മിഴിയറിയാതെ – ഭാഗം 1

9576 Views

മിഴിയറിയാതെ

മുംബൈയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ  മനസും ആ  എൻജിനൊപ്പം തന്നെ നീങ്ങുന്നുണ്ട്..എന്റെ  ഓർമകളും മരങ്ങളെ പോലെ പിന്നോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു..

        മടിയിൽ ഇരുന്നുറങ്ങുന്ന കല്ലുമോളെയും, തന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഗൗരിയേയും ചേർത്തുപിടിക്കുമ്പോൾ കണ്ണിലൂറുന്ന നനവുകൾക്കു ആയിരം കഥപറയാനുണ്ടായിരുന്നു…..

    ഇതൊരു ഒളിച്ചോട്ടമാണ് ബാക്കിയുള്ള എന്റെ രണ്ടു ജീവനുകളെയും  സുരക്ഷിതമായി പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള  യാത്ര … അവരെ  ഭദ്രമായി ഏല്പിക്കാൻ പറ്റിയ ഇടം  അവിടം മാത്രമാണ്…  അതുകൊണ്ട് മാത്രം ആണ്. ഇങ്ങനെ ഒരു മടക്കം…

   ഒരിക്കലും തിരിച്ചു വരരുത് എന്നാഗ്രഹിച്ചു കൊണ്ടാണ് മുംബൈയിലേക്ക്‌ ചേക്കേറിയത്. പക്ഷെ കാലം എന്നെ ഇവിടേയ്ക്ക് തന്നേ തിരികെ എത്തിച്ചിരിക്കുന്നു… പലപ്പോഴും ജീവിതം അങ്ങനെയാണ് നമ്മൾ എവിടെ നിന്നാണോ ഓടി ഒളിക്കാൻ ശ്രമിക്കുന്നത് അവിടെ തന്നേ വിധി നമ്മളെ കൊണ്ട് എത്തിക്കും….. 

     കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭ നഷ്ടങ്ങളുടെ കണക്കെടുത്താൽ  നഷ്ടങ്ങൾ മാത്രം സമ്മാനിച്ച നാട്… അവിടേയ്ക്കാണ് വീണ്ടും യാത്ര… ഓർമയുടെ ചവറ്റുകുട്ടയിലേക്കു മനഃപൂർവമായി ഒതുക്കി കളഞ്ഞ മുഖങ്ങൾ പൂർവാധികം ശോഭയോടെ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു….

    “വേദേച്ചി എന്തിനാ കരയുന്നെ…..

  “ങ്ങാ, ഗൗരി നീയുണർന്നോ… ഒന്നുല്ല… ഞാൻ വെറുതെ പഴയതൊക്കെ….

   “ചേച്ചിക്ക് ഒട്ടും ഇഷ്ടം ഇല്ലല്ലേ ഈ മടക്കം…. എനിക്കറിയാം….

   “അങ്ങനെ ഒന്നും ഇനി വിചാരിച്ചിട്ട് കാര്യമില്ല ഗൗരി… ഇപ്പൊ സുരക്ഷിതമായ ഒരിടമാണ് നമുക്ക് വേണ്ടത്… അതിനു പറ്റിയത് എന്റെ തറവാടാണ്…. വേറെ ഒന്നും ഇപ്പൊ ചിന്തിക്കണ്ട….

     അപ്പോളേക്കും കല്ലുമോൾ ചിണുങ്ങി തുടങ്ങിയിരുന്നു… അവളെ ഉണർത്തി കൈയിൽ കരുതിയിരുന്ന പാല് കൊടുക്കുമ്പോൾ… അതുവരെ ഉള്ള വിഷമങ്ങൾ എവിടേയോ ഓടി ഒളിച്ചു….

    പിന്നെ ഓർമകൾക്ക് വിരാമം ഇട്ടുകൊണ്ട് ഗൗരിയുടെയും കല്ലുമോളുടെയും കളിചിരിയിൽ കുടുങ്ങികിടന്നു മനസു…

    “എന്തിനാ ചേച്ചിപ്പെണ്ണേ ഇങ്ങനെ ചിരിക്കൂന്നേ….

   പതിനേഴു വയസായ പെണ്ണാണ്. എന്നിട്ട് മൂന്ന് വയസു കഴിഞ്ഞ ആ കുട്ടിനോട് മുട്ടായിക്ക് അടി വയ്ക്കാൻ നാണമില്ലേ ന്റെ ഗൗരി നിനക്ക്…

    “അതു കല്ലു പെണ്ണ് ഒന്നുപോലും എനിക്ക് തരാതെ കഴിച്ചിട്ടല്ലേ വേദേച്ചി….

  അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം എന്നിലും ചിരിയുണർത്തി. .. …

               

   എറണാകുളം സ്റ്റേഷനിൽ ഇറങ്ങി അയ്യമ്പുഴയിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ മനസ്സ് നിറയെ അച്ഛന്റെ വേദുന്നുള്ള വിളിയാണ്… കണ്ണുകൾ അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോളോ കല്ലുമോളുടെ അമ്മ എന്നുള്ള വിളിയാണ് സ്വബോധത്തിലേക്കു കൊണ്ട് വന്നത്…

        അയ്യമ്പുഴയിലിറങ്ങി ഒരു ഓട്ടോയിൽ കേറി ശ്രീമംഗലം എന്നു പറയുമ്പോൾ ഓട്ടോ ഡ്രൈവർ തിരിഞ്ഞു ഒന്നുകൂടെ നോക്കി….

     “വേദയല്ലേ…. എന്നെ മനസിലായോ…..

 “ആളെ ഒന്നുകൂടി നോക്കിയപ്പോളാണ് മനസിലായത്..

“അരുണേട്ടൻ അല്ലേ…

“ആ അപ്പൊ ഞങ്ങളെയൊന്നും മറന്നിട്ടില്ല അല്ലേ വേദുട്ട..

    “ആ ചോദ്യത്തിന് നനുത്ത ഒരു ചിരിമാത്രം മറുത്തു നല്കി…

     യാത്രയിൽ തന്നേ അരുണേട്ടൻ വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു ഒന്നോ രണ്ടോ വാക്കുകളായി അതിന്റെയൊക്കെ മറുപടി ചുരിങ്ങിയിരുന്നു…

     “ഇതാരാ… കല്ലുമോളെ ചൂണ്ടികാട്ടി അരുണേട്ടൻ ചോദിച്ചപ്പോൾ….

    “മകളാണ് എന്ന എന്റെ വാക്കുകൾ… അരുണേട്ടന് വിശ്വാസം വരാത്തത് പോലെ തോന്നി….

     “ഇതു അപ്പച്ചിയുടെ മോളാണ് ഗൗരി……

ഇങ്ങോട്ട് ചോദ്യം വരുന്നതിനു മുന്നേ തന്നേ ഗൗരിയെ പരിചയപ്പെടുത്തി കൊടുത്തു….

      ശ്രീമംഗലത്തിന്റെ മുറ്റത്തു വണ്ടി ചെന്നു…ബാഗിൽ നിന്നും കാശെടുത്തു അരുണേട്ടന് നേരെ നീട്ടുമ്പോൾ ആദ്യം അതു നിഷേധിച്ചിരുന്നു….

       “വാങ്ങു അരുണേട്ടാ ഞാനിനി ഈ നാട്ടിൽ തന്നേ ഉണ്ടാകും.. ഇപ്പൊ കാശു വാങ്ങീലങ്കിൽ ഇനി  ആവശ്യം വരുമ്പോൾ ഏട്ടനെ വിളിക്കാൻ തോന്നില്ല… അതുകേട്ടപ്പോൾ മനസില്ല മനസോടെ ഏട്ടൻ കാശും വാങ്ങി പോക്കറ്റിൽ വച്ചു യാത്ര പറഞ്ഞു..

     കല്ലുനെയും എടുത്തു ബാഗും കൊണ്ട് പതിയെ ആ മുറ്റത്തേക്കിറങ്ങി…

    അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ആ മണ്ണിൽ എന്റെ കാലുകൾ പതിഞ്ഞു….. വേദുന്നുള്ള വിളികൾ നാലുപാടു നിന്നും ചെവികളിൽ തുളച്ചു കേറുമ്പോലെ…

   കണ്ണടച്ച് നിന്നുകൊണ്ട് ആ മണ്ണിന്റെ മണം ഞാൻ ഏറ്റുവാങ്ങി… എന്റെ എല്ലാമായ മണ്ണ്… എന്നിലെ പ്രണയം, എന്റെ സ്വപ്നങ്ങൾ, എന്റെ കുറുമ്പുകൾ എല്ലാം ഏറ്റുവാങ്ങിയ മണ്ണ്…

       ആ വേദുവിൽ നിന്നും ഇന്നത്തെ വേദുവിലേക്കുള്ള ദൂരം ഏറെയാണ്… ഒരിക്കലും മടങ്ങി ചെല്ലാൻ കഴിയാത്ത അത്രക്കും ദൂരം ഞാൻ പിന്നിട്ടിരിക്കുന്നു…

    “പടികൾ കേറാൻ തുടങ്ങുന്നതിനു മുൻപ് തന്നേ കണ്ടു ഉമ്മറത്തു നിന്നു എന്നെ നോക്കുന്ന ഒരു ജോഡി കണ്ണുകളെ…

   ആദ്യം നോക്കിട്ട് മനസിലാകാത്ത പോലെ അവ എന്നെ ഒന്നുകൂടി നോക്കി… അതു കഴിഞ്ഞു എന്റെ മോളെ എന്നുള്ള വിളിയോട് കൂടി എന്നെ വന്നു കെട്ടിപിടിച്ചു…. മോളെന്റെ കൈയിൽ ഉള്ളതൊന്നും ആളു അറിഞ്ഞിട്ടല്ലന്നു തോന്നി…

   മോളുടെ കരച്ചിൽ കേട്ടു ഞാൻ പെട്ടന്ന് അമ്മായിയെ എന്നിൽ നിന്നും അടർത്തി മാറ്റി..       

     രാധമ്മായി മോള് പേടിച്ചുട്ടോ….

 ചെറു ചിരിയോടെ അതു പറഞ്ഞപ്പോളാണ് അമ്മായി കൈയിലിരിക്കുന്ന മോളെ ശ്രദ്ധിച്ചത്….

  “ഇതു….

   “ന്റെ മോളാണ്… കല്യാണി… കല്ലുന്നു വിളിക്കും……

     അതു കേട്ടതും അമ്മായിടെ മുഖം പെട്ടന്നു വാടി… അതു മറച്ചു കൊണ്ട് എന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന അമ്മായിയെ കണ്ടപ്പോൾ എവിട നിന്നോ സങ്കടങ്ങൾ വന്നു മൂടി…

   “ഗൗരി ക്കു ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ… അവസാനം വന്നപ്പോൾ മോൾക്ക്‌ എട്ടോ ഒമ്പതോ വയസേ ഉണ്ടാരുന്നുള്ളു….

     “ചെറിയ ഓർമയുണ്ട് അമ്മായി… അതും പറഞ്ഞു അവൾ ചിരിച്ചു….

    “വാ അകത്തേക്ക് പോകാം….

“എന്റെ കൈയിൽ നിന്നും ബാഗും വാങ്ങി അകത്തേക്ക് പോകാൻ തുടങ്ങിയ അമ്മായിയുടെ കൈയിൽ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു….

    ” മുത്തശ്ശിയും……..

“മുറിയിൽ ഉണ്ട്…. വാ കാണാം…. വയ്യാതായി തുടങ്ങിയിരിക്കുന്നു…

     “രാധമ്മായിയോടൊപ്പം അകത്തേക്ക് കേറി മുത്തശ്ശിയുടെ അടുത്തേക്ക് നടക്കുമ്പോൾ കാലുകളിൽ ഞാൻ അറിയാതെ തന്നേ ഒരു വിറവൽ ബാധിച്ചിരുന്നു…. ….

     “അമ്മേ… ഇതാരാന്നു നോക്കിയേ….

 കിടക്കുവായിരുന്ന മുത്തശ്ശിയെ അമ്മായി വിളിച്ചുണർത്തി… എന്നെ കണ്ട ആ മിഴികൾ സജലങ്ങളായി…

     എന്റെ മോളെ നീ ഞങ്ങളെയൊക്കെ മറന്നോ ന്റെ കുട്ടിയെ……

    മുത്തശ്ശിയോടൊപ്പം ഞാനും കരയുകയായിരുന്നു…

    അഞ്ചു വർഷങ്ങൾ വേണ്ടി വന്നു അല്ലേ കുട്ട്യേ നിനക്ക് എന്നെ ഒന്ന് കാണാൻ തോന്നാൻ….നിന്നെ കാണാതെ മരിക്കേണ്ടി വരുമോ എന്നു പോലും ഞാൻ പേടിച്ചിരുന്നു…

  നിന്നെ ഓർത്തുള്ള ആധിയിലാണ് മുത്തശ്ശൻ പോയത്…. എനിക്കും അതു തന്നെയാ വിധിന്നാണ് കരുതിയെ കുട്ട്യേ…

     “എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ പറയണേ… ഞാൻ വന്നില്യേ…

    ഇനി ഞാൻ എങ്ങടും പോവില്ലാട്ടോ… ഇവിടുണ്ടാകും… താഴെ വീട്ടില്….

    അപ്പോളേക്കും അമ്മായി കല്ലുനെ എടുത്തോണ്ട് വന്നു മുത്തശ്ശിക്കു കൊടുത്തു…

      “മുത്തശ്ശി എന്നെ സംശയത്തോടെ നോക്കി… മോളാണ്….

   “ആ വൃദ്ധയുടെ നെഞ്ചിൽ ഒരു പിടച്ചിലുണ്ടായി…. ഇവിടെ ഇ വീട്ടിൽ ജീവിക്കേണ്ട കുട്ടിയാരുന്നില്ലേ.. എല്ലാം… വിധി…മുത്തശ്ശിയുടെ വാക്കുകൾ ഇടറിയിരുന്നു.. 

   “കല്ലുമോൾ പെട്ടന്ന് തന്നേ അമ്മായിയോടും മുത്തശ്ശിയോടും കൂട്ടായി…..

      അവളെയും കൊണ്ട് അകത്തേക്ക് കേറുമ്പോൾ ഓർമ്മകൾ ചിതലുകളെ പോലെ അരിച്ചിറങ്ങുന്നുണ്ടാരുന്നു. മനഃപൂർവമായി തന്നേ അവയെ മനസിൻറെ കോണിലേക്കു ഒതുക്കി വച്ചു.. തളരാൻ പാടില്ലെന്ന് എന്നെ തന്നേ പറഞ്ഞു പഠിപ്പിച്ചു…

   കല്ലുനെ കുളിപ്പിച്ച് റെഡിയാക്കി, ഗൗരിയേം കൂട്ടി മുത്തശ്ശിയുടെയും അമ്മായിയുടെയും അടുത്താക്കി… കുളിക്കാൻ കേറി…

         തിരികെ വന്നപ്പോളേക്കും അമ്മായി അവർക്കു ചായ കൊടുക്കുന്ന തിരക്കിലാരുന്നു…

    “അമ്മായി ബാക്കിയുള്ളോരൊക്കെ എവിടെ കണ്ടില്ലലോ….

    വന്നിട്ട് ഇപ്പോളെങ്കിലും നിനക്ക് ചോദിക്കാൻ തോന്നിയല്ലോ….

     ഗാഥയുടെ ഭർത്താവിന്റെ അനിയത്തീടെ കല്യാണം ആയിരുന്നു. തിരുവനന്തപുരത്തു വച്ചാണ്… അമ്മയും ഞാനും മാത്രേ ഇവിടുള്ളൂ…

   നാളെ വൈകിട്ടോടെ മടങ്ങി എത്തുമെന്ന പറഞ്ഞത്…

    “അതിനു മറുപടിയായി വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു…

   “മോളെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലന്നു നിനക്കെപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ…

  പെട്ടന്നു അമ്മായി അതു ചോദിച്ചപ്പോൾ മനസ്‌ വല്ലാതായിപ്പോയി…

  “എന്തിനാ അമ്മായി ഇങ്ങനൊക്കെ പറയണേ… അമ്മായി എന്നു വിളിക്കുന്നു എങ്കിലും… ന്റെ അമ്മ ആയിരുന്നില്ലേ…

     “എന്നിട്ടും നീ എന്നെ വീട്ടു പോയില്ലേ വേദു… നിന്നെ ഓർക്കാത്ത നെഞ്ച് വിങ്ങാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തതിൽ ഉണ്ടായിട്ടില്ല മോളെ ….

      ദേവി നിന്നെ പ്രസവിച്ചുന്നല്ലേ ഉള്ളൂ… നീ വളർന്നത് ഈ മാറിലെ ചൂടേറ്റല്ലേ.. എന്നിട്ടും നിന്നെ ചേർത്ത് പിടിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ മോളെ….

     മോള് മാറി നിന്നിട്ടു… നിന്റെ മനസ്സ് ശെരിയാകുമ്പോൾ രാധമ്മായിടടുത്തെക്ക്  തന്നേ ഓടി വരുമെന്ന കരുത്യേ… പക്ഷെ നീ എന്റെ വിശ്വസം തെറ്റിച്ചു കുട്ട്യേ…. നിന്നെ ഇങ്ങനെ കാണേണ്ടി വരും എന്നു കരുതീല…

     “ഞാൻ വന്നില്ലേ ഇനി പോണില്ലാലോ എങ്ങടേക്കും .. അമ്മായിടെ കൂടെ ഉണ്ടാവില്ലേ…. പിന്നെ എന്തിനാ വിഷമിക്കണേ…

    “നീ വെറുതെ കുട്ട്യേ കൂടെ കരയിക്കൊ ന്റെ രാധേ…

    “ബാക്കി ഉള്ളവരൊക്കെ എപ്പളാ വരുക കുട്ട്യേ…  നിങ്ങൾ എന്താ ആദ്യം പോന്നത്… കല്ലുമോളുടെ അച്ഛനു എന്താ പണി….

  “എന്റെ മിഴികൾ പതിയെ ഗൗരിയെ നോക്കി… പെയ്യാൻ വെമ്പുന്ന കാർമേഘം പോലെ അവളുടെ മുഖം ഇരുണ്ടു വന്നു..

   “ഗൗരി… നീ കല്ലുമോളെയും കൊണ്ട് ആ പൈക്കളെയൊക്കെ ഒന്ന് കാട്ടികൊടുക്കു… അവൾക്കു സന്തോഷം ആകും.. അതിന്റെ അടുത്തൊട്ടൊന്നും പോണ്ടാട്ടോ…

   “ശെരി വേദേച്ചി….

  “അവൾ പോയി കഴിഞ്ഞതും…ഞാൻ പറഞ്ഞു തുടങ്ങി…

   “ഹരിയേട്ടനാണ് കല്ലുമോളുടെ അച്ഛൻ.. അവിടന്ന് വരാൻ… വരാനായി… ഇനി ആരും ഇല്ല…. ആക്‌സിഡന്റായിരുന്നു…. ഞങ്ങൾ മാത്രം ബാക്കിയായി….

     “പറഞ്ഞു കഴിഞ്ഞതും കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു…

   “എന്റെ കുഞ്ഞിൻറെ വിധി ഇതായിപ്പോയല്ലോ എന്നു പറഞ്ഞു അമ്മായിയും മുത്തശ്ശിയും എന്നെ ചേർത്ത് പിടിച്ചു വിതുമ്പി കൊണ്ടിരുന്നു…

   പതിയെ അവരുടെ പിടി അയച്ചു കൊണ്ട് ജന്നൽ പടിയിൽ വന്നിരുന്നു….

    ഓർമ്മകൾ ഈ വീടിന്റെ അകത്തളത്തിലൂടെ ഓടികൊണ്ടിരുന്നു….

    അതെ എല്ലാം വിധിയാണ് വേദിക എന്ന പെണ്ണിന്റെ വിധി…. നഷ്ടങ്ങൾ മാത്രം കൈമുതലാക്കപ്പെട്ടവളുടെ വിധി……..

    തുടരും….

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply