Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 25 (അവസാന ഭാഗം)

Malayalam Novel Chandranudikkunna Dikkil

അതുൽ ഹർഷിന്റെ മുഖത്തേക്ക് നോക്കി ..

അവൻ മിഴികൾ താഴ്ത്തി …

അതുൽ കണ്ണുകളടച്ച് തല കുടഞ്ഞു …

അവൻ അകത്തേക്ക് കയറിയില്ല … ഇനി .. ഇനിയതിന്റെ ആവശ്യമില്ല …. അതുലിന്റെ ഹൃദയം ചുട്ടുപഴുത്തു … ഒന്നും പറയാതെ ഇറങ്ങിപ്പോകാം എന്നാണവൻ ആദ്യം കരുതിയത് …

പിന്നെയോർത്തു … അങ്ങനെയങ്ങ് പോയാൽ പിന്നെ താനൊരു ആങ്ങളയാണോ ….

അവൻ ഹർഷിന്റെ മുഖത്തേക്ക് വെറുപ്പോടെ നോക്കി …

” നീ …. നീയിങ്ങനെയൊരു ചതിയനാണെന്ന് ഞാനറിഞ്ഞില്ല … എന്തിനായിരുന്നെടാ നീയെന്റെ പാവം പെങ്ങളെ വഞ്ചിച്ചത് .. ഞാനോ അവളോ നിന്നോട് ആവശ്യപ്പെട്ടോ .. അവളെയാരും വന്ന് കെട്ടിയില്ലെങ്കിലും ഞാൻ നോക്കുമായിരുന്നല്ലോടാ അവളെ .. അവളെന്റെ കൂടപ്പിറപ്പാ … ” അവന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ..

മിധുൻ അവനെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു ..

” നിന്നെ .. നിന്നെ ഞാൻ കൊല്ലണ്ടേടാ നായേ ……” അതുൽ അവന് നേരെ വിരൽ ചൂണ്ടി …

മുൻവശത്തെ ഉച്ചത്തിലുള്ള സംസാരം കേട്ടപ്പോൾ അകത്തേക്ക് കയറിപ്പോയ സ്ത്രീ തിരികെ വന്നു .. പരിഭ്രമത്തോടെ അവൾ എല്ലാ മുഖങ്ങളിലും നോക്കി ..

” അതുൽ .. നീ വാ … നമുക്ക് പോകാം … ” മിധുനും പാപ്പുവും ചേർന്ന് അവനെ പിടിച്ചു വലിച്ച് കൊണ്ടുപോയി …

അവർ മടങ്ങിപ്പോകുന്നത് നോക്കി ഹർഷ് വാതിൽക്കൽ നിന്നു ..

അവന്റെ ഹൃദയം മരുഭൂമി പോലെ ഉഷ്ണിച്ചു …

തനിക്കൊരു മകൻ ………… ! ഒന്നലറിക്കരയാൻ അവൻ മോഹിച്ചു ..

* * * * * * * * * * * * * * * * *

രാത്രി ….. !

മിധുന്റെ ഫ്ലാറ്റിലായിരുന്നു അതുൽ …..

അവന് തിരികെ പോയാൽ മതിയെന്നേയുണ്ടായിരുന്നുള്ളു … പക്ഷെ മെഡിക്കൽ കോൺഫറൻസ് കഴിയാതെ പോകാൻ കഴിയില്ല .. അത് കഴിയാനിനിയും മൂന്ന് ദിവസമുണ്ട് ..

അതുൽ തലമുടിയുഴിഞ്ഞു കൊണ്ടിരുന്നു …

” ഡാ …. ആ ഹർഷ് താഴെ സെക്യൂരിറ്റി കാബിനിലുണ്ട് .. അവന് നിന്നെ കാണണമെന്ന് .. ഇപ്പോ സെക്യൂരിറ്റി വിളിച്ചു പറഞ്ഞതാ ….” മിധുൻ പെട്ടന്ന് അവന്റെയെടുത്തേക്ക് വന്ന് പറഞ്ഞു…

” വേണ്ട … എനിക്ക് കാണണ്ട .. എനിക്കാരെയും കാണണ്ട…” അതുൽ നിഷേധിച്ചു ….

മിധുൻ അവന്റെ തോളിൽ തൊട്ടു ..

” ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ നമ്മൾ എടുത്തു ചാടി വന്നതല്ലേ …. അവന്റെ ഭാഗം കൂടി നമുക്ക് കേൾക്കാം ….. കേൾക്കണം ..” മിധുൻ നിർബന്ധിച്ചപ്പോൾ പിന്നെ അതുൽ എതിർത്തില്ല …

മിധുൻ ഫോണെടുത്ത് അവന് ഫ്ലാറ്റിലേക്ക് വരാൻ അനുവാദം കൊടുക്കുന്നത് അതുൽ കേട്ടു ..

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ മുഴങ്ങി … മിധുൻ ചെന്ന് ഡോർ തുറന്നു കൊടുത്തു …

ഓടി തളർന്നവനെ പോലെ ഹർഷ് ആ വാതിൽക്കൽ നിന്നു .. തന്റെ മെലിഞ്ഞ ശരീരത്തിനെക്കാൾ വണ്ണവും ഇറക്കവുമുള്ള ഷർട്ടും പാന്റുമായിരുന്നു വേഷം .. ഷർട്ടിന്റെ മുന്നിലും പിന്നിലും വിയർപ്പ് നനവ് കാണാമായിരുന്നു ..

” വരൂ …… ” മിധുൻ അവനെ അകത്തേക്ക് ക്ഷണിച്ചു ….

അവൻ അകത്ത് കയറിയപ്പോൾ മിധുൻ ഡോറടച്ചു…….

ഹാളിൽ ഒരു ചെയറിലിരുന്നു കൊണ്ട് ടീപ്പോയിലേക്ക് കാൽ കയറ്റി വച്ച് മലർന്ന് കിടക്കുകയായിരുന്നു അതുൽ .. അവൻ ഹർഷ് വന്നതറിഞ്ഞ ഭാവം പോലും നടിച്ചില്ല …

” ഹർഷ് ഇരിക്ക് …. ” മിധുൻ സോഫയിലേക്ക് ചൂണ്ടി പറഞ്ഞു …

അവൻ പതിയെ സോഭയിലേക്കിരുന്നു ..

” ഹർഷിന് …സോറി നിരഞ്ജന് ടീ ഓർ കോഫി … ? ” മിധുൻ ചോദിച്ചു ..

” ഒന്നും വേണ്ട ഡോക്ടർ …..” അവൻ പറഞ്ഞു ..

” നോ … അതു പറ്റില്ല … “

” കുറച്ച് തണുത്ത വെള്ളം കിട്ടിയാൽ നന്നായിരുന്നു …. “

” ഷുവർ …..” പറഞ്ഞിട്ട് മിധുൻ അകത്ത് പോയി ഫ്രിഡ്ജിൽ നിന്ന് തണുത്ത മിനറൽ വാട്ടർ ബോട്ടിൽ എടുത്തു കൊണ്ട് വന്നു കൊടുത്തു …

അവനതു വാങ്ങി തുറന്ന് ഒറ്റയടിക്ക് കുപ്പിയുടെ പകുതിയോളമിറക്കി …

അവൻ നന്നെ ക്ഷീണിതനാണെന്ന് മിധുന് മനസിലായി …

അപ്പോഴും അതുലവനെ ശ്രദ്ധിച്ചില്ല ..

” എനിക്ക് പറയാനുള്ളത് നീ കേൾക്കണം .. എന്നിട്ട് … എന്നിട്ട് നിനക്കെന്നെ ശിക്ഷിക്കാം .. കൊല്ലണമെങ്കിൽ കൊല്ലാം… ഒന്നും ഒന്നും ഞാനറിഞ്ഞു കൊണ്ട് സംഭവിച്ചതല്ല .. “

” എന്റെ പെങ്ങളെ താലി കെട്ടിയതും ഉപേക്ഷിച്ചതും നാടുവിട്ടതും വേറൊരുത്തിയെ കെട്ടിയതും ഒന്നും നീയറിഞ്ഞു കൊണ്ടായിരുന്നില്ല .. അല്ലേടാ ….” അതുവരെ നിശബ്ദനായിരുന്ന അതുൽ കോപത്തോടെ മുഖമുയർത്തി അവന്റെ നേരെ അക്രോശിച്ചു ..

ഹർഷ് നിസഹായനായി ….

” അവൻ പറയാനുള്ളത് പറയട്ടെടാ… ” മിധുൻ അതുലിനെ തടഞ്ഞു …

അവൻ അരിശത്തോടെ പല്ലുകടിച്ചു .. പിന്നെ മിണ്ടാതെയിരുന്നു ..പറഞ്ഞു കഴിയട്ടെ എന്ന ഭാവത്തിൽ …

” എല്ലാ തെറ്റിനെയും ഞാൻ നിഷേധിക്കുന്നില്ല … അന്ന് നാട് വിട്ടത് എന്റെ തെറ്റ് തന്നെയായിരുന്നു … പക്ഷെ അന്നത്തെ എന്റെ മാനസികാവസ്ഥ അതായിരുന്നു .. നിങ്ങളുടെ അച്ഛന് വേണ്ടിയാ ഞാൻ അനുവിനെ പിന്തിരിപ്പിച്ചത് … അവൾ പിന്മാറിയെങ്കിലും ചിലപ്പോ അവളുടെ മനസ് മാറുമെന്ന് ഞാൻ ഭയന്നു .. ഞാനറിഞ്ഞിരുന്ന അനു അങ്ങനെയായിരുന്നു .. .. “

” ഈ കഥയൊക്കെ എനിക്കറിയാം .. അതു കൊണ്ട് നീയെന്റെ അക്കുവിന്റെയടുത്ത് നിന്ന് അനുവാദം വാങ്ങി കല്യാണനാടകം കളിച്ചു ത്യാഗം ചെയ്ത കഥ ……” അതുൽ വെറുപ്പോടെ പറഞ്ഞു …

ഹർഷ് നിശബ്ദനായി …

” പക്ഷെ ജയിലിൽ കിടന്ന് തന്നെ ശിവേട്ടൻ മരിച്ചപ്പോ ഞാൻ ചെയ്തതൊക്കെ വൃഥാവിലായി എന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല .. അതിലുപരി എനിക്ക് അനുവിനെ നഷ്ടമായി .. ഒന്നിനുമല്ലാതെ … മരണം നടന്നു പതിനാറു ദിവസം ഞങ്ങളെല്ലാവരും ആ വീട്ടിൽ ഉണ്ടായിരുന്നു … ഒരു വട്ടമെങ്കിലും അനുവിനെ കണ്ട് എല്ലാം പറയണമെന്ന് ഞാൻ മോഹിച്ചു … അവളെ കൂടെ വിളിക്കണമെന്ന് …. പക്ഷെ അവളൊരിക്കൽ പോലും എനിക്ക് മുഖം തന്നില്ല …… അതും ഞാൻ സഹിച്ചു …. പക്ഷെ അതൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം ഒരു ദിവസം … എനിക്ക് കടുത്ത പനിയായിരുന്നു … ആ രാത്രി എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു പോയി … അനുവാണെന്ന് കരുതിയാ ഞാൻ അക്കുവിനെ …. അവളൊരിക്കൽ പോലും എന്നെ തടഞ്ഞില്ല ……” ആ ഓർമയിൽ ഹർഷ് വീണ്ടും നടുക്കം പൂണ്ടു…

ഒരു നിമിഷം അവൻ നിശബ്ദനായി .. കുറ്റബോധം കൊണ്ടോ … പശ്ചാത്താപം കൊണ്ടോ അവന്റെ തല താണുപോയി …

” പിറ്റേന്ന് … വസ്ത്രം വാരി ചുറ്റി എന്റെ കിടക്കയുടെ കാൽക്കൽ തല കുമ്പിട്ടിരുന്ന അക്കുവിനെ കണ്ടപ്പോ …. എന്റെ നില വിട്ടു പോയി .. എന്റെ മനസിൽ അനു മാത്രമേയുണ്ടായിരുന്നുള്ളു … ഞാൻ കോളേജിൽ ചെന്ന് അവളെ കണ്ടപ്പോ എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാനാ അനു ശ്രമിച്ചത് … എനിക്കപ്പോ ഭ്രാന്ത് പിടിച്ചു … ആത്മഹത്യ ചെയ്യാൻ രാത്രി വണ്ടി കാത്ത് ഞാൻ റയിൽവേ പ്ലാറ്റ്ഫോമിലിരുന്നതാ… പിന്നെയെന്തോ ഒരുൾവിളി പോലെ നാട് വിടാൻ തീരുമാനിച്ചു … ഡൽഹിക്കുള്ള തീവണ്ടിയായിരുന്നു പിന്നെ വരാനുള്ളത് … ടിക്കറ്റെടുത്തു … ജനറൽ കമ്പാർട്ട്മെന്റിന്റെ മൂലക്ക് പനിച്ച് വിറച്ച് ഭക്ഷണമില്ലാതെ മൂന്ന് ദിവസം … ഡൽഹിയിൽ വന്നിറങ്ങി കുറച്ചു നടന്നതേ ഓർമയുണ്ടായിരുന്നുള്ളു …. പിന്നെ കണ്ണ് തുറക്കുമ്പോ ഏതോ ആശുപത്രിയിലെ തറയിലായിരുന്നു ഞാൻ … ഒന്നുമോർമയില്ല .. എവിടെയാണെന്നോ .. ആരാണെന്നോ .. എന്താണെന്നോ … ഒന്നും .. കുറേ പരിചയമില്ലാത്ത മുഖങ്ങൾ മാത്രം … എന്തിന് എന്റെ പേരു പോലും എനിക്കോർമയില്ലായിരുന്നു .. “

അതുൽ നെറ്റി ചുളിച്ച് അവനെ നോക്കി ….

” മഞ്ഞപ്പിത്തമായിരുന്നു .. അത് കലശലായിപ്പോയി …..”

ഹർഷ് ആ ദിവസങ്ങളിലേക്ക് പതിയെ ഊളിയിട്ടു … കണ്ണ് തുറന്ന് കിടന്ന തന്റെയരികിലേക്ക് ഹാർമോണിയപ്പെട്ടിയും കഴുത്തിലിട്ട് ഒരു വൃദ്ധനും അയാളെ പറ്റി ചേർന്ന് ഒരു പെൺകുട്ടിയും വന്നു … അവളുടെ കയ്യിൽ ചോറ്റുപാത്രം …

നിലത്ത് എഴുന്നേറ്റിരിക്കുന്ന തന്റെയടുത്തേക്ക് ആഹ്ലാദത്തോടെ അവർ വന്നിരുന്നു … അവരുടെ ഭാഷയൊന്നും തനിക്കു മനസിലായില്ല .. അടി വയറ്റിൽ ഒരു കത്തലുണ്ടായിരുന്നു .. വിശപ്പിന്റെ … അവൾ പാത്രം തുറന്ന് കുറേ കഞ്ഞി കുടിക്കാൻ തന്നു … അതിന്റെയൊന്നും പേരു പോലും ഓർമയില്ലാതെ താനിരുന്നു .. കുറേ നാളത്തെ ആശുപത്രി വാസം .. മെല്ലെ മെല്ലെ താൻ ഭേദമായി വന്നു .. ആ അച്ഛനും മകളും തെരുവിൽ പാടിയാണ് ഒരു നേരത്തെ വിശപ്പടക്കിയിരുന്നത് .. അതിലൊരു പങ്ക് തനിക്കും … എന്നിട്ടും അവരെന്നെ കൈവിട്ടില്ല .. ഒരു കൊച്ചു കുഞ്ഞിനെ പോലെ ഒരോന്നിനും അവർ പറഞ്ഞു തന്ന പേരുകൾ ഞാൻ പഠിച്ചെടുത്തു .. പതിയെ ഞാനവരുടെ ഭാഷ സംസാരിച്ചു തുടങ്ങി …

രത്തൻ ദയാൽ , മകൾ ഗീതാഞ്ജലി …… അതായിരുന്നു അവരുടെ പേര് ..

സ്വന്തമായി വീടില്ലാത്ത നാടോടിപ്പാട്ടുകാർ ….

ഒരു കാലത്ത് താമസിക്കാനൊരു കൊച്ചു വീടും ഭാര്യയും നാല് പെൺമക്കളും സമ്പാദ്യമായി ഉണ്ടായിരുന്നവനായിരുന്നു രത്തൻ ദയാൽ .. ഒരു പ്രകൃതിദുരന്തം അയാളുടെ എല്ലാ സമ്പാദ്യവും തിരിച്ചെടുത്തു …അവശേഷിച്ചത് അദ്ദേഹവും രണ്ടാമത്തെ മകളും മാത്രം .. അങ്ങനെയവർ തെരുവിന്റെ സന്തതികളായി ….

രത്തൻ ദയാലാണ് തന്നെ നിരഞ്ജൻ ദയാൽ എന്ന് പേരിട്ട് വിളിച്ചത് … ഊരോ പേരോ ഓർമയില്ലാത്ത താൻ അങ്ങനെ നിരഞ്ജൻ ദയാലായി …

പകൽ സമയങ്ങളിൽ ഞാൻ റയിൽവേ സ്‌റ്റേഷനിൽ കൂലിയായി… അവർ ആ പരിസരത്തെവിടെയെങ്കിലുമുണ്ടാകും തെരുവിൽ പാടി … രാത്രിയിൽ മെട്രോ പാലത്തിന്റെ കീഴിലോ… നാടോടി കച്ചവടക്കാരണയുന്ന തെരുവീഥിയിലോ ഞങ്ങളൊത്തുകൂടും .. ഭക്ഷണമുണ്ടാക്കി കഴിക്കും .. ഉറങ്ങും ….

ഒരിക്കൽ … ഒരു പ്രഭാതത്തിൽ കൂടണഞ്ഞ മറ്റെല്ലാ പക്ഷികളും ഉണർന്നിട്ടും അയാൾ മാത്രം ഉണർന്നില്ല … രത്തൻ ദയാൽ …

ബാബായുടെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു കരയുന്ന പതിനാറ് കാരി … എനിക്കറിയാം .. രാത്രി ഒരു കരിയില തുണ്ട് അനങ്ങുന്ന ശബ്ദം കേട്ടാലും രത്തൻ ദയാൽ എഴുന്നേറ്റിരിക്കും മകളുടെയടുത്ത് .. അവൾക്ക് കാവൽ …

രാത്രിയണഞ്ഞാലും നഗരത്തിന്റെ തിരക്കൊഴിയാത്ത രാത്രികളിൽ ആ പിതാവ് ഉറങ്ങിയിട്ടില്ല … കഴുകനും കാക്കയും കൊത്താതെ അയാൾ കാവലിരുന്ന നിധിയായിരുന്നു ഗീതാഞ്ജലി ..

പൊതുശ്മശാനത്തിൽ രത്തൻ ദയാൽ എരിഞ്ഞടങ്ങിയപ്പോൾ ഒറ്റക്കായത് ഗീതാഞ്ജലിയായിരുന്നു … പതിനാറ് വയസിൽ ഒരു വൻ നഗരം നോക്കി പകച്ചു നിന്ന ആ പെൺകുട്ടിയെ ഞാൻ കൂടെ കൂട്ടി .. അവളെന്റെ ഭാര്യയായി .. എന്റെ കുഞ്ഞിന്റെ അമ്മയായി ..

ഒന്നൊന്നര വർഷം കടന്നു പോയി .. വീടില്ലെങ്കിലും റയിൽവേ പാളത്തിന്റെയടുത്തുള്ള ചേരിയിൽ ടെന്റ് കെട്ടി താമസം തുടങ്ങി .. കഴിവതും രാത്രി വരെ ഞാൻ റയിൽവേ സ്റ്റേഷനിൽ ചുമടെടുക്കും .. തെരുവിലെങ്കിലും ഒരു കച്ചവടം , ഒരു വീട് ,അങ്ങനെ കുറേ സ്വപ്നങ്ങളുണ്ടായിരുന്നു…

പക്ഷെ ഒരു രാത്രി ഞാൻ തിരിച്ചു വന്നപ്പോൾ ഏതോ സാമൂഹ്യ വിരുദ്ധന്മാർ എന്റെ ഗീതാഞ്ജലിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു .. ഞാനവർക്കിടയിലേക്ക് ചാടി വീണു .. തലയിലൊരു അടി കൊണ്ടതേ ഓർമയുള്ളു … പിന്നെ ഉണരുമ്പോ ഞാൻ ആശുപത്രിയിലാണ് .. അരികിൽ ഗീതാഞ്ജലിയുണ്ടായിരുന്നു … തക്ക സമയത്ത് പോലീസ് വന്നത് കൊണ്ട് അവൾക്കൊന്നും സംഭവിച്ചില്ല …

പക്ഷെ ഞാൻ ഉണർന്നത് നഷ്ടപ്പെട്ടു പോയ എന്റെ പഴയ ഓർമകളുമായിട്ടായിരുന്നു … അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു … താലികെട്ടി ഒരു രാത്രി കൂടെ കഴിഞ്ഞ പെണ്ണിന്റെ ഓർമകൾ ഒരു വശത്ത് … കൈക്കുഞ്ഞുമായി നിൽക്കുന്ന ഭാര്യ കൺമുന്നിൽ … അഹല്യയെ മറക്കുകയേ എന്റെ മുന്നിൽ വഴിയുണ്ടായിരുന്നുള്ളു .. അവളെയോർക്കാത്ത ഒരു രാത്രി പോലുമില്ലായിരുന്നു .. എന്റെ നെഞ്ചിലെ നെരിപ്പോടാണവൾ … മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്തവനാ ഞാൻ ..

സോഫയിലിരുന്ന് മുഖം പൊത്തിപ്പിടിച്ച് അവൻ വാവിട്ട് കരഞ്ഞു …

മിധുനും അതുലും സ്തംബ്ധരായി ഇരുന്നു .. നിമിഷങ്ങൾ മണിക്കൂറുകളായി കടന്നു പോയി …

ഒടുവിൽ അതുലെഴുന്നേറ്റ് അവന്റെയരികിൽ വന്നു …

” നീ … നീ തിരിച്ചു പൊക്കോ … നമ്മൾ തമ്മിൽ കണ്ടിട്ടില്ല … എന്നെങ്കിലുമൊരിക്കൽ നീ തിരികെ വരുമെന്ന് കരുതി എന്റെ പെങ്ങളും മകനും കാത്തിരുന്നോട്ടെ ….. ” അതുലിന്റെ ശബ്ദമിടറി …. അത്രയും പറഞ്ഞിട്ട് അവൻ അകത്തെ മുറിയിലേക്ക് കയറിപ്പോയി …

ഹർഷിന്റെ ഹൃദയം പൊടിഞ്ഞു രക്തം ചീന്തി .. സീമന്തപുത്രന്റെ മുഖം പോലും കാണാൻ ഭാഗ്യമില്ലാത്തത്ര പാപിയായി പോയല്ലോ താൻ … അഹല്യയുടെ മുഖമായിരുന്നു മനസിൽ .. എന്നോട് പൊറുക്കണെ മോളെ …..

* * * * * * * * * * * * * * * *

രണ്ട് ദിവസം കൂടി കടന്നു പോയി .. മൂന്നാം ദിവസം വൈകുന്നേരം ഉഥാൻ പാനയിലെ ഹർഷിന്റെ വീട്ടിൽ വീണ്ടുമവൻ വന്നു … അതുൽ …..

” നീ എന്റെ കൂടെ നാട്ടിലേക്ക് വരണം … നാളെ വൈകിട്ടാണ് ട്രെയിൻ … ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് ….” അതുൽ കനപ്പിച്ച് പറഞ്ഞു ..

ഹർഷ് ഞെട്ടലോടെ അവനെ നോക്കി …..

” ഞാ ….ൻ …….” അവൻ വിക്കി …

” നീയൊറ്റക്കല്ല .. നിന്റെ കുടുംബത്തെ കൂട്ടിക്കോ …….” അവൻ ഭാവവ്യത്യാസങ്ങളില്ലാതെ പറഞ്ഞു ..

ഹർഷ് ഒന്നും മിണ്ടിയില്ല … ഏത് ശിക്ഷയും ഏറ്റ് വാങ്ങേണ്ടവനാ താൻ .. അത്ര വലിയ തെറ്റ് ചെയ്തിട്ടുണ്ട് ….

” പറഞ്ഞത് കേട്ടല്ലോ … ഉച്ച കഴിയുമ്പോൾ ഞാൻ വരും … ഇവിടെ നിന്നാൽ മതി നിങ്ങൾ ….”

അവൻ മെല്ലെ തലയാട്ടി ….

അതുൽ മാറി നിന്ന് ആരെയോ ഫോൺ ചെയ്യുന്നത് ഹർഷ് കണ്ടു … പിന്നെ വന്നതു പോലെ തിരികെ പോയി ..

പിറ്റേന്ന് വൈകുന്നേരം ….

മറ്റൊരു തീവണ്ടി ഇരുട്ടിന്റെ മാറിടം പിളർന്ന് ദക്ഷിണേന്ത്യയിലെ ദൈവത്തിന്റെ സ്വന്തം നാട് ലക്ഷ്യമാക്കി പാഞ്ഞു …

* * * * * * * * * * * * * * * * * * * * *

മൂന്നു ബാഗുകളിലായി തന്റെയും മകന്റെയും വസ്ത്രങ്ങളും മറ്റും അഹല്ല്യ അടുക്കി വച്ചു …

” നീയെങ്ങോട്ടാ മോളെ ഇതൊക്കെയെടുത്ത് പോകുന്നത് ….?” സരോജിനിയമ്മ മനസിലാകാതെ നോക്കി …

അഹല്ല്യ പുഞ്ചിരിച്ചു …

കഴിഞ്ഞ അഞ്ച് വർഷമായി ഈ വീട് നോക്കിയത് അവളാണ് .. അമ്മയും സഹോദരനും പല വട്ടം വന്നു വിളിച്ചിട്ടും അവൾ അവർക്കൊപ്പം പോയില്ല .. മറ്റൊരു വിവാഹം കഴിക്കാൻ താൻ കൂടി നിർബന്ധിച്ചിട്ടും അവളനുസരിച്ചില്ല .. ഈ വീടൊരു വീടാക്കി തീർത്തത് അവളാണ് ..

ഹരിക്കുട്ടൻ ഓടി അമ്മയുടെ അടുത്തേക്ക് വന്നു .. ഹരിക്കുട്ടൻ എന്ന ഹരിദേവ് ..

” അമ്മേ .. ദേ .. തണയിന്റെ കാറ് വന്നല്ലോ ….” അവൻ കൊഞ്ചലോടെ അവളോട് പറഞ്ഞു …

” ങും …… “

‘തണൽ … ‘ അത് അവളമരത്ത് ഇരിക്കുന്ന ചാരിറ്റി സംഘടനയാണ് .. പല വിധത്തിൽ ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടികൾ , സ്ത്രീകൾ , കുട്ടികൾ .. അവർക്കെല്ലാം തണലേകുന്ന തണ്ണീർ പന്തലാണ് തണൽ …

ജോലി കഴിഞ്ഞ് ബാക്കി സമയം അവൾ അവർക്കായി ചിലവഴിച്ചു .. മൂന്ന് വർഷം മുൻപ് തന്റെ മുന്നിൽ ഭിക്ഷ യാചിച്ച് വന്ന ഒരു കുഞ്ഞു തമിഴ് പെൺകുട്ടിയുമായി തുടങ്ങിയതാണ് ആ സ്ഥാപനം .. അവളുടെ കുഞ്ഞു മാറിടത്തിലെ നഖക്ഷതങ്ങളായിരുന്നു പ്രേരണ .. പിന്നെ സ്വന്തം ജീവിതാനുഭവങ്ങളും ..

സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു വിഹിതമെടുത്ത് വാടകക്കൊരു കുഞ്ഞ് വീടിൽ തുടങ്ങിയപ്പോൾ , തണലിന്റെ ലക്ഷ്യമറിഞ്ഞ് ആദ്യം സഹായിച്ചത് അനുജത്തിയുടെ ഭർത്താവാണ് .. രോഹിത് .. തണലിന് സ്വന്തമായി ഭൂമിയും വലിയൊരു വീടും തന്നു .. സാമ്പത്തിക സഹായങ്ങളും തന്നു .. ഇപ്പോഴും തരുന്നു .. പിന്നീട് നന്മ നിറഞ്ഞ പലരും സഹായങ്ങളുമായി എത്തി .. ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ , കലാസാംസ്കാരിക രംഗങ്ങളിലുള്ളവർ …

അവൾ ബാഗുകളെടുത്ത് മുറ്റത്തേക്ക് നടന്നു .. എല്ലാം കാറിലേക്ക് വച്ചു .. ഡോർ അടച്ചു ..

” എന്റെ ഓഫീസ് മുറിയിൽ വച്ചാൽ മതി … ” അവൾ ഡ്രൈവർക്ക് നിർദ്ദേശം നൽകി ..

അവൾ തിരികെ വീട്ടിലേക്ക് കയറി വന്നു … സരോജിനിയമ്മ മനസിലാകാതെ അവളെ നോക്കി ..

അവൾ തന്റെ മുറിയിലേക്ക് കയറി .. കൂടെ ഹരിക്കുട്ടനും …

” മോൻ അച്ഛമ്മേടടുത്ത് നിൽക്ക് .. അമ്മ വിളിക്കാം … ” അവനെ പുറത്തിറക്കി അവൾ കതകടച്ചു . .

ഹർഷിന്റെ മുറി .. തന്റെ ഭർത്താവിന്റെ മുറി … ഈ വീട്ടിലെ തന്റെ അവസാനത്തെ ദിവസം …

ആ വീട്ടിലെ മറ്റെല്ലാ ഭാഗങ്ങളിലും അവൾ മാറ്റങ്ങൾ വരുത്തി .. ഈയൊരു മുറിയൊഴിച്ച് .. അവന്റെ സാധനങ്ങളെല്ലാം അതുപോലെ തന്നെ അവിടെയുണ്ടായിരുന്നു .. അവന്റെ ഗന്ധം അപ്പോഴും ആ മുറിയിൽ നിറഞ്ഞു നിന്നു …

* * * * * * * * * * * * * * * * * * * *

പിറ്റേന്ന് ….

രാവിലെ തന്നെ അംലയുടെ കാർ വീട്ട് മുറ്റത്ത് വന്ന് നിന്നു .. അക്കു പുറത്തേക്ക് ഇറങ്ങി വന്നു .. അംലയും അവളുടെ കൈയിൽ തൂങ്ങി നക്ഷത്ര മോളും കയറി വന്നു .. അക്കു പുഞ്ചിരിച്ചു കൊണ്ട് ഓടിച്ചെന്ന് നക്ഷത്ര മോളെ വാരിയെടുത്ത് ഉമ്മ

വച്ചു .. നക്ഷത്ര മോളെ കണ്ടപ്പോൾ ഹരിക്കുട്ടന് സന്തോഷമായി .. അവൻ ഓടി വന്നു .. അക്കു അവളെ താഴെ നിർത്തി ..

” അമ്മയോട് പറഞ്ഞോ ….” അംല ചോദിച്ചു ..

” ഇല്ല .. വരുമ്പോ അറിഞ്ഞാൽ മതി …..”

അവർ സംസാരിച്ചു നിൽക്കുമ്പോൾ തന്നെ മറ്റൊരു കാറും വന്നു … രോഹിത്തും അനുവും … അംലയും അക്കുവും മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു .. ഡോർ തുറന്ന് വയറും താങ്ങിപ്പിടിച്ച് അനു പുറത്തിറങ്ങി .. അവൾക്കിത് ഏഴാം മാസമാണ് .. അംല ചെന്ന് ഡോർ അടച്ചു .. അനു പിന്നിലെ ഡോർ തുറന്നു കൊടുത്തു .. സപര്യമോൾ മുറ്റത്തേക്ക് ചാടിയിറങ്ങി .. സപര്യ കൂടി വന്നപ്പോൾ ഹരിക്കുട്ടനും നക്ഷത്ര മോൾക്കും സന്തോഷമടക്കാനായില്ല ..

” ഞാൻ പോയിട്ട് വരാം .. അതുൽ വിളിച്ചിരുന്നു .. അവരെത്താറായി … “

രോഹിത്ത് പറഞ്ഞു ..

സ്ത്രീകൾ തലയാട്ടി ..

അവൻ കാറ് തിരിച്ച് ഓടിച്ചു പോയി ..

” രണ്ടാളും വന്നേ .. ഏട്ടനൊരു സൂത്രം കാട്ടിത്തരാം ….” ഹരിക്കുട്ടൻ അനുജത്തിമാരുടെ കൈ പിടിച്ചു …

അതു കണ്ടപ്പോൾ അനുവും അക്കുവും ഒരു നിമിഷം തങ്ങളുടെ ബാല്ല്യത്തിലേക്ക് പോയി .. അതുലേട്ടന്റെ പിന്നാലെ തങ്ങളിരുവരും നടന്ന ബാല്യം .. ഏട്ടനവർക്കൊരു അത്ഭുതമാണ് .. ഒരു പാട് ഒരുപാട് സൂത്രങ്ങളറിയുന്ന വലിയൊരത്ഭുതം ..

കുഞ്ഞുങ്ങൾ മൂവരും അവരുടെ ലോകത്തേക്ക് പോയി .. ആ വീട് കാത്തിരുന്നു .. വർഷങ്ങൾക്കിപ്പുറമുള്ള അവന്റെ വരവിനായി …

രോഹിത്തിന്റെ കാറിൽ പിൻസീറ്റിൽ ഹർഷും ഗീതാഞ്ജലിയും മക്കൾ നീമ എന്ന നീലിമയും ഭാനു എന്ന ഭവാനിയും ഉണ്ടായിരുന്നു ..

വർഷങ്ങൾക്കിപ്പുറം ജന്മനാടിന്റെ വായു അവൻ ശ്വസിച്ചു .. പുഴയും മരങ്ങളും എല്ലാം തന്നെ കാത്തിരിക്കുകയായിരുന്നെന്ന് അവന് തോന്നി ..

അതുൽ ഇടക്ക് തിരിഞ്ഞ് നോക്കി .. ഹർഷ് കാറിന്റെ ചില്ല് പാളിയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ..

വീട്ടിലേക്കുള്ള പാലം കയറിയപ്പോൾ ഹർഷിന്റെ ഹൃദയം പിടഞ്ഞു … പാലമിറങ്ങി കാർ വീട്ട് മുറ്റത്തേക്ക് പോകുന്നു .. പണ്ട് പാലത്തിലിറങ്ങി നടക്കണമായിരുന്നു ..

കാറിന്റെ ഇരമ്പൽ കേട്ടപ്പോൾ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി വന്നു .. ഒരു അതിഥിയുണ്ടെന്ന് മാത്രമേ സരോജിനിയമ്മയോട് അവർ പറഞ്ഞിരുന്നുള്ളു …

കാർ മുറ്റത്ത് ബ്രേക്കിട്ടു …

” ഇറങ്ങ് ….” അതുൽ തിരിഞ്ഞു നോക്കി പറഞ്ഞു ..

ആദ്യം അതുലിറങ്ങി … പിന്നെ ഹർഷ് …

സരോജിനിയമ്മക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .. അഞ്ച് വർഷം മുൻപ് ഒരു വാക്കു പോലും ആരോടും പറയാതെ പോയ മകൻ ..

അവർക്ക് സന്തോഷവും സങ്കടവും എല്ലാമൊരുമിച്ചു വന്നു .. അവരോടിച്ചെന്ന് മകനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു ..

” എന്റെ മോനേ .. നീയെന്തിനാടാ ഞങ്ങളെ വിട്ട് പോയത് …” അവർ കണ്ണീരോടെ ചോദിച്ചു ..

അവന് ഉത്തരമില്ലായിരുന്നു .. അവന്റെ കണ്ണുകൾ മുറ്റത്തേക്കിറങ്ങി വന്ന അഹല്യയിൽ പതിഞ്ഞു .. അവനൊന്ന് വിറച്ചു പോയി .. അംലയുടെ കണ്ണ് കാറിന്റെ പിൻഭാഗത്തായിരുന്നു .. അനു വയറും താങ്ങിപ്പിടിച്ച് ഉമ്മറത്ത് തന്നെ നിന്നു .. ഹർഷ് വരുന്നു എന്ന് മാത്രമേ അവൾക്ക് അറിയാമായിരുന്നുള്ളു ..

ഹർഷിന്റെ കണ്ണുകൾ അപ്പോഴും ലക്ഷ്യമില്ലാതെ തിരയുകയായിരുന്നു .. തന്റെ മകനെ .. അക്കു ചെന്ന് മുറ്റത്ത് കളിക്കുകയായിരുന്ന മകനെ കൂട്ടിക്കൊണ്ട് വന്നു .. ഹർഷ് മുന്നോട്ട് വന്നു .. അക്കുവിന്റെ കയ്യിൽ തൂങ്ങി നടന്നു വരുന്ന മകനെ അവനാദ്യമായി കണ്ടു .. അവന്റെ നെഞ്ചിൽ വാത്സല്യം നുരഞ്ഞു .. ആ കുഞ്ഞിക്കണ്ണുകളും ഹർഷിന്റെ മുഖത്തായിരുന്നു ..

അമ്മ പറഞ്ഞു മാത്രം അവനറിയുന്ന അവന്റെ അച്ഛൻ …!

ഹർഷ് ഓടി വന്ന് അവനെ വാരിയെടുത്തു .. ആ മുഖത്തും കവിളിലും തുരുതുരെ ചുംബിച്ചു .. അഹല്ല്യ ചെന്ന് കാറിന്റെ പിൻവശത്തെ വലതെ ഡോർ തുറന്നുകൊടുത്തു .. വെള്ളിക്കൊലുസണിഞ്ഞ ഒരു കാൽ ആ മുറ്റത്ത് പതിഞ്ഞു ..

ഗീതാഞ്ജലി .. ഹർഷേട്ടന്റെ പെണ്ണ് .. അവളുടെ ഒക്കത്തിരുന്ന് വിരൽ കുടിക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് അക്കു നോക്കി .. അവളുടെ സാരിത്തുമ്പിൽ തൂങ്ങി നീമയും പുറത്തിറങ്ങി .. സൂര്യകാന്തിപ്പൂക്കൾ പ്രിൻറ് ചെയ്ത ഫ്രോക്കിട്ട ആ പെൺകുട്ടിയെ ഹരിക്കുട്ടനും , സപര്യയും നക്ഷത്രയും കൗതുകത്തോടെ നോക്കി .. അവൾ പേടിച്ചരണ്ട പോലെ അമ്മയുടെ പിന്നിൽ ഒളിച്ചു നിന്നു ..

അനു അവിശ്വസനീയതയോടെ വായ പൊത്തി .. സരോജിനിയമ്മ ഞെട്ടിപ്പോയി …

എല്ലാ കണ്ണുകളും തന്നിലാണെന്ന് കണ്ട ഗീതാഞ്ജലി പരിഭ്രമത്തോടെ ഹർഷിന്റെ അരികിൽ ചെന്ന് പറ്റിച്ചേർന്ന് നിന്നു ..

” എടാ മഹാപാപി … നീയെന്തിനാടാ വന്നത് .. നീ വരണ്ടായിരുന്നു .. നീയെന്റെ കുഞ്ഞിനെ ഓർത്തില്ലല്ലോടാ .. എങ്ങനെ തോന്നിയെടാ ഇങ്ങനെ ഒരുത്തിയേം കൊണ്ട് എന്റെ മുന്നിൽ വരാൻ … ഇപ്പോ ഇറങ്ങണം നീയിവിടന്ന് ….” സരോജിനിയമ്മ അവന്റെ ഷർട്ടിന് കുത്തി പിടിച്ചലറി ..

അവന്റെ ഇടുപ്പിലിരുന്ന ഹരിക്കുട്ടൻ ഒന്നും മനസിലാകാതെ നോക്കി ..

അക്കു ചെന്ന് സരോജിനിയമ്മയെ പിടിച്ചു മാറ്റി …

” വേണ്ടമ്മേ … ഇനിയൊന്നും പറയണ്ട .. അനുഭവിക്കാനുള്ളത് എല്ലാവരും അനുഭവിച്ച് കഴിഞ്ഞു .. കഴിഞ്ഞതെല്ലാം മറക്കാം നമുക്ക് .. ഞാനും ഹരിക്കുട്ടനും ഇവിടുന്ന് പോവാ .. ഇതിനി ഞങ്ങടെ വീടല്ല …..”

” ഇല്ല .. നിന്നെ ഞാനെങ്ങോട്ടും വിടില്ല .. നീയെന്റെ മോളാ .. പോകേണ്ടത് ഇവനാ .. എവിടെയെങ്കിലും പോയി തുലയട്ടെ .. അല്ലെങ്കിൽ നീ എന്നെക്കൂടി നിന്റെ കൂടെ കൊണ്ട് പോ ….. ” സരോജിനിയമ്മക്ക് സങ്കടം സഹിക്കാനായില്ല ..

” അമ്മയെ കൂടെ കൂട്ടാൻ എനിക്ക് സന്തോഷേ ഉള്ളു .. പക്ഷെ അമ്മയിവിടെ വേണം .. എനിക്കെല്ലാവരും ഉണ്ട് .. അമ്മ , കൂടപ്പിറപ്പുകൾ , മകൻ , പിന്നെ തണലിലെ എന്റെ കൂടപ്പിറപ്പുകൾ , അമ്മമാർ , മക്കൾ അങ്ങനെ എല്ലാവരും .. അല്ലെങ്കിലും ഭർത്താവുണ്ടെങ്കിലെ ഒരു പെണ്ണിന് നിലനിൽക്കാൻ കഴിയൂ എന്ന പഴഞ്ചൻ ചിന്താഗതിയൊന്നും എനിക്കില്ല .. പക്ഷെ ഇവർക്കിനി അമ്മയേ ഉള്ളു .. ഈ നിൽക്കുന്നതും അമ്മയുടെ മകന്റെ കുഞ്ഞുങ്ങളാണ് .. ഹരിക്കുട്ടനെ പോലെ ഇവരെയും അമ്മ സ്നേഹിക്കണം .. കഥകൾ പറഞ്ഞുറക്കണം .. എന്റെ അമ്മയായത് പോലെ ഇവളുടെയും അമ്മയാകണം .. അവളുടെ കണ്ണുകളിലെ ഭയം കണ്ടില്ലെ .. അതമ്മ മാറ്റിയെടുക്കണം .. അവളെ സ്നേഹിക്കണം ..ആരോരുമില്ലാത്ത കുട്ടിയാണമ്മേ .. അമ്മക്ക് എന്നെയും ഹരിക്കുട്ടനെയും കാണണമെന്ന് തോന്നുമ്പോ ഒന്ന് വിളിച്ചാൽ മതി .. ഞാൻ വണ്ടിയയക്കാം .. എത്ര ദിവസം വേണമെങ്കിലും അമ്മക്ക് എന്റെയൊപ്പം നിൽക്കാം ….” അക്കു അവരുടെ നെറ്റിയിൽ ചുംബിച്ചു ..

അവൾ തിരിഞ്ഞ് ഹർഷിന്റെ കയ്യിലിരുന്ന ഹരിക്കുട്ടനു നേരെ കൈ നീട്ടി .. ഹർഷ് അക്കുവിന്റെ മുഖത്തേക്ക് നോക്കി ..

” അഹല്ല്യ ……” ഒരു തേങ്ങൽ പോലെ അവൻ വിളിച്ചു …

അവൾ പുഞ്ചിരിച്ചു .. അവന്റെ നിറഞ്ഞ കണ്ണുകൾ അവൾ കണ്ടു ..

” വേണ്ട ഹർഷേട്ടാ .. ഒന്നും പറയണ്ട .. പറയാതെ തന്നെ എനിക്ക് അറിയാം .. ഒരു മാപ്പോ പൊട്ടിക്കരച്ചിലോ കൊണ്ട് ഈ നിമിഷത്തിന്റെ ഭംഗി കെടുത്തണ്ട … “

മകനെ കയ്യിൽ വാങ്ങി അവൾ നടന്നു .. പെട്ടന്ന് നിന്ന് ഹാന്റ് ബാഗിൽ നിന്ന് ഒരു കവറെടുത്ത് മകന്റെ കയ്യിൽ കൊടുത്തു ..

” അച്ഛന് കൊടുക്ക് …..” അവൾ പറഞ്ഞു ..

അവനത് വാങ്ങി ഹർഷിന് നേരെ നീട്ടി .. അവനത് വാങ്ങി ..

” കേദാരം ഗ്രൂപ്പിന്റെ കോളേജിലേക്ക് ലറ്റ്ചർ പോസ്റ്റിലേക്കുള്ള പോസ്റ്റിംഗ് ഓർഡർ ആണ് .. ഹർഷേട്ടന്റെ സർട്ടിഫിക്കറ്റുകളെല്ലാം ഞാൻ ഫയലിലെടുത്ത് വച്ചിട്ടുണ്ട് .. മറ്റൊന്നും കരുതണ്ട ..മകൻ തരുന്ന സമ്മാനമായി കരുതിയാൽ മതി .. “

അക്കു ഹരിക്കുട്ടന്റെ കൈപിടിച്ച് രോഹിത്തിന്റെ കാറിന് നേരെ നടന്നു .. അതുൽ അവർക്കടുത്തേക്ക് ചെന്നു ..

” നമുക്ക് വീട്ടിലേക്ക് പോകാം മോളെ .. തണലിലല്ല ഏട്ടന്റെ കൂടെയാണ് നീ നിൽക്കേണ്ടത് ….” അതുൽ പറഞ്ഞു ..

” ഇല്ല ഏട്ടാ .. തണലിനാണ് എന്നെയാവശ്യം .. പിന്നെ അമ്മയോട് ഇപ്പോ ഒന്നും പറയണ്ട .. ഞാൻ വന്ന് കണ്ടോളാം … “

ഹരിക്കുട്ടന്റെ കണ്ണുകളപ്പോൾ സൂര്യകാന്തിപ്പൂ ഫ്രോക്കണിഞ്ഞ നീമയിലായിരുന്നു … അവളുടെ പളുങ്കു കണ്ണുകളും അവനെ നോക്കുന്നുണ്ടായിരുന്നു ..

” നിങ്ങൾ പോകും വഴി എന്നെ തണലിലിറക്കിയേക്ക് …” അക്കു രോഹിത്തിനോട് പറഞ്ഞു ..

അനു വന്ന് മുൻ സീറ്റിൽ കയറി .. പിന്നിൽ അക്കുവും സപര്യയും ഹരിക്കുട്ടനും .. കാറിൽ കയറാൻ നേരം ഹരിക്കുട്ടൻ നീമയെ നോക്കി ചിരിച്ചു .. അവൾ തിരിച്ചും .. രക്തബന്ധത്തിന് ഭാഷയുടെ അതിർ വരമ്പുകളില്ല …

അംല കാർ തിരിച്ച് അതുലിന്റെ അരികിൽ കൊണ്ട് വന്ന് നിർത്തി …

തണലിന്റെ ഗേറ്റിൽ അക്കുവിനെയും ഹരിക്കുട്ടനെയും വിട്ട് രോഹിത്തിന്റെ കാറും അകലങ്ങളിൽ മറഞ്ഞു ..

പെട്ടന്നൊരു ഒറ്റപ്പെടൽ അവളെ വലയം ചെയ്തു .. എങ്കിലും അവൾക്ക് കരച്ചിൽ വന്നില്ല .. കരയില്ലെന്ന് അവൾ എന്നോ തീരുമാനിച്ചുറപ്പിച്ചതാണ് .. താനാണ് ശരിയെന്ന് അവൾക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു …

ഗേറ്റിലൂടെ ഒരു കാർ ഒഴുകി വന്ന് അവരുടെയടുത്ത് ബ്രേക്കിട്ടു നിന്നു ..

ശ്രീരാജ് IPS .. ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി ..

ഹരിക്കുട്ടൻ അവനെ കണ്ടപ്പോൾ ആഹ്ലാദത്തോടെ ഓടി ചെന്നു ..

നീല ജീൻസും വൈറ്റ് ചെക്ക് ഷർട്ടുമായിരുന്നു വേഷം .. ഇരുനിറം ..

സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ തണലിലെത്തിച്ചത് അവനാണ് .. തുടർന്ന് അവനും അതിന്റെ ഒരു ഭാഗമായി തീർന്നു .. ഒരു ആക്സിഡന്റിൽ ഭാര്യയും മകനും നഷ്ടപ്പെട്ടതാണ് അവന്റെ .. ഹരിക്കുട്ടനോട് വലിയ സ്നേഹമാണ് അവന് …

അവരെ ഇരുവരെയും പരിചയമുള്ള പലരും അവരെ ഒന്നിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് .. പക്ഷെ അക്കു അന്നും ഹർഷിന് വേണ്ടിയാണ് കാത്തിരുന്നത് …

” ഞാനെല്ലാം അറിഞ്ഞു … താൻ ചെയ്തതാടോ ശരി .. തന്നോടെനിക്ക് റെസ്പെക്ട് കൂടുവാ ….. ” അവൻ അഭിനന്ദിക്കും പോലെ പറഞ്ഞു ..

അവൾ പുഞ്ചിരിച്ചു … പിന്നെ അകത്തേക്ക് കയറിപ്പോയി .. അവൾക്ക് അൽപ നേരം ഒറ്റക്കിരിക്കണമായിരുന്നു ..

” അങ്കിൾ … എന്റെ കൂടെ കിക്കറ്റ് കളിക്കോ ….. ” ഹരിക്കുട്ടൻ ചോദിച്ചു ..

” പിന്നെന്താടാ കുട്ടാ …. ഇപ്പോ തന്നെ നമുക്ക് ബാറ്റും ബോളും വാങ്ങാം .. എന്തേ …” അവൻ ഹരിക്കുട്ടനെ വായുവിലുയർത്തി വട്ടം കറക്കി .. നഷ്ടപ്പെട്ടു പോയ തന്റെ മകനെയായിരുന്നു ശ്രീരാജ് ഹരിക്കുട്ടനിൽ കണ്ടത് … ഹരിക്കുട്ടൻ ആഹ്ലാദത്തോടെ ആകാശത്തേക്ക് കൈകളുയർത്തി …

അഹല്ല്യ പറഞ്ഞത് പോലെ ഭർത്താവുണ്ടെങ്കിലേ ഒരു പെണ്ണിന് നിലനിൽപ്പുള്ളു എന്ന ചിന്താഗതിയൊന്നും എനിക്കില്ല … നിശ്ചയദാർഢ്യമുള്ള ഏതൊരു പെണ്ണും മറ്റേതൊരാളെക്കാളും വലിയവളാണ് ..അത് കൊണ്ട് തന്നെ ശ്രീരാജും അഹല്ല്യയും ഒന്നിക്കണോ വേണ്ടയോ എന്നത് ഞാൻ നിങ്ങൾക്ക് വിട്ട് തരുന്നു …

അതെന്ത് തന്നെയായാലും കല്ലായിപ്പുഴ പിന്നെയുമൊഴുകി .. ഇലകൾ കൊഴിഞ്ഞും തളിർത്തും കാലം പിന്നെയുമോടി .. ഒരു ഇരുണ്ട മുറിയിലെ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിനു കീഴേ ഒരു ഡയറിയുടെ താൾ തുറക്കപ്പെട്ടു .. ഉരുണ്ട ഫൗണ്ടൻ പേനതുമ്പ് അഹല്ല്യ എന്നെഴുതി അടിവരയിട്ടു .. പിന്നെ ഇങ്ങനെ എഴുതി തുടങ്ങി ..

‘ ഇത് ഇവളുടെ കഥയാണ് .. അഹല്ല്യ .. ശാപമോക്ഷം തേടി നൂറ്റാണ്ടുകൾ ശിലയായി മണ്ണിൽ പുതഞ്ഞു കിടന്ന പഴങ്കഥയിലെ പെണ്ണല്ല … കണ്ണുനീരിനെ കല്ലാക്കി മാറ്റി ഒരു പാട് പേർക്ക് തണലായ പെണ്ണെന്ന ജ്വാല……. ‘

ജാലകത്തിലൂടെ കടന്ന് വന്ന ഇളം തെന്നൽ ആ ഡയറി താളുകൾ മറിച്ചു കൊണ്ടേയിരുന്നു .. കാറ്റിനും ജരാനരകൾ ബാധിച്ചു തുടങ്ങി .. അവസാന താളുകൾ എഴുതുമ്പോൾ ഫൗണ്ടൻ പേന തുമ്പ് വിറ പൂണ്ടു .. ഒടുവിൽ അടഞ്ഞ ഡയറിക്കുമീതെ വച്ച കണ്ണടച്ചില്ലിൽ നിന്ന് ഒരിറ്റു കണ്ണുനീർ ആ പുസ്തകത്തിലേക്ക് ഒഴുകി വീണു ..

പിന്നീടെപ്പോഴോ നിശബ്ദമായ മുറിയിൽ ആ ഡയറിയും കണ്ണടയും പേനയും അവശേഷിച്ചു ..

വീണ്ടും ഒരിളം തെന്നൽ കൗതുകത്തോടെ ആ ജാലകം തേടി വന്നു .. ആ താളുകൾ മറിച്ചു കാണാൻ …

അവസാനിച്ചു …..

NB : ഒരു പാട് പേർ ഈ കഥക്ക് തുടക്കം മുതൽ സപ്പോർട്ടുമായി നിന്നു .. വിമർശിച്ചവരും ഉണ്ട് .. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി .. ഒരു പാട് നിശബ്ദവായനക്കാർ ഉണ്ടെന്നറിയാം .. ഒരു ലൈക്കോ , ഇനി ഇഷ്ടായില്ലെങ്കിൽ ആങ്ഗ്രി

റിയാക്ഷനോ തന്നാൽ നിക്ക് ഒരു സന്തോഷം .. പറ്റിയാൽ ഈ കഥയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ഒന്നോ രണ്ടോ വരിയിൽ എഴുതി അറിയിക്കണം ..

NB 2 :പിന്നെ ഒത്തിരിപ്പേർ ആവശ്യപ്പെട്ടത് പോലെ എല്ലാവരെയും ഒന്നിപ്പിച്ച് ഹാപ്പിയാക്കി സ്ഥിരം ക്ലീഷേയായി അവസാനിപ്പിക്കാൻ ഞാനെന്ന വ്യക്തി തന്നെ വേണമെന്നില്ലല്ലോ .. എന്റെ മനസിലുള്ളത് എഴുതുമ്പോളല്ലേ നിക്ക് സംതൃപ്തി കിട്ടൂ .. നിരാശപ്പെടുത്തിയെങ്കിൽ സോറി …

നല്ലതാണേലും മോശമാണേലും അഭിപ്രായം താഴെ കമന്റായി തന്നാൽ സന്തോഷം ..

സ്വന്തം

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

4.2/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ചന്ദ്രനുദിക്കുന്ന ദിക്കിൽ – 25 (അവസാന ഭാഗം)”

  1. Amrithayude ella storiyum enikku istam anu but e story etho athra pora starting muthal etho oru feel ellayirunnu.next super story expect cheyyunnu sagada peduthan paranjathalla. Ariyam oru story weite cheyyumbo ulla bhuthimuttu. But this time satisfied ayilla atha

Leave a Reply

Don`t copy text!