മനമറിയാതെ – Part 6

9728 Views

manamariyathe-novel

മനമറിയാതെ…

Part: 06

✒️ F_B_L

[തുടരുന്നു…]

 

“ആക്കൂ നീയിനി അങ്ങോട്ട് പോകുന്നുണ്ടോ”
കഴിച്ചുകൊണ്ടിരിക്കെ അബ്‌ദുക്ക ചോദിച്ചു.
അബ്‌ദുക്കയും അയിഷാത്തയും കുഞ്ഞോളും അക്കൂന്റെ മുഖത്തേക്ക്തന്നെ സൂക്ഷ്മതയോടെ നോക്കി.

“ഞായറാഴ്ച വുകുന്നേരം പോവും” അക്കു ഒട്ടും മടികാണിക്കാതെ മറുപടിനൽകി.

“മോനെ അക്കു നിന്നെഞാൻ തടയില്ല. എന്നാലും ചോദിക്കുകയാണ്. അല്ല അപേക്ഷിക്കുകയാണ്. കഴിഞ്ഞുപോയ വർഷങ്ങളിൽ ഇല്ലാതിരുന്നവെളിച്ചമാണ് ഇന്നിപ്പോഴുള്ളത്. ആ വെളിച്ചം നീ വീണ്ടും അണക്കരുത്” അബ്‌ദുക്കയുടെ വാക്കുകളിൽ ഇടർച്ച അനുഭവപ്പെട്ടു.

“ഉപ്പാ നിങ്ങളെ ഉപേക്ഷിച്ചുപോകുന്നു എന്നല്ല ഞാൻ പറഞ്ഞത്. എന്റെ അവസ്ഥ എല്ലാവരും മനസ്സിലാക്കണം. ഈ വീടിന്റെ പടിയിറങ്ങിയ ആ നിമിഷംമുതൽ ഞാനൊരു ഒറ്റയാനായിരുന്നു. എന്തുചെയ്യുമെന്നോ എങ്ങോട്ട് പോകുമെന്നോ അറിയാതെ പകച്ചുനിന്നൊരു രാത്രിയുണ്ടായിരുന്നു എനിക്ക്. അന്ന് റോഡരികിലെ വഴിവിളക്കിന്റെ വെളിച്ചമില്ലാത്ത മറ്റൊരുവെളിച്ചവും ഉണ്ടായിരുന്നില്ല.
കൈകാണിച്ച വാഹനങ്ങൾ നിർത്താൻ മടികാണിച്ചപ്പോൾ ഒരുപാട്ദൂരം നടന്നു.
ഒടുക്കം നിർത്തിയത് ഒരു പ്രായമായമനുഷ്യന്റെ ലോറിയാണ്.
ആ മനുഷ്യന്റെകൂടെപോയപ്പോഴും എങ്ങോട്ടാണെന്ന് ഒരു അറിവുമില്ലായിരുന്നു.

ചെന്നെത്തിയത് നിങ്ങളൊക്കെവന്ന വർക്ഷോപ്പിൽ.
നൗഷാദ്ക്കയുടെ വർക്ഷോപ്പിൽ.
ഇരുട്ടുമൂടിയ എന്റെജീവിതത്തിൽ വെളിച്ചംപകർന്നതും നിങ്ങളില്ലാത്തതിന്റെ സങ്കടം അറിയാതിരുന്നതും അവർകാരണമാണ്.
ആരാണെന്നോ എന്താണെന്നോ അറിയാത്ത എന്നെ സ്വന്തം മകനെപ്പോലെ ഇത്രയുംകാലം അവരെന്നെ പരിചരിച്ചു. അവരോട് തിരികെവരാമെന്ന് വാക്കുപറഞ്ഞിട്ടാ ഞാൻ വന്നത്” കഴിഞ്ഞകാലത്തെ ഓർത്തതുകൊണ്ടാവും അക്കൂന്റെ കണ്ണുകളും അനുസരണക്കേട് കാണിച്ചു.

എന്നും വീറോടെയും വാശിയുടെയും ഒട്ടും പതറാതെ നിന്നിരുന്ന അക്കൂന്റെ ആ അവസ്ഥ അവർക്കൊക്കെ സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

“ഉപ്പാ… ആരെയും കുറ്റപ്പെടുത്തിയതോ സങ്കടപ്പെടുത്തിയതോ അല്ല. ഞാൻ പോയാലും വരും ഇടക്കൊക്കെ. അത് പോരെ… പറ്റില്ലാന്ന് പറയരുത് ഉപ്പാ…” അക്കു എഴുനേറ്റ് കൈകഴുകി റൂമിലേക്ക് നടന്നു.

“ഇക്കാ… നിങ്ങൾ വിഷമിക്കാതെ, ജന്മം നൽകിയില്ലെങ്കിലും നമ്മളെപ്പോലെ ഒരു ഉമ്മയും വാപ്പയും അവിടെയില്ലേ. അവരെയും നമ്മളോർക്കണ്ടേ” ആയിഷാത്ത ഉള്ളിലെ സങ്കടം മറച്ചുപിടിച്ച് അബദുക്കയെ സമാധാനിപ്പിച്ചു.

“ശെരിയാണ് ആയിഷാ… ഞാനത് ഓർത്തില്ല. അല്ലേലും പണ്ടേ ഞാനിങ്ങനെയാണല്ലോ, ഞാൻ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണമെന്ന് ചിന്തിക്കുന്നവനല്ലേ ഞാൻ. സാരല്ല നമ്മുടെ അക്കു ഇടക്ക് വരുമെന്ന് പറഞ്ഞില്ലേ പിന്നെന്താ ല്ലേ ആയിഷാ”

____________________

“എന്താണ് നീ ഇങ്ങനെയിരിക്കുന്നത്. ഇവിടെ ആരെങ്കിലും മരിച്ചോ…?” നൗഷാദ്ക്ക ഫാത്തിമ താത്തയോട് കലിപ്പിലാണ്.
“അവളെവിടെ സന”

“സന അവിടെയുണ്ട്. കിടക്കുകയാ”

“കഴിച്ചോ അവൾ വല്ലതും…?”

“ഇല്ല. ഇക്കാ നിങ്ങൾക്ക് അക്കു ഇല്ലാതെ പറ്റുന്നുണ്ടോ…?”

കലിപ്പിൽ നിൽക്കുന്ന നൗഷാദ്ക്ക പ്രിയപ്പെട്ട ഭാര്യയുടെ ആ ചോദ്യംകേട്ടതും സോഫയിൽ ഇരുന്നുപോയി.
“ഇല്ല ഫാത്തിമാ. അക്കു അവനില്ലാതെ എനിക്ക് പറ്റുന്നില്ല. വർക്ഷോപ്പിൽ വരുന്നവരൊക്കെ ചോദിക്കുന്നു അവനെവിടെപോയെന്ന്”

“അക്കു വാരാന്ന്പറഞ്ഞിട്ടല്ലേ ഇക്കാ പോയേ. അപ്പൊ വരും”

“വന്നില്ലേലും നമുക്കവനെ നിർബന്ധിക്കാൻ കഴിയില്ല ഫാത്തിമാ. അവൻ പോയത് അവന്റെ സ്വന്തം വീട്ടിലേക്കല്ലേ”

“അക്കു വരും. നിങ്ങൾ സമാധാനായിട്ടിരിക്ക്. ഞാൻ ചോറെടുത്തുവെക്കാം. സനമോളെ നിങ്ങളുപോയി വിളിക്ക്. സനയിന്ന് ഒന്നുംകഴിച്ചിട്ടില്ല”

“ഞാൻപോയി വിളിച്ചോണ്ടുവരാം” നൗഷാദ്ക്ക സനയുടെ റൂമിലേക്ക് നടന്നു.
“സനാ കഴിക്കുന്നില്ലേ വന്നേ…”

“എനിക്ക് വേണ്ടവാപ്പച്ചി. വിശക്കുന്നില്ല”

“നീ ഇന്നൊന്നും കഴിച്ചില്ലെന്നാണല്ലോ ഉമ്മച്ചി പറഞ്ഞത്. ദേ ഞാനും ഇന്നൊന്നും കഴിച്ചിട്ടില്ല. അതുകൊണ്ട് നല്ലവിശപ്പുണ്ട്. കളിക്കാൻ നിക്കാതെ വന്നേ നീ”

“എനിക്ക് വേണ്ട വാപ്പച്ചീ. വാപ്പച്ചി പോയികഴിച്ചോ”

“നിനക്ക് വേണ്ടങ്കിൽ ഞങ്ങൾക്കും വേണ്ട” നൗഷാദ്ക്ക ഒരു നമ്പറിറക്കി റൂമിൽനിന്ന് പുറത്തിറങ്ങി.

ഉപ്പയെങ്ങനെപറഞ്ഞതും സന എഴുനേറ്റ് ഉപ്പയുടെ പുറകെപോയി.

ഒരുവീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ മറ്റൊരുവീട്ടിൽ ഒരാളുടെ അസാന്നിധ്യത്തിൽ ഭക്ഷണം കഴിച്ചുതുടങ്ങി.

“ഉപ്പാ ഇക്കാനെ വിളിച്ചിരുന്നോ” കഴിച്ചുകൊണ്ടിരിക്കുമ്പോൾ സന ചോദിച്ചു.

“ഇല്ല ഞാൻ വിളിച്ചില്ല”

“ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു. അപ്പൊ വീട്ടിലെത്തിയതേയുള്ളു എന്നാണ് പറഞ്ഞത്”

“ഇടയ്ക്കിടെ അക്കൂനെ വിളിക്കാനൊന്നും നിൽക്കണ്ട. അവനവിടെ ഓരോരോ തിരക്കിലായിരിക്കും. വർഷങ്ങൾക്കുശേഷമല്ലേ അക്കു അവരോടൊപ്പം. നമ്മളവനെ ബുദ്ധിമുട്ടിക്കരുത്. അക്കു വാക്കിന് വിലകല്പിക്കുന്നവനാണ്. അതുകൊണ്ട് അവനെന്തായാലും വരും” ഫാത്തിമത്താത്ത പറഞ്ഞു.

അന്നാ രാത്രിക്കുശേഷം അക്കു തിരക്കിലായി. അക്കൂന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാത്ത കൂട്ടുകാർക്കിടയിലേക്ക് ഒരു സർപ്രൈസ് എന്നപോലെ അക്കു കടന്നുചെല്ലുമ്പോൾ കൂട്ടുകാർ കൗതുകത്തോടെ അവനെ നോക്കിക്കണ്ടു. ഒരാളൊഴികെ.

“ടാ അക്കു. നീ ആളാകെമാറിപ്പോയല്ലോ. ഇവിടുന്ന് പോയപോലെ അല്ലല്ലോ തിരിച്ചുവരവ്. താടിയും മീശയുമൊക്കെവച്ച് ആളൊരു സുന്ദരനായിട്ടുണ്ട്” കൂട്ടുകാർക്കിടയിൽനിന്ന് കമന്റുകൾ ഓരോന്നായി വന്നുതുടങ്ങി.
പക്ഷെ…

“ഒരിക്കൽ എല്ലാവരെയും ഉപേക്ഷിച്ച് പോയവനല്ലേ നീ. പിന്നെന്തിനാ വീണ്ടും വന്നത്”
കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു.
മറ്റാരുമല്ല കൂട്ടുകാരിൽ കൂട്ടുകാരനായ റാഷിദ്‌.

“എടാ റാഷി നീയിങ്ങനെ ചൂടാവാതെ” റാഷിദിന്റെ ദേഷ്യത്തോടെയുള്ള സംസാരംകേട്ട് അക്കു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നീ കൂടുതൽ ചിരിക്കല്ലേ അക്കു. പോവുമ്പോ ഒരുവാക്ക്, പോട്ടെ അതിന് സമയംകിട്ടിക്കാണില്ല. എന്നാലും ഇത്രയും വർഷത്തിനിടക്ക് ഒരിക്കലെങ്കിലും നിനക്കൊന്ന് വിളിക്കാൻ തോന്നിയില്ലല്ലോ. ഒന്നുല്ലേലും കുറച്ചുവർഷങ്ങൾ നിന്റെയൊപ്പം നിന്റെ സകല ഉഡായിപ്പുകൾക്കും കൂട്ടുനിന്നവനല്ലേ ഈ ഞാൻ. ആ എന്നെ നീ മറന്നുപോയില്ലേ അക്കു” റാഷിയുടെ ദേഷ്യംമാറി പകരം സങ്കടത്തിലാണ് അവനത് പറഞ്ഞത്.

“എടാ റാഷി മനപൂർവ്വമാണ് വിളിക്കാതിരുന്നത്”

“അറിയാടോ അക്കു. വിളിച്ചാൽ നീ എവിടെയുണ്ടെന്ന് ഞാനറിയും. ഞാനറിഞ്ഞാൽ നിന്റെ പെങ്ങളറിയും. അതോടെ അവിടെയുള്ള സുഖവാസം അവസാനിക്കും. അതായിരുന്നില്ലേ നിന്റെപേടി. എങ്കിൽ നീ ഒന്നറിയണം അക്കു”

“എന്താടാ” അക്കു സംശയത്തോടെ ചോദിച്ചു.

“നീ വാ” റാഷിദ്‌ അക്കൂന്റെ തോളിലൂടെകയ്യിട്ട് കൂട്ടത്തിൽനിന്നും മാറിനിന്നു.

“പറയെടാ എന്താണ് ഉണ്ടായതെന്ന്”

“പഠിച്ചിരുന്ന കാലത്ത് നിന്റെയത്രക്ക് ഇല്ലെങ്കിലും ഞാനും നിന്നെപ്പോലെ അലമ്പായിരുന്നു. അത് നീ കൂടെയുണ്ടല്ലോ എന്ന ധൈര്യത്തിലായിരുന്നു. പ്ലസ്ടു അവസാനസമയത്ത് നീയൊന്ന് ഒതുങ്ങിയപ്പോൾ ഞാനും ഒതുങ്ങി. നീ പോയതിൽപിന്നെ ഞാൻ അലമ്പിനൊന്നും പോയിട്ടുമില്ല. ഡിഗ്രി ചെയ്തു നല്ലൊരു ജോലിയും വാങ്ങി. കുഞ്ഞോളെ പെണ്ണുചോദിക്കാൻ നിന്റെ വീട്ടിൽപോയിരുന്നു ഞാൻ. അന്ന് നിന്റെഉപ്പ സമ്മതിച്ചതാണ്. പക്ഷെ മറ്റേതോ ഒരു തെണ്ടിയുടെ ആലോചന വന്നപ്പോൾ നിന്റെഉപ്പ കാലുമാറി. വാക്കുമാറ്റിയത് ഞാൻ മറന്നേക്കാം. എന്നെ സ്വപ്നംകണ്ടുനടക്കുന്ന നിന്റെ അനിയത്തി കുഞ്ഞോളെമറക്കാൻ എനിക്ക് കഴിയില്ല”
റാഷി പറഞ്ഞു.

“അപ്പൊ അതാണ്കാര്യം. ഉപ്പയുടെ വാക്കുമാറ്റാം കാരണമാണ് നീയിപ്പോ എന്നെ ചാടിക്കടിക്കാൻ വരുന്നത് അല്ലെ” അക്കു ഒരു പുഞ്ചിരിയോടെ ചോദിച്ചു.

“ഇല്ലടാ അക്കു. നിന്നോടെനിക്ക് ദേഷ്യമുണ്ട്. ഒരുവാക്കുപോലും പറയാതെ പോയതിനുപുറമെ വർഷം ഇത്രയായിട്ടും ഒരിക്കൽപോലും വിളിക്കാൻ തോന്നിയില്ലല്ലോ നിനക്ക്”

“അത് വിടെടാ റാഷി. ഇപ്പൊ ഞാനെത്തിയില്ലേ”

“എവിടെയായിരുന്നു നീ”

“കൊച്ചിയിൽ”

“ന്റള്ളോഹ് കൊച്ചിയിൽ ഉണ്ടായിരുന്നോ. എന്നിട്ടാണോ നാറീനീ വിളിക്കാഞ്ഞേ. ഞാൻ കരുതിയത് നീ വല്ല ബോംബെയിലും ആയിരിക്കുമെന്നാ. അല്ലാ അവിടെ എന്തായിരുന്നു പരിപാടി”

“ഒരു വർക്ഷോപ്പിൽ”

“എന്തിന്റെ”

“കാറിൽ തുടങ്ങി വലിയ ലോറികൾവരെ നോക്കുന്ന വർക്ഷോപ്പിൽ”

“അപ്പൊ ആഗ്രഹിച്ചപോലെ മെക്കാനിക്കായി അല്ലെ അക്കു. ഇനിയിപ്പോ നമ്മുടെ നാട്ടിലും വരുമല്ലേ വലിയൊരു വർക്ഷോപ്”

“ഇല്ലടാ. അതൊന്നും ഇപ്പൊ ഉദ്ദേശിക്കുന്നില്ല. ഞാൻ ഞായറാഴ്ച തിരിച്ചുപോകും കൊച്ചിയിലേക്ക്” അക്കു പറഞ്ഞതും

“നീയിതെന്താ പറയുന്നത്” സംശയത്തോടെ റാഷി ചോദിച്ചു.

അക്കു കൊച്ചിക്ക് വണ്ടികയറിയതുമുതൽ നൗഷാദ്ക്കയെ കണ്ടതും ഇക്കയുടെ കുടുമ്പത്തെപറ്റിയും പറഞ്ഞപ്പോൾ
“എന്തുതന്നെ ആയാലും നിന്റെ സ്വന്തം വാപ്പയും ഉമ്മയുമാണ് ഇവിടെയുള്ളത്. അത് നീ മറക്കരുത്”
റാഷി അക്കുവിനൊരു ഉപദേശംനൽകി.

“ഇല്ലടാ പെട്ടെന്ന് ഞാനവിടെന്ന് പോന്നാൽ അവർക്കൊക്കെ അതൊരു സങ്കടമാകും.
കുറച്ചുദിവസം ഇവിടെയും കുറച്ച് അവിടെയുമായി പയ്യെപ്പയ്യെ മാറാനെ കഴിയൂ. അതും അവിടെന്ന് ഒളിച്ചോടിവരില്ല. എല്ലാരോടും പറഞ്ഞ് കുരുത്തവും പൊരുത്തവുമെല്ലാം വാങ്ങിയിട്ടേ മടങ്ങുകയൊള്ളു”

“അപ്പൊ ഇവിടെയൊരു വർക്ഷോപ് തുടങ്ങാനുള്ള പദ്ധതിയും നോക്കിക്കോ”

“അതൊക്കെ നമുക്ക് പതിയെ റെഡിയാക്കാം. നിനക്കിപ്പോ എന്താ പരിപാടി”

“ഒരു കമ്പനിയിൽ അക്കൗണ്ടന്റാ. ഒരാഴ്ച ലീവിന് വന്നതാ. ഉപ്പാക്ക് തീരെ വയ്യ”

“ആണോ. ഉപ്പാക്കിപ്പോ എങ്ങനെയുണ്ട്. കുഴപ്പൊന്നുല്ലെങ്കിൽ നാളെ എല്ലാവരുംകൂടി വീട്ടിലേക്ക് വായോ. ഞാനെന്റെ ഉപ്പയോടൊന്ന് സംസാരിച്ചിട്ട് വിളിക്കാംനിന്നെ. ഇപ്പൊ ഞാൻ പോവാ. ബന്ധുവീട്ടിലൊക്കെ ഒന്ന് കേറിയിറങ്ങണം”
അക്കു റാഷിയോട് യാത്രപറഞ്ഞ് ബുള്ളറ്റിൽകയറി.

“ടീമേ നമുക്കെല്ലാവർക്കും ഒന്ന് കൂടണം. ഇപ്പൊ ഞാൻ പോവാണ് കുറച്ച് തിരക്കുണ്ട്” ബാക്കിയുണ്ടായിരുന്ന കൂട്ടുകാരോടുപറഞ്ഞ് അക്കു യാത്രതുടങ്ങി.

ഉപ്പയുടെ അനിയന്മാരുടെയും പെങ്ങന്മായുടെയും വീട്ടിലൊക്കെ കയറിയിറങ്ങി, കുറേപേരുടെ സങ്കടവും അതുപോലെതന്നെ പുച്ഛവും, ചീത്തയുമൊക്കെകേട്ട് അക്കു അന്നത്തെദിവസത്തെ തള്ളിനീക്കി.

കാലത്ത് ബുള്ളറ്റുമെടുത്ത്പോയ അക്കു രാത്രി സമയം എട്ടുകഴിഞ്ഞിട്ടും മടങ്ങിയെത്താത്തതുകണ്ടപ്പോൾ അയിഷാത്തയുടെ നെഞ്ചുപിടക്കാൻ തുടങ്ങി.

“കുഞ്ഞോളെ നീ അക്കൂനെയൊന്ന് വിളിച്ചേ. എവിടെയാണെന്ന് ചോദിച്ചുനോക്ക്” ആയിഷാത്ത പറഞ്ഞതും വീടിനുപുറത്ത് പുറത്ത് ബുള്ളറ്റിന്റ മനോഹരമായാശബ്ദം കേട്ട്.

“ഉമ്മാ ഇങ്ങളുപേടിക്കണ്ട. അക്കുക്ക വന്നു” ജുമിയാണ് പറഞ്ഞത്.

“നീ ഇവിടെയുണ്ടായിരുന്നോ. വീട്ടിൽ പണിയൊന്നുല്ലേ ജുമീ നിനക്ക്” കയ്യിൽ കവറുകളുമായി കേറിവന്ന അക്കു ജുമിയെകണ്ടപ്പോൾ ചോദിച്ചു.

“ആ ഇക്കാ. വൈകുന്നേരം വന്നതാ. പോവാറായി ഇപ്പൊ വിളിവരും” ജുമിടെ ഉമ്മ റസിയാത്തയുടെ വിളിവരാതെ ജുമി കുഞ്ഞോളുടെ അടുത്തുനിന്ന് പോവാറില്ല.

“ഉമ്മാ ഉപ്പയെവിടെ, ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനുണ്ടായിരുന്നു”

“പള്ളിയിൽ പോയതാ വന്നിട്ടില്ല. അല്ലാ എന്താകാര്യം” ആയിഷാത്ത സംശയത്തോടെ ചോദിച്ചു.

“അതൊക്കെയുണ്ട്. ഉപവരട്ടെ എന്നിട്ട് ഉപ്പയോട് ചോദിക്കുമ്പോ കേട്ടാമതി എല്ലാവരും” അക്കു ഉമ്മയോട് പുഞ്ചിരിയോടെ പറഞ്ഞ് കുഞ്ഞോളെ ഒരു കള്ളനോട്ടംനോക്കി.

കയ്യിലുണ്ടായിരുന്ന കവർ കുഞ്ഞോൾക്കുനേരെ നീട്ടി
“നിങ്ങൾക്ക് രണ്ടുപേർക്കുമായി വാങ്ങിയതാണ്”

“എന്തായിത്” കുഞ്ഞോള് ചോദിച്ചു.

“തുറന്ന് നോക്ക് കുഞ്ഞോളെ”

കവറിലെ ഡ്രെസ്സെടുത്ത്
“നിനക്ക് ഇതിലേതാ ഇഷ്ടപ്പെട്ടത് ജുമീ”

അവർ രണ്ടുപേരും പുതുവസ്ത്രത്തിന്റെ ചന്തം നോക്കിനിൽക്കെ…

പള്ളിയിലെ ഇഷാ നിസ്കാരവും കഴിഞ്ഞ് അബ്‌ദുക്ക തിരിച്ചെത്തി ഉമ്മറത്തിരിക്കുന്ന അബ്‌ദുക്കയുടെ അടുത്തേക്ക് അക്കുചെന്നു.
ഉപ്പയിരിക്കുന്ന കസേരക്കരികിൽ ആക്കുനിന്നു.

“ഉപ്പാ എനിക്കൊരു കാര്യം പറയാനുണ്ട്”

“എന്താടാ നീ പറയ്”

“വേറൊന്നുമല്ല ഞാനിന്ന് റാഷിയെ കണ്ടിരുന്നു. അവൻ ചിലതൊക്കെ പറഞ്ഞു എന്നോട്. അവനെന്താ ഒരു കുഴപ്പം. എന്നെക്കാൾ മാന്യൻ, എന്നെക്കാൾ നല്ല ജോലി, ബാധ്യതകൾ ഒന്നുമില്ല. അങ്ങനെയുള്ള അവന് നമ്മുടെ കുഞ്ഞോളെ കൊടുത്താലെന്താ”

അക്കുവിന്റെ ചോദ്യത്തിന് മൗനമായിരുന്നു അബ്‌ദുക്കയുടെ മറുപടി.

“ഒരിക്കൽ കുഞ്ഞോള് റാഷിക്കുള്ളതാണെന്ന് പറഞ്ഞിട്ട് പിന്നെന്തേ വാക്കുമാറ്റിയത്. അവനിൽ എന്ത്‍പോരായ്മയാണ് ഉപ്പ കണ്ടത്”

വാതിലിനുമറവിൽനിന്ന് കുഞ്ഞോളും ജുമിയും ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.

“നീ പറഞ്ഞത് ശെരിയാണ്. റാഷിക്ക് കുഴപ്പങ്ങളൊന്നുമില്ല. പക്ഷെ അവന്റെ ഫാമിലി ഒരു പ്രശ്നമാണ്. അവന്റെ മൂത്താപ്പമാരും മക്കളും എല്ലാം കേഡികളാണ്. അങ്ങനൊരു കുടുംബത്തിലേക്ക് എനിക്കെന്റെമകളെ കൊടുക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്” അബ്‌ദുക്ക പുറത്തേക്ക് നോക്കി പറഞ്ഞു.

“കുഞ്ഞോളെ കൊടുക്കുന്നത് റാഷിക്കാണ്. അല്ലാതെ അവന്റെ മൂത്താപ്പയുടെ മക്കൾക്കല്ല. നിങ്ങളെക്കാൾ നന്നായി റാഷിയെ എനിക്കറിയാം. സ്നേഹിച്ചാൽ ചങ്ക് പറിച്ചുതരുന്നവനാണ് അവൻ. റാഷിക്ക് കുഞ്ഞോളെ അത്രക്ക് ഇഷ്ടമാണ്. മറ്റാരേക്കാളും കുഞ്ഞോളെ നന്നായിട്ട് സ്നേഹിക്കാനും സംരക്ഷിക്കാനും റാഷിക്ക് കഴിയുമെന്ന് എനിക്കുറപ്പാണ്. ഉപ്പാ ഒന്ന് ആലോചിച്ചുനോക്ക് പരസ്പരം സ്നേഹിക്കുന്ന ഹൃദയങ്ങളാണ് ഒന്നിക്കേണ്ടത്”

അക്കു അത്രമാത്രം ഉപ്പയോടുപറഞ്ഞ് അകത്തേക്ക് നടന്നു.

“ഇക്കാ…” പുറകിൽനിന്നും കുഞ്ഞോളുടെ വിളികേട്ടപ്പോൾ അക്കു തിരിഞ്ഞുനോക്കി
“എന്തെ” എന്ന് ചോദിച്ചു.

“ഞാൻ പറഞ്ഞില്ലെങ്കിലും ഇക്കയിത് അറിയുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്”

“അതിന്” അക്കു കളിയാക്കിക്കൊണ്ട് ചോദിച്ചു.

“എന്നെയും റാഷിക്കാനെയും ഇക്കാക്ക് നന്നായിട്ട് അറിയാലോ. ഞങ്ങളുടെ കാര്യത്തിൽ ഇക്ക നമ്മുടെ ഉപ്പയെ എതിർത്ത് സംസാരിക്കരുത്. ഉപ്പാക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ റാഷിക്കയെ മറന്നേക്കാം. ഇക്കാനെ എനിക്കുവേണം”
കുഞ്ഞോളുടെ കണ്ണുനിറഞ്ഞു.

“അയ്യേ എന്തായിത് കുഞ്ഞോളെ. നിനക്ക് പേടിയല്ലേ… മുൻപ് ഇറക്കിവിട്ടപോലെ, ഞാൻ ഇറങ്ങിപ്പോയപോലെ ഇനിയും പോകുമോ എന്നപേടി” കുഞ്ഞോളെ തോളിലൂടെ കയ്യിട്ട് അക്കു ചോദിച്ചു.

“എനിക്ക് പേടിയുണ്ട് എന്റെ ഇക്കാനെ. ഇന്ന് ഇക്കയുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന കൊച്ചിയിലേക്ക് നമ്മുടെ ഉപ്പയോട് വഴക്കിട്ട് ഇക്കയിനിപോയാൽ ഒരിക്കലും തിരിച്ചുവരില്ല എന്നപേടി”

“റാഷിയെ ചെറുപ്പംതൊട്ടേ എനിക്കറിയാം. സ്നേഹമുള്ളവനാ. അതുകൊണ്ടാ അവനുവേണ്ടി, അല്ല നിങ്ങൾക്കുവേണ്ടി ഞാനീ വാശിപിടിക്കുന്നത്. നീ പേടിക്കണ്ട കുഞ്ഞോളെ. റാഷിക്ക് നിന്നെ കൊടുക്കാതിരിക്കണമെങ്കിൽ റാഷിയിൽ അവന്റേതായ ഒരുതെറ്റ്, അവനിൽ ഇപ്പോഴുള്ള ഒരുതെറ്റ് നമ്മുടെ ഉപ്പ കണ്ടുപിടിക്കണം. മറ്റുള്ളവരുടെ തെറ്റുകളെ ചൂണ്ടിക്കാണ്ടി റാഷിയെ താഴ്ത്തികെട്ടിയാൽ ഞാനതിന് സമ്മതിക്കില്ല”

അക്കു കുഞ്ഞോളോട് പറയുന്നതൊക്കെ അവർക്കരികിൽനിന്ന് ജുമി കേൾക്കുന്നുണ്ടായിരുന്നു.
ഉമ്മറത്തിരിക്കുന്ന അബദുക്കയുടെയും ചെവിയേലേക്ക് ആ സംഭാഷണം ഒഴുകിയെത്തി.

അക്കുപറഞ്ഞത് ശെരിയാണെന്ന് അബ്‌ദുക്കാക്കും തോന്നി.
“മറ്റുള്ളവർ ചെയ്യുന്നകുറ്റത്തിന് ഞാനെന്തിന് റാഷിയെ പഴിചാരണം. മാത്രമല്ല കുഞ്ഞോള് അക്കൂന്റെ അതെ ചോരയല്ലേ. കുഞ്ഞോളെ അക്കൂന് അത്രക്ക് ഇഷ്ടമല്ലേ. ആ കുഞ്ഞോളുടെ ജീവിതം നല്ലരീതിയിൽ വേണമെന്ന് അക്കൂനും ആഗ്രഹമുണ്ടാകില്ലേ. റാഷി തെറ്റ് ചെയ്യുന്നവനാണെങ്കിൽ അക്കു ഒരിക്കലും കുഞ്ഞോളെ റാഷിക്ക് കൊടുക്കാൻ സമ്മതിക്കില്ലായിരുന്നു…”
ഉമ്മറത്തെ കസേരയിലിരുന്ന് അബ്‌ദുക്ക ചിന്തിച്ചു.

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply