മനമറിയാതെ – Part 17

2755 Views

manamariyathe-novel

മനമറിയാതെ…

Part: 17

✍️ F_B_L

[തുടരുന്നു…]

അക്കുവിനെ എങ്ങനെയെങ്കിലും വീട്ടിൽനിന്നും പുറത്താക്കുക എന്നതായിരുന്നു സനയുടെ അടുത്ത ലക്ഷ്യം.
ഓരോവഴികൾ മാറിമാറി ശ്രമിച്ചെങ്കിലും ഒന്നും നടപടിയായില്ല. അതുകൊണ്ടുതന്നെ പുതിയൊരു അടവുപ്രയോഗിക്കാൻ സന തീരുമാനിച്ചു.

ഞായറാഴ്ച ലീവായതുകൊണ്ട് അക്കു അവന്റെ നാട്ടിലേക്ക് പോയി.
നൗഷാദ്ക്ക കാലത്തെ ഭക്ഷണമൊക്കെ കഴിച്ച് ടീവിയുടെ മുന്നിലിരിക്കുമ്പോഴാണ് സന അദ്ദേഹത്തിന്റെ അരിൽവന്നിരുന്നത്.

“ഉപ്പാ… എനിക്കൊരു കാര്യംപറയാനുണ്ട്” സന നൗഷാദ്ക്കയുടെ കൈപിടിച്ചു.

“എന്താമോളെ… എന്താ കാര്യം”

“അക്കുക്ക ആളാകെമാറിപ്പോയി. ഇവിടുന്ന് പോകുന്നതിനുമുമ്പുണ്ടായിരുന്ന ഇക്കയല്ല തിരിച്ചുവന്നപ്പോൾ” സന പറഞ്ഞ് ഉപ്പയെ ഇടങ്കണ്ണിട്ടൊന്നുനോക്കി.

“ശെരിയാണ്… അക്കു മാറിപ്പോയി. അതൊരുപക്ഷെ അവന്റെ ഉപ്പയെയും ഉമ്മയെയും തിരികെകിട്ടിയതുകൊണ്ടായിരിക്കും” എന്ന് ടീവിയിൽ നോക്കിക്കൊണ്ടുതന്നെ നൗഷാദ്ക്ക സനയോട് പറഞ്ഞു.

“ഞാനുദ്ദേശിച്ചത് ആ മാറ്റമല്ല ഉപ്പാ… ഇക്കയുടെ നോട്ടവും പെരുമാറ്റവുമൊക്കെ കാണുമ്പോൾ എനിക്കെന്തോ പേടിതോന്നുന്നു. ഇന്നലെ ഇക്ക പോകാൻനേരം കോണിപ്പടിയിൽ നിന്ന് മാറാതെ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു”

നൗഷാദ്ക റിമോട്ട്കയ്യിലെടുത്ത് ടീവി ഓഫാക്കി സനയുടെ നേരെ തിരിഞ്ഞു.

“സത്യമാണുപ്പാ… ഒരുകാര്യവുമില്ലാതെ എന്നെ തൊടുന്നു, അതൊക്കെ കാണുമ്പോൾ എനിക്കെന്തോ പേടിയാവുന്നു”
സന സങ്കടത്തോടെ പറഞ്ഞു.

പക്ഷെ…
“എന്നുതുടങ്ങി നിനക്ക് അവനൊന്ന് നിന്നെ തൊടുമ്പോഴേക്കുമുള്ള പേടി. വെറുതെ ഇരിക്കുന്ന അവനെ നീ ഓരോന്നും ചെയ്യുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അക്കൂന്റെകൂടെ ബുള്ളറ്റിൽ ഞെളിഞ്ഞിരുന്ന് കറങ്ങാൻപോകുമ്പോ ഇല്ലാത്ത പേടി ഇത്രപെട്ടെന്ന് എവിടെന്നാ സനാ വന്നത്”
നൗഷാദ്ക്കയുടെ ചോദ്യത്തിനുമുന്നിൽ സനയൊന്ന് പതറി.

“അക്കുവിനോട് നിനക്കെന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അതുപറ. അല്ലാതെ അവനില്ലാത്ത നേരത്ത് അവനെപ്പറ്റി ഇങ്ങനെയൊന്നും പറയരുത്” എന്ന് പറഞ്ഞ് നൗഷാദ്ക്ക സനയോട് ദേഷ്യപ്പെട്ടു.

“അല്ലങ്കിലും നിങ്ങക്കൊക്കെ ഇഷ്ടം ആ ഡ്യൂപ്ലിക്കേറ്റ് മകനെതന്നെയാണ്. അതെനിക്കറിയാം” സനയും കലിപ്പ് ഒട്ടുംകുറക്കാതെ നൗഷാദ്ക്കയുടെ മുന്നിനിന്നും എഴുനേറ്റുപോയി.

ആ അടവും പാളിപ്പോയി എന്ന് മനസ്സിലാക്കിയ സന ഫോണെടുത്ത് അവളുടെ ചെക്കനെ വിളിച്ചു.

____________________________

“അക്കു നീയിത് എങ്ങോട്ടാ. ഒരു ദിവസമാണ് ഒന്ന് കാണാൻകിട്ടുന്നത്. അത് ഇങ്ങനെ കൂട്ടുകാർക്കൊപ്പം ചിലവഴിച്ച് നടന്നോളും” പുറത്തേക്ക് പോകാനൊരുങ്ങിയ അക്കുവിനോട് അബ്‌ദുക്ക പറഞ്ഞു.

“ഉപ്പാ ഞാനിപ്പോവരാം. റാഷി ഒരു വർക്ഷോപ്പിന്റെ കാര്യം പറഞ്ഞിരുന്നു. അതൊന്ന് നോക്കണം പോയിട്ട്”
അക്കു ബുള്ളറ്റിൽ കയറി.

“എവിടെയാ ഇവിടെ അടുത്തെങ്ങാണുമാണോ” സംശയത്തോടെ അബ്‌ദുക്ക ചോദിച്ചു.

“ആ ഉപ്പാ. അങ്ങാടിയിലാണ്. പോയിനോക്കട്ടെ സൗകര്യമുള്ള സ്ഥലമാണെങ്കിൽ അത് നോക്കണം”
അക്കു വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങി.

“ആയിഷാ നീയറിഞ്ഞോ അക്കു ഇവിടെ തുടരാനുള്ള ഒരുക്കംത്തുടങ്ങിക്കഴിഞ്ഞു” അബ്‌ദുക്ക അടുക്കളയിലെത്തി അയിഷാതയോട് ആ സന്തോഷവാർത്ത പറഞ്ഞു.

“നേരാണോ നിങ്ങളീ പറയുന്നത്” ആയിഷാത്തയുടെ കണ്ണിലെ തിളക്കം അബ്‌ദുക്കക്ക് കാണാമായിരുന്നു.

“അതേ അയിഷാ… റാഷി പറഞ്ഞ് ഏതോ പൂട്ടിക്കിടക്കുന്ന വർക്ഷോപ്പ് നോക്കാൻപോയിരിക്കുകയാ അക്കു. സൗകര്യമുണ്ടെങ്കിൽ അവിടെ അക്കൂന്റെ വർക്ഷോപ്പാവും ഇനി”

“എന്താണ് രണ്ടാളും നല്ല സന്തോഷത്തിലാണല്ലോ. എന്താ കാര്യം” അവർക്കിടയിലേക്ക് കുഞ്ഞോളും വന്നു.

അബ്‌ദുക്ക കുഞ്ഞോളോട് കാര്യങ്ങളൊക്കെ പറഞ്ഞതും കുഞ്ഞോളുടെ കണ്ണുകളും തിളങ്ങി.

_______________________________

റാഷി പറഞ്ഞതനുസരിച്ച് പൂട്ടിക്കിടന്ന വർക്ഷോപ്പിന്റെമുന്നിലായി റാഷിയെയും കാത്തുനിന്നപ്പോഴാണ് ആക്കുവിന്റെ ഫോണിലേക്ക് ജുമിയുടെ കോളെത്തിയത്.
“നല്ല ആളാണ്. എന്നെ മറന്നുവല്ലേ ഇക്ക. ഇന്നലെരാത്രി വന്നിട്ട് എന്നെയൊന്ന് വിളിച്ചില്ലല്ലോ നിങ്ങൾ. ഞാൻ പിണക്കമാണ് നിങ്ങളോട്” ജുമിയുടെ പരാതിയെത്തി.

“എന്റെ ജുമീ… ഇന്നലെ പാതിരാക്കാണ് വീട്ടിലെത്തിയത്. ഇന്നാണെൽ എഴുനെല്കുവാനും വൈകി. അതാണ് വിളിക്കാതിരുന്നത്”
അക്കു സ്നേഹത്തോടെ അവളോട് പറഞ്ഞു.

“എന്നിട്ടിപ്പോ വീട്ടിലാണോ. എനിക്ക് നിങ്ങളെ കാണാൻ തോന്നുന്നു”

“അല്ല പെണ്ണെ… ഞാൻ അങ്ങാടിയിലാ. ഒരു സ്ഥലംനോക്കുവാൻ വന്നതാ”

“റബ്ബേ… നിങ്ങളപ്പോ വേറെവീടുവെക്കാൻ പോവുകയാണോ…?”

“അല്ല മണ്ടൂസേ, ഇനിയുള്ള കാലം നാട്ടിൽനിന്നാലോ എന്നാണ് ആലോചിക്കുന്നത്. ഇവിടെ പൂട്ടിക്കിടക്കുന്ന ഒരു വർക്ഷോപ്പുണ്ട്, അത് വാടകക്ക് കിട്ടുമോ എന്നറിയാൻ വന്നതാണ്”

“സത്യമാണോ ഇക്കാ നിങ്ങളീപറയുന്നത്”

“അതേ പെണ്ണെ” അപ്പോഴേക്കും റാഷിയുടെ കാറുവന്ന് അക്കുവിന്റെ അടുത്തായിനിന്നു.

“ജുമീ ഞാൻ പിന്നെവിളിക്കാം. നീയിപ്പോ ഫോൺവക്ക്” അക്കു പറഞ്ഞതും

“ശെരി ഇക്കാ… ഫ്രീയാകുമ്പോൾ വിളിക്ക്” എന്നുപറഞ്ഞ് ജുമി ഫോണെവെച്ചു.

“അക്കൂ നീയിത്രപെട്ടെന്ന് നാട്ടിൽകൂടുമെന്ന് ഞാൻ വിചാരിച്ചതല്ല” കാറിൽനിന്നിറങ്ങിവന്ന് റാഷി പറഞ്ഞു.

“എന്തുചെയ്യാനാ മച്ചാനെ. അവസ്ഥ അതാണ്”

“എന്താടാ അക്കു, അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ…?”

“ഏയ്‌ അവിടെ കുഴപ്പമൊന്നുമില്ല. ഇനിയുള്ളകാലം നാട്ടിൽത്തന്നെ നിൽക്കാമെന്നുകരുതി. മാത്രമല്ല ജുമിയുടെ കോളേജിലെ പ്രശ്നം നിനക്കറിയാലോ. ആ ബാസിത് വലിയൊരു ശല്യമായി മാറിയിരിക്കുകയാണ് അവൾക്ക്. ഞാനിവിടെ ഉണ്ടെങ്കിൽ അവൾക്കും ഒരു ധൈര്യമാണെന്നാ പറയുന്നത്”

“അപ്പൊ അതാണ് കാര്യം. കെട്ടാൻപോകുന്നവളെ സംരക്ഷിക്കാനാണെങ്കിൽ കോളേജിനാടുത്ത് ഏതെങ്കിലും സ്ഥലം നോക്കിയാലോ നമുക്ക്”
കളിയാക്കികൊണ്ട് റാഷി ചോദിച്ചു.

“പോടാ നാറി. തമാശ പറഞ്ഞതല്ല മച്ചാനെ, ബാസിത് ഇന്നലെ ജുമിയുടെ കയ്യിൽകയറിപിടിച്ചു. കുഞ്ഞോള് അങ്ങനെയുള്ള കാര്യങ്ങളൊന്നും എന്നോട് പറയില്ല”

“നിന്നെ കുഞ്ഞോൾക്ക് അറിയാവുന്നതുകൊണ്ടാണ് അക്കൂ അവൾ നിന്നോട് ഒന്നും പറയാത്തത്. അവൾക്കറിയാം ഇതൊക്കെ നീയറിയുമ്പോൾ നീയെങ്ങനെയാണ് പ്രതികരിക്കുക എന്ന്. കുഞ്ഞോളെ കുറ്റംപറയാൻ പറ്റില്ല. മൂക്കിന്റെ തുമ്പത്തല്ലേ നിനക്ക് ദേഷ്യം”

“ശെരിയാണ് നീ പറഞ്ഞത്. എന്നാലും ജുമിക്ക് ഒരുപ്രശ്നംവന്നാൽ ഞാനല്ലാതെ പിന്നെ ആരാ അവളെ സംരക്ഷിക്കുക. അവളുടെ ഉപ്പാക്ക് ബാസിതിനെ എതിർക്കാനുള്ള കരുത്തില്ലല്ലോ റാഷി”

“ഇത് കഴിഞ്ഞിട്ട് നമുക്ക് ആ ബാസിതിനെ ഒന്നുപോയി കാണാം, കയ്യൂക്ക് കാണിക്കാതെ മാന്യമായി നമുക്ക് അവനോട് കാര്യങ്ങൾപറയാം”

“അതൊക്കെ വെറുതെയാടാ റാഷി. രണ്ടെണ്ണം കിട്ടിയാൽ പഠിക്കുന്നവനായിരുന്നെങ്കിൽ ബാസിത് നന്നാവേണ്ട സമയം കഴിഞ്ഞു. ആ ബാസിത്തിന് വാക്കുകൾ കൂട്ടിവെച്ച് ഉപദേശിക്കാൻ നിന്നാൽ കാര്യമുണ്ടാകുമെന്ന് എനിക്കുതോന്നുന്നില്ല” എന്ന് അക്കു മറുപടിപറഞ്ഞു.

“എടാ നീ അതിപ്പോവിട്, ആ വരുന്നതാണ് മൊയ്‌ദുഹാജി. മൂപ്പരുടേതാണ് ഈ സ്ഥലം” ഇത്തിരിദൂരേനിന്ന് നടന്നുവരുന്ന പ്രായംചെന്ന ഒരു മനുഷ്യനെ ചൂണ്ടിക്കാണിച്ച് റാഷിപറഞ്ഞു.

മൊയ്‌ദുഹാജി അടുത്തെത്തിയതും
“അസ്സലാമുഅലൈക്കും മൊയ്‌ദുക്കാ… ഇതാണ് ഞാൻ പറഞ്ഞ അക്ബർ” അക്കുവിനെ റാഷി അയാൾക്ക് പരിചയപ്പെടുത്തി.

അയാൾ സലാംമടക്കി ഒന്ന്മൂളി.
“ഒന്നരവർഷമായിട്ട് ഇത് പൂട്ടിക്കിടക്കുകയാണ്, മുൻപ് ഇവിടെ ഉണ്ടായിരുന്നവർ വാടക കൃത്യമായി തരാത്തതുകൊണ്ടാണ് അവർ ഇവിടംവിട്ട് പോയത്. അതുകൊണ്ട് ആദ്യമേ ഞാൻ പറയാം, വാടക മുടക്കംവരുത്തിയാൽ മക്കളെ ഞാൻവന്ന് ഗേറ്റ്പൂട്ടും. പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല”

കുറച്ചുനേരം രണ്ടുകൂട്ടരും ചർച്ചചെയ്ത് എഗ്രിമെന്റ് ഒപ്പുവെച്ചു.

അക്കൂന്റെയും റാഷിയുടെയും സൗഹൃദസമ്പാഷണവും കഴിഞ്ഞ് രണ്ടുപേരും രണ്ടുവഴിക്ക് തിരിഞ്ഞു.

എല്ലാകഴിഞ്ഞ് അക്കു തിരികേവീട്ടിലേക്ക് മടങ്ങുമ്പോൾ സൂര്യൻ തലക്കുമുകളിൽ കത്തിനിൽക്കുന്നുണ്ടായിരുന്നു.

“എന്തായി മോനെ പോയിട്ട്” വീട്ടിലെത്തിയ അക്കുവിനോട് അബ്‌ദുക്ക അക്ഷമനായി ചോദിച്ചു.

“അതൊക്കെ പറയാം… നിങ്ങളൊക്കെ കഴിച്ചോ എനിക്ക് വിശക്കുന്നു” എന്നുപറഞ്ഞ് അക്കു റൂമിലേക്ക് കയറിപ്പോയി.

മിനിറ്റുകൾക്കൊടുവിൽ ടേബിളിന് ചുറ്റുമിരുന്ന് അയിഷാത്തയുടെ സ്പെഷ്യൽ ബിരിയാണി കഴിച്ചുകൊണ്ടിരിക്കെ അബ്‌ദുക്ക ആചോദ്യം വീണ്ടുമാവർത്തിച്ചു.

“അഡ്വാൻസ് കൊടുത്തു. അവിടമാകെ കാടുപിടിച്ചുകിടക്കുകയാണ്, അതൊക്കെ രണ്ടാഴ്ച്ചക്കുള്ളിൽ ശെരിയാക്കിത്തരാമെന്നുപറഞ്ഞിട്ടുണ്ട് ഓണർ. അതൊക്കെ കഴിഞ്ഞാൽ ഇൻശാ അല്ലാഹ്… പിന്നെ ഞാൻ ഇവിടെയുണ്ടാകും” അക്കു പറഞ്ഞു.

കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരിവിടർന്നു.

കഴിപ്പൊക്കെ കഴിഞ്ഞ് അക്കു ഉമ്മറത്തിരുന്ന് മൊബൈലിൽ കുത്തിക്കുറിക്കുമ്പോൾ കുഞ്ഞോള്
“ഇക്കാ ഞാനിപ്പോ വരാട്ടോ” എന്നുപറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിപ്പോയി.

ആ പോക്കുകണ്ടാലേ അറിയാം കുഞ്ഞോള് പോകുന്നത് ജുമിയുടെ അടുത്തേക്കാണെന്ന്.
അക്കു വീട്ടിലുള്ള ദിവസങ്ങളിൽ കൂട്ടുകൂടാൻ അവർ ഒരുമിക്കുന്നത് ജുമിയുടെ വീട്ടിലാണ്.

അന്നത്തെ ബാക്കിയുള്ള പകലും അവശേഷിക്കുന്ന രാത്രിയും പുറത്തൊന്നുംപോകാതെ അക്കു വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി.
രാത്രിയിൽ ഏറെനേരം ജുമിയുമായി ഫോണിലൂടെ സംസാരിച്ച് എപ്പോഴോ ഉറങ്ങിപ്പോയി.

വെളുപ്പിന് ആയിഷാത്തയുടെ വിളികേട്ട് അക്കു ഉണർന്നു.
കുളിച്ചു റെഡിയായി അക്കു ബാകുമെടുത്ത് പോകാനൊരുങ്ങി.

“മോനെ അക്കു, നൗഷാദ്ക്കയോട് നല്ലപോലെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുവേണം അവിടെന്നിനി തിരികെ പോരുവാൻ” അബ്‌ദുക്ക മകനെ ഓർമിപ്പിച്ചു.

ബുള്ളറ്റുമായി അക്കു യാത്രതുടർന്നു.

രണ്ട് രണ്ടര മണിക്കൂർ യാത്രക്കൊടുവിൽ അക്കു നൗഷാദ്ക്കയുടെ മുന്നിലെത്തിച്ചേർന്നു.

തുറന്നുകിടന്ന വാതിലിലൂടെ അക്കു വീടിനകത്തുകയറി.
ഹാളിൽ കസേരയിൽ നിരാശനായി എന്തോ ചിന്തിച്ചിരിക്കുന്ന നൗഷാദ്ക്കയെ കണ്ടതും അക്കു അയാൾക്കരികിലായി ചെന്നിരുന്നു.

“എന്തുപറ്റി, എന്താണ് മുഖത്തൊരു സങ്കടം” അക്കു ചോദിച്ചു.

“ആ അക്കു നീയെത്തിയോ…” അക്കുവിനെ കണ്ട നൗഷാദ്ക്ക ചിന്തയിൽനിന്ന് ഉണർന്നുകൊണ്ട് ചോദിച്ചു.

“ഞാനെത്തി. ഇനി പറ, എന്താ പ്രശ്നം” അക്കു വീണ്ടും ചോദിച്ചു.

“ഇല്ലടാ ഒന്നുല്ല” അയാൾ അക്കുവിൽനിന്ന് മുഖംതിരിച്ചു.

“അങ്ങനെ പറഞ്ഞാൽ ശെരിയാവില്ലല്ലോ ഇക്കാ, വർഷം കുറച്ചായില്ലേ ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളെന്താണ് കാര്യമെന്നുവെച്ചാൽ പറ” അക്കു വീണ്ടും വീണ്ടും ആ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.

അക്കുവിൽനിന്നും ഈ നിരാശക്കുള്ള കാരണം മറച്ചുവെക്കാൻ നൗഷാദ്ക്കക്ക് തോന്നിയില്ല.
“മോനെ അക്കു… സന” അയാളുടെ വാക്കുകൾ മുറിഞ്ഞുപോയി.

അക്കു ഒന്ന് ചുറ്റുംനോക്കി.
“സനക്ക് എന്തുപറ്റി” അക്കു പേടിയോടെ ചോദിച്ചു.

“ഇല്ലാ അവൾക്കൊന്നും പറ്റിയിട്ടില്ല”

“പിന്നെ”

“എന്റെ മകൾക്കുവേണ്ടി കണ്ടുപിടിച്ച ചെറുപ്പക്കാരൻ സനയുമായുള്ള വിവാഹത്തിൽനിന്നും പിന്മാറി”

ഒരു ഞെട്ടലോടെയാണ് അക്കു അത് കേട്ടത്.
എന്തുപറയണമെന്നറിയാതെ അക്കു ആ പിതാവിനുമുന്നിൽ മൗനംപാലിച്ചു.

“എല്ലാം പറഞ്ഞുറപ്പിച്ച് ഈ അവസാനനിമിഷം അവനെന്തിനാണ് ഈ വിവാഹത്തിന് ഇഷ്ടമല്ല എന്നുപറഞ്ഞതെന്ന് എനിക്കറിയില്ല. ഇന്നലെ രാത്രി ഒരു എട്ടുമണി ആയിക്കാണും ആ സമയത്താണ് ബിലാൽ എനിക്ക് വിളിച്ചത്. ഒറ്റവാക്കിൽ ഈ കല്യാണത്തിൽനിന്നും അവൻ പിന്മാറുന്നു എന്നുമാത്രംപറഞ്ഞ് ബിലാൽ ഫോൺവെച്ചു. എനിക്ക് ആകെയുള്ള മകളാണ് സന. ആഗ്രഹിച്ചത് നേടിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും അവൾപറയാറുണ്ടായിരുന്നു എന്റെ സെലക്ഷൻ തെറ്റിയില്ല എന്ന്. എന്നിട്ടും…”
നൗഷാദ്ക്കയുടെ ശബ്ദമിടറി.

“അങ്ങനെ ഒഴിവാക്കാനാണെങ്കിൽ അതിന് എന്തെങ്കിലും കാരണംവേണ്ടേ. ചോദിച്ചില്ലേ അവനോട്” നിരാശയോടെ മകളുടെ വിധിയോർത്ത് വിതുമ്പുന്ന ആ ഉപ്പയോട് അക്കു ചോദിച്ചു.

“ഇല്ലാ… ഞാനൊന്നും ചോദിച്ചില്ല, എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല”

അതുകേട്ടതും
“സനാ…” അക്കു ഉറക്കെവിളിച്ചു.

ആക്കുവിന്റെ വിളികേട്ട് റൂമിൽനിന്ന് സനയും അടുക്കളയിൽനിന്ന് ഫാത്തിമതാത്തയും ഹാളിലെത്തി.

ഫാത്തിമതാത്തയെ കണ്ടതും
“താത്താ ഞാൻ ഇപ്പോഴാ കാര്യങ്ങളൊക്കെ അറിഞ്ഞത്. എന്തെങ്കിലും തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും ബിലാൽ അങ്ങനെ പറഞ്ഞത്. നിങ്ങൾ അതോർത്ത് വിഷനിക്കൊന്നും വേണ്ട. എന്തുപ്രശ്നമാണെങ്കിലും നമുക്ക്കത് പറഞ്ഞുതീർക്കാം. ബിലാലിനോട് ഞാൻ സംസാരിക്കാം” താത്തയോട് ബിലാൽ പറഞ്ഞു എങ്കിലും നിറമിഴികളോടെ മൗനംപാലിച്ചുനിൽക്കാനെ ഫാത്തിമതാത്താക്ക് കഴിഞ്ഞൊള്ളൂ.

ഈ സമയം നൗഷാദ്ക്കയുടെ പുറകിലായി നിൽക്കുകയായിരുന്നു സന.
അക്കു അവളുടെ അടുത്തേക്ക് നടന്നു.

“എന്താ സനാ… എന്താ ബിലാലിന്റെ മനസ്സുമാറാൻ കാരണം…?” അക്കു സനയോട് ചോദിച്ചു.

അവളും മൗനം പാലിച്ചപ്പോൾ അക്കു ദേഷ്യപ്പെട്ടു.

“നിങ്ങളാണ് പ്രശ്നം…” സന അക്കുവിനുനേരെ കൈചൂണ്ടി അങ്ങനെ പറഞ്ഞതും

“മോളെ… ഞാൻ… ഞാനെന്തുചെയ്തിട്ടാ…” അക്കുവിന്റെ തൊണ്ടവരണ്ടു. വാക്കുകൾ ആ വിളർച്ചയിൽ വീണ് ആത്മഹത്യചെയ്തു.

ആക്കുവിന്റെ ആ അവസ്ഥ മനസ്സിലായിട്ടും ഒന്നുംമിണ്ടാത്തെ നൗഷാദ്ക്കയും ഫാത്തിമതാത്തയും നിസ്സഹായരായി നോക്കിനിന്നു.

“ശെരിയാണ് നിങ്ങളൊന്നും ചെയ്തില്ലായിരിക്കും. എന്നാലും പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുള്ളവീട്ടിൽ സുഖമായി അന്തിയുറങ്ങുമ്പോൾ ആലോചിക്കണമായിരുന്നു ഇങ്ങനെ ഒരു പ്രശ്നത്തെപ്പറ്റി”

സന അങ്ങനെപറയുമെന്ന് ഫാത്തിമതാത്തയും നൗഷാദ്ക്കയും സ്വപ്നത്തിൽപോലും കരുതിയതല്ല.

“മോളെ സനാ… ഇത് അക്കുവാണ്. സൂക്ഷിച്ച് സംസാരിക്കണം ഇവനോട്” നൗഷാദ്ക്ക സനയോട് ദേഷ്യപ്പെട്ടു.

“അതേ ഉപ്പാ… എനിക്കറിയാം ഉപ്പയും ഉമ്മയും ഇയാളോട് ഒന്നും പറയില്ലാന്ന്. എന്നാൽ എനിക്ക് പറയാതിരിക്കാൻ കഴിയില്ല. എന്റെ ജീവിതമാണ് ഇവിടെ അമ്മാനമാടുന്നത്”

“നീ പറഞ്ഞോളൂ സനാ. എന്തിനാ നിർത്തിയത്. പറയാനുള്ളതൊക്കെ പറഞ്ഞുതീർക്ക്”
അക്കു കടമായെടുത്ത പുഞ്ചിരിയാലെ പറഞ്ഞു.

“പറയും… എനിക്ക് പറയാനുള്ളത് ഞാൻ എന്തായാലും പറയും. ഉപ്പയുടെ വർക്ഷോപ്പിൽ നിങ്ങൾ മാത്രമല്ലല്ലോ ജോലിക്കുള്ളത്. അവരൊക്കെ കാലത്തുവന്ന് വൈകുന്നേരം തിരിച്ചുപോകും. ദൂരത്തുള്ളവർ ഒന്നിച്ച് മറ്റൊരു റൂമെടുത്ത് താമസിക്കുന്നുണ്ട്. നിങ്ങൾ അങ്ങനെയാണോ…?” സന ചോദിച്ചു.

“അല്ല” അക്കു മറുപടിയായി തലയാട്ടി.

“വന്ന അന്നുതൊട്ട് താമസവും ഭക്ഷണവും നിങ്ങൾക്ക് സൗജന്യം. ഉപ്പയെ മയക്കിയെടുത്ത് എന്റെ ഉപ്പ ഒറ്റക്ക് നടത്തിപോന്നിരുന്ന സംരംഭത്തിൽ നിങ്ങളും പങ്കുകാരനായി. അതൊക്കെ പോട്ടെ, ഇന്നിപ്പോ എന്റെ കല്യാണംപോലും നിങ്ങൾകാരണം മുടങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങി നടക്കാൻ എനിക്കിനി പറ്റില്ല. നിങ്ങളുടെ പേരുപറഞ്ഞ് ആളുകൾ എന്നെ കളിയാക്കും”
സന കത്തിജ്വലിക്കുന്ന കണ്ണുകളുമായി അക്കുവിനുനേരെ കുത്തുവാക്കുകൾ തൊടുത്തുവിട്ടു.

സന പറയുന്നതൊക്കെയും വള്ളിപുള്ളിവിടാതെ അക്കു ശ്രദ്ധിച്ചു.
“ഇനി ഞാനെന്തുവേണം…? നീ പറ, ഞാൻ അനുസരിക്കാം” അക്കു സനയോട് ചോദിച്ചതും

“നിങ്ങൾ ഈ വീട്ടിലെ മകനല്ല. വർക്ഷോപ്പിലെ വെറുമൊരു ജോലിക്കാരൻ മാത്രമാണ് നിങ്ങൾ. അതുകൊണ്ട് ഞങ്ങൾക്കിടയിൽ ഈ വീട്ടിൽ നിങ്ങളിനി വേണ്ട. എനിക്കത് ഇഷ്ടമല്ല”
സന ആരെയുംനോക്കാതെ പറഞ്ഞു.

“സനാ…” നൗഷാദ്ക്കയുടെ ശബ്ദമുയർന്നു.

“വേണ്ട ഇക്കാ… സന പറഞ്ഞതാണ് ശെരി. ഞാൻ അവൾക്കൊരു പ്രശ്നമാണ്. അതുകൊണ്ട് ഞാൻ മാറിത്തരാം”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply