സഖാവ് – Part 2

5225 Views

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

വൈകീട്ട് വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടു തന്നെയും കാത്തു ഉമ്മറപ്പടിയിൽ ഇരിക്കുന്ന അച്ഛനെ.

ഇവിടെ ഇപ്പോൾ അച്ഛനു ഞാനും എനിക്ക് അച്ഛനും മാത്രമേയുള്ളൂ.
ചേച്ചി കല്യാണം കഴിഞ്ഞ് ഇപ്പോൾ ബാംഗ്ലൂരിൽ ആണ്. രണ്ട് ആൺമക്കൾ ഉണ്ട് സിദ്ധാർത് എന്ന സിദ്ദുവും സച്ചിൻ എന്ന സച്ചുവും ഒഴിവു കിട്ടുമ്പോഴൊക്കെ ചേച്ചി ഓടിയെത്തും ഞങ്ങളുടെ അടുത്തേക്ക്.
മുത്തശ്ശി മരിച്ചിട്ട് ഇപ്പോ രണ്ടു വർഷമായി.

എന്റെ ജീവിതത്തിലെ ദുരന്തങ്ങളെല്ലാം കണ്ടത് കൊണ്ടാവാം അച്ഛൻ ഇപ്പോൾ എന്റെ വിവാഹ കാര്യത്തെക്കുറിച്ച് സംസാരിക്കാറില്ല അത് എനിക്ക് വലിയൊരു ആശ്വാസം തന്നെയാണ്.

അവൾ നേരെ അകത്തുകയറി ഫ്രഷ് ആയ ശേഷം അച്ഛനുമായി കുറച്ചു നേരം സംസാരിച്ചിരുന്നു.

ഫുഡ് കഴിച്ചു കുറച്ചു ഫയലുകൾ നോക്കി കഴിഞ്ഞപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു.

റൂമിലേക്ക് ചെന്നപ്പോൾ തന്നെ കേട്ടു നിർത്താതെ അടിക്കുന്ന തന്റെ ഫോണിന്റെ ശബ്ദം.

ഡിസ്പ്ലേ തെളിഞ്ഞ പേര് കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

ആൻസർ ബട്ടണമർത്തി കാതോരം വെച്ചപ്പോൾ തന്നെ കേട്ടു ആ നേർത്ത ശബ്ദം

ഖൽബേ… ആ വിളിയിൽ അവളുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.

സുഖമാണോ ഡാ അവളുടെ ആ ചോദ്യത്തിന് ശിവ ഒന്നു മൂളുക മാത്രം ചെയ്തു.

എന്റെ ഉമ്മച്ചി കുട്ടിക്ക് സുഖമാണോ… ? നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ശിവ ചോദിച്ചു.

സുഖമാണ് മുത്തേ ഞാൻ വിളിച്ചത് ഒരു സന്തോഷവാർത്ത പറയാൻ ആട്ടോ, ഞാൻ വരുന്നുണ്ട് ടാ നിങ്ങളെ എല്ലാവരെയും കാണാൻ എത്ര കാലമായി നിങ്ങളെ എല്ലാവരെയും ഒന്ന് കണ്ടിട്ട് കൊതിയാവുന്നുണ്ട് ഒന്ന് കാണാൻ.

സത്യമാണോ..? നീ ഈ പറയുന്നത് എന്നാ വരുന്നത് കേട്ടതു വിശ്വസിക്കാനാവാതെ ശിവ ചോദിച്ചു.

സത്യം തന്നെയാണ് ഞാൻ പറഞ്ഞത്.
ഇക്കാടെ പേരിലുള്ള ലൈബ്രറി ഉദ്ഘാടനത്തിന് ഈ പെങ്ങൾ ഇല്ല ശരിയാവുമോടി.. അതു പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

അതുകേട്ടതും ശിവയുടെ ഉള്ളിലൊരു വിങ്ങൽ ഉണ്ടായി

സത്യം തന്നെയാണത് ഇതുപോലൊരു ആങ്ങളയും പെങ്ങളെയും ഞാൻ കണ്ടിട്ടില്ല.

അത്ര സ്നേഹമായിരുന്നു അച്ചുവേട്ടന് പാത്തുവിനെ യും പാത്തുവിന് അച്ചുവേട്ടനെയും. രണ്ടു പേരുടെയും സ്നേഹം കണ്ടു ഞാൻ അസൂയയോടെ നോക്കി നിന്നിട്ടുണ്ട് പല തവണ.

ചില ബന്ധങ്ങൾ ഉണ്ട് അത് പവിത്രമാക്കപ്പെട്ട ഞാൻ ഒരേ ചോരയിൽ ജനിക്കണം എന്നില്ല, ഒരേ ഗർഭപാത്രത്തിൽ കഴിയണമെന്നും ഇല്ല, അതു മുൻജന്മ ബന്ധങ്ങൾ പോലെ ദൃഢമായിരിക്കും, അതിന്റെ കെട്ടുറപ്പ് സ്നേഹം കൊണ്ടായിരിക്കും ഒരിക്കലും തകരില്ല.

ഡീ നീ എന്താ ഒന്നും പറയാത്തത്, തന്റെ ചിന്തകളെ ഭേദിച്ചുകൊണ്ട് പാത്തുവിന് ശബ്ദം അവളുടെ കാതുകളിലേക്ക് എത്തി.

അതിന് അവൾ മറുപടി ഒന്നും പറയാതെ നിന്നു.

എനിക്കറിയാം നീ ഇപ്പോ ഇക്കാനെ ഓർക്കുക യായിരിക്കും എന്ന്, ഇവിടെ ഞാൻ നിന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല പാത്തു ചെറിയ വിഷമത്തോടെ പറഞ്ഞു.

സങ്കടപ്പെടരുത് എന്റെ ഖൽബ്, അത് ഇക്കാക്ക് സഹിക്കൂല അവൾ ആശ്വാസവാക്കുകളോടെ ശിവയോട് പറഞ്ഞു.

കുറച്ചുനേരം കൂടി സംസാരിച്ച ശേഷം നേരിൽ കാണാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.

കിടക്കാനായി തന്റെ കട്ടിലിലേക്ക് ഇരുന്ന് ശിവ തന്റെ ടേബിളിൽ ഇരിക്കുന്ന സഖാവിന്റെ ഫോട്ടോയിലേക്ക് മിഴികൾ പായിച്ചു.

അവൾ പതിയെ നടന്നു ചെന്ന് ആ ഫോട്ടോ കയ്യിലെടുത്തു.

കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ ഒരു കരം കൊണ്ട് മെല്ലെ തുടച്ചുമാറ്റി.

എന്തിനായിരുന്നു സഖാവേ എന്നെ തനിച്ചാക്കി പോയത്…? ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന വല്ലതും നീ അറിയുന്നുണ്ടോ…? പണ്ട് നമ്മൾ ഒരുമിച്ച് നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് ഇന്ന് ക്യാൻവാസ് നിറം പകർത്താൻ ഞാൻ തനിച്ചായി പോയല്ലോ…? നിന്റെ കൂടെ ഞാൻ ചിലവഴിച്ച ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആണ് ഇന്ന് ഏറ്റവും കൂടുതൽ ഓർത്തു ഞാൻ കരയുന്നത്, രാത്രിയുടെ ദൈർഘ്യം ഒറ്റപ്പെടലിന്റെ ആഴം എനിക്ക് കാണിച്ചു തരുന്നു. എന്റെ കണ്ണുനീർ ഒപ്പേണ്ട നിന്റെ കൈകൾ ഇന്ന് നിശ്ചലമാക്കപെട്ടിരിക്കുന്നു.
മറവി എന്ന മൂന്നക്ഷരത്തിനു മരണമെന്ന മൂന്നക്ഷര തോടാണ് പ്രിയം എന്ന് എന്റെ ജീവിതം എനിക്ക് പഠിപ്പിച്ചു തന്നു.

മോൾ ഉറങ്ങിയില്ലേ..? പിന്നിൽനിന്ന് അച്ഛന്റെ ശബ്ദം കേട്ടതും അവൾ കയ്യിലെ ഫോട്ടോ ടേബിളിൽ വെച്ചു. കണ്ണുകളെ അമർത്തി തുടച്ചു എന്നിട്ട് അച്ഛനും നോക്കി ഒന്ന് പുഞ്ചിരിച്ചു.

അതിൽ ഉണ്ട് അതിനുള്ള ഉത്തരം, ആ വയസ്സൻ അത് വായിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. സങ്കടം അയാളുടെ കണ്ണുകളിലും നിഴലിച്ചു.

&&&&& &&&&&&& &&&&&& &&&&&&& &&&

നീയെന്താടാ ഈ മഞ്ഞു മൊത്തം കൊണ്ടു വല്ല അസുഖവും വരുത്തി വയ്ക്കാൻ ആണോ ഇവിടെ വന്നു കിടക്കുന്നത്…
പുറത്തെ തിണ്ണയിൽ നിലാവു നോക്കി കിടക്കുന്ന അച്ചായന്റെ അരികിലേക്ക് ആയി അമ്മച്ചി അതും ചോദിച്ചുകൊണ്ട് ചെന്നു.

ഈ മഞ്ഞ കൊണ്ടൊന്നും എനിക്ക് യാതൊരു അസുഖവും വരില്ല എന്ന് മറ്റാരെക്കാളും എന്റെ ത്രേസ്യകുട്ടിക്ക് നന്നായിട്ട് അറിയില്ലേ..? അവൻ കിടന്നിടത്തു നിന്ന് എണീറ്റ് കൊണ്ട് ചോദിച്ചു.

എടാ മോൾ എന്താ എന്നെ വിളിച്ചില്ലല്ലോ…?
അവർ പരിഭവത്തോടെ പറഞ്ഞു.

അയാൾക്ക് ചിലപ്പോൾ തിരക്കായിരിക്കും അമ്മ,, മുൻപത്തെ പോലെ അല്ലല്ലോ നാടിന്റെ കലക്ടർ അല്ലേ…? അതിന്റെ തായ തിരക്ക് കാണാതെ ഇരിക്കുമോ.? അയാൾ അമ്മച്ചിയുടെ മടിയിൽ ആയി തല വെച്ച് കൊണ്ട് പറഞ്ഞു.

എത്ര തിരക്കാണെങ്കിലും എന്നെ വിളിക്കാതെ ഒരു ദിവസം പോലും അവൾ ഉറങ്ങിയിട്ടില്ല.

അതു ചിലപ്പോൾ ഇന്ന് ശ്യാം വിവാഹ കാര്യത്തെ കുറിച്ച് പറഞ്ഞതുകൊണ്ട് ആയിരിക്കും വിളിക്കാത്തത്. അവളെ വിളിച്ചോളൂ എന്റെ ത്രേസ്യ കൊച്ച് എന്നും പറഞ്ഞു അയാൾ അമ്മയുടെ കവിളിൽ ഒന്നു പിടിച്ചു.

അവൾ ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് വരില്ല മോനേ അത് മറ്റാരെക്കാളും നന്നായിട്ട് എന്റെ മോനറിയാം പിന്നെയും എന്തിനാ എന്റെ മോൾക്ക് വേണ്ടി കാത്തിരിക്കുന്നത്, എന്റെ കണ്ണടയ്ക്കുന്നതിനുമുൻപ് എന്റെ മോന് ഒരു കുടുംബം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ട് പറയുകയാണ് നീ വേറെ ഒരു വിവാഹം കഴിക്കണം,

അത് കേട്ടതും അയാൾ അമ്മച്ചിക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു.

ആരും എന്താ എന്നെ ഒന്നും മനസ്സിലാകാത്തത്, എല്ലാ കാര്യവും ഞാനെന്റെ അമ്മച്ചിയോട് പറയാറില്ലേ…? എന്നിട്ടും അമ്മച്ചി പോലും ഇങ്ങനെയാണല്ലോ എന്നോട് സംസാരിക്കുന്നത്, ഒരിക്കൽ വിട്ടുകളഞ്ഞത് അല്ലേ ഞാൻ എല്ലാം, ഒന്നും വേണ്ട എന്ന് പറഞ്ഞു ഉപേക്ഷിച്ചത് അല്ലേ…? എന്നിട്ടെന്തുണ്ടായി ജീവനേക്കാളേറെ സ്നേഹിച്ച പെണ്ണ് നഷ്ടപ്പെട്ടുപോയ പ്രണയത്തിൽ ജീവിക്കുകയാണ്, അവളൊരു ജീവിതമില്ലാതെ നിൽക്കുമ്പോൾ എങ്ങനെയാണ് അമ്മാ ഞാൻ ഒരു ജീവിതം ഉണ്ടാക്കുന്നത്. പ്രണയം അത് ഓരോരുത്തരുടെയും മനസ്സിലുള്ള വികാരമാണ്, നേടുന്നത് കൊണ്ടുമാത്രമല്ല കൈവിട്ടു കളയുന്നതും പ്രണയം തന്നെയാണ്.
ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും വിട്ടുകളയാൻ തോന്നാത്തതും പ്രണയമാണ്.

എന്റെ പ്രണയം എന്റെ കണ്മുൻപിൽ നിൽക്കുമ്പോൾ ഞാൻ ഒരിക്കലും അത് മറന്നു ജീവിക്കില്ല, അവൾ എന്റെ ജീവിതത്തിലേക്ക് വന്നാലും ഇല്ലെങ്കിലും അവൾ അല്ലാതെ എന്റെ പ്രണയത്തിന് ഒരു അവകാശി ഇല്ല, ദയവു ചെയ്തു ആരും ഇക്കാര്യത്തെക്കുറിച്ച് എന്നോട് പറയരുത്. അത് പറയുമ്പോൾ അയാളുടെ സ്വരം ഇടറിയിരുന്നു അമ്മച്ചി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അയാൾ അകത്തേക്ക് പോയി.

തന്റെ മോൻ നടന്നകലുന്നതും നോക്കി അവർ അവിടെത്തന്നെ നിന്നു.

&&&&&&&&&&&&&

” പുലർച്ചെ കുളികഴിഞ്ഞ് ഈറൻ മാറി മുടി തുവർത്തി കൊണ്ട് നിൽക്കുമ്പോഴാണ് താഴെ സെക്യൂരിറ്റി ഗോപാലേട്ടനോട് കുശലം പറഞ്ഞു നിൽക്കുന്ന അമ്മച്ചി അവളുടെ ശ്രദ്ധയിൽ പെട്ടത്.

അവരെ കണ്ടതും അവളുടെ മുഖത്ത് ആയിരം പൂർണ്ണചന്ദ്രന്മാർ മിന്നിമറഞ്ഞു.

ഞൊടിയിടയിൽ തന്നെ അവളോടി മുറ്റത്തെത്തി.
ഓടിച്ചെന്ന് അമ്മച്ചിയെ കെട്ടിപ്പിടിച്ചു. അവരും സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു സ്നേഹത്തോടെ നെറുകയിൽ ചുംബിച്ചു.

ഇതെന്താ അമ്മച്ചി ഇത്ര കാലത്തെ തന്നെ ഇങ്ങോട്ടേക്ക്….? അവൾ തെല്ല് അത്ഭുതത്തോടെ ചോദിച്ചു.

അതെന്താ എന്റെ മോളെ കാണാൻ എനിക്ക് വന്നൂടെ…? നീയല്ലേ അമ്മച്ചിയെ മറന്നത് ഇന്നലെ ഒന്ന് വിളിച്ചത് പോലുമില്ല അവർ തെല്ല് സങ്കടത്തോടെ പറഞ്ഞു

അയ്യോ അമ്മച്ചി ഞാൻ മറന്നതല്ല ഇന്നലെ പാത്തു വിളിച്ചു ഫോൺ വെച്ചപ്പോൾ ഒത്തിരി വൈകിപ്പോയി, അമ്മച്ചി ഉറങ്ങിക്കാണും വിചാരിച്ചാണ് ഞാൻ വിളിക്കാതിരുന്നത്.

പാത്തു വിളിച്ചിരുന്നോ മോളെ..? അവൾക്ക് സുഖമല്ലേ എനിക്ക് വിളിച്ചിട്ട് ഇപ്പോൾ രണ്ട് ആഴ്ചയായി, അവളുടെ മോന്റെ പനിയൊക്കെ മാറിയോ..? അവർ ആകാംക്ഷയോടെ ചോദിച്ചു.

അവന്റെ പനിയൊക്കെ മാറി അമ്മച്ചി, അവൾ വരുന്നുണ്ട് അത് പറയാൻ വിളിച്ചതാണ്, ശിവ സന്തോഷത്തോടെ പറഞ്ഞു.

നേരോ മോളെ അവളും വരുന്നുണ്ടോ..? കാർത്തി മോനും വരുന്നുണ്ടെന്ന് കുഞ്ഞോൻ പറഞ്ഞു. അപ്പോൾ നിങ്ങൾ എല്ലാവരും പഴയപോലെ കൂടുവാണല്ലേ..? അച്ചു കൂടി ഉണ്ടായിരുന്നേൽ…, പറഞ്ഞു കഴിഞ്ഞിട്ടാണവർ ശിവയെ ഓർത്തത്. വാക്കുകൾ മുഴുവൻ ആകാതെ അവർ ശിവയെ നോക്കി.

അവളും വേദനയാൽ കലർന്ന ഒരു പുഞ്ചിരി നൽകി അമ്മച്ചിക്ക്.

അവൾ അമ്മച്ചിയെ സ്നേഹത്താൽ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

അന്നത്തെ പ്രാതൽ അവർ ഒരുമിച്ചാണ് കഴിച്ചത്.
ശിവയുടെ മുഖത്ത് പതിവിൽ കവിഞ്ഞ ഒരു സന്തോഷമുണ്ടായിരുന്നു. അതു പിതാവ് ശിവൻ ശ്രദ്ധിക്കുകയും ചെയ്തു. തന്റെ മകളുടെ കളിയും ചിരിയും മുൻപേ തന്നിൽ നിന്നും അന്യമായി കഴിഞ്ഞിരുന്നു എന്ന് അയാൾ വേദനയോടെ ഓർത്തു.

ഒരുപക്ഷേ ശിവ അച്ചായനെ വിവാഹം കഴിക്കുന്നത് തന്നെയാണ് ആ വൃദ്ധ മനസ്സും ആഗ്രഹിച്ചിട്ടുണ്ട് ആവുക, പക്ഷേ തന്റെ മകളെ അത് വേദനിപ്പിക്കും എന്നറിയാവുന്നതു കൊണ്ടാവാം അയാൾ ആരോടും ഒന്നും പറയാത്തത്.

പ്രാതൽ ഒക്കെ കഴിഞ്ഞ് ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുകയാണ് ശിവയും അമ്മച്ചിയും.

ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ് അമ്മച്ചി. അവളോടുള്ള വാത്സല്യം അവരുടെ കണ്ണുകളിൽ വ്യക്തമായി കാണാം.

ഏതോ ചിന്തയിലാണ്ടിരിക്കുന്ന ശിവ മുഖം ഒന്ന് വെട്ടിച്ചപ്പോഴാണ് തന്നെ തന്നെ നോക്കിയിരിക്കുന്ന അമ്മച്ചിയെ കാണുന്നത്.

അമ്മച്ചിയോട് കണ്ണുകൾകൊണ്ട് എന്താ എന്നവൾ ചോദിച്ചു.

അവർ അവൾക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു.

ഞാനൊരു കാര്യം പറയട്ടെ എന്റെ മോളോട് ദീർഘ നേരത്തെ മൗനത്തിനു ശേഷം അവർ ശിവയുടെ കരങ്ങൾ കവർന്നു കൊണ്ട് പറഞ്ഞു.

അവൾ എന്താ എന്നർത്ഥത്തിൽ അമ്മച്ചിയെ നോക്കി.

പറയാനുള്ള കാര്യം ഏറെ പ്രയാസപ്പെട്ടതാണെന്ന് അവരുടെ മുഖം വ്യക്തമാക്കുന്നുണ്ട്.

എന്തിനാ മോളേ ഈ പരാജയപ്പെട്ട പ്രണയം ഓർത്തു മോളു വെറുതെ ജീവിതം നശിപ്പിക്കുന്നത്. അച്ചുവിന് ഒരിക്കലും ഇത് സഹിക്കൂല, അവൻ ഏറ്റവും പ്രിയപ്പെട്ടവരാണ് നീയും കുഞ്ഞുമോനും രണ്ടു പേരുടെയും ജീവിതം ഇങ്ങനെ നശിക്കുന്നത് അവന്റെ ആത്മാവിന് സഹിക്കൂല. വാർദ്ധക്യം എന്നെ വല്ലാതെ ആക്രമിക്കാൻ തുടങ്ങി മോളെ. ഈ വയസ്സിയുടെ കണ്ണടയ്ക്കുന്നതിനുമുൻപ് നിങ്ങൾ ഒരുമിക്കുകയാണ് ആണെങ്കിൽ അതിൽ പരം സന്തോഷം വേറെയില്ല. അവർ അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി പറഞ്ഞു.

ശിവ തന്റെ കരങ്ങളെ അമ്മച്ചിയുടെ കരങ്ങളിൽ നിന്നും മോചിപ്പിച്ചു.
എന്നിട്ട് ഒരു ദയനീയമായ നോട്ടത്തോടെ പറഞ്ഞുതുടങ്ങി.

ആരാ അമ്മച്ചി പറഞ്ഞത് എന്റെ പ്രണയം പരാജയമാണെന്ന്. നേടുന്നത് വിജയവും അല്ല നഷ്ടപ്പെടുന്നത് പരാജയവും അല്ല, വിജയപരാജയങ്ങൾ പ്രണയത്തിൽ ഇല്ല അമ്മച്ചി. പ്രണയം ഒരു മായിക ലോകമാണ്, വിവാഹം അതിന്റെ പരിസമാപ്തി മാത്രമാണ്.
എന്റെ പ്രണയത്തിന് ഇനി ഒരിക്കലും ഒരു പരിസമാപ്തി ഇല്ല. എന്നുവെച്ച് എന്റെ പ്രണയം പരാജയവും അല്ല, ഒരു ആയിഷ്കാലം തരാനുള്ള സ്നേഹം മുഴുവൻ തന്നിട്ടാണ് എന്റെ അച്ചുവേട്ടൻ എന്നെ വിട്ടു പോയത് എനിക്ക് ജീവിക്കാൻ ആ ഓർമ്മകൾ തന്നെ ധാരാളം. പ്രണയത്തിന്റെ ഓർമ്മ കളിൽ ജീവിക്കുന്നതും ഒരു സുഖമാണ്, അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി അവൾ അകത്തേക്ക് പോയി.

കേട്ട വാക്കുകൾ തന്നെ നിരാശപ്പെടുത്തിയ തിനുള്ള ദുഃഖം അമ്മച്ചിയുടെ മുഖത്ത് നിഴലിച്ചു.

അകത്തെ വാതിൽ പുള്ളിയുടെ മറവിൽ നിന്ന് അവരുടെ സംസാരം ഗ്രഹിക്കുകയായിരുന്ന ശിവയുടെ അച്ഛന്റെ കണ്ണിലും നനവ് പടർന്നു.

********************** *******************

അച്ചായനാണ് അമ്മച്ചിയെ തിരികെ കൊണ്ടുപോകാൻ വന്നത്. ശിവയോട് യാത്രപറഞ്ഞ് അമ്മച്ചി പുറത്തേക്കിറങ്ങി.
പുറത്ത് അമ്മച്ചിയെയും പ്രതീക്ഷിച്ചു വണ്ടിയിൽ ചാരി ഫോണിൽ നോക്കി നിൽക്കുകയാണ് അച്ചായൻ.

ചിരിച്ച് കൊണ്ട് തന്റെ നേർക്കടുത്തുവരുന്ന അമ്മച്ചിയെ കണ്ടതും അയാൾ ചുറ്റും ഒന്ന് കണ്ണുകൾകൊണ്ട് പരാതി. താൻ തേടുന്നതെന്തോ അവിടെയൊന്നും കാണാത്തതിന്റെ അയാളുടെ കണ്ണുകളിലുണ്ടായിരുന്നു.
അകത്ത് ജനാലയുടെ മറവിലൂടെ ശിവ ഇതെല്ലാം നോക്കി കാണുകയായിരുന്നു. അവൾ മനപൂർവ്വം തന്നെയാണ് അയാളുടെ മുൻപിലേക്ക് വരാതിരിക്കുന്നത്. താൻ എത്രത്തോളം അച്ചായ നിൽ നിന്ന് അകലം പാലിക്കുന്നുവോ അത്രത്തോളം അച്ചായൻ തന്നിലേക്ക് തന്നെ അടുക്കുകയാണെന്ന സത്യം അവൾ വേദനയോടെ ഓർത്തു.
അവരുടെ വണ്ടി തന്റെ മിഴികളിൽ നിന്നും അകന്നു പോകുന്നതും നോക്കി അവൾ നിന്നു.

&&&&&&&&&&&&

” പിന്നീടുള്ള രണ്ട് ദിവസങ്ങൾ ശിവ വളരെ തിരക്കുപിടിച്ചതായിരുന്നു.
അച്ചായനും ശ്യാമും തിരക്കുകളിലേർപ്പെട്ടതിനാൽ നേരിട്ട് കാണാനും സംസാരിക്കാനും അവർക്കു സാധിച്ചില്ല, എന്നാലും അവർ ഫോണിലൂടെ അവളുടെ കാര്യം എല്ലാം അന്വേഷിച്ച് അറിഞ്ഞു കൊണ്ടിരുന്നു.

നാളെയാണ് കോളേജ് ലൈബ്രറി ഉദ്ഘാടനം.

അതുകൊണ്ട് തന്നെയാവാം പതിവിൽ കൂടുതൽ സങ്കടം ശിവയുടെ മുഖത്ത് ഉണ്ടായിരുന്നു.

അത് അവളുടെ അച്ഛനെ ഏറെ ദുഃഖിതനാക്കി.

പുറത്ത് മൂവാണ്ടൻമൂച്ചിയുടെ ചുവട്ടിൽ ഒറ്റയ്ക്കിരിക്കുന്ന ശിവയെ വേദനയോടെ നോക്കി.

സങ്കടം വന്നാൽ തനിച്ചിരിക്കുന്ന അവൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഒറ്റക്കിരിക്കുമ്പോൾ കിട്ടുന്ന സമാധാനം അത് പറഞ്ഞറിയിക്കാൻ ആവില്ല.

നാളെ താൻ വീണ്ടും ആ പടി കയറുകയാണ്.

ശിവയുടെ ഓർമ്മകളിലേക്ക് താൻ ആദ്യമായി കോളേജിലേക്ക് പുറപ്പെട്ട ദിവസം ഓടിവന്നു.
അന്ന് എത്ര സന്തോഷവതിയായിരുന്നു താൻ.
വിധി തനിക്ക് കാത്തുവെച്ചിരിക്കുന്നതറിയാതെ ഒരുപാട് പ്രതീക്ഷകളോടെയാണ് താനാ കോളേജിലേക്ക് കാലെടുത്തുവച്ചത്.

പാറു ഒന്നവിടെ നിന്നേ ആ മുടികൂടി ഒന്ന് കെട്ടി തരട്ടെ എന്നിട്ട് നീ പൊയ്ക്കോ, വീടിനുചുറ്റും ഓടി നടക്കുന്ന പാറുവിനെ നോക്കി ചേച്ചി പറഞ്ഞു.

എന്റെ പൊന്നു ചേച്ചി അല്ലേ മുടി രണ്ടുഭാഗത്തും പിന്നി ഇട്ടു ഞാൻ മടുത്തു.
മുൻപത്തെ പോലെയല്ലല്ലോ ഇപ്പോൾ ഞാൻ കോളേജിലേക്ക് അല്ലേ പോകുന്നത്, പ്ലീസ് ചേച്ചി എല്ലാവരും എന്നെ കളിയാക്കും ഞാനിങ്ങനെ പൊയ്ക്കോട്ടെ പ്ലീസ് അവൾ കൊഞ്ചിക്കൊണ്ടു ചേച്ചിയോട് പറഞ്ഞു.

ഉം ശരി ശരി നിന്റെ ഇഷ്ടം അതാണെങ്കിൽ ഇങ്ങനെ പൊയ്ക്കോ, എന്റെ പാറുകുട്ടിയുടെ ഇഷ്ടമല്ലേ എന്റെയും ഇഷ്ടം, ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.

താങ്ക്യൂ ചേച്ചി അവളോട് ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.

അച്ഛന്റെ പാറൂട്ടി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ…? ശിവൻ ഒരു ചിരിയാലെ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു.

അല്ലേൽ ഞാൻ സുന്ദരിയല്ലേ അച്ഛാ….? ശിവ തല്ലു പരിഭവത്തോടെ പറഞ്ഞു.

ആരു പറഞ്ഞു അല്ല എന്ന്, എന്റെ പാറൂട്ടി സുന്ദരി തന്നെ, പാർവതിയുടെ ശബ്ദവും സൗന്ദര്യവും നിനക്ക് തന്നിട്ടല്ലേ അവൾ പോയത് അതു പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.

ശിവ യുടെയും ചേച്ചിയുടെ മുഖത്തും സങ്കടം നിഴലിച്ചു.

നീ വേഗം റെഡി ആകാൻ നോക്ക് അല്ലെങ്കിൽ ബസ് കിട്ടൂല, വിഷയം മാറ്റാൻ എന്നവണ്ണം ശിവൻ അതു പറഞ്ഞു.

അവൾ പെട്ടെന്ന് തന്നെ റെഡിയായി മുത്തശ്ശിയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങി, അമ്മയുടെ ഫോട്ടോയുടെ മുൻപിൽ നിന്ന് ഒരുപാട് നേരം പ്രാർത്ഥിച്ചു.

ഇറങ്ങാൻ നേരം കേട്ടു ഓപ്പോളിന്റെ ശാപവാക്കുകൾ.

ദോശ ജാതക കാരി ഇനി ആർക്കൊക്കെ ദോഷം വരുത്താൻ ആണാവോ കെട്ടി എടുക്കുന്നത്…? മുഖത്തെ വെറുപ്പ് പ്രകടമാക്കി കൊണ്ട് തന്നെയാണ് അവർ പറയുന്നത്.

അതുകേട്ടതും ശിവയുടെ മുഖം വല്ലാതായി രണ്ടു കണ്ണുകളിലും മിഴിനീർ ഉരുണ്ടു കൂടി.

കേട്ടു വന്ന മുത്തശ്ശി ഓപ്പോളിനെ ശകാര വർഷങ്ങൾകൊണ്ട് നേരിട്ട്.

അയ്യേ ഇത്രയേ ഉള്ളൂ മുത്തശ്ശിയുടെ പാറൂട്ടി, ആര് എന്തുപറഞ്ഞാലും ഈ കണ്ണു നിറക്കുന്ന സ്വഭാവം നിർത്താണം കേട്ടോ, മോൾ ഇങ്ങനെ പാവം പോലെ നിൽക്കുന്നത് കൊണ്ടാണ് എല്ലാവരും മോളോട് ഇങ്ങനെ പെരുമാറുന്നത്. മോളുടെ ഈ സ്വഭാവം മുത്തശ്ശിക്ക് ഇഷ്ടമല്ല, പെൺകുട്ടികളായാൽ കുറച്ച് ഉശിരൊക്കെ വേണ്ടേ…? മുത്തശ്ശി അവളെ നോക്കിക്കൊണ്ട് പറഞ്ഞു.

അവൾ അതിനെ ഒന്ന് ചിരിച്ചു കൊടുക്കുക മാത്രം ചെയ്തു.

കവല വരെ അച്ഛനും കൂടെ പോകുന്നുണ്ട്, ആദ്യമായിട്ടാണ് ഇത്ര ദൂരം ഒറ്റയ്ക്ക് പോകുന്നത്, അതിന്റെ ടെൻഷൻ അവളുടെ മുഖത്ത് നന്നായിട്ടുണ്ട്.

ഇരു സൈഡിലും തിങ്ങി നിറഞ്ഞു നിൽക്കുന്ന നെൽവയലുകൾ താണ്ടി അവർ കവലയിലെത്തി.

കുറച്ചു സമയത്തെ കാത്തിരിപ്പിനുശേഷം ബസ് വന്നപ്പോൾ അച്ഛനോട് യാത്ര പറഞ്ഞ് അവൾ ബസ്സിലേക്ക് കയറി.

കോളേജിന്റെ മുൻപിൽ ബസ് ഇറങ്ങുമ്പോൾ വല്ലാത്ത ഒരു പേടിയും വെപ്രാളവും തന്നെ വന്ന് പൊതിയുന്നത് അവളറിഞ്ഞു.

വിറക്കുന്ന പാദങ്ങളുടെ ഭീമാകാരമായ പടുകൂറ്റൻ ഗേറ്റിനു മുമ്പ് അവൾ നിന്നു.
ചുറ്റും ഒന്ന് അവൾ കണ്ണോടിച്ചു തന്നെ അറിയുന്ന ആരും തന്നെ ഇല്ല.

എല്ലാവരും കൂട്ടംകൂട്ടമായി പൊയ്ക്കൊണ്ടിരിക്കുകയാണ്.

അവർക്ക് പിറകെ അകത്തേക്ക് പോയി.

തന്റെ ഡിപ്പാർട്ട്മെന്റ് എങ്ങനെ കണ്ടുപിടിക്കും, ആരോടാണ് ഒന്ന് ചോദിക്കുക
അവൾ ഒരു ആശ്രയത്തിന് ചുറ്റും പരതി.

കുറച്ചുനേരം അവിടെ നിന്നു അതിനുശേഷം മുന്നോട്ടുതന്നെ പോകാൻ അവൾ തീരുമാനിച്ചു.

വിറക്കുന്ന പാദങ്ങളെ മുന്നോട്ട് ചലിപ്പിച്ചപ്പോഴാണ് തന്റെ പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്.

അവിടെയൊന്നു നിന്നെ മേടം, തന്നെ പിടിച്ചു നിർത്തിയ ശബ്ദം വീണ്ടും തന്റെ കാതുകളിലേക്ക് ഇരച്ചെത്തി.

പേടിയോടെ ചുറ്റുമൊന്നു നോക്കി, തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരുപറ്റം സീനിയർ ചേട്ടന്മാരെ,

അവിടെ ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഇരിക്കുകയാണ് എല്ലാവരും.

അവൾ അവരെ നോക്കി പേടിയോടെ നിന്നു.

തന്നെ തന്നെയാണ് വിളിച്ചത് ഇങ്ങുവാ.., അതിലൊരുത്തൻ തന്നെ നോക്കി കൈകൊട്ടി വിളിച്ചു.

അവൾ പേടിയോടെ അവരുടെ അടുത്തേക്ക് പോയി.

ഞാനെന്താ കഥകളിക്ക് വന്നതാണോ…? അതിലൊരുത്തൻ പരിഹാസ ചുവയോടെ അവളെ നോക്കി ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

ഈ വക ഡ്രസ്സ് ഇട്ടു കൊണ്ടൊന്നും ഇങ്ങോട്ട് വന്നേക്കരുത്, ഇവിടെ വരണമെങ്കിൽ മോഡേൺ ആയി തന്നെ വരണം അല്ലാതെ എഴുപതുകളിലെ നായികമാരെപ്പോലെ ഇവിടേക്ക് വരരുത്, അയാൾ വീണ്ടും പറഞ്ഞു.

കൂടി ആയപ്പോൾ ഷീബയുടെ കണ്ണുകളിൽനിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.

പഠിക്കാൻ വന്നിരിക്കുകയാണ് അവൾ വല്ല തിരുവാതിരയ്ക്കും വരുന്നതുപോലെ, അതു പറഞ്ഞ് അവർ എല്ലാവരും പൊട്ടിച്ചിരിച്ചു.

ശിവ പേടിയോടെ അവർക്കു മുൻപിൽ നിന്നു.

നമുക്ക് ഇവളുടെ ഈ കോലം ഒന്നു മാറ്റി എടുത്താലോ…? അതിലൊരാൾ അവളെ അടിമുടി നോക്കി പറഞ്ഞു,

പെണ്ണുങ്ങൾക്ക് ഇത്ര മുടി ആവശ്യമില്ല നമ്മൾക്ക് ഈ മുടി മുറിച്ചു കളയാം, മറ്റേയാൾ പിന്താങ്ങി പറഞ്ഞു.

അതുകേട്ടതും ശിവ ഭയന്ന് കൊണ്ട് പുറകോട്ടു നടന്നു.

നിക്കടി അവിടെ നിന്നോട് പോകാൻ ഞങ്ങൾ പറഞ്ഞു, അയാൾ കുറച്ച് ഉച്ചത്തിൽ പറഞ്ഞു.

ശിവ അതുകേട്ട് പേടിയോടെ അവിടെത്തന്നെ നിന്നു.

കൂട്ടത്തിൽ ഒരുത്തൻ കൊടുത്ത കത്തുകയും ആയി മറ്റേയാൾ അവളുടെ അടുത്തേക്ക് വരുന്നത് പേടിയോടെ നോക്കി നിന്നു.

ഒരു ആശ്രയ ത്തിനുവേണ്ടി അവൾ ചുറ്റും പരതി.

ഇതിനോടകം തന്നെ എല്ലാ വിദ്യാർത്ഥികളും അവർക്കു ചുറ്റും നിരന്നിരുന്നെങ്കിലും ആരും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കൊന്നില്ല.

എന്റെ നേർക്ക് അടുത്തുവരുന്ന അയാളെ അവൾ പേടിയോടെ നോക്കി.

അയാൾ കത്രിക ഉയർത്തിക്കൊണ്ട് തന്റെ മുടി പിടിച്ചപ്പോൾ അവൾ പേടിയോടെ ഇരു കണ്ണുകളും അടച്ചു.

കണ്ണിൽ നിന്നും കണ്ണുനീർ ഉരുകിയൊലിക്കുന്നണ്ട്. എന്തുചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥയിൽ അവൾ നിന്നു.

ഒരു നിമിഷം സംഭവിക്കുന്നതറിയാതെ എല്ലാവരും സ്തബ്ധരായി നിന്നു.

എല്ലാവരും കാണികളായ നിന്നതല്ലാതെ ആരും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറായില്ല.

നിസ്സഹായതയോടെ അവൾ എല്ലാവരെയും ഒന്നു നോക്കി.
അയാൾപരിഹാസച്ചിരിയോടെ തന്നിലേക്കടുക്കുന്നത് ശിവ ഭീതിയോടെ നോക്കി.
അവളുടെ അരികിലെത്തിയതും അയാൾ അവളുടെ മുടി കുത്തിൽ കയറി പിടിച്ചു.
അയാളുടെ പിടുത്തത്തിൽ അവൾ വേദന കൊണ്ട് പുളഞ്ഞു.
അയാൾ ഒരു ചിരിയാലെ കത്രിക മുടിയിലേക്ക് അടുപ്പിച്ചതും അവൾ കണ്ണുകളടച്ചു സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.

മിഴിനീർ കണങ്ങൾ തന്റെ കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങി.

കൃഷ്ണ !!ഇവരിൽ നിന്നും നീ എന്നെ രക്ഷിക്കില്ലേ അവൾ ഉള്ളാലെ ഭഗവാനോടഭയംതേടി.

പേടിയും സങ്കടവും കൊണ്ട് കണ്ണുകൾ തുറക്കാൻ തന്നെ അവൾക്ക് സാധിച്ചില്ല.

പെട്ടെന്നാണ് ആഹ് !! എന്നൊരു അലർച്ചയോടെ അവളുടെ മുൻപിലേക്ക് ഒരാൾ വന്നു വീണത്.

കണ്ണുകൾ തുറന്ന ശിവ കണ്ടത് തന്റെ കാൽക്കൽ വീണു കിടക്കുന്ന അവരിലൊരാളെ യായിരുന്നു.

തൊട്ടു മുൻപിൽ തന്നെ അവരെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഷർട്ടിന്റെ കൈ കുറച്ചു പൊക്കി വെച്ച് അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന മറ്റൊരാൾ.

അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചു വന്നിട്ടുണ്ടായിരുന്നു.

ചുരുട്ടിപ്പിടിച്ച കൈയിലെ ഞരമ്പുകൾ എല്ലാം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

അയാൾ നടന്നടുക്കുന്നതിനനുസരിച്ച് കത്രിക യുമായി തന്റെ മുൻപിൽ നിന്നിരുന്ന ആൾ പേടിയോടെ പുറകോട്ട് പോകുന്നത് ശിവ ഭീതിയോടെ നോക്കി.

ദേഷ്യത്തോടെ അയാൾ അവനെ കടന്നുപിടിച്ചു കൈ ചുരുട്ടി വയറിനിട്ടു ഒറ്റ തൊഴിയായിരുന്നു.

ആഹ് “” എന്നൊരലർച്ചയോടെ അയാൾ അപ്പുറത്തേക്ക് മറിഞ്ഞുവീണു.

പിന്നെ അവിടെ ഒരു ഇടിയുടെ പൂരം ആയിരുന്നു. തടയാൻ വന്ന അയാളുടെ കൂട്ടുകാരെ വേറെ രണ്ടു ചേട്ടന്മാർ വന്നടിച്ചു നിരത്തി.
അടികൊണ്ട് അവശനായി ചോരവാർന്ന് കിടക്കുന്ന അവന്റെ നെഞ്ചിൽ ചവിട്ടി കൊണ്ട് അവന് നേരെ തന്റെ വിരൽ ഉയർത്തി കൊണ്ട് മറ്റേയാൾ പറഞ്ഞു.

സണ്ണി നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ് റാഗിംഗ് എന്ന പേരിൽ ഇവിടെ കിടന്ന് അഴിഞ്ഞാടരുത് എന്ന്. ഈ വക അഭ്യാസമൊന്നും ഞാനിവിടെ ഉള്ളപ്പോൾ നടക്കില്ല, ഇനിയും നീ ഒതുങ്ങാൻ ഉള്ള ഭാവം ഇല്ലെങ്കിൽ നിന്നെ ഒതുക്കാനുള്ള വഴി എനിക്കറിയാം, അയാൾ ദേഷ്യത്തോടെ അവിടെ നിന്നും തിരിഞ്ഞു നടന്നു.

അപ്പുറത്ത് പേടിയോടെ നിൽക്കുന്ന ശിവയെ കണ്ടതും അയാളുടെ ദേഷ്യം ഒന്നുകൂടി കൂടി.
അയാൾ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

താനൊക്കെ ഒരു പെണ്ണാണോ ടീ…,
ഒരുത്തൻ തന്റെ മുടി മുറിക്കാൻ ഒരുങ്ങിയിട്ടും കണ്ണീരും വാർത്തു നിൽക്കുന്നു ഇവളെയൊക്കെ ഞാൻ എന്നും പറഞ്ഞ് അയാൾ ശിവക്കു നേരെ മുഷ്ടിചുരുട്ടിയപ്പോഴേക്കും അവൾ പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു.

അശ്വിൻ എന്തിനാ ആ കുട്ടിയോട് ദേഷ്യപ്പെടുന്നത്…? എന്ന് പറഞ്ഞ് കൂടെയുള്ള യാൾ അയാളെ വിളിച്ചു കൊണ്ടുപോയി.

പെങ്ങളെ ക്ഷമിക്കണം അവനീ കണ്ണുനീർ വാർത്ത് നിൽക്കുന്ന പെൺകുട്ടികളെ കാണുന്നതേ കാലിയാണ്, അത് അവൻ വളർന്നു വന്ന സാഹചര്യം കൊണ്ടാണ് താൻ അത് കാര്യമാക്കേണ്ട, ആളൊരു പാവമാണ്. കൂടെയുണ്ടായിരുന്ന വേറൊരുത്തൻ വന്ന് ശിവയെ ആശ്വസിപ്പിച്ചു.

അവർ മൂന്നാളും നടന്നകലുന്നത് നോക്കി ശിവ ഭീതിയോടെ നിന്നു.

ആ ഇക്കാന്റെ സംസാരം കേട്ടാൽ തോന്നുമല്ലോ താനാണ് അവരുടെ മുടി മുറിച്ചത് എന്ന്…. തന്റെ പിറകിൽ നിന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ശിവ കണ്ടത് രണ്ട് കൈയും എളിയിൽ കുത്തി നിൽക്കുന്ന ഒരു ഉമ്മച്ചിക്കുട്ടിയെ ആണ്, നല്ല സുന്ദരിക്കുട്ടി. തലയിലൂടെ ഇട്ടിരിക്കുന്ന തട്ടത്തിനിടയിലൂടെ അവളുടെ മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വരുന്നുണ്ട്.
ശിവയെ നോക്കി അവൾ ഒന്ന് ചിരിച്ചു.

ശിവയും അവൾക്ക് നേരെ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.

ഹായ്!! ഞാൻ ഫാത്തിമ നിദ എല്ലാവരും എന്നെ പാത്തു എന്ന് വിളിക്കും, താനും എന്നെ അങ്ങനെ വിളിച്ചോട്ടോ. അവൾ ശിവക്ക് നേരെ കൈ കൊടുത്തു കൊണ്ട് പറഞ്ഞു.

എന്റെ പേര് ശിവപാർവ്വതി, വീട്ടിൽ പാറു എന്ന് വിളിക്കും. ശിവയും ചിരിച്ചുകൊണ്ട് അവൾക്ക് കൈ കൊടുത്തു.

ഞാൻ തന്നെ ശിവ എന്ന് വിളിച്ചോളാം പാത്തു ചിരിയോടെ പറഞ്ഞു.
ന്യൂ അഡ്മിഷൻ ആണല്ലേ ഞാൻ ബി എ ഇംഗ്ലീഷ് താനോ…? ശിവയെ നോക്കി വീണ്ടും അവൾ ചോദിച്ചു.

ഞാനും ബിഎ ഇംഗ്ലീഷ് ശിവ ചിരിച്ചുകൊണ്ടു പറഞ്ഞു.
എന്നാ നമുക്കിനി ക്ലാസ്സ് തപ്പി പിടിക്കാം ശിവയെ ചേർത്തുപിടിച്ചുകൊണ്ട് പാത്തു ഒരു ചിരിയാലെ പറഞ്ഞു.
അവർ രണ്ടു പേരും അവരുടെ ക്ലാസ് കണ്ടുപിടിച്ചു സീറ്റ് ഉറപ്പിച്ചു.

പാത്തു തനി വായാടി ആണെന്ന് ശിവക്ക് കുറച്ചുനേരം കൊണ്ട് തന്നെ മനസ്സിലായി. ശിവ യാണെങ്കിൽ അധികമാരോടും വല്ലാതെ സംസാരിക്കുകയില്ല.
എങ്കിലും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അവർ രണ്ടാളും പെട്ടെന്ന് കൂട്ടായി.

************** ****************

ഇതേസമയം ഗ്രൗണ്ട് ഏരിയയിലെ ഇരിപ്പിടത്തിൽ ഇരിക്കുകയാണ് അശ്വിനും കാർത്തിക്കും ശ്യാമും.

നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ടോന്നും കാര്യമില്ല, പെൺകുട്ടികളായാൽ ഇങ്ങനെ തന്നെയാണ് അവർക്ക് ആണിനോളം തന്റെടം ഉണ്ടാവില്ല.
അവന്റെ ദേഷ്യം കണ്ട് കാർത്തി പറഞ്ഞു.

ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതാണ് ഈ കണ്ണീരും നിസ്സഹായാവസ്ഥയും അതുകൊണ്ട് തന്നെ എനിക്ക് ഈ വക കാര്യങ്ങൾ കാണുമ്പോൾ ദേഷ്യം ഇരച്ചു കയറും, അശ്വിൻ ദേഷ്യത്തോടെ പറഞ്ഞു.

ദേ അന്തപ്പൻ വരുന്നു അവിടേക്ക് വരുന്ന അച്ചായനെ നോക്കി ശ്യാം പറഞ്ഞു.

ബീഡിയുണ്ടോ സഖാവേ ഒരു ചായ കുടിക്കാൻ വന്നഉടനെ തന്നെ അച്ചായൻ ചിരിച്ചുകൊണ്ട് അശ്വിനെ നോക്കി പറഞ്ഞു.

അവന്റെ മുഖം കണ്ടിട്ട് അച്ചായൻ സംശയത്തോടെ കാർത്തിയെ നോക്കി.

കാർത്തി ഉണ്ടായ സംഭവം എല്ലാം വിശദീകരിച്ചു.

നീ ഇത്ര ദേഷ്യപ്പെടണ്ട കാര്യമൊന്നുമില്ല അതു വിട്ടേക്ക്.
ഓരോന്നാലോചിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട നീ വിഷമിച്ചാൽ ഞങ്ങൾ സങ്കടപ്പെടും അച്ചായൻ അശ്വിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

അത് കണ്ട് കാർത്തിയും ശ്യാമും കൂടി ചേർന്ന് അവരെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു.
പിന്നെ നാലാളും ചേർന്ന് അവിടെ ഒരു സ്നേഹപ്രകടനം ആയിരുന്നു.

തുടരും..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply