ആദിരുദ്രം – പാർട്ട്‌ 58

2299 Views

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

എന്താണ് അളിയന്മാരുടെ മുഖത്തൊരു കള്ളലക്ഷണം?????

ശബ്ദത്തിന്റെ ഉറവിടം തിരിഞ്ഞ അവർ കാണുന്നത് ഒരു കൈ വയറും മറുകൈയ്യാൽ സാരിയും പിടിച്ച് സ്റ്റെയർ ഇറങ്ങി വരുന്ന ആദിയെ ആണ്.
അവൾ ഇറങ്ങുന്നത് കണ്ടതും രുദ്രൻ വേഗം ചെന്നവളെ ചേർത്ത് പിടിച്ചു.

പതിയെ ഇറങ്ങ്…….
സൂക്ഷ്മതയോടെ അവളെ പടികൾ ഇറക്കാൻ സഹായിച്ചവൻ പറഞ്ഞു.

ഈ മോളിലുള്ള കിടപ്പ് മാറ്റാനുള്ള സമയമായി എപ്പോഴും ഇങ്ങനെ കയറി ഇറങ്ങി നടക്കുന്നത് ശരിയാവില്ല.
ദച്ചു പറയുന്നത് കേട്ട് അവരവനെ നോക്കി ചിരിച്ചു.

മോനെ അളിയാ ഇവൾ ഇതിന് മുന്നേയും ഗർഭിണി ആയതാ അന്നും ഞങ്ങൾ മുകളിൽ തന്നെ ആയിരുന്നു ഇനിയും അങ്ങനെ തന്നെ ആയിരിക്കും.
അംശി മോൾ വയറ്റിലായിരുന്ന സമയത്ത് ഇവളെ എടുത്തു കൊണ്ട് പോയത് പോലെ ഇനിയും ഞാൻ ചെയ്യും എന്തേ നിനക്ക് വല്ല നഷ്ടമുണ്ടോ?????

അയ്യോ എനിക്കൊരു നഷ്ടവുമില്ലേ. അല്ലേലും ഇത് എന്റെ തെറ്റാണ് മുന്നേയുള്ള ചരിത്രം ഞാൻ ആലോചിക്കണമായിരുന്നു. നിന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ ഈ വയറിങ്ങനെ വീർത്തത് അതുകൊണ്ട് നീ തന്നെ ചുമന്നോ നമ്മളൊന്നിനുമില്ലേ……..
അവൻ തലക്ക് മീതെ കൈ തൊഴുതു കൊണ്ട് പറയുന്നത് കേട്ടവർ ചിരിച്ചു പോയി.

മതി നിന്ന് ചിരിച്ചത് വേഗം ഇറങ്ങാൻ നോക്ക് അല്ലെങ്കിൽ നടയടക്കും…….

അപ്പൊ ഏട്ടൻ വരുന്നില്ലേ?????

ഇല്ല മോളെ നിങ്ങൾ പോയിട്ട് വാ.
ചിരിയോടെ അവളുടെ തലയിൽ തഴുകി.

അപ്പോഴേക്കും അംശി മോൾ ഓടി വന്ന് രുദ്രന്റെ കയ്യിൽ കയറിയിരുന്നു.

റ്റാറ്റാ…..
അവൾ ദച്ചൂനെ നോക്കി കൈവീശി അവന് നേരെ ഒരു ഫ്ലയിങ് കിസ്സ് പറത്തി വിട്ടു.
അവനത് കൈകൊണ്ടു പിടിച്ച് മുഖത്തോട് ചേർത്ത് വെക്കുന്നത് പോലെ കാണിച്ചതും കുറുമ്പി കൈകൊട്ടി ചിരിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മഹാദേവന്റെ നടയിൽ കണ്ണുകളടച്ച് പ്രാർത്ഥിക്കുമ്പോൾ അവളുടെ മനസ്സ് കാറും കോളും അകന്ന വാനം പോലെ ശാന്തമായിരുന്നു.
ദൈവം തന്ന സൗഭാഗ്യങ്ങൾ മരണം വരെ തന്നിൽ നിന്നകറ്റല്ലേ എന്നൊരൊറ്റ പ്രാർത്ഥന മാത്രേ അവൾക്കുണ്ടായിരുന്നുള്ളൂ.

പ്രസാദം വാങ്ങി രുദ്രന്റെയും മോളുടെയും നെറ്റിയിൽ ചാർത്തി. രുദ്രൻ തിരികെ അവളുടെ നെറ്റിയിൽ കുറി വരയ്ക്കുന്നത് കണ്ട് അംശിയും കുഞ്ഞു കൈ എത്തിച്ച് അവളുടെ നെറ്റിയിൽ ചന്ദനം ചാർത്തി.
അവളുടെ പ്രവർത്തി കണ്ടവർ ചിരിച്ചു പോയി.

നിറ പുഞ്ചിരിയോടെ അവരിരുവരും അവളുടെ കവിളിൽ ചുണ്ട് ചേർത്തു.

രുദ്രന്റെ കയ്യിൽ നിന്നൂർന്നിറങ്ങിയ അംശി അമ്പലമുറ്റത്ത് ഓടി നടന്നു.
അവൾക്ക് പിറകെ അവരും നടന്നു.
കുഞ്ഞിന്റെ ഓട്ടത്തിന്റെ വേഗത കൂടിയതും അവൾ ആധിയോടെ വേഗത്തിൽ നടന്നു.

അംശി മോളെ വീഴും……..
ആദി അവൾക്ക് പിറകെ ഓടാനാഞ്ഞതും രുദ്രനവളെ കയ്യിൽ കോരിയെടുത്തിരുന്നു.

എടി കുറുമ്പി പണ്ടത്തെ പോലെ അമ്മയ്ക്ക് നിന്റെ പുറകെ ഓടാനൊന്നും പറ്റില്ല അതുകൊണ്ട് എന്റെ മോൾ വികൃതിയൊന്നും കാണിക്കാതെ നല്ല കുട്ടിയായിരിക്കണം കേട്ടോ??????
രുദ്രൻ പറഞ്ഞത് മനസ്സിലായതും അംശി കുഞ്ഞു തലയാട്ടി സമ്മതിച്ചു.

ഗുഡ് ഗേൾ……
അവൻ കുഞ്ഞിന്റെ കവിളിൽ തട്ടി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുളപ്പടവിൽ രുദ്രന്റെ നെഞ്ചോട് ചേർന്നിരിക്കുകയായിരുന്നു ആദി. അംശി മോൾ അവന്റെ മടിയിലായി ഇരിപ്പുണ്ട്.

സത്യത്തിൽ ഇവിടെ ഈ കുളക്കടവിൽ വെച്ചായിരുന്നല്ലേ ആദി നമ്മളുടെ പ്രണയത്തിന്റെ ആരംഭം??????
അവന്റെ ചോദ്യം കേട്ടതും അന്നാദ്യമായി അവനെ ക്ഷേത്രനടയിൽ വെച്ച് കണ്ടതും കുളത്തിൽ നിന്ന് ആമ്പൽ പറിച്ചു നൽകിയതുമെല്ലാം മനസ്സിലേക്കോടിയെത്തി.

ഓർമ്മകൾക്ക് കൂട്ടായി ഒരിളം തെന്നാലും അവരെ തഴുകി എത്തിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അന്ന് ആ ഒരാമ്പൽ പൂവിൽ തുടങ്ങിയത് എന്റെ പുതിയൊരു ജീവിതം തന്നെ ആയിരുന്നു. ഇന്ന് രുദ്രനെന്ന പേര് കൊത്തിയ താലിയണിഞ്ഞ് നമ്മുടെ പ്രണയത്തിന്റെയും ജീവന്റെയും അടയാളത്തെ ചേർത്ത് പിടിച്ച് ഇങ്ങനെ ഇരിക്കുന്ന ഓരോ നിമിഷവും കടന്നു പോവല്ലേ എന്നാത്മാർത്ഥമായി ആഗ്രഹിച്ചു പോകുവാ.
അവളുടെ വാക്കുകൾ കേട്ടവൻ അവളുടെ നെറുകിൽ ചുണ്ട് ചേർത്തു.
അത് കണ്ടതും അംശി മുഖം വീർപ്പിച്ചു.

അയ്യോ ഇങ്ങനെ ഒരു കുശുമ്പി പാറു നിനക്കും തരാടി കുറുമ്പി…..
രുദ്രൻ ചിരിയോടെ കുഞ്ഞിന്റെ നെറുകയിലും ചുണ്ട് ചേർത്തു. അപ്പോഴാണ് ആളുടെ മുഖം തെളിഞ്ഞത്.

മോൾക്ക് നിന്റെ കുശുമ്പ് കൂടി കിട്ടിയിട്ടില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

അയ്യ കുശുമ്പ് ഒട്ടും ഇല്ലാത്ത ഒരാൾ. ഇന്നലെ ദച്ചുവേട്ടന്റെ പേരും പറഞ്ഞ് പരിഭവം പറഞ്ഞ ആളാണ് എന്നെ കളിയാക്കുന്നത്.

മറുപടിയായി അവനൊന്ന് ചിരിച്ചു.

രുദ്രേട്ടാ………

മ്മ്മ്മ്മ്………..

നമുക്ക് ദച്ചുവേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ???? എത്ര കാലമാ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്????? ഏട്ടനും ഒരു കൂട്ട് വേണ്ടേ??????

ഞാൻ പറയാഞ്ഞിട്ടാണോ അവനൊന്ന് കേൾക്കണ്ടേ പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.

ദച്ചുവേട്ടനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം നമുക്ക് വേണ്ടി ആ പാവം ഇങ്ങനെ കഷ്ടപ്പെടുമ്പോൾ തിരിച്ചു ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കേണ്ടത് നമ്മളല്ലേ?????

അറിയാടി പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കാതെ ഇങ്ങനെ നിന്നാൽ പിന്നെങ്ങനാ????? നീ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല ഇത്രയും കാലം അവന്റെ ഇഷ്ടത്തിന് വിട്ടു ഇനി അത് നടക്കില്ല.

അതേ ഒരു കുടുംബമൊക്കെ ആയാലേ ശരിയാവൂ.
ആദി അവന്റെ തീരുമാനത്തെ ശരി വെച്ചു.

അച്ഛേ……..
അംശി മോളുടെ വിളി കേട്ടവൻ അവളെ നോക്കി.

പൂ മേനം….
അംശി കുളത്തിലെ ആമ്പലിൽ ചൂണ്ടി.

പൂ വേണോ അച്ഛന്റെ പൊന്നിന്????? എന്റെ മോൾ ഇവിടെ ഇരുന്നോ അച്ഛൻ പറിച്ചോണ്ട് വരാം.
ആദിയുടെ അരികിൽ കുഞ്ഞിനെ ഇരുത്തി അവൻ പടിക്കെട്ടുകൾ ഇറങ്ങി മുണ്ട് മടക്കി കുത്തി കുളത്തിലേക്കിറങ്ങി.
കൈനിറയെ പൂവുമായി അവൻ വരുമ്പോൾ ആ കുരുന്ന് മുഖം ആമ്പൽ പോലെ വിടർന്നു.
കുഞ്ഞു കയ്യിൽ ഒതുങ്ങാത്ത അത്രയും പൂവ് നെഞ്ചോടു ചേർത്ത് പിടിച്ചവൾ രുദ്രന്റെ കവിളിൽ മുത്തങ്ങൾ കൊണ്ട് മൂടി.

അച്ഛന് മാത്രെ ഉള്ളൂ അമ്മയ്ക്കില്ലേ????
ആദിയുടെ ചോദ്യത്തിന് മറുപടിയായി പാൽപുഞ്ചിരിയോടെ അവൾ ആദിയുടെ കവിളിലും ചുണ്ട് ചേർത്തു.
കുഞ്ഞു കുഞ്ഞു കുറുമ്പുകളും സന്തോഷങ്ങളുമായി കുറെയേറെ നേരം അവരവിടെ ചിലവഴിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരികെ വീട്ടിലെത്തി അകത്തേക്ക് കടക്കുമ്പോൾ സോഫയിലായി ഇരിക്കുന്നവരെ കണ്ട് ആദിയുടെ മുഖം പ്രകാശിച്ചു.

മുന്നിൽ ഇരിക്കുന്നവരെ കണ്ടതും അംശി രുദ്രന്റെ കയ്യിൽ നിന്നിറങ്ങി അങ്ങോട്ട്‌ ഓടി.

മുത്തച്ചാ……….
അംശി ഓടി ചെന്ന് നന്ദന്റെ മടിയിലേക്ക് കയറി.

മുത്തശ്ശന്റെ ചക്കരകുട്ടി എവിടെ പോയിരുന്നു?????
അവളെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടയാൾ ചോദിച്ചു.

നാനെ….. നാനില്ലേ….. അമ്പോറ്റിയെ പാത്തിചാൻ പോയതാ…..
ദേ…… കന്തോ പൂ…… അച്ഛ പച്ചു തന്നതാ……..
കയ്യിലെ പൂവ് കാട്ടി ഗമയോടെ പറയുന്നത് കേട്ടയാൾ ചിരിച്ചു.

ആണൊ???? മുത്തശ്ശന് തരുവോ പൂ?????

തതൂല ന്തെയാ…….
മുത്തച്ഛന് മേണേൽ അച്ഛ മേറെ പച്ചു തയും…
പൂവ് നെഞ്ചോടു ചേർത്തകൊണ്ടവൾ കുറുമ്പൊടെ മുഖം കൂർപ്പിച്ചു.

അയ്യോ വേണ്ടായേ നിന്റെ അച്ഛ പറിച്ച പൂ നീ തന്നെ വെച്ചോ.
കുഞ്ഞിന്റെ തലയിൽ തഴുകി അയാൾ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
ഒരു കള്ളചിരിയോടെ അവൾ അയാളുടെ കവിളിൽ കുഞ്ഞു പല്ലാഴ്ത്തി ഒരു കടിയുമ്മ കൊടുത്തു.

അമ്പടി കുറുമ്പി നീയെന്നെ കടിക്കുന്നോ??????
അയാൾ അവളുടെ വയറ്റിൽ ഇക്കിളി ആക്കിയതും അവൾ കുടുകുടെ പൊട്ടിച്ചിരിച്ചു.

കുഞ്ഞിന്റെ കളിചിരികൾ ഒരു ചിരിയോടെ നോക്കി ഇരിക്കുകയായിരുന്നു ദേവൻ.
അത് കണ്ട് ആദി അയാളുടെ അരികിലേക്ക് നടന്നു.

അച്ഛാ………
അവളുടെ വിളി കേട്ട് അയാൾ കുഞ്ഞിൽ നിൻ നോട്ടം പിൻവലിച്ചു.

അച്ഛന് മോളെയൊന്ന് എടുക്കാൻ ശ്രമിച്ചൂടെ?????

വേണ്ട മോളെ അവളെന്റെ കയ്യിൽ വരില്ല പിന്നെന്തിനാ വന്നാൽ തന്നെ ഭയങ്കര കരച്ചിലായിരിക്കും. അത് വേണ്ട ഞാനിങ്ങനെ കണ്ടോളാം കുഞ്ഞിനെ. നിന്നെ ഒരുപാട് അവഗണിച്ചതിന് ചിലപ്പോൾ കാലം എനിക്ക് കാത്ത് വെച്ച ശിക്ഷയായിരിക്കും ഇത്.
ഇടറിയ സ്വരത്തിൽ അയാൾ പറയുമ്പോൾ അവൾക്ക് വേദന തോന്നി.

എല്ലാം കലങ്ങി തെളിഞ്ഞപ്പോൾ ആദിക്ക് അവളുടെ അച്ഛനെ തിരികെ കിട്ടി. അന്നോളം അയാൾ നെഞ്ചിൽ ഒളിപ്പിച്ചു വെച്ച സ്നേഹവും വാത്സല്യവുമെല്ലാം അയാൾ ആദിക്കായി പകർന്നു നൽകി. ഓരോ നിമിഷവും അയാളിലെ പിതൃസ്നേഹത്തെ അവൾ അറിയുകയായിരുന്നു.
എന്നാൽ രുദ്രൻ ദേവനോട് ക്ഷമിക്കാൻ തയ്യാറല്ലായിരുന്നു ദേവന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് അയാളോടുള്ള പക മനസ്സിൽ നിന്ന് മാഞ്ഞെങ്കിലും കുഞ്ഞിലേ മുതൽ ആദിയെ വേദനിപ്പിച്ച അയാളോട് പൊറുക്കാൻ അവൻ തയ്യാറല്ലായിരുന്നു. എങ്കിലും അയാൾ അവളെ കാണാൻ ആഗ്രഹിക്കുമ്പോഴെല്ലാം ആദിയെ അയാൾക്ക് മുന്നിൽ അവനെത്തിക്കുമായിരുന്നു.
രുദ്രന്റെ അതേ സ്വഭാവം പകർന്നു കിട്ടയതിന്റെ കുഴപ്പം കൊണ്ടാണോ എന്നറിയില്ല അംശിമോൾ ദേവനുമായി ഒരു കാരണവശ്ചാലും അടുക്കില്ല. കുഞ്ഞ് എല്ലാവരുടെ കയ്യിലും പോവും പക്ഷെ ദേവന്റെ അടുത്ത് മാത്രം പോവില്ല. പോയാൽ തന്നെ കാറിപ്പൊളിച്ച് കരയാൻ തുടങ്ങും.
അവളെ മെരുക്കാൻ ദേവൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവൾ അടുത്തില്ല. കുഞ്ഞിനെ എടുക്കുമ്പോഴുള്ള വാശിയും കരച്ചിലും കാരണം ദേവൻ പിന്നെ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കാറില്ല. ആരുടേയെങ്കിലും കയ്യിലിരിക്കുന്നത് നിസ്സഹായതയോടെ നോക്കിയിരിക്കും.

നിങ്ങളൊക്കെ എപ്പോഴാ വന്നത്???
രുദ്രൻ നന്ദന്റെ അരികിലായി ഇരുന്നുകൊണ്ട് ചോദിച്ചു.

ഇപ്പൊ വന്നതേ ഉള്ളൂ കുറെ നാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്. ആദിക്ക് വിശേഷം ഉണ്ടെന്നറിഞ്ഞപ്പോൾ വന്നതല്ലേ അതുകഴിഞ്ഞ് ഇങ്ങോട്ടൊന്നും വരാൻ കഴിഞ്ഞില്ലല്ലോ.
ആദിയെ നോക്കിയയാൾ പറഞ്ഞു.

എങ്കിൽ പിന്നെ ചെറിയമ്മയെ കൂടി കൂട്ടാൻ പാടില്ലായിരുന്നൊ എത്ര നാളായോന്ന് കണ്ടിട്ട്.
ആദി പരിഭവത്തോടെ പറഞ്ഞു.

ഹേമയ്ക്കും വരണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ ലെച്ചുവും കുഞ്ഞും ഒറ്റയ്ക്കാകില്ലേ അതുകൊണ്ടാ വരാതിരുന്നത്.
പിന്നെ ഈ വരവിനു പിന്നിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്.

അത് കേട്ടവർ എന്തെന്നർത്ഥത്തിൽ അയാളെ നോക്കി.

കുഞ്ഞിന്റെ നൂലുകെട്ടൽ ചടങ്ങ് നടത്താൻ തീരുമാനിച്ചു ഈ വരുന്ന ഞായറാഴ്ചയാണ് നേരത്തെ തന്നെ അങ്ങോട്ട്‌ പൊന്നേക്കണം. ദച്ചൂ നിന്നോട് കൂടിയാ പറയുന്നത്.
വരാതിരുന്നാൽ പിന്നെ ചെറിയച്ഛാ ചെറിയമ്മേ എന്നൊന്നും വിളിച്ച് അങ്ങോട്ട്‌ വന്ന് പോവരുത്.

അയ്യോ വന്നേക്കാമേ……
അവൻ തൊഴുതു പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു പോയി.

കുഞ്ഞ് സുഖായിട്ടിരിക്കുന്നോ ചെറിയച്ഛാ?????

കുഞ്ഞും അവളും നന്നായിട്ടിരിക്കുന്നു മോളെ. അവൾക്ക് നിന്നെ കാണാൻ കഴിയാത്തതിന്റെ സങ്കടാ.

അത് കേട്ട് ആദിയുടെ മുഖം വാടി.

അവളെ കാണാൻ വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചെറിയച്ഛാ പക്ഷെ അന്നൊരിക്കൽ വന്നപ്പോൾ തന്നെ കുഴമ്പിന്റെയും എണ്ണയുടെയും ഒക്കെ മണമടിച്ച് ഞാൻ ഛർദിച്ചൊരു വഴിക്കായി. അംശി മോളെ ഗർഭിണി ആയിരുന്നപ്പോൾ പോലും ഞാനിത്ര ഛർദിച്ചിട്ടില്ല. അതുകൊണ്ടാ ഞാൻ പിന്നെ അങ്ങോട്ട്‌ വരാതിരുന്നത്.

നീ വിഷമിക്കല്ലേ മോളെ നിന്റെ അവസ്ഥ ഞങ്ങൾക്കറിഞ്ഞൂടെ????
എനിക്കും ഹേമക്കും നീയും അവളും ഒരുപോലെയല്ലേ?????
അവളെ ചേർത്ത് പിടിച്ചയാൾ പറയവെ എല്ലാവരിലും ഒരു പുഞ്ചിരി വിടർന്നു.

അപ്പൊ ഞാനോ?????
അയാൾക്കരികിൽ ഇരുന്നു ദച്ചു ചോദിച്ചു.

നീ ഞങ്ങളുടെ മൂത്ത മകനല്ലെടാ പോത്തേ?????
അവന്റെ തലയിൽ തട്ടിക്കൊണ്ടായാൾ പറഞ്ഞു നിർത്തവെ എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.

ദച്ചുവും അറിയുകയായിരുന്നു യഥാർത്ഥ കളങ്കമില്ലാത്ത സ്നേഹത്തിന്റെ മധുരം.

അച്ഛന്റെ കാലുവേദന ഇപ്പൊ കുറവുണ്ടോ??????
ദേവന് നേരെ തിരിഞ്ഞു കൊണ്ടവൾ ചോദിച്ചു.

നിന്റെ ഭദ്രൻ മുത്തശ്ശൻ പറഞ്ഞ മരുന്ന് കഴിച്ച് ഇപ്പൊ നല്ല കുറവുണ്ട്.

ആഹാ അപ്പൊ നിങ്ങളുടെ ഇടയിലുള്ള പിണക്കമൊക്കെ മാറിയോ?????
ആദി സന്തോഷത്തോടെ ചോദിച്ചു.

മ്മ്മ്മ്…… പശ്ചാത്തപിക്കുന്ന പാപിയോട് നിന്റെ മുത്തശ്ശൻ ക്ഷമിച്ചു.
ഇപ്പോഴാ ജീവിതത്തിന് ഒരർത്ഥം വന്നത്. ഇങ്ങനെ ചേർത്ത് പിടിക്കുന്ന സ്നേഹിക്കുന്ന ഒരു കുടുംബത്തെ കിട്ടിയതാ എന്റെ ഭാഗ്യം.
ഇങ്ങനെ ഒരു മോളെ കിട്ടിയത് എന്റെ സൗഭാഗ്യവും. എന്റെ ഗായു എനിക്കൊരു നിധിയെ തന്നിട്ടായിരുന്നു പോയത്. പക്ഷെ അതിന്റെ വില മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി എന്ന് മാത്രം.
അവളുടെ നെറുകിൽ തലോടി തന്നിലേക്ക് അണച്ചു പിടിച്ചയാൾ പറഞ്ഞു.
അത് കേട്ട് ആദിയുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു.

ആദിയെ ദേവൻ ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ടതും അംശി നന്ദന്റെ മടിയിൽ നിന്നിറങ്ങി ആദിയുടെ മടിയിൽ കയറിയിരുന്നു.

തൊതന്ത…… ന്തെ അമ്മയാ…..
ദേവന്റെ കൈ തട്ടി മാറ്റി അവളായാളെ കൂർപ്പിച്ചു നോക്കി.

അത് കണ്ട് ദേവന് ചിരി വന്നു.

അംശി മോളെ നോക്കിയേ അങ്ങനെ പറയരുത്. ഇതമ്മയുടെ അച്ഛയാ.
ആദി അവളുടെ കുഞ്ഞി കവിളിൽ പിടിച്ചു പറഞ്ഞു കൊടുത്തു.

മേന്ത…… അമ്മക്ക് നാനും അച്ഛയും മതി…… പോ…. പോ…… തതൂല…..
കുഞ്ഞ് കൈ കൊണ്ട് അയാളെ തല്ലാൻ നോക്കി.

ശരി ഞാൻ മോൾടെ അമ്മയെ തൊടില്ല. അംശി മോളെ തൊട്ടോട്ടെ????
പ്രതീക്ഷയോടെ ദേവൻ ചോദിച്ചു.

മേന്ത…….
കുഞ്ഞുചുണ്ട് കൂർപ്പിച്ച് തല വെട്ടിച്ചു.

ദേ നോക്കിയേ എന്റെ കയ്യിൽ വന്നാൽ ഞാൻ ദേ ഇത് തരാം.
ഒരു ഡയറി മിൽക്കിന്റെ പാക്കറ്റ് കാണിച്ചു കൊണ്ടയാൾ പറഞ്ഞതും അവളൊന്ന് നോക്കി.
പിന്നെ മുഖം വെട്ടിച്ചു.
ആദിയുടെ മടിയിൽ കയ്യും കെട്ടി മുഖം തിരിച്ച് ഇരുന്നെങ്കിലും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ ദേവന്റെ കയ്യിലെ ചോക്ലേറ്റിലേക്ക് പോയി.
അവളുടെ കളികൾ നോക്കിക്കൊണ്ട് ദേവൻ തന്റെ പിന്നിൽ ഒളിപ്പിച്ചു വെച്ച ബാർബി ഡോൾ കയ്യിലെടുത്തു.
പിങ്ക് ഉടുപ്പിൽ ചിറകുകളുമായി ആ സുന്ദരി പാവ കണ്ട് അംശി ഡോളിൽ തന്നെ നോക്കിയിരുന്നു.

വേണോ?????
ദേവൻ ഡോൾ നീട്ടി ചോദിച്ചതും അവൾ തലയാട്ടി.

എന്നാ എന്നോട് കൂടുവോ??????
കുഞ്ഞു കുട്ടികളെ പോലെ അവൾക്ക് നേരെ ചെറുവിരൽ നീട്ടി അയാൾ ചോദിച്ചതും അവൾ താടിയിൽ വിരൽ കുത്തി എന്തോ ആലോചിച്ചു.
പിന്നെ പതിയെ അയാളുടെ ചെറുവിരലിൽ അവൾ അവളുടെ കുഞ്ഞു വിരൽ ചേർത്തു.

ദേവൻ അവൾക്ക് പാവ കൊടുത്തപ്പോൾ അവളത് വാങ്ങി അയാളുടെ മടിയിലേക്ക് കയറിയിരുന്നു.
ആദ്യം കാണിച്ച അകൽച്ചയൊന്നും കാണിക്കാതെ അയാളോട് വാ തോരാതെ സംസാരിക്കുകയും അവളുടെ രീതിയിലുള്ള ഓരോ കളികൾ അയാളെ പഠിപ്പിച്ച് അയാൾക്കൊപ്പമിരുന്ന് കളിക്കാനും തുടങ്ങി.

ആ കാഴ്ച കാൺകെ എല്ലാവരുടെയും മനസ്സ് ഒരുപോലെ നിറഞ്ഞു. ഒരുപാട് നാളായി ഏവരും കൊതിച്ച നിമിഷങ്ങൾ ആയിരുന്നു അത്.
കുഞ്ഞ് കളിയിൽ മുഴുകി ഇരിക്കുന്നത് കണ്ടതും ആദി അടുക്കളയിൽ നിന്ന് ദോശ എടുത്തുകൊണ്ടു വന്നു.

ഇങ്ങ് താ മോളെ ഞാൻ കൊടുത്തോളാം എന്നിട്ട് നിങ്ങൾ പോയി ഡ്രസ്സ്‌ മാറിവന്ന് വല്ലതും കഴിക്കാൻ നോക്ക് ഈ സമയത്ത് ആഹാരം കഴിക്കാൻ വൈകുന്നത് ശരിയല്ല.
ദച്ചു അവളുടെ കയ്യിൽ നിന്ന് പാത്രം വാങ്ങിക്കൊണ്ടു പറഞ്ഞു.

അത് കേട്ടവൾ ചിരിയോടെ അകത്തേക്ക് നടന്നു.

രുദ്രൻ ദേവന്റെയും കുഞ്ഞിന്റെയും കളിചിരികൾ കുറച്ചു നേരം നോക്കി നിന്നു. അവനെ കണ്ടാൽ കുഞ്ഞ് അവിടെ ഇരിക്കില്ല എന്നറിയാവുന്നത് കൊണ്ട് പതിയെ അവിടെ നിന്ന് പോയി.

താഴെ ദേവന്റെയും കുഞ്ഞിന്റെയും കളിചിരികൾ മുഴങ്ങി കേട്ടു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഉടുത്തിരുന്ന സാരിയുടെ പിന്നുകൾ ഓരോന്നായി അഴിക്കുമ്പോഴാണ് രുദ്രന്റെ കൈകൾ അവളെ ചുറ്റിപിടിക്കുന്നത്.
രണ്ട് കയ്യും അവളുടെ വയറിൽ വെച്ചവൻ കണ്ണാടിയിലൂടെ അവളെ നോക്കി.

എന്താണ് ഭാര്യേ മുഖത്തൊരു വാട്ടം മ്മ്മ് ??????
അവളോടായി ചോദിച്ചു കൊണ്ട് അവളുടെ തോളിൽ തല വെച്ചു.

എന്തിനാ രുദ്രേട്ടാ അച്ഛനോട് ഇനിയും ഈ അവഗണന ക്ഷമിച്ചൂടെ പണ്ട് ചെയ്ത പാപങ്ങൾക്കൊക്കെ ഒരുപാട് വേദനിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ വെറുപ്പ് കാണിക്കണോ??????
അവളുടെ സ്വരം ചിലുമ്പിച്ചിരുന്നു.

കഴിയുന്നില്ലെടി…… ആ മുഖം കാണുമ്പോൾ അന്ന് പറഞ്ഞതും പ്രവർത്തിച്ചതും പിന്നെ നിന്റെ കണ്ണീരുമാ മനസ്സിലേക്കോടിയെത്തുന്നത്. അതൊക്കെ മനസ്സിൽ കിടക്കുമ്പോൾ എന്തോ…. എനിക്കങ്ങീകരിക്കാൻ കഴിയുന്നില്ല.

അത് കേട്ടവൾ അവന് നേരെ തിരിഞ്ഞു.

അതൊക്കെ കഴിഞ്ഞിട്ട് വർഷം നാല് കഴിഞ്ഞില്ലേ. ഇനിയെങ്കിലും ഒന്ന് മറന്നൂടെ??????

അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ മുഖം തിരിച്ചു. എന്നാൽ അതിലും വേഗം അവൾ അവന്റെ മുഖം തനിക്ക് നേരെ പിടിച്ചു.

എനിക്ക് വേണ്ടിയെങ്കിലും ക്ഷമിച്ചൂടെ??????
പ്രതീക്ഷയോടെ അവൾ ചോദിച്ചതും എതിർക്കാൻ അവന് മനസ്സ് വന്നില്ല.

ശരി ക്ഷമിക്കാം പക്ഷെ നിന്നെ പോലെ സ്നേഹിക്കാൻ എന്നെക്കൊണ്ടാവില്ല. നിനക്ക് എല്ലാവരോടും ക്ഷിക്കാൻ കഴിയും പക്ഷെ ഞാൻ അങ്ങനെയല്ല രുദ്രൻ എങ്ങനെയാണോ അതുപോലെയെ പെരുമാറൂ ആരുടെ മുന്നിൽ അഭിനയിക്കാൻ എന്നെക്കൊണ്ടാവില്ല.

അതിന് അഭിനയിക്കാൻ ആരെങ്കിലും പറഞ്ഞോ????? ഈ രുദ്രൻ എന്താണെന്നും എങ്ങനെ ആണെന്നും അറിഞ്ഞിട്ടാ ഞാൻ സ്നേഹിച്ചത്. എനിക്ക് രുദ്രേട്ടന്റെ ഈ ദേഷ്യവും വാശിയും ഉള്ളിലുള്ളത് അതേപോലെ പ്രകടിപ്പിക്കുന്ന ഈ സ്വഭാവവുമാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ട് ഉള്ളിലുള്ളത് തന്നെ എല്ലാവരോടും കാണിച്ചാൽ മതി. അച്ഛനെന്തെങ്കിലും ചോദിച്ചാൽ മറുപടി കൊടുക്കണം കാണുമ്പോൾ ഒന്ന് ചിരിക്കണം അത്രയും മതി.
അത് ചെയ്യാലോ????

അത് വേണേൽ നോക്കാം.

അത് മതി……
അവൾ ചിരിയോടെ പറഞ്ഞ് അവനിൽ നിന്നടർന്ന് മാറി.

അവൻ ഒരു ചിരിയോടെ അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് അവളുടെ വയറിനിരുവശത്തും ചുണ്ട് ചേർത്തു.
പിന്നെ എഴുന്നേറ്റ് അവളുടെ കവിളിൽ ഒന്നമർത്തി ചുംബിച്ച് കബോർഡിൽ നിന്ന് മാറാനുള്ള ഡ്രസ്സ്‌ തിരയാൻ തുടങ്ങി.
അവനെയൊന്ന് നോക്കി അവളും വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ തുടങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അവർ താഴേക്കിറങ്ങി ചെല്ലുമ്പോൾ അംശി മോളും ദേവനും നല്ല കളിയിലാണ്. അവരെയൊന്ന് നോക്കി അവർ ഡൈനിങ്ങ് ടേബിളിലേക്കിരുന്നു.

അച്ഛനും ചെറിയച്ഛനും കഴിക്കാൻ വരുന്നില്ലേ?????

ഇല്ല മോളെ ഞങ്ങൾ രാവിലെ കഴിച്ചതാ നിങ്ങൾ കഴിച്ചോ.
നന്ദൻ അവൾക്കുള്ള മറുപടി കൊടുത്തു.

അല്ല ജേക്കബും ഗൗരിയും തിരികെ വന്നില്ലേ?????

ഇല്ല ചെറിയച്ഛാ അവിടെ വല്യമ്മച്ചിക്ക് തീരെ വയ്യാ അപ്പനും അമ്മയും എപ്പോഴും അടുത്ത് വേണം. വല്യപ്പച്ചന്റെ വാശി കാരണം സ്വന്തം മകനെയും മരുമകളെയും ഒന്ന് കാണാൻ പോലും പറ്റിയിരുന്നില്ലല്ലോ അതുകൊണ്ട് വല്യമ്മച്ചിയുടെ കണ്ണടയും വരെ അവർ കൂടെ വേണമെന്ന് പറഞ്ഞത്രേ. അമ്മച്ചിയുടെ ആഗ്രഹം ആയത് കൊണ്ട് അപ്പൻ പിന്നെ എതിർക്കാൻ പോയില്ല.
വല്യമ്മച്ചിയുടെ കലാശേഷമേ ഇനി ഇങ്ങോട്ട് വരൂ. അതിനിടയ്ക്കാണ് ഇവളുടെ ഡെലിവറിയെങ്കിൽ ഇങ്ങോട്ട് പോരും എന്ന് പറഞ്ഞിട്ടുണ്ട്.

ആഹ് അവസാനത്തെ ആഗ്രഹമല്ലേ നടത്തിക്കൊടുക്കുക തന്നെ വേണം.
നന്ദൻ ശരി വെച്ചു.

ദേവു മോൾ വിളിക്കാറുണ്ടോ????

ഉണ്ട് ചെറിയച്ഛാ അവരിനി ഇങ്ങോട്ടില്ല ബാംഗ്ലൂർ തന്നെ സെറ്റിലാവാൻ തീരുമാനിച്ചു. സാവിത്രി ആന്റിയെയും കൂടെ അങ്ങോട്ട്‌ കൊണ്ടുപോയി.
കഴിക്കുന്നതിനിടയിൽ തന്നെ രുദ്രൻ മറുപടി കൊടുത്തു.

നന്നായി അശ്വിന്റെ നല്ല മനസ്സ് അല്ലെങ്കിൽ ഇന്നത്തെ കാലത്ത് ആരെങ്കിലും ഭാര്യയുടെ അമ്മയെ കൂടെ നിർത്താൻ സമ്മതിക്കുവോ?????
പാവങ്ങൾ രണ്ടുപേരും ശങ്കരന്റെ ദുഷ്പ്രവർത്തികൾ അറിഞ്ഞ് വേദനിച്ചിട്ടുണ്ട്. അവരുടെ ദുഃഖങ്ങൾ കണ്ട് ദൈവം വെച്ച് നീട്ടിയതായിരിക്കാം ഈ നല്ല ജീവിതം.
എല്ലാവരും സന്തോഷത്തോടെ തന്നെ കഴിയട്ടെ.
അയാൾ പറയുന്നത് കേട്ടവർ ഒരു നെടുവീർപ്പിട്ടു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പിന്നെയും ഒരുപാട് നേരം അവരവിടെ ചിലവഴിച്ചു. ഈ നേരം കൊണ്ട് തന്നെ അംശി മോൾ ദേവനോട് കൂടുതൽ അടുത്തു. അവർ പോവുന്നത് വരെ അവൾ അയാളുടെ അടുത്ത് തന്നെ ആയിരുന്നു.
രുദ്രനും അയാളോട് ഒരുപാട് അകൽച്ചയൊന്നും കാണിച്ചില്ല. അത് രണ്ടും അയാളിൽ സന്തോഷം നിറച്ചു.
ഊണ് കഴിഞ്ഞ് അവർ പോവാനിറങ്ങുമ്പോൾ അംശി അവർ ഇരുവരുടെയും സ്നേഹചുംബനങ്ങളാൽ മൂടിയിരുന്നു.

അവരുടെ കാർ ഗേറ്റ് കടന്ന് പോവുന്നത് വരെ അവൾ രുദ്രന്റെ കയ്യിലിരുന്ന് കുഞ്ഞു കൈവീശി കാണിച്ചു കൊണ്ടിരുന്നു.

തുടരും…………………

എന്തോ രുദ്രനെയും ആദിയേയും പറഞ്ഞു വിടാൻ ഭയങ്കര മടി. അതുകൊണ്ട് തന്നെ എഴുതാനും വല്ലാത്ത മടി. കുറച്ചു ടൈപ്പ് ചെയ്യും എന്തോ മനസ്സിന് പിടിക്കില്ല അത് ഡിലീറ്റ് ചെയ്യും വീണ്ടും ടൈപ്പ് ചെയ്യും അങ്ങനെ കുറെ നേരം ഇരുന്നാണ് ഇത് എഴുതി തീർത്തത്. വായിച്ചു നോക്കിയിട്ടും എന്തോ സംതൃപ്തി തോന്നുന്നില്ല ആഹ് എന്തേലും ആവട്ടെ……😌

സ്റ്റോറി ഇനി രണ്ട് പാർട്ട് കൂടിയേ ഉള്ളൂ 60മത്തെ പാർട്ടിൽ ആദിരുദ്രത്തിന് കർട്ടൻ വീഴുന്നതായിരിക്കും 😊

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply