Skip to content

ആദിരുദ്രം – പാർട്ട്‌ 54

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

അച്ഛനും അമ്മയുമുറങ്ങുന്ന മണ്ണിന് മുന്നിൽ എത്തിയതിന്റെ പകപ്പിലായിരുന്നു ഒരു നിമിഷമവൻ.
അവൻ ആദിയെ ഒന്ന് നോക്കി.

പ്രതികാരത്തിന്റെ തുടക്കം ഇവിടുന്ന് തന്നെ വേണം രുദ്രേട്ടാ. തകർന്ന് പോയിടത്ത് നിന്നല്ലേ വീണ്ടും തുടങ്ങേണ്ടത്???????
അവളുടെ ശബ്ദം ദൃഢമായിരുന്നു.

കണ്ണുകൾ ഇറുകെ അടച്ചവൻ ദീർഘനിശ്വാസമെടുത്തു.
അവനെയൊന്ന് നോക്കി ഗേറ്റിന്റെ താക്കോലെടുത്തവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
അൽപനേരം കഴിഞ്ഞവനും പുറത്തിറങ്ങി.
അവനെ കണ്ടതും അവൾ താക്കോൽ അവന് നേരെ നീട്ടി.

ഇതെവിടുന്ന് കിട്ടി??????

അവിടുന്ന് പോന്നപ്പോൾ രുദ്രേട്ടന്റെ ക്യാബിനിൽ നിന്നെടുത്തതാ.
ചെറിയൊരു മന്ദാഹാസം ചൊടികളിൽ വിരിയിച്ചവൾ പറഞ്ഞു.

അവളെയൊന്ന് നോക്കി അവൻ ഗേറ്റ് തുറന്നു.
ഇരുവരും കൈകോർത്തു പിടിച്ച് അകത്തേക്ക് കയറി.

തെക്കേതൊടിയിലെ മൺകൂനകൾക്ക് മുന്നിലാണ് അവരുടെ യാത്ര അവസാനിച്ചത്.
രുദ്രൻ അവളെ വിട്ട് ആ മൺകൂനകൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു.
ആദി അവനെ ശല്യം ചെയ്യാതെ മാറി നിന്നു.
മൺകൂനയിലേക്ക് കണ്ണ് നട്ടിരുന്നവൻ നിശബ്ദമായി ഹൃദയത്താൽ എന്തൊക്കെയോ മന്ത്രിക്കുന്നതായി അവൾക്ക് തോന്നി.

ഏറെനേരത്തിന് ശേഷം അവനെഴുന്നേറ്റ് അവൾക്ക് നേരെ തിരിഞ്ഞു.
ശാന്തമായ അവന്റെ മുഖം കാൺകെ അവളുടെ ഉള്ളിലും ഒരു തണുപ്പ് പടർന്നു.
അവൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
അവനെ തന്നെ നോക്കിക്കൊണ്ടവൾ അവനരികിലായി നിന്നു.
മുന്നിലേക്ക് നോക്കി കണ്ണുകളടച്ച് പ്രാർത്ഥിച്ചു.

അന്ന് ഞാനിവിടെ വന്നു നിന്നത് കുറ്റബോധം നിറഞ്ഞ മനസ്സുമായായിരുന്നു എന്നാലിന്ന്……..
അവളൊന്ന് നിർത്തി അവനെ നോക്കി.

തെറ്റായിപ്പോയി………..
നമ്മൾ കണ്ണ് കൊണ്ട് കാണുന്നതൊന്നും സത്യമായിരിക്കില്ല അതിപ്പോഴെനിക്ക് മനസ്സിലാവുന്നുണ്ട്.
അവന്റെ ശബ്ദത്തിൽ ചെറിയൊരു കുറ്റബോധം നിഴലിച്ചിരുന്നു.

അവളൊന്നും പറയാതെ തിരിഞ്ഞു നടന്ന് തറവാടിന്റെ പടിയിൽ കിടന്നിരുന്ന കരിയിലകൾ തട്ടി മാറ്റി അവിടെ ഇരുന്നു.
തലയുയർത്തി അവനെയൊന്ന് നോക്കി കൈനീട്ടി വിളിച്ചു.
അവനൊരു ചിരിയോടെ അവൾക്കരികിലേക്ക് ചെന്നവളുടെ മടിയിൽ തല വെച്ച് കിടന്നു. അവളവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.

നിനക്കെന്നോട് ഒട്ടും ദേഷ്യമില്ലേ ആദി?????
അവന്റെ ചോദ്യം കേട്ടവൾ അവനെയൊന്ന് നോക്കി.

എന്തിന്??????

ചെയ്യാത്ത തെറ്റിന് ഞാൻ നിന്റെ അച്ഛനെ എന്തൊക്കെ പറഞ്ഞു.
സത്യമറിയാതെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടുണ്ട്…..

മതി……..
ബാക്കി പറയാനനുവദിക്കാതെ അവളവന്റെ വായിൽ കൈവെച്ചു തടഞ്ഞു.

എന്തിനാ രുദ്രേട്ടാ എന്നോടിങ്ങനെ ചോദിക്കുന്നത് നിങ്ങളെ വെറുക്കാനോ നിങ്ങളോട് ദേഷ്യപ്പെടാനോ എനിക്ക് കഴിയില്ല എന്ന് നിങ്ങൾക്കറിഞ്ഞൂടെ?????
എന്നിട്ടും…… എന്നിട്ടും എന്തിനാ??????
അവളുടെ സ്വരമിടറിയിരുന്നു.

നീണ്ട 23 വർഷം ചെയ്യാത്ത കുറ്റത്തിന് സ്വന്തം അച്ഛനിൽ നിന്ന് അവഗണനയും ശിക്ഷയും ഏറ്റു വാങ്ങിയവളാ ഞാൻ എന്നിട്ടും ഞാനാ മനുഷ്യനെ വെറുത്തോ??????? എന്നും സ്നേഹിച്ചിട്ടേ ഉള്ളൂ ഇന്നും അങ്ങനെ തന്നെയാ. ആ എന്നോടാണോ ദേഷ്യാണോ എന്ന് ചോദിച്ചത്.
സങ്കടത്താൽ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

അത് കണ്ടവൻ അവളുടെ മടിയിൽ നിന്നെഴുന്നേറ്റ് അവളുടെ മുഖം കയ്യിലെടുത്ത് നനവ് പടർന്ന കൺപോളകളിൽ ചുണ്ട് ചേർത്തു.

സോറി ആദി…. പെട്ടെന്ന്…..ഉള്ളിലെ വിഷമം കൊണ്ട് ചോദിച്ചു പോയതാ.

ഇനി ഇങ്ങനെയൊന്നും ചോദിക്കല്ലെ രുദ്രേട്ടാ എനിക്ക് സഹിക്കാൻ പറ്റില്ല.
അവളത് പറഞ്ഞു തീർന്നതും അവനവളെ നെഞ്ചോടണച്ച് പിടിച്ചിരുന്നു.
അവളെയും പൊതിഞ്ഞു പിടിച്ചവനിരുന്നു. ഇരുവരുടെയും മനസ്സിനെ തണുപ്പിക്കാനെന്ന പോൽ പാരിജാതത്തിന്റെ ഗന്ധം പേറിയൊരു മന്ദമാരുതൻ അവരെ തഴുകി തലോടി കടന്നു പോയി.

ആദി………..
ഏറെനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവനവളെ വിളിച്ചു.

മ്മ്മ്മ്……
ഒരു മൂളലോടെ അവളവനോട് ഒന്നുകൂടി പറ്റിച്ചേർന്നിരുന്നു.

ഇങ്ങനെ ഇരുന്നാൽ മതിയോ പോവണ്ടേ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതാ.

അവൻ പറഞ്ഞു തീർന്നതും അവളവനിൽ നിന്നടർന്ന് മാറി.
അവൻ എഴുന്നേറ്റ് അവൾക്ക് നേരെ കൈനീട്ടി.

മ്മ്ഹ്ഹ്……
അവൾ ഇല്ലായെന്നർത്ഥത്തിൽ ഇരുവശത്തേക്കും തലയാട്ടി.

അത് കണ്ട് അവൻ നെറ്റിചുളിച്ച് അവളെയൊന്ന് നോക്കി.

എന്നെ എടുത്തോ……
അവന് നേരെ കൈവിടർത്തി കൊച്ചുകുട്ടികളെ പോലെ പറയുന്നത് കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ഇങ്ങനൊരു പെണ്ണ്.
ചിരിയോടെ തലയാട്ടിയവൻ അവളെ തന്റെ കയ്യിൽ കോരിയെടുത്തു.
അവൾ കൈരണ്ടും അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു.
പോവുന്നതിനിടയിൽ പലതവണ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു കൊണ്ടിരുന്നു.

കാറിന്റെ കോ ഡ്രൈവിംഗ് സീറ്റിൽ അവളെ ഇരുത്തിയവൻ തുറന്നു കിടന്ന ഗേറ്റ് പൂട്ടി താക്കോലുമായി തിരികെ വന്ന് കാറിൽ കയറിയിരുന്നു.

ഇനി എങ്ങോട്ടാ??????

നീഹാരത്തിലേക്ക്.
അവൾ മുഖം ചരിച്ചു മറുപടി കൊടുത്തു.

അത് വേണോ??????

വേണം രുദ്രേട്ടാ എല്ലാം അവരുടെ പ്ലാൻ പോലെ തന്നെ നടക്കുമെന്നവർ അവസാന നിമിഷം വരെ വിശ്വസിച്ചോട്ടെ.
ചുണ്ടിലെ ചിരിമായ്ക്കാതെ അവൾ പറയുന്നത് കേട്ടവന്റെ ചുണ്ടിലേക്കും ആ ചിരി പടർന്നു.

പലതും മനസ്സിൽ ഉറപ്പിച്ചവൻ കാർ മുന്നോട്ടെടുത്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നീഹാരത്തിന് മുന്നിൽ കാർ നിർത്തുമ്പോൾ തന്നെ കണ്ടു വരാന്തയിലെ ചൂരൽ കസേരയിലിരിക്കുന്ന ജേക്കബിനെ.
രുദ്രനെ കണ്ടതും അയാളുടെ മുഖം പ്രകാശിച്ചു. അവനൊപ്പം ഇറങ്ങുന്ന ആദിയെ കണ്ടയാളുടെ മുഖമൊന്ന് മങ്ങിയെങ്കിലും അയാളത് പുറമെ കാണിച്ചില്ല.

കാറിന്റെ ശബ്ദം കേട്ട് ഗൗരി വെളിയിലേക്കിറങ്ങി. രുദ്രനെ കണ്ടതും കണ്ണീരോടെ ഓടി അവനെ പുണർന്ന് ഉള്ളിലെ പരിഭവങ്ങളും സങ്കടങ്ങളുമെല്ലാം പുറത്തേക്കൊഴുക്കി.
രുദ്രാനൊരു ചിരിയോടെ അവരെ അടർത്തി മാറ്റി.

പിന്നീടവർ ആദിക്ക് നേരെ തിരിഞ്ഞു. ചെയ്തു പോയ തെറ്റിന് ആത്മാർത്ഥമായി അവളോട് മാപ്പ് പറയാനാഞ്ഞ അവരെയവൾ തടഞ്ഞു.

പിന്നീട് വിശേഷം പങ്കുവെയ്ക്കലും സന്തോഷപ്രകടനങ്ങളുമായിരുന്നു അരങ്ങേറിയത്.
ആദിയോട് ഉള്ളിന്റെ ഉള്ളിലായുള്ള അനിഷ്ടം പുറത്ത് കാണിക്കാതെ ജേക്കബ് അവരോട് സംസാരിച്ചിരുന്നു.

സംസാരം കഴിഞ്ഞ് അവിടുന്ന് തന്നെ ഭക്ഷണവും കഴിച്ച് പിറ്റേന്നത്തെ പാർട്ടിക്ക് അവരെ കൂടി ക്ഷണിച്ചിട്ടാണ് രുദ്രനും ആദിയും തിരികെ മടങ്ങിയത്. അവിടെ നിൽക്കാൻ അവരോടുപാട് നിർബന്ധിചെങ്കിലും രുദ്രനത് സ്നേഹപൂർവ്വം നിരസിച്ചു.

പോരുന്നതിന് മുന്നേ രുദ്രൻ ജേക്കബിനെ ഒന്ന് പുണർന്നു.

സത്യങ്ങൾ മറനീക്കി പുറത്ത് വരാൻ ഇനി അധിക നാളില്ല…………….
അത്രയും അയാളുടെ ചെവിയിൽ മന്ത്രിച്ചവൻ കാറിലേക്ക് കയറി.

നിന്നിടത്ത് നിന്നോരടി അനങ്ങാതെ തറഞ്ഞു നിൽക്കുന്ന ജേക്കബിനെ റിയർ വ്യൂ മിററിലൂടെ ഒന്ന് നോക്കിയവൻ കാർ മുന്നോട്ടെടുത്തു.
അവന്റെ കാർ ഗേറ്റ് കടന്ന് പോവുമ്പോഴും അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാനാവാതെ ഉഴറുകയായിരുന്നു അയാളുടെ മനസ്സ്.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ രുദ്രന്റെ മനസ്സ് അശാന്തമായിരുന്നു. അവൻ തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന ആദിയെ ഒന്ന് നോക്കി. കണ്ണ് തുറന്ന് എന്തോ ആലോചനയിലാണവൾ.
മനസ്സ് കലുഷിതമായിരുന്നു.
അരുതാത്തതായി എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമായിരുന്നു മനസ്സിലേറെയും.
തന്റെ ഹൃദയതാളം കേട്ട് കിടന്ന അവളെയവൻ വരിഞ്ഞു മുറുക്കി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പാർട്ടി നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ രുദ്രന്റെ കാർ വന്നു നിന്നു.
രുദ്രൻ കാറിൽ നിന്നിറങ്ങി. ഒരു മെറൂൺ കളർ ഷർട്ടും പാന്റ്സും ആയിരുന്നു അവന്റെ വേഷം. ഷർട്ട്‌ ഇൻ ചെയ്ത് എക്സിക്യൂട്ടീവ് ലുക്കിലായിരുന്നു അവൻ.
പിന്നാലെ രുദ്രന്റെ കൈ പിടിച്ച് ആദിയും കാറിൽ നിന്നിറങ്ങി.
മെറൂൺ ആൻഡ് പർപ്പിൾ കളർ കോമ്പിനേഷൻ സിമ്പിൾ വർക്ക്ഡ് സാരിയും കഴുത്തിൽ സിമ്പിൾ ഡയമണ്ട് നെക്‌ളേസും താലിമാലയും ഇരു കയ്യിലും ഓരോരോ വളയും മണിഞ്ഞ് മിതമായി ഒരുക്കങ്ങളോടെ അവൾ തിളങ്ങി നിന്നു.

രുദ്രന്റെ കയ്യും പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റിനും ആരെയോ പരതിക്കൊണ്ടിരുന്നു. തേടിയലഞ്ഞ ആളുകളെ കണ്ടതും അവൾ രുദ്രനെയൊന്ന് നോക്കി. അവന്റെ ചുണ്ടിൽ അപ്പോഴൊരു ഗൂഢമായ പുഞ്ചിരി നിറഞ്ഞിരുന്നു.

അവരിരുവരും എത്തിയതോടെ പാർട്ടി ആരംഭിച്ചു. തന്റെ ക്ലൈന്റ്സിന് മുന്നിൽ രുദ്രനവളെ പരിചയപ്പെടുത്തി കൊടുത്തു.
ചുറ്റിനും അണിനിരന്നവർക്ക് മുന്നിൽ ഒരു പുഞ്ചിരിയോടെ അവൾ നിന്നു.
ആ തിരക്കിലും അവളുടെ കയ്യിലെ പിടിവിടാതെ അവനവളെ തന്റെ കൂടെ തന്നെ നിർത്തി.

ജേക്കബും ഗൗരിയും സമയത്ത് തന്നെ എത്തിയിരുന്നു.
എല്ലാവരോടും സംസാരിച്ചും പരിചയക്കാരോട് വിശേഷങ്ങൾ പങ്കുവെച്ചും അവർ നിന്നു.
എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ശങ്കരനായതിനാൽ വരുന്ന അതിഥികൾക്ക് ഒരു കുറവും വരാതിരിക്കാൻ അയാൾ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടത്തിലായിരുന്നു.

പാർട്ടി നടക്കുന്ന സമയമത്രയും ദേവു വരുണിനെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവന്റെ കണ്ണുകൾ ആദിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് കണ്ടവളിൽ സംശയങ്ങൾ നിറഞ്ഞു.
ഉള്ളിൽ നിറഞ്ഞ അസ്വസ്ഥതയോടെ അവൾ പെട്ടെന്ന് ആദിക്ക് നേരെ നടന്നതും സ്റ്റാഫുകളിൽ ആരോ ഒരാൾ അവളെ തടഞ്ഞു നിർത്തി സംസാരിച്ചതും ഒരുമിച്ചായിരുന്നു.
ചുണ്ടിൽ ബദ്ധപെട്ട് ഒരു പുഞ്ചിരി വിടർത്തി അവളവരുടെ ചോദ്യത്തിന് മറുപടി കൊടുക്കുന്നതിനിടയിൽ തന്നെ രുദ്രന്റെ ശ്രദ്ധ മാറിയ തക്കം നോക്കി വരുൺ ആദിക്കരികിലെത്തി. അത് കണ്ട് ദേവു സംസാരത്തിനിടയിലും അവർക്ക് നേരെ കണ്ണുകൾ പായിച്ചു.
പെട്ടെന്നായിരുന്നു വരുൺ അവന്റെ കയ്യിലിരുന്ന ജ്യൂസ്‌ മനഃപൂർവം എന്നാൽ പുറമെ നിന്ന് കാണുമ്പോൾ അബദ്ധത്തിലെന്ന വണ്ണം അവളുടെ സാരിയിലേക്ക് ഒഴിച്ചത്.
ജ്യൂസ് വീണ് നനഞ്ഞ സാരി കൈ കൊണ്ട് തട്ടുന്ന ആദിയോട് അവൻ ക്ഷമ ചോദിക്കുന്നതും വാഷ്റൂം കാണിച്ചു കൊടുക്കുന്നതും അവൾ കണ്ടു.
ആദി വാഷ്റൂമിലേക്ക് പോവുന്ന സമയം കയ്യിലെ ഫോണിൽ നിന്നവൻ ആർക്കോ മെസ്സേജ് അയക്കുന്നത് കണ്ടതും ദേവൂന് അപകടം മണത്തു. അവൾ വേഗത്തിൽ ആദിക്കരികിലേക്ക് പോവാൻ ശ്രമിച്ചെങ്കിലും തിരക്കിനിടയിൽ അങ്ങോട്ട്‌ പോവാൻ അവൾക്കായില്ല.
ഇനിയും നിന്നാൽ ശരിയാവില്ല എന്ന് തോന്നിയതും അവൾ രുദ്രനരികിലേക്ക് പാഞ്ഞു.

ഈ സമയം കൊണ്ട് തന്നെ വരുൺ അവിടെ നിന്ന് പോയിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വാഷ്റൂമിൽ കയറി സാരിയൊന്ന് കഴുകി വൃത്തിയാക്കി പുറത്തേക്കിറങ്ങി മുന്നോട്ട് നടന്നതും ആദിയെ ആരോ ഇരുട്ടിന്റെ മറവിലേക്ക് പിടിച്ചു വലിച്ചു.
വെപ്രാളത്തോടെ ഒച്ചവെക്കാനാഞ്ഞ അവളുടെ വായിൽ ബലിഷ്ഠമായ ഒരു കരം അമർന്നു. കുതറി മാറാൻ ശ്രമിക്കുന്ന അവളെ രണ്ടുപേർ ചേർന്ന് പിടിച്ചു വെച്ചു.
രക്ഷപെടാൻ പിടയ്ക്കുന്ന അവളുടെ വലതു കൈയിൽ അവരിലൊരാൾ പിടിച്ചു. കൈത്തണ്ടയിലേക്ക് സിറിഞ്ച് കുത്താൻ പോവുന്നത് കണ്ടതും അവൾ തന്നാലാവും വിധം കുതറി. എന്നാൽ അവരുടെ കൈകരുത്തിന് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ അവൾക്കായില്ല.
വലതു കൈത്തണ്ടയിൽ സൂചി കുത്തിയിറങ്ങുന്ന വേദന അവളറിഞ്ഞു.
ഏറെനേരത്തെ പിടച്ചിലിനോടുവിൽ പതിയെ അവളിൽ തളർച്ച നിറഞ്ഞു. കൈകാലുകൾ കുഴഞ്ഞു കണ്ണുകളിൽ ഇരുട്ട് മൂടി. ബോധംമറഞ്ഞ അവളെ അയാൾ തന്റെ കയ്യിൽ കോരിയെടുത്ത് പുറത്ത് പാർക്ക്‌ ചെയ്ത റെഡ് സ്കോർപിയോ ലക്ഷ്യമാക്കി നടന്നു.

തുടരും……………….

സോണിയാ വന്നാട്ടെ എനിക്കുള്ള പൊങ്കാലകൾ പോന്നോട്ടെ 😁

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!