✒️ ആർദ്ര അമ്മു
കുളത്തിന്റെ കൽപ്പടവിൽ വെള്ളത്തിലേക്ക് കുഞ്ഞു കല്ലുകൾ പെറുക്കി എറിഞ്ഞിരിക്കുകയാണ് ആദി.
മനസ്സൊന്ന് ശാന്തമാവാൻ ഇരുന്നതാണ്.
എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടി.
അസ്വസ്ഥതയോടെ അവൾ കുളത്തിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.
ആദീ………………
ആരുടെയോ വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കുമ്പോഴേക്കും ലെച്ചു അവൽക്കരികിലേക്ക് ഓടി കിതച്ച് എത്തിയിരുന്നു.
പടവിൽ നിന്ന് കിതപ്പടക്കാൻ ശ്രമിക്കുന്ന അവളെ നോക്കി ആദി വെപ്രാളത്തോടെ എഴുന്നേറ്റു.
എന്താടി????????
അവൾ ആധിയോടെ ലെച്ചുവിന്റെ കയ്യിൽ പിടിച്ചു.
ഭദ്രൻ മുത്തശ്ശൻ വന്നിട്ടുണ്ട്.
ശ്വാസം വലിച്ചു വിട്ടുകൊണ്ടവൾ പറഞ്ഞു.
ങേ…… എപ്പോ വന്നു???????
അവൾ അതിശയത്തോടെ ചോദിച്ചു.
ദേ ഇപ്പൊ വന്നതേയുള്ളൂ നിന്നെ അന്വേഷിച്ചു അതാ ഞാനോടി ഇങ്ങോട്ട് വന്നത്.
ലെച്ചു പറഞ്ഞു തീർന്നതും അവൾ ഓടി പടവുകൾ കയറി.
ഭദ്രൻ ഗായത്രിയുടെ അച്ഛനാണ്.
ദേവൻ ഗായത്രിയെ കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഭദ്രന് സന്തോഷമായിരുന്നു ഒന്ന് മകളെ വലിയൊരു തറവാട്ടിലേക്ക് കല്യാണം കഴിപ്പിച്ചയക്കുന്നതിന്റെയും മറ്റൊന്ന് തനിക്കൊരു മകനെ കിട്ടുന്നതിന്റെയും. ദേവനെ മരുമകനെക്കാളുപരി സ്വന്തം മകനെ പോലെ കണ്ട് സ്നേഹിച്ചു.
എന്നാൽ ദേവൻ അയാളെ സ്വന്തം ഭാര്യയുടെ അച്ഛനായി പോലും കണ്ടില്ല.
അയാൾക്കെല്ലാം ഗായത്രിയായിരുന്നു. കല്യാണം കഴിഞ്ഞു ഭദ്രനെ കുറിച്ച് അന്വേഷിക്കുകയോ ഗായത്രിയെ അച്ഛനെ കാണാൻ വീട്ടിലേക്ക് വിടുകയോ ചെയ്യാറില്ലായിരുന്നു. ഗായത്രിക്ക് അയാളെ കാണാൻ തോന്നുമ്പോഴെല്ലാം ക്ഷേത്രത്തിൽ പോയി കാണാനായിരുന്നു പതിവ്.
എന്നാൽ ആദിയെ ഗർഭിണി ആയിരുന്ന സമയത്ത് ദേവൻ അവളുടെ ക്ഷേത്രത്തിൽ പോക്കിന് തടയിട്ടു. അതോടെ അയാൾക്ക് മകളെ കാണാൻ പറ്റാതെയായി. സ്വന്തം മകളെ കാണാൻ ആ വൃദ്ധൻ പാലാഴിയിൽ വരേണ്ടതായി വന്നു.
ഭദ്രൻ വരുന്ന സമയം ദേവൻ അയാളോട് സംസാരിക്കാനോ അയാളെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാറില്ല.
അയാളെ അനിഷ്ടത്തോടെ അല്ലാതെ അവൻ നോക്കില്ലായിരുന്നു.
അവന്റെ സ്വഭാവം കാരണം ദേവനില്ലാത്ത നേരത്തായിരുന്നു ഗായത്രിയെ കാണാൻ അയാളെത്തിയിരുന്നത്.
ഗായത്രിയുടെ മരണത്തോടെ അയാൾ തകർന്നു പോയി.
പൊടികുഞ്ഞായ ആദിയെ നെഞ്ചോടടക്കി അയാൾ പൊട്ടിക്കരഞ്ഞു. കുഞ്ഞിനോടുള്ള ദേവന്റെ മനോഭാവം മനസ്സിലാക്കിയ ഭദ്രൻ ആദിയെ അയാൾക്കൊപ്പം കൊണ്ടുപോവാൻ തുനിഞ്ഞു. എന്നാൽ ജനിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ നോക്കാൻ കഴിയും എന്നറിയാതെ അയാൾ വേദനയോടെ ഇരുന്നു.
ആ സമയം സ്വന്തം കുഞ്ഞിനൊപ്പം അവളെ പാലൂട്ടുന്ന ഹേമയും തളർന്നു പോയ അയാളെ ചേർത്ത് പിടിക്കുന്ന നന്ദനും അയാൾക്ക് ആശ്വാസമേകി.
ആദിയെ മകളെ പോലെ വളർത്തുന്ന നന്ദന്റെയും ഹേമയുടെയും കൂടെ തറവാട്ടിൽ തന്നെയാണ് അവൾ വളരേണ്ടതെന്ന് മനസ്സിലാക്കിയ അയാൾ തിരികെ മടങ്ങി.
എങ്കിലും ആദിയെ കാണാൻ തോന്നുമ്പോഴെല്ലാം അയാൾ തറവാട്ടിലേക്ക് ഓടിയെത്തും. അവളെ സ്നേഹം കൊണ്ട് മൂടും അവൾക്കായി തന്റെ കയ്യിലുള്ള പണം കൊണ്ട് വാങ്ങാൻ പറ്റുന്നതൊക്കെ വാങ്ങി കൊടുക്കും.
അപ്പോഴൊക്കെ തന്നെ അനിഷ്ടത്തോടെ നോക്കുന്ന ദേവന്റെ കണ്ണുകളെ അയാൾ വക വെക്കാറില്ല സന്തോഷത്തോടെ തന്നെ നോക്കുന്ന ആദിയുടെ നിഷ്കളങ്ക മുഖം മാത്രമായിരുന്നു മുന്നിൽ.
മുത്തശ്ശാ……………….
ആദി ഓടി അയാളുടെ നെഞ്ചോട് ചേർന്ന് നിന്നു.
അയാൾ സ്നേഹത്തോടെ അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു.
ഇന്നലെ വിളിച്ചപ്പോൾ പോലും പറഞ്ഞില്ലല്ലോ എന്നെ കാണാൻ വരുമെന്ന്??????
അവൾ അയാളുടെ ജുബ്ബയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
ഇങ്ങോട്ട് വരുമെന്ന് കരുതിയതല്ല മോളെ ഇവിടെ അടുത്ത് വരെ വരേണ്ട ഒരാവശ്യമുണ്ടായിരുന്നു എങ്കിൽ പിന്നെ എന്റെ കുട്ടിയെ കൂടി ഒന്ന് കണ്ടിട്ട് പോവാമെന്ന് കരുതി.
അവളുടെ കവിളിൽ തലോടി അയാൾ പറഞ്ഞു.
ക്ഷീണിച്ചു പോയി എന്റെ കുട്ടി……….
അയാളുടെ സ്വരത്തിൽ ആധിയും വേദനയും കലർന്നിരുന്നു.
ഒന്നും കഴിക്കാറില്ല അച്ഛാ………….. ഞാൻ വഴക്ക് പറയില്ല എന്നറിയാവുന്നത് കൊണ്ട് എന്നെ പേടിയില്ല. നോക്കിക്കോ ഇനി ഞാൻ വടി വെട്ടി രണ്ട് തല്ല് തല്ലും ആ……………
സംഭാരവുമായി ഭദ്രന്റെ അടുത്തേക്ക് വന്ന് ഹേമ അവളെ നോക്കി കപട ഗൗരവത്തിൽ പറഞ്ഞു.
നീ ഇവളെ തല്ലാനോ??????
ഹഹഹ നല്ല കാര്യായി.
ആരോടാ ഹേമേ നീയിത് പറയുന്നത്???????
നീയിവളെ ഒന്ന് നുള്ളി നോവിക്കുക പോലുമില്ലെന്ന് എനിക്കറിയില്ലേ??????
പണ്ടിവളെ ഒന്ന് ഇൻജെക്ഷൻ ചെയ്തപ്പോൾ കരഞ്ഞ നീയാണോ ഇവളെ വടിയെടുത്ത് തല്ലുന്നത്???????
ഭദ്രൻ അവരെ കളിയാക്കി.
എന്റെ ചെറിയമ്മയെ കളിയാക്കുന്നോ???
അടി വാങ്ങും ആഹ്…………..
ആദി കളിയായി അയാളുടെ ചെവിയിൽ പിടിച്ചു.
അത് കണ്ടവർ എല്ലാവരും ചിരിച്ചു.
അച്ഛൻ പറഞ്ഞത് ശരിയാ എനിക്കിവളെ ഒന്ന് നുള്ളി നോവിക്കാൻ പോലും കഴിയില്ല കാരണം ഇവളുടെ കണ്ണൊന്നു നിറഞ്ഞാൽ എന്റെ നെഞ്ച് പിടക്കും.
ഹേമ പറയുന്നത് കേട്ട് ആദി അവരെ പിന്നിൽ നിന്ന് ചുറ്റി പിടിച്ചവരുടെ തോളിൽ തല വെച്ചു.
എനിക്കറിയില്ലേ എന്റെ ചെറിയമ്മകുട്ടിയെ???? ശരിക്കും ഇതെന്റെ അമ്മ തന്നെയല്ലേ മുത്തശ്ശാ??????
ഭദ്രനെ നോക്കി അത് ചോദിച്ച അവളുടെ നെറുകിൽ ഹേമ വാത്സല്യത്തോടെ ചുംബിച്ചു.
അത് കണ്ട് ആ വൃദ്ധൻ തോളിൽ കിടന്ന തോർത്ത് കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ ഒപ്പി.
എന്റെ മോളുടെ ഭാഗ്യാ നീയും നന്ദനും.
നിങ്ങൾക്കേ ഇവളെ ഇത്രയും സ്നേഹിക്കാൻ കഴിയൂ. എനിക്ക് പോലും ഇവളെ ഇത്രയേറെ സ്നേഹിക്കാൻ കഴിയില്ല.
അയാൾ വാത്സല്യത്തോടെ ആദിയെ തന്റെ ഒരു കയ്യാൽ ചേർത്ത് പിടിച്ചു.
നീയെന്ത് നോക്കി നിൽക്കുവാ എന്റെ കുറുമ്പി വാടി ഇങ്ങോട്ട്…….
തങ്ങളെ നോക്കി നിൽക്കുന്ന ലെച്ചുവിനെ നേരെ മറുകൈ നീട്ടിയയാൾ വിളിച്ചു.
ആ വിളി കാത്തെന്നത് പോലെ അവൾ ഓടി അയാളുടെ കരവലയത്തിനുള്ളിലേക്ക് കയറി.
ആദിക്കും ലെച്ചുവിനുമൊപ്പം അയാൾ ഹേമയെ കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു.
എന്റെ ഗായത്രിക്ക് പകരം ദൈവം എനിക്ക് കൊണ്ടുതന്ന മകളാണ് നീ.
ഹേമയുടെ മുടിയിൽ സ്നേഹത്തോടെ തലോടി അയാൾ പറഞ്ഞു.
അപ്പോൾ അയാൾ ആദിയുടെ മുത്തശ്ശൻ എന്നതിലുപരി ഒരച്ഛന്റെ വാത്സല്യമറിയാത്ത ഹേമയുടെ അച്ഛനായി കൂടി മാറുകയായിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ കണ്ടു അവന്റെ ക്യാബിനിന്റെ പരിസരത്ത് ചുറ്റി പറ്റി നടക്കുന്ന ദേവുവിനെ.
അവന്റെ ശ്രദ്ധ അവളിൽ ആണെന്ന് കണ്ടതും അവൾ അവനെ ശ്രദ്ധിക്കാതെ മറ്റ് സ്റ്റാഫുകളോട് സംസാരിക്കുന്നതായി ഭാവിച്ചു.
അത് കാൺകെ രുദ്രന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു. വെറുപ്പോടെ അവളിൽ നിന്ന് മുഖം തിരിച്ചവൻ കാറിലേക്ക് കയറി.
അവൻ പോയതും അവൾ ഓഫീസിലെ എല്ലാവരുടെയും പേരുകൾ ചോദിച്ചറിയാനും പരിചയപ്പെടാനും തുടങ്ങി.
രുദ്രന്റെ മാറ്റത്തിന് കരണക്കാരിയായ ആദിയെ തിരയുകയായിരുന്നു അവൾ.
ഓഫീസിൽ ആ പേരിലാരുമില്ല എന്നറിഞ്ഞതും അവളിലെ കലി കൂടി.
ഏത് വിധേനയും ആദിയെ കണ്ടെത്തി അവളും രുദ്രനുമായുള്ള ബന്ധം എന്താണെന്നറിയണം എന്നവൾ മനസ്സിലുറപ്പിച്ചു.
വീട്ടിലേക്കുള്ള യാത്രയിൽ രുദ്രന്റെ മനസ്സിൽ മുഴുവൻ ദേവുവിനോടുള്ള ദേഷ്യം നിറഞ്ഞു.
അവളുടെ ഓരോ പ്രവർത്തികൾ ഓർക്കും തോറും അവനിൽ ദേഷ്യം അലതല്ലി.
അവന്റെ കണ്ണുകൾ രൗദ്രഭാവം പൂണ്ടു.
അവന്റെ ദേഷ്യത്തിനനുസരിച്ച് കാറിന്റെ വേഗതയും കൂടി.
കൺ ചിമ്മിയോ… നിൻ ജാലകം…
ഏതോ നിഴൽ തുമ്പികൾ
തുള്ളിയോ………..
കാതോർക്കയായ്…………
എൻ രാവുകൾ……
കാറ്റായ് വരും
നിന്റെ കാൽതാളവും…………🎶
സ്റ്റീരിയോയിൽ മുഴങ്ങുന്ന പാട്ട് കേട്ട് അവന്റെ മനസ്സൊന്നു ശാന്തമായി.
തങ്ക തിങ്കൾ തേരേറി
വർണ്ണ പൂവിൻ തേൻ തേടി
പീലി തുമ്പിൽ കൈമാറും മോഹങ്ങളെ…
എന്നും നിന്നെ കൺ കോണിൽ
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നിൽ……………🎶
എന്തുകൊണ്ടോ അവനത് കേൾക്കുമ്പോൾ ആദിയെ ഓർമ്മ വന്നു.
അവളുടെ ഓരോ കുറുമ്പുകളും അവളോടൊത്ത് ചിലവഴിച്ച നിമിഷങ്ങളും മനസ്സിൽ തെളിഞ്ഞു.
മനോഹരമായ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ………
കനവറിയാതെയേതോ കിനാവുപോലെ……..
മനമറിയാതെ പാറിയെൻ മനസരസോരം………..
പ്രണയനിലാക്കിളി നീ ശഹാന പാടി…
ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം…………
എവിടെ മറന്നു ഞാനീ
പ്രിയാനുരാഗം……….. 🎶
കാറിൽ മുഴങ്ങുന്ന പാട്ടിനൊപ്പം അവന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു.
എന്തോ ഓർത്ത് പുഞ്ചിരിയോടെ അകത്തേക്ക് കയറി വരുന്ന രുദ്രനെ കണ്ട് സോഫയിൽ ഇരുന്ന ഗൗരി അതിശയത്തോടെ എഴുന്നേറ്റു.
അവൻ മൂളിപ്പാട്ടോടെ അവരുടെ അടുത്തേക്ക് നടന്നു കുസൃതിചിരിയോടെ അവരുടെ കവിളിൽ മുത്തി അവന്റെ റൂമിലേക്ക് നടന്നു.
ഗൗരി രുദ്രന്റെ പ്രവർത്തിയിൽ ഞെട്ടി പകച്ചു നിന്നുപോയി.
എന്നാൽ ഇതെല്ലാം കണ്ട് ജേക്കബിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു.
പക്ഷെ അവന്റെ മാറ്റത്തിന് പിന്നിലുള്ള വ്യക്തി ആരാണെന്നയാൾക്ക് മനസ്സിലായില്ല.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അകത്തെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചായകുടിക്കുകയായിരുന്നു ആദിയും ലെച്ചുവും ഭദ്രനും ഹേമയും.
ഭദ്രൻ അവർക്കായി വാങ്ങിക്കൊണ്ടുവന്ന പഴംപൊരിക്ക് വേണ്ടി തമ്മിൽ തല്ല് കൂടുകയാണ് ആദിയും ലെച്ചുവും. ഇതെല്ലാം കണ്ട് ചിരിയോടെ ഭദ്രനും ഹേമയുമിരുന്നു.
ഉഫ് പഴംപൊരിക്ക് എന്താ ടേസ്റ്റ്…………..
കൊതിയോടെ പഴംപൊരി കഴിച്ചുകൊണ്ട് ലെച്ചു പറഞ്ഞു.
പതുക്കെ കഴിക്കെടി അല്ലെങ്കിൽ തൊണ്ടയിൽ കുരുങ്ങി ചത്തുപോവും.
ആദി അവളെ കളിയാക്കി.
അത് കേട്ടെല്ലാവരും കൂടി ചിരിക്കാൻ തുടങ്ങി.
താഴെ നിന്നുയർന്നു കേൾക്കുന്ന പൊട്ടിച്ചിരിയുടെ ശബ്ദം കേട്ട് അസ്വസ്ഥതയോടെ ദേവൻ താഴേക്കിറങ്ങി.
ടേബിൾ ചിരിച്ചു കളിച്ചു ചായകുടിക്കുന്ന ഹേമയ്ക്കും ആദിക്കും ലെച്ചുവിനുമൊപ്പം ഭദ്രനെ കണ്ട് വെറുപ്പോടെ മുഖം തിരിച്ചു.
അയാളെ കണ്ടതും അവരെല്ലാം നിശബ്ദരായി. ഭദ്രൻ എല്ലാവരെയും ഒന്ന് നോക്കി. അവരുടെ കണ്ണുകളിൽ ദേവനെ കാണുമ്പോഴുള്ള ഭയം കണ്ടയാൾ ദേവനെ നോക്കി പുച്ഛിച്ചു ചിരിച്ചു.
അത് കണ്ട് ദേവൻ ദേഷ്യത്തോടെ അയാളെ നോക്കി.
നാട്ടിലുള്ള സകലർക്കും കയറിയിറങ്ങാൻ ഇത് സത്രമല്ല പാലാഴി തറവാടാണ്.
ദേവൻ ശബ്ദമുയർത്തി.
അതിന് ഞാനിവിടെ സ്ഥിരതാമസത്തിന് വന്നതല്ല എന്റെ കൊച്ചുമകളെ കാണാൻ വന്നതാ.
അയാൾ ദേവന് നേരെ തിരിച്ചടിച്ചു.
തനിക്കെന്താടോ എന്നോടിത്ര പുച്ഛം????
ദേവൻ ദേഷ്യത്തിൽ അലറി.
എനിക്ക് നിന്നോട് പുച്ഛം മാത്രേ തോന്നൂ ദേവാ…… കാരണം സ്വന്തം മോളുടെ അടക്കം ഇവിടെ എല്ലാവരുടെയും കണ്ണിൽ നിന്നോടുള്ള ബഹുമാനമോ സ്നേഹമോ അല്ല ഭയം മാത്രമാണ്.
ഒരച്ഛൻ ഏട്ടൻ മകൻ അങ്ങനെ എല്ലാം കൊണ്ടും നീയൊരു പരാജിതനാണ് വെറും തോൽവി.
പുച്ഛത്തോടെയുള്ള ഭദ്രന്റെ വാക്കുകൾ അവനിൽ വെറുപ്പും ദേഷ്യവും നിറച്ചു.
എല്ലാവരെയും നോക്കി ദേഷ്യത്തിൽ അയാൾ മുകളിലേക്ക് കയറിപ്പോയി.
അവൻ പോയപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.
ഞാനെന്നാൽ ഇറങ്ങുവാ പിന്നീടൊരിക്കൽ വരാം.
ഭദ്രൻ പറയുന്നത് കേട്ട് എല്ലാവരുടെയും മുഖം വാടി.
നിങ്ങളിങ്ങനെ വിഷമിക്കാതെ ഞാൻ കുറച്ചു ദിവസം കഴിയുമ്പോൾ ഇങ്ങോട്ട് വരാന്നേ.
ഭദ്രൻ ചിരിയോടെ അവരെ നോക്കി പറഞ്ഞു.
വരുവോ?????????
ആദി കൊച്ചു കുട്ടികളെ പോലെ ചോദിച്ചു.
വരാമെന്റെ ആദികുട്ടി.
അയാൾ അവളെ ചേർത്ത് പിടിച്ചു കവിളിൽ സ്നേഹത്തോടെ ചുംബിച്ചു.
അതുപോലെ തന്നെ ലെച്ചുവിനെയും ചേർത്ത് പിടിച്ചു ചുംബിച്ചു.
ശേഷം ഹേമയെ ചേർത്ത് പിടിച്ചവരോടെല്ലാം യാത്ര പറഞ്ഞിറങ്ങി.
അയാൾ പോവുന്നതും നോക്കി വിഷമത്തോടെ അവർ നിന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രൻ ബാത്‌റൂമിൽ കയറി ഫ്രഷായി തന്റെ വർക്കിലേക്ക് കടന്നു.
എല്ലാം കൃത്യമായി തന്നെ ചെയ്തിട്ടുണ്ട് എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി അവൻ ലാപ് അടച്ചു ബെഡിലേക്ക് ചാഞ്ഞു.
നാളെ ദേവന്റെ തോൽവി മനസ്സിൽ കാണുംതോറും എന്തെന്നില്ലാത്ത സന്തോഷം അവന് തോന്നി.
ഏറെ നേരം അവൻ പലതും ചിന്തിച്ചു കിടന്നു.
രാത്രി ഭക്ഷണം കഴിക്കാൻ ഗൗരി വിളിക്കുമ്പോഴാണ് അവൻ ചിന്തകൾക്ക് വിരാമമിടുന്നത്.
ആഹാരം കഴിക്കാനിരിക്കുമ്പോൾ ജേക്കബ് രുദ്രനോട് മീറ്റിങ്ങിനെ പറ്റി മറ്റും ചോദിച്ചു. അവൻ എല്ലാത്തിനും പുഞ്ചിരിയോടെ മറുപടി കൊടുത്തു.
അവന്റെ ഓരോ ഭാവങ്ങളും ജേക്കബ് വീക്ഷിച്ചു. അവന്റെ മനസ്സിൽ എന്താണെന്നറിയാൻ അവനോട് തന്നെ സംസാരിക്കാൻ അയാൾ തീരുമാനിച്ചു.
കിടക്കാനായി മുറിയിൽ പോവുന്നതിന് മുൻപ് ജേക്കബ് അവനെ പിടിച്ചു നിർത്തി.
എന്താപ്പാ???????
അവൻ സംശയത്തോടെ അയാളെ നോക്കി.
രുദ്രാ ആരാ നിന്റെ മനസ്സിൽ??????
മുഖവുര ഒന്നുമില്ലാതെ അയാൾ ചോദിച്ചു.
ആര്?????
അവൻ ഒന്നുമറിയാത്തത് പോലെ ചോദിച്ചു.
എന്നോട് കള്ളം പറയാൻ നോക്കണ്ട രുദ്രാ. നിന്റെ ഈയിടെ ആയിട്ടുള്ള മാറ്റങ്ങൾ കണ്ടാൽ മനസ്സിലാവുന്നതേയുളളൂ….. ഒന്നുമില്ലേലും ഗൗരിയെ ഞാൻ പ്രേമിച്ചല്ലേ കെട്ടിയത്????? അതുകൊണ്ട് ആരാന്ന് തുറന്നു പറഞ്ഞോ.
മറുപടിയായി രുദ്രനൊന്ന് ചിരിച്ചു.
പറയാം പക്ഷെ ഇപ്പോഴല്ല ഞാനൊന്ന് തുറന്നു പറഞ്ഞോട്ടെ.
കുസൃതി ചിരിയോടെ അവൻ അകത്തേക്ക് പോയി.
അവന്റെ പോക്ക് കണ്ട് അയാളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ബെഡിൽ കിടക്കുമ്പോഴാണ് ആദിയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടവൾ കയ്യെത്തിച്ച് ഫോണെടുത്ത് നോക്കി.
സ്‌ക്രീനിൽ തെളിഞ്ഞ രുദ്രന്റെ പേര് കണ്ട് അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു.
അവൾ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് ചേർത്തു.
ആദി…………..
ആർദ്രമായ അവന്റെ ശബ്ദം അവളുടെ ഹൃദയ വേഗത വർധിപ്പിച്ചു.
ഉയർന്നു കേൾക്കുന്ന അവളുടെ ഹൃദയതാളം കേട്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
തുടരും………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu