Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 12

Malayalam Novel Chandranudikkunna Dikkil

അതുൽ അവിശ്വസനീയതയോടെ അച്ഛനെ നോക്കി ..

”ആർക്കു വേണ്ടി…..?”

” അനുവിന് വേണ്ടി … “

ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ശിവരാജൻ പറഞ്ഞു ..

” എന്റെ രണ്ട് മക്കൾക്കും സ്വപ്നം കാണാവുന്നതിനപ്പുറം വലിയൊരു ജീവിതം കിട്ടുമ്പോ അതുപോലെ അനുവിനും നല്ലൊരു ജീവിതം കിട്ടണമെന്നാഗ്രഹിച്ചു ഈ അച്ഛൻ .. നിനക്കറിയാത്ത ഒരു രഹസ്യമുണ്ട് മോനേ .. നിനക്കെന്നല്ല , നമ്മുടെ വീട്ടിൽ മറ്റാർക്കും അറിയാത്ത ഒരു രഹസ്യം .. ഒരിക്കൽ അനുമോളുടെ ഡയറി വായിക്കാനിടയായി .. നിന്റെ സുഹൃത്തില്ലെ ഹർഷ് … അവനും നമ്മുടെ അനുമോളും പ്രണയത്തിലാണ് ….. “

ഒരു കൊടുംകാറ്റ് അംലയുടെ നെഞ്ചിലേക്ക് ആഞ്ഞുവീശി … അറബിക്കടലിലെ തിരമാലകൾ തങ്ങളുടെ കാൽപാദങ്ങളിൽ വന്നിടിച്ച് അലറി വിളിക്കുന്നുവെന്ന് തോന്നിപ്പോയി അതുലിന് ….

“അവനൊരു ജോലിയില്ല .. നാളെ അവളുടെ ഇഷ്ടം വീട്ടിൽ പറയുമ്പോൾ , ഒരിക്കലും നീയോ അക്കുവോ മറ്റാരെങ്കിലുമോ നിങ്ങളുടെ നിലക്കും വിലക്കും ചേർന്ന ഒരാൾ മതിയെന്ന് പറഞ്ഞ് ഒഴിവാക്കാൻ പാടില്ല , നിങ്ങൾ സന്തോഷമായി കഴിയുമ്പോൾ അവൾ സങ്കടപ്പെടാൻ പാടില്ല .. അത് കൊണ്ട് ഹർഷിന് ഒരു അർദ്ധ സർക്കാർ കോളേജിൽ ഞാൻ സീറ്റ് പറഞ്ഞു വച്ചു .. അവനോടു പോലും പറയാതെ .. അവർ ചോദിച്ച പണം കൊടുക്കാൻ അച്ഛന്റെ മുന്നിൽ മാർഗമൊന്നുമില്ലായിരുന്നു … അപ്പോഴാ രത്നാകര കുറുപ്പ് എന്നൊരാൾ എന്നെ കാണാൻ വരുന്നത് .. മുരുക്കുംപുഴയിലെ മൂന്നേക്കർ സ്ഥലം അയാൾ ഒരു വർഷം മുൻപ് വാങ്ങിയതാണ് .. എന്നെ കാണാൻ അയാൾ വരുമ്പോൾ , ആ ഭൂമി നല്ല വിലക്കു വാങ്ങാൻ തയ്യാറായി ബിൽഡേർസ് ഗ്രൂപ്പ് രത്നാകര കുറിപ്പിനോട് വില പറഞ്ഞു .. പക്ഷെ അവർക്ക് തൊട്ടടുത്ത് കിടക്കുന്ന 18 സെന്റ് സ്ഥലം കൂടി കിട്ടണം .. അല്ലായെങ്കിൽ അവരാ ഡീൽ ഉപേക്ഷിക്കും .. അതേ ആവശ്യം പറഞ്ഞ് വർഷങ്ങളായി പലരും ശ്രമിച്ചെങ്കിലും അന്നൊക്കെ മടക്കിയയച്ചിട്ടേയുള്ളു ..

രത്നാകര കുറിപ്പിന് പണം അത്യാവശ്യമായിരുന്നു .. അയാളുടെ മകൾക്ക് അഡ്മിഷൻ , ഭാര്യയുടെ ഒപ്പറേഷൻ അങ്ങനെ ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യങ്ങൾ .. അയാൾ എന്റെ കാല് പിടിച്ചു …. കൂടെ ഒന്നുകൂടി പറഞ്ഞു , ആ ബിസിനസ് നടന്നാൽ 25 ലക്ഷം എനിക്ക് നൽകാമെന്ന് .. . എനിക്കും പണം ആവശ്യമായിരുന്നു .. മാനേജ്മെന്റ് ചോദിച്ച തുകക്ക് അത് തികയില്ലെങ്കിലും അത്രയെങ്കിലും കിട്ടിയാൽ അതൊരു ആശ്വാസമായിരുന്നു …. അന്നാദ്യമായി , മനസില്ലാ മനസോടെയെങ്കിലും ഞാനാ തെറ്റ് ചെയ്തു …… രത്നാകര കുറുപ്പും ബിൽഡേർസ് ഗ്രൂപ്പുമായുള്ള ഡീൽ നടന്നു .. പറഞ്ഞ തുക അയാൾ എനിക്ക് തന്നു .. നാല് മാസം കഴിഞ്ഞപ്പോൾ ബിൽഡേർസ് ഗ്രൂപ്പിന്റെ മാനേജർ എന്നെ സമീപിച്ചു .. ആ 18 സെന്റിൽ കൂടി ചേർത്ത് അവർക്ക് ഫ്ലാറ്റ് പണിയാൻ അനുമതിക്ക് വേണ്ടി …. അയാളും എന്റെ മുന്നിൽ ഒരു ഓഫർ വച്ചു .. 20 ലക്ഷം … അത് കൂടി കിട്ടിയാൽ ഹർഷിന് ജോലി ഉറപ്പാക്കാം , നിങ്ങളുടെ രണ്ട് പേരുടെയും വിവാഹം കേദാരം ഗ്രൂപ്പിന് മുന്നിൽ ഒരു കുറവുമില്ലാതെ നടത്താം .. അച്ഛന്റെ സമ്പാദ്യങ്ങളും എല്ലാം കൂടി ചേർത്താൽ അനുവിനെയും ഒരു കുറവുമില്ലാതെ പറഞ്ഞയക്കാം … ആദ്യം ചെയ്ത അത്രയും വിഷമം തോന്നിയില്ല രണ്ടാമത് തെറ്റ് ചെയ്യാൻ …… അച്ഛനത് ചെയ്തു …… “

തരിച്ച് നിൽക്കുകയായിരുന്നു അതുൽ … അച്ഛൻ പറഞ്ഞതൊന്നും സത്യമാകരുതേയെന്നവൻ വെറുതെയെങ്കിലും പ്രാർത്ഥിച്ചു ……. പെട്ടന്ന് ഒരു ഉൾവിളിയോടെ അവൻ അംലയെ നോക്കി…. ആ മുഖത്തെ വികാരങ്ങൾ അവന് മനസിലായില്ല ….. അവൾ സ്നേഹിക്കുന്ന പുരുഷൻ പ്രണയിക്കുന്നത് തന്റെ അനുജത്തിയെയാണെന്ന സത്യം അവനൊരു ഞെട്ടലോടെ ഓർത്തു ..

” സർ ….. സത്യങ്ങൾ ഇതായിരിക്കും .. പക്ഷെ കോടതിയിൽ നമ്മളിതല്ല പറയാൻ പോകുന്നത് ….. കോടതിയിൽ ഇതൊന്നും സമ്മതിക്കാൻ പാടില്ല .. അവിടെ ഞാൻ പറയുന്നതേ പറയാൻ പാടുള്ളു …. ” മനസിനേറ്റ മുറിവ് മറച്ചുകൊണ്ട് അംല പറഞ്ഞു ….

” വേണ്ട കുട്ടി … ജോലിയിൽ കള്ളം ചെയ്തവനാ ഞാൻ .. മനുഷ്യന് ആർത്തി പാടില്ല .. ഒരു നിമിഷം എന്തൊക്കെയോ കണ്ടപ്പോൾ ഞാനും അതിനു പിന്നാലെ പോയി … അതിന്റെ ശിക്ഷ ഞാനനുഭവിക്കണം .. എന്തും ഏറ്റു വാങ്ങാൻ തയ്യാറായി നിൽക്കുകയാ ഞാൻ … ” ശിവരാജന്റെ മുഖത്ത് പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞിരുന്നു …

” അതിന് ഞാനച്ഛനെ വിട്ടു കൊടുക്കില്ല .. ഞങ്ങൾക്ക് വേണം ഞങ്ങടെയച്ഛനെ … അച്ഛൻ അംല പറയുന്നത് പോലെയേ കോടതിയിൽ പറയാൻ പാടുള്ളു …….” അതുൽ പറഞ്ഞു ….

അതിനിടയിൽ പല വട്ടം പോലീസ് വന്ന് സമയം കഴിഞ്ഞെന്ന് അറിയിച്ചു … എങ്കിലും അവർ അൽപ്പം കൂടി അവിടെ നിന്ന് ശിവരാജനോട് സംസാരിച്ചു .. കേസ് പഠിച്ച് വേണ്ട രീതിയിൽ ഹോം വർക്ക് നടത്തി നമുക്ക് കോടതിയെ സമീപിക്കാമെന്ന് അംല പറഞ്ഞു … …… പോകാൻ നേരം ശിവരാജൻ അതുലിനെ നോക്കി …

” അനുമോളുടെ കാര്യം എനിക്കറിയാമെന്ന് അവൾക്കറിയില്ല .. അവളെ നിരാശപ്പെടുത്തില്ലെന്ന് മോൻ വാക്ക് കൊടുക്കണം അച്ഛനരികിൽ ഉണ്ടായാലും ഇല്ലെങ്കിലും … “

അതുൽ മുഖം കുനിച്ചു ……

” പിന്നെ മോനെ അക്കുവിന്റെ കാര്യം … എന്റെ കുട്ടിയും ഒരുപാട് പ്രതീക്ഷയിലാണ് .. അച്ഛൻ കാരണം അത് അസ്തമിക്കാൻ പാടില്ല .. മോൻ രോഹിത്തിനോടും പ്രഫുല ചന്ദ്രനോടും സംസാരിക്കണം … അവർ നല്ലയാളുകളാണ് .. അവർക്ക് മനസിലാകും … ” അച്ഛന്റെ ശബ്ദത്തിൽ ഒരു തേങ്ങലുണ്ടായിരുന്നുവോ…

അതുൽ നിശബ്ദനായി നിന്നതേയുള്ളു .. നടന്നതൊക്കെയറിഞ്ഞാൽ അച്ഛൻ തകർന്നു പോകും … അത് മാത്രമോ , ഇന്നലെ രശ്മിയുടെ പാരൻസ് തന്നോട് ആവശ്യപ്പെട്ടത് അനുവിനെ രോഹിത്തിന് നൽകാനാണ് …. തത്ക്കാലം അതൊന്നും അച്ഛനറിയണ്ട .. ഇപ്പോൾ തന്നെ ആ ഹൃദയത്തിൽ ആവോളം സങ്കടമുണ്ട്….

അവരോട് യാത്ര പറഞ്ഞ് ഇരുമ്പഴികൾക്കപ്പുറം ഇടനാഴിയിൽ അച്ഛൻ മറയുന്നത് നോക്കി അതുൽ നിന്നു .. അകത്തെവിടെയോ ഇരുമ്പ് വാതിലടയുന്ന സീൽക്കാരം കേട്ടു ………..

സബ് ജയിലിന് പുറത്ത് , പുളിവാകയുടെ ഇലകളും കായ്കളും കൊഴിഞ്ഞു കിടക്കുന്ന തണലിൽ അതുലും അംലയും നിന്നു …….

അവളുടെ മുഖത്തെ പ്രസാദം വറ്റിയെന്ന് അതുൽ കണ്ടു … ആ വിടർന്ന മയ്യിട്ട കണ്ണുകളിൽ ഒരു വിഷാദഛായ നിഴലിച്ചു … എങ്കിലും അവൾ ചിരിക്കാൻ ശ്രമിച്ചു …

” ആ രത്നാകര കുറിപ്പിനെ കണ്ടെത്തണം .. അയാളെ നമ്മുടെ ഭാഗത്ത് നിർത്തിയാൽ ചിലത് ചെയ്യാൻ കഴിയും … പിന്നെ ഉടനെയൊരു ജാമ്യം സാത്യമാകുമെന്ന് തോന്നുന്നില്ല .. എങ്കിലും ശ്രമം ഉപേക്ഷിക്കണ്ട ….. “

അതുൽ തലയാട്ടി ..

” ഞാൻ പോട്ടെ …. ” അവൾ ചോദിച്ചു …

അവനാ മുഖത്തേക്ക് നോക്കി …

“അംലാ……..” അവൻ ശബ്ദം താഴ്ത്തി വിളിച്ചു …

അവൾ വിഷാദം കലർന്ന ചിരിയോടെ അവന്റെ നേർക്ക് നോട്ടമെറിഞ്ഞു ..

” അനുവിന്റെ ഇഷ്ടം എനിക്കറിയില്ലായിരുന്നു .. ” അവൻ പറഞ്ഞു ..

” അതെനിക്കറിയാം …. അത് സാരല്ല്യ…. എന്റെ മനസിൽ തോന്നിയ മണ്ടത്തരം .. പണ്ടും ഞാനിങ്ങനെയാ , പലതും കണ്ട് മോഹിക്കും .. പക്ഷെ അതൊന്നും കിട്ടാറില്ല .. അത് കൊണ്ട് വലിയ സങ്കടൊന്നുല്യ…… ” അവന്റെ മുന്നിൽ പതറിപ്പോകരുതേയെന്നവൾ പ്രാർത്ഥിച്ചു .. സങ്കടം നെഞ്ചിനുള്ളിൽ കിടന്ന് വിങ്ങുകയായിരുന്നു ………

അതുലിന് വാക്കുകൾ നഷ്ടപ്പെട്ടിരുന്നു … അവളുടെ ഹൃദയം പൊട്ടുകയാണെന്ന് അവന് അറിയാമായിരുന്നു … ആശ്വസിപ്പിക്കാൻ അവന്റെ പക്കൽ വാക്കുകളൊന്നുമില്ല ….

” ഹർഷേട്ടനോട് അതുലേട്ടൻ എന്റെ കാര്യം പറയും മുൻപേ നമ്മളറിഞ്ഞത് നന്നായി .. ഇല്ലെങ്കിൽ നമ്മളെപ്പോലെ അവരും വിഷമിക്കുമായിരുന്നു .. ഇനി ആരും ഒന്നും അറിയരുത് .. എന്നെ കൂടാതെ അതുലേട്ടന് മാത്രേ ഇതറിയൂ .. എന്റെ ആഗ്രഹങ്ങളൊക്കെ അപ്പോൾ തന്നെ ഞാനെന്റെ മനസിൽ കുഴികുത്തി മൂടി …. അതുലേട്ടനും അത് മറന്നേക്കണം …… ” അവൾ തറയിലേക്ക് മിഴിയയച്ചു കൊണ്ട് പറഞ്ഞു ….

അൽപസമയം ഇരുവരും നിശബ്ദരായി നിന്നു … അത്ര പെട്ടന്നൊന്നും അവൾക്കത് മറക്കാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു ..

അവൾ സ്കൂട്ടിക്കടുത്തേക്ക് നടന്നു .. അതുലും കൂടെ ചെന്നു .. അവൾ വണ്ടി സ്റ്റാർട്ടാക്കുമ്പോൾ അവൻ അരികിൽ തന്നെ നിന്നു ….

” ടേക് കെയർ ……” അവൻ പറഞ്ഞു ..

അവൾ പുഞ്ചിരിച്ചു .. വെയിലേറ്റ് കൂമ്പിയ ആമ്പൽപ്പൂവ് പോലെ ആ മുഖം കാണപ്പെട്ടു ..

അവൾ നിരത്തിലെ തിരക്കിലേക്ക് മറയുവോളം അവൻ നോക്കി നിന്നു …

* * * * * * * * * * * *

വീട്ടിലെത്തിയതും അംല ഓടി തന്റെ മുറിയിലേക്ക് പോയി … അച്ഛൻ വീട്ടിലില്ലായിരുന്നു .. അത് നന്നായെന്ന് അവൾ ഓർത്തു …. കതകടച്ച് ഒരു പൊട്ടിക്കരച്ചിലോടെ അവൾ കിടക്കയിലേക്ക് വീണു …

മനസുകൊണ്ട് ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയതാണ് ഹർഷിനെ .. തനിക്ക് ഈ ജന്മം മറക്കാൻ കഴിയുമോ .. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ താൻ ഇത്രത്തോളം മനസിലിട്ട് താലോലിക്കില്ലായിരുന്നു ..

ഹർഷേട്ടന തനെവിടെ നിന്നാണ് എടുത്തുകളയേണ്ടത് … ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വേരോടെ പിഴുതെറിയണ്ടെ .. ആ വേരുകളിപ്പോൾ തന്റെ ശരീരം മുഴുവൻ പടർന്നു കഴിഞ്ഞിരിക്കുന്നു … പിഴുതെടുക്കുമ്പോൾ ഓരോ പരമാണുവിൽ നിന്ന് പോലും ചോര ചീന്തുമെന്നറിയാം …… എങ്കിലും …. എങ്കിലും …… ഹർഷേട്ടന് വേണ്ടി , ആ മനസിന്റെ പ്രണയ സാഫല്യത്തിന് വേണ്ടി താൻ വേദനിക്കണം ..

ആ മുറിക്കുള്ളിൽ അവൾ മതിയാവോളം കരഞ്ഞു …. എപ്പോഴോ എഴുന്നേറ്റ് ഓഫീസ് മുറിയിലേക്ക് നടന്നു ……

ഹർഷ് എഴുതിയ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട “ഒലീവ് തളിർക്കുമ്പോൾ ” എന്ന പുസ്തകം കയ്യിലെടുത്തു .. അതിന്റെ പുറംചട്ടയിൽ ചുവന്ന ഇലകളുള്ള മരത്തിന്റെ ചോട്ടിൽ അസ്തമന സൂര്യനെ നോക്കിയിരിക്കുന്ന ഒരു നിഴൽ രൂപമുണ്ടായിരുന്നു …… അവൾ അൽപ നേരം അത് നോക്കി ..

താനുമിപ്പോൾ മോഹങ്ങൾ വാടിയ മരം പോലെ , അസ്തമന സൂര്യനെ നോക്കി നിലക്കാത്ത കയത്തിന് മുന്നിൽ വഴിയവസാനിച്ച് നിൽക്കുകയാണ് ….

അവൾ അതിന്റെ താളുകൾ മറിച്ചു ……. ചന്ദ്രനുദിക്കാത്ത നാട് എന്ന കവിതയുടെ അവസാനം അവളെഴുതിച്ചേർത്ത

‘ എങ്കിലും തോഴാ , കാത്തിരിക്കുമീ

നെയ്യാമ്പൽ .. നീയുദിക്കുന്ന നാളിനായി ..

മറ്റൊരു ചാന്ദ്രമാസത്തിനായി ..

പൂക്കുവാൻ തളിർക്കുവാൻ ..

നിന്മേനി പുൽകാൻ … ‘

എന്ന വരികൾ പേന കൊണ്ട് വെട്ടി … പിന്നെ ഇങ്ങനെയെഴുതി …..

‘ ഇനിയൊരു ചന്ദ്രോദയത്തിനായി

മറ്റൊരു ജന്മത്തിൽ പുനഃജനിക്കാം .. ‘

പുസ്തകമടച്ച് ഒരു പോസ്റ്റ് കവർ എടുത്ത് , അത് അതിനുള്ളിലാക്കി .. മുകൾഭാഗം ഒട്ടിച്ച് ഒരു അഡ്രസ് എഴുതി …

(തുടരും)

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!