മിഴിയറിയാതെ – ഭാഗം 17

2755 Views

മിഴിയറിയാതെ

പരസ്പരം ഒരുപാടു സ്നേഹിച്ചവർ.. തങ്ങളുടെ ഹൃദയത്തെ പ്രണയത്തിന്റെ മഴ കൊണ്ട് നിറച്ചവർ. മിഴിയറിയാതെ പരസ്പരം അറിഞ്ഞവർ… അവർക്കൊരിക്കലും ഈ ജന്മത്തിൽ ഒരു ഒത്തുചേരൽ വിധിച്ചിട്ടുണ്ടാകില്ല ദത്തെട്ടാ…. മൗനമായി  മനസ്സ് എന്നോട് തേങ്ങി കൊണ്ടിരുന്നു….

    മനസു ദത്തേട്ടനോടുള്ള പ്രണയത്തിൽ പൂത്തുലയുന്നുണ്ട് .. എന്തു വിധിയാണിത്,  ഓർമകളിൽ നിന്നും ഒളിച്ചോടാൻ നിൽക്കുന്ന എന്നിലേക്ക്‌ ഓർമ്മകൾ മലവെള്ളപാച്ചില് പോലെയാണ് വന്നെത്തുന്നത്…..

   തേന്മാവിനെ ചുറ്റിവരിയാൻ വെമ്പുന്ന മുല്ലവള്ളിപോലെ മനസു ദത്തേട്ടനെ തേടി പോകുന്നുണ്ട്… എന്നിൽ വിരിയുന്ന പ്രണയത്തിന്റെ ഓരോ മൊട്ടുകളും അതിന്റെ ഇണയെ തേടാനാകാതെ പൂത്തു കൊഴിയാൻ തുടങ്ങിയിരിക്കുന്നു…

     ശ്രീമംഗലത്തെത്തുവോളം രണ്ടുപേരും മൗനമായ് തന്നെ നടന്നു…  

  അവളോട് ഒന്നും സംസാരിച്ചില്ലങ്കിലും അവളുടെ സാമീപ്യം മാത്രം മതിയായിരുന്നു എനിക്ക്. എന്റെ പ്രണയം, ഒരിക്കൽ എന്റെ ഒരു ചിരിക്കു വേണ്ടി കാത്തു നിന്നവൾ. എന്നിൽ നിന്നും വീഴുന്ന വാക്കുകൾക്ക് കാതോർക്കുന്നവൾ. അന്നൊന്നും അവൾക്കു വേണ്ടി ഞാൻ ചിരിച്ചിരുന്നില്ല, അവൾക്കു വേണ്ടി എന്നിൽ നിന്നും വാക്കുകൾ ഉതിർന്നു വീണിരുന്നില്ല .

       പക്ഷെ ഇന്നവളുടെ ഒരു നോട്ടത്താനായി ഞാൻ അലയുന്നു.അവളിൽ നിന്നും പൊഴിയുന്ന വാക്കുകൾ മുത്തുകളായി മനസിൽ പതിപ്പിക്കാൻ ശ്രമിക്കുന്നു… .

 ദൈവത്തിന്റെ ഓരോ വികൃതികൾ….    

          ശ്രീമംഗലത്തെത്തി  നേരെ കല്ലുമോളെ കാണാൻ ആണ് നടന്നത്. അവൾക്കായി കരുതിയ ചോക്ലേറ്റ് എടുത്തു കൈയിൽ കൊടുത്തു…..ആ കുറുമ്പി എന്റെ തോളിൽ കേറി കവിളിലായമർത്തി ഉമ്മ

വച്ചു. അവളുടെ സന്തോഷ പ്രകടനമായിരുന്നു അത്..  അവൾ വന്നതിനു ശേഷം വീടൊക്കെ ഒന്നുണർന്നു……

ഇതിനോടകം തന്നെ  എല്ലാവരുടെയും പ്രാണനായി മാറിയിരിക്കുന്നു  ആ കുഞ്ഞു കാന്താരി…

   

     ദിവസങ്ങൾ കടന്നുപോയി മനസിലെ പേടിയുടെ കാർമേഘങ്ങൾ  വിട്ടൊഴിയാൻ തുടങ്ങിയിരുന്നു… ആകെ ഉള്ള ഒരു പ്രശ്നം ദത്തേട്ടൻ മാത്രം ആയിരുന്നു.. വൈകിട്ട് സ്കൂൾ കഴിഞ്ഞു പുറത്തിറങ്ങുമ്പോളാകും   ദത്തേട്ടൻ ആ വഴി വരാറ്, ചില ദിവസങ്ങളിൽ ദത്തേട്ടൻ ലിഫ്റ്റ് ഓഫർ ചെയ്യാറുണ്ട് പക്ഷെ അതു സ്വീകരിക്കാൻ തോന്നിയിരുന്നില്ല. ബസ് യാത്രയോടാണ് ഇഷ്ടം,  എന്നു പറഞ്ഞു ഒഴിയാറാണ് പതിവ്…

    മിക്കവാറും ദിവസങ്ങളിൽ എന്തേലും ചെക്കിങ്ങും ഒക്കെ ആയി ദത്തേട്ടൻ ആ പരിസരത്ത് എവിടെയെങ്കിലും കാണാറുണ്ട്…  

  പണ്ടത്തെ പോലായിരുന്നില്ല  ദത്തേട്ടൻ,  ആകെ മാറി.. പണ്ട് ഞാൻ ആഗ്രഹിച്ച പോലൊരു ദത്തെട്ടാനായിരുന്നു ഇപ്പോൾ. പക്ഷെ ഞാൻ അകലമിട്ടു തന്നെ നിന്നു..  ആഗ്രഹങ്ങൾ കൊടുത്തു വേദനിപ്പിക്കാൻ മനസു അനുവദിച്ചില്ല…

  

    അമ്പലത്തിലെ ഉത്സവം വന്നെത്തി. പണ്ടൊക്കെ അതൊരു ആഘോഷം ആയിരുന്നു….. എല്ലാവരും ഒത്തു കൂടി നല്ല രാസമാകും.. എല്ലാ കടകളിലും കേറി ഇറങ്ങി വള വാങ്ങലായിരുന്നു എന്റെയും ഗാഥയുടെയും ഒക്കെ മെയിൻ പരുപാടി…പലനിറത്തിലുള്ള കുപ്പി വളകൾ. അതിങ്ങനെ കൈയിലിട്ട് കിലുക്കി കിലുക്കി നടക്കാൻ നല്ല രസവാണ്…  അതൊക്കെ ഇന്ന് വെറും സുഖമുള്ളൊരു ഓർമയായി മാറിയിരിക്കുന്നു..

   ഉത്സവം പ്രമാണിച്ചു എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു. വല്യമ്മയും പ്രിയേച്ചിയും അവളുടെ ഭർത്താവും  ലെച്ചുവും വല്യച്ചനും എല്ലാരും എത്തിയിട്ടുണ്ടായിരുന്നു…

   നാട്ടിൽ വന്നതിനു ശേഷം ആദ്യയായിട്ടായിരുന്നു  അവരെയൊക്കെ കാണുന്നത്… പ്രിയേച്ചി എന്നോടൊന്നു  ചിരിച്ചു വല്യമ്മയ്ക്കു വലിയ മാറ്റം ഒന്നും തോന്നിയില്യ . പഴേ ഭാവം തന്നെയായിരുന്നു…

    ഉത്‌സവം പ്രമാണിച്ചു എല്ലാവർക്കും പുതിയ ഡ്രസ്സ്‌ എടുത്തു. ഡ്രെസ്സെടുക്കാൻ എന്നെ കൂടി വിളിച്ചെങ്കിലും. ഞാനൊഴിഞ്ഞു മാറി

   കല്ലുമോൾക്കായിരുന്നു ശെരിക്കും ഉത്സവം. ഒരു  കടമുഴുവനുണ്ടായിരുന്നു അവൾക്കു വേണ്ടിട്ടു. ദേവേട്ടനും ദത്തേട്ടനും വിവിയേട്ടനും അമ്മായിമാരും എല്ലാം അവൾക്കു ഡ്രസ്സ്‌ എടുത്തു കൊടുത്തു. കുറുമ്പി താഴത്തൊന്നും ആയിരുന്നില്ല. ഇവിടെ വന്നതിനു ശേഷം അവളെ ഒന്ന് വഴക്ക് പറയാൻ പോലും ആരും സമ്മതിക്കില്ല…. അവളൊന്നു കരഞ്ഞാൽ എല്ലാർക്കും വിഷമം ആണ്…

    ഞാനും ഗാഥയും സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് പ്രിയേച്ചി അങ്ങോട്ടേക്ക് വന്നത്….

  അവൾ വന്നു ഞങളുടടുത്തായിരുന്നു…

    “മോൾക്ക്‌ എത്ര വയസായി വേദു….

 മൂന്നര  കഴിഞ്ഞു പ്രിയേച്ചി…

   “നിനക്ക് എന്നോട് ദേഷ്യമാണെന്നറിയാം, ഒരുപാട് തെറ്റു ചെയ്തിട്ടുണ്ട് നിന്നോട്. അമ്മയുടെ വാക്ക് കേട്ടു അമ്മയുടെ കൂടെകൂടി നിന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. ക്ഷമ ചോദിക്കാൻ മാത്രേ കഴിയുള്ളു… തെറ്റ് തിരിച്ചറിയാൻ വൈകിപോയി വേദു…

   ഞാൻ കാരണമാണ് നിന്റെ ജീവിതം ഇങ്ങനെ തകർന്നത്, അല്ലേ വേദു. മാപ്പ് എല്ലാറ്റിനും…

   അയ്യേ എന്താ പ്രിയേച്ചി ഇത് എനിക്കൊരു ദേഷ്യവുമില്ല. അതൊക്കെ കഴിഞ്ഞില്ലേ. അതൊന്നും ഓർത്തു ചേച്ചി വിഷമിക്കണ്ടാട്ടോ…

    നിന്റെ വലിയ മനസാണ് മോളെ. നീ ക്ഷമിച്ചാലും ദൈവം എന്നോട് ക്ഷമിക്കില്യ. നിന്നെ വേദനിപ്പിച്ചതിന്റെ ഫലം ആണ്. ദൈവം ഒരു കുഞ്ഞിനെ തന്നു  അനുഗ്രഹിക്കാത്തതു. ന്റെ അമ്മയാകാനുള്ള ഭാഗ്യത്തെ നിഷേധിച്ചത്…

   അതു പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു…

   എഴുന്നേറ്റ് ചെന്നു അവളെ നെഞ്ചോട് ചേർത്തു പിടിച്ചു….

  “അങ്ങനെ ഒന്നും കരുതരുത് എല്ലാ ഭാഗ്യവും വന്നു ചേരും. ഞാൻ ഒരിക്കലും ശപിച്ചിട്ടില്ല. എന്റെ വിധിയാണ് എന്നെ കരുതീട്ടുള്ളു… എന്റെ ചേച്ചി തന്നെയാണ്… ഒരിക്കലും ഞാൻ വേറെ കണ്ടിട്ടില്ല… വിഷമിക്കണ്ടാട്ടോ എല്ലാം ശെരിയാകും….

    അവളെന്നെ കെട്ടിപിടിച്ചു സങ്കടം തീരുന്നതു വരെ കരഞ്ഞു. ഗാഥയും വല്ലാതായിരുന്നു.

  എല്ലാം കഴിഞ്ഞു ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടാണ് ഞങ്ങൾ അകത്തേക്ക് പോയത്… കല്ലുമോളെ പ്രിയേച്ചി താഴെ വച്ചിട്ടില്ല. അമ്പലത്തിൽ പോകാൻ അവളെ ഒരുക്കിയതും എല്ലാം പ്രിയേച്ചിയായിരുന്നു…

    ചായ കുടിച്ചിട്ട് അമ്പലത്തിലേക്ക് ഇറങ്ങാമെന്നു കരുതി,  എല്ലാവരും അടുക്കളയിൽ ഒത്തു കൂടി..

  വേദുവേച്ചി  ഈ സാരിയിൽ എന്തു സുന്ദരിയാ… എന്തോ ഒരു കുറവുണ്ടല്ലോ..

  ആ ഇപ്പൊ വരാവേ അതും പറഞ്ഞു ഗൗരി അകത്തേക്ക് ഓടി…

 ഇവളിതെന്തു ചെയ്യാൻ പോകുന്നു എന്നായിരുന്നു എല്ലാവരും നോക്കിയത്..

 അവളോടി വന്നു ന്റെ നെറ്റിയിലായി കുങ്കുമം കൊണ്ട് ഒരു പൊട്ടു വച്ചു…

  “അയ്യോ ഈ കുട്ടി എന്താ യീ കാട്ടണേ. വിധവകൾ പൊട്ടു തൊടാൻ പാടില്ല…

 വല്യമ്മ അതു പറഞ്ഞപ്പോൾ എല്ലാവരിലും ഒരു ഞെട്ടൽ ആയിരുന്നു..

 “അതിനു ന്റെ വേദേച്ചി ….

    “ഗൗരി….. അതൊരു അലർച്ചയയായിരുന്നു. ഒരു നിമിഷം സത്യം എല്ലാവരും അറിയുമോ എന്നു ഞാൻ ഭയപ്പെട്ടു. പരിഭ്രമത്തിൽ ചുറ്റും നോക്കിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി നിൽക്കുന്ന ദത്തേട്ടനെയും, ദേവേട്ടനെയും വിവിയേട്ടനെയും ആയിരുന്നു. അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

   വേഗം ചായ കുടിക്കു ഗൗരി. അമ്പലത്തിൽ പോകാൻ സമയം ആയി അതും പറഞ്ഞു ആരെയും ശ്രദ്ധിക്കാതെ കല്ലുമോൾക്കു ചായയും ബിസ്ക്കറ്റും  കൊടുത്തോണ്ടിരുന്നപ്പോളാണ് വല്യമ്മ ചോദിച്ചത്….

   “ഹരി മരിച്ചിട്ട് ഇപ്പൊ എത്ര വർഷം ആയി വേദു….

   വല്യമ്മയുടെ ചോദ്യം കേട്ടു ആദ്യം ഒരു ഞെട്ടലായിരുന്നു… ഇവിടെ വന്നതിനു ശേഷം ആരും ഇങ്ങനെ ഒന്നും എന്നോട് ചോദിച്ചിട്ടുണ്ടാരുന്നില്ല…

    പരിഭ്രമത്തോടെ നോക്കിയത് ഗൗരിയെ ആയിരുന്നു.. പെയ്യാൻ വെമ്പുന്ന കണ്ണുമായി നിൽക്കുന്ന അവളെ കണ്ടു ന്റെ കണ്ണും നിറഞ്ഞു വന്നു…

   “ഞാൻ ചോദിച്ചത് കേട്ടില്ലേ വേദു…

  അവര് അടുത്തതായി വല്ലതും ചോദിക്കുന്നതിനു മുന്നേ തന്നെ ഞാൻ പറഞ്ഞു തുടങ്ങി…

    “രണ്ടു വർഷം….

“നിന്റെ മോളും നിന്നെ പോലെ ഭാഗ്യം കെട്ടതാണല്ലേ. നീ ജനിച്ചപ്പോൾ നിന്റെ തള്ളയാണ് പോയതെങ്കിൽ. അതു ജനിച്ചപ്പോൾ അതിന്റെ തന്ത അത്രേ ഉള്ളൂ വ്യത്യാസം….

    “മോളെ പറഞ്ഞപ്പോൾ ന്റെ ഹൃദയം വല്ലാതെ വേദനിച്ചു.എന്നിലേക്ക്‌ ദേഷ്യം ഇരച്ചുകേറി .

  ” വല്യമ്മ ഇനി ഒരക്ഷരം ഇതിനെ കുറിച്ച് പറയരുത്‌…. നിങ്ങൾ എന്നെ പറഞ്ഞപോളൊക്കയും ഞാൻ മിണ്ടാതെ കേട്ടു നിന്നിട്ടേ ഉള്ളൂ… എല്ലാവർക്കും വേണ്ടി എല്ലാം വിട്ടു തന്നിട്ടേ ഉള്ളൂ. പക്ഷെ… പക്ഷെ ന്റെ മോളെ പറഞ്ഞാൽ വല്യമ്മ ആണെന്നൊന്നും ഞാൻ നോക്കില്ല… ഞാൻ എങ്ങനെ പ്രതികരിക്കുമെന്നു എനിക്ക് അറിയില്ല.അത് നിങ്ങൾക്ക് ഒരിക്കലും  നല്ലതിനായിരിക്കില്ല …

  അതും പറഞ്ഞു മോളെയുമെടുത്തു പുറത്തേക്കു നടന്നു….

      പുറത്തേക്കിറങ്ങിയതും ദേവേട്ടൻ വന്നു മോളെയും എടുത്തു മുന്നോട്ട് നടന്നു..

   ഞാനും ഗാഥയും പിന്നാലെ നടന്നു. ഗൗരി ദേവുനോടും ലെച്ചുനോടും കൂട്ടായിരുന്നു…

    “നിനക്ക് വിഷമം അയോടി.. ഈ അമ്മായി എത്ര കിട്ടിയാലും പഠിക്കില്ല. പ്രിയേച്ചിടെ ജീവിതം ഒരു ഞാണിൻമേലാണിപ്പൊ എന്നാലും അവരുടെ അഹങ്കാരത്തിനു ഒരു കുറവുമില്ല …

    വിഷമം… ഞാൻ കേട്ടു പഴകിയതല്ലേ ഗാഥാ പലതും പക്ഷെ മോളെ പറഞ്ഞപ്പോൾ, സഹിക്കാൻ കഴിഞ്ഞില്ല . ഞാനവരോട് എന്തു ചെയ്തിട്ട എന്നോട് ഇങ്ങനെ. മാറിക്കൊടുക്കാൻ പറഞ്ഞപോളൊക്കയും  ഒരു അവകാശവാദങ്ങളും ഉന്നയിക്കാതെ മാറീട്ടെ ഉള്ളൂ. എന്നിട്ടും ഇപ്പോളും എന്തിനാ എന്നോട് ഇങ്ങനെ…

   “നീ വിഷമിക്കാതെ വേദു, ചിലരങ്ങനെയാണ് ഒരിക്കലും ഒരനുഭവം കൊണ്ടും മാറില്ല…

   അമ്പലത്തിൽ എത്തി കണ്ണന് മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോളും എന്റെ ഗൗരിയേയും കല്ലുനെയും കഴുകൻ കണ്ണുകളിൽ നിന്നും രക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു….

      ഗാഥയോടും ഗൗതമിനോടുമൊപ്പം അമ്പലകുളത്തിന്റെ പടവുകളിൽ ഇരിക്കുമ്പോളും വിരിഞ്ഞു നിൽക്കുന്ന താമരയിലായിരുന്നു കണ്ണുകൾ..

  താമരയുടെ പ്രണയവും എന്റെ പ്രണയവും ഒരുപോലെ ആണ്, ഒരിക്കലും ചേരാൻ വിധിയില്ലാതെ മനസിന്റെ കോണിൽ പ്രാണനാഥൻറെ മുഖം മറച്ചു അവനോടുള്ള സ്നേഹം ഒളിച്ചു വയ്‌ക്കേണ്ടി വരുന്നു.വാടി കരിയുവോളവും അവന്റെ ഓർമയിൽ പ്രണയത്തിന്റെ നൊമ്പരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു  ..

    പ്രിയയുടെ അമ്മ ഒരിക്കലും നന്നാവില്ല അല്ലേ ദേവാ… അവർക്കെന്തിനാ വേദുനോട് ഇത്ര ദേഷ്യം..

   “അറിയില്ല ദേവിയമ്മായിയോടും അവരിങ്ങനായിരുന്നു എന്നു അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്…

   നീ എന്താ ദത്ത ഈ ആലോചിച്ചു കൂട്ടുന്നെ… അമ്പലമുറ്റത്തുള്ള വലിയ ആലിന്റെ ചുവട്ടിൽ ഇരിക്കുവാണ് എല്ലാവരും. ദത്തൻ ദേവന്റെ മടിയിൽ നെറ്റിയിൽ തല കൈചേർത്ത് കിടപ്പുണ്ട്…

   “ആലിന്റെ ഇലയുടെ എണ്ണം എടുക്കയാണോ നീ ….

      വിവിയുടെ ചോദ്യം കേട്ടതും എണീറ്റു നേരെ ഇരുന്നു കൊണ്ട് ദേവനോട് ചോദിച്ചു…

    “ഹരിയുടെ മരണത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും നിന്നോട് വേദു പറഞ്ഞിട്ടുണ്ടോ…

  ഇല്ലടാ എന്താ ഇപ്പൊ, അവളോട് കൂടുതൽ ഒന്നും ആരും ചോദിച്ചിട്ടില്ല എന്നതാണ് സത്യം…

   അതില് എന്തക്കയോ ദുരൂഹത ഉള്ളപോലെ, ഒന്നുകിൽ ഹരി മരിച്ചിട്ടില്ല അല്ലെങ്കിൽ വേദയുടെ വിവാഹം കഴിഞ്ഞിട്ടില്ല… ദത്തൻ വിരലുകൾ നെറ്റിയിലൂടെ ഓടിച്ചു കൊണ്ട് പറഞ്ഞു…

  “ഹ ബെസ്റ്റ് പോലീസ് ബുദ്ധി പ്രവർത്തിച്ചു  തുടങ്ങിയല്ലോ…..

    “മിണ്ടാതിരിക്കു ദേവാ, നീ പറയു ദത്ത, നിനക്കങ്ങനെ തോന്നാനുള്ള കാരണമെന്താ…

    “കാരണം…”ഇന്ന് അമ്മായി ഭർത്താവ് മരിച്ചവർ പൊട്ടു തൊടില്ലന്നു പറഞ്ഞപ്പോൾ ഗൗരി എന്തോ പറയാൻ തുടങ്ങിയതാണ്, പറഞ്ഞു തുടങ്ങിയതേ വേദുവവളെ തടഞ്ഞു…

  അതുപോലെ പലപ്പോഴും ഹരിയെ കുറിച്ച് ചോദിക്കാൻ തുടങ്ങുമ്പോളൊക്കെ അവള് ഒഴിഞ്ഞു മാറീട്ടെ ഉള്ളൂ…..

    “നമ്മളറിയാത്ത എന്തൊക്കയോ അവളെ അലട്ടുന്നുണ്ട്.. അവളുടെ മനസിൽ താഴിട്ടു പൂട്ടിയ ആ രഹസ്യം ദത്തൻ കണ്ടു പിടിച്ചിരിക്കും. എന്തു വിഷമം അയാലും അവളോടൊപ്പം അത് ഞാൻ പങ്കിട്ടെടുക്കും…

            തുടരും….

  എല്ലാവരോടും ഒരുപാട് സ്നേഹം… കഥ ഇഴയുന്നു എന്നു തോന്നുണ്ടോ. ഓടിച്ചു എഴുതിയാൽ അതിന്റെ ഭംഗി നഷ്ടമാകും… എന്തെങ്കിലും പോരായ്മ ഉണ്ടങ്കിൽ തുറന്നു പറയണംട്ടോ…

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply