മിഴിയറിയാതെ – ഭാഗം 9

3059 Views

മിഴിയറിയാതെ

നമുക്ക് ചുറ്റും എത്രപേരുണ്ടന്നു പറഞ്ഞാലും.. ഏറ്റവും വലിയ സ്വത്തും അനുഗ്രഹവും അത് അച്ഛനും അമ്മയും ആണ് … അത് നഷ്ടപെട്ടവൾക്കു ഇനി എന്തു ജീവിതം, ഇനിയെന്ത് ഭാഗ്യം… ജീവിതത്തിലെ വസന്തകാലം കഴിഞ്ഞിരിക്കുന്നു. ഒരിക്കലും തളിരിലകൾ തീളിർക്കാത്ത ചെടിപോലെ ഞാനും ഉണങ്ങി തുടങ്ങിയിരിക്കുന്നു….

  ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട് … കണ്ണടക്കാൻ പോലും പറ്റാത്ത അവസ്ഥ…. ഉറക്കത്തെ പ്രണയിച്ചു തുടങ്ങിയ നാളുകൾ. ഉറക്കത്തിന്റെ നിഴലുകൾ  എന്നിൽ  ഒരു തഴുകലെങ്കിലും  തീർത്തിരുന്നെകിൽ എന്നു ആഗ്രഹിച്ചു. കണ്ണടയ്ക്കുമ്പോൾ മുന്നിൽ വന്നു കരഞ്ഞു കൊണ്ട് നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം എന്നിൽ ഭ്രാന്തിന്റെ മറ്റൊലികൾ തീർത്തു തുടങ്ങി…

    അവസാനം ഒന്നുറങ്ങാൻ ഗുളികകളെ ആശ്രയിക്കേണ്ടി വന്നു… ജീവിതത്തിലെ ശൂന്യത മനസിനെയും ബാധിച്ചു തുടങ്ങി.. ആരോടും മിണ്ടാതെ ആരെയും കാണാതെ ആ വീടിന്റെ ചുവരിനുള്ളിൽ ഒതുങ്ങാൻ ഞാൻ ആഗ്രഹിച്ചു….

   പതിനാറു കഴിഞ്ഞു അപ്പച്ചി  ബോംബെയ്ക്ക്  പോകാൻ തീരുമാനിച്ചു… അമ്മാവൻ മരണം നടന്നു  രണ്ടു ദിവസം കഴിഞ്ഞു പോയിരുന്നു…. അപ്പച്ചിയുടെ മോൻ ഹരിയേട്ടനും മകൾ ഗൗരിയും  അപ്പച്ചിയോടൊപ്പം ഉണ്ടായിരുന്നു …

   അവര് നാട്ടിൽ വരുമ്പോളൊക്ക ആഘോഷം ആയിരുന്നു. ന്റെ ദേവേട്ടനെ പോലെയാണ് ഹരിയേട്ടൻ എനിക്ക്.. ഇവിടെ വരുമ്പോഴൊക്കയും എന്നോട് തല്ലു കൂടിയും കുറുമ്പ് പറഞ്ഞും എന്റെ ഒപ്പം ഉണ്ടാകും ആളു. പക്ഷെ ഇപ്പോൾ അവരും  എന്നെ കാണാതെ എന്നോട് കുറുമ്പ് പറയാതെ ഒഴിഞ്ഞു നിന്നു….

  എന്നോട്  അപ്പച്ചിയുടെ കൂടെ പോകാൻ നിർബന്ധിച്ചെങ്കിലും… ക്ലാസ്സു കഴിയാൻ ഇനിയും മൂന്നുമാസം കൂടെ ഉണ്ടന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു.. …..

     ഗാഥയും രാധമ്മായിയും  ഗൗതമും എനിക്ക് കൂട്ടായി താഴത്തു വീട്ടിൽ തന്നേ നിന്നു… ശ്രീമംഗലത്തു പോകാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.എനിക്ക് കഴിയുമായിരുന്നില്ല അങ്ങടേക്കു പോകാൻ. ഒരിക്കൽ എനിക്ക് സന്തോഷം നല്കിയ വീട്, ഇന്നെനിൽ ദുഖത്തിന്റെ തീരാ ഭാരം നിറച്ചതും അവിടം  ആണെന്നതു നോവ് തന്നെയായിരുന്നു….

      ആ വീടും ദത്തേട്ടനും വല്യമ്മയും ഒക്കെ ഇപ്പൊ എന്റെ പേടി സ്വപ്നങ്ങളിൽ വന്നു പോകുന്നവരായി തീർന്നിരിക്കുന്നു…

  എന്റെ പ്രാണനിലേറെ ഞാൻ സ്നേഹിച്ചവൻ ഇന്നെന്റെ മനസിന്‌ തന്നേ തീരാവേദന തന്നിരിക്കുന്നു.എന്നും കാണാൻ പിന്നാലെ നടന്ന മുഖം ഇന്ന് ന്റെ ഓർമയിൽ പോലും വരാതിരിക്കാൻ ആഗ്രഹിക്കുന്നു…

  കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ നഷ്ടങ്ങളുടെ തട്ട് എപ്പോഴും എന്നിൽ താഴ്ന്നു തന്നെയായിരുന്നു….

   കോളേജിൽ പോകാൻ ഗാഥ നിർബന്ധിച്ചെങ്കിലും… പോകാൻ മനസു വന്നില്ല… രണ്ടു ദിവസം കൂടി കഴിഞ്ഞു കോളേജിൽ വരാമെന്ന് പറഞ്ഞു അവളെ പറഞ്ഞയച്ചു…

  ഞാൻ എന്നിലേക്ക്‌ തന്നേ ഒതുങ്ങിക്കൂടി. എന്റെ മുറിയിലും അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിലുമായി സമയം കഴിച്ചു കൂട്ടി… എനിക്ക് ചുറ്റുമുള്ളവരെ കാണാതിരിക്കാൻ മനഃപൂർവമായി തന്നേ കണ്ണടക്കാൻ ശ്രമിച്ചു….

  “ഇനിയെന്ത് അതെന്റെ മുന്നിൽ വലിയൊരു ചോദ്യം ആയിരുന്നു.. എത്രനാൾ ഇവരെനിക്കു വേണ്ടി ഇവിടെ കൂട്ടു നിൽക്കും… നിര്ബന്ധമായി തന്നേ ഞാൻ ശ്രീമംഗലത്തു പോകേണ്ടി വരും… അതു എന്റെ മനസു ഒരിക്കലും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.എന്തുകൊണ്ടോ തോറ്റു കൊടുക്കാൻ മനസു അനുവദിച്ചില്ല …

    “അച്ഛേ ഇനിയെന്താ ഞാൻ ചെയ്യേണ്ടത്… നിക്ക് ശ്രീമംഗലത്തു പോകണ്ട.ന്നെ ഒറ്റയ്ക്കാക്കി പോയതെന്തിനാ. ന്നേം കൂടെ കൊണ്ട് പൊയ്ക്കൂടായിരുന്നോ. എല്ലാവർക്കും ഒരു ബാധ്യതയായി എത്ര നാളിങ്ങനെ ….

  അച്ഛനോടും അമ്മയോടും മൗനമായി സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് ദേവേട്ടൻ വന്നത് കൂടെ ദത്തേട്ടനും ഉണ്ടായിരുന്നു…

  “മോളെ വേദു… എന്തു കോലമാണെടി പെണ്ണെ ഇത്… സഹിക്കാൻ കഴിയുന്നില്ല വേദു.. നിന്നെ ഇങ്ങനെ കാണാൻ ഞങ്ങൾക്ക് പറ്റില്ല മോളെ… ഞങ്ങൾക്കു വേണ്ടി എങ്കിലും നിനക്ക് പഴയ വേദു ആയിക്കൂടെ…

  “പഴയ വേദു… ഇനി ഉണ്ടാവില്ല ദേവേട്ടാ….ആ വേദുവിന്റെ നിഴൽപോലും  ഇപ്പോൾ എന്നിൽ അവശേഷിച്ചിട്ടില്ല. ഞാൻ എല്ലാവരെയും ഹൃദയം നിറഞ്ഞേ സ്നേഹിച്ചിട്ടുള്ളു.എന്റേതായി കണ്ടേ ചേർത്തു പിടിച്ചിട്ടുള്ളൂ. പക്ഷെ എനിക്കുള്ള സ്ഥാനങ്ങളുടെ വലിപ്പം അറിയാൻ വൈകിപോയി . ഇനി ആരിൽ നിന്നും ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല…. വേദനകളും അവഗണനകളും താങ്ങാനുള്ള ശക്തി എന്നിൽ അവശേഷിക്കുന്നില്ല ഇപ്പോൾ അതാണ് സത്യം .

   വേദു ഒരു പൊട്ടിയാണ് വെറും പൊട്ടി.. മാനത്തെ മഴവില്ല് കണ്ടു ജീവിതം ആഗ്രഹിച്ചവൾ.നല്ലൊരു വെയിൽ വരുമ്പോൾ മാഞ്ഞുപോകാനുള്ള വർണങ്ങളെ അതിനുള്ളു എന്നു മനസിലാക്കാൻ വൈകി പോയി ഞാൻ .. ഇനി ഞാനും ന്റെ പൊട്ടത്തരങ്ങളും ആർക്കും ഒരു ശല്യാവില്ല… ദത്തേട്ടന്റെ മുഖത്തു നോക്കിയാണ് അത്രയും പറഞ്ഞത്….

  പറഞ്ഞു പറഞ്ഞു കാടു കേറണ്ട എണീറ്റു വാ മുത്തശ്ശനും മുത്തശ്ശിയും വന്നിട്ടുണ്ട്…

    “ദേവേട്ടനോടൊപ്പം എണീറ്റു നടക്കാൻ തുടങ്ങിയപ്പോളാണ് ദത്തേട്ടൻ പറഞ്ഞത് .

ദേവ നീ നടന്നോ വേദുനോട് നിക്ക്  കുറച്ചു സംസാരിക്കാൻ ഉണ്ട്….

   തിരിഞ്ഞു ഒരു നിമിഷം ദത്തേട്ടനെ നോക്കി… എന്തിനുവേണ്ടിയോ കണ്ണുകൾ നിറഞ്ഞു…

   ഒരു നിമിഷം കണ്ണടച്ച് പിടിച്ചു.ദത്തേട്ടന് മുന്നിൽ കരയില്ലെന്നു വീണ്ടും വീണ്ടും മനസിനെ പഠിപ്പിച്ചു…

  ദേവേട്ടാ ഞാനും വരുന്നു… എനിക്കാരോടും ഒന്നും സംസാരിക്കാനില്ല… ശ്രീമംഗലത്തെ ആങ്കുട്യോൾക്ക് തടസ്സം ആയി വേദ ഇനി ഉണ്ടാവില്ല.നഷ്ടങ്ങളുടെ പട്ടിക വലുതാണെങ്കിലും അഭിമാനം ആർക്കു മുന്നിലും അടിയറവു വയ്ക്കാൻ നിക്ക് ആഗ്രഹം ഇല്ല .അത്രയും പറഞ്ഞിട്ടു ദത്തേട്ടനെ നോക്കാതെ ഉമ്മറത്തേക്ക് നടന്നു..

  ഉമ്മറത്ത് എത്തിയതും മുത്തശ്ശനും മുത്തശ്ശിയും ഇരുപ്പുണ്ടാരുന്നു… മുത്തശ്ശൻ കൈ കാട്ടി വിളിച്ചതും ഓടി ആ നെഞ്ചിലായമർന്നു… കണ്ണിൽ നിന്നും ഞാനറിയാതെ തന്നേ കണ്ണുനീർ പെയ്തിറങ്ങി…

   എന്തു രൂപവാണു കുട്ട്യേ നിന്റെ.. മുത്തശ്ശി തലമുടിയിൽ തഴുകി കൊണ്ട് ചോദിച്ചു….

  മറുപടി ഒന്നും പറയാൻ തോന്നിയില്ല….

  “മുത്തശ്ശന്റെ വേദുട്ടി ഒന്ന് മുത്തശ്ശനെ നോക്കിയേ… നമുക്ക് പോകാം മോളെ ശ്രീമംഗലത്തേക്കു… അതു നിനക്കൂടെ അവകാശപെട്ട വീടാണ്…. മോള് വരണം…

   “ഞാൻ വരില്ല മുത്തശ്ശാ എന്നെ വിളിക്കല്ലേ.. മുത്തശ്ശൻ പറഞ്ഞാൽ നിക്ക് അനുസരണക്കേടു കാട്ടാൻ വയ്യ…

  പക്ഷെ നിക്ക് ഇനി അവിടെ വയ്യ.. ശാപം കിട്ടിയ ജന്മാണ് എന്റേത്. ആ ശാപം എന്നോടെ തന്നേ തീർന്നോട്ടെ… വേറെ ആർക്കും ഞാൻ കാരണം ഒരു ബുദ്ധിമുട്ട് വേണ്ട…

   എന്തൊക്കെയാ ന്റെ കുട്ടി ആലോചിച്ചു കൂട്ടിയിരിക്കുന്നെ…

  സത്യവാണു  മുത്തശ്ശി…. പറഞ്ഞതൊക്കെയും പലരുടെയും മനസിൽ ഉള്ള സത്യങ്ങളാണ്…. ദത്തേട്ടന്റെ മുഖത്തു നോക്കിയാണ് അത്രയും പറഞ്ഞത്…

  “മുത്തശ്ശാ ഞാൻ ഹോസ്റ്റലിൽ നിന്നോട്ടെ… എനിക്ക്.. എനിക്കിവിടെ നിൽക്കാൻ വയ്യ മുത്തശ്ശാ….

   “ഞങ്ങളൊന്നും നിനക്ക് ആരും അല്ലേ മോളെ…

  അങ്ങനെ അല്ല മുത്തശ്ശി… എനിക്ക് ഇവിടെ പറ്റണില്ല.. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ഭ്രാന്തെടുക്കും.മരിക്കാൻ തോന്നുവാ. ഇനിയും വയ്യെനിക്കിവിടെ …

  ഞാൻ എന്തു പറയാനാ ന്റെ കുട്ട്യേ … നിനക്ക് സമാദാനം കിട്ടണപോലെ നീ ചെയ്യൂ.. ന്റെ മുന്നിൽ കിടന്നു നീ വേദനിക്കുന്നത് കാണാൻ ഈ വൃദ്ധന് വയ്യ കുട്ട്യേ….

        ഞാൻ സമ്മതിക്കില്യ… നീ ഞങ്ങളെ വിട്ടു എവിടെ എവിടെയാ പോകുന്നെ. നിനക്ക് ഞങ്ങളെ കാണാതിരിക്കാൻ പറ്റോ വേദു…. പറയു…. എനിക്കെന്റെ കുഞ്ഞിനെ കാണാതിരിക്കാൻ പറ്റില്ല… ഇന്ന് വരെ ഞങ്ങളു നിന്നെ വേർതിരിച്ചു കണ്ടിട്ടുണ്ടോ… എന്റെ ഗാഥയെ പോലെ തന്നേ അല്ലേ നീയുമെനിക്ക്…

    ദേവമ്മായി ആയിരുന്നു… എന്നോട് അതു പറയുമ്പോൾ അമ്മായി കരയുന്നുണ്ടായിരുന്നു… ശെരിയാണ് ഇന്നുവരെ എന്നെ വേർതിരിച്ചു കണ്ടിട്ടില്ല… ഗാഥയെ പോലെയെ കണ്ടിട്ടുള്ളു…..

  ന്റെ അമ്മയായിട്ട് തന്നെയായിരുന്നു വളർത്തിയത്… ആ കണ്ണുനീരും കാണാനുള്ള മനസു അപ്പോളെനിക്കില്ലായിരുന്നു…

     എനിക്കു നിങ്ങളെ പിരിഞ്ഞിരിക്കാൻ കഴിയില്ല ദേവമ്മായി പക്ഷെ ഇപ്പൊ എനിക്കിവിടെ പറ്റില്ല… എന്നോട് ദേഷ്യം തോന്നല്ലേ..

   അതും പറഞ്ഞു ഓടി പോയി അമ്മായിയുടെ നെഞ്ചോട് ചേർന്നു…

  എന്റെ അവസ്ഥ കണ്ടിട്ടാകും ഹോസ്റ്റലിൽ നിൽക്കാൻ എല്ലാവരും സമ്മതിച്ചു… ഗാഥയും എന്നോടൊപ്പം നിൽക്കാം എന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല..

  എല്ലാരിൽ നിന്നും അകലാൻ ശ്രമിക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഹോസ്റ്റലിൽ നിൽക്കുന്നത്……

  അമ്മാവന്മാരാണ് ഹോസ്റ്റലിൽ ആക്കാൻ കൂടെ വന്നത്…

    ദത്തെട്ടനാണ്,  എന്നും ഗാഥയെയും പ്രിയേച്ചിയെയും ദേവൂനെയും കോളേജിലേക്ക് കൊണ്ട് വന്നിരുന്നത്…. ഗാഥക്കായി ഞാൻ കാത്തിരിക്കുമെങ്കിലും  ദത്തേട്ടന്റെ മുഖത്തു അറിയാതെ പോലും നോട്ടം വീഴാതിരിക്കാൻ ശ്രദ്ധിച്ചു… ഇടയ്ക്ക് ദേവേട്ടനും വരും. അന്ന് ദേവേട്ടനോട് കുറേ സംസാരിക്കും….

      സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും പഴയ വേദ  ആകാൻ എനിക്ക് കഴിഞ്ഞില്ല….. കഴിയുന്നതും മൗനം ആയിരിക്കാൻ തന്നേ ഞാൻ ആഗ്രഹിച്ചു…..

   ഗൗതം കാണാൻ വരുന്ന ദിവസങ്ങളിൽ ആയിരുന്നു ഏറ്റവും സങ്കടം… ഓര്മവെച്ച നാൾമുതൽ ഞാനും ഗാഥയും ഗൗതമും ഒരുമിച്ചായിരുന്നു ഞങ്ങളെകാൾ ഒരുവയസിനു മൂപ്പേ അവനുണ്ടായിരുന്നുള്ളു…പക്ഷെ ഞങ്ങൾ ഒരു മനസായിരുന്നു. ഗാഥയെ ഇവിടെ വച്ചെങ്കിലും കാണാൻ പറ്റും പക്ഷെ അവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്….

    എന്നെ കാണുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങുന്നതു ഞാൻ മനപൂർവം കണ്ടില്ലന്നു നടിച്ചു….

  “വേദു നിന്നെ ഇങ്ങനെ കാണാൻ വയ്യടി… ഞങ്ങളുടെ പഴയ കിലുക്കാംപെട്ടിയായി ഞങ്ങളിലേക്കു തന്നേ മടങ്ങി വന്നൂടെ…. എല്ലാരും നിന്റെ വരവ് ആഗ്രഹിക്കുന്നുണ്ട്…

  “വല്യമ്മയോ ഗൗതം… വല്യമ്മ ആഗ്രഹിക്കുന്നുണ്ടോ…. പ്രിയേച്ചി…. ഇപ്പൊ ദേവുവും എന്നെ വെറുക്കുകയല്ലേ…. അപ്പൊ എല്ലാരും ന്നു പറയുന്നത് വെറുതെ അല്ലേടാ…

   നീ അവരെ വിട്… അമ്മയ്ക്ക് സത്യം ചെയ്തു കൊടുത്തിട്ടാണ് അല്ലെങ്കിൽ നിന്നെ പറഞ്ഞതിന് അന്നേ ഞാൻ കൊടുത്തേനെ അവർക്കിട്ടു…

   വേണ്ട ഗൗതം….എന്നെ കരുതി ആരോടും ഒരു വഴക്ക് വേണ്ടാട്ടോ….

   വേദു…. ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ… നിനക്കിഷ്ടമില്ലങ്കിൽ കളഞ്ഞേരെ.. പക്ഷെ എന്നോട് പിണങ്ങരുത്….

   ന്തിനാ ഗാഥേ എന്നോടിങ്ങനെ…. നിങ്ങൾക്ക് എന്തു വേണോ പറഞ്ഞൂടെ നമ്മൾ തമ്മിൽ രഹസ്യങ്ങൾ ഉണ്ടോ….

    അതല്ലെടി….. ദത്തേട്ടൻ… ദത്തെട്ടനോട് നിനക്ക് ക്ഷമിച്ചൂടെ…. കണ്ടിട്ട് സഹിക്കുന്നില്ലടി… അതിനു ശേഷം ആരോടും സംസാരിച്ചിട്ടില്ല ദത്തേട്ടൻ… നേരെ ഉറങ്ങാറില്ല… കഴിക്കാറില്ല.. കാണുമ്പോൾ പറ്റണില്ല…. അതാ നിന്നോട് പറഞ്ഞത്…..

  “ദത്തേട്ടനെ കുറിച്ച് കേട്ടപ്പോൾ കണ്ണുകൾ ഞാനറിയാതെ തന്നേ നിറഞ്ഞു തുടങ്ങി… 

   ഞാൻ പോകട്ടെ…. ഹോസ്റ്റലിൽ കയറാൻ സമയം ആയി…

  വേദു.. സോറി നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…. പിണങ്ങല്ലേടി എന്നോട്….

   “ഹേയ് പിണക്കം ഒന്നുല്ലാടി..  പറ്റണില്ല ഗാഥ നിക്ക് …. എന്റെ ഹൃദയം കൊടുത്തു ഞാൻ സ്നേഹിച്ചതല്ലേ.ആ നെഞ്ചോട് ചേരാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതല്ലേ. എനിക്ക് താങ്ങായി നിൽക്കും എന്നു കരുതിയ ആളു തന്നെ എന്നോട് ഇങ്ങനെ. സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോയിരുന്നു..

      എന്നെ ഏറ്റവും അറിയുന്നത് നിങ്ങൾക്ക് രണ്ടുപേർക്കും അല്ലേ.. എന്റെ പ്രണയം എന്റെ സ്നേഹം എല്ലാം..  എന്നിട്ട്…എന്നിട്ട്..  ഒരിക്കൽ പോലും എന്നെ അറിയാൻ കഴിഞ്ഞില്ലല്ലൊടി ദത്തേട്ടന്…

   എന്റെ പ്രാണൻ കൊടുത്തു ഞാൻ സ്നേഹിച്ചിട്ടു.. എനിക്ക് പ്രാണൻ തന്ന ന്റെ അച്ഛയെ തന്നേ എന്നിൽ നിന്നും അകറ്റിയില്ലേ….

   എനിക്ക് കഴിയുന്നില്ലാടി ആ മനുഷ്യന്റെ മുഖത്തു നോക്കാൻ… നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നരുത്….

  അവരോട് യാത്ര പോലും പറയാതെ അവിടെനിന്നും എണീറ്റു നടക്കുമ്പോൾ ദത്തെട്ടാനായിരുന്നു മനസു മുഴുവൻ.. എന്റെ ഓർമ്മകളാണ് ഇന്നെന്റെ ശാപം… ഓർമ്മകൾ നശിച്ചു പോയിരുന്നെങ്കിൽ….

   എന്താ ദത്തെട്ടാ എന്നെ മനസിലാക്കാതെ… ഒരുപാട് സ്നേഹിച്ചതല്ലേ ഞാൻ.. ഒരുപാട് ഒരുപാട്…..

     പക്ഷെ എന്റെ പ്രണയം തിരിച്ചറിയാതെ പോയില്ലേ… എന്റെ കൂടെ ഉണ്ടാകേണ്ടതിനു പകരം എന്നെ എല്ലാ അർത്ഥത്തിലും അനാഥ ആക്കിയില്ലേ…..

     തുടരും

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply