സഖാവ് 💓(a deep love stry)
📝Rafeenamujeeb
” രാത്രി താനും മകനും കഴിച്ച പാത്രങ്ങളെല്ലാം കഴുകിവെച്ച അടുക്കള എല്ലാം വൃത്തിയാക്കി ത്രേസ്യ വേഗം മകന്റെ റൂം ലക്ഷ്യമാക്കി നടന്നു.
ഇലക്ഷനും എക്സാമും ഒക്കെയായി അവൻ തിരക്കായത് കൊണ്ട് കുറച്ചുദിവസമായി അവനോടൊന്നു മനസ്സുതുറന്നു സംസാരിച്ചിട്ട്.
റൂമിൽ എത്തിയപ്പോൾ കണ്ടത് ശാന്തമായുറങ്ങുന്ന തന്റെ മകനെയാണ്.
അവരവന്റെ അടുത്തേക്ക് ചെന്നു ഉറങ്ങിക്കിടക്കുന്ന തന്റെ മകനെ തന്നെ കുറച്ചു നേരം നോക്കി നിന്നു.
അവന്റെ ചാച്ചനെ പോലെതന്നെയാണ് അവനും.
ഉള്ളിൽ എത്ര സങ്കടം ഉണ്ടെങ്കിലും പുറത്ത് ഒരു പുഞ്ചിരിയോടെ എല്ലാം നേരിടും, തന്റെ വേദന ആരെയും അറിയിക്കില്ല, മറ്റുള്ളവർക്കു വേണ്ടി എന്ത് ത്യാഗവും ചെയ്യും…
പാവം.. ഉറങ്ങി കിടക്കുന്ന മകനെ നോക്കി അവർ മനസ്സിൽ പറഞ്ഞു.
അവൾ അവന്റെ മുഖത്തു വീണ മുടിയിഴകൾ മെല്ലെ സൈഡിലേക്ക് ഒതുക്കി തലയിൽ മൃദുവായി ഒന്ന് തലോടി.
അവനെ ഉണർത്താതെ വാത്സല്യത്തോടെ അവന്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു.
റൂമിൽ നിന്ന് ഇറങ്ങാൻ നേരവും അവനെ ഒന്നു നോക്കിയിട്ടാണ് ത്രേസ്യ ആ മുറി വിട്ടിറങ്ങിയത്.
***********************************
ശിവ ഓടുകയാണ്, ഇരുട്ടിനെ കീറിമുറിച്ച് അവളുടെ ആർത്ത ശബ്ദം ദൂരേക്ക് കേൾക്കാം..
മുടിയെല്ലാം അഴിച്ചിട്ട് കണ്ണിൽ വല്ലാത്ത ഒരു ഭയം അവളെ പിടികൂടിയിട്ടുണ്ട്.
ഓടിയോടി അവൾ തളർന്നിട്ടുണ്ട്, ക്ഷീണത്തെക്കാൾ അവളെ ഭയം വല്ലാതെ അകറ്റിയത് കൊണ്ടാവാം അവൾ ക്ഷീണിതയായിട്ടും ഓട്ടം നിർത്താത്തത്. ഓടുന്നതിനിടയിൽ പുറകിലോട്ട് നോക്കുന്നതിനാലാവാം അവൾ ഒരു കല്ലിൽ തട്ടി റോഡിലേക്ക് വീഴാൻ പോയി.
അപ്പോഴേക്കും അച്ചായൻ വന്ന് അവളെ ചേർത്ത് പിടിച്ചു.
പേടിയോടെ തന്നെ ഇറുകിയ ശിവയുടെ കൈകൾ തന്നിൽ നിന്നും മെല്ലെ അടർത്തി മാറ്റി അവളുടെ മുഖം പിടിച്ചു തനിക്കഭിമുഖമായി നിർത്തി.
അവളുടെ മുഖം കണ്ടതും അച്ചായൻ ഒരു നിമിഷം പേടിച്ചു പുറകോട്ട് മാറി നിന്നു.
രക്തത്താൽ കുളിച്ച് മുഖം, പക്ഷേ മുഖത്തൊന്നും ഒരു മുറിവു പോലുമില്ലാത്തത് അവനെ അത്ഭുതപ്പെടുത്തി.
ശിവാ !!! അവൻ അവളെ സ്നേഹത്തോടെ വിളിച്ചു.
പേടിച്ച് കരയുന്ന അവളെ അവൻ തന്റെ നെഞ്ചോട് ചേർത്തു.
പെട്ടെന്ന് അവളുടെ കരച്ചിൽ മാറി അതൊരു പൊട്ടിച്ചിരിയായി.
ഒരുപാട് നേരം ഭ്രാന്തിയെ പോലെ അവൾ ആർത്ത് ചിരിച്ചു.
അവളുടെ ആ മാറ്റം കണ്ടു അവൻ സംശയത്തോടെ നോക്കി.
അടുത്ത നിമിഷം ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ പൊട്ടിക്കരഞ്ഞു.
അവളുടെ കണ്ണുനീർ അവന്റെ ഹൃദയത്തെ ചുട്ടു പൊളിച്ചു.
ഒന്നുമില്ല ശിവാ, ഒന്നുമില്ല, മോള് കരയല്ലേ, ഞാനില്ലേ നിനക്ക് അവളെ നെഞ്ചോട് ചേർത്ത് കൊണ്ട് അവൻ വാത്സല്യത്തോടെ മുടിയിഴകളിൽ തഴുകി.
പെട്ടെന്ന് അവൾ അവനിൽ നിന്നും കുതറിമാറി.
പോകണം, എനിക്ക് പോകണം, എന്നോട് ചെല്ലാൻ പറഞ്ഞു, ഞാനിപ്പോൾ പോകും എന്നെ കാത്തു നിൽക്കുന്നുണ്ട് ഒരു ഭ്രാന്തിയെപ്പോലെ ചിരിച്ചും കരഞ്ഞും അവൾ പറഞ്ഞു.
അവൻ അവളെ അത്ഭുതത്തോടെ നോക്കി.
വീണ്ടും അവനിലേക്ക് അവളെ പിടിച്ചടക്കാൻ ശ്രമിച്ചപ്പോഴേക്കും അവൾ അവനെ തള്ളി മാറ്റി ചൂളം വിളിച്ചു വരുന്ന ട്രെയിനിനു മുന്നിലേക്ക് എടുത്തുചാടി…
ശിവാ അവൻ ആർത്തു കരഞ്ഞു.
അച്ചായൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
ശിവ തന്റെ ശിവ ഇതുവരെ കാണാത്ത ഒരു ഭാവം അവളുടെ കണ്ണുകളിൽ, എന്താ ഇതൊക്കെ
എന്നും സന്തോഷത്തോടെ താൻ കാണാൻ ആഗ്രഹിച്ച അവളുടെ കണ്ണുകളിൽ സങ്കടം ഒരുപാടുണ്ട്.
മുഖത്ത് പൊടിഞ്ഞ വിയർപ്പുകണങ്ങൾ അവൻ മെല്ലെ തുടച്ചുമാറ്റി.
ആ സ്വപ്നത്തിൽ നിന്നും അവനെ വിട്ടു പോരാൻ സാധിക്കുന്നില്ല.
തന്റെ ശിവയെ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു അവസ്ഥയിൽ താൻ കാണാൻ ഇഷ്ടപ്പെടുന്നില്ല.
ആ സ്വപ്നത്തെ ഓർത്ത് അവൻ വല്ലാതെ വേദനിച്ചു.
നേരം പുലരുന്നതുവരെ അവനെ പിന്നെ ഉറക്കം ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.
രാവിലെ അശാന്തമായ മനസ്സോടെ തന്നെയാണ് അവൻ എഴുന്നേറ്റത്.
ആ സ്വപ്നം തന്നെ വിട്ടു പോകുന്നില്ല.
കുളിച്ചു റെഡിയായി വരുന്ന തന്റെ മകനെ ത്രേസ്യ അത്ഭുതത്തോടെ നോക്കി.
ഇത് എന്തുവാടെ സാധാരണ കോളേജ് ഇല്ലാത്ത ദിവസം പത്തുമണി കഴിയാതെ എണീക്കാത്ത ആളാ ഇന്ന് എന്തുപറ്റി…? ത്രേസ്യ താടിയിൽ കൈവച്ച് അവനോട് ചോദിച്ചു.
ഒന്നുമില്ല അമ്മാ പള്ളിയിൽ ഒന്ന് പോകണം, കുറച്ചായി ആ വഴിക്ക് പോയിട്ട് അവൻ ഷർട്ടിന്റെ കൈ ചുരുട്ടി മേളിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
അയ്യോ നീ പള്ളിയിലേക്ക് ആണോ..? എങ്കിൽ എന്നോടൊന്ന് നേരത്തെ പറഞ്ഞൂടായിരുന്നോ… ? ഞാനുമുണ്ട് പള്ളിയിലേക്ക്,
നീ കാപ്പി കുടിക്കുമ്പോഴേക്കും അമ്മച്ചി ശടെയെന്ന് റെഡിയായിട്ട് വരാം. അവനുള്ള പ്രാതൽ ഡൈനിംഗ് ടേബിളിൽ വച്ചുകൊണ്ട്
ത്രേസ്യ പറഞ്ഞു.
അച്ചായൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഒന്നും തൊണ്ടയിൽനിന്ന് ഇറങ്ങുന്നില്ല, സ്വപ്നത്തിൽ കണ്ട ശിവ യുടെ മുഖം തന്നെ വല്ലാതെ അലട്ടുന്നു.
അവൻ കാപ്പി കുടിച്ച് എന്ന് വരുത്തി ധൃതിയിൽ കാറിനടുത്തേക്ക് നീങ്ങി.
അപ്പോഴേക്കും ത്രേസ്യയും റെഡിയായി വന്നിരുന്നു.
അവൻ വണ്ടിയെടുത്ത് പള്ളി ലക്ഷ്യമാക്കി നീങ്ങി.
യാത്രയിലുടനീളം മൗനം തന്നെയായിരുന്നു. ത്രേസ്സ്യയും ഒന്നും സംസാരിച്ചില്ല.
അല്ലെങ്കിലും തന്റെ ഇച്ചായന്റെ കുഴിമാടത്തിലേക്ക് പോകുമ്പോൾ അവർ എന്നും നിശബ്ദയായിരിക്കും. തന്റെ പ്രിയപ്പെട്ടവനുമായിട്ടുള്ള പഴയകാല ഓർമ്മകൾ അന്നേരം അവരെ വല്ലാതെ അലട്ടും.
കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം അവർ പള്ളിയിൽ എത്തിച്ചേർന്നു.
ത്രേസ്യ നേരെ പോയത് കുടുംബകല്ലറ യിലേക്കാണ്, അമ്മച്ചിയെ ഒറ്റയ്ക്ക് വിട്ട് അവൻ നേരെ തിരൂ രൂപത്തിന് അടുത്തേക്ക് ചെന്നു.
മുട്ടുകുത്തി ആ രൂപത്തിനു മുമ്പിൽ അവൻ മനമുരുകി പ്രാർത്ഥിച്ചു
കർത്താവേ എനിക്ക് തന്നില്ലെങ്കിലും വേണ്ടില്ല അവളുടെ മുഖത്ത് എന്നും പുഞ്ചിരി മാത്രം ഉണ്ടായാൽ മതി. അവൾ എന്നും സന്തോഷമായിട്ടിരിക്കുന്നത് കണ്ടാൽ മതി എനിക്ക്. ആ കണ്ണ് നിറയാതെ നീ എന്നും സംരക്ഷിച്ചു കൊള്ളണേ അവൻ ആ തിരു രൂപത്തിനു മുമ്പിൽ നിന്ന് ആത്മാർത്ഥമായി മനമുരുകി പ്രാർത്ഥിച്ചു.
പള്ളിയിലെ പ്രാർത്ഥനയും കുർബാന കൈക്കൊള്ളലും കഴിഞ്ഞ് നേരെ മാർക്കറ്റിൽ പോയി വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങിച്ചാണ് അവർ തിരികെ പോയത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാവിലെ തൊട്ട് അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു ശിവ.
ഇന്നു കോളേജ് അവധി ആയതിനാൽ എല്ലാ ജോലിയും അവൾ ഒറ്റയ്ക്ക് ചെയ്തു.
എല്ലാം തീർത്ത് അലക്കാനുള്ള തുണികളും എടുത്ത് കുളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ ശിവയുടെ കൂടെ മുത്തശ്ശിയും കൂടി.
ആ പടവിലൊക്കെ നല്ല വഴുക്കലാ കുട്ട്യേ നീ ഒറ്റയ്ക്കു പോകണ്ട കൂട്ടിനു ഞാനും വരാം അവളുടെ കൂടെ നടക്കുന്നതിനിടയിൽ അവർ പറഞ്ഞു.
രണ്ടാളും കുളിയും നനയും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നേരം വൈകിയിരുന്നു.
അച്ഛൻ ഇതുവരെ പറമ്പിൽ നിന്നും വന്നില്ലേ…? തുണികൾ ഓരോന്നായി അയലിൽ വിരിച്ചിടുമ്പോൾ ശിവ മുത്തശ്ശിയോടു ചോദിച്ചു.
വന്നു തോന്നുന്നു അവന്റെ ചെരുപ്പ് പുറത്തുണ്ട്, മുത്തശ്ശി ശിവൻ അഴിച്ചുവെച്ച ചെരുപ്പിൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
എല്ലാ തുണികളും വിരിച്ചിട്ട ശിവ അകത്തേക്ക് പോയി.
അച്ഛനെ തിരഞ്ഞു ശിവന്റെ റൂമിലെത്തിയ അവൾ പേടിച്ചു പുറകോട്ടു നിന്നു.
അടുത്ത നിമിഷം അച്ചാ എന്ന് അലറി കൊണ്ട് അവൾ ആ റൂമിലേക്ക് ഓടി..
” അച്ഛാ.. !! എന്നലറിവിളിച്ച് ശിവ അദ്ദേഹത്തിന്റെ അടുത്തേക്കോടി.
ശിവൻ കട്ടിലിനോട് ചാരി നിലത്തിരിക്കുകയാണ്, ഇടതു കൈകൊണ്ട് തന്റെ നെഞ്ചിൽ അമർത്തി പിടിച്ചിട്ടുണ്ട്. അസഹ്യമായ വേദനയുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കുന്നുണ്ട്. കണ്ണുകൾ ഒക്കെ തുറിച്ചു വരുന്നുണ്ട്.
അച്ഛാ ശിവ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് കരഞ്ഞുകൊണ്ട് വിളിച്ചു.
അപ്പോഴേക്കും ശബ്ദം കേട്ട് മുത്തശ്ശിയും ഓടിയെത്തി.
തന്റെ മകന്റെ കിടപ്പ് കണ്ട് ആ വൃദ്ധയും പേടിച്ചു കരഞ്ഞു.
മോനേ ശിവ എന്താടാ നിനക്ക് പറ്റിയേ..? എന്നും പറഞ്ഞ് അവരും ശിവന്റെ അരികിലേക്കിരുന്നു.
അച്ഛാ പാറൂട്ടി ആണ് വിളിക്കുന്നത് എന്തുപറ്റി അച്ഛന്..? ശിവ കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ നെഞ്ച് തടവി കൊടുത്തു.
മുത്തശ്ശി അച്ഛനെ നോക്കിക്കോണേ…, ഞാൻ വല്ല വണ്ടിയും കിട്ടുമോ എന്ന് നോക്കട്ടെ ശിവ കരഞ്ഞുകൊണ്ട് പുറത്തേക്കോടി.
റോഡിൽ ഇറങ്ങി വരുന്ന വണ്ടികൊക്കെയും അവൾ കൈ നീട്ടി. പക്ഷേ ആരും തന്നെ വണ്ടി നിർത്തിയില്ല.
ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായതും ശിവ കരഞ്ഞുകൊണ്ട് കവലയിലേക്കോടി.
ഇതേസമയം ശിവയെ ഒന്ന് കാണാതെ തന്റെ മനസ്സ് ശാന്തമാവില്ല എന്നു മനസ്സിലാക്കിയ അച്ചായൻ വണ്ടിയെടുത്ത് ശിവയുടെ വീട്ടിലേക്ക് വിട്ടു.
അവളുടെ വീട്ടിലേക്കുള്ള വളവ് തിരിഞ്ഞതും കരഞ്ഞുകൊണ്ട് ഓടി വരുന്ന ശിവയെ ആണവൻ കണ്ടത്.
തലേ ദിവസം കണ്ട സ്വപ്നമാണ് ആ സമയം അവനോർമ്മ വന്നത്.
കരഞ്ഞുകൊണ്ടോടി വരുന്ന അവളെ കണ്ടതും അവന്റെ ഉള്ളൊന്ന് കാളി.
അവളുടെ അരികിൽ വണ്ടി നിർത്തി അവൻ വേഗത്തിൽ പുറത്തിറങ്ങി.
അപ്പോഴാണ് ശിവ അച്ചായനെ കാണുന്നത്.
ഇച്ചായാ എന്റെ അച്ഛൻ,,, അവൾ പൂർത്തിയാക്കാനാവാതെ കരഞ്ഞു.
എന്തുപറ്റി അച്ഛന്…? അവൻ സംശയത്തോടെ ചോദിച്ചു.
അവിടെ അച്ഛൻ….. അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ പേടിയും സങ്കടവും കാരണം ഒന്നും മുഴുവനാക്കാൻ അവൾക്ക് കഴിയുന്നില്ല.
നീ വണ്ടിയിലേക്ക് കയറ് ശിവ
എന്നും പറഞ്ഞ് അച്ചായൻ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു.
അവർ എത്തിയപ്പോഴേക്കും ശിവന്റെ ബോധം പൂർണമായി പോയിരുന്നു.
അച്ചായൻ അദ്ദേഹത്തെ തന്റെ കൈകളിൽ കോരിയെടുത്തു, വണ്ടിയുടെ പുറകിൽ കൊണ്ട് കിടത്തി.
അപ്പോഴേക്കും ശിവയും മുത്തശ്ശിയും വടു പൂട്ടി വണ്ടിയിലേക്ക് കയറി.
അച്ചായൻ വേഗത്തിൽ സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടിയോടിച്ചു.
ഹോസ്പിറ്റലിൽ എത്തിയതും അവർ ശിവനെ നേരെ ഐസിയുവിലേക്ക് മാറ്റി.
പുറത്ത് എല്ലാവരും സങ്കടത്തോടെ കാത്തു നിന്നു.
ശിവ കരഞ്ഞു തളർന്നിട്ടുണ്ട്,
മുത്തശ്ശിയുടെ അവസ്ഥയും അതുതന്നെ.
രണ്ടാളെയും അച്ചായൻ സമാധാനിപ്പിക്കുന്നുണ്ട്.
ശിവയുടെ അവസ്ഥ കാണുമ്പോൾ അവന്റെ ഉള്ളിൽ വേദനയുണ്ട്
അവളെ ഒന്ന് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നിയ നിമിഷമായിരുന്നു അത്.
അവൻ അമ്മച്ചിയെ വിളിച്ച് കാര്യം പറഞ്ഞു പെട്ടെന്ന് വരാൻ പറഞ്ഞു.
കാർത്തിയെയും കാര്യങ്ങൾ വിളിച്ചറിയിച്ചു.
കുറച്ചു സമയത്തെ പരിശോധനയ്ക്കു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു.
ശിവന്റെ ബന്ധുക്കളോട് തന്റെ കാബിനിലേക്ക് വരാൻ പറഞ്ഞു അദ്ദേഹം റൂമിലേക്ക് പോയി.
ശിവ യെയും വിളിച്ച് അച്ചായൻ ഡോക്ടറുടെ കാബിനിലേക്ക് പോയി.
അവർ ചെല്ലുമ്പോൾ എന്തോ മരുന്ന് കുറിക്കുകയായിരുന്നു ഡോക്ടർ.
നാല്പതിനോടടുത്ത പ്രായം, അവരെ ഒന്നു നോക്കി ചിരിച്ചുകൊണ്ട് ഇരിക്കാൻ കസേര കാണിച്ചുകൊടുത്തു.
രണ്ടുപേരും അദ്ദേഹത്തിനു മുൻപിലായി ഇരുന്നു.
പേടിക്കേണ്ട കാര്യമൊന്നുമില്ല, അദ്ദേഹമിപ്പോൾ അപകടനില തരണം ചെയ്തു കഴിഞ്ഞു. കൃത്യ സമയത്ത് എത്തിക്കാൻ ആയതുകൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു.
കുറച്ച് ടെസ്റ്റുകൾ എഴുതിയിട്ടുണ്ട്
അതിന്റെ റിസൾട്ട് കൂടി വന്നിട്ട് നോർമൽ ആണെങ്കിൽ രണ്ടു ദിവസം ഇവിടെ കിടന്നിട്ട് വീട്ടിൽ പോകാം, അദ്ദേഹം ശാന്തമായി പറഞ്ഞു.
ശിവയുടെ ശ്വാസം അപ്പോഴാണ് നേരെ വീണത്.
ഈ മെഡിസിൻ ഇപ്പോൾതന്നെ വാങ്ങിക്കണം, കൈയ്യിലിരുന്ന കുറിപ്പ് അവർക്ക് നേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ശിവ അത് വാങ്ങാൻ നിന്നപ്പോഴേക്കും അച്ചായൻ അത് വാങ്ങിച്ചിരുന്നു.
അവിടെ നിന്ന് ഇറങ്ങിയതും ശിവ അച്ചായന് നേരെ കൈ നീട്ടി ആ ലിസ്റ്റ് തരാൻ ആവശ്യപ്പെട്ടു.
വേണ്ട ശിവ ഇതൊക്കെ ഞാൻ നോക്കിക്കോളാം, നീ തളരരുത് നിന്റെ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കുന്നില്ല, അവളെ നോക്കി അച്ചായൻ പറഞ്ഞു,
അച്ചായനെ നോക്കി അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
നീ മുത്തശ്ശിയുടെ അടുത്തേക്ക് ചൊല്ല് ഞാൻ ഇത് വാങ്ങിച്ചു വേഗം വരാം.
മരുന്നുവാങ്ങി തിരിഞ്ഞപ്പോഴേക്കും അമ്മച്ചിയും എത്തി
അമ്മച്ചി വന്നത് ശിവയ്ക്കും മുത്തശ്ശിക്കും ഒരു ധൈര്യമായി.
അവരെ സമാധാനിപ്പിച്ചും ഭക്ഷണമൊക്കെ കഴിപിച്ചും അമ്മച്ചി കൂടെ തന്നെ നിന്നു.
വൈകീട്ടോടെ ശിവനെ റൂമിലേക്ക് മാറ്റി. കാർത്തിയും പാത്തും അപ്പോഴേക്കും എത്തി.
മൂന്നുദിവസം ഹോസ്പിറ്റലിൽ തങ്ങേണ്ടി വന്നു.
ഒരു മകനെ പോലെ അച്ചായൻ ശിവന്റെ കാര്യങ്ങളൊക്കെ നോക്കി.
അശ്വിൻ സമയം കിട്ടുമ്പോൾ ഒക്കെ കാര്യങ്ങൾ വിളിച്ചു അന്വേഷിച്ചു.
ലക്ഷ്മിയെ ഒന്നും അറിയിക്കേണ്ട എന്ന് ശിവ തന്നെ എല്ലാരോടും പറഞ്ഞു,
മൂന്നു ദിവസത്തെ ഹോസ്പിറ്റൽവാസം കഴിഞ്ഞ് അവർ വീട്ടിലെത്തി.
അച്ചായൻ തന്നെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത് കൂടെ കാർത്തിയും ഉണ്ടായിരുന്നു.
ഹോസ്പിറ്റൽ ചിലവ് മൊത്തം അച്ചായൻ തന്നെയാണ് നോക്കിയത്, ശിവ എതിർത്തിട്ടും ഒരു മകന്റെ കടമ എന്നതുപോലെയാണ് അച്ചായൻ എല്ലാം ചെയ്തത്.
ശിവ പിന്നെയും രണ്ടുദിവസം കോളേജിലേക്ക് പോയില്ല.
എല്ലാവരുടെയും നിർബന്ധവും ഏറി വന്നപ്പോൾ അവൾ വീണ്ടും കോളേജിലേക്ക് പോയിത്തുടങ്ങി.
അശ്വിൻ വിളിക്കുമ്പോൾ എല്ലാ വിശേഷവും പറയും രണ്ടാളും.
അച്ഛൻ ഏകദേശം നോർമൽ ആയി തുടങ്ങി,
നാളെ അശ്വിൻ എത്തും, പോയിട്ട് പതിനഞ്ചു ദിവസം പെട്ടന്നു കഴിഞ്ഞ പോലെ തോന്നി രണ്ടാൾക്കും.
രാത്രിയുള്ള വിളിയിലാണ് രണ്ടാളും.
നിനക്ക് ഞാൻ വരുമ്പോൾ എന്തു കൊണ്ടു വരണം, അശ്വിന്റെ ആ ചോദ്യത്തിന് ഒന്നും വേണ്ട എന്ന മറുപടിയായിരുന്നു ശിവയ്ക്ക്.
അടുത്തയാഴ്ച നിന്റെ പിറന്നാളിന് ഞാനൊരു സമ്മാനം വാങ്ങിയിട്ടുണ്ട്, നാളെ തരാം നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സമ്മാനവും കയ്യിൽ ഉണ്ടാവും.
നാളെ രാവിലെ തന്നെ കോളേജിൽ എത്തണം, നിന്നെ കാത്തു ഞാൻ അവിടെ ഉണ്ടാവും.
അവൻ പറയുന്നതിനു ശിവ മൂളി കൊണ്ടിരുന്നു.
രാവിലെ കാണാം എന്നും പറഞ്ഞ് ആ ഫോൺവിളി അവസാനിച്ചു.
നാളെ അശ്വിനെ കാണാം എന്നുള്ള സന്തോഷത്തിൽ ശിവയും ഉറക്കത്തിലേക്ക് വീണു,
&&&&&&&&&&&&&
” അശ്വിൻ പുലർച്ചെ എത്തുമെന്ന് പറഞ്ഞതുകൊണ്ട്
അമ്മ നേരത്തെ എഴുന്നേറ്റ് അവന് കഴിക്കാൻ ഉള്ളതൊക്കെ കാലാക്കുന്ന തിരക്കിലാണ്,
അശ്വിനി അമ്മയുടെ കൂടെ തന്നെയുണ്ട് സഹായത്തിന്.
അനുമോളുംനേരത്തെ എണീറ്റിട്ടുണ്ട്. ഉറക്കച്ചടവോടെ അവൾ കോലായിൽ ഇരുന്നു ഏട്ടൻ വരുന്നുണ്ടോ എന്ന് പുറത്തേക്ക് നോക്കി ഇരിപ്പാണ്, ഇത്രയും ദിവസവും ഏട്ടനെ കാണാത്തത് കൊണ്ടു തന്നെ രണ്ടാൾക്കും നല്ല സങ്കടമുണ്ട്. ആദ്യമായിട്ടാണ് ഇത്രയും ദിവസം ഏട്ടനെ പിരിഞ്ഞു നിൽക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ വിളിച്ചാണ് അശ്വിനും ശ്യാമും എത്തിയത്.
ഏകദേശം പുലർച്ചെ അഞ്ചു മണിയോടടുത്തിട്ടുണ്ട് അവർ എത്തിയപ്പോൾ.
കോളേജിൽ വെച്ച് കാണാം എന്നും പറഞ്ഞ് ശ്യാം ഓട്ടോയിൽ തന്നെ തിരിച്ചുപോയി.
അശ്വിനെ കണ്ടതും രണ്ട് പെങ്ങമ്മാരും ഓടിവന്നു. ഇത്രയും ദിവസം കാണാതിരുന്നത് കൊണ്ടാവും അശ്വിനി യുടെയും അനുമോളുടെ യും കണ്ണുനിറഞ്ഞു.
രണ്ടാളെയും ചേർത്തുപിടിച്ച് അശ്വിൻ സ്നേഹത്തോടെ അവരുടെ നെറുകയിൽ ചുംബിച്ചു.
തന്റെ മക്കളുടെ സ്നേഹപ്രകടനം കണ്ട് ആ അമ്മ പുഞ്ചിരിയോടെ നോക്കിനിന്നു.
ബാഗ് തുറന്നു രണ്ടുപേർക്കും ഓരോ കവർ നൽകി.
രണ്ടുപേർക്കും ഓരോ ചുരിദാർ ആയിരുന്നു അതിൽ, അമ്മയ്ക്ക് ഒരു സാരിയും ഉണ്ട്.
എല്ലാവർക്കും കൊണ്ടുവന്നത് ഒക്കെ വീതിച്ചു കൊടുത്തിട്ട് അവൻ ഒരു തോർത്തും എടുത്തു കുളിമുറി ലക്ഷ്യമാക്കി നടന്നു.
കുളിച്ചു വന്നപ്പോഴേക്കും തീൻമേശയിൽ അവന് ഇഷ്ടപ്പെട്ട വിഭവങ്ങൾ നിരന്നിരുന്നു.
പുട്ടും കടലയും പപ്പടവും ആവാനേറെ ഇഷ്ടമാണ് അത്.
അവൻ വന്നിരുന്നപ്പഴേക്കും അമ്മ അവനു വിളമ്പി കൊടുത്തു.
ഹാ എവിടെ പോയാലും നല്ല രുചിയുള്ള ഭക്ഷണം കിട്ടണമെങ്കിൽ വീട്ടിൽ തന്നെ വരണം അവൻ ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ പറഞ്ഞു.
നിർമല മകൻ കഴിക്കുന്നതും നോക്കി കുറച്ചു സമയം നിന്നു.
അശ്വിനി അപ്പോഴേക്കും അവളുടെ പ്രോഗ്രസ് കാർഡും കൊണ്ട് ഏട്ടനടുത്തേക്ക് വന്നു.
മടിച്ചു മടിച്ചവൾ കയ്യിലുള്ള മാർക്ക് ലിസ്റ്റ് ഏട്ടനു നേരെ നീട്ടി.
അശ്വിൻ ഒരു കൈകൊണ്ടു അതു വാങ്ങി മറിച്ചു നോക്കി അശ്വിനിയെ ഒന്ന് നോക്കി.
നീ ഈ പോകു പോവുകയാണെങ്കിൽ നിന്നെ പിടിച്ചു ഞാൻ കെട്ടിച്ച് വിടും.
രണ്ടക്ഷരം പഠിച്ച വല്ല ജോലിയും വാങ്ങിച്ചോട്ടേ, എന്നു വിചാരിച്ചാണ് ബാക്കിയുള്ളവർ ഈ കഷ്ടപ്പെടുന്നത്, എടി നിനക്ക് പഠിച് എന്തെങ്കിലും ആവാൻ ആഗ്രഹം ഉണ്ടോ..? നാളെ ഞാൻ ഇല്ലാതായാൽ ഇവരെ നോക്കേണ്ടത് നീയാണ് അച്ചു കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.
അങ്ങനെ ഞങ്ങളെ ഇട്ടേച്ചു ഏട്ടൻ എങ്ങോട്ട് പോകുന്നേ,
മര്യാദക്ക് ഞങ്ങളെ നാത്തൂനും കൊണ്ട് ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞോണം, അല്ലാതെ ഞങ്ങളെ ഇട്ടേച്ച് എങ്ങോട്ടാ ഏട്ടൻ പോകുന്നത്..? അശ്വിനി തെല്ല് പരിഭവത്തോടെ പറഞ്ഞു.
നിങ്ങളെ ഇട്ടേച്ചു പോകും എന്നല്ല പറഞ്ഞത്, നാളെ എന്റെ അഭാവത്തിലും നിങ്ങൾ ബുദ്ധിമുട്ടാതെ ജീവിക്കണം അല്ലാതെ എന്റെ രണ്ട് പെങ്ങമ്മാരെ ഉപേക്ഷിച്ച് ഞാൻ എങ്ങും പോവില്ല, നിങ്ങളെ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ അശ്വിൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ആരു പറഞ്ഞു രണ്ടു പെങ്ങമ്മാരെന്ന് അപ്പൊ പാത്തുവോ…? അനുമോൾ അതും ചോദിച്ച് അങ്ങോട്ട് വന്നു.
പാത്തുവിനെ വിട്ടൊരു കളിയില്ല അല്ലേ ഏട്ടാ.., ഞങ്ങളെക്കാൾ കൂടുതൽ സ്നേഹം ഉണ്ടെങ്കിലേ ഉള്ളൂ, അല്ലാതെ കുറവ് ഒരിക്കലും സംഭവിക്കില്ല അശ്വിനി ഒരു കള്ള ചിരിയോടെ പറഞ്ഞു.
, ഓ തുടങ്ങി കുശുമ്പികൾ, രണ്ടാളോടും ഞാനൊരു കാര്യം പറയാം നിങ്ങളോടുള്ള ഇഷ്ടത്തിൽ ഒരു കുറവോ കൂടുതലോ പാത്തു വിനോട് ഇല്ല അതുപോലെ പാത്തു വിനോടുള്ള ഇഷ്ടത്തിൽ കുറവോ കൂടുതലോ നിങ്ങളോടും ഇല്ല, മൂന്നുപേരും എന്റെ സ്വന്തം തന്നെയാണ്.
ഈശ്വരനോട് ഒരു പ്രാർത്ഥനയെ എനിക്കുള്ളൂ അടുത്ത ജന്മം പാത്തുവിനെ എന്റെ പെങ്ങൾ ആയിട്ട് തന്നെ തരണമെന്ന് അവൻ അവരോടു പറഞ്ഞു.
അപ്പൊ ശിവയോ ശിവയെ വേണ്ടേ ഏട്ടാ.. അനുമോൾ ഒരു കള്ള ചിരിയോടെ ചോദിച്ചു.
ശിവേച്ചിയെ അല്ലെങ്കിലും പെങ്ങൾ ആയിട്ട് ആർക്കുവേണം അല്ലേ ഏട്ടാ…? അശ്വിനിയും ഒരു ചിരിയോടെ പറഞ്ഞു.
പോയേ രണ്ടും കൊഞ്ചാതെ, എനിക്ക് കോളേജിൽ പോകേണ്ടതാ ഞാൻ ഇതൊന്നു കഴിക്കട്ടെ, അശ്വിൻ കൃത്രിമ ദേഷ്യം
നടിച്ചുകൊണ്ട് പറഞ്ഞു,
ഇന്നിനികോളേജിലേക്ക് പോണോ മോനെ…? ഒരു ഗ്ലാസ് കട്ടൻചായ അവന്റെ മുൻപിലേക്ക് വെച്ചുകൊണ്ട് അമ്മ ചോദിച്ചു.
പോണം അമ്മേ അവരെയൊക്കെ കണ്ടിട്ട് കുറച്ച് ആയില്ലേ, അശ്വിൻ അമ്മയോട് പറഞ്ഞു.
മ്മ് മ്മ് ആരെ കാണാനാണ് ഈ ധൃതിഎന്നൊക്കെ ഞങ്ങൾക്കറിയാം അശ്വിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇവരെ ഇന്ന് ഞാൻ എന്നും പറഞ്ഞ് അശ്വിൻ അവരെ അടിക്കാൻ ഓങ്ങി.
അപ്പോഴേക്കും രണ്ടാളും അവിടെ നിന്ന് സ്ഥലം കാലിയാക്കി യിരുന്നു.
റൂമിലെത്തി നാലുപേരെയും വിളിച്ചു കോളേജിൽ എത്താൻ പറഞ്ഞു.
ഒരു വലിയ സർപ്രൈസ് ഉണ്ട്, വന്നിട്ട് നമുക്ക് പൊളിക്കണം നേരത്തെ വരണം അശ്വിൻ അവരെ വീണ്ടും ഓർമ്മിപ്പിച്ചു.
ശിവയെ വിളിച്ചു കോളേജിലേക്ക് വരാൻ പറഞ്ഞു അശ്വിനും ഒരുങ്ങി ഇറങ്ങി.
ശിവയ്ക്കായി അവൻ വാങ്ങിയ കുപ്പിവളകൾ കൈയിലെടുത്ത് അവയിൽ ഒന്നു ചുംബിച്ചു.
അവൾക്ക് ഏറെ പ്രിയമാണ് കുപ്പിവളകളോട് അവൻ മനസ്സിലോർത്തു.
കോളേജിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ ഉമ്മറപ്പടിയിലിരിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന് ആ നെറുകിൽ ഒന്ന് അമർത്തി ചുംബിച്ചു.
അമ്മ അവനെ പുഞ്ചിരിയോടെ ഒന്നു നോക്കി.
അവരോട് യാത്ര പറഞ്ഞ് അവൻ കോളേജിലേക്ക് വിട്ടു.
വഴിയരികിൽ മുല്ലപ്പൂ വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടപ്പോൾ ശിവയ്ക്കായി അവൻ മുല്ലപ്പൂ വാങ്ങി.
*****-*************************
കോളേജിന്റെ മുറ്റത്ത് ഓട്ടോയിൽ വന്നിറങ്ങിയ ശിവ അശ്വിനെ കണ്ണുകൾകൊണ്ട് എല്ലായിടത്തും പരതി.
അപ്പോഴാണ് പിജി ബ്ലോക്കിന്റെ രണ്ടാമത്തെ നിലയിൽ നിന്നും തന്നെ നോക്കി ചിരിക്കുന്ന അശ്വിനെ അവൾ കണ്ടത്.
ചിരിയോടെ അവൾ അവനടുത്തേക്ക് ഓടി.
അവനും അവളെ കണ്ടപ്പോൾ അവളുടെ അടുത്തേക്ക് നടന്നു.
രണ്ടാളും അടുത്തെത്താറായപ്പോളാണ് ശിവയുടെ മുമ്പിലായി ഒരാൾ നടന്നു പോയത്.
അയാളുടെ മറവിലായത് കൊണ്ട് അശ്വിനെ അവൾക്ക് ശരിക്കും കാണാൻ പറ്റുന്നില്ല.
അവനെ പാളി നോക്കുന്ന ശിവയുടെ മുഖം കണ്ടവൻ പുഞ്ചിരിയോടെ നടന്നു.
ശിവയുടെ മുമ്പിലായി നടന്നിരുന്ന ആൾ അശ്വിനെ മറികടന്നു പോകാൻ നിന്നതും കയ്യിൽ ഒളിപ്പിച്ചു വെച്ച കടാര വലിച്ചൂരി അയാൾ അശ്വിന്റെ വയറിൽ ആഞ്ഞു കുത്തി.
ഈ സമയം ശിവയെ മാത്രം നോക്കി വന്ന അശ്വിൻ ഇങ്ങനെ ഒരു ആക്രമണം പ്രതീക്ഷിച്ചില്ല.
ആഹ് എന്ന ഒരലർച്ചയോടെ അശ്വിൻ വയറിലുള്ള കത്തിയിൽ പിടിച്ചു.
അപ്പോഴേക്കും അതു വലിച്ചൂരി അയാൾ അശ്വിന്റെ വയറിൽ വീണ്ടും കത്തി കേറ്റി.
അച്ചുവേട്ടാ എന്ന അലർച്ചയോടെ ശിവ അവനരികിലേക്ക് ഓടി വന്നു.
അശ്വിൻ ഒരു കൈ കൊണ്ട് കത്തിയിൽ പിടിച്ചു മറ്റേ കൈകൊണ്ടു അയാളെ കഴുത്തിൽ തന്റെ കൈ മുറുക്കി.
അയാളെ അവൻ കഴുത്തിൽ പിടിച്ചു ഉയർത്തി, ശ്വാസം എടുക്കാനാവാതെ അയാൾ പിടഞ്ഞു.
അശ്വിൻ അയാളെ തനിക്കു അഭിമുഖമായി നിർത്തി, കുത്ത് കൊണ്ടത് കൊണ്ട് നേരെ നിൽക്കാൻ അവൻ നന്നേ പാടു പെട്ടു.
അയാളെ മുഖം മറച്ച മാസ്ക് വലിച്ചൂരാൻ അവൻ ഒന്ന് ശ്രമിച്ചു.
പക്ഷെ അവൻ അപ്പോഴേക്കും തളരാൻ തുടങ്ങിയിരുന്നു.
പോ… “”!”
തന്റെ അരികിലേക്ക് കരഞ്ഞുകൊണ്ട് ഓടി വരുന്ന ശിവയോട് അവൻ അലറി.
വയറ്റിൽ നിന്നും ആ കത്തി വലിച്ചെടുത്ത് അവൻ അയാളെ വയറിന് നേരെ കത്തി ചലിപ്പിച്ചു.
, പെട്ടെന്നാണ് അവന്റെ കഴുത്തിനു നേരെ പുറകിൽനിന്നും മറ്റൊരാൾ ആഞ്ഞു വെട്ടിയത്.
ആഹ് എന്ന അലർച്ചയോടെ
അശ്വിന്റെ രക്തം അവിടെയാകെ തെറിച്ചു.
കൈയിൽ ശിവയ്ക്ക് കരുതിയ കുപ്പിവളകൾ വീണുടഞ്ഞു.
മുല്ലപ്പൂക്കളിലാകെ രക്തവർണ്ണമായി.
ശിവയുടെ മുഖത്തേക്കും അവന്റെ രക്തം തെറിച്ചുവീണു.
തന്റെ പുറകിൽ നിൽക്കുന്ന ആളെ അശ്വിൻ മെല്ലെ ചെരിഞ്ഞു നോക്കാൻ ശ്രമിച്ചു,
അപ്പോഴേക്കും അയാൾ അശ്വിന്റെ നെഞ്ചിനുനേരെ അടുത്ത് വെട്ടുംവെട്ടി.
അയാളെ പിടിക്കാൻ കൈ നീട്ടിയ അശ്വിൻ ഒരു തളർച്ചയോടെ മെല്ലെ നിലംപൊത്തി…..
” ശിവയ്ക്ക് കണ്മുന്നിൽ എന്താണ് നടക്കുന്നത് പോലും മനസ്സിലാവാത്ത അവസ്ഥ.
ആകെ മരവിച്ചു നിൽക്കുകയാണവൾ…..
തന്റെ മുഖത്തേക്ക് തെറിച്ചു വീണ അശ്വിന്റെ രക്തം മുഖത്തിലൂടെ ഒലിച്ചിറങ്ങി ഇറ്റിറ്റു വീഴുന്നുണ്ട്,
അർദ്ധബോധാവസ്ഥയിലും തന്നോട് അവിടെ നിന്നും പോകാൻ ആക്രോഷിച്ചു കൊണ്ടിരിക്കുന്ന അശ്വിനെ അവൾ ദയനീയമായി നോക്കി.
ഒരടി മുൻപോട്ടോ പിൻപോട്ടോ വെക്കാനാവാതെ അവൾ നിന്നു
അശ്വിൻ ചേറുത്തു നിൽക്കാനാവാതെ താഴേക്കുതിർന്നു വീണതും അവന്റെ ശരീരത്തിൽ അയാൾ വീണ്ടും വീണ്ടും വെട്ടി.
അവന്റെ മാംസമെല്ലാം പുറത്തേക്ക് തള്ളിവന്നു.
ആാാഹ് !!”!! ശിവ എന്തോ ഉൾപ്രേരണയാൽ അലറി.
ഇതേസമയം ആദ്യം അശ്വിന്റെ വയറ്റിൽ കത്തി കുത്തിയിറക്കിയ ആൾ മറ്റവനെ വലിച്ചുകൊണ്ട് അവിടെ നിന്നും ഓടി.
**************************
അച്ചായൻ കാർത്തിയേയും കൂട്ടിയാണ് കോളേജിലേക്ക് എത്തിയത്.
കാമുകനെത്തിയിട്ടുണ്ട്…, സൈഡിൽ നിർത്തിയിട്ട അശ്വിൻ ബൈക്ക് ചൂണ്ടിക്കൊണ്ട് കാർത്തി പറഞ്ഞു.
അച്ചായൻ അതിലേക്കൊന്നു പുഞ്ചിരിയോടെ നോക്കി.
അവന്റെ ബൈക്കിന് അരികിൽ തന്റെ ബൈക്ക് സൈഡാക്കി അച്ചായൻ കാർത്തി യോടൊപ്പം നടന്നു.
ഈശ്വരാ..!! ഏത് അവസ്ഥയിലാണാവോ രണ്ടും, മനുഷ്യന് കാണാൻ പറ്റുന്ന രീതിയിൽ ആയാൽ മതിയായിരുന്നു, മുൻപ് ഇവരുടെ പ്രണയ രംഗങ്ങൾക്ക് ഒരുപാട് തവണ സാക്ഷിയായതുകൊണ്ട് ഉള്ളിലൊരു ഭയം, കാർത്തി ഒരു ചെറു ചിരിയോടെ പറഞ്ഞു.
അച്ചായൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
കോളേജിൽ നേരത്തെ എത്തിയത് കൊണ്ട് അധികം ആരും എത്തിയിട്ടില്ല.
ശ്യാം അളിയൻ ഇനി ഉച്ചയോടെയല്ലാതെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട, ഈ അച്ചൂന് ഉറക്കവും ക്ഷീണവും ഒന്നുമില്ലേ ഈശ്വരാ…! കാർത്തി അത്ഭുതത്തോടെ അച്ചായനോട് ചോദിച്ചു.
അത് ക്ഷീണംഇല്ലാഞ്ഞിട്ടോ ഉറക്കം ഇല്ലാഞ്ഞിട്ടോ അല്ല, ഇത്രയും ദിവസം നമ്മളെ കാണാതെ നിന്നതല്ലേ.., ഓടി വന്നതാ പാവം നമ്മളെ കാണാൻ.
അച്ചായൻ പുഞ്ചിരിയോടെ പറഞ്ഞു.
ഓ പറയുന്ന ആളിത്ര മോശം, അവനെ കാണാത്തത് കൊണ്ടുള്ള നിന്റെ നിരാശയും സങ്കടവും ഒക്കെ ഞാൻ കാണുന്നതല്ലേ…?
കാർത്തി അവനെ നോക്കി പറഞ്ഞു
അപ്പോ നിനക്ക് ഇല്ലായിരുന്നോ അച്ചായൻ കാർത്തിയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
ഇല്ലായിരുന്നോ എന്നോ.., അവനെ ഇത്രയും ദിവസം പിരിഞ്ഞു നിൽക്കുന്നത് ഇതാദ്യമായിട്ടാണ്, എനിക്കേ അറിയൂ ഈ പതിനഞ്ചു ദിവസം തള്ളിനീക്കിയ പാട്, ഇതോടുകൂടി ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി അവനെവിടേക്ക് പോയാലും കൂടെ ഞാനും പോകും, കാർത്തി ഒരു ചിരിയോടെ പറഞ്ഞു.
രണ്ടാളും നടന്ന് പി ജി ബ്ലോക്കിൽ എത്താറായപ്പോൾ ആണ് ശിവയുടെ അലർച്ച കേൾക്കുന്നത്.
അവർ ഒരു നിമിഷം പരസ്പരം ഒന്നു നോക്കി, ശേഷം ശബ്ദം കേട്ടിടത്തേക്ക് ഓടി.
ആരോ രണ്ടുപേര് ഓടിയകലുന്നത് മിന്നായംപോലെ അച്ചായൻ കൊണ്ടു.
അവരെയും നോക്കി വരുമ്പോഴാണ് തങ്ങളുടെ മുൻപിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന തങ്ങളുടെ ചങ്കിടിപ്പായവനെ കാണുന്നത്.
ആദ്യം അത് കണ്ടത് കാർത്തിയാണ് .
ആഹ് !! എന്നൊരലർച്ചയോടെ കാർത്തി ആ കാഴ്ച കാണാനാവാതെ മുഖംതിരിച്ചു പൊട്ടിക്കരഞ്ഞു.
അത് കണ്ടാണ് അച്ചായൻ നോക്കുന്നത്.
രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ കൂടപ്പിറപ്പ്, ശരീരമാസകലം വെട്ടു കൊണ്ടു മുറിഞ്ഞിട്ടുണ്ട്, പലയിടത്തും മാംസം പുറത്തേക്കു വന്ന രീതിയിലാണ്,
തൊട്ടപ്പുറത്ത് ശരീരമാസകലം ചോരയിൽ മുങ്ങി ശിവ ഒരു പ്രതിമ പോലെ ഇരിക്കുന്നു, നോട്ടം അവനിൽ തന്നെയാണെങ്കിലും അവളുടെ മനസ്സ് എവിടെയോ ആണ് ഒറ്റനോട്ടത്തിൽ ആരുടെയും ചങ്കുപൊട്ടി പോകുന്ന കാഴ്ച്ച.
അച്ചായൻ ഒന്നേ നോക്കിയുള്ളൂ അവനെ കാണാനാവാതെ മുഖംതിരിച്ചു.
കർത്താവേ എന്റെ അച്ചു..!
എന്നും പറഞ്ഞ് അവനെ വാരിയെടുത്ത് തന്റെ മടിയിൽ കിടത്തി.
എടാ അച്ചു നോക്കടാ മുത്തേ..,
ഒന്നൂല്ല, നിനക്കൊന്നൂല്ല, ഇങ്ങോട്ട് നോക്കടാ അച്ചായൻ കരഞ്ഞു കൊണ്ട് അവനെ കുലുക്കി വിളിച്ചു.
കാർത്തിയുടെ നിലവിളികേട്ട് കോളേജിലുണ്ടായിരുന്നവരൊക്കെ ഓടിക്കൂടി.
അച്ചായാ എടുക്കെടാ അവനെ നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിലെത്തിക്കാം, കാർത്തി കരഞ്ഞുകൊണ്ട് അവനെ പിടിക്കാനായി കുനിഞ്ഞു.
പക്ഷേ അച്ചായനിൽ ഒരനക്കവും കാണാതായപ്പോൾ കാർത്തി സംശയത്തോടെ അച്ചായനെ നോക്കി.
എവിടേക്ക് കൊണ്ടു പോയിട്ടും ഇനി കാര്യമില്ല ടാ…
നമ്മുടെ അച്ചു നമ്മളെ വിട്ടു പോയി അച്ചായൻ ഒരു വിതുമ്പലോടെ പറഞ്ഞു.
ഭഗവാനെ ചതിച്ചോ.. നീ..? കാർത്തി അലമുറയിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.
എന്തിനാ കർത്താവേ ഞങ്ങളോടീ ചതി ചെയ്തത്..?
ഞങ്ങളുടെ പ്രാണനെ നീ എന്തിനാ ഞങ്ങളിൽ നിന്ന് അകറ്റിയത്…? അച്ചായൻ കരഞ്ഞുകൊണ്ടു പറഞ്ഞു.
അച്ചുവിന്റെ പകുതിയടഞ്ഞ കൺപോളകൾ അച്ചായൻ തന്റെ വിറയാർന്ന കൈകൾ കൊണ്ട് തഴുകിയടച്ചു.
അവന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു പൊട്ടിക്കരഞ്ഞു.
ആ രംഗം കണ്ടു നിൽക്കുന്നവരോക്കെ പൊട്ടിക്കരഞ്ഞുപോയി.
ഒരാളൊഴികെ ശിവ!
അവൾ അവിടെ നടക്കുന്നതൊന്നും അറിയുന്നില്ല.
തന്റെ പ്രാണൻ തന്നെ വിട്ടു പോയതും, തന്റെ ജീവിതം തകർന്നടിഞ്ഞതും ഒന്നും അവൾ അറിയുന്നില്ല. അവളുടെ മനസ്സ് ശൂന്യമാണ്, ചിന്തകൾ എവിടെയൊക്കെയോ അലഞ്ഞുതിരിയുന്നു
ണ്ട്, മരവിച്ച മനസ്സുമായി അവൾ അശ്വിനരികിൽ തന്നെ ഇരിക്കുകയാണ്. ഒരു ജീവച്ഛവം കണക്കെ…
***********************************
പാത്തു തിരക്കിട്ടു കോളേജിൽ പോകാൻ റെഡി ആയി കൊണ്ടിരിക്കുമ്പോഴാണ് തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടത്.
ബാഗിനകത്തിരുന്ന ഫോൺ എടുത്ത് അതിലേക്ക് നോക്കിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
എന്താണ് വാദ്യാരെ പതിവില്ലാതെ ഈ നേരത്തൊരു വിളി…
പതിവായി കിട്ടുന്ന പലതും മുടങ്ങിയപ്പോൾ ഒന്ന് വിളിച്ചതാണ് മാഡം മറുതലക്കൽ നിന്നും ഷാഹുൽ സാറിന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഓ അതോ, ഇക്ക വിളിച്ചു നേരത്തെ എത്താൻ പറഞ്ഞതുകൊണ്ട് തിരക്കിട്ട ജോലിയിലായിരുന്നു, അതാ മറന്നത് അവൾ ഒരു ക്ഷമാപണം പോലെ പറഞ്ഞു.
ആഹ് ഇക്ക വന്നാൽ പിന്നെ നമ്മളെയൊന്നും ഓർമ്മയുണ്ടാവില്ല ശാഹുൽ സാർ പരിഭവത്തോടെ പറഞ്ഞു.
അത് അങ്ങനെ തന്നെയാണെന്റെ വാദ്യാരേ..
മറ്റെന്തിനേക്കാളും ഇത്തിരി ഇഷ്ടം കൂടുതൽ എന്റെ ഇക്കയോട് തന്നെയാണ്,
ഇത്രയും ദിവസം കാണാതെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു, ഒന്നു കണ്ടാലേ സമാധാനമാവൂ,
അവൾ ഒരു ചിരിയോടെ പറഞ്ഞു.
ഓ ആയിക്കോട്ടെ മേടം പോകാൻ തയ്യാറായിക്കോ, അവനോട് എന്റെ അന്വേഷണം പറയണം, തിരക്കായത് കൊണ്ടാണ് വിളിക്കാത്തത് എന്നും പറയണം.
അതൊക്കെ ഞാൻ പറഞ്ഞോളാം ഇപ്പോൾ ഞാൻ റെഡി ആകട്ടെ നേരത്തെ ചെല്ലാൻ പറഞ്ഞതാണ്, എന്തോ സർപ്രൈസ് ഉണ്ട് എന്നൊക്കെ പറയുന്നത് കേട്ടു ഞാൻ വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞ് സാറിന്റെ
മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ ഫോൺ വെച്ച് ധൃതിയിൽ കോളേജിലേക്ക് പുറപ്പെട്ടു.
ബസ്സിറങ്ങി കോളേജിൽ എത്തുന്നതിനിടയ്ക്ക് പലതവണ അവൾ അശ്വിനെ വിളിച്ചുനോക്കി.
പക്ഷേ ആ ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല.
അവൾ വേഗത്തിൽ കോളേജിലേക്ക് നടന്നു.
കോളേജിലെത്തിയതും കണ്ണുകൾ ആദ്യം പോയതും പിജി ബ്ലോക്കിലേക്കാണ്.
പതിവിൽ കൂടുതൽ ആളുകളെ കൊണ്ട് അവിടം തിങ്ങിനിറഞ്ഞിരുന്നു.
പടച്ചോനേ വന്നു കേറാനൊഴിവില്ലാതെ അടി ഉണ്ടാക്കാൻ പോയോ…? അവൾ അവിടെത്തന്നെ സംശയത്തോടെ നിന്നു.
എന്താണ് നടക്കുന്നതെന്നറിയാൻ അവളും അവിടേക്ക് നടന്നു.
അവിടേക്ക് പോകുന്നതിനിടയിൽ തന്നെ നോക്കുന്ന പല മുഖങ്ങളിലും സഹതാപവും വേദനയുമുണ്ടെന്നവൾക്ക് തോന്നി.
അവൾ സംശയത്തോടെ ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നു.
അപ്പോഴാണ് അവളുടെ മുൻപിലേക്ക് അരുൺ വരുന്നത്.
പാത്തൂ നീ അങ്ങോട്ടേക്ക് പോണ്ട, അരുൺ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.
അവന്റെ മുഖത്തും എന്തെന്നറിയാത്ത ഒരു ഭാവം,
തന്നെ തടഞ്ഞുനിർത്തിയ അരുണിനെ അവൾ ദേഷ്യത്തോടെ നോക്കി.
നീയൊന്നു പോയെ, ഞാൻ എന്റെ ഇക്കയുടെ അരികിലേക്കാണ് പോകുന്നത്, അത് തടയാൻ നീ വിചാരിച്ചാലൊന്നും നടക്കില്ല അവൾ അവനെ തള്ളി മാറ്റിക്കൊണ്ട് മുൻപോട്ടു നടന്നു.
അരുൺ അവളെ പലപ്രാവശ്യം തടയാൻ ശ്രമിച്ചെങ്കിലും അവൾ അതൊന്നും ഗൗനിക്കാതെ മുൻപോട്ട് തന്നെ നടന്നു.
ആളുകൾ വട്ടമിട്ടു നിൽക്കുന്നതിനാൽ അവൾക്കൊന്നും കാണാൻ കഴിയുന്നില്ല.
ഒരുപാട് തവണ അതിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അവൾക്ക് സാധിക്കുന്നില്ല.
അവസാനം എങ്ങനെയൊക്കെയോ എല്ലാവരെയും തള്ളിമാറ്റി അതിനുള്ളിലേക്ക് കയറിപ്പറ്റിയ അവൾ തനിക്ക് മുൻപിലുള്ള കാഴ്ച കണ്ടു തറഞ്ഞു നിന്നു.
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission