ബൃന്ദാവനസാരംഗ – ഭാഗം 4

1159 Views

Malayalam Novel Brindavana Saranga

ഗേറ്റിൽ വെളിച്ചം വീണപ്പോൾ വേദയും വിപഞ്ചികയും എഴുന്നേറ്റ് പൂമുഖത്തേക്ക് ചെന്നു …..

കാറിൽ നിന്ന് രാഹുലും മാളുവും ഇറങ്ങി …

” എന്താ ഇത്രേം വൈകിയത് …” അവൾ ചെന്ന് മാളുവിന്റെ കൈ പിടിച്ചു ..

” കുറച്ച് സ്കാനിംഗ് ഒക്കെ ഉണ്ടായിരുന്നെടാ …. അതാ വൈകിയത് ….”

പോയപ്പോൾ ഉണ്ടായിരുന്ന സന്തോഷം രാഹുലിന്റെ മുഖത്തില്ലെന്ന് വേദ കണ്ടു .. അവൾക്ക് ആശങ്ക തോന്നി … പക്ഷെ മാളു കൂളായി നിൽക്കുകയായിരുന്നു ….

” നീയിന്നിനി പോകണ്ട .. നാളെ പോയാൽ മതി … “

” അയ്യോ അത് പറ്റില്ല …. രാവിലെ കുട്ടികൾ വരും …. അതിനു മുന്നേ പണിയൊക്കെ തീർക്കണം …….” വേദ പറഞ്ഞു …

” എന്നാൽ പിന്നെ രാഹുലേട്ടൻ ഇവളെ വീട്ടിലാക്കിയിട്ട് വാ …” മാളു തിരിഞ്ഞ് രാഹുലിനോട് പറഞ്ഞു …

” വേദ വരൂ …..” അവൻ കാറിനടുത്തേക്ക് നടന്നു ..

മാളവിക ചെന്ന് ഫ്രണ്ട് ഡോർ അവൾക്ക് വേണ്ടി തുറന്നു കൊടുത്തു …

” നീ പോയി റെസ്റ്റ് എടുക്ക് മാളു … വിച്ചൂ … നീ ചേച്ചിയെ അകത്ത് കൊണ്ട് പോയി കിടത്ത് ……..” അവൻ വിപഞ്ചികയോട് പറഞ്ഞിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി …

” ചേച്ചി .. നാളേം വരണേ … ” വിപഞ്ചിക വേദയുടെ കൈപിടിച്ച് പറഞ്ഞു …

വരാമെന്നവൾ സമ്മതിച്ചു …

കാർ പുറത്തേക്കിറങ്ങി ….. പത്ത് മിനിറ്റ് യാത്രയുണ്ട് വേദയുടെ വീട്ടിലേക്ക് … നിരത്തുകൾ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയിരുന്നു …

ആദ്യം ഇരുവരും ഒന്നും സംസാരിച്ചില്ല ….

വേദക്ക് വല്ലായ്മ തോന്നി … സാധാരണ രാഹുൽ വാതോരാതെ സംസാരിക്കാറുള്ളതാണ് ….

” മാളുവിനെന്താ സ്കാനിംഗൊക്കെയുണ്ടെന്ന് പറഞ്ഞത് … ” എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി അവൾ ചോദിച്ചു …

രാഹുലിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു …

” ഒന്നും പറയാറായിട്ടില്ല … “

വേദയൊന്ന് ഞെട്ടി …. അവൾ തല തിരിച്ച് രാഹുലിനെ നോക്കി ….

” എന്താ …..” അവൾ പേടിയോടെ ചോദിച്ചു ….

” ഇടക്ക് തലവേദനയുണ്ടെന്ന് അവൾ പറയുമായിരുന്നു .. മൈഗ്രെയിൻ ആവുമെന്നാ ഞാൻ കരുതിയത് .. അവൾക്ക് മൈഗ്രെയിനുണ്ടല്ലോ …. പക്ഷെ രണ്ട് ദിവസമായിട്ട് കണ്ടിന്യൂസ് തലവേദനയുണ്ടായിരുന്നു .. എന്നോട് ഇന്ന് വൈകിട്ടാ പറയുന്നത് … അത് കൊണ്ടാ ഞാൻ ന്യൂറോയിൽ ഒന്ന് കാണിച്ചത് .. എന്റെയൊരു സമാധാനത്തിനായിരുന്നു … പക്ഷെ ഇപ്പോ ഒരു സംശയം ….. ” അയാളൊന്ന് നിർത്തി …

വേദയുടെ അടിവയറ്റിൽ ഒരു കൊള്ളിയാൻ മിന്നി …

” ട്യൂമറാണോന്ന് ……..” രാഹുലിന്റെ തൊണ്ടയിടറി …

” നോ ……….” വേദയിൽ നിന്ന് ഒരു നിലവിളിയുയർന്നു …

രാഹുൽ പെട്ടന്ന് കാർ നിർത്തി …

” നാളെ സ്കാനിംഗ് റിപ്പോർട്ടുകൾ ലഭിച്ചാലേ ഉറപ്പിക്കാൻ കഴിയൂ … ” അയാൾ നിസഹായനായി പറഞ്ഞു …

പക്ഷെ ആ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു …

അയാൾ പെട്ടന്ന് കാർ എടുത്തു…..

വേദ നടുങ്ങി വിറച്ചിരുന്നു … തന്റെ പ്രിയപ്പെട്ട കൂട്ടുകാരി … കേട്ടത് സത്യമാകരുതേയെന്നവൾ പ്രാർത്ഥിച്ചു …

” മാളുവിനോട് പറഞ്ഞിട്ടില്ല … ഒന്നും പറയണ്ട അവളോട് …” ഓർമിപ്പിക്കും പോലെ രാഹുൽ പറഞ്ഞു ….

അവൾക്കൊന്നും മിണ്ടാനുള്ള ത്രാണിയില്ലായിരുന്നു …

വീടിനു മുന്നിൽ രാഹുൽ കാർ നിർത്തിയതൊന്നും അവളറിഞ്ഞില്ല ..

” വേദയിറങ്ങിക്കോളു …. ” രാഹുൽ പറഞ്ഞു ….

ഇറങ്ങുമ്പോൾ അവനോട് യാത്ര പറയാൻ പോലും അവൾ മറന്നു പോയിരുന്നു …

അവൾക്കൊരാപത്തും സംഭവിക്കരുതേയെന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചു ….

വീട് ഇരുളിലാണ്ട് കിടക്കുകയായിരുന്നു …

വീട് തുറന്ന് അകത്ത് കയറിയതും ലൈറ്റ് തെളിച്ചതും എല്ലാം യാന്ത്രികമായിരുന്നു ..

ചെയറിലേക്കിരുന്ന് അവൾ മുഖം പൊത്തിക്കരഞ്ഞു ..

വിശപ്പും ദാഹവും എല്ലാം കെട്ടു പോയിരുന്നു … അവൾ ബാഗിൽ നിന്ന് ഫോണെടുത്ത് ദീപക്കിനെ വിളിച്ചു …. ഒരാശ്രയത്തിന് അവൻ മാത്രമേയുള്ളുവെന്ന് അവൾക്കറിയാം …..

* * * * * * * * * * * * * * * * *

വെളുപ്പിന് നിർമ്മാല്യ ദർശനം തൊഴാൻ വേദയുണ്ടായിരുന്നു .. അധികമാളുകളൊന്നും ആ സമയം ഉണ്ടാകാറില്ല …

ദേവി സന്നിധിയിൽ അവൾ മനമുരുകി പ്രാർത്ഥിച്ചു … അതവൾക്കു വേണ്ടിയായിരുന്നു.. തന്റെ പ്രിയ കൂട്ടുകാരി മാളവികക്ക് വേണ്ടി ….

പ്രാർത്ഥിച്ചിറങ്ങിയപ്പോൾ മനസിലെവിടെയോ ഒരു നേർത്ത പ്രതീക്ഷതെളിഞ്ഞു നിന്നു ….

* * * * * * * * * * * * * *

ലൈബ്രറിയുടെ ജനാലക്കരികിലേക്ക് ചെയർ വലിച്ചിട്ട് ഗൗതമനിരുന്നു … അവിടെയിരുന്നാൽ എതിർവശത്തെ ഒഴിഞ്ഞ ക്ലാസ് റൂമിൽ കലോത്സവത്തിന് പങ്കെടുക്കുവാനുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന വേദയെ കാണാമായിരുന്നു ….

മുന്നിൽ പുസ്തകം തുറന്നു വച്ചിരുന്നെങ്കിലും അയാളുടെ കാഴ്ചകൾ മുഴുവൻ വേദയിലായിരുന്നു …

വേദാ …. നിന്നെ കാണുമ്പോൾ മാത്രം എന്റെ ഹൃദയം തുടിക്കുന്നത് എന്ത് കൊണ്ടാണ് …. നിന്റെയൊരു പുഞ്ചിരി പോലും എന്റെയുള്ളിലെ തമസിലേക്ക് നീളുന്ന സൂര്യപ്രഭയാണ് വേദാ …

നീയറിയുന്നുണ്ടോ നിന്നെ മാത്രം മിഴികളിൽ നിറച്ച് കടന്നു പോകുന്ന എന്റെ രാത്രികളെ ..

ഈ ലോകത്ത് ആർക്കെല്ലാം നീ വെറുക്കപ്പെട്ടവളായാലും എനിക്കങ്ങനെയല്ല …

വേദാ .. .. . ഒരിക്കലെങ്കിലും നീ വരുമോ ചുട്ടുപൊള്ളുന്ന എന്റെ വീഥികളിൽ തണൽ വിരിക്കാൻ …… എന്റെ ജലാശയത്തിൽ നീന്തി തുടിക്കുന്ന അരയന്നമാകാൻ …. കൊക്കുരുമ്മി എന്റെ സ്വർഗാരാമങ്ങൾ ധന്യമാക്കാൻ …

ഒരുമാത്ര അവളിങ്ങോട്ട് മുഖം തിരിച്ചു നോക്കിയെന്ന് ഗൗതമന് തോന്നി …

എന്തുകൊണ്ടോ അവളുടെ കണ്ണുകളിൽ നോക്കി തനിക്കൊന്നും പറയാൻ കഴിയുന്നില്ല ..

ബെല്ലടിച്ചപ്പോൾ അയാൾ പുസ്തകം മടക്കി റാക്കിൽ വച്ചിട്ട് ഇറങ്ങി … ഇടനാഴിയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ എതിരെ അവളും വന്നു …

ഹൃദ്യമായൊരു പുഞ്ചിരി അവളയാൾക്ക് സമ്മാനിച്ചു …. അയാൾ തിരിച്ചും …

* * * * * * * * * * * * * * * * * * *

സ്കൂൾ വിട്ട് അവൾ നേരേ പോയത് മാളവികയുടെ അടുത്തേക്കാണ് .. മുറ്റത്ത് കാറില്ലാത്തത് കൊണ്ട് രാഹുൽ ഇല്ലെന്ന് അവൾക്ക് മനസിലായി …

അവൾ ചെല്ലുമ്പോൾ മാളു ടിവി കാണുകയായിരുന്നു …

” നീയെത്തിയോ …. വിച്ചു കുറച്ചു കൂടി വൈകും ….” ചിരിച്ചു കൊണ്ട് അവളെഴുന്നേറ്റ് വന്നു …

” അത് സാരമില്ല .. ഞാൻ വെയ്റ്റ് ചെയ്തോളാം ………”

” വാ … ഞാൻ ചായയെടുത്തു തരാം ….” മാളു പറഞ്ഞിട്ട് കിച്ചണിലേക്ക് നടന്നു …

” എനിക്കിപ്പോ ചായയൊന്നും വേണ്ട ….നീയിവിടെ വന്നിരിക്ക് ….. ” അവൾ മാളവികയെ കൂട്ടി സോഫയിലേക്കിരുന്നു …..

” നീ ദീപക്കിനെ വിശേഷങ്ങളറിഞ്ഞോ ….” വേദ തിരക്കി ….

” ഇല്ല …. എന്താ ……”

” അവന്റെ വിവാഹമായി ….”

” ആണോ ….. എപ്പോ … എന്നിട്ടെന്നോടെന്താ പറയാണ്ടിരുന്നേ … ” അവൾ വിസ്മയിച്ചു …

” കൃഷ്ണയാ പെൺകുട്ടി … വീട്ടുകാര് ഫിക്സ് ചെയ്തതാ… അവൻ തന്നെ കഴിഞ്ഞ ദിവസമാ അറിഞ്ഞത് …” വേദ പറഞ്ഞു ….

” എന്നാലും നിന്നോട് പറഞ്ഞിട്ടും എന്നോടവൻ പറഞ്ഞില്ലല്ലോ … ” അവൾ പരിഭവിച്ചു …

” ശ്ശൊ … എന്നോടിന്നലെ വൈകിട്ടാടി പറഞ്ഞത് ….. അവൻ നിന്നെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു … അപ്പോ പറയും …..” വേദയവളെ സമാധാനിപ്പിച്ചു ……

” ഞാനൊരു കാര്യം പറയട്ടെ …. അവൻ കൃഷ്ണയെ കെട്ടുന്നതിനോട് എനിക്ക് വലിയ താത്പര്യമൊന്നുമില്ല …. ” മാളവിക പറഞ്ഞു ….

” അതെന്താ …. “

” അവളൊരു അഹങ്കാരിയാ … പഠിക്കുമ്പോളേ അവൾക്കവനിലൊരു കണ്ണുണ്ടായിരുന്നു … അവന്റെ പാവം പിടിച്ച സ്വഭാവത്തിന് അവൾ ശരിയാകില്ല …. “

മാളവികക്ക് എന്തോ അനിഷ്ടമുണ്ടെന്ന് വേദക്ക് മനസിലായി …

” അവൾക്കത്രയും ഇഷ്ടമുള്ളത് കൊണ്ടാകില്ലേ അവൻ നോ പറഞ്ഞിട്ടും അവൾ വീട്ടുകാർ വഴി പ്രപ്പോസ് ചെയ്തത് … ഒരു പെൺകുട്ടിയുടെ മനസ് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല …..” വേദയവളെ തിരുത്തി ….

” ങും …..” അവൾ താത്പര്യമില്ലാതെ മൂളി …

” എന്താടി … അവന് തന്നെ പാതി മനസ് പോലുമില്ല … ഇനിയവൻ വരുമ്പോൾ നീ മുഖം വീർപ്പിച്ചു കാണിച്ചു അവന്റെ മൈൻഡ് മാറ്റരുത് …”

” അവൻ നമ്മുടെ വിച്ചൂന് ചേരില്ലേ …. ” അവൾ പെട്ടന്ന് ചോദിച്ചു …

വേദ അവളുടെ മുഖത്തേക്ക് നോക്കി ….

ഇവൾക്കങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നോ …

” നിന്റെ മനസിലതായിരുന്നോ …….” വേദ പതിയെ ചോദിച്ചു ..

” അവനെ കിട്ടിയിരുന്നെങ്കിൽ അതെന്റെ വിച്ചുവിന്റെയും ഭാഗ്യമായിരുന്നു … മാത്രമല്ല അവൻ എന്നും നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു … ഇനി ചിലപ്പോ അവൻ … “

” നീയെന്തേയിത് നേരത്തേ പറഞ്ഞില്ല … എങ്കിൽ നമുക്കിത് ആലോചിക്കാമായിരുന്നല്ലോ ….”

” അവളിപ്പോ തേർഡിയറല്ലേ… ഡിഗ്രി കഴിഞ്ഞിട്ടാകട്ടെയെന്ന് ഞാൻ കരുതി … “

എന്തുകൊണ്ടോ വേദയും അറിയാതെ അതാഗ്രഹിച്ചു പോയി … പക്ഷെ ഇനി പറഞ്ഞിട്ട് കാര്യമില്ല …

അവരിരുവരും സംസാരിച്ചിരിക്കുമ്പോഴേക്കും വിപഞ്ചിക കോളേജിൽ നിന്നെത്തി ….

അവൾ പോയി ഫ്രഷായി വന്നിട്ട് വേദക്കൊപ്പം പാട്ട് പഠിക്കാനിരുന്നു ..

മാളവിക കുറേ സമയം അത് കേട്ടിരുന്നു … അവൾക്ക് വല്ലാതെ തല വേദനിച്ചപ്പോൾ എഴുന്നേറ്റ് റൂമിൽ പോയി കിടന്നു ….

സമയം മുന്നോട്ടോടി ….

മുറ്റത്ത് കാർ വന്ന് നിൽക്കുന്നത് വേദയും വിച്ചുവും ജനാലയിലൂടെ കണ്ടു …

വേദയുടെ മനസ് ഒന്ന് പിടച്ചു … രാഹുലിനോട് മാളവികയുടെ വിവരങ്ങൾ ചോദിക്കാൻ വെമ്പിയിരിക്കുകയായിരുന്നു അവൾ ….

ആദ്യം ഡോർ തുറന്നിറങ്ങിയത് ദീപക്ക് ആയിരുന്നു .. പിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് രാഹുലും …

ദീപക്കിനെ കൂടി കണ്ടപ്പോൾ വേദയുടെ മുഖം തിളങ്ങി …

അവരുടെ രണ്ടാളുടെയും മുഖം ………………………….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply