മനമറിയാതെ – Part 12

3401 Views

manamariyathe-novel

മനമറിയാതെ…

Part: 12

✍️ F_B_L

[തുടരുന്നു…]

 

“ആക്കൂ… നൗഷാദ്ക്ക വിളിച്ചിരുന്നു. അവിടത്തെ സനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന്. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്നും പറഞ്ഞു. ആ പെൺകുട്ടിക്ക് ചെക്കനെ ഇഷ്ടമായി എന്നും അതുകൊണ്ടവരത് ഉറപ്പിക്കുകയാണെന്നും പറഞ്ഞു. ഇനി എന്താ നിന്റെ തീരുമാനം”

“വിശക്കുന്നുണ്ട്…” എന്നായിരുന്നു അക്കുവിന്റെ മറുപടി.

“ടാ അക്കു. നാളെ നടത്താനിരുന്ന നിന്റെ വിവാഹനിശ്ചയം എന്തുചെയ്യണമെന്നാ ചോദിച്ചത്”
അബ്‌ദുക്കയുടെ ശബ്ദം കനത്തു.

“എനിക്ക് പ്രത്യേകിച്ച് തീരുമാനമൊന്നുല്ല ഉപ്പാ… എന്റെ ഇഷ്ടത്തിന് ഞാൻ തീരുമാനിച്ചത് തെറ്റായിപ്പോയി. ഇനി നിങ്ങളൊക്കെ തീരുമാനിക്ക്. എന്റെ ജീവിതത്തിൽ പാതിയായി ആരുവേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം”

ആ വാക്കുകൾ കേട്ടുനിന്നവരുടെ മനസ്സിനെ തണുപ്പിച്ചു.

“എനിക്ക് ഇവളോടൊന്ന് സംസാരിക്കണം” എന്ന് അക്കു വീണ്ടും പറഞ്ഞതും ജുമിയെ ആ റൂമിൽനിർത്തി ബാക്കി എല്ലാവരും പുറത്തേക്ക് പോയി.

“ഇവിടെവന്നിരിക്ക് ജുമീ…”

ജുമി അക്കുഇരിക്കുന്ന ബെഡിന്റെ ഒരു സൈഡിലായി ഇരുന്നു.

“ഉപ്പ പറഞ്ഞത് ഞാൻ വിശ്വസിച്ചു എന്നുനീ കരുതരുത്. പെട്ടെന്നൊരു വൈകുന്നേരം സനക്ക് കല്യാണലോചന വന്നു എന്നും സന ആ വിവാഹത്തിന് സമ്മതിച്ചു എന്നതും വിശ്വസിക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്. ഉപ്പ എന്നെ പറ്റിക്കുകയാണ് എന്നെനിക്ക് നന്നായിട്ടറിയാം. ജീവിതം എന്റേതാണ്… എന്റെകൂടെ ആരുവേണമെന്ന് എനിക്കുതീരുമാനിക്കാം. എന്റെ മനസ്സറിയാതെ നീ എന്നെ സ്നേഹിച്ചു. ഞാൻ സ്നേഹിച്ചവളുടെ മനസ്സറിയാതെ ഞാൻ നിന്നെ കേട്ടാമെന്നും പറഞ്ഞു. എന്റെകൂടെ നീ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വീട്ടിലുള്ളത്. അതുകൊണ്ട് ഇനി എന്റേജീവിതത്തിൽ എന്റെപാതിയായി നീ മാത്രംമതി. ഈ വാക്കിനി മാറില്ല എന്നെ വിശ്വസിക്കാം” അക്കു പറഞ്ഞുനിർത്തി.

ജുമിയുടെ കണ്ണുകൾ തിളങ്ങി. അവളിൽ ചെറുപുഞ്ചിരി വിടർന്നു. എന്തുപറയണമെന്നറിയാതെ ജുമി സന്തോഷത്താൽ കണ്ണുനിറച്ചു.

“ജുമീ… നീ ആഗ്രഹിച്ച ജീവിതം എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്റേജീവിതം കരിയും പുകയും ഗ്രീസും ഓയിലുമൊക്കെ പറ്റിപ്പിടിച്ചതാണ്. കരിയും പുകയും നിറഞ്ഞ ജീവിതത്തിലേക്കല്ല കറയില്ലാത്ത മനസ്സിലേക്ക് ഞാൻ നിന്നെ കഷണിച്ചാൽ നീ വരില്ലേ പെണ്ണെ” അക്കു അവളുടെ കൈകളിൽ പിടിച്ചു.

“ഞാൻ ഇന്നുവരെ കൂടുതലായി ഒന്നും ആഗ്രഹിച്ചിട്ടില്ല ഇക്കാ… ഒറ്റൊരുകാര്യത്തോട് മാത്രമാണ് ഭയങ്കരമായ ഇഷ്ടം തോന്നിയത്. അത് ഇക്കയോടൊപ്പമുള്ള ജീവിതമാണ്. ഞാൻ ആഗ്രഹിച്ചത് ഇക്ക എനിക്കുവെച്ചുനീട്ടുമ്പോൾ ഞാൻ ഒരിക്കലും അത് തള്ളിക്കളയില്ല” ജുമിയും അക്കുവിന്റെ കൈകൾക്കുമുകളിൽ അവളുടെ കൈവെച്ചു.
അപ്പോഴും ജുമിയുടെ കണ്ണുകളിൽ നീർച്ചാൽ ഒഴുകിക്കൊണ്ടിരുന്നു.

“ഇനിയും എന്തിനാ പെണ്ണെ നീ കരയുന്നെ”

“നാളെനടക്കേണ്ട നിശ്ചയം ഞാനൊരുപാട് സ്വപ്നം കണ്ടതാണ്. അത് നടക്കില്ലല്ലോ എന്നോർക്കുമ്പോ ഒരു സങ്കടം”

“എന്തിനാ പെണ്ണെ നിനക്കിത്രതിരക്ക്. നമുക്ക് കുറച്ചികഴിഞ്ഞിട്ട് ഒന്നായാപോരെ”

“തിരക്കല്ല ഇക്കാ… പേടിയാണ്. ഇക്കയെ മാറ്റെരെങ്കിലും കൊണ്ടുപോകുമോ എന്നപേടി”

“എന്റെ ജുമീ… നീയെന്തിനാ പേടിക്കുന്നെ, എന്നെ ഇനിയാരും കൊണ്ടുപോകില്ല. കണ്ണുന്നട്ട് എന്നെ കാത്തിരിക്കാൻ എനിക്കിനി നീയില്ലേ. തമ്മിൽ മനമറിഞ്ഞ് സ്നേഹിക്കാൻ നമുക്ക് നമ്മളില്ലേ”

“അതെ… മതി രണ്ടാളുംകൂടി കിന്നാരംപറഞ്ഞത്” കുഞ്ഞോള് റൂമിലേക്ക് കടന്നുവന്ന് കയ്യിലിരുന്ന മൊബൈൽ അക്കൂന്റെനേരെ നീട്ടി.
“റാഷിക്കയാ…” കുഞ്ഞോള് പറഞ്ഞു.

അക്കു ഫോൺവാങ്ങി
“എന്താ കൽബെ, എവിടംവരെയെത്തി ഒരുക്കങ്ങളൊക്കെ”

“ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. നിനക്ക് എന്താ പറ്റിയത്”

“ഒന്നുല്ലടാ റാഷി. ബുള്ളറ്റിൽനിന്ന് ഒന്ന് വീണു. കയ്യും കാലും ഒടിഞ്ഞു. വേറെ കുഴപ്പൊന്നുല്ല”

“നീയിത് എന്ത് സിമ്പിളായിട്ടാ പറയുന്നത്. നാളത്തെ ദിവസത്തേപറ്റി വല്ല ചിന്തയുമുണ്ടോ നിനക്ക്. എല്ലാ കാര്യങ്ങൾക്കും ഉപ്പ ഒറ്റക്ക് ഓടിനടക്കണ്ടേ… നിന്നെ ഓർത്തുകൊണ്ട് അപ്പുറത്തെ വീട്ടിലിരിക്കുന്ന പെൺകുട്ടിക്ക് എന്തുമാത്രം സങ്കടം ഉണ്ടായിട്ടുണ്ടാവും. ക്ഷണം സ്വീകരിച്ച് അവരുടെ വീട്ടിൽവരുന്നവരോട് ആ മജീദ്ക്ക എന്താ പറയാ”

“നീയിത് എങ്ങോട്ടാ റാഷി കയറിപ്പോക്കുന്നെ. അവിടെനിക്ക്. പിന്നേ… നീ പറഞ്ഞ അപ്പുറത്തെ വീട്ടിലെ പെൺകുട്ടി ഇപ്പൊ എന്റെ അടുത്തുണ്ട്. അവൾക്ക് കുഴപ്പൊന്നുല്ല. ഇനി നിങ്ങളെല്ലാവരും ചേർന്ന് കുഴപ്പമുണ്ടാക്കാതിരുന്നാമതി”

“ഓ ആയ്കോട്ടെ. പണ്ടും അങ്ങനെ ആണല്ലോ. നിനക്ക് നീ ചിന്തിക്കുന്നതുമാത്രമാണ് ശെരി. മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും നിനക്കൊരു പ്രശ്നമല്ലല്ലോ”

റാഷി കലിപ്പിലാണെന്ന് അക്കുവിന് മനസ്സിലായി.
“എന്തിനാ മുത്തേ ഇങ്ങനെ റൈസാവുന്നേ”

“നിനക്കൊന്നും അറിയില്ലല്ലേ അക്കു. ചെറുപ്പംതൊട്ടെ നിന്നെ നെഞ്ചിലേറ്റിനടക്കുന്ന ജുമിയെ മറന്ന് നീ ആ സനയെ കെട്ടാൻ നടക്കുകയല്ലേ. നീയാ പെൺകുട്ടിയുടെ അവസ്ഥ ആലോചിച്ചുനോക്കിയോ ഇല്ലല്ലോ. നീ നിന്റെ ഇഷ്ടങ്ങളുടെ പുറകെപോവുമ്പോൾ നിന്നെ സ്നേഹിക്കുന്നവർ ഓരോരുത്തരായി നിന്നിൽനിന്ന് അകലുന്നുണ്ട് എന്നതുമറക്കരുത്”

“ടാ പ്രാന്താ… ഈ കുഞ്ഞോള് നിന്നോട് അങ്ങനെയൊക്കെ പറഞ്ഞു അല്ലെ. എന്നാലെ മാറ്റാർക്കും അറിയാത്ത എനിക്കും ജുമിക്കും മാത്രമറിയുന്ന ഒരുകാര്യം ഞാൻ പറയട്ടെ” എന്ന് ഫോണിലൂടെ പറഞ്ഞ് കുഞ്ഞോളെ നോക്കി
“നീയും കേട്ടോളു കുഞ്ഞോളെ” എന്നുപറഞ്ഞ്
“ഞാനും ജുമിയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു”

അതുകേട്ടതും കുഞ്ഞോളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

“ഉള്ളതാണോ അക്കു” റാഷിയുടെ ചോദ്യമെത്തി.

“അതെ മുത്തേ… ദേ ഇപ്പോഴിരുന്ന് ഞങ്ങൾ തീരുമാനിച്ചു. ഇനി എന്നെ ആരും തെറിപറയരുത്” എന്ന് അക്കു ഫോണിലൂടെയാണ് പറഞ്ഞതെങ്കിലും അത് ഏറ്റത് കുഞ്ഞോൾക്കാണ്.

“ഇക്കാ എന്നോട് ക്ഷമിക്ക് പ്ലീസ്” കുഞ്ഞോള് അക്കൂന്റെ അറിങ്കിലിരുന്നപ്പോൾ
“എടാറാഷി ഞാൻ പിന്നെ വിളിക്കാം.” അക്കു ഫോൺ വെച്ച്
“എന്താ കുഞ്ഞോളെ. നീയത് വിട്ടില്ലേ ഇതുവരെ. ഇനി ചീത്തപറയരുത് എന്നാണ് ഞാൻ പറഞ്ഞത്”

അപ്പോഴേക്കും ഭക്ഷണവുമായി ആയിഷാത്തയുമെത്തി.
ഉമ്മയെ കണ്ടതും
“ഉമ്മാ ഈ അക്കുക ജുമിയെ കെട്ടാൻ സമ്മതിച്ചു” എന്ന് കുഞ്ഞോള് സന്തോഷത്തോടെ പറഞ്ഞു.

“ഉപ്പയോട് പറഞ്ഞോ നീയിത്” അയിഷാത്ത ചോദിച്ചു.

“ഇല്ല… ഞാനും ഇപ്പോഴാ അറിഞ്ഞത്”

“എന്നാ നീപോയി ഉപ്പയോട് പറ. ഉപ്പ ആകെ ടെൻഷനടിച്ച് നടക്കുകയാണ്. ഉപ്പാക്കൊരു സമാധാനമായിക്കോട്ടെ” എന്ന് അയിഷാത്ത പറഞ്ഞപ്പോൾ കുഞ്ഞോള് ഉപ്പയെ തിരഞ്ഞിറങ്ങി.

“ഉമ്മാ… ഒരു സ്പൂൺ എടുക്ക്. അല്ലാതെ എനിക്കിത് കഴിക്കാൻ പറ്റില്ല” അക്കു ഉമ്മയോട് പറഞ്ഞപ്പോൾ

“എന്താ അക്കു… ഞാൻ വാരിത്തന്നാൽ നിനക്ക് ഇറങ്ങില്ലേ” എന്ന് അയിഷാത്ത ചോദിച്ചു.

“ഇറങ്ങായിക ഒന്നുല്ലമ്മാ, സന്തോഷേ ഒള്ളു എനിക്ക്. വർഷം ഒരുപാടായില്ലേ ഉമ്മാടെ കൈകൊണ്ട് ഒരുരുള ചോറുണ്ടിട്ട്”

കയ്യിലുള്ള ചോറുപാത്രത്തിൽ നിന്ന് ഓരോ ഉരുള അക്കുവിന്റെ വായിലേക്ക് ആയിഷാത്ത വെച്ചുകൊടുത്തു. അവർക്കരികിൽ ജുമിയും ആ കാഴ്ചകണ്ടങ്ങനെയിരുന്നു.
അബ്‌ദുക്കയും ആ രംഗതിന് സാക്ഷിയായി.

മാഞ്ഞുപോയ പുഞ്ചിരി ആ റൂമിലുള്ള ഓരോ മുഖങ്ങളിലും തെളിഞ്ഞുനിന്നു.

____________________________

നൗഷാദ്ക്ക വാർക്ഷോപ്പിലെ ജോലിയൊക്കെ തീർത്ത് വീട്ടിലേക്ക് പോകുമ്പോൾ അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
അക്കുവിനെ മകനെപോലെ സ്നേഹിച്ച ഫാത്തിമയോട് എങ്ങനെപറയും അക്കുവിന് അപകടം പറ്റിയെന്ന്.
അവന്റെ വരവും കാത്തിരിക്കുന്നവരോട് എങ്ങനെ പറയും വരാൻ ആഴ്ചകളോളം വൈകുമെന്ന്.

നൗഷാദ്ക്ക വീടിന്റെ കോളിങ്ങ്ബെലിൽ വിരലമർത്തി.
വാതിൽ തുറന്നത് സന ആയിരുന്നു.

ഉപ്പയെ കണ്ടാലുടനെ “അക്കുക്ക വിളിച്ചിരുന്നോ” എന്ന് ചോദിക്കാറുള്ള സന ഇന്ന് മൗനംപാലിച്ചു.
ആ മൌനം നൗഷാദ്കക്ക് ഒരു സമാധാനമായിതോന്നി.
സനയും അക്കുവിനെ മനസ്സിൽനിന്ന് മാറ്റിനിർത്താൻ നോക്കുന്നു എന്ന് നൗഷാദ്ക്കാക്ക് മനസ്സിലായി.

“ഉമ്മയെവിടെ സനാ…”

“അടുക്കളയിലാണ്” എന്നുപറഞ്ഞ് സന അടുക്കളയിലേക്ക് നടന്നു. നൗഷാദ്ക്ക റൂമിലേക്കും.

കുളിയൊക്കെ കഴിഞ്ഞ് നൗഷാദ്ക്ക ഹാളിലെ സോഫയിൽവന്നിരുന്ന്
“ഫാത്തിമാ” എന്ന് നീട്ടിവിളിച്ചു.

വിളികേട്ടുകൊണ്ട് ഫാത്തിമതാത്ത അടുക്കളയിൽനിന്നും അയാളുടെ അടുത്തേക്കച്ചെന്നു.

“എന്തെ വിളിച്ചേ”

“നീ ഇവിടെയിരിക്ക്. എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്ക്. ആദ്യമേ പറയാം ടെൻഷനാവരുത്” വരുന്നിടത്തുവെച്ചുകാണാമെന്നുകരുതി നൗഷാദ്ക്ക ആ വാർത്ത പറയാനൊരുങ്ങി.

“എനിക്ക് മൂന്നുകാര്യം നിന്നോട് പറയാനുണ്ട്. ഒന്ന് സനയുടെ കാര്യമാണ്”

“സനമോൾക്ക് എന്താ”

“അവൾക്ക് ഒന്നുല്ല ഫാത്തിമാ. ഞാനൊന്ന് പറയട്ടെ.
സനക്ക് കുറച്ചുമുമ്പ് ഒരു ആലോചന വന്നിരുന്നു. മുഹമ്മദിന്റെ ഇളയ ചെക്കനുവേണ്ടി സനയെ ചോദിച്ചതാണ്. അന്ന് ഞാൻ ആലോചിച്ചിട്ട് പറയാമെന്നുപ്റഞ്ഞതാ. അവരോട് എന്താണ് പറയേണ്ടത്…”

“എനിക്കറിയില്ല. നല്ല ചെക്കനാണെന്നെങ്കിൽ നമുക്കത് നടത്താം”

“ശെരി. ഇനി രണ്ടാമത്തെ കാര്യം. മറ്റന്നാൾ വരുമെന്ന് പറഞ്ഞിട്ട് പോയതെല്ലേ അക്കു. അക്കു മറ്റന്നാൾ വരില്ല”

“അതെന്താ” ഫാത്തിമതാത്ത ഒരു ഞെട്ടലിനുശേഷം ചോദിച്ചു.

“അതാണ് മൂന്നാമത്തെ കാര്യം. അത് കേട്ടുകഴിഞ്ഞാൽ നീ സങ്കടപെടരുത്. അവന് കുഴപ്പൊന്നുല്ല. ഇപ്പോൾ വീട്ടിലുണ്ട്”

“വളച്ചുകെട്ടാതെ അക്കൂനെന്തുപറ്റി അതുപറ” അയിഷാതയുടെ ശബ്ദം കനത്തു.

“ആയിഷാ… അക്കു ഇന്ന് ബൈക്കിൽനിന്ന് വീണ് ചെറിയ പരിക്കുപറ്റിയിട്ടുണ്ട്”

അത് കേട്ടതും ഫാത്തിമതാത്ത എഴുനേറ്റ് ടേബിളിൽ ഇരുന്ന മൊബൈലെടുത്ത് അക്കൂന്റെ നമ്പറിലേക്ക് വിളിച്ചു.
“സ്വിചൊഫ്” എന്നുകേട്ടതും
“എനിക്കെന്റെ അക്കൂനെ കാണണം. അവനെന്തുപറ്റി എന്നറിയണം” ഫാത്തിമതാത്ത നൗഷാദ്ക്കയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

“കുഴപ്പൊന്നുല്ല ഫാത്തിമാ. ദേഹത്ത് ചെറിയ ചെറിയ മുറിവുകൾ. അല്ലാതെ ഒന്നുമില്ല. മുറിവുണങ്ങിയാൽ അവനിങ്ങോട്ടുവരും. നീ ടെൻഷനാവാതെ” അയാൾ പ്രിയപ്പെട്ട ഭാര്യയെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

“നമുക്ക് അക്കൂന്റെ വീട്ടിൽപോയാലോ ഇക്കാ”

“നാളെയാവട്ടെ ഫാത്തിമാ. ഈ സമയത്തുപോയാൽ അവിടെയെത്തുമ്പോൾ പാതിരാത്രിയാവും. എന്തായാലും നാളെ നമ്മൾ പോകേണ്ടതല്ലേ. അപ്പൊ നാളെപോയി അക്കുവിനെയും അവൻ കല്യാണംകഴിക്കാൻ പോകുന്ന ആ പെൺകുട്ടിയെയും കണ്ടിട്ട് നമുക്ക് മടങ്ങിവരാം. അതല്ലേ നല്ലത്”

മറുപടി ഒരു മൂളലിലൊതുക്കി ഫാത്തിമതാത്ത.

“ഇനി സനയോട് അവളുടെ വിവാഹത്തിനെപ്പറ്റി പറയണം. നമുക്കവളുടെ വിവാഹം ഉടനെ നടത്തണം” നൗഷാദ്ക്ക പറഞ്ഞു.

കുറച്ചുസമയത്തിനുശേഷം ടേബിളിനുചുറ്റുമിരുന്ന് ആ കുടുംബം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ
“സനാ നിനക്കൊരു ആലോചന വന്നിട്ടുണ്ട്. ചെക്കാനിവിടെ ഒരു കമ്പനിയിലാണ് ജോലി. നല്ല കുടുംബവുമാണ്, അവരോട് ഇങ്ങോട്ട് വരാൻ പറയട്ടെ ഉപ്പ” സനയോട് നൗഷാദ്ക്ക ചോദിച്ചു.

സന മറുപടിയൊന്നും നൽകാതെ കഴിച്ചുകൊണ്ടിരുന്നു.

“മോളെ അക്കൂനെ ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല. നാളെ അവന്റെ വിവാഹ നിശ്ചയമാണ്.
അക്കു ആ കല്യാണത്തിന് സമ്മതിച്ച സ്ഥിതിക്ക് മോളും ഈ കല്യാണത്തിന് സമ്മതിക്കണം, ഈ ഉപ്പയുടെ അപേക്ഷയാണ്”
എന്ന് നൗഷാദ്ക്ക വീണ്ടും പറഞ്ഞതും സമയുടെ കണ്ണിൽനിന്നും കണ്ണുനീർതുള്ളി കഴിച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് ചാടി ആത്മഹത്യചെയ്തു.

ഒലിച്ചിറങ്ങിയ കണ്ണുനീറിനെ തുടച്ചുമാറ്റി
“എനിക്ക് സമ്മതമാണുപ്പാ… എന്നെ സ്വീകരിക്കാൻ അക്കുക്കാക്ക്‌ കഴിയില്ലെങ്കിൽ എനിക്ക് അക്കുക്കയെ വേണ്ട” സന പറഞ്ഞു.

“എങ്കിൽ നാളെ കാലത്ത് അവരോട് വരാൻപറയാം അല്ലെ ഫാത്തിമാ” നൗഷാദ്ക്ക ചോദിച്ചപ്പോൾ
ഫാത്തിമതാത്ത തലകുലുക്കി സമ്മതിച്ചു.

കഴിപ്പൊക്കെ കഴിഞ്ഞ് നൗഷാദ്ക്ക മുഹമ്മദ്‌ക്കയെ വിളിച്ചു.
അയാളുടെ മകനുമായുള്ള തന്റെ മകളുടെ വിവാഹത്തിന് സമ്മതമാണെന്ന് നൗഷാദ്ക്ക അറീച്ചു.
നാളെ കാലത്ത് പത്തുമണിക്ക് ഒരു പെണ്ണുകാണൽ ചടങ്ങ് ഒരുക്കാൻ നൗഷാദ്ക്കയും തയ്യാറായി.

______________________________

“അക്കു നാളത്തെ കാര്യം എങ്ങനെയാണ്” അക്കുവിനെ പിടിച്ച് ബെഡിലേക്ക് കിടത്തുമ്പോൾ അബ്‌ദുക്ക ചോദിച്ചു.

“എന്താണുപ്പാ… നാളെ ബന്ധുക്കളൊക്കെ വരുമ്പോൾ അവരെ സ്വീകരിക്കാൻ പന്തലിനുമുന്നിൽ ഞാനുണ്ടാകില്ല, എന്നുവെച്ച് എല്ലാകാര്യത്തിനും ഉപ്പ ഓടിനടക്കേണ്ടിവരില്ല. കൂട്ടുകാരിൽ ചിലരൊക്കെ ഇവിടെ ഉപ്പാക്ക് താങ്ങായി ഇവിടെയുണ്ടാകും. പിന്നെ ഹാരിസും ഉണ്ടാവുമല്ലോ… പിന്നെന്താ”

“അതല്ല മോനെ… അപ്പുറത്തെ വീട്ടിലും ഇവിടത്തെപോലൊരു പന്തൽ ഉയർന്നുപൊന്തിയിട്ടുണ്ട്. ക്ഷണം സ്വീകരിച്ച് എത്തുന്നവരോട് നാളെ എന്തുമറുപടി പറയുമെന്നറിയാതെ ടെൻഷനടിച്ച് ഉറക്കം നഷ്ടമായൊരു ഉപ്പയും ഉമ്മയും അവിടെയുണ്ട്. നാളത്തെ ദിനം സ്വപ്നംകണ്ട ഒരു പെൺകുട്ടി ആ വീട്ടിലുണ്ട്. വിവാഹത്തിന് നിനക്ക് സമ്മതമാണെങ്കിലും നാളെ നടത്താനിരുന്ന നിശ്ചയത്തിന്റെ കാര്യത്തിൽ നമ്മളെന്താ അവരോടുപറയുക”

“ഉപ്പാ… ഞാനില്ലാതെയും എന്റെ വിവാഹം നിങ്ങൾക്ക് ഉറപ്പിക്കാൻ കഴിയില്ലേ. അപ്പൊ നിങ്ങളെല്ലാവരും ചേർന്ന് അവിടെച്ചെന്ന് നിശ്ചയിച്ചോ. ഞാനതിന് എതിരൊന്നും പറയുന്നില്ല”

അബ്‌ദുകാക്ക് ഒരുപാട് സന്തോഷംതോന്നി.
അക്കുവിനെ കിടത്തി അബ്‌ദുക്ക റൂമിൽനിന്നും പുറത്തിറങ്ങി.

കണ്ണുകളച്ച് ഏറെനേരം കിടന്നെങ്കിലും വേദനകൊണ്ട് അവനെ ഉറക്കം തേടിയെത്തിയില്ല. അക്കു കയ്യെത്തിച്ച് അവന്റെ ഫോണെടുത്തു.
മണിക്കൂറുകളോളം ഓഫായിക്കിടന്ന ഫോൺ അക്കു ഓൺചെയ്തു. വീഴ്ചയിൽ ഫോണിന്റെ പലഭാഗങ്ങളും തകർന്നിട്ടുണ്ടെങ്കിലും ഭംഗിയായി സ്ക്രീൻ തെളിഞ്ഞുവന്നു.

ഓണാക്കേണ്ട താമസം പരിചയമില്ലാത്ത നമ്പറിൽനിന്നും അവന്റെ ഫോണിലേക്ക് കോളെത്തി.

“ഇക്കാ ഞാനാ ജുമി”
ഫോണിലൂടെ ജുമിയുടെ ശബ്ദം കേട്ട് അക്കു ചെറുതായൊന്ന് പുഞ്ചിരിച്ചു.

“എന്താണ് ഉറങ്ങിയില്ലേ നീ”

“ഇല്ല… ഇക്ക ഉറങ്ങിയില്ലേ…”

“ഇല്ലപെണ്ണെ. ഉറങ്ങാൻ കഴിയുന്നില്ല. ശരീരമൊക്കെ ആകെ വേദനയാണ്”

“നന്നായുള്ളു. നോക്കി വണ്ടി ഓടിക്കാത്തതുകൊണ്ടല്ലേ ഇങ്ങനെ ഉണ്ടായത്. സാരല്ല സഹിച്ചോ ഇനി”

“നീയിപ്പോ വിളിച്ചത് എന്നെ കുറ്റപ്പെടുത്താനാണോ ജുമീ”

“അല്ലാ… അതുഞാൻ വെറുതെ പറഞ്ഞതാ. ഞാൻ വിളിച്ചത് മറ്റൊരുകാര്യം പറയാനാ”

“എന്താ ജുമീ. എന്താ കാര്യം”

“ഇവിടെ ഉമ്മയും ഉപ്പയും സങ്കടത്തിലായിരുന്നു. ഒരു പത്തുമിനിറ്റ് മുൻപുവരെ. ഇക്കയുടെ ഉപ്പ വിളിച്ചപ്പോൾ ഉമ്മയും ഉപ്പയും ഹാപ്പി. നാളെ നമ്മുടെ നിശ്ചയം നടത്താമെന്ന് സമ്മതിച്ചല്ലേ…”

“ആ… നിന്റെ ഉപ്പയുടെ അവസ്ഥ ആലോചിച്ചപ്പോൾ സമ്മതിച്ചു”

ആ സംഭാഷണം കുറച്ചുനേരം നീണ്ടുനിന്നു.
ഒടുവിൽ സന്തോഷത്തോടെ അക്കു ഫോൺ കട്ടാക്കി നെറ്റ് ഓൺ ചെയ്ത് വാട്സാപ്പ് തുറന്നതും സനയുടെ മെസ്സേജ് കണ്ടു.

“ഞാൻ ഒരുപാട്തവണ വിളിച്ചിരുന്നു കിട്ടിയില്ല. എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ ഫോൺ ഓഫാക്കി വെച്ചിരിക്കുന്നത്. എങ്കിൽ ഇനി അതിന്റെ ആവശ്യമില്ല. തെറ്റുപറ്റിയത് എനിക്കാണ്. ഇക്കയോട് ആ സമയത്ത് കള്ളംപറയാൻ പാടില്ലായിരുന്നു. അതുകൊണ്ടല്ലേ ഇക്കയെ എനിക്ക് നഷ്ടമായത്. സാരമില്ല. അതെന്റെ വിധിയാണെന്ന് ഞാൻ മനസ്സിലാക്കിക്കൊള്ളാം. ആഗ്രഹിച്ചത് ഇക്കയെ ആണെങ്കിലും നാളെ ഇക്കാക്ക് പകരക്കാരനായി മറ്റൊരാൾ എന്നെകാണാൻ വരുന്നുണ്ട്. എന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ടല്ല നാളെ അവരെന്നെ കാണാൻ വരുന്നത്. എന്റെ സമ്മതത്തോടെയാണ്. എന്നെ വേണ്ടാത്ത ഇക്കയെ ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാനീ കല്യാണത്തിന് സമ്മതം മൂളിയതും. ഇക്കയെ സ്നേഹിച്ചതിനും, ഇക്കയോടൊപ്പമുള്ള ജീവിതം സ്വപനം കണ്ടതിനും, കണ്ട പകൽകിനാവുകളിൽ ഇക്കയെ ചേർന്നുനടന്നതിനും ഞാൻ ക്ഷമചോദിക്കുന്നു. എന്നോട് ക്ഷമിക്കണം. പിന്നെ ഇക്കയിനി തിരിച്ചുവരുമ്പോൾ ഇവിടുന്ന് പോകുമ്പോൾ ഉണ്ടായിരുന്ന സന ഇവിടെ ഉണ്ടാവില്ല. ആ സനക്ക്പകരം പുതിയൊരു സന ഇവിടെയുണ്ടാകും. നല്ലൊരു കൂട്ടുകാരിയായോ കൂടെപ്പിറപ്പായോ എന്നെ കാണണം. അവഗണിക്കരുത്… അപേക്ഷയാണ്…”

സനയുടെ നീട്ടിയെഴുതിയ മെസ്സേജ് വായിച്ചതും അക്കൂന്റെ നെഞ്ചിടിപ്പ് കൂടി.
“അറിഞ്ഞുകൊണ്ടാണല്ലോ റബ്ബേ ഞാൻ സനയെ ഒഴിവാക്കുന്നത്” എന്നവന്റെ മനസ്സ് മൊഴിഞ്ഞു.
ശരീര വേദനക്ക് പുറമെ സന്തോഷത്തിലായിരുന്ന അവന്റെ മനസ്സും വേദനിച്ചുതുടങ്ങി.

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply