✒️ ആർദ്ര അമ്മു
കഴിഞ്ഞില്ലേ നിങ്ങളുടെ ചർച്ച???????
നന്ദൻ ചിരിയോടെ അകത്തേക്ക് കയറി.
കഴിഞ്ഞങ്കിൾ ഞങ്ങളിപ്പൊ അങ്ങോട്ട് ഇറങ്ങാൻ നിക്കുവായിരുന്നു.
രുദ്രൻ എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് നടന്നു.
വീട്ടിലേക്ക് ഇനി മോൾ നടന്ന് പോവണ്ട നമുക്കൊരുമിച്ചു പോവാം.
അയാൾ ആദിയെ ചേർത്ത് പിടിച്ചു പറഞ്ഞു.
മറുപടിയായി അവൾ തലയാട്ടി.
ഞാനൊന്ന് ടീച്ചേഴ്‌സിനെ കണ്ടിട്ട് വരാം.
നന്ദനോട് പറഞ്ഞവൾ മുന്നോട്ട് നടന്നു.
മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങൾ പോലെ.
അവൾ തിരിഞ്ഞൊന്ന് നോക്കവെ കണ്ടു നന്ദനോട് സംസാരിച്ചവളെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ.
അത് കണ്ടവൾ അവനിൽ നിന്ന് നോട്ടം മാറ്റി മുന്നോട്ട് നടന്നു.
അവളുടെ പ്രവർത്തി കണ്ട് ചിരിയോടെ അവൻ നന്ദനോട് സംസാരിച്ചു നിന്നു.
എങ്കിൽ ശരിയങ്കിൾ ഞാനിറങ്ങട്ടെ.
രുദ്രൻ അയാളോട് യാത്ര പറഞ്ഞു.
ശരി രുദ്രാ……. ജേക്കബിനെയും ഗൗരിയെയും ഞാൻ അന്വേഷിച്ചു എന്നുപറയണം.
അവന്റെ കയ്യിൽ പിടിച്ചയാൾ പറഞ്ഞു.
അവൻ ശരിയെന്ന് തലയാട്ടി പുറത്തേക്കിറങ്ങി.
പുറത്തേക്കിറങ്ങിയ അവന്റെ കണ്ണുകൾ ആദിയെ തേടി. വരാന്തയിൽ ഏതോ ടീച്ചറോട് ചിരിച്ചു സംസാരിക്കുന്ന അവളെ കണ്ടവൻ പുഞ്ചിരിയോടെ കാറിലേക്ക് കയറി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഓഫീസിൽ എത്തിയ രുദ്രനെ വരവേറ്റത് വാടിയ മുഖത്തോടെ നിൽക്കുന്ന ദേവു ആയിരുന്നു.
അവളെ കണ്ടപ്പോൾ അവന് ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അവൻ അവളെ ഗൗനിക്കാതെ അകത്തേക്ക് നടന്നു.
രുദ്രേട്ടാ…………..
അവൾ പിറകിൽ നിന്നവനെ വിളിച്ചു.
അവൻ ഒന്ന് നിന്നു.
രുദ്രേട്ടാ ഐ ആം സോറി…………
ഇന്നലെ ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.
ഞാൻ…… ഞാൻ രുദ്രേട്ടന്റെ പെണ്ണാണ് എന്ന് എല്ലാവരും പറയുന്നത് മനസ്സിൽ തറച്ചു പോയി. അതാ രുദ്രേട്ടന് എന്നെ ഇഷ്ടമല്ല എന്നറിഞ്ഞിട്ടും സ്വാതന്ത്ര്യം കാണിച്ചു പുറകെ നടന്നത്. എനിക്കേട്ടനെ ഒരുപാട് ഇഷ്ടായി പോയി ആ ഇഷ്ടം കൊണ്ടാ ഏട്ടനെന്നെ ആട്ടിപ്പായിച്ചിട്ട് പോലും വീണ്ടും പിന്നാലെ വരുന്നത്.
അത്രയ്ക്കിഷ്ടാ എനിക്ക് രുദ്രേട്ടനെ………………
അത് പറയുമ്പോൾ അവളുടെ മുഖത്ത് കണ്ണുനീർ ചാലിട്ടൊഴുകി.
അച്ഛനിന്നലെ പറഞ്ഞു ഏട്ടനെന്നെ ഒരിക്കലും ആ ഒരു സ്ഥാനത്ത് കാണാൻ കഴിയില്ലെന്ന്.
ആണോ ഏട്ടാ ഏട്ടനെന്നോട് ഒരു തരി പോലും സ്നേഹമില്ലേ???????
അവളുടെ ചോദ്യത്തിന് മൗനമായിരുന്നു അവന്റെ മറുപടി.
ഇല്ലാല്ലേ സാരില്ല ഞാൻ വെറുതെ ഓരോന്ന് ആഗ്രഹിച്ചു പോയി………
അവളുടെ ശബ്ദം ഇടറി.
ഇനി ഞാൻ ഏട്ടന്റെ പുറകെ നടന്നു ശല്യം ചെയ്യില്ലാട്ടൊ. സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ………..
പക്ഷെ മറക്കാൻ എന്നെക്കൊണ്ട് കഴിയും എന്ന് തോന്നുന്നില്ല………..
പതിയെ ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചോളാം.
ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പ്…. ഇനി ഒരിക്കലും ഏട്ടന്റെ അടുത്ത് ശല്യമായി ഞാൻ വരില്ല.
അത്രമാത്രം അവനോട് പറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ടവൾ അവിടെ നിന്നോടി.
അവളുടെ കണ്ണുനീരിനു മുന്നിൽ നിസ്സഹായമായി അവൻ നിന്നു.
എന്നാൽ അകലെ നിന്ന് അവന്റെ മുഖഭാവം വീക്ഷിച്ച അവൾ തന്റെ ആദ്യപടി വിജയിച്ച സന്തോഷത്തിൽ ഒഴുകി വന്ന കള്ളകണ്ണീർ പുച്ഛചിരിയോടെ തട്ടിത്തെറിപ്പിച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
എല്ലാവരെയും കണ്ട് തിരികെ നന്ദന്റെ അടുത്തെത്തിയ ആദി രുദ്രനെ തിരഞ്ഞു.
അവനെ കാണാതെ അവളുടെ മുഖം വാടി.
ചെറിയച്ഛ……………..
അവൾ നന്ദന്റെ അടുത്തേക്ക് നടന്നു.
മ്മ്മ് എന്താ മോളെ ???????
അയാൾ തലയുയർത്തി അവളെ നോക്കി.
അല്ല രുദ്രൻ…. രുദ്രൻ പോയോ?????
അവൾ ചടപ്പോടെ ചോദിച്ചു.
ആഹ് കുറച്ചു മുന്നേ പോയതേയുള്ളൂ നിന്നോട് പറഞ്ഞിട്ടല്ലേ പോയത് ??????
അയാൾ ചോദിച്ചു.
അല്ല…………..
ആണോ ചിലപ്പോൾ നീ ടീച്ചേഴ്സിനെ കാണാൻ പോയില്ലേ അതായിരിക്കും നിന്നോട് പറയാതെ പോയത്.
എന്തായാലും മോൾ വാ നമുക്ക് വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരാം വല്ലാത്ത വിശപ്പ്.
അയാൾ എഴുന്നേറ്റവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു.
നന്ദന്റെ സ്കൂട്ടിക്ക് പുറകിലിരുന്ന് വീട്ടിലേക്ക് പോവുമ്പോഴും രുദ്രനെന്താ പറയാതെ പോയത് എന്നുള്ള ചിന്തയിലായിരുന്നു അവൾ.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ക്യാബിനിലേക്ക് കയറിയ രുദ്രന്റെ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി.
അവന്റെ മുന്നിൽ നിന്ന് ദേവു കരഞ്ഞുകൊണ്ട് ഓടിപ്പോയ രംഗം ആലോചിക്കും തോറും അവനിൽ ഒരു വേദന തോന്നി.
ഇന്നലെ അത്ര വഴക്ക് പറയേണ്ടിയിരുന്നില്ല എന്നവന് തോന്നി.
എത്ര വന്നാലും ശങ്കരേട്ടന്റെ മോളല്ലേ????????
ഹാ പോട്ടെ ഇനിയെങ്കിലും അവളോട് പണ്ടത്തെ പോലെ അകൽച്ച കാണിക്കാതെ ഒരു അനിയത്തിയെ പോലെ കാണാൻ ശ്രമിക്കാം.
മനസ്സിൽ പറഞ്ഞു കൊണ്ടവൻ ലാപ്പ് തുറന്നവൻ വർക്കിലേക്ക് ശ്രദ്ധ തിരിച്ചു.
കുറച്ചു സമയം കഴിഞ്ഞു ഡോറിൽ ആരോ നോക്ക് ചെയ്യുന്ന ശബ്ദം കേട്ടവൻ ലാപ്പിൽ നിന്ന് കണ്ണുയർത്തി വാതിൽക്കലേക്ക് നോക്കി.
കമിന്…………….
അവൻ അകത്തേക്ക് കയറാനുള്ള അനുവാദം കൊടുത്തു.
ആഹ് ശങ്കരേട്ടനായിരുന്നോ എന്തിനാ നോക്ക് ചെയ്യാൻ നിന്നത് നേരെയിങ്ങോട്ട് കയറി വരാൻ പാടില്ലായിരുന്നോ???????
മുന്നിൽ നിൽക്കുന്ന ശങ്കരനെ നോക്കിയവൻ ചോദിച്ചു.
മോനെന്തെങ്കിലും അർജെന്റ് വർക്കിൽ ആണെങ്കിലോ എന്ന് കരുതി.
അയാൾ സ്വതവേയുള്ള പുഞ്ചിരിയോടെ മറുപടി കൊടുത്തു.
ഏയ് അങ്ങനെ ഒന്നുല്ല ശങ്കരേട്ടാ നാളത്തേക്കുള്ള പ്രസന്റേഷൻ ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തുകയായിരുന്നു.
അല്ല ശങ്കരേട്ടനെന്താ വന്നത്????
ലാപ്പ് അടച്ചു കൊണ്ടവൻ ചോദിച്ചു.
അത് മോനെ………..
അയാൾ എങ്ങനെ പറയും എന്നറിയാതെ കുഴങ്ങി.
എന്താ ശങ്കരേട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ??????? എന്തായാലും പറഞ്ഞോളൂ………
അയാളുടെ മുഖഭാവം കണ്ടവൻ ചോദിച്ചു.
മോനെ അത് പിന്നെ ഇപ്പൊ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കുവാ ദേവു മോൾക്ക് എന്തെങ്കിലും ജോലി ഇവിടെ കൊടുക്കാവോ?????? അവളുടെ സ്വഭാവത്തിൽ ഈയിടെ ആയിട്ട് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെ ആരോടും അധിക സംസാരം ഒന്നുമില്ല. സുമിത്രയുമായി എന്നും വഴക്കാണ് വീട്ടിൽ ഇരിക്കുമ്പോഴും എന്തൊക്കെയോ ആലോചിച്ചിരുന്നത് കാണാം സുമിത്ര എന്തെങ്കിലും ചോദിച്ചാൽ ചാടികടിക്കാൻ ചെല്ലും. എനിക്കെന്തോ പേടി പോലെ മോനെ ആകെയുള്ള ഒരു മോളാണ്. ഇവിടെ ആവുമ്പൊ എന്റെ കണ്മുന്നിൽ തന്നെ കാണുമല്ലോ. ഏതെങ്കിലും വർക്കിൽ ഏർപ്പെടുമ്പോൾ അവൾക്ക് എന്തെങ്കിലും മാറ്റം വന്നാലോ അതാ…….
വിഷാദത്തോടെ അയാൾ പറയുന്നത് കേട്ടവന് വിഷമം തോന്നി.
അതിനെന്താ ശങ്കരേട്ടാ നമുക്കവളെ ഇവിടുത്തെ മാർക്കറ്റിങ് സെക്ഷനിൽ നിർത്താം അതാവുമ്പൊ ശങ്കരേട്ടന് തന്നെ അവളെ ഒന്ന് ശ്രദ്ധിക്കാൻ കഴിയുമല്ലോ അത് പോരെ???????
മതി മോനെ വളരെ സന്തോഷം. ഞാനെന്തായാലും അവളോട് പറയാം നാളെ മുതൽ വന്നു തുടങ്ങിക്കോട്ടെ അല്ലെ മോനെ?????????
അയാൾ അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു.
അത് ശങ്കരേട്ടനല്ലേ തീരുമാനിക്കേണ്ടത് മാർക്കറ്റിങ് ശങ്കരേട്ടന്റെ ഫീൽഡ് അല്ലെ അപ്പൊ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളൂ.
അവൻ പുഞ്ചിരിയോടെ അയാളോട് പറഞ്ഞു.
എന്തായാലും ഞാനിത് അവളോട് ചെന്ന് പറയട്ടെ. ഒരുപാട് നന്ദിയുണ്ട് മോനേ…..
അയാൾ അവന് നേരെ കൈ തൊഴുതുകൊണ്ട് പറഞ്ഞു.
ഏയ് എന്തായിത് ശങ്കരേട്ടാ………
ശങ്കരേട്ടൻ ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഞങ്ങളല്ലേ എത്ര നന്ദി പറഞ്ഞാലും മതിയാവാത്തത്……….
അവൻ അയാളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.
അയാൾ ചിരിയോടെ അവന്റെ കവിളിൽ തലോടി പുറത്തേക്കിറങ്ങി.
അയാൾ പോയതും രുദ്രന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു. അവൻ കലിയോടെ തന്റെ ചെയറിലേക്കിരുന്നു.
ഇന്നത്തെ അവളുടെ കണ്ണുനീർ കണ്ടപ്പോൾ ഞാൻ കരുതി നന്നായെന്ന്. അവളോട് ചെറിയൊരു സഹതാപം ഒക്കെ തോന്നിയതാണ്. പക്ഷെ അത് ശരിയല്ലെന്ന് അവൾ തന്നെ തെളിയിച്ചു.
എന്റെ മുന്നിൽ നല്ല പിള്ള ചമയാനും ഈ കമ്പനിയിൽ കയറി പറ്റാനും അവൾ കളിച്ച നാടകമാണ് ഇതെന്ന് ഇപ്പൊ എനിക്ക് ബോധ്യമായി.
പാവം ആ മനുഷ്യനെ ഈ പന്ന മോൾ പറ്റിക്കുകയാണല്ലോ??????
ഈ പാപം ഒക്കെ ഇവള് എവിടെ കൊണ്ടുപോയി തള്ളും……………
ഈ കമ്പനിയിൽ കയറി പറ്റി പതിയെ എന്റെ മനസ്സിൽ കയറി പറ്റാനാണ് നിന്റെ പ്ലാൻ എങ്കിൽ മോളെ അത് വെറുതെയാ. മനഃപൂർവം തന്നെയാ നിന്നെ ഞാൻ മാർക്കറ്റിങ് സെക്ഷനിലേക്ക് വിടുന്നത്. അതെന്റെ ഫീൽഡ് അല്ലാത്തത് കൊണ്ട് നിനക്കെന്നെ കാണാനോ സംസാരിക്കാനോ പോലും കഴിയില്ല എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ പോലും അത് ശങ്കരേട്ടനായിരിക്കും ഹാൻഡിൽ ചെയ്യുന്നത്. ഇനി നിന്നെ ഞാൻ കുറച്ചു കളി പഠിപ്പിക്കും മോളെ നിന്നെ നന്നാക്കാൻ പറ്റുവൊന്ന് ഞാനൊന്ന് നോക്കട്ടെ………..
അവൻ ദേഷ്യത്തോടെ മുരണ്ടു.
ഇതേസമയം ശങ്കരനിൽ നിന്ന് ജോലി റെഡിയായ വിവരം അറിഞ്ഞ ദേവുവിന്റെ മുഖം വിടർന്നു.
എന്നാൽ രുദ്രൻ അവളെ മാർക്കറ്റിങ് ഫീൽഡിലേക്കാണ് വിടുന്നത് എന്നറിഞ്ഞ അവൾക്ക് ദേഷ്യം തോന്നി.
പക്ഷെ ആ അവസരം കളയാൻ അവൾ തയ്യാറല്ലായിരുന്നു. മാർക്കറ്റിങ് ഫീൽഡിൽ കയറി പറ്റി എങ്ങനെയെങ്കിലും പതിയെ രുദ്രന്റെ സെക്ഷനിലേക്ക് മാറാം എന്നവൾ മനസ്സിൽ ഉറപ്പിച്ചു. അതിന് ഏറ്റവും നല്ല വഴി ജേക്കബ് ആണെന്നവൾക്ക് തോന്നി. ജോലിയിൽ കയറി കുറച്ചു നാൾ കഴിഞ്ഞ് ജേക്കബിനെ സോപ്പിട്ട് രുദ്രന്റെ പിഎ ആയിട്ടുള്ള സ്ഥാനം തന്നെ തട്ടിയെടുക്കണം. അതിലൂടെ അവന്റെ മനസ്സിൽ കയറിക്കൂടണം എന്നും അവൾ മനസ്സിൽ കണക്കുക്കൂട്ടി.
ഗൂഡമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
എന്നാൽ അവൾ കുഴിക്കുന്ന കുഴിയിൽ തന്നെ രുദ്രനാവളെ ഉടലോടെ മൂടും എന്നവൾ അറിഞ്ഞില്ല.
അവളുടെ മുഖത്തെ സന്തോഷം ക്യാബിനിൽ ഇരുന്നു കണ്ട രുദ്രൻ മുഖം അവന്റെ ഉള്ളിലെ അസുരഭാവം കൈവരിച്ചു. പതിയെ അത് അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരിയായി സ്ഥാനം നേടി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നന്ദനും ആദിയും കൂടി തറവാട്ടിലേക്ക് കയറി ചെല്ലുമ്പോൾ അടുക്കളയിൽ നിന്ന് ഹേമയുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.
അമ്മയും മകളും കൂടി അകത്ത് യുദ്ധത്തിൽ ആയിരിക്കും എന്നവർ ഊഹിച്ചു.
പരസ്പരം ഒന്ന് നോക്കി ചിരിയോടെ അവർ അടുക്കളയിലേക്ക് നടന്നു.
അടുക്കള വാതിൽക്കൽ നിന്നവർ അകത്തേക്ക് നോക്കി.
മാങ്ങാപച്ചടിക്ക് വേണ്ടി ഒരു ചെറിയ ചീനച്ചട്ടിയിൽ കടുക് പൊട്ടിക്കാനായി എണ്ണ ഒഴിക്കുകയായിരുന്നു ഹേമ.
ലെച്ചു അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു പഴം കഴിക്കുന്നുണ്ട്.
ഈശ്വരാ നന്ദേട്ടൻ വരാൻ സമയമാവുന്നു…… എടി ലെച്ചു ആ കടുക് ഇങ്ങെടുത്തേ…………..
ഹേമ വെപ്രാളപ്പെട്ട് പറഞ്ഞു.
ലെച്ചു സാധനങ്ങൾ വെച്ചിരിക്കുന്ന കൂട്ടത്തിൽ നിന്ന് ഒരു ടിൻ എടുത്ത് ഹേമയുടെ നേരെ നീട്ടി.
ഇന്നാ…………..
അവളെടുത്ത് കൊടുത്ത സാധനം കണ്ട് ആദിക്കും നന്ദനും ചിരി വന്നു.
അവർ വാ പൊത്തി മുന്നോട്ട് നോക്കി.
എവിടെടി കടുക്???????
ഹേമ കലിപ്പിൽ അവളെ നോക്കി.
അമ്മക്കെന്താ വല്ല തിമിരവുമുണ്ടോ കടുക്കല്ലേ ഞാനെടുത്ത് തന്നത്?????
അവൾ ചുണ്ട് ചുളുക്കി അവരെ നോക്കി.
ഇതാണോടീ നിന്റെ കടുക്?????? ഇത് ഉലുവയാടി അസത്തെ………..
അവർ അവളെ നോക്കി കണ്ണുരുട്ടി.
ഇതാണ് കടുക് കണ്ടോ??????
ഹേമ അവിടെ ഇരുന്ന കടുകിട്ട് വെച്ച ടിൻ എടുത്തു കാണിച്ച് അവളുടെ തലയിൽ കിഴുക്കി.
കെട്ടിക്കാറായി ഇപ്പോഴും കടുക് ഏത് ഉലുവ ഏതെന്നറിയില്ല ഇതിനെ ഒക്കെ എന്താ ചെയ്യാ എന്റെ ഈശ്വരാ……..
തലയിൽ കൈ വെച്ച് ഹേമ പറയുന്നത് കേട്ട് നന്ദനും ആദിയും അടക്കി വെച്ച പൊട്ടിച്ചിരി പുറത്ത് വിട്ടു.
അവരുടെ ചിരി കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി.
നന്ദനെയും ആദിയേയും കണ്ട ലെച്ചു വളിച്ച ഒരു ചിരി ചിരിച്ചു.
ഹേമ വെപ്രാളപ്പെട്ട് കടുകും വറ്റൽമുളകും വേപ്പിലയും ഉള്ളിയും താളിച്ച് പച്ചടിക്ക് മുകളിലേക്കൊഴിച്ചു.
നന്ദേട്ടൻ കഴിക്കാനിരുന്നോളൂ ഞാനിപ്പൊ ഇതെല്ലാം കൊണ്ടുവരാം.
ഹേമ തിരിഞ്ഞയാളോടായി പറഞ്ഞു.
നീ ദൃതിവെക്കണ്ട ഹേമേ പതിയെ എടുത്താൽ മതി ഞാനിന്ന് കുറച്ചു നേരത്തെ ആണ്.
ചിരിയോടെ അയാൾ പറയുന്നത് കേട്ടവർ ആശ്വാസത്തോടെ തലയാട്ടി.
അവരെ നോക്കി കണ്ണ് ചിമ്മി നന്ദൻ ഹാളിലേക്ക് നടന്നു.
ആദിയും ലെച്ചുവും ഹേമയും ചേർന്ന് ഡൈനിങ്ങ് ടേബിളിൽ എല്ലാം എടുത്തു വെച്ചു.
അപ്പോഴേക്കും നന്ദൻ വന്ന് ടേബിൾ ഇരുന്നു കൂടെ ലെച്ചുവും ആദിയും ഇരുന്നു. ഹേമ എല്ലാവർക്കും വിളമ്പുന്ന സമയം ആദി ഒരു പ്ലേറ്റ് എടുത്തു ഹേമയ്ക്കുള്ളത് വിളമ്പി അവരുടെ കൂടെ പിടിച്ചിരുത്തി.
ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിച്ചു കളിച്ചവർ ഭക്ഷണം കഴിക്കുമ്പോഴാണ് ദേവന്റെ വരവ്.
ദേവനെ കണ്ടതും എല്ലാവരും നിശബ്ദരായി. അയാൾ അവരെ എല്ലാവരെയും ഒന്ന് നോക്കി കൈ കഴുകി ടേബിളിൽ വന്നിരുന്നു.
തനിയെ ഒരു പ്ലേറ്റ് എടുത്ത് വിളമ്പി കഴിക്കാൻ തുടങ്ങി.
ദേവൻ എന്നും അങ്ങനെയാണ് എല്ലാം സ്വന്തമായി തന്നെ ചെയ്യും മറ്റാരും അയാൾക്ക് വിളമ്പി കൊടുക്കുന്നതോ ഡ്രസ്സ് അയൺ അയാളുടെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതോ ഒന്നും ഇഷ്ടമല്ല.
അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ ആരും സംസാരിക്കാൻ പാടില്ല.
വല്ലപ്പോഴും മാത്രമേ അയാൾ ടേബിളിൽ ഇരുന്നു കഴിക്കാറുള്ളൂ മിക്കപ്പോഴും റൂമിൽ കൊണ്ടുപോയി കഴിക്കാറാണ് പതിവ്. എന്നാൽ ടേബിളിൽ ഇരിക്കുന്ന സമയം അയാളെ പേടിച്ച് ആരും സംസാരിക്കാറില്ല.
അയാൾ ആരെയും ഗൗനിക്കാതെ ഇരുന്നു കഴിക്കാൻ തുടങ്ങി. എടുത്ത ചോറ് മുഴുവൻ കഴിച്ചു തീർന്നതും അയാൾ എഴുന്നേറ്റു മുറിയിലേക്ക് പോയി.
അയാൾ പോയതും എല്ലാവരും ശ്വാസം വിട്ടു. അത് വരെ ശ്വാസം മുട്ടി ആയിരുന്നു എല്ലാവരും ഇരുന്നത്.
അച്ഛനിവിടെ ഉണ്ടായിരുന്നോ?????
ആദി ഹേമയോട് ചോദിച്ചു.
മ്മ്മ്മ് ഇന്ന് ഓഫീസിൽ പോയിട്ടില്ല എന്താണാവോ കാരണം???????
അവർ കഴിച്ച പ്ലേറ്റ് എടുത്തുകൊണ്ട് പറഞ്ഞു.
നാളെ ഒരു ബിസ്സിനെസ്സ് മീറ്റിംഗ് നടക്കുന്നുണ്ട് അതിൽ GK ഗ്രൂപ്പ്സും ഉൾപ്പെട്ടിട്ടുണ്ട്. രുദ്രനെ തോൽപ്പിക്കാനാ ഓഫീസിൽ പോലും പോവാതെ ഇവിടെ കുത്തിയിരുന്നു വർക്ക് ചെയ്യുന്നത്.
നന്ദൻ പറയുന്നത് കേട്ടവൾ അയാളെ നോക്കി.
ചെറിയച്ഛൻ ഇതെങ്ങനെ അറിഞ്ഞു?????
അവൾ ജിജ്ഞാസയോടെ അയാളെ നോക്കി.
രുദ്രൻ ഇന്ന് മീറ്റിങ്ങിന്റെ കാര്യം എന്നോട് പറഞ്ഞിരുന്നു. ഏട്ടൻ ഇന്ന് പോകാത്തത് കൂടി കണ്ടപ്പോൾ ഞാനൂഹിച്ചു.
അയാൾ ചിരിയോടെ പറഞ്ഞു.
എന്നാലും രാവിലെ മുതൽ വല്യച്ഛൻ ഇവിടെ ഉണ്ടായിട്ട് നമ്മളാരും അറിഞ്ഞില്ലല്ലോ????
താടിക്ക് കയ്യും കൊടുത്ത് ലെച്ചു പറഞ്ഞു.
അത് പിന്നെ പണ്ടും അങ്ങനെയായിരുന്നല്ലോ അച്ഛൻ ഇവിടെ ഉണ്ടോ പുറത്ത് പോയോ എന്ന് പോലും ആരുമറിയില്ല.
ആദി അവളെ നോക്കി പറഞ്ഞു.
ഇതെന്താ മായാവിയോ??????
ലെച്ചു പറയുന്നത് കേട്ട് എല്ലാവരും ചിരിക്കുമ്പോഴും ആദിയുടെ ചിന്ത രുദ്രന്റെയും ദേവന്റെയും മത്സരത്തെ പറ്റിയായിരുന്നു.
കലങ്ങി മറിയുന്ന മനസ്സോടെ അവളിരുന്നു.
തുടരും……………….
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu