മിഴിയറിയാതെ – ഭാഗം 20

7467 Views

മിഴിയറിയാതെ

എക്സാം കഴിഞ്ഞു ദത്തേട്ടനായി കാത്തിരിക്കുകയായിരുന്നു… അപ്പോഴൊക്കയും മനസിൽ ഞാൻ അഭിമുഖികരിക്കേണ്ടി വരുന്ന ചോദ്യങ്ങളും വേദച്ചിക്ക് ഞാൻ കൊടുത്ത വാക്കും ആയിരുന്നു….

     ദത്തേട്ടൻ എത്തിയെന്നു ഫോൺ വന്നപ്പോളേക്കും മനസു ഒരു തീരുമാനത്തിൽ എത്തിയിരുന്നു…ദത്തേട്ടൻ ചോദിക്കുന്നതിന് സത്യസന്ധമായി മറുപടി പറയണം… ഹരിയേട്ടനെ പറ്റിയും പറയണം.. വേദേച്ചിയെ ദത്തെട്ടനോട് ചേർത്തു വയ്ക്കണം….

   “ഞാൻ വരാൻ വൈകിയോ  ഗൗരി….

   “ഇല്ല ഏട്ടാ… എക്സാം കഴിഞ്ഞിട്ട് കുറച്ചു സമയം ആയതേ ഉള്ളൂ…

 ഏട്ടന് ഡ്യൂട്ടി ഇല്ലേ.രാവിലെ ചോദിക്കണമെന്നു   കരുതിയതാ. ഫോർമൽ  ഡ്രെസ്സിലാണല്ലോ വന്നത് അതാ…

 ഇല്ല ഗൗരി ഇന്ന് ലീവെടുത്തു. എന്റെ ഒരു പേർസണൽ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഓട്ടത്തിലാണ്…

   “ഏട്ടൻ എവിടെക്കാ പോകുന്നതെന്ന് ഞാൻ ചോദിച്ചില്ല…

  എനിക്കറിയാം എനിക്കിനി ഒളിച്ചോടാൻ കഴിയില്ല. ഞാൻ എല്ലാം പറഞ്ഞെ മതിയാകു…. അല്ലങ്കിലും എത്ര നാൾ എല്ലാം മറച്ചു വയ്ക്കും…

     ഒരുപാട് മരങ്ങൾ തണൽ വിരിച്ച ഒരു പാർക്കിലായി വണ്ടി നിർത്തി… ദത്തേട്ടനോടൊപ്പം അങ്ങോട്ടേക്ക് നടക്കുമ്പോൾ മനസിൽ വേദേച്ചി ആയിരുന്നു…

   “ഗൗരി….. ഞാൻ എന്താ നിന്നോട് സംസാരിക്കാൻ പോകുന്നതെന്ന് നിനക്കറിയോ…

   ഇല്ല.. ദത്തേട്ടാ…..

   “നിനക്ക് ഒരു ഊഹവും ഇല്ല…..

   “ഇ…ഇല്ല…

    “നിങ്ങൾ ആരെ പേടിച്ചാണ് ബോംബയിൽ നിന്നും ഇങ്ങടക്കു വന്നത്….

     “ദത്തേട്ടന്റെ ചോദ്യത്തിന് എന്തു പറയണമെന്നു എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

      വേദേച്ചിയെയും ഹരിയേട്ടനെയും പറ്റി അറിയാനാകും എന്നോട് സംസാരിക്കുന്നതെന്ന കരുതിയത്. ഇതിപ്പോ ഞാൻ പറഞ്ഞാൽ ദത്തേട്ടൻ പോലീസ് അല്ലേ വേദേച്ചിക്ക് എന്തേലും പ്രശ്നം വരോ…

    “നീ എന്താ ഗൗരി ആലോചിക്കുന്നെ എന്തു കളളം പറയാം എന്നാണോ…

   ഞാൻ എന്തിനാ ദത്തേട്ടാ കളളം പറയുന്നത്.. ഞങ്ങൾ ആരെയും പേടിച്ചിട്ടല്ല നാട്ടിൽ വന്നത്. അവിടെ ഒറ്റയ്ക്കായപ്പോൾ വന്നതാ…

   ഒറ്റയ്ക്കോ. അതുകൊണ്ട് മാത്രം ആണോ… ആണോ ഗൗരി, അത് മാത്രം ആണോ കാരണം..

  അതെ ദത്തേട്ടാ വേറെ കാരണം ഒന്നുമില്ല…

   “അപ്പോൾ ഇവനെ കണ്ടു എന്തിനാ വേദു പേടിച്ചത്… ഇന്നലെ നീ വരാൻ വൈകിയപ്പോൾ അവളെന്തിനാ ഇത്രയും പേടിച്ചത്… അവള് കാട്ടികൂട്ടിയതിന്റെയൊക്കെ അർത്ഥമെന്താ…

    ദത്തേട്ടന്റെ കൈയിലെ ഫോണിൽ പോസ് ചെയ്തു വച്ചിരിക്കുന്ന വീഡിയോയിലെ മുഖം കണ്ടു ഞാനറിയാതെ തന്നെ ആ പേര് എന്നിൽ നിന്നും വീണു…

  ജീവേട്ടൻ…. പേടികൊണ്ട് ന്റെ കൈയൊക്കെ തണുത്തു തുടങ്ങി… കണ്ണുകൾ നിറഞ്ഞു…

    മോളെ ഗൗരി ദത്തേട്ടൻ തോളിൽ കൈവച്ചപ്പോളാണ് ആ ഫോട്ടോയിൽ നിന്നും കണ്ണെടുത്തത്..

    ദത്തേട്ടന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കൊണ്ട് ഞാൻ കരഞ്ഞു..

  ദത്തേട്ടാ ജീവേട്ടൻ ഞങ്ങളെ കൊല്ലും ദത്തെട്ടാ. എന്നെയും കല്ലുനെയും കൊല്ലും വേദേച്ചിയെ, വേദേച്ചിയെ കൊണ്ട് പോകും…..

  ഞങ്ങളെ കണ്ടു പിടിച്ചിട്ടുണ്ടാകും. ഇനി ഞങ്ങൾക്ക് രക്ഷ ഇല്ല ദത്തേട്ടാ..

 “പേടി കൊണ്ട് ഞാനെന്തൊക്കയോ പറഞ്ഞോണ്ടിരുന്നു…

   “മോളെ ഗൗരി നീ ഇങ്ങനെ കരയല്ലേ… എന്തിനാ പേടിക്കണേ.. ഞങ്ങളൊക്കെ ഇല്ലേ.

    ഒരാൾക്കും നിങ്ങളെ ഞങ്ങൾ വിട്ടു കൊടുക്കില്ല…. പക്ഷെ അതിനു മുന്നേ നടന്നതൊക്കെ എനിക്കറിയണം…. എന്നാലേ എനിക്ക് അതിനൊരു പരിഹാരം കണ്ടത്താൻ ആകുള്ളൂ…..

  നിങ്ങൾ ഇങ്ങനെ പേടിക്കാൻ തുടങ്ങി കഴിഞ്ഞാൽ അതിനെ കഴിയു. ഇന്നലെ ഞാൻ കണ്ടതാ വേദൂന്റെ പേടി.. അവള് കാണിച്ചു കൂട്ടിയതൊക്കെയും.. അതുകൊണ്ടാ ഇന്ന് തന്നെ നിന്നോട് എല്ലാം ചോദിച്ചറിയണം എന്നു ഞാൻ ഉറപ്പിച്ചത്. അവളെ ഇനിയും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല ഗൗരി..ഒരിക്കൽ എനിക്ക് നഷ്ടമായ സ്വപ്നമാണവൾ 

   അന്ന്  ഞാൻ ചെയ്ത കുറെ തെറ്റിന്റെ ഫലമായിട്ടാണ് അവളെ എനിക്ക് നഷ്ടമായത്.  ഇനിയും ഞാൻ അവളെ നഷ്ടപെടുത്തില്ല..പക്ഷെ നീ പേടിക്കണ്ട കല്ലുനെ ഞാൻ ന്റെ സ്വന്തം മോളായി തന്നെ വളർത്തും…ഒരു വേർതിരിവും അവളോട് കാണിക്കില്ല..

   ആരാ ഗൗരി, ജീവൻ. അവനെന്തിനാ നിങ്ങളുടെ പിന്നാലെ നടക്കുന്നത്..

   ഞാൻ പറയാം ദത്തെട്ടാ… പക്ഷെ അതിനു മുന്നേ ഏട്ടൻ എനിക്കൊരു വാക്ക് തരണം. വേദേച്ചി ഒരിക്കലും ഞാൻ ഇതൊന്നും ദത്തെട്ടനോട് പറഞ്ഞെന്നു അറിയരുത്… എല്ലാം കേട്ടിട്ടു ദത്തേട്ടൻ എന്റെ വേദേച്ചിക്ക് എതിരായി നീങ്ങരുത്…

    ഞാൻ അവൾക്കെതിരായി നീങ്ങാനോ.. നീ എന്തൊക്കെയാ ഗൗരി ഈ പറയണത്…

    ഞാൻ എല്ലാം പറയാം ദത്തേട്ടാ… പക്ഷെ

ദത്തേട്ടന് എവിടന്നു ആണ് ജീവേട്ടന്റെ ഫോട്ടോ കിട്ടിയത്..

   നിന്റെ വേദേച്ചി ഇന്നലെ ഷോപ്പിഗ് മാളിൽ ആരെയോ കണ്ടു പേടിച്ചതാണ് എന്നു എനിക്ക് സംശയം ഉണ്ടായിരുന്നു. ഞാനും ഗൗതമും ഒക്കെ മാറി മാറി ചോദിച്ചിട്ടും അവളതു സമ്മതിച്ചു തന്നില്ല. രാവിലെ ആ ഷോപ്പിംഗ് മാളിൽ പോയി അവിടത്തെ വീഡിയോ ഫുട്ടേജ്  എടുത്തു.. അതിൽ വ്യക്തമായിട്ടുണ്ട് അവനെ നോക്കുന്ന അവളുടെ കണ്ണുകളിൽ ഉള്ള ഭയം….

       അവളോട് ചോദിച്ചാൽ അവള് ഒന്നും പറയില്ല… വേദൂന്റെ വാശി എനിക്കറിയാം. അവള് ഒരു കാര്യം പറയില്ലെന്നു തീരുമാനിച്ചാൽ ആരെ കൊണ്ടും അത് മാറ്റാൻ കഴിയില്ല. പിന്നെ എന്റെ മുന്നിൽ ആകെ ഉള്ള വഴി നീയാണ്…

     നീ ഒന്നും മറച്ചു വയ്ക്കാതെ എന്നോട് പറയണം. ഹരിയെ പോലെ കണ്ടാൽ മതി എന്നെ…നീ എനിക്ക് എന്റെ ദേവൂനെ പോലെ തന്നെയാണ്. അങ്ങനെയെ ഞങ്ങൾ നിന്നെ കണ്ടിട്ടുള്ളു… 

  “പറയാം ദത്തേട്ടാ, എല്ലാം പറയാം.. 

    “വേദേച്ചി ഇവിടെ നിന്നും ബോംബയ്ക്കു വരുമ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു ശെരിക്കുള്ള പ്രശ്നങ്ങൾ എന്താണെന്നു. ഒരിക്കലും ഇവിടെ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു അതെന്നു ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ചേച്ചിയുടെ കളിയും ചിരിയും ഒക്കെ നഷ്ടായിരുന്നു. ആദ്യമൊക്കെ  അമ്മാവൻ മരിച്ചതിന്റെ വിഷമം ആകും എന്നു കരുതി ഞങ്ങൾ …

      ദിവസം പോകും തോറും വേദേച്ചി ആരുമായിട്ടും ഒരു കോൺടാക്റ്റും ഇല്ലാന്ന് മനസിലായപ്പോൾ ഹരിയേട്ടൻ അതിനെ കുറിച്ച് ചോദിച്ചു…  ഒരുപാട് നിർബന്ധിച്ചിട്ടാണ് അന്ന് ചേച്ചിയെല്ലാം ഞങ്ങളോട് പറഞ്ഞത്… പിന്നീട് ഒരിക്കലും ഞാനും ഹരിയേട്ടനും ചേച്ചിയെ വിഷമിച്ചിരിക്കാൻ സമ്മതിച്ചില്ല.. ഇവിടന്നു വിവിയേട്ടൻ സർട്ടിഫിക്കറ്റ് ഒക്കെ അയച്ചു തന്നതിന് ശേഷം ചേച്ചി പിജി യും എംഫിലും  ഒക്കെ ചെയ്തു …

   ചേച്ചിടെ ജീവിതത്തതിൽ സന്തോഷം മടങ്ങി വന്ന നാളുകൾ.ആ മുഖത്തു വീണ്ടും ചിരി വിരിഞ്ഞു തുടങ്ങി.. 

   അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു വിശ്വനാഥൻ എന്ന വിശ്വൻ അങ്കിൾ..

  അങ്കിളിന് രണ്ടു മക്കൾ ജീവേട്ടനും സഞ്ജുവേട്ടനും.അവരുടെ അമ്മ കുഞ്ഞിലേ മരിച്ചുപോയതാ. അതുകൊണ്ട് അമ്മയ്ക്കും അവരോട് വല്യ കാര്യമായിരുന്നു ..വിശ്വൻ അങ്കിളും, ജീവേട്ടനും ആയിരുന്നു കമ്പനിയിൽ അച്ഛന്റെ സഹായികൾ… എന്തിനും ഏതിനും അച്ഛന് അവര് വേണമായിരുന്നു. അത്രയ്ക്കും അച്ഛൻ അവരെ വിശ്വസിച്ചു…

     ഹരിയേട്ടന് ഒരിക്കലും അച്ഛന്റെ ബിസിനസിൽ താല്പര്യം ഇല്ലായിരുന്നു.. ഏട്ടൻ സോഫ്റ്റ്‌വെയർ ഫീൽഡ് ആയിരുന്നു തിരഞ്ഞെടുത്തത്. ഞങ്ങൾ മക്കളുടെ ഇഷ്ടത്തിനായിരുന്നു എന്നും വീട്ടിൽ മുൻഗണന…

    ഹരിയേട്ടൻ കൂടെ വർക്ക്‌ ചെയ്തിരുന്ന സീതേച്ചിയെ കല്യാണം കഴിച്ചതോടെ വീട്ടിൽ സന്തോഷം ഇരട്ടിയായി

    ജീവേട്ടനും സഞ്ജുവേട്ടനും ഞങ്ങളുടെ വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു…

    ഒരു ദിവസം,  ജീവേട്ടന് വേദേച്ചിയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടന്നു പറഞ്ഞ ദിവസം ആയിരുന്നു ചേച്ചി ദത്തേട്ടനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്നു ഞങ്ങൾക്കു മനസിലായത്..

പക്ഷെ അന്നാണ് ആദ്യമായി ജീവേട്ടന്റെ വേറെ ഒരു മുഖം ഞങ്ങൾ കണ്ടത്…

 വേദേച്ചി ജീവേട്ടന്റെ കൂടെ അല്ലാതെ വേറെ ഒരാളുടെ കൂടെ ജീവിക്കാൻ സമ്മതിക്കില്ലന്ന് ജീവേട്ടൻ പറഞ്ഞു. ആ പേരിൽ ഹരിയേട്ടനും ജീവേട്ടനും വഴക്കായി…

   ആ പ്രശ്നത്തിന് ശേഷം ജീവേട്ടൻ വലുതായി വീട്ടിൽ വരാറില്ല. പക്ഷെ വേദേച്ചി പോകുന്ന ഇടങ്ങളിൽ എല്ലാം ജീവേട്ടൻ കൂടെ പോയി തുടങ്ങി. അത് ചേച്ചിക്ക് മനസികമായി നല്ല പ്രശ്നം ഉണ്ടാക്കി. ഹരിയേട്ടൻ ചോദിക്കാം എന്നു പറഞ്ഞിട്ടും വേദേച്ചി സമ്മതിച്ചില്ല… ചേച്ചിക്ക് നാട്ടിൽ വന്നാൽ മതിയെന്നായി…

     പതിയെ ചേച്ചി ജീവേട്ടന്റെ കാര്യം മറന്നു തുടങ്ങി,  ഞങ്ങൾക്കിടയിൽ കല്ലുമോള് കൂടെ വന്നതോടെ സ്വർഗ്ഗമായിരുന്നു അവിടം…

      ചേച്ചിക്ക് നാട്ടിൽ വരാൻ ആഗ്രഹം കൂടിയപ്പോൾ , അച്ഛനും  അവിടത്തെ ബിസിനസ്‌ അവസാനിപ്പിച്ചു നാട്ടിലേക്ക് വരാൻ തീരുമാനിച്ചു….അമ്മയ്ക്കും ഞങ്ങൾക്കുമൊക്കെ അതായിരുന്നു ഇഷ്ടം… വേദേച്ചി ദത്തെട്ടനോട് പ്രണയം പറയും എന്നു ഹരിയേട്ടന് വാക്ക് കൊടുത്തിരുന്നു.. എല്ലാവരും നാട്ടിലേക്കു വരാൻ ഉള്ള സന്തോഷത്തിലായിരുന്നു..

    കല്ലുന്റെ  ഒന്നാം പിറന്നാൾ ആഘോഷമാക്കി നടത്താനും അതിൽ ഞങ്ങൾ ഇവിടെ ബിസിനസ്‌ എല്ലാം നിർത്തി നാട്ടിൽ പോകുന്ന കാര്യം അന്നൗൻസ് ചെയ്യാനും അച്ഛൻ തീരുമാനിച്ചു…

   അന്ന് ബര്ത്ഡേയ്ക്ക്  വേണ്ടിയുള്ള ഡ്രെസ്സൊക്കെ എടുക്കാൻ വേണ്ടി പോകാനുള്ള തയ്യാറെടുപ്പായിരുന്നു. എനിക്ക് എക്സാം ആയതുകൊണ്ട് ഞാൻ സ്കൂളിൽ പോയി.. വേദേച്ചിക്ക് ചെറിയ തലവേദന ആയതുകൊണ്ട് ചേച്ചി പോയില്ല. ചേച്ചിയോടൊപ്പം കല്ലുമോളും ഉണ്ടായിരുന്നു…

   അന്നായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ അവസാന നാളുകൾ…

   അവരുടെ ആക്‌സിഡന്റ് വാർത്തയാണ് പിന്നെ കേട്ടത്… ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോളേക്കും ഹരിയേട്ടനും സീതേച്ചിയും അമ്മയെയും ഞങ്ങൾക്ക് നഷ്ടയിരുന്നു.. അല്പം എങ്കിലും ജീവൻ ബാക്കി ഉണ്ടായിരുന്നത് അച്ഛന് മാത്രം ആയിരുന്നു….

   അത് പറഞ്ഞപ്പോളേക്കും അവള് കരഞ്ഞിരുന്നു…

   പോട്ടെ മോളെ കഴിഞ്ഞില്ലേ എല്ലാം ഇനിയും കരയരുത്… അവളെ ചേർത്തു പിടിച്ചു അശ്വസിപ്പിക്കുമ്പോൾ ന്റെ നെഞ്ചും നീറുകയായിരുന്നു. ഒരു ദിവസം കൊണ്ട് നഷ്ടങ്ങളുടെ സമ്പാദ്യം ജീവിതത്തതിൽ എത്തുക എന്നു പറയുന്നത് സഹിക്കാൻ കഴിയാത്ത ഒന്ന് തന്നെയാണ്..

  അവള് ഒന്ന് ഓക്കേ ആകാൻ ആവോളം സമയം കൊടുത്തു….

  കുറച്ചു സമയം കഴിഞ്ഞു കണ്ണുകൾ തുടച്ചുമാറ്റി വീണ്ടും അവള് പറഞ്ഞു തുടങ്ങി…

   Icu വിൽ അച്ഛനെ കാണാൻ കേറുമ്പോൾ ന്റെയും കല്ലുമോളുടെയും കൈ പിടിച്ചു അച്ഛൻ വേദേച്ചിയെ ഏല്പിച്ചു…. “ചതിച്ചതാണ്” അത്രമാത്രം പറഞ്ഞു അച്ഛനും മരണത്തിനു കീഴടങ്ങി…

    ഞങ്ങൾക്ക് ഒന്നും മനസിലായില്ല. അതുവരെ ആരും ശത്രുക്കൾ ഉള്ളതായിട്ടൊന്നും അച്ഛൻ പറഞ്ഞിട്ടില്ല… ആകെ പകച്ചു നിൽക്കുന്ന സമയം..

     ഞങ്ങൾക്ക് ഒരു സഹയത്തിന് എന്നു പറഞ്ഞാണ് വിശ്വൻ അങ്കിളും ഫാമിലിയും ഞങ്ങളുടെ വീട്ടിലേക്കു താമസം മാറിയത്. ആദ്യോക്കെ നല്ല സ്നേഹം ആയിരുന്നു. പതിയെ അവരുടെ സ്നേഹത്തിന്റെ ഭാവം മാറി തുടങ്ങി…

    ഞങ്ങൾ അവിടെ ഒരു അവകാശവും ഇല്ലാത്തവരായി. അച്ഛനെ ചതിച്ചതും ആക്‌സിഡന്റിൽ പെടുത്തിയതും ഒക്കെ അയാളാണെന്നും മിണ്ടാതെ നിന്നില്ലെങ്കിൽ ഞങ്ങളെയും കൊല്ലും എന്നും ഭീഷണി പെടുത്തി. ആ വീട്ടിൽ ഞങ്ങൾ തടങ്കലിൽ ആയിരുന്നു….

  അപ്പോഴായിരിക്കാം വിവിയേട്ടൻ വേദെച്ചിയെ അന്വഷിച്ചു അവിടെ വന്നത്…  

  പിന്നെ പിന്നെ ജീവേട്ടൻ ആളാകെ മാറിയിരുന്നു. അത്രയും വർഷം ഞങ്ങൾ കണ്ട ജീവനും സഞ്ജുവും ഒന്നും ആയിരുന്നില്ല അവിടെ…. വേദേച്ചിയെ ഇഷ്ടം ആണെങ്കിലും ഒരിക്കലും ജീവേട്ടൻ ചേച്ചിയെ ഉപദ്രവിക്കാൻ ശ്രമിച്ചില്ല. പക്ഷെ എന്തുനും ഏതിനും വേദേച്ചി അയാളുടെ കണ്മുന്നിൽ ഉണ്ടാകണമായിരുന്നു… ഞാനും കല്ലുവും ആയിരുന്നു അയാളുടെ പിടിവള്ളി…

     ആ നരകത്തിലും വേദേച്ചി മാത്രം ആയിരുന്നു ന്റെ ധൈര്യം. പക്ഷെ സഞ്ജു അവൻ എനിക്കൊരു പേടി സ്വപ്നം ആയിരുന്നു.ജീവേട്ടനെ പോലെ ആയിരുന്നില്ല അവൻ..  അവനെന്റെ കൂടെ ഉള്ള പെരുമാറ്റത്തിന്റെ നിറം മാറിയതോടെ അവിടെ നിൽക്കാൻ ഭയം ആയിരുന്നു…

     ജീവേട്ടൻ വേദേച്ചിയുടെ പിന്നാലെ ആയിരുന്നു… അയാൾ ചേച്ചിയെ  കല്യാണം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. കല്ലുമോളായിരുന്നു അയാളുടെ ആയുധം. അവളെ വച്ചു ഭീഷണിപെടുത്താൻ തുടങ്ങി അവസാനം ഗതികെട്ട് വേദേച്ചി ജീവേട്ടനുമായുള്ള കല്യാണത്തിന് സമ്മതം മൂളി..

   അപ്പോളും വേദേച്ചിയുടെ പ്രാണൻ ദത്തേട്ടനായിരുന്നു…. ഞങ്ങൾക്കു വേണ്ടി ആ പാവം ഒരുപാട് സഹിച്ചു…. ഓരോ രാത്രിയും ദത്തേട്ടനെ ഓർത്തു കരയുന്ന ചേച്ചി ഇന്നും ന്റെ കണ്ണിൻ മുന്നിൽ ഉണ്ട്…

    കല്യാണത്തിന് ഡേറ്റ് കുറിച്ചു. അവർക്കു ആരോടും ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല….

    കല്യാണത്തിന് ഡ്രെസ്സെടുക്കാൻ എല്ലാവരും പോയ ഒരു  ദിവസം… ഞാനും വേദേച്ചിയും കല്ലുവും മാത്രേ അവിടുണ്ടായിരുന്നുള്ളു… പെട്ടന്ന് സഞ്ജു അവിടേക്കു കേറി വന്നു..

       ചേച്ചി മോളെ ഉറക്കാൻ വേണ്ടി മുറിയിലായിരുന്നു. അവൻ വന്നത് ചേച്ചി അറിഞ്ഞില്ല… അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു… എന്റെ നിലവിളി കേട്ടാണ് വേദേച്ചി ഓടി വന്നത്….

    തുടരും…

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 20”

Leave a Reply