സഖാവ് 💓(a deep love stry)
📝Rafeenamujeeb
രാത്രി ഏറെ വൈകിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അച്ചായൻ.
കണ്ണടക്കുമ്പോൾ കാണുന്നത് ശിവയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ ആണ്. ഒരു സമയത്ത് ആ കണ്ണുകൾ അന്വേഷിച്ച് താൻ ഏറെ നടന്നതാണ്, ഒരിക്കലും ആ കണ്ണുകൾ നിറയുന്നത് താൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്നിപ്പോ ആ കണ്ണുകളിലെ തിളക്കം എങ്ങോ പോയി മറഞ്ഞിരിക്കുന്നു.
അവൻ എഴുന്നേറ്റ് അലമാരയിലുള്ള ശിവയുടെ ഒരു ഫോട്ടോ കയ്യിലെടുത്തു.
കുറച്ചുസമയം അതിലേക്ക് തന്നെ നോക്കിനിന്നു.
അറിയാം നീ എനിക്ക് ഒരിക്കലും സ്വന്തമാകില്ല എന്ന്.. എന്നുകരുതി വിട്ടു കളയാനും എനിക്ക് സാധിക്കുന്നില്ല,
നിന്റെ ജീവിതം എന്റെ കൺമുൻപിൽ കിടന്നു നശിക്കുന്നത് കാണാൻ എനിക്ക് വയ്യ ശിവ…
ഒത്തിരി സ്നേഹിച്ചതാ നിന്നെ ഞാൻ പ്രാണനെ പോലെ സ്നേഹിച്ചവളെ പാതിയാക്കാൻ ഏതൊരാളെയും പോലെ ഞാനും കൊതിച്ചിരുന്നു. നീയുമായുള്ള ജീവിതത്തെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ ഞാൻ നെയ്തു കൂട്ടിയിരുന്നു. ഒടുവിൽ ചങ്കായി കൊണ്ട് നടക്കുന്നവന്റെ ചങ്കിടിപ്പ് നീ ആണെന്നറിഞ്ഞപ്പോൾ എല്ലാ സ്വപ്നങ്ങളും ഞാൻ ഉപേക്ഷിച്ചതാണ്, പ്രാണൻ പൊടിയുന്ന വേദനയോടെ നിന്നെ അവന് വിട്ടുകൊടുത്തതാണ്. അറിയാമായിരുന്നു എന്റെ ഉള്ളിൽ ഇങ്ങനെയൊരു ആഗ്രഹമുണ്ട് എന്നറിഞ്ഞാൽ അവൻ നിന്നെ എനിക്കു നൽകുമെന്ന്, അതുകൊണ്ട് തന്നെയാണ് എന്റെ ഇഷ്ടത്തെ ആരും അറിയാതെ ഞാൻ കുഴിച്ചുമൂടിയത്. എവിടെയായിരുന്നാലും നീ സന്തോഷത്തോടെ ജീവിച്ചാൽ മതി എന്നാഗ്രഹിച്ച ഞാൻ ഇന്നു നിന്റെ ജീവിതം കണ്ടു വേദനയോടെ നിൽക്കേണ്ടിവന്നു.
നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയുന്നതുപോലെ എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിയുന്നില്ല ശിവ..
നീ എന്നും എന്റെ ഉള്ളിൽ ഒരു നൊമ്പരമായി തന്നെ അവശേഷിക്കുമോ….? വേദനയിൽ കുതിർന്ന ഒരു പ്രണയം ആണല്ലോ നമ്മൾക്ക് രണ്ടുപേർക്കും കർത്താവ് വിധിച്ചത്..
അയാളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഫോട്ടോയിലേക്ക് വീണു.
അതിലേക്ക് അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് തന്റെ ഫോൺ ശബ്ദിക്കുന്നത് അച്ചായൻ കേട്ടത്.
ഫോട്ടോ സുരക്ഷിതമായി അവിടെത്തന്നെ വെച്ച് അയാൾ ഫോൺ എടുത്തു നോക്കി.
ഡിസ്പ്ലേയിൽ പേര് കണ്ടതും അയാളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
എന്താ പാത്തുമ്മ ഈ നേരമായിട്ടും ഉറങ്ങിയില്ലേ നീ…..?
ഫോൺ എടുത്ത ഉടനെ അച്ചായൻ ചോദിച്ചു.
ഇച്ചായൻ ഉറങ്ങി കാണില്ല എന്ന് എനിക്കുറപ്പാണ് അതാ ഞാൻ ഇപ്പോൾ വിളിച്ചത്… മറുതലക്കൽ നിന്ന് പാത്തുവിന്റെ ശബ്ദം കേട്ടതും അവൻ ഒന്നു ചിരിച്ചു.
ഇച്ചായാ ശിവയെ ഞാനൊരിക്കലും കുറ്റപ്പെടുത്തില്ല..
അവൾക്ക് ഇക്കയേ ഒരിക്കലും മറക്കാൻ കഴിയില്ല, മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കാനും അവൾക്ക് കഴിയില്ല, അതുപോലെ തന്നെയാണ് എന്റെ ഇച്ചായന്റെ കാര്യവും വിധി നിങ്ങളോട് വല്ലാത്ത ഒരു ക്രൂരതയാണ് കാണിച്ചത്….. അവൾ ഒരു തേങ്ങലോടെ പറഞ്ഞു.
സാരമില്ല മോളെ.., ഇതും ഒരു സുഖമുള്ള വേദനയാണ് ഇങ്ങനെ ജീവിക്കാനും ഭാഗ്യം ഉള്ളവർക്കേ സാധിക്കൂ, ഞങ്ങൾ രണ്ടാളും ഇപ്പോൾ ജീവിക്കുന്നത് ഞങ്ങളുടെ പ്രണയത്തിന് വേണ്ടിയാണ്,, ഇത് ഇങ്ങനെ പോട്ടെ. നിങ്ങളാരും ഞങ്ങളുടെ ജീവിതം കണ്ടു വേദനിക്കരുത്. അയാൾ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
എന്തുപറഞ്ഞാലും രണ്ടുപേർക്കും ഒരു തത്വമുണ്ട്, ഇത് ഇങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും ഇത് നിങ്ങൾക്ക് വേണ്ടിയല്ല എന്റെ ഇക്കാക്ക് വേണ്ടിയാണ്. നിങ്ങളെ ഓർത്തു എന്റെ ഇക്ക സങ്കടപ്പെടുന്നുണ്ടാവും ഇപ്പോൾ അതിന് ഞാൻ സമ്മതിക്കില്ല. ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ ഞാൻ തിരിച്ചു പോവൂ അതു പറയുമ്പോൾ അവളുടെ സ്വരം ഉറച്ചതായിരുന്നു.
കുറച്ച് സമയം അവർ സംസാരിച്ചു നാളെ കാണാം എന്നു പറഞ്ഞ് പാത്തു ഫോൺ വെച്ചു.
അച്ചായൻ ശിവയെ കുറിച്ച് ഓർത്ത് കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
***************** ****************
തന്നെ ഇറുകെ പുണർന്നു കൊണ്ട് കിടക്കുന്ന അശ്വനിയെ ശിവ വാത്സല്യത്തോടെ നോക്കി.
അച്ചുവേട്ടന്റെ തനിപ്പകർപ്പാണിവൾ, പെങ്ങമ്മാരെ കുറിച്ച് പറയുമ്പോൾ അച്ചുവേട്ടൻ എന്നും വാചാലനാകുമായിരുന്നു.
ശിവ അശ്വിനിയുടെ കൈകൾ മെല്ലെ എടുത്തു മാറ്റി അവളെ ഉണർത്താതെ അവിടെനിന്നും എഴുന്നേറ്റു.
പതിയെ ജനാലയുടെ അരികിലേക്ക് നീങ്ങി. അവിടെ നിന്നു നോക്കിയാൽ അശ്വിന്റെ അസ്ഥിത്തറ കാണാം.
അവൾ വേദനയോടെ അവിടേക്ക് നോക്കി. അച്ചുവേട്ടന്റെ ഗന്ധമുണ്ട് ഈ മുറിക്ക് ഇവിടെ അച്ചുവേട്ടൻ ഉള്ളതുപോലെ ഒരു തോന്നൽ.
ഒരുപാട് കഥകൾ ഉണ്ടാവും ഈ മുറിക്ക് പറയാൻ, എന്റെ ഏട്ടന്റെ സ്വപ്നങ്ങൾക്കും സങ്കടങ്ങൾക്കും ഈ മുറി സാക്ഷ്യം വഹിച്ചിട്ടുണ്ടാവും. ഏട്ടൻ ഇപ്പോൾ എന്നെ കാണാൻ കഴിയുന്നുണ്ടാവുമോ….? അവൾ വേദനയോടെ ഓർത്തു.
ചേച്ചി ഉറങ്ങിയില്ലേ….? പുറകിൽ നിന്നുള്ള അശ്വനിയുടെ ശബ്ദം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.
അവൾക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ശിവ അവളുടെ അരികിൽ ചേർന്നു കിടന്നു.
ചേച്ചി ഞാനൊരു കാര്യം ചോദിച്ചാൽ പറയാവോ…? അവൾ ശിവയെ നോക്കി ചോദിച്ചു.
ചോദിക്ക് എനിക്കറിയാവുന്നത് ആണെങ്കിൽ ഞാൻ പറഞ്ഞുതരാം ശിവ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു.
എന്റെ ഏട്ടന് ചേച്ചിയെ ഒത്തിരി ഇഷ്ടമായിരുന്നു. ചേച്ചിയുടെ സ്നേഹവും ഞങ്ങൾ കാണുന്നുണ്ട് നിങ്ങൾ എങ്ങനെയാണ് ഇത്ര സ്നേഹിച്ചത്….? നിങ്ങളുടെ പ്രണയം അറിയാൻ എനിക്ക് ആഗ്രഹമുണ്ട് ചേച്ചി അതൊന്നു പറഞ്ഞു തരാമോ…? അവൾ അപേക്ഷയോടെ ചോദിച്ചു.
ശിവ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു തന്റെ കോളേജ് ജീവിതത്തിലേക്ക് വീണ്ടും ഒരു തിരിഞ്ഞു നോട്ടം നടത്തി.
അന്ന് വൈശാഖിന്റെ കരണത്തടിച്ച സമയത്ത് അവന്റെ കണ്ണിലെ പക താൻ കണ്ടതാണ്…
ഭയം തന്നെ കീഴ്പ്പെടുത്തിയത് കൊണ്ടാവും ശരീരം മൊത്തം തളരുന്നത് പോലെ തോന്നി.
അശ്വിന്റെ കൈകളിലേക്ക് അവൾ കുഴഞ്ഞുവീണു.
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ശിവ അവന്റെ കൈകളിലേക്ക് വന്നുവീണത്.
അവളെ കൈകളിലേക്ക് കോരിയെടുത്ത് അവൻ പരിഭ്രമത്തോടെ ചുറ്റും നോക്കി.
അവളെ എടുത്തു അടുത്തുകണ്ട ക്ലാസ് റൂമിലേക്ക് അവൻ ഓടി.
അപ്പോഴേക്കും കാർത്തിയും അവിടേക്ക് വന്നു.
അവളെ കണ്ടതും അവൻ ഭയത്തോടെ അശ്വിനെ നോക്കി.
അശ്വിൻ ഒഴിഞ്ഞ ഒരു ബെഞ്ചിലേക്ക് അവളെ കിടത്തി. അപ്പോഴേക്കും കാർത്തി ഒരു ബോട്ടിൽ വെള്ളവുമായി എത്തി.
അശ്വിൻ അതിൽ നിന്നും കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു.
അവൾക്ക് ബോധം വരുന്നതും നോക്കി നിൽക്കുന്നതിനിടയിലാണ്
വാതിലിനടുത്തേക്ക് ആരോ വന്നതും അവർ ഞെട്ടിത്തിരിഞ്ഞു അങ്ങോട്ടു നോക്കി.
വാതിലിനടുത്തുനിൽക്കുന്ന പാത്തൂനെ കണ്ടതും അവരൊന്ന് ശ്വാസം നേരെ വിട്ടു. വേറെ ആരെങ്കിലും അങ്ങോട്ട് വന്നാൽ ഇപ്പോൾ വിഷയം ആകെ വഷളാകുമായിരുന്നു. അവളെ കണ്ടതും അവർക്കൊന്നു സമാധാനമായി.
എന്തുപറ്റി….? അവരുടെ അടുത്തായി ബെഞ്ചിൽ കിടക്കുന്ന ശിവയെ കണ്ടതും പാത്തു അവളുടെ അരികിലേക്ക് ഓടി വന്നു ചോദിച്ചു.
മോളെ ശിവ എന്തുപറ്റി എന്നും പറഞ്ഞു അവളുടെ തലയെടുത്ത് പാത്തു തന്റെ മടിയിൽ വെച്ചു.
കാർത്തി കൊടുത്ത വെള്ളം അവളുടെ മുഖത്തേക്ക് പാത്തു തന്നെ കുടഞ്ഞു നോക്കി.
വെള്ളത്തുള്ളികൾ തന്റെ കൺപോളകളിൽ തട്ടിയപ്പോൾ ശിവ പതിയെ കണ്ണു തുറന്നു.
അവൾ കണ്ണു തുറന്നത് കണ്ടപ്പോൾ ചുറ്റും കൂടി നിന്നവർക്ക് ആശ്വാസമായി.
കാർത്തിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
അശ്വിൻ അവളെ വെറുപ്പോടെ നോക്കി.
ശിവ തന്റെ ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് നോക്കി.
അശ്വിനെ കണ്ടതും അവൾ പേടിയോടെ മുഖംതിരിച്ചു.
എന്താടാ ഉണ്ടായത് പാത്തു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചതും ശിവ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു.
അത് കണ്ടതും പാത്തുവിന്റെ മനസ്സും ഒന്ന് പിടഞ്ഞു.
എന്താ ഉണ്ടായത് എന്ന അർത്ഥത്തിൽ അവൾ കാർത്തിയേയും അശ്വിനെയും നോക്കി.
. കാർത്തി എനിക്കൊന്നും അറിയില്ല എന്ന ചുമലു പൊക്കികൊണ്ട് ആംഗ്യം കാണിച്ചു.
അവന്റെ കണ്ണുകളും അശ്വിനു നേരെയാണെന്ന് കണ്ടപ്പോൾ പാത്തു അവനെ ഒന്നു നോക്കി.
ഇക്കാ എന്താ സംഭവിച്ചത് ഒന്നു പറയൂ… അവൾ ദയനീയമായി അശ്വിനോടു ചോദിച്ചു.
എന്തു ഉണ്ടാവാൻ തന്റെ കൂട്ടുകാരിയോട് പറ കണ്ണീരും ഒലിപ്പിച്ച് പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചില്ലെങ്കിൽ നാളെ ഒരുപാട് ദുഃഖിക്കേണ്ടിവരും.
തന്റെ ശരീരത്തിൽ വേറൊരുത്തൻ ഇഷ്ടമില്ലാതെ തൊടുന്നത് കാണുമ്പോൾ കണ്ണീരുകൊണ്ട് അല്ല പ്രതികരിക്കേണ്ടത്, അങ്ങനെ പ്രതികരിച്ചാൽ നാളെ നിറവയറുമായി നിൽക്കേണ്ടിവരും.
അവൻ തികട്ടി വന്ന ദേഷ്യത്തോടെ പറഞ്ഞു.
അവന്റെ സംസാരം അതിരുകടക്കുന്നു എന്ന് തോന്നിയപ്പോൾ പാത്തു കയറി ഇടപെട്ടു.
എന്താ ഇക്കാ ഇതൊക്കെ….? പെണ്ണ് പ്രതികരിച്ചാൽ അഹങ്കാരി, മിണ്ടാതിരുന്നാൽ അതിനും കുറ്റം
എന്തിനും ഏതിനും പെണ്ണിനാണ് കുറ്റം, ഇവൾ ഒരു പാവം നാട്ടിൻപുറത്തുകാരി ആണ് ഇവൾക്ക് ഇങ്ങനെ പ്രതികരിക്കാനേ ആവൂ, അല്ലാതെ തന്റേടവും ധിക്കാരം കാട്ടി നടക്കനൊന്നും ഇവൾക്ക് കഴിയില്ല. പാത്തു തന്റെ ശബ്ദം ഉയർത്തി.
ഒരുപാട് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് ഈ കണ്ണീര് നിങ്ങളെ നശിപ്പിക്കും ഓർത്തോ..?
അശ്വിൻ അതും പറഞ്ഞ് ദേഷ്യത്തോടെ പുറത്തേക്ക് പോയി.
ഇയാൾക്ക് ഇത് എന്തിന്റെ കേടാ..? പുറത്തേക്ക് പോകുന്ന അശ്വിനെ നോക്കി പാത്തു മുറു മുറുത്തു.
അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവന്റെ ജീവിതം അവനെ പഠിപ്പിച്ച സത്യമാണത്…
അവളുടെ സംസാരം കേട്ട് കാർത്തി പറഞ്ഞു.
അവർ രണ്ടുപേരും കാർത്തിയെ സംശയത്തോടെ നോക്കി.
അവൻ ഒരു പാവമാണ്, ഉള്ളിൽ നന്മയുള്ളവൻ, അവന്റെ ജീവിതാനുഭവങ്ങളാണ് അവനെ ഇങ്ങനെ ആക്കിയത്.
കുഞ്ഞിലെ തന്റെ അമ്മയുടെ കണ്ണീര് കണ്ടാണ് അവൻ വളർന്നത്. മദ്യപാനിയായ അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട്
പേടിച്ചരണ്ട് ഒരു മൂലയിൽ തന്റെ പെങ്ങമ്മാരെയും ചേർത്തുപിടിച്ചിരിക്കാനേ അന്ന് കുഞ്ഞു അശ്വിനു കഴിയുമായിരുന്നുള്ളൂ. നിരാലംബയായ തന്റെ അമ്മ വേദനിക്കുന്നത് കണ്ടാണ് അവൻ വളർന്നത്.
ഒടുവിൽ തന്റെ അച്ഛന്റെ കൈകൾകൊണ്ട് അമ്മ മരണപ്പെടും എന്ന അവസ്ഥ വന്നപ്പോൾ അവന്റെ പതിനാലാമത്തെ വയസ്സിൽ അവനു സ്വന്തം അച്ഛനെ ഉപദ്രവിക്കേണ്ടി വന്നു.
അയാളെ അന്ന് അവിടെ നിന്നും ഇറക്കി വിട്ടതാണ് അവൻ.
തന്റെ പതിനാലാമത്തെ വയസ്സിൽ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാൻ തുടങ്ങിയതാണ് അവൻ. പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് പഠനം അവൻ ഉപേക്ഷിച്ചില്ല.
ഒഴിവു സമയങ്ങളിലും രാത്രിയിലും അവൻ കഷ്ടപ്പെട്ട് തന്നെയാണ് തന്റെ കുടുംബത്തെയും പഠനവും മുൻപോട്ടു കൊണ്ട് പോയത്.
ഇന്നും അവൻ കഷ്ടപ്പെടുന്നുണ്ട്.
സ്വന്തം അമ്മയുടെ കണ്ണീര് കണ്ടുമടുത്തതുകൊണ്ടാവാം കരയുന്നത് അവന് ഇഷ്ടമേയല്ല…
കാർത്തി പറയുന്നത് കേട്ട് ശിവയും പാത്തുവും അവനെ തന്നെ നോക്കിയിരുന്നു.
ശരിക്കും അശ്വിനെ കണ്ടാൽ അങ്ങനെയൊന്നും തോന്നുന്നില്ല.
എല്ലാം കേട്ടപ്പോൾ അവർക്ക് വല്ലാത്ത വേദന തോന്നി.
ശിവയെ ക്ലാസ്സിൽ കൊണ്ടാക്കി അവളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് പാത്തു അശ്വിനെ അന്വേഷിച്ചിറങ്ങി.
ഗ്രൗണ്ടിനടുത്തുള്ള ഇരിപ്പിടത്തിൽ ഒറ്റയ്ക്ക് ഇരിക്കുന്ന അശ്വിനെ കണ്ടതും അവൾ അങ്ങോട്ട് നീങ്ങി.
ഇക്കാ അവൾ അവന്റെ പുറകിൽ ചെന്നു വിളിച്ചു.
അവളെ വിളി കേട്ടതും അവൻ പുഞ്ചിരിയോടെ പുറകിലേക്ക് നോക്കി.
സോറി ഇക്കാ അവൾ അവന്റെ അരികിലായി ഇരുന്നുകൊണ്ട് പറഞ്ഞു.
എന്തിനാ എന്റെ പെങ്ങളൂട്ടി സോറി ഒക്കെ പറയുന്നത്, നീ അതിന് തെറ്റൊന്നും ചെയ്തില്ലല്ലോ..? അവൻ അവളോട് ആയി പറഞ്ഞു.
പാത്തു ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.
കാർത്തി എല്ലാം പറഞ്ഞല്ലേ…? അവളുടെ മുഖം പിടിച്ചു ഉയർത്തിക്കൊണ്ട് അവൻ ചോദിച്ചു.
അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി.
നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട അതൊന്നും പറയുന്നതുപോലും എനിക്കിഷ്ടമല്ല.
നിന്നെ ഇങ്ങനെ കാണുന്നതും എനിക്കിഷ്ടമല്ല കേട്ടോ.. ഇന്നലെ കണ്ട ആ കുസൃതി കുട്ടിയെ ആണ് എനിക്കിഷ്ടം, നീ എന്നെ ഇക്ക എന്നല്ലേ വിളിച്ചത് എന്നെ ആദ്യമായിട്ടാണ് ഒരാൾ ഇക്കാ എന്ന് വിളിക്കുന്നത്, അങ്ങനെ വിളിച്ചതു തൊട്ടു നീ എന്റെ സ്വന്തം പെങ്ങൾ ആയിട്ട് തന്നെയാണ് ഞാൻ കണ്ടത്, എന്റെ രണ്ടു പെങ്ങമ്മാരെ പോലെ തന്നെയാണ് നീയും.
അശ്വിൻപറയുന്നത് കേട്ട് അവളുടെ മിഴികൾ നിറഞ്ഞു.
എനിക്ക് ഒരു ഇക്കാക്കയും ഒരു അനിയനും ഉണ്ട് എന്നാലും ഈ ഇക്കാ എന്റെ സ്വന്തം തന്നെയാണ് കേട്ടോ അവൾ ചിരിയോടെ പറഞ്ഞു.
എന്താണ് ഇവിടെ രണ്ടും കൂടെ ഒരു ഗൂഢാലോചന എന്നും പറഞ്ഞു ശ്യാമും കാർത്തിയും അവരുടെ ഇടയിലേക്ക് വന്നു.
ഹേയ് ഒന്നുമില്ല കാർത്തി ചേട്ടനെ ഒരു പെൺകൊച്ച് ചോദിച്ചായിരുന്നു അതിനെക്കുറിച്ച് പറയുകയാണ് ഞങ്ങൾ അല്ലേ ഇക്കാ.. ഒരു കള്ളച്ചിരിയോടെ പാത്തു അശ്വിനെ നോക്കി പറഞ്ഞു.
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
ഈശ്വരാ അതിനുമാത്രം ദാരിദ്ര്യം പിടിച്ച കൊച്ചൊക്കെ ഉണ്ടോ ഈ കോളേജിൽ ശ്യാം തലയിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.
ദാരിദ്ര്യം പിടിച്ച കൊച്ചൊന്നും ഉണ്ടാവില്ല അങ്ങനെയാണെങ്കിൽ നിന്നെ അല്ലേ ചോദിക്കൂ കാർത്തിയും വിട്ടുകൊടുത്തില്ല.
ഒന്ന് പോടാ പറഞ്ഞാൽ നീ വിശ്വസിക്കില്ല വരുന്ന വഴി അഞ്ചാറ് ലൗ ലെറ്റർ ആണ് എനിക്ക് കിട്ടിയത്, ഞാൻ അതൊക്കെ കീറിക്കളഞ്ഞു ഈ ഫാൻസ് കാരെ കൊണ്ട് നടക്കാൻ പറ്റില്ല ശ്യാം നിസ്സാര മട്ടിൽ പറഞ്ഞു.
കാണും കാണും കോളേജിലെ ഏറ്റവും വലിയ കോഴിക്ക് ഒരു ലെറ്റർ കൊടുക്കണം എന്ന് കുറച്ചു പെൺകുട്ടികൾ പറയുന്നത് കേട്ടു.
കാർത്തി പറയുന്നതുകേട്ട് പാത്തുവും അശ്വിനും ചിരിച്ചു.
അപ്പോ നിനക്ക് അല്ലേ തരേണ്ടത് ഇനി നിനക്ക് തരാൻ വേണ്ടി എന്റെ അടുത്ത് തന്നതായിരുന്നോ ഈശ്വരാ ഞാൻ ആണെങ്കിൽ അത് കീറിക്കളയുകയും ചെയ്തു അവനും വിട്ടു കൊടുത്തില്ല.
എന്റെ പൊന്നു ചേട്ടന്മാരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നിങ്ങളൊന്നും കേട്ടിട്ടുമില്ല എല്ലാം മായ്ച്ച് കളഞ്ഞേക്ക് പാത്തു തൊഴുകൈയ്യോടെ പറഞ്ഞു.
അതെങ്ങനെ ശരിയാവും എന്നെ അന്വേഷിച്ച കുട്ടിയെ എനിക്ക് കാണേണ്ടേ കാർത്തി വിടാൻ ഉദ്ദേശിച്ചിട്ടില്ല.
എന്റെ അള്ളോഹ് പുലിമടയിൽ ആണോ ഞാൻ കൈയിട്ടത് പാത്തു തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.
അവളെ നിൽപ്പ് കണ്ട് അവർ മൂന്നു പേരും ചിരിച്ചു.
ദേ അന്തപ്പൻ വരുന്നുണ്ട് അവരെ നോക്കി വരുന്ന അച്ചായനെ കണ്ടതും കാർത്തി പറഞ്ഞു.
ആരിത് പാത്തുമ്മയോ നിന്നെ ഞങ്ങളുടെ ഗ്രൂപ്പിൽ എടുത്തോ..? വന്ന ഉടനെ അച്ചായൻ അവളെ നോക്കി ചോദിച്ചു.
എടുത്തല്ലോ അന്തപ്പാ വിത്ത് പ്രമോഷൻ ഇക്കാന്റെ പെങ്ങളൂട്ടി ആയിട്ട് അല്ലേ ഇക്കാ അവൾ ചിരിച്ചുകൊണ്ട് അശ്വിനെ നോക്കി പറഞ്ഞു.
ബെസ്റ്റ് ഇനി ഒറ്റ ഒരുത്തൻ നിന്റെ പുറകെ വരും എന്ന് നീ വിചാരിക്കേണ്ട കാർത്തി അവളെ നോക്കി പറഞ്ഞു.
അയ്യോ അങ്ങനെ ഒരു ട്രാജഡി കൂടി ഉണ്ടോ…? സാരമില്ല ചില റിസ്കുകൾ നമ്മൾ ഏറ്റെടുത്തേ പറ്റൂ, അറ്റ്ലീസ്റ്റ് വല്ല ദർശന സുഖം എങ്കിലും കിട്ടിയാൽ മതിയായിരുന്നു..
അവളുടെ സംസാരം കേട്ട് നാലാളും അത്ഭുതത്തോടെ അവളെ നോക്കി.
അവൾ അവരെ നോക്കി ഒരു വളിച്ച ചിരി പാസാക്കി.
അല്ല അച്ചായാ വീട്ടിലേക്ക് വിളിച്ചപ്പോൾ നീ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു നേരത്തെ ഇറങ്ങി എന്നാണല്ലോ അമ്മച്ചി പറഞ്ഞത്… എന്നിട്ടു നീ എവിടെയായിരുന്നു ഇതുവരെ കാർത്തി സംശയത്തോടെ അച്ചായനോട് ചോദിച്ചു.
അത് പിന്നെ… അച്ചായൻ ഉത്തരത്തിനു വേണ്ടി പരതുന്നത് അവർ ശ്രദ്ധിച്ചു.
സത്യം പറ അച്ചായാ നീ നിന്റെ പേടമാനേ അന്വേഷിച്ചു ഇറങ്ങിയതല്ലേ….? കാർത്തി വീണ്ടും ചോദിച്ചു.
അച്ചായൻ അവർക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു.
എന്നിട്ടു കണ്ടെത്തിയോ നീ ആ കുട്ടിയെ. കുറച്ചു കാലമായല്ലോ നീ അവളെയും തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് അവളെ എന്നാ ഞങ്ങൾ ഒന്ന് കാണുക….? ശ്യാം അച്ചായനെ നോക്കി പറഞ്ഞു.
കണ്ടെത്തുമെടാ എനിക്കുള്ളതാണ് അവൾ എങ്കിൽ ഞാൻ അവളെ കണ്ടെത്തുക തന്നെ ചെയ്യും, എന്റെ ഇഷ്ടം അവളോട് പറഞ്ഞു അവൾക്കു സമ്മതം ആണെന്ന് പറഞ്ഞാൽ മാത്രമേ നിങ്ങൾക്കു മുൻപിൽ അവളെ ഞാൻ കൊണ്ടു വരികയുള്ളൂ… അല്ലെങ്കിൽ അവളെ നിങ്ങൾ ഒരിക്കലും കാണേണ്ട, അവൻ നിരാശയോടെ പറഞ്ഞു.
ഞങ്ങളെ അച്ചായനെ ഏത് പെണ്ണാ ഇഷ്ടമില്ല എന്ന് പറയുക,
ഒരു നോട്ടത്തിനു വേണ്ടി ഈ കോളേജിലെ മൊത്തം പെൺകുട്ടികളും ക്യൂ നിൽക്കുകയാണ്, ആ കുട്ടി എന്തായാലും നിന്നെ ഇഷ്ടപ്പെടും കാർത്തി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അല്ല നിന്റെ കൂടെയുണ്ടായിരുന്ന തൊട്ടാവാടി എവിടെ അവളെ ഞാൻ കണ്ടതേ ഇല്ലല്ലോ…? അച്ചായൻ പാത്തുവിനോടായി ചോദിച്ചു.
അയ്യോ അവളെ ഞാൻ ക്ലാസ്സിൽ ഇരുത്തി ഇപ്പൊ വരാം എന്നു പറഞ്ഞ് പോന്നതാ… ഞാൻ പോട്ടെ എന്നും പറഞ്ഞ് അവൾ എണീറ്റു പോകാൻ തുടങ്ങിയ അവൾ തിരിഞ്ഞു നിന്ന് അവരെ ഒന്ന് നോക്കി.
ഇക്കാ നമ്മുടെ കൂട്ടത്തിൽ അവളെയും കൊണ്ടുവരട്ടെ ഞാൻ അതൊരു പാവമാണ് ഒറ്റപ്പെടുത്താൻ കഴിയില്ല… അവൾ അശ്വിനെ പ്രതീക്ഷയോടെ നോക്കി കൊണ്ട് ചോദിച്ചു.
അവളെക്കുറിച്ച് പറഞ്ഞതും അശ്വിൻ മുഖം ദേഷ്യത്തോടെ തിരിച്ചു.
നീ ധൈര്യമായി കൊണ്ടുവാ.. അവളെ കൂടെ കൂട്ടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അവന്റെ മുഖത്തേക്ക് നോക്കി തന്നെ കാർത്തി പറഞ്ഞു.
പാത്തു ഒരു സമ്മതത്തിനു വേണ്ടി അശ്വിനെ നോക്കിയെങ്കിലും അവനൊന്നും മിണ്ടിയില്ല.
അവളുടെ നോട്ടം കണ്ട് കാർത്തി അവളെ കണ്ണുകൾകൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു കൊടുത്തു.
അത് കണ്ടതും അവൾ ചിരിച്ചു ക്ലാസ്സിലേക്ക് ഓടി.
****************** ****************
കാർത്തി അശ്വിനെ കുറിച്ച് പറഞ്ഞത് ഓർത്തു ഇരിക്കുകയാണ് ശിവ.
അവന്റെ ഓരോ വാക്കുകളും അവളുടെയുള്ളിൽ അശ്വിനോടുള്ള പേടി കുറക്കുന്ന തായിരുന്നു.
അവൾ തന്റെ കൈകളിലേക്ക് തന്നെ നോക്കി.
ആദ്യമായിട്ടാണ് താൻ ഒരാളെ കരണത്തടിക്കുന്നത് ഇതിനുള്ള ധൈര്യം ഒക്കെ തനിക്ക് എവിടെ നിന്നു വന്നു, അവളുടെ ഉള്ളിൽ ആ രംഗം ഓടി വന്നതും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
കൈകളിലേക്കു നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ശിവയെ നോക്കി പാത്തു കുറച്ചുനേരം അവിടെ നിന്നു.
എന്താണ് തമ്പുരാട്ടി കുട്ടിക്ക് ഒരു പുഞ്ചിരി ഒക്കെ..? ശിവയെ നോക്കി അവൾ ചോദിച്ചു.
ഹേയ് ഒന്നുമില്ല,, നീ എവിടെയായിരുന്നു ഇതുവരെ ശിവ വിഷയം മാറ്റാൻ എന്നവണ്ണം ചോദിച്ചു.
അവൾ അവിടെ ഉണ്ടായ കാര്യങ്ങളൊക്കെ ശിവയോട് പറഞ്ഞു.
അവർ സംസാരിക്കുന്നതിനിടയിലാണ് ക്ലാസിലേക്ക് ഒരു സുന്ദരനായ ചെറുപ്പക്കാരൻ കയറി വന്നത്.
ഗുഡ്മോർണിംഗ് സ്റ്റുഡൻസ്.. എന്റെ പേര് ഷാഹുൽ നിങ്ങളുടെ ഇംഗ്ലീഷ് അധ്യാപകൻ ആണ് വന്ന ഉടനെ അയാൾ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
അയാളെ കണ്ടതും എല്ലാവരും കിളി പോയ മട്ടിൽ നോക്കുന്നുണ്ട്.
പാത്തു വായും പൊളിച്ചു നോക്കുന്നത് കണ്ടു ശിവ ഒരുപാട് ചിരിച്ചു.
അയാളുടെ ക്ലാസിൽ എല്ലാവരും നിശബ്ദരായി ഇരുന്നു.
അയാൾ പോകുന്നത് വരെയും എല്ലാവരും അയാളെ തന്നെ വായിൽ നോക്കി ഇരുന്നു.
ആ ഹവർ കഴിഞ്ഞതും സീനിയേഴ്സ് അവരുടെ ക്ലാസിലേക്ക് കയറി വന്നു.
ശ്യാമും കാർത്തിക്കും അശ്വിനും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
അവരെ കണ്ടതും പാത്തു ഒന്ന് ചിരിച്ചു.
ഹായ് ഫ്രണ്ട്സ് എല്ലാവർഷവും സീനിയേഴ്സ് ഫ്രഷേർസിനായി നടത്തുന്ന ഫ്രഷേഴ്സ് ഡേ നാളെയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത് നിങ്ങളെ എല്ലാവരെയും ഞങ്ങൾ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. വിദ്യാർഥികളെ അഭിസംബോധന ചെയ്തു അശ്വിൻ സംസാരിച്ചു.
സംസാരിക്കുന്നതിനിടയിൽ അവന്റെ നോട്ടം ശിവ യിൽ പതിഞ്ഞതും അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു.
പരിപാടിയെ കുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ച് അവർ അവിടെ നിന്നും ഇറങ്ങി.
&&&&&&&&&&&&&&&
സീനിയേഴ്സ് ക്ലാസിൽ നിന്ന് ഇറങ്ങിയതും പാത്തു നിർബന്ധിച്ച് ശിവയും കൊണ്ടു പുറത്തേക്കിറങ്ങി.
കാന്റീനിലും ലൈബ്രറിയിലും ഒക്കെ അവളെയും കൊണ്ട് കയറിയിറങ്ങി.
വൈകുന്നേരം കോളേജിൽ നിന്നും ഇറങ്ങുമ്പോഴാണ് അശ്വിനും കൂട്ടരും ഗ്രൗണ്ടിന് അരികിൽ നിൽക്കുന്നത് പാത്തു കണ്ടത്.
അവൾ ശിവയെയും വലിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി.
അമ്മച്ചിക്ക് ചെക്കപ്പിനു പോകണം എന്നും പറഞ്ഞ് അച്ചായൻ ബൈക്കുമെടുത്ത് പോയതിനു പിന്നാലെയാണ് പാത്തും ശിവയും അവരുടെ അടുത്തേക്ക് എത്തിയത്.
ഇക്കാ എന്നും വിളിച്ച് പാത്തു അശ്വിന്റെ അരികിലേക്ക് ചെന്നു.
അവളെ കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.
ആരിത് നമ്മുടെ തൊട്ടാവാടിയോ..? കാർത്തി ശിവയെ നോക്കി ചോദിച്ചു.
അവൾ അവർക്ക് നേരെ ഒരു പുഞ്ചിരി നൽകി.
അശ്വിൻ അവളെ കണ്ടതും മുഖംതിരിച്ചു.
കാർത്തിക്കും ശ്യാമും ശിവയോട് സംസാരിക്കുന്നുണ്ടെങ്കിലും അശ്വിൻ അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.
ശിവയ്ക്കും അശ്വിനെ നോക്കാൻ ഭയം ആയതുകൊണ്ട് അവളും ആ ഭാഗത്തേക്ക് നോക്കിയില്ല.
കുറച്ചുനേരം അവരോട് സംസാരിച്ച് ശിവയും പാത്തുവും അവിടെ നിന്നും ഇറങ്ങി.
ഡാ അശ്വിനെ അവിടെ ഒന്നു നിന്നെ പോകാനൊരുങ്ങിയ അശ്വിൻ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ചിരിച്ചു കൊണ്ടുവരുന്ന അരുണിനെയും കൂട്ടരെയും ആണ് കണ്ടത്.
നാളെ ഫ്രഷേഴ്സ് ഡേ നമുക്ക് പൊടിപൊടിക്കേണ്ട വന്ന ഉടനെ അരുൺ അശ്വിനോടു ചോദിച്ചു.
പിന്നല്ലാതെ എല്ലാ വർഷത്തേക്കാളും പൊടിപൊടിക്കണം കാർത്തി ആവേശത്തോടെ പറഞ്ഞു.
പൊടിപൊടിക്കുന്നതോക്കെ കൊള്ളാം പക്ഷേ റാഗിംഗ് അതിരു വിടരുത് അതിനു ഞാൻ സമ്മതിക്കില്ല അശ്വിൻ ഗൗരവത്തോടെ പറഞ്ഞു.
ഇല്ലടാ നമ്മൾ പരിധിവിട്ട് ഒരു കളിക്കും നിൽക്കില്ല, പക്ഷേ ഓവർ സ്മാർട്ട് ആവാൻ വന്നാൽ വെറുതെ വിടുകയില്ല… അരുൺ പറഞ്ഞു.
പരിപാടിയെക്കുറിച്ച് കുറച്ചുനേരം സംസാരിച്ചു അവർ പിരിഞ്ഞു.
ഒരുമിച്ച് ഇറങ്ങാം എന്ന് അവർ പറഞ്ഞെങ്കിലും ഞങ്ങൾക്ക് ഒരു കള്ളനെ പിടിക്കാൻ ഉണ്ടെന്നു പറഞ്ഞു കാർത്തിയും ശ്യാമും അശ്വിനും ഒഴിഞ്ഞുമാറി.
നാളെ നീ വന്നിട്ടേ ഞാൻ കോളേജിലേക്ക് കയറി പോകൂ എന്നും പറഞ്ഞു പാത്തൂ യാത്ര പറഞ്ഞു പോയി.
ശിവ ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ടു ആരോടോ സംസാരിച്ചു നിൽക്കുന്ന ശിവനെ.
അച്ഛേ…. അവൾ പുറകിലൂടെ ചെന്ന് അച്ഛനെ വിളിച്ചു.
അച്ഛന്റെ പാറൂട്ടി വന്നോ..? അയാൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ മോളെ….? അയാൾ വാത്സല്യത്തോടെ അവളോട് ചോദിച്ചു.
പിന്നല്ല നല്ല വിശപ്പ് എന്തെങ്കിലും ചൂട് ആയിട്ട് തന്നെ വാങ്ങിച്ചു താ അച്ഛാ.. അവൾ കുസൃതിയോടെ പറഞ്ഞു.
എന്നാ വാ കണാരന്റെ കടയിലേക്ക് പോകാം എന്നും പറഞ്ഞു അവളെയും വിളിച്ചു അച്ഛൻ കണാരന്റെ കടയിലേക്ക് കയറി.
അവിടെനിന്ന് ചൂടു പഴംപൊരിയും ആവി പറക്കുന്ന ചായയും അവൾക്കായി അയാൾ വാങ്ങി കൊടുത്തു.
അവൾ ആവി പറക്കുന്ന ചായ ഊതി കുടിക്കുന്നതും നോക്കി അയാൾ ഒരു പുഞ്ചിരിയോടെ ഇരുന്നു.
അച്ഛന് ഒന്നും വേണ്ടേ തന്നെ തന്നെ നോക്കിയിരിക്കുന്ന അച്ഛനോടായി അവൾ ചോദിച്ചു.
മോള് കഴിച്ചോ എനിക്കൊന്നും വേണ്ട അയാൾ അവളെ നോക്കി പറഞ്ഞു.
കഴിച്ചു കഴിഞ്ഞു ചേച്ചിക്ക് ഉള്ളത് പാഴ്സൽ വാങ്ങി രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് തിരിച്ചത്.
=========== ========== ====
അമ്മച്ചിയെ… എന്ന നീട്ടിയുള്ള വിളി കേട്ടാണ് ത്രേസ്യാമ്മ പുറത്തേക്ക് വന്നത്,
പുറത്തുനിൽക്കുന്ന കാർത്തിയെയും ശ്യാമിനെ യും അശ്വനെയും അവർ അത്ഭുതത്തോടെ നോക്കി.
ഇതെന്താ അമ്മച്ചി ഞങ്ങളെ ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കുന്നത് അമ്മച്ചിയുടെ കഴുത്തിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അശ്വിൻ സ്നേഹത്തോടെ ചോദിച്ചു.
നിങ്ങൾ എന്താ ഒരു അറിയിപ്പും ഇല്ലാതെ കുഞ്ഞോൻ ഒന്നും പറഞ്ഞില്ല അവർ സംശയത്തോടെ പറഞ്ഞു.
അവനോട് പറഞ്ഞിട്ട് വേണോ ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ കാർത്തി തെല്ലു പരിഭവത്തോടെ പറഞ്ഞു.
അതല്ല ഞാൻ പറഞ്ഞത് നിങ്ങളെ ഇങ്ങോട്ട് കാണാത്തതുകൊണ്ട് ഞാൻ ഇന്നലെ കൂടി അവനോട് പറഞ്ഞതേ ഉള്ളൂ അല്ലെങ്കിലും ഈ അമ്മച്ചിയെ നിങ്ങൾക്ക് ഒന്നും ഓർമ്മയില്ല ല്ലോ..? അവർ മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞു.
ഇതിപ്പോ വാദി പ്രതിയായല്ലോ അശ്വിനേ… ശ്യാം ഒരു കള്ളച്ചിരിയോടെ അമ്മച്ചിയെ നോക്കിക്കൊണ്ട് പറഞ്ഞു.
എന്റെ അമ്മച്ചി കുട്ടിയുടെ പരാതി തീർക്കാൻ അല്ലേ ഞങ്ങൾ വന്നത്… അശ്വിൻ അമ്മച്ചിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചേർത്ത് പിടിച്ചു പറഞ്ഞു.
എപ്പോഴാ ചെക്കപ്പ് കഴിഞ്ഞു വന്നത് കാർത്തി അമ്മച്ചിയോട് ചോദിച്ചു.
അതിനു ഇന്ന് ചെക്കപ്പിനു പോകുന്ന ദിവസം അല്ലല്ലോ…? അമ്മച്ചി അവനെ നോക്കി പറഞ്ഞു.
അപ്പോൾ ഇന്ന് ചെക്കപ്പിന് പോയിട്ടില്ലേ….? ശ്യാം സംശയത്തോടെ ചോദിച്ചു.
ഇല്ല… അവരുടെ ചോദ്യം കേട്ട് അമ്മച്ചി മൂന്നാളെയും നോക്കിക്കൊണ്ട് പറഞ്ഞു.
അത് കേട്ടതും അവർ മൂന്നാളും പരസ്പരം മുഖത്തോട് മുഖം നോക്കി.
അമ്മച്ചി കഴിക്കാൻ എന്തെങ്കിലും എടുക്ക് നല്ല വിശപ്പ്. തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അമ്മച്ചിയോടായി കാർത്തി പറഞ്ഞു.
അവനെവിടെ അമ്മച്ചി ശ്യാം ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
വന്നത് മുതൽ റൂമിൽ കയറി ഇരിപ്പാണ് ചായ പോലും കുടിച്ചില്ല അവന്റെ റൂമിലേക്ക് നോക്കിക്കൊണ്ട് അമ്മച്ചി പറഞ്ഞു.
അമ്മച്ചി കഴിക്കാൻ എടുത്തു വയ്ക്കു ഞങ്ങൾ അവനെയും കൊണ്ട് ഇപ്പൊ വരാം എന്നും പറഞ്ഞ് അവർ മൂന്നാളും അവന്റെ റൂമിലേക്ക് കയറി.
പതിയെ വാതിൽ തുറന്നു നോക്കിയപ്പോൾ കയ്യിൽ എന്തോ പിടിച്ച് അതിലേക്ക് തന്നെ നോക്കിയിരിക്കുന്ന അച്ചായനാണ് അവർ കണ്ടത്.
അവർ വാതിൽ തുറന്നതും പെട്ടെന്ന് അച്ചായൻ കയ്യിലുള്ളത് അവർ കാണാതെ മറച്ചുപിടിച്ചു.
നി… നിങ്ങളോ..? എപ്പോ വന്നു…?
അച്ചായൻ വെപ്രാളത്തോടെ ചോദിച്ചു.
ഞങ്ങൾ വന്നിട്ട് പത്തു ഇരുപത്തി രണ്ടുകൊല്ലമായി… അവനെ അടിമുടി നോക്കി കൊണ്ട് കാർത്തി പറഞ്ഞു.
മൂന്നാളും അവനെ സംശയത്തോടെ നോക്കുന്നത് കണ്ടു അവൻ കൈകൾ അവർ കാണാതെ മറച്ചുപിടിച്ചു.
കാർത്തിയെ പിടിയെടാ അവനെ എന്നും പറഞ്ഞ് അശ്വിനും ശ്യാമും കാർത്തിയും അവനെ വളഞ്ഞിട്ടു പിടിച്ചു.
കയ്യിലുള്ള സാധനം അവർക്കു കിട്ടാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചെങ്കിലും അവർക്കു മുൻപിൽ അവൻ തോറ്റുപോയി.
അവന്റെ ഇറുകിപ്പിടിച്ച കൈകളിൽനിന്നും കാർത്തി അത് കവർന്നെടുത്ത് ഉയർത്തിപ്പിടിച്ചു നോക്കി.
അയ്യേ,.. കുപ്പി വളപ്പൊട്ട് അതും പറഞ്ഞു കാർത്തി കയ്യിലെ വളപ്പൊട്ടുകളിലേക്ക് ഒന്നുനോക്കി.
അവരെല്ലാവരും അവനെ നോക്കുന്നത് കണ്ട് അവൻ ജാള്യതയോടെ മുഖം കുനിച്ചു നിന്നു.
ഞാൻ അപ്പോഴേ പറഞ്ഞില്ലേ അശ്വിനേ ഇവനു നമ്മളറിയാത്ത എന്തോ ചുറ്റിക്കളി ഉണ്ടെന്ന്.
ഇപ്പോ എന്തായി അമ്മച്ചിക്ക് ചെക്കപ്പും ഉണ്ട് എന്ന് പറഞ്ഞു അവിടെ നിന്നും മുങ്ങി ഒരു വളപ്പൊട്ടും കയ്യിൽ പിടിച്ചു നിൽക്കുന്നു ദ്രോഹി. ശ്യാം അവനെ നോക്കി പറഞ്ഞു.
ഈ വളപ്പൊട്ടും കെട്ടിപ്പിടിച്ചിരിക്കാനാണോ നീ ഞങ്ങളോടും കള്ളം പറഞ്ഞു അവിടെനിന്നും വേഗം മുങ്ങിയത്,
അങ്ങനെ ഇപ്പോൾ നീ ഇതും നോക്കി സുഖിക്കണ്ട എന്നുപറഞ്ഞ് കാർത്തി അത് കളയാൻ തുടങ്ങിയപ്പോഴേക്കും അച്ചായൻ അവന്റെ കൈകളിൽ കയറി പിടിച്ചു.
നിനക്ക് ഇത് വെറും ഒരു വളപ്പൊട്ടായിരിക്കാം പക്ഷേ ഇതിപ്പോൾ എന്റെ പ്രാണൻ ആയി ഞാൻ സൂക്ഷിക്കുന്നതാണ്, ഇത് കളയാൻ ഞാൻ സമ്മതിക്കില്ല.
അവൻ അത് നെഞ്ചോട് ചേർത്തു കൊണ്ട് പറഞ്ഞു.
നിങ്ങളോട് കള്ളം പറഞ്ഞു അവിടെനിന്നും പോന്നതിനു സോറി,
അവളെ കണ്ടതുമുതൽ അവൾക്കു വേണ്ടിയുള്ള അലച്ചിൽ തുടങ്ങിയതാണ് ഞാൻ.
ആ മാൻ മിഴികൾ എന്റെ ഉറക്കം കളയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി, ഊണിലും ഉറക്കത്തിലും അവൾ മാത്രമാണിപ്പോൾ.
അവൾക്കുവേണ്ടി ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുകയാണ് ഞാനിപ്പോൾ.
അന്ന് അവൾ എന്റെ വണ്ടി തട്ടി വീണിടത്തു നിന്ന് കിട്ടിയതാണ് ഈ വളപ്പെട്ടുകൾ, ഇപ്പോഴും ഞാൻ ഇത് നിധിപോലെ സൂക്ഷിക്കുന്നു.
അതിനിടയിൽ ഞാൻ എന്റെ കൂട്ടുകാരെ മറന്നുപോയി എന്നോട് ക്ഷമിക്കണം അവൻ തലകുമ്പിട്ടു കൊണ്ട് പറഞ്ഞു.
എന്താടാ ഇത് നീ ഒരു വാക്ക് പറഞ്ഞാൽ എന്റെ കൂടെ ഞങ്ങളും കൂടില്ലേ..? നാളെ മുതൽ ഞങ്ങളും കൂടാം നിന്റെ പേടമാനെ അന്വേഷിക്കാൻ
ശ്യാം അവനെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.
വേണ്ടടാ…, ഇനിമുതൽ ഞാൻ അവളെ അന്വേഷിച്ചു നടക്കില്ല, എനിക്കു വിധിച്ച പെണ്ണാണെങ്കിൽ അവൾ എന്റെ അരികിൽ വന്നു ചേരും കർത്താവ് എന്റെ അരികിൽ അവളെ കൊണ്ടുവരും അതുപറയുമ്പോൾ അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
ഞങ്ങളും നിന്റെ ഉറക്കം കെടുത്തിയ സ്വപ്ന സുന്ദരി യെ കാണാനായിട്ട് കാത്തിരിക്കുകയാണ് അല്ലേടാ അശ്വിനേ കാർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളെ ഞാൻ കണ്ടെത്തിയാൽ എന്റെ ഇഷ്ടം അവൾ കൂടി അംഗീകരിച്ചാൽ മാത്രമേ നിങ്ങൾക്ക് മുൻപിലേക്ക് ഞാൻ അവളെ കൊണ്ടു വരികയുള്ളൂ, അവൾ എനിക്കു വിധിച്ച പെണ്ണ് അല്ല എങ്കിൽ വെറുതെ എന്തിനാ നിങ്ങളെ കൂടി വിഷമിപ്പിക്കുന്നത്, അവന്റെ വാക്കുകളിൽ നിരാശ കലർന്നു.
നിന്നെയൊക്കെ ആര് വേണ്ട എന്ന് പറയാൻ, ഇഷ്ടം പറയുന്ന അന്ന് തന്നെ അവൾ നിന്റെ പുറകെ ഇറങ്ങിവരും കാർത്തി പറയുന്നത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു.
നിങ്ങൾ ഇവിടെ തമാശയും പറഞ്ഞു കൊണ്ടിരിക്കുകയാണോ…? ഞാൻ കഴിക്കാൻ എടുത്തു വെച്ചിട്ട് സമയമെത്രയായി എന്നാ വിചാരം
അമ്മച്ചി പരിഭവത്തോടെ പറഞ്ഞു.
അതിനെന്താ ത്രേസ്യകുട്ടി ഞങ്ങളിപ്പോൾ അതൊക്കെ തീർത്തു തരാം എന്നും പറഞ്ഞു അവർ കഴിക്കാൻ ഇരുന്നു.
അവരുടെ കളിയും ചിരിയും നോക്കിക്കൊണ്ട് അമ്മച്ചി അവർക്കരികിൽ തന്നെ നിന്നു.
തിരികെ അവരെല്ലാം മടങ്ങുമ്പോൾ ഒരുപാട് നേരം ആയിരുന്നു.
നാളെ ഞാൻ വരാം വൈകും അമ്മച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോണം പുറത്തേക്കിറങ്ങിയ അവരോടായി അച്ചായൻ അത് പറഞ്ഞപ്പോൾ മൂന്നാളും അവനെ സംശയത്തോടെ അടി മുടി നോക്കി.
അല്ലടാ ഇത് സത്യമാണ് സംശയമുണ്ടെങ്കിൽ അമ്മച്ചിയോട് ചോദിച്ചു നോക്കൂ, അവൻ അവരുടെ നോട്ടം കണ്ടു പുഞ്ചിരിയോടെ പറഞ്ഞു.
അവനെ നോക്കി ഒന്ന് അമർത്തി മൂളി കൊണ്ട് അവർ യാത്ര പറഞ്ഞു പോയി.
അവർ പോകുന്നത് നോക്കി അവൻ കുറച്ചു നേരം അവിടെ നിന്നു.
&&&&&&&&&&&& &&&&&&&&&&&
രാത്രി ഭക്ഷണമൊക്കെ കഴിച്ചു ചേച്ചിയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ് ശിവ.
ചേച്ചി നാളെ ഹോസ്റ്റലിൽ പോകുകയാണ്, അതിന്റെ സങ്കടം അവൾക്കുണ്ട്.
കിടക്കാനായി റൂമിലേക്ക് ചെന്നപ്പോഴാണ് ഫോൺ അടിക്കുന്നത് കേട്ടത്.
പാത്തു ആണ് വിളിക്കുന്നത്, നാളത്തെ ഫങ്ക്ഷനേ കുറിച്ച് സംസാരിച്ചു അവൾ ഫോൺ വെച്ചു.
നാളത്തെ കാര്യം ആലോചിച്ചിട്ട് നല്ല പേടിയുണ്ട് ശിവക്ക്, ആ കോളേജിലെ തന്റെ രണ്ട് ദിവസവും നല്ല സ്വീകരണമാണ് തനിക്ക് കിട്ടിയത്, ഇനി നാളെ ഫ്രഷേഴ്സ് ഡേ എന്തെല്ലാം പണികളാണ് സീനിയേഴ്സ് തങ്ങൾക്ക് റെഡി ആക്കിയിട്ടുള്ളത് എന്ന് അറിയില്ല,
ദൈവമേ നാളത്തെ കാര്യം എന്താകുമോ എന്തോ…? അവൾ പേടിയോടെ ഓർത്തു.
ഇന്ന് നടന്ന സംഭവം ഓർത്തതും അവളുടെ ഉള്ളിൽ അശ്വിന്റെ മുഖം ഓർമ്മ വന്നു.
മുൻപ് അവനെ ഓർക്കുമ്പോൾ ഒരു പേടിയായിരുന്നു, ഇന്നെന്തോ അതില്ല, തന്റെ കൈകളിലേക്ക് നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ചേച്ചിയെയും കെട്ടി പിടിച്ചു കിടന്നുറങ്ങും പോഴും അവളുടെ ഉള്ളിൽ നാളത്തെ പരിപാടി യെ കുറിച്ചുള്ള പേടിയുണ്ടായിരുന്നു.
&&&&&&&&&&&& &&&&&&&&&
രാവിലെ നേരത്തെ തന്നെ കോളേജിലേക്ക് പുറപ്പെട്ടു.
ബസ്സിറങ്ങിയതും കണ്ടു തന്നെയും നോക്കിനിൽക്കുന്ന പാത്തുവിനെ.
അവളെ കണ്ടതും പാത്തു ഒരു പുഞ്ചിരിയോടെ അവളുടെ അരികിലേക്ക് ഓടി വന്നു.
രണ്ടു പേരും കോളേജ് അങ്കണത്തിലേക്ക് ഒരുമിച്ചാണ് കയറിച്ചെന്നത്.
പാത്തു തന്റെ കൂടെ ഉണ്ടായതു കൊണ്ടാവാം എന്നത്തെയും പോലെയുള്ള ഭയം ഇന്നില്ല.
വിവിധ തോരണങ്ങളാൽ കോളേജ് അങ്കണം വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
സീനിയേഴ്സ് അവർക്ക് വേണ്ടി വളരെ വിപുലമായി തന്നെ പരിപാടികൾ അറേഞ്ച് ചെയ്തിട്ടുണ്ട്.
നവാഗതർക്ക് സ്വാഗതം എന്നാ വലിയ ഒരു ഫ്ലക്സും ഉണ്ട്.
എല്ലാ വിദ്യാർത്ഥികളും വളരെ സന്തോഷത്തിൽ തന്നെയാണ്.
ഓഡിറ്റോറിയത്തിലേക്ക് കടക്കുമ്പോൾ തന്നെ കണ്ടു അശ്വിനെയും കൂട്ടരെയും. പാത്തു അവർക്ക് നേരെ കൈവീശി കാണിച്ചു.
എല്ലാ വിദ്യാർത്ഥികളും ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
കാര്യപരിപാടികൾ അവസാനിച്ചതും അദ്ധ്യാപകർ മെല്ലെ അവിടെ നിന്നും പോയി.
സീനിയേഴ്സ് ജൂനിയർ സീനായി നൽകാൻ പോകുന്ന സ്വീകരണം ഓർത്ത് എല്ലാ ജൂനിയേഴ്സിന്റെ മുഖത്തും നല്ല ടെൻഷൻ ഉണ്ട്.
ഒരു വലിയ ബൗളിൽ എല്ലാവരുടെയും പേര് എഴുതിയിട്ട് അതിൽനിന്നും ഓരോരുത്തരുടെ പേര് വിളിക്കുന്നതിനനുസരിച്ച് അവർ വേദിയിലേക്ക് ചെന്ന് അവർ പറയുന്നത് എന്താണെങ്കിലും അനുസരിക്കണം.
അങ്ങനെ പരിപാടികൾ ആരംഭിച്ചു, തന്റെ പേര് വിളിക്കുമ്പോൾ ഓരോ വിദ്യാർഥിയും അവർക്ക് നൽകിയ ടാസ്ക് ചെയ്യേണ്ടിവന്നു.
ചിലർ ചെയ്യുന്നത് കണ്ടാൽ ചിരി വരുമെങ്കിലും തന്റെ ഊഴം വരുമ്പോൾ എന്താകും എന്നോർത്തുള്ള ഭയമായിരുന്നു എല്ലാവരുടെയും ഉള്ളിൽ.
അങ്ങനെ അടുത്ത ലോട്ട് എടുത്തു അരുൺ അതിലെ പേര് വായിച്ചു.
“ഫാത്തിമ നിദ”
ആ പേര് വേദിയിൽ നിന്നും മുഴങ്ങി കേട്ടതും ശിവയുടെ മുഖത്താണ് പേടിയും വെപ്രാളവും പ്രകടമായത്.
അവൾ ഭയത്തോടെ പാത്തുവിനെ നോക്കി.
പാത്തു പക്ഷേ ഒരു കൂസലുമില്ലാതെ പുഞ്ചിരിയോടെ എഴുന്നേറ്റു.
വിജയിച്ചു വരാൻ അനുഗ്രഹിക്കൂ മകളെ…. തന്റെ നേരെ ഭയപ്പാടോടെ നോക്കുന്ന ശിവയെ നോക്കി അവൾ പറഞ്ഞു.
ശിവ അവൾക്ക് നേരെ ഒരു പുഞ്ചിരി നൽകി.
, ഒന്നുമില്ല എന്ന് കണ്ണുകൾകൊണ്ട് കാണിച്ചു അവൾ വേദിയിലേക്ക് കയറിച്ചെന്നു.
തന്നെത്തന്നെ നോക്കി നിൽക്കുന്ന അശ്വിനും കൂട്ടർക്കും അവൾ ഒരു പുഞ്ചിരി നൽകി.
അരുൺ അവൾക്കു മുൻപിൽ ഒരു ബൗളുമായി ചെന്ന് നിന്നു.
അവളോട് തന്നെ അതിൽ നിന്ന് ഒരു ലോട്ട് എടുക്കാൻ പറഞ്ഞു.
അവൾ അതിൽ നിന്നും ഒരു ലോട്ട് എടുത്തു അരുണിന്റെ കയ്യിലേക്ക് തന്നെ കൊടുത്തു.
അതു വായിച്ചതും അരുണിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
അവൾക്ക് കിട്ടാൻ പോകുന്ന പണി എന്താണെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയോടെ നോക്കി നിന്നു.
ഈ പുളി ചവച്ചരച്ച് കഴിക്കുക അവൾക്ക് നേരെ കുറച്ച് പുള്ളി നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.
അതിലേക്ക് നോക്കിയതും അവളുടെ മുഖം ഒന്ന് ഇളിഞ്ഞു.
കുറച്ചു ഉപ്പു കൂടി കിട്ടാൻ വല്ല വഴിയും ഉണ്ടോ..? ആ പുളിയിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
അതെന്താ നിനക്ക് പുളി ഇങ്ങനെ കഴിക്കാൻ അറിയില്ലേ..? അരുണിന്റെ ശബ്ദം ഗൗരവത്തിലായി.
അല്ല എനിക്ക് പുളി ഉപ്പും കൂട്ടി കഴിക്കുന്നതാണ് ഇഷ്ടം, അവൾ യാതൊരു കൂസലുമില്ലാതെ മറുപടി പറഞ്ഞു.
അയ്യോ മോളെ ഉപ്പ് തിന്നാൽ വെള്ളം കുടിക്കേണ്ടി വരും അരുണിന്റെ സുഹൃത്ത് രാജീവ് അതും പറഞ്ഞു അവരുടെ അടുത്തേക്ക് വന്നു.
സാരമില്ല ചേട്ടാ എനിക്ക് വെള്ളം കുടിക്കുന്നത് ഒത്തിരി ഇഷ്ടമാണ് അവൾ നിഷ്കളങ്കമായി മറുപടി പറഞ്ഞു.
ചേട്ടന്മാര് അറിഞ്ഞില്ല മോളേ…
എന്നാൽ അരുണേ ഇവളുടെ ആ വെള്ളം കുടിക്കാനുള്ള ആഗ്രഹം ഒന്ന് തീർത്തു കൊടുത്താലോ…. ?
രാജീവ് അരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു.
പിന്നെന്താ ഉപ്പൊക്കെ തിന്നാൽ കുറച്ച് വെള്ളമേ കുടിക്കൂ… മോൾക്ക് നന്നായി വെള്ളം കുടിക്കേണ്ടേ അപ്പോൾ മോൾ എന്തായാലും പത്തു പച്ചമുളക് കഴിക്ക് അപ്പോഴേക്കും മോൾക്ക് ധാരാളം വെള്ളം കുടിക്കാം ഞങ്ങൾക്ക് ടാസ്ക്കും നടത്താം എങ്ങനെയുണ്ട് ചേട്ടന്മാരുടെ ഐഡിയ അവർ അവളെ നോക്കി ചോദിച്ചു.
അതുവരെ നല്ല ധൈര്യത്തോടെ നിന്നിരുന്ന പാത്തു അവിടെ തന്നെ നിൽക്കണോ അതോ ഓടണോ എന്ന അവസ്ഥയിലായി.
അവൾ അവരെ നോക്കി ഒരു വളിച്ച ചിരി പാസാക്കി.
അതുവേണ്ട ഞാൻ പുളി തിന്നോളാം അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു,
വേണ്ട പെങ്ങളെ പെങ്ങൾക്ക് അത്രയ്ക്ക് ഇഷ്ടം അല്ലേ വെള്ളം കുടിക്കുന്നത് നീ ഈ മുളക് തിന്നിട്ട് പോയാൽ മതി. രാജീവ് അവളുടെ കയ്യിലേക്ക് മുളക് വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.
അവൾ അതിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു നല്ല മുഴുത്ത പത്തു പച്ചമുളക് ഉണ്ട്.
ന്റെ അള്ളാ ഞാൻ ഇതൊക്കെ എങ്ങനെ കഴിക്കും…? അവൾ മനസ്സിൽ പറഞ്ഞു.
നോക്കിനിൽക്കാതെ കഴിക്കെടീ അരുൺ തന്റെ ശബ്ദമുയർത്തി പറഞ്ഞതും, പാത്തു വേഗം ഒരു മുളക് എടുത്തു കടിച്ചു.
എല്ലാവരും അവൾ മുളക് കഴിക്കുന്നത് ആകാംക്ഷയോടെ നോക്കി.
ആദ്യത്തെ കടിയിൽ തന്നെ അവൾക്ക് നന്നായി എരിഞ്ഞിട്ടുണ്ട്.
പക്ഷേ അത് പുറത്തുകാണിക്കാതെ അവൾ ഒരു മുളക് എങ്ങിനെയൊക്കെയോ കഴിച്ചു.
അത് കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ നന്നായിട്ട് എരിയുന്നുണ്ട്, ചുണ്ടൊക്കെ ചുമന്നു വന്നിട്ടുണ്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്.
പക്ഷേ തോറ്റു കൊടുക്കാൻ അവൾക്കും തോന്നിയില്ല അവൾ വളരെ കഷ്ടപ്പെട്ട് അഞ്ചു മുളക് എങ്ങനെയൊക്കെയോ കഴിച്ചു.
അപ്പോഴേക്കും കണ്ണിൽ നിന്നും വായിൽ നിന്നും മൂക്കിൽ നിന്നൊക്കെ വാട്ടർ ടാങ്ക് തുറന്നിട്ടതുപോലെ വെള്ളം ഒഴുകാൻ തുടങ്ങി.
ചുണ്ട് ഒക്കെ ചുവന്നുതുടുത്തിട്ടിട്ടുണ്ട്.
എരുവിന്റെ ശക്തികൊണ്ട് തലകറങ്ങുന്നതുപോലെ ഒക്കെ തോന്നുന്നുണ്ട്.
സംഭവം കൈവിട്ടു പോകുന്നത് കണ്ടപ്പോൾ അശ്വിൻ കേറി ഇടപെട്ടു.
മതി ഇത്രയും കഴിച്ചാൽ മതി ഇതിൽ കൂടുതൽ ഒരാൾക്ക് കഴിക്കാൻ സാധ്യമല്ല. നീ വാ എന്നു പറഞ്ഞു അശ്വിൻ അവളെയും പിടിച്ചു അവിടെ നിന്നും ഇറങ്ങി.
അരുൺ ഒരു ബോട്ടിൽ വെള്ളം അവൾക്ക് നേരെ നീട്ടി എങ്കിലും അവൾ അത് വാങ്ങാൻ തയ്യാറായില്ല.
അവൾ ശിവയെ കൊണ്ട് നേരെ കാന്റീനിലേക്ക് പോയി.
ചേട്ടാ ആ പഞ്ചാര പാത്രം ഒന്നു എടുത്തേ എനിക്കതിലൊന്നു തലയിടാനാണ് അവിടെ എത്തിയ ഉടനെ അവൾ കാന്റീനിലെ ചേട്ടനോട് പറഞ്ഞു.
എരിവ് കൊണ്ട് അവൾ കാട്ടിക്കൂട്ടുന്നതോക്കെ കണ്ട് ശിവയുടെ കണ്ണുകൾ നിറഞ്ഞു.
അവിടെയുണ്ടായിരുന്ന ഒട്ടുമിക്ക മധുരവും അവൾ അകത്താക്കി.
എന്നിട്ടും അവളുടെ എരുവിന് ഒരു ശമനവും ഉണ്ടായില്ല.
കണ്ണും മുഖവും ഒക്കെ ചുവന്നുതുടുത്തിട്ടുണ്ട്.
അപ്പോഴേക്കും അശ്വിനും കാർത്തിയും ശ്യാമു അവിടേക്ക് വന്നു.
അശ്വിൻ വന്ന ഉടനെ അവളുടെ അരികിലിരുന്ന് അവൾക്ക് വെള്ളം കൊടുത്തു.
അവളുടെ അവസ്ഥ കണ്ടിട്ട് അവന്റെ കണ്ണുകളിലും വെള്ളം നിറഞ്ഞു.
അവൻ അവളെ വേദനയോടെ നോക്കുന്നത് കണ്ടിട്ട് പാത്തു ഒന്നുമില്ല എന്ന് കണ്ണുകളടച്ച് കാണിച്ചുകൊടുത്തു.
ഇതെന്താ കരയുന്നത് ഇഷ്ടമില്ലാത്ത സഖാവ് പാത്തുവിന്റെ കണ്ണീര് കണ്ടിട്ട് ഒന്നും പറയുന്നില്ലേ….? കാർത്തി ഒന്നാക്കിയ മട്ടിൽ അശ്വിനോട്ചോദിച്ചു.
അതിന് ഞാൻ കരയുകയാണ് എന്ന് ചേട്ടനോട് ആരാ പറഞ്ഞത്.
ഇത് എരുവ് സഹിക്കാഞ്ഞിട്ടു വരുന്ന ഉറവയാണ് അല്ലാതെ കണ്ണീരല്ല. അവൾ കാർത്തിയെ നോക്കി കൊണ്ടു പറഞ്ഞു
ആയിക്കോട്ടെ മേടം വല്ല കാര്യവുമുണ്ടായിരുന്നോ ആ പുളി തിന്നാൽ പോരായിരുന്നോ….? ശ്യാം അവളോട് ചോദിച്ചു.
മതിയായിരുന്നു അവന്മാർ എനിക്കിട്ട് ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ വിചാരിച്ചോ അവൾ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
അവൾ പറയുന്നത് കേട്ടപ്പോൾ അവർക്ക് ചിരിയാണ് വന്നത്.
അശ്വിൻ അവളുടെ കൂടെ തന്നെ ഇരിക്കുന്നുണ്ട്.
അവളോടുള്ള അവന്റെ സ്നേഹവും ലാളനയും നോക്കി കാണുകയായിരുന്നു ശിവ.
പാത്തുവിനോട് എത്ര വാത്സല്യത്തോടെ ആണ് അശ്വിൻ പെരുമാറുന്നത്.
ഒരു ഏട്ടന്റെ എല്ലാ പരിഗണനയും പാത്തുവും അശ്വിന് നൽകുന്നുണ്ട്.
ഒരു ഏട്ടന്റെ ലാളനയും സ്നേഹവും താൻ എത്ര കൊതിച്ചിട്ടുണ്ട് എന്ന് ശിവ വേദനയോടെ ഓർത്തു.
പാത്തു വിന്റെ എരിവ് ഒരു വിധം ക്ഷമിച്ചു എന്ന് തോന്നിയതും അവരെല്ലാവരും കൂടി വീണ്ടും ഓഡിറ്റോറിയത്തിലേക്ക് തന്നെ പോയി.
അവിടെ ഓരോരുത്തരായി സീനിയേഴ്സിന്റെ സ്വീകരണം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്.
ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല അടുത്ത പേരും അവർ വിളിച്ചു.
“ശിവപാർവ്വതി”
അത് കേട്ടതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി.
അവൾ ദയനീയമായി പാത്തുവിനെ നോക്കി.
പേടിക്കേണ്ട ധൈര്യമായി പൊയ്ക്കോ എന്ന് പാത്തു അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു വിട്ടു.
അങ്ങോട്ട് അടുക്കുന്തോറും അവളുടെ പാദങ്ങൾക്ക് ബലം ഇല്ലാത്തതു പോലെ തോന്നി.
അരുൺ അവൾക്ക് നേരെ നീട്ടിയ ബൗളിൽ നിന്നും വിറയ്ക്കുന്ന കൈകളോടെ അവൾ ഒരു നറുക്കെടുത്തു അവനു നേരെ നീട്ടി.
ഒരു മനോഹരമായ ഗാനം ആലപിക്കുക യോ അല്ലെങ്കിൽ ഒരു കഥാപ്രസംഗം കൊണ്ട് ഞങ്ങളുടെ മനസ്സ് കുളിർപ്പിക്കുകയോ ചെയ്യുക. അരുൺ വായിച്ചത് കേട്ട് അവളിൽ നേരിയ ഒരു ആശ്വാസം ഉണ്ടായി.
പാത്തു അവളെ പേടിയോടെ നോക്കി, അവൾ പാടുന്ന വിവരം പാത്തുവിനു അറിയില്ല.
എന്താണ് ഭവതി തിരഞ്ഞെടുക്കുന്നത് അരുൺ അവളുടെ മുഖത്തേക്കു നോക്കി ചോദിച്ചു.
ഞാൻ പാടാം അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
എല്ലാവരും അവളുടെ ശബ്ദം കേൾക്കാനായി കാതോർത്തിരുന്നു.
“വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞു തുള്ളിയുറങ്ങി.
നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വീരഹമെന്നാരോ മൊഴിഞ്ഞു….
പുലരിതൻ ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനി യാക്കി അവളെ പനിനീർ മലരാക്കി”
അവളുടെ സ്വരമാധുര്യത്തിൽ ലയിച്ച് ഓഡിറ്റോറിയം നിശബ്ദമായി.
എല്ലാവരും അവരുടെ സംഗീതത്തെ നന്നായി ആസ്വദിക്കുന്നുണ്ട്.
പാത്തു അന്തംവിട്ട് അവളെ നോക്കി.
അവളുടെ ആ സ്വരത്തെ ആസ്വദിച്ച് അശ്വിനും സ്വയം മറന്നു നിന്നു.
ആ സമയത്താണ് അച്ചായൻ ഓഡിറ്റോറിയത്തിലേക്ക് കടന്നുവരുന്നത്.
വേദിയിൽ നിന്നും ഒഴുകിയെത്തുന്ന സ്വരം ആസ്വദിച്ച് അവൻ അവിടേക്ക് നടന്നുചെന്നു.
ആ മനോഹര ശബ്ദത്തിനുടമയെ കണ്ടതും അവൻ അത്ഭുതത്തോടെ നോക്കി.
എന്റെ കണ്ണുകളെ വിശ്വസിക്കാൻ അവന് കഴിഞ്ഞില്ല.
താൻ തേടികൊണ്ടിരിക്കുന്ന ആളെ മുന്നിൽ കണ്ടതും ഇതു സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിലായി അവൻ.
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission