സഖാവ് 💓(a deep love stry)
📝Rafeenamujeeb
” അതിലെ വരികളിലേക്ക് നോക്കുമ്പോൾ അറിയാതെ അവളുടെ മിഴികളിൽ ഈറനണിഞ്ഞു.
അതേസമയംതന്നെ അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകുന്നുമുണ്ടായിരുന്നു.
“Mr. ആന്റ്റോ ആന്റണി ഐപിഎസ്….,
നിങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്ന വഴി തെറ്റാണ് അത് നിങ്ങളുടെ നാശത്തിലേക്ക് കൊണ്ടെത്തിക്കും.
കൂട്ടുകാരന്റെ ഘാതകനെ കണ്ടെത്താനുള്ള വെഗ്രത ഞങ്ങൾക്ക് മനസ്സിലാകും പക്ഷേ അത് നിങ്ങളുടെ നാശത്തിനാണ്.
ഞങ്ങളുടെ വഴിയിലേക്ക് നിങ്ങൾ വരാതിരിക്കുന്നതാണ് നല്ലത്.
വന്നാൽ പിന്നീട് വീട്ടിലിരിക്കുന്ന അമ്മച്ചിക്ക് മോന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും ഭാഗ്യം ഉണ്ടാകില്ല…
ഒരുത്തിക്ക് നിഴലായി നടക്കുന്നുണ്ടല്ലോ….? അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടാവില്ല… ഞങ്ങൾ തീർക്കാൻ ഉദ്ദേശിച്ചാൽ ശിവപാർവ്വതി ഐഎഎസ് പിന്നീട് ഒരു ഓർമ്മ മാത്രമായിരിക്കും.
അവൾ ഒരുങ്ങി കെട്ടി ഇറങ്ങിയിരിക്കുന്നു കാമുകന്റെ കൊലയാളിയെ കണ്ടെത്താൻ..
അത് വേണ്ട എന്ന് അവളോട് പറഞ്ഞേക്ക്… ഞങ്ങളുടെ അരികിലേക്ക് എത്താനുള്ള മോഹം വെറുതെയാണ്… എന്തിനും മടിക്കാത്ത വരാണ് ഞങ്ങൾ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിന്നാൽ എല്ലാത്തിനെയും ഞങ്ങൾ നശിപ്പിക്കും.
നിനക്ക് പ്രിയപ്പെട്ടവളെ തന്നെ ആയിരിക്കും ആദ്യം ഞങ്ങൾ വകവരുത്തുക…
ഓർക്കുന്നുണ്ടാവുമല്ലോ സഖാവ് അശ്വിൻ രാഘവിന്റെ മരണം ഇരട്ട ചങ്കുള്ള ആരെയും കൂസാത്ത ആ യോദ്ധാവിനെ സ്വന്തം കാമുകിയുടെ മുമ്പിലിട്ട് വെട്ടിനുറുക്കിയവനാണ് ഞാൻ..
അതിന് യാതൊരു മടിയും എനിക്ക് തോന്നിയിട്ടില്ല..
ഇനി നിന്റെ കാര്യത്തിലും അത് തന്നെയാണ് വേണ്ടതെങ്കിൽ അതും ഞാൻ ചെയ്യും
പക്ഷേ നിനക്ക് പ്രിയപ്പെട്ടവരെ ഓരോന്നായി ഇല്ലാതാക്കിയിട്ടേ നിന്റെ അടുത്തേക്ക് ഞാൻ എത്തുകയുള്ളൂ..
വെറുതെ എന്നിലേക്ക് നീ അടക്കേണ്ട…
അത് നിന്റെ മരണത്തിലേക്കുള്ള ദൈർഘ്യം കുറയ്ക്കുക യേ ചെയ്യൂ ഓർമ്മയിരിക്കട്ടെ…..
സഖാവിന്റെ വിധി നിനക്കു ണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം..
ഇനി ഒരു മുന്നറിയിപ്പുമായി ഞാൻ വരില്ല…
, ഓർമ്മയിരിക്കട്ടെ..
അവൾ ആ എഴുത്തിലേക്ക് വീണ്ടും വീണ്ടും നോക്കി.
വായിച്ചു കഴിഞ്ഞതും അവൾ അച്ചായനെ ഒന്നു നോക്കി…
നമ്മൾ അവനിലേക്ക് എത്തും എന്ന് അവൻ ഭയപ്പെടുന്നു ശിവാ…
അവൻ എങ്ങോട്ടെന്നില്ലാതെ നോക്കിക്കൊണ്ട് പറഞ്ഞു.
ഈ എഴുത്തിലൂടെ അവൻ അവനുള്ള കുഴി തോണ്ടി കഴിഞ്ഞു.
യാതൊരു തെളിവുമില്ലാതെ നടത്തിയ ആ കൊലപാതകത്തിന്
ഒരു തെളിവ് നമ്മെ തേടിയെത്തിയിരിക്കുന്നു അവൻ അവളെ നോക്കി ഒന്നു ഗൂഢമായി പുഞ്ചിരിച്ചു.
ശിവ അവനെ ഒന്ന് നോക്കിയശേഷം പതിയെ കടലിലേക്ക് ഒന്നുകൂടി ഇറങ്ങിച്ചെന്നു.
ആർത്തിരമ്പി വരുന്ന തിരകൾ അവളുടെ പാദങ്ങളെ തഴുകി
പൊയ്ക്കൊണ്ടിരുന്നു.
ഇതൊന്നും ശ്രദ്ധിക്കാതെ അനന്തമായ ആ സാഗരത്തിലേക്ക് നോക്കി നിൽക്കുകയാണവൾ
മിഴികൾ ശാന്തമായിരിക്കുന്ന സാഗരത്തിലേക്കാണെങ്കിലും അവളുടെ മനസ്സ് കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
തന്റെ മുൻപിലിട്ടാണ് അന്ന് എന്റെ പ്രാണനെ അയാൾ വെട്ടിയരിഞ്ഞത്..
അന്ന് തന്റെ മുഖത്തേക്ക് തെറിച്ചു വീണു അച്ചുവേട്ടന്റെ രക്തത്തിന്റെ മണം ഇന്നും തന്റെ നാസികയിലുണ്ട്.. യാതൊരു ദയയും കൂടാതെ അന്ന് അച്ചുവേട്ടനെ വെട്ടി വീഴ്ത്തിയപ്പോൾ ഒന്നലറി കരയാൻ പോലുമാവാതെ താൻ തരിച്ചു നിന്നു പോയി…
ആ രംഗം ഓർത്തതും അവളുടെ ഉള്ളൊന്നു പിടഞ്ഞു..
എല്ലാം നഷ്ടപ്പെട്ടവളെ പോലെയുള്ള ശിവയുടെ നിൽപ്പ് കണ്ടു അച്ചായനും വേദന തോന്നി.
അവനുറപ്പായിരുന്നു അവളുടെ ഓർമ്മകളിൽ അശ്വിന്റെ ദാരുണ അന്ത്യം ആയിരിക്കുമെന്ന്…
അതെ അന്ന് അവൾ മാത്രമേ ഘാതകനെ കണ്ടിട്ടുള്ളൂ,.. പക്ഷേ അതിനുശേഷം അവൾ ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ രണ്ടുമാസം ഒരു വിഭ്രാന്തിയുടെ പിടിയിലായി… ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഇന്നത്തെ ശിവ യിലേക്ക് അവളെ എത്തിക്കാൻ..
പഴയതൊക്കെ ഓർത്ത് വീണ്ടും അവളുടെ മനസ്സ് കൈവിട്ടു പോകുമോ എന്ന് അവൻ ഭയപ്പെട്ടു.
ശിവ എന്തൊരു നിൽപ്പാണിത് അവരൊക്കെ നമ്മളെയും പ്രതീക്ഷിച്ച് ഒരുപാട് നേരമായി കാത്തിരിക്കുന്നു… ശിവയെ നോക്കി അച്ചായൻ പറഞ്ഞു.
ഓർമ്മകളിൽ എവിടെയോ തന്റെ മനസ്സിനെ മേയാൻ വിട്ട് അനന്ത സാഗരത്തിലേക്ക് ദൃഷ്ടി പതിപ്പിച്ച നിൽക്കുകയായിരുന്ന ശിവ അവന്റെ ശബ്ദം കേട്ടതും അവനെ സംശയത്തോടെ ഒന്ന് നോക്കി.
അവരെല്ലാവരും എന്റെ വീട്ടിലുണ്ട് നിന്നെയും കൊണ്ട് ഇപ്പൊ വരാമെന്നും പറഞ്ഞ് ഇറങ്ങിയതാണ് ഞാൻ അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി എന്നപോലെ അച്ചായൻ പറഞ്ഞു.
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഇപ്പോൾ തന്നെ അവർ ഒരുപാട് തവണ വിളിച്ചു, ഇനിയും വൈകിക്കേണ്ട നമുക്ക് പോകാം അവളെ നോക്കി അതും പറഞ്ഞ് അവൻ മുൻപിൽ നടന്നു.
ശിവയും അവനെ പിന്തുടർന്നു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നീങ്ങി.
അവർ ഈ ലെറ്ററിനെക്കുറിച്ച് തൽക്കാലം ഒന്നും അറിയേണ്ട വെറുതെ അവരെ കൂടി ടെൻഷനടിപ്പിക്കേണ്ട ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നുകൊണ്ട് അച്ചായൻ പറഞ്ഞു.
ശിവ അതിന് ഒന്നു മൂളുക മാത്രം ചെയ്തു.
ഡ്രൈവ് ചെയ്യുമ്പോഴും അച്ചായന്റെ ശ്രദ്ധ മുഴുവൻ ശിവയിൽതന്നെ ആയിരുന്നു. അവളുടെ മൗനം അവനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.
അതുകൊണ്ട് തന്നെ അവൻ ഓരോന്ന് പറഞ്ഞ് ശിവയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുണ്ട്.
ഇച്ചായാ… ഇച്ചായൻ പേടിക്കുന്നുണ്ടോ ശിവ ആ പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചു പോകുമെന്ന്…?
അവളുടെ ആ ചോദ്യത്തിന് അവൻ ഒന്നും പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഒരിക്കലും പേടിക്കേണ്ട ഇച്ചായാ ഒന്നു നിർത്തിയതിനു ശേഷം അവൾ തുടർന്നു.
അന്നത്തെ ആ ശിവയിൽനിന്ന് ഇന്നത്തെ ഈ ശിവ യിലേക്ക് എത്താൻ നിങ്ങളൊക്കെ ഒരുപാട് പരിശ്രമിച്ചിട്ടില്ലേ…? അതൊന്നും കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല.
ഞാനൊരിക്കലും ആ പഴയ അവസ്ഥയിലേക്ക് പോകില്ല… അന്നത്തെ തൊട്ടാവാടി ശിവയല്ല ഇപ്പോൾ ഞാൻ. പലതും കണ്ടും കേട്ടും കരുത്താർജ്ജിച്ച ശിവയാണ്.. ഒന്നുമില്ലെങ്കിലും സഖാവ് അശ്വിൻ രാഘവിന്റെ പെണ്ണല്ലേ ഞാൻ അവനെ നോക്കി ശിവ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അവളാ പറഞ്ഞത് അവന്റെ ഹൃദയത്തിലാണ് കൊണ്ടതെങ്കിലും
അവളെ ഒരു പുഞ്ചിരിയോടെ അവൻ നേരിട്ടു.
പിന്നീട് അവർ രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല.
ഗൈറ്റ് കടന്ന് അകത്തേക്ക് കയറിയതും തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അമ്മച്ചിയെയും പാത്തുവിനെ യും ആണ് ശിവ കണ്ടത്.
അവർക്ക് നേരെ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ അവരുടെ അടുത്തേക്ക് ചെന്നു.
അവളെ കണ്ടതും പാത്തു മുഖം വീർപ്പിച്ചു നിന്നു.
അയ്യോ എന്താ എന്റെ ഉമ്മച്ചി കുട്ടിക്ക് പറ്റിയത്….? കടന്നൽ വല്ലോം കുത്തിയോ മുഖമാകെ ഉരുണ്ടു കേറിയിട്ടുണ്ടല്ലോ…? അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
പോടീ എത്ര നേരമായി നിങ്ങളെ കാത്തിരിക്കുന്നു.. രണ്ടും കൂടി എവിടെ കറങ്ങാൻ പോയതായിരുന്നു…? അവൾ കെറുവിച്ച് കൊണ്ട് പറഞ്ഞു.
അമ്മ വിടണ്ടേ…. ? യാത്ര പറഞ്ഞു പോരാൻ സമയത്ത് അവർക്ക് ഒത്തിരി സങ്കടം അതാണ് നേരം വൈകിയത്.. അവൾ പറയുന്നത് കേട്ട് അമ്മച്ചിയുടെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചു.
അവൾ അത് ശ്രദ്ധിക്കാതെ അമ്മച്ചിയെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒന്ന് ചുംബിച്ചു.
നിങ്ങൾ ഇത് എവിടെയായിരുന്നു…? അവിടെ വിളിച്ചപ്പോൾ അനുമോൾ നിങ്ങൾ ഇങ്ങോട്ട് തിരിച്ച് എന്ന് പറഞ്ഞല്ലോ…? എന്നിട്ട് എവിടെയായിരുന്നു രണ്ടും. കാർത്തിക്കും ശ്യാമും അത് പറഞ്ഞു പുറത്തേക്ക് വന്നു.
അതു വഴിയിൽവെച്ച് വണ്ടി ഒന്ന് കേടായി.. അച്ചായൻ അപ്പോ വായിൽ വന്ന നുണ വെച്ചു കാച്ചി.
വണ്ടി കേടായാൽ നിനക്കൊന്നു വിളിച്ചു പറഞ്ഞു കൂടായിരുന്നോ…? വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ….? ശ്യാം ഈർഷ്യയോടെ പറഞ്ഞു
നിങ്ങൾ വല്ലതും കഴിച്ചോ…? വിഷയം മാറ്റാൻ എന്നവണ്ണം അച്ചായൻ ചോദിച്ചു.
നിങ്ങൾ വരട്ടെ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു, ഇനി നമുക്ക് ഒരുമിച്ച് കഴിക്കാം.
എല്ലാവരും കൂടെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് കണ്ടു അമ്മച്ചിയുടെ കണ്ണുനിറഞ്ഞു.
അശ്വിന്റെ അഭാവം അവിടെ നന്നായിട്ട് അറിയാമായിരുന്നു.
ആ സുഹൃത്തുക്കൾക്കും തന്റെ പ്രിയ സുഹൃത്തിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധിക്കുകയില്ല.
എവിടെയൊക്കെയോ അവന്റെ സാമീപ്യം അവർ തിരിച്ചറിയുന്നുണ്ട്.
ആത്മാക്കളുടെ ലോകത്ത് നിന്ന് അവൻ അവരെ നോക്കി വേദനയോടെ കണ്ണു നിറക്കുന്നുണ്ടാവും ചിലപ്പോൾ.
&&&&&&&&&&&&&
പാത്തൂന്റെ മോന്റെ കളിചിരിയിൽ ആ വീട്ടിലെ സങ്കടം സന്തോഷത്തിലേക്ക് വഴിമാറി.
കുറച്ചു സമയമെങ്കിലും എല്ലാ ദുഃഖവും മറന്ന് അവർ അവന്റെ കളി ചിരിയിൽ സന്തോഷിച്ചു.
കൂട്ടത്തിൽ പാത്തുവിന് മാത്രമേ ഒരു ജീവിതമുണ്ടായിട്ടുള്ളൂ….
അശ്വിനുള്ള സമയത്ത് തന്നെ അവളുടെ വിവാഹം കഴിഞ്ഞതുകൊണ്ട് അവളിന്ന് സുമംഗലിയായി ജീവിക്കുന്നു.
അല്ലെങ്കിൽ ഒരുപക്ഷേ കൂട്ടുകാരുടെ സങ്കടം കണ്ട് ശ്യാം ഒരു ജീവിതത്തിലേക്ക് കടക്കാൻ മടിക്കുന്നത് പോലെ അവളും ചെയ്തേനെ എന്ന് അമ്മച്ചി ഓർത്തു.
അന്നത്തെ ദിവസം ഏറെ ഇരുട്ടിയതിനുശേഷമാണ് അവരെല്ലാവരും പിരിഞ്ഞത്.
**********************************
പിന്നീടുള്ള രണ്ടു ദിവസം ശിവയ്ക്ക്ഏറെ തിരക്ക് പിടിച്ചതായിരുന്നു.
ഫോണിലൂടെ മാത്രമേ അവൾക്ക് അവരുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചുള്ളൂ.
രാത്രി പാത്തു വിളിച്ച് ഒരുപാട് സംസാരിച്ച ശേഷമാണ് ഫോൺ വെച്ചത്.
രാവിലെ നേരിൽ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞിട്ടാണ് അവൾ ഫോൺ വെച്ചത്.
രണ്ടുദിവസത്തെ അലച്ചിൽ കാരണം ശിവ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
പുറത്ത് എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത്.
ആരൊക്കെയോ ഓടി പോകുന്നതുപോലെ അവൾക്ക് തോന്നി.
അവൾ വെപ്രാളപ്പെട്ട് എണീറ്റ് സമയം നോക്കിയപ്പോൾ ഏകദേശം രണ്ടു മണിയോട് അടുക്കാറായിട്ടുണ്ട്.
അവൾ ധൃതിപ്പെട്ട് ഹാളിലെ ലൈറ്റ് ഓൺ ആക്കിയപ്പോൾ അച്ഛനും ശബ്ദം കേട്ട് ഇറങ്ങി വരുന്നുണ്ട്.
എന്താ മോളെ പുറത്ത് ആരൊക്കെയോ ഉള്ള പോലെ ശബ്ദം കേൾക്കുന്നുണ്ടല്ലോ…? അദ്ദേഹം ആശങ്കയോടെ ചോദിച്ചു.
അറിയില്ല അച്ഛാ ഞാനും കേട്ടു ശബ്ദം, വാ നമുക്ക് നോക്കാം സെക്യൂരിറ്റി ചേട്ടൻ ആവും ചിലപ്പോൾ.
, അവൾ അതും പറഞ്ഞു വാതിൽ തുറന്നപ്പോൾ ആരോ മതിലു ചാടി പോകുന്നതാണ് കണ്ടത്.
പുറകെ ഓടുന്ന അച്ചായനെ കണ്ട് അവൾ അത്ഭുതപ്പെട്ടു.
ഈ സമയത്ത് ഇച്ചായനെന്താ ഇവിടെ അവൾ സംശയത്തോടെ ഓർത്തു.
തന്റെ കയ്യിൽ കിട്ടിയവൻ രക്ഷപ്പെട്ട വിഷമത്തിലായിരുന്നു അച്ചായൻ.
അവൻ നിരാശയോടെ അവരുടെ അടുത്തേക്ക് വന്നു.
അപ്പോഴേക്കും അവനെ അന്വേഷിച്ചു പോയ സെക്യൂരിറ്റിയും ഓടിവന്നു.
എന്താ ഇച്ചായാ ഇതൊക്കെ ആരാ അയാൾ എന്താ ഈ നേരത്ത്…? എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്…? അവൾ സംശയത്തോടെ ചോദ്യങ്ങൾക്കും മേലെ ചോദ്യങ്ങളുമായി അവനെ മൂടി.
നീ പേടിക്കുക ഒന്നും വേണ്ട ശിവ… ഇങ്ങനെ ഒരു നീക്കം ഞാൻ മുൻപേ കണക്കുകൂട്ടിയതാ…
നിനക്ക് നേരെ ഒരു ആക്രമണം ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. നമ്മളെ എല്ലാവരെയും ഒന്ന് ഭയപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമേ അവർക്കുള്ളൂ.
ഈ ഒരു പ്ലാൻ മുൻകൂട്ടി കണ്ടത് കൊണ്ട് തന്നെ കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ ഈ വീടിന് ഉറങ്ങാതെ കാവലാണ്…
കയ്യിൽ കിട്ടിയാൽ വിട്ടുകള യില്ല എന്ന് ഉറപ്പിച്ചു തന്നെയായിരുന്നു ഞാൻ നിന്നത്.
പക്ഷേ അവരുടെ ഭാഗ്യം എന്റെ കയ്യിൽ നിന്നും അവൻ വഴുതിപ്പോയി. എത്രകാലം ഇങ്ങനെ രക്ഷപ്പെടുമെന്ന് നോക്കാം..
എന്തായാലും നമ്മൾ ലക്ഷ്യത്തിലേക്ക് എത്തുമെന്ന് അവർ ഭയപ്പെടുന്നുണ്ട്.. അതിന്റെ തെളിവാണ് ഈ നടക്കുന്നതെല്ലാം..
അവൻ പറയുന്നത് ശരിയാണെന്ന് ശിവയ്ക്കും തോന്നി.
അച്ഛൻ പേടിക്കുകയോന്നും വേണ്ട ഞാൻ ഉള്ളപ്പോൾ നിങ്ങൾക്ക് ആർക്കും ഒന്നും സംഭവിക്കില്ല. അച്ഛന്റെ മുഖത്തെ ടെൻഷൻ കണ്ട അച്ചായൻ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ഈ വീടിന് കാവലായി അച്ചായൻ ഉണ്ടെന്ന് അറിഞ്ഞതും ശിവയുടെ ഉള്ളിൽ വല്ലാത്തൊരു സങ്കടം ഉണ്ടായി.
പാവം അവൾ മനസ്സിൽ ഓർത്തു.
ഇച്ചായാ അപ്പോൾ അമ്മച്ചി അവിടെ ഒറ്റയ്ക്കല്ലേ…..? അവൾ സംശയത്തോടെ അവനോട് ചോദിച്ചു.
അമ്മച്ചിയുടെ അടുത്ത് ജെയിംസിനെ നിർത്തിയിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്.
ഇനി ഏതായാലും അവരുടെ അടുത്തുനിന്ന് പെട്ടെന്നൊരു ആക്രമണം ഉണ്ടാവില്ല…. അതുറപ്പാണ്.
നിങ്ങൾ കിടന്നോളൂ ഇവിടെ കൂടുതൽ സെക്യൂരിറ്റി ഉറപ്പുവരുത്താൻ ശ്രദ്ധിച്ചോളാം.
അവരെ സമാധാനിപ്പിച്ചു കൊണ്ട് അച്ചായൻ പറഞ്ഞു.
അവർ അകത്തു കയറി വാതിൽ അടച്ചതിനുശേഷമാണ് അച്ചായൻ അവിടെനിന്നും തിരിച്ചത്.
ശിവയുടെ മുഖത്ത് യാതൊരു ഭയവും ഉണ്ടായിരുന്നില്ല.. മറിച്ച് ലക്ഷ്യത്തിലേക്ക് എത്തി എന്നുള്ള ഒരു ഉറപ്പ് അവളിലേക്ക് വന്നു ചേർന്നു.
റൂമിൽ എത്തിയിട്ടും പിന്നീട് ഉറങ്ങാൻ അവൾക്ക് തോന്നിയില്ല.
ആരോ തന്റെ പുറകെ ഉണ്ട് ഇത് രണ്ടുദിവസമായി തനിക്കും തോന്നി തുടങ്ങിയതാണ്. അല്ലെങ്കിൽ അച്ചായൻ പറഞ്ഞതുപോലെ ഒന്ന് ഭയപ്പെടുത്താൻ മാത്രം. അല്ലെങ്കിൽ അവരുടെ ലക്ഷ്യം തന്റെ മരണം തന്നെ. തനിക്ക് എന്ത് സംഭവിച്ചാലും ഒരു പേടിയുമില്ല, പക്ഷേ മരിക്കുന്നതിനുമുമ്പ് തന്റെ പ്രാണനെ ഇല്ലാതാക്കിയ വർക്ക് ശിക്ഷ വാങ്ങി കൊടുക്കണം ഇത് ഉറച്ച ഒരു തീരുമാനമാണ്..
ഇനി ഒരുപക്ഷേ നാളെ ശിവപാർവതി ഓരോർമ്മയായാൽ ഞങ്ങളുടെ പ്രണയം ആരും അറിയാതെ പോകരുത്…
ഇവിടെ ജീവിച്ചിരുന്ന ഒരു സഖാവും അവൻ പ്രാണനെ പോലെ സ്നേഹിച്ച ഒരു സഖിയുമുണ്ടായിരുന്നു. അതു നാളെ ലോകം അറിയുമ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് അവർ അസൂയയോടെ ഓർക്കണം..
അവൾ തന്റെ ഡയറി എടുത്തു തന്റെ ജീവിതത്തെ മാറ്റിമറിച്ച ഓരോ അനുഭവങ്ങളും അതിലേക്ക് പകർത്താൻ തുടങ്ങി…
കോളേജിലെ ആദ്യ ദിവസങ്ങളിലെ ഓർമ്മകളിലൂടെ അവൾ വീണ്ടും സഞ്ചരിക്കാൻ തുടങ്ങി.
രണ്ടുമൂന്ന് ദിവസം കോളേജിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ശാന്തമായി തന്നെ മുൻപോട്ടു പോയി.
ഇതിനിടയ്ക്ക് പാത്തൂവും അശ്വിനും കൂടുതൽ അടുത്തു.
സ്വന്തം സഹോദരിയോടെന്നപോലെതന്നെ ആയിരുന്നു അവളോടുള്ള അവന്റെ കരുതൽ.
അച്ചായനും അശ്വിനും ആ കോളേജിലെ തന്നെ എല്ലാവരുടെയും ഇഷ്ട പാത്രങ്ങളായിരുന്നു. സകല തരുണീമണികളും ഇവരുടെ പുറകെ ആയിരുന്നു.
അവരുടെ ഗ്രൂപ്പിൽ ആയതിനാൽ തന്നെ ശിവയെയും പാത്തുവിനെ യും എല്ലാവരും അസൂയയോടെയായിരുന്നു നോക്കിയിരുന്നത്.
ഷാഹുൽ സാർ ഇതിനോടകം തന്നെ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട അദ്ധ്യാപകനായി തീർന്നു.
അരുൺ പാത്തൂ നോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവനെ കാണുന്നതേ അവൾക്ക് കലിയായിരുന്നു.
അശ്വിൻ പാത്തൂന് നൽകുന്ന സ്നേഹവും പരിഗണനയും കണ്ട് ശിവയുടെ ഉള്ളിൽ അവനോടു ഒരുതരം ആരാധന ഉടലെടുത്തു.
അച്ചായൻ ഈ ദിവസങ്ങളിൽ ശിവയോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു.
അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം അവളറിയാതെ അവൻ മനസ്സിലാക്കി. അവന്റെ ഉള്ളിലെ അവളോടുള്ള പ്രണയം പൂത്തുലയാൻ തുടങ്ങി.
തന്നെ നോക്കുന്ന അച്ചായന്റെ കണ്ണുകളിൽ ഒരിക്കലും ശിവ പ്രണയം കണ്ടില്ല…
അവിടെ താളം തെറ്റുകയായിരുന്നു അച്ചായന്റെ സ്വപ്നങ്ങൾ..
&&&&&&&&&&&&&&&&
ആദ്യ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ ശിവയും പാത്തുവും ഫോർഫൈറ്റേഴ്സിന് പ്രിയപ്പെട്ടവരായി കഴിഞ്ഞു.
പാത്തുവിനെ അശ്വിന്റെ പെങ്ങളുട്ടിയായി കോളേജ് മൊത്തം അംഗീകരിച്ചു.
ശിവ തന്റെ നാദമാധുര്യം കൊണ്ട് കോളേജിലെ എല്ലാവർക്കും പ്രിയപ്പെട്ടവളായി തീർന്നു.
ശ്യാമും കാർത്തിയും അച്ചായനുമൊക്കെ ശിവയോട് അടുപ്പം കാണിക്കുന്നുണ്ടെങ്കിലും അശ്വിൻ മാത്രം അവളോടകലം പാലിച്ചു നിന്നു.
ഒരു പുഞ്ചിരി പോലും അവന്റെ അടുത്ത് നിന്ന് അവൾക്കുനേരെ ഉണ്ടായിട്ടില്ല.
ദിവസങ്ങൾ പിന്നെയും കഴിഞ്ഞുപോയി.
രാവിലെ പ്രാതലിനുള്ളതെല്ലാം തയ്യാറാക്കാൻ ശിവ മുത്തശ്ശിക്കൊപ്പം കൂടി.
എല്ലാം തയ്യാറാക്കിയതിനുശേഷം പതിവിനു വിപരീതമായി കുളിക്കാൻ അവൾ കുളപ്പടവിലേക്കോടി.
സാധാരണ കോളേജ് ഉള്ള ദിവസം കുളത്തിലേക്ക് കുളിക്കാൻ പോകാറില്ല.
കുളി കഴിഞ്ഞു വന്നപ്പോൾ തന്നെ കേട്ടു അകത്തുനിന്ന് ഓപ്പോളിന്റെ ഉച്ചത്തിലുള്ള സംസാരം.
ആൾ എത്തിയിട്ടുണ്ട് ഇനി കുറച്ചു ദിവസം കുത്തുവാക്കുകളും ശാപവാക്കുകളുമായിരിക്കും കേൾക്കുക. അവൾ മനസ്സിലോർത്തു.
കയ്യിലുള്ള നനഞ്ഞ തുണികൾ അയലിൽ വിരിച്ചിട്ടു അവൾ അകത്തേക്ക് കേറി.
കൊച്ചേച്ചി എന്നും വിളിച്ച് അനിമോൾ അവളെ വന്നു കെട്ടിപ്പിടിച്ചു.
അനിമോൾ ഓപ്പോളിന്റെ രണ്ടു മക്കളിൽ ഇളയവൾ. അനുശ്രീ എന്നാണ് മുഴുവൻ പേര് ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
അവൾക്ക് ശിവയെ ഒരുപാടിഷ്ടമാണ്.. ശിവയോട് അടുക്കരുതെന്ന് അവളുടെ അമ്മ എത്ര പറഞ്ഞാലും അവൾ അനുസരിക്കാറില്ല.
എപ്പോഴാ നിങ്ങളൊക്കെ വന്നത് അവൾ സ്നേഹത്തോടെ അനിമോളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.
ഇപ്പോ എത്തിയതേയുള്ളൂ ചേച്ചി.
ഞാനും അമ്മയും മാത്രമേ വന്നിട്ടുള്ളൂ, മനുവേട്ടൻ വന്നില്ല ഞങ്ങൾ വൈകിട്ട് തിരിച്ചുപോകും.
അവൾ ചേച്ചിയെ നോക്കി പറഞ്ഞു.
അവൾ അനി മോളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
എത്തിയോ കെട്ടിലമ്മ ആരെ കാണിക്കാനാണ് നീ കുളത്തിലേക്ക് പോയി നീരാട്ട് നടത്തുന്നത്….? കണ്ട ഉടനെ ഓപ്പോൾ ഒരു പരിഹാസത്തോടെ ചോദിച്ചു.
അപ്പോൾ കൊച്ചിലെ നീ കുളത്തിൽ പോയി കുളിച്ചിരുന്നത് ഒക്കെ വല്ലോരേം കാണിക്കാനായിരുന്നോടീ മുത്തശ്ശി ഈർഷ്യയോടെ ഓപ്പോളോട് ചോദിച്ചു.
അവർ അതിനു ഉത്തരം പറയാനാവാതെ വിളറി നിന്നു.
നോക്കിനിൽക്കാതെ മോള് എന്തെങ്കിലും കഴിച്ച് വേഗം കോളേജിലേക്ക് പോകാൻ നോക്ക്
അവളെ നോക്കി മുത്തശ്ശി പറഞ്ഞു.
അവർക്കിടയിൽ നിന്നും രക്ഷപ്പെട്ട സമാധാനത്തിൽ അവൾ വേഗം കോളേജിലേക്ക് പോകാൻ റെഡിയായി.
***********************************
അവൾ കോളേജിലെത്തിയിട്ടും പാത്തു എത്തിയിട്ടുണ്ടായിരുന്നില്ല.
സാധാരണ അവൾ വരുന്നതിനു മുമ്പോ അവൾക്കൊപ്പമോ ആണ് അവൾ വരാറ്.
ഇത് ക്ലാസ് തുടങ്ങാൻ ആയിട്ടും അവളെ കാണാത്തത് ശിവ യിൽ ഒരു നിരാശയുണ്ടാക്കി.
അശ്വിനും കൂട്ടരും രണ്ടുതവണ അവളെ അന്വേഷിച്ചു വന്നു.
അവളെ കാണാത്തത് അശ്വിനിലും ചെറിയ ഒരു വിഷമമുണ്ടാക്കി.
ശാഹുൽ സാർ ക്ലാസെടുക്കാനായി വന്നപ്പോൾ ശിവയ്ക്കു വല്ലാത്ത സങ്കടമുണ്ടായി. ഇനി എന്തായാലും അവൾ ഇന്ന് വരില്ല. ആദ്യമായിട്ടാണ് അവളില്ലാതെ താൻ ഈ ക്ലാസിൽ എന്നവൾ വേദനയോടെ ഓർത്തു.
വരുന്നില്ലെങ്കിൽ അവൾക്ക് ഒന്നു വിളിച്ചു പറഞ്ഞു കൂടായിരുന്നോ..?
അവൾ നിരാശയോടെ അവൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന അവളുടെ ഇരിപ്പിടത്തിലേക്ക് നോക്കി.
എസ്ക്യൂസ് മീ സാർ… പെട്ടെന്ന് പാത്തുവിന്റെ ശബ്ദം കേട്ടതും ശിവ സന്തോഷത്തോടെ പുറത്തേക്ക് നോക്കി.
അകത്തേക്ക് കേറാനുള്ള അനുവാദം ചോദിച്ചു പാത്തു ശിവക്കരികിലേക്ക് വന്നിരുന്നു.
സാധാരണ അവളുടെ മുഖത്ത് കാണുന്ന ചുറുചുറുക്കും പ്രസരിപ്പും ഒന്നുമില്ല.
ആകെ മൊത്തം ഒരു നിരാശ.
ശിവയെ എപ്പോ കണ്ടാലും എവിടെ വെച്ചാണെങ്കിലും കെട്ടിപ്പിടിച്ച് ഒരു ഉമ്മ പതിവുള്ളതാണ് പാത്തുവിന്റെ വക.
പക്ഷേ ഇന്നതുണ്ടായില്ല.
ഷാഹുൽ സാർ ക്ലാസ് എടുക്കുമ്പോഴും ശിവയുടെ ശ്രദ്ധ പാത്തുവിൽ തന്നെയായിരുന്നു.
സാധാരണ ക്ലാസ് എടുക്കുകയാണെങ്കിലും അവൾക്കൊരടക്കം ഉണ്ടാവില്ല. സാറ് കാണാതെ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും. ഇന്നിപ്പോൾ അവൾ മൗനമായിട്ടിരിക്കുന്നു.
എന്തുപറ്റി എന്നു ശിവ കണ്ണുകൾകൊണ്ട് ചോദിച്ചപ്പോൾ ഒന്നുമില്ലയെന്നവൾ തലയനക്കി.
സാറ് ക്ലാസ്സിൽ നിന്ന് പോയിട്ടും അവൾ അവിടെത്തന്നെ ഇരുന്നു.
എന്നും സാറ് പോകാൻ സമയം ഉണ്ടാകില്ല ഇറങ്ങി ഓടാൻ ഇക്കയെ കാണണം എന്നു പറഞ്ഞു. ആ അവളാണ് ഇപ്പോൾ നിരാശയോടെ ബെഞ്ചിലും തലവെച്ചു കിടക്കുന്നത്.
എന്താടീ… എന്താ എന്റെ ഉമ്മച്ചി കുട്ടിക്ക് പറ്റിയത്….? അവൾ പാത്തുവിന്റെ മുഖം കൈകൾകൊണ്ട് ഉയർത്തി ചോദിച്ചു.
ശിവയുടെ നോട്ടത്തെ നേരിടാനാവാതെ അവൾ മിഴികൾ താഴ്ത്തി.
അപ്പോഴേക്കും അശ്വിനും കൂട്ടരും അവളെ അന്വേഷിച്ച് ക്ലാസ്സിലേക്ക് വന്നിരുന്നു.
എന്താ എന്റെ പെങ്ങൾ കുട്ടിക്ക് പറ്റിയത്…? ഇന്ന് എന്റെ അടുത്തേക്ക് വന്നതേ ഇല്ലല്ലോ..?
അശ്വിൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു.
ഒന്നുമില്ല ഇക്കാ ചെറിയ ഒരു തലവേദന അതാ ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നത്. അവൾ അശ്വിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
പനിക്കുന്നോന്നുമില്ലല്ലോ…? അവളുടെ നെറ്റിയിൽ കൈവെച്ചു കൊണ്ട് അശ്വിൻ പറഞ്ഞു.
അത് കണ്ടതും അവളുടെ മിഴികൾ ഈറനണിഞ്ഞു.
നീ ഒന്നിങ്ങു വന്നേ എന്നും പറഞ്ഞു അശ്വിൻ അവളെയും വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി.
ശിവയും ബാക്കിയുള്ളവരും അവർക്കു പുറകെ പോയി.
സാധാരണ അവർ കൂടുന്ന ഗ്രൗണ്ടിന്റെ അവിടേക്കാണ് അശ്വിൻ അവളെയും കൊണ്ട് പോയത്.
അവിടെ എത്തിയതും അവളെ പിടിച്ചു അവനരികിലായി ഇരുത്തി.
ഇനി പറ എന്താ സംഭവം…? എന്താ നിനക്ക് പറ്റിയത്..? അവൻ ഗൗരവത്തോടെ ചോദിച്ചു.
അപ്പോഴേക്കും മറ്റുള്ളവരും അവർക്ക് ചുറ്റും വന്നിരുന്നു.
എല്ലാവരുടെ നോട്ടവും പാത്തുവിലേക്ക് തന്നെ ആയി.
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അശ്വിന്റെ തോളിലേക്ക് ചാഞ്ഞു.
പെട്ടെന്ന് എല്ലാവരും അത്ഭുതപ്പെട്ടുപോയി അവരുടെ വായാടി കുട്ടി ഇങ്ങനെ കരയുന്നത് ആദ്യമായിട്ടാണ് അവർ കാണുന്നത്.
അശ്വിൻ അവളെ ചേർത്ത് പിടിച്ചു.
എന്താ മോളെ…? എന്താ പറ്റിയത്..? ആരെങ്കിലും എന്റെ മോളെ എന്തെങ്കിലും പറഞ്ഞോ…?
അശ്വിൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
എന്റെ എല്ലാ സന്തോഷവും നിൽക്കാൻ പോകുന്നു ഇക്കാ…
എന്നെ കെട്ടിച്ചു വിടാൻ വീട്ടുകാരു തീരുമാനിച്ചു.
പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ തുടർന്ന് പഠിപ്പിക്കാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഡിഗ്രി ചെയ്യാന്സമ്മതിച്ചത്.
ഇതിപ്പോൾ പഠിപ്പിക്കാം എന്ന് പറഞ്ഞു ഒരു കൂട്ടർ വന്നപ്പോൾ ഉപ്പച്ചി കാലുമാറി. ഞാൻ എത്ര എതിർത്തു പറഞ്ഞിട്ടും അവരൊന്നും എന്റെ വാക്ക് കേൾക്കുന്നില്ല. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
അയ്യേ ഇതിനാണോ എന്റെ പാത്തുമ്മ നീ കരഞ്ഞതെന്നും ചോദിച്ചു അച്ചായൻ അവൾക്കരികിലേക്ക് വന്നു.
അതൊന്നു മുടക്കിയാൽ പോരെ അതിനു നീ ഇങ്ങനെ കിടന്നു മോങ്ങണോ..? കാർത്തിയും അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
എങ്ങനെ മുടക്കുമെന്നാ നിങ്ങൾ പറയുന്നത്…? അവൾ നിഷ്കളങ്കമായ മുഖത്തോടെ അവരോട് ചോദിച്ചു.
അതിനൊക്കെ വഴിയുണ്ട് ചെക്കനോട് പറഞ്ഞാൽ പോരെ നിനക്ക് പഠിക്കണം ഇപ്പോൾ കല്യാണത്തിന് താൽപര്യമില്ലെന്ന് ശ്യാം പറഞ്ഞു.
അതൊന്നും കേട്ട് അവൻ പിന്മാറിയില്ലെങ്കിലോ..? മാത്രവുമല്ല അവർ പഠിപ്പിക്കാം എന്നും പറഞ്ഞിട്ടുണ്ട്.. അവൾ വീണ്ടും ചോദിച്ചു.
അപ്പോൾ എന്തെങ്കിലും മാർഗം വേറെ ആലോചിക്കാം.. എങ്ങനെ ആയാലും നമുക്ക് വിവാഹം മുടക്കിയാൽ പോരെ കാർത്തി അവളെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.
അതുമതി അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. വേണമെങ്കിൽ അവൻ സംസാരിക്കാൻ വരുമ്പോൾ കുനിച്ചു നിർത്തി രണ്ടെണ്ണം പൊട്ടിക്കാം അവൾ ആവേശത്തോടെ പറഞ്ഞു.
അതു വേണോ ടി പാത്തുമ്മ പിന്നെ ഈ ജന്മത്ത് നിനക്ക് കല്യാണം ശരിയാവൂല്ല.. നല്ല ചീത്തപ്പേരായിരിക്കും അച്ചായൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
അതൊന്നും കുഴപ്പമില്ല ഞാൻ ഇവിടുന്ന് ആരെയെങ്കിലും അങ്ങ് സെറ്റ് ആക്കി കൊള്ളാം.. അവളുടെ സംസാരം കേട്ട് അവർക്കും ചിരി വന്നു.
ഇത്ര സമയം വളരെ ദുഃഖത്തോടെ ഇരുന്ന ആളാ കണ്ടില്ലേ ഓന്ത് നിറം മാറുന്നത് പോലെ നിറം മാറിയത്… ശ്യാം അവളെ നോക്കി പറഞ്ഞു.
ഒന്ന് പോ സേട്ടാ… നിങ്ങൾ ഉണ്ടാവുമ്പോൾ ഞാൻ എന്തിനാ സങ്കടപ്പെടുന്നത്..? അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നെ ഒരു കാര്യം അവര് വരുന്ന ദിവസം നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാവണം. എനിക്കൊരു സപ്പോർട്ടിനു വേണ്ടി അന്ന് രാവിലെ തന്നെ എല്ലാവരും എന്റെ വീട്ടിൽ എത്തിക്കോണം അവൾ അവരെ നോക്കി പറഞ്ഞു.
അതു വേണോ മോളെ…? നിനക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാവുന്ന കാര്യമേ ഉള്ളൂ വെറുതെ ഞങ്ങളെ കൂടി അതിലേക്ക് വലിച്ചിഴക്കണോ…? കാർത്തി ഒരു ചിരിയോടെ അവളോട് ചോദിച്ചു.
വേണം ഇതിൽ ഒരു മാറ്റവും ഇല്ല. അവൾ തറപ്പിച്ചു പറഞ്ഞു.
അവസാനം അവർക്കവളുടെ മുൻപിൽ വരാമെന്ന് സമ്മതിക്കേണ്ടിവന്നു.
കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച് ശിവ യെയും വിളിച്ച് അവൾ ക്ലാസ്സിലേക്ക് ഓടി.
വഴിയിൽവെച്ച് അരുൺ അവളുടെ അടുത്തേക്ക് വന്നു.
എന്താണ് പച്ചമുളക് ഇന്നു വലിയ സന്തോഷത്തിലാണല്ലോ….?
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
നിന്റെ കുഞ്ഞമ്മ പ്രസവിച്ചു ആൺകുട്ടി അതുകേട്ട സന്തോഷമാണ് എടുത്തടിച്ച പോലുള്ള അവളുടെ മറുപടി കേട്ട ശിവ വായും പൊളിച്ചു നിന്നു.
അതെന്താ നിന്നോട് പറഞ്ഞത്…? ഇനി ഭാവി മരുമകൾ ആയതുകൊണ്ടാണോ…? എന്നോട് വിളിച്ചു പറഞ്ഞില്ല കേട്ടോ…, അതിരിക്കട്ടെ എന്റെ കുഞ്ഞമ്മ പ്രഗ്നന്റ് ആണെന്ന് നീ എങ്ങനെ അറിഞ്ഞു..? അവൻ താടിക്ക് കയ്യും കൊടുത്തു ചോദിച്ചു.
കഷ്ടം അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു പാത്തു ശിവയെയും കൊണ്ട് അവിടെ നിന്നും പോയി.
എന്താണെടാ അവളെ കാണുമ്പോൾ നിനക്കൊരു ഇളക്കം.
പാത്തു പോകുന്നതും നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അരുണിനെ നോക്കി രാജീവ് ചോദിച്ചു.
എന്താണെന്നറിയില്ല ടാ ആ കാന്താരി എന്റെ അടുത്തേക്ക് വരുമ്പോൾ ഇതുവരെ ഇല്ലാത്ത എന്തോ ഒരു പ്രത്യേകത. വല്ലാത്തൊരു ഇഷ്ടമാണെടാ ആ ഉമ്മച്ചി കുട്ടിയോട് എനിക്ക് അവൾ പോയ വഴിയെ നോക്കി അരുൺ രാജീവിനോട് പറഞ്ഞു.
ഇഷ്ടം ഒക്കെ കൊള്ളാം പക്ഷേ അശ്വിൻ അറിയാതെ സൂക്ഷിച്ചോ…? അവന് അവൾ എന്നു വച്ചാൽ ജീവനാണ്. അവനെങ്ങാനും അറിഞ്ഞാൽ ഇടിച്ചു നിന്റെ കൂമ്പു വാട്ടും ഓർത്തോ.. രാജീവ് ഒരു പരിഹാസത്തോടെ പറഞ്ഞു.
അതൊന്നും ഇല്ലടാ.. നീ വിചാരിക്കും പോലെ ഒന്നുമല്ല, അശ്വിനു എന്നോട് ഒരു എതിർപ്പുമില്ല. ഞാൻ അവരോട് ഒന്നുകൂടി അടുക്കും. അപ്പോൾ അവൻ തന്നെ പറയും എന്റെ പെങ്ങൾ നിനക്കുള്ളതാണ് എന്ന്. നീ നോക്കിക്കോ അവനെക്കൊണ്ട് ഞാൻ അത് പറയിപ്പിക്കും. അവൻ ഒരു ഗൂഢ ചിരിയോടെ പറഞ്ഞു.
നോക്കാം നമുക്ക് എന്തെല്ലാം നടക്കുമെന്ന് രാജീവ് ഒരു പരിഹാസത്തോടെ പറഞ്ഞു.
അവര് പോയ വഴിയെ നോക്കി അരുൺ അവിടെത്തന്നെ നിന്നു.
**********************************
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ കുറച്ചു നോട്ട്സ് കമ്പ്ലീറ്റ് ആകാൻ ഉള്ളതുകൊണ്ട് ശിവ ക്ലാസ്സിൽ തന്നെ ഇരുന്നു.
താൻ ഇക്കയുടെ അടുത്ത് കാണുമെന്ന് പറഞ്ഞു പാത്തു അവരുടെ അടുത്തേക്ക് ഓടി.
നോട്സൊക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും ഒരുപാട് നേരം ആയിരുന്നു.
ഏതാനും വിദ്യാർഥികൾ എല്ലാം പോയി കഴിഞ്ഞിരുന്നു.
ശിവ ദൃതിയിൽ ബുക്ക് ഒക്കെ എടുത്തു വേഗം ക്ലാസ്സിൽ നിന്നും പുറത്തേക്കിറങ്ങി.
വളരെ വേഗത്തിൽ പടികളിറങ്ങുമ്പോൾ അവളെയും നോക്കി പകയോടെ വരുന്ന വൈശാഖിനെ കണ്ടതും അവൾ പേടിയോടെ ചുറ്റും നോക്കി.
അവന്റെ കണ്ണിൽ അവളോടുള്ള പക കത്തി ജ്വലിക്കുന്നുണ്ട് .
അവൻ ഓരോ അടിയും മുൻപോട്ടു വെക്കുന്നതിനനുസരിച്ച് ശിവ പേടിയോടെ അവളുടെ പാദങ്ങളെ പുറകോട്ട് ചലിപ്പിച്ചു.
നിൽക്കെടി അവിടെ…. അവൻ ദേഷ്യത്തോടെ അലറിക്കൊണ്ട് അവളുടെ അടുത്തേക്ക് കുതിച്ചു.
ഒന്ന് ഓടാൻ പോലും അവസരം കിട്ടുന്നതിനു മുൻപ് അവൻ അവൾക്കരികിലേക്ക് എത്തിയിരുന്നു.
അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി രണ്ടു കയ്യും അവൾക്കിരുവശവും ഊന്നി നിന്നു.
അവൾ പേടിയോടെ ചുറ്റും നോക്കി. എല്ലാ വിദ്യാർത്ഥികളും പോയി കഴിഞ്ഞതിനാൽ അവിടെമാകെ ശൂന്യമായിരുന്നു.
അവൾ ദയനീയമായി വൈശാഖിനെ ഒന്നു നോക്കി.
എന്താടീ നോക്കി പേടിപ്പിക്കുന്നത്…? നിന്നെ ഇങ്ങനെ ഒന്ന് തനിച്ചു കിട്ടാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.
ഈ വൈശാഖിന്റെ ദേഹത്ത് കൈ വെച്ചിട്ട് നീ സുഖിച്ചു വാഴാമെന്ന് വിചാരിച്ചോ ടീ…
നീ നോവിച്ചത് മൂർഖൻ പാമ്പിനെയാണ് അത് നിനക്ക് ഞാൻ മനസ്സിലാക്കി തരാം.
എന്റെ ദേഹത്ത് കൈ വെച്ചതിനുള്ള കണക്ക് നിന്നെക്കൊണ്ട് ഞാൻ പറയിപ്പിക്കും. അവൻ ക്രൂരമായ നോട്ടത്തോടെ പറഞ്ഞു.
അവൾ രക്ഷപ്പെടാനുള്ള മാർഗം ഒന്നും കാണാതെ കുഴങ്ങി.
കണക്കുകൾ ഇപ്പോൾ തന്നെ മൊത്തമായിട്ട് തീർക്കാണോ…?
അതോ കുറച്ചു പിന്നെ തന്നാൽ മതിയോ…? പെട്ടെന്ന് ആ ശബ്ദം കേട്ട് രണ്ടാളും താഴേക്കു നോക്കി.
താഴെ ചുമരും ചാരി രണ്ട് കൈയും കെട്ടി അവരെ നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അശ്വിനെ കണ്ടതും ശിവയ്ക്കു സമാധാനമായി.
അവനെ കണ്ടതും എവിടെനിന്നോ ഒരു ധൈര്യം അവളിൽ വന്നു ചേർന്നു.
വൈശാഖ് പക്ഷേ അശ്വിനെ അവിടെ പ്രതീക്ഷിച്ചില്ല. അതിന്റെ ഒരു അന്ധാളിപ്പ് അവന്റെ മുഖത്ത് പ്രകടമായി.
അശ്വിൻ അവനെ നോക്കി ചിരിച്ചു കൊണ്ട് മുകളിലേക്ക് വന്നു.
കണക്ക് ഞാൻ തീർത്താൽ മതിയോ അതോ മുൻപത്തെ പോലെ ഇവളെ കൊണ്ട് തീർപ്പിക്കണോ…? കയറി വരുന്നതിനിടയിൽ അശ്വിൻ ചോദിച്ചു.
വൈശാഖിനു അവൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും മറുത്തൊന്നും പറയാതെ അവൻ മൗനമായി നിന്നു.
ഒരു അടി ഉണ്ടാക്കാൻ ഉചിതമായ സമയവും സന്ദർഭവും അല്ല എന്ന് അവന് നല്ല ബോധ്യം ഉണ്ടായതുകൊണ്ട് മിണ്ടാതെ അവിടെ നിന്നും പോകാനൊരുങ്ങി.
നിനക്ക് കണക്ക് തീർക്കേണ്ട സമയമാകുമ്പോൾ പറഞ്ഞാൽ മതി ഇവളെയും കൊണ്ട് ഞാൻ നിന്റെ മുൻപിലേക്ക് വരാം… പോകാനൊരുങ്ങിയ വൈശാഖിനെ തടഞ്ഞുനിർത്തി കൊണ്ട് അശ്വിൻ പറഞ്ഞു.
വൈശാഖ് അശ്വിനെ രൂക്ഷമായി നോക്കി കൊണ്ട് ഒന്നും പറയാതെ താഴേക്ക് പോയി.
കഷ്ടം! ശിവയെ നോക്കി ദേഷ്യത്തോടെ അതും പറഞ്ഞു അശ്വിൻ താഴേക്ക് പോയി.
ശിവ വേഗം പാത്തൂനെ അന്ന്വേഷിച്ചു അവർ സ്ഥിരം ഇരിക്കുന്ന ഗ്രൗണ്ടിലേക്ക് പോയി.
ശിവ വരുന്നത് ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ അച്ചായന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
അവൾ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.
കുറച്ചുനേരം അവരോട് സംസാരിച്ചു പാത്തുവും ശിവയും പോകാനൊരുങ്ങിയപ്പോഴാണ് അശ്വിൻ അവിടേക്ക് വരുന്നത്.
ഇക്ക എവിടെയായിരുന്നു ഇതുവരെ..? കാത്തിരുന്നു മടുത്തു മനുഷ്യൻ… പാത്തു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
നിന്റെ ഫ്രണ്ടിനെ കുറച്ച് തന്റേടം പഠിപ്പിച്ചു കൊടുക്ക്.. ഇനിയും ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇവളെ ഞാൻ കണ്ടാൽ അമ്മയാണ് സത്യം അവിടെവെച്ചുതന്നെ ഇവളെ ഞാൻ അടിക്കും, പറഞ്ഞില്ല എന്ന് വേണ്ട.. ദേഷ്യത്തോടെ അശ്വിൻ അതും പറഞ്ഞു അവിടെ നിന്നും പോയി.
ബാക്കിയുള്ളവരെല്ലാം സംഭവം എന്താണെന്നറിയാതെ മിഴിച്ചു നിന്നു.
ശിവയിൽ നിന്നും ഉണ്ടായതെല്ലാം അറിഞ്ഞപ്പോൾ അച്ചായന്റെ രക്തം തിളച്ചു.
ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല, ഇനി മേലാൽ അവൻ നമ്മുടെ കൂട്ടത്തിൽ ഒന്നിന്റെ നേരെയും ഒരു വിരൽ പോലും ഉയർത്താൻ പാടില്ല അച്ചായൻ ദേഷ്യത്തോടെ എഴുന്നേറ്റു.
അവനെ പറഞ്ഞു മനസ്സിലാക്കാൻ അവർ നാലുപേരും ഒരുപാട് പാടുപെട്ടു.
ഇപ്പോൾ അവൻ കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. ഇനി നമ്മൾ ഇടപെട്ട് പ്രശ്നം വലുതായാൽ ഒരു സസ്പെൻഷനിൽ കാര്യങ്ങൾ ഒതുങ്ങില്ല. ഇത്തവണ ശാഹുൽ സാർ വരെ നമ്മുടെ കൂടെ നിൽക്കില്ല. അതുകൊണ്ട് ഈ തവണ ക്ഷമിക്കുന്നതാണ് നല്ലത്. അവർക്കുള്ളത് നമ്മൾക്ക് അവസരം പോലെ കൊടുക്കാം. അവനെ തടഞ്ഞു നിർത്തി കൊണ്ട് കാർത്തി പറഞ്ഞു.
പാത്തുവും ശിവയും കാർത്തിയെ അനുകൂലിച്ചു.
അച്ചായനെ ഒരുവിധം അവർ പറഞ്ഞു സമാധാനിപ്പിച്ചു.
എല്ലാം കഴിഞ്ഞപ്പോഴാണ് ശ്യാമിന്റെ വക ഒരു ഡയലോഗ്..
കണ്ടോ കണ്ടോ അന്തപ്പനു ഒരു സഹോദരന്റെ ഉത്തരവാദിത്വമൊക്കെ വന്നു. പെങ്ങളെ തൊട്ടപ്പോൾ ആങ്ങളയ്ക്കു സഹിച്ചില്ല.. കൊച്ചു കള്ളൻ അവൻ അച്ചായനെ നോക്കി പറഞ്ഞു.
ഇവനെ ഇന്ന് ഞാൻ എന്നും മനസ്സിൽ പറഞ്ഞു അച്ചായൻ അവനെ ദയനീയമായി ഒന്നു നോക്കി.
ചെറ്റ.. പറഞ്ഞു പറഞ്ഞു ഇവൻ ഇവളെ എന്റെ സഹോദരി ആകുമോ കർത്താവേ.. അവൻ മനസ്സിൽ ശ്യാമിന് അന്ത്യകൂദാശ നൽകി.
എല്ലാവരോടും യാത്ര പറഞ്ഞു ശിവയും പാത്തുവും അവിടെനിന്നും പോകുമ്പോൾ അച്ചായന്റെ കണ്ണുകൾ ശിവയിൽ തന്നെയായിരുന്നു.
**********************************
ഇന്നാണ് പാത്തൂനെ പെണ്ണുകാണാൻ വരുന്ന ദിവസം.
അച്ഛനോട് പറഞ്ഞു ശിവ നേരത്തെതന്നെ പാത്തുവിന്റെ
വീട്ടിലേക്ക് പോയി.
വീടിന്റെ മുൻപിൽ തന്നെ അവളെയും പ്രതീക്ഷിച്ചു പാത്തു നിൽപ്പുണ്ടായിരുന്നു.
ശിവയെ കണ്ടതും അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു.
അവളെയും ചേർത്തു പിടിച്ച് അകത്തേക്ക് കൊണ്ടുപോയി.
അപ്പോഴേക്കും അശ്വിനും കൂട്ടരും എത്തി.
പാത്തുവിന്റെ വീട്ടുകാർക്ക് അവരോടുള്ള പെരുമാറ്റത്തിൽ നിന്ന് തന്നെ അറിയാം പാത്തു എത്രമാത്രം അവരെ കുറിച്ചൊക്കെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന്. എല്ലാവരോടും അവർ നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറി.
കുറച്ചു കഴിഞ്ഞപ്പോൾ ചെക്കനും കൂട്ടരും എത്തി എന്ന് പറയുന്നത് കേട്ടു പാത്തു വിന്റെ ഉമ്മ അവർക്കായി തയ്യാറാക്കിയ ജ്യൂസ് ക്ലാസ്സിലേക്ക് പകർത്തി.
അവളെ വിളിച്ച് ജ്യൂസിന്റെ ട്രൈ അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു.
നിനക്കൊന്നു നന്നായിട്ട് ഒന്ന് ഒരുങ്ങി കൂടായിരുന്നോ…? ഉമ്മ അവളെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.
ഒന്നു പോ ഉമ്മ.. എന്നെ ഇങ്ങനെ കണ്ടു ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി. അതും പറഞ്ഞു അവൾ മുഖംതിരിച്ചു.
പിന്നെ.. മുടങ്ങാൻ പോകുന്ന കല്യാണത്തിന് കുറെ ഒരുങ്ങായിട്ടാ… അവൾ ശബ്ദം താഴ്ത്തി ശിവയോട് പറഞ്ഞു.
ശിവ കണ്ണുമിഴിച്ച് പാത്തുവിനെ നോക്കി.
അവൾക്കൊരു പുഞ്ചിരി കൊടുത്തു ജ്യൂസുമായി അവൾ ഹാളിലേക്ക് പോയി.
സാധാരണ പെൺകുട്ടികളിൽ കണ്ടുവരുന്ന ഒരു നാണവും അവൾക്കില്ല. ഒരു കൂസലുമില്ലാതെ അവൾ അവർക്കു മുൻപിലേക്ക് ചെന്നു.
കൈയിലെ ജ്യൂസ് എല്ലാവർക്കും കൊടുക്കാനായി അവളുടെ ഉപ്പ പറഞ്ഞു.
ചെക്കനെ നന്നായി നോക്കിക്കോ… പിന്നെ കണ്ടില്ല എന്ന് പറയരുത്.
ജ്യൂസ് കൊടുക്കുന്നതിനിടയിൽ ശ്യാം വിളിച്ചു പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരിച്ചു.
അവൾ തന്റെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങിയ ആളുടെ മുഖത്തേക്ക് നോക്കി.
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക