Skip to content

ബൃന്ദാവനസാരംഗ – ഭാഗം 3

Malayalam Novel Brindavana Saranga

ദീപക് അവളെയും കൂട്ടി നേരെ പോയത് ബീച്ചിലേക്കാണ് …

പൂഴിമണ്ണിൽക്കൂടി കാലുകൾ നിരക്കി വച്ച് അവർ നടന്നു ..

കടൽ കാണാൻ അവൾക്കൊരുപാട് ഇഷ്ടമായിരുന്നു .. കടലിന്റെ ഇരമ്പുന്ന ശബ്ദം … അതിനൊരു സംഗീതമുണ്ടെന്ന് അവൾക്ക് തോന്നാറുണ്ട് .. ഏകാകിയായ പെണ്ണിന്റെ വിങ്ങുന്ന ഹൃദയത്തിന്റെ സംഗീതം …

” നമുക്കവിടെയിരിക്കാം ….” ദീപക് അവളെ ക്ഷണിച്ചു …

ആളുകളിൽ നിന്നകന്ന് മാറി മണൽതിട്ടമേൽ അവരിരുന്നു ….

അൽപസമയം ഇരുവരും മൗനമായിരുന്നു …

” എന്താ നിന്റെ മുഖത്തൊരു ഗൗരവം …… ? ” അവൾ ചോദിച്ചു ..

” കൃഷ്ണയുടെ വീട്ടിൽ നിന്ന് പ്രപ്പോസൽ നേരിട്ട് വന്നു …..”

അവളുടെ മുഖം വിടർന്നു ..

” ആഹാ … അത് നന്നായി .. ഇനി നീ നോ പറയരുത് …….” ..

” എനിക്കവളോട് ഇത് വരെ പ്രണയം തോന്നിയിട്ടില്ല വേദാ .. ഉടുമ്പ് പിടിക്കുന്നത് പോലെ പിടിക്കുന്നതാണോ പ്രണയം …..” അവൻ അനിഷ്ടത്തോടെ ചോദിച്ചു …

അവൾ അവന്റെ മുഖത്തേക്ക് നോക്കി ..

” നീയെന്തിനാ അവളോട് നോ പറയുന്നത് … ഞാൻ മനസിലാക്കിയിടത്തോളം അവൾക്ക് നിന്നെ ഒരുപാടിഷ്ടമാണ് .. അത് കൊണ്ടല്ലേ നീ നിരസിച്ചപ്പോൾ വീട്ടുകാർ വഴി നേരിട്ട് പ്രപ്പോസ് ചെയ്തത് ….”

” ആയിക്കോട്ടെ .. പക്ഷെ എന്റെ ഇഷ്ടം കൂടി നോക്കണ്ടെ … “

” വീട്ടിൽ അച്ഛനും അമ്മയും എന്ത് പറഞ്ഞു ……”

” അതാ പ്രശ്നം .. അവരെന്നോട് ആലോചിക്കാതെ ജാതകം നോക്കി .. ചേർച്ചയുണ്ടത്രേ .. അത് കൊണ്ട് ഞായറാഴ്ച പെണ്ണ് കാണാൻ അങ്ങോട്ട് ചെല്ലാമെന്ന് വാക്ക് കൊടുത്തു … അതൊരു ചടങ്ങ് മാത്രാ .. എല്ലാവരും തീരുമാനിച്ചുറപ്പിച്ച മട്ടാ ….”

” എന്നിട്ടാണോ ഇതുവരെ പറയാതിരുന്നത് … ദുഷ്ടൻ … ” അവൾ പരിഭവം ഭാവിച്ചു …

” ഞാൻ പോലും ഇന്നലെ രാത്രിയാ അറിഞ്ഞത് ……..” അവന്റെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു …

” ദീപു ……. നീയെന്തിനാ ഇതിനോട് മുഖം തിരിക്കുന്നത് … “

അവൻ അവളുടെ കൈപിടിച്ച് തന്റെ കൈക്കുള്ളിൽ വച്ചു ….. പിന്നെ അതിലേക്ക് നോക്കിയിരുന്നു ….

മുന്നിലുള്ള സാഗരത്തെക്കാൾ പ്രഷുബ്ധമായിരുന്നു അവന്റെ മനസ് …

വേദ ….. ഇവൾ തനിക്കാരാണ് … ഏറ്റവും പ്രിയമുള്ള കൂട്ടുകാരി .. അതിലുപരി എന്തെങ്കിലും ഉണ്ടായിരുന്നോ …

അവളൊരു രോഗിയാണെന്നറിയാമായിരുന്നിട്ടും തനിക്കെന്താണ് അവളോട് …

ഇത്തരമൊരു രോഗമല്ലായിരുന്നുവെങ്കിൽ എത്രയോ മുൻപ് അവൾ തന്റെ സ്വന്തമാകുമായിരുന്നു …

ഒരിക്കലും ഒരിക്കലുമൊരു ഭാര്യ ഭർതൃ ബന്ധം സാത്യമല്ല എന്നറിയാവുന്നത് കൊണ്ടല്ലേ താനവളെ ജീവിതത്തിലേക്ക് ക്ഷണിക്കാത്തത് …

താനും സ്വാർത്ഥനാണ് .. അവൻ സ്വയം പറഞ്ഞു …..

” പ്രിയപ്പെട്ടതെന്തൊക്കെയോ നഷ്ടപ്പെടുമെന്നൊരു തോന്നൽ ……….” ഒടുവിൽ അവൻ അവളുടെ വിരലുകളിൽ വിരലമർത്തിക്കൊണ്ട് പറഞ്ഞു …

അവളവന്റെ മുഖത്തേക്കും പിന്നെ അവന്റെ കൈക്കുള്ളിലിരിക്കുന്ന തന്റെ കൈയിലേക്കും നോക്കി … പിന്നെ പുഞ്ചിരിച്ചു ….

” എന്നോട് അടുത്തിടപഴകുന്നത് കൊണ്ട് പണ്ട് നിന്നെയും മാളുവിനെയും പലരും മാറ്റി നിർത്തിയിരുന്നത് എനിക്കറിയാം … മാളുവിന്റെ കല്യാണം കഴിഞ്ഞപ്പോ ഞാൻ പേടിച്ചിരുന്നു .. ഇനി ചിലപ്പോ അവളെ എനിക്ക് നഷ്ടപ്പെടുമെന്ന് .. ആ പേടി അസ്ഥാനത്തായില്ലെ …. രാഹുലേട്ടനും എന്നെ മറ്റൊരു കണ്ണിൽ കണ്ടില്ലല്ലോ … “

” രാഹുലേട്ടനൊരു ഡോക്ടറാ .. ആൾക്ക് മറിച്ചൊരു മനോഭാവമുണ്ടായാലേ പേടിക്കേണ്ടു .. അത് പോലല്ലല്ലോ എല്ലാവരും …… “

” അങ്ങനെയാണെങ്കിലും അത് ഉൾക്കൊള്ളാൻ കഴിയണം ദീപു … പഴയ കാലമൊന്നുമല്ലല്ലോ … ഫോണും സോഷ്യൽ മീഡിയയുമൊക്കെയുള്ളപ്പോ പരസ്പരം കണ്ടില്ലെങ്കിലും സൗഹൃദം പിരിഞ്ഞു പോവുകയൊന്നുമില്ല … അല്ലെങ്കിലും കൃഷ്ണയെക്കുറിച്ച് എനിക്കങ്ങനെയൊരു അഭിപ്രായമൊന്നുമില്ല … നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് അവൾക്കറിയാവുന്നതല്ലേ .. അവൾക്കതൊന്നും പ്രശ്നമല്ലാത്തത് കൊണ്ടാവില്ലെ നിനക്ക് വേണ്ടി വാശി പിടിക്കുന്നത് … “

അവനൊന്നും മിണ്ടിയില്ല …

” നീ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടാതെ അവളെ പോയ് കാണു … ദേ നമുക്കൊരു സദ്യക്കുള്ള കോളൊത്തു വന്നതാ .. അത് തട്ടിമാറ്റിയാലുണ്ടല്ലോ .. ” അവൾ സന്തോഷത്തോടെ പറഞ്ഞു …

അത് മാത്രമല്ല വേദാ … നീയെന്റെയുള്ളിലൊരു കനലാണ് .. പക്ഷെ .. പക്ഷെ ഞാനൊരു സ്വാർത്ഥനായിപ്പോയി …. അവൻ ഉള്ള് കൊണ്ട് തേങ്ങി ….

” ഇനിയെന്തായിത്രയാലോചിക്കാൻ .. ” മൗനമായിരിക്കുന്ന അവന്റെ മുഖം പിടിച്ചു തിരിച്ച് അവൾ ചോദിച്ചു …

” ഞാനൊന്നു കൂടി ആലോചിക്കട്ടെ … “

” ഇനിയൊന്നും ആലോചിക്കാനില്ല … നീയിതിന് സമ്മതിച്ചു ….. “

” വേദാ …….” അവന്റെ ഹൃദയം പിടഞ്ഞു പോയി ….

” എന്തേ …. നിനക്കവളോട് പ്രണയം തോന്നുന്നില്ല എന്നല്ലേ പറഞ്ഞത് .. ഞാനൊരു ഐഡിയ പറയാം .. അത് പോലെ ചെയ്താൽ മതി .. രാത്രി മട്ടുപ്പാവിൽ കയറി ആകാശം നോക്കിക്കിടക്കണം .. ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ടാകും … ആ നക്ഷത്രങ്ങൾക്കിടയിലുള്ള ചന്ദ്രബിംബത്തിൽ അവളുടെ മുഖം സങ്കൽപ്പിക്കണം … “

പിന്നീട് എല്ലാം അവളൊരു സ്വപ്നം പോലെയാണ് പറഞ്ഞത് . .. ദൂരെ കടലിലേക്ക് മിഴിയയച്ച് …..

” ആ ചന്ദ്രബിംബം പൊഴിക്കുന്ന നിലാവ് അവളുടെ പ്രണയമാണെന്ന് സങ്കൽപിക്കണം … ആ കുഞ്ഞു നക്ഷത്രങ്ങൾ കൂട്ടിയോചിപ്പിച്ച് നിന്റെയും അവളുടെയും പേരിന്റെ ആദ്യാക്ഷരങ്ങളുണ്ടാക്കാൻ ശ്രമിക്കണം … ആ രാത്രി നിന്നെ തഴുകിയെത്തുന്ന പൂമണങ്ങൾ അവളുടെ ദേഹത്തു നിന്നാണെന്ന് കരുതണം .. അങ്ങനെയങ്ങനെ രാത്രിയുടെ സൗന്ദര്യം കൂട്ടുന്ന എന്തിലും നീയവളെ സങ്കൽപ്പിക്കണം .. പിന്നെ അടുത്തൊരു ദിവസം ഇത് പോലെ ബീച്ചിലോ പാർക്കിലോ നീയവളെ കൂട്ടി പോകണം .. അവളുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കണം . .. അപ്പോ ആ കണ്ണുകളിൽ നിനക്ക് നിന്നെ തന്നെ കാണാൻ കഴിയും … “

അത് പറഞ്ഞു കഴിയുമ്പോൾ അവളുടെ കണ്ണുകളിലെവിടെയോ ഒരു തിരമാലയുണ്ടായിരുന്നു .. ഒരു വിരഹ നൊമ്പരം ആ വാക്കുകളിൽ നിഴലിച്ചു നിന്നു ..

” നീ …നീയിങ്ങനെയാരെയെങ്കിലും സങ്കൽപിച്ചിട്ടുണ്ടോ വേദാ ……” അവൻ പ്രതീക്ഷയോടെ ചോദിച്ചു ….

” ഏ … ഏയ് …… ഞാനാരെ സങ്കൽപ്പിക്കാൻ .. ഇത് ഞാനേതോ ഇംഗ്ലീഷ് നോവലിൽ വായിച്ചതാ … ” അവൾ ആ ചോദ്യത്തിൽ നിന്നൊഴിഞ്ഞു മാറും പോലെ പറഞ്ഞു …

അവൻ ഒന്നും മിണ്ടിയില്ല ..

” നീയിപ്പറഞ്ഞത് പോലെയൊന്നും ചെയ്തില്ലെങ്കിലും ഞാനവളെപ്പോയി കാണാം ….” ഒരു പാട് നേരത്തെ മൗനത്തിന് ശേഷം അവൻ പറഞ്ഞു ….

അവൾ സന്തോഷത്തോടെ ചിരിച്ചു …

പിന്നെയും എന്ത് കൊണ്ടോ അവർക്കിടയിൽ മൗനം തളം കെട്ടിക്കിടന്നു …

” ഐസ്ക്രീം വേണോ …..” ദൂരെ ഐസ്ക്രീം ഹട്ടിലേക്ക് നോക്കി അവൻ ചോദിച്ചു ..

” ങും …… ” പാടാനുള്ളതാണെന്ന് ഓർത്തിട്ടും അവളത് നിരസിച്ചില്ല …

അവനെഴുന്നേറ്റ് ഐസ്ക്രീം വാങ്ങാനായി നടന്നു ..

അവളത് നോക്കിയിരുന്നു …

എന്ത് കൊണ്ടോ ഒരൊറ്റപ്പെടൽ അവളെ വലയം ചെയ്തു … ഒരുപക്ഷെ ഇനിയൊരിക്കലും അവനോടൊപ്പം ഇത് പോലൊരു സായാഹ്നം തനിക്ക് കിട്ടിയില്ലെന്ന് വരും …

തനിക്ക് നിരാശയുണ്ടോ ……. അവൾ സ്വയം ചോദിച്ചു …

ഇല്ല …… പാടില്ല …… ഒരിക്കലുമത് പാടില്ല … അവനൊരു ജീവിതമുണ്ടാകണം .. അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നതല്ലേ തനിക്ക് സന്തോഷം .. തനിക്ക് വേണ്ടി അവനൊരുപാട് പഴി കേട്ടിട്ടുണ്ട് … മാറ്റിനിർത്തപ്പെട്ടിട്ടുണ്ട് …

ഇനി അവന്റെ ജീവിതത്തിൽ താനൊരിക്കലും ഒരു കരിനിഴലാകാൻ പാടില്ല ..

രണ്ട് കോണയിസ്ക്രീമുമായി അവൻ വന്ന് അവൾക്കരികിലിരുന്നു … ഒരെണ്ണം അവൾക്ക് നൽകി .. മറ്റൊന്ന് അവനുമെടുത്തു …

അതിൽ നിന്നൊരൽപമെടുത്ത് അവളുടെ വായിലേക്ക് വച്ച് കൊടുത്തു .. അവളത് സ്വീകരിച്ചു .. തിരിച്ച് അവളും ഒരൽപ്പം അവന്റെ വായിൽ വച്ച് കൊടുത്തു .. മടികൂടാതെ അവനത് വാങ്ങി കഴിച്ചു …

സമയം ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു …

” നീയൊരു പാട്ട് പാടു വേദാ ……” അവൻ മെല്ലെ പറഞ്ഞു …

അവന് വേണ്ടി താനവസാനമായി പാടുന്ന പാട്ടായിരിക്കുമിതെന്ന് ഒരുവേള അവളുടെ മനസ് മന്ത്രിച്ചു …

അവൾ ദൂരെ സായാഹ്ന സൂര്യനെ നോക്കി ….

” തീരത്തടിയും ശംഖിൽ .. നിൻ പേര് കോറി വരച്ചു ഞാൻ …..

ശംഖ് കോർത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോൾ ….

ജന്മങ്ങൾക്കപ്പുറത്തെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം …..

പൊന്നുഷസെന്നും നീരാടുവാൻ വരുമീ …

സൗന്ദര്യം തീർത്ത കടവിൽ ……..

നഷ്ട സ്മൃതികളാം മാരിവില്ലിൻ …

വർണ്ണപ്പൊട്ടുകൾ തേടി …. നാം വന്നു ………”

ആ വരികൾ തന്നോടെന്തൊക്കെയോ പറയാതെ പറയുന്നുണ്ടെന്ന് അവന് തോന്നി …

ദൂരെ ആകാശം ചുവന്നു … ചക്രവാളം അസ്തമയത്തിനുള്ള കോപ്പുകൂട്ടിത്തുടങ്ങി …

അവർ മെല്ലെയെഴുന്നേറ്റു …..

തിരികെ നടക്കുമ്പോൾ അവർ കൈകൾ കോർത്തു പിടിച്ചിരുന്നു ….

ഇനിയൊരിക്കലും ഒരുമിച്ചൊരു സായാഹ്നമില്ലെന്ന് ആ മനസുകൾ പരസ്പരം പറഞ്ഞു …

* * * * * * * * * * * * * * * *

ആറുമണിയാകാറായപ്പോഴാണ് അവനവളെ മാളവികയുടെ വീടിന് മുന്നിൽ വിട്ടത് ….

മാളുവും ഹസ്ബന്റും വാടകക്ക് താമസിക്കുന്ന വീടാണത് .. രാഹുൽ ജനറൽ ഹോസ്പിറ്റലിൽ ഡോക്ടറാണ് ..

സിറ്റിയിലെ കോളേജിലായത് കൊണ്ട് മാളവികയുടെ അനുജത്തി വിപഞ്ചിക അവർക്കൊപ്പം നിന്നാണ് പഠിക്കുന്നത് …

അവൾ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ചെന്നു …

വിപഞ്ചികയാണ് അവളെ ആദ്യം കണ്ടത് …

” മാളുവേച്ചി ദേ വേദേച്ചി വന്നു … ” അകത്തേക്ക് വിളിച്ചു പറഞ്ഞു കൊണ്ട് അവൾ സിറ്റൗട്ടിലേക്കിറങ്ങി വന്നു ..

മുട്ടിനു താഴെ നിൽക്കുന്ന ചുവന്ന പാവാടയും വെളുത്ത ബനിയനും ആയിരുന്നു അവളുടെ വേഷം .. മുടി മുകളിലേക്ക് കെട്ടി വച്ചിരുന്നു .. ബനിയനിലെ മിക്കി മൗസ് മനോഹരമായി തിളങ്ങി … ഒരു ബാർബിയെപ്പോലെ അവൾ ചിരിച്ചു കൊണ്ട് നിന്നു ..

” ചേച്ചിയെന്താ ഇത്രേം വൈകിയേ .. “

” ഒന്ന് പുറത്ത് പോയി .. “

” ഇവിടെ രാഹുലേട്ടനും മാളുവേച്ചീം ചേച്ചിയെ വെയിറ്റ് ചെയ്യുവാരുന്നു … ” അവൾ വന്ന് വേദയുടെ കൈപിടിച്ചു അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു …

ഷർട്ടിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ട് രാഹുലാണ് മുന്നിൽ വന്നത് .. പിന്നാലെ മാളുവും … അവളുടെ വയർ ഒരൽപം വീർത്തിരുന്നു … അവൾക്കിത് നാലാം മാസമാണ് ..

” എന്തു പറയുന്നു കുഞ്ഞു വാവ ….” അവളോടി മാളവികയു അരികിൽ ചെന്ന് മെല്ലെ ആ വയറിൽ തലോടി ..

പിന്നെ എന്തോ ഓർത്ത പോലെ പിൻ വാങ്ങി … ഒന്നു തൊട്ടതുകൊണ്ടോ തലോടിയതുകൊണ്ടോ ഒന്നും പകരുന്ന രോഗമല്ല തന്റേത് .. എങ്കിലും ചിലപ്പോഴൊക്കെ അവൾ വല്ലാതെ ഭയക്കും .. എപ്പോഴാണ് ആരാണ് ആട്ടിയോടിക്കുക എന്ന് പറയാനാവില്ല .. എല്ലായിപ്പോഴും ഏതാൾക്കൂട്ടത്തിനിടയിലും ഏതു നിമിഷവും അവൾക്കു നേരെ ഉയർന്നു വന്നേക്കാവുന്ന ശകാരം .. ഇന്ന് രാവിലെയും കൂടി അവളത് അനുഭവിച്ചതേയുള്ളു ..

” എന്താടി ആലോചിച്ചു നിക്കുന്നേ … ” മാളവിക വന്ന് അവളുടെ കവിളിൽ തട്ടി ..

” ഏയ് … ഒന്നുമില്ല .. ” പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്തു കൊണ്ട് അവൾ ചിരിച്ചു .

” ഞങ്ങളൊന്നു ഹോസ്പിറ്റലിൽ പോകുവാ … ഇവളെയൊന്നു ഹോസ്പിറ്റലിൽ കാണിക്കണം …. ഞങ്ങൾ വരുന്നത് വരെ വേദയിവിടെ ഇരിക്കില്ലെ … ” രാഹുൽ ചോദിച്ചു ….

” വന്നിട്ട് രാഹുലേട്ടൻ നിന്നെ വീട്ടിൽ കൊണ്ട് വിടും ……… ” മാളവിക പറഞ്ഞു …

” ങും …. എന്താ ഹോസ്പിറ്റലിൽ പോകുന്നേ… ചെക്കപ്പിനാണോ …”

” ചെക്കപ്പ് ഉണ്ട് .. പിന്നെ ഇവൾക്കൊരു തലവേദന .. അതുമൊന്നു കാണിക്കണം … ” ശരത് പറഞ്ഞു ….

” വിച്ചൂ … വേദേച്ചിക്ക് ചായയിട്ട് കൊടുക്കണേ …. സ്കൂളിൽ നിന്നിറങ്ങിയിട്ട് അവൾ വീട്ടിൽ പോയില്ല .. ” മാളവിക പറഞ്ഞു …

” അതൊക്കെ ഞങ്ങൾ ശരിയാക്കിക്കൊളാം .. നിങ്ങളിനിയും നിന്ന് വൈകണ്ട … പോയിട്ട് വാ …” വേദ പറഞ്ഞു ..

” പിന്നെ ഇവളെ പാട്ട് പഠിപ്പിക്കുമ്പോ ശ്രദ്ധിക്കണം .. അപ്പുറത്ത് പട്ടിയുള്ളതാ .. അതിനെ കെട്ടിയിട്ടിട്ടുണ്ടോന്ന് നോക്കണം … ചിലപ്പോ അത് മതില് ചാടി വന്ന് ചിലരെയൊക്കെ കടിക്കാൻ ചാൻസുണ്ട് ….” രാഹുൽ വിപഞ്ചികയെ നോക്കിക്കൊണ്ട് പറഞ്ഞു ….

മാളവികയും വേദയും പൊട്ടിച്ചിരിച്ചു …

” അയ്യോ …… നസീറിന്റെ പ്രായമുള്ള ചളിയും കൊണ്ടെറങ്ങിയേക്കുവാ .. ഞാനെ ചെറുപ്പത്തിൽ പാട്ട് പഠിച്ചിട്ടുള്ളതാ .. അത് കൊണ്ട് അത്ര മോശാവില്ല … ഈ …..” അവളവനെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട് കൂർപ്പിച്ചു നോക്കി ..

അവളുടെ വീറ് കണ്ട് മൂന്നു പേരും പൊട്ടി ചിരിച്ചു …

” എന്നെ ചളിയടിച്ചതാണെങ്കിലും ചേച്ചിക്കൊരു സത്യം കേൾക്കണോ …. ” അവൾ വേദയുടെ കൈയിൽ പിടിച്ചു കൊണ്ട് കൂടുതൽ ചേർന്നു നിന്നു ..

” ഈ രാഹുലേട്ടനുണ്ടല്ലോ ഇന്നാള് സർജറിക്ക് കയറിയിട്ട് പേഷ്യന്റിന് അനസ്തേഷ്യ കൊടുക്കുന്നേന് മുന്നേ ഒരു പാട്ട് പാടി .. പിന്നെ പേഷ്യന്റിന് അനസ്തേഷ്യ കൊടുക്കേണ്ടി വന്നില്ല .. അപ്പഴേ ബോധം പോയി ….” വേദയത് കേട്ടു ചിരി കടിച്ചമർത്തി …

” ഇപ്പോ ആ ഹോസ്പിറ്റലിൽ അനത്തെസിസ്… ശ്ശെ … അനസെസ്തി .. ഓ … അനസ്‌റ്റെ….. ” അവൾ നാവു വഴങ്ങാതെ കുഴങ്ങുന്നത് കണ്ട് എല്ലാവരും കൂട്ടച്ചിരിയായി …

” ആ അനസ്തേഷ്യ കൊടുക്കുന്ന ഡോക്ടറില്ലെങ്കിൽ ഏട്ടനെ വിളിച്ച് പാടിക്കാറാ പതിവ് …..” പൊട്ടിച്ചിരികളെക്കാൾ ഉച്ചത്തിൽ അവൾ തന്റെ കോമഡി പറഞ്ഞ് പൂർത്തിയാക്കി …

” കഴിഞ്ഞോ ……” ചിരിക്കു ശേഷം രാഹുൽ ചോദിച്ചു …

” എന്ത് …..” അവൾ കൂർപ്പിച്ച് നോക്കി ചോദിച്ചിട്ട് മുഖം വെട്ടിച്ച് കളഞ്ഞു …

” കഴിഞ്ഞെങ്കിൽ ആ ബാത്ത്റൂമിൽ ടങ്ക്ലീനർ ഇരിപ്പുണ്ട് .. അതെടുത്ത് നാക്ക് വടിക്ക് … അയ്യേ … ഈ നാക്കും വച്ചാ നീ പാടാൻ പോകുന്നേ ……” അവന്റെ ചോദ്യം കേട്ട് മാളുവും വേദയും വീണ്ടും പൊട്ടിച്ചിരിച്ചു ..

” ചേച്ചി …. ” അവൾ കുണുങ്ങിക്കൊണ്ട് വേദയോട് ചേർന്നു … പിന്നെ അവനോട് പിണങ്ങി നിന്നു ..

” ഒന്നെറങ്ങി പോവോ …….” അവൾ കലിപ്പിലായി …

” വാ …. രാഹുലേട്ടാ .. വൈകും … നീ കണ്ടോ വേദാ .. ഇതാ ഇവിടുത്തെ സ്ഥിതി . .. ഇപ്പോ ഇവരുടെ തല്ല് പിടിക്കാനെ എനിക്ക് സമയമുള്ളു .. ” മാളവിക ചിരിച്ചു കൊണ്ട് പറഞ്ഞു ….

രാഹുൽ പോയി കാറിന്റെ കീയെടുത്തു കൊണ്ട് വന്നു ….

വേദയും അവളുടെ കൈപിടിച്ച് വിപഞ്ചികയും പൂമുഖം വരെ ചെന്നു അവരെ യാത്രയാക്കാൻ ….

* * * * * * * * * * * * * * *

ഒൻപത് മണിയായിയിട്ടും മാളുവും രാഹുലും തിരികെ വന്നില്ല ….

അവൾ മാളുവിന്റെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും ആരും ഫോണെടുത്തില്ല …

രാഹുലിന്റെ നമ്പർ അവൾക്കറിയില്ലായിരുന്നു …..

അകത്തിരുന്നു എഴുതുകയായിരുന്ന വിപഞ്ചികയും അങ്ങോട്ട് വന്നു …

” ചേച്ചി … അവരെ കണ്ടില്ലല്ലോ …. “

” മാളുവിനെ വിളിച്ചിട്ട് എടുക്കുന്നില്ല … “

” ചേച്ചി ഫോൺ കാറിൽ വച്ചിട്ടുണ്ടാവും … ഞാൻ ഏട്ടനെ വിളിക്കാം …. ” അവൾ അകത്തേക്കോടിപ്പോയി ഫോണെടുത്തു കൊണ്ട് വന്ന് രാഹുലിനെ വിളിച്ചു ….

റിംഗുണ്ടെന്നല്ലാതെ അവനും ഫോണെടുത്തില്ല …

വിച്ചുവിന്റെ മുഖത്തും ടെൻഷൻ കാണാമായിരുന്നു …

” എടുക്കുന്നില്ല ചേച്ചി ….” അവൾ നിരാശയോടെ പറഞ്ഞു ….

സമയം പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു …

(തുടരും )

അമൃത അജയൻ

അമ്മൂട്ടി

NB : ഈ കഥ അധികമൊന്നും വലിച്ചു നീട്ടില്ല … ഒരു ഏഴെട്ട് പാർട്ടിനുള്ളിൽ തീർക്കാനാണ് ശ്രമിക്കുന്നത് …

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!