എന്നെന്നും നിന്റേത് മാത്രം – 12

5928 Views

rincy princy novel

ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിലാണോ?

നിവിന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നി,

“പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ എനിക്ക് മനസ്സ് വല്ലാതെ കൈവിട്ടുപോയി,

“ഞാനങ്ങനെ ദേഷ്യപ്പെട്ടതിൻറെ പേരിൽ ജീവിതം അവസാനിപ്പിക്കാൻ നീ ആഗ്രഹിച്ചു എങ്കിൽ അത്ര മേൽ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?

“അത് ഇനിയും നിവിന് മനസ്സിലായില്ലെങ്കിൽ അത് എൻറെ പരാജയം മാത്രമാണ്,

” നിൻറെ സ്നേഹത്തിൽ  സംശയം ഉണ്ടായിട്ടല്ല,

പക്ഷേ…..

” പക്ഷേ എന്ന വാക്ക് ഒരു കളവാണ് നിവിൻ, അതുവരെ പറഞ്ഞ എല്ലാ കാര്യങ്ങളും ആ ഒരു വാക്കിൽ തീർന്നു പോകും,

“എങ്കിലും എനിക്ക് വേണ്ടി മരിക്കാൻ പോലും നീ തീരുമാനിച്ചല്ലോ എന്നോർക്കുമ്പോൾ,

ഞാനവിടെ വല്ലാണ്ട് ചെറുതായ പോലെ,

ഇത്ര കാലം നീ എന്നെ മനസ്സിൽ വച്ച് നടക്കുക ആണ് എന്ന് അറിയാൻ ഞാൻ വൈകിപ്പോയി,

“ഇത് ഇത്രയ്ക്കു സീരിയസായി എൻറെ മനസ്സിൽ വേര് ഇറങ്ങുമെന്ന് ഞാനും ആദ്യം ഒന്നും വിചാരിച്ചിരുന്നില്ല, അന്നൊരു പത്തുവയസ്സുകാരിയുടെ കൊച്ചുകൊച്ച് ഇഷ്ടങ്ങളിൽ ഒന്നായി മാത്രമേ  ഇത് കരുതിയിരുന്നുള്ളൂ,  അത് ഞാൻപോലുമറിയാതെ അത് വളർന്നു, ഞാൻ ആഗ്രഹിച്ചാൽ പോലും നിവനിൽ നിന്ന് ഒരു മോചനം ഇല്ലാത്ത ഇഷ്ടമായി അത് മാറി,

നീവിൻ പിന്നീട് ഒരിക്കലും എന്നെ കുറിച്ച് ആലോചിച്ചിട്ടില്ലേ,

“ഒരുപാട് വട്ടം ആലോചിച്ചിട്ടുണ്ട്, കുറേ കാലം മനസ്സിൽ കൊണ്ടുനടന്നിട്ടും ഉണ്ട്, ഒരു പക്ഷേ അത് മനസ്സിൽ ഉള്ളത് കൊണ്ടായിരിക്കാം മറ്റൊരു പെൺകുട്ടിയും എൻറെ മനസ്സിൽ ഇത്രകാലം ഇടം നേടാതെ പോയത്,

ചിലപ്പോഴൊക്കെ ആലോചിക്കും നീ എവിടെ ആയിരിക്കും , എന്നെ ഇപ്പോ ഓർക്കുന്നുണ്ടോ എന്നൊക്കെ,

“എന്നിട്ട് ഞാനാണ് മാതു എന്നറിഞ്ഞിട്ടും നീവിന്റെ മുഖത്ത് വലിയ സന്തോഷം ഒന്നും ഞാൻ കണ്ടില്ലല്ലോ,

” അപ്പോൾ നീയെന്നെ ആളുമാറി പറ്റിച്ചു കൊണ്ടിരിക്കുക ആയിരുന്നില്ലേ,

ആ ഒരു നിമിഷം എന്നോട് സംസാരിക്കുന്ന പെൺകുട്ടി മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ, ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് കാണണം എന്ന്,

പക്ഷേ ആ നിമിഷം ഞാൻ അവൾക്ക് മാത്രം മനസ്സ് കൊടുത്ത ഒരു പുരുഷനായിരുന്നു, അതുകൊണ്ട് ഇനി ഒരു പെണ്ണിനേയും  ശ്രദ്ധിക്കാൻ പോലും കഴിഞ്ഞില്ല എൻറെ മനസ്സിന്, ഞാൻ ആഗ്രഹിച്ചാൽ പോലും ആ നിമിഷം എൻറെ മനസ്സിന് ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല,

പക്ഷേ നീ തന്നെയാണ് അവൾ എന്നറിഞ്ഞ നിമിഷം ,ഞാൻ ഈ ലോകത്തിൽ അനുഭവിച്ചിട്ടുള്ള എല്ലാ സന്തോഷങ്ങളും  ഒരുമിച്ച് അനുഭവിച്ച ഒരു നിമിഷമായിരുന്നു,

അതൊക്കെ പോട്ടെ ഇത്രയും കഷ്ടപ്പെടേണ്ട കാര്യം ഉണ്ടായിരുന്നോ? നിനക്ക് എന്നോട് നേരിട്ട് വന്ന് പറയാമായിരുന്നില്ലേ നിൻറെ മനസ്സിൽ ഞാൻ ഉണ്ടെന്ന്,

“ആദ്യം അങ്ങനെ തന്നെയാണ് വിചാരിച്ചത്, പിന്നീട് ഓർത്തു ഒരു ദിവസം നേരിട്ട് വന്ന് പറയുമ്പോൾ എന്തായിരിക്കും റിയാക്ഷൻ? ഒരുപക്ഷേ നിവിൻ അങ്ങനെയൊന്നും ചിന്തിച്ചിട്ട് കൂടിയില്ലെങ്കിൽ അതെനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു,

“ഞാൻ ഇവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു?

“എന്റെ ഇഷ്ടവും സ്നേഹവും ഒക്കെ നന്നായി അറിയാവുന്ന ഒരാൾ കൂടെയുണ്ട്,

അനുവേട്ടൻ,

ആൾ എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ് കുട്ടിക്കാലം മുതലേ എൻറെ എല്ലാ കാര്യങ്ങളും ഞാൻ ആളിനോട് ആണ് പറയാറ്,

നിവിൻ തിരുവനന്തപുരത്ത് ഉണ്ടോ എന്ന് അറിഞ്ഞപ്പോൾ തന്നെ, ഞാൻ അനുവേട്ടനോട് പറഞ്ഞു തിരക്കി,

എനിക്ക് ആകെ അറിയാവുന്നത് നിവിൻറെ അച്ഛൻറെയും അമ്മയുടെയും പേര് മാത്രമായിരുന്നു, പിന്നെ അന്ന് കല്യാണത്തിന് കണ്ടപ്പോൾ നിവിന്റെ പപ്പ പറഞ്ഞിരുന്നു തഹസിൽദാർ ആണെന്ന്,

ആ ഒരു അറിവ് വെച്ച് അനുവേട്ടൻ തിരക്കിയപ്പോഴാണ് അറിയുന്നത് നിവിൻ അനൂപേട്ടന്റെ കമ്പനിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത് എന്ന്, അതുകൊണ്ട് കാര്യങ്ങളൊക്കെ എനിക്ക് എളുപ്പമായി,

അന്ന് ഓഫീസിൽ കൊണ്ടുപോയി ബുക്ക് വച്ചതും, പായസം വച്ചതും ഓക്കേ അനുവേട്ടൻ ആയിരുന്നു,

അന്ന് നിൻറെ പിറന്നാൾ ഉള്ള കേക്ക് വാങ്ങാൻ വന്നതും അനുവേട്ടൻ ആയിരുന്നു,

പിന്നെ നിവിൻ ഡെയിലി പോകുന്ന ഷട്ടിൽ ബാറ്റ് കളി അറിഞ്ഞതും ബൈക്കിൽ  കൊണ്ടുവന്ന് ഗിഫ്റ്റ് വച്ചതും ഒക്കെ അനുഏട്ടൻ വഴി ആയിരുന്നു,

“അനൂപിനെ അന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ടപ്പോഴേ ഞാൻ അതൊക്കെ ഊഹിച്ചു,

അതൊക്കെ പോട്ടെ നീ എന്നാണ് ഡിസ്ചാർജ് ആകുന്നത്,

“നാളെ കാണും എന്നാണ് പറഞ്ഞത്,

“എങ്കിൽ ഞാനും നാളെ ഹോസ്പിറ്റലിലേക്ക് വരാം,

“അയ്യോ വേണ്ട നീവിൻ, ലക്ഷ്മി ആന്റിക്ക് എന്തെങ്കിലും സംശയം തോന്നിയാൽ,

“എനിക്ക് നിന്നെ കാണാതെ ഭ്രാന്ത് പിടിക്കുകയാണ്, എപ്പോഴും കാണാൻ തോന്നുന്നു,

 “ഡിസ്ചാർജ് ആയി കഴിഞ്ഞ രണ്ടു ദിവസത്തെ റെസ്റ്റ്, അത് കഴിഞ്ഞാൽ ഞാൻ കോളേജിൽ പോകില്ലേ അപ്പോൾ കാണാമല്ലോ,

  “രണ്ട് ദിവസം ഒക്കെ പറയുമ്പോൾ എനിക്ക് എന്തോ രണ്ട് യുഗം പോലെ തോന്നുന്നു,

“രണ്ട് ദിവസം 2 സെക്കൻഡ് പോലെ പോകും,

“മറ്റൊരു കാര്യത്തിൽ നീ എനിക്ക് ഉറപ്പ് തരണം,

“എന്താണ്

“ഇനിയൊരിക്കലും ഇങ്ങനെയൊരു അബദ്ധം കാണിക്കരുത്,

എനിക്ക് വേണ്ടി മരിക്കാൻ വേണ്ടി അല്ല നീ എന്നെ സ്നേഹിച്ചത് എന്നോടൊപ്പം ജീവിക്കാൻ വേണ്ടിയാണ്,

അങ്ങനെ വേണം ചിന്തിക്കാൻ ,

“ഇനി ഞാൻ ഇങ്ങനെ ഒന്നും മനസ്സിൽ പോലും വിചാരിക്കില്ല,

“മതി,

   പിറ്റേന്ന് നിവിൻ ഓഫീസിൽ വന്നപ്പോൾ അനൂപിന് അവനെ ഫേസ് ചെയ്യാൻ മടി തോന്നി, പല്ലവി അവനെ വിളിച്ച് നിവിനോട് എല്ലാ കാര്യങ്ങളും പറഞ്ഞു എന്ന് അറിയിച്ചിരുന്നു,

രാവിലെ മുതൽ നിവിനിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു അനൂപ്, അത് കണ്ട് നിവിന് ചിരിവന്നു ,

അവസാനം ലഞ്ച് ബ്രേക്ക് ടൈമിൽ, നിവിൻ അനൂപിനെ കാണാനായി ചെന്നു,

“എന്താണ് അനൂപ് കള്ളം പിടിച്ച കുട്ടിയെപ്പോലെ രാവിലെ മുതൽ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്,

“സോറി നിവിൻ ഞാൻ….

“അവൾക്ക് എന്നോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായത് കൊണ്ടാണല്ലോ അനൂപ് ഇതിനൊക്കെ കൂട്ടുനിന്നത്, എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ, പിന്നെ രണ്ടുപേരും കൂടെ എന്നെ കുറച്ച് വട്ട് കളിപ്പിച്ചു, നല്ലൊരു കാര്യത്തിന് വേണ്ടിയല്ലേ,

എന്തായാലും എനിക്ക് അനൂപിനോട് ഒരു പിണക്കവുമില്ല, ഒന്നുമല്ലെങ്കിലും എൻറെ ഭാവി അളിയൻ പോകണ്ട ആൾ അല്ലേ,

 അതുകേട്ട് അനൂപും ചിരിച്ചു,

  രണ്ടു ദിവസത്തെ റെസ്റ്റും ഹോസ്പിറ്റൽ വാസവും എല്ലാം കഴിഞ്ഞ് പല്ലവി ഇന്നാണ് തിരികെ കോളേജിലേക്ക് പോകാൻ ആയി തുടങ്ങുന്നത്,

ഇന്ന് വൈകുന്നേരം നിവിൻ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്,

എന്താണെങ്കിലും  നിവിൻറെ മുൻപിലേക്ക് ചെല്ലുമ്പോൾ തന്നെ ധൈര്യമെല്ലാം ചോർന്നു പോകുന്നതായി തോന്നാറുണ്ട്,

നിവിനെ കാണേണ്ടതു കൊണ്ട് തന്നെ അവൾ ഭംഗിയായി ഒരുങ്ങി,

വൈകുന്നേരം നിതയോട് കുറേ കള്ളങ്ങൾ പറഞ്ഞാണ് ഒരു പീരീഡ് നേരത്തെ കോളേജിൽ നിന്നും ഇറങ്ങിയത്,

കോളേജ് ഗേറ്റ് ഇറങ്ങിയപ്പോൾ തന്നെ കണ്ടു, തന്നെ നോക്കി നിൽക്കുന്ന നിവിനെ,

നിവിനും അവളെ കണ്ടു അവൻ അവളെ തന്നെ നോക്കി നിന്നു,

              അവളെ കണ്ടതും അവൻറെ മനസ്സ് നിറഞ്ഞു, തൻറെ ഷർട്ടിന് ചേരുന്ന ലൈറ്റ് റോസ് കളർ ബോട്ട് നെക്ക് കുർത്തയും വൈറ്റ് ജെഗിനും  സ്റ്റോളും  ആയിരുന്നു അവളുടെ വേഷം,കയ്യിൽ ഒരു ബാക്ക് പാക്ക് ബാഗും,

“ഇതെന്താ എന്റെ ഷർട്ടിന് മാച്ച് ആയി നീ ഇട്ടതാണോ ഇത്,

അവളെ കണ്ടപാടെ നിവിൻ ചോദിച്ചു,

“അതാണ് മനപ്പൊരുത്തം, എൻറെ മനസ്സ് അറിഞ്ഞു നിവിൻ ഇതാണ് ഇടുന്നത് എന്ന്,

  പെട്ടെന്ന് വലിയൊരു കാറ്റ് വീശി,കാറ്റിൽ പാറി ഒഴുകിയ അവളുടെ നീളൻ തലമുടി ഇഴകൾ അവൻറെ മുഖത്തെ ചുംബിച്ചു,

പെട്ടെന്ന് അവൾ ഇരു കണ്ണുകളും അടച്ചു,

“എൻറെ കണ്ണിൽ എന്തോ പോയി നിവിൻ,

അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

“കണ്ണ് ഇങ്ങനെ തിരുമ്മാതെ,

അവൻ അവളുടെ കൈപിടിച്ച് വിലക്കി,

അവൾ പെട്ടെന്ന് അവൻറെ നെഞ്ചിലേക്ക് മുഖമമർത്തി, പെട്ടെന്ന് അവൾ അങ്ങനെ ചെയ്തപ്പോൾ നിവിൻ വല്ലാതെയായി, അവൻറെ ഹൃദയതാളം അവന് തന്നെ കേൾക്കാമെന്ന് സ്ഥിതിയിലായി,

ആദ്യമായാണ് ഒരു പെൺകുട്ടി ഇത്ര ചേർന്ന് തന്നോട് നിൽക്കുന്നത്,

അവന് ഉമിനീര് വറ്റി,

“എനിക്ക് വല്ലാതെ വേദനിക്കുന്നു നിവിൻ,

 അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടേയിരുന്നു,

“നിൽക്ക് ഞാൻ നോക്കാം,

  അവൾ കണ്ണുകൾ അടച്ചു പിടിച്ചിരിക്കുകയാണ്, അവൻ അവളുടെ മുഖം കയ്യിൽ കോരി’യെടുത്തു,

ഒരു പത്ത് വയസ്സ് കാരിയുടെ നിഷ്കളങ്കമുഖം അവന്റെ മുൻപിൽ തെളിഞ്ഞു,

“നീ കണ്ണ് തുറക്കു മാതു,

  “പറ്റുന്നില്ല നിവിൻ വല്ലാതെ വേദനിക്കുന്നു,

” ഞാൻ ഒന്നു നോക്കട്ടെ, നീ ഒന്ന് കണ്ണ് തുറക്കാൻ ശ്രമിച്ചു നോക്കൂ,

അവൻ പതിയെ അവളുടെ കണ്ണുകളിലേക്ക് ഊതി,അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് ഏറ്റു,

“പോയോ?

“പോയി എന്നു തോന്നുന്നു,

“എങ്കിൽ വാ കയറ്,

   അവൾ അവനൊപ്പം ബൈക്ക് ബുള്ളറ്റിന് പുറകിൽ കയറി ,

ഇതെല്ലാം കണ്ട് കോളേജ് ഗേറ്റ് അപ്പുറത്ത് നിത നിൽപ്പുണ്ടായിരുന്നു,

  അവർ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു,

അവിടെ കടല നോക്കി രണ്ടുപേരും കുറെ നേരം കൈകൾ കോർത്ത് ഇരുന്നു, നിവിൻറെ ചുമലിൽ തല ചായ്ച്ച് ആണ് പല്ലവി ഇരുന്നത്,

അവൻ മറുകൈയ്യിൽ അവളെ തന്നോട് ചേർത്തു പിടിച്ചു,

കുറേ നേരമായിട്ടും ഒന്നും സംസാരിക്കാതെ കടലിലേക്ക് നോക്കി ഇരിക്കുന്ന പല്ലവിയെ നോക്കി നിവിൻ ചോദിച്ചു,

“എന്താടി ഇല്ലാത്തപ്പോ ഫോൺ വിളിക്കുമ്പോൾ നിനക്ക് നൂറുനാവാണല്ലോ ,ഇപ്പോൾ ഒന്നും പറയാനില്ലേ എന്നോട്?

“ഞാൻ ഈ കടലിനെ പറ്റി ചിന്തിക്കുകയായിരുന്നു,

എനിക്ക് നിവിന്നോടുള്ള സ്നേഹവും ഈ കടലുപോലെ അറ്റമില്ലാതെ പൊന്തിയും താഴ്ന്നും ഒഴുകിയും അങ്ങനെ കടന്നു പോവുകയല്ലേ,

  അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു,

“നീ പെയ്തത് പോലെ മറ്റൊരു മഴയും എന്നിൽ പെയ്തു തോർന്നിട്ടില്ല നിവിൻ,

മാധവിക്കുട്ടി പറഞ്ഞത് കേട്ടിട്ടില്ലേ,

  “ഋതുക്കൾ മാറുന്നതും

ഇലകൾ പൊഴിയുന്നതും

മൂടൽമഞ്ഞ് ഉയരുന്നതും

ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്

എൻറെ ഉള്ളിൽ വസന്തമായിരുന്നു,

മരണമില്ലാത്ത പ്രണയവും,

  അവൾ പറഞ്ഞു,

“ഒരിക്കലും എന്നിൽ നിന്നും അടർന്നു പോകാതെ നീ എന്നിൽ തന്നെ ഉണ്ടാകണം,

ഇത്രകാലവും ഞാനറിയാതെ എന്നെ സ്നേഹിച്ച സ്നേഹം മുഴുവൻ എനിക്ക് നിനക്ക് നൽകണം,

സ്നേഹം കൊണ്ട് നിന്നെ തോൽപ്പിക്കണം,

“നിൻറെ മുൻപിൽ തോറ്റു തരുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ ഉള്ളൂ,

 അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ച ശേഷം ആ കൈകൾ ചുണ്ടോട് ചേർത്ത് അമർത്തി ചുംബിച്ചു,

“നിവിൻ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്,

അതുകൂടി കേട്ടതിനു ശേഷം  നിനക്ക് തീരുമാനിക്കാം എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തണോ അതോ മാറ്റി നിർത്തണമൊ എന്ന്,

“നീ പറയാൻ പോകുന്ന ഒരു കാര്യവും നീ എൻറെ ഹൃദയത്തിൽ നിന്നും അകന്നു പോകാൻ ഉള്ള കാരണമാകില്ല, അത് എനിക്ക് ഉറപ്പാണ്,

കാരണം ഇനി എന്തൊക്കെ പ്രശ്നം വന്നാലും നിവിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല,

“എങ്കിലും ഇത് നീ അറിയണം നിവിൻ, കാരണം നാളെ എങ്ങനെയെങ്കിലും നീ അറിഞ്ഞാൽ അതിൻറെ പേരിൽ എന്നെ വെറുത്തു പോയാൽ അല്ലെങ്കിൽ ചെറിയൊരു നീരസം എങ്കിലും നിൻറെ മുഖത്ത് ഉണ്ടായാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല, ഞാൻ പറഞ്ഞ് തന്നെ നീ അറിയണം,

“പറഞ്ഞോളൂ,

  എല്ലാം പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണുകളിൽ കണ്ണുനീർ ചാലുകൾ ഒഴുകിയിരുന്നു,

അവൻറെ മുഖത്തേക്ക് അവൾ നോക്കി,

(തുടരും)

  എന്താണ് പറഞ്ഞത് എന്ന് ഇപ്പോൾ പറയില്ല കേട്ടോ അത് സസ്പെൻസ് ആണ്,

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply