മനമറിയാതെ…
Part: 10
✍️ F_B_L
[തുടരുന്നു…]“ഇക്കാ എനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് ഞാൻ വെറുതെ പറഞ്ഞതാ. എന്റെ ജീവിതത്തിൽ എനിക്ക് ഒരാളോടുമാത്രമേ പ്രണയം തോന്നിയിട്ടുള്ളൂ. അത് അക്കുക്കയാണ്. അക്കുകയുടെ മനസ്സറിയാൻ വേണ്ടിയാണ് ഞാൻ മറ്റൊരാളെ ഇഷ്ടമാണെന്ന് കള്ളംപറഞ്ഞത്”
അക്കു എന്തുപറയണമെന്നറിയാതെ പകച്ചുനിന്ന നിമിഷം.
മറുപടിയൊന്നും നൽകാതെ അക്കു ജുമിയുടെ മുഖത്തേക്ക് ഒന്നുനോക്കി.
അവൾ നല്ല സന്തോഷത്തിലാണ്.
അക്കൂനായി അവൾ സെലക്റ്റുചെയ്ത ഷർട്ടും കയ്യിൽപിടിച്ച് ജുമി അക്കൂന്റെനേരെ വരുന്നത് കണ്ടതും അവൻ ഫോൺ കട്ടാക്കി.
“ഇക്കാ ഈ ഷർട്ട് ഇഷ്ടായോ…?”
“ആ”
അക്കുവിന്റെ മറുപടി ജുമിക്ക് തൃപ്തികരമല്ലായിരുന്നു.
ഷർട്ടുമായി ജുമി കുഞ്ഞോളുടെ അരികിലേക്ക് നടന്നു.
“കുഞ്ഞോളെ ഇത് എങ്ങനെയുണ്ട്, ഇക്കാക്ക് ഈ ഷർട്ട് നന്നായി ചേരില്ലേ”
“നന്നായി ചേരും, എന്തെ ഇക്കാക്ക് ഇഷ്ടായില്ലേ”
“ആന്നുപറഞ്ഞു. പക്ഷെ എന്തോ ഇഷ്ടപ്പെടാത്തപോലെയാ എനിക്ക് തോന്നിയത്”
അപ്പോഴേക്കും അക്കു അവർക്കരികിലെത്തി
“എനിക്ക് ഇഷ്ടായിട്ടാ” എന്ന് പറഞ്ഞതും ജമിയുടെ മുഖത്ത് പുഞ്ചിരിവിടർന്നു.
അക്കുവിന്റെ കയ്യിലിരുന്ന ഫോൺ വീണ്ടും ശബ്ദിച്ചപ്പോൾ അക്കു കട്ടാക്കിവിട്ടു.
ഓരോതവണ അക്കു ഫോൺ കട്ടാക്കുമ്പോഴും വീണ്ടുംവീണ്ടും ആ ഫോൺ ശബ്‌ദിച്ചുകൊണ്ടേയിരുന്നു.
അതുകണ്ട കുഞ്ഞോൾ
“ആരാണിക്കാ ഫോണിൽ…?”
“അത് കാര്യമില്ല. പെട്ടെന്ന് ഇവിടുന്ന് ഇറങ്ങാൻനോക്ക്”
“സനയാണോ വിളിച്ചുകൊണ്ടിരിക്കുന്നത്…?” കുഞ്ഞോൾ വീണ്ടും ചോദിച്ചു.
“അതെ” എന്ന് അക്കു തലയാട്ടി.
വീണ്ടും ഫോൺ ശബ്ദിക്കാൻ തുടങ്ങിയതും കുഞ്ഞോൾ അക്കുവിന്റെ കയ്യിൽനിന്നും ഫോൺവാങ്ങി ചെവിയോരം ചേർത്തു.
“ഇക്കാ… എന്താ ഫോണെടുക്കാൻ മടി. ഇക്കയെ ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണോ…? എന്തായാലും എനിക്ക് ഇക്കയെ ഇഷ്ടമാണ്. പറയാനുള്ള പേടികാരണം ഇക്കാര്യം തുറന്നുപറയാൻ ഇത്രയും വൈകി. എനിക്കിനി അറിയേണ്ടത് ഇക്കയുടെ മറുപടിയാണ്…” ഫോണിലൂടെ സനയുടെ വാക്കുകൾകേട്ട് ഞെട്ടിയത് കുഞ്ഞോളാണ്.
“സനാ ഞാൻ കുഞ്ഞോളാ” എന്നുപറഞ്ഞതും ആ കോൾ കട്ടായി.
കുഞ്ഞോൾ അക്കുവിന് ഫോൺ തിരികെ ഏൽപ്പിക്കുമ്പോൾ
“ഇക്കാ ജുമി അവളൊരു പാവമാണ്. എനിക്കവളെ നന്നായിട്ടറിയാം. ആഗ്രഹങ്ങക്കും സ്വപ്നങ്ങളും അവസാനിച്ചെന്നുകരുതിയതാണ് ജുമി. പക്ഷെ വീണ്ടും അവളുടെ സ്വപ്നങ്ങൾക്ക് ജീവൻ തിരിച്ചുകിട്ടിയിട്ടുണ്ട്. ഇക്ക അതില്ലാതെയാക്കരുത്, അവളെ ഉപേക്ഷിക്കരുത്”
കുഞ്ഞോൾ അക്കുവിനുമുന്നിൽ കൈകൾകൂപ്പി.
ഇതൊക്കെ കണ്ടുകൊണ്ട് ജുമി അപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
“കുഞ്ഞോളെ എന്താടി… എന്താ പ്രശ്നം” ജുമി അവർക്കരികിലേക്ക് വന്നു.
“ഒന്നുല്ല ജുമീ”
“അല്ല എന്തോഉണ്ട്, എന്താണെന്ന് പറ”
“ഇക്കയോട് ഇന്ന് കൊച്ചിയിലേക്ക് വരാൻപറഞ്ഞിട്ട് അവിടെന്ന് വിളിച്ചതാ. അപ്പോ ഇക്കയോട് പോവരുത് എന്ന് പറയുകയായിരുന്നു ഞാൻ” കുഞ്ഞോൾ ജമിയോട് കള്ളംപറഞ്ഞു.
നാളേക്കുള്ള വസ്ത്രങ്ങളൊക്കെ വാങ്ങിക്കൂട്ടി അവർ കടയിൽനിന്നിറങ്ങി.
അക്കു അവന്റെ ബുള്ളറ്റിലും ബാക്കിയുള്ളവർ കാറിലുമായി വീട്ടിലേക്ക് പുറപ്പെട്ടു.
ഇന്നോവ കാറിന്റെ ഏറ്റവും പുറകിലെ സീറ്റിലിരിക്കുന്ന കുഞ്ഞോൾ തൊട്ടരികിലുള്ള ജുമിയോട്
“ടീ ജുമീ… നീ ഇക്കാക്ക് എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ…?”
“ഒന്നുപോയെ കുഞ്ഞോളെ… വർഷങ്ങൾക്കുശേഷം ഇക്ക ഇപ്പോഴാണ് ഇവിടെയെത്തിയത്. ഇതിനിടക്ക് ഞാനെപ്പോ വിളിക്കാനാ”
“നിനക്ക് ഇക്കാടെ നമ്പർ വേണ്ടേ”
അവളൊന്ന് മൂളി.
കുഞ്ഞോൾ ജുമിയുടെ ഫോണെടുത്ത് ആക്കൂന്റെ നമ്പർ സേവ് ചെയ്തു.
“ദേ പെണ്ണെ… വിളിച്ച് ശല്യംചെയ്യാൻ നിൽക്കണ്ട. അറിയാലോ നിനക്ക്. ചിലപ്പോ നല്ല തെറികേൾക്കും”
“ശെരി നാത്തൂനെ”
അവരങ്ങനെ കാറിലിരുന്ന് അബ്‌ദുക്കയുടെ വീട്ടുമുറ്റത്തെത്തി.
അബ്‌ദുക്കയുടെ വീട്ടുമുറ്റത് പന്തലിനുള്ള തൂണുകൾ തലപൊക്കിനിന്നു. മജീദ്ക്കയുടെ വീട്ടിലും അതുതന്നെയാണ് അവസ്ഥ.
—————————————–
“ഇക്കാ തെറ്റുപറ്റിയത് എനിക്കാണ്, ഒരു കള്ളംപറഞ്ഞതുകൊണ്ട് ഇക്കയെ നഷ്ടമാവുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയതല്ല. ഇക്കയുടെ മനസ്സറിയാൻവേണ്ടിയാണ് ഞാനങ്ങനെ പറഞ്ഞത്. പക്ഷെ…” സനയുടെ വാക്കുകൾ ഇടറി.
“സനാ… എനിക്കും ഇഷ്ടമായിരുന്നു നിന്നെ. ഇവിടെ എന്റെ വീട്ടുകാർ ജുമാനയെ വിവാഹംകഴിക്കാൻ പറഞ്ഞപ്പോൾ ആദ്യം ഞാൻ എതിർത്തതാണ്. പക്ഷെ ആ ദിവസംതന്നെ നീ വിളിച്ച് നിനക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തകർന്നുപോയത് ഞാനാണ്. മറ്റൊരാളെ സ്നേഹിക്കുന്ന നിന്നെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതുകൊണ്ടാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. ജുമാനയും എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് അറിഞ്ഞപ്പോൾ അവളെയും കണ്ടില്ലെന്നുനടിക്കാൻ എനിക്കുകഴിഞ്ഞില്ല” റോഡരിൽകിൽ ബുള്ളറ്റ് നിർത്തി സനയുമായി ഫോണിൽ സംസാരിക്കുകയാണ് അക്കു.
“ഇക്കാ എന്നെ ഒഴിവാക്കരുത് പ്ലീസ്…”
“വൈകിപ്പോയി സനാ…”
അതെ അക്കു പെട്ടിരിക്കുകയാണ്. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന രണ്ടുപെൺകുട്ടികൾക്കിടയിൽ.
ഒരുവശത്ത് തനിക്കുവേണ്ടി കെഞ്ചുന്ന സനയും മറുവശത്ത് തന്നെ കിട്ടുമെന്ന് വിശ്വസിച്ച് സ്വപ്നംകാണാൻ തുടങ്ങിയ ജമിയും.
“ഇക്കാ… എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, ഇക്ക എന്നെ വേണ്ടെന്നുമാത്രം പറയരുത്. പ്ലീസ് ഞാനാ കാലുപിടിക്കാം”
സനയുടെ തേങ്ങൽ ഫോണിലൂടെ അക്കു കേട്ടു.
മറുപടി എന്തുപറയണമെന്നറിയാത്തതുകൊണ്ട് അക്കു ഫോൺ കട്ടാക്കി.
ബുള്ളറ്റിൽകയറി വീട്ടിലേക്ക് യാത്രതുടർന്നു.
വീണ്ടും നിർത്താതെ അടിക്കുന്ന ഫോണിന്റെ ശബ്ദംകെട്ടപ്പോൾ സന ആയിരിക്കുമെന്നുകരുതി അക്കു ഫോൺ എടുത്തില്ല.
ദൂരങ്ങൾതാണ്ടി അക്കു വീട്ടുമുറ്റത്തെത്തി.
മുറ്റത്തെ മാവിന്റെ ചുവട്ടിൽ വണ്ടിനിർത്തി അക്കു അപ്പുറത്തെ മജീദ്ക്കയുടെ വീട്ടിലേക്ക് ഒന്നെത്തിനോക്കി.
അവിടെയും പന്തലോരുങ്ങുന്നു.
മുറ്റത്ത് ഇറക്കിവെച്ചിരിക്കുന്ന കസേരകൾക്കിടയിലൂടെ അക്കു വീടിനകത്തേക്ക് കടന്നു.
“ഉമ്മാ…” അക്കു വിളിച്ചു.
“ഇക്കാ അവരിവിടെയില്ല. നിശ്ചയം പറയാൻ പോയതാ” അടുക്കളയിൽനിന്നും കുഞ്ഞോൾ വിളിച്ചുപറഞ്ഞു.
ഉമ്മയില്ലാത്തതുകൊണ്ട് അടുക്കളപ്പണിയിലായിരുന്നു കുഞ്ഞോൾ.
അക്കു അടുക്കളയിലേക്ക് കടന്നുച്ചെന്നതും
കുഞ്ഞോളും ജുമിയും അടുക്കളയിലുണ്ടായിരുന്നു.
“കുഞ്ഞോളെ എനിക്ക് കുറച്ച് വെള്ളംവേണം”
“ഇക്കാ എന്റെകയ്യിൽ മീനാ…” എന്ന് കുഞ്ഞോൾ അക്കുവിന് മറുപടിനൽകി
“ജുമീ ഇക്കാക്ക് കുറച്ച് വെള്ളംകൊടുക്ക്” എന്ന് ജുമിയോട് പാഞ്ഞുകൊണ്ട് അവളൊന്ന് ജുമിയേനോക്കി പുഞ്ചിരിച്ചു.
അക്കുവിന്റെയും ജുമിയുടെയും ഇടയിലുള്ള അകലം കുറക്കുവാൻ വേണ്ടിയാണ് കുഞ്ഞോൾ അങ്ങനെ പറഞ്ഞത്.
അക്കു അവർക്കിടയിൽനിന്നും അവന്റെ റൂമിലേക്ക് നടന്നു.
“എടീ ഇക്കപോയി” ഗ്ലാസ്സെടുക്കാൻ ഒരുങ്ങിയ ജുമി പറഞ്ഞു.
“അത് കാര്യല്ല… നീ നല്ല അസ്സലൊരു സുലൈമാനിയിട്ട് അങ്ങോട്ട് ചെല്ല്”
“ഞാനൊന്നും പോവില്ല. എനിക്ക് പേടിയാ”
“അതൊന്നും പറഞ്ഞാൽ പറ്റില്ല. എന്തായാലും പെണ്ണുകാണലും കലാപരിപാടികളും ഇല്ലായിരുന്നല്ലോ. അപ്പൊ ഇതുതന്നെയാണ് നല്ല തുടക്കം. ഇതോടെ നിന്റെ പേടിയൊക്കെ മാറും”
സന എന്നൊരു സംശയം ഉള്ളിലുള്ളതുകൊണ്ടാണ് കുഞ്ഞോൾ ഇങ്ങനെയൊക്കെ ജുമിയെക്കൊണ്ട് ചെയ്യിക്കുന്നത്.
മനസ്സില്ലാമനസ്സോടെ ജുമി കട്ടനും ഗ്ലാസ്സിലാക്കി ആക്കൂന്റെ അടുത്തേക്ക് പോകാനൊരുങ്ങിയതും
“ദേ നാത്തൂനെ… നിക്കാഹ് കഴിഞ്ഞിട്ടില്ല. അത് നീ മറക്കണ്ട” കുഞ്ഞോൾ അവളെ ഓർമിപ്പിച്ചു.
“ഒന്ന് പോടീ കളിയാക്കാതെ”
ജുമി ചായയുമായി അക്കുവിനെ തിരഞ്ഞിറങ്ങി.
ഹാളിൽ അക്കുവിനെ കാണാതായപ്പോൾ ജുമി ഒന്ന് നിന്നു.
“പടച്ചോനെ… ഇനിയിപ്പോ റൂമിലാവോ” അവൾ അവളോടുതന്നെ ചോദിച്ചു.
അക്കൂന്റെ റൂമിലേക്ക് കടക്കാൻ അവൾക്കെന്തോ പേടിതോന്നി.
വിറച്ചുകൊണ്ട് ജുമി തുറന്നിട്ട വാതിലിലൂടെ ആക്കൂന്റെ റൂമിനകത്തേക്ക് കയറി.
മുൻപ് പലപ്പോഴും ജുമി ആ റൂമിനകത്ത് കയറിയയിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത പേടി ഇന്നവൾക്കുണ്ട്.
വിറയാർന്ന കൈകളിൽ ചായക്കപ്പുമായി ജുമി റൂമിനകത്തുമുഴുവൻ കണ്ണോടിച്ചു.
നോട്ടം ബാക്കി എന്നല്ലാതെ അക്കുവിനെ ആ പരിസരത്തൊന്നും കണ്ടില്ല.
റൂമിൽനിന്നും പുറത്തിറങ്ങാനായി ജുമി പതിയെ തിരിഞ്ഞതും മുന്നിൽ അക്കു.
“എന്താ നീ എന്റെ റൂമിൽ” അക്കു ചോദിച്ചു.
“ചാ…യ..”
അക്കു കൈനീട്ടി ചായക്കപ്പുവാങ്ങി
“നീ ഇവിടെയിരിക്ക് ജുമീ, എനിക്കൊരു കാര്യം പറയാനുണ്ട്”
ആകെ പേടിയോടെ നിക്കുന്ന നിൽക്കുന്ന ജുമിക്ക് ആ റൂമിനകത്ത് ഇരിക്കാൻ അതിലേറെ പേടിയായിരുന്നു.
“ഞാനിവിടെ നിക്കാം…”
“ശെരി” അക്കു ചായ കുടിച് കപ്പ് ടേബിളിൽവെച്ചു.
“ജുമീ… എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. വർഷങ്ങാളായി ഞാൻ ഉള്ളിൽകൊണ്ടുനടക്കുന്ന ഒരു പ്രണയം. നിന്നെ കെട്ടാൻ ഇവിടെയുള്ളവർ പറഞ്ഞപ്പോൾ ആദ്യം എതിർത്തത് അതുകൊണ്ടാണ്. അവൾക്കിഷ്ട്ടം മറ്റൊരാളെയാണ് എന്നറിഞ്ഞപ്പോഴാണ് ഞാൻനിന്നെ കേട്ടാമെന്ന് വാക്കുപറഞ്ഞത്. പക്ഷെ…” അക്കു പറഞ്ഞുനിർത്തി ടേബിളിൽനിന്ന് ചായയെടുത്ത് ഒന്നുവലിച്ചു.
സംശയത്തോടെ ജുമി അക്കൂനെനോക്കിനിന്നു.
ചായക്കപ്പുമായി അക്കു തുറന്നുകിടക്കുന്ന ജനാലിനരികിൽച്ചെന്നുനിന്ന് പുറത്തേക്ക് നോക്കി.
“ഇന്ന് തുണിക്കടയിൽനികുമ്പോൾ അവൾ വിളിച്ചിരുന്നു. അവളെന്റെ മനസ്സറിയാനാണ് മറ്റൊരാളെ ഇഷ്ടമാണെന്ന് കള്ളംപറഞ്ഞത്. അവൾക്കിഷ്ടം എന്നെയാണ്. എനിക്കുവേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാമെന്ന് പറയുകയാണ് അവൾ”
അക്കുവിന്റെ വാക്കുകൾ കേട്ട് തളർന്നുപോയിരുന്നു ജുമി. നഷ്ടപ്പെട്ടു എന്നുകരുതിയത് തിരിച്ചുകിട്ടിയതിൽ ഒരുപാട് സന്തോഷിച്ചവളാണ് ജുമി. പക്ഷെ ആ സന്തോഷത്തിന് നീർകുമിളയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്നവൾക്ക് മനസ്സിലായി.
ഉള്ളിൽ ആർത്തിരമ്പിയ സങ്കടക്കടൽ പൂർവാധികം ശക്തിയോടെ ആഞ്ഞടിച്ചു.
അവളുടെ കണ്ണുകളിൽ നോവിനാൽ നനവ്‌പടർന്നു.
ചുണ്ടുകൾ വിതുമ്പി.
അക്കു ജാനാലീനരികിൽനിന്ന് തിരിഞ്ഞ് ജുമിയെ നോക്കിയതും അതുവരെ ഉണ്ടായിരുന്ന മുഖത്തെ പ്രകാശം എങ്ങോപോയിമറഞ്ഞിരിക്കുന്നു. പകരമായി കണ്ണുകളിൽ ഈറനണിഞ്ഞത് അക്കു കണ്ടു.
അവൻ ജുമിയുടെ അരികിലേക്ക് നടന്നു.
അവന്റെ ഉള്ളിലും ഭയമുണ്ട്.
അവൻ ആരെ ഒഴിവാക്കിയാലും ഏതെങ്കിലും ഒരുപെൺകുട്ടിയുടെ കണ്ണുനീർ കാണേണ്ടിവരുമെന്ന പേടി.
“ജുമീ… നീ എന്നോട് ക്ഷമിക്കണം, ഞാൻ ആഗ്രഹിച്ച ജീവിതം എനിക്കുമുന്നിൽ എന്നെകാത്തുനിൽക്കുന്നുണ്ട്. നിന്നോടൊപ്പമുള്ള ജീവിതം ഒരിക്കൽപോലും ഞാൻ ചിന്തിച്ചതുപോലുമല്ല”
ജുമിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.
“സങ്കടപ്പെടരുത് ജുമീ… നീയൊന്ന് ആലോചിക്ക്, എന്നിട്ടൊരു തീരുമാനം പറ”
അക്കു അവൾക്കരികിൽനിന്ന് പുറത്തേക്കിറങ്ങി.
അപ്പോഴാണ് ഇതൊക്കെ കേട്ടുകൊണ്ട് കുഞ്ഞോൾ പുറത്തുനിൽക്കുന്നുണ്ടായിരുന്നു എന്ന് അവന് മനസ്സിലായത്.
കുഞ്ഞോളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.
ദേഷ്യം കൊണ്ട് ആ മുഖം ചുവന്നിട്ടുമുണ്ട്.
“കുഞ്ഞോളെ… ഞാൻ…” അക്കു പറയാനൊരുങ്ങിയതും
“മിണ്ടരുത് അക്കുക്കാ… എന്നെയിനി കുഞ്ഞോളെന്ന് വിളിക്കണ്ട. ഇത്രയുംകാലം കണ്ണീരിയില്ലാതെയാണ് ജുമി കഴിഞ്ഞത്. ഇക്കയുടെ വരവ് ഞങ്ങളുടെ ജുമിയെ കരയിപ്പിക്കാൻ വേണ്ടിയായിരുന്നു എങ്കിൽ ഇങ്ങോട്ട് വരേണ്ടായിരുന്നു. ഇക്കാക്ക് വേണ്ടങ്കിക്കും എനിക്കുവേണം, ഞങ്ങൾക്കുവേണം. ഇവളെപോലൊരു പെൺകുട്ടിയെ വേണ്ടാന്നുപറഞ്ഞ ഇക്കയെ എനിക്കുവേണ്ട. എങ്ങോട്ടാണെന്നുവെച്ചാൽ പൊയ്ക്കോ, ആരെയാണെന്നുവെച്ചാൽ കെട്ടിക്കോ. ആ സനയെയുംകൊണ്ട് ഇങ്ങോട്ട് കയറിവരാൻ പറ്റില്ല”
ജുമിയുടെ കണ്ണുനീരിന്റെ കാരണം അക്കുആയതുകൊണ്ട് കുഞ്ഞോൾക്ക് അക്കുവിനോട് ദേഷ്യം തോന്നി.
അവൾ അക്കുവിനെ ഒരുപാട് കുറ്റപ്പെടുത്തി.
“കുഞ്ഞോളെ… ഇക്ക…” അക്കു പറയാനൊരുങ്ങിയതും കുഞ്ഞോളവനെ തടഞ്ഞു.
“വേണ്ട ഒന്നും പറയണ്ട. എനിക്കിനി കാണുകയുംവേണ്ട”
കുഞ്ഞോളുടെ മിഴികൾ നിറഞ്ഞൊഴുകി.
“ഈ ഇക്കയും അനിയത്തിയും ഇന്നിപ്പോ വഴക്കിടുന്നതിന് കാരണകകാരി ഞാനാണ്. അക്കുക ഒരു തെറ്റും ചെയ്തിട്ടില്ല. ഇക്കയുടെ മനസ്സറിയാതെ ഇക്കയെ ഇഷ്ടപ്പെട്ടു അതാണ് ഞാൻ ചെയ്ത തെറ്റ്”
ജുമി മനസ്സിൽപറഞ്ഞു.
കൂടെപ്പിറപ്പിൽനിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ടതുകൊണ്ട് അക്കുവിന്റെ നെഞ്ചുകലങ്ങി.
ടേബിളിൽ ഇരുന്ന ബുള്ളറ്റിന്റെ ചാവിയെടുത്ത് അക്കു വീടിന്റെ പുറത്തേക്കിങ്ങി.
എങ്ങോട്ടെന്നില്ലാതെ അക്കു ബുള്ളറ്റുമായി ഗേറ്റുകടന്ന് പോയി.
___________________________
“ഇവൾക്ക് എന്താ പറ്റിയത് ഫാത്തിമാ… ഒരു ഉഷാറില്ലല്ലോ” വർക്ഷോപ്പിൽനിന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ നൗഷാദ്ക്ക ചോദിച്ചു.
“അറിയില്ല… ഞാൻ ചോദിച്ചിട്ട് ഇവളൊന്നും പറയുന്നില്ല. നിനൽത്തന്നെ ഒന്ന് ചോദിച്ചുനോക്ക് എന്താണ് കാര്യമെന്ന്”
“എന്തുപറ്റി സനമോളെ…?”
“ഒന്നുല്ല വാപ്പച്ചീ”
“അത്പറഞ്ഞാൽ പറ്റില്ല”
സനയുടെ കണ്ണുകൾ നിറയാൻതുടങ്ങിയതും കഴിപ്പ് നിർത്തി നൗഷാദ്ക്ക സനയുടെ അടുത്തിരുന്നു.
“എന്താണ് മോളെ, എന്തിനാ നീ കരയുന്നത്…?”
സനയെ ചേർത്തുപിടിച്ച് നൗഷാദ്ക്ക ചോദിച്ചതും
“അക്കുക്ക…” അവളുടെ വാക്കുകൾ മുറിഞ്ഞുപോയി.
“അക്കൂനെന്താ പറ്റിയത്”
“ഇക്കാടെ കല്യാണം ഉറപ്പിച്ചു”
“അതാണോ കാര്യം, ഇന്നലെ എന്നെവിളിച്ചു പറഞ്ഞതാണ് അവനാകാര്യം. മോളോട് പറയാൻ ഞാൻ മറന്നതാ” നൗഷാദ്ക്ക ഒന്ന് പുഞ്ചിരിച്ചു.
“ഉപ്പാ… എനിക്ക് അക്കുക്കയെ വേണം. എപ്പോഴും ഇക്ക എന്റെകൂടെവേണം” അത് കേട്ടതും സനയുടെ തോളത്തിരുന്ന നൗഷാദ്കയുടെ കൈ അദ്ദേഹം പിൻവലിച്ചു.
“മോളെന്താ ഉദ്ദേശിക്കുന്നത്… എനിക്കൊന്നും മനസ്സിലാകുന്നില്ല”
“ഉപ്പാ എനിക്ക് ഇക്കയെ ഇഷ്ടമായിരുന്നു. പക്ഷെ പറഞ്ഞില്ല. ഇന്ന് ഞാനതുപറഞ്ഞതും ഇക്ക വേറൊരു കല്യാണത്തിന് സമ്മതിച്ചു എന്നാണ് പറഞ്ഞത്”
നൗഷാദ്ക്കയും ഫാത്തിമതാത്തയും സനയെ മിഴിച്ചുനോക്കി.
“ഇക്ക പറയാ, വൈകിപോയി എന്ന്. ഇക്കാക്കും എന്നെ ഇഷ്ടമായിരുന്നു എന്ന്” സന അതുപറഞ്ഞതും
“നീയിത് എന്തുഭാവിച്ചാ സനാ… അക്കു അവനെന്തുതെറ്റാ നിന്നോട് ചെയ്തത്. അവന്റെ ഇപ്പോഴത്തെ അവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ”
“ഇല്ല ഉപ്പാ… ഞാനൊന്നും ചിന്തിച്ചില്ല. ഞാൻ ഇഷ്ടപെട്ടത് ഇക്കയെ ആയതുകൊണ്ട് നിങ്ങളാരും എതിരുനിൽകില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു”
“ഞങ്ങൾക്കും അവനെ ഇഷ്ടമാണ്. പക്ഷെ ഈ സാഹചര്യത്തിൽ അവനോട് നിന്നെ നിക്കാഹ്ചെയ്യാൻ പറയുവാനെനിക്കാവില്ല. അതുകൊണ്ട് മോളവനെ മറക്കണം. മറന്നേ പറ്റു”
നൗഷാദ്ക്ക കടുപ്പിച്ച് പറഞ്ഞതും സനയുടെ കണ്ണിലെ നീരോഴുക്ക് കൂടിവന്നു.
“മോളെ… നമ്മൾ കൊതിച്ചാൽമാത്രം പോര. പടച്ചവൻ വിധിക്കുകകൂടി വേണം. പടച്ചവന്റെ വിധിയറിയാതെ നമ്മളാരേയും ആഗ്രഹിക്കരുത്. ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല മോളെ. അതുകൊണ്ട് നീ അക്കുവിനെ വിളിക്കണം. പഴയ ബന്ധം മറന്ന് നല്ലൊരു ആങ്ങളായായി അവനെകണ്ട് അവനോട് നല്ലപോലെ സംസാരിക്കണം. ഉറപ്പിച്ച കല്യാണത്തിൽനിന്ന് പിന്മാറരുത് എന്ന് അവനോട് പറയണം. അവന്റെ സന്തോഷമല്ലേ നമ്മുടെ സന്തോഷം” നൗഷാദ്ക്ക മകളെ നല്ലപോലെ ഉപദേശിച്ചു.
ഉപ്പയുടെ വാക്കുകളെ അനുസരിക്കാൻ സനയും തയ്യാറായി.
————————————–
കൂടെപ്പിറപ്പ് തള്ളിപ്പറഞ്ഞ വേദനയിൽ പതിവിലും വേഗത്തിൽ അക്കു ബുള്ളറ്റ് പറത്തിവിട്ടു.
ഒരാളെ സ്വീകരിച്ചാൽ മറ്റൊരാൾ കരയും. അതുകൊണ്ട് ആരെയും സ്വീകരിക്കാതിരിക്കുക. പക്ഷെ ജീവിച്ചിരിക്കുമ്പോൾ അത് പ്രയാസമാണ്.
ഇനി കാണേണ്ട എന്നുപറഞ്ഞ അനിയത്തിക്കുട്ടിയുടെ വാക്കുകളും അവനെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
എല്ലാ വേദനകളും മറക്കാനായി അവൻ ബുള്ളറ്റിന്റെ ആക്‌സിലേറ്റർ പിടിച്ചു തിരിച്ചു.
മുന്നിൽപോകുന്ന ഓരോ വാഹനത്തെയും മറികടക്കുമ്പോൾ അവന്റെ കണ്ണുകളിൽ നനവ് രൂപപ്പെട്ടു.
കണ്ണിൽ തളംകെട്ടിയ കണ്ണുനീരിനെ തുടച്ചുമാറ്റാൻ കൈ ഉയർത്തിയതും അക്കുവിന്റെ നിയന്ത്രണം നഷ്ടമായി.
ബ്രെക്ക് ശക്തിയായി ചവിട്ടിയെങ്കിലും വണ്ടി നിൽക്കാൻ തയ്യാറായില്ല.
ഒരു സൈഡിലേക്ക് ചരിഞ്ഞ ബുള്ളറ്റിൽനിന്നും അക്കു റോഡിൽപതിഞ്ഞു.
അക്കുവിന് മുന്നിലായി ബുള്ളറ്റും റോഡിലൂടെ നിരങ്ങി.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക