സഖാവ് – Part 7

5244 Views

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

” തന്നെ നോക്കി പുഞ്ചിരിയോടെ ജ്യൂസ് വാങ്ങുന്ന ആളെ കണ്ടതും പാത്തുവാകെ മിഴിച്ചുനിന്നു.

തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ അവൾ വീണ്ടും വീണ്ടും അയാളെ നോക്കി.

പിന്നെ എന്തോ ഓർത്തത് പോലെ അവൾ ബാക്കി എല്ലാവരെയും നോക്കി.

എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി എല്ലാംകൂടി ഒത്തുകളിച്ചതാണെന്ന്.

എല്ലാവരെയും രൂക്ഷമായി ഒന്ന് നോക്കി അവൾ അകത്തേക്ക് പോയി.

അങ്ങോട്ട് നല്ല പുഞ്ചിരിയോടെ പോയ ആൾ ഇങ്ങോട്ട് മുഖം വീർപ്പിച്ചു വരുന്നത് കണ്ടു ശിവ അവളെ തന്നെ നോക്കി നിന്നു.

നീയിങ്ങു വന്നേ.., എന്നും പറഞ്ഞു ശിവയെയും വിളിച്ച് അവൾ റൂമിലേക്ക് പോയി.

എല്ലാരും കൂടെ എന്നെ പറ്റിച്ചതാണോ…? നീയും അതിന് കൂട്ടുനിന്നോ…? അവൾ ശിവയെ നോക്കി ചോദിച്ചു.

ശിവ എന്ത് എന്നർത്ഥത്തിൽ അവളെ ഒന്നു നോക്കി.

കാണാൻ വന്നിരിക്കുന്നത് ആരാണെന്നറിയാമോ….? നമ്മുടെ സൂപ്പർ ഹീറോ ഷാഹുൽ സാർ..
അവൾ നാണം കലർന്ന പുഞ്ചിരിയോടെ പറഞ്ഞു.

പാത്തു പറയുന്നത് കേട്ട് ശിവയുടെ കണ്ണുകളും വിടർന്നു.

ഇല്ലെടി എനിക്കൊന്നും അറിയില്ല. ഞാൻ നീ പറയുമ്പോഴാ അറിയുന്നത്. അവൾ പാത്തുവിനെ നോക്കി പറഞ്ഞു.

ഇത് നമ്മുടെ ബ്രദേഴ്സ് അറിഞ്ഞുകൊണ്ടുള്ള കളിയാ.
അവർക്കുള്ളത് വഴിയേ കൊടുത്തോളാം, അവസരം വരും
അവൾ ഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അവളുടെ ഉമ്മ വന്നു ചെറുക്കനും പെണ്ണിനും സംസാരിക്കാൻ സാറിനെയും കൊണ്ടു മുകളിലേക്ക് പോകാൻ പറഞ്ഞു അവളോട്‌.

അവൾ മുകളിലെത്തി കുറച്ചു സമയം കഴിഞ്ഞിട്ടാണ് ഷാഹുൽ സാർ അവിടേക്ക് വന്നത്.

ബാൽക്കണിയിൽ പുറത്തേക്ക് നോക്കി പുറം തിരിഞ്ഞുനിൽക്കുന്ന പാത്തുവിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി അയാൾ ഒന്നു ചെറുതായി ചുമച്ചു.

തന്റെ പുറകിൽ സാർ എത്തിയതും അവൾ നാണത്തോടെ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി.

തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന സാറിന് നേരെ അവളും ഒരു പുഞ്ചിരി നൽകി.

അതേയ്‌ എനിക്കീ മരം ചുറ്റി പ്രേമമൊന്നും വശമില്ലട്ടോ.. തന്നെ കണ്ടു അന്നു തന്നെ എന്തോ പ്രത്യേകത എനിക്ക് തോന്നിയിരുന്നു. പിന്നെ നിന്റെ ആ പച്ചമുളക് സംഭവം ഒക്കെക്കൂടി നീ നേരെ എന്റെ ഹൃദയത്തിൽ കേറി ഇരുന്നു.
ഏതായാലും വീട്ടുകാർ പെണ്ണ് അന്വേഷിക്കുന്ന ടൈം ആണ് അപ്പോ പിന്നെ നിന്നെ തന്നെ ഒന്ന് ആലോചിച്ചാലോ എന്ന് തോന്നി.
അതാണ് അശ്വിനെയും കൂട്ടുകാരെയും കാര്യങ്ങൾ ഏൽപ്പിച്ചത്, അവരാണ് ബാക്കി കാര്യങ്ങൾ മുന്പോട്ടു കൊണ്ടുപോയത്. ഇവിടെ വന്നു നിന്റെ വീട്ടുകാരുമായി ആലോചിച്ചു കാര്യങ്ങൾക്ക് ഒരു തീരുമാനമുണ്ടാക്കിയതും അവരാണ്. സാറ് പറയുന്നത് കേട്ടു പാത്തു അത്ഭുതത്തോടെ നോക്കി.

ദുഷ്ടന്മാർ എന്നിട്ടെന്നോട് ഒരു വാക്കുപോലും ആരും പറഞ്ഞില്ല അവൾ മെല്ലെ പറഞ്ഞു.

താൻ എന്തെങ്കിലും പറഞ്ഞോ…? സാർ അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

തനിക്ക് ഇഷ്ടമല്ലെങ്കിൽ ഇപ്പോൾ തന്നെ പറയാം, എനിക്ക് കുഴപ്പമൊന്നുമില്ല അയാൾ ഒരു മറുപടിക്ക് വേണ്ടി അവളെ നോക്കി.

അവളിൽ നിന്നും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ഉണ്ടായതും സാറിന്റെ മുഖത്തും ഒരു ചിരി വിടർന്നു.

നിന്റെ പഠിപ്പ് കഴിഞ്ഞിട്ട് മതി വിവാഹം അതുവരെ കോളേജിൽ ഇത് ആരും അറിയരുത്. ഞാൻ നിന്നെ പഠിപ്പിക്കുന്ന അധ്യാപകൻ അല്ലേ, കോളേജിൽ അറിഞ്ഞാൽ പലരും പലതും പറയും, അതുകൊണ്ട് നമുക്ക് ഇതു രഹസ്യമായി വയ്ക്കാം അല്ലേ..?

അവൾ അതിനു ഒരു പുഞ്ചിരി നൽകി.

ഞങ്ങൾ അങ്ങോട്ടേക്ക് വന്നോട്ടെ….? കാർത്തിയുടെ ശബ്ദം കേട്ടുഅവർ രണ്ടാളും തിരിഞ്ഞുനോക്കിയപ്പോൾ അവരെല്ലാം കൂടെ അങ്ങോട്ട് ഇടിച്ചുകയറി വന്നു.

അപ്പോൾ പാത്തുമ്മ കലാപരിപാടി അങ്ങ് ആരംഭിച്ചാലോ ശ്യാം അവളെ നോക്കി ചോദിക്കുന്നത് കേട്ടു അവൾ എന്ത് എന്ന സംശയത്തിൽ അവനെ നോക്കി.

അല്ല നീയല്ലേ പറഞ്ഞത് വരുന്ന ചെക്കനെ കുനിച്ചു നിർത്തി രണ്ടെണ്ണം പൊട്ടിക്കണം എന്ന്.
രണ്ടെണ്ണമോ മൂന്നെണ്ണമോ വേണേൽ പൊട്ടിച്ചോ ഞങ്ങൾ എന്തിനും റെഡി, ഈ കല്യാണം കൊളമാക്കി സാറിന്റെ കയ്യിൽ കൊടുത്തേക്ക് അവൻ പറയുന്നത് കേട്ടു പാത്തു അവനെ കണ്ണുരുട്ടി നോക്കി.

ഷാഹുൽ സാർ അവരുടെ ചേഷ്ടകളോക്കെ ആസ്വദിച്ചു ഒരു പുഞ്ചിരിയോടെ നിന്നു.

എല്ലാം കൂടെ എന്നെ പറ്റിച്ചല്ലേ..? അവൾ മുഖത്ത് ദേഷ്യം വരുത്തി ചോദിച്ചു.

സോറി മോളെ ഇതൊക്കെ ഒരു രസമല്ലേ…? നിന്റെ സങ്കടം കണ്ടപ്പോൾ പറയട്ടെ എന്നു വിചാരിച്ചതാണ്… പക്ഷേ പറഞ്ഞാൽ നിന്നിൽ ഇന്നു കണ്ട ഭാവങ്ങളോക്കെ ഞങ്ങൾക്ക് നഷ്ടമായേനെ കാർത്തി അതും പറഞ്ഞ് അവളെ തോളിലൂടെ കൈയിട്ടു.

ഇതിൽ കഥയറിയാതെ ആട്ടം ആടിയത് ശിവയും നീയും മാത്രമാണ്, ബാക്കിയുള്ളവർക്കെല്ലാം കാര്യങ്ങളൊക്കെ അറിയാം.. അച്ചായൻ പറയുന്നത് കേട്ടു ശിവയും പാത്തുവും അന്തം വിട്ടു നിന്നു.

കുറച്ചു സമയത്തെ കളിയാക്കലും തമാശ പറച്ചിലിന് ശേഷം സാർ യാത്ര പറഞ്ഞിറങ്ങി.

പോകാൻനേരം ഇടം കണ്ണാലെ പാത്തുവിനെ നോക്കുന്നത് കണ്ടു അവളുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു.

വിവാഹത്തിന്റെ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാമെന്ന ഉറപ്പിൽ അവരെല്ലാവരും പിരിഞ്ഞു.

നാളെ കാണാം എന്ന് പറഞ്ഞ് ശിവയും യാത്ര പറഞ്ഞിറങ്ങി.

&&&&&&&&&&&&&&&

രാവിലെ അമ്മച്ചിയുടെ പരിഭവം പറച്ചിൽ കേട്ടാണ് അച്ചായൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.

തലവഴിയിട്ട പുതപ്പ് മെല്ലെ മാറ്റി പാടുപെട്ട് കണ്ണുകൾ വലിച്ചു തുറന്നു അച്ചായൻ ഉറക്കച്ചടവോടെ അവിടെ തന്നെ കിടന്നു.

പിന്നെയും അമ്മച്ചിയുടെ ശബ്ദം ഉയർന്നു വന്നപ്പോൾ അവൻ പതിയെ പുതപ്പുമാറ്റി എഴുന്നേറ്റ് അടുക്കളയിലേക്ക് വച്ചുപിടിച്ചു.

അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയാണ് അമ്മച്ചി.

മൊത്തം ദേഷ്യവും ആ പാത്രത്തിനോട്‌ തീർക്കുന്നുണ്ട്.

അതുകണ്ട് അച്ചായന് ചിരി വരുന്നുണ്ട്.

എന്നതാ എന്റെ ത്രേസ്യ കുട്ടിക്ക് രാവിലെ തന്നെ നല്ല കലിപ്പിലാണല്ലോ….? എന്നാ പറ്റി..? അവൻ അമ്മയെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു.

നീ ഒന്നും പറയണ്ട ഒരവധി ദിവസമായിട്ട് പോലും നിനക്ക് നേരത്തെ ഒന്നെണീറ്റ് അമ്മച്ചിയോടൊപ്പം ഒന്നടുക്കളയിൽ വന്നൂടെ..? ഞാനെന്നും ഒറ്റയ്ക്കല്ലേ ഇതിനകത്ത്, ഒന്നും സഹായിച്ചില്ലെങ്കിലും വേണ്ടില്ല എന്റെ കൂടെ വർത്താനം പറഞ്ഞെങ്കിലും ഇരുന്നൂടെ..? എത്രയാ എന്ന് വെച്ചാണ് ഞാൻ ഇങ്ങനെ ഒറ്റയ്ക്കിരിക്കുന്നത്…?
അല്ലെങ്കിൽ നീ എന്റെ ശിവമോളെ ഇങ്ങോട്ടു കൊണ്ടു വാ… അപ്പോൾ എനിക്ക് കൂട്ട് ആവുമല്ലോ..? അതെങ്ങനാ അവൻ നാളും മുഹൂർത്തവുമൊക്കെ നോക്കി ഇരിക്കുവല്ലേ ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ…? നീ ഇങ്ങനെ നാളും മുഹൂർത്തമൊക്കെ നോക്കിയിരുന്നോ ഇഷ്ടം പറഞ്ഞു ചെല്ലുമ്പോഴേക്കും ആ കൊച്ചിനെ വല്ല ആൺ പിള്ളേരും കൊണ്ടുപോകും നോക്കിക്കോ…?
അമ്മച്ചി തെല്ലു ദേഷ്യത്തോടെ പറഞ്ഞു.

എന്റെ പൊന്നമ്മച്ചി അപ്പോ അതാണ് കാര്യം ഞാൻ അവളോട് ഇതുവരെ ഇഷ്ടം പറയാത്തതിന്റെ ദേഷ്യമാണ് ഈ പാവം പത്രങ്ങളോട് തീർക്കുന്നതല്ലേ…?
എന്റെ ത്രേസ്സ്യക്കുട്ടി ഒന്നു ക്ഷമിക്ക് എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കു സമയം വേണം അതോണ്ടല്ലേ ഞാൻ ഇങ്ങനെ ക്ഷമിക്കുന്നത്, അമ്മച്ചി നോക്കിക്കോ ശിവയോട് വൈകാതെ തന്നെ ഞാൻ എന്റെ ഇഷ്ടം പറയും അവൻ അമ്മച്ചിയെ നോക്കി പറഞ്ഞു.

മ്മ് മ്മ് പറഞ്ഞാൽ നിനക്ക് നല്ലത്, അല്ലേ ആ കൊച്ചിനെ കൊണ്ട്പോവാൻ നല്ല ഉശിരുള്ള ആൺ പിള്ളേർ വേറെ വരും..

എന്റെ പൊന്നമ്മച്ചി ചങ്കിൽ കൊള്ളുന്ന വർത്താനം ഒന്നും പറയരുത്, ഇങ്ങനെയൊക്കെ പറഞ്ഞു മകന്റെ കോൺഫിഡൻസ് കളയുകയാണോ…?
ആശിർവദിച്ചിട്ടില്ലെങ്കിലും വേണ്ടില്ല.. തളർത്തരുതമ്മച്ചി.. തളർത്തരുത്.. അവൻ മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞു.

മകന്റെ ആ ഭാവം കണ്ടതും ത്രേസ്യയുടെ ചുണ്ടിൽ ചിരി വിടർന്നു.

അമ്മച്ചിയുടെ മുഖം തെളിഞ്ഞതും അവൻ ആ കവിളിൽ അമർത്തി ഒന്നു ചുംബിച്ചു ഫ്രഷ് ആവാൻ റൂമിലേക്ക് പോയി.

ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് കയറാൻ തുടങ്ങിയ അച്ചായൻ എന്തോ ഓർത്തിട്ടെന്നപോലെ അലമാരയുടെ അടുത്തേക്ക് നീങ്ങി.
അതിൽ നിന്നും താൻ നിധിപോലെ സൂക്ഷിക്കുന്ന വളപ്പൊട്ടുകൾ കയ്യിലെടുത്തു.

കുറച്ചുസമയം അതിലേക്ക് തന്നെ ഒരു പുഞ്ചിരിയോടെ നോക്കിനിന്നു.

അത് ശരി നീ ഫോണും ഓഫ് ചെയ്തു വെച്ച് ഇവിടെ സ്വപ്നം കണ്ടുകൊണ്ട് നിൽക്കുകയാണോ…? കാർത്തിയുടെ ശബ്ദം കേട്ടാണ് അവൻ പുറകിലേക്ക് നോക്കിയത്.
അപ്പോളുണ്ട് തന്നെ തന്നെ നോക്കി നിൽക്കുന്ന കാർത്തിയും ശ്യാമും നോട്ടം കണ്ടാൽ തോന്നും താൻ എന്തോ തെറ്റ് ചെയ്‌തെന്ന്..

ന്താടാ രണ്ടാളും എന്താ എന്നെ നോക്കി പേടിപ്പിക്കുന്നത്….? അവരെ നോട്ടം കണ്ടിട്ട് അച്ചായൻ സംശയത്തോടെ ചോദിച്ചു.

പൊന്നുമോൻ ഇന്നലെ ഞങ്ങളോടെന്തെങ്കിലും പറഞ്ഞിരുന്നോ..?

ഇല്ലല്ലോ അച്ചായൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു.

ഇല്ലെടാ തെണ്ടീ അന്തപ്പാ.. അച്ചുവിന്റെ വീട്ടിൽ പോകാൻ രാവിലെ എട്ടുമണിക്ക് വണ്ടിയുമായി വരാമെന്ന് പറഞ്ഞിരുന്നോ…? കാർത്തി ദേഷ്യത്തോടെ അവനരികിലേക്ക് വന്നു ചോദിച്ചു.
അതു പറഞ്ഞു അതിനെന്താ ഇപ്പൊ….?

നീ എട്ടുമണി എന്നല്ലേ പറഞ്ഞത് എന്നിട്ടിപ്പോ സമയം നോക്കെടാ പുല്ലേ ശ്യാം കുറച്ചു ദേഷ്യത്തിൽ പറഞ്ഞു..

പത്തുമണിയല്ലേ ആയുള്ളൂ അതിനാണോ നിങ്ങൾ ഇങ്ങനെ കിടന്നു തുള്ളുന്നത്..? അച്ചായന്റെ മറുപടി കേട്ട് ഇരുവർക്കും ദേഷ്യം വന്നു.

മണിക്കൂർ രണ്ടായി നിന്നെയും കാത്തു ആ ജംഗ്ഷനിൽ നിക്കാൻ തുടങ്ങിയിട്ട് ഇരുന്നിരുന്നു മനുഷ്യന്റെ ഉപ്പാടിളകി എന്നിട്ടവൻ ചോദിക്കുന്നത് കണ്ടില്ലേ പത്തുമണിയല്ലേ ആയുള്ളൂ എന്ന്
കാർത്തി കലിപ്പിൽ പറഞ്ഞു.

ശരിയാണ് ഇന്ന് അച്ചുവിന്റെ വീട്ടിൽ പോകാം എന്ന് പറഞ്ഞതാണ്, പക്ഷെ ഞാൻ ആ കാര്യം വിട്ടു പോയി അതിവന്മാരോട് പറഞ്ഞാൽ ഇപ്പോൾ എന്റെ പുറം പള്ളിപ്പുറം ആക്കും അതുകൊണ്ട് മിണ്ടാതെ നിക്കുന്നതാ ബുദ്ധി.
അവർ രണ്ടുപേർക്കും നൈസായി ഒന്ന് ചിരിച്ചു കൊടുത്തു അച്ചായൻ ബാത്റൂമിലേക്കോടി..

എന്താ അറിയൂല അവിടെ നിന്നിട്ടാവും വല്ലാത്ത വിശപ്പ് ശ്യാം അതും പറഞ്ഞു അടുക്കള ലക്ഷ്യമാക്കി നീങ്ങി.

അമ്മച്ചി അപ്പോഴേക്കും മൂന്നാൾക്കും കഴിക്കാൻ ഉള്ളതൊക്കെ റെഡിയാക്കിയിരുന്നു.
ഭക്ഷണം കഴിച്ച് അശ്വിന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി.

ഒരു ഒഴിവു ദിവസമായിട്ടു പോലും അച്ചായൻ വീട്ടിൽ ഇരിക്കാത്തതിന്റെ പരിഭവം അമ്മച്ചിക്ക് നല്ലവണ്ണമുണ്ട്.

അമ്മച്ചിയെ സോപ്പിട്ട് കുപ്പിയിലാക്കി അച്ചായൻ അവരോടൊപ്പം ഇറങ്ങി.

**********************************

വീട്ടിൽ നട്ടുപിടിപ്പിച്ച വാഴയ്ക്കും ചേനയ്ക്കുമൊക്കെ തടമെടുക്കുവാണ് അശ്വിൻ കൂടെ അശ്വിനിയും അനുമോളും ഉണ്ട്.

ദേ അച്ചുവേട്ടാ ഇവളെന്റെ
കാലിലേക്കു മനപ്പൂർവം മണ്ണാക്കുവാ കാലിലെ മണ്ണിലേക്കും അശ്വിനിയുടെ മുഖത്തേക്കും നോക്കി അനുമോൾ കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു.

ഇല്ല ഏട്ടാ… ഞാൻ ഈ മൺവെട്ടിയിൽ നിന്നും മണ്ണ് കളഞ്ഞതാണ്, അല്ലാതെ ഇവളുടെ കാലിൽ മനപ്പൂർവ്വം ആക്കിയതല്ല.. അശ്വിനി ചേട്ടനെ നോക്കി പറഞ്ഞു

അല്ല ഏട്ടാ… ഈ ചേച്ചി മനപ്പൂർവം ചെയ്തതാണ് എനിക്കറിയാം..
അനുമോൾ വീണ്ടും അവളെ കുറ്റപ്പെടുത്തി.

മനപ്പൂർവം ചെയ്തതാണെങ്കിൽ നീ അങ്ങ് സഹിക്ക് അശ്വിനിയും വിട്ടുകൊടുത്തില്ല.

അങ്ങനെ സഹിക്കാനൊന്നും എന്നെ കിട്ടില്ല എന്നും പറഞ്ഞ് അവൾ ഒരുപിടി മണ്ണ് വാരി ചേച്ചിയുടെ ദേഹത്ത് ഇട്ടു.

കണ്ടോ ഏട്ടാ ഇവളീ ചെയ്തത് കണ്ടോ..? ദേഹത്ത് മണ്ണ് വീണതും നോക്കി അശ്വിനി ഏട്ടനോട് പരാതി പറഞ്ഞു.

ദേ രണ്ടും കൂടി ഇവിടെ കിടന്നു അടി കൂടാനാണ് ഉദ്ദേശമെങ്കിൽ രണ്ടിനെയും തൂക്കിയെടുത്ത് ഞാൻ വല്ല പൊട്ടക്കിണറ്റിലും കൊണ്ടിട്ടും പറഞ്ഞില്ലാന്ന് വേണ്ട
അശ്വിൻ ദേഷ്യത്തോടെ പറഞ്ഞു.

അല്ലെങ്കിലും ഏട്ടനിപ്പോൾ ഞങ്ങളെയൊന്നും വേണ്ട എന്തിനുമേതിനും ഇപ്പോൾ പാത്തു ഉണ്ടല്ലോ, അവളെ മതി നമ്മളെയൊന്നും ഇപ്പോൾ വേണ്ട ചേച്ചി.. അനുമോൾ സങ്കടത്തോടെ പറഞ്ഞു.

അപ്പോൾ അവിടെയ്ക്കാണ് മക്കളെ പോക്ക് ഞാൻ പാത്തൂനെ പറയുന്നത് രണ്ടാൾക്കും പിടിക്കുന്നില്ല, അതെനിക്ക് നിങ്ങളുടെ മുഖം കാണുമ്പോൾ അറിയുന്നുണ്ട്. വല്ലാത്ത കുശുമ്പ് തന്നെ രണ്ടിനും അവൻ ചെറുചിരിയോടെ പറഞ്ഞു.

കുശുമ്പ് ഒന്നുമില്ല ഏട്ടാ… ഞങ്ങൾക്ക് കിട്ടേണ്ട സ്നേഹം വേറൊരാൾ കൂടി പങ്കിട്ട് പോകുന്നതിന് ചെറിയൊരു സങ്കടം. അശ്വിനി യാണ് അതിനു മറുപടി പറഞ്ഞത്.

ഇതുതന്നെയാണ് കുശുമ്പ്, അതെങ്ങനെയാണ് നിങ്ങൾക്ക് നൽകേണ്ട സ്നേഹം ഞാൻ മറ്റൊരാൾക്ക് കൊടുക്കുന്നത്, നിങ്ങൾക്കു തരേണ്ട സ്നേഹം എന്നും നിങ്ങൾക്ക് തന്നെ കിട്ടും, എന്റെ പാത്തുമ്മയ്ക്ക് കൊടുക്കുന്ന സ്നേഹം അവൾക്കർഹതപ്പെട്ടതാണ്. അവളെ നേരിൽ കാണാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്, അവളെ കണ്ടാൽ എന്നെക്കാൾ കൂടുതൽ നിങ്ങൾ അവളെ സ്നേഹിക്കും എനിക്കുറപ്പുണ്ട്.
അവൻ അവരെ നോക്കി പറഞ്ഞു.

അച്ഛന്റെ സ്നേഹം നമ്മൾ അനുഭവിച്ചിട്ടില്ല, എന്റെ മക്കൾക്ക് അതിന്റെ ഒരു കുറവും വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്, നിങ്ങളെ പഠിപ്പിച്ച് ഒരു ജോലിയാക്കി സുരക്ഷിതമായ കൈകളിൽ നിങ്ങളെ ഏൽപ്പിച്ചു കൊടുക്കുന്നത് വരെ ഈ ഏട്ടന് വിശ്രമമില്ല, നാളെ നമ്മുടെ അമ്മയ്ക്ക് സംഭവിച്ചത് നിങ്ങൾ രണ്ടുപേർക്കും വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്, അതിനുള്ള ഓട്ട പാച്ചിലിൽ ആണ് ഏട്ടൻ ഇപ്പോൾ അതിനിടയിൽ സ്നേഹം കുറഞ്ഞു എന്നു തോന്നിയാൽ എന്റെ മക്കൾ ക്ഷമിക്കണം, തിരക്കിനിടയിൽ സംഭവിച്ചു പോകുന്നതാണ് അല്ലാതെ സ്നേഹം കുറഞ്ഞിട്ടോന്നുമല്ല, അശ്വിൻ രണ്ടാളെയും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

അയ്യേ.. എന്താ ഏട്ടാ ഇത് ഞങ്ങളെ ഏട്ടനെ ഞങ്ങൾക്കറിയില്ലേ, ഇത് ചുമ്മാഏട്ടനെ ചൂടാക്കാൻ പറയുന്നതല്ലേ അല്ലാതെ ഏട്ടൻ ഞങ്ങൾക്ക് തരുന്ന സ്നേഹത്തിൽ ഒരിഞ്ച് പോലും കുറഞ്ഞിട്ടില്ല എന്ന് ഞങ്ങൾക്കറിയാം, അതൊന്നും കാര്യമാക്കേണ്ട, പാത്തു നോട് ഞങ്ങൾക്ക് ഒരു കുശുമ്പും ഇല്ല മാത്രമല്ല അവളെ ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹവുമുണ്ട് അശ്വിനി ചേട്ടന്റെ തോളോട് ചേർന്ന് പറഞ്ഞു.

അല്ല പിന്നെ,, ഞങ്ങളെ ഏട്ടനോടല്ലാതെ ഞങ്ങൾ ആരോടാ പിന്നെ ഇങ്ങനെയൊക്കെ സംസാരിക്കാ..
ഈ ഏട്ടനെ ഞങ്ങൾക്കറിയില്ലേ ഞങ്ങളെ ജീവനല്ലേ ഏട്ടൻ അനുമോൾ അതും പറഞ്ഞ് അശ്വിന്റെ കവിളിൽ അമർത്തി ചുംബിച്ചു.

തന്റെ മൂന്നു മക്കളുടെയും സ്നേഹപ്രകടനം കണ്ട് അമ്മ നിർമ്മല തന്റെ കണ്ണ് തുടച്ചു.

ഇതെന്താ ഏട്ടനും പെങ്ങമ്മാരും പെരുവഴിയിൽ നിന്നൊരു സ്നേഹപ്രകടനം അവിടേക്ക് കയറിവന്ന കാർത്തി ചോദിച്ചു.
പിറകെ തന്നെ ചിരിച്ചുകൊണ്ട് അച്ചായനും ശ്യാമും എത്തി.

ഓ വന്നല്ലോ വാനരപ്പട അവരെ നോക്കി അനുമോൾ പറഞ്ഞു.

വാനരപ്പടയോ അതു നിന്റെ മറ്റവനെ പോയി വിളിയെടീ കാന്താരീ ശ്യാം അവളെ അടിക്കാൻ ഓങ്ങുന്ന പോലെ കൈ പൊക്കി പറഞ്ഞു.

ഒന്നു പോ ശ്യാമേട്ടാ അദ്ദേഹത്തെ ഞാൻ അങ്ങനെ ഒന്നും വിളിക്കൂല അവൾ നാണത്തോടെ നിലത്തു കാലുകൾ കൊണ്ട് കളം വരച്ചു കൊണ്ട് പറഞ്ഞു.

എടീ ഭയങ്കരീ മുട്ടയിൽ നിന്നു വിരിഞ്ഞില്ല അപ്പോഴേക്കും അവളുടെ ആഗ്രഹം കണ്ടില്ലേ..?
ഞങ്ങൾ ചേട്ടൻമാർ നിൽക്കുന്നതൊന്നും അവൾ കാണുന്നില്ലേ..? ശ്യാം മുഖത്തു സങ്കടം വരുത്തികൊണ്ടു പറഞ്ഞു.

നിങ്ങളൊക്കെ വേണേൽ കെട്ടിക്കോ അച്ചുവേട്ടനെ പിജി കഴിഞ്ഞാൽ ഞങ്ങൾ പിടിച്ചു കെട്ടിക്കും നോക്കിക്കോ…? അനുമോൾ പറയുന്നത് കേട്ട് അവര് നാലാളും വാ പൊളിച്ചു നിന്നു പോയി.

നമ്മൾക്ക് ആ ശിവ ചേച്ചിയെ ആലോചിച്ചാലോ…? അശ്വിനി അത് പറഞ്ഞതും അശ്വിന്റെ മുഖം ഇരുണ്ടു.

അതുവരെ ചിരിച്ചുകൊണ്ടിരുന്നു അച്ചായന്റെ മുഖവും മങ്ങി.
അവൾ തമാശയിൽ പറഞ്ഞതാണെങ്കിലും അവന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി.

പോ പിള്ളേരെ കൊച്ചു വായിൽ വലിയ വർത്താനം പറഞ്ഞു കൊണ്ടുവരും രണ്ടിനും എന്റെ കയ്യിൽ നിന്ന് നല്ല പെട കിട്ടും ഓർത്തോ…? അമ്മ അവർക്കുള്ള കാപ്പിയുമായി വന്നു കൊണ്ടുപറഞ്ഞു.

ഹാവൂ താങ്ക് യൂ അമ്മാ ഇവിടെ നിന്നും എങ്ങനെ രക്ഷപ്പെടും എന്ന് വിചാരിച്ച് നിൽക്കുകയായിരുന്നു.
കയ്യിലുള്ള മൺവെട്ടിയും കുട്ടയും അവിടെ ഇട്ട് രണ്ടുപേരും അവിടെ നിന്ന് ഓടി.

ടീ ഇതുകൂടി തീർത്തിട്ട് പോകാം അശ്വിൻ അവരോട് വിളിച്ചുപറഞ്ഞു.

ബാക്കി ഇനി ഏട്ടന്റെ വാനരപ്പടയെ കൊണ്ട് എടുപ്പിച്ചോ ഞങ്ങൾ പോവുകയാണ് ഓടുന്നതിനിടെ അനുമോൾ വിളിച്ചുപറഞ്ഞു.

എന്നാ വേഗം വാ മക്കളെ കളത്തിലിറങ്ങിക്കോ നമ്മൾ നാലാളും ഒത്തുപിടിച്ചാൽ ഇത് പെട്ടെന്ന് തീരും അശ്വിൻ ബാക്കി മൂന്നു പേരോടുമായി പറഞ്ഞു.

അതൊക്കെ വേണോ മോനെ അച്ചുവേ മണ്ണ് ദേഹത്തായാൽ തിരിച്ചു വീട്ടിൽ ചെന്നാൽ അമ്മ വീട്ടീ കയറ്റൂലാ മാത്രവുമല്ല എനിക്കീ വിയർപ്പിന്റെ അസുഖമുള്ളതാ അതോണ്ട് ഇവരെ വേണേൽ കൂട്ടിക്കോ, ഞാനിവിടെ മാറി ഇരുന്നോളാം ശ്യാം വിനീതനായി കൊണ്ടു പറഞ്ഞു.

നീ ഇങ്ങോട്ട് ഇറങ്ങിയില്ലെങ്കിൽ നിന്റെ അസുഖമൊക്കെ ഞാൻ ഒറ്റ നിമിഷം കൊണ്ട് മാറ്റി തരും ഞാൻ അങ്ങോട്ട് വരണോ അതോ നീ ഇങ്ങോട്ട് ഇറങ്ങണോ അശ്വിൻ അവനെ നോക്കി പറഞ്ഞു.

ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടേണ്ട ഞാൻ അങ്ങോട്ട് വരാം രക്ഷയില്ല അന്തപ്പാ കളത്തിലിറങ്ങാം ഒത്തു പിടിച്ചാൽ മലയും പോരും എന്നല്ലേ ഒരു കൈ നോക്കാം. അതും പറഞ്ഞ് ശ്യാം അശ്വിന്റെ അടുത്തേക്ക് പോയി.

അച്ചായനും കാർത്തിയും ചിരിച്ചുകൊണ്ട് അവരോടൊപ്പം കൂടി.

അവര് ജോലി ചെയ്യുന്നത് നോക്കി ഒരു പുഞ്ചിരിയോടെ അമ്മ നിന്നു.

*********************************

വൈകീട്ട് മുത്തശ്ശി യോടൊപ്പം ഉമ്മറപ്പടിയിൽ ഇരുന്ന് ഓരോ കൊച്ചു വർത്താനവും പറഞ്ഞിരിക്കുകയാണ് ശിവ.
അച്ഛൻ ശിവനും അവരോടൊപ്പം കൂടുന്നുണ്ട്.

ആ സമയത്താണ് ഓപ്പോളും അനി മോളും മനുവും കൂടി അവിടേക്ക് വന്നത്.

വന്ന ഉടനെ ഓപ്പോൾ അച്ഛനെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ.

മുത്തശ്ശിയും ശിവയും അത്ഭുതത്തോടെ അവരെ നോക്കി.

എന്താടി എന്തിനാ ഇങ്ങനെ കരയുന്നത്..? ശിവൻ പെങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.

ഒന്നും പറയണ്ട ഏട്ടാ എനിക്കീ ജീവിതം മടുത്തു. ആകെ കഷ്ടപ്പാടാണ് ഏട്ടനിപ്പോൾ കാര്യമായിട്ട് പണിയൊന്നുമില്ല.
ഒരു പതിനായിരം രൂപയുടെ അത്യാവശ്യമുണ്ട്. ഞാൻ നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല ഏട്ടാ,.. ഓപ്പോൾ കണ്ണീര് തുടച്ചുകൊണ്ടു പറഞ്ഞു.

അതിനാണോ എന്റെ മോളിങ്ങനെ കരയുന്നെ അതു ഞാൻ തന്നാൽ പോരെ നീ ആ കണ്ണുതുടക്ക്. ശിവൻ അവളെ വാത്സല്ല്യത്തോടെ ചേർത്തു പിടിച്ചു പറഞ്ഞു.

എത്രയാ ഏട്ടാ ഏട്ടനെ ബുദ്ധിമുട്ടിക്കുന്നേ അതാ ഞാൻ… അതും പറഞ്ഞ് അവൾ ശിവനെ ഒന്നു നോക്കി.

ഞാൻ അന്യനൊന്നുമല്ലല്ലോ..? നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഞാൻ തന്നെയാണ് തരേണ്ടത്, നീ അതിനു വിഷമിക്കേണ്ട, അകത്ത് ചെന്ന് വല്ലതും കഴിക്കാൻ നോക്ക് ശിവൻ ഒരു ശാസനയോടെ പറഞ്ഞു.

ശിവന് പെങ്ങൾ എന്നുവെച്ചാൽ ജീവനാണ് അത് മുതലാക്കാൻ അവൾക്ക് നന്നായിട്ട് കഴിയും.

ശിവയും മുത്തശ്ശിയും പരസ്പരം മുഖത്തോട് മുഖം നോക്കി.
രണ്ടുപേർക്കും അറിയാം ഇത് ഓപ്പളിന്റെ അഭിനയമാണെന്ന്. പക്ഷേ അച്ഛനോട് പറഞ്ഞിട്ട് കാര്യമില്ല, പറ്റിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും അച്ഛൻ അറിയാത്തപോലെ നടിക്കുകയാണ്.

കുറച്ചു നേരം നിന്നിട്ട് മനു കവലയിലേക്ക് എന്നും പറഞ്ഞു ഇറങ്ങി പോയി.

ശിവയും അനിമോളും കൂടി ഓരോന്നൊക്കെ പറഞ്ഞിരുന്നു.
രാത്രി ഒരുമിച്ചാണ് എല്ലാവരും അത്താഴം കഴിച്ചത്. മനു അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല.

ഒരുപാട് പഠിക്കാൻ ഉള്ളതുകൊണ്ട് ശിവ ഏറെ വൈകിയാണ് കിടന്നത്.

രാത്രിയിൽ എന്തോ തന്റെ കാലിലൂടെ ഇഴയുന്നതുപോലെ തോന്നിയപ്പോൾ അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

ശിവ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു സ്വിച്ചിടാൻ വേണ്ടി നോക്കിയപ്പോഴേക്കും ആരോ അവളെ കടന്നു പിടിച്ചു.

ആരുടെയോ ബലിഷ്ഠമായ കൈകൾ തന്നെ വരിഞ്ഞു മുറുകുന്നത് അവൾ പേടിയോടെ അറിഞ്ഞു.
എത്ര കുതറിമാറാൻ ശ്രമിച്ചിട്ടും അവൾക്കാ കരവലയത്തിൽ നിന്നു രക്ഷപ്പെടാൻ കഴിയുന്നില്ലാരുന്നു.

നിലവിളിക്കാനായി വാ പൊളിച്ചതും അയാളുടെ കൈ അവളുടെ വായയ്ക്കു മുകളിൽ അമർന്നു.

എല്ലാ അർത്ഥത്തിലും താൻ നിസ്സഹയായി തീർന്നെന്നു അവൾ വേദനയോടെ ഓർത്തു.

തളരാൻ പാടില്ല ഇവിടെ തളർന്നാൽ തകർന്നു പോകുന്നത് തന്റെ ജീവിതമാണ് എന്ന് അവളുടെ ഉള്ളിലിരുന്നാരോ പറയുന്നത് പോലെ തോന്നി.

തന്റെ വായയുടെ മുകളിലുള്ള അയാളുടെ കൈ മുറുകുന്നതിനനുസരിച്ച് അവൾക്ക്
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി.

ശിവ സർവ്വശക്തിയുമെടുത്ത് തന്റെ വായുടെ മുകളിലുള്ള അയാളുടെ കയ്യിൽ ആഞ്ഞ് കടിച്ചു.
പെട്ടെന്നുള്ള ആക്രമണമായതിനാൽ അയാൾ വേദനയിൽ കൈ വലിച്ചു കൊണ്ടു കുടഞ്ഞു.
ആ സമയം അവൾ അയാളെ തള്ളിമാറ്റി ലൈറ്റ് ഓണാക്കി.

തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും ശിവ ഞെട്ടി കൊണ്ട് പിന്നോട്ടു മാറി.

മനു ഒരു തരം അറപ്പുളവാക്കുന്ന നോട്ടവുമായി അവളിലേക്ക് വീണ്ടും അടുത്തു.
മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ നാസികയിൽ തുളച്ചുകയറി.

വീണ്ടും അവൻ അവളെ കടന്നു പിടിക്കാൻ ശ്രമിച്ചതും എവിടുന്നോ ഒരു ശക്തി അവളിൽ വന്നുചേർന്നു.

തന്റെ കൈ വലിച്ചു അവന്റെ കരണം നോക്കി ഒന്ന് പുകച്ചു.

അവളുടെ ആ അടി അവൻ പ്രതീക്ഷിക്കാത്തതായിരുന്നു.
ഒരു കൈ അടി കിട്ടിയ കവിളിൽ പിടിച്ചുകൊണ്ട് തീപാറുന്ന കണ്ണുകളുമായി അവൻ വീണ്ടും അവളിലേക്ക് അടുത്തു.

അപ്പോഴേക്കും ശബ്ദം കേട്ടു മുത്തശ്ശിയും അച്ഛനും ഓടിവന്നു,

മുറിയിൽ മനുവിനെ ആ അവസ്ഥയിൽ കണ്ടതും അവർ ആകെ അമ്പരന്നു,

ശിവ ഒരു മൂലയിൽ നിൽക്കുന്നുണ്ട്, കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടെങ്കിലും അവളുടെ മുഖത്ത് ഒരുതരം പ്രത്യേക ഭാവമായിരുന്നു.

ദേഷ്യത്തോടെ തന്നെ അവൾ മനുവിനെ നോക്കുന്നുണ്ട്.

എന്താടാ നിനക്ക് ഇവിടെ കാര്യം..? അച്ഛൻ മനുവിനെ നോക്കി ചോദിച്ചു.

കുടിച്ചു ലക്കുകെട്ട നിൽക്കുന്ന തന്റെ അനന്തരവനെ അയാൾ ദയനീയമായി ഒന്ന് നോക്കി.

അപ്പോഴേക്കും ശബ്ദം കേട്ട് ഓപ്പോളും അനുമോളും വന്നു.

തന്റെ മകനെ ആ അവസ്ഥയിൽ കണ്ടതും മോനേ എന്നും വിളിച്ചു ഓപ്പോൾ അവന്റെ അടുത്തേക്ക് ചെന്നു.

എന്തു പറ്റിയെടാ..?
നീ ഇവനെ കണ്ണും കൈയും കാണിച്ച് വശീകരിച്ചോ മൂദേവി.. അവർ ദേഷ്യത്തോടെ ശിവയോട് ചോദിച്ചു.

നീ ഇതെന്തറിഞ്ഞിട്ടാ ഈ പറയുന്നത്…? ആദ്യം നീ നിന്റെ മകനെ ഒന്ന് സൂക്ഷിച്ചു നോക്ക് എന്നിട്ട് പാറൂട്ടിക്ക് നേരെ വിരൽ ചൂണ്ടിയാൽ മതി. മുത്തശ്ശി അരിശത്തോടെ പറഞ്ഞു.

ഒന്നും നോക്കാനില്ല ചൊവ്വാദോഷ കാരിക്ക് ആണൊരുത്തനെ കിട്ടില്ല എന്ന് അറിഞ്ഞത് കൊണ്ടാവും അവൾ എന്റെ മോന്റെ പുറകെ കൂടിയത്,
ഇവളെ തൊടുന്നവൻ കത്തിയെരിഞ്ഞു പോകും, അത്രയ്ക്കും ദോഷമാണ് ഇവൾ,
ജനനത്തോടെ തള്ളയെ കൊന്നവൾ അവർ അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

ഒന്ന് നിർത്തുന്നുണ്ടോ…? ഓർമ്മവെച്ച മുതൽ കേൾക്കുന്നതാണ് ഞാനീ കുത്തുവാക്കുകൾ, ഇനി ഇതുപോലെയെ ങ്ങാനും ഓപ്പോൾ പറഞ്ഞാൽ എന്റെ അമ്മയാണ് സത്യം ഓപ്പോൾ ആണെന്ന പരിഗണന ഞാൻ തരില്ല…? മുതിർന്ന ആളാണെന്ന് നോക്കാതെ ചിലപ്പോൾ ഞാൻ പ്രതികരിച്ചു എന്നു വരും, മകനോട് ചോദിച്ചു നോക്കിയാൽ മതി അണ മുട്ടിയാൽ ചേരയും കടിക്കും
വെറുതെ അത് എന്നെ കൊണ്ട് ചെയ്യിക്കരുത്,
അവളുടെ മുഖത്ത് അതുവരെ അവരാരും കാണാത്ത ഒരു ഭാവം ആയിരുന്നു. ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു അവൾ.
എല്ലാവരെയും ഒന്നു നോക്കിയിട്ട് അവൾ വീണ്ടും തുടർന്നു.

ഒന്ന് ഞാൻ പറയാം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നാറി ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണം,
ഇവനെ ഇറക്കിവിടുന്നത് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർക്കും ഈ നിമിഷം ഇറങ്ങാം.., അനിമോൾ ഇവിടെ നിൽക്കും ഈ നേരത്ത് ഇവന്റെ കൂടെ ഇവളെ പറഞ്ഞുവിട്ടാൽ ചിലപ്പോൾ ഇവൻ… ഛെ.. അവൾ അതു അവന്റെ മുഖത്തുനോക്കി പറഞ്ഞു.

ഓപ്പോൾക്ക് മകന്റെ കൂടെ വേണമെങ്കിൽ ഇറങ്ങാം, അല്ലെങ്കിൽ നേരം വെളുക്കുന്നതുവരെ ഇവിടെ നിൽക്കാം, അനിമോളെ ഞാൻ വിടൂല, ഇവളെ കൊണ്ടുപോകണമെങ്കിൽ നാളെ വന്നാൽ മതി, എന്നും പറഞ്ഞ് ശിവ അനിയുടെ കൈയും പിടിച്ച് റൂമിൽ കയറി വാതിൽ അടച്ചു.

ശിവയുടെ ഈ മാറ്റം അവരിലെല്ലാം അത്ഭുതം ഉണ്ടാക്കി ഇത്രയും കാലത്തിനിടയ്ക്ക് ഇങ്ങനെ ഒരു ശിവയെ അവരാരും കണ്ടിട്ടില്ല.

ഓപ്പോളും ശിവയിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിട്ടില്ല.

അവർ കുറച്ചു സമയം എല്ലാവരെയും ഒന്നു നോക്കി.

ശിവനും ഒന്നും പ്രതികരിക്കാൻ പോയില്ല.

അതുകൊണ്ട് തന്നെ ഓപ്പോൾ മകനെ വെറുപ്പോടെ നോക്കി അവന്റെ കൈയും പിടിച്ച് ഇറങ്ങിപ്പോയി.

തന്റെ പെങ്ങളെ അർദ്ധരാത്രിയിൽ ഇറക്കിവിട്ടതോർത്ത് ശിവന്റെ കണ്ണ് ചെറുതായിട്ട് നനഞ്ഞു.

പക്ഷേ ആ നിമിഷം തന്നെ മനുവിനെ ഓർത്തപ്പോൾ അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.

എല്ലാം മനസ്സിലാക്കിയിട്ടെന്നവണ്ണം മുത്തശ്ശി ആ മകന്റെ കൈപിടിച്ച് ഒന്നുമില്ല എന്ന് കണ്ണുകളിറുക്കി കാണിച്ചുകൊടുത്തു.

ഈ സമയം മുറിയിലിരുന്ന് കഴിഞ്ഞു പോയ കാര്യങ്ങൾ ഓർക്കുകയായിരുന്നു ശിവ.

തന്നെ നോക്കി നിൽക്കുന്ന അനിമോളെയും ചേർത്തുപിടിച്ചു അവൾ കിടന്നു.

താൻ ഇങ്ങനെയൊക്കെ ചെയ്തു എന്ന് അവൾക്കും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.
തന്റെ മാനത്തിന് നേരെ വിരൽ ഉയർത്തപ്പെടുമ്പോൾ ഏതൊരു പെണ്ണും ഇങ്ങനെയൊക്കെ ആയിത്തീരും, അവിടെ അവൾ ഉഗ്രരൂപിണിയായ ദുർഗ്ഗയായി മാറും.
കണ്ണീര് ഒന്നിനും ഒരു പരിഹാരം അല്ല എന്ന് പഠിപ്പിച്ച സഖാവ് അവളുടെ ഓർമ്മയിലേക്ക് വന്നു.

അവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

കാലവർഷം കനത്തു പെയ്യുന്നുണ്ട് പുറത്ത്,

അവൾ പതിയെ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നീങ്ങി.

അവിടെനിന്ന് ആർത്തിരമ്പി പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.

മുറ്റത്ത് ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് റൂമിലെ ലൈറ്റിന്റെ നേരിയ കിരണങ്ങൾ സ്പർശിച്ചപ്പോൾ അവ സ്വർണനിറത്തിലുള്ളതായി മാറുന്നുണ്ട്. അവൾ അതിലേക്ക് കൗതുകത്തോടെ നോക്കി.

മഴയെ പ്രണയിക്കാത്തവർ ആരുംതന്നെ ഉണ്ടാവില്ല, തന്റെ പ്രണയവും മഴയോടായിരുന്നു.
ഇന്നാ പ്രണയം അശ്വിനിലേക്ക് തിരിഞ്ഞു വോ..? അവൾ സംശയത്തോടെ ഓർത്തു.

ആ മുഖം കാണുമ്പോൾ പണ്ട് ഭയമായിരുന്നു, പക്ഷേ ഇന്ന് മുഖം ഓർക്കുമ്പോൾ തനിക്ക് എന്തൊക്കെയോ മാറ്റം വരുന്നത് അവൾ സ്വയം തിരിച്ചറിഞ്ഞു.
അച്ചുവേട്ടന്റെ സാമിപ്യം തനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ്. അടുത്തുവരുന്നതിനനുസരിച്ച് ഹൃദയത്തിന്റെ താളഗതി മാറിമറിയുന്നു. അതെ..! ഇതുതന്നെയാണ് പ്രണയം തന്റെ പ്രണയം ഇന്ന് താൻ തിരിച്ചറിഞ്ഞിരിക്കുന്നു.
അവനെ ഓർക്കുന്തോറും വല്ലാത്തൊരു ഉന്മേഷവും ആവേശവും അവളെ വന്നു പൊതിഞ്ഞു.
അവനെ ഒന്ന് കാണാനായി അവൾ ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു അത്. തന്റെ പ്രണയത്തെയും ഓർത്ത് ആ മഴയിലേക്ക് മിഴിനട്ടു അവൾ ഒരുപാട് നേരം അവിടെ നിന്നു.

*******************************

രാവിലെ ഒരുപാട് നേരം വൈകിയാണ് അവൾ എഴുന്നേറ്റത്.

തന്നെ നോക്കുന്ന അച്ഛന്റെയും മുത്തശ്ശിയുടെയും കണ്ണുകളിൽ ഒരു വേദനയുള്ളതു പോലെ അവൾക്ക് തോന്നി.

പ്രാതൽ കഴിക്കുമ്പോഴും അവരുടെ തീൻമേശയിൽ നിശബ്ദത തളം കെട്ടി നിന്നു.

ഞാൻ ചെയ്തത് തെറ്റാണെന്ന് രണ്ടുപേർക്കും തോന്നുന്നുണ്ടോ…? ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ശിവ ചോദിച്ചു.

അച്ഛനും മുത്തശ്ശിയും അവളെ ഒന്നു നോക്കി.

നീ ഈ ചെയ്തത് എന്നോ ചെയ്യേണ്ട കാര്യം ആയിരുന്നു ഇത്തിരി വൈകിപ്പോയി എന്നേ ഞാൻ പറയൂ. മുത്തശ്ശി പറയുന്നത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

പെങ്ങളോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അവൾ മോളെ കുറ്റപ്പെടുത്തുമ്പോൾ ഒക്കെ കണ്ടില്ല എന്ന് നടിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്, അതു എന്റെ മോളോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല എന്നെങ്കിലും വരുന്ന അവളെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കണ്ട എന്ന വെച്ചാണ്.
പക്ഷേ ഇന്നലെ സംഭവിച്ചത് പെൺമക്കളുള്ള ഒരു അച്ഛന്മാരും പൊറുക്കാത്ത കാര്യമാണ്, ഞാൻ പ്രതികരിക്കാൻ വൈകി എന്നതിലെ എനിക്ക് സങ്കടം ഉള്ളു, എന്റെ മോളെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല, ശിവന്റെ വാക്കുകളും അവൾക്ക് ആശ്വാസമേകി.
ചേച്ചി വിളിക്കുമ്പോൾ ഇവിടെ നടന്നതൊന്നും ആരും പറയരുത്, ശിവ അച്ഛനെയും മുത്തശ്ശിയെയും നോക്കി പറഞ്ഞു.

അവർ സമ്മതം എന്ന് തലയാട്ടി കൊടുത്തു.

കോളേജിലേക്ക് പോകാൻ വേണ്ടി അവൾ ധൃതിപ്പെട്ട് ഒരുങ്ങി.

പാടവരമ്പിലൂടെ ഓടുമ്പോൾ തലേന്ന് പെയ്ത മഴകൊണ്ടു ആ വരമ്പുകൾ ചളി പിടിച്ചിരുന്നു.

തെന്നി വീഴാതെ അവൾ ധൃതിപ്പെട്ട് നടന്നു.

കവലയിലേക്ക് എത്തിയപ്പോൾ തന്നെ ബസും വന്നു.

കോളേജിനു മുൻപിൽ ബസ് ഇറങ്ങുമ്പോൾ അവളെയും കാത്തു നിൽക്കുന്ന പാത്തുവിനെ കണ്ടു അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

അവളെ കണ്ടതും പാത്തു ഓടി വന്നു കെട്ടിപ്പിടിച്ചു.

ഇത്ര ദിവസം നിന്നെ കാണാത്തതുകൊണ്ട് വല്ലാത്ത ഒരു മിസ്സിംഗ് ആയിരുന്നെടീ പാത്തു അവളെ ചുംബിച്ചു കൊണ്ട് പറഞ്ഞു.

പിന്നെ നീ പറയുന്നത് കേട്ടാൽ തോന്നും ഒരു മാസമായി നമ്മൾ കാണാതിരുന്നിട്ട് എന്ന് ആകെ രണ്ടു ദിവസമല്ലേ ആയുള്ളൂ എന്റെ പാത്തു കുട്ടി അവൾ സ്നേഹത്തോടെ പാത്തുന്റെ നെറ്റിയിൽ തന്റെ നെറ്റി കൊണ്ട് ഒരു മുട്ടു കൊടുത്തു.

നിനക്ക് എന്നെ കാണാൻ ഒന്നും ആവില്ല നിന്റെ ഇക്കയെ കാണാനായിരിക്കും ഏറെ ആഗ്രഹം, ശിവ ഒരു കള്ളച്ചിരിയോടെ പാത്തു വിനോട് പറഞ്ഞു.

സത്യം എന്റെ ശിവക്കുട്ടി ഈ രണ്ടു ദിവസം എന്റെ ഇക്കാനെ കാണാതെ ഒരു സുഖവുണ്ടായിരുന്നില്ല, എങ്ങനെയൊക്കെയോ തള്ളി നീക്കി യതാണ് രണ്ടുദിവസം, ഇത്ര ദിവസം കൊണ്ട് തന്നെ ഇക്ക എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായി തീർന്നെന്നോ പാത്തു ഒരു ചിരിയോടെ ശിവയോട് പറഞ്ഞു..

ശിവയുടെ മനസ്സും കൊതിക്കുന്നുണ്ടായിരുന്നു അവനെ ഒന്ന് കാണാൻ തന്റെ പ്രിയപ്പെട്ട സഖാവിനെ…

രണ്ടുപേരും കോളേജിൽ എത്തിയതും അവിടുത്തെ അന്തരീക്ഷം കണ്ട് അത്ഭുതത്തോടെ നോക്കി.

എല്ലാ വിദ്യാർത്ഥികളും കോളേജ് പരിസരത്തു അങ്ങിങ്ങായി തടിച്ചുകൂടിയിട്ടുണ്ട്. എന്തോ പന്തികേട് ഉള്ളത് പോലെ രണ്ടാൾക്കും തോന്നി.

എന്താ ഇവിടെ പ്രശ്നം എല്ലാരും എന്താ ഇവിടെ കൂടിയിരിക്കുന്നത് അവിടെ കണ്ട ഒരു കുട്ടിയോട് പാത്തു കാര്യം തിരക്കി.

ഇവിടെ പൊരിഞ്ഞ അടിയായിരുന്നു ഇപ്പോഴാണ് തീർന്നത് ആ കുട്ടി അവരോട് പറഞ്ഞു.

ഐവാ…. ഈ ഒരാഴ്ച ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ എന്ന് ഓർത്തെ ഉള്ളൂ പലിശ സഹിതം ഇന്നുണ്ടോ….? പാത്തു സംശയത്തോടെ പറഞ്ഞു.

എന്നത്തെയും പോലെയല്ല ഇത് രണ്ടു പാർട്ടികൾ തമ്മിലുള്ള പ്രശ്നമാണ് ഫോർ ഫൈറ്റേഴ്സിലെ അശ്വിനുംശ്യാമിനും മിക്കവാറും സസ്പെൻഷനുള്ള എല്ലാ വഴിയും ഒത്തു വന്നിട്ടുണ്ട്.
അവര് അടിച്ച എതിർ പാർട്ടിക്കാരൻ ഇപ്പോൾ ഹോസ്പിറ്റലിലാണ് ആ കുട്ടി പറഞ്ഞു.

എന്റെ അള്ളോഹ് ന്റെ ഇക്കാക്ക് സസ്പെൻഷനോ അത് വരെ ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖം പെട്ടെന്ന് മാറി.

ശിവയ്ക്കും ആ വാർത്ത വേദനയുണ്ടാക്കി.

മിക്കവാറും സസ്പെൻഷൻ കിട്ടാൻ സാധ്യതയുണ്ട് ഇത്തവണ ഷാഹുൽ സാറും അവരുടെ രക്ഷയ്ക്കെത്തില്ല ആ കുട്ടി വീണ്ടും പറഞ്ഞു.

അതുകൂടി കേട്ടപ്പോൾ പാത്തുവിനും ശിവയ്ക്കും ആകെ സങ്കടമായി.
വാ നമുക്ക് ഓഫീസ് വരെ ഒന്ന് ചെന്നു നോക്കാം എന്നും പറഞ്ഞു ശിവയേയും വിളിച്ചു പാത്തു ഓഫീസ് റൂം ലക്ഷ്യമാക്കി നീങ്ങി.

ഓഫീസ് റൂം ലക്ഷ്യമാക്കി നടക്കുമ്പോഴും ഇരുവർക്കുമിടയിലും മൗനം മാത്രമായിരുന്നു.
ദൂരെ നിന്ന് തന്നെ കണ്ടു ഓഫീസ് റൂമിന്റെപുറത്ത് തന്നെ നിൽക്കുന്ന അച്ചായനെയും കാർത്തിയെയും.

അവർ ഇരുവരും അവരുടെ അടുത്തേക്ക് ചെന്നു.

ഇതെന്താ നിങ്ങൾ മാറി നിൽക്കുന്നെ അപ്പൊ അടിയുണ്ടാക്കാൻ മക്കള് പോയില്ലേ…? പാത്തു അവരെ അടിമുടി നോക്കി കൊണ്ട് സംശയത്തോടെ ചോദിച്ചു.

ഇല്ലടീ ഞങ്ങൾ വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു,.ഞങ്ങൾ കുറച്ചു താമസിച്ചു പോയി കാർത്തി നിരാശയോടെ പറഞ്ഞു.

കഷ്ടമായിപ്പോയി, പാത്തു അവരെ നോക്കി താടിക്ക് കയ്യും കൊടുത്ത് പറഞ്ഞു.

സാരമില്ല അവർക്ക് സസ്പെൻഷൻ കിട്ടുകയാണെങ്കിൽ ആ പാണ്ഡവാസിന് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഞങ്ങളും സസ്പെൻഷൻ ഒപ്പിച്ചെടുക്കും അല്ലടാ അന്തപ്പാ… കാർത്തി അച്ചായനെ നോക്കി വീണ്ടും പറഞ്ഞു.

അച്ചായൻ പക്ഷേ കുറച്ചു ഗൗരവത്തിലായിരുന്നു. കാർത്തി പറയുന്ന തമാശയൊന്നും അവൻ ചെവിക്കൊള്ളുന്നില്ല. അകത്ത് എന്തു നടക്കുന്നു എന്ന ആകാംക്ഷയായിരുന്നു അവന്റെ മുഖത്ത്.

അവന്റെ മുഖം കണ്ടതും പാത്തുവിന്റെ യും ശിവ യുടെയും ടെൻഷൻ ഒന്നു കൂടി വർദ്ധിച്ചു.

പേടിക്കാനൊന്നുമില്ല, നിങ്ങൾ ടെൻഷൻ ആവണ്ട, സസ്പെൻഷൻ കിട്ടിയാലും അധികം നീളം പോവുകയോന്നുമില്ല അതോർത്തു വിഷമിക്കേണ്ട, പാത്തുവിന്റെ യും ശിവ യുടെയും മുഖം കണ്ടതും അച്ചായൻ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

അപ്പോ സസ്പെൻഷൻ കിട്ടാൻ സാധ്യതയുണ്ട് അല്ലേ…? പാത്തു ഉള്ളിൽ വന്ന സംശയം അച്ചായനോട്‌ ചോദിച്ചു.

ഇത് സസ്പെൻഷൻ കിട്ടാൻ വേണ്ടി കരുതിക്കൂട്ടി കളിച്ച കളിയാണ്, ഇതിന്റെ പിന്നിൽ അവരാണ് ആ പാണ്ഡവാസ് അതെനിക്ക് ഉറപ്പാണ്, അല്ലാതെ ഇതുവരെ ഇല്ലാത്ത ഒരു പാർട്ടി വഴക്ക് പെട്ടെന്ന് ഉണ്ടാവില്ല, അച്ചുവിനെ പ്രകോപിപ്പിക്കാൻ വേണ്ടി തന്നെയാണ് അവന്റെ ചെങ്കൊടി അവർ കത്തിച്ചു ചാമ്പലാക്കിയത്, അതൊരു ട്രാപ്പ് ആണെന്നറിയാതെ അച്ചുവും ശ്യാമും നേരെ ചെന്ന് ചാടി കൊടുത്തു, കൂട്ടത്തിൽ അരുണും ഉണ്ടായിരുന്നു, അതൊരു പാർട്ടി വഴക്ക് ആയിത്തീരാൻ കുറച്ചു നിമിഷങ്ങൾ മാത്രം മതിയായിരുന്നു.
ചെങ്കൊടി ചാരമാക്കിയവനോടുള്ള അമർഷം അച്ചു നന്നായി തീർത്തു, അവനിപ്പോൾ ഐസിയുവിൽ ആണെന്നാണ് കേട്ടത്.
ഈ അവസ്ഥയിൽ സസ്പെൻഷൻ ഉറപ്പാണ്, അതിനു വേണ്ടി തന്നെയാണ് പാണ്ഡവാസ് ഈ കളി കളിച്ചതും. അത് പറയുമ്പോൾ അച്ചായന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

അവരെല്ലാം ഉള്ളിൽ എന്താണെന്ന് നടക്കുന്നത് അറിയാതെ ആകാംക്ഷയോടെ പുറത്ത് ക്ഷമയോടെ കാത്തു നിന്നു.

*******************************

അശ്വിൻ രാഘവ് നിനക്ക് ഒരു മുന്നറിയിപ്പ് മുൻപ് തന്നതാണ്, ഇതിപ്പോൾ ആക്ഷൻ എടുക്കാതിരിക്കാൻ എനിക്ക് സാധിക്കില്ല, പ്രത്യേകിച്ച് നീ തല്ലിച്ചതച്ച ആ സ്റ്റുഡന്റ് ഇപ്പോൾ ഐസിയുവിലാണ്, അവനെ നോക്കി പ്രിൻസി ദേഷ്യത്തോടെ പറഞ്ഞു.

അദ്ദേഹത്തിന്റെ റൂമിൽ ഇരു ടീമും രണ്ടു ചേരിയായി നിർത്തിയിട്ടുണ്ട്.

രണ്ടു കൂട്ടരുടെ മുഖത്തും യാതൊരു കുലുക്കവുമില്ല.

പ്രിൻസിപ്പാൾ അവരെ പറയുന്നതിന് മറുത്തൊന്നും പറയാതെ അവർ കേട്ടു നിന്നു.

ശാഹുൽ സാർ രണ്ടു കൂട്ടരോടും ഒന്നും പറയാൻ തയ്യാറായില്ല.

പ്രിൻസിപ്പാൾ അശ്വിനും കൂട്ടർക്കും നേരെ വാക്കുകൾ തൊടുത്തുവിടുന്നുണ്ട്. അയാൾ അയാളുടെ ദേഷ്യം മുഴുവൻ അശ്വിനോടും കൂട്ടുകാരോടും തീർക്കുന്നുണ്ട്.

നിർത്തുന്നുണ്ടോ സാർ, ഇവിടെ തെറ്റ് ഞങ്ങളുടെ ഭാഗത്ത് മാത്രമല്ല. ആ കാര്യം സാർ ഒന്ന് അന്വേഷിച്ചാൽ തന്നെ മനസ്സിലാകും. യാതൊരു പ്രകോപനവും കൂടാതെ അല്ല ഞങ്ങൾ അവരെ മർദ്ദിച്ചത്.

ഈ കോളേജിൽ ഇതുവരെ ഇല്ലാത്ത സംഭവങ്ങളാണ് ഇപ്പോൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.

പാർട്ടി വഴക്ക് പരോക്ഷമായി ഉണ്ടായിരുന്നെങ്കിലും പ്രത്യക്ഷമായിട്ടും അക്രമാസക്തമായിട്ടും ഇത് ആദ്യമായിട്ടാണ്. ഇരു പാർട്ടിക്കാരും തമ്മിൽ ഇതുവരെ ഇങ്ങനെയൊരു പാർട്ടി പോര് ഈ കോളേജിൽ ഉണ്ടായിട്ടില്ല.

ഇത് കരുതിക്കൂട്ടി കളിച്ച കളി ആണെന്ന് എന്നെപ്പോലെ തന്നെ സാറിനും അറിയാം. ഇതിന്റെ പിന്നിലുള്ളത് എംഎൽഎയുടെ മകൻ ആയതുകൊണ്ട് തന്നെ അവർക്കെതിരെ യാതൊരു ആക്ഷനും എടുക്കില്ല എന്ന് എനിക്കറിയാം, പക്ഷേ സാർ ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങളുടെ പാർട്ടിയുടെ കൊടി കത്തിച്ച് ഒരാളെ ഞാൻ ഐസിയുവിൽ കയറ്റിയിട്ടുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ കളിച്ച ഒരാളെയും ഈ അശ്വിൻ വെറുതെ വിടില്ല. ഈ വഴക്കിന്റെ പേരിൽ ഞങ്ങൾക്ക് സസ്പെൻഷൻ തരാനാണ് സാറിന്റെ ഉദ്ദേശമെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ രൂക്ഷമായിരിക്കും, ഇതിന്റെ പേരിൽ ഞങ്ങളുടെ പാർട്ടി അടങ്ങിയിരിക്കുമെന്ന് സാർ വിചാരിക്കണ്ട, അശ്വിന്റെ വാക്കുകൾ ദൃഢമായിരുന്നു.

അവന്റെ ശബ്ദം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.

അരുണിനും ശ്യാമിനും അവന്റെ വാക്കുകൾ ആശ്വാസമേകി.

പ്രിൻസിപ്പാൾ അവൻ പറഞ്ഞതിനെതിരെ ശബ്ദിക്കാനാവാതെ പതറിപ്പോയി.

സാറിന്റെ വായ അടഞ്ഞു എന്ന് കണ്ടതും ശാഹുൽ സാർ ആ പ്രശ്നത്തിൽ കയറി ഇടപെട്ടു.

ഇപ്പോൾ ഒരു സസ്പെൻഷൻ ഉചിതമല്ലെന്നും, അങ്ങനെ ചെയ്താൽ ഇരുപാർട്ടികളും തമ്മിലുള്ള വൈരാഗ്യം കൂടുകയേ ചെയ്യൂ എന്നും ഷാഹുൽ സാർ പ്രിൻസിപ്പാളിനെ പറഞ്ഞു ബോധ്യപ്പെടുത്തി.

അവസാനം ഇരുകൂട്ടരുടെയും വഴക്ക് ആ റൂമിൽ തന്നെ പറഞ്ഞു തീർത്തു ഒരു താക്കീതോടെ രണ്ടുകൂട്ടരെയും ക്ലാസ്സിലേക്ക് പറഞ്ഞയച്ചു.

പുറത്ത് അക്ഷമയോടെ കാത്തു നിൽക്കുന്നവരുടെ മുൻപിലേക്ക് ഓഫീസ് റൂമിന്റെ വാതിൽ തുറന്ന് ആദ്യം പുറത്തേക്കു വന്നത് എതിർ പാർട്ടിക്കാരായിരുന്നു.

പുറത്തേക്കു വന്ന അവർ കത്തുന്ന കണ്ണുകളോടെ അച്ചായനേയും കാർത്തിയെയും ഒന്നു നോക്കി.

ഇതൊക്കെ എന്ത് എന്ന മട്ടിൽ അവർ രണ്ടുപേരും അവരെ പുച്ഛത്തോടെ നോക്കി.

അവരെ രൂക്ഷമായി നോക്കി കൊണ്ട് അവർ അവിടെ നിന്നും പോയി.

അവർക്കു പിന്നാലെ തന്നെ അശ്വിനും അരുണും ശ്യാമും പുറത്തേക്ക് വന്നു.

അവർ വന്നതും അച്ചായനും കാർത്തിയും അവരുടെ അടുത്തേക്ക് ഓടിച്ചെന്നു.

അവരെ നോക്കി അശ്വിൻ ഒന്നു പുഞ്ചിരിച്ചു.

അളിയാ സസ്പെൻഷൻ ഒപ്പിച്ചെടുത്തോ കാർത്തി ആകാംക്ഷയോടെ അശ്വിനോട് ചോദിച്ചു.

അങ്ങനെ അവര് പറയുന്ന സസ്പെൻഷനും വാങ്ങി പോക്കറ്റിലിട്ട് വരാൻ ഇത് അശ്വിൻ
രാഘവ് ആണ്, അവരുടെ ആ ഓലപ്പാമ്പ് കണ്ടെന്നും ഞാൻ പേടിക്കില്ല അശ്വിൻ പറഞ്ഞു.

അപ്പോഴേക്കും ഇക്കാ എന്നും വിളിച്ച് പാത്തുവുംഅവരുടെ അടുത്തേക്ക് എത്തിയിരുന്നു.

ശിവ മാറിനിന്ന് അശ്വിന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ശ്രദ്ധിക്കുകയായിരുന്നു.

പാത്തുവിനെ കണ്ടതും അശ്വിൻ അവളെ അടുത്തേക്ക് വിളിച്ച് ഒന്നുമില്ലെന്ന് കണ്ണുകളടച്ച് കാണിച്ചുകൊടുത്തു.

അവൾ അടുത്തേക്ക് വന്നതും അരുണിന്റെ മുഖത്ത് പല ഭാവങ്ങളും മിന്നിമറഞ്ഞു.

അവന്റെ ഭാവം കണ്ടാൽ തോന്നും അവിടെ അടി ഉണ്ടാക്കിയതും അവരുടെ സസ്പെന്ഷന് ഒഴിവാക്കിപ്പിച്ചതും അവനാണെന്ന്.

പാത്തു പക്ഷേ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല.

കൂട്ടത്തിൽ കൂടാതെ ഒഴിഞ്ഞു മാറിനിൽക്കുന്ന ശിവയെ കാർത്തി ചെന്ന് തോളിലൂടെ കൈയിട്ടു അവരുടെ അടുത്തേക്ക് കൊണ്ടുപോയി.

അവളുടെ നോട്ടം മുഴുവൻ അശ്വിനിലാണെങ്കിലും അശ്വിൻ അറിയാതെ പോലും ഒരു നോട്ടം അവളെ നേർക്കുണ്ടായില്ല.

അവരവിടെ നിന്നും പോകാൻ തുടങ്ങുമ്പോളാണ് ഷാഹുൽ സാർ അശ്വിനെ വിളിച്ചു കൊണ്ട് അവർക്കിടയിലേക്ക് വന്നത്.
പാത്തുവിനെ ഒന്നു നോക്കുക പോലും ചെയ്യാതെ സാർ അശ്വിനെയും വിളിച്ചുകൊണ്ട് കുറച്ചു ഒഴിഞ്ഞുമാറി സംസാരിച്ചു.

ഞങ്ങൾ വന്നോളാം എന്നും പറഞ്ഞ് അച്ചായൻ ശിവയെയും പാത്തുവിനെ യും ക്ലാസിലേക്ക് പറഞ്ഞയച്ചു.

പാത്തു ക്ലാസിലേക്ക് പോകുന്നതിനിടയിൽ സാറിനെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുണ്ടെങ്കിലും സാറിന്റെ ഭാഗത്തുനിന്നും പ്രതീക്ഷയുള്ള ഒരു നോട്ടം പോലുമുണ്ടായില്ല, അത് അവളിൽ ചെറിയ വിഷമമൊക്കെ ഉണ്ടാക്കുന്നുണ്ട്.
അതു മനസ്സിലാക്കിയിട്ടെന്നവണ്ണം ശിവ അവളെ ചേർത്തുപിടിച്ച് ക്ലാസ്സിലേക്ക് നടന്നു.

വഴിയിൽവെച്ച് താൻ തലേദിവസം എടുത്ത് ലൈബ്രററി ബുക്സ് ലൈബ്രറിയിൽ ഏൽപ്പിച്ചിട്ട് വരാമെന്നും പാത്തു വിനോട് ക്ലാസിലേക്ക് പോകാനും പറഞ്ഞു ശിവ ലൈബ്രറിയിലേക്ക് നടന്നു.

പാത്തു അവൾ നടന്നകലുന്നതും നോക്കി കുറച്ച് സമയം അവിടെ നിന്നു ശേഷം ക്ലാസ്സിലേക്ക് പോയി.

ശിവ ലൈബ്രററിയിൽ ബുക്സ് ഏൽപ്പിച്ച് തിരികെ ക്ലാസിലേക്ക് വരുന്നതിനിടെയിൽ പെട്ടെന്ന് വൈശാഖ് അവളുടെ മുൻപിലേക്ക് വന്നു.

പ്രതീക്ഷിക്കാതെ അവനെ കണ്ടതും അവൾ രണ്ടു ചുവട് പുറകോട്ടു വെച്ചു.

എവിടെ ടീ നിന്റെ മറ്റവൻ സഖാവ് അശ്വിൻ രാഘവ് അവൻ അവളെ നോക്കി പരിഹാസത്തോടെ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ അവനെ കൂർപ്പിച്ചു നോക്കി.

അവന്റെ ധൈര്യത്തിലായിരിക്കും മോൾക്ക് കുറച്ച് അഹങ്കാരം കൂടിയിട്ടുണ്ട്.
സാരമില്ല അത് വഴിയെ കുറച്ചോളാം. നിന്നെ ഞാൻ ഒരിക്കലും വെറുതെ വിടില്ല, ഈ വൈശാഖിന്റെ ദേഹത്ത് ഒരു പെണ്ണിന്റെ കൈ വീണിട്ടുണ്ടെങ്കിൽ അവളെ മുച്ചൂടും നശിപ്പിച്ചിട്ടേ ഈ വൈശാഖ് അടങ്ങൂ. ഇനി നിന്നെ രക്ഷിക്കാൻ ഒരു സഖാവ് വരില്ല, അവനെ പുറത്താക്കാൻ ഞങ്ങൾ കളിച്ച കളി തന്നെയാടി ഇത്. ഇപ്പോൾ പ്രിൻസിപ്പാൾ നൽകിയ സസ്പെൻഷനും വാങ്ങിച്ച് അവൻ സ്ഥലംവിട്ടിട്ടുണ്ടാവും. ഇനിയുള്ളത് നിന്റെ കാര്യം, നീ നാണംകെട്ട് തലതാഴ്ത്തി ഇവിടെനിന്നും പോകും നോക്കിക്കോ….? വൈശാഖ് ജ്വലിക്കുന്ന കണ്ണുകളോടെ അവളെ നോക്കി.

അങ്ങനെ ആരെങ്കിലും തരുന്ന സസ്പെൻഷനും വാങ്ങി വീട്ടിലേക്ക് വിടാൻ എന്റെ പേര് വൈശാഖ് എന്നല്ല ഒരു പുഞ്ചിരിയോടെ അശ്വിൻ അതും പറഞ്ഞ് അവരുടെ അടുത്തേക്ക് വന്നു.

എനിക്കപ്പഴേ അറിയാമായിരുന്നു ഈ നാറിയ കളിക്ക് പിന്നിൽ നീയും നിന്റെ വാലുകളുമാണെന്ന്. പക്ഷേ നീ ഒരു കാര്യം മറന്നു കളിക്കുന്നത് ഈ അശ്വിൻ രാഘവിനോടാണ്. എന്നോട് കളിച്ചാൽ കളി പഠിപ്പിക്കും ഞാൻ, അതു നിനക്കിതു വരെ മനസ്സിലായില്ലേ മോനെ വൈശാഖാ. അശ്വിൻ വൈശാഖിന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു.

പിന്നെ ഈ തവണ നീ കളിച്ചത് ഇവൾക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കാൻ ഞാൻ അൽപ്പം വൈകി പോയി. അവനെ ഒന്ന് നോക്കിയ ശേഷം അശ്വിൻ വീണ്ടും
തുടർന്നു.
ഇനി ഒരു കാര്യം ഞാൻ നിന്റെ അറിവിലേക്ക് പറയുകയാണ് ഇവളെ നേർക്ക് നിന്റെ ഒരു ചെറുവിരൽ ഉയർന്നു എന്ന് പറഞ്ഞാൽ പോലും നിന്നെ ഞാൻ വെറുതെ വിടില്ല. പറയുന്നത് അശ്വിൻ രാഘവ് ആണ് ഞാനൊന്നും വെറുതെ പറയില്ല എന്ന് നിനക്കറിയാം. ഇവളോടുള്ള നിന്റെ ശത്രുത അവസാനിപ്പിക്കുന്നതാണ് നല്ലത്
അതല്ല കളിക്കാനാണ് നീ തീരുമാനിച്ചിരിക്കുന്നതെങ്കിൽ നീ കളിക്ക് ഇവളുടെ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴ്താൻ ഞാൻ സമ്മതിക്കില്ല, ഓർത്തോ…? അശ്വിൻ അതും പറഞ്ഞു ശിവയുടെ വലതു കയ്യിൽ അവന്റെ ബലിഷ്ഠമായ കൈകൊണ്ടു പിടിച്ചു അവളെയും കൊണ്ടു മുൻപോട്ടു നടന്നു.

നടന്നതൊന്നും വിശ്വസിക്കാനാവാതെ ശിവ അത്ഭുതത്തോടെയും സന്തോഷത്തോടെയും അശ്വിന്റെ മുഖത്തേക്ക് തന്നെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ട് നടന്നു.

കുറച്ചു മുൻപോട്ടെത്തിയതും അവൻ ദേഷ്യത്തോടെ അവളിലെ പിടിവിട്ടു.

നീയൊന്നും എത്ര പറഞ്ഞാലും നന്നാവില്ല, എനിക്കൊന്നും വയ്യ നിന്റെ സംരക്ഷണം ഏറ്റെടുക്കാൻ വേണമെങ്കിൽ സ്വയം രക്ഷ നോക്കിക്കോ അവന്റെ ലക്ഷ്യം നീയാണ്, എന്നും സംരക്ഷിക്കാം ഞാൻ കൂടെ കാണും എന്ന് നീ വിചാരിക്കേണ്ട, പറഞ്ഞതു മനസ്സിലായെങ്കിൽ പ്രവർത്തിച്ചു കാണിക്ക് അവൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ടിട്ട് അവന്റെ ദേഷ്യം വീണ്ടും കൂടി.

നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലടീ, തോന്നിയത് പോലെ ജീവിക്ക് എന്നും പറഞ്ഞ് അശ്വിൻ അവിടെ നിന്നും പോയി.
ഒരു ചെറു ചിരിയോടെ അവൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു.

ഇതെല്ലാം കണ്ട് സംശയത്തോടെ പാത്തു അരികിലേക്ക് വന്നു.

എന്താ ഇപ്പോ ഇവിടെ ഉണ്ടായെ എന്തിനാ ഇക്ക നിന്നെ വഴക്കു പറഞ്ഞത്…? അവൾ സംശയത്തോടെ ചോദിച്ചു.

ശിവ ഉണ്ടായ സംഭവം പാത്തുവിന് വിവരിച്ചപ്പോൾ അവളുടെ മുഖത്ത് ദേഷ്യം പ്രകടമായി.

ഇക്ക നിന്നെ വഴക്കു പറഞ്ഞതിൽ ഒരു തെറ്റുമില്ല എത്ര കിട്ടിയാലും പറഞ്ഞാലും നീ ഒന്നും പഠിക്കില്ല അവൾ ദേഷ്യത്തോടെ പറഞ്ഞു.

പഠിച്ചല്ലോ…? ശിവ അശ്വിനിൽ നിന്ന് ഒരുപാട് പഠിച്ചു. ഇന്നെനിക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് അച്ചുവേട്ടന്റെ കഴിവ് തന്നെയാണ് അവൾ പാത്തു വിനോട് പറഞ്ഞു.

എന്തു മാറ്റം എനിക്കൊരു മാറ്റം നിന്നിൽ ഇതുവരെ തോന്നിയിട്ടില്ല
പാത്തു ചെറിയൊരു നീരസത്തോടെ പറഞ്ഞു.

ഉണ്ടായിട്ടുണ്ട് ഇന്നലെ അത് ഞാൻ സ്വയം മനസ്സിലാക്കിയതാണ് എന്നുപറഞ്ഞ് ശിവ നടന്ന സംഭവം മുഴുവൻ അവളോട് പറഞ്ഞു.

അതുകേട്ടതും പാത്തു ആകെ ദേഷ്യപ്പെട്ടു.
അവന്റെ മുഖം നോക്കി അടിക്കുകയല്ല വേണ്ടത് വെട്ടുകത്തി എടുത്ത് ഒറ്റ വെട്ട് കൊടുക്കുകയാണ് വേണ്ടത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നാറി എന്നും പറഞ്ഞ് പാത്തു ഉറഞ്ഞുതുള്ളി.

ഒരുപാട് കഷ്ടപ്പെട്ടാണ് ശിവ അവളെ സമാധാനിപ്പിച്ചത്.
നടന്ന സംഭവങ്ങൾ ഒന്നും ആരും അറിയരുതെന്ന് ശിവ അവളെ പ്രത്യേകം ഓർമ്മിപ്പിച്ചു.

ബെൽ അടിക്കുന്നതിനു മുൻപ് തന്നെ രണ്ടുപേരും ക്ലാസ്സിലേക്ക് കയറി.
***************************

വൈകിട്ട് വീട്ടിലേക്ക് പോകുന്ന ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു.

കവലയിൽ ബസ്സിറങ്ങിയതും അവൾക്ക് കൂട്ടിനെന്നപോലെ മഴയും എത്തി.

കോരിച്ചൊരിയുന്ന മഴയിൽ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ നന്നേ നനഞ്ഞിരുന്നു.

പതിവുപോലെ വീട്ടിലെത്തി മുത്തശ്ശിയോടും അച്ഛനോടും കുറുമ്പ് കാട്ടി അവൾ ഓടി നടന്നു.

രാത്രി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്.

പുലർച്ചെ നേരത്തെ എഴുന്നേറ്റ്, പൂജാമുറിയിൽ വിളക്ക് വെച്ച് മുത്തശ്ശി യോടൊപ്പം പ്രാതൽ കാലാക്കുന്ന തിരക്കിലായിരുന്നു ശിവ.

ശിവൻ എഴുന്നേറ്റ് മുൻവശത്തുള്ള വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയതും മുറ്റത്തു നിൽക്കുന്ന അതിഥികളെ കണ്ടു ഞെട്ടി.

മോളെ.. അയാൾ മകളെ നീട്ടിവിളിച്ചു.
അച്ഛന്റെ വിളികേട്ട് ധൃതിപ്പെട്ട് വന്ന ശിവ മുറ്റത്ത് നിൽക്കുന്ന ആളുകളെ കണ്ട് സംശയത്തോടെയും അത്ഭുതത്തോടെയും നോക്കി.

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply