പിറ്റേ ദിവസം രാവിലെ തന്നേ വീട്ടിലേക്കു പോയി.. അവിടെ ആരെയും കാണാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല .. ആദ്യമായിട്ടാണ് ഞാൻ ഇത്രയേറെ നിശബ്ദം ആയി പോകുന്നത്..
ഇതുവരെ എത്ര വഴക്കിട്ടായാലും എത്ര വിഷമം ഉണ്ടങ്കിലും ചിരിക്കുന്ന മുഖത്തോടെ അല്ലാതെ ആരുടെ മുന്നിലും ചെന്നിട്ടില്ല… കാരണം ന്റെ കണ്ണൊന്നു നിറഞ്ഞാൽ അച്ഛേട നെഞ്ചിടിപ്പു മാറുന്നത് എനിക്കറിയാരുന്നു….
പക്ഷെ എന്തോ കഴിയുന്നില്ല…. ദത്തേട്ടൻ പറഞ്ഞ വാക്കുകൾ മനസിലങ്ങനെ മുഴങ്ങുന്നുണ്ട്… ആഗ്രഹിക്കാൻ പാടില്ലാരുന്നു…. എല്ലാരും പറയും പോലെ ശാപം കിട്ടിയ കുട്ടി.. അമ്മേ കൊന്നവൾ….
“അച്ഛേട വേദുട്ടിക്കു ന്താ പറ്റിയെ…
അതും ചോദിച്ചു അച്ഛൻ അരികിൽ വന്നിരുന്നു…
“ഒന്നുല്യാ അച്ഛേ.. തല വേദനിക്കുന്നു…
“പനിയുണ്ടോ മോൾക്ക് നെറ്റിയിൽ തൊട്ടു നോക്കികൊണ്ട് അച്ഛൻ അതു ചോദിച്ചപ്പോൾ.. എന്തു കൊണ്ടോ അമ്മയെ ഓർത്തുപോയി… …..
“ഞാൻ കണ്ടിട്ടില്ലെങ്കിൽ കൂടി അമ്മയെ ഒരുപാട് ആഗ്രഹിക്കാറുണ്ട്.. ഇപ്പോളും ആഗ്രഹിക്കുന്നുണ്ട്… അമ്മയുടെ മാറിൽ പറ്റിച്ചേർന്നു കിടക്കാൻ…
മോള് കിടന്നോ അച്ഛൻ വലിയമ്മാവന്റെ കൂടെ ഒരു സ്ഥലത്തു പോകാന്നു പറഞ്ഞിരുന്നു… ഞാൻ ശ്രീമംഗലത്തു പോയി ഗാഥ മോളോട് ഇങ്ങു വരാൻ പറയാം…
“അച്ഛൻ പോയി കുറച്ചു കഴിഞ്ഞതും ഗാഥ അരികിലായി വന്നു…
“നീ എന്താടി ഇങ്ങനെ…. ഒന്നും മിണ്ടാതെ… നിന്നെ ഇങ്ങനെ കാണാൻ കഴിയുന്നില്ല വേദു.. .
നിക്ക് കുഴപ്പൊന്നും ഇല്ലടി പെണ്ണെ… പെട്ടന്ന് ചില സത്യങ്ങളോട് പൊരുത്ത പെടാൻ ഒരു മടി അത്രേ ഉള്ളൂ… കുറേ വർഷങ്ങൾ കൊണ്ട് മനസിൽ കൊണ്ട് നടക്കുന്ന വിഗ്രഹം അല്ലേടി പെട്ടന്ന് അതിനു കോട്ടം തട്ടിയപ്പോൾ ഒരു വിഷമം..
“അവളു നിർബന്ധിച്ചു ശ്രീമംഗലത്തേക്കു കൊണ്ട് പോയി…
കഴിയുന്നതും ദത്തേട്ടനെ കാണാതെ നടന്നു…. ഒറ്റയ്ക്കിരിക്കാൻ തോന്നി ആരോടും ഒന്നും മിണ്ടാൻ ആകാതെ മൗനത്തെ കൂട്ടു പിടിച്ചു……
കുറച്ചു നേരം ഗാഥയോടും ഗൗതമിനോടും ഇരുന്നിട്ട്, അവരോട് കുറച്ചു ഒറ്റയ്ക്കിരിക്കണം എന്നു പറഞ്ഞു പിന്നാമ്പുറത്തു കുളപ്പടവിൽ ചെന്നിരുന്നു.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം അതായിരുന്നു… എത്ര വിഷമത്തോടെ അവിടെ ചെന്നിരുന്നാലും.. വല്ലാത്ത ഒരു കുളിര് മനസിനെ വന്നു മൂടാറുണ്ട്…
മനസിലെ വിഷമം കണ്ണുനീരായി ഒഴുകുന്നുണ്ട്… അല്ലേലും നമുക്ക് ഒരു വിഷമം വന്നാൽ അതുവരെ ഉള്ള വിഷമങ്ങൾ എല്ലാം കൂടി ഒരുമിച്ചു ചേർന്നു മനസിനെ കൊത്തിവലിച്ചോണ്ടിരിക്കും….
എത്രനേരം അങ്ങനെ ഇരുന്നൂന്നു അറിയില്ല… ആരോ കണ്ണുനീർ തുടച്ചു തന്നപ്പോളാണ് നേരെ നോക്കിയത്…
“എന്നെ തന്നെ നോക്കിയിരിക്കുന്ന ദേവേട്ടനെയാണ് കണ്ടത്… രണ്ടുപേരും ഒന്നും മിണ്ടിയില്ല…
പതിയെ ദേവേട്ടന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.. ദേവേട്ടൻ കൈകൾ കൊണ്ടെന്നെ ചേർത്ത് പിടിച്ചു…
“ആയിരം വാക്കുകളേക്കാൾ ആശ്വാസം ഒരു ചേർത്തുപിടിക്കലിൽ നിന്നും ഉണ്ടാകും….
“പണ്ടേ ദേവേട്ടൻ അങ്ങനെയാണ് എന്റെ കണ്ണൊന്നു കലങ്ങിയാൽ ഏട്ടന്റെ മുഖം മാറും അത്രയ്ക്കു ഇഷ്ടാണ് ന്നെ…
“വേദുട്ടി മോൾക്ക് ദത്തൻ പറഞ്ഞത് ഒരുപാട് വേദനിച്ചുന്നു ഏട്ടന് അറിയാം… അവനു വേണ്ടി ഏട്ടൻ നിന്നോട് മാപ്പ് ചോദിക്കുന്നു മോള് അതു മറന്നു കളയൂ..
“അയ്യോ ന്റെ ഏട്ടൻ ന്നോട് മാപ്പ് ചോദിക്കെ… അതൊന്നും വേണ്ട… വിഷമായിന്നുള്ളത് സത്യാണ് പക്ഷെ സാരമില്ല.. വേദുട്ടി എല്ലാം മറന്നല്ലോ.. ദെ ഇങ്ങട് നോക്യേ ചിരിച്ചു കണ്ടോ ഈ..
“പോടീ കുറുമ്പി… വിദ്യാമ്മയി പറയണ പോലല്ല മോളാണ് ഈ വീടിന്റെ വിളക്ക് ഭാഗ്യം സന്തോഷം എല്ലാം..
“മതി മതി ഒന്ന് എണീറ്റു പോയെ.. ന്റെ വിഷമം എല്ലാം മാറി… ഇനി ചിരിപ്പിക്കാൻ ഓരോന്ന് പറയണ്ട…
“ദേവേട്ടനോടൊപ്പം അകത്തേക്ക് പോകുമ്പോൾ അവർക്കൊക്കെ വേണ്ടി ഞാൻ പഴയ വേദു ആവുകയായിരുന്നു…. എങ്കിലും ദത്തെട്ടനിൽ നിന്നും മാറി തന്നേ നടന്നു…
“ഓർമ വച്ചിട്ട് ആദ്യായിട്ടായിരുന്നു അങ്ങനെ… വഴക്കിടാനെങ്കിലും എന്തേലും എപ്പോളും മിണ്ടി കൊണ്ടിരിക്കും…. ഇപ്പൊ എന്തോ നാവിനു ആരോ ചങ്ങലയിട്ടത് പോലെ…
ദത്തേട്ടനെ ആലോചിക്കുമ്പോൾ നെഞ്ചിനുള്ളിൽ കടൽ ഇരമ്പി കേറികൊണ്ടിരുന്നു…….
രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞു പോയി… ദത്തെട്ടനോടൊഴിച്ചു ബാക്കിയുള്ളവരോട് പഴയ വേദുവായി മാറിയിരുന്നു…
എല്ലാരും കുളപ്പടവിൽ ഇരുന്നു കത്തിയടിക്കുവായിരുന്നു.. അപ്പോളാണ് ദത്തേട്ടൻ അങ്ങട് വന്നു
“നിങ്ങളെ അകത്തു തിരക്കുന്നുണ്ട് പിള്ളേരെ ങ്ങടെക്ക് ചെല്ല്…
“അകത്തേക്ക് പോകാൻ തുടങ്ങിയ എന്റെ കൈകളിൽ ദത്തേട്ടൻ പിടിച്ചു…
സംശയത്തോടെ ദത്തേട്ടനെ നോക്കിയ എന്റെ കണ്ണിൽ നോക്കികൊണ്ട് തന്നേ ബാക്കിയുള്ളവരോട് പറഞ്ഞു…
“നിങ്ങൾ അകത്തേക്ക് ചെല്ല്..അവള് ന്റെ കൂടെ വരും…
ഞാൻ ദയനീയമായി ഗാഥയെയും ഗൗതമിനെയും നോക്കി…
അവര് നിസ്സഹായരായിരുന്നു…. അവിടെ തന്നേ താളം ചവിട്ടി നിന്നു രണ്ടും.. പോയില്ലേ നിങ്ങൾ ഇതുവരെ എന്ന ദത്തേട്ടന്റെ ഒറ്റ വാക്കിൽ നിലം തൊടാതെ ഓടിയിരുന്നു രണ്ടും ..
“ദത്തേട്ടനെ നോക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു…
“മുഖത്തേക്ക് നോക്കെടി…
“ശബ്ദം കേട്ടു പതിയെ തല ഉയർത്തി…
“വേദനിച്ചോ നിനക്ക്…
“ഇ…. ഇല്ല..
ന്റെ വാക്കുകൾ വേദനിപ്പിച്ചോ…
അതു കേട്ടപ്പോൾ എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞൊഴുകി…. മുഖം താഴേക്കു ആയിപോയി…
“വേദുട്ടി…..
“ദത്തേട്ടന്റെ ആ വിളികേട്ടതും കണ്ണുകൾ പിടഞ്ഞു പോയി.. ആദ്യായിട്ടാണ് ഇങ്ങനെ ഒരു വിളി…. ദേഷ്യത്തോടെയും ഗൗരവത്തോടെയും അല്ലാണ്ട് ഇന്ന് വരെ ഒരു നോട്ടം പോലും കിട്ടീട്ടില്ല… ബാക്കി ഉള്ളവരോടൊക്കെ ചിരിച്ചു സംസാരിക്കുന്നതു കാണുമ്പോ കുശുമ്പ് കുത്തിട്ടുണ്ട് പലപ്പോഴും…
“സോറി… ന്റെ കാതോരം ആ വാക്കുകൾ കേട്ടപ്പോൾ പിടഞ്ഞു കൊണ്ട് പിന്നോട്ട് വേച്ചു പോയി…
“എന്താ പെണ്ണെ എന്ന പേടിയാണോ നിനക്ക്… ദേവനോടും ഗൗതമിനോടൊന്നും മിണ്ടാൻ ഒരു കുഴപ്പോം ഇല്ലല്ലോ…
ഞാൻ അടുത്ത് വരുമ്പോ മാത്രം എന്താ ഈ വിറയൽ.. ഞാൻ അത്രയ്ക്ക് സ്പെഷ്യൽ ആണോ….
“മറുപടി ഒന്നും കിട്ടാഞ്ഞിട്ടാകും അരികിൽ വന്നു ന്റെ കവിളിലായി ആ ചുണ്ടുകൾ ചേർത്തു…
ഒരു നിമിഷം ശ്വാസം വിലങ്ങിപ്പോയി…. ന്റെ ചുറ്റും ന്താ നടക്കുന്നെന്നു തന്നേ മറന്നു പോയി…. ഒരു മായകാഴ്ചയിൽ മനസ് പാറി നടന്നു….
ഒരു ചിരിയോടെ ദത്തേട്ടൻ നടന്നകന്നിട്ടും എനിക്ക് അവിടെ നിന്നും അനങ്ങാൻ സാധിച്ചില്ല….
കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് തിരികെ വന്നു ന്റെ കൈ പിടിച്ചു കൂട്ടികൊണ്ടു പോകുമ്പോൾ പാവയെ പോലെ ഞാൻ കൂടെ ചെന്നു…
“ഉമ്മറത്തു ചെന്നപ്പോൾ തന്നേ എല്ലാരും ഉണ്ടായിരുന്നു… നിങ്ങൾ ഇതെവിടെ ആയിരുന്നു വേദു…
“അതു… അതു… ഉമ്മ
…
“ഉമ്മയോ… എല്ലാവരും ഒരുമിച്ചു ചോദിച്ചു…
അതല്ല അമ്മേ…. എന്റെ ക്ലാസ്സിലുള്ള ഉമേഷ് കുറേ നാളുകൊണ്ടു ഇവളെ വലിയ ശല്യം…. പക്ഷെ അവളെന്നോട് പറഞ്ഞില്ല അതു ചോദിക്കുവാരുന്നു… ഞാൻ വഴക്ക് പറഞ്ഞു അതിന്റെയ ഈ പരിഭ്രമം….
“ഗാഥ ഇതൊക്കെ എപ്പോ എന്ന രീതിയിൽ നോക്കുന്നുണ്ട്…
നട്ടാൽ മുളക്കാത്ത നുണ പറയുന്നത് കേട്ടു ന്റെ കണ്ണ് താഴെ വീഴാറായി…
എന്നെ നോക്കി ദത്തേട്ടന്റെ വിരലുകൾ ആ ചുണ്ടിലായ് ചേർത്തപ്പോൾ.. ഞാൻ അറിയാതെ തന്നേ ഒരു തണുപ്പ് ന്റെ കവിളിനെ തഴുകി…. ചുണ്ടിലായ് നാണത്തിന്റെ പുഞ്ചിരി വിടര്ന്നു…
മോളെ വേദു എണീക്കു മോളെ….
“രാധമ്മയുടെ വിളികേട്ടു ഞെട്ടി ഉണരുമ്പോൾ ഒരു നിമിഷം എടുത്തു കണ്ട സ്വപ്നങ്ങൾ മാഞ്ഞു പോയി എന്നു വിശ്വസിക്കാൻ…
ദത്തേട്ടന്റെ ചുണ്ടിലെ തണുപ്പ് അപ്പോളും ന്റെ കവിളിൽ അരിച്ചിറങ്ങുന്നുണ്ടായിരുന്നു…
“എന്ത് ഇരുപ്പാണ് മോളെ ഇതു.. നീ വന്നിട്ട് സമയം എത്ര ആയിന്നറിയോ… അവിടെ കല്ലുമോൾ നിന്നെ കാണാതെ കരഞ്ഞു തുടങ്ങി…
“അറിഞ്ഞില്ല അമ്മായി എന്തോ ഓർത്തു ഇരുന്നു ഉറങ്ങിപ്പോയി…. പതിയെ അമ്മായിയോടൊപ്പം ശ്രീമംഗലത്തേക്കു നടന്നു..
എന്റെ ബാല്യം ഞാൻ നടന്നു തീർത്ത വഴികൾ…. പട്ടുപാവാടയും, ദാവണിയും ഒക്കെ ഉടുത്തു കുറുമ്പിയായ ഒരു വേദ ന്റെ മുന്നിലൂടെ ആ വഴിയിലൂടെ ഓടി നടക്കുന്നുണ്ട്….
ഓർമയിൽ വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞു വന്നു… നമ്മൾ ഏറ്റവും ഓർക്കപ്പെടരുതെന്നു ആഗ്രഹിക്കുന്ന കാര്യങ്ങൾ.. അനുവാദം പോലും ചോദിക്കാതെ മനസിനെ നീറ്റിക്കൊണ്ടിരിക്കും…
രാത്രി കഴിച്ചോണ്ടിരുന്നപ്പോളാണ് ചോദിച്ചത്….
“അമ്മായി അവര് വിളിച്ചിരുന്നോ ദേവേട്ടനൊക്കെ…
“വിളിച്ചു മോളെ നാളെ എത്തും…. നീ വന്നിട്ടുള്ള കാര്യം ഞാൻ പറഞ്ഞില്ല.. എങ്കിൽ ഒന്നിനും അവിടെ നിൽപ്പുറയ്ക്കില്ല.. വന്നിട്ട് അറിഞ്ഞാൽമതി….
എല്ലാരും ഇപ്പൊ എന്തെടുക്കുവാ അമ്മായി… പ്രിയേച്ചിയും ദേവുവും…. ലെച്ചുവും ഗൗതമും…
ചിലപ്പോൾ ഓർക്കാറുണ്ട് എല്ലാം കളഞ്ഞിട്ട് ഓടി വന്നു നിങ്ങളുടെ നെഞ്ചിൽ ചേരണം എന്നു പക്ഷെ എന്തു കൊണ്ടോ കഴിഞ്ഞില്ല….
നിന്നെ വിളിച്ചാൽ പോലും കിട്ടാതെ വന്നപ്പോൾ എല്ലാവർക്കും അതൊരു വിഷമം തന്നേയായിരുന്നു…
നീ പോയപ്പോൾ ശ്രീമംഗലത്തെ സന്തോഷവും കൊണ്ടാണ് മോളെ പോയത്… നീ ആയിരുന്നു ഇവിടത്തെ വിളക്ക്.. അതു പലരും തിരിച്ചറിയാൻ വൈകി…
അതിനു മാത്രം എന്താ അമ്മായി ഇവിടെ പ്രശ്നം…
അതിനു ശേഷം പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളു. നീ പോയി കുറച്ചു കഴിഞ്ഞപ്പോളാണ് പ്രിയക്ക് വിവാഹം ആലോചിച്ചു തുടങ്ങിയത്…
അവൾക്കു ദത്തനെയാണ് വിവാഹം കഴിക്കാൻ ഇഷ്ടം എന്നു പറഞ്ഞത് മുതൽ പ്രശ്നങ്ങൾ തുടങ്ങി…
അനിയത്തിയായി കണ്ടവളെ ഒരിക്കലും ഭാര്യയായി കാണാൻ പറ്റില്ലാന്ന് പറഞ്ഞു അവൻ ഇറങ്ങിപ്പോയി…
പ്രിയ ആത്മഹത്യാ ശ്രമം ഒക്കെ നടത്തി…. അവളുടെ അവസ്ഥ കണ്ടു ഇവിടെ എല്ലാവരും ദത്തനോട് കല്യാണത്തിന് സമ്മതിക്കാൻ പറഞ്ഞെങ്കിലും അവൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു…
ദേവൻ നമ്മുടെ ബിസിനസ് നോക്കി തുടങ്ങിയപ്പോൾ.. ദത്തൻ ഇവിടെ നിന്നു മാറി നിൽക്കാൻ വേണ്ടി തിരുവന്തപുരത്തു ഒരു ജോലി നോക്കി അങ്ങോട്ട് മാറി…. ഇവിടേക്കുള്ള വരവ് തന്നേ അവൻ കുറച്ചു….
പ്രിയയെ പറഞ്ഞു മനസിലാക്കി വേറെ ഒരു കല്യാണത്തിന് സമ്മതിപ്പിച്ചു…
പെട്ടന്ന് ഒരു ദിവസം ദത്തൻ ദേവു വിനെ വിളിച്ചു കൊണ്ടാണ് കേറി വന്നത് … അവന്റെ ശബ്ദം കേട്ട് എല്ലാരും ഓടി വന്നു അത്രയ്ക്കും ദേഷ്യത്തിലായിരുന്നു… അങ്ങനെ ഒരു ഭാവത്തിൽ അവനെ ആരും കണ്ടിട്ടില്ല… ഭ്രാന്ത് പിടിച്ചവനെ പോലെ “ന്റെ ജീവിതം നശിപ്പിച്ചല്ലോടി” എന്നു പറഞ്ഞു അവളെ അടിച്ചു തുടങ്ങി . പ്രിയക്കും കൊടുത്തു അടി…
പിടിച്ചു മാറ്റാൻ ശ്രമിച്ചവരെയൊക്കെ അവൻ തള്ളിമാറ്റി. ഒരു ഭ്രാന്തനെ പോലായിരുന്നു ആ സമയത്തെന്റെ കുട്ടി…
എല്ലാവരും വളഞ്ഞു നിന്നു കാര്യം ചോദിച്ചിട്ടും പറഞ്ഞില്ല, അടിച്ചവനും പറഞ്ഞില്ല അടികിട്ടിയവരും പറഞ്ഞില്ല. കൂടെ ഉള്ളവനും പറഞ്ഞില്ല…
അതിനു ശേഷം എന്റെ ദത്തൻ ചിരിച്ചു ഞാൻ കണ്ടിട്ടില്ല മോളെ… ദേവുവിനോടും പ്രിയയോടൊന്നും മിണ്ടിട്ടും ഇല്ല…. ഈ വീടിന്റെ കളിചിരികൾ എന്നേക്കുമായി പടിയിറങ്ങിപ്പോയി…. അവനെയും നിന്നെയും ഒന്നിപ്പിക്കണം എന്നായിരുന്നു ഞങ്ങൾക്കു. ങ്ങാ എല്ലാം കഴിഞ്ഞില്ലേ…..
തുടരും..
എല്ലാരുടെയും കമന്റുകൾക്കു ഒരുപാട് സ്നേഹം…. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എഴുതാനുള്ള പ്രചോദനം. അപ്പൊ പിശുക്കില്ലാണ്ട് അഭിപ്രായം പോന്നോട്ടെ….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
supperr