മനമറിയാതെ – Part 5

6460 Views

manamariyathe-novel

മനമറിയാതെ…

Part: 05

✍️ F_B_L

[തുടരുന്നു…]

ഇത്രയുന്നേരം പുഞ്ചിരിച്ചുകൊണ്ട് നിന്ന ജുമിയുടെ മുഖത്തെ പുഞ്ചിരിമാഞ്ഞു. ഒരുപാടുനാള് കാത്തിരുന്ന് തിരികെ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചതാണ് ജുമി. ഇപ്പൊ അക്കു വീണ്ടും തിരികെപോകുമെന്ന് കേട്ടപ്പോൾ ആ സന്തോഷവും കൂടെപോയി.

__________________________

ബുള്ളറ്റുമായി വീടിന്റെ ഗേറ്റുകടന്നതും ഉമ്മറത്ത് അബ്‌ദുക്ക നിൽപുണ്ടായിരുന്നു.
അവനെ കണ്ടതും ആ മുഖത്ത് പുഞ്ചിരിവിടർന്നു.

ബുള്ളറ്റിൽനിഞ്ഞിറങ്ങി അതിലിരുന്ന ബാഗും തോളിലിട്ട് അക്കു ആ പരിസരമാകെ ഒന്ന് കണ്ണോടിച്ചു.
ചില രാത്രികളിൽ ഗേറ്റിന്പുറത്തുനിന്ന് വീക്ഷിക്കാറുണ്ടായിരുന്നതുകൊണ്ട് അവിടെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും അവന് തോന്നിയില്ല.

അക്കു പതിയെ വീടിനകത്തേക്ക് നടന്നുകയറി.

“ഒന്ന് നിന്നേ അക്കു” അബ്‌ദുക്ക പുറകിൽനിന്നും അക്കുവിനെ വിളിച്ചു.

അക്കു ഉപ്പയുടേനേർക്ക് തിരിഞ്ഞ്
“എന്തെ ഉപ്പാ…” എന്ന് ചോദിച്ചു.

“എവിടായിരുന്നു മോനെ നീ… ഞങ്ങളെക്കാൾ മുൻപ് പോന്നതല്ലേ നീ. പിന്നെ എന്തുപറ്റി”

“ഞാൻ വന്നിട്ട് കുറച്ചുനേരമായി. നിങ്ങളെത്താത്തതുകൊണ്ട് മജീദ്ക്കാനെയും റസിയാത്തയെയും കാണാൻ പോയതാ”

“നിന്നെ കാണാതായപ്പോ ഒന്ന് പേടിച്ചു ഞങ്ങൾ”

“എന്തിനാ പേടിക്കുന്നത്. ഇനി ആ പേടിയുടെ ആവശ്യമൊന്നുല്ല ഉപ്പാ” അക്കു ഉപ്പയുടെ മുന്നിൽനിന്നും അകത്തേക്ക് കടന്ന് സോഫയിൽ ഇരുന്ന് ഉമ്മയെ വിളിച്ചു.

ഉമ്മയും കുഞ്ഞോളും അടുക്കളയിനിന്നും പുറത്തേക്കുവന്നു.

“എത്തിയോ… എന്താ വൈകിയത് മോനെ”

“നിങ്ങളാ വൈകിയത്. ഞാൻ വന്നിട്ട് കുറച്ചുനേരമായി. മജീദ്ക്കാടെ ആയിരുന്നു”

“അതുശെരി. അവിടെക്കേറി ഒപ്പിട്ടിട്ടാണല്ലേ ഇങ്ങോട്ട് വന്നത്”

“പിന്നല്ലാതെ… നിങ്ങളെ കാണാതായപ്പോഴാ അങ്ങോട്ട് പോയത്. ജുമി വന്നപ്പോ മനസ്സിലായി നിങ്ങളെത്തിയിട്ടുണ്ടെന്ന്. അപ്പൊ അവിടെന്ന് ഇങ്ങോട്ടുപോന്നു”

“ഇക്കാ… ചായയോ വെള്ളമോ എന്തെങ്കിലും വേണോ ഇക്കാക്ക്” കുഞ്ഞോള് ചോദിച്ചു.

“വേണ്ട കുഞ്ഞോളെ. ഇന്ന് മുഴുവൻ യാത്രയായതുകൊണ്ട് നല്ല ക്ഷീണമുണ്ട്. എനിക്കൊന്ന് കിടക്കണം”

“റൂമൊക്കെ പഴയപോലെ അവിടെയുണ്ട്. പോയി കിടന്നോ” എന്ന് കുഞ്ഞോള് പാഞ്ഞപ്പോൾ അക്കു ബാഗുമെടുത്ത് വർഷങ്ങൾക്കുമുൻപ് ഉപേക്ഷിച്ചുപോയ ആ റൂമിലേക്ക് കടന്നുച്ചെന്നു.

റൂമിലേക്ക് കടന്നപ്പോഴേ അക്കുവിന്റെ കണ്ണുകൾപോയത് ഷെൽഫിലേക്കാണ്.
ഷെൽഫിനകത്തെ വസ്തുക്കളിൽ കണ്ണുപതിഞ്ഞപ്പോൾ നഷ്ടമായ കലാലയത്തിലേക്ക് ഒരുനിമിഷം അവൻ പറന്നുച്ചെന്നു.

സ്കൂളിലെ എല്ലാ ടീച്ചർമാർക്കും അറിയാവുന്ന ആ സ്കൂളിലെ ഒരേയൊരു വിദ്യാർത്തിയാതിയായിരുന്നു അക്ബർ എന്ന അക്കു.
സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർത്ഥികളെപോലും എല്ലാ ടീച്ചർമാർക്കും അറിയണമെന്നില്ല. എന്നാൽ ആ സ്കൂളിലുണ്ടായിരുന്ന ഏറ്റവും മോശപ്പെട്ട വിദ്യാർത്ഥി എന്നപേരിൽ അവനവിടെ അറിയപ്പെട്ടു.
ഏഴാംക്ലാസ്സുമുതൽ അക്കു ഇല്ലാത്ത ഒരു അലമ്പും ആ സ്കൂളിൽ ഉണ്ടായിരുന്നില്ല. ഹൈസ്കൂളിൽ മകന്റെ പ്രശ്നങ്ങളുടെ പേരിൽ കയറിയിറങ്ങി അബ്‌ദുക്ക തളർന്നിരുന്നു.

സ്കൂളിൽ അടിപിടി ഉണ്ടാക്കുമ്പോൾ ഹെഡ്മാസ്റ്റരുടെ കയ്യിൽനിന്ന് അക്കുവിന് നല്ല അടികിട്ടാറുണ്ട്. ആ അടിയുടെ പാടുമായി വീട്ടിലെത്തിയാൽ അബ്‌ദുക്കയുടെ കയ്യിൽനിന്നും കിട്ടും നല്ല അടി.

പഠിക്കാൻ പുറകിലാണെങ്കിലും സ്പോർട്സിൽ അക്കുആയിരുന്നു എന്നും മുന്നിൽ.
ഓടാനായാലും ചാടാനായാലും ഇനി ഫുട്ബോൾ കളിയായാലും അക്കുവിനെ കഴിഞ്ഞേ ആ സ്കൂളിൽ മറ്റൊരാളുണ്ടായിരുന്നുള്ളു.

പത്താതരം ജെസ്റ്റ് പാസ്സായി. എങ്കിലും സ്പോർസ് കോട്ടയിൽ അക്കുവിന് ഹയർസെക്കണ്ടറിക്ക് സീറ്റുകിട്ടി.
പ്ലസ് വണ്ണിന് ആദ്യമായി സ്കൂലെത്തിയ അക്കു അന്നുതന്നെ സസ്‌പെൻഷൻ വാങ്ങി വീട്ടിലേക്കുപോയി.
എന്തിനാണെന്നോ… സീനിയറായ ഒരുത്തന്റെ മൂക്കിടിച്ചു പരത്തിയതിനായിരുന്നു ആ സസ്‌പെൻഷൻ. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ അക്കു പിന്നെ ക്ലാസ്സിലെ ഹീറോ ആയിമാറി.
എന്തിനും ഏതിനും കൂടെനിക്കുന്ന കുറച്ച് കൂട്ടുകാരെയും അവിടെന്ന് അവനുകിട്ടി.

പ്ലസ് ടു അവസാനത്തിൽ ഉപ്പയുടെയും ടീച്ചർമാരുടെയും ഉപദേശം കൂടിയപ്പോൾ അക്കു ഒന്നൊതുങ്ങി. പരീക്ഷയിൽ ഉന്നതവിജയം എന്നൊന്നും പറയില്ല. പത്താംക്ലാസ് പാസ്സായപോലെ ജസ്റ്റ്‌ പാസ്സ്.

എട്ടുതൊട്ട് പ്ലസ്ടുവരെ പഠിച്ചപ്പോൾ കിട്ടിയ എല്ലാ സമ്മാനങ്ങളും ഇന്നാ ഷെൽഫിലിരിപ്പുണ്ട്.

നഷ്ടമായ കലാലയ ജീവിതം… അതോർത്തപ്പോൾ അവന്റെ മിഴികൾ നിറഞ്ഞു. നിറഞ്ഞുനിന്ന മിഴികൾതുടച്ച് അക്കു കട്ടിലിനടിയിലുണ്ടായിരുന്ന ഉപ്പുപ്പയുടെ പഴയ ഇരുമ്പുപെട്ടി വലിച്ച് പുറത്തേക്കെടുത്തു.

പൊടിപിടിച്ച പെട്ടി അക്കു പതിയെതുറന്നു.
ഉപ്പുപ്പയുടെ പഴയ റേഡിയോ…അതുമാത്രമാണ് അതിൽ വിലപിടിപ്പുള്ള വസ്തു.

ആദ്യമായി റിപ്പായർ ചെയ്ത ഉപ്പുപ്പയുടെ റേഡിയോ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഉപ്പുപ്പയുടെ കൂടെയുണ്ടായിരുന്ന റേഡിയോ.
വർഷങ്ങൾക്കിപ്പുറം അതിന്റെ ശബ്ദംകേൾക്കുവാൻ അക്കുവിന് മോഹംതോന്നി.

റേഡിയോ കയ്യിലെടുത്ത് അക്കു അതിന്റെ സ്വിച് ഓൺചെയ്തു.

______________________

അടുക്കളയിൽ പണിയിലായിരുന്ന കുഞ്ഞോള് അക്കുവിന്റെ റൂമിൽനിന്നും പാട്ടുകേട്ടതും
“ഉമ്മാ… ഇക്ക ഉറങ്ങിയിട്ടില്ലാട്ടാ, ഉപ്പുപ്പാടെ പ്രിയപ്പെട്ട പാട്ടുപെട്ടിയുമായി ഇരിക്കുകയാണ്. കേട്ടില്ലേ പാട്ട്” കയ്യിലിരുന്ന പാത്രം താഴെവെച്ച് കുഞ്ഞോള് അക്കുവിന്റെ റൂമിലേക്കോടി.

പാടിക്കൊണ്ടിരിക്കുന്ന റേഡിയോയും കയ്യിൽപിടിച്ച് അക്കു ഷെൽഫിലേക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു.

“ഇക്കാ… എന്താണ് നൊസ്റ്റു ആലോചിച്ച് നിൽകുകയാണോ…?” കുഞ്ഞോള് ചോദിച്ചു.

കയ്യിലിരുന്ന റേഡിയോ കാട്ടിൽവെച്ച് അക്കു
“ഇതൊക്കെ ഇവിടെയുണ്ടാകുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല കുഞ്ഞോളെ. എന്നെ ഇറക്കിവിട്ടതിനുപുറമേ ഇതൊക്കെയും കളഞ്ഞിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയത്”

“അതൊക്കെ ഇക്കാടെ തോന്നലാ. സത്യംപറഞ്ഞാൽ ഉപ്പ ഇടക്കിടെ പറയാറുണ്ട് ഷെൽഫിലിരിക്കുന്ന ഇക്കാക്കുകിട്ടിയ സമ്മാനങ്ങളൊക്കെ കാണുമ്പോൾ ഇക്ക ഇവിടെയുള്ളപോലെ തോന്നാറുണ്ടെന്ന്. ഇക്കാക്കറിയോ ഇക്ക ഇവിടുന്ന്പോയപ്പോൾ എന്നെക്കാളും ഉമ്മയേക്കാളും വേദനിച്ചിട്ടുണ്ടാവുന്നത് ഉപ്പയായിരിക്കും. പലരാത്രികളിലും ഉപ്പ ഈറൂമിനകത്ത് തനിച്ചിരുന്ന് വിതുമ്പുന്നത് ഞാൻ കണ്ടിട്ടുണ്ട്”

“ഇനി കരയേണ്ടി വരില്ലല്ലോ കുഞ്ഞോളെ. കഴിഞ്ഞകാലം നിങ്ങളൊക്കെ കണ്ണീറോഴുക്കിയത് പലരും കണ്ടിട്ടെങ്കിലും എന്റെ കണ്ണുനിറഞ്ഞത് ആരും കണ്ടിട്ടില്ല. ഈ വീട്ടിലേക്ക് ഇനി തിരിച്ചുകയറാൻ കഴിയുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല കുഞ്ഞോളെ. വർഷങ്ങൾക്കിപ്പുറമാണെങ്കിലും എല്ലാം എനിക്ക് തിരികെ കിട്ടിയില്ലേ” അക്കുവിന്റെ മിഴികൾ നിറഞ്ഞതും കുഞ്ഞോള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“കുഞ്ഞോളെ നീയിരിക്ക്. നിനക്ക് ഞാനൊരു സാധനം കൊണ്ടുവന്നിട്ടുണ്ട്” അക്കു അവളെ കട്ടിലിലേക്ക് ഇരുത്തി ബാഗ് കയ്യിലെടുത്തു.
“നീയൊന്ന് കണ്ണടച്ചേ കുഞ്ഞോളെ” അക്കു ആവശ്യപ്പെട്ടു.

കുഞ്ഞോള് കണ്ണുകൾ ഇറുകേയടച്ച് കട്ടിലിൽ ഇരുന്നു.

ബാഗിൽനിന്നും ചെറിയൊരു ബോക്സെടുത്ത് തുറന്നുപിടിച്ച് അക്കു
“ഇനി കണ്ണുതുറന്നോളൂ” എന്ന് പറഞ്ഞപ്പോൾ കുഞ്ഞോള് കണ്ണുകൾ തുറന്നു.

അവളുടെ കണ്ണുകൾ വിടരുന്നതും ചുണ്ടിൽ പുഞ്ചിരി വിരിയുന്നതും അക്കു കണ്ടു.

“ഇക്കാ പാതസരം…”

“അതേ പാതസരം” അക്കു പാതസരമെടുത്ത് കുഞ്ഞോൾകുനേരെ നീട്ടി.
“വാങ്ങിയിട്ട് മൂന്നുവർഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. ഇപ്പോഴാണ് നിനക്കിത് തരാൻകഴിഞ്ഞത്. ഇപ്പൊ പറ്റിയില്ലേൽ നിന്റെ കല്യാണത്തിനെങ്കിലും കിട്ടിയേനെ ഇത്. നീ പണ്ട് ഉപ്പയോട് ഇടക്കിടെ ആവശ്യപ്പെടാറുള്ളതല്ലേ ഒരു സ്വർണക്കൊലുസ് വേണമെന്ന്. അതുകൊണ്ടാ വാങ്ങിയത്. ഉപ്പ വാങ്ങിത്തന്നോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും നീയിത് വെച്ചോ…” അക്കു പറഞ്ഞു.

“ശെരിയാണ് ഇക്കാ… ഞാനൊരുപാട് ആവശ്യപ്പെട്ടിരുന്നു എന്നത് സത്യമാണ്. പക്ഷെ കുറെ വർഷങ്ങളായി ഞാൻ ആ ആവശ്യം ഉപ്പയോട് പറയാറില്ല”

“അതെന്താ കുഞ്ഞോളെ. ആവശ്യപ്പെട്ടിട്ട് വാങ്ങിത്തരാത്തതുകൊണ്ടാണോ?

“അല്ല… ഇക്കാക്കറിയില്ല, ഉപ്പാക്കിന്ന് മൂക്കിനൊപ്പം കടമുണ്ട്. നമ്മുടെ ഈ വീടുപോലും ഉപ്പ പണയപ്പെടുത്തിയിരിക്കുകയാ. ഉണ്ടായിരുന്ന ബിസിനസ്സിൽ പാർട്ണർ ചതിച്ചു. പിന്നെ മുത്താപ്പാടെ മോളുടെ കല്യാണം. അങ്ങനെയൊക്കെയായി ഉപ്പാക്ക് ഒരുപാട് കടങ്ങളുണ്ട്. അതുകൊണ്ട് പറയാതിരുന്നതാ പാതസരം വേണമെന്ന്”

“അതുശെരി. അപ്പൊ അങ്ങനെയൊക്കെ സംഭവിച്ചോ”

കുഞ്ഞോളൊന്ന് മൂളി. ശേഷം
“ഇത് ഇക്ക ഉപ്പാക്ക് കൊടുത്തേക്ക്. ഇതുവിറ്റിട്ട് കുറച്ചെങ്കിലും കടംവീട്ടുവാൻ ഉപ്പാക്ക് സാധിച്ചാൽ ഉപ്പാക്ക് കുറച്ചെങ്കിലും ആശ്വാസമുണ്ടാകും” കുഞ്ഞോള് പാതസരം അക്കുവിന് തിരികെനീട്ടിക്കൊണ്ട് പറഞ്ഞു.

“ഉപ്പാടെ കടങ്ങളൊക്കെ അവിടെ നിക്കട്ടെ. അതൊക്കെ ഞാൻ നോക്കിക്കോളാം. ഇതുഞാൻ നിനക്ക് വാങ്ങിയതാണ്. നിനക്കുള്ള എന്റെ സമ്മാനം. അതുകൊണ്ട് ഈ സമ്മാനം മോള് വെച്ചോ”

അതുകേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി.
“പിന്നേ ഇക്കയോട് ഞാനൊരു കാര്യം ചോദിക്കട്ടെ…?”

“എന്താ കുഞ്ഞോളെ. ചോദിക്ക്”

“കേട്ടുകഴിഞ്ഞാൽ സത്യം പറയണം”

അത് കേട്ടതും അക്കു അവളെയൊന്ന് സൂക്ഷിച്ചുനോക്കി.
“എന്താ കാര്യം”

“അവിടെ ഞാൻകണ്ട സനയില്ലേ”

“സനയുണ്ടല്ലോ… അതുകൊണ്ടല്ലേ നീ കണ്ടത്”

“ഓ എന്റെ ഇക്കാ… ഞാനൊന്ന് പറയട്ടെ. തോക്കിനുള്ളിൽ കയറി വെടിവെക്കാതെ”

“ശെരി മാഡം. മാഡം ചോദിക്ക് എന്താണെന്നുവെച്ചാൽ”

“ആ സനയും ഇക്കയും തമ്മിൽ എങ്ങനെയാ”

കുഞ്ഞോളുടെ ആ ചോദ്യം കേട്ടതും അക്കു ഒന്നുഞെട്ടി. ഞെട്ടൽ പുറത്തുകാണിക്കാതെ അക്കു
“നീയെന്താ ഉദ്ദേശിക്കുന്നത്”

“അല്ലാ… രണ്ടുപേരുടെയും പെരുമാറ്റം കണ്ടപ്പോൾ എനിക്കൊരു സംശയം. രണ്ടുപേരും തമ്മിൽ ഇഷ്ടത്തിലാണോ എന്ന്”

അക്കു വീണ്ടും ഞെട്ടി.
“പടച്ചോനെ… ഈ പെണ്ണ് ഓരോന്ന്ചോദിച്ച് മനുഷ്യനെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ” അക്കു മനസ്സിൽ പറഞ്ഞു.

അക്കുവിൽനിന്ന് മറുപടിയൊന്നും വരാതായപ്പോൾ കുഞ്ഞോള്
“ഇക്കാ ഞാൻ ചോദിച്ചത് കേട്ടില്ലേ. നിങ്ങൾതമ്മിൽ ഇഷ്ടത്തിലാണോ” എന്ന് കുഞ്ഞോള് വീണ്ടും ചോദിച്ചു.

സ്വന്തം പെങ്ങളുടെ മുന്നിൽ ഒന്നും മറച്ചുവെക്കണ്ട എന്ന് അക്കുവിന് തോന്നി.
“അങ്ങനെ പരസ്പരം ഇഷ്ടത്തിലൊന്നുമല്ല. എന്നാലും…”

“എന്താ മിസ്റ്റർ അക്കു… ഒരു എന്നാലും” കുഞ്ഞോള് അക്കുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

അവന്റെ മുഖത്തൊരു പുഞ്ചിരിവിടർന്നു.
“എന്റെ കുഞ്ഞോളെ… ഞനവളെ കാണാൻതുടങ്ങിയിട്ട് വർഷം കുറച്ചായില്ലേ കുഞ്ഞോളെ. ആദ്യമൊന്നും പ്രത്യേകിച്ച് ഒന്നുംതന്നെ തോന്നിയിരുന്നില്ല, പിന്നെപ്പിന്നെ എന്തോ ഒരു മോഹം”

“അമ്പട കള്ളാ… വാപ്പാടെകൂടെ ജോലി, എന്നിട്ട് ആ വാപ്പാടെ മോളോട്തന്നെ പ്രേമം, അവരുടെ വീട്ടിൽത്തന്നെ വാസവും. കൊള്ളാലോ കളി”
കുഞ്ഞോളവനെ കളിയാക്കി.

“ഇല്ലടീ കുഞ്ഞോളെ. നീ പറഞ്ഞത് സത്യമാണെങ്കിലും ഇന്നുവരെ ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല”

“അതെന്താ പറയാതിരുന്നത്” കുഞ്ഞോള് സംശയത്തോടെ ചോദിച്ചു.

“ഞാനിത് അവളോട് പറഞ്ഞാൽ അവളെങ്ങനെയാ പ്രതികരിക്കുക എന്നറിയില്ലല്ലോ. ഇനിയിപ്പോ ഇഷ്ടമില്ല എന്നാണെങ്കിൽ…?”

“ഏയ്‌ അവളുടെ പെരുമാറ്റം കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നില്ല”

“പറയാൻ പറ്റൂല മോളെ. ഇഷമാണെങ്കിൽ കുഴപ്പല്ല. അതല്ല ഇഷ്ടമില്ലെങ്കിൽ അവൾ അവളുടെ വീട്ടിപറഞ്ഞാലോ… ഞാനാരായി”

“ആരാവാൻ”

“എടീ മണ്ടൂസേ… ഇത്രയും കാലം അന്നവും തലചായ്ക്കാൻ ഇടവും തന്നിട്ട് ഞാനാ കുടുംബത്തെ ചതിച്ചു എന്നുപറയില്ലേ… ഇത്രയുംകാലം ഉണ്ടായിരുന്ന വിശ്വാസമൊക്കെ ഒറ്റനിമിഷംകൊണ്ട് പോവില്ലേ. എന്നെ സ്വന്തം മകനെപോലെ സ്നേഹിച്ച അവളുടെ വീട്ടുകാർ എന്നെ ശപിക്കില്ലേ… എന്നെ കൂടെപ്പിറപ്പിനെ പോലെയാണ് അവൾ കണ്ടതെങ്കിൽ അവൾക്കുപിന്നെ എന്നോട് മിണ്ടാൻപോലും മടിയാവില്ലേ… എന്നോട് വെറുപ്പാവില്ലേ”

“ആ അത് ഒരു പോയിന്റാണ്. നന്നായി എന്തായാലും പറയാതിരുന്നത്. അവിടെന്നും ഇക്കയെ ഇറക്കിവിട്ടിരുന്നെങ്കിൽ ഇപ്പോഴും ഇക്കയെ കണ്ടുപിടിക്കാൻ ഉപ്പാക്ക് കഴിയാതെവരുമായിരുന്നു”

“നീ അങ്ങോട്ട് ചെല്ല് കുഞ്ഞോളെ. ഞാനൊന്ന് കുളിക്കട്ടെ”
അക്കു കഥയൊക്കെ നിർത്തി ബാഗിൽനിന്ന് ഡ്രെസ്സുമെടുത്ത് കുളിക്കാനായി നടന്നു.

കുഞ്ഞോള് അക്കുനൽകിയ സമ്മാനവുമായി നേരെ ഉപ്പയുടെ അരികിലേക്കോടി.

“ഉപ്പാ… ഇത് കണ്ടോ…?”

“എന്താ മോളെ”

“ഒന്നരക്കൊല്ലം ഞാൻ ഉപ്പയുടെ പുറകേനടന്ന് കെഞ്ചിയിട്ട് ഉപ്പയൊന്ന് മൈൻഡ്പോലും ചെയ്യാതിരുന്ന എന്റെ ആഗ്രഹം”

“എന്ത്” അബ്‌ദുക്ക സംശയത്തോടെ നെറ്റിചുളിച്ചു.

“സ്വർണക്കൊലുസ്. ഇക്ക തന്നതാ. വാങ്ങിയിട്ട് കുറച്ചുവർഷം ആയത്രേ. ഇപ്പോഴാ തരാൻ പറ്റിയതെന്ന്”

“എവിടെ നോക്കട്ടെ” അബ്‌ദുക്ക അവൾക്കുനേരെ കൈനീട്ടി.
അവൾ ഉപ്പയുടെ കൈകളിലേക്ക് ആ ബോക്സ് വെച്ചുകൊടുത്തു.
ബോക്സ് തുറന്ന അബ്‌ദുക്ക അടുക്കളയിലുള്ള ആയിഷാത്തയെ നീട്ടിവിളിച്ചു.

“ആയിഷാ…”

അടുക്കളയിൽനിന്നും അബ്‌ദുക്കയുടെ വിളികേട്ട് ആയിഷാത്ത ഓടിവന്നു.

“എന്താ മനിഷ്യാ… എന്തിനാ ഇങ്ങനെ ഒച്ചവെക്കുന്നെ”

“എടൊ നീയിത് കണ്ടോ. അക്കു കുഞ്ഞോൾക്ക് വാങ്ങിയ കൊലുസ്. എന്റെ മോൾക് എന്നെക്കൊണ്ട് വാങ്ങിനൽകാൻ കഴിയാതിരുന്നതാ എന്റെ മോൻ വാങ്ങിനൽകിയത്”

അത് കണ്ടപ്പോൾ ആയിഷാത്താക്കും ഒരുപാട് സന്തോഷം തോന്നി.

ഒരുപാട് ആഗ്രഹിച്ചുനടന്നതായിരുന്നു ആ കൊലുസ്. കിട്ടിയതിന്റെ സന്തോഷത്തിൽ അവളത് അവളുടെ കാലുകളിലേക്ക് അണിഞ്ഞു.

നിമിഷങ്ങൾ ഓരോന്നായി ശരവേഗത്തിൽ കടന്നുപോയി.

“കുഞ്ഞോളെ നീ അക്കൂനെ കഴിക്കാൻ വിളിച്ചേ”
അയിഷാത്ത കുഞ്ഞോളോട് പറഞ്ഞു.

കുഞ്ഞോള് അക്കുവിന്റെ റൂമിലെത്തിപ്പോൾ ബാഗിലുണ്ടായിരുന്ന ഡ്രസ്സുകൾ എടുത്തുവെക്കുന്ന തിരക്കിലായിരുന്നു അക്കു.
പെട്ടെന്നാണ് അക്കുവിന്റെ ബാഗിലിരുന്ന സിഗരറ്റിന്റെ പാക്കറ്റ് കുഞ്ഞോളുടെ കണ്ണിലുടക്കിയത്.

“എന്താ കുഞ്ഞോളെ നീ മിണ്ടാതെ നിൽക്കുന്നത്” എന്ന് കുഞ്ഞോളെ കണ്ട അക്കു ചോദിച്ചതും

“എന്നുതുടങ്ങി ഈ ശീലം. വലിമാത്രമാണോ അതല്ല കുടിയും ഉണ്ടോ…?” എന്ന് കുഞ്ഞോള് ചോദിച്ചപ്പോഴാണ് അക്കു ബാഗിൽ പുറത്തേക്ക് കാണുംവിധമിരിക്കുന്ന സിഗരറ്റിന്റെ പാക്കറ്റ് കണ്ടത്.

എന്തുപറയുമെന്നറിയാതെ അക്കു കുഴഞ്ഞു.

“ദേ ഇന്നത്തോടെ നിർത്തിക്കോ ഈ ദുശീലം. ഇല്ലേൽ ഞാൻ ഉപ്പയോട് പറയും” എന്ന് കുഞ്ഞോള് ഭീഷണി മുഴക്കി.

“വല്ലപ്പോഴും ഒന്ന് വലിക്കും എന്നത് നേരാണ്. ആ ശീലം ഇന്നത്തോടെ നിർത്തി” അക്കു സിഗരറ്റിന്റെ പാക്കറ്റ് കുഞ്ഞോളുടെ കൈകളിലേക് വെച്ചുകൊടുത്തു.
“ദേ ആരുംകാണാതെ എവിടേലും കൊണ്ടുകളഞ്ഞേക്ക്” എന്ന് അക്കു പറഞ്ഞതും

“കഴിക്കാൻ വിളിക്കുന്നുണ്ട്. വായോ”

കുഞ്ഞോള് സിഗരറ്റ് പാക്കറ്റുമായി ബാത്‌റൂമിലേക്ക് കയറുന്നതും ശൂന്യമായ കൈകളുമായി തിരിച്ചുവരുന്നതും അക്കു കണ്ടു.

കുഞ്ഞോൾക്ക് പുറകിലായി അക്കു കഴിക്കാനായി റൂമിൽനിന്നും പുറത്തിറങ്ങി.

“ആക്കൂ നീയിനി അങ്ങോട്ട് പോകുന്നുണ്ടോ”
കഴിച്ചുകൊണ്ടിരിക്കെ അബ്‌ദുക്ക ചോദിച്ചു.
അബ്‌ദുക്കയും അയിഷാത്തയും കുഞ്ഞോളും അക്കൂന്റെ മുഖത്തേക്ക്തന്നെ സൂക്ഷ്മതയോടെ നോക്കി.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply