Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 21

Malayalam Novel Chandranudikkunna Dikkil

അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി …

രോഹിത് ….!

അവന്റെ ഇടം കൈ അവളുടെ തോളത്ത് പതിഞ്ഞിട്ടുണ്ടായിരുന്നു …….

അവൾ ചിരിക്കാൻ ശ്രമിച്ചു ….

വെള്ള കരമുണ്ടും ജൂബയും ആയിരുന്നു അവന്റെ വേഷം ..

അവളുടെ നെഞ്ചിടിച്ചു ….

അവൻ പുഞ്ചിരിച്ചു …

” താൻ പേടിക്കണ്ട .. പപ്പയുടെയും മമ്മയുടെയും പരിപാടിയാണ് ഈ ഡെക്കറേഷൻ …….”

അവൾ നേർത്തൊരു ചിരി ചിരിച്ചു ….

ചിരിക്കുമ്പോൾ അവളുടെ കവിളത്ത് വിരിയുന്ന നുണക്കുഴി ചന്ദ്രബിംബം തെളിയുമാറ് തോന്നിച്ചു …

” താനിരിക്ക് …” അവനവളെ കിടക്കയിലേക്ക് ക്ഷണിച്ചു ..

അവൾ കൂടെ ചെന്നു ….

ഇരുവരും അടുത്തടുത്ത് ഇരുന്നു …

” അനുവിന്റെ മുഖത്ത് ഒട്ടും തെളിച്ചമില്ലല്ലോ … ഞാൻ രാവിലെ മുതൽ ശ്രദ്ധിച്ചതാ …. എന്താടോ .. തനിക്കെന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ലേ …? “

അവളൊന്ന് പിടഞ്ഞു പോയി …

” അച്ഛൻ …………. കൈപിടിച്ചു തരാൻ അച്ഛനുണ്ടായിരുന്നില്ല …. ” അവൾ വിങ്ങലോടെ പറഞ്ഞു …

” ഓ ….” അവളുടെ സങ്കടം അവന് മനസിലാകുമായിരുന്നു …

തന്റെ വിവാഹം നടക്കുന്ന അതേ പന്തലിൽ വച്ച് സുമംഗലിയായി പടിയിറങ്ങാനിരുന്ന അനുജത്തി ഇന്ന് ആറടി മണ്ണിനുള്ളിൽ ഉറക്കമാണ് …. വിവാഹപന്തലിൽ വച്ച് താനാ വേദന നന്നായി അനുഭവിച്ചതാണ് ..

അവൻ അവളുടെ കരം ഗ്രഹിച്ചു ….

” നമുക്ക് നാളെ അച്ഛനെ പോയി കാണാം …. ഞാൻ കൊണ്ട് പോകാം ….” അവൻ പറഞ്ഞു …

അവളുടെ കണ്ണിൽ കണ്ണുനീർ തിളങ്ങി .. അവൾക്ക് ഒരൽപം ആശ്വാസമായി …

” നമ്മുടെ വിവാഹം തന്നെ വീട്ടുകാർക്ക് വേണ്ടിയായിരുന്നു .. എന്റെ പപ്പക്കും മമ്മക്കും സന്തോഷമായി … പക്ഷെ തന്റെ കാര്യം ഇപ്പോഴും ശരിയായിട്ടില്ല … അല്ലേ ..” അവൻ ചോദിച്ചു ..

അവൾ മിണ്ടാതെയിരുന്നു ..

” സാരമില്ല … തന്റെ കാര്യം കൂടി ശരിയായിട്ടേ നമ്മൾ നമ്മുടെ ജീവിതത്തിലേക്ക് കടക്കൂ …ഒക്കെ …” അവൻ പറഞ്ഞു …

അവൾ അവന്റെ മുഖത്തേക്ക് നോക്കി …

” അത് കഴിഞ്ഞാൽ പിന്നെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടിയാണല്ലോ ഒന്നിച്ചത് എന്ന ചിന്തയൊക്കെ വെടിഞ്ഞ് താൻ എന്റെ നല്ല ഭാര്യയായി , ഞാൻ തന്റെ നല്ല ഭർത്താവായി ജീവിക്കും ….” പറഞ്ഞിട്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി ..

അവളുടെ മുഖത്ത് സമ്മത ഭാവമായിരുന്നു ..

അവൻ പെട്ടന്ന് അവളുടെ മുഖം തന്നിലേക്കടുപ്പിച്ച് നെറ്റിയിൽ ചുംബിച്ചു ..

അവളുടെ ഉടൽ വിറച്ചു .. അവന്റെ ചൂടുള്ള ആ മൃദു ചുംബനം അവളുടെ ഒരോ രോമകൂപങ്ങളെയും ഉണർത്തി ..

” താൻ കിടന്നോ …” അവൻ അവളുടെ കവിളത്ത് മൃദുവായി തട്ടി ..

അവൾ കിടക്കയുടെ ഒരറ്റത്തേക്ക് കയറിയിരുന്നു ..

അവൾ നോക്കുമ്പോൾ അവൻ ടേബിൾ ലാമ്പിനരികിൽ നിന്ന് ഒരു സിഗരറ്റ് പായ്ക്കറ്റ് എടുത്തു .. അതിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കൊണ്ട് പറഞ്ഞു ..

” ഞാനിത് വലിച്ചിട്ട് വരാം … “

അവളൊന്നും മിണ്ടിയില്ല … മുഖം കുനിച്ചിരുന്നു ..

” ഏയ് എന്തു പറ്റി … ” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു ..

അവൾ മുഖം വീർപ്പിച്ചിരുന്നതേയുള്ളു …

അവളുടെ ഇരിപ്പ് കണ്ടപ്പോൾ അവന് ചിരി വന്നു .. അവൾക്കത് ഇഷ്ടമായില്ലെന്ന് അവന് മനസിലായി ..

” രാത്രിയിൽ ഒന്ന് .. അത്രേയുള്ളു…… വേണമെങ്കിൽ ഇതും നിർത്താം .. ഇന്നത്തേക്ക് ക്ഷമിക്ക് … ” അവൻ അനുവാദം ചോദിച്ചു ..

അവൾ ചെറുതായി മൂളി ..

അവനതുമായി പുറത്തേക്ക് ഇറങ്ങിയതും അവളെഴുന്നേറ്റ് ചെന്ന് ആ സിഗരറ്റ് പായ്ക്കറ്റ് എടുത്ത് അതിലേക്ക് ജഗിൽ നിന്ന് കുറച്ച് വെള്ളമൊഴിച്ചു .. പിന്നെ അത് വേസ്റ്റ് ബിന്നിലേക്കിട്ടിട്ട് അവൾ ചെന്ന് ബെഡിൽ കയറി കിടന്നു … രാവിലെ മുതലുള്ള ക്ഷീണം .. അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു വന്നു ….

രോഹിത് തിരികെ റൂമിൽ വരുമ്പോൾ അവൾ ഉറക്കം പിടിച്ച് കഴിഞ്ഞിരുന്നു …

അവനൊരു ബെഡ്ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു …

ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നിമിഷം അവന്റെ മനസൊന്ന് ഇടറി …

ആ ചുവന്ന അധരങ്ങളും തൂനെറ്റിത്തടവും അടഞ്ഞ കൺപീലിയും അവനെ വല്ലാതെ മോഹിപ്പിച്ചു ..

അവളുടെ മുടിയിഴയിൽ മെല്ലെ തലോടിയ ശേഷം , അവൻ അവളെ വിട്ട് ബെഡിന്റെ മററ്റത്തേക്ക് കയറിക്കിടന്നു …

അവർക്കിടയിൽ രണ്ട് നിശ്വാസങ്ങളുടെ അകലം മാത്രം കനത്തു നിന്നു ..

* * * * * * * * * * * * * * * * * * * * * * * * *

അർധരാത്രി ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അതുൽ ഉണർന്നത് ..

അവൻ ഉറക്കച്ചടവോടെ ഫോണെടുത്തു ..

അംലയായിരുന്നു മറുവശത്ത് …

” അതുലേട്ടാ … ” അവൾ പരിഭ്രാന്തിയോടെ വിളിച്ചു ..

” എന്താ അംല ……” അവൻ ചോദിച്ചു ..

” അതുലേട്ടാ … അതുലേട്ടനൊന്ന് മെഡിക്കൽ കോളേജിലേക്ക് വാ …..”

അവൻ നെറ്റി ചുളിച്ചു …

” എന്ത് പറ്റി …….”

” അത് .. ശിവരാജൻ സാറിന് ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി .. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നിട്ടുണ്ട് … ജയിലിൽ നിന്ന് വിളിച്ചറിയിച്ചതാ .. “

അവൻ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു ..

” അംല …. അച്ഛനെന്തെങ്കിലും … ” അവൻ പേടിയോടെ ചോദിച്ചു ..

” കാർഡിയാക് അറസ്റ്റ് ആണെന്ന് ജയിലിലെ ഡോക്ടർ പറഞ്ഞു എന്നാണ് അറിഞ്ഞത് .. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട് .. “

” ജയിലിൽ ഡോക്ടറുള്ളതല്ലേ .. CPR കൊടുത്തില്ലേ … ?” അവനിലെ ഡോക്ടർ ഉണർന്നു …

” അതറിയില്ല …. ” അവൾ പറഞ്ഞു ..

” ശരി .. ഞാൻ ഇപ്പോ തന്നെ ഹോസ്പിറ്റലിലേക്ക് പോവാ …” അവൻ പറഞ്ഞു ..

” ഇതുവഴിയല്ലേ പോകുന്നേ .. ജംഗ്ഷനിൽ എത്താറാകുമ്പോ ഒന്ന് വിളിക്കൂ ..ഞാൻ റോഡിലിറങ്ങി നിൽക്കാം .. ഞാൻ കൂടി വരുന്നു … ” അവൾ പറഞ്ഞു ..

” ഒക്കെ .. ഒരു 15 മിനിട്ടിനുള്ളിൽ ഞാനവിടെയെത്തും … “

കോൾ കട്ട് ചെയ്ത ശേഷം ഹോസ്പിറ്റലിലെ തന്റെ ഫ്രണ്ടിനെ കോൾ ചെയ്ത് ഫോൺ സ്പീക്കർ മോഡിലിട്ട ശേഷം അവൻ ഡ്രസ് ചെയ്ഞ്ച് ചെയ്യാൻ തുടങ്ങി ..

* * * * * * * * * * * * * * * * * * * * * * * * * *

അതുലും അംലയും വരുമ്പോൾ ഐ സി യൂ ന് മുന്നിൽ പോലീസ് ഉണ്ട് …

അവൻ നേരെ ഐ സി യു ലേക്ക് ചെന്നു …

കാർഡിയോളജിസ്റ്റ് ഡോ . യൂനുസ് ഖാൻ പോലീസിനോട് സംസാരിക്കുന്നത് കണ്ടു .. അവന്റെ പ്രഫസർ കൂടിയാണ് അദ്ദേഹം … ആ മുഖങ്ങളിലെല്ലാം നിറഞ്ഞു നിന്ന ഗൗരവവും മ്ലാനതയും അവൻ ശ്രദ്ധിച്ചു ..

അവൻ അവർക്കടുത്തേക്ക് ചെന്നു ..

അതുലിനെ കണ്ടപ്പോൾ ഡോ . യൂനുസിന് മനസിലായി …. അയാൾ മൗനമായി ..

” സർ …… ” അവൻ വിളിച്ചു ….

ഡോക്ടർ അവന്റെ മുഖത്തേക്ക് നോക്കി …

” സോറി ….. അതുൽ .. വൈകിപ്പോയി …” ആ ശബ്ദം നേർത്തു …

അതുൽ നടുങ്ങി വിറച്ചു ….

ഈശ്വരാ .. തന്റെ അച്ഛൻ …….!

അവനത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല …

അംലയും വിറങ്ങലിച്ച് നിന്നു ….

പോലീസുകാർ വയർലസിലൂടെയും ഫോണിലൂടെയും ഇൻഫർമേഷൻ പാസ് ചെയ്യുന്ന തിരക്കിലായിരുന്നു …

നിമിഷ നേരത്തിനുള്ളിൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് മാധ്യമങ്ങളുടെ ഒബി വാനുകൾ കുട വിരിച്ചിറങ്ങി ..

അകത്ത് ശിവരാജൻ അവസാന ശ്വാസവും വെടിഞ്ഞ് നിതാന്ത നിദ്ര പൂകി കഴിഞ്ഞു ..

പോലീസും മാധ്യമങ്ങളും പരസ്പരം മത്സരിക്കുന്നതിനിടയിലും , ആ ഇടനാഴിയിൽ എല്ലാം തകർന്ന് അതുൽ ഇരുന്നു .. അവനരികിലായി അവനെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് അംലയും ..

ആ ഹൃദയം നുറുങ്ങുന്ന കാഴ്ചയും ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുകൾ ആ രണ്ട് രൂപങ്ങൾക്ക് നേരെയും ചിമ്മിയടഞ്ഞു ..

* * * * * * * * * * * * * * * * *

രോഹിത് തട്ടി വിളിക്കുന്നതറിഞ്ഞാണ് അനു ഞെട്ടിയുണർന്നത് …

അവൾ ചാടിയെഴുന്നേറ്റു …. ഒരു നിമിഷം സ്ഥലകാല ബോധമില്ലാതെ അവൾ മിഴിച്ചിരുന്നു ..

അവളോട് എങ്ങനെ പറയുമെന്നറിയാതെ രോഹിതും വിഷമിച്ച് നിന്നു ..

(തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!