Skip to content

ബൃന്ദാവനസാരംഗ – ഭാഗം 6

Malayalam Novel Brindavana Saranga

” വേദ ടീച്ചറേ ………..”

രാവിലെ തിരക്കിട്ട് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോളാണ് ആരോ പിന്നിൽ നിന്ന് വിളിച്ചത് ….

വേദ തിരിഞ്ഞു നോക്കി …

ശ്രീകല…… തന്റെയടുത്ത് പാട്ടു പഠിക്കാൻ വരുന്ന കീർത്തനയുടെ അമ്മ ….

അവൾ പുഞ്ചിരിച്ചു …..

അവരുടെ മുഖത്തൊരു വല്ലായ്മയുണ്ടായിരുന്നു …

” സുഖാണോ കലേച്ചി ……” വേദ ചോദിച്ചു …

” ങും … ഞാനൊരു കാര്യം പറയാനാ ടീച്ചറേ വിളിച്ചത് ….”

” പറഞ്ഞോളു … ” പറയാൻ വരുന്നത് എന്താണെന്ന് അറിയാമായിരുന്നെങ്കിലും അവൾ പറഞ്ഞു ….

” അത് കീർത്തനയിനി പാട്ടു പഠിക്കാൻ വരലുണ്ടാവില്ല …. ” അവർ പറഞ്ഞു …

” ങും …… ” വേദ തലയാട്ടി .. അവൾ കാരണം ചോദിച്ചില്ല …

” അവൾടെ ചേച്ചി പ്രസവത്തിനായിട്ട് ഇപ്പോ വീട്ടിലുണ്ടേ .. മോള് ടീച്ചറിന്റടുത്താ പാട്ട് പഠിക്കണേന്നറിഞ്ഞപ്പോ മൂത്തവൾടെ ഹസ്ബന്റിന്റെ വീട്ടുകാർക്ക് പേടി .. “

” സാരമില്ല കലേച്ചി … നിങ്ങൾക്ക് ഭയമില്ലല്ലോ … അത് മതി .. ഉള്ളവരുടെ പേടി അത്ര പെട്ടന്നൊന്നും മാറ്റാൻ കഴിയില്ല … ” പറഞ്ഞിട്ട് അവൾ നടക്കാൻ തുടങ്ങി …

ശ്രീകല ഒരു നിമിഷം അവളെ നോക്കി നിന്നു .. അവളുടെ വാക്കുകളിൽ ഒരു പരിഹാസമുണ്ടെന്ന് അവർക്ക് തോന്നി ..

” ആ പിന്നെ .. കീർത്തന പാടാൻ നല്ല കഴിവുള്ള കുട്ടിയാ .. ഇക്കാരണം കൊണ്ട് അവളുടെ സംഗീത പഠനം ഉപേക്ഷിക്കണ്ട .. മറ്റൊരു ഗുരുവിനെ കണ്ടെത്തി അങ്ങോട്ടു വിടണം … കലോത്സവം വരുവാണ് .. പങ്കെടുക്കാൻ പറയണം …… ” അവൾ തിരിഞ്ഞ് നിന്ന് അവരെ ഓർമിപ്പിച്ചു … പിന്നെ അതിവേഗം നടന്നു പോയി ..

സ്കൂളിലെത്തുമ്പോൾ പതിവു പോലെ ഗൗതമൻ സ്റ്റാഫ് റൂമിലുണ്ടായിരുന്നു …

എന്നും പതിവുള്ള ആ പുഞ്ചിരി അയാൾ അവൾക്ക് സമ്മാനിച്ചു .. തിരിച്ച് അവളും …

മഞ്ഞയും പച്ചയും ഇടകലർന്നൊരു കോട്ടൺ സാരിയായിരുന്നു അവളുടെ വേഷം .. കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് ചുണ്ടിനു മേൽ പറ്റിപ്പിടിച്ചിരുന്ന വിയർപ്പ് ഒപ്പുന്നത് അയാൾ നോക്കിയിരുന്നു …

” കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും…

പിന്നെയോരോ തളിരിനും പൂവരും കായ് വരും ….

അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം..

നമുക്കിപ്പോഴീ ആർദ്രയേ ശാന്തരായി സൗമ്യരായി എതിരേൽക്കാം …

വരിക സഖീ അരികത്ത് ചേർന്ന് നിൽക്കൂ പഴയൊരു മന്ത്രം സ്മരിക്കാം..

അന്യോന്യം ഊന്നുവടികളായി നിൽക്കാം ..

ഹാ സഫലമീ യാത്ര ….”

ഏതോ പുസ്തകം തുറന്നു വച്ച് അയാൾ ഉറക്കെപ്പാടി ….

അതവൾക്കുള്ള ക്ഷണമാണെന്ന് മനസിലായില്ലെങ്കിലും മനോഹരമായ അയാളുടെ കവിതാലാപനത്തിൽ അറിയാതെ അവളും മുഴുകിയിരുന്നു ….

കലോത്സവത്തിനുള്ള പ്രാക്ടീസ് ഉള്ളത് കൊണ്ട് ഇപ്പോൾ ഫസ്റ്റ് അവർ അവളും ഫ്രീയല്ല …

ഈശ്വര പ്രാർത്ഥന കഴിഞ്ഞുടൻ മറ്റു അദ്ധ്യാപകർക്കു പിന്നാലെ അവളും സ്റ്റാഫ് റൂമിൽ നിന്നിറങ്ങി …

ഏറ്റവും ഒടുവിലായി ഇറങ്ങിയ ഗൗതമൻ കണ്ടു അവളുടെ മുടിത്തുമ്പിൽ നിന്നടർന്നു വീണ തുളസിക്കതിരിനെ … അവളതറിയാതെ നടന്നു നീങ്ങി …

ഒരു നിമിഷം അയാളത് നോക്കി നിന്നു … പിന്നെ അടുത്തു ചെന്ന് അത് കുനിഞ്ഞെടുത്തു …

അതിന്റെയരികിൽ നേർത്ത ഈർപ്പം തങ്ങി നിന്നു .. ഒപ്പം നീണ്ട ഒരു മുടിയിഴയും …

അയാളാ നീണ്ട മുടിയിഴ വലിച്ചെടുത്ത് തുളസിക്കതിരിന്റെ തണ്ടിൽ മെല്ലെ ചുറ്റി … അതിന്റെ ഇലകളെ പരിക്കേൽപ്പിക്കാതെ ..

പിന്നെ അത് തന്റെ നാസികയോട് അടുപ്പിച്ച് മണത്തു നോക്കി .. ഷാംപുവിന്റെയും തുളസിയുടെയും ഗന്ധം ഇടകലർന്ന് അയാളുടെ മൂക്കിലടിച്ചു …

ഗൗതമൻ ആ ഗന്ധം ആവോളം വലിച്ചെടുത്തു തന്റെ ഹൃദയത്തിലേക്ക് .. അതവളുടെ ഗന്ധമാണ് .. അവളുടെ വാർമുടിയുടെ ഗന്ധം …

തുളസിക്കതിർ തന്റെ ജൂബയുടെ പോക്കറ്റിൽ നിക്ഷേപിച്ച് നടന്നു നീങ്ങുമ്പോൾ അയാളുടെ നാസാരാർദ്രങ്ങളെ തൊട്ടുണർത്തി പുതിയൊരനുഭൂതി പുൽകി പടരുകയായിരുന്നു .. അവളുടെ ഗന്ധം ….

” അമലേ നിൻ ഗന്ധമെന്നിൽ പുൽകി പടരവേ …

പുതിയൊരു സങ്കീർത്തനം നിറയുന്നുവെന്നിൽ …

വരിക സഖേ … കാത്തു നിൽക്കുന്നു ഞാൻ ….

എൻ പ്രണയമാം ഏദൻ പൂവുകൾ നിനക്കായ് മാത്രം വിടർന്നൊരീ താഴ്വരയിൽ ….”

അയാളുടെ മനതാരിൽ ആ നിമിഷം പുതിയൊരു കവിത പിറന്നു … അവൾക്കായി മാത്രം ……

* * * * * * * * * * * * * *

ഉച്ചക്ക് ലഞ്ച് കഴിഞ്ഞിരിക്കുമ്പോൾ വേദ ഗൗതമന്റെയടുത്തേക്ക് വന്നു …

ഗൗതമനൊന്നു പരുങ്ങി… രാവിലെ അവളുടെ മുടിയിൽ നിന്നടർന്നു വീണ തുളസിക്കതിർ അപ്പോഴും അയാളുടെ ജൂബയുടെ പോക്കറ്റിൽ മയങ്ങുന്നുണ്ടായിരുന്നു …

അവൾ വന്ന് ഗൗതമന്റെയടുത്ത് മേശയിൽ പിടിച്ചു നിന്നു …

” എന്താ വേദ ….” അവളുടെ കണ്ണുകളെ നേരിട്ടു കൊണ്ട് ഗൗതമൻ ചോദിച്ചു ..

” ഞാനൊരു ഹെൽപ്പ് ചോദിക്കാൻ വന്നതാ …” അവൾ സാരിത്തുമ്പ് പിടിച്ചു കൊണ്ട് പറഞ്ഞു ..

അവളുടെ സാമീപ്യം അയാളുടെ നാഡീമിടിപ്പുകൾ കൂട്ടി …

” പറയൂ വേദാ ……”

” സാറെനിക്ക് നല്ലൊരു കവിത സെലക്ട് ചെയ്തു തരണം … കോളേജിൽ പഠിക്കുന്ന ഒരു കുട്ടിക്ക് യൂണിവേർസിറ്റി കലോത്സവത്തിന് പാടാനാണ് .. “

” അതിനെന്താ വേദാ … നമുക്കിപ്പോൾ തന്നെ നോക്കാം .. ലൈബ്രറിയിലേക്ക് വരൂ … “

” അത് ….” അവളൊന്നു പരുങ്ങി …

” എന്തേ …….”

” കുട്ടികളവിടെ വെയിറ്റിംഗ് ആണ് … സാറ് തന്നെ സെലക്ട് ചെയ്ത് നാളെയോ മറ്റന്നാളോ തന്നാൽ ഉപകാരമായിരുന്നു … ” അവൾ പറഞ്ഞു …

അയാൾ അവളുടെ മിഴികളിലേക്ക് നോക്കി … ആ വിടർന്ന കണ്ണുകൾക്കുള്ളിലെവിടെയെങ്കിലും ഒരിത്തിരി പ്രണയത്തിന്റെയലകൾ സ്ഫുരിക്കുന്നുണ്ടോ എന്നയാൾ തിരഞ്ഞു …

“സാറൊന്നും പറഞ്ഞില്ല …. ” അയാളുടെ കണ്ണുകളിലെ കാന്തിക ശക്തി അവളുടെ അന്തരങ്കങ്ങളിലെങ്ങോ ചെന്ന് പതിച്ചു .. അതവളുടെ മുഖത്ത് വിയർപ്പുതുള്ളികളായി മൊട്ടിട്ടു …

” ഞാൻ സെലക്ട് ചെയ്തിട്ട് വേദയെ അറിയിക്കാം …..” അയാൾ സ്ഥലകാലബോധം വീണ്ടെടുത്തു കൊണ്ട് പറഞ്ഞു ….

അയാളെ നോക്കി പുഞ്ചിരിച്ചിട്ട് അവൾ നടന്നകന്നു ….

നിന്റെ കണ്ണുകൾക്ക് സന്ധ്യയുടെ സൗന്ദര്യമാണ് വേദാ … രാവിനും പകലിനുമിടയിലെ ചുവപ്പു തൂകിയ തൃസന്ധ്യ പോലെ നിർമ്മലമാണ് നീ … പകലിന്റെ കാഠിന്യമില്ലാത്ത രാത്രിയുടെ വന്യതയില്ലാത്ത സന്ധ്യാമനോഹരി ..

എന്റെ ഹൃദയ ക്ഷേത്രത്തിൽ നീ കുടിയിരിക്കുക … മറ്റൊരു ദേവനല്ല ഞാൻ … നിന്നെ മാത്രമാരാധിക്കും വെറുമൊരു പൂജാരി …. എൻ വേർപ്പു തുള്ളികൾ നിൻ കാലടികളിൽ വീണടിയും ഹവിസായി പൂജാ മലരുകളായി തീരും …

* * * * * * * * * * * * * * * * * * *

കേട്ടതൊന്നും വിശ്വസിക്കാനാകാതെ മാളവിക അമ്മയുടെ മടിയിൽ തല വച്ച് കിടന്നു ….

രാഹുലിന്റെ മാതാപിതാക്കളും മാളവികയുടെ മാതാപിതാക്കളും മറ്റ് ചില ബന്ധുക്കളും അവിടെ എത്തിച്ചേർന്നിരുന്നു …

ഹാളിൽ വലിയ ചർച്ചകൾ നടക്കുകയായിരുന്നു … എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു …

അബോർഷൻ ചെയ്ത് , മാളവികയെ ചികിത്സിക്കുക എന്നതായിരുന്നു പൊതുവായി ഉയർന്നു വന്ന അഭിപ്രായം … എങ്കിലും സാത്യതകൾ കുറവാണ് എന്നത് എല്ലാവരെയും നിരാശയിലാഴ്ത്തി …

രാഹുലിന്റെ അമ്മയ്ക്ക് ആ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു … അബോർഷൻ ചെയ്താലും അവളുടെ ജീവൻ രക്ഷിക്കാമെന്ന് ഉറപ്പൊന്നുമില്ല .. തന്റെ മകന്റെ കുഞ്ഞിനെയെങ്കിലും ജീവനോടെ കിട്ടുമല്ലോ എന്നായിരുന്നു അവരുടെ ചിന്ത … ഒരു പേരക്കുട്ടിക്കായി അവരത്രമേൽ ആഗ്രഹിച്ചിരുന്നു ….

മാളവികയും അമ്മയും ചർച്ചകളിൽ നിന്നെല്ലാം വിട്ട് മാറി നിന്നു ….

” നീയെന്ത് തീരുമാനിച്ചു രാഹുൽ ….?” അതുവരെ മിണ്ടാതിരുന്ന മകനോട് രാമഭദ്രൻ ചോദിച്ചു ..

” അച്ഛാ … ഞാൻ നിങ്ങളെ വിളിച്ചു വരുത്തിയത് അവളെ വേണോ കുഞ്ഞിനെ വേണോ എന്ന് തീരുമാനിക്കാനല്ല .. അവളെക്കൊണ്ട് അബോർഷന് സമ്മതിപ്പിക്കണം … അവളുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം വരെയും ഞാൻ തളരില്ല … നിങ്ങളെല്ലാവരും കൂടി അവളെയൊന്ന് പറഞ്ഞു മനസിലാക്ക് …..” രാഹുൽ പറഞ്ഞു …

” മോനേ നീയെന്താ പറയുന്നത് …” സഹജക്ക് മകൻ പറഞ്ഞത് ദഹിച്ചില്ല ….

” പറഞ്ഞത് അമ്മ കേട്ടല്ലോ … അത് തന്നെയാണ് എന്റെ തീരുമാനം …..” അവൻ ഉറപ്പിച്ചു പറഞ്ഞു …

” രാഹുലേട്ടാ ….” പിന്നിൽ ഒരു വിളി കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി ….

റൂമിനു പുറത്ത് വന്നു നിൽക്കുകയായിരുന്നു മാളവിക … ഒരു കൈകൊണ്ട് വാതിലിന്റെ കട്ടിളയിലും മറു കൈ വയറിലും തൊട്ടു കൊണ്ട് അവൾ നിന്നു …. അവളുടെ മുടി അഴിഞ്ഞുലഞ്ഞു കിടന്നിരുന്നു … കണ്ണുകളിൽ കണ്ണുനീരുണങ്ങിപ്പിടിച്ചിരുന്നു ….

” എല്ലാവരുടെയും അഭിപ്രായം പറഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ എന്റെ തീരുമാനം പറയാം …. “

എല്ലാവരും അവളെ ഉറ്റുനോക്കി ….

” എന്റെ കുഞ്ഞിനെയെനിക്ക് പ്രസവിക്കണം … “

” മാളു ……” രാഹുൽ എഴുന്നേറ്റ് അവൾക്കടുത്തേക്ക് വന്നു …

അവനെ കൈയ്യെടുത്ത് തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു …

” അബോർഷൻ ചെയ്താലും എന്റെ ജീവൻ രക്ഷിക്കാമെന്ന് ഉറപ്പൊന്നുമില്ലല്ലോ … എന്റെയും രാഹുലേട്ടന്റെയും സ്വപ്നമായിരുന്നു ഈ കുഞ്ഞ് …. പ്രസവം കഴിഞ്ഞ് മരിക്കാനാണ് വിധിയെങ്കിലും എന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിൽ എനിക്ക് മരിക്കാമല്ലോ … അതല്ല ബലമായി അബോർഷൻ ചെയ്യാനാ തീരുമാനമെങ്കിൽ അതിന് മുന്നേ ഞാനെന്റെ ജീവൻ കളയും …..” അവളുടെ ശബ്ദം ഉറച്ചതും ദൃഢവുമായിരുന്നു …

രാഹുൽ നിസഹായനായി അവളെ നോക്കി ..

സഹജയുടെ ചുണ്ടിൽ മാത്രം ഒരു ചിരി വിടർന്നു ..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!