Skip to content

ആദിരുദ്രം – പാർട്ട്‌ 31

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

കാറിൽ നിന്നിറങ്ങി രുദ്രൻ മുന്നോട്ട് നടന്നു.
അവന് പിറകെ അവളും വെച്ചു പിടിച്ചു.
കുറച്ചു മുന്നോട്ട് പോയവൻ അവളെ തിരിഞ്ഞു നോക്കി.
ചുറ്റും നോക്കി നടന്നു വരുന്ന അവൾക്ക് നേരെ കൈനീട്ടി.
അത് കണ്ട് നീട്ടിപ്പിടിച്ച അവന്റെ കയ്യിൽ കോർത്തു പിടിച്ചവൾ അവനൊപ്പം നടന്നു.
റോഡിൽ നിന്നല്പം മാറി ചെറിയൊരു മൺപാതയിലൂടെ അവളുടെ കയ്യും പിടിച്ചവൻ മുന്നോട്ട് പോയി.
ഒന്നും മിണ്ടാതെ അവൾ അവനോടൊത്ത് നടന്നു.
പഴയൊരു തറവാടിന് മുന്നിലെത്തിയതും അവനൊന്ന് നിന്നു.
മനസ്സിൽ ഇരച്ചു കയറുന്ന ഓർമ്മകളുടെ നിലയില്ലാ കയത്തിലേക്കൊന്ന് ഊളിയിട്ട് ഇറങ്ങി.

ആദി ഒന്നും മനസ്സിലാവാതെ അവനെ നോക്കി പിന്നെ മുന്നിൽ കാട് പിടിച്ചു കിടക്കുന്ന തറവാട്ടിലേക്കും.

രുദ്രൻ പതിയെ മനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി പോക്കറ്റിൽ നിന്നെടുത്ത താക്കോൽ കൊണ്ട് ഗേറ്റ് തുറന്നു.
പഴക്കം ചെന്ന ആ ഗേറ്റിന്റെ പാളികൾ ഒരു ശബ്ദത്തോടെ അകന്നു മാറി.

വാ……..
പകപ്പോടെ ചുറ്റും നോക്കുന്ന അവളോടായവൻ പറഞ്ഞു.

പതിയെ അവനൊപ്പം അവളും അകത്തേക്ക് കയറി.
അവരുടെ ഓരോ കാൽച്ചുവടിലും മണ്ണിൽ കിടന്ന കരിയിലകൾ ഞെരിഞ്ഞമർന്നു.
പകപ്പോടെ ചുറ്റും നോക്കി നടന്ന അവളുടെ കാൽ മുറ്റത്തെ മാവിന്റെ വേരിൽ തട്ടി. മുന്നോട്ട് വേച്ചു പോയ അവളെ രുദ്രൻ തന്നോട് ചേർത്ത് പിടിച്ചു.

സൂക്ഷിച്ചു നടക്ക്….
കരുതലോടെ അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു.

തറവാടിന് മുന്നിലെത്തിയതും അവനൊന്ന് നിന്നു.
കരിയിലകളും പൊടിയും മൂടി കിടന്ന ആ വരാന്തയിലേക്കവൻ നോക്കി നിന്നു.
മുന്നിലൂടെ ഓടി പോവുന്ന കുഞ്ഞു രുദ്രനെയും അവനെ പിടിക്കാനായി പിറകെ ഓടുന്ന അമ്മയുടെയും ചിത്രം മനസ്സിൽ തെളിഞ്ഞു.
ഉണങ്ങാതെ മനസ്സിൽ കിടന്ന മുറിവിനാൽ തനിക്കൊന്ന് വേദനിച്ചുവോ???????

സംഘർഷഭരിതമായ അവന്റെ മനസ്സിനെ തണുപ്പിക്കാൻ നനുത്തൊരു തെന്നൽ അവരെ കടന്ന് പോയി.

രുദ്രാ……………
വിറയ്ക്കുന്ന ആദിയുടെ ശബ്ദം കേട്ടവൻ തല ചരിച്ചു നോക്കി.

ഭീതിയോടെ ചുറ്റും നോക്കി തന്റെ കയ്യിൽ പിടിമുറുക്കുകയാണവൾ.

നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്??????
പോവാം രുദ്രാ എനിക്ക് എന്തോ പേടിയാവുന്നു……..
ഭയം നിറഞ്ഞ അവളുടെ കണ്ണുകൾ പിടയ്ക്കുന്നുണ്ടായിരുന്നു.

ഏയ് ആദി പേടിക്കാതെ……. ഞാനല്ലേ കൂടെയുള്ളത്………..
അവളുടെ കവിളിൽ അരുമയായി തലോടി.

നീ അറിയേണ്ട ചില കാര്യങ്ങളുണ്ട് അത് പറയാൻ ഇതിലും നല്ല സ്ഥലം വേറൊന്നില്ല. കുറച്ചു കഴിയുമ്പോൾ നമുക്ക് തിരികെ പോവാം അത് പോരെ??????
പയ്യെ അവളുടെ കവിളിൽ തട്ടി ചോദിച്ചു.

മറുപടിയായി ഒന്ന് തലയാട്ടി അവനോട് ചേർന്നു നിന്നു.

അവൻ അവളെയും കൂട്ടി തെക്ക് വശത്തേക്ക് നടന്നു.
പാരിജാതപൂക്കളാൽ മൂടപെട്ട് കിടന്ന രണ്ട് മൺകൂനകൾ മുന്നിൽ അവനൊന്ന് നിന്നു.

പതിയെ ആദിയുടെ കൈവിട്ട് നിലത്ത് മുട്ടുകുത്തിയിരുന്നു. കൈനീട്ടി ആ മൺകൂനകളിൽ ഒന്ന് തഴുകി.

ഒന്നും മനസ്സിലാവാതെ ആദി അവനെ നോക്കി നിന്നു. അൽപ്പനേരത്തിനു ശേഷം കണ്ണുകൾ അമർത്തി തുടച്ചവൻ എഴുന്നേറ്റ് ആദിക്ക് നേരെ തിരിഞ്ഞു.
പതിയെ അവളെയും കൊണ്ട് പടിക്കെട്ടിൽ ഇരുന്നു.

ആദി………….
നിശബ്ദയ്ക്ക് ഭംഗം വരുത്തികൊണ്ടവനവളെ വിളിച്ചു.

നീ കരുതുന്നത് പോലെ ജേക്കബും ഗൗരിയും എന്റെ യഥാർത്ഥ അച്ഛനും അമ്മയുമല്ല.
ദൂരേയ്ക്ക് നോക്കിയവൻ പറയുന്നത് കേട്ടവൾ ഞെട്ടി അവനെ നോക്കി.

പിന്നെ??????

ദേ ഇവിടെ ഉറങ്ങുന്ന നീഹാരത്തിലെ ഗൗതമിന്റെയും കാവ്യയുടെയും മകനാണ് ഞാൻ.
മുന്നിലെ മൺകൂനയിലേക്ക് വിരൽ ചൂണ്ടി അവൻ പറയുന്നത് കേട്ടവൾ അവനെ നോക്കി.

നീയറിയണം ആദി എല്ലാം……………
അവൻ പതിയെ അവളുടെ വിരലുകളിൽ കോർത്തു പിടിച്ചു.

അച്ഛനും അമ്മയും ഞാനുമടങ്ങുന്ന ഒരു കൊച്ചു ലോകമായിരുന്നു ഞങ്ങളുടേത്.
സ്നേഹത്തോടെയും ശാസനയോടെയും ചേർത്ത് നിർത്തുന്ന അച്ഛൻ.
വാത്സല്യവും കരുതലുമേകുന്ന അമ്മ. ഈ കൂരയ്ക്ക് കീഴിൽ ഞങ്ങൾ മൂന്നുപേരും സന്തുഷ്ടരായിരുന്നു.
ബിസ്സിനെസ്സിന് പുറകെ ഓടുന്ന അച്ഛന് എന്നും ഒരു താങ്ങ് അമ്മയായിരുന്നു. എന്തുകാര്യവും അച്ഛനമ്മയോട് പങ്ക് വെക്കാറുണ്ട്. ഒരു പുരുഷന്റെ വിജയത്തിന് പുറകിൽ ഉറപ്പായും ഒരു സ്ത്രീ കാണും എന്ന് പറയാറില്ലേ അതിന് ഉത്തമ ഉദാഹരണമായിരുന്നു അമ്മ.
അച്ഛന്റെ ഏത് തീരുമാനത്തിന് പുറകിലും അമ്മയുടെ കയ്യൊപ്പ് കാണും. ആരെയും അസൂയപ്പെടുത്തുന്ന ദാമ്പത്യം.
അച്ഛനോളം മറ്റൊരാൾക്കും തന്റെ പാതിയെ ഇത്രത്തോളം സ്നേഹിക്കാൻ കഴിയില്ല എന്ന് ഞാനിപ്പൊ തിരിച്ചറിയുന്നുണ്ട്.

എന്നിരുന്നാലും സന്തോഷത്തോടെ ജീവിതം നയിച്ചിരുന്ന അച്ഛന്റെ ഉള്ളിലെ ഉണങ്ങാത്ത മുറിവായിരുന്നു ഗൗരി അപ്പച്ചി. ഞാൻ ജനിക്കുന്നതിനു മുന്നേ കാമുകനായ ജേക്കബിന്റെ കൂടെ ഒളിച്ചോടി പോയ അപ്പച്ചി.
എന്നും എന്നോട് അപ്പച്ചിയെ പറ്റി പറയാറുണ്ടായിരുന്നു. ഇന്നും മങ്ങിയ ഒരോർമ്മയായി എന്റെ മനസ്സിലുണ്ട്.
അവനൊന്ന് നിർത്തി.
ബാക്കി കേൾക്കാനുള്ള ആകാംഷയിൽ ആദി അവനെ ഉറ്റു നോക്കി.

ബിസിനെസ്സിൽ അച്ഛന്റെ വലംകൈയായിരുന്നു ശങ്കരനങ്കിൾ. കോളേജ് കാലം മുതൽ കൂടെയുണ്ടായിരുന്ന ഉറ്റ സുഹൃത്ത്. എന്ത് കാര്യത്തിനും അച്ഛനോടൊപ്പം അങ്കിളും ഉണ്ടാവും.
അച്ഛന്റെ കഠിനാധ്വാനം കൊണ്ട് കമ്പനി വളർന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ അച്ഛൻ ബിസ്സിനെസ്സ് ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ചു. തൊട്ടതെല്ലാം പൊന്നാക്കി.
ബിസിനെസ്സിൽ വിജയങ്ങൾ കൊയ്തു മുന്നേറിയ അച്ഛന് ഒരേയൊരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ പാലാഴിയിലെ ദേവരാജ വർമ്മ.
തന്നെക്കാൾ മുന്നേറുന്ന എതിരാളി അയാളുടെ മനസമാധാനം തകർത്തു. തുടരെ തുടരെയുള്ള തോൽവി അയാളിൽ പക നിറച്ചു.
അച്ഛനെ തകർക്കാൻ പല ചതിക്കെണികളും ഒരുക്കി. എന്നാൽ അതൊന്നും ലക്ഷ്യസ്ഥാനം കണ്ടില്ല. അപമാനഭാരം അയാളുടെ ഉള്ളിലെ പകയെ ആളി കത്തിച്ചു.

അങ്ങനെയിരിക്കെ ഒരുനാൾ ഒളിച്ചോടിപോയ അപ്പച്ചിയും ഭർത്താവ് ജേക്കബും മകൻ ജെറി ജേക്കബും നാട്ടിലെത്തി. ജെറി എന്റെ അതേ പ്രായമായിരുന്നു.
അപ്പച്ചി തറവാട്ടിൽ എത്തി അച്ഛന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു.
അച്ഛന് സന്തോഷവും അതിലേറെ സാധനവുമായിരുന്നു. അപ്പച്ചിയെ തേടി അച്ഛനലയാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു. എല്ലാ പരിഭവവും സങ്കടങ്ങളും പരസ്പരം പങ്കുവെച്ച് എല്ലാവരും തറവാട്ടിൽ ഒത്തുകൂടി.
അതായിരുന്നു എന്റെ ജീവിതത്തിലെ അവസാനത്തെ സന്തോഷം നിറഞ്ഞ ദിനം.

അന്ന് രാത്രി അച്ഛന് ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു. എന്നാൽ അതിനധികം ആയുസ്സ് ഇല്ലെന്ന് ആർക്കുമറിയില്ലായിരുന്നു.

പിറ്റേന്ന് രാവിലെ മഹാദേവ ക്ഷേത്രത്തിൽ തൊഴാനായി അപ്പച്ചി എന്നെയും കൂട്ടി പുറപ്പെട്ടു. ജെറിക്ക് പനിയായിരുന്നത് കൊണ്ട് അമ്മ അവനെ വിട്ടില്ല. അമ്മ നോക്കിക്കോളാം എന്ന് പറഞ്ഞതും അപ്പച്ചി എന്നെയും കൂട്ടി അമ്പലത്തിലേക്ക് പുറപ്പെട്ടു കൂട്ടിന് ജേക്കബ് അങ്കിളും.

പക്ഷെ സന്തോഷത്തോടെ അമ്പലത്തിൽ പോയി തിരികെ വന്ന ഞങ്ങളെ എതിരേറ്റ കാഴ്ച ചോരയിൽ മുങ്ങി കുളിച്ചു കിടക്കുന്ന അവരുടെ ശരീരങ്ങളായിരുന്നു.
പറഞ്ഞു തീർന്നതും അവൻ പൊട്ടിക്കരച്ചിലോടെ അവളുടെ മടിയിലേക്ക് വീണിരുന്നു.

എന്ത് പറഞ്ഞവനെ ആശ്വസിപ്പിക്കണം എന്നറിയാതെ ആദി ഇരുന്നു.
കണ്ണീരൊലിച്ചിറങ്ങിയ കണ്ണുകളോടെ അവൾ അവന്റെ തലയിൽ തഴുകി.

സ്വന്തം അച്ഛന്റെയും അമ്മയുടെയും ചേതനയറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ഒരഞ്ചു വയസ്സുകാരന്റെ ചിത്രം മനസ്സിൽ തെളിയും തോറും അവന്റെ കണ്ണുകൾ അണപൊട്ടിയൊഴുകി.

ഒന്ന് ശാന്തമായപ്പോൾ അവൻ എഴുന്നേറ്റ് കണ്ണുകൾ അമർത്തി തുടച്ചു.
ആദി അവനെ അലിവോടെ നോക്കി നിറഞ്ഞ കണ്ണുകളോടെ കവിളിൽ തലോടി.
അവളെ തന്നെ നോക്കികൊണ്ടവൻ ആ കൈയിൽ ചുണ്ടുകൾ ചേർത്തു.
അവന്റെ കയ്യെ ഇരുകരങ്ങളാൽ മൂടിയവൾ മടിയിലേക്ക് വേച്ചു.
ഏറെ നേരം മൗനത്തെ കൂട്ടുപിടിച്ചവർ ഇരുന്നു.
അപ്പോഴും അവന്റെ വലതുകരം അവളുടെ കൈകൾക്കുള്ളിലായിരുന്നു.

ഒന്നവളെ നോക്കിയവൻ വീണ്ടും പറയാനാരംഭിച്ചു.

ആ കാഴ്ച കാൺകെ ആദ്യം മനസ്സിൽ ഇരച്ചെത്തിയത് ഭയമായിരുന്നു. നിസ്സഹായതയോടെ ഭയത്തോടെ അതിലപ്പുറം വേദനയോടെ ഞാൻ പൊട്ടികരഞ്ഞു.
സ്വന്തം മകന്റെയും ഏട്ടന്റെയും ഏട്ടത്തിയുടെയും മൃതദേഹം കണ്ട് അപ്പച്ചി ബോധം മറഞ്ഞു താഴേക്ക് വീണു.
ഒന്ന് കരയാൻ പോലുമാവാതെ ജേക്കബ് അങ്കിൾ നിന്നത് ഇന്നും എന്റെ ഓർമ്മയിലുണ്ട്.

കളിയും ചിരിയും മാറ്റൊലികൊണ്ട തറവാട് ഒറ്റ ദിവസം കൊണ്ട് മരണവീടായി തീർന്നു.
ബോധം വീണ അപ്പച്ചിയുടെ സമനില തെറ്റിയിരുന്നു. അലറി കരഞ്ഞു കൊണ്ട് എന്നെ മാറോട് ചേർത്ത് മുറിയുടെ ഒരു മൂലയിൽ പോയിരുന്നു. അടുത്തേക്ക് ചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കാൻ തുടങ്ങി.
ഒരുവിധത്തിൽ കർമ്മങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ തറവാട്ടിൽ ഞാനും അങ്കിളും അപ്പച്ചിയും മാത്രമായി.

മാനസികനില തെറ്റിയ അപ്പച്ചി അങ്കിളിനെ പോലും ഉപദ്രവിക്കാൻ തുടങ്ങി. ഏത് നേരവും എന്നെ ചേർത്ത് പിടിച്ചിരിക്കലായി. അപ്പച്ചിയുടെ ഭാവമാറ്റം എന്നിൽ ഭയം നിറച്ചു. അപ്പച്ചിയിൽ നിന്നകന്ന് പോവാനായി ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്നിൽ പിടിമുറുക്കുന്ന ആ കൈകളെ പോലും ഞാൻ ഭയപ്പെട്ടു.

അതിനിടയിൽ ആരൊക്കെയോ ചേർന്ന് തറവാടിന് ചുറ്റും വളഞ്ഞു ആക്രമിക്കാൻ ശ്രമിച്ചു. അന്ന് രാത്രി ജേക്കബ് അങ്കിൾ ഞങ്ങളെയും കൊണ്ട് പ്രാണരക്ഷാർത്ഥം ഇവിടെ നിന്ന് ഓടി പോവുകയായിരുന്നു.

ഇവിടുന്ന് നേരെ പോയത് ബാംഗ്ലൂർക്കായിരുന്നു. പതിയെ അവിടെ ഒരു ജീവിതം കെട്ടിപ്പടുത്തു. അതിനിടയിൽ അപ്പച്ചിയെ ചികിൽസിച്ചു സുഖപ്പെടുത്തി. മകനെ നഷ്ടപെട്ട അപ്പച്ചിയുടെ ഉള്ളിലെ വിഷമം മാറാനായി ഞാൻ അവരെ അമ്മയെന്ന് വിളിച്ചു. ജേക്കബ് അങ്കിൾ എനിക്ക് അപ്പനുമായി.

ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞു നിർത്തി.

ഒരിക്കലും ഈ നാട്ടിലേക്ക് തിരികെ വരരുതെന്ന് ആഗ്രഹിച്ച എന്റെ മനസ്സ് മാറ്റിയത് അപ്പനായിരുന്നു.
സ്വന്തം മാതാപിതാക്കളുടെ കൊലപാതകിയുടെ പതനത്തിന് വേണ്ടിയാണ് ഞാനിവിടെ എത്തിയത്.
നീയെന്നോട് ചോദിച്ചിരുന്നില്ലേ നിന്റെ അച്ഛനോട് ഞങ്ങൾക്കെന്താ ഇത്ര പകയെന്ന്????? സ്വന്തം മാതാപിതാക്കളുടെ കൊലയാളിയോട് ഒരു മകനെങ്ങനെയാണ് ക്ഷമിക്കാൻ കഴിയുന്നത്????????

അവന്റെ ചോദ്യത്തിന് മുന്നിൽ പകച്ചവൾ അവിശ്വസനീയതയോടെ അവനെ നോക്കി.

രുദ്രാ………….

അതേ ആദി എന്റെ അച്ഛനെയും അമ്മയെയും ഒന്നുമറിയാത്ത ജെറിയെയും മരണത്തിലേക്ക് തള്ളി വിട്ടത് പാലാഴിയിലെ ദേവനായിരുന്നു.
ഞങ്ങൾ അന്ന് ക്ഷേത്രത്തിൽ നിന്ന് തിരികെ വരുമ്പോൾ ദേവന്റെ കാർ വേഗത്തിൽ തറവാടിന്റെ ഗേറ്റ് കടന്ന് പോവുന്നത് അപ്പൻ കണ്ടിരുന്നു.

ആദി ഞെട്ടലോടെ അവനെ നോക്കി.

വിശ്വാസമായില്ല അല്ലെ അത് മാത്രമല്ല ദേവനെതിരെ ഞാൻ പ്രൊജക്റ്റ്‌ നേടിയ അന്ന് രാത്രി എനിക്ക് നേരെ ഒരാക്രമണം ഉണ്ടായി. രണ്ടെണ്ണം കൊടുത്തപ്പോൾ അവന്മാർ എന്നോട് പറഞ്ഞതാ പാലാഴിയിലെ ദേവൻ ഏൽപ്പിച്ച കോട്ടെഷൻ ആണെന്ന്.
അതില്പരം എന്ത് തെളിവാ വേണ്ടത്???? നിനക്കറിയില്ല ആദി നിന്റെ അച്ഛനെന്ന് പറയുന്ന അയാളെ സ്വന്തം മകളെ വെച്ച് പോലും പണം നേടാൻ ശ്രമിക്കുന്ന അയാൾക്കാണോ ഒരാളെ കൊല്ലാൻ മടിയില്ലാത്തത്????????

അവന്റെ ചോദ്യത്തിനുള്ള ഉത്തരം അവളുടെ പക്കലില്ലായിരുന്നു.
കേട്ടതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ മരവിച്ച മനസ്സുമായി അവളിരുന്നു. സ്വന്തം അച്ഛന്റെ ക്രൂരതകളെ പറ്റി ആലോചിക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മുട്ടുകാലിൽ മുഖം അമർത്തി അവൾ തേങ്ങലടക്കി.

തുടരും………………..

കുറച്ചു സ്പീഡ് കൂടിപ്പോയി എന്നറിയാം എന്നിരുന്നാലും ഇങ്ങനെ തീർക്കുന്നതാണ് നല്ലത് എന്ന് തോന്നി അല്ലെങ്കിൽ ബോർ ആവും കൈവേദന ആയത് കൊണ്ട് കൂടുതൽ എഴുതാൻ പറ്റിയില്ല.
ബാക്കി നാളെ. 😌

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!