മനമറിയാതെ – Part 8

3971 Views

manamariyathe-novel

മനമറിയാതെ…

Part: 08

✒️ F_B_L

[തുടരുന്നു…]

 

ചെറുതായി വീശിയടിക്കുന്ന ഇളംകാറ്റിലൂടെ അക്കു ലക്ഷ്യമില്ലാതെ നടന്നു.
ഏറെ ദൂരംനടന്ന് മൈബൈലിൽ സമയം നോക്കിയപ്പോൾ നാലുമണി.
“ന്റള്ളോഹ് ഉപ്പ എഴുനേറ്റുകാണും. പള്ളിയിൽ പോകാൻനേരം അവിടെ എന്റെവണ്ടി കണ്ടില്ലെങ്കിൽ ഉപ്പ ബേജാറാവും”
അതുവരെ പതിയെ നടന്ന അക്കു തിരികെ വേഗത്തിൽനടന്നു.

“പടച്ചോനെ എത്തുന്നില്ലല്ലോ…”
ഒരുമണിക്കൂറോളം അക്കു മണൽപ്പരപ്പിലൂടെ വേഗത്തിൽനടന്നു.

“സമാധാനമായി” കുറച്ച് ദൂരെയായി അവന്റെ ബുള്ളറ്റ് അവനെയുംകാത്തിരിക്കുന്നത് അക്കു കണ്ടു.

കാലചക്രം ക്ഷീണമില്ലാതെ മുന്നോട്ടോടുമ്പോൾ അക്കു ക്ഷീണത്തോടെ മുന്നോട്ട്നടന്നു.
ബുള്ളറ്റിൽകയറി വീടും ലക്ഷ്യമാക്കി പതിവിലും വേഗത്തിൽ അക്കു വീട്ടിലേക്ക് പറന്നു.

മലർക്കെ തുറന്നിട്ട ഗേറ്റുകടന്നതും
“പണിപാളി” അക്കു പതിയെ പറഞ്ഞു.
കാരണം വേറൊന്നുമല്ല…
ഉമ്മറത്ത് തൂണിൽച്ചാരി നിൽപ്പുണ്ടായിരുന്നു അബ്‌ദുക്ക.

അക്കു ബുള്ളറ്റ് സൈഡ്സ്റ്റാന്റിൽ നിർത്തി പതിയെ ഇറങ്ങി ഉടുത്തമുണ്ടൊന്ന് നേരെയാക്കി പതിയെ അകത്തേക്ക് കടക്കാനൊരുങ്ങിയതും
“ഒന്ന് നിന്നെ അക്കു” അബ്‌ദുക്ക അവനെ വിളിച്ചു.

അക്കു നിന്നു.

“എവിടെപ്പോയി, എന്തിനുപോയി എന്നൊന്നും ഞാനിപ്പോ ചോദിക്കുന്നില്ല. ഈ ഉപ്പാക്ക് ഒരു അപേക്ഷയുണ്ട്. എവിടെവേണേലും പൊയ്ക്കോ, നീ എന്തുവേണമെങ്കിലും ചെയ്തോ. ഇവിടെ ആരോടെങ്കിലും പറഞ്ഞിട്ട്മാത്രം. നീ ആരോടുംപറയാതെ പോകുമ്പോൾ ഞങ്ങളിവിടെ തീതിന്നുകയാണ്. അത് മോൻ മറക്കരുത്”

“രാവിലെതന്നെ ഉപ്പയുടെ സങ്കടം കേൾക്കേണ്ടിവന്നല്ലോ” അക്കു മനസ്സിൽപറഞ്ഞ്
“ഉപ്പാ ഞാനൊന്ന് ബീച്ചിൽ പോയതാ. അവിടത്തെ കാറ്റുകൊണ്ട് ഒന്ന് ഉറങ്ങിപ്പോയി. ഇനി ആവർത്തിക്കില്ല, അതുപോരെ” ഉപ്പയെ അക്കു സമാധാനിപ്പിച്ച് അകത്തേക്ക് കടന്നതും അയിഷാത്തയും കുഞ്ഞോളും സോഫയിൽ ഇരിക്കുന്നു.

“ഇവൾക്ക് ഉറക്കമൊന്നുല്ലേ ഉമ്മാ” അക്കു ഉമ്മയോട് ചോദിച്ചു.

പക്ഷെ മറുപടിയൊന്നും തിരികെവന്നില്ല.

അക്കു അവന്റെ റൂമിലെത്തി ബെഡിലേക്ക് വീണു.
ഉള്ളിലുണ്ടായിരുന്ന സങ്കടത്തെ മറക്കാൻ ഉറക്കം അവനെത്തേടിയെത്തി.

“ആയിഷാ അക്കു എണീറ്റില്ലേ…?” അങ്ങാടിയിൽനിന്നെത്തിയ അബ്‌ദുക്ക കയ്യിലുണ്ടായിരുന്ന സാധനങ്ങൾ അയിഷാത്തയെ ഏൽപ്പിക്കുമ്പോൾ ചോദിച്ചു.

“ഇല്ല എണീറ്റില്ല. നല്ല ഉറക്കമാണ്”

“കുഞ്ഞോളെവിടെ ഉമ്മൂസെ” അവർക്കിടയിലേക്ക് കടന്നുവന്ന ജുമി ചോദിച്ചു.

“അവളവിടെയുണ്ട്. നീ വല്ലതും കഴിച്ചോ ജുമീ”

“ആ”

“ആയിഷാ കുഞ്ഞോളും ജുമിയും ഒരേപ്രായമല്ലേ, ഇവളെയിങ്ങനെ വിട്ടാൽശെരിയാവില്ലല്ലോ, മജീദിനെ ഒന്ന് കാണണം. ഇവൾക്കുപറ്റിയ ഒന്നിനെ കണ്ടുപിടിക്കണം” അബ്‌ദുക്ക പുഞ്ചിരിയോടെ പറഞ്ഞതും

“അള്ളോഹ് ഉപ്പച്ചീ… ചതിക്കല്ലേ എന്നെ. ഞാൻ കുറച്ചുകാലംകൂടി ഇങ്ങനെ പാറിനടന്നോട്ടെ” ഒരു കള്ളച്ചിരിയോടെ ജുമി മറുപടിപറഞ്ഞുകൊണ്ട് അവർക്കിടയിൽനിന്ന് കുഞ്ഞോളെ തിരഞ്ഞിറങ്ങി.

“ജുമിയെ നമുക്ക് അക്കൂനുവേണ്ടി ആലോചിച്ചാലോ ഇക്കാ”

“നല്ലകാര്യമാണ് ആയിഷാ നീ പറഞ്ഞത്. പക്ഷെ അക്കൂന്റെയും ജുമിയുടെയും ഇഷ്ട്ടമറിഞ്ഞിട്ടുമതി ചോദിക്കലൊക്കെ”

ഇത് കേട്ടുകൊണ്ടാണ് കുഞ്ഞോളും ജുമിയും വന്നത്.

“ദേ ജുമീ. വൈകാതെ നിന്റെകാര്യവും തീരുമാനമാവും” കുഞ്ഞോള് ജുമിയുടെ ചെവിയിൽ പറഞ്ഞു.

“കുഞ്ഞോളെ നീ അക്കൂനെ പോയിവിളിക്ക്. എണീക്കാൻ പറ അവനോട്” കുഞ്ഞോളെക്കണ്ട ആയിഷാത്ത പറഞ്ഞു.

“അവൻ ഉറങ്ങിക്കോട്ടെ അവനെ ആരും ശല്യപ്പെടുത്തണ്ട” എന്ന് അബ്‌ദുക്ക.

“സമയമെത്ര ആയെന്നാ… അതും ഇന്ന് വെള്ളിയാഴ്ച. നീ പോയി അവനെ വിളിക്ക് കുഞ്ഞോളെ”

കുഞ്ഞോള് നടന്ന് അക്കൂന്റെ റൂമിലെത്തി ബെഡിൽ മൂടിപ്പുതച്ച് കിടക്കുന്ന അക്കൂന്റെ തലയിൽനിന്ന് പുതപ്പുമാറ്റി
“അക്കുക്കാ എഴുനേൽക്കുന്നില്ലേ… സമയം ഒൻപതുകഴിഞ്ഞു” കുഞ്ഞോളവനെ വിളിച്ചു.

“ഞാൻ കുറച്ചുനേരംകൂടി ഉറങ്ങട്ടെ നീ പൊ”
അക്കു തലവഴി വീണ്ടും പുതപ്പ് വലിച്ചിട്ടു.

കുഞ്ഞോള് വീണ്ടും പുതപ്പുമാറ്റി അക്കുവിനെ കുലുക്കിവിളിച്ചപ്പോൾ അവൻ എഴുനേറ്റ് ബാത്റൂമിലേക്ക് നടന്നു.
ഡോറിനുമറവിൽനിന്ന് കുഞ്ഞോള് റൂമിൽനിന്നും ഇറങ്ങിപോകുന്നത് കണ്ടതും അക്കു വീണ്ടും ബെഡിലേക്ക് ഓടിക്കയറി. പക്ഷെ കുഞ്ഞോള് വീണ്ടുംവന്ന് അവനെ വിളിച്ചെഴുനേൽപ്പിച്ച്
“അതേ ഇന്നിങ്ങനെ ഉറങ്ങിയാൽ ശെരിയാവില്ലട്ടാ. ഇന്നല്ലേ റാഷിക്കാനോട്‌ വരാൻപറഞ്ഞിട്ടുള്ളത്”

അത് കേട്ടതും അക്കു ചാടിയെണീറ്റു.
“കുഞ്ഞോളെ നീയെന്താ നേരത്തെ വിളിക്കാതിരുന്നേ. ഓൻ പത്തുമണി ആവുമ്പോഴേക്കും ഇങ്ങെത്തും. ഞാനൊന്ന് റെഡിയാവുമ്പോഴേക്കും നീ കഴിക്കാൻ എടുത്തുവെക്ക്”

“വേറെ പണിയില്ല. മോനെ ഉറക്കത്തിൽനിന്ന് ഉണർത്താനും, കുളികഴിഞ്ഞ് വരുമ്പോഴേക്കും കഴിക്കാൻ എടുത്തുവെക്കാനും മോൻ ഒരു പെണ്ണുകെട്ടീട്ട് ഓളോട് പറ”

“നിന്റെകാര്യം സെറ്റായപ്പോ നമ്മളെ വേണ്ടാതായി ല്ലേ കുഞ്ഞോളെ”

“അത് അങ്ങനെത്തന്നെയാ. പിന്നേ ഒരു കാര്യമുണ്ട്. ഇക്കാക്കുവേണ്ടി കുറെകാലമായിട്ട് ഒരുത്തി കട്ടവെയ്റ്റിങ്ങാണ്” കുഞ്ഞോള് കൂടുതലൊന്നും പറയാതെ റൂമിൽനിനും ഇറങ്ങിയോടി. ഇനിയും നിന്നാൽ മിക്കവാറും കുറെ വർഷങ്ങളിലായി മുടങ്ങിക്കിടക്കുന്ന സ്ഥിരമായി കിട്ടാറുള്ള ഇടി ഇന്നുകിട്ടുമെന്ന് അവൾക്കുതോന്നി.

മിനിറ്റുകൾ വളരെ വേഗത്തോൽ കടന്നുപോയി.
റാഷിയും അവന്റെ ഉപ്പയും അബ്‌ദുക്കയുടെ വീട്ടിലെത്തി. കുഞ്ഞോൾക്ക് കൂട്ടിന് കാലത്തുതൊട്ടേ ജുമി അവളുടെ കൂടെയുണ്ട്.

അക്കുവും അബ്‌ദുക്കയും ഒരു സോഫയിലും അവർക്കുമുന്നിൽ മറ്റൊരു സോഫയിൽ റാഷിയും അവന്റെ ഉപ്പ ബഷീർക്കയും ഇരിപ്പുറപ്പിച്ചു.

“അപ്പൊ എങ്ങനെയാ ബഷീറേ കാര്യങ്ങൾ” അബ്‌ദുക്ക ചോദിച്ചു.

“എല്ലാവർക്കും സമ്മതമാണെങ്കിൽ ഈ ഞായറാഴ്ച ഇവരുടെ നിശ്ചയം നടത്താം അബ്ദു. തിങ്കളാഴ്ച റാഷി ജോലിക്കുപോകും. അക്ബറും പോകുമെന്നാണ് അറിഞ്ഞത്. അതുകൊണ്ട് വെച്ചുനീട്ടണോ”

ബഷീർക്ക അങ്ങനെ പറഞ്ഞപ്പോൾ അബ്‌ദുക്ക അക്കുവിനെ നോക്കി.

“ആ ഉപ്പാ അതാണ് നല്ലത്” അക്കു അഭിപ്രായം പറഞ്ഞു.

“എങ്കിൽ അങ്ങനെയാവട്ടെ. മറ്റന്നാൾ നമുക്ക് നിശ്ചയം നടത്താം. കല്യാണം പെട്ടെന്ന് വേണമെന്ന് പറയരുത് ബഷീറേ”

“ഇല്ല അബ്‌ദു. ഞങ്ങൾക്ക് പൊന്നായിട്ടോ പണമായിട്ടോ ഒന്നുംവേണ്ട. എന്റെ റാഷിക്ക് നിന്റെ കുഞ്ഞോളെ മാത്രംമതി”

“എന്നാലും ഒരു പെൺകുട്ടിയുടെ കല്യാണം എന്നൊക്കെപറഞ്ഞാൽ നല്ല ചിലവുള്ള കാര്യമല്ലേ ബഷീറേ. എന്റെകയ്യിൽ ആകെയുള്ളത് ഈ വീടും സ്ഥലവുമാണ്. അതിന്റെ ആധാരം ബാങ്കിലും”
ഞെട്ടലോടെയാണ് അക്കു അബ്‌ദുക്കയുടെ വാക്കുകൾ കേട്ടത്.

“അപ്പൊ ഞങ്ങൾ ഇറങ്ങുകയാണ് അബ്ദു. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് മറ്റന്നാൾ സംസാരിക്കാം” ബഷീർക്കയും റാഷിയും ഇറങ്ങാനൊരുങ്ങി.

“ശെരി. ബാക്കി നമുക്ക് അന്ന് തീരുമാനിക്കാം”

റാഷി പുറത്തേക്കിറങ്ങാൻ ഒരുങ്ങിയതും കുഞ്ഞോള് കോണിപ്പടികൾ കയറി വീടിന്റെ മുകളിലേക്കെത്തി.

വീടിനുമുകളിൽ നിറപുഞ്ചിരിയോടെ സന്തോഷത്തോടെ നിൽക്കുന്ന കുഞ്ഞോളെ താഴെനിന്ന് റാഷി കണ്ടു.

“വിളിക്കാം” എന്ന് ആംഗ്യംകാണിച്ച് റാഷി അവന്റെ കാറിലേക്ക് കയറുമ്പോൾ ഒന്ന് കൈവീശി അവളോട് യാത്രപറഞ്ഞു.

കുഞ്ഞോള് തലകുലുക്കി തിരികെ കൈവീശികാണിച്ചു.

“ദേ കുഞ്ഞോളെ നീ റാഷിക്കാനെ നോക്കിനിൽകുകയാണോ. അവിടെ താഴെ അക്കുക്കയും ഉപ്പയും വാക്കുതർക്കത്തിലാ” മുകളിലേക്കെത്തിയ ജുമി കുഞ്ഞോളോട് പറഞ്ഞതും

“എന്തിന്…” എന്നൊരു ചോദ്യവുമായി ജുമി താഴേക്കോടിയെത്തി.

“വീടിന്റെ ആധാരം എന്തിനുവേണ്ടിയാ ഉപ്പ പണയംവെച്ചത്. അതെനിക്കറിയണം” അക്കു ഉപ്പയോട് ചോദിക്കുന്നത് കുഞ്ഞോള് കേട്ടു. കുഞ്ഞോളുടെ പുറകിലായി ജുമിയും അവരുടെ മുന്നിലായി അയിഷാത്തയും നിൽപ്പുണ്ടായിരുന്നു.

“മോനെ അക്കൂ… ഷറഫുന്റെ മോളെ കല്യാണത്തിന് ഉപ്പ അവരെയൊന്ന് സഹായിച്ചു”

“കയ്യിലുള്ളത് എടുത്തുകൊടുത്ത് സഹായിക്കാമായിരുന്നു. ഇനി ഇല്ലാത്ത സമയമായിരുന്നു എങ്കിൽ ഇല്ലാന്നുതന്നെ പറയാമായിരുന്നു. ഇരിക്കുന്ന വീട് പണയംവെച്ച് അവരെ സഹായിക്കാന്മാത്രം നല്ലപ്രവർത്തികളാണോ അവർ ഉപ്പയോട് ചെയ്തത്. അല്ലല്ലോ… പിന്നെന്തിന് ഉപ്പ കടക്കാരനായി”
അക്കു ദേഷ്യത്തിലാണ് അത് പറഞ്ഞത്.

“എനിക്ക് ഏഴുവയസ്സുള്ളപ്പോൾ ആ തറവാട് വീട്ടിൽനിന്നും ഉപ്പയെ ഇറക്കിവിട്ടത് ഉപ്പ മറന്നോ.
ഒന്നും പെറുക്കിയെടുക്കാൻപോലും നിൽക്കാതെ ഉമ്മയുടെ കൈപിടിച്ച് ഈ നാട്ടിലേക്ക് വണ്ടികേറിയത് ഉപ്പ മറന്നുപോയോ.
പ്രവാസിയായിരുന്ന ഉപ്പയുടെ പാസ്പോർട്ട്‌ ഇപ്പൊപറഞ്ഞ ഷറഫു കത്തിച്ചുകളഞ്ഞതും, ഉപ്പ ഇവിടെയൊരു ജോലിക്കുവേണ്ടി അലഞ്ഞതുമൊക്കെ മറന്നോ. കാണുമ്പോഴൊക്കെ കടിച്ചുകീറാൻനിൽകുന്ന ഉപ്പയുടെ പുന്നാരസഹോദരൻ ഷറഫു ഒന്ന് ചിരിച്ചുകാണിച്ചപ്പോൾ ഉപ്പ എല്ലാം മറന്നു. നല്ലതാണ് എല്ലാം മറക്കുന്നത്. പക്ഷെ ഉപ്പാ… ഷഹാനയുടെ കല്യാണത്തിന് ഉപ്പ സഹായിച്ചപോലെ ഉപ്പ മൂത്താപ്പയോട് കുഞ്ഞോളെ കല്യാണത്തിന് തിരിച്ചൊരു സഹായം ചോദിക്ക്. അപ്പോഴറിയാം മൂത്താപ്പ ഷറഫുന്റെ സ്നേഹം”

“തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല ഞാൻ എന്റെ സഹോദരനെ സഹായിച്ചത്. ഷഹാന എനിക്ക് മകളാണ്. ഷറഫു എന്നോട് തെറ്റുചെയ്തു എന്നുവെച്ച് ഞാൻ അവന്റെ മക്കളെ കണ്ടില്ലാന്നുവെക്കാൻ പാടില്ലല്ലോ അക്കു”
അബ്‌ദുക്കയുടെ വാക്കുകൾ ദയനീയമായിരുന്നു.

“ശെരിയാണ് ഉപ്പാ… എന്നാലും വീടുപണയപ്പെടുത്തി അവരെ സഹായിക്കേണ്ടതില്ലായിരുന്നു. അതൊക്കെ പോട്ടെ… കടമെടുത്തത് തിരിച്ചടക്കാൻ ഉപ്പാക്ക് കഴിയുന്നുണ്ടോ…? ഞാനിവിടെ വന്നദിവസം അറിഞ്ഞിരുന്നു ഉപ്പ അസ്സലൊരു കടക്കാരനാണെന്ന്. ആർക്കൊക്കെ എന്തൊക്കെ കൊടുക്കാനുണ്ടോ അതൊക്കെ എത്രയുംപെട്ടെന്ന് കൊടുത്തുതീർക്കണം”

ഒരു ഞെട്ടലോടെ അബ്‌ദുക്ക അക്കൂന്റെ വാക്കുകൾ കേട്ടു. വാതിലിനരികിൽ ഇതൊക്കെ കണ്ടുനിൽകുന്ന ആയിഷാത്തയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അക്കൂ… ഉപ്പാക്ക് സമ്പാദ്യം എന്നുപറയാൻ ഇനിയുള്ളത് നീ മാത്രമാണ്. ആ നീയും എന്നെയിങ്ങനെ…” അബ്‌ദുക്കയുടെ ശബ്ദമിടറി. വാക്കുകൾക്കുവേണ്ടി അബ്‌ദുക്ക പരതി.

കണ്ടുനിന്നവരുടെ മിഴികളൊക്കെയും കാർമേഘം വന്നുമൂടി. ആയിഷാത്തയുടെ മിഴികളിൽ നീർച്ചാൽ രൂപപ്പെട്ടു.

അക്കു ഉപ്പയുടെ അരികിലേക്ക് നടന്ന് ഉപ്പയുടെ കൈപിടിച്ച്
“പറ ആർക്കൊക്കെ എന്തൊക്കെ കൊടുക്കാനുണ്ട്. ഇന്നുതന്നെ നമുക്ക് ബാധ്യതകൾ ഒഴിവാക്കാം” അക്കു പറഞ്ഞതും അബ്‌ദുക്ക അവനെ ചേർത്തുപിടിച്ചു.

ആയിഷാത്ത മിഴികൾ തുടച്ചു.

“ഈ കാലംകൊണ്ട് ഞാൻ സമ്പാദിച്ചതൊന്നും വെറുതെ പോയിട്ടില്ല. ഒന്നുമില്ലാതെയാണ് ഇവിടുന്ന് പോയതെങ്കിലും ഒന്നുമില്ലാതെ മടങ്ങിവരുന്നത് ശെരിയല്ലല്ലോ ഉപ്പാ”

അബ്‌ദുക്ക അക്കുവിൽനിന്ന് അടർന്നുമാറി അവനെ സൂക്ഷിച്ചുനോക്കി.

“എന്തെ ഉപ്പാ ഇങ്ങനെ നോക്കുന്നെ. കൊടുക്കാനുള്ളവർക്ക് ഇന്നുതന്നെ എല്ലാം കൊടുക്കാം” അക്കു റൂമിലേക്ക് നടന്നു.

ചെറിയൊരു ബാഗുമായി ഉപ്പയുടെ മുന്നിൽവന്നുനിന്നു.
“ഉപ്പ അവിടെയിരിക്ക്. എന്നിട്ട് പറ ആർക്കൊക്കെ എന്തൊക്കെയെന്ന്”

മകന്റെ വാക്കുകൾ കേട്ട് അബ്‌ദുക്ക സോഫയിലിരുന്ന് അയിഷാത്തയെ ഒന്ന് നോക്കി.

“പറഞ്ഞോളൂ” എന്ന് ആയിഷാത്ത അവിടെനിന്ന് ആംഗ്യം കാണിച്ചതും
അബ്‌ദുക്ക അക്കൂന്റെ നേരെ തിരിഞ്ഞ്
“ബാങ്കില്നിന്നും ലോൺ എടുത്തതും ഇവിടെ ഒരു പലിശക്കാരനുകൊടുക്കാനുള്ളതും മാത്രമേ ഉപ്പാക്ക് കടമായിട്ടൊള്ളു. വേറെ ആർക്കും ഒന്നും കൊടുക്കാനില്ല” അബ്‌ദുക്ക പറഞ്ഞു.

“എന്നാൽ പറയ് ഉപ്പാ”

അബ്‌ദുക്ക ബാങ്കിൽനിന്നും പലിശക്കാരന്റെ കയ്യിൽനിന്നും കടമെടുത്ത പണത്തിന്റെ കണക്ക് അക്കുവിനുമുന്നിൽ വെളിപ്പെടുത്തി.

മുന്നിലിരിക്കുന്ന ചെറിയ ബാഗിൽനിന്നും അക്കു പണമെടുത്ത് ഉപ്പയുടെ കൈകളിൽ ഏല്പിച്ചു.
“ഇതിനൊന്നും ആരും കണക്ക് ചോദിച്ചുവരില്ല ഉപ്പാ”

“മോനെ ഇത്രയും പണം”

“പേടിക്കണ്ട. ഇവിടുന്ന് പോയ അന്നുമുതൽ ഇന്നുവരെ സമ്പാദിച്ചതാണ് ഇത്. ഇതുകൊണ്ട് എന്റെപോക്കറ്റ്‌ കാലിയായി എന്നൊന്നും കരുതേണ്ട” ഒരു നിറഞ്ഞപുഞ്ചിരിയായിരുന്നു അക്കുവിന്റെ മുഖത്ത്.

“ഇവിടുന്ന് പോയിട്ട് ഒരു നാലഞ്ചുമാസം മാത്രമാണ് ഹെൽപ്പറായി പണിചെയ്തത്. പൊങ്ങച്ചമാണെന്ന് കരുതരുത്. അവിടന്നങ്ങോട്ട് മെയിൻ പണിക്കാരനായിരുന്നു ഞാൻ. ഒരുവർഷത്തോളം കാറിന്റെ ഗ്രീസും പുകയുംകൊണ്ട് പണിയെടുത്തു. ദിവസം നാലക്ക ശമ്പളമുണ്ടായിരുന്നു അന്നെനിക്ക്. ഉണ്ണാനും ഉറങ്ങാനും ചിലവൊന്നുമില്ലായിരുന്നു. എന്നാലും ഇടക്കൊക്കെ ചെറിയ ചെറിയ ചിലവുകൾ. ബാക്കിയുള്ളതൊക്കെയും സ്വരൂപിച്ചു. നൗഷാദ്ക്കയുടെ ചെറിയ വർക്ഷോപ്പ് ഇന്ന് വലിയൊരു ഗേരേജ് ആയിമാറിയത് എന്റെ നിർബന്ധം കാരണമാണ്. വലിയ വണ്ടികളും നോക്കാൻ ഞാനന്നൊരുപാട് നിർബന്ധിച്ചപ്പോൾ മൂപ്പര് എന്നോട് പറയാ വേണമെങ്കിൽ സ്വന്തമായി നോക്കിനടത്തിക്കോ എന്ന്. മൂപ്പർക്ക് കാറിന്റെ പണിയൊക്കെ മതിയെന്ന്. നൗഷാദ്ക്കയുടെ നിർബന്ധം കാരണമാണ് ഞാനവിടെ സ്വന്തമായി തുടക്കംകുറിച്ചത്. ഗേരേജ് വലുതായപ്പോൾ വരുന്ന വണ്ടികളുടെ എണ്ണവും കൂടി. വെച്ചടി കയറ്റമായിരുന്നു ഉപ്പാ. ഇന്നിപ്പോ അൽഹംദുലില്ലാഹ് കാര്യങ്ങളൊക്കെ റാഹത്തിലാണ്”

അക്കൂന്റെ കഥകൾ കേട്ടുകൊണ്ടാണ് ജുമിയുടെ ഉപ്പ മജീദ്ക്കയും ഉമ്മ റസിയാത്തയും എത്തിയത്.

“എന്താടാ അക്കു… നീ പുരാണം പറയുകയാണോ” മജീദ്ക്ക ചോദിച്ചു.

“പുരാണമൊന്നുമല്ല ഇക്കാ… ഞാനിങ്ങനെ അവിടത്തെ വിശേഷങ്ങൾ പറയുകയായിരുന്നു”

മജീദ്ക്ക ഒന്ന് മൂളിക്കൊടുത്തു.
“എന്തായി കുഞ്ഞോളുടെ കാര്യം. ഉറപ്പിച്ചില്ലേ അബ്‌ദു”

“മറ്റന്നാൾ നിശ്ചയം നടത്താനാ ഉദേശിചിരിക്കുന്നത്”

“അതെന്തായാലും നന്നായി. ഞങ്ങളിപ്പോ വന്നത് മറ്റൊരുകാര്യം പറയാനാ” എന്ന് മജീദ്ക്ക പറഞ്ഞതും ജുമിയുടെ കൈവിറക്കാൻ തുടങ്ങി.

“ഇയ്യെന്തിനാ വിറക്കുന്നേ ജുമീ, നിന്റെ വല്ലകുരുത്തക്കേടുമാണോ നിന്റെഉപ്പ പറയാൻ പോകുന്നത്” ജുമിയുടെ വിറയൽകണ്ട കുഞ്ഞോള് പതിയെ ചോദിച്ചു.

“അതേ മോളെ. മിക്കവാറും എന്റെ കുരുത്തക്കേട് തന്നെയാവും, നീ കേട്ടുനോക്ക്” അപ്പോഴും ജുമിയുടെ വിറയൽ മാറിയിട്ടില്ല.

“എന്താടാ മജീദെ. പേടിക്കേണ്ട കാര്യംവല്ലതുമാണോ” അബ്‌ദുക്ക സംശയത്തോടെ ചോദിച്ചു.

“പേടിക്കേണ്ടതല്ല, ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമാണ്”

“നീ വളച്ചുകെട്ടാതെ കാര്യം പറ മജീദെ”

“ഈ കുഞ്ഞോളും ജുമിയും ഒരേ പ്രായക്കാരല്ലേ, കുഞ്ഞോൾക്ക് കല്യാണം ആവുമ്പോ ജുമിക്കും കല്യാണം വേണ്ടേ അബ്ദു”

“വേണമല്ലോ… എന്താ വല്ല ആലോചനയും വന്നോ ജുമിക്ക്”

“ആലോചന വന്നതല്ല. എന്റെമോള് കണ്ടുപിടിച്ചതാ”

“ആണോ… എങ്കിൽ ശെരിക്കും ആലോജിച്ചിട്ടുമതി തീരുമാനം” അബ്‌ദുക്ക ജുമിയെ നോക്കിയതും അവൾ കുഞ്ഞോളുടെ പുറകിലൊളിച്ചു.

“ഇന്നലെ കുഞ്ഞോൾടെ കാര്യം ഞങ്ങൾ സംസാരിച്ചപ്പോൾ ജുമിക്കും കല്യാണം നോക്കണമെന്ന് വെറുതെയൊന്ന് പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി ജുമി എണീറ്റുപ്പോയി. കഴിക്കാൻ വിളിച്ചിട്ട് വന്നില്ല. അപ്പൊ റസിയ ചെന്ന് കാര്യം ചോദിച്ചപ്പോൾ നമ്മുടെ ജുമി ഉമ്മാക്കുമുന്നിൽ മനസ്സുതുറന്നു. റസിയ അത് എന്നോടുവന്നുപറഞ്ഞപ്പോൾ എന്തോ സന്തോഷമാണ് തോന്നിയത്. ജുമി ഇഷ്ടപ്പെട്ട ചെക്കനും അവന്റെ കുടുംബത്തെയും ഞങ്ങൾക്ക് നന്നായിട്ടറിയാം. ആ കുടുംബത്തിലേക്ക് എന്റെ മോളെ പറഞ്ഞുവിടുന്നതിൽ സന്തോഷം മാത്രമേയുള്ളു”

“മജീദെ നീയിത് ആകുടുംബം ഈകുടുംബം എന്നുപറയാതെ ഏതാണാ കുടുംബമെന്ന് ഒന്ന് പറയുന്നുണ്ടോ. വെറുതെ മനുഷ്യനെ പ്രാന്താക്കാൻ”

“എന്റെ മോള് ആഗ്രഹിച്ചത് അർഹിക്കുന്നതാണോ എന്നൊന്നും അറിയില്ല. എന്നിരുന്നാലും അവളെപോലെ ഞങ്ങളും അത് ആഗ്രഹിക്കുന്നുണ്ട്”

“മജീദ്ക്കാ… വലിച്ചുനീട്ടാതെ നിങ്ങൾ കാര്യംപറ. ഇത് കഴിഞ്ഞിട്ടുവേണം ജുമുഅക്ക് പള്ളിയിൽപോകാൻ” അക്കു ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“അക്കൂ… ജുമിയുടെ ഇഷ്ട്ടം തെറ്റാണെങ്കിൽ ക്ഷമിക്കേണ്ടത് നീയാണ്” മജീദ്ക്ക അക്കുവിനുനേരെ തിരിഞ്ഞു.

“ഞാനോ…? എന്തിന്…?” അക്കു സംശയത്തിലായി.

ഉപ്പ പറയാൻപോകുന്ന വാക്കുകൾ അറിയാവുന്നതുകൊണ്ട് ജുമി കുഞ്ഞോളുടെ മറവിൽനിന്ന് അക്കുവിന്റെ ഭാവമറിയാൻ അവനെ ഉറ്റുനോക്കികൊണ്ടുനിന്നു.

“അതേ അക്കു… ജുമി ആഗ്രഹിച്ചത് നിന്നെയാണ്…”

പാഞ്ഞുവന്ന അസ്ത്രംപോലെ ജുമിയുടെ ഉപ്പയുടെ ആവാക്കുകൾ അക്കൂന്റെ നെഞ്ചിൽ തറച്ചു.

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply