മിഴിയറിയാതെ – ഭാഗം 8

1577 Views

മിഴിയറിയാതെ

“ആദ്യം ആയിട്ടായിരുന്നു അച്ഛൻ എന്നെ തല്ലുന്നത്.. അച്ഛൻ കൂടെ എന്നെ അവിശ്വസിച്ചു എന്നത് എന്നെ തകർത്തുകളയാൻ പോന്ന ഒന്നായിരുന്നു…. ആരെയും നോക്കാതെ വീട്ടിലേക്കു ഓടുമ്പോൾ ശ്വാസം നിലച്ചു ആ മണ്ണോടു ചേർന്നിരുന്നെങ്കിൽ എന്നു ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു…..

    “എന്റെ മകൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു… അതും പറഞ്ഞു വീട്ടിലേക്കു നടന്ന ആ അച്ഛന്റെ ഹൃദയം വല്ലാതെ നോവുന്നുണ്ടായിരുന്നു… തന്റെ മകളെ ഇങ്ങനെ ഒരു വേര്തിരിവിലാണ് കണ്ടത് എന്നുള്ളത് ആ അച്ഛന് പുതിയ അറിവായിരുന്നു….

   “അവർ പലപ്പോഴും അവളുടെ ഭാഗ്യകേടിനെ പറയാറുണ്ടങ്കിലും അവർ ഈ വീട്ടിലെ കുട്ടിയായി അവളെ അംഗീകരിച്ചില്ല എന്നത്  പുതിയ അറിവായിരുന്നു….

  ദത്തൻ എന്റെ മോളോട് എന്തിനാവും ഇങ്ങനെ ചെയ്തത്. അവനു വേദൂനെ ഇഷ്ടം ആണെന്നും വിവാഹം കഴിക്കണം എന്നും എന്നോട് പറഞ്ഞിട്ടുള്ളതാ.. പിന്നെ എന്താവും ഇങ്ങനെ…

   എന്റെ കുഞ്ഞിനെ ഞാൻ ആദ്യമായാണ് അടിക്കുന്നത്…. അവൾക്കു ഒരുപാട് വേദനിച്ചിരിക്കും, അച്ഛൻ പോലും മനസിലാക്കിയില്ല എന്നു കരുതീട്ടുണ്ടാകും ന്റെ കുട്ടി….

 

    വീട്ടിൽ എത്തി കട്ടിലിലായി വീഴുമ്പോൾ അമ്മയുടെ സാനിധ്യം ആഗ്രഹിച്ചു പോയി… ആ മടിത്തട്ടിലായി കിടക്കാൻ കഴിഞ്ഞെങ്കിൽ… എന്റെ സങ്കടങ്ങൾ ആ നെഞ്ചോരം ഇറക്കി വയ്ക്കാൻ കഴിഞ്ഞെങ്കിൽ…. ചേർത്തു പിടിക്കാൻ ന്റെ അമ്മയുടെ കൈ വേണംന്നു തോന്നിപോയി…

  ഇപ്പൊ വീണ  ഗർത്തത്തിൽ നിന്നും കരകയറാൻ പറ്റാത്തത് പോലെ ഞാൻ അശക്തയായിരുന്നു…. ശ്വാസം പിടയ്ക്കുന്നത് പോലെ നെഞ്ചോക്കെ വിങ്ങുന്നുണ്ടായിരുന്നു… വയ്യ ഈ വേദന സഹിക്കാൻ നിക്ക് വയ്യ…

    തലമുടിയിൽ തഴുകലേറ്റാണ് നേരെ നോക്കിയത്….. അച്ഛനായിരുന്നു… അപ്പോഴും കണ്ണുകൾ ഇടയില്ലാതെ ഒഴുകികൊണ്ടിരുന്നു…

    അച്ഛേടെ മോൾക്ക്‌ വേദനിച്ചോ…

   പതിയെ എണീറ്റിരുന്നു.. ഇല്ലാന്ന് തലയാട്ടി…

   “വല്യമ്മ എന്റെ കുട്ടിയെ അങ്ങനെ ഒക്കെ പറഞ്ഞത് കേട്ടപ്പോൾ സഹിച്ചില്ല അതാ അച്ഛൻ തല്ലിയത്.. ന്റെ മോളെ നിക്ക് വിശ്വാസം ആണ്…. മോള് തെറ്റു ചെയ്യില്ലെന്ന് അച്ഛനറിയാം… അതു പറയുമ്പോൾ ആ വൃദ്ധന്റെ ശബ്ദം ഇടറിയിരുന്നു…

  പോട്ടെ സാരല്യ കുട്ടി… മോള് അതൊക്കെ മറന്നേക്കൂ… നമുക്ക് നമ്മൾ മാത്രം മതി…. ന്റെ കുട്ടി വിഷമിച്ചാൽ അതീ അച്ഛന് സഹിക്കില്ല…

     “അതും പറഞ്ഞു അച്ഛൻ എണീറ്റു പുറത്തേക്കു നടന്നു….

   ഇടയ്ക്ക് എപ്പോഴോ എണീറ്റു പുറത്തേക്കു വന്നപ്പോൾ  അച്ഛൻ മുറിയിൽ കിടക്കുന്നതു കണ്ടു…

   അവിടന്ന് പതിയെ അമ്മ ഉറങ്ങുന്നിടത്തേക്കു പോയി.. ഒരുപാട് വിഷമം വരുമ്പോൾ ഞാൻ അവിടെയാണ് ചെന്നിരിക്കാറുള്ളത്…. അവിടെ മാഞ്ചോട്ടിൽ ചാരി ഇരുന്നു കൊണ്ട് മൗനമായി എന്റെ അമ്മയോട് പരിഭവങ്ങൾ പറഞ്ഞോണ്ടിരുന്നു ….

   എത്ര നേരം അങ്ങനെ ഇരുന്നുന്നു അറിയില്ല…. ദേവേട്ടൻ വന്നു വിളിച്ചപ്പോളാണ് രാത്രി ഏറെ ആയീന്നു ബോധം വന്നത്….

   “എന്തു ഇരിപ്പാ വേദു ഇത് എണീക്കു…..

“അവളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടപ്പോൾ ന്റെ ചങ്ക് പൊടിയുന്നത് പോലെ തോന്നി… എങ്ങനെ കളിച്ചു ചിരിച്ചു നടന്നതാ ന്റെ കുട്ടി…

  ദത്തന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു മോളെ… മോള് എല്ലാം മറന്നു കള അവൻ കള്ളിന്റെ പുറത്തു കാണിച്ചതാണ്.. വിദ്യമ്മായി പറഞ്ഞതും മറന്നു കളഞ്ഞേക്ക്. അവർക്കു വകതിരിവില്ല…

  ദേവേട്ടന്റെ വാക്കുകൾക്ക് വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു…

       “ദേവേട്ടനൊപ്പം വീടിനകത്തേക്ക് കേറുമ്പോൾ ഗാഥ ഭക്ഷണം വിളമ്പുന്നതാണ് കണ്ടത്…

 അപ്പോളാണ് അച്ഛന് പോലും ഒന്നും കഴിക്കാൻ കൊടുത്തില്ലലോ എന്നു ഓർത്തത്‌…

എന്റെ വിശപ്പൊക്കെ കെട്ടിരുന്നു…. പതിയെ അച്ഛന്റെ മുറിയിലേക്ക് നടന്നു….

  അവിടെ എത്തിയപ്പോൾ കണ്ടത് അച്ഛന്റെ കാലു പിടിച്ചു കരയുന്ന ദത്തേട്ടനെയാണ്..  ഉള്ളിലോട്ടു കേറാൻ മടിച്ചു പുറത്തുനിന്നു….

   “വേദുട്ട മോളെന്താ അവിടെ നിൽക്കുന്നെ… കേറി വാ…

  ദത്തൻ പറഞ്ഞു നടന്നതെല്ലാം…. അവൻ ക്ഷമയും ചോദിച്ചു… മോൾക്ക്‌ ദത്തനോട് ദേഷ്യം ഒന്നും വേണ്ടാട്ടോ… അതുപോലെ വല്യമ്മ പറഞ്ഞതൊന്നും ഓർത്തു മോള് വിഷമിക്കണ്ട..ന്റെ മോള് വിഷമിച്ചാൽ അച്ഛനത് സഹിക്കാൻ കഴിയില്യ……

   മറുപടി ഒന്നും പറയാൻ തോന്നിയില്ല… അച്ഛൻ പറയുന്നതിനെല്ലാം. തലകുലുക്കി സമ്മതം അറിയിച്ചു…

  കഴിക്കാം അച്ഛാ… സമയം ഒരുപാട് ആയി…

അച്ഛന് വേണ്ട വിശപ്പില്ല, മോള് കഴിച്ചോ….

   ഞാൻ മറുപടി പറയും മുന്നേ ദത്തേട്ടൻ പറഞ്ഞിരുന്നു…

  എനിക്ക് വേണ്ടി എന്തേലും കുറച്ചു കഴിക്കു കൃഷ്‌ണമാമേ…. പ്ലീസ്….

   “ശെരി എന്നാൽ വാ,  ഞാൻ കഴിച്ചില്ലേ ന്റെ വേദുട്ടനും കഴിക്കില്യ….

  അച്ഛനും ഞാനും കുറച്ചു എന്തൊക്കയോ കഴിച്ചെന്നു വരുത്തി…

   ദേവേട്ടനും ഗാഥയും അന്ന് അവിടത്തന്നെ തങ്ങി.. ദത്തേട്ടനെ ദേവേട്ടൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു..  

  ദത്തേട്ടൻ അവിടെ ഉണ്ടായിരുന്ന സമയത്തു അറിയാതെ പോലും ഒരു നോട്ടം ആ നേരെ ഉയർന്നില്ല കാരണം മനസു കൊണ്ട് അത്രയേറെ ഞാൻ വെറുത്തിരുന്നു അയാളെ ….

    ഗാഥയോട് ചേർന്നു കിടക്കുമ്പോൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല… അല്ലങ്കിൽ ഒരുമിച്ചുള്ള ദിവസം എന്തേലുമൊക്കെ സംസാരിച്ചു നേരം വെളുപ്പിക്കാറുണ്ട്…

    പക്ഷെ ഇന്ന് ഞങ്ങളുടെ ഭാഷ മൗനം ആയിരുന്നു. കത്തിയുടെ മൂർച്ചയുള്ള മൗനം … എത്രയൊക്കെ ശ്രമിച്ചിട്ടും ഉറക്കം എന്റെ കൺപോളയെ തഴുകിയില്ല…. ആറു മണിയായപ്പോൾ തന്നേ എണീറ്റു ചായക്ക്‌ വെള്ളം വച്ചു….

  ഞാൻ ചെല്ലുമ്പോൾ ദേവേട്ടൻ സോഫയിൽ കിടപ്പുണ്ടായിരുന്നു… ശബ്ദം കേട്ടു ഏട്ടൻ ഉണർന്നു…

   നീ ഉറങ്ങിയില്ലേ വേദു…

  ഉറക്കം വന്നില്ല ഏട്ടാ….

   ദേവേട്ടന് ചായ എടുത്തു കൊടുത്തിട്ടു ചായയുമായി അച്ഛന്റെ അടുത്തേക്ക് ചെന്നു…

  അച്ഛൻ എന്നും എണീക്കുന്ന സമയം കഴിഞ്ഞിരുന്നു….

  “അച്ഛാ.. എണീക്കു…. അച്ഛാ….

 ഞാൻ വിളിച്ചിട്ടും അച്ഛന്റെ ഭാഗത്തുന്നു പ്രതികരണം ഒന്നും ഉണ്ടായില്ല….

  ഒന്നുകൂടെ അച്ഛനെ തട്ടി വിളിച്ചു. പക്ഷെ അച്ഛൻ ഉണര്ന്നില്ല…

 ദേവേട്ടാ.. ദേവേട്ടാ… ഞാൻ അലറി കരഞ്ഞുകൊണ്ടിരുന്നു…

    “വേദൂന്റെ വിളികേട്ടു മുറിയിലേക്കു ഓടുമ്പോൾ.. അവൾ അമ്മാവനെ തട്ടി ഉണർത്താൻ ശ്രമിക്കുകയായിരുന്നു…

 “ഗാഥേ ഓടിപോയി ദത്തനോട് വണ്ടി ഇറക്കാൻ പറയു പെട്ടന്ന്….

   “കൃഷ്ണാമയുടെ മുഖത്തു വെള്ളം കുടഞ്ഞു നോക്കിയിട്ടൊന്നും ഉണർന്നില്ല…

അപ്പോളേക്കും ദത്തൻ എത്തിയിരുന്നു… ദത്ത അമ്മാവൻ…

 “ദത്തൻ അമ്മാവന്റെ പൾസ്‌ നോക്കി… ടാ ദേവ ഗൗതമിനോട് വണ്ടി എടുക്കാൻ പറയു …. പെട്ടന്ന്…

  അമ്മാവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയായിരുന്നു… ഞാൻ കാരണം ആണ് ഇതൊക്കെ എന്നത് മനസിൽ വല്ലാതെ കുറ്റബോധം നിറച്ചു. വേദുനോടുള്ള എന്റെ ഇഷ്ടം ആണ് എന്നെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചേ.. വിഷമം കൊണ്ടാണ് കുറച്ചു മദ്യപിച്ചത്.. അവളെ കണ്ടപ്പോൾ ആ വിഷമത്തിൽ. പറ്റിപോയതാണ്… ഈശ്വരാ ഏതു ജന്മം എടുത്തലാണ് ഈ പാപം തീരുക. ഞാൻ കാരണം അമ്മാമയ്ക്കു വല്ലതും സംഭവിച്ചാൽ.. ന്റെ കൃഷ്ണ, ഞാൻ ചെയ്ത തെറ്റിന് എന്നെ ശിക്ഷിച്ചോളൂ ന്റെ വേദു അവളെ അനാഥയാക്കല്ലേ .ആശുപത്രിയിൽ പോകുന്ന വഴിയിലൊക്കെ പ്രാർത്ഥനയായിരുന്നു മനസിൽ….

 

   “എന്താ സംഭവിക്കുന്നതെന്ന് മനസിലാക്കാനാകാത്ത തരത്തിൽ  മനസു മരവിച്ചിരുന്നു…

  മുട്ടിൽ മുഖം ചേർത്തിരുന്ന എന്നെ ദേവമ്മായി വന്നു ചേർത്ത് പിടിച്ചപ്പോളാണ് നേരെ നോക്കിയത്….

  “അച്ഛൻ…..

  “വാ ഹോസ്പിറ്റലിലോട്ടു  പോകാം ഒന്നും സംഭവിക്കില്ല …..

  “ഹോസ്പിറ്റലിന്റെ പടിവാതിൽ കടക്കുമ്പോൾ.. പേടി കൊണ്ട് ഹൃദയം വേഗത്തിൽ മിടിച്ചു തുടങ്ങി.. എന്തോ അരുതാത്തതു സംഭവിക്കാൻ പോണു എന്നു മനസു പറയും പോലെ…

  Icu വിന്റെ മുൻപിൽ ദേവേട്ടനും ദത്തേട്ടനും വലിയമ്മാവൻ മാരും ഒക്കെ ഉണ്ടായിരുന്നു…

  ഇടറുന്ന കാലടിയോടെ icu വിന്റെ വാതിലിനരികിൽ എത്തി.. ധൈര്യത്തിനെന്നോണം ഗാഥയെ മുറുകെ പിടിച്ചിരുന്നു ..

   കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടർ പുറത്തേക്കു വന്നു….

 “ദേവേട്ടനും ദത്തേട്ടനും ഡോക്ടറിന്റെ അരികിലേക്ക് പോയി….

   “I am  sorry … അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളു.ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…

     ഡോക്ടർ പറഞ്ഞ വാക്കുകൾ മനസിലാക്കാൻ നിമിഷങ്ങൾ വേണ്ടി വന്നു… കാതിലൂടെ ആ വാക്കുകൾ തുളച്ചു കേറി…

    എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല…. അല്ലങ്കിൽ മനസിലാക്കാൻ എന്റെ മനസു മടിച്ചു നിന്നു….

    പെട്ടന്ന് ബോധം മറയുന്നതു പോലെ തോന്നി.. കണ്ണുകൾ അടയുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അച്ഛനേം അമ്മയെയും ആണ് കണ്ടത്…

   

   കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് ട്രിപ്പിന്റെ സ്റ്റാൻഡ് ആയിരുന്നു….

  അച്ഛൻ….. അച്ഛാ….. എന്നുറക്കെ വിളിച്ചു കൈയിലെ ക്യാനൂല വലിച്ചു പറിച്ചെറിഞ്ഞു icu വിന്റെ മുമ്പിലേക്ക് ഓടി…

  ആരോ വട്ടം പിടിച്ചു… എനിക്കാരെയും കാണാനുള്ള മാനസികാവസ്ഥയില്ലായിരുന്നു….

      ഉറക്കെ ഉറക്കെ കരയുമ്പോൾ ആ സത്യം ഞാൻ മനസിലാക്കുക ആയിരുന്നു… അച്ഛൻ എന്ന സത്യം ഇനി ഇല്ല എന്നത്.ഞാൻ ഇനി തനിച്ചാണെന്നെത്..

    ” അച്ഛനെകിടത്തിയിരിക്കുന്നതിനടുത്തു മുട്ടിൽ തല ചേർത്ത് അച്ഛനെ നോക്കി ഇരിക്കുമ്പോൾ ഉറങ്ങുകയാണെന്നു തോന്നി… കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയിരുന്നു …

   ഇടയ്ക്ക് ഏട്ടാ എന്നുള്ള നിലവിളി കേട്ടപ്പോൾ മനസിലായി സുഭദ്രപ്പ വന്നു എന്നു… അച്ഛന്റെ ഒരേ ഒരു പെങ്ങൾ അവര് ബോംബയിൽ ആണ്…

 അപ്പച്ചി എന്നെ ചേർത്ത് പിടിച്ചു എന്തക്കയോ പതം പറയുന്നുണ്ട്….. പക്ഷെ എന്റെ ചെവികളുടെ കേൾവി നഷ്ടമായത് പോലെ… എന്റെ കണ്ണുകൾക്ക്‌ അന്ധകാരം ബാധിച്ചത് പോലെ,  എനിക്കൊന്നും കാണാനും കേൾക്കാനും കഴിഞ്ഞിരുന്നില്ല…

      ഇടയ്ക്ക് എപ്പോളോ ഇനി ആരും വരാനില്ലലോ ചടങ്ങ് തുടങ്ങാം എന്നു പറയുന്നത് വിദൂരതയിൽ നിന്നെന്നപോലെ കേട്ടു…

  ആരോ പിടിച്ചു കൊണ്ട് പോയി അച്ഛന്റെ വായിലേക്ക് അരിയും എള്ളും പൂവും കൊടുക്കുമ്പോഴും എന്നിൽ നിന്നും  കണ്ണുനീർ ഒഴുകാൻ മറന്നു നിന്നു.ആ കാൽക്കൽ തൊട്ടു നമസ്കരിക്കുമ്പോൾ, ആ കാലിൽ കേറി നിന്നു പിച്ചവച്ചതായിരുന്നു മനസു നിറയെ….

  എടുക്കാം എന്നാരോ പറഞ്ഞപ്പോളാണ് അച്ഛൻ ഇനി ഇല്ലെന്നുള്ള സത്യം മനസിലേക്ക് വന്നത്… അപ്പച്ചിയുടെ കൈ വിടുവിച്ചു  അലറികരഞ്ഞു കൊണ്ട്  അച്ഛന്റെ അടുത്തേക്ക് ഓടി…

 “അച്ഛേ എണീക്കു അച്ഛേ… കണ്ണ് തുറന്നു വേദു നെ ഒന്ന് നോക്ക് അച്ഛേ… എണീക്കു അച്ഛേ. ഇന്നലെ അച്ഛ പറഞ്ഞില്ലേ നമുക്ക് ആരും വേണ്ട നമ്മള് മതീന്ന്. ന്നിട്ട്, ന്നിട്ട് ന്നെ പറ്റിച്ചിട്ടു പോവാണോ. ഞാൻ ഒറ്റയ്ക്കായി പോകും. എണീറ്റു വാ അച്ഛേ. നിക്ക്… നിക്ക് പേടിയാ അച്ഛയില്ലാതെ..

  “അച്ഛേട മോള് ഒരു തെറ്റും ചെയ്തിട്ടില്ല ഒന്ന് വിശ്വാസിക്ക്…. ന്നോട് പിണങ്ങി പോകല്ലേ…എണീറ്റു വാ പെട്ടന്ന്… 

 വേദുട്ടിക്കു ആരും ഇല്ല…

   മുത്തശ്ശാ ഒന്ന് പറയു…. ദേവേട്ടാ ഒന്ന് എണീക്കാൻ പറയു ദേവേട്ടാ… പ്ലീസ്…..

 ആരൊക്കയോ ചേർന്നു  അവളെ ബലമായി പിടിച്ചു മാറ്റുമ്പോൾ ആ നിലവിളി കേൾക്കാൻ കരുത്തില്ലാതെ എല്ലാവരും മിഴി പൂട്ടി നിന്നു…

   അച്ഛനെ എടുത്തോണ്ട് പോയവരുടെ പിന്നാലെ ഓടുമ്പോൾ ആരൊക്കയോ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു…. അവരെയൊക്കെ മാറ്റി കുതറി ഓടുമ്പോൾ പടിയിൽ തട്ടി വീണത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളു….

    “ഉണരുമ്പോൾ മുറിയിലായിരുന്നു… അടുത്ത് അപ്പച്ചിയും ഗാഥയും മുത്തശ്ശിയും ഉണ്ടായിരുന്നു…..

     “മോളെ എണീക്കു എന്തെങ്കിലും കഴിക്കാം…. വേണ്ട മുത്തശ്ശി… അതും പറഞ്ഞു വീണ്ടും മുത്തശ്ശിയുടെ മടിയിലായി ചുരുണ്ടു കൂടി കിടന്നു…

  അപ്പോളും എനിക്ക് ചുറ്റുമുള്ള ചുണ്ടുകൾ സംസാരിക്കുന്നുണ്ടായിരുന്നു..ന്റെ ഭാഗ്യ നിർഭാഗ്യങ്ങളുടെ കണക്കെടുപ്പുകൾ അവർ നടത്തുന്നുണ്ടായിരുന്നു … അതിൽ ആകെ മുഴങ്ങി കേട്ടത്‌ ഭാഗ്യം കെട്ടവൾ എന്നതായിരുന്നു…. അതെ ഭാഗ്യം കെട്ടവൾ, ന്റെ ചുണ്ടും അതേറ്റു പറയുന്നുണ്ടായിരുന്നു. …. അമ്മയെയും അച്ഛനെയും പോലെ വലിയൊരു ഭാഗ്യം വേറെ എന്തുണ്ട്… അത് നഷ്ടപെട്ടവൾ എന്നും ഒരു ഭാഗ്യം കെട്ടവളാണ്….

     നമുക്ക് ചുറ്റും എത്രപേരുണ്ടന്നു പറഞ്ഞാലും.. ഏറ്റവും വലിയ സ്വത്തും അനുഗ്രഹവും അത് അച്ഛനും അമ്മയും ആണ് … അത് നഷ്ടപെട്ടവൾക്കു ഇനി എന്തു ജീവിതം, ഇനിയെന്ത് ഭാഗ്യം… ജീവിതത്തിലെ വസന്തകാലം കഴിഞ്ഞിരിക്കുന്നു. ഒരിക്കലും തളിരിലകൾ തീളിർക്കാത്ത ചെടിപോലെ ഞാനും ഉണങ്ങി തുടങ്ങിയിരിക്കുന്നു….

               തുടരും

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 8”

Leave a Reply