ചന്ദ്രനുദിക്കുന്ന ദിക്കിൽ – 11

5263 Views

Malayalam Novel Chandranudikkunna Dikkil

ആ സമയം അതുലിന്റെ ഫോണിലേക്ക് മറ്റൊരു കാൾ വന്നു ..

കോൾ അറ്റൻഡ് ചെയ്ത് സംസാരിച്ച ശേഷം അതുൽ ഹർഷിനോടായി പറഞ്ഞു …

” രശ്മിയുടെ പപ്പയാണ് …. എന്നെയൊന്ന് കാണണമെന്ന് പറഞ്ഞു … “

” എന്താടാ … എന്തെങ്കിലും പ്രശ്നം …? ” ഹർഷ് സംശയത്തിൽ നോക്കി ..

” ഇല്ല .. മറ്റൊന്നും പറഞ്ഞില്ല …… “

അപ്പോൾ തന്നെ കഴിച്ച് തീർത്ത് അവർ ഇറങ്ങി .. ഹർഷിനെ ടൗണിൽ വിട്ട് , അതുൽ നേരെ കേദാരത്തിലേക്ക് പോയി …

* * * * * * * * * * * * * * * * * * * * * *

തലക്കു മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി അതുൽ കിടന്നു .. രശ്മിയുടെ പപ്പയുടെയും മമ്മയുടെയും വാക്കുകളായിരുന്നു മനസിൽ ….

മൂന്ന് മാസത്തിനുള്ളിൽ അവർ കുടുംബത്തോടെ ലണ്ടനിൽ സെറ്റിൽഡാവുകയാണ് .. രശ്മിയുടെ മമ്മിക്ക് ഇവിടെ രശ്മിയുടെ ശൂന്യതയുമായി പൊരുത്തപ്പെടാനാവുന്നില്ല ..

പോകും മുൻപ് രശ്മി അവസാനമായി അവരോട് ആവശ്യപ്പെട്ട കാര്യം കൂടി സാത്യമാക്കണം ..

രോഹിത്തിന്റെ വിവാഹം നടക്കണം … അവനൊരു ഉൾക്കിടിലത്തോടെ ആ വാക്കുകൾ ഓർത്തു ..

വധു അക്കുവല്ല .. അനു .. തന്റെ കുഞ്ഞു പെങ്ങൾ ….

എതിർക്കാതിരിക്കാൻ അവർ ബ്രഹ്മാസ്ത്രം തന്നെ തന്റെ നേർക്ക് തൊടുത്തു ..

അന്ന് ഫ്ലാറ്റിൽ നടന്ന എല്ലാ സംഭവങ്ങളും അവരെ രശ്മി അറിയിച്ചിരുന്നു .. പക്ഷെ ആ സംഭവങ്ങൾക്കു മുൻപേ രശ്മി പറഞ്ഞിരുന്നത് അക്കുവിനെക്കാൾ അനുവാണ് രോഹിത്തിനു ചേരുന്നതത്രേ .. രശ്മിക്കുവേണ്ടി അവർക്കും , അവളെ ജീവനു തുല്യം സ്നേഹിച്ച തനിക്കും ഇനി ചെയ്യാൻ കഴിയുന്നത് അവളുടെ ആഗ്രഹം നടത്തിക്കൊടുക്കുക എന്നത് മാത്രമാണ് …

അവൻ എഴുന്നേറ്റിരുന്നു … ഒരു പെങ്ങൾക്ക് ആലോചിച്ച് നിശ്ചയമുറപ്പിച്ച പുരുഷനെ മറ്റൊരു പെങ്ങൾക്ക് നൽകുക ..

തനിക്കെങ്ങനെ അതിന് കഴിയും ..

ന്യായീകരണങ്ങളുണ്ട് .. പക്ഷെ തന്നെ സംബന്ധിച്ച് അതിനുമപ്പുറം എന്ത് തെറ്റ് ചെയ്താലും അവരിരുവരും തന്റെ അനുജത്തിമാരാണ് .. രണ്ടു പേരെയും രണ്ട് കണ്ണിൽ കാണാൻ തനിക്കാകില്ല …

ഒരാളുടെ ഭാഗ്യവും സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം താനെങ്ങനെ പറിച്ചെടുത്ത് മറ്റൊരാൾക്ക് നൽകും …

താനെങ്ങനെ അവരോട് ഇക്കാര്യം പറയും …. അവൻ ബാൽക്കണിയിലേക്ക് നടന്നു … മുറ്റത്ത് പൂനിലാവിറ്റു വീഴാൻ തുടങ്ങിയിരുന്നു … ആകാശത്ത് തേങ്ങാപ്പൂളുപോലെ ചന്ദ്രിക തെളിഞ്ഞു നിന്നു …

തണുത്ത മലങ്കാറ്റ് മെല്ലെ വീശി വന്ന് അവന്റെ മുഖം തലോടി .. ഒരു തുരുത്തിൽ ഒറ്റപ്പെട്ടതു പോലെയാണ് അവന് തോന്നിയത് … എത്ര നേരം നിലാവിനെ നോക്കി നിന്നെന്ന് അവനറിയില്ല …..

അവൻ മെല്ലെ പിന്തിരിഞ്ഞു … താഴെക്കുള്ള കോണിയുടെ മുന്നിൽ അവൻ നിന്നു .. താഴെ ലൈറ്റുകളണഞ്ഞിരുന്നു .. അമ്മയുടെ മുറിയിൽ അരണ്ട വെളിച്ചമുണ്ട് …

അച്ഛൻ പോയ ശേഷം അക്കുവും അനുവും അമ്മയോടൊപ്പമാണ് കിടക്കുന്നത് .. അവൻ മെല്ലെ താഴേക്കിറങ്ങി ….

അമ്മയും അനുജത്തിമാരും കിടക്കുന്ന മുറിയുടെ വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളു ….

അവൻ ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു …

അമ്മയുടെ ഇരുവശത്തായി അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന അനുജത്തിമാർ …

അവൻ ബെഡിനടത്തു ചെന്ന് ശബ്ദമുണ്ടാക്കാതെ അരികിലായി ഇരുന്നു …

നിഷ്കളങ്കമായി ഉറങ്ങുകയാണ് അക്കുവും അനുവും … അവൻ അഹല്യയുടെ നെറ്റി തലോടി ..

ജീവിതത്തിലാദ്യമായി തനിക്ക് കൂട്ടായി വന്ന പൊന്നനുജത്തി .. ആദ്യമായി ഏട്ടനെന്ന് വിളിച്ചത്‌ അവളാണ് .. ആദ്യമായി മിഠായിപ്പൊതികൾ പങ്കിട്ടതും , വഴക്ക് കൂടിയതും , കൂട്ടായി കൂടെ നടന്നതും അവളോടാണ് .. അവൻ കുനിഞ്ഞ് അവളുടെ നെറുകയിൽ ചുംബിച്ചു ..

അനുവിന്റെ മുഖത്തേക്കും അവൻ നോക്കി .. അവളിപ്പോഴും തനിക്ക് കുഞ്ഞിയാണ് … ഒരു കൊച്ച് കുഞ്ഞിനെപ്പോലെയെ അവന് അപ്പോളും അവളെ തോന്നിയുള്ളു ..

അവൾ കൂടി വന്നപ്പോഴാണ് തന്റെ സ്നേഹം മത്സരിച്ച് പങ്കിട്ടെടുക്കാൻ തുടങ്ങിയത് … രണ്ടു പേരും തന്റെ നെഞ്ചിൽ തല ചായ്ച്ചേ ഉറങ്ങൂ .. അവനവളുടെ കവിളത്ത് തലോടി …

അമ്മയുടെ വയറിലൂടെ ചുറ്റിപ്പിടിച്ച അക്കുവിന്റെ കൈവിരലിൽ രോഹിത്തണിയിച്ച വിവാഹമോതിരം കിടക്കുന്നത് അവൻ കണ്ടു ..

അവൻ മെല്ലെയെഴുന്നേറ്റ് പുറത്തേക്ക് നടന്നു .. ഒരു കാര്യം അവനുറപ്പായിരുന്നു .. ഈ ലോകത്ത് മറ്റുള്ളവർക്ക് അവരെ ഇരുവരെയും വേർതിരിച്ച് കാണാൻ പല കാരണങ്ങൾ ഉണ്ടാവും , അവരിൽ സുന്ദരിയാരാണെന്ന കാര്യത്തിൽ അവർ തർക്കിക്കും , ബുദ്ധിമതിയാരാണെന്ന് അവർ തർക്കിക്കും , അവരുടെ ഗുണകണങ്ങൾ പറഞ്ഞ് തർക്കിക്കും , പക്ഷെ തനിക്ക് .. തനിക്ക് അതിന് കഴിയില്ല .. തനിക്ക് അവർക്കിടയിലെ സുന്ദരിയോ , ബുദ്ധിശാലിയോ , അഹങ്കാരിയോ ഇല്ല …. തനിക്ക് അവർ തന്റെ കൂടപ്പിറപ്പുകൾ മാത്രം ..

അവൻ മനസിൽ ഒരു ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു ..

* * * * * * * * * * * * * * * * * * * * *

സബ് ജയിലിന്റെ ഇടനാഴിയിലൂടെ അതുലും അംലയും നടന്നു ….

ഇരുമ്പഴിക്ക് മുന്നിൽ അവരെ വിട്ട് കൂടെ വന്ന പോലീസ്കാരൻ മാറി ..

ഇരുമ്പഴിക്കപ്പുറം അച്ഛൻ നടന്നു വരുന്നത് അവൻ കണ്ടു .. നന്നേ ക്ഷീണിതനായി കഴിഞ്ഞിരുന്നു ശിവരാജൻ .. ശരീരം ശോഷിച്ച് തുടങ്ങി .. കൺതടങ്ങളിലും മുഖത്തും കരിവാളിപ്പു പടർന്നു .. മുടി അലങ്കോലപ്പെട്ട് കിടന്നു … അതുലിന്റെ നെഞ്ചൊന്ന് കാളി ……

ശിവരാജൻ വന്ന് ഇരുമ്പഴിയിൽ പിടിച്ച് മകനെ നോക്കി നിന്നു …….

” ദേവിയും മക്കളും ….. അവർക്ക് സുഖമാണോന്ന് ഞാൻ ചോദിക്കണില്ല … നെഞ്ച്പൊട്ടി കരയുന്നുണ്ടാവും ന്റെ ദേവി .. എഴുന്നേറ്റിട്ടുണ്ടാവില്ല ല്ലേ അവൾ ..”

” അച്ഛാ ……” അവനൊരിടർച്ചയോടെ വിളിച്ചു ..

അംല അതുലിനെ നോക്കി … സമയക്കുറവുണ്ട് … അവൾക്ക് അറിയേണ്ടത് അറിഞ്ഞാലെ കേസിൽ മുന്നോട്ട് നീക്കുപോക്കുണ്ടാക്കാൻ കഴിയൂ ….

” അച്ഛനെയാരാ ചതിച്ചത് .. അച്ഛനിങ്ങനെ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട് … ” അതുൽ പറഞ്ഞു ..

ശിവരാജൻ മൗനമായി … തറയിലേക്ക് ദൃഷ്ടിയൂന്നി …..

” അച്ഛാ………. ” അവൻ വിളിച്ചു …

ശിവരാജൻ ശബ്ദിച്ചില്ല …

” അച്ഛാ ഇത് അഡ്വ. അംല .. നമ്മുടെ വക്കീലാണ് … അംലക്ക് ചിലത് അറിയാനുണ്ട് ……” അതുൽ പറഞ്ഞു ….

ശിവരാജൻ അവളെയൊന്ന് നോക്കി ….

” സർ , സർവേ നമ്പർ 232/ 68 പ്രകാരമുള്ള മുരിക്കിൻപുഴയിലെ 3 ഏക്കർ ഭൂമിക്കൊപ്പം അതിനോട് ചേർന്നുള്ള 18 സെന്റ് സർക്കാർ ഭൂമി സർ പതിച്ചു നൽകി എന്നതാണ് നിലവിലുള്ള ഒരു കേസ് .. അതിന് രേഖയുമുണ്ട്.. സാറിന്റെ ഒപ്പും സീലുമുണ്ട് .. എന്തെങ്കിലും അട്ടിമറി നടന്നിരുന്നോ … അതോ സാറിന്റെ അറിവോടെ തന്നെയത്. ..?” അവൾ അർത്ഥോക്തിയിൽ നിർത്തി ….

” ഞാൻ .. ഞാൻ തന്നെയാണ് ചെയ്തത് ……” ഒരു തരം മരവിപ്പോടെ ശിവരാജൻ പറഞ്ഞു ..

ഞെട്ടലോടെ അതുൽ അച്ഛനെ നോക്കി …. പക്ഷെ അംലയുടെ മുഖത്ത് ആശ്ചര്യമൊന്നുമില്ലായിരുന്നു .. അവളത് പ്രതീക്ഷിച്ചിരുന്നത് പോലെയാണ് നിന്നത് ..

” ആറ് മാസം മുൻപ് രത്നാകര കുറുപ്പിന് ആയിരുന്നല്ലോ ഭൂമി പതിച്ചു നൽകിയത് .. ഒരു മാസം മുൻപ് ബിൽഡേർസ് ഗ്രൂപ്പിന് രത്നാകര കുറുപ്പ് ഭൂമി വിൽക്കുകയും , ബിൽഡേർസ് ഗ്രൂപ്പിന് ഫ്ലാറ്റ് പണിയാൻ താങ്കൾ അനുമതി നൽകുകയും ചെയ്തിരുന്നു . എന്തിനായിരുന്നു അഴിമതിക്ക് കൂടെ നിന്നത് .. താങ്കൾക്ക് അതിൽ നിന്നുള്ള പ്രയോജനം എന്തായിരുന്നു .. നടന്ന സംഭവങ്ങൾ കൃത്യമായി ഒന്നു പറയാമോ …” ഒരു വക്കീലിന്റെ കൂർമ ബുദ്ധിയോടെയാണ് അവൾ ചോദിച്ചത് ..

ശിവരാജൻ ഒന്ന് നെടുവീർപ്പിട്ടു ..

” സർവീസിൽ 26 വർഷം ജോലി ചെയ്തവനാ ഞാൻ .. ഇന്ന് വരെ ഒരഴിമതിയും ചെയ്തിട്ടില്ല .. കൈക്കൂലി വാങ്ങിയിട്ടില്ല .. പക്ഷെ … റിട്ടയറാവാൻ കഷ്ടിച്ച് ഒന്നര വർഷമുള്ളപ്പോൾ ഞാനത് ചെയ്തു …… ചെയ്തു പോയി ഞാൻ …. എന്റെ … എന്റെ മകൾക്ക് വേണ്ടി …….” നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ആ മനുഷ്യൻ ഏറ്റു പറഞ്ഞു …

(തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply