Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 10

Malayalam Novel Chandranudikkunna Dikkil

വടിവൊത്ത അക്ഷരത്തിൽ അവളെഴുതി ചേർത്തിരിക്കുന്ന വരികൾ അവൻ വീണ്ടും വായിച്ചു ഒരു ചെറു മന്ദഹാസത്തോടെ …

അൽപം കഴിഞ്ഞപ്പോൾ ഒരു കപ്പ് ചായയുമായി അവൾ വന്നു .. ചായ കപ്പ് അവന് മുന്നിൽ വച്ച് അവൾ തന്റെ ചെയറിലിരുന്നു .. വസ്ത്രം മാറ്റി പച്ചയിൽ നീല നൂലുകൾ പാകിയ കോട്ടൺ ചുരിദാർ ധരിച്ചിരുന്നു അവൾ ..

മറ്റൊരു സീനിയർ അഡ്വക്കെറ്റിനെ വക്കുന്ന കാര്യം എന്തായി എന്ന അവളുടെ ചോദ്യത്തിന് , അംല തന്നെ വാദിച്ചാൽ മതിയെന്നായിരുന്നു അവന്റെ ഉത്തരം ..

സാമ്പത്തിക സ്ഥിതി അതിന് അനുകൂലമല്ലെന്ന കാര്യം അവൻ തുറന്ന് പറഞ്ഞില്ല ..

പിന്നീട് അവർ സംസാരിച്ചത് മുഴുവൻ കേസിനെ കുറിച്ചായിരുന്നു ..

നാളെയും ജാമ്യം കിട്ടുവാനുള്ള സാത്യത കുറവാണ് എന്ന് തന്നെയാണ് അവൾ പറഞ്ഞത് …

കസ്റ്റടിയിൽ വിട്ട് നൽകിയിരുന്നതിനാൽ അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ അവൾ നടത്തിയ ശ്രമം വിഫലമായെന്ന് അവനെ അറിയിച്ചു ..

നാളെ ജാമ്യം കിട്ടിയില്ലെങ്കിൽ , അദ്ദേഹത്തെ ജയിലിൽ പോയി കണ്ട് സംസാരിച്ച ശേഷം വീണ്ടും ശ്രമിക്കാമെന്ന ഉറപ്പും അവൾ നൽകി ..

സംസാരിച്ച് കഴിഞ്ഞപ്പോൾ അവൻ 2000 ന്റെ നോട്ടുകൾ അവൾക്ക് നേരെ നീട്ടി …

” ഇപ്പോ വേണ്ട ഡോക്ടർ .. ഫീസ് പിന്നീട് മതി .. ഹർഷേട്ടൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് .. എന്നെയൊരു സുഹൃത്തായി കണ്ടാൽ മതി .. അങ്ങനെ കാണാൻ കഴിയില്ലെങ്കിൽ മാത്രം അതിവിടെ വച്ചിട്ട് പൊക്കോളു …. “

അവൻ ചിരിച്ചു കൊണ്ട് പണം തിരികെ പേർസിൽ വച്ചു ….. അവളും ഒന്ന് പുഞ്ചിരിച്ചു …

” ഹർഷിനെ പാരലൽ കോളേജിൽ വച്ചുള്ള പരിചയമാണ് ല്ലേ …. ” അവൻ ചോദിച്ചു ..

” അതേ .. ” കണ്ണുകളിൽ ഒരു പ്രത്യേക തിളക്കത്തോടെ അവൾ മറുപടി നൽകി …

” അംലയും നന്നായി എഴുതുമല്ലോ …” അവനൊരു കള്ളച്ചിരിയോടെ ചോദിച്ചു ..

” ആരു പറഞ്ഞു …? ” അവൾ വിസ്മയിച്ചു പോയി …. എന്തെങ്കിലും ഡയറിയിലോ മറ്റോ കുത്തിക്കുറിക്കുന്നതല്ലാതെ ഒന്നും വെളിച്ചം കാണിച്ചിട്ടില്ല .. ഇതെങ്ങനെ അതുലറിഞ്ഞു ..

അവളുടെ മുഖത്തെ ഭാവം അവനെ കൂടുതൽ ചിരിപ്പിച്ചു ..

” ഞാൻ കണ്ടു …… ” പറഞ്ഞിട്ട് , അവൻ മേശപ്പുറത്തിരുന്ന ‘ഒലീവ് തളിർക്കുമ്പോൾ ‘ എന്ന പുസ്തകം തുറന്ന് വച്ചു ..

അവൾ ചമ്മലോടെ നാക്ക് കടിച്ചു ……..

” ഇങ്ങനൊരു കാര്യം അവനെന്നോട് പറഞ്ഞില്ല … “

” ഏത് …….. ” അവളുടെ കണ്ണുകൾ ഒന്നു പിടഞ്ഞു ..

” ഇവിടെ ഇങ്ങനെയൊരിഷ്ടമുള്ളത് …..” അവൻ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി പറഞ്ഞു ..

” അയ്യോ അതുലേട്ടാ അങ്ങനൊന്നുമില്ല… ഞാൻ വെറുതേ … ഓരോന്ന് ……. “

പെട്ടെന്നുള്ള അവളുടെ അതുലേട്ടാ എന്ന വിളി അവനിഷ്ടപ്പെട്ടു ..

” അതേ … ഹർഷേട്ടനോട് ഒന്നും പറയല്ലേ .. പ്ലീസ് … ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ല … ” അവൾ കെഞ്ചി പറഞ്ഞു ..

അവൻ മൃദുവായി ചിരിച്ചു ..

” അപ്പോ ഞാൻ ഊഹിച്ചത് തന്നെ കാര്യം … “

എന്താ എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി ..

” അവനെ അറിയിക്കാതെ ഇവിടെ മനസിൽ ഒളിപ്പിച്ചു നടക്കുന്ന ഇഷ്ടം … “

അവൾ ഒന്നും പറഞ്ഞില്ല …. പലപ്പോഴും പറയാൻ നാവെടുത്തിട്ടുണ്ട് .. ചിലപ്പോഴൊക്കെ ഹർഷേട്ടൻ തന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് പോലെ തോന്നിയിട്ടുണ്ട് .. അച്ഛൻ തന്റെ മുന്നിൽ വച്ച ആലോചനകൾ എല്ലാം വേണ്ടന്ന് വച്ചത് ആ ഒരാൾക്ക് വേണ്ടിയായിരുന്നു ..

അറിയേണ്ടയാൾ മാത്രം അറിയാതെ പോകുന്ന , അല്ലെങ്കിൽ അറിഞ്ഞില്ലെന്ന് നടിക്കുന്ന തന്റെയിഷ്ടം …

അവളുടെ മുഖത്ത് പടർന്ന വിഷാദം അതുൽ കണ്ടു …

” ഏയ് … വിഷമിക്കണ്ട … ഈ കാര്യം ഞാനേറ്റു …..”

” അയ്യോ അത് വേണ്ട .. ഒന്നും പറയണ്ട .. ന്നെ ഇഷ്ടല്ലെങ്കിൽ പിന്നെ ……”

” ഇഷ്ടപ്പെടാതിരിക്കാൻ മാത്രം ഒരു കുറവുമില്ല അംലക്ക് …. ആർക്കും ഇഷ്ടം തോന്നാനുള്ള കാരണങ്ങളേയുള്ളു ..”

അവന്റെ വാക്കുകളിൽ അവളുടെ മുഖം തുടുത്തു ..

” നിങ്ങളുടെ രണ്ട് പേരുടെയും സുഹൃത്തായതിനാൽ ഇത് എന്റെ ഉത്തരവാദിത്തമാണ് .. ഒക്കെ ….”

അവൾ ഒന്നും പറയാതെ അവനെ നോക്കി നിന്നു ….

അവനെ യാത്രയാക്കാൻ അവളും ഒപ്പം ചെന്നു … ചക്രവാളത്തിൽ സന്ധ്യ നിറം ചാലിച്ചു തുടങ്ങി .. എരിക്കിൻ പൂവിന്റെ ഗന്ധം നിറഞ്ഞ മൺവഴിയിലൂടെ അവൻ ബൈക്കോടിച്ചു മറയുന്നത് നോക്കി അവൾ പടിക്കെട്ടിൽ നിന്നു … ആ കണ്ണുകളിൽ പ്രതീക്ഷയുടെ ചിരാതുകൾ തെളിഞ്ഞിരുന്നു ..

* * * * * * * * * * * * * * * * * * *

പിറ്റേന്ന് ശിവരാജന്റെ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും കോടതിയത് തള്ളി ..

അവരത് പ്രതീക്ഷിച്ചിരുന്നതിനാൽ വേദനയുടെ തോത് കുറഞ്ഞു …

” നാളെ നമുക്ക് ജയിലിൽ പോയി അദ്ദേഹത്തെ സന്ദർശിക്കണം .. എനിക്ക് അദ്ദേഹത്തിൽ നിന്ന് വ്യക്തമായി കാര്യങ്ങൾ അറിയണം … ” അവൾ പറഞ്ഞു ..

” അതിന് നമ്മളിനി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ….” ഹർഷ് ചോദിച്ചു ..

” വേണ്ട .. ജയിലിൽ സന്ദർശകരെ അനുവദിക്കും … ” അവൾ പറഞ്ഞു ..

” ഒരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനുണ്ട് .. അദ്ദേഹം ഭൂമി പതിച്ച് നൽകി എന്ന് അരോപിക്കപ്പെടുന്ന പ്രമുഖ ബിൽഡേർസ് ഗ്രൂപ്പ് മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട് .. അത് അവർക്ക് കേസിൽ നിന്ന് തലയൂരാൻ വേണ്ടിയാണ് … ” അവളൊന്ന് നിർത്തി ..

” എന്താ ……..” അതുൽ നെറ്റി ചുളിച്ചു ..

” അവർ വാങ്ങിയ സ്വകാര്യ ഭൂമിയോടൊപ്പം സർക്കാർ ഭൂമിയും ചേർത്തുള്ള ഡോക്യുമെന്റ്സ് ഉണ്ടാക്കിയത് ശിവരാജനും ആ ഭൂമിയുടെ പഴയ ഉടമയും ചേർന്നാണത്രേ … ബിൽഡേർസ് ഗ്രൂപ്പിന് അത് വിൽക്കുമ്പോഴോ , ഫ്ലാറ്റു പണിയാനുള്ള അനുമതി നൽകുമ്പോഴോ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നില്ല … അവർ വഞ്ചിക്കപ്പെട്ടു എന്ന തരത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത് …….”

അതുലിനും ഹർഷിനും കാര്യത്തിന്റെ ഗൗരവം മനസിലായി തുടങ്ങി …..

” എന്നു വച്ചാൽ , എല്ലാ കുറ്റവും ശിവേട്ടന്റെ തലയിലേക്ക് ആകും അല്ലെ ……” ഹർഷ് ചോദിച്ചു ..

” സാത്യതകൾ ഏറെയാണ് ….. എങ്കിലും നമുക്ക് രക്ഷപ്പെടാൻ ചില പഴുതുകൾ ഞാൻ കാണുന്നുണ്ട് ….. ആ ഭൂമിയുടെ പഴയ ഉടമ ഒരു രത്നാകര കുറുപ്പാണ് .. അയാളെ കണ്ടു പിടിക്കണം … ഡോക്യുമെന്റ്സിൽ നിന്ന് ഞാൻ അയാളുടെ അഡ്രസ് എടുത്തു വച്ചിട്ടുണ്ട് … അതുലേട്ടന് വാട്സപ്പ് ചെയ്തേക്കാം … അയാളെ കിട്ടിയാൽ ചില പഴുതുകൾ തുറക്കാം …….”

” അത് ഞങ്ങളേറ്റു .. എവിടെയുണ്ടെങ്കിലും ഞങ്ങളയാളെ കൊണ്ടു വന്നിരിക്കും …..” ഹർഷ് പറഞ്ഞു …

” എന്നാൽ നാളെ സബ് ജയിലിലെത്തണം … ഞാനിപ്പോൾ പോട്ടെ……”

” ഒക്കെ അംല …….”

അവരോട് യാത്ര പറഞ്ഞ് അവൾ തന്റെ സ്കൂട്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു .. പോകാൻ നേരം ഹർഷിനെ നോക്കി ഹൃദ്യമായൊരു പുഞ്ചിരി നൽകി …. അവൻ കൈവീശിക്കാട്ടി ..

* * * * * * * * * * * * * * * * * * * * * * *

തിരികെ വരും വഴി ഹർഷും അതുലും ഫുഡ് കഴിക്കുവാൻ ഹോട്ടലിൽ കയറി ..

ഇരുവർക്കും നന്നായി വിശപ്പ് തുടങ്ങിയിരുന്നു ….

ഉച്ചകഴിഞ്ഞതിനാൽ ഊണ് തീർന്നിരുന്നു .. ഓരോ ബിരിയാണി ഓർഡർ ചെയ്ത് അവർ ടേബിളിൽ എതിരെയിരുന്നു ….

” അതുൽ …..! ഒരു കാര്യം ചോദിക്കട്ടെ …..” ഹർഷ് ചോദിച്ചു ..

” എന്തിനാടാ മുഖവുര … ചോദിക്ക് .. എന്നിട്ട് വേണം എനിക്ക് നിന്നോടൊരു കാര്യം പറയാൻ … “

” എന്താ അത് ……”

” അത് പറയാം .. ആദ്യം നീ പറയാൻ വന്ന കാര്യം പറയ് …… ” അതുൽ ചെറുചിരിയോടെ പറഞ്ഞു ..

” നിന്റെ മാരേജിനൊപ്പം അഹല്ല്യയുടെ മാരേജും നടക്കേണ്ടതായിരുന്നില്ലേ …. രശ്മിയുടെ മരണത്തോടെ അതും വേണ്ടന്ന് വച്ചോ …..”

അതുലൊന്ന് പകച്ചു ….. ഇനി മുതൽ ഇങ്ങനെയൊരു ചോദ്യവും നേരിടണമെന്ന് അവനോർത്തു ..

” അവൾ മരിച്ചിട്ട് പതിനാറ് ദിവസം പോലും ആയിട്ടില്ല .. ആ വീട്ടുകാർ ആഘാതത്തിൽ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല .. അതിനിടയിൽ എങ്ങനെ … ഞാൻ തന്നെ ഇടക്ക് തളർന്നു പോകുന്നു .. പക്ഷെ എനിക്കങ്ങനെ തളർന്നിരിക്കാൻ കഴിയില്ലല്ലോ .. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇപ്പോ എനിക്കല്ലേ ..” അവൻ പറഞ്ഞൊഴിയാൻ ശ്രമിച്ചു …

” നീ പിന്നീട് അവിടെ പോയില്ലേ ……”

” ഇല്ല ……”

” അത് മോശമായിപ്പോയി .. പോകേണ്ടതാണ് … രോഹിത്തിനെ കാണണം നീ .. ആറു മാസമോ ഒരു വർഷമോ എത്രയാന്ന് വച്ചാ സാവകാശമെടുത്തിട്ട് അവരുടെ വിവാഹം നടക്കണം …..”

അതിനി നടക്കില്ലെന്ന് എങ്ങനെ അവനോട് പറയും … ഉറ്റ കൂട്ടുകാരനാണെങ്കിലും സ്വന്തം അനുജത്തിയെ അവനു മുന്നിൽ മോശക്കാരിയാക്കാൻ അവന് കഴിഞ്ഞില്ല ..

” കാണാം … അച്ഛൻ വരട്ടെ .. എന്റെ പ്രശ്നങ്ങൾ അവരും അറിഞ്ഞു കാണാതിരിക്കില്ലല്ലോ … .”

ഹർഷ് അത് ശരിവച്ചു ..

” നീയെന്താ പറയണമെന്ന് പറഞ്ഞത് …. ” ഹർഷ് പെട്ടന്ന് ഓർത്തപോലെ ചോദിച്ചു …

” നീയിങ്ങനെ എഴുത്തും ട്യൂഷൻ പഠിപ്പിക്കലമായി നടന്നാൽ മതിയോ … ഒരു ജീവിതം കണ്ടെത്തണ്ടെ … “

” കിട്ടണ്ടേ… സെറ്റും നെറ്റും ഒക്കെയുണ്ട് .. പക്ഷെ മാനേജ്മെന്റുകൾ ചോദിക്കുന്ന ലക്ഷങ്ങൾക്ക് ഞാനെവിടെ പോകും .. പിന്നെ റാങ്ക് ലിസ്റ്റുകളിലും കയറിപ്പറ്റിയിട്ടുണ്ട് .. അതും വിളിക്കുന്നില്ല .. “

” അതുമാത്രമല്ലല്ലോ …. ജീവിതത്തിൽ ഒരു കൂട്ട് വേണ്ടേ ….”

ഹർഷ് അവനെയൊന്ന് നോക്കി .. അനു എന്തെങ്കിലും പറഞ്ഞോ ….

” അത് ഇനിയും സമയമുണ്ടല്ലോ … ” അവൻ എങ്ങും തൊടാതെ പറഞ്ഞു ..

” നമ്മളെ മനസിലാക്കുന്ന ഒരാളെ കണ്ടു വക്കുന്നതിൽ തെറ്റില്ലല്ലോ …..”

ഹർഷ് ആശയക്കുഴപ്പത്തിലായി … അവനെന്താ പറയാനുദ്ദേശിക്കുന്നത് ….

” എന്താടാ … ഒരു പരവേശം ….” അതുൽ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു ..

ഹർഷ് ഒന്ന് ചിരിക്കാൻ ശ്രമിച്ചു ..

” നീയാരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ ….” പെട്ടന്ന് അതുൽ ചോദിച്ചു ….

ഹർഷ് ഒരു നിമിഷം ആലോചിച്ചു .. പിന്നെ രണ്ടും കൽപ്പിച്ച് അവന്റെ കണ്ണിലേക്ക് നോക്കി …

(തുടരും )

NB : ആരെയെങ്കിലും കൊന്നിട്ട് കഥയവസാനിപ്പിച്ചുകൂടെ എന്നൊരു കമന്റ് കണ്ടിരുന്നു .. എല്ലാർക്കും ബോറായി തുടങ്ങിയോ .. ങ്കി നമുക്ക് നിർത്താട്ടോ ..

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!