” അഹല്ല്യ .. ഇത് ശരിയല്ല .. ഇതിനെ പ്രണയമെന്നല്ല പറയേണ്ടത് . .. നീ ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് ബോധ്യമുണ്ടോ .. എത്ര വലിയ പാപമാണെന്നറിയോ .. ” ക്ഷമ നശിച്ച് അനവദ്യ പറഞ്ഞു ..
അഹല്ല്യ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയിട്ട് നടന്നു .
” ഞാൻ വീണ്ടും പറയുന്നു .. നിനക്ക് പിന്മാറാൻ സമയമുണ്ട് അക്കൂ .. നീ ഒന്നാലോചിച്ചു നോക്കു …. “
” എനിക്ക് മനസ് ഒന്നേയുള്ളു .. പ്രാണനും ….” നിസംഗയായി അഹല്ല്യ പറഞ്ഞു ..
” നീ നന്നാവില്ല … ഞാനിനി നിന്നെ ഗുണദോഷിക്കില്ല .. ….അനുഭവിക്കാം .. അല്ലാണ്ടെന്താ ചെയ്യാ ” അനവദ്യയുടെ ശബ്ദത്തിൽ ദേഷ്യവും സങ്കടവും നിരാശയും നിഴലിച്ചു നിന്നു ..
അഹല്ല്യയൊന്ന് ഊറി ചിരിച്ചു … ഇതിപ്പോൾ പതിവായിരിക്കുകയാണ് .. തന്റെ മനസിലെ വലിയൊരു രഹസ്യമറിഞ്ഞ ദിവസം മുതൽ അവളുടെയീ ഗുണദോഷിക്കൽ ..
വഴിയിലൂടനീളം ഇരുവരും ഒന്നും സംസാരിച്ചില്ല … വീടിന്റെ ഗേറ്റിലെത്തിയതും അഹല്ല്യ അനവദ്യയെ തോണ്ടി വിളിച്ചു …
” ദേ … ഓരോന്ന് പറഞ്ഞ് അമ്മയോ അച്ഛനോ ഏട്ടനോ എന്തെങ്കിലുമറിഞ്ഞാൽ പിന്നെ എന്നെ ജീവനോടെ കാണില്ല … ” അഹല്ല്യ അവളെ ഓർമപ്പെടുത്തി ..
അനവദ്യയവളെ രൂക്ഷമായി ഒന്ന് നോക്കി …
അഹല്യയുടെ അനുജത്തിയാണ് അനവദ്യ .. ഇരുവരും സെന്റ് ആന്റണീസ് കോളേജിലെ വിദ്യാർത്ഥിനികളാണ് .. അഹല്യ എം എസ് സി സൈക്കോളജി വിദ്യാർത്ഥിനി . . അനവദ്യ ബി കോം രണ്ടാം വർഷം ..
” അമ്മേ ….” ഉറക്കെ വിളിച്ച് ഒച്ചവച്ചു കൊണ്ട് അഹല്ല്യ വീട്ടിലേക്ക് കയറി .. പിന്നാലെ അനവദ്യയും …
ഹാളിലെത്തിയപ്പോഴെ നല്ല മുരിഞ്ഞ പഴംപൊരിയുടെ മണം നാസികയെ പൊതിഞ്ഞു . ബാഗ് സോഫയിലേക്കെറിഞ്ഞ് അഹല്ല്യ തുള്ളിച്ചാടി അടുക്കളയിലേക്ക് പോയി ..
അനവദ്യ തങ്ങളുടെ മുറിയിലേക്കാണ് പോയത് .. ബാഗ് മേശമേൽ വച്ച് അവളും അടുക്കളയിലേക്ക് ചെന്നു …
അഹല്യ അമ്മയുടെ പിന്നിലൂടെ കെട്ടിപ്പിടിച്ച് എന്തോ പറഞ്ഞ് കൊഞ്ചിക്കൊണ്ട് നിൽപുണ്ട് …. സ്ലാബിൽ ഒരു പാത്രത്തിൽ പകുതിയോളം പഴംപൊരിയിരിക്കുന്നു …
” വിട് അക്കൂ …. അമ്മ ചായ തരാം …..” ശ്രീദേവി അഹല്ല്യയെ മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു ….
അമ്മയിൽ നിന്ന് പിടി വിട്ട് , കയ്യിലിരുന്ന പഴംപൊരി കടിച്ചു കൊണ്ട് അവൾ തിരിഞ്ഞു …
” ഇന്നെന്താമ്മേ വിശേഷിച്ച് … പഴംപൊരിയൊക്കെ ഉണ്ടാക്കുന്നു … ” അനവദ്യ ചോദിച്ചു ..
” നമ്മുടെ പറമ്പിലുണ്ടായ നേന്ത്രപ്പഴമാ .. നിങ്ങൾ രണ്ടാൾക്കും പഴം കഴിക്കാൻ വയ്യല്ലോ .. ഇരുന്ന് പഴുത്തു പോകുന്നത് കണ്ടപ്പോൾ ഞാനെടുത്ത് പഴംപൊരിയുണ്ടാക്കി …. “
” അതെന്തായാലും നന്നായമ്മേ .. അല്ലേലും ഈ നേന്ത്രപ്പഴോക്കെ ആർക്ക് വേണം … ബ്ലാ ……” അഹല്ല്യ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു …
” ഏട്ടനെപ്പോ വരുമമ്മേ .. ഇന്നലെ നൈറ്റ് അല്ലാരുന്നോ .. വന്നിട്ട് പിന്നേം പോയോ .. ബൈക്ക് കാണണില്ലല്ലോ …..” അഹല്ല്യ ചോദിച്ചു ….
അനവദ്യ അഹല്ല്യയെ ഒന്ന് നോക്കി .. അവളാ നോട്ടം അവഗണിച്ചു …
” അത് പിന്നെ അങ്ങനല്ലേ … ഡ്യൂട്ടിക്കുമേൽ ഡ്യൂട്ടിയല്ലേ അവർക്ക് .. കൃത്യ സമയമൊന്നുമില്ലല്ലോ … “
ശ്രീദേവിക്കും ദേവരാജനും മൂന്ന് മക്കളാണ് .. മൂത്തയാൾ അതുൽ , രണ്ടാമത്തെ മകൾ അഹല്ല്യ, ഇളയവൾ അനവദ്യ .. അതുൽ ഡോക്ടറാണ് ..MBBS കഴിഞ്ഞ് ഗവർണ്മെന്റ് മെഡിക്കൽ കോളേജിൽ ENT യിൽ പിജി ചെയ്യുന്നു ..
അഹല്ല്യ ബേസിനിൽ കയ്യിട്ടുവാരി പഴംപൊരിയെടുക്കുന്നത് കണ്ടപ്പോൾ ശ്രീദേവി വിലക്കി ..
” രണ്ട് പേരും പ്ലേറ്റിലെടുത്തു വച്ച് കഴിച്ചേ .. അച്ഛനും ഏട്ടനും വരുമ്പോൾ അവർക്കു കൂടി കൊടുക്കാനുള്ളതാ … “
പക്ഷെ അവൾ കയ്യിലെടുത്തതും കൊണ്ടേ പോയുള്ളു .. ശ്രീദേവി ഇരുവർക്കും രണ്ട് കപ്പിൽ ചായ പകർന്നു കൊടുത്തു ..
അവർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്ത് ബൈക്കിന്റെ ശബ്ദം കേട്ടു .. അതുലാണ് .. ജനാല വിരിക്കിടയിലൂടെ അവരവനെ കണ്ടു .. ബൈക്ക് ഒതുക്കി ബാഗുമായി അവനും വന്നു …
അനിയത്തിമാർക്കൊപ്പം ഡൈനിംഗ് ടേബിളിൽ അവനും കൂടി … ചായ കുടി കഴിഞ്ഞ് അക്കുവും അനുവും വസ്ത്രം മാറി ഫ്രഷാകാൻ മുറിയിലേക്ക് പോയി ..
” നിനക്കെങ്ങനെയാടി ഇത്ര കൂളായി പെരുമാറാൻ കഴിയുന്നത് .. എനിക്ക് കയ്യും കാലും വിറക്കാ ഓരോന്നോർത്തിട്ട് …” അനു പേടിയോടെ കട്ടിലിലേക്കിരുന്നു ..
” നീയെന്തിനാ വേണ്ടാത്തതൊക്കെ ഓർക്കുന്നത് … ” അവർ സംസാരിച്ചിരിക്കുമ്പോൾ തൊട്ടപ്പുറത്ത് കാറിന്റെ ഹോൺ കേട്ടു .. അഹല്യയുടെ മുഖം തിളങ്ങി .. കവിളുകളിൽ ചുവപ്പ് രാശി കലർന്നു .. അവളുടെ ചിരിയിൽ ആ വെളുത്ത കവിളത്ത് നുണക്കുഴി വിരിഞ്ഞു …
അവൾ ചാടിയെഴുന്നേറ്റു ബെഡിലേക്ക് കയറി .. മുറിയിലെ തുറന്നു കിടന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി .. ആ ജാലകം തുറക്കുന്നത് തൊട്ടടുത്ത വീട്ടിലേക്കാണ് .. കാറിൽ നിന്നും സുമുഖനായ ചെറുപ്പക്കാരൻ പുറത്തിറങ്ങുന്നത് അവൾ കണ്ടു .. അവളുടെ മയ്യിട്ട കണ്ണിൽ പൂത്തിരി കത്തി …
അവളുടെ നെഞ്ചിടിപ്പിന്റെ താളമേറി …
അവന്റെ കണ്ണുകളും ഒരു വേള ആ ജാലകത്തിനു നേർക്ക് വന്നു .. ജാലകവിരിക്കിപ്പുറം മറഞ്ഞു നിന്നതിനാൽ അവനവളെ കണ്ടു കാണാൻ വഴിയില്ല .. അവൾ വിരൽ കടിച്ചു …
” കുറച്ച് പഴംപൊരി അവിടെ കൊടുത്താലോ …” അവൾ തിരിഞ്ഞ് അനവദ്യയെ നോക്കി ചോദിച്ചു ..
അവളുടെ ഉദ്ദേശം അനുവിന് മനസിലായി ..
” പിന്നേ .. നിനക്കവിടെ പോണം അതിനല്ലേ .. ഞാൻ സമ്മതിക്കില്ല … “
” നിന്റെ സമ്മതം ആർക്കു വേണം .. അമ്മയോട് പറഞ്ഞാൽ അമ്മ തന്നു വിടും … ” അവൾ ബെഡിൽ നിന്ന് ചാടിയിറങ്ങി ..
” അങ്ങനെ പോകാനാ ഉദ്ദേശമെങ്കിൽ അമ്മയോട് ഞാനെല്ലാം പറയും … ” അനു അവളെ തടഞ്ഞു ..
” നീ പറഞ്ഞാൽ പിന്നെ എന്നെ ജീവനോടെ കാണില്ല .. അതാ നിന്റെ ഉദ്ദേശമെങ്കിൽ ആട്ടെ … ” അവൾ മുഖം വീർപ്പിച്ചു ..
അനവദ്യ ധർമ്മസങ്കടത്തിലായി ..
” ശരി .. പക്ഷെ നീ ഒറ്റക്ക് പോകണ്ട .. ഞാൻ കൂടി വരും ….”
” ആയിക്കോട്ടെ .. എന്റെ മോള് പോയി ഫ്രഷ് ആകു ..അപ്പോഴേക്കും ഞാനമ്മയോട് പഴംപൊരിയെടുത്തു വക്കാൻ പറഞ്ഞിട്ട് വരാം …. ചെല്ല് ” അവളെ ബാത്ത് റൂമിലേക്ക് തള്ളിവിട്ട് അഹല്ല്യ കിച്ചണിലേക്കോടി ..
” അമ്മേ .. അപ്പുറത്തു കൂടി കുറച്ച് കൊടുക്കാമമ്മെ…. ” അവൾ ശ്രീദേവിയുടെയടുക്കൽ ചെന്ന് പറഞ്ഞു ..
” ആ .. ഞാനതോർത്തതാ .. അവിടെ ആള് വന്നോ …”
” ഉവ്വ്… കാറ് വന്നത് കണ്ടു .. അപ്പഴാ അനു പറഞ്ഞത് അവിടെ കൂടി കൊടുക്കണമെന്ന് …..”
” ഉം …. അവൾക്കെ അങ്ങനെയൊക്കെ തോന്നു .. അല്ലാതെ നിനക്കത്തരം വിശാല മനസ്കതയൊന്നുമില്ലല്ലോ ….”
അഹല്ല്യ ഊറിച്ചിരിച്ചു …
ഷെൽഫിൽ നിന്ന് ഒരു പാത്രമെടുത്ത് , അവൾ തന്നെ അതിൽ കുറച്ച് പഴംപൊരിയെടുത്ത് വച്ച് അടച്ചു ..
” ഞാനിതവിടെ കൊടുത്തിട്ട് വരാമമ്മേ … “
പറഞ്ഞിട്ട് അവൾ ഹാളിലേക്ക് വന്നു .. പോകും മുൻപ് മുറിയിലൊന്ന് നോക്കി . അനു ബാത്ത് റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ല .. അവൾ വേഗം മുറ്റത്തേക്കിറങ്ങി ..
തുടിക്കുന്ന നെഞ്ചോടെ അവൾ ഗേറ്റ് കടന്ന് , അപ്പുറത്തെ വീട് ലക്ഷ്യമാക്കി നടന്നു …
( തുടരും )
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan