മനമറിയാതെ – Part 21

2907 Views

manamariyathe-novel

മനമറിയാതെ…

Part: 21

✍️  F_B_L

[തുടരുന്നു…]

“കൊല്ലില്ല… എന്റെ പെണ്ണിന്റെ മുഖത്തടിച്ച ആ കൈകൊണ്ട് അവനിനി ഒരാളുടെയും മുഖത്ത് അടിക്കരുത്. എന്റെ പെണ്ണിന്റെ വസ്ത്രം വലിച്ചുകീറിയതുപോലെ ഒരു പെണ്ണിന്റെയും മാനം കളയരുത്”

“അല്ലാ എന്തിനാണിപ്പോ ഇത്രപെട്ടെന്ന് വർക്ഷോപ്പ് വേണമെന്ന് പാഞ്ഞത്”
റാഷിയുടെ അടുത്ത ചോദ്യമെത്തി.

“അതോ… അവിടത്തെ ജോലിയൊക്കെ ഞാൻ ഉപേക്ഷിച്ചു. വെറുതെ വീട്ടിലിരുന്നാൽ പ്രാന്തായിപ്പോകും. അതുകൊണ്ടാ തിരക്കുകൂട്ടിയത്. തുടക്കമായതുകൊണ്ട് വണ്ടികളൊന്നും ഇല്ലല്ലോ പണിയാൻ. അപ്പൊ ഉപ്പപ്പാടെ ജീപ്പും പൊക്കി. ഇവനെയൊന്ന് പൊടിതട്ടി ഇറക്കുമ്പോഴേക്കും പണിയാൻ വേറെ വണ്ടികൾ വരും”
അക്കു പറഞ്ഞുകൊണ്ട് വർക്ക്ഷോപ്പിനകത്തേക്ക് നടന്നു.

“ടാ നിനക്ക് ജുമിയെ ഒന്ന് വിളിച്ചൂടെ”

“എന്തിനാടാ… ആ പാവത്തിന്റെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ കേൾക്കാനോ. വയ്യടാ റാഷി. ഇന്നലത്തെ ജുമിയുടെ കണ്ണീരുകണ്ടപ്പോൾതന്നെ തളർന്നടോ. നിനക്കറിയാലോ അവളുടെ സ്വഭാവം. പുറത്തങ്ങനെ ആരോടും കൂട്ടുകൂടില്ല, അവളുടെ വീട്ടിലും എന്റെ വീട്ടിലും അല്ലാതെ അവളുടെ ശബ്ദംപോലും ഒന്ന് ഉയരാറില്ല. അങ്ങനെയുള്ള ആ പാവംപിടിച്ച ജുമിയെതന്നെ ആ ബാസിത്…” അക്കു വർക്ഷോപ്പിനകത്തുനിന്ന് ചുറ്റും കണ്ണോടിച്ചു.
നിറഞ്ഞുവന്ന അക്കുവിന്റെ മിഴികൾ മറ്റാരും കാണാതിരിക്കാൻ അവൻ വളരെ പാടുപെട്ടു.

“സാരല്ലടാ… വരാനുള്ളതൊക്കെ വന്നു. ഇനി പറഞ്ഞിട്ട് എന്താ”
റാഷി അക്കുവിന്റെ പുറകിൽനിന്ന് അവന്റെ തോളിൽത്തട്ടികൊണ്ട് പറഞ്ഞു.

“അക്കൂ… നീയിങ്ങനെ തളരാതെ മച്ചാനെ. ഞങ്ങളൊക്കെ ഇല്ലേ നിന്റെകൂടെ. അവനെ നമുക്ക് ഒതുക്കാം” വിഷ്ണു പറഞ്ഞു.

“സമയം എന്തായി വിഷ്ണുവേ”

“രണ്ടര”

“അപ്പൊ ഒന്നൊന്നര മണിക്കൂർ കഴിയുമ്പോ പണിതുടങ്ങണം. കളിക്കളത്തിൽവെച്ച് അവനെ ഒന്നും ചെയ്യണ്ട. കളികഴിഞ്ഞ് വീട്ടിലേക്കോ അല്ലെങ്കിൽ അവനെവിടെക്കാണോ പോകുന്നത് ആ വഴിയിൽവെച്ചായിരിക്കണം അവനെ തടയേണ്ടത്” അവർ പ്ലാനിങ് തുടങ്ങിക്കഴിഞ്ഞു.

ഏകദേശം നാലരയോടുകൂടി വിബിൻ വിഷ്ണുവിനെ വിളിച്ചു.
“ബാസിത് ഗ്രൗണ്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്”

“ആ നീ അവിടെനിക്ക്. പിന്നെ നീ അവനെ ഫോളോചെയ്യുന്നു എന്ന് അവനറിയണ്ട” ചേട്ടൻ അനിയനോട് പറഞ്ഞു.

“അക്കു… ബാസിത് ഗ്രൗണ്ടിലുണ്ട്” എന്ന് വിഷ്ണു പറഞ്ഞതും അക്കൂന്റെ കയ്യിലിരുന്ന ഫോണടിച്ചു.

“ഇക്കാ… എവിടെയാ, എന്താ വരാന്നുപറഞ്ഞിട്ട് വരാതിരുന്നത്. ജുമിക്ക് പനി കുറവൊന്നുല്ല. മാത്രവുമല്ല അവളിപ്പോ കണ്ണുപോലും തുറക്കുന്നില്ല. ഇടക്കൊക്കെ കണ്ണുതുറന്നാൽ ഇക്കയെയാണ് ചോദിക്കുന്നത്. ഒന്ന് വരോ ഇങ്ങോട്ട്” കുഞ്ഞോളുടെ ശബ്ദം അക്കുവിന്റെ കാതുക്കളെ പ്രകമ്പനം കൊള്ളിച്ചു.
അവന്റ കാലുകൾക്ക് തളർച്ച അനുഭവപ്പെട്ടു.

“ടാ അക്കു… എന്തുപറ്റി” ചോദ്യവുമായി റാഷിയെത്തി.

പക്ഷെ അക്കുവിന് മറുപടിയൊന്നും പറയാനില്ലായിരുന്നു.

“എടാ ആരാ ഫോണിൽ” എന്നുചോദിച്ച് റാഷി അക്കുവിന്റെ കയ്യിൽനിന്നും ഫോൺവാങ്ങി.
“കുഞ്ഞോള്” എന്ന പെരുക്കണ്ടതും റാഷി ഫോൺ ചെവിയോരം ചേർത്തു.

“എന്താ കുഞ്ഞോളെ എന്താ പ്രശ്നം…?”

“റാഷിക്കയാണോ…?”

“അതേ… നീ കാര്യം എന്താണെന്ന് പറ” റാഷിയുടെ ശബ്ദം ഉയർന്നു.

“ഇക്കാ… എന്റെ ജുമി, അവൾ അബോധാവസ്ഥയിലാണ്. പുറമെ പനിയാണെങ്കിലും മാനസികാമായി അവൾ തകർന്നിട്ടുണ്ട്. മെന്റലി അവൾക്കെന്തോ പറ്റിയിട്ടുണ്ടെന്നാ ഡോക്ടർ പറയുന്നത്. ഇവിടെ എല്ലാവരും തകർന്നിരിക്കുകയാണ്. ഇക്കയോട് ഒന്ന് ഇങ്ങോട്ട് വരാൻപറയോ… ഇക്കയെ ഒന്നിങ്ങോട്ട് കൊണ്ടുവരുമോ…?”

എല്ലാം കേട്ട് റാഷിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു.
“നീ ഫോൺ വെച്ചോ കുഞ്ഞോളെ. ഞങ്ങൾ അങ്ങോട്ട് എത്തിയേക്കാം” റാഷി ഫോൺ കട്ടാക്കി പുറകിൽ കയ്യുംകെട്ടി പുറത്തേക്ക് നോക്കിനിൽക്കുന്ന അക്കുവിന്റെ തോളിൽ പതിയെ ഒന്നുതട്ടി.
“അക്കൂ… ഇങ്ങനെ നിന്നിട്ട് കാര്യമില്ല. നീ വാ നമുക്ക് ജുമിയെ കണ്ടിട്ട് വരാം”

അക്കു പതിയെ ഒന്ന്മൂളി.
ജീപ്പിൽ അവർ മൂന്നുപേരുംചേർന്ന് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
യാത്രയിലുടെനീളം മൂന്നുപേരും മൗനംപാലിച്ചു.

ഹോസ്പിറ്റലിലെത്തിയതും പുറത്ത് ഫോണുമായി നിൽക്കുന്ന അബ്‌ദുക്കയെ അവർക്കണ്ടു.
“ഉപ്പാ… ജുമി” റാഷി അബ്‌ദുക്കയോട് ചോദിച്ചു.

മറുപടിയൊന്നും പറയാതെ അബ്‌ദുക്ക വഴികാട്ടിയായി മുന്നിൽനടന്നു. പുറകിലായാ മൂവരും അബ്‌ദുക്കയെ പിന്തുടർന്നു.

ചെന്നുനിന്നത് ഐ സി യു വിന്റെമുന്നിലാണ്.

ആ മുറിയുടെ പുറത്ത് നിരത്തിയിട്ട ഇരുമ്പുകസേരയിൽ തളർന്നിരിക്കുന്ന മജീദ്ക്കയും മകളുടെ അവസ്ഥയിൽ ആയിഷാത്തയുടെ തോളിലേക്ക് ചാഞ്ഞിരുന്ന് വിലപിക്കുന്ന റസിയാത്തയും.
അവർക്കരികിലായി കൂട്ടുകാരിയെ ഓർത്ത് കുഞ്ഞോളും.

അക്കു മജീദ്ക്കയുടെ മുന്നിൽചെന്നുനിന്ന്
“ഉപ്പാ…” എന്ന് വിളിച്ചതും
നിറഞ്ഞുനിന്ന മജീദ്ക്കയുടെ മിഴികൾ ഒലിച്ചിറങ്ങി.

എന്തുപറഞ്ഞാണ് ആ ഉപ്പയെ സമാധാനിപ്പിക്കേണ്ടതെന്ന് അക്കുവിന് അറിയില്ലായിരുന്നു.

“ഇവിടെയാരാ അക്കു” ആ ഐ സി യു റൂമിന്റെ വാതിൽതുറന്ന് ഒരു സിസ്റ്റർ വന്നുചോദിച്ചതും അക്കു ആ സിസ്റ്ററുടെ അടുത്തേക്ക് ചെന്നു.

“ഞാനാ… ഞാനാണ് അക്കു”
വെപ്രാളപ്പെട്ടുകൊണ്ട് അക്കു പറഞ്ഞു.

“വരൂ” ആ ഡോർ മുഴുവനായി തുറന്ന് അക്കുവിനെ അകത്തേക്ക് വിളിച്ചു.

“നിങ്ങളാണോ അക്കു” ജുമിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടർ ചോദിച്ചു.

“അതേ ഡോക്ടർ”

“ഭർത്താവാണോ നിങ്ങൾ”

“അല്ല. ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്”

“നിങ്ങളൊന്ന് വിളിച്ചുനോക്കൂ. ഉണർന്നാൽ, സ്വബോധത്തിൽ സംസാരിച്ചാൽ”
ഡോക്ടർ പറഞ്ഞുതീരും മുൻപ് അക്കു ജുമിയുടെ അരികിലെത്തി.

വാടിതളർർന്ന ജുമിയുടെ മുഖം കണ്ടതും അക്കൂന്റെ കണ്ണുനിറഞ്ഞു. ചുണ്ടിലെ മുറിവിൽ അപ്പോഴും രക്തപ്പാട് ഉണ്ടായിരുന്നു.

“ജുമീ… പെണ്ണെ ഞാനാടാ, നിന്റെ അക്കു. ഒന്ന് കണ്ണുതുറക്ക് പെണ്ണെ”
അക്കു പലവട്ടം ജുമിയെ തട്ടിവിളിച്ചു എങ്കിലും നിരാശയായിരുന്നു ഫലം.

“വരൂ മിസ്റ്റർ” ഡോക്ടർ അക്കുവിന്റെ തോളിൽ പിടിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ അക്കു അവളുടെ അരികിൽനിന്നും എഴുനേറ്റു.

“വെറുമൊരു പനി എന്നുകരുതി ഇതിനെ നിസാരമാക്കരുത്. കൊണ്ടുവന്ന സമയംതൊട്ട് ഇതുവരെ കണ്ണുതുറന്നിട്ടില്ല. പനിയുടെ ശക്തികാരണമായിരിക്കാം അങ്ങനെ. എന്നാലും ഇടക്കൊക്കെ അക്കു എന്ന നിങ്ങളുടെ പേരാണ് പറയുന്നത്. അതുകൊണ്ടാണ് നിങ്ങളെ അകത്തേക്കുവിളിച്ചത്. പറയുന്നതുകൊണ്ട് വിഷമമൊന്നും വിചാരിക്കരുത്. ഡോക്ടറായ ഞാൻ നിങ്ങളോട് കള്ളംപറയുവാൻ പാടില്ല. പുറമെയുള്ള ആ ചുണ്ടിലെ മുറിവുമാത്രമല്ല… പ്രായപൂർത്തിപോലുമാക്കാത്ത ഈ പെൺകുട്ടിയെ ബലാത്സംഗത്തിനുപോലും ഇരയാക്കിയിട്ടുണ്ട്”
ഡോക്ടർ അതുപറഞ്ഞതും

“യാ റബ്ബ്” അക്കു നെഞ്ചിൽ കൈവെച്ചു.
“ഇല്ല ഡോക്ടർ… ഇന്നലെ വൈകുന്നേരം ഇവളെന്നോട് സംസാരിച്ചതാണ്. സംഭവിച്ചതൊക്കെയും എന്നോട് പറഞ്ഞതാണ്”
അക്കു കേട്ടത് വിശ്വസിക്കാനാവാതെ പറഞ്ഞു.

“ഇല്ല മിസ്റ്റർ. എല്ലാം നിങ്ങളോട് പറഞ്ഞിട്ടില്ല. ഇത് ടെസ്റ്റ്‌ ചെയ്ത റിപ്പോർട്ട് ആണ്” ഡോക്ടർ ഒരു ഫയൽ അക്കുവിനുനേരെ നീട്ടി.

പക്ഷെ അതുവാങ്ങാതെ ഒന്ന് തുറന്നുപോലും നോക്കാതെ അക്കു ജുമിയുടെ കൈപിടിച്ചു.
“എന്തിനാ പെണ്ണെ എന്നോട് ഇതൊക്കെ മറച്ചുവെച്ചത്. ഇതിന്റെപേരിൽ നിന്നെ ഞാൻ ഉപേക്ഷിക്കുമെന്ന് പേടിച്ചിട്ടാണോ. എങ്കിൽ നിനക്കുതെറ്റിപ്പോയി പെണ്ണെ. എന്റെ ജീവനുള്ള കാലംവരെ നീയെന്നും എന്റെ നെഞ്ചിലുണ്ടാകും” അക്കു ജുമിയുടെ പൊള്ളുന്ന നെറ്റിയിൽ തലോടി ആദ്യമായി ആ വലതുകയ്യിലൊരു ചുടുചുമ്പനം നൽകി.
കൂടുതൽ സമയം ജുമിയെ അങ്ങനെ കണ്ടിരിക്കാൻ അക്കുവിന് കഴിയുന്നില്ലായിരുന്നു.
ജുമിയിൽനിന്നും അക്കു കൈ വേർപ്പെടുത്തി അവൾക്കരികിൽനിന്നും അക്കു എഴുനേറ്റു.

ഡോക്ടർ പറഞ്ഞ ആ സത്യം ഉൾകൊള്ളാൻ അക്കുവിന് കഴിയുന്നില്ലായിരുന്നു.

ഐ സി യു വിൽനിന്ന് അക്കു പുറത്തിറങ്ങിയതും നിരാശയോടെ ഇരുന്ന മജീദ്ക്ക എഴുനേറ്റു
“മോനെ അക്കു. നമ്മുടെ ജുമിക്ക്…”
മജീദ്ക്ക അക്കുവിന്റെ കൈയ്യിൽപിടിച്ചു.

“പേടിക്കണ്ട ഉപ്പാ… നമുടെ ജുമിക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളാരും സങ്കടപ്പെടണ്ട”
അക്കു അവരെ സമാധാനിപ്പിച്ചു. പക്ഷെ അക്കുവിനെ സമാധാനിപ്പിക്കാൻ ആ സമയത്ത് ആരെക്കൊണ്ടും ആയില്ല.

അക്കു കുഞ്ഞോളുടെ അരികിലെത്തി.

“ജുമി എന്നോട് പറഞ്ഞതിനേക്കാൾ കൂടുതലായി നിനക്കെന്തെങ്കിലും പറയാനുണ്ടോ കുഞ്ഞോളെ”

അക്കുവിന്റെ ചോദ്യത്തിൽ മറുപടിപറയാനാവാതെ തളർന്നുപോയി കുഞ്ഞോള്.

“കുഞ്ഞോളെ നിന്നോടാ ചോദിച്ചത്”
ആശുപത്രിയാണെന്നോ അവരെക്കൂടാതെ മറ്റുപലരും ഉണ്ടെന്നോ ഓർക്കാതെ അക്കുവിന്റെ ശബ്ദമവിടമാകെ ഉയർന്നു.

“ഇക്കാ അത്…” കുഞ്ഞോള് വാക്കുകൾക്കുവേണ്ടി പരതിയതും
“വാടാ…” അക്കു റാഷിയെയും വിഷ്ണുവിനെയുംകൂട്ടി പുറത്തിറങ്ങി.

“ഇനി വൈകിക്കുന്നില്ല റാഷി. വിഷ്ണൂ നീ വിപിനെ ഒന്ന് വിളിക്ക്”

വിഷ്ണു ഫോണെടുത്ത് അനിയനെ വിളിച്ച് അക്കുവിനുനേരെ ഫോൺർനീട്ടി.

“അവനെവിടെയുണ്ട്…?”
അക്കു ദേഷ്യത്തോടെ ചോദിച്ചു.

“ഗ്രൗണ്ടിലുണ്ട്. ഇന്ന് കളിച്ചിട്ടില്ല ഇവിടെ ഇരിക്കുകയാണ് അവൻ”

അതുകേട്ടതും അക്കു ജീപ്പിന്റെ ഡ്രൈവിംങ് സീറ്റിലേക്ക് കയറിയിരുന്നു.

നിമിഷ നേരങ്കൊണ്ട് ആ ജീപ്പ് ഗ്രൗണ്ടിലെത്തിച്ചേർന്നു.
ഗ്രൗണ്ടിന്റെ ഓരംചേർന്ന് ജീപ്പ്പുനിർത്തി അക്കു ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.
ഒരു വശത്ത് ക്രിക്കറ്റും മറ്റൊരുഭാഗത്ത് ഫുഡ്‌ബോളും കളിനടക്കുന്നു.
രണ്ടും കൂടാതെ ഒഴിഞ്ഞുമാറി ഡ്രൈവിങ്പഠിക്കുന്ന പെൺകുട്ടികളും ചേച്ചിമാരും.
അവരെനോക്കി ചോരയൂറ്റികുടിക്കുന്ന ബാസിയുടെ മുഖം കണ്ണിലുടക്കിയതും  അക്കു കളിക്കുന്നവർക്കിടയിലൂടെ ജീപ്പ് പറപ്പിച്ചുവിട്ട് നിലത്തിരുന്ന് സീൻപിടിക്കുന്ന ബാസിയുടെ മുന്നിൽകൊണ്ടുപോയി നിർത്തി.

“ഏതവനാടാ അത്” എന്നർത്ഥത്തിൽ കളിച്ചുകൊണ്ടിരുന്നവരൊക്കെ ആ ജീപ്പിൽനിന്നും ഇറങ്ങിയ വ്യക്തിയെ ഉറ്റുനോക്കി.

പൊടിപറത്തി തന്റെ മുന്നിലുള്ള ജീപ്പിനകത്തേക്ക് ബാസി അവന്റെ കണ്ണുകളെ പായിച്ചു.
അന്തരീക്ഷത്തിൽ ഉയർന്നുനിന്ന പൊടിപടലത്തിനിടയിലൂടെ അതിലുള്ള വ്യക്തിയെ അവന് വ്യക്തമായില്ല.

ജീപ്പിൽനിന്നും അക്കു വളരെവേഗത്തിൽ പുറത്തിറങ്ങി  സംസാരിക്കാൻ ഇടനൽകാതെ ബാസിയുടെ നെഞ്ചിലേക്ക് പാഞ്ഞുകയറി.

തടുക്കാനോ… എന്തിന്, നിലംപതിച്ച ബാസിക്ക് ഒന്നെഴുനെൽകാനോ അവസരം നൽകാതെ ഉള്ളിലെ സങ്കടവും ദേഷ്യവും ബാസിയുടെ മുഖത്തടിച്ചുതീർത്തു.

അടികൊണ്ട് അവശനായ ബാസിയുടെ കോളറിൽപിടിച്ച് അക്കു അവനെ ജീപ്പിന്റെ പുറകിലേക്ക് എടുത്തിട്ടു.

“ഈ പുന്നാരമോനെ അടിച്ചതിന് ഏതെങ്കിലും നല്ലമക്കൾക്ക് ചോദിക്കണം എന്നുണ്ടെങ്കിൽ ഇപ്പൊ ചോദിക്കാം” എന്ന് ചുറ്റിലും നിന്നവരോട് ഒരു ചെറിയ ഡയലോഗുമടിച്ച്
“വണ്ടിയെടുക്കെടാ റാഷി”
അക്കുവും ജീപ്പിന്റെ പുറകിൽ കയറി.

“ടാ വിഷ്ണു അനിയനെ വിളിച്ച് വീട്ടിലേക്ക് വിട്ടോളാൻ പറ. റാഷി നീ വണ്ടിനേരെ വർക്ഷോപ്പിലേക്ക് വിട്ടോ”
അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി അക്കു ബാസിതിന്റെ നേരെ തിരിഞ്ഞു.

“നിന്റെ ഫോണെവിടെടാ”
അക്കു ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽവെച്ച് ബാസിതിന്റെ കോളറിൽപിടിച്ചു കുലുക്കി പാന്റിന്റെ പോക്കറ്റിൽനിന്നും അക്കു ബാസിയുടെ ഫോണെടുത്തു.

സ്‌ക്രീനിൽ ആദ്യമേ കണ്ടത് മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു.
ഫോണിന്റെ ലോക്ക് ബാസിയെകൊണ്ട് തുറപ്പിച്ച് അക്കു അതിന്റെ അകത്തളങ്ങളിലേക്ക് ഒന്ന് കടന്നുച്ചെന്നു.

ജുമി പറഞ്ഞത് സത്യമായിരുന്നു.
പാവം അവളുടെ ശരീരഭാഗങ്ങൾ എടുത്തുകാണുന്ന ചിത്രങ്ങൾ അതിനകത്ത് ഉണ്ടായിരുന്നു.
ഒന്നും കണ്ടുനിൽക്കാൻ അക്കുവിനാകുന്നില്ലായിരുന്നു.

“ഇതിന്റെ കോപ്പിയുണ്ടോ നിന്റെകൈയിൽ”

“ഇല്ല” എന്ന് ബാസി തലയാട്ടി.

ജുമിയുടെ ഫോട്ടോസ് ഓരോന്നായി ഫോണിൽനിന്നും അക്കു ഡിലീറ്റ്ആക്കി. എന്നിട്ടും മറ്റുപെൺകുട്ടികളുടെ ചിത്രങ്ങൾ അതിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
കണ്ണുംപൂട്ടി അക്കു അതെല്ലാം കളഞ്ഞു.

വളരെ വേഗത്തിൽ മുന്നോട്ടുസഞ്ചരിച്ച ജീപ്പ് നിന്നപ്പോഴാണ് വർക്ഷോപ്പിൽ എത്തിയെന്നത് അക്കു അറിഞ്ഞത്.
അവനെ കോളറിൽപിടിച്ച് വർക്ഷോപിനകത്തേക്ക് കയറ്റി
“ആ ഷട്ടർ താഴ്ത്തിയേക്ക്” എന്ന് അക്കു പറഞ്ഞതും അകത്തുനിന്ന് വിഷ്ണു ഷട്ടറിട്ടു.

“പറഞ്ഞതല്ലേ ബാസിതെ നിന്നോട്, എന്റെ പെണ്ണിന്റെയോ പെങ്ങളുടെയോ നിഴൽവെട്ടത്തുപോലും നിന്നെ കാണരുത് എന്ന്. എന്നിട്ട് നീയെന്താ ചെയ്തത്. ആ പാവം എന്റെപ്പെണ്ണ് നിന്നോട് എന്തുതെറ്റുചെയ്തു. എന്തിനാ നീ അവളെ…”
അക്കു പറഞ്ഞുതുടങ്ങിയതും വിഷ്ണു ബാസിതിന്റെ കരണംപുകയുന്ന ഒരടിയടിച്ചു.

“അടിക്കല്ലേ വിഷ്ണു. സമയമുണ്ട്”

“ടാ ആണാണെങ്കിൽ ഒറ്റക്ക് അടിക്കണം. ഞാൻ ഒറ്റക്കാണ്” ബാസിതിന്റെ ശബ്ദമുയർന്നു.
അതോടൊപ്പം ഒരു കത്തിയും.

“മോനെ ബാസിത്തെ, നീ ആളൊരു പുലിയാണ്. നിന്റെ ചങ്കൂറ്റം എനിക്കിഷ്ടപ്പെട്ടു. ഇവരാരും നിന്നെ തൊടില്ല” എന്ന് അക്കു പറഞ്ഞതും ബാസി കത്തി അക്കുവിനുനേരെ വീശി.
ഒഴിഞ്ഞുമാറാൻ അക്കുവിനുമായില്ല. എന്നാലും കത്തി കയ്യിലെ മസിലിൽ കൊണ്ടു.

പക്ഷെ പിന്നെ ഒരടികൊള്ളാൻ അക്കുവിന് കഴിയില്ലായിരുന്നു.
ഒന്നിച്ചുജീവിക്കാൻ കൊതിച്ച പെണ്ണ് ആശുപത്രികിടക്കയിൽ എല്ലാം നഷ്ടപ്പെട്ട വേദനയിൽ സമനില തെറ്റിക്കിടക്കുന്ന രംഗമോർത്തപ്പോൾ സങ്കടത്തോടൊപ്പം ദേഷ്യവും കൂടിവന്നു.

ബാസിതിന്റെ കൈപിടിച്ച്തിരിച്ച് തോളിൽവെച്ച് ഒടിച്ചുമടക്കുമ്പോൾ അക്കുവിന്റ കണ്ണിൽ പൊട്ടികരഞ്ഞ ജുമിയുടെ മുഖമായിരുന്നു. യാതൊരു ദയയും അക്കു ബാസിത്തിനോട് കാണിച്ചില്ല.

ബാസിത്തിന്റെ ഷർട്ട് അലിച്ചുകീറി അക്കു മുറിവുപറ്റിയ കയ്യിൽവെച്ചുകെട്ടി.
“ഇവനെ തൂക്കിയെടുത്ത് വണ്ടിയിലിട്” എന്ന് അക്കു റാഷിയോടും വിഷ്ണുവിനോടും പറഞ്ഞു.

അവർ ഒട്ടും മടികാണിക്കാതെ തറയിൽകിടന്ന ബാസിതിനെ പൊക്കിയെടുത്ത് ജീപ്പിലേക്കിട്ടു.

“വിഷ്ണൂ വിബിനെ ഒന്ന് വിളിക്ക്”

വിഷ്ണു വിബിയേവിളിച്ച് ഫോൺ അക്കുവിനുനേരെ നീട്ടി.

“വിബീ ഞാനാ അക്കു. ബാസിതിന്റെ വീടെവിടെയാ”

“ഇക്കാ അത് കോളേജിനടുത്താണ്. കോളേജിന്റെ അവിടെന്ന് നേരെ പോകുമ്പോൾ ലെഫ്റ്റ് സൈഡിൽ ഒരു ചായക്കടയുണ്ട്. അതിന്റെ സൈഡിലൂടെ പോകുന്ന റോഡിൽ വലത്തേ സൈഡിൽ മൂന്നാമത്തെ വീട്. വലിയ വീടാണ്. ഗേറ്റിൽ സെക്യൂരിറ്റി ഉണ്ടാവും”

“ആ ശെരി” അക്കു ഫോൺ കട്ടാക്കി. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി പറപ്പിച്ചുവിട്ടു.

ഇരുട്ട് വീണുതുടങ്ങുന്ന വീഥിയിലൂടെ അക്കുവിന്റെ ജീപ്പ് നിലംതൊടാതെ പറന്നു.
കോളേജും കഴിഞ്ഞ് വിബി പറഞ്ഞ ചായക്കടയും വഴിയും കടന്ന് ആ മാളികവീടിന്റെ അടഞ്ഞുകിടന്ന ഗേറ്റിനുമുന്നിൽ ചെന്നുനിന്ന് ഹോൺ അടിച്ചു.

പുറത്തേക്കുവന്ന സെക്യൂരിറ്റിക്കാരനായ ആ പ്രായംചെന്ന മനുഷ്യനോട്
“ഇക്കാ ഗേറ്റ് തുറക്ക്. ഇവിടത്തെ ബാസിയുണ്ട് വണ്ടിയിൽ. വഴിയിൽവെച്ച് ആരൊക്കെയോ ചേർന്ന് ആക്രമിച്ചതാണ്” എന്ന് അക്കു പറഞ്ഞു.

ആ സെക്യൂരിറ്റി രണ്ടാമതൊന്ന് ആലോചിക്കാതെ ഗേറ്റുതുറന്നതും അക്കു ആക്‌സിലരെട്ടറിൽ കാലമർത്തി വണ്ടി മുന്നോട്ടെടുത്തു.

“കൊള്ളാം… നല്ലവീട്. പണത്തിനും പവറിനും കുറവൊന്നുമില്ല അല്ലെ മച്ചാന്മാരെ” അക്കു ജീപ്പിൽനിന്നിറങ്ങി ചുറ്റുംനോക്കിക്കൊണ്ട് പറഞ്ഞു.

“ടാ അക്കു. കയ്യിൽനിന്ന് രക്തം പോകുന്നുണ്ട്. പെട്ടെന്ന് ഹോസ്പിറ്റലിൽ പോണം” എന്ന് വിഷ്ണു.

“ആ ഈ പരിപാടി കഴിഞ്ഞു. ഇവിടെയാണ്‌ കലാശക്കൊട്ട്. ഇന്നത്തോടെ ഇവനും ഇവനെ വളർത്താനാറിയാത്ത ഇവന്റെ വാപ്പയും നന്നാവും. ഇല്ലെങ്കിൽ ഞാൻ നന്നാക്കും. അതുകൂടി കഴിഞ്ഞിട്ടേ ഇനി ഇവിടുന്ന് ഇറങ്ങുകയൊള്ളു”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply