Skip to content

ബൃന്ദാവനസാരംഗ – ഭാഗം 1

Malayalam Novel Brindavana Saranga

” നവ്യ …. കീർത്തനയെന്താ ക്ലാസിന് വരാത്തത് . കഴിഞ്ഞയാഴ്ചയും വന്നില്ലല്ലോ .. നവ്യേടെ വീടിനടുത്തല്ലേ ആ കുട്ടി …….” മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നവ്യയോടായി അവൾ ചോദിച്ചു ….

ആ പെൺകുട്ടിയുടെ മുഖം വാടി …..

” അത് …… കീർത്തനയിനിയിങ്ങോട്ടില്ലെന്ന് അവൾടെ അമ്മ പറഞ്ഞു ചേച്ചി …. “

” അതെന്താ …………..”

” അത് …… അത് ………” നവ്യ പറയാനെന്തോ വിഷമത്തോടെ മറ്റുള്ളവരെ നോക്കി ….

” വേണ്ട ….. മനസിലായി … ” അവൾ വലം കൈ ഉയർത്തി തടഞ്ഞു … ഒരു നിമിഷം അവളുടെ വിടർന്ന മിഴിയിണയിൽ വെള്ളം നിറഞ്ഞു … തൊട്ടടുത്ത നിമിഷം അവളൊരു പുഞ്ചിരി കൊണ്ടവ മായ്ച്ചു ….. എല്ലാം നേർത്തൊരു പുഞ്ചിരി കൊണ്ട് നേരിടാൻ കുട്ടിക്കാലത്തു തന്നെ ശീലിച്ചു തുടങ്ങിയതാണല്ലോ … ഒരു നിമിഷം സിസ്റ്റർ ബ്രിജിത്തയെ അവൾ മനസിലോർത്തു ..

” സ രി മ പ ധ സ ….”

” സ രി മ പ ധ സ .. “

ആ പഴയ വീടിന്റെ അകത്തളങ്ങളിൽ നിന്നു മകരമഞ്ഞുരുണ്ടു കൂടിയ നേർത്ത പുലരിയുടെ ഹൃദയത്തിലേക്ക് ശ്രുതി ശുദ്ധമായ സ്വരരാഗ പ്രവാഹമുയർന്നുകൊണ്ടിരുന്നു …

മെഴുകിയ സിമന്റ് തറയിൽ നേർത്ത വിള്ളലുകൾ വീണിരുന്നു .. തറയിലേക്കിറ്റു വീഴുന്ന വെള്ളത്തുള്ളികൾ അവളുടെ ഈറൻ മുടിത്തുമ്പിൽ നിന്നായിരുന്നു … നെറ്റിയിൽ വരഞ്ഞ ചന്ദനത്തിന്റെ സുഗന്ധം അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു ..

” സ ധ പ മ രി സ ….”

” സ ധ പ മ രി സ …”

തുടുത്ത അധരങ്ങളിൽ നിന്നടർന്നു വീണ സ്വരങ്ങൾ , അവൾക്കു മുന്നിലിരുന്ന വിദ്യാർത്ഥികൾ ഏറ്റു പാടി ….

” അ… നലേ .. കര ..വുന്നി.. ബോലതി .. സകലശാസ്ത്രപുരാ …. ണ …” വലതേ തുടക്കു മീതെ അവളുടെ മനോഹരമായ വെളുത്ത വിരലിലൂടെ ത്രിപുട താളമൊഴുകിക്കൊണ്ടേയിരുന്നു …

ഇടയ്ക്ക് അവളുടെ മിഴികൾ ചുമരിലെ ക്ലോക്കിലേക്ക് നീണ്ടുപോയിരുന്നു ..

ഇനി ഇവളാരാണെന്ന് പറയാം … ഇവൾ വേദ … ഒരു പക്ഷെ ഞാൻ പറയുന്നതിനേക്കാൾ മനോഹരമായി അവളെക്കുറിച്ച് അയാൾ വർണ്ണിക്കും … വരൂ .. ഒരഞ്ചു മിനിറ്റ് നമുക്ക് മറ്റൊരു വീട്ടിലെ മുറിയിലേക്ക് ഒന്നെത്തി നോക്കാം …

നിക്ക് ..നിക്ക് … നോട്ടം ഞാൻ പറയുന്നിടത്തേക്ക് മാത്രം മതി .. ആ മുറിയുടെ കോണിൽ ഹാങ്കറിൽ തൂങ്ങിക്കിടക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളിലേക്ക് നോക്കരുത് .. ആ ബെഡിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന അർദ്ധനഗ്നനായ പുരുഷനെയും നോക്കരുത് …

ദേ ആ മേശമേലിരിക്കുന്ന ലാമ്പിനു താഴെ , ചുവന്ന പുറംചട്ടയുള്ളൊരു ഡയറി കണ്ടോ … അത് മാത്രം നമുക്കൊന്ന് തുറന്നു നോക്കാം ….

ഉവ്വ് …. ഈ ഡയറിയിൽ ഇന്നലെയും അയാളെന്തോ എഴുതിയിരുന്നു … കണ്ടോ എടുത്തപ്പോൾ തന്നെ അയാൾ പേന വച്ചിരുന്ന താള് തുറന്നു വന്നത് …

വേണ്ട .. ആ എഴുതിയിരിക്കുന്നത് വായിക്കണ്ട .. അത് അപൂർണമാണ് …. നമുക്ക് വായിക്കേണ്ടത് കുറച്ച് മുന്നേയുള്ളതാണ് …

താളുകൾ പിന്നിലേക്ക് മറിഞ്ഞു ..

ആ ഇത് തന്നെ ….

വേദ ……….

പൗർണമിബിംബം തോൽക്കും ചാരുത.. ഏഴു സ്വരങ്ങൾ തപസിരിക്കും നാവ് … വിധിവൈപര്യങ്ങളിലിടറാത്ത പോരാളിയായൊരു പനിനീർ പൂവ് …

അതേ … നീയൊരു പനിനീർപ്പൂവാണ് … ദേഹം മുഴുവൻ മുള്ളുകൾ നിറഞ്ഞൊരു പനിനീർ പുഷ്പം ..

വേദാ നിന്റെ മുള്ളുകൾ എന്നിൽ ആയിരം മുള്ളുകളായി തറച്ചോട്ടെ … അവയെന്നിൽ മുറിവുകൾ തീർത്തോട്ടെ … ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ …

വല്ലതും മനസിലായോ … എന്തായാലും എനിക്ക് ചിലതൊക്കെ മനസിലായി .. മനസിലാകാത്ത ആരെങ്കിലുമുണ്ടെങ്കിൽ വഴിയെ പറഞ്ഞു തരാം …

ദേ ഞാൻ പറഞ്ഞു , വെറെവിടേം നോക്കരുത് ന്ന്.. ഇപ്പോന്തിനാ ആ മരത്തിൽ തീർത്ത ഷെൽഫിൽ കയ്യെത്തിച്ച് അടുക്കി വച്ച പുസ്തകങ്ങളിൽ വിരലോടിച്ചേ .. നിങ്ങൾ ശരിയാവില്ല … ഒരിടത്ത് കൊണ്ട് പോകാൻ കൊള്ളില്ല . .. വല്ലവരുടെം മുറിയിൽ ഒളിച്ചു കയറിയതാന്ന ബോധമെങ്കിലും വേണ്ടെ…. ഇനി അയാളെയുണർത്തി പണി വാങ്ങാതെ വന്നേ … വന്നേ .. വന്നേ … എല്ലാരും വന്നേ ..

” അപ്പോ ഇന്നത്തെ ക്ലാസ് നമുക്ക് അവസാനിപ്പിക്കാം …….. ” അവൾ കുട്ടികളോടായി ചോദിച്ചു ……

” ആ ……………..” അവർ ഉച്ചത്തിൽ പറഞ്ഞു …

” ഇന്ന് നമ്മളെന്താ പഠിച്ചത് ……” അവൾ വാത്സല്യത്തോടെ ചോദിച്ചു …

” ശുദ്ധസാവേരി …….” അവർ പ്രതിവചിച്ചു ….

” ഗുഡ് … ശങ്കരാഭരണത്തിന്റെ ജന്യരാഗമായ ശുദ്ധസാവേരിയിലെ ഗീതമാണ് ഇന്ന് നമ്മൾ പഠിച്ചത് .. എല്ലാവരും ശുദ്ധസാവേരിയുടെ ആരോഹണം അവരോഹണം നന്നായി പാടി പഠിച്ച് ബൈഹാർട്ട് ചെയ്യുക …. പിന്നെ അതിന്റെ സ്വരവും സാഹിത്യവും പാടിയുറപ്പിക്കുക …. ഒക്കെ …..” അവൾ പറഞ്ഞു ..

കുട്ടികൾ തലയാട്ടി …

” ശരി … എല്ലാവരും പൊയ്ക്കോളു … ” പുഞ്ചിരിച്ചു കൊണ്ടവൾ അവരെ യാത്രയാക്കി ..

വേഗമെഴുന്നേറ്റ് നിലത്ത് വിരിച്ചിരുന്ന പായ മടക്കി ഹാളിന്റെ ഓരത്തേക്ക് വച്ചു .. ശ്രുതി ബോക്സ് ഓഫ് ചെയ്ത് , അവൾ കിച്ചണിലേക്കോടി … ഹാഫ് സാരിയുടെ തുമ്പ് അരയിലേക്ക് കുത്തി വച്ച് കൊണ്ട് അവൾ ചോറ്റുപാത്രമെടുത്തു .. അടുപ്പത്ത് തോരാനിട്ട ചോറ് തവിയിൽ കോരി പാത്രത്തിലേക്ക് വച്ചു .. കത്തിരിക്കാ മെഴുക്ക് പുരട്ടിയും ചമ്മന്തിയും അച്ചാറും ചോറിനു മീതെ വച്ച് അവൾ പാത്രമടച്ചു ..

പ്ലേറ്റിൽ രണ്ട് ദോശയും ചമ്മന്തിയുമെടുത്ത് കഴിക്കാനിരുന്നു ..

* * * * * * * * * * * * * * * *

വീടുപൂട്ടി താക്കോൽ ഹാന്റ് ബാഗിലേക്ക് വയ്ക്കുമ്പോൾ അവളൊന്നാലോചിച്ചു .. ഒന്നും മറന്നിട്ടില്ലെന്ന് ഉറപ്പു വരുത്തി .. ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ബാഗിലിരുന്ന് ഫോൺ ശബ്ദിച്ചു .. അവൾ നടക്കുന്നതിനിടയിൽ തന്നെ ഫോണെടുത്തു …

ഡിസ്പ്ലേയിലേക്ക് നോക്കിയ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു …

ദീപക് …!

” ദീപു ….. ” അവൾ ഫോൺ കാതോട് ചേർത്ത് മന്ത്രിച്ചു …

” താനിറങ്ങിയോ …..”

” ഉവ്വ് ……..”

” ഞാൻ വരട്ടെ … ഒരുമിച്ച് പോകാം … “

” വേണ്ടടാ… ഞാൻ ബസ്റ്റോപ്പ് എത്തി .. ബസിപ്പോ വരും … ഞാനതിൽ പോകാം …. നീയിറങ്ങിയോ …”

” നോ ….. പ്രാതൽ കഴിക്കാൻ തുടങ്ങുവാരുന്നു … ഇപ്പോ ഇറങ്ങും … “

” ആഹാ .. എന്നിട്ടാണോ ഞാൻ വരണോന്നൊക്കെ ചോദിച്ചത് … ” അവൾ ചിരിച്ചു …

അവളുടെ ചിരിയൊച്ച ഒരു മണിക്കിലുക്കം പോലെ അവന്റെ കാതിൽ വീണു .. അവളുടെ ചിരിക്കു പോലും സംഗീതമുണ്ടെന്ന് ഒരു ചെറു ചിരിയോടെ അവനോർത്തു …

മനസിൽ തോന്നിയത് മറച്ചുവയ്ക്കാതെ അവൻ അവളോട് തന്നെ പറയുകയും ചെയ്തു …

” വേദാ …. നിന്റെ ചിരി പോലും ഒരു പാട്ട് പോലെയാണ് … “

” ഓഹോ ….. എന്തിനാ മോനെ രാവിലെ ഒലിപ്പിക്കുന്നത് …….” അവൾ ചിരി വിടാതെ ചോദിച്ചു …

” പോടി … ” അവന്റെ മുഖം ചുവന്നു …

” ടാ ഞാൻ വയ്ക്കുവാ … ബസ് വരുന്നു …. ” അവൾ തിടുക്കപ്പെട്ടു പറഞ്ഞു …

” ശരി .. ശരി …. ഈവനിംഗ് ഞാൻ നിന്റെ സ്കൂളിനു മുന്നിലുണ്ടാവും … എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ….” അപ്പോഴേക്കും മറുവശത്ത് കോൾ കട്ടായിരുന്നു …..

കറുപ്പിൽ ചുവന്ന പൂക്കൾ പ്രിന്റ് ചെയ്ത സാരിയായിരുന്നു അവളുടെ വേഷം .. മുടി പിന്നിലേക്ക് പിന്നിയിട്ടിരുന്നു …

ബസ്സ്റ്റോപ്പിൽ പലരും അവൾക്ക് പരിചിതമായിരുന്നു ..

” ഗുഡ് മോർണിംഗ് ടീച്ചർ ….” സ്കൂൾ യൂണിഫോമിൽ നിന്ന രണ്ട് കുട്ടികൾ അവളെ വിഷ് ചെയ്തു …

അവളുടെ സ്കൂളിലെ വിദ്യാർത്ഥിനികളാണ് … അവൾ തിരിച്ച് ഹൃദ്യമായൊരു പുഞ്ചിരി നൽകി …

ബസ് വന്നു നിന്നു … തിരക്കധികമില്ലായിരുന്നു … അവൾ വേഗം കയറി , ബസിനുള്ളിൽ ഒന്ന് കണ്ണോടിച്ചു …

പിന്നിലൊരു സീറ്റിൽ ഒരു സ്ത്രീ മാത്രമേയുള്ളു … അവർ പുറം കാഴ്ചകളിൽ മുഴുകിയിരിക്കുന്നു … അവൾ ചെന്ന് അവർക്കരികിലായി ഇരുന്നു …

ബസ് മെല്ലെയിളകി …

അവൾ ബാഗിലെ ചെറിയ പോക്കറ്റ് തുറന്ന് പത്തിരൂപ നോട്ടെടുത്തു … നാലിരൂപ ചില്ലറ കൂടി വേണം .. അവൾ ബാഗിൽ പരതി നോക്കി …

അവൾക്കരികിൽ പുറം കാഴ്ചകളിൽ മുഴുകിയിരുന്ന സ്ത്രീ മെല്ലെ തല തിരിച്ചു … അവർ അടുത്തിരുന്നയാളെ നോക്കി .. അടുത്ത നിമിഷം അവരുടെ മുഖം വിവർണമായി ….

” ഛീ …… എഴുന്നേൽക്കെടി വൃത്തികെട്ടവളെ .. ” ഒരു നികൃഷ്ട ജീവിയോടെന്ന പോലെ അവളെ നോക്കിക്കൊണ്ട് അവർ ചാടിയെഴുന്നേറ്റു … അവർ നിന്ന് കിതച്ചു …

ബസിലുണ്ടായിരുന്നവരെല്ലാം അങ്ങോട്ട് തല തിരിച്ചു .. അവിടെയും പലതരം ഭാവവ്യത്യാസങ്ങൾ നിറഞ്ഞ മുഖങ്ങൾ കാണാമായിരുന്നു …

അവളൊരു വിറയലോടെ അവരെ ദയനീയമായി നോക്കി … ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി …..

( തുടരും )

©അമൃത അജയൻ

അമ്മൂട്ടി

NB : ആദ്യമേ തന്നെ പറയട്ടെ .. ടിപിക്കൽ പ്രേമകഥയാണ് എന്ന് കരുതി ആരും വായിക്കരുത് ..  ജീവിത കഥയാണ് . . ജീവിതത്തിലെ എല്ലാ കയ്പും മധുരവും പുളിപ്പും ചവർപ്പും ഇതിലുമുണ്ടാകും .  ഇത് ഒരാളിന്റെ കഥയല്ല … ഒരു പാട് പേരുടെ കഥയാണ് … വേദയിലൂടെ നിങ്ങൾ ഒരു പാട് പേരെ കണ്ട് മുട്ടും … അവരുടെയെല്ലാം ജീവിതത്തിന് വേദയോടൊപ്പം നമുക്കും സാക്ഷിയാകേണ്ടി വരും .. ഒപ്പം വേദയുടെയും … ചിലപ്പോൾ നിസഹായരായും , ചിലപ്പോൾ പ്രതികരിച്ചും ഒക്കെ നമുക്ക് ഈ യാത്ര തുടരേണ്ടി വരും . കഴിഞ്ഞ കഥകളിൽ ഞാനൊരുപാട് ടെൻഷൻ തന്നു എന്ന് ഒത്തിരിപ്പേർ പരാതി പറഞ്ഞിരുന്നു .. ഈ കഥയിൽ ടെൻഷൻ കുറയ്ക്കാൻ ഞാൻ ശ്രമിക്കാം .. ആദ്യത്തെ സസ്പെൻസ് തന്നെ പൊളിച്ചിട്ടില്ലെന്നറിയാം .. അടുത്ത പാർട്ടിൽ അത് പൊളിക്കാം .. അതിനു മുന്നേ കണ്ടു പിടിക്കാൻ കഴിയുന്നവർ താഴെ കമന്റിക്കോളു .. ഈ കഥയും ഞാൻ പ്ലാൻ ചെയ്തതിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെ തന്നെ നിങ്ങൾക്കു മുന്നിലെത്തും .. അസൗകര്യങ്ങൾ ഒന്നുമില്ലെങ്കിൽ ഡെയ്ലി പോസ്റ്റ് എത്തും .

സ്നേഹത്തോടെ സ്വന്തം അമ്മൂട്ടി

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!