Skip to content

സഖാവ് – Part 5

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

ആരെയും മനംമയക്കുന്ന ശബ്ദസൗന്ദര്യം ആയിരുന്നു അവളുടേത്.

അതിൽ ലയിച്ച് ഓഡിറ്റോറിയം മുഴുവൻ നിശബ്ദരായി.

അച്ചായനും ഏതോ സ്വപ്നലോകത്തെന്നപോലെ അവളിൽ ലയിച്ചങ്ങനെ നിന്നു.

കാതടപ്പിക്കുന്ന കൈയ്യടികൾ ഉയർന്നപ്പോഴാണ് പാട്ട് അവസാനിച്ചു എന്നത് അറിയുന്നത്.

വേദിയിൽ നിന്ന് ഇറങ്ങി വന്ന ഉടനെ ശിവയെ പാത്തു ഓടിച്ചെന്ന് കെട്ടിപിടിച്ചു.

എല്ലാവരും അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

ശിവയും പാത്തുവും ഒറ്റ ദിവസം കൊണ്ട് തന്നെ ഫെയ്മസ് ആയി.

അശ്വിനും കൂട്ടരും പുറത്ത് നിൽക്കുന്നത് കണ്ടതും പാത്തു ശിവയെയും വിളിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി.

നീ ഇത്ര വലിയ പാട്ടുകാരി ആണെന്ന് അറിയാതെ പോയല്ലോ പെങ്ങളെ… കാർത്തി അവളെ കണ്ടതും താടിക്ക് കയ്യും കൊടുത്ത് അവളെ നോക്കിക്കൊണ്ട് പറഞ്ഞു.

അവൾ അവന് നേരെ ഒന്ന് പുഞ്ചിരിച്ചു.

ദേ ഇച്ചായ ഇതാണെന്റെ ശിവ ഇനി കണ്ടില്ല എന്ന് പറയരുത് പാത്തു ശിവയെ പിടിച്ച് അച്ചായന്റെ മുന്നിൽ നിർത്തിക്കൊണ്ട് പറഞ്ഞു.

അപ്പോഴാണ് ശിവയും അച്ചായനെ കാണുന്നത്.

അയാളെ കണ്ടതും അവൾ ഒന്നു പുറകോട്ട് മാറി നിന്നു.

അന്നു തന്റെ കൂട്ടുകാരി അലീനയുടെ വീട്ടിൽ നിന്ന് വരുന്ന വഴി ഈ ചേട്ടന്റെ ബൈക്കിനു മുന്നിൽ ചാടിയത് അവൾ ഓർത്തു.

ഇനി ഇപ്പോ ഇയാളെ വകയും ഉണ്ടാവുമോ ദേഷ്യപ്പെടെൽ അവൾ മെല്ലെ അയാളുടെ മുഖത്തേക്ക് നോക്കി.

അച്ചായൻ കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി കൊണ്ടിരിക്കുകയാണ്..

അതേയ് ഇതാണ് ഞങ്ങളുടെ അച്ചായൻ നിനക്ക് വേണമെങ്കിൽ ഇവനെ ആങ്ങള ആക്കിക്കോട്ടോ,
ഒരു പെങ്ങൾ ഇല്ലാത്ത വിഷമം ഇവനു നന്നായിട്ടുണ്ട് ശ്യാം അവന്റെ തോളിലൂടെ കൈയിട്ടു കൊണ്ട് പറഞ്ഞു.

പുല്ല് എന്നോടിത് വേണമായിരുന്നോ എന്ന മട്ടിൽ അച്ചായൻ അവനെ ഒന്ന് നോക്കി.

ശിവ അവരുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.

പാത്തു നേരെ അശ്വിന്റെ അരികിൽ ചെന്നിരുന്നു.

അശ്വിൻ അവളുടെ സംസാരം കേട്ട് ചിരിച്ചുകൊണ്ടിരുന്നു.

ശിവ മെല്ലെ ഒളികണ്ണിട്ട് അശ്വിനി ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടിരുന്നു, തന്നെ തന്നെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരിക്കുന്ന ആ രണ്ട് കണ്ണുകൾ അവൾ അറിയാതെ പോയി.

അച്ചായൻ ശിവയിൽത്തന്നെ ലയിച്ച് അങ്ങനെയായിരുന്നു.

ഇവൾ തനിക്കുള്ളത് തന്നെയാണ് അല്ലെങ്കിൽ കർത്താവ് തന്റെ മുൻപിൽ ഇവളെ എത്തിക്കില്ലായിരുന്നു, അവൻ മനസ്സിലോർത്തു.

കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ചു പാത്തുവും ശിവയും വീട്ടിലേക്ക് തിരിച്ചു.

കോളേജിനോട് ചേർന്നുള്ള മതിലിൽ പാണ്ഡവാസ് ഇരിക്കുന്നത് കണ്ടതും പാത്തു കണ്ണുകൾകൊണ്ട് ശിവയ്ക്കു അവരെ കാണിച്ചുകൊടുത്തു.

അവരെ കണ്ടതും ശിവയുടെ ഉള്ളിൽ ഒരു ഭയം പൊട്ടിമുളച്ചു.

അവൾ പാത്തുവിന്റെ കൈകളിൽ മുറുകെ പിടിച്ചു.

തങ്ങളുടെ മുൻപിലൂടെ പോകുന്ന എല്ലാ പെൺകുട്ടികളെയും ഓരോ കമന്റ് അടിച്ചും കളിയാക്കി ചിരിച്ചും ആസ്വദിച്ചിരിക്കുകയാണ് അവർ.

പാത്തുവും ശിവയും അവരുടെ അടുത്തേക്കെത്തിയപ്പോൾ അവർ ചൂളം വിളിക്കാനും അവരെ കളിയാക്കി പാടാനും ആരംഭിച്ചു.

പാത്തുവിന് അതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല, അവൾ ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് പോകാൻ നിന്നതും ശിവ അവളുടെ കൈകളിൽ മുറുകെ പിടിച്ച് അരുത് എന്ന് തലയാട്ടി കാണിച്ചു.

അവരെ മറികടന്ന് അവർ പോകാൻ നിന്നതും കേട്ടാലറയ്ക്കുന്ന കമന്റ് മായി അവർ വീണ്ടും ചിരിച്ചു.

അതു കൂടി ആയപ്പോൾ സഹികെട്ട് ശിവയുടെ കൈവിട്ട് പാത്തു അവർക്കു മുൻപിലേക്ക് ദേഷ്യത്തോടെ ചെന്നു.

ആഹാ എല്ലാ ബാർബർ മാരും ഇവിടെ ഉണ്ടല്ലോ….? ഇന്ന് മക്കൾക്ക് ആരുടെ മുടി മുറിക്കാനും കിട്ടിയില്ലേ….? അവൾ പരിഹാസരൂപേണ ചോദിച്ചു.

ടീ എന്നും വിളിച്ച് വൈശാഖ് ഇരുന്നിടത്തുനിന്ന് എണീറ്റു.

അലറണ്ട തന്റെ യൊക്കെ രോഷം വീട്ടിലിരുക്കുന്നവരോട് കാണിച്ചാൽ മതി ഇങ്ങോട്ടെടുക്കേണ്ട പാത്തു പറയുന്നതുകേട്ട് അവരുടെ ദേഷ്യം ഇരട്ടിച്ചു.

ശിവ എല്ലാം നോക്കി പേടിയോടെ അവൾക്കരികിൽ നിന്നു.

നീ ആരാടി ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ ഞങ്ങൾ ഞങ്ങൾക്ക് തോന്നിയത് ചെയ്യും നീ ആരാ ചോദിക്കാൻ…? സണ്ണി ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.

നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോ പക്ഷേ അത് വഴിയെ പോകുന്ന പെൺകുട്ടികളെ നോക്കിയല്ല, അങ്ങനെ വല്ലതും നീയൊക്കെ ചെയ്യാൻ വന്നാൽ നിന്റെയൊക്കെ കാരണം പുകക്കാനും ഞങ്ങൾക്കറിയാം അവളും വിട്ടുകൊടുത്തില്ല.

എന്നാൽ അതൊന്നു കാണണമല്ലോ.. എന്നും പറഞ്ഞ് സണ്ണി അവളുടെ ഷാൾ വലിച്ചൂരി.

അത് കണ്ടതും പാത്തു അവനെ ദേഷ്യത്തോടെ അടിക്കാൻ കയ്യോങ്ങി പക്ഷേ വൈശാഖ് അവളുടെ കയ്യിൽ കയറി പിടിച്ചു.

ആണുങ്ങൾക്ക് നേരെ കയ്യോങ്ങുന്നോടീ എന്നും പറഞ്ഞു അവൻ അവളെ അടിക്കാനായി കയ്യുയർത്തി.

പാത്തു തന്റെ കണ്ണുകൾ ഇറുകെ അടച്ചു.

ശിവയും ആകെ പേടിയോടെ നിന്നു.

പക്ഷേ പാത്തുവിനെ അടിക്കാനായി കയ്യോങ്ങിയ വൈശാഖിന്റെ കയ്യിൽ ആരോ കയറി പിടിച്ചു.

തന്റെ കയ്യിൽ കയറി പിടിച്ച ആളെ അരിശത്തോടെ വൈശാഖ് നോക്കി.

പാത്തുവും ശിവയും വൈശാഖിന്റെ കൈയും പിടിച്ചു നിൽക്കുന്ന ആളെ കണ്ടതും അതിശയത്തോടെ നോക്കി.

” പെണ്ണുങ്ങൾക്ക് നേരെ അതിക്രമം കാണിക്കുന്നത് അത്ര വലിയ ആണത്തമൊന്നുമല്ല വൈശാഖ്…. പാത്തുവിന് നേരെ ഉയർത്തിയ വൈശാഖിന്റെ കയ്യിൽ പിടിച്ചു കൊണ്ട് അരുൺ പറഞ്ഞു.

അതു പറയാൻ നീയാരാടാ ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും അതൊന്നും ചോദിക്കാൻ നീയൊന്നും വളർന്നിട്ടില്ല സണ്ണി അതും പറഞ്ഞു വീറോടെ അരുണിനു മുൻപിലേക്ക് വന്നതും അവന്റെ മുഖമടച്ച് അരുൺ ഒന്ന് പൊട്ടിച്ചു.

തിരിച്ചടിക്കാൻ ഉയർത്തിയ സണ്ണിയുടെ കരം പിടിച്ച് അരുൺ പുറകിലേക്ക് തിരിച്ച് അവന്റെ കഴുത്തിലുണ്ടായിരുന്ന പാത്തുവിന്റെ ഷാള് അവൾക്ക് നേരെ നീട്ടി.
പിടിക്കാൻ.. മിഴിച്ചു നിൽക്കുന്ന അവൾക്ക് നേരെ ഷാൾ ഉയർത്തികൊണ്ട് അവൻ പറഞ്ഞു.

അവൾ ഓടിച്ചെന്ന് അത് വാങ്ങി തലയിലൂടെ ഇട്ടു.

അപ്പോഴേക്കും വൈശാഖ് വന്നു അവന്റെ കഴുത്തിലൂടെ പിടിച്ചു.

ബാക്കിയുള്ള നാല് പേരും കൂടി അവനെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി.

പാത്തുവിനും ശിവയ്ക്കും നിസ്സഹായരായി കണ്ടുനിൽക്കാനെ സാധിച്ചുള്ളു.

അരുൺ ചെറുത്തുനിൽക്കാൻ നോക്കുന്നുണ്ട് എങ്കിലും അവർ
അഞ്ചുപേർക്ക് മുമ്പിൽ അവനു പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

അവർ അവനെ ആക്രമിക്കുന്നത് കണ്ടുകൊണ്ടാണ് ഫോർ ഫൈറ്റേഴ്സ് അവിടേക്ക് വന്നത്.

അവരും കൂടി അരുണിനൊപ്പം ചേർന്നപ്പോൾ പാണ്ഡവാസിനു പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
പ്രശ്നം കൈവിട്ടു പോവുകയാണെന്ന് ശിവയ്ക്കും പാത്തുവിനും തോന്നി.

അവർക്ക് ചുറ്റും കോളേജിലെ മൊത്തം കുട്ടികളും തടിച്ചു കൂടാൻ തുടങ്ങി.

എന്താണ് ഇവിടെ പ്രശ്നം…..? പെട്ടെന്നാണ് കുട്ടികളുടെ ഇടയിൽനിന്നും ആ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങിയത്.

ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും നോക്കിയപ്പോൾ തീപാറുന്ന കണ്ണുകളോടെ എല്ലാം വീക്ഷിക്കുന്ന ഷാഹുൽ സാറിനെയാണ് കണ്ടത്.

ഇതെന്താ ചന്തയാണോ…? തെരുവുനായ്ക്കളെ പോലെ കടിച്ചുകീറാൻ, മേലിൽ ഇതുപോലെ വല്ലതും കാണാൻ ഇടയാവരുത്, അങ്ങനെ വന്നാൽ നിങ്ങൾക്കെതിരെ ആക്ഷൻ എടുക്കേണ്ടിവരും അവർക്ക് നേരെ വീറോടെ വിരൽചൂണ്ടി കൊണ്ട് ശാഹുൽ സാർ പറഞ്ഞു.

അവരൊന്നും മറുത്ത് ഒരക്ഷരം ഉരിയാടാതെ സാർ പറയുന്നത് ഒരു കുറ്റവാളികളെപ്പോലെ തലയും താഴ്ത്തി കേട്ടുനിന്നു.

ഇവിടെ കൂട്ടംകൂടി നിൽക്കേണ്ട ആവശ്യമില്ല എല്ലാവരും പിരിഞ്ഞു പോണം അവിടെ കൂടി നിൽക്കുന്നവരോട് സാർ ഉച്ചത്തിൽ പറഞ്ഞു.

അത് കേട്ടതും എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോകാൻ തുടങ്ങി.

നിങ്ങളുടെ പേരിൽ അത്ര നല്ല റിപ്പോർട്ട് ഒന്നുമല്ല കോളേജിന് കിട്ടിക്കൊണ്ടിരിക്കുന്നത് ഇനി വല്ല കംപ്ലൈന്റ്‌സും കിട്ടുകയാണെങ്കിൽ ഏത് കൊമ്പത്തെ ആളെ മകൻ ആയാലും വേണ്ടില്ല ഞാൻ കേറി ഇടപെടും പറഞ്ഞത് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ…? പാണ്ഡവാസിനുനേരെ വിരലോടിച്ചു കൊണ്ട് ഷാഹുൽ സാർ പറഞ്ഞു.

അയാളുടെ സംസാരം അവരിൽ ദേഷ്യം ഉണ്ടാകുന്നുണ്ടെങ്കിലും അവർ അതൊന്നും പുറത്തു കാണിക്കാതെ ദേഷ്യം കടിച്ചമർത്തി നിന്നു.

പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം അല്ലാതെ വേറെ പരിപാടിക്കൊന്നും നിൽക്കരുത് കേട്ടല്ലോ….? എന്നാൽ മക്കൾ വിട്ടോ അവരെ നോക്കി സാർ അതുകൂടി പറഞ്ഞപ്പോൾ അവർ അനുസരണയുള്ള കുട്ടികളെ പോലെ അവിടെ നിന്നും പോകാൻ തുടങ്ങി.

ശിവയെ മറി കടന്നു പോകുമ്പോൾ അവളെ പകയോടെ നോക്കുന്ന വൈശാഖിനെ കണ്ടു അവൾ പേടിയോടെ തലതാഴ്ത്തി.

നിങ്ങൾ നാലുപേരും എന്റെ കൂടെ ഒന്ന് വന്നേ അവർ പോയെന്ന് ഉറപ്പു വരുത്തിയതും ഫോർ ഫൈറ്റേഴ്സിനോടായി സാർ അതും പറഞ്ഞു മുന്നിൽ നടന്നു അനുസരണയോടെ അവർ നാലുപേരും സാറിനെ അനുഗമിച്ചു.

ശരിക്കും ഇപ്പോൾ ഇവിടെ ആരാ ഹീറോ ആയത് അവർ പോകുന്നത് നോക്കി എളിയിൽ ഒരു കൈയും വെച്ച് നഖം കടിച്ചു നിൽക്കുന്ന പാത്തുവിനെ ശിവ സംശയത്തോടെ നോക്കി.

സംശയിക്കാൻ ഒന്നുമില്ല നമ്മുടെ ചുള്ളൻ സാറ് തന്നെ ഹീറോ അവൾ ഒരു കള്ളച്ചിരിയോടെ ശിവയോട് പറയുന്നത് കേട്ട് ശിവയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

വാ നമുക്കു പോകാം ഇപ്പോൾതന്നെ സമയം ഒരുപാടായി അവളെയും വിളിച്ച് പാത്തു മുന്പോട്ട് നടന്നു.

ഹലോ ഒന്നു നിൽക്കണേ പുറകിൽ നിന്ന് കേട്ട അരുണിന്റെ ശബ്ദമാണ് അവരെ പിടിച്ചു നിർത്തിയത്.

അങ്ങനെയങ്ങു പോവുകയാണോ മാഡം ഒരു താങ്ക്സ് പോലും പറയാതെ പാത്തുവിനെ നോക്കി അരുൺ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

പോടാ മരപ്പട്ടി നിന്നോട് ഞാനെന്തിന് താങ്ക്സ് പറയണം അവളുടെ സംസാരം കേട്ടു ശിവയ്ക്ക്ചിരി വന്നെങ്കിലും അവൾ പുറത്ത് കാണിക്കാതെ നിന്നു.

ഞാൻ കേറി ഇടപെട്ടില്ലായിരുന്നെങ്കിൽ ആ വൈശാഖിന്റെ കയ്യിലെ ചൂട് മോൾ അറിഞ്ഞേനെ.

അയ്യടാ നിന്നോട് ആര് പറഞ്ഞു കേറി ഇടപെടാൻ, എന്റെ ഇക്ക വന്നില്ലായിരുന്നെങ്കിൽ നിന്നെ അവിടെ നിന്നും വടിച്ചു എടുക്കേണ്ടി വന്നേനെ അവൾ പരിഹാസത്തോടെ അവനെ നോക്കി പറഞ്ഞു.

അത് പിന്നെ അഞ്ചുപേരും കൂടി ഒരുത്തനെ വളഞ്ഞിട്ട് ആക്രമിച്ചാൽ ആരായാലും പതറി പോകും അത്രയേ എനിക്കും സംഭവിച്ചിട്ടുള്ളൂ, അവൻ അവളെ നോക്കി പറഞ്ഞു.

ഓ പിന്നെ എത്ര ആളുകൾ വന്നാലും നെഞ്ചുവിരിച്ച് നേരിടുന്നവനാണ് ധീരൻ അല്ലാതെ ഇതുപോലെ വാചകക്കസർത്തു നടത്തുന്നവനല്ല അവൾ വീണ്ടും പരിഹാസത്തോടെ പറഞ്ഞു.

അപ്പൊ മോളു ഈ ചേട്ടനോട് താങ്ക്സ് പറയില്ല അല്ലേ…? അവൻ അവളെ നോക്കി ചോദിച്ചു.

താങ്ക്സ് പറയില്ല എന്നു മാത്രമല്ല ഞാൻ ഇവിടുന്നു പോകുന്നതിനു മുമ്പ് എന്നെ പച്ചമുളക് തീറ്റിച്ചതിനു നിനക്ക് നല്ല ഒരു പണിയും തന്നിട്ടേ പോകൂ അവനെ നോക്കി വീറോടെ അതും പറഞ്ഞ് അവൾ ശിവയെയും പിടിച്ചു നടന്നു.

ഇങ്ങനെ പോവുകയാണെങ്കിൽ ഞാൻ നിന്നെ വൈകാതെ പുളിമാങ്ങ തീറ്റിക്കും കേട്ടോടി കാന്താരി അവൾ പോകുന്നതും നോക്കി ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

********************************

വീട്ടിലേക്കുള്ള ഇടവഴിയിൽ പ്രവേശിച്ചപ്പോൾ തന്നെ കണ്ടു താൻ വരുന്നതും നോക്കി ഉമ്മറപ്പടിയിൽ ഇരിക്കുന്ന ചേച്ചിയെ.

അവളെ കണ്ടതും ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

നീ എവിടെയായിരുന്നു ശിവ എത്ര നേരമായി നിന്നെയും കാത്തു നിൽക്കുന്നു…? എനിക്കിന്നു പോകേണ്ടത് നീ മറന്നോ…? ചേച്ചി പരിഭവത്തോടെ ചോദിച്ചു.

എന്റെ പൊന്നു ചേച്ചി കുട്ടി ഞാൻ മറന്നതോന്നുമല്ല കോളേജിലെ ഫംഗ്ഷൻ കഴിയാതെ ഇറങ്ങാൻ പറ്റാത്ത കൊണ്ടല്ലേ…? അവൾ ചിണുങ്ങി കൊണ്ട് ചേച്ചിയുടെ തോളിൽ കയ്യിട്ട് പറഞ്ഞു.

എനിക്ക് കുഴപ്പമൊന്നുമില്ല എന്നെ അവിടെ ആക്കി നിങ്ങൾ തിരിച്ചുവരുമ്പോൾ ഒരുപാട് നേരം വൈകും അതാ പറഞ്ഞത്.

അതൊന്നും സാരമില്ല ഞാൻ പെട്ടെന്ന് റെഡി ആവാം എന്നും പറഞ്ഞ് അവൾ അകത്തേക്കോടി.

ചായകുടി കഴിഞ്ഞ് ഫ്രഷായി വന്നു അച്ഛനും മക്കളും മുത്തശ്ശിയോട് യാത്ര പറഞ്ഞു ചേച്ചിയെ ഹോസ്റ്റലിലേക്ക് കൊണ്ടു വിടാൻ പോയി.

***********************************

ഇവിടെ നിൽക്കുകയായിരുന്നോ ത്രേസ്സ്യാക്കുട്ടി എന്നും പറഞ്ഞ് പാത്രം കഴുകി കൊണ്ടിരിക്കുന്ന അമ്മച്ചിയെ പുറകിലൂടെ ചെന്ന് അച്ചായൻ കെട്ടിപ്പിടിച്ചു.

ഇന്നെന്താ കുഞ്ഞുമോൻ പതിവിൽ കൂടുതൽ സന്തോഷത്തിലാണല്ലോ….? എന്നാ പറ്റി ചെക്കാ..? അവർ തിരിഞ്ഞു നോക്കാതെ തന്നെ മകനോട് ചോദിച്ചു.

അതേലോ ഞാനിന്ന് ഒത്തിരി സന്തോഷത്തിലാണ്, ഏറെ നാളായിട്ട് തേടിക്കൊണ്ടിരുന്ന ആൾ ഇന്ന് എന്റെ കണ്മുൻപിൽ വന്നുപെട്ടു.

സത്യമാണോ മോനെ അവളെ നീ കണ്ടോ….? അവർ അവനു നേരെ തിരിഞ്ഞു കൊണ്ട് ആകാംക്ഷയോടെ ചോദിച്ചു.
അവൻ അതെ എന്ന അർത്ഥത്തിൽ ചിരിച്ചുകൊണ്ട് തലയാട്ടി.

എന്നിട്ടെന്റെ മോൻ മോളോട് ഇഷ്ടമാണെന്ന് പറഞ്ഞോ..?

എന്റെ പൊന്നമ്മച്ചി ഇത് അമ്മച്ചിയുടെ കാലഘട്ടമല്ല കണ്ട ഉടനെ ഇഷ്ടമാണെന്ന് പറയാനും അപ്പോൾ തന്നെ മിഴികൾ പിടിപ്പിച്ചു ഇഷ്ടമാണ് ചേട്ടാ എന്ന് പറയാനും.
ആദ്യം അവളുടെ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടാക്കിയെടുക്കണം, വേറെ ആരോടെങ്കിലും ഇഷ്ടം ഉണ്ടോ എന്ന് അറിയണം, അതിനെല്ലാമുപരി മറ്റൊരു മതക്കാരനെ പ്രണയിക്കുമോ എന്ന സംശയവും എനിക്കുണ്ട് അവൻ ആശങ്കയോടെ അമ്മച്ചിയോട് പറഞ്ഞു.

അതൊന്നും ഓർത്തു എന്റെ മോൻ വിഷമിക്കേണ്ട നിന്റെ സ്നേഹം മനസ്സിലാക്കിയാൽ ആ കുട്ടി ഒരിക്കലും നിന്നോട് നോ പറയില്ല അവർ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

നോക്കാം നമുക്ക് അതുവരെ എന്റെ പൊന്നമ്മച്ചി ഞാൻ അവളെ കണ്ടെത്തിയ വിവരം ആരോടും പറയരുത്, പ്രത്യേകിച്ച് അശ്വിനോട്‌ അവന്റെ മുൻപിൽ ഒന്നും ഒളിക്കാൻ അമ്മച്ചിക്ക് ആവില്ല എന്ന് എനിക്ക് നന്നായി അറിയാം പക്ഷേ എനിക്കുവേണ്ടി ഇത് ആരോടും പറയരുത്. അവൻ ഒരു അഭ്യർത്ഥന പോലെ അമ്മച്ചിയുടെ കരം പിടിച്ചു പറഞ്ഞു.

പേടിക്കേണ്ട ഞാൻ പറഞ്ഞിട്ട് ഈ കാര്യം ആരും അറിയില്ല, വേഗം എന്റെ മരുമകളോട് പോയി കാര്യം പറ. അവർ അവന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ഓക്കേ അമ്മച്ചി ഇപ്പോൾ ഞാൻ കുളിച്ചു വരാം എന്നും പറഞ്ഞു അവൻ ചിരിച്ചുകൊണ്ടു റൂമിലേക്ക് പോയി.

ഒരു പുഞ്ചിരിയാലെ തന്റെ മോൻ പോകുന്നതും നോക്കി അവർ അവിടെ നിന്നു.
***********************************

ചേച്ചിയെ ഹോസ്റ്റലിൽ ആക്കി അച്ഛനും ശിവയും തിരികെവരുമ്പോൾ രാത്രി ഏറെ ഇരുട്ടിയിരുന്നു.

ടൗണിൽ എത്തിയപ്പോൾ അവർ ഒരു ഓട്ടോ എടുത്താണ് വീട്ടിലേക്ക് പോയത്.

പോകുന്ന വഴിയിൽ ഒരു ലോറിയിൽ നിന്ന് ചാക്ക് കെട്ടുകൾ തലയിൽ ചുമന്നു കൊണ്ടു പോകുന്ന ഒരു പറ്റം തൊഴിലാളി കണ്ടു.

നേരം ഏറെ ഇരുട്ടിയ സമയത്തും തങ്ങളുടെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അവരെ ശിവ വേദനയോടെ നോക്കി.

അവർക്കിടയിൽ തനിക്ക് പരിചയമുള്ള മുഖം കണ്ടതും അവളൊന്നു ഞെട്ടി.

ഒരു ചാക്ക് തലയിലേറ്റി തിരിഞ്ഞ അയാളുടെ മുഖം കണ്ടതും ശിവയുടെ ഉള്ളൊന്നു പിടഞ്ഞു.

അശ്വിൻ… സഖാവ് അശ്വിൻ രാഘവ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവനെ തന്നെ നോക്കി.

വീട്ടിലെത്തുന്നത് വരെയും അവന്റെ ആ മുഖം തന്നെ ആയിരുന്നു മനസ്സിൽ.

പാവം, രാത്രി ഒരു വിശ്രമമില്ലാതെ ജോലിചെയ്തിട്ടും എത്ര ഉത്സാഹത്തോടെ ആണ് അയാൾ കോളേജിൽ എല്ലാവർക്കും ഇടയിൽ ഓടി നടക്കുന്നത്.

സഖാവിന്റെ മുഖം ഓർത്ത് അവൾ ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ തന്നെ ഏതോ സ്വപ്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ കഴിവുള്ളതായിരുന്നു ആ മുഖം എന്ന് അവൾ പതിയെ തിരിച്ചറിയുകയായിരുന്നു.

&&&&&&&&&&&&

രാവിലെ നേരത്തെ എണീറ്റ് കുളിച്ചു പൂജാമുറിയിൽ കയറി വിളക്കുകൊളുത്തി മനോഹരമായ കീർത്തനം ചൊല്ലുകയാണ് ശിവ.

ആ നാദ മാധുര്യത്തിൽ ആ വീടും പരിസരവും ഇഴുകിച്ചേർന്നു.

പ്രഭാത കർമ്മങ്ങൾ എല്ലാം വളരെ ധൃതിപ്പെട്ടു ചെയ്തു അവൾ കോളേജിലേക്ക് പോകാൻ റെഡിയായി.

അച്ഛനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ കവിളിൽ ഒരു ഉമ്മ കൊടുക്കാനും അവൾ മറന്നില്ല.
ചേച്ചി ഇല്ലാത്തതുകൊണ്ട് തന്നെ വീട്ടിലെ അധിക ജോലിയും അവൾക്ക് ചെയ്യേണ്ടിവന്നു.

ഓടി ബസ്റ്റോപ്പിൽ എത്തുമ്പോഴേക്കും സ്ഥിരം പോകുന്ന ബസ് പോയിക്കഴിഞ്ഞിരുന്നു.

പിന്നെ കുറച്ച് സമയം അവിടെ നിൽക്കേണ്ടി വന്നു.

അടുത്ത ബസ് വന്ന് കോളേജിലെത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു.

ഇന്ന് കോളേജിലേക്ക് പോകുമ്പോൾ എന്നും ഉണ്ടാകുന്ന പേടി തനിക്കില്ല എന്ന് അവൾ ഓർത്തു.

കോളേജിലെ മൂന്ന് ദിവസവും ഉണ്ടായ സംഭവങ്ങൾ ഓരോന്നും ഓർത്ത് അവൾ കോളേജിലെ കവാടം കടന്ന് അകത്തേക്ക് ചെന്നതും ഒരാൾ അവളുടെ കാലിന് അടുത്തേക്ക് വീണു.
പെട്ടെന്നൊരാൾ മുൻപിലേക്ക് വീണതും അവൾ പേടിച്ച് പുറകോട്ട് മാറി.

തന്റെ കാലിനടുത്തു കിടക്കുന്ന ആളെ നോക്കിയപ്പോൾ അയാളുടെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ട്.

അവൾ ഭീതിയോടെ ചുറ്റും നോക്കിയപ്പോൾ കട്ട കലിപ്പിൽ ഹോക്കി സ്റ്റിക്കുമായി നിൽക്കുന്ന അച്ചായനെയാണ് ആദ്യം കണ്ടത്.
തൊട്ടു പുറകിലായി അശ്വിനും കാർത്തിയും ശ്യാമും ഉണ്ട്. അവരുടെ കയ്യിലും ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും ഒക്കെ ഉണ്ട്.

സംഭവിക്കുന്നത് എന്താണെന്നറിയാതെ അവൾ പകച്ചുനിന്നു. ചുറ്റിലുമുള്ളവരിലേക്ക് അവൾ ഒന്ന് കണ്ണോടിച്ചു.

അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് പേരുണ്ട്, എല്ലാവരും തമ്മിൽ പൊരിഞ്ഞ അടിയാണ്. കൂട്ടത്തിൽ പാണ്ഡവാസ് മാത്രമില്ല. അടി നടക്കുന്നിടത്ത് ഒരുപാട് പേർ തടിച്ചു കൂടിയിട്ടുണ്ട്.

അവളെ കണ്ടതും പാത്തു അവളുടെ അടുത്തേക്ക് ഓടി വന്നു.

എന്തോ പാർട്ടി വഴക്കാണ് എന്താ പ്രശ്നം എന്നൊന്നും അറിയില്ല സംഭവം ഗുരുതരമാണ്.
അവൾ ശിവയോട് പറഞ്ഞു.

ശിവ എല്ലാവരിലേക്കും തന്റെ ദൃഷ്ടി പതിപ്പിച്ചു, എല്ലാരുടെയും മുഖത്തും ദേഷ്യം നന്നായി പ്രകടമായിട്ടുണ്ട്.

ആ സമയത്താണ് ഷാഹുൽ സാർ അവരുടെ ഇടയിലേക്ക് കയറി വന്നത്. സാർ എത്ര പറഞ്ഞിട്ടും അവരാരും അനുസരിക്കുന്നില്ല.

അവസാനം അശ്വിനെ പിടിച്ചുമാറ്റി കൊണ്ട് സാർ ഉറക്കെ പറഞ്ഞു.

നിർത്താൻ….. നിർത്താനല്ലേ നിങ്ങളോട് പറഞ്ഞത്…? നിങ്ങൾക്ക് തോന്നിയത് പോലെ അടി ഉണ്ടാക്കാൻ ഇത് ചന്തയല്ല വിത്ത് ഇൻ സെക്കൻഡ് നിങ്ങളെല്ലാവരും പ്രിൻസിപ്പാളിന്റെ റൂമിൽ എത്തണം ബാക്കി നടപടികൾ നമുക്ക് അവിടെ വച്ച് തീരുമാനിക്കാം….. അയാൾ ദേഷ്യത്തോടെ അവരോടെല്ലാം പറഞ്ഞു അവിടെ നിന്നും പോയി.

അവരെല്ലാവരും സാറിന്റെ പിന്നാലെ പ്രിൻസിപ്പാളിന്റെ റൂം ലക്ഷ്യമാക്കി നീങ്ങി..

ബാക്കിയെല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്കും പോയി.

സസ്പെൻഷൻ കിട്ടുമോ..? പാത്തു തന്റെ ടെൻഷൻ ശിവ യുമായി പങ്കുവെച്ചു.

അറിയില്ല ഇവിടെ നിന്നിട്ട് എന്തായാലും കാര്യമില്ല വാ നമുക്ക് ക്ലാസ്സിലേക്കു പോവാം അതാ നല്ലത് ശിവ അതും പറഞ്ഞ് പാത്തുവിനെ യും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.

***********************************

പ്രിൻസിപ്പാളിന്റെ റൂമിൽ തലതാഴ്ത്തി കുറ്റവാളികളെപ്പോലെ നിൽക്കുകയാണ് അശ്വിനും കൂട്ടരും ഒരു ഭാഗത്തും മറ്റേ ഭാഗത്ത് എതിർ പാർട്ടിക്കാരും.

എന്താ നിങ്ങളുടെ ഉദ്ദേശം പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം പാർട്ടി പ്രവർത്തനവുമായി നടക്കാൻ ആണെങ്കിൽ ഇങ്ങോട്ട് വരണ്ട പ്രിൻസിപ്പാൾ സക്കറിയ ജോർജ് ദേഷ്യത്തിൽ പറഞ്ഞു.

ഈ അടിപിടി കേസ് ഒരുപാടായി നിങ്ങൾക്കെതിരെ വരുന്നുണ്ട് ഇനി ഇതുപോലെ വല്ല കംപ്ലൈന്റ്‌സും വന്നാൽ ക്ഷമിക്കാൻ ഞങ്ങൾക്കാവില്ല തക്കതായ ശിക്ഷ തന്നെ ലഭിക്കും. അദ്ദേഹം ഇരു കൂട്ടരോടുമായി പറഞ്ഞു.

ക്ഷമിക്കണം സാർ പാർട്ടിയെ അപകീർത്തിപ്പെടുത്തുക യോ പാർട്ടിക്കെതിരെ എന്തെങ്കിലും മോശമായ പ്രവർത്തികൾ ചെയ്യുകയോ ചെയ്താൽ ഇനിയും ഞങ്ങൾ കേറി ഇടപെടും അതിന്റെ പേരിൽ എന്ത് നടപടി എടുത്താലും ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും അശ്വിന്റെ വാക്കുകളും ഉറച്ചതായിരുന്നു.

ഒരു വാക്ക് തർക്കത്തിന് വിളിച്ചതല്ല നിങ്ങളെ പാർട്ടിക്കുവേണ്ടി ജീവനും ജീവിതവും കളയുമ്പോൾ നഷ്ടപ്പെട്ട് പോകുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആണ് അത് ഓർത്താൽ നന്നു ഷാഹുൽ സാർ ഇടക്ക് കേറി പറഞ്ഞു.

സാറിനെതിരെ അവർ ആരും ഒന്നും പറയില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ അദ്ദേഹം ഇരുകൂട്ടരേയും അനുനയിപ്പിക്കാൻ ശ്രമിച്ചു.

മേലിൽ ഇത് ആവർത്തിക്കരുത് എന്ന് ഒരു താക്കീതോടുകൂടി അവരെ ക്ലാസ്സുകളിലേക്ക് പറഞ്ഞുവിട്ടു.

അശ്വിൻ താനൊന്ന് അവിടെനിന്നെ ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയ അവരുടെ അടുത്തേക്ക് ശാഹുൽ സാർ ഒരു പുഞ്ചിരിയോടെ ചെന്നു.

ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി…? അയാൾ അവരോടായി ചോദിച്ചു.

അതിനൊരു സമയം കിട്ടണ്ടേ ഞങ്ങളെ ഏൽപ്പിച്ച കാര്യം ഞങ്ങൾ ഭംഗിയായി ചെയ്തിരിക്കും സാർ അതോർത്തു ടെൻഷൻ ആവേണ്ട.
ഇത്രയ്ക്ക് ദൃതി വെക്കേണ്ട കാര്യമൊന്നുമില്ല അശ്വിൻ ഒരു കള്ളച്ചിരിയോടെ സാറിനോട് പറഞ്ഞു.

ഷാഹുൽ സാറിന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.

കുറച്ചുനേരം സംസാരിച്ചു അവർ ക്ലാസിലേക്ക് പോയി.

*********************************

എന്തായി കാണും സസ്പെൻഷൻ കിട്ടി കാണുമോ…? ക്ലാസ്സിൽ എത്തിയിട്ടും പാത്തു ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.

ശിവയുടെ മുഖത്തും ടെൻഷൻ ഉണ്ട്, അങ്ങനെയൊന്നും വരരുത് എന്ന് അവളും ആഗ്രഹിക്കുന്നുണ്ട്.

ആ സമയത്താണ് ഷാഹുൽ സാർ ക്ലാസ്സിലേക്ക് വന്നത്.

അദ്ദേഹം കലിപ്പിൽ ആണെന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നുണ്ട്.
ആ കലിപ്പിൽ തന്നെയായിരുന്നു ക്ലാസ്സ് എടുത്തത്.

പോയെടീ എല്ലാം പോയി അങ്ങേരെ കണ്ടാലറിയാം നമ്മുടെ ടീമിന് അങ്ങേര് സസ്പെൻഷൻ ഒപ്പിച്ചു കൊടുത്തെന്ന് പാത്തു നിരാശയോടെ പറഞ്ഞു.

അതൊന്നും ഉണ്ടാകില്ല നീ ടെൻഷൻ ആവാതിരിക്ക്. ശിവ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

ക്ലാസ്സ് എടുക്കുന്നതൊന്നും ശ്രദ്ധിക്കാൻ അവർക്ക് രണ്ടുപേർക്കും കഴിയുന്നുണ്ടായിരുന്നില്ല.

ഷാഹുൽ സാർ ക്ലാസ്സിൽ നിന്ന് പോയതും പാത്തു ഇപ്പൊ വരാമെന്നും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.

അവരെ കണ്ടു കാര്യങ്ങൾ അറിയുന്നത് വരെ അവൾക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.

കാര്യങ്ങൾ എല്ലാം ഒത്തുതീർപ്പിൽ എത്തിയെന്ന് കേട്ടതും അവൾക്ക് സമാധാനമായി.

അന്ന് കോളേജ് വിടുന്നത് വരെ
പാത്തും ശിവയും ക്ലാസ്സിൽ തന്നെയായിരുന്നു.

കോളേജിൽനിന്ന് ഇറങ്ങുമ്പോഴും സഖാവിനെയും കൂട്ടരെയും ആ പരിസരത്തൊന്നും കാണാത്തത് രണ്ടുപേരിലും നിരാശയുണ്ടാക്കി.

നിങ്ങൾ ഇതുവരെ ഉറങ്ങിയില്ലേ…?
എന്ന് ചോദിച്ചു അശ്വിന്റെ അമ്മ അകത്തേക്ക് വന്നപ്പോഴാണ് മായിക ലോകത്തിലെന്നപോലെ ചേച്ചിയുടെ കഥയും ആസ്വദിച്ചിരുന്ന അശ്വിനി സ്വബോധത്തിലേക്ക് വന്നത്. ചേച്ചിയുടെ കഥയിലൂടെ ആ കോളേജിൽ തന്നെ ആയിരുന്നു അവളും..

അമ്മയെ കണ്ടതും ശിവ കട്ടിലിൽ നിന്നും എഴുന്നേറ്റു.

മോൾ എന്താ ഇതുവരെ ഉറങ്ങാത്തത് സ്ഥലം മാറി കിടന്നത് കൊണ്ടാണോ ഉറക്കം വരാത്തത്…? അവർ അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് ചോദിച്ചു.

അതൊന്നുമല്ല അമ്മേ ഞങ്ങൾ ഓരോ പഴയ കഥകളും പറഞ്ഞ് ഇരിക്കുകയായിരുന്നു അതാണ് ഉറക്കം വരാത്തത് അവരുടെ ചോദ്യത്തിന് അശ്വിനി ആണ് മറുപടി പറഞ്ഞത്.

നാട്ടുവർത്താനവുമായി നിനക്ക് രാവ് പകൽ ആക്കിയാലും ഒരു പ്രശ്നവുമില്ല എന്നാൽ മോളെ കാര്യം അതല്ല, നേരം വെളുത്താൽ ഓരോരോ തിരക്കുകളാണ്. അതുകൊണ്ട് ഇവളുടെ വർത്താനം കേട്ടിട്ട് മോൾ ഇരിക്കേണ്ട മോള് കിടന്നുറങ്ങിക്കോ…? അവർ സ്നേഹത്തോടെ ശിവയോട് പറഞ്ഞു.

ശിവയും അശ്വിനിയും കിടക്കുന്നതും നോക്കി അവർ കുറച്ചു സമയം അവിടെ തന്നെ നിന്നു.

*********************************

രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു റൂമിലേക്ക് വന്നപ്പോഴാണ് തന്റെ ഫോൺ റിംഗ് ചെയ്യുന്നത് ശിവ കേൾക്കുന്നത്.

ഫോൺ എടുത്തു ഡിസ്പ്ലേയിൽ അച്ചായന്റെ പേര് തെളിഞ്ഞതും അവൾ ഒന്ന് സംശയത്തോടെ നിന്നു.

ഹലോ ശിവ റെഡിയായി നിന്നോ ഞാൻ വരാം നിന്നെ കൊണ്ടുപോകാൻ, ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ട് ഫോൺ ചെവിയോടു വച്ചപ്പോൾ തന്നെ അച്ചായന്റെ സ്വരം ഒഴുകി വന്നു.

ശബ്ദത്തിൽ എന്തോ ഒരു ടെൻഷൻ ഉള്ളതുപോലെ അവൾക്ക് തോന്നി.

ഞാൻ അങ്ങോട്ട് വരികയാണ് റെഡി ആയിക്കോ എന്നും പറഞ്ഞു അച്ചായൻ ഫോൺ കട്ട് ചെയ്തു.

എന്താവും അച്ചായൻ ഇത്ര ടെൻഷനിൽ എന്നാലോചിച്ചപ്പോൾ അവളുടെയുള്ളിലും അകാരണമായ ഒരു ഭയം കടന്നു കൂടി.

&&&&&&&&&&&&&&

രാവിലെ പ്രാതൽ കഴിച്ചപ്പോഴും അവളുടെ മുഖത്ത്
നല്ല ടെൻഷനുണ്ടായിരുന്നു.
എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റ് റെഡി ആവാൻ പോയി.

അവൾ പോകുന്നതുകൊണ്ട് അശ്വിനി യുടെ മുഖത്തും അനാമികയുടെ മുഖത്തും നല്ല സങ്കടം നിഴലിച്ചു കാണാനുണ്ട്.

അമ്മയ്ക്കും അവൾ പോകുന്നത് സങ്കടം തന്നെയാണ്.

റെഡിയായി അവൾ ഒരു പുഞ്ചിരിയോടെ അവർക്കരികിലേക്ക് വന്നു.
കൈയ്യിൽ തലേദിവസം ഉടുത്ത സാരിയും ഉണ്ട്.

ഇത് ഞാനെടുത്തോട്ടെ അമ്മേ..
അവൾ ആ സാരി യിലേക്ക് നോക്കി അമ്മയോട് ചോദിച്ചു.

ഇതു മോൾക്ക് എന്റെ മോൻ വാങ്ങിയ പിറന്നാൾ സമ്മാനമാണ്.
അത് മോൾക്ക് തരാനുള്ള ഭാഗ്യം അവനുണ്ടായില്ല. ഇത് മോൾക്ക് ഉള്ളതാണ് അതെടുക്കാൻ എന്നോട് ചോദിക്കേണ്ട ആവശ്യമില്ല മോളെ… അവർ അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അവൾ ഒരു പുഞ്ചിരിയാലെ ആ അമ്മയെ ചേർത്തുപിടിച്ചു.

അപ്പോഴേക്കും അവരുടെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു.
അവർ അവളെ ചേർത്തു പിടിച്ചു മൂർദ്ധാവിൽ ഒന്നു ചുംബിച്ചു.

എനിക്കു ഭാഗ്യമില്ലാതായിപ്പോയി മോളെ… നിന്റെ കയ്യിൽ ഒരു നിലവിളക്ക് തന്നു എന്റെ അച്ചുവിന്റെ കരം പിടിച്ച് വലതുകാൽ വെച്ച് നീ എന്റെ മരുമകളായി ഇവിടെ വന്നു കയറുന്നത് കാണാനുള്ള ഭാഗ്യം പോലും ഇല്ലാതായിപ്പോയി..
അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു.

അശ്വിനി ക്കും അനാമിക ക്കും കരച്ചിൽ പിടിച്ചു നിർത്താനായില്ല.
അവരും തേങ്ങി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

നാലുപേരും അതു വരെ പിടിച്ചു നിർത്തിയ സങ്കടങ്ങളെല്ലാം അണപൊട്ടി ഒഴുകി.

കുറച്ചു സമയം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.

മോളോട് ഒരു കാര്യം അമ്മ പറയട്ടെ… ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അമ്മ സംസാരിച്ചു തുടങ്ങി.

അച്ചു, ശ്യാം, കാർത്തിക് അച്ചായൻ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. നാലുപേരും തമ്മിലുള്ള സ്നേഹം അതാർക്കും പറഞ്ഞറിയിക്കാൻ പോലും പറ്റില്ലായിരുന്നു. മൂന്നാളും അച്ചുവിനു പ്രിയപ്പെട്ടതായിരുന്നുവെങ്കിലും അവനു ഒന്നുകൂടി പ്രിയപ്പെട്ടത് അച്ചായനെ ആയിരുന്നു. അച്ചായനും അങ്ങനെ തന്നെ ആയിരുന്നു. അതുകൊണ്ടാണല്ലോ അവൻ ഏറെ സ്നേഹിച്ച അവന്റെ പെണ്ണിനെ എന്റെ മോന് വിട്ടുകൊടുത്തത്. ഒരിക്കലും അച്ചു ഇതറിയുകയാണെങ്കിൽ അവൻ സമ്മതിക്കുമായിരുന്നില്ല. മറ്റാരെക്കാളും പ്രിയപ്പെട്ടത് അവന് അവന്റെ കൂട്ടുകാരൻ തന്നെ ആണ്.

ഇന്ന് അവനില്ല മോള് അവന്റെ ഓർമ്മകളിൽ ജീവിതം നശിപ്പിക്കുന്നത് എന്റെ മോനു ഒരിക്കലും സഹിക്കില്ല മോളെ…
അതിലേറെ പ്രിയപ്പെട്ടവനായ അവന്റെ കൂട്ടുകാരന്റെ അവസ്ഥയും അവനു വേദന തന്നെയാവും നൽകുക. എന്റെ പൊന്നു മോളു അമ്മ പറയുന്നത് കേൾക്കണം അവനും എന്റെ മോൻ തന്നെയാണ്, അവന്റെ ഭാര്യയായിട്ടെങ്കിലും എന്റെ മോളെ എനിക്ക് ഒന്ന് കാണണം.. നീ സുമംഗലിയായി കണ്ടിട്ട് വേണം ഈ അമ്മയ്ക്ക് കണ്ണടക്കാൻ…
എന്റെ മോള് അവനെ സ്വീകരിക്കണം നിനക്ക് ചുറ്റുമുള്ളവരുടെ വലിയ ഒരാഗ്രഹമാണിത്.. എന്റെ മോൾ ഇനി ആരെയും വിഷമിപ്പിക്കരുത് ഇത് ഈ അമ്മയുടെ അപേക്ഷയാണ്.

അവർ യാചനയോടെ അവളുടെ മുഖത്തേക്ക് നോക്കി.

അമ്മ പോലും എന്നോട് ഇങ്ങനെ ആണോ അമ്മേ സംസാരിക്കുന്നത്.. അവളൊരു വിതുമ്പലോടെ പറഞ്ഞു നിർത്തി.

ആരും എന്റെ ഭാഗം ചിന്തിക്കുന്നില്ല ല്ലോ…? ഒന്നിനു പകരം മറ്റൊന്ന് സ്വീകരിക്കാൻ എനിക്ക് കഴിയില്ല അമ്മേ..
എന്റെ അച്ചുവേട്ടനെ അങ്ങനെയൊന്നും മറന്നുകളയാൻ എനിക്ക് സാധിക്കില്ല എന്ന് എല്ലാവർക്കുമറിയാം… എന്നിട്ടും എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടല്ലോ….? ഇച്ചായൻ അച്ചുവേട്ടനു പകരമാവില്ല….
ഇച്ചായനോട്‌ എനിക്കൊരു ഇഷ്ട കുറവുമില്ല. പക്ഷേ അത് നിങ്ങളൊക്കെ വിചാരിക്കുന്നതുപോലെ ഒരു ഇഷ്ടമല്ല. അങ്ങനെ കാണാൻ എനിക്ക് ഈ ജന്മത്തിൽ സാധിക്കുകയുമില്ല.

എന്റെ പ്രണയം എന്നും *സഖാവ്* അശ്വിൻ രാഗവിനോടായിരുന്നു അന്നും ഇന്നും എന്നും…. ആ പ്രണയമില്ലാതെയാകുന്ന അന്ന് ഒരു കാര്യം ഉറപ്പിച്ചോളൂ ഈ ശിവ മരണപ്പെട്ടു എന്ന്.

, എനിക്ക് കഴിയില്ലമ്മേ എന്റെ അച്ചുവേട്ടനെ അല്ലാതെ വേറൊരാളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ.
ജീവിതത്തിൽ ഞാൻ അത്രയേറെ ഇഷ്ടപ്പെട്ട വേറൊന്നുമില്ല.
എന്റെ അച്ചുവേട്ടനോളം പ്രിയപ്പെട്ടതോന്നും ഇന്നുവരെ എനിക്ക് ഉണ്ടായിട്ടുമില്ല.
അത്രമാത്രം സ്നേഹിച്ചതല്ലേ ഞാൻ… എന്റെ ജീവനും ജീവിതവും ഏട്ടൻ ആയിരുന്നില്ലേ..? ഒരുമിച്ചുള്ള എത്ര സ്വപ്നങ്ങളായിരുന്നു ഞങ്ങൾ കണ്ടത്… ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു എന്റെ അച്ചുവേട്ടന് തട്ടിത്തെറിപ്പിച്ചില്ലേ എല്ലാം… എന്റെ കയ്യിൽ നിന്ന് എന്റെ ജീവനെയും പറിച്ചെടുത്തു ദൈവങ്ങൾ എന്നോട് വീണ്ടും ക്രൂരത കാട്ടിയില്ലേ..? ഓപ്പോള് പറയുന്നത് ശരിയാണ് ഭാഗ്യം കെട്ടവളാണ് ഞാൻ, ദോഷം ജാതക കാരി അതുകൊണ്ടല്ലേ എനിക്കെന്റെ അച്ചുവേട്ടനെ നഷ്ടപ്പെട്ടത്.. ഒരിക്കലും ആർക്കും എന്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകില്ല, പ്രാണൻ പിടയുന്ന വേദനയുണ്ട് എന്റെ അച്ചുവേട്ടൻ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കാൻ, മരണത്തെ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഇല്ല, ഞാൻ കൂടി ഇല്ലാതായാൽ എന്റെ അച്ഛനു പിന്നെ ആരാണുള്ളത് എന്ന ചിന്ത ഉള്ളതുകൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന ഒരു ശരീരം മാത്രമാണിന്നു ശിവ….. ഞാനിവിടെ ജീവിച്ചോട്ടെ അമ്മേ എന്റെ അച്ചുവേട്ടന്റെ ഓർമ്മകളിൽ ഞാൻ ജീവിച്ചോട്ടെ… അതല്ലാതെ എനിക്കൊന്നും വേണ്ട, ആ ഓർമ്മകൾ മാത്രം മതി എന്റെ ജീവിതത്തിൽ വേറെ ഒന്നിനും എന്നെ ആരും നിർബന്ധിക്കരുത് അവൾ കരഞ്ഞു കൊണ്ട് അമ്മയുടെ കാലിലേക്ക് വീണു.

ഒരു നിമിഷം എല്ലാവരും അവളുടെ സങ്കടത്തിൽ നെഞ്ചു പൊട്ടി കരഞ്ഞു പോയി.

നിറഞ്ഞ മിഴികളോടെ ആ അമ്മ അവളെ ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു.

ഇതെല്ലാം നോക്കിക്കൊണ്ട് പുറത്ത് നിൽക്കുകയാണ് അച്ചായൻ.

ശിവയുടെ ഓരോ വാക്കുകളും തുളഞ്ഞു കേറുന്നത് തന്റെ ഹൃദയത്തിലേക്കാണെന്ന് അവൻ വേദനയോടെ ഓർത്തു.

അവൻ അവിടെ നിന്നും തന്റെ പ്രിയ സുഹൃത്ത് അന്ത്യ വിശ്രമം കൊള്ളുന്നിടത്തേക്ക് പോയി.

ഒരുപാട് നേരം അവിടെ മൗനമായി നിന്നു. ആ മൗനം അവർക്ക് രണ്ടാൾക്കും ഇടയിൽ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.
അച്ചുവിനോളം അവനെ മനസ്സിലാക്കിയ വേറൊരാൾ ഉണ്ടായിരുന്നില്ല.

അവൻ നിശബ്ദമായി തന്റെ കൂട്ടുകാരന്റെ അസ്ഥിത്തറ യിലേക്ക് നോക്കിക്കൊണ്ടിരുന്നു.
ഒരു കടലോളം ദുഃഖം ഉള്ളിലുണ്ട് പക്ഷേ ഇന്നുവരെ താൻ ആരെയും അതൊന്നും അറിയിച്ചിട്ടില്ല. വിധി എന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നുന്നു. സ്വന്തമാക്കുന്നതിലെ പ്രണയത്തേക്കാൾ വലുതല്ലേ വിട്ടു കൊടുക്കുന്ന പ്രണയം…. അതിന്നു ഞാൻ എന്റെ ജീവിതത്തിലൂടെ തെളിയിച്ചു.
ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും എന്റെ മനസ്സ് എന്താ അവളെ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നത്… ഒരു നിമിഷംപോലും അവളെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസവും എന്നിലൂടെ കടന്നു പോയിട്ടില്ല.
പ്രണയത്തിന് ഇത്രമാത്രം നോവുണ്ട് എന്ന് ഞാൻ എന്റെ ജീവിതത്തിലൂടെ പഠിച്ചു.

ചേട്ടായി ഇവിടെ വന്നു നിൽക്കുകയാണോ…..? പുറകിൽ നിന്നുള്ള അനുവിന്റെ ( അനാമിക)ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
നിറഞ്ഞു വന്ന മിഴികൾ അവൻ അവൾ കാണാതെ തുടച്ചു.

അവൾക്കൊപ്പം അകത്തേക്ക് ചെല്ലുമ്പോൾ ശിവ അവരോടൊക്കെ യാത്ര പറഞ്ഞു ഇറങ്ങാൻ ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു.

അശ്വിനിയേയും അനാമികയെയും ചേർത്ത് പിടിച്ച് ചുംബിച്ചു.

എനിക്കൊരു ആഗ്രഹമുണ്ട് എന്റെ അനിയത്തി കുട്ടികൾ അതൊന്ന് സാധിച്ചു തരുമോ…? അവൾ ഒരു അപേക്ഷയോടെ അവരോട് ചോദിച്ചു.

അവർ എന്താ എന്നർത്ഥത്തിൽ അവളെ ഒന്നു നോക്കി.

നിങ്ങൾ രണ്ടുപേരും എന്നെ ഒന്ന് ഏട്ടത്തിയമ്മ എന്നൊന്ന് വിളിക്കാമോ…? അവൾ ഇടറുന്ന ശബ്ദത്തോടെ അവരെ നോക്കി ചോദിച്ചു.

ഏട്ടത്തി അമ്മ തന്നെയാണ് എന്നും ഞങ്ങളുടെ സ്വന്തം ഏട്ടത്തിയമ്മയാണ് ഏട്ടനെ ഇല്ലാതായിട്ടുള്ളു ഞങ്ങൾക്ക് ഞങ്ങളുടെ ഏടത്തി അമ്മ ഇല്ലേ അശ്വിനി അതും പറഞ്ഞു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അനുവും ഏട്ടത്തിയമ്മ എന്ന് വിളിച്ച് കരഞ്ഞുകൊണ്ട് അവളെ ഇറുകെ പുണർന്നു.

ആ രംഗം കണ്ടു നിൽക്കാനാവാതെ അച്ചായൻ താഴേക്കിറങ്ങി.

അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ടത് അവളെ വീണ്ടും നോവിക്കാൻ തുടങ്ങി.

അവൾ നേരെ പോയത് അശ്വിൻ ഉറങ്ങുന്ന സ്ഥലത്തേക്കാണ്.

എന്തുകൊണ്ടോ അവൾക്ക് അവളുടെ കണ്ണുനീരിനെ നിയന്ത്രിക്കാനായില്ല. അവൾ മണ്ണിൽ ഇരുന്നുകൊണ്ട് ഒരുപാട് നേരം തേങ്ങിക്കരഞ്ഞു.
എനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടില്ലല്ലോ ഈശ്വരാ…

എന്തിനു നീ എന്റെ സ്വപ്നങ്ങളെ തട്ടിയെടുത്തു, ഞാൻ ഒന്നും നിന്നോട് ആവശ്യപ്പെട്ടിട്ടില്ല ല്ലോ…? എന്റെ ജീവിനെ നീ കൊണ്ടു പോയില്ലേ…? ഒരുപാട് സ്വപ്നങ്ങൾ ബാക്കിവെച്ച് ഇന്ന് എന്റെ ജീവൻ ഇവിടെ കിടന്നുറങ്ങുകയാണ്….
ഒരിക്കലും ഉണരാത്ത ഉറക്കം.. അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

എന്താ മോളെ ഇത് നീ അവനെ കൂടി വിഷമിപ്പിക്കല്ലേ…? അശ്വിന്റെ അമ്മ വന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.

ജീവിതത്തിൽ ഒരു സുഖവും അനുഭവിച്ചിട്ടില്ല എന്റെ കുഞ്ഞ് മരിച്ചതിനു ശേഷവും അവന് ഈ ഗതി തന്നെയാണോ ഈശ്വരാ അവർ വേദനയോടെ പറഞ്ഞു.

ഇല്ല അമ്മേ എന്റെ അച്ചുവേട്ടനെ ഞാൻ ഒരിക്കലുംവിഷമിപ്പിക്കുകയില്ല ഇവിടെ നിന്ന് ഇനി ഞാൻ കരയില്ല, അവൾ ധൃതിപ്പെട്ട് തന്റെ മുഖം തുടച്ചു കൊണ്ട് പറഞ്ഞു.

, എന്റെ കുഞ്ഞുങ്ങളുടെ ഈ സന്തോഷം ഇല്ലാതാക്കിയത് ആരായാലും അവരെ വെറുതെ വിടരുത് ഈശ്വരാ അമ്മ വേദനയോടെ പറഞ്ഞു.

ആരാണെങ്കിലും വെറുതെ വിടില്ല അമ്മേ.. ഇനി ഞാൻ ഇവിടേക്ക് വരുമ്പോൾ അച്ചുവേട്ടനെ ഇല്ലാതാക്കിയവർക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുത്തതിനു ശേഷം ആയിരിക്കും. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ദൃഢമായിരുന്നു.

അവരോടെല്ലാം യാത്ര പറഞ്ഞു ഇറങ്ങിയ ശിവ എന്തോ ഒന്ന് ഓർത്തിട്ടെന്നപോലെ വീണ്ടും അമ്മയ്ക്കരികിൽ ഓടിയെത്തി.

എന്റെ ഒരു ആഗ്രഹം കൂടി ഞാനൊന്ന് പറഞ്ഞോട്ടെ എന്റെ മരണം ഉറപ്പിച്ചാൽ എന്റെ അച്ചുവേട്ടന്റെ അരികിൽ തന്നെ എന്നെ അടക്കം ചെയ്യണേ ഇത് എന്റെ ഒരു അപേക്ഷയാണ് അവൾ അമ്മയുടെ കരം പിടിച്ചു അപേക്ഷയോടെ പറഞ്ഞു.

ഇങ്ങനെയൊക്കെ പറഞ്ഞാണോ പോകുന്നത് ഓരോന്ന് പറഞ്ഞു അമ്മയെ കൂടി വിഷമിപ്പിക്കല്ലേ എന്റെ മോള് അവൻ ഒരുപാട് നേരമായി കാത്തു നിൽക്കുന്നു അച്ചായനെ ചൂണ്ടി അമ്മ പറഞ്ഞു.

അവരോടൊക്കെ യാത്രപറഞ്ഞു അവൻ വണ്ടി വിട്ടത് നേരെ ബീച്ചിലേക്കാണ്.

അവൾ എന്താ ഇവിടെ എന്നർത്ഥത്തിൽ അവനെ നോക്കി.

ഇറങ്ങി വാ എന്നും പറഞ്ഞു അച്ചായൻ തിരകൾ തലോടുന്ന തീരം ലക്ഷ്യമാക്കി നീങ്ങി.

അവനു പിറകെ അവളും നടന്നുനീങ്ങി.

തിരകളെ നോക്കി നിൽക്കുന്നതല്ലാതെ അവൻ യാതൊന്നും പറയുന്നില്ല.

എന്തോ വല്ലാത്ത ഒരു വിഷമം അവന്റെ മുഖത്ത് നിഴലിച്ചു കാണാം.

എന്താ കാര്യം….? ഒരുപാടു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ ചോദിച്ചു.

അവളെ ഒന്നു നോക്കി പോക്കറ്റിൽ നിന്നും ഒരു എഴുത്ത് എടുത്ത് അവൾക്കുനേരെ നീട്ടി.

ഇത് ഇന്ന് എന്നെ തേടിയെത്തിയ ഒരു സന്ദേശമാണ്.
വീട്ടിലെ അഡ്രസിൽ ആണ് വന്നത് അത് അവൾക്കു നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു.

അവൾ സംശയത്തോടെ അത് വാങ്ങി തുറന്നു നോക്കി.

അതിലേക്ക് നോക്കിയ അവളുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു
അവൾ മുഖമുയർത്തി അച്ചായനെ ഒന്നു നോക്കി.

അവൻ അതെ എന്നർത്ഥത്തിൽ തലയാട്ടി.

തുടരും…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!