Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 24

Malayalam Novel Chandranudikkunna Dikkil

” ഏട്ടാ ……” അഹല്ല്യ സങ്കടത്തോടെ വിളിച്ചു …

” എന്താടീ …. എന്തിനാ കരയുന്നേ … “

” ഏട്ടാ .. ഹർഷേട്ടൻ ഇത് വരെ വന്നില്ല …..” അവൾ പറഞ്ഞു ..

” അവനെന്തെങ്കിലും അത്യാവശ്യത്തിന് പോയിക്കാണും.. നീ ഫോണിൽ വിളിക്ക് ….”

” ഫോൺ സ്വിച്ച്ഡ് ഓഫാ……. ” അവൾ പറഞ്ഞു ..

” അവനെപ്പഴ പോയെ … “

” രാവിലെ … “

” ക്ലാസ് എടുക്കാൻ പോയതാണോ …..”

” അല്ല …..”

” പിന്നെ …..?” അതുൽ നെറ്റി ചുളിച്ചു ..

” എനിക്കറിയില്ല ഏട്ടാ …..”

” നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായോ ……”

” ങും … എന്നോട് വഴക്കിട്ടു …..”

അവൻ നിശബ്ദനായി ….

” ശരി .. നീ വച്ചോ … ഞാൻ വിളിക്കാം …..”

അവൻ കട്ട് ചെയ്തിട്ട് ഹർഷിന്റെ നമ്പറിലേക്ക് വിളിച്ചു … പക്ഷെ സ്വിച്ച്ഡ് ഓഫ് ആയിരുന്നു ..

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് റോഡിലേക്കിറങ്ങി .. ഒന്നന്വേഷിക്കാം …

ആ സമയം പടിഞ്ഞാറേ ചക്രവാളം ഭേദിച്ച് ഒരു തീവണ്ടി കുതിച്ചു പായുകയായിരുന്നു ….

അതിന്റെ ജനറൽ കമ്പാർട്ട് മെന്റിന്റെ മൂലയിൽ ഒരാൾ ചടഞ്ഞിരുപ്പുണ്ടായിരുന്നു …

ഹർഷ് …..!

അതിനുള്ളിലെ തിക്കും തിരക്കും ബഹളവുമൊന്നും അവനറിഞ്ഞില്ല ….

ലക്ഷ്യമില്ലാതെ അവന്റെ യാത്ര അവിടെ തുടങ്ങുകയായിരുന്നു ..

അപ്പോഴും ഉമ്മറത്തിണ്ണയിൽ ഒരു പെണ്ണ് അവന്റെ വരവും കാത്തിരുന്നു …

* * * * * * * * * * * * * * * * * * * *

കാല ചക്രം പിന്നെയും തിരിഞ്ഞു …

അതിനിടയിൽ വർഷവും ശിശിരവും ഗ്രീഷ്മവും ഹേമന്ദവും പലകുറി ഭൂമിയെ പുതപ്പിച്ചു കടന്നു പോയി …

വഴിവക്കിലെ നെന്മേനി വാകകൾ പലവുരു പൂക്കൾ കൊഴിച്ചു ..

അഞ്ച് വർഷങ്ങൾക്കിപ്പുറം ഡൽഹി നഗരത്തിന്റെ തിരക്കിലേക്ക് അയാൾ വന്നിറങ്ങി ..

Dr. അതുൽ ശിവരാജൻ …

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഒരാഴ്ച നീണ്ട ഒരു മെഡിക്കൽ കോൺഫറൻസിന് വന്നതാണയാൾ …

കോളേജിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മിധുന്റെ ഗൗതം നഗറിലുള്ള ഫ്ലാറ്റിലായിരുന്നു താമസം ..

മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് ഇരുവരും ഫ്ലാറ്റിലേക്ക് നടന്നു ..

” നീ വന്നിട്ട് രണ്ട് ദിവസം കഴിഞ്ഞില്ലേ .. നമുക്കൊന്നു ചുറ്റാൻ പോകാൻ കഴിഞ്ഞില്ലല്ലോ …. സിറ്റിയിലൊക്കെ ഒന്നു കറങ്ങിയിട്ടു വരാം …..” മിധുൻ പറഞ്ഞു ..

” പോകാം … ഞാൻ വന്നിട്ടുണ്ട് ഇവിടെ പല വട്ടം ഒഫിഷ്യലായും അല്ലാതെയും .. മരേജ് കഴിഞ്ഞ് അംലയെയും കൂട്ടി ആദ്യത്തെ ട്രിപ്പ് ആഗ്രയിലേക്കായിരുന്നു .. ” അവൻ പഴയ കാര്യങ്ങൾ ഓർത്തെടുത്തു …

” മോൾക്കിപ്പോ മൂന്ന് വയസ് അല്ലേ … ” മിധുൻ ചോദിച്ചു ..

” അതേ … നീയിവിടെ വന്നിട്ടിപ്പോ ഒരു വർഷമായോ ..”

” കഷ്ടിച്ച് …”

ഫ്ലാറ്റിൽ പോയി റസ്റ്റ് എടുത്ത ശേഷം ഇരുവരും നടക്കാനിറങ്ങി ..

ഗണേഷ് റോഡിലൂടെ അവർ വെറുതേ നടന്നു… ഇടക്ക് വഴിയോരത്ത് കിട്ടുന്ന ലഘുഭക്ഷണങ്ങൾ വാങ്ങി കഴിച്ചു …

പെട്ടന്നാണ് അതുൽ അയാളെ ശ്രദ്ധിച്ചത് …

സുപരിചിതമായ മുഖം … ഒരു ഓട്ടോയിൽ കയറി അയാൾ പോയി ..

അതുലിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .. അതവൻ തന്നെയല്ലെ ….

കഴിഞ്ഞ അഞ്ച് വർഷമായി തങ്ങൾ കാത്തിരിക്കുന്നവൻ …

” എന്താടാ …….” അതുലിന്റെ നിൽപ് കണ്ട് മിധുൻ ചോദിച്ചു ..

” ഏയ് ….. ” അതുൽ തല കുടഞ്ഞു ..

സംശയം തീരാതെ ഓട്ടോറിക്ഷ പോയി മറഞ്ഞ റോഡിലേക്ക് അതുൽ പിന്നെയും നോക്കി നിന്നു ..

ഈ തിരക്കിൽ ഇനിയെങ്ങനെ കണ്ടെത്താനാണ് .. ഒരു മിന്നായം പോലെയേ കണ്ടുള്ളൂ … പക്ഷെ അതവൻ തന്നെയാണെന്ന് അതുലിന്റെ മനസ് പറഞ്ഞു ..

തിരികെ ഫ്ലാറ്റിലെത്തിയിട്ടും അതുൽ ആലോചനയിലായിരുന്നു ….

രാത്രി ….

ബാൽക്കണിയിൽ ചെയർ വലിച്ചിട്ട് അതുൽ പുറത്തേക്ക് നോക്കിയിരുന്നു ….

പ്രകാശപൂരിതമായ ഡൽഹി നഗരം … നിരത്തിലൂടെ വെളിച്ചങ്ങളോടിയോടി മറഞ്ഞു കൊണ്ടേയിരിക്കുന്നു …

” നീയെന്താടാ ഡള്ളായി ഇരിക്കുന്നെ .. നടക്കാനിറങ്ങിയതിൽ പിന്നെയാണ് ഇങ്ങനെ .. എന്താ സംഭവം ….” മിധുൻ അവന് പിന്നിലായി വന്ന് നിന്നു കൊണ്ട് ചോദിച്ചു ..

” എടാ …. അത് .. ആ ഭാഗത്ത് വച്ച് ഞാനെനിക്ക് പരിചയമുള്ള ഒരാളെ പോലെയൊരാളെ കണ്ടു .. ഒറ്റ നോട്ടമേ കണ്ടുള്ളു ..അതായാൾ തന്നെയാണോന്ന് ഉറപ്പില്ല …. “

” നമ്പറുണ്ടെങ്കിൽ വിളിച്ചു നോക്ക് .. അപ്പോ അറിയാല്ലോ ….”

” ഇല്ല … കഴിഞ്ഞ അഞ്ച് വർഷമായി അയാൾ മിസിംഗ് ആണ്……… അവനെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട് നാട്ടിൽ ….”

” നീയാരെയാ കണ്ടത് … ” മിഥുൻ ചോദിച്ചു ..

അതുൽ നിശബ്ദനായി ഇരുന്നു …

” നിന്റെ ബ്രദറിൻ ലോയെ ആണോ ….”

അതുൽ ആശ്ചര്യത്തോടെ അവനെ നോക്കി ….

” നിനക്ക് .. നിനക്ക് എങ്ങനെ മനസിലായി .. നീ കണ്ടോ അവനെ …. “

” ഏയ് .. നിന്റെ ഇരിപ്പ് കണ്ടപ്പോൾ ഞാനൂഹിച്ചതാ .. കഥകളൊക്കെ എനിക്കും അറിയുന്നതല്ലേ ….. അല്ല നീയവനെ ഗണേശ് റോഡിൽ വച്ചല്ലേ കണ്ടത് … .” മിധുൻ പെട്ടന്നെന്തോ ഓർത്ത പോലേ ചോദിച്ചു …

” അതേ ………”

” നീയവനെ കണ്ടു എന്ന് പറഞ്ഞ ഭാഗത്താണ് മലയാളി അസോസിയേഷൻ … ഒരു പക്ഷെ അവനവിടെയെങ്ങാനും വന്നതാണെങ്കിൽ … അപ്പോൾ പറഞ്ഞിരുന്നെങ്കിൽ നമുക്കവിടെ അന്വേഷിക്കാമായിരുന്നു ….. ഇനിയിപ്പോ അവിടെ ക്ലോസ് ചെയ്തിട്ടുണ്ടാവും .. “

” ശ്ശെ …….” അതുലിന് നിരാശ തോന്നി …..

” നീ വിഷമിക്കണ്ട … നമുക്ക് നാളെ അന്വേഷിക്കാം … ഹർഷ് അങ്ങനെയല്ലേ അവന്റെ പേര് ….”

” അതേ ….”

” ങും…….. സെക്കന്റ് ഫ്ലോറിലൊരു അദ്ധ്യാപക ദമ്പതികളുണ്ട് .. പുള്ളി മലയാളി അസോസിയേഷനിൽ സജീവമാണ് … ആളോട് ചോദിച്ചാൽ ചിലപ്പോ അറിയാൻ കഴിയും …… “

” എങ്കിൽ നമുക്കിപ്പോ തന്നെ പോയി ചോദിച്ചാലോ ……” അതുൽ തിടുക്കപ്പെട്ടു ….

” നീയെന്താടാ കുട്ടികളെപ്പോലെ …. ഡൽഹിയിലെത്ര മലയാളീസുള്ളതാ .. എല്ലാവരുടെയും പേര് വിവരം ആരെങ്കിലും ഓർത്തു വയ്ക്കുമോ … അവിടുത്തെ റെക്കോർഡ്സ് ഒക്കെ പരിശോധിച്ചാലെ അറിയാൻ കഴിയൂ … നീ സമാധാനിക്ക് . .. നമുക്ക് രാവിലെ ആളെ കണ്ട് കാര്യം പറഞ്ഞിട്ട് പോകാം …….”

” ങും ……. ” അവൻ മൂളി ….

” നീ കിടക്കുന്നില്ലേ ……. ” മിധുൻ ചോദിച്ചു ..

” നീ കിടന്നോ … ഞാൻ കുറച്ചു നേരം ഇവിടെയിരിക്കട്ടെ ……” അവൻ പറഞ്ഞു …

” ശരി ……. എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിക്ക് .. “

അതുൽ മൂളി ….

അവന്റെ ചിന്തകൾ കാട് കയറുകയായിരുന്നു … അതവനാണെങ്കിൽ ….. തന്റെ കൂടെ അവൻ വരില്ലെ .. വരണം .. എല്ലാമറിയുമ്പോൾ വരാതിരിക്കാനവന് കഴിയില്ല ….

മനസ് വല്ലാതെ കലുഷിതമായപ്പോൾ അവൻ ഫോണെടുത്ത് അംലയുടെ നമ്പർ കോളിലിട്ടു …

കാത്തിരുന്നത് പോലെ അവൾ പെട്ടന്ന് തന്നെ കോളെടുത്തു …

” എന്താ വിളിക്കാൻ വൈകണേന്നോർത്തിരിക്കുവാരുന്നു … ” അംല കോളെടുത്തു കൊണ്ട് പറഞ്ഞു ..

” ങും … മോളുറങ്ങിയോ ….. ” .

” ഉറങ്ങി … ഏട്ടനില്ലാത്തത് കൊണ്ട് ഉറക്കാൻ പെട്ട പാട് … ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ ഉറങ്ങൂ … പിന്നിപ്പോ അമ്മ കൊണ്ടു നടന്നാ ഉറക്കിയേ .. എന്റടുത്ത് വന്നില്ല ….. .” അവൾ പറഞ്ഞു ..

” ങും … നീ കഴിച്ചോ …….”

” ഉവ്വ് …. ഏട്ടനോ ……”

” കഴിച്ചു …..”

” എന്താ ശബ്ദം വല്ലാണ്ടിരിക്കണെ …… അവിടെ ഒത്തിരി ടെൻഷനുണ്ടോ എട്ടാ …..” അവൾ ചോദിച്ചു ..

അവളങ്ങനെയാണ് .. നിമിഷങ്ങൾക്കുള്ളിൽ തന്റെ മനസറിയും …

” ഒഫീഷ്യൽ അല്ല .. വെറൊരു കാര്യമുണ്ട് … “

അവൾ ആകാംഷയോടെ കാതോർത്തു ..

* * * * * * * * * * * * *

” എടാ … ഗിരിരാജൻ സർ വിളിച്ചിരുന്നു … “

ഉച്ചക്ക് ബ്രേക്ക് ടൈമിൽ മിധുൻ അവന്റെയടുത്തേക്ക് വന്ന് പറഞ്ഞു ..

അവൻ മനസിലാകാതെ നോക്കി ..

” ഹാ .. ഞാൻ ഇന്നലെ പറഞ്ഞില്ലേ .. നമ്മുടെ സെക്കന്റ് ഫ്ലോറിലുള്ള അദ്ധ്യാപകൻ … ” മിധുൻ അവനെ ഓർമിപ്പിച്ചു ..

” ആ .. എന്നിട്ട് ……” അവൻ ആകാംഷയോടെ ചോദിച്ചു …

” ഹർഷ് എന്ന പേരിൽ അവിടെ ആർക്കും മെംബർഷിപ്പില്ല .. “

അതുലിന്റെ മുഖം മ്ലാനമായി ..

” ഇന്നലെ അവിടെയൊരു പുസ്തക പ്രകാശനമുണ്ടായിരുന്നു .. ക്ഷണിക്കപ്പെട്ടവരും അസോസിയേഷൻ മെംബേർസുമൊക്കെയേ ഉണ്ടായിരുന്നുള്ളു .. അതിലൊന്നും ഹർഷ് എന്ന പേരിൽ ആരുമില്ല .. ” മിധുൻ പറഞ്ഞു ..

” പുസ്തക പ്രകാശനമോ …. ആരുടെ … ” അതുൽ നെറ്റി ചുളിച്ചു ..

”അതറിയില്ല …..”

” നീയതാരുടെയാണ് എന്നൊന്ന് ചോദിച്ചേ ….” അവന്റെ മനസ്സിൽ ഒരു വെളിച്ചം മിന്നി ..

” വെയ്റ്റ് …..” മിധുൻ ഫോണെടുത്തു കൊണ്ട് പറഞ്ഞു ..

അവൻ സംസാരിക്കുന്നത് നോക്കി അതുൽ നിന്നു …

കോൾ കട്ട് ചെയ്ത് മിധുൻ അവനടുത്തേക്ക് വന്നു ..

” അതൊരു നിരഞ്ജൻ ദയാലിന്റേതാണ് …. മലയാള പുസ്തകമാണ് പ്രകാശനം ചെയ്തത് … ” മിധുൻ പറഞ്ഞു ..

” നിരഞ്ജൻ ദയാൽ , മലയാള പുസ്തകം …. അതങ്ങോട്ട് സിങ്കാകുന്നില്ലല്ലോ …” അതുൽ ആലോചനയോടെ പറഞ്ഞു ..

” ചിലപ്പോ ഹാഫ് മലയാളി വല്ലതും ആയിരിക്കാം .. ” മിധുൻ ചിരിച്ചു കൊണ്ട് പറഞ്ഞു …

” നീയയാളെ വിളിച്ച് ഈ പറഞ്ഞ നിരഞ്ജൻ ദയാലിന്റെ അഡ്രസ് വാങ്ങുമോ … എനിക്കയാളെ ഒന്നു കാണണം ….” അതുൽ പറഞ്ഞു…

അതുലിന്റെ മനസ് മിധുന് മനസിലാകുമായിരുന്നു .. ആ സംശയം ക്ലിയർ ചെയ്യുന്നതാണ് നല്ലതെന്ന് അവനും തോന്നി ….

” ഞാൻ വാങ്ങാം ….

* * * * * * * * * * * * * * *

ഗിരിരാജൻ സർ നൽകിയ അഡ്രസിൽ തേടിപ്പിടിച്ചാണ് അവർ ഉഥാൻ പാനയിലെത്തിയത് .. വീട് കാട്ടിക്കൊടുക്കാൻ ഗിരിരാജൻ സർ ഒരു സഹായിയെ കൂടെ വിട്ടിരുന്നു .. പത്ത് നാൽപ്പത് വർഷമായി ഡൽഹിയിൽ താമസമാക്കിയ പാപ്പു എന്ന് വിളിക്കുന്ന പത്മനാഭൻ .. ഫ്ലാറ്റുകളിൽ ക്ലീനറായും , കുക്കായും , കുട്ടികളുടെ കെയർടേക്കറായും ഗൗതം നഗറിലെ ഒട്ടുമിക്ക മലയാളികൾക്കും പാപ്പു സുപരിചിതനാണ് ..

പാപ്പു തന്നെയാണ് ഉധാൻ പാനയിലെ നിരഞ്ജൻ  ദയാലിന്റെ  വീട് അവർക്ക് കാട്ടികൊടുത്തത് ..

ഒരേ മാതൃകയിൽ നിരനിരയായുള്ള ചെറിയ വീടുകൾ .. അതൊരു ഹൗസിംഗ് കോളനിയാണെന്ന് അവർക്ക് മനസിലായി … ഒരു പക്ഷെ സർക്കാർ വച്ചു നൽകിയ വീടുകൾ ..

സ്ട്രീറ്റിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പിൻ ചോട്ടിൽ ഊഴം കാത്ത് നിൽക്കുന്ന സ്ത്രീജനങ്ങൾ .. അവർക്കരികിൽ കുട്ടികൾ .. ‘

അങ്ങനെയങ്ങനെ ..

43-ാം നമ്പർ ഹൗസിന് മുന്നിൽ അവർ നിന്നു .. റോസ് പെയിൻറടിച്ച വീടിന്റെ മുൻവാതിൽ അടഞ്ഞു കിടന്നു … മുറ്റമെന്ന് പറയാനില്ല എങ്കിലും മുന്നിലുള്ള ആ ചെറിയ സ്ഥലത്ത് സോപ്പു വെള്ളം കെട്ടിക്കിടന്നു .. ഏതോ കളിപ്പാട്ടത്തിന്റെ അവശിഷ്ടങ്ങളും …

അകത്ത് റേഡിയോയിൽ നിന്നോ മറ്റോ ലതാ മങ്കേഷ്കറിന്റെ പഴയൊരു ഹിന്ദിപ്പാട്ട് കേൾക്കാം …

പാപ്പു സോപ്പു വെള്ളത്തിൽ ചവിട്ടാതെ വീടിന്റെ പടിക്കൽ ചവിട്ടി നിന്ന് കതകിന് മുട്ടിവിളിച്ചു ….

അൽപം കഴിഞ്ഞപ്പോൾ ആ വാതിൽ തുറക്കപ്പെട്ടു .. പുറത്തു വന്ന ആളെ കണ്ട് അതുലിന്റെ ഹൃദയം തുടിച്ചു .. സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ അവൻ നിന്നു …

തന്നെ തേടി വന്ന അതിഥികളെ കണ്ട് ഹർഷ് പകച്ചുപോയി .. കടന്നൽക്കൂടിളകിയത് പോലെ അവന്റെ സിര പ്രഷുബ്ധമായി …

എന്നോ എവിടെയോ വലിച്ചെറിഞ്ഞിട്ടും തന്നെ കാർന്നു തിന്നുന്ന ഓർമകളുടെ തുടർച്ചയായി വീണ്ടുമവൻ …

അതുലും തന്നിലേക്കടിഞ്ഞു കൂടിയ പല പല വികാരങ്ങളെ പിടിച്ചുകെട്ടാൻ ശ്രമിക്കുകയായിരുന്നു ..

ആരും നിർബന്ധിക്കാതെ സ്വയം മുന്നോട്ട് വന്ന് തന്റെ പെങ്ങളെ താലി കെട്ടിയിട്ട് , പെരുവഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞത് എന്തിനാണെന്ന് ചോദിക്കാം ..

ഇത്രകാലം നീയെവിടെയായിരുന്നു .. നാടും വീടും വിട്ട് അന്യനാട്ടിൽ വന്ന് ഒളിച്ചു ജീവിച്ചത് എന്തിനായിരുന്നെന്ന് ചോദിക്കാം ..

അവരെ അകത്തേക്ക് പോലും ക്ഷണിക്കാതെ അവൻ വാതിൽക്കൽ തന്നെ നിന്നു ..

” അകത്തേക്ക് വരാമോ ……” ഒടുവിൽ അതുൽ ചോദ്യമിട്ടു …

” വന്ന കാര്യം പറയൂ …. ” മുഖത്ത് ഭാവ വ്യത്യാസങ്ങളില്ലാതെ ഹർഷ് പറഞ്ഞു ..

” ഹർഷാ .. ഇനിയും നീ ഞങ്ങളെ പരീക്ഷിക്കരുത് .. ഞാൻ നിന്നോട് ” അവൻ പറഞ്ഞു പൂർത്തിയാക്കും മുൻപേ ഹർഷ് കയ്യെടുത്ത് തടഞ്ഞു ..

” ഹർഷ് അങ്ങനെയൊരാൾ ഇന്നില്ല .. നിരഞ്ജൻ ദയാൽ .. നിരഞ്ജൻ ദയാലെന്ന വ്യക്തിയോട് പറയാനുള്ളതെന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞിട്ട് പോകാം ….”

അതുലിന് ദേഷ്യവും സങ്കടവും വന്നു .. ഇത്രയായിട്ടുമവൻ …..

” എനിക്ക് പറയാനുള്ളത് ഹർഷിനോട് തന്നെയാണ് .. ഈ നിൽക്കുന്ന ഹർഷ് എന്ന നിരഞ്ജൻ ദയാലിനോട് .. ഏതെങ്കിലും നാട്ടിൽ വന്ന് പേര് മാറ്റി ജീവിച്ചാൽ നീ നീയല്ലാതാകില്ല .. നിന്റെ അമ്മയോ ഭാര്യയോ കുഞ്ഞോ ഒന്നും നിന്റേതല്ലാതാകില്ല .. ” അതുൽ രോഷത്തോടെ പറഞ്ഞു …

അതുൽ അവസാനം പറഞ്ഞത് ഹർഷിന്റെ നെഞ്ചിൽ തറച്ചു …

” കു…ഞ്ഞ് …” അവനറിയാതെ മന്ത്രിച്ചു ..

അതുലിനറിയാമായിരുന്നു അതിലവൻ വീഴുമെന്ന് …

” അതേടാ നിന്റെ കുഞ്ഞ് …. ഒരു കുഞ്ഞിനെയും കൊടുത്തിട്ടല്ലേ നീയെന്റെ പെങ്ങളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് .. നീ പോയി കഴിഞ്ഞ് കൃത്യം ഒൻപത് മാസവും ഒൻപത് ദിവസവും കഴിഞ്ഞപ്പോ അവൾ പ്രസവിച്ചു … നിന്റെ കുഞ്ഞിനെ .. നിന്നെപ്പോലെ ഒരാൺകുഞ്ഞിനെ …..” അതുലിന്റെ ശബ്ദം അറിയാതെ ഇടറിപ്പോയി ..

ഹർഷിന് ലോകം തന്നെ തന്റെ മുന്നിൽ വട്ടം കറങ്ങുന്നത് പോലെ തോന്നി …

ആ മഴയുള്ള രാത്രി .. താൻ പനി പിടിച്ച് കിടന്ന ആ രാത്രി .. അന്നുമിന്നും തന്റെ നെഞ്ചിലെ തീയായ് , വിങ്ങലായി മാറിയ ആ രാത്രി ..

അതുൽ വാതിൽക്കൽ നിന്ന് മെല്ലെ നീങ്ങി … അവന്റെ ഹൃദയത്തിലൊരു വലിയ കടൽ അലതല്ലുകയായിരുന്നു ..

തനിക്കൊരു മകൻ ……..

അതുലും മിധുനും പാപ്പുവും അവന് പിന്നാലേ അകത്തേക്ക് കയറാൻ തുനിഞ്ഞതും ..

അകത്ത് നിന്ന് ഒരു കൊച്ചു പെൺകുട്ടി ഓടി വന്നു .. കണ്ടാൽ മൂന്നോ നാലോ വയസ് .. തന്റെ മകളെക്കാൾ അൽപം മൂപ്പ് കാണും എന്ന് അതുൽ ഓർത്തു .. വെളുവെളുത്തതെങ്കിലും വിളർച്ചയുള്ള മുഖം .. പളുങ്കു പോലെ കണ്ണുകൾ .. ചെമ്പിച്ച മുടി മുകളിലേക്ക് പിടിച്ച് റിബൺ വച്ച് കെട്ടിയിരുന്നു .. അവളുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് തത്തമ്മ … അവളോടി വന്ന് ഹർഷന്റെ കയ്യിൽ തൂങ്ങി ….

” ബാബൂ ……..” കൊഞ്ചലോടെ അവൾ വിളിച്ചു …

അകത്തേക്ക് കയറാനാഞ്ഞ അതുൽ സ്വിച്ചിട്ടത് പോലെ നിന്നു ..

” ജി.. കോൻ ഹേ ഉഥർ … ” അകത്ത് നിന്നൊരു സ്ത്രീ ശബ്ദം …

അതുൽ ഞെട്ടലോടെ അവന്റെ പിന്നിലേക്ക് നോക്കി …

ഒക്കത്തൊരു കൈക്കുഞ്ഞുമായി വെളുത്ത് മെലിഞ്ഞ് സുന്ദരിയായൊരു പെൺകുട്ടി അവന്റെ പിന്നിൽ വന്നു നിന്നു …

അവളുടെ തട്ടത്തിനിടയിലൂടെ അവനാ മുഖം കണ്ടു … സിമന്ദരേഖയിൽ സിന്ദൂരം , മൂക്കിലെ പഴകിയ മൂക്കുത്തി ചെറുതായി തിളങ്ങി … ചുരിദാറായിരുന്നു വേഷം ..

” യേ മേരാ ദോസ്തോം ഹേ … ” ഹർഷ് ശബ്ദം താഴ്ത്തി പറഞ്ഞു …

അവൾ അതിഥികളെ നോക്കി പുഞ്ചിരിച്ചു ..

” നീമാ … ഇഥർ ആ ……” ഹർഷിന്റെ കൈയ്യിൽ തൂങ്ങി നിന്ന പെൺകുട്ടിയെ അവൾ കയ്യാട്ടി വിളിച്ചു ..

അവൾ അവന്റെ കൈവിട്ട് അമ്മയോടൊപ്പം അകത്തേക്ക് ഉൾവലിഞ്ഞു …

അതുൽ തരിച്ചു നിന്നു ….

(തുടരും )

NB : ഇതിലെ സ്ഥലങ്ങളൊക്കെ നേരിട്ടറിയുന്നവരുണ്ടെങ്കിൽ അവർക്ക് കൺഫ്യൂഷനാകും .. കാരണം ഡെൽഹിയുടെ ” ഡ” പോലും കണ്ടിട്ടില്ലാത്ത ഞാനാണ് എഴുതിയത് … ഹിന്ദി എഴുതാൻ ഒരു സുഹൃത്തിന്റെ സഹായം തേടിയിരുന്നു .. അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു … ഈ പാർട്ടിലെ തെറ്റുകൾ ദയവായി എല്ലാവരും ക്ഷമിക്കുക .. പാവല്ലേ ഞാൻ ..

ഇനിയൊരു കുഞ്ഞ് ട്വിസ്റ്റോടു കൂടി ഈ കഥ അവസാനിക്കും ..

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!