കൂടൽ അതിഥിയായി പാണ്ഡവാസും എത്തിച്ചേർന്നു.

പാത്തുവും കാർത്തിയും അവരുടെ ഈ പുതിയ മുഖം ഇതുവരെ കണ്ടിട്ടില്ല, അവർക്ക് അത് ഉൾക്കൊള്ളാൻ കുറച്ചു സമയം എടുക്കേണ്ടി വന്നു.

പക്ഷേ അധികം വൈകാതെ എല്ലാവരും അവരെ മനസ്സിലാക്കി.

അവരുടെ സംസാരത്തിൽ അശ്വിൻ തന്നെയായിരുന്നു നിറഞ്ഞുനിന്നിരുന്നത്.

അവന്റെ വേർപാട് അവരെ അപൂർണരാക്കി.

പരസ്പരം ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു അവിടെ സമയം ചിലവഴിച്ചു.

അരുൺ താൻ ആരും കാണാതെ മനസ്സിൽ സൂക്ഷിച്ച തന്റെ പ്രണയത്തെ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.

അവളിലെ ആ കുസൃതിയും കുട്ടിത്തവും ഇന്നില്ല, പക്ഷേ ആ കണ്ണിലെ തിളക്കം ഇന്നും അതുപോലെ ഉണ്ട്.

, ഒരുപാട് വൈകിയാണ് എല്ലാവരും പിരിഞ്ഞത്..

ശിവയും പാത്തുവിനെ യും വീട്ടിൽ ആക്കിയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.

പാത്തു ശിവയുടെ കൂടെ തന്നെയാണ് അന്ന് നിന്നത്,
അവളെയും മോനെയും ചേർത്തു പിടിച്ചു കിടന്നപ്പോൾ ശിവ ആദ്യമായി നന്നായിട്ടൊന്നുറങ്ങി.

രാവിലെ നിർത്താതെയുള്ള തന്റെ ഫോണിന്റെ ശബ്ദം കേട്ടാണ് ശിവ ഉറക്കിൽ നിന്നും ഉണർന്നത്.

തന്നെ ചുറ്റിപ്പിടിച്ച് പാത്തുവിന്റെ കൈകളെ പതുക്കെ അവൾ എടുത്തു മാറ്റി അവളെ ഉണർത്താതെ അവിടെ നിന്ന് എഴുന്നേറ്റു.

ഫോണിൽ അച്ചായന്റെ പേര് തെളിഞ്ഞപ്പോൾ അവൾ ഒന്നു ശങ്കിച്ചു.

ശിവ എത്രയും പെട്ടെന്ന് അശ്വിന്റെ വീട്ടിലെത്തണം വരുമ്പോൾ അച്ഛനെയും പാത്തുവിനെയും കൂട്ടാൻ മറക്കണ്ട
ഫോൺ എടുത്ത ഉടനെ അച്ചായൻ പറഞ്ഞു.
ശേഷം അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഫോൺ കട്ടാക്കി.

ശിവ കാര്യം മനസ്സിലാകാതെ നിന്നു.
എന്തിനാവും അച്ചായൻ അച്ചുവേട്ടന്റെ വീട്ടിലേക്ക് വിളിപ്പിച്ചത് അമ്മയ്ക്ക് എന്തെങ്കിലും പറ്റിയോ ഈശ്വരാ..
അവളുടെ ഉള്ളിൽ കാരണമില്ലാതെ ഒരു ഭയം കയറിക്കൂടി….

അവൾ വീണ്ടും അച്ചായനെ വിളിച്ചു,

അവളുടെ നിർബന്ധം മുറുകിയപ്പോൾ അച്ചായൻ കാര്യം പറഞ്ഞു…

അവിടെ നിന്നും കേട്ട കാര്യങ്ങൾ അവളെ തകർക്കാൻ കഴിയുന്നതായിരുന്നു
അവൾ അവിടെയുള്ള ടേബിളിൽ മുറുകെ പിടിച്ചു…

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply