മനമറിയാതെ – Part 3

4047 Views

manamariyathe-novel

മനമറിയാതെ…

Part: 03

✒️ F_B_L

[തുടരുന്നു…]

“എന്താണ് മോളൂസേ ഒരു കള്ളലക്ഷണം. അക്കുക്കാനേപറ്റി അറിയാൻ വല്ലാത്ത തിടുക്കമുണ്ടല്ലോ”ജുമി പതിയെ ചോദിച്ചു.

“അങ്ങനൊന്നുല്ല. ഇക്കാനെ കുറേ ആയില്ലേ കണ്ടിട്ട്. അതോണ്ടാ…” ജുമി ചെറുചിരിയോടെ പറഞ്ഞു.

ഓരോരോ വർത്തമാനങ്ങളൊക്കെ പറഞ്ഞ് വണ്ടിയിങ്ങനെ മുന്നോട്ട് സഞ്ചരിച്ചുകിണ്ടിരുന്നു.
എട്ടുമണിക്ക് തുടങ്ങിയ അവരുടെ യാത്ര ഏകദേശം പത്തരയോടുകൂടി അറക്കൽ കരീമിന്റെ വീട്ടുമുറ്റത്ത് ചെന്നുനിന്നു.
ഈ കരീമാണ് കുഞ്ഞോളെ മാമൻ. അബദുക്കയുടെ അളിയൻ.

നിരനിരയായി കിടക്കുന്ന കാറുകൾക്കിടയിൽ അബ്‌ദുക്ക കാറുനിർത്തി.
“ആയിഷാ… നിന്റെ ആങ്ങള വെറുതെ ചൊറിയാൻ വരുവാണേൽ എന്റെ സ്വഭാവം മാറൂട്ടാ… പറഞ്ഞില്ലാന്നുവേണ്ട” അബ്‌ദുക്ക ആദ്യമേ ഒരു സൂചനനൽകി.

കാര്യം വേറൊന്നുമല്ല. ഈ അബ്‌ദുക്ക അയിഷാത്തനെ കരീംക്കയുടെ എതിർപ്പ് നിലനിൽക്കുമ്പോഴാണ് കെട്ടിയത്. ആയിഷാത്തടെ ഉപ്പ ഉമ്മർക്കാക്ക് അബ്‌ദുക്കാനേ നന്നായി ബോധിച്ചു. സ്വത്തും സമ്പാദ്യവും ഒരുപാടുണ്ടായിരുന്നു ഉമ്മർക്കാക്ക്. എന്നാലും അതിന്റെ ഒരു അഹങ്കാരവും ആ നല്ലമനുഷ്യന് ഉണ്ടായിരുന്നില്ല. പകരമായി എല്ലാമുള്ളതിന്റെ അഹങ്കാരം ഒരേയൊരു മകനായ അറക്കൽ കരീമിന് വളരെനന്നായിട്ട് ഉണ്ടായിരുന്നു.
അബ്‌ദുക്ക ഒന്നുമില്ലാത്തവനായിരുന്നു. അതുകൊണ്ടാണ് പെങ്ങളായ അയിഷാത്തയെ ദരിദ്രനായ അബ്ദുകാക്ക് നൽകാൻ കരീംക്ക മടികാണിച്ചതും. പെങ്ങളെ അബ്‌ദുക്ക കെട്ടി പത്തിരുപത്തഞ്ചുവർഷം ആയെങ്കിക്കും അളിയനോട് ഇന്നും കരീമിന് വെറുപ്പാണ്.
അതിന്റെ ഒരു അംശം കരീമിന്റെ രണ്ടാമത്തെ മകനായ ഹക്കീമിനും കിട്ടിയിട്ടുണ്ട്. കല്യാണച്ചെക്കൻ ഹാരിസ് വല്ലുപ്പാനെപോലെ നല്ലമനസ്സിനുടമയാണ്.

“ദേ ഉപ്പാ… നിക്കാഹിന് വന്നതാണ് നമ്മൾ. അല്ലാതെ ഇവിടെ അലമ്പുണ്ടാക്കാനല്ലട്ടാ” എന്ന് കുഞ്ഞോള് ഉപ്പയുടെ സൂചനക്ക് മറുസൂചന നൽകി.

നാലുപേരും കാറിൽനിന്ന് ഇറങ്ങി അബ്ദുകാക്ക് പുറകെയായി നടന്നു.

“അസ്സലാമുഅലൈക്കും…” ഉമ്മറത്തെ കസേരയിൽ ഇരിപ്പുറപ്പിച്ചവരോട് അബ്‌ദുക്ക സലാം പറഞ്ഞ് അകത്തേക്ക് കയറി.

“ഇന്നലെ വരാന്നുപറഞ്ഞിട്ട് ഇപ്പോഴാണോ വരുന്നത്” അവരെകണ്ട ഹാരിസ് പരിഭവം പറഞ്ഞു.

“ഇന്നലെ അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോ രാത്രിയായി. അതാണ് വൈകിയത്” എന്ന് അബ്ദുക്ക മറുപടിപറഞ്ഞു.

“കുഞ്ഞോളെ ഇതാരാടി” ജുമിയെ നോക്കികൊണ്ട് ഹാരിസ് ചോദിച്ചു.

“എന്റെ കൂട്ടുകാരിയാണ്. തൊട്ടടുത്ത വീടും. ജുമാന എന്നാണ് പേര്.” കുഞ്ഞോള് പറഞ്ഞു.

സമയം നിൽക്കാതെ ഓടിക്കൊണ്ടിരിക്കെ അറക്കൽ കരീമിന്റെവീട്ടിൽ ആളും ബഹളവും കൂടിവന്നു.
അബ്‌ദുക്ക പുറത്തെ പന്തലിൽ ഇരിപ്പുറപ്പിച്ചപ്പോൾ ആയിഷാത്ത അടുക്കളയിൽ നാത്തൂനോടൊപ്പം സൊറപറഞ്ഞിരുന്നു. കുഞ്ഞോളും ജുമിയും കുഞ്ഞോളെ കിടപ്പിലായ ഉമ്മുമ്മയുടെ അരികിലും.

“നിങ്ങളെന്തേ വൈകിയത്. ഇന്നലെ വരുമെന്നാണല്ലോ ഹാരിസ് പറഞ്ഞത്” കട്ടിലിൽ ഒരുവശത്തുചാരിയിരുന്ന് ഉമ്മുമ്മ ചോദിച്ചു.

“അതുപിന്നെ ഉമ്മുമ്മാ… ഞങ്ങളിന്നലെ ഒരാളെ കാണാൻ പോയി. തിരിച്ചെത്താൻ വൈകി”

“ആരെക്കാണാനാ പോയേ”

“ആക്കുക്കാനെ” കുഞ്ഞോളത് പറഞ്ഞതും ഉമ്മുമ്മ അവളെ മിഴിച്ചുനോക്കി.
“ഇങ്ങനെ നോക്കല്ലേ. സത്യമാണ് ഉമ്മുമ്മാ. ഇക്കയിപ്പോ കൊച്ചിയിലാണ്”

“എന്നിട്ട് ന്റെ അക്കൂനെ വിളിച്ചില്ലേ നിന്റെ ഉപ്പ”

“വിളിച്ചു, വന്നില്ല. എന്നാലും വരാമെന്ന് പറഞ്ഞിട്ടുണ്ട്, വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ”

“ആക്കുമോൻ അവിടെ വന്നാൽ ഈ ഉമ്മുമ്മയുടെ അടുത്തേക്ക് വരാൻപറയണം. മരിക്കുന്നതിന് മുൻപ് എന്റെ അക്കൂനെ ഒന്ന് കാണണമെന്നുണ്ട്”

“വരും ഉമ്മുമ്മാ… അക്കുക്ക വറയാതിരിക്കില്ല. മുൻപ് പലപ്പോഴും പടിവരെവന്ന് മടങ്ങിപ്പോയിട്ടുണ്ട്, ഉപ്പ ഇനിയും ഇറക്കിവിട്ടാലോ എന്ന് പേടിച്ചിട്ട്. ഇനി ആ പേടിയുണ്ടാകില്ല ഇക്കാക്ക്. ഇറങ്ങിപ്പോകാൻപറഞ്ഞ ആ ഉപ്പയാണ് ഇക്കയോട് തിരികെവരാൻ പറഞ്ഞത്. എനിക്കുറപ്പുണ്ട് എന്തായാലും ഇക്ക വരും”

“അതേ അവിടെ എല്ലാവരും പോകാൻതയ്യാറായി. നിങ്ങളിവിടെ ഇരിക്കുകയാണോ…?” ചോദ്യവുമായി മാമി കുഞ്ഞോളുടെ അടുത്തെത്തി.

“എല്ലാവരും പോയാൽ ഉമ്മുമ്മ തനിച്ചാവില്ലേ. ഞങ്ങൾ പോകുന്നില്ല”

“അത് പറ്റില്ല. ഹാരിസിന്റെ പെങ്ങൾ ഓളെ നാത്തൂനെ വിളിക്കാൻപോയില്ലേൽ അത് മോശമാണ്. മക്കള് പൊയ്ക്കോ” എന്ന് ഉമ്മുമ്മ പറഞ്ഞപ്പോൾ കുഞ്ഞോളും ജുമിയും എഴുനേറ്റ് പോകാനുള്ള വണ്ടിയുടെ അടുത്തേക്ക് നടന്നു.

“ടീ കുഞ്ഞോളെ നിനക്ക് ആക്കുക്കാനേ കാണാൻ പൂതിയുണ്ടോ…?”

“പിന്നല്ലാതെ ജുമീ. അക്കുക്കാനേ കാണാനും പണ്ടത്തെപ്പോലെ തല്ലൂടാനും ഒക്കെ കൊതിയുണ്ട്”

“എനിക്കും അക്കുക്കാനേ കാണാൻ കൊതിയാവാ. കുറേ ആയില്ലേ കണ്ടിട്ട് അതുകൊണ്ടാവും വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഒരു ആകാംഷ”

“ഉവ്വ… മനസ്സിലാവുന്നുണ്ട് എനിക്ക് നിന്റെ പോക്ക് എങ്ങോട്ടാണെന്ന്. ഇടയ്ക്കിടെ ആൽബം തുറക്കുന്നത് നീ അക്കുക്കാനേ കാണാൻവേണ്ടിയല്ലേ. അല്ലാതെ പഴയകാലം ഓർക്കാനല്ലല്ലോ. ഇന്ന് കൂട്ടിൽകിടക്കുന്ന കോഴി ഉണരുന്നമുൻപ് നീവന്ന് ഇക്കാനെപ്പറ്റി ചോദിച്ചപ്പോ ഉറപ്പായി”
എന്ന് കുഞ്ഞോള് ജുമിയെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ജുമിയുടെ മുഖത്തെ നാണവും പുഞ്ചിരിയും, കൂടെ മറുപടി മൗനവും ആയപ്പോൾ കുഞ്ഞോള് അവളുടെ സംശയം ഉറപ്പിച്ചു.

“ദേ പെണ്ണെ… ഒരുകാര്യം ഞാൻ പറഞ്ഞേക്കാം. അക്കുക്കാടെ മനസ്സറിഞ്ഞിട്ട് മതിട്ടാ സ്വപ്നം കാണലും മനക്കോട്ട കെട്ടലും. കൊച്ചിയിലാണ് ഇക്ക ഇത്രയുംകാലം. അവിടത്തെ ഏതെങ്കിലും സുന്ദരിമാരെ കണ്ടുവെച്ചിട്ടുണ്ടോ എന്ന് ആർക്കറിയാം, എനിക്കാ സനയുടെ കാര്യത്തിൽ ചെറിയ സംശയുണ്ട്” കുഞ്ഞോള് വെറുതെ ഒന്ന് എറിഞ്ഞുനോക്കി.

“ഏത് സന” കണ്ണുതള്ളി ജുമിയത് ചോദിച്ചപ്പോൾ

“നീ വണ്ടിയിൽ കയറ്. എന്നിട്ട് പറയാം ആരാണ് സനയെന്ന്” കുഞ്ഞോള് ജുമിയെ കൈപിടിച്ച് ബസ്സിനകത്തേക്ക് വലിച്ചു.

വിൻഡോസീറ്റിലിരുന്ന് പുറത്തേക്ക് കണ്ണുംനട്ട് ജുമി ഇരുന്നപ്പോൾ വണ്ടിയിലാകെ പാട്ടും ബഹളവുമായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ
“എന്നാലും ആരായിരിക്കും കുഞ്ഞോള്പറഞ്ഞ സന…?” എന്ന് ജുമി മുന്നോട്ടോടുമ്പോൾ പുറകോട്ട് ഓടിമറയുന്ന കാഴ്ചകൾകണ്ട് സംശയിച്ചു.

“എന്താണ് ജുമി ഒരു ആലോചന”
ജുമിയുടെ ഇരുത്തംകണ്ട കുഞ്ഞോള് അവളോട് ചോദിച്ചു.

“ഒന്നുല്ലടാ. ആരാ സന… മുൻപ് ആപേര് ഞാൻ കേട്ടിട്ടില്ലല്ലോ…?”

“അപ്പോൾ അതാണ് കാര്യം. സന എന്നുപറഞ്ഞാൽ ആളൊരു സുന്ദരിയാണ്. കൊച്ചിക്കാരി ആണെങ്കിലും നല്ല അച്ചടക്കമുള്ള ഒരു താത്ത. അവിടെ ഡിഗ്രിക്കാ പഠിക്കുന്നത്. അക്കുക്ക ഇപ്പോഴുള്ളത് ഈ സനയുടെ ഉപ്പയുടെ വർക്ഷോപ്പിലാ. ഇക്കാടെ താമസം സനയുടെ വീട്ടിലാണ്” കുഞ്ഞോള് പറഞ്ഞതും ജുമി അവൾക്കുനേരെ തിരിഞ്ഞു.

“ഇക്കയെന്തിനാ ആ വീട്ടിൽ. അതും ഒരു പെൺകുട്ടിയുള്ളവീട്ടിൽ”

“അതൊരു കഥയാണ് മോളെ. അത് വലിച്ചുനീട്ടി പറയാനിരിക്കുകയാണെങ്കിൽ ഈ വണ്ടി ഇവിടെനിന്ന് കൊച്ചിയിലെത്തേണ്ട സമയമെടുക്കും”

“അതൊന്നും കുഴപ്പല്ല. നീയൊന്ന് ചുരുക്കിപ്പറ കുഞ്ഞോളെ”

“ഓ ശെരി. അക്കുക്ക ഇവിടുന്ന് പോവുന്നതിന്റെ ഒരുമാസം മുൻപാണ് സനയുടെ ഇക്ക സിനാൻ ഒരു ആക്‌സിഡന്റിൽ മരണപ്പെടുന്നത്. മകനെ നഷ്ടപ്പെട്ട വേദനയിലിരിക്കുമ്പോഴാണ് നമ്മുടെ ഇക്കയുടെ വരവ്. പിന്നെ സ്വന്തം മകനെപ്പോലെകണ്ട് നമ്മുടെ ഇക്കയെ സനയുടെ ഉപ്പയും ഉമ്മയും സ്നേഹിച്ചു”

“അപ്പൊ കുഞ്ഞോളെ ഒരു സംശയം. സനയുടെ ഉപ്പാക്കും ഉമ്മക്കും അക്കുക്ക സ്വന്തം മകനെപ്പോലെ ആണെങ്കിൽ സനാക്ക് അക്കുക്ക സ്വന്തം ആങ്ങളയെപ്പോലെയല്ലേ…?”

“അതെ ശെരിയാണ്. ആങ്ങളയെപ്പോലെയാണ് എന്നാലും സ്വന്തം ആങ്ങളയല്ലല്ലോ… അവിടെയാണ് ട്വിസ്റ്റ്‌”
അത് കേട്ടതും ജുമി കാറ്റുപോയ ബലൂൺപോലെയായി.
മുഖമൊക്കെ വാടി ഉണ്ടായിരുന്ന എനർജിയൊക്കെ പോയി.
പഴയപോലെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ ബസ് നിശ്ചലമായി.
ഏന്തിവലിഞ്ഞ് മുന്നോട്ട് നോക്കിയപ്പോൾ മറ്റൊരു ബസ്സ് അവരുടെ ബിസ്സിനമുന്നിൽ നില്പുണ്ട്.
റോഡിൽ ബ്ലോക്കായിരിക്കും എന്നുമനസ്സിലാക്കി ജുമി കണ്ണുകൾ പുറത്തേക്ക്‌പായിച്ചു.

“കുഞ്ഞോളെ അത് അക്കുകയല്ലേ…?” പുറത്തേക്ക് നോക്കിക്കൊണ്ട് ജുമി കുഞ്ഞോളുടെ കാലിൽ തോണ്ടിക്കൊണ്ട് ചോദിച്ചതും കുഞ്ഞോള് പുറത്തേക്ക് നോക്കി.

“എവിടെടീ ജുമീ”

“നോക്ക് ആ ചായക്കടയിലേക്ക്. ആ നിൽക്കുന്ന ആള് നമ്മുടെ അക്കുകയെപോലെ ഇല്ലേ” ജുമി അവർക്ക് എതിർവശത്തുള്ള ചായക്കയിലേക്ക് വിരൽചൂണ്ടി.

“റബ്ബേ… അക്കുക്ക” എന്ന് കുഞ്ഞോള്പറഞ്ഞതും ബസ് മുന്നോട്ടുചാലിച്ചു.

രണ്ടുപേരുടെയും മുഖത്ത് സങ്കടം നിഴലിച്ചു.
“ഡ്രൈവറോട് വണ്ടി നിർത്താൻ പറ കുഞ്ഞോളെ”

“ഒലക്ക. മിണ്ടാതിരിക്ക് ജുമീ. നമ്മൾ പോയിവരുമ്പോ ഇക്കയുണ്ടാകും മാമന്റെ വീട്ടിൽ”

ഒരുനോക്കെ കണ്ടോള്ളൂ എങ്കിലും ആ മുഖം ജുമിയുടെ മനസ്സിൽപതിഞ്ഞു. ഒരുപാട്നാളായി കാണാൻകൊതിച്ച അക്കൂനെ കണ്ടസന്തോഷത്തിൽ മറ്റെല്ലാം മറന്ന് ജുമി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലിരുന്നു.
ആ യാത്രക്കിടയിൽ പുതുപെണ്ണിന്റെ വീടെത്തിയത് ജുമി അറിഞ്ഞില്ല.
നിക്കാഹ് ശേഷം മണവാളൻ മണവാട്ടിക്ക് മഹറണിഞ്ഞപ്പോൾ എന്തോ ആലോജിച്ച് ജുമിയുടെ ചുണ്ടുകളിൽ പുഞ്ചിരിവിടർന്നു.
അത് കുഞ്ഞോള് കാണുകയുംചെയ്തു.

———————

അറക്കൽ കരീമിന്റെ വീട്ടുമുറ്റത്ത് ഉയർന്നുനിൽകുന്ന വലിയ പന്തലിലേക്ക് അക്കു ബുള്ളറ്റിൽനിന്നിറങ്ങി നടന്നു.
ആളും ആരവവും ഇപ്പോഴുമുണ്ട്. മുഖത്തിരുന്ന കൂളിംഗ് ഗ്ലാസ് ഊരിയെടുത്ത് ഷർട്ടിൽ തൂക്കി തോളിൽകിടക്കുന്ന ബാഗിന്റെ വള്ളിയിൽ ഇടതുകൈഅമർത്തിപിടിച്ച് അക്കു പന്തലിനകത്തേക്ക് കടന്നതും ആകുകൾ അവനെ ശ്രദ്ധിച്ചു.

അവർക്കിടയിൽ അക്കൂന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു.
ഉദ്ദേശിച്ച മുഖം കാണാതായതുകൊണ്ടാവും അക്കു കാലിലെ ഷൂസിന്റെ കെട്ടഴിച്ച് വീടിനകത്തേക്ക് വലതുകാൽനീട്ടി.

വീടിനകത്തുള്ള സ്ത്രീകളുടെ കൂട്ടത്തിൽ അയിഷാത്തയെ കണ്ടതും
“ഉമ്മാ…” അക്കു വിളിച്ചു.

ശബ്ദംവന്നഭാഗത്തേക്ക് ആയിഷാത്ത ഉൾപ്പെടെ അവിടെയുണ്ടായിരുന്ന ഒട്ടുമിക്ക സ്ത്രീകളും കണ്ണുകൾ പായിച്ചു.

“മോനെ… അക്കൂ” അവർക്കിടയിൽനിന്നും ആയിഷാത്ത അവന്റെനേരെ അടുത്തു.
സന്തോഷത്താലായിരിക്കണം ആ ഉമ്മയുടെ കണ്ണിൽ നനവുപടർന്നു.
ആയിഷാത്തയുടെ കൈകൾ അക്കൂന്റെ മുടിയിലും കവിളിലും ഓടിനടന്നു.
“വാ മോനെ. നീ വല്ലതും കഴിച്ചോ…?”

“ആ ഉമ്മാ കഴിച്ചു. ഉപ്പയും കുഞ്ഞോളുമൊക്കെ എവിടെയാ…?”

“അവരൊക്കെ പെണ്ണിന്റെവീട്ടിലേക്ക് പോയിരിക്കുകയാ. നിക്കാഹ് കഴിഞ്ഞ് ഇപ്പൊ തിരിച്ചുപുറപ്പെട്ടിട്ടുണ്ടാകും. മോന് ഉമ്മുമ്മയെ കാണണ്ടേ” ആയിഷാത്ത മകന്റെ കൈപിടിച്ച് ഉമ്മുമ്മയുടെ റൂമിലേക്ക് നടന്നു.

കട്ടിലിൽ ക്ഷീണിതയായി കണ്ണുകളടച്ച് കിടക്കുന്ന ഉമ്മുമ്മയെ കണ്ടതും അക്കു കട്ടിലിന്റെ ഓരത്തിരുന്ന് പതിയെ വിളിച്ചു.
“ഉമ്മുമ്മാ…”

കണ്ണുകൾതുറന്ന ഉമ്മുമ്മ അടുത്തിരിക്കുന്ന രൂപത്തെ മിഴിച്ചുനോക്കി.
“അ… അക്ബർ… എന്റെ അക്കുമോൻ…”
ചുണ്ടുകൾ വിതുമ്പി.

“ആ ഉമ്മുമ്മാ… അക്ബറാ”

“കുഞ്ഞോള് പറഞ്ഞിരുന്നു ഇന്നലെ മോനെ കണ്ടതും മോൻ വരുമെന്ന് പറഞ്ഞതും. ഇത്രപെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല. പടച്ചോൻ എന്റെ ദുആ സ്വീകരിച്ചു”
“ആയിഷാ നീ ഇവന് കുടിക്കാൻ എന്തെങ്കിലുമെടുക്ക്”

ആയിഷാത്ത റൂമിൽനിന്ന് പുറത്തിറങ്ങിയതും
“ഹാരിസിന്റെ കല്യാണമായിട്ട് ഉമ്മുമ്മ ഇവിടെ കിടക്കുകയാണോ. എഴുനേറ്റ് അവിടെ വന്നിരിക്ക്”

“വേണ്ട മോനെ. അവിടെ ചെന്നിരുന്നാൽ അവിടത്തെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ ഞാനെന്തെങ്കിലും പറയും. അത് നിന്റെ മാമാക്ക് പിടിക്കൂല. എന്തിനാ വെറുതെ. പിന്നെ ഡോക്ടർ പറഞ്ഞതും വിശ്രമിക്കാനാ”

“ന്റുമ്മുമ്മാ… ഇരുപത്തിനാല്മണിക്കൂറും ഇങ്ങനെ കിടന്നാൽ ക്ഷീണം കൂടുകയൊള്ളു. വന്നേ ഞാൻ പിടിക്കാം” അക്കു ഉമ്മുമ്മയെ എഴുനേൽപിച്ചിരുത്തി.

പുറത്ത് വാഹനങ്ങളുടെ ശബ്ദം കേട്ടപ്പോൾ
“അവരൊക്കെ വന്നൂന്നാ തോന്നുന്നേ. ഉമ്മുമ്മ ഇവിടെയിരിക്കാം”

“ദാ മോനെ ഇത് കുടിക്ക്. പോയവരൊക്കെ വന്നിട്ടുണ്ട്. ഞാൻ അപ്പുറത്തേക്ക് പോവാ” റൂമിലേക്ക്കയറിവന്ന അയിഷാത്ത കയ്യിലെ ചായക്കപ്പ് അക്കൂന്റെനേരെനീട്ടി റൂമിൽനിന്ന് പുറത്തേക്കിറങ്ങി.

“ഉമ്മുമ്മാ… ന്റെ ഉമ്മാക്ക് ഞാൻ വന്നത് ഇഷ്ടായില്ലേ…?” ചായക്കപ്പ് പിടിച്ചോണ്ട് അക്കു ചോദിച്ചു.

“അപ്പുറത്ത് പിടിപ്പത് പണിയുണ്ടാകും. അതാണ് അല്ലാതെ ഒന്നുല്ലാട്ടാ. എന്റെ മോനത് കുടിക്ക്”

ഉമ്മുമ്മയുടെ അരികിലിരുന്ന് അക്കു ചൂടുചായ ഊതിക്കുടിച്ചു.

————————

“നീ എന്താജുമീ തിരയുന്നത്”
വണ്ടിയിൽനിന്നിറങ്ങി ചുറ്റും കണ്ണോടിക്കുന്ന ജുമിയോട് കുഞ്ഞോള് ചോദിച്ചു.

“ബുള്ളറ്റ്… അകുക്കാടെ ബുള്ളറ്റ്”

“വണ്ടിതിരയാതെ അകത്ത് ഉമ്മുമ്മാന്റെ റൂമിൽപോയിനോക്കാം. ഇക്ക ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അവിടെയുണ്ടാകും. നീ വാ”

കുഞ്ഞോള് ജുമിയുടെ കൈപിടിച്ച് ആളുകൾക്കിടയിലൂടെ അകത്തേക്ക് ഓടി.
പക്ഷെ ആ ഓട്ടത്തിനിടയിൽ ജുമി അറിയാതെ ആരെയോ ഇടിച്ച് താഴെയിട്ടു.
“സോറി. ഞാൻ കണ്ടില്ല” താഴെകിടക്കുന്ന അയാളെനോക്കി ജുമി പറഞ്ഞു.

“ആർക്ക് ഗുളികവാങ്ങാനാടി ഓടുന്നെ. പെൺകുട്ടികളായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം” എഴുനേറ്റ്നിന്ന് ഷർട്ടിൽ പറ്റിയ പൊടിതട്ടി അയാൾ പറഞ്ഞു.

“ഹക്കീംക്കാ ഓള് മനപ്പൂർവമല്ലല്ലോ. അറിയാതെ പറ്റിയതല്ലേ. ഒന്ന് ക്ഷമിച്ചൂടെ…” കുഞ്ഞോള് ഇടപെട്ടു.

“ക്ഷമിക്കാൻ നീ എന്നെപ്പഠിപ്പിക്കണ്ട. വെറുതേനിന്ന ആളെതട്ടിയിട്ടതുംപോരാ പഠിപ്പിക്കാനും വന്നാലുണ്ടല്ലോ ആൾകാരുണ്ടെന്നൊന്നും നോക്കില്ല. കാരണം ഞാൻ പൊട്ടിക്കും”
ഹക്കീം അങ്ങനെ പറഞ്ഞതും കുഞ്ഞോള് പിന്നെയൊന്നും പറഞ്ഞില്ല.

ചുറ്റും കൂടിനിന്നവർ ഇതൊക്കെ കാണുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ജുമി കുഞ്ഞോളെ കൈപിടിച്ച്
“പോവാ” എന്ന് ചോദിച്ച് തിരിഞ്ഞതും അവർക്കുമുന്നിൽനിൽകുന്ന രൂപത്തെക്കണ്ട് രണ്ടുപേരും ഒരുപോലെ ഞെട്ടി.

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply