സഖാവ് – Part 17

1995 Views

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

” അശ്വിന്റെ വീടിനു മുമ്പിൽ ഒരുപാട് ആൾക്കൂട്ടം നിൽക്കുന്നത് കണ്ടു പാത്തു ശിവയെ ഒന്നു നോക്കി.

ശിവയ്ക്ക് കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് തന്നെ വലിയ ഭാവവ്യത്യാസം അവൾക്ക് ഉണ്ടായില്ല.

നീണ്ട ആറു വർഷത്തെ കുറ്റാന്വേഷണത്തിന് തിരശ്ശീല വീഴാൻ പോകുന്ന അത്യപൂർവ നിമിഷത്തിലാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
വർഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട അശ്വിൻ രാഘവ് എന്ന് എല്ലാവരുടെയും പ്രിയപ്പെട്ട സഖാവിന്റെ കൊലയാളികളെ നിയമത്തിന് മുൻപിൽ എത്തിക്കാൻ ഒടുവിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ ഇറങ്ങേണ്ടി വന്നു.

ആറു വർഷങ്ങൾക്കു മുമ്പ് കൊടും ക്രൂരതയ്ക്ക് ഇരയായ സഖാവ് അശ്വിൻ രാഘവിന്റെ കൊലയാളികളെ ഇന്ന് ഇവിടെ ഹാജരാക്കും എന്നാണ് അദ്ദേഹത്തിന്റെ ആത്മമിത്ര വും ഐപിഎസ് കാരനുമായ ആന്റ്റോ ആന്റണി ഐപിഎസും സബ് കളക്ടർ ശിവപാർവ്വതി ഐഎഎസും അറിയിച്ചിരിക്കുന്നത്.
ഏവരും ഉറ്റുനോക്കുന്ന ഈ അത്യപൂർവ നിമിഷങ്ങൾ നിങ്ങൾക്കു മുൻപിൽ എത്തിക്കുന്നത് മലയാളം ടിവി ക്കുവേണ്ടി ക്യാമറാമാൻ മുകേഷ് കുമാറിന് ഒപ്പം ആശ ഹർഷൻ..
ആ ടിവി റിപ്പോർട്ടറുടെ വാക്കുകൾ കേട്ടതും പാത്തു പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.
കിട്ടിയോ ശിവ..? എന്റെ ഇക്കയെ ഇല്ലാതാക്കിയ വരെ കിട്ടിയോ…? അവൾ ശിവയെ നോക്കി ചോദിച്ചു.

ശിവ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കണ്ണുകളടച്ചു കാണിച്ചുകൊടുത്തു.

അപ്പോഴേക്കും മാധ്യമപ്രവർത്തകർ ശിവയെ വളഞ്ഞു കഴിഞ്ഞിരുന്നു.

മാഡം ആരാണ് ആ കുറ്റവാളികൾ…? പണ്ട് കലാലയം പാടിനടന്ന പ്രണയകഥയിലെ നായിക ആയിരുന്നല്ലോ മാഡം, തന്റെ പ്രിയപ്പെട്ടവനെ ഇല്ലാതാക്കിയവരെക്കുറിച്ച് എന്താണ് പറയാനുള്ളത്…? അവരെല്ലാവരും ചോദ്യങ്ങൾ ചോദിച്ച് അവളെ വീർപ്പുമുട്ടിച്ചു.

സോറി, ഈ നിമിഷം എനിക്ക് നിങ്ങൾക്കു മുൻപിൽ മൗനമായെ പറ്റൂ.. അല്പസമയത്തിനുള്ളിൽ കുറ്റവാളികളെ നിങ്ങൾക്കു മുൻപിൽ ഞങ്ങൾ ഹാജരാക്കും, അതുവരെ നിങ്ങൾ ശാന്തരായെ തീരൂ.. അതുവരെ നിങ്ങൾ ഞങ്ങളോട് സഹകരിക്കണം.

അവർ വീണ്ടും ചോദ്യങ്ങളുമായി വന്നപ്പോഴേക്കും പോലീസുകാർ വന്ന് അവരെ തടഞ്ഞു. അവർക്കു പോകാൻ വഴിയൊരുക്കി.

അകത്ത് എല്ലാവരുമുണ്ട്, ഉറ്റവരും കൂട്ടുകാരും അങ്ങനെ ഒത്തിരി പേര്.

പുറത്തെ ബഹളങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അകത്തെ കാഴ്ച.
ഒരു മരണവീട്ടിൽ എത്തിയ പ്രതീതി. എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചു കാണാം.

എല്ലാവരുടെയും ഓർമകളിലേക്ക് വീണ്ടും അശ്വിന്റെ മരണദിവസം വന്നെത്തിയിരിക്കുന്നു.

ഉറ്റവനെ നഷ്ടപ്പെട്ട ആ ഓർമ്മകളിൽ എല്ലാവരും മൗനമായി സഞ്ചരിച്ചു.

നിർമ്മല കരഞ്ഞു തളർന്നിട്ടുണ്ട്.
അശ്വിനി അമ്മയുടെ അടുത്തു തന്നെ ഇരിപ്പുണ്ട്.

ശിവ അവരുടെ അരികിലേക്ക് ചെന്നു.

അമ്മേ…
അവൾ നിർമ്മലയുടെ ചുമലിൽ കൈവച്ച് പതുക്കെ വിളിച്ചു.

നിർമ്മല ശബ്ദം കേട്ട് പതിയെ തലയുയർത്തി നോക്കി.

ആരാ മോളെ… ആരാ എന്റെ കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചത്..? അവൾ എഴുന്നേറ്റ് നിന്ന് ശിവയുടെ ഇരു ചുമലിലും പിടിച്ചുകുലുക്കി കൊണ്ട് ചോദിച്ചു.

ശിവ മറുപടി പറയാനാവാതെ നിസ്സഹായയായി നിർമ്മലയെ നോക്കി.
എന്റെ കുഞ്ഞിനോടീ ചതി ചെയ്തവർ ഒരിക്കലും ഗുണം പിടിക്കില്ല, ഒരമ്മയുടെ നെഞ്ചുപൊട്ടിയുള്ള പ്രാക്ക് ആണ് ഗതി പിടിക്കില്ല ഒരുത്തനും അവർ കരഞ്ഞുകൊണ്ട് ഒരു മൂലയിലേക്ക് ഇരുന്നു.
അനുമോളും അശ്വിനിയും അമ്മയുടെ അരികിൽ ആയി ഇരുന്നു കരഞ്ഞു.
ശിവ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു ചുറ്റുമൊന്നു നോക്കി.

എല്ലാവരും എത്തിയിട്ടുണ്ട് പരിചയമുള്ളതും ഇല്ലാത്തതുമായ പല മുഖങ്ങളും ഉണ്ട്.
അവൾ ചുറ്റിനും ഒന്നുകൂടി കണ്ണോടിച്ചു.

അവൾ അന്വേഷിക്കുന്നത് അച്ചായനെ ആണെന്ന് മനസ്സിലായ കാർത്തി അവൻ പുറത്ത് ഉണ്ടെന്ന് കണ്ണുകൾകൊണ്ട് കാണിച്ചുകൊടുത്തു.

കാർത്തിക്ക് ഒരു പുഞ്ചിരി നൽകി അവൾ അച്ചായനെ ലക്ഷ്യമാക്കി പുറത്തേക്കിറങ്ങി.

അശ്വിന്റെ അസ്ഥി തറയ്ക്ക് സമീപം എന്തോ ചിന്തയിലാണ്ടു നിൽക്കുകയാണ് അച്ചായൻ.

ശിവ വന്നു തൊട്ടരികിൽ നിന്നിട്ടും അവനത് അറിഞ്ഞത് പോലുമില്ല.

ഈ മീഡിയയെയൊക്കെ വിളിച്ചു കൂട്ടേണ്ട കാര്യം ഉണ്ടായിരുന്നോ ഇച്ചായാ…? ശിവ സംശയത്തോടെ അവനെ നോക്കി കൊണ്ട് ചോദിച്ചു.

അവളുടെ ശബ്ദം കേട്ടപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്.

അവളെ നോക്കി അവൻ ഒന്നു പുഞ്ചിരിച്ചു.

വേണമായിരുന്നു ശിവ… അല്ലെങ്കിൽ ഒരു പക്ഷെ എല്ലാം അറിയുമ്പോൾ നിയമം സംരക്ഷിക്കേണ്ട ഞാൻ തന്നെ നിയമം കയ്യിൽ എടുത്താലോ പേടിച്ചിട്ടാ…

ശരിക്കും അത് തന്നെയല്ലേ വേണ്ടത് ഇച്ചായാ..
എന്റെ കണ്മുൻപിൽ ഇട്ടാ ആ അറുംകൊല നടന്നത് എന്റെ മുൻപിൽ അവരെ കിട്ടിയാൽ ഒരു നിയമത്തിനു വിട്ടു കൊടുക്കാതെ ഞാൻ തീർക്കും അവരെ അതിന് എനിക്കൊരു നിയമത്തിന്റെ സഹായവും വേണ്ട.. ശിവ ദേഷ്യത്തോടെ പറഞ്ഞു.

അറിയാം ശിവ എനിക്ക് ചുറ്റുമുള്ളവരെ എനിക്ക് സംരക്ഷിച്ചേ മതിയാകൂ… നിങ്ങളെയൊന്നും ഇനിയും വിധിയുടെ മുൻപ് തോൽക്കാൻ വിട്ടുകൊടുക്കാതെ ഒരു കവചമായി സംരക്ഷിക്കണം എനിക്ക്, അതിനു വേണ്ടി തന്നെയാണ് ഈ മുൻകരുതലുകൾ ഒക്കെയും..
അപ്പുറത്തെ ആൾക്കൂട്ടങ്ങളിലേക്ക് നോക്കി അച്ചായൻ പറഞ്ഞു.

ശിവ മൗനമായി അശ്വിന്റെ അസ്ഥി തറയിലേക്ക് നോക്കിനിന്നു.

ഒരുപാട് നേരമായില്ലേ എല്ലാവരും നമുക്ക് വേണ്ടി കാത്തു നിൽക്കുന്നു.
ഇനിയും അവരെ മുഷിപ്പിക്കണോ…? ഏറെ നേരത്തെ മൗനത്തിനു ശേഷം ശിവ അച്ചായനോട് ചോദിച്ചു.

ഒരാളും കൂടി വരാനുണ്ട്.
അച്ചായന്റെ വാക്കുകൾ കേട്ട ശിവ സംശയത്തോടെ അവനെ നോക്കി.

ഷാഹുൽ സാർ നാട്ടിലെത്തിയിട്ടുണ്ട്, അൽപ്പസമയത്തിനകം ഇവിടെ എത്തിച്ചേരും.

അവനത് പറഞ്ഞപ്പോഴാണ് അവളും അതോർത്തത്.
സാർ ഇന്ന് എത്തുമെന്ന് പാത്തുവും പറഞ്ഞു, പക്ഷേ രാവിലെ തന്നെ ഇങ്ങോട്ട് തിരിച്ചതുകൊണ്ട് അവളും ആ കാര്യം വിട്ടു കാണും. ശിവ അച്ചായനെ നോക്കി പറഞ്ഞു.

എല്ലാവരും ഇവിടെ ഉണ്ടെന്ന് സാറിന് അറിയാം, ഈ വരവ് തന്നെ ഞാൻ പറഞ്ഞിട്ടാണ്. ഈ അവസരത്തിൽ സാർ കൂടി നമുക്കൊപ്പം വേണം എന്ന് എനിക്ക് തോന്നി.

രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് പൊടി പറത്തിക്കൊണ്ട് ഒരു കാർ ചീറിപ്പാഞ്ഞു വന്നത്.

എല്ലാവരുടെയും ശ്രദ്ധ കാറിലേക്ക് ആയി.

അല്പസമയം കഴിഞ്ഞപ്പോൾ ആ കാറിന്റെ ഫ്രണ്ട് ഡോർ തുറക്കപ്പെട്ടു.

അതിൽ നിന്നും ഇറങ്ങുന്ന ആളെ കാണാൻ എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കി.

കാറിൽ നിന്നും പുഞ്ചിരിയോടെ ഇറങ്ങിയ ശാഹുൽ സാറിനെ കണ്ട് പാത്തുവിന്റെ കയ്യിലിരുന്ന മോൻ അവളുടെ കൈയിൽനിന്നും ഊർന്നിറങ്ങി
വാപ്പി എന്നും വിളിച്ചു സാറിന്റെ അരികിലേക്കോടി.

ആഹാ എന്റെ കുറുമ്പൻ ഇവിടെ ഉണ്ടായിരുന്നോ…?
സാർ ഒരു പഞ്ചുറിയോടെ അവനെ വാരിയെടുത്ത് കവിളിൽ തുരു തുരാ ഉമ്മ കൊടുത്തു.

അപ്പോഴേക്കും പാത്തുവും സാറിനരികിലെത്തി.

ഒരു കയ്യിൽ തന്റെ മകനെയും മറുകൈ കൊണ്ട് പാത്തുവിനെയും ചേർത്ത് പിടിച്ച് സാർ തനിക്ക് പരിചിതമായ മുഖങ്ങളെ ലക്ഷ്യമാക്കി നടന്നു.

കാർത്തി സാറിനെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു, ശ്യാമും അവർക്കരികിലേക്കെത്തി.
അരുൺ ഒരു പുഞ്ചിരിയോടെ നീട്ടിയ കൈ പിടിച്ചു അവനെ തന്നിലേക്കടുപ്പിച്ചു കെട്ടിപ്പിടിച്ചു.

ആ കണ്ടുമുട്ടൽ എല്ലാവരുടെയും കണ്ണുകൾക്ക് കുളിര്മയേകുന്ന കാഴ്ച്ച തന്നെയായിരുന്നു.

അച്ചായനെ അന്ന്വേഷിച്ചപ്പോൾ കാർത്തി ചൂണ്ടിക്കാണിച്ചിടത്തേക്ക് മോനെ പാത്തുവിനെ ഏൽപ്പിച്ചു സാർ നടന്നു.

അവിടെ താൻ വരുന്നതും നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ശിവയുടെ ഇടത് ഭാഗത്ത് അച്ചായനും വലത് ഭാഗത്തു അശ്വിനും നിൽക്കുന്നതായിട്ട് സാറിന് തോന്നി.

രണ്ട് പേരും തന്നെ നോക്കി പുഞ്ചിരിക്കുന്നു.
ഒരു നിമിഷം സാറിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.

കണ്ണുകൾ ഒരിക്കൽ കൂടി ചിമ്മി നോക്കിയപ്പോൾ ശിവയുടെ വലതു ഭാഗം ശൂന്യമായിരുന്നു.
അവൾ നിൽക്കുന്നതിന്റെ തൊട്ടപ്പുറത്തായി അശ്വിന്റെ അസ്ഥിത്തറ സാറിന്റെ ദൃഷ്ടിയിൽ പെട്ടു.

അത് കണ്ടപ്പോൾ സാറിന്റെ മിഴികളിൽ നനവ് പടർന്നു.

സാർ അരികിലെത്തിയതും അച്ചായൻ ചെന്ന് കെട്ടിപ്പിടിച്ചു.

ശിവ പുഞ്ചിരിയോടെ തന്റെ കൈക് കൂപ്പി.

സാർ ഇരുവരെയും സ്‌നേഹത്തോടെ ഒന്ന് നോക്കി.

ഒരു അധ്യാപകന്റെ ഏറ്റവും വലിയ സന്തോഷമാണ് താൻ പഠിപ്പിച്ച തന്റെ കുട്ടികൾ നല്ല നിലയിലായി കാണുന്നത്.
ഇവിടെ ഞാൻ പഠിപ്പിച്ച എന്റെ രണ്ട് വിദ്യാർത്ഥികളും ഇന്ന് കേരളത്തിലെ ഉയർന്ന പദവി കൈകാര്യം ചെയ്യുന്നവരാണ്.
ഒരാൾ ഐ പി എസ് കാരനും ഒരാൾ സബ് കളക്ടറും ഇതിൽപ്പരം സന്തോഷം ഒരു അധ്യാപകന് കിട്ടാനില്ല.
എന്നിട്ടും എനിക്കിപ്പോ സന്തോഷത്തേക്കാളേറെ സങ്കടമാണ്.
ഞാൻ ഏറെ സ്നേഹിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ ഓർമ്മകളെന്നെ ചുട്ടു പൊള്ളിക്കുകയാണ്, അവന്റെ പുഞ്ചിരിക്കുന്ന മുഖം ഓർമകളിൽ കൂടുതൽ തെളിമയോടെ ഉദിച്ചു വരികയാണ് സാർ അവന്റെ അസ്ഥിത്തറയ്ക്കു സമീപം മുട്ടുകുത്തിയിരുന്നു.

എനിക്കിവനെ കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു, അവസാനമായി ഒരു നോക്ക് കാണാൻ പോലും എനിക്ക് വിധിയുണ്ടായില്ല സാർ നിറഞ്ഞു വന്ന കണ്ണുനീരിനെ കൈ കൊണ്ട് തുടച്ചുമാറ്റി.

കൊല്ലണം ഇത് ചെയ്തവരെ അരിഞ്ഞു വീഴ്ത്തണം, ഞാൻ നിന്നോട് പറഞ്ഞതാ അവരെ എനിക്ക് വിട്ടു താ എന്റെ കൈ വിറക്കില്ല ഞാൻ തീർക്കാം എന്റെ അച്ചുവിനെ കൊന്നവരെ ശാഹുൽ സാർ ദേഷ്യത്തോടെ അച്ചായനെ നോക്കി പറഞ്ഞു.

എന്നിട്ട്..? എന്നിട്ട് സാർ ജയിലിൽ പോയി കിടക്കും അപ്പോൾ പാത്തുവും മോനുമോ…? ഒരുപാട് സങ്കടം സഹിച്ചതാ ഞങ്ങളെ പാത്തു ഇന്നും അവൾക്ക് ആ പഴയ പാത്തു ആവാൻ കഴിയുന്നില്ല ഇനി ഇതൂടെ അവൾക്ക് താങ്ങുമോ..? അവളുടെ കണ്ണ് നിറയുന്നത് അച്ചുവിന് സഹിക്കുകയില്ല സാർ ഇത് ചെയ്താൽ അവന്റെ ആത്മാവ് സഹിക്കൂല.
പിന്നെ മോൻ ഒരു കൊലപാതകിയുടെ മോനായി അവൻ വളരണോ…? സാർ തന്നെ പറ, അച്ചായന്റെ ചോദ്യത്തിന് മറുപടി പറയാനാവാതെ ശാഹുൽ സാർ നിന്നു.

കാർത്തിയെ വിളിച്ച് എല്ലാവരോടും അവിടേക്ക് വരാൻ പറഞ്ഞു.
അവരെല്ലാം എത്തിയതും അച്ചായൻ സംസാരിക്കാൻ തുടങ്ങി.

നിങ്ങളെയെല്ലാം വിളിച്ചു കൂട്ടിയത് എന്തിനാണെന്ന് പലർക്കും മനസ്സിലായിക്കാണും.
അശ്വിൻ രാഘവ് അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

പരിചയപ്പെട്ട ആരും അവനെ മറക്കില്ല.
എന്റെ സ്കൂൾ പഠനം ഒരു സി ബി എസ് സി സ്കൂളിൽ ആയിരുന്നു.
പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാസായ ഞാൻ ഇവിടെ ഒരു സർക്കാർ സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നു.
ഒരു മാനേജ് മെന്റ് സ്കൂളിൽ പഠിച്ച എല്ലാ കുട്ടികൾക്കും സർക്കാർ സ്കൂളിൽ ഉള്ള എല്ലാ കാര്യവും പുതുമ തന്നെയാവും, എനിക്കവിടെ കിട്ടിയ ഏറ്റവും വലിയ പുതുമ എന്റെ അച്ചുവും കാർത്തിയുമായിരുന്നു.

വളരെ പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിലേക്ക് ശ്യാമും കൂടി വന്നു.
പിന്നീടങ്ങോട്ട് ഞങ്ങളുടെ സൗഹൃദം പലരെയും അത്ഭുതപ്പെടുത്തി.
എന്റെ ജീവിതത്തിൽ അശ്വിൻ അറിയാത്ത ഒരു രഹസ്യവും ഉണ്ടായിട്ടില്ല, ഒന്നൊഴികെ എന്റെ പ്രണയം ശിവയോടാണെന്നുള്ളത്. അതാവിനോടുള്ള സ്‌നേഹം കൊണ്ട് തന്നെയാ മറച്ചു വെച്ചതും, അവനെത്ര പ്രിയപ്പെട്ടതാണെങ്കിലും എന്റെ ഇഷ്ടം അറിഞ്ഞാൽ അവൻ വഴി മാറി പോകും അതുറപ്പുള്ളതോണ്ടാ ഞാൻ അവനിൽ നിന്നും പലതും മറച്ചുവെച്ചത്.

കലാലയ ജീവിതത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ഞങ്ങൾക്കാ പേര് വീണു “ഫോർ ഫൈറ്റേഴ്സ്”..

അത് കേൾക്കുമ്പോൾ തന്നെ ഒരുകുളിരായിരുന്നു.

ഒരു വിദ്യാർത്ഥികൾക്കും കിട്ടാത്ത മറ്റൊരു ഭാഗ്യം ആയിരുന്നു ഞങ്ങളുടെ ശാഹുൽ സാർ എന്തിനും ഏതിനും ഞങ്ങളുടെ കൂടെ കട്ടക്ക് സാറും ഉണ്ടായിരുന്നു.

സാറിന്റെ വിവാഹം പോലും ഞങ്ങൾ മുൻകൈ എടുത്താണ് നടത്തിയത്.
ഞങ്ങളെ പൊന്നു പെങ്ങളെ പൊക്കി കൊണ്ടു വന്നു സാറിനെ ഏൽപ്പിക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു.

പാത്തുവും ശിവയും ഞങ്ങളുടെ സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു.

ഈ സന്തോഷങ്ങളിലേക്കാണ് ചിലർ കരിനിഴൽ വീഴ്ത്തിയത്.

ആ അമ്മയെ ഒന്ന് നോക്ക് എല്ലാരും എത്രയൊക്കെ ഞങ്ങൾ പൊന്നുപോലെ നോക്കിയാലും തന്റെ പൊന്നുമോന് പകരമാവില്ല ഒന്നും, അതുകൊണ്ടാ ആ കണ്ണുനീർ ഇന്നും തോരാതെ നിൽക്കുന്നത്.

അച്ചായൻ അമ്മയെ നോക്കി പറഞ്ഞു.

പിന്നെ ഇവൾ ശിവ ഏതുപെണ്ണുണ്ടാവും ഇങ്ങനെ ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിട്ട് കൺമുമ്പിൽ വെച്ച് തന്നെ അതെല്ലാം തകർക്കപ്പെട്ടവൾ, തന്റെ പ്രാണൻ മുന്നിൽ കിടന്നു പിടയുന്നത് കാണേണ്ടി വന്നവൾ..
ഇന്നും ആ ഓർമയിൽ തോരാത്ത കണ്ണീരുമായി ജീവിക്കുന്നവൾ.

കാർത്തി ജീവിതമേ വേണ്ട പറഞ്ഞു ഓടിപ്പോയവനാ, ഇന്നും ഒരു ജീവിതമില്ല അവന്, ശ്യാം ജീവിക്കാൻ മറന്നുപോയി അവനും കൂട്ടുകാർക്ക് വേണ്ടി ജീവിച്ച്, ഒരാളുടെ നഷ്ടം ഞങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാ ഇതൊക്കെ.

ഇതൊക്കെ ചെയ്തവർ ഇപ്പോഴും നിയമത്തിന്റെ കണ്ണും വെട്ടിച്ചു സുഖിച്ചു ജീവിക്കാ. അതനുവദിക്കണോ നിങ്ങൾ പറ,
ഞങ്ങളുടെ പ്രിയപ്പെട്ടവനെ ഇല്ലാതാക്കിയവനെ ഞങ്ങൾ എന്തു ചെയ്യണം നിങ്ങൾ തന്നെ പറ.
അച്ചായൻ ആൾക്കൂട്ടത്തിലേക്ക് നോക്കി ചോദിച്ചു.

അരിഞ്ഞു വീഴ്ത്തണം, കൂട്ടത്തിൽ ഒരാളുടെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.

വൈശാഖ് ദേഷ്യത്തോടെ മുന്പോട്ട് വന്നു. അവനെ സപ്പോർട്ട് ചെയ്ത് എല്ലാവരും സംസാരിച്ചു.

നിങ്ങൾക്കിടയിൽ വെച്ച് തന്നെയാണ് വിചാരണ, ശിക്ഷയും ഇവിടെ തന്നെ ആവണം, ഇവന്റെ മുമ്പിൽ വെച്ച് തന്നെ അശ്വിന്റെ അസ്ഥിത്തറയിലേക്ക് ചൂണ്ടി അച്ചായൻ പറഞ്ഞു.

കുറ്റവാളിയെ നിങ്ങൾക്കുമുമ്പിൽ എത്തിക്കുന്നതിന് മുൻപ് നമുക്കൊരാളെ പരിചയപ്പെടാം,

ആളെ ഇങ്ങു കൊണ്ടുവാ കോൺസ്റ്റബിളിനെ നോക്കി അച്ചായൻ പറഞ്ഞു.

കുറച്ചു സമയത്തിനു ശേഷം അയാൾ തിരികെ വന്നു.

അയാൾക്ക് പിറകിൽ വന്ന ആളെ കണ്ട് എല്ലാവരും അമ്പരന്നു.

” ആൻവി ”

ആളെ കണ്ടതും അവിടെയുള്ള പലരുടേയും ചുണ്ടുകൾ മന്ത്രിച്ചു.

ആൻവി പാത്തുവിനെ കണ്ടതും തന്റെ കൈകൾ കവിളിൽ ഒന്ന് തൊട്ടു.

പാത്തുവും അവളെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു.

അന്നാ സംഭവത്തിന് ശേഷം അവളെ ആരും പിന്നെ കണ്ടിട്ടില്ല.

കാലം അവളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അന്നത്തെ ആ മോഡേൺ പെൺകുട്ടിയെ അല്ല ഇപ്പോൾ.

ഒരു സാരിയാണ് വേഷം, യാതൊരു ആർഭാടവും അവളുടെ വേഷത്തിൽ ഇല്ല, എന്നും ചായം തേച്ചുമിനുക്കിയിരുന്ന അധരങ്ങൾക്കിന്നു ആ തിളക്കമില്ല,
തുടുത്ത കവിളുകൾക്ക് പകരം ഒട്ടിയ കവിൾ തടങ്ങൾ, എല്ലാവരും അവളെതന്നെ നോക്കി നിന്നു.

ഇവളെ ഇവിടെ കൂടിയ പലർക്കും സുപരിചിതം ആയിരിക്കും.
അറിയാത്തവർക്ക് വേണ്ടി ഞാൻ ഇവളെ ഒന്ന് പരിചയപ്പെടുത്താം.

ഇത് ആൻവി, ആറു വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്നു.

ഒരു വിദ്യാർത്ഥിയും ഒരിക്കലും ഒരു അദ്ധ്യാപകനോടും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ഇവൾ ചെയ്തു.
തന്റെ അധ്യാപകനെ ചതിയിൽ പെടുത്തി തന്റെ മാനത്തിന് വിലയിട്ടു.
ഞങ്ങളുടെ ഷാഹുൽ സാറിന്റെ അധ്യാപക ജീവിതം അവസാനിപ്പിച്ചു.

ഞങ്ങളുടെ പാത്തുവിനെ അവസരോചിതമായ ഇടപെടൽ കാരണം സാറിന്റെ നിരപരാധിത്വം ആ നിമിഷം തന്നെ തെളിയിക്കപ്പെട്ടു എങ്കിലും പിന്നീട് അപമാനിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻപിൽ തന്റെ അധ്യാപക ജീവിതം അവസാനിപ്പിച്ച് ഒരു പ്രവാസിയുടെ കുപ്പായം എടുത്ത് അണിയേണ്ടിവന്നത് ഇവൾ കാരണമാണ്. ഒരു നിമിഷത്തേക്കെങ്കിലും ഞങ്ങളുടെ സാർ തലകുമ്പിട്ടു നിൽക്കേണ്ടി വന്നത് ഇവൾ കാരണമാണ്.
കർത്താവ് അതിനുള്ള ശിക്ഷ ഇവൾക്ക് കൊടുത്തു.
മരണത്തെ മുൻപിൽ കാണുന്ന ഒരു ക്യാൻസർ പേഷ്യൻന്റ് ആണ് ഇവൾ ഇന്ന്.
അച്ചായന്റെ ആ വാക്കുകൾ കേട്ടത് എല്ലാവരും അവളെ ദയനീയമായി ഒന്ന് നോക്കി.

ആരുടെയും മുഖത്ത് നോക്കാനാവാതെ അവൾ തല കുമ്പിട്ടു നിന്നു.

ഈ കേസിൽ ഇവൾക്കെന്താ പ്രാധാന്യം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്.
ഇതുവരെ തുമ്പില്ലാതെ കിടന്നിരുന്ന ഈ കേസിലേക്ക് വഴിത്തിരിവായത് രണ്ടുദിവസം മുൻപ് എന്നെ തേടി വന്ന ഇവളുടെ കോൾ ആണ്.

അപമാനഭാരത്താൽ തന്റെ പഠനമുപേക്ഷിച്ച് തന്റെ മാതാപിതാക്കൾക്കൊപ്പം വിദേശത്തേക്ക് ചേക്കേറി എന്നാണ് ആനവിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരുന്നത്. ഞാനും അങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്.

എന്നാൽ അങ്ങനെയല്ല തന്റെ ജീവൻ അപകടത്തിലാവും എന്ന് പേടിച്ച് ഇവിടെനിന്നും പോയതാണെന്ന് ആൻവിയുടെ കോൾ വരുന്നത് വരെ താനും അറിഞ്ഞിരുന്നില്ല.

അച്ചായന്റെ വാക്കുകൾ കേട്ടതും എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി.

അന്ന് നടന്ന സംഭവം ആരും മറന്നിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

വൈശാഖ് പറഞ്ഞതനുസരിച്ച് അന്നത്തെ സംഭവത്തിന് പിന്നിൽ ആൻവിയുടെ മാത്രം ബുദ്ധിയായിരുന്നു. അവരെല്ലാം അതിന് സപ്പോർട്ട് ചെയ്ത് നിന്നു കൊടുത്തു എന്ന് മാത്രം. പക്ഷേ അവർക്ക് പോലും അറിയാത്ത ഒരു എതിരാളി അതിനു പിന്നിലുണ്ടായിരുന്നു. അത് പാണ്ഡവാസും അറിഞ്ഞില്ല,
മുൻകൂട്ടി തയ്യാറാക്കിയ തന്റെ പദ്ധതികൾക്ക് ആൻവിയെ കരുവാക്കുകയായിരുന്നു അയാൾ. അത് മനസ്സിലാകാതെ അവൾക്കൊപ്പം പാണ്ഡവാസും ചേർന്നു.
പക്ഷേ സംഗതി അയാൾ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നുമാത്രമല്ല എട്ടുനിലയിൽ പൊട്ടുകയും ചെയ്തു.

അച്ചായന്റെ വാക്കുകൾ എല്ലാവർക്കും പുതിയ അറിവുകൾ ആയിരുന്നു.

ആരാണയാൾ, എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു.

താനാണ് ഇതിന്റെ പിന്നിൽ എന്ന് അറിയാവുന്ന ആൻവിയെ അയാൾ ഭീഷണിപ്പെടുത്തി.അവളുടെ ജീവനു തന്നെ അയാൾ ഭീഷണിയാവും എന്ന് തോന്നിയപ്പോൾ അവൾ ഇവിടം ഉപേക്ഷിച്ചു പോയി.

അതോടുകൂടി കൂടെ നിന്ന് ചതിക്കുന്ന ആ ചെന്നായയെ ആരും അറിഞ്ഞില്ല.
അച്ചായൻ തന്റെ മുൻപിൽ നിൽക്കുന്ന ആളെ സൂക്ഷിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

അച്ചായന്റെ നോട്ടം നേരിടാനാവാതെ അയാൾ വെട്ടി വിയർക്കുന്നുണ്ട്.
എന്താ അരുൺ നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ…? അരുണിന്റെ തോളിലൂടെ തന്റെ കൈയിട്ട് അവനെ എല്ലാവർക്കും മുൻപിലായി അച്ചായൻ കൊണ്ടുവന്നു നിർത്തി.

ഞാൻ ഈ പറഞ്ഞതിൽ വല്ലതും നീ നിഷേധിക്കുന്നുണ്ടോ അരുൺ…?
അച്ചായന്റെ ചോദ്യം കേട്ടതും എല്ലാവർക്കും ഇടയിലും മുറു മുറുപ്പുണ്ടാവാൻ തുടങ്ങി.

കേട്ടത് വിശ്വസിക്കാനാവാതെ എല്ലാരും പരസ്പരം നോക്കി.

ഞാ… ഞാനോ.. ഞാൻ എന്ത് ചെയ്തു, ഇവള് പിടിച്ചുനിൽക്കാൻ വേണ്ടി എന്തെങ്കിലും പറയുന്നത് കേട്ട് എന്നെ സംശയിക്കരുത്,
അശ്വിൻ അവനെ കൊല്ലാൻ എനിക്ക് എങ്ങനെ കഴിയും.
ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല അരുൺ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു.

അത് കേട്ടതും അച്ചായന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അതിനു ഞാൻ പറഞ്ഞില്ലല്ലോ അരുണേ നീ അശ്വിനെ കൊന്നു എന്ന് വിചാരണ കൂടാതെ നീ അതും സ്വയം ഏറ്റെടുത്തോ…? അച്ചായൻ ഒരു പരിഹാസത്തോടെ ചോദിച്ചു.

അവൻ മറുപടി പറയാനാവാതെ നിന്നു വിറച്ചു.

നീ എന്തു വിചാരിച്ചു അങ്ങനെ വല്ലവരും വിളിച്ചു പറയുന്ന വാക്ക് വിശ്വസിക്കുന്ന ആളാണ് ഈ ആന്റ്റോ ആന്റണി എന്നോ…?

ഞാൻ നിന്റെ പുറകിൽ കൂടിയിട്ട് ദിവസങ്ങളായി അരുണേ.., എന്റെ കയ്യിൽ വ്യക്തമായ തെളിവോടുകൂടി തന്നെയാണ് ഞാൻ നിന്നെ ചൂണ്ടിക്കാണിക്കുന്നത്.

ഞാനല്ല ഞാൻ ഒന്നും ചെയ്തിട്ടില്ല, അരുൺ വീണ്ടും ആവർത്തിച്ചു പറഞ്ഞു.

ചീ… നിർത്തെടാ.,, നീ ഒന്നും ചെയ്തിട്ടില്ല അല്ലേ..?

എങ്കിൽ എന്തുകൊണ്ടാണ് നീ ഞങ്ങളുടെ കൂടെ നടന്നിട്ടും നിന്റെ ഉള്ളിൽ ഫാത്തിമ നിദ ഉള്ളകാര്യം നീ ഞങ്ങളോട് പറയാതിരുന്നത്..? സ്വന്തം പെങ്ങളെ പോലെ ഞങ്ങൾ അവളെ സ്നേഹിക്കുന്നത് കണ്ടിട്ടും നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഒരു സൂചനപോലും തരാതിരുന്നത്..? അച്ചായന്റെ ചോദ്യം കേട്ടു എല്ലാവരും ഒന്നു ഞെട്ടി.

പാത്തു അത്ഭുതത്തോടെ അരുണിനെ ഒന്നു നോക്കി.
കേട്ടതൊന്നും വിശ്വസിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല.
അവൾക്ക് എന്നല്ല പലർക്കും ഇത് പുതിയ ഒരു അറിവായിരുന്നു. രണ്ടാൾക്ക് ഒഴികെ ശിവയ്ക്കും രാജീവിനും.

അരുൺ ഒന്നും പറയാനാവാതെ മൗനം പൂണ്ടു നിന്നു.

എന്താ നിന്റെ നാവിറങ്ങിപ്പോയോ..? നിനക്ക് ഉത്തരമുണ്ടാവില്ല അരുണേ…

നിന്റെ ഉള്ളിൽ പാത്തു കത്തിജ്വലിച്ചു നിന്നത് ഈ രാജീവ് അല്ലാതെ മറ്റാരും അറിഞ്ഞില്ല.

അന്ന് ലൈബ്രറിയിൽനിന്ന് നീ ഷാഹുൽ സാറും പാത്തുവും തമ്മിലുള്ള അടുപ്പം മനസ്സിലാക്കിയത് മുതൽ നിന്റെ യുള്ളിൽ അടങ്ങാത്ത പകയായിരുന്നു സാറിനോട്.
അവരെ തമ്മിൽ പിരിക്കാൻ നീ അവസരം നോക്കി കാത്തിരുന്നു.

അപ്പോഴാണ് ആൻവി നിന്റെ കയ്യിൽ വന്നു പെടുന്നത്.

അവളെ പറഞ്ഞു പിരി കേറ്റിയതും ഇങ്ങനെ ഒരു കാര്യം ഉപദേശിച്ചു കൊടുത്തതും നീയാണ്.
പക്ഷേ കാര്യങ്ങൾ നീ ഉദ്ദേശിച്ചത് പോലെ ആയില്ല. മാത്രവുമല്ല അതോടുകൂടി സാർ എല്ലാവർക്കും ഇടയിലും സ്റ്റാറായി.
പാത്തുവിനു സാറിനോടുള്ള സ്നേഹം കണ്ടു നിന്റെ ഉള്ളിലെ കനൽ ആളിക്കത്തി.

അവരെ പിരിക്കാനായി നീ ഫോട്ടോ സഹിതം അവളുടെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചിട്ടും ഫലമുണ്ടായില്ല.
ആ സംഭവത്തോടെ പാത്തുവും സാറും ഒന്നായി. അവരെ ഒരുമിപ്പിച്ചതാകട്ടെ അശ്വിനും.
അതോടെ അശ്വിനോടുള്ള നിന്റെ പക അവന്റെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് നീ തീർത്തു.

നോ… ഞാൻ അച്ചുവിനെ ഒന്നും ചെയ്തിട്ടില്ല അവനെ ഒന്നും ചെയ്യാൻ എനിക്കാവില്ല, പാത്തുവിനോട്‌ എനിക്കൊരിക്കലും പ്രണയം ഉണ്ടായിട്ടില്ല, ഇവൾ പറയുന്നതൊന്നും വിശ്വസിക്കരുത് അരുൺ വീണ്ടും അപേക്ഷയോടെ പറഞ്ഞു.

ഞാൻ പറഞ്ഞു അരുണെ അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു വിശ്വസിക്കുന്ന ആളല്ല ഞാൻ എന്ന്.

ഇന്നലെ നിന്റെ ഹോട്ടലിൽ നമ്മൾ എല്ലാം ഒരുമിച്ച് കൂടിയത് നീ മറന്നോ..?

അത് വെറും സൗഹൃദം പുതുക്കാൻ ആണെന്ന് കരുതിയോ നീ…? എന്നാൽ അങ്ങനെയല്ല.. നിന്റെ ഓരോ ചലനങ്ങളും വീക്ഷിക്കാൻ കൂടിയായിരുന്നു അത്.

ഇന്നലെ ഞാൻ കണ്ടതാണ് അരുണേ നിന്റെ കണ്ണുകളിൽ പാത്തുവിനോടുള്ള പ്രണയം.
വർഷം ഇത്ര കഴിഞ്ഞിട്ടും നിന്നിലെ കാമുകൻ അവളെ കണ്ടപ്പോൾ വീണ്ടും ഉയർത്തെണീറ്റു.

പാത്തുവിനു ഒരു ഭർത്താവുണ്ട് മോൻ ഉണ്ട് എന്ന് പോലും ഓർക്കാതെ നിന്റെ ഭാര്യയെയും കുഞ്ഞിനെയും മറന്നു നീ അവളെ ഒരു കാമുകന്റെ കണ്ണുകളോടെ അടിമുടി ഉഴിയുന്നത് നീ പോലുമറിയാതെ ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു.

അശ്വിൻ മരിച്ചശേഷം പഠനമുപേക്ഷിച്ച് പോയെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു.
പക്ഷേ നീ വിദേശത്തേക്ക് പോയത് പാത്തുവിനെ അന്വേഷിച്ചായിരുന്നു.
അവിടെ അവർ താമസിച്ച തൊട്ടടുത്ത ഫ്ലാറ്റിൽ നീ അഞ്ച് ദിവസം താമസിച്ചു.
ഷാഹുൽ സാറും പാത്തുവും ഒരിക്കൽ പോലും നിന്നെ കണ്ടില്ല.

ഇങ്ങനെപോയാൽ തന്റെ മകൻ കൈവിട്ടു പോകും എന്ന് മനസ്സിലാക്കിയ നിന്റെ അച്ഛൻ നിന്നെ പിടിച്ച പിടിയാലേ കൊണ്ടുവന്നു കുടുംബ ബിസിനസ് നിന്നെ ഏൽപ്പിച്ചു.

തന്റെ മകൻ ചെയ്ത പാതകം പുറംലോകം അറിയാതിരിക്കാൻ വേണ്ടി അന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം പണം വാരിയെറിഞ്ഞപ്പോൾ ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടത് ഞങ്ങളുടെ കൂടപ്പിറപ്പിന് ലഭിക്കേണ്ട നീതി യായിരുന്നു. അച്ചായൻ ദേഷ്യത്തോടെ അവനെ നോക്കി.

എടാ നീ ഞങ്ങളുടെ അച്ചുവിനെ, കൂടപ്പിറപ്പായി തന്നെയല്ലേ അവൻ നിന്നെ കണ്ടത് എന്നിട്ടും നീ ഇത് ചെയ്തല്ലോ…? ശ്യാം അതും പറഞ്ഞ് അവന്റെ കോളറിന് കുത്തിപിടിച്ച് ദേഷ്യത്തോടെ അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു.

അച്ചായൻ അവനെ പെട്ടെന്ന് പിടിച്ചുമാറ്റി.

ആവേശം വേണ്ട ശ്യാമേ, കഥകൾ ഇനിയും മാറിമറിയാൻ ഉണ്ട്, പലരും ഇനിയും രംഗത്ത് വരാനുണ്ട്.
എല്ലാം കഴിയട്ടെ എന്നിട്ടാകാം വിചാരണയും ശിക്ഷയും എല്ലാം.
അച്ചായൻ തന്റെ വാക്കുകൾ കടുപ്പിച്ചു പറഞ്ഞു.

എല്ലാവരും കേട്ടതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു.
ജീവച്ഛവം പോലെയാണ് പലരും അവിടെയുള്ള രംഗങ്ങൾ വീക്ഷിക്കുന്നത്.

സംഭവത്തിന് ഏക ദൃക്സാക്ഷി ശിവയാണ്, അവളുടെ മൊഴിയിൽ വ്യക്തമായി പറയുന്നുണ്ട് രണ്ടുപേർ ചേർന്നാണ് അശ്വിനെ ആക്രമിച്ചതെന്ന്.
അപ്പോൾ ഒരാൾ കൂടിയുണ്ട്. അതാരാണ്..? അച്ചായൻ സംശയത്തോടെ അരുണിനെ നോക്കി ചോദിച്ചു.

ആരുമില്ല ഞാൻ തന്നെയാണ് എല്ലാം ചെയ്തത് ഞാനാണ് അവനെ വെട്ടി വീഴ്ത്തിയത്, എന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കിയ അവനെ ഞാനാണ് കൊത്തി നുറുക്കിയത് അരുണിന്റെവാക്കുകളിൽ ആവേശം കൂടി വന്നു.

പ്ഫാ %&*&%-= ഞാൻ ഒന്നും ചെയ്യുന്നില്ല എന്നു വിചാരിച്ചപ്പോൾ നീ വല്ലാതെയങ്ങ് പൊങ്ങി നിൽക്കേണ്ട.
നിന്റെ ആ കൂട്ട് പ്രതിയെ നീ സംരക്ഷിചിട്ട് കാര്യമില്ല. എല്ലാ തെളിവുകളോടുകൂടി ഞാനും അയാൾക്ക് പുറകിൽ സഞ്ചരിച്ചിരുന്നു.

അന്ന് കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനു എന്റെ പേരിൽ കുറ്റം ചാർത്താൻ ഒരുപാട് ആവേശമായിരുന്നു.
അതിന് അയാൾ നൽകിയ കാരണം ഞാൻ ശിവയെ പ്രണയിച്ചു എന്നതാണ്.

അത് അവർക്ക് മനസ്സിലായത് ഒരു ഊമ കത്തിലൂടെയാണ്.
അത് കണ്ട് എന്റെ അങ്കിൾ അന്ന് എന്നോട് പറഞ്ഞതാണ്, ചതിക്കുന്നയാൾ കൂട്ടത്തിൽ തന്നെയുണ്ടെന്ന്. നിന്റെ കൂടെ നിന്നാണ് നിനക്കുള്ള ചതി വരുന്നത് സൂക്ഷിച്ചോ എന്ന്..

അന്ന് ആ കത്ത് കണ്ടത് അങ്കിൾ മാത്രമാണ്.
ഞാൻ അങ്കിൾ പറഞ്ഞ കാര്യം ഗൗരവമായി തന്നെ ചിന്തിച്ചു.

ശിവയെ ഞാൻ പ്രണയിക്കുന്നത് അറിയുന്നത് ഈ ലോകത്ത് മൂന്നുപേർക്കെ അന്ന് അറിവ് ഉണ്ടായിരുന്നുള്ളൂ.

ഒന്ന് എന്റെ അമ്മച്ചി, എനിക്ക് തന്ന വാക്ക് ഒരിക്കലും എന്റെ അമ്മച്ചി തെറ്റിക്കില്ല, ഞാനും അമ്മച്ചിയും കൂടാതെ പിന്നെ ഒരേ ഒരാൾക്കേ അത് അറിവുള്ളൂ.. അച്ചായൻ ഒന്നും നിർത്തി.
ചുറ്റും ഒന്ന് നോക്കി.

എല്ലാവരും ആകാംക്ഷയോടെ അച്ചായനെ തന്നെ നോക്കി നിൽക്കുകയാണ്.

ആ ആൾ ആരാണെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയോടെ നോക്കി.

” കാർത്തി” അച്ചായൻ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സഖാവ് – Part 17”

  1. ശരിയാണ്.ഞാനും വിചാരിച്ചിരുന്നു അച്ചായന്റെ പ്രണയം കൂട്ടത്തിൽ കാർത്തിക്ക്നു അല്ലെ അറിയുള്ളുന്ന് .

Leave a Reply