മിഴിയറിയാതെ – ഭാഗം 12

3021 Views

മിഴിയറിയാതെ

ഞാൻ വയ്ക്കുവാ അവിടെത്തിട്ട് വിളിക്കാം…. മുത്തശ്ശനെയും മുത്തശിയെയും അമ്മായി മാരെയൊക്കെ പറഞ്ഞു മനസിലാക്കിക്കണം… ആരോടുള്ള ദേഷ്യം കൊണ്ടല്ല.. എന്റെ മുന്നിൽ വേറെ വഴി ഇല്ലാഞ്ഞിട്ട. ദേവേട്ടൻ ന്നെ വെറുക്കരുത്… വയ്ക്കുവാണേ..ഏട്ടൻ തിരിച്ചു ന്തേലും പറയുന്നതിന് മുന്നേ തന്നെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫ്‌ ചെയ്തു.. ആ സിം എടുത്തു ഒടിച്ചു കളഞ്ഞു….. വിവിയേട്ടനോടൊപ്പം വെരിഫിക്കേഷനും  ചെക്കിങ്ങും ഒക്കെ കഴിഞ്ഞു അകത്തേക്ക് കയറി… ജീവിതത്തിലെ പുതിയ മാറ്റങ്ങളിലേക്കുള്ള ചുവടു വയ്പായിരുന്നു അത്…

     “വിവിയേട്ടൻ പറഞ്ഞത് പോലെ തന്നെ എന്നെ അപ്പച്ചിയുടെ വീട്ടിൽ ആക്കിയിട്ടാണ് മടങ്ങി പോയത്… അവിടെ എത്തിയിട്ട്… എത്തിയെന്നു മാത്രം ദേവേട്ടനെ വിളിച്ചിരുന്നു അതും പുറത്ത് ഒരു ടെലിഫോൺ ബൂത്തിൽ നിന്നും… എന്നെ തേടി ആരുടെയും ഒരു ഫോൺ കാൾ പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.അത്രയേറെ എല്ലാവരിൽ നിന്നും ഒളിച്ചോടാൻ എന്റെ മനസു ആഗ്രഹിച്ചിരുന്നു…. 

   

     “വേദു……. വേദു… എന്തുറക്കം ആണ് മോളെ ഇത് എണീക്കു….

   രാധമ്മായിയുടെ വിളി കേട്ടാണ് എണീറ്റത്…ആദ്യം  നോക്കിയത് ഗൗരിയേയും കല്ലുനെയും ആയിരുന്നു..

   “മോളും, ഗൗരിയും എണീറ്റു വേദുട്ടി… അവര് താഴെ ഉണ്ട്.എന്റെ നോട്ടം  കണ്ടിട്ടാവും അമ്മായി അത് പറഞ്ഞതെന്ന് ഞാനൂഹിച്ചു…

   ഗൗരിയാണ് പറഞ്ഞത് മോള് ഇന്നലെ ഒരുപാട് വൈകിയാണ് ഉറങ്ങിയത്..അവളിടയ്ക്ക് ഉണർന്നപ്പോളും മോള് ഉറങ്ങീട്ടുണ്ടായിരുന്നില്ലന്നു . അതുകൊണ്ടാ വിളിക്കാത്തത്…. ഇനി മതി എണീക്കു ഒത്തിരി സമയം കഴിഞ്ഞു…

   “ഉറക്കം വന്നില്ല അമ്മായി ഇന്നലെ.. ഓരോന്ന് ഓർത്തു കിടന്നിട്ടു ഒത്തിരി താമസിച്ചാണ് ഉറങ്ങിയത്….

അവരൊക്കെ എപ്പോഴാ എത്തുക വിളിച്ചോ…..

  വിളിച്ചു… നീ വന്നിട്ടുണ്ടന്നു ഞാൻ പറഞ്ഞില്ല വന്നു കാണട്ടെ… ആ സന്തോഷം നേരിട്ട് കാണണം എനിക്ക്….

      നീ വാ വല്ലതും കഴിക്കണ്ടേ….

      രാവിലെ ആഹാരം കഴിച്ചോണ്ടിരുന്നപ്പോളാണ് താഴത്തു വീടിനെ കുറിച്ച് അമ്മായിയോടും മുത്തശ്ശിയോടും പറഞ്ഞത്…

  അമ്മായി ആ വീട് വൃത്തയാക്കാനൊക്കെ ആരെയെങ്കിലും കിട്ടുവോ…. എന്നാൽ പെട്ടന്നു തന്നെ അങ്ങോട്ടേക്ക് പോവാമായിരുന്നു….

   നിനക്കിവിടെ മടുത്തോ വേദു ഇത്ര പെട്ടന്ന്….

“അങ്ങനെ അല്ല അമ്മായി… വല്യമ്മയ്ക്കു അതൊന്നും ഇഷ്ടമാകില്ല… വെറുതെ എന്തിനാ.. ആരുടയും  ഇഷ്ടക്കേട് വാങ്ങണ്ടന്നു  വച്ചാണ് .ഇപ്പൊ പഴയതുപോലേം അല്ല ഗൗരിയുണ്ട് കല്ലുവുണ്ട് കൂടെ അതൊന്നും അവർക്കിഷ്ടാകില്ല, അതാ ഞാൻ ….

  “ആരുടെ ഇഷ്ടക്കേട് ഇത് നിന്റെ വീടാണ് ഇനിയെങ്കിലും ആ ബോധം നിനക്ക് വേണം . പിന്നെ താഴത്തു വീട്ടിൽ ഇപ്പൊ വാടകകാരുണ്ട്… അവരെ പെട്ടന്നു ഒഴിവാക്കാൻ പറ്റില്ല വേദു… നമ്മുടെ കമ്പനിയിലെ സ്റ്റാഫ് രണ്ടുമൂന്നുപേർ ചേർന്നാണ് അവിടെ…. ആ വീട് വെറുതെ കിടന്നു നശിക്കണ്ട വച്ചു ദേവനാണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. അവരൊക്കെ ഇപ്പൊ നാട്ടിൽ പോയേക്കുവാ രണ്ടീസം കഴിഞ്ഞെത്തും… 

  നീ ഇവിടെ താമസിച്ചാൽ മതി… ഈ പൊടി കുഞ്ഞിനേം പ്രായം തികഞ്ഞ ഒരു പെൺകൊച്ചിനേം കൊണ്ട് ഒറ്റയ്ക്ക് ഒരിടത്തും പോകണ്ട… ഇനി നിന്റെ തോന്യാസത്തിന്‌ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല… ഒരിക്കൽ എന്റെ കൈ വിട്ടു പോയതാ നീ … ഇനിയും അമ്മായിക്ക് വയ്യ മോളെ ഇങ്ങനെ നീറാൻ..

     അമ്മായിയുടെ വാക്ക് കെട്ടു അറിയാതെ കണ്ണ് നിറഞ്ഞു….

    തൊടിയിലും പറമ്പിലും ഒക്കെ ആയി അന്നത്തെ ദിവസം നീക്കി… മുത്തശ്ശിയും കല്ലുമോളും നല്ല കൂട്ടായി.. അവൾക്കിപ്പോ മുത്തശ്ശി മാത്രം മതിന്ന പോലെയാണ്.പലപ്പോഴും അവരുടെ കളികൾ കണ്ടു രണ്ടുപേരും ഒരു പ്രായം ആണോന്നു തോന്നിപോകും….

 സമയം കഴിയും തോറും മനസാകെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പിടപ്പായിരുന്നു…

   ഉമ്മറത്ത് ഇരുന്നു വെറുതെ പുറത്തേക്കു കണ്ണും നട്ടിരുന്നു…

   എന്താ മോളെ ഇവിടെ വന്നിരിക്കുന്നെ…

   ഒന്നുല്ല അമ്മായി, ഗൗരിയും കല്ലുവും എന്തിയെ……

  മുത്തശ്ശിയുടെ അടുത്തുണ്ട് രണ്ടാളും… ഇപ്പൊ മൂന്നിനും ഒരു പ്രായം ആയെന്ന തോന്നുന്നേ… അതും പറഞ്ഞു അമ്മായി ചിരിച്ചു…

    എത്ര നാളായിന്നറിയോ അമ്മായി ഞങ്ങളിങ്ങനെ സമാധാനത്തിൽ ഇരുന്നിട്ട്… ഗൗരി മനസറിഞ്ഞു ഒന്ന് ചിരിച്ചിട്ട്..

  മോൾക്ക്‌ നേരത്തെ വരാൻ പാടില്ലായിരുന്നോ ഇങ്ങടേക്ക്‌… ഒറ്റയ്ക്ക് ഇത്രയും നാളും നീ ഇവരെയും കൊണ്ട്… ഓർക്കാൻ കൂടി കഴിയുന്നില്ല എനിക്ക്…

  വരാൻ കഴിഞ്ഞില്ല.സാഹചര്യം അനുകൂലമായിരുന്നില്ല അമ്മായി. ഞങ്ങൾ നാട്ടിലോട്ട് വരാനോക്കെ പ്ലാനിട്ടു നിന്നപ്പോളാ ആക്‌സിഡന്റ് ഉണ്ടായേ. പിന്നെ ആകെ ഒരു മരവിപ്പായിരുന്നു. ഗൗരിയെ ആ ഷോക്കിൽ നിന്നും മാറ്റി എടുക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു… ഒരുവേള അവളെയും എനിക്ക് നഷ്ടമാകുമോ എന്നു വരെ ഓർത്തിരുന്നു…

  പതിയെ അമ്മായിടെ മടിയിലായി തലവച്ചു കിടന്നു… ആ കൈകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു…

  എല്ലാർക്കും എന്നോട്  ദേഷ്യം ഉണ്ടാവുവോ രാധമ്മായി….

   ഇല്ല മോളെ എല്ലാർക്കും സന്തോഷം ആകും… നിന്നോട് ദേഷ്യം ഉള്ള ഒരാളുണ്ടാകുംട്ടോ…

   “ഞാൻ അമ്മായിടെ മുഖത്തേക്ക് സംശയത്തോടെ ഒന്ന് നോക്കി…

 അതുകണ്ടിട്ടു ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി…

   “ഗൗതമിനു നിന്നോട് ദേഷ്യം ആകും… നീ പോയതിൽ ഗാഥയ്ക്കും ഗൗതമനും ആയിരുന്നു ഏറ്റവും വിഷമം… ബാക്കി ഉള്ളവർക്ക് വിഷമം ഇല്ലന്നല്ലാട്ടോ….

  പക്ഷെ ഓർമവച്ച നാൾമുതൽ ഒരുമിച്ചായിരുന്നില്ലേ നിങ്ങൾ….. പിന്നെ ഗാഥയുടെ കല്യാണം കഴിഞ്ഞതോടെ അവൻ ആകെ ഒറ്റപെട്ടു… കുറേ കാലം ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കും.. ഇപ്പൊ മാറി തുടങ്ങി…

 പക്ഷെ നീ പോയതിനു ശേഷം ആരും സന്തോഷിച്ചിട്ടില്ല മോളെ.. അതാണ് സത്യം…

  അന്ന് അങ്ങനെ ഒക്കെ ആയിരുന്നു അമ്മായി തോന്നിയത്…. അതായിരുന്നു അപ്പോഴത്തെ എന്റെ  ശെരി….

  അതുപോട്ടെ, മോളെ ഞാൻ കുറ്റപെടുത്തിയതല്ല. അതൊന്നും ഓർത്തു വിഷമിക്കണ്ട.. ഇങ്ങനെ ഒക്കെ ആകാനാകും വിധി… ഇനി ഞാൻ ഒരിടത്തും വിടില്ല നിന്നെ….

   ഗാഥയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി. നമുക്ക് അറിയാന്നുള്ള ചെക്കനാണോ അമ്മായി…

  രണ്ടു വർഷം ആയി.ഇപ്പൊ വിശേഷണ്ട് അവൾക്കു .നാലു മാസം ആയി..    ചെക്കനെയൊക്കെ നീ നേരിട്ട് കണ്ടാൽ മതി….  അന്ന് നിന്നെ കുറേ അന്വഷിച്ചു.. സുഭദ്രയുടെ ബോംബൈലുള്ള അഡ്രസ്സിൽ ഒക്കെ.. പക്ഷെ കണ്ടില്ലന്നു തോന്നുന്നു…

     “ആം,  അതുപോട്ടെ  ദേവുവും ലെച്ചുവും എന്തു ചെയ്യുവാ…. എല്ലാരേം കാണാൻ കൊതിയാകുന്നു….

    സമയം ഒച്ചിനെപ്പോലെയാണ് ഇഴയുന്നതെന്നു തോന്നി…..  ഇടയ്ക്ക് അമ്മായി വിളിച്ചപ്പോൾ. അവര് ഏകദേശം എത്താറായി എന്നു പറഞ്ഞു…

    കുളിച്ചിട്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോളാണ് താഴെ വണ്ടിയുടെ ശബ്ദം കേട്ടത്.. അവരൊക്കെ വന്നുന്നു ഉറപ്പായി.

ഓടി താഴേക്കു പോയി.. അപ്പോളേക്കും അമ്മായി കല്ലൂനേം കൊണ്ട് പുറത്തേക്കു ഇറങ്ങിയിരുന്നു…

   ഉമ്മറത്തേക്കിറങ്ങാൻ മടി തോന്നി.. കാണുമ്പോൾ അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്ന ചിന്തയായിരുന്നു…

   “ഇതാരാ അമ്മേ ഈ കുട്ടി….

ദേവേട്ടന്റെ ശബ്ദം അഞ്ചു വർഷത്തിന് ശേഷം ഞാൻ കേട്ടു.. കണ്ണുകൾ ഞാൻപോലും അറിയാതെ നിറഞ്ഞു വന്നു…. സന്തോഷം കൊണ്ടായിരുന്നു അതു…

  “ഇതോ… ഇതെന്റെ പേരക്കുട്ടി… എന്ത്യേ…

“ഞങ്ങൾ അറിയാതെ ഒരു പേരകുട്ടിയോ…. സത്യം പറഞ്ഞോ വല്യമ്മേ… വല്യച്ഛ കേൾക്കുന്നുണ്ടോ ഇതൊക്കെ….. ഇത്രയും കാലം വല്യമ്മ വല്യച്ഛനെ ചതിക്കുവായിരുന്നു…

  “ഗൗതമിനു മാറ്റം ഒന്നുമില്ലന്നു അവന്റെ സംസാരത്തിൽ നിന്നും മനസിലായി…

  “ച്ചി അസത്തെ വൃത്തികേട് പറയുന്നോ…. വലുതായെന്നൊന്നും നോക്കില്ല ഒരു വീക് വച്ചു തന്നാൽ ഉണ്ടല്ലോ..

  ആരാ ചേച്ചി ഇത്….

  എന്റെ ദേവകി എല്ലാരും മുറ്റത്തു നിന്നു എന്നോട് ചോദിക്കാതെ അകത്തേക്ക് കേറൂ… അപ്പോൾ അറിയാല്ലോ…

    “ആരുടെ മോളായാലും ഐശ്വര്യം ഉള്ള കുട്ടിയാണിത്.. എത്ര നാളായി എല്ലാരുടെയും മുഖത്തു ഈ സന്തോഷം കണ്ടിട്ട്.. നന്നായി വരട്ടെ…

  വല്യമ്മാവന്റെ ശബ്ദം കേട്ടതും മനസ്സിൽ കുത്തലായിരുന്നു.. ഒരു വീടിന്റ സന്തോഷം ഞാൻ കളഞ്ഞുന്നു ഓർക്കുമ്പോൾ… പതിയെ ചുമരിലായ് ചാരി.. കണ്ണടച്ച് നിന്നു….

      “എന്തോ തറയിൽ വീണ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്…

   നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ദേവേട്ടനെയാണ് കണ്ടത്.. കൈയിൽ ഇരുന്ന ബാഗ് തറയിലായി കിടപ്പുണ്ടായിരുന്നു…

   എന്തു കൊണ്ടോ മുഖം ഉയർത്താൻ തോന്നിയില്ല… കുറ്റബോധം കൊണ്ട് എന്റെ തല താഴ്ന്നിരുന്നു….

  “മോളെ വേദുട്ടി.. ദേവേട്ടൻ പതിയെ വന്നു എന്റെ മുഖം പിടിച്ചുയർത്തി….

   ഒരു പൊട്ടിക്കരിച്ചിലോട് കൂടി ആ നെഞ്ചിലായ് വീണു…

  മാപ്പ് ദേവേട്ട വിഷമിച്ചതിനൊക്കയും മാപ്പ്…. ഞങ്ങൾക്കു ചുറ്റും എല്ലാവരും കൂടുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു…

   ദേവമ്മായി വന്നു തോളിൽ പിച്ചപ്പോളാണ് ദേവേട്ടനിൽ നിന്നും അകന്നു മാറിയത്… പിന്നെയുള്ള കുറേ സമയം പരിഭവങ്ങളുടെയും പരാതികളുടെയും ആയിരുന്നു… അമ്മാവൻ മാരുടെ നെഞ്ചോട് ചേർത്ത് അവരെന്നെ തലോടുമ്പോളും ഒക്കെ ആ പഴയ കുറുമ്പുകാരി വേദുവിലോട്ട് പൊയ്ക്കൊണ്ടിരുന്നു മനസു….

    കുറച്ചു കഴിഞ്ഞാണ് ദൂരെ മാറി നിൽക്കുന്ന ദേവുവിൽ കണ്ണുടക്കിയത്…

  എന്താടി എന്നോട് പിണക്കം ആണോ… അതു ചോദിച്ചതും അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു തുടങ്ങി…

  ഞാൻ കാരണം അല്ലേ ചേച്ചിയ്ക്ക് ഇവിടന്നു പോകേണ്ടി വന്നത് സോറി ചേച്ചി.. എന്നോട് ദേഷ്യം തോന്നരുത്… കരയുന്നതിനിടയിലും അവൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു…

   “അയ്യേ നീ കാരണമോ ആരാ പറഞ്ഞത് അങ്ങനെ… അങ്ങനെ ഒന്നുല്ല ദേവു.. ഇപ്പോ ഞാൻ വന്നില്ലേ.. ഇനിയും എന്തിനാ കരയണേ….

   ആ ബഹളങ്ങൾക്കിടയിലും ഗൗതമിനെ കണ്ടില്ലന്നതു ഞാൻ ശ്രദ്ധിച്ചു… എനിക്കറിയാം അവൻ പിണങ്ങി മാറി നില്പുണ്ടാകും. പണ്ടും അങ്ങനെയാണ് പിണക്കം ഉണ്ടങ്കിൽ എന്നിൽ നിന്നും മാറി അവൻ ഒറ്റയ്ക്ക് എവിടെങ്കിലും ചെന്നിരിക്കും…

   പതിയെ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ കണ്ടു, വരാന്തയിലെ തൂണിലായ് ചാരി നിന്നു പുറത്തേക്കു കണ്ണ് നട്ടു നിൽക്കുന്ന ഗൗതമിന്…

   അവന്റെ അരികിലായി ചെന്നു നിന്നു.പണ്ട് ചെയ്യുമ്പോലെ  അവന്റെ കൈയിലായ് ഒരു നുള്ള് വച്ചു കൊടുത്തു…

   എന്നിട്ടും അവൻ തിരിഞ്ഞു പോലും നോക്കിയില്ല… കൈകെട്ടി നിന്ന അവന്റെ കൈ ബലമായി പിടിച്ചു താഴ്ത്തി…

    താഴ്ത്തിയത് മാത്രമേ ഓര്മയുണ്ടായിരുന്നുള്ളു. കവിളിലെ പുകച്ചിലിൽ നിന്നും മനസിലായി നല്ല ഉഗ്രൻ അടിയായിരുന്നു എന്നു… അടിയുടെ എഫക്ട് അറിയും മുന്നേ തന്നെ. അവനെന്നെ നെഞ്ചോട് ചേർത്തിരുന്നു… അവനും ഞാനും കരയുന്നുണ്ടായിരുന്നു.അവന്റെ വിഷമം ആണ് അവൻ തല്ലി തീർത്തത്.. 

  അപ്പോളാണ് കല്ലുമോൾ കരഞ്ഞുകൊണ്ട് ഓടി വന്നു എന്നെ കെട്ടിപിടിച്ചതു…  ഗൗതം എന്നെ അടിച്ചത് കണ്ടു കരയുന്നതാണ് കക്ഷി…

    കല്ലുമോളെ എന്റെ കൈയിൽ കണ്ടതും എല്ലാ മുഖങ്ങളും മങ്ങിത്തുടങ്ങി..   ഞാൻ അതു കണ്ടതായി ഭാവിച്ചില്ല… കല്ലുമോളെയും എടുത്തു അകത്തേക്ക് നടന്നു…

  എന്നിൽ നിന്നും അകന്നു പോയ സന്തോഷങ്ങളെല്ലാം തിരികെ വന്നത് പോലെ തോന്നി… നാളുകൾക്കു ശേഷം മനസു നിറയെ സമാദാനം ആയിരുന്നു…

   കല്ലുമോൾക്കു ആഹാരം കൊടുത്തു കൊണ്ടിരുന്നപ്പോളാണ് ദേവേട്ടൻ അരികിലായി വന്നിരുന്നത്.. ഗൗതം വന്നതിനു ശേഷം, എന്റെ അടുത്തുന്നു മാറിയിട്ടില്ല… കല്ലുമോൾ ആദ്യം അവനെ കണ്ടു ബഹളം വച്ചെങ്കിലും പിന്നെ അവനുമായി കൂട്ടായി….

     ഞാൻ ഗാഥയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് അവൾ നാളെ എത്തും..

  എന്നിട്ട് എനിക്ക് സംസാരിക്കാൻ തരത്തെതെന്താ ദേവേട്ട അവളോട്  സംസാരിക്കാൻ. 

  ഞാൻ ചോദിച്ചതാ വേദു.. പക്ഷെ അവൾക്കു നിന്നോട് നേരിട്ട് സംസാരിച്ചാൽ മതിയെന്ന്…

   ആം ദേഷ്യം ഉണ്ടാകും എന്നോട്.. സാരമില്ല ഞാൻ ഇതൊക്കെ അർഹിക്കുന്നത് ആണ്….

   അതുപോട്ടെ വല്യമ്മേ കണ്ടില്ലലോ. എവിടെയാ ലെച്ചുവും വല്യമ്മയും ഒക്കെ….

     അവരിപ്പോ ഇവിടല്ല വേദു താമസിക്കുന്നത്. അമ്മാവന്റെ വീട്ടിൽ ആണ്… മുത്തശ്ശൻ ഇവിടന്നു ഇറങ്ങിക്കോളാൻ പറഞ്ഞു…

  അതെന്താ മുത്തശ്ശൻ അങ്ങനെ പറഞ്ഞെ.

അതിപ്പോ നീ അറിയണ്ട. ഞങ്ങളെ ഒക്കെ വേണ്ടാന്ന് വച്ചിട്ട് പോയതല്ലേ, ഗൗതം കുറുമ്പൊടെ പറഞ്ഞു….

      തുടരും..

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “മിഴിയറിയാതെ – ഭാഗം 12”

Leave a Reply